Saturday, February 9, 2019

ആഫ്രോ അമേരിക്കൻ ചരിത്രത്തിൽക്കൂടി ഒരു യാത്ര



ജോസഫ് പടന്നമാക്കൽ

അമേരിക്കൻ ഐക്യനാടുകളിൽ ഫെബ്രുവരിമാസം ആഫ്രോ അമേരിക്കൻ ജനതയുടെ ദിനങ്ങളായി ആചരിച്ചുവരുന്നു. കറുത്തവരുടേതായ ഈ ആഘോഷവേളകളിൽ ചരിത്രം കുറിക്കുമ്പോൾ ആദ്യമായി ഓർമ്മ വരുക മനുഷ്യാവകാശ പ്രവർത്തകരായ റോസപാർക്ക്, മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ എന്നിവരെപ്പറ്റിയായിരിക്കും. അവർ, വർണ്ണ വിവേചനത്തിനെതിരെ പോരാടിയ പോരാട്ടങ്ങളും മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനു നൽകിയ സംഭാവനകളും ചരിത്ര നേട്ടങ്ങളായി കരുതുന്നു. ഇവർ രണ്ടുപേരെയും പാടി പുകഴ്ത്തുന്നതുമൂലവും കറുത്ത വർഗക്കാർക്ക് അതുല്യമായ സംഭാവനകൾ നൽകിയതുകൊണ്ടും ജനം അവരെ അറിയുന്നു. എങ്കിലും അറിയപ്പെടാത്ത ലോകത്തിനു നിരവധി സംഭാവനകൾ നൽകിയ കറുത്തവരും ചരിത്രത്തിൽ ഇടം കിട്ടാതെ അജ്ഞാതരായി മറഞ്ഞു പോയിട്ടുണ്ട്. അക്കൂടെ ലോകത്തിനു ചെറുതും വലുതുമായ നിരവധി സംഭാവനകൾ നല്കിയവരുമുണ്ട്. സത്യത്തിൽ കറുത്തവരുടെ ചരിത്രമെന്നു പറയുന്നത് ഒന്നോ രണ്ടോ വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. കറുത്തവനോ വെളുത്തവനോ എന്നിങ്ങനെ തിരിച്ചുവിത്യാസമില്ലാതെ ഓരോ നേട്ടങ്ങളും അമേരിക്കയുടെ നേട്ടങ്ങളായി കരുതണം. ചരിത്രം തിരിച്ചു വിത്യാസമില്ലാതെ സമത്വഭാവനയോടെ  എല്ലാവർക്കും തുല്യമായിട്ടുള്ളതാണ്. ശാസ്ത്ര നേട്ടങ്ങളോ കണ്ടുപിടുത്തങ്ങളോ ഉണ്ടാവുമ്പോൾ അതിന്റെ ഉപജ്ഞാതാവ് കറുത്തവനോ വെളുത്തവനോ എന്ന് നാം ചിന്തിക്കാറില്ല. ലോകത്തിനു സംഭാവനയെന്നോണം പുതിയതായുള്ള ശാസ്ത്ര നേട്ടങ്ങൾ പുരോഗതിക്ക് ഉതകുമെങ്കിൽ അതിന്റെ ഉപജ്ഞാതാവിന്റെ വർഗ വർണ്ണ തരം തിരിവുകളുടെ ആവശ്യമില്ല.


അടിമത്വം ആദ്യം നിർത്തലാക്കിയ സംസ്ഥാനം വെർമോണ്ടെന്നു (Vermond) കരുതുന്നു. 1777-ൽ അവിടെ അടിമത്വ വ്യാപാരം പാടില്ലെന്ന് നിയമമുണ്ടാക്കി. വെർമോണ്ട് അമേരിക്കയുടെ പതിനാലാമത്തെ സ്റ്റേറ്റായി പരിഗണിക്കുന്നുവെങ്കിലും അതിന് സ്റ്റേറ്റിന്റെ പദവിയുണ്ടായത്1791-ലാണ്. അതുകൊണ്ടു അടിമത്വം നിർത്തലാക്കിയ ആദ്യത്തെ സ്റ്റേറ്റ് 'പെൻസിൽവേനിയ' എന്നും അവകാശപ്പെടുന്നു. ഏറ്റവും വലിയ സ്റ്റേറ്റായ പെൻസിൽവേനിയായിൽ 1780-ൽ അടിമത്വം നിർത്തലാക്കി.


1908-ൽ ഇല്ലിനോയിലെ സ്പ്രിങ്ഫീൽഡിൽ ഏതാനും ആഫ്രോ അമേരിക്കൻ   നേതാക്കന്മാർ ഒത്തുകൂടി പൗരാവകാശ സമരങ്ങൾ സംഘടിപ്പിക്കുകയും 1909-ഫെബ്രുവരിയിൽ എൻ.എ.എ.സി.പി (National Association for the Advancement of Colored People) എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. 1926-ൽ കാർട്ടർ ജി.വുഡ്‌സൺ എന്ന ചരിത്രകാരന്റെ ശ്രമഫലമായി 'നീഗ്രോ ചരിത്ര വാരം' (Negro History Week) ആരംഭിച്ചു. അദ്ദേഹം പണ്ഡിതനും വിദ്യാഭ്യാസ ചിന്തകനും നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവുമായിരുന്നു. 1976-മുതൽ ഫെബ്രുവരി മാസത്തെ ആഫോ അമേരിക്കൻ ചരിത്ര മാസമായി പ്രഖ്യാപിച്ചു. ആഫ്രോ അമേരിക്കൻ ജനതയെയും അവരുടെ സാമൂഹികവും സാംസ്ക്കാരികപരവുമായ  ചരിത്രങ്ങളെയും ഫെബ്രുവരി മാസത്തിൽ ആചരിച്ചുവരുന്നു. എബ്രഹാം ലിങ്കന്റെയും ഫ്രെഡറിക് ഡഗ്ലസിന്റെയും ജന്മദിനങ്ങൾ ഫെബ്രുവരി മാസത്തിലെ ആഘോഷ ദിനങ്ങളിൽ വന്നതും യാദൃശ്ചികമായിരുന്നു.


പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന 'ജീൻ ബാപ്ടിസ് പോയിന്റെ ഡ്യൂസബൽ' (Jean-Baptiste Pointe DuSable) ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനായ ആദ്യത്തെ കറുത്തവനെന്നു കരുതുന്നു. ഷിക്കാഗോയിൽ അദ്ദേഹത്തിൻറെ പേരിൽ സ്‌കൂൾ, മ്യൂസിയം, ഹാർബർ, പാർക്ക്, പാലങ്ങൾ എന്നിങ്ങനെ നിരവധി സ്മാരകങ്ങളും സ്ഥൂപകങ്ങളുമുണ്ട്. ആദ്യകാലങ്ങളിൽ കറുത്തവരായവർ 'കാൻസസ്' പട്ടണത്തിൽ കൂട്ടമായി കുടിയേറിയിരുന്നു. അവർ സ്വാതന്ത്ര്യം മോഹിച്ച് തെക്കൻ സംസ്ഥാനത്തുനിന്നു ജോലി തേടി പലായനം ചെയ്തവരായിരുന്നു. അടിമത്വത്തിൽ നിന്നും രക്ഷപ്പെട്ട് ഈ ധീരന്മാരായവർ വടക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഓടിപോയിരുന്നു. 1879 നും 1880 നുമിടയിലായിരുന്നു ഇവർ കൂട്ടമായി പലായനം ചെയ്തശേഷം സുരക്ഷിതമായ അമേരിക്കയുടെ മറ്റുഭാഗങ്ങളിൽ താമസമാരംഭിച്ചത്. ഏകദേശം മുപ്പതിനായിരം കുടിയേറ്റക്കാർ കാൻസസിൽ കുടിയേറിയതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. 1870-ൽ കറുത്തവരുടെ ജനസംഖ്യ 4.8 മില്യനായിരുന്നു. 2007-ലെ കണക്കിൻ പ്രകാരം അവരുടെ ജനസംഖ്യ 40.7 മില്യനായി വർദ്ധിച്ചു. ഇന്ന് ആഫ്രോ അമേരിക്കൻ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 13.4 ശതമാനം വരും.


സമ്പന്നമായ ഒരു സാഹിത്യ ചരിത്രം അമേരിക്കയിലെ കറുത്തവർക്കുണ്ട്. മനുഷ്യാവകാശങ്ങളെപ്പറ്റി  പഠിക്കാനുതകുന്ന നിരവധി കറുത്തവരുടെ സാഹിത്യ ചരിത്രവുമുണ്ട്. അടിമത്വം അവസാനിപ്പിക്കാനുള്ള ജീവന്മരണ പോരാട്ടങ്ങളും, ഹാർലം നവോദ്ധ്വാനങ്ങളും ഗ്രന്ഥങ്ങൾ രൂപേണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കറുത്തവരെ സംബന്ധിച്ചുള്ള നോവലുകളും കവിതകളും നാടകങ്ങളും ജിജ്ഞാസുക്കളായ ഗവേഷണ തല്പരർക്ക് പ്രയോജനപ്പെടുമെന്നതിലും സംശയമില്ല.പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും അടിമകളായിരുന്ന കറുത്ത വർഗക്കാർ  എഴുതിയ ചെറുതും വലുതുമായ അനേകം പുസ്തകങ്ങളും ലഘുലേഖകളും ലൈബ്രറി ശേഖരങ്ങളിലുണ്ട്. എ.ഡി.1700-ന്റെ ആരംഭഘട്ടങ്ങളിൽ അടിമകളുടെ ചരിത്രമറിയാൻ അമേരിക്കയിലും ബ്രിട്ടനിലുമുള്ള ജനങ്ങൾക്ക് ഒന്നുപോലെ താല്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച് 'ഗുസ്താവ്സ് വാസ' (Gustavus Vassa) യുടെ അടിമ ജീവിതം വായിക്കാൻ ലണ്ടൻ മുതൽ ബോസ്റ്റൺ വരെയുള്ളവർ  താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കറുത്ത വർഗക്കാരുടെ കവിതകളും നോവലുകളും മറ്റു സാഹിത്യ കൃതികളും ബ്രിട്ടനിലെ ജനങ്ങളിൽ സ്വാധീനിക്കുന്നതിന് കാരണമായി. ബ്രിട്ടനിൽനിന്നും   അമേരിക്കയിലെ അടിമത്വത്തിനെതിരെയുള്ള മുറവിളികൾക്ക് പിന്തുണ ലഭിച്ചുകൊണ്ടുമിരുന്നു.


ആഫ്രോ അമേരിക്കക്കാർക്ക് അമേരിക്കൻ സാഹിത്യത്തിൽ നീണ്ട ചരിത്രമുണ്ടെങ്കിലും പൗരാവകാശ സമരങ്ങളിലും ഏറ്റുമുട്ടലുകളിലുമുള്ള ജീവിതമായിരുന്നതിനാൽ അവരുടെ നിരവധി സാഹിത്യ കൃതികൾ വേണ്ടവിധം വെളിച്ചത്തു വന്നില്ല. അതിനാൽ ആഫ്രോ അമേരിക്കൻ ചരിത്രത്തെ വിലയിരുത്തുകയെന്നതും പ്രയാസകരമാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ആഫ്രോ അമേരിക്കൻ ചരിത്രം ആദ്യം പ്രസിദ്ധീകരിക്കുന്നത്. ആ കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകൾ നിലവിൽ വന്നിട്ടേയുണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യ മോഹികളായ രാജ്യത്തിലെ പൗരന്മാരെ തന്നെ തിരിച്ചറിയുന്ന കാലഘട്ടവുമായിരുന്നു. കറുത്തവരായ ജനങ്ങളിൽ ഒരു വിഭാഗം കൊളോണിയൽ ബ്രിട്ടനോട് അനുഭാവമുള്ളവരായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലങ്ങളും വ്യവസ്ഥിതികളും സംബന്ധിച്ച നിരവധി എഴുത്തുകളും സാഹിത്യശേഖരങ്ങളും ഗ്രന്ഥപ്പുരകളിലുണ്ട്. അടിമകൾ തങ്ങളുടെ കഷ്ടപ്പാടുകളെ വിവരിക്കുന്ന കാവ്യ ശേഖരങ്ങളുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും 'ജിം ക്രോ'യുടെ നയങ്ങൾ തെക്കു മുഴുവൻ വിപ്ലവ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. അക്കാലത്ത് രചിച്ച വികാരപരമായ ചില കഥകളും നോവലുകളും ചരിത്ര ശേഖരങ്ങളിൽ അമൂല്യമായി തന്നെ സൂക്ഷിച്ചിരിക്കുന്നു.


ഫ്രഡറിക് ഡഗ്ളസിന്റെ ആത്മകഥ വായിക്കാൻ അക്കാലത്തു ബ്രിട്ടനിലും അമേരിക്കയിലും വായനക്കാർ ധാരാളമുണ്ടായിരുന്നു. 1845-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനു   മുമ്പായി പുസ്തകത്തിന്റ 30000   കോപ്പികൾ ചെലവായതും അക്കാലത്ത് റിക്കോർഡായിരുന്നു. അടിമത്ത വ്യവസ്ഥിതി നിലവിലുണ്ടായിരുന്ന കാലഘട്ടങ്ങളിൽ അതിനെതിരായ രാഷ്ട്രീയ നിരീക്ഷണങ്ങളടങ്ങിയ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആഭ്യന്തര യുദ്ധ കാലഘട്ടത്തിൽ നോവൽ രൂപത്തിൽ രചിച്ച ഒരു 'അടിമ പെണ്ണിന്റെ കഥ' മനം കവരുന്നതായിരുന്നു. 1861-ൽ ജീവിച്ചിരുന്ന കറുത്തവരായവരുടെ ജീവിതത്തിന്റെ തീക്തഫലങ്ങളാണ് അടിമപ്പെണ്ണിൽക്കൂടി വിവരിച്ചിരിക്കുന്നത്. 'ഹാരീ ജേക്കബ്' എന്നയാൾ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് അജ്ഞാത നാമത്തിലായിരുന്നു.


എ.ഡി 1910 മുതൽ എ.ഡി. 1920 വരെയുള്ള കാലങ്ങളിൽ ചിന്താശീലരായ കറുത്തവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരണ ശാലകളിൽ നിറഞ്ഞിരുന്നു. ബൗദ്ധികവും ചിന്തകളും നിറഞ്ഞ പുസ്തകങ്ങൾ വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കാനും തുടങ്ങി. അക്കാലങ്ങളിൽ നോവലും കവിതകളും ധാരാളം രചിക്കപ്പെട്ടു. ജമൈക്കയിൽനിന്ന് കുടിയേറിയശേഷം 'ക്ലൗഡി മക്കെ' (Claude McKay_) എന്ന ആഫ്രോ അമേരിക്കൻ ആധുനിക കവിതകളുടെ ശബ്ദമായി തീർന്നു. കൃതികൾ കൂടുതലും മനുഷ്യരോടുള്ള ഹീനമായ പ്രവർത്തികളും പൗരാവകാശങ്ങളും സംബന്ധിച്ചുള്ളതായിരുന്നു. 'ഹാർലം' പുനരുദ്ധാരണങ്ങളെ സംബന്ധിച്ചുള്ള ''ക്ലൗഡി മക്കെ'യുടെ' കൃതികൾ വളരെ പ്രസിദ്ധങ്ങളായി അറിയപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള ആഫ്രോ അമേരിക്കൻ നോവലുകൾ പരിശോധിച്ചാൽ അതിലെ പ്രധാന വസ്തുതകൾ കറുത്തവർ നടത്തിയിരുന്ന മനുഷ്യാവകാശ സമരങ്ങളായിരുന്നുവെന്ന് കാണാം.


രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു മുമ്പ് മിസ്സിസ്സിപ്പിയിൽ ജനിച്ച് ഷിക്കാഗോയിൽ യൗവനം കഴിച്ച റിച്ചാർഡ് വറൈറ്റിന്റെ 1940-ൽ പ്രസിദ്ധീകരിച്ച 'നേറ്റീവ് സൺ' (Native son) എന്ന നോവൽ കറുത്തവരുടെ ജീവിതാനുഭവങ്ങളെ സ്പർശിക്കുന്നു. വർണ്ണ വിവേചനത്തെ അതിരൂക്ഷമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. മനുഷ്യാവകാശ സമരങ്ങൾ മരണത്തിലേക്കും വഴി തെളിയിക്കാമെന്നും സമർത്ഥിക്കുന്നു. 'ഭീമൻ' എന്ന അർത്ഥത്തിൽ വിളിച്ചിരുന്ന ഷിക്കാഗോയിൽ ജീവിച്ചിരുന്ന കറുത്തവനായ ഡ്രൈവർ 'ബിഗ് തോമസിന്റെ' കഥയാണിത്. അയാൾ തന്റെ വെളുത്തവനായ യജമാനന്റെ മകളെ കൊല്ലുന്നു. എന്നാൽ കഥയുടെ ചുരുക്കത്തെക്കാളും ജീവിച്ചിരുന്ന സാഹചര്യങ്ങളാണ് അയാളെ അതിന് പ്രേരിപ്പിച്ചത്. വിധിയുടെ തീച്ചൂളയിൽ സംഭവിച്ചുപോയ ആ കൊലപാതകത്തിന് രാജ്യം മുഴുവൻ ഉത്തരവാദിയെന്നു തീർപ്പുകല്പിച്ചുകൊണ്ട് നോവൽ അവസാനിപ്പിക്കുകയും ചെയ്യുന്നു.


1950-ൽ 'റാൽഫ് എല്ലിസൺ' എന്നയാൾ 'ഇൻവിസിബിൾ മാൻ' (Invisible Man) എന്ന നോവൽ പ്രസിദ്ധീകരിച്ചു. ന്യൂയോർക്കിലെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിതി വിശേഷങ്ങളാണ് ഈ നോവലിലെ സാരം. വർണ്ണ വിവേചനം എന്നുള്ളത് ഒരു പ്രത്യേക ഭൂപ്രദേശത്ത് ഒതുങ്ങി നിൽക്കുന്നതല്ല മറിച്ച് ദേശീയ മനസാക്ഷിയിൽ തന്നെ നിറഞ്ഞു നിൽക്കുന്നുവെന്ന സന്ദേശവും നോവൽ നൽകുന്നുണ്ട്. വർണ്ണ വിവേചനത്തിനെതിരെ സ്ത്രീകളുടെ സാഹിത്യ രചനകളും സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാം. 1980-ൽ കത്തുകളുടെ രൂപത്തിൽ പ്രസിദ്ധീകരിച്ച 'ദി കളർ പർപ്പിൾ' എന്ന നോവലിൽ ആലീസ്  വാൾക്കർ 1930-ലുണ്ടായിരുന്ന വർണ്ണ വിവേചനത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. പുലിറ്റ്സർ സമ്മാനം നേടിയ നോവലാണിത്. പതിനൊന്ന് ഓസ്‌ക്കാർ അക്കാദമിക്ക് അവാർഡ് നേടിയ അഭ്രപാളിയിലും നോവൽ പിന്നീട് പകർത്തിയിരുന്നു. 1987-ൽ 'ടോണി മോറിസൺ' ബിലവെഡ്‌ (beloved) എന്ന നോവൽ പ്രസിദ്ധീകരിച്ചു. അമേരിക്കൻ പൗരാവകാശ സമരങ്ങളിൽ അടിമത്വത്തിൽ മുറിവേറ്റവരുടെ ജീവിതങ്ങളാണ് കഥാപാത്രങ്ങളിൽക്കൂടി ആവിഷ്‌കരിച്ചിരിക്കുന്നത്. 1988-ൽ മോറിസനും നോവൽ സാഹിത്യത്തിൽ പുലിറ്റ്സർ സമ്മാനം നേടി. 1993-ൽ അവർ നോബൽ സമ്മാനം നേടുകയും ചെയ്തു.


ആഫ്രിക്കൻ അമേരിക്കൻ ജനതയുടെ കഴിഞ്ഞ കാല നേട്ടങ്ങളെ ഒന്നു അവലോകനം ചെയ്യാം. പരുത്തി കടഞ്ഞെടുക്കുന്ന യന്ത്രം കണ്ടുപിടിച്ചത് കറുത്തവനായിരുന്നു. അതുപോലെ സ്റ്റോപ്പ് ലൈറ്റ്, ബൈസിക്കിൾ, എയർ കണ്ടിഷൻ, സെൽ ഫോൺ എന്നിവകളും ശാസ്ത്ര ലോകത്തിന് നൽകിയത് കറുത്തവർ തന്നെ. 'ജോർജ് വാഷിംഗ്ടൺ കാർവെർ' പൊട്ടെറ്റോ കൊണ്ട് 118 വിവിധതരം ഉത്‌പന്നങ്ങൾ മാർക്കറ്റിലിറക്കി. 'പെക്കൻ  നട്സ്' (Pecan) കൊണ്ട് 75 തരം ഉത്പന്നങ്ങളും കണ്ടുപിടിച്ചു. അക്കൂടെ ചീസ്, മിൽക്ക്, കോഫി, മഷി, സോപ്പ്, മെഡിസിനൽ ഓയിൽ, കോസ്മോറ്റിക്സ് മുതലാവകൾ ഉൾപ്പെടും. അദ്ദേഹത്തെ 'പീനട്ട് ബട്ടറി'ന്റെ (peanut butter) ഉപജ്ഞാതാവെന്നും അറിയപ്പെടുന്നു. ഒരു ബൊട്ടാണിസ്റ്റും കോളേജ് പ്രൊഫസറെന്ന നിലയിലും മൂന്നു പ്രസിഡണ്ടുമാരുടെ കീഴിൽ ജോലിയും ചെയ്തിട്ടുണ്ട്. 'തോമസ് എൽ ജെന്നിങ്ങ്സ്' ആദ്യത്തെ 'ഡ്രൈ ക്ളീനിങ് മെഷീൻ' കണ്ടുപിടിച്ചു. 1821-ൽ ഈ മെഷീന്റെ യുഎസ് പേറ്റന്റ് നേടി. ജെന്നിങ്ങ്സ് (Jennings,) അടിമത്വത്തിൽനിന്നും വിമോചിതനായി സ്വതന്ത്ര മനുഷ്യനായി ന്യൂയോർക്കിൽ താമസിച്ചിരുന്നു. അടിമത്ത വിരുദ്ധ പോരാളിയായിട്ടും ന്യൂയോർക്കിൽ പ്രവർത്തിച്ചു. കറുത്ത വർഗക്കാരുടെ ക്ഷേമത്തിനായി 1909-ൽ സ്ഥാപിച്ച എൻ.എ.എ.സി.പി. സംഘടനയുടെയും നേതാവായിരുന്നു. ഫ്രഡറിക്ക് ജോൺസ്‌, ഏകദെശം 61 കണ്ടുപിടുത്തങ്ങളുടെ അവകാശങ്ങൾ നേടിയ ആഫ്രോ അമേരിക്കനാണ്. 1943-ൽ മെഷീനിൽക്കൂടി ടിക്കറ്റെടുക്കുന്ന സംവിധാനം അദ്ദേഹം കണ്ടുപിടിച്ചു. ഇത് തീയേറ്ററുകൾക്കും ടിക്കെറ്റെടുക്കേണ്ടുന്ന മറ്റു കലാപരിപാടികൾക്കും വിനോദ വ്യവസായങ്ങൾക്കും ഉപകാരപ്രദമായി തീർന്നിരുന്നു. കൂടാതെ പോർട്ടബിൾ എക്‌സ്‌റേ മെഷീൻ, പോർട്ടബിൾ റഫറീജറേഷൻ, രണ്ടു ചക്ര ഗ്യാസ്‌ലൈൻ എൻജിൻ എന്നിവകൾ അദ്ദേഹത്തിൻറെ കണ്ടുപിടുത്തങ്ങളിൽപ്പെടുന്നു.


'റോബർട്ട് ലോറൻസ് (Robert Lawrence Jr) ആദ്യത്തെ ആഫ്രോ അമേരിക്കനായ ബഹിരാകാശ യാത്രികനായിരുന്നു. ദൗർഭാഗ്യവശാൽ 1967-ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹം മരണപ്പെട്ടതുമൂലം ബഹിരാകാശ മിഷ്യൻ പൂർത്തിയാക്കാൻ സാധിച്ചില്ല. പതിനാറു വർഷത്തിനുശേഷം 'ഗയൻ ബ്ലുഫോർഡ്' ആ ദൗത്യം ഏറ്റെടുത്തു. അദ്ദേഹമാണ് കറുത്തവരുടെ ചരിത്രത്തിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ. 1992-ൽ ഡോക്ടർ 'മാ ജേമിസോൺ' ശൂന്യാകാശ യാത്ര നടത്തിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയായിരുന്നു. അവരുടെ എട്ടു ദിവസത്തെ മിഷ്യൻ പ്രവർത്തനങ്ങളിൽക്കൂടി  അസ്ഥി കോശങ്ങളുടെ ('ബോൺ സെൽ') പരീക്ഷണങ്ങൾ നടത്തുകയും ശാസ്ത്ര ലോകത്തിന് നേട്ടങ്ങൾ നൽകുകയും ചെയ്തു. അവരോടൊപ്പം അമേരിക്കയുടെയും ജപ്പാന്റെയും മറ്റു ഗവേഷകരും ഗവേഷണങ്ങളിൽ പങ്കുചേർന്നിരുന്നു.


1945-ൽ 'ജോ ലൂയി' ഹെവി വെയിറ്റ് ബോക്സിങ് ചാമ്പ്യൻ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ 'ജോ' പട്ടാള സേവനം ചെയ്യവേ  പട്ടാളത്തിൽ വർണ്ണ വിവേചനം ഇല്ലാതാക്കാനും അദ്ദേഹം ഒരു നിമിത്തമായി. 1942-ൽ നാവികർക്ക് വേണ്ടി അദ്ദേഹത്തിന്റെ ശ്രമത്തിൽ ഒരു ഫണ്ട് ഉണ്ടാക്കിയിരുന്നു. താമസിയാതെ മിലിട്ടറിയിൽ വോളന്റീർ ജോലിയും തുടങ്ങി. കറുത്തവർക്ക് മാത്രമായ ഒരു യുണിറ്റിലായിരുന്നു പരിശീലനം നേടിയിരുന്നത്. അവിടുത്തെ സേവനശേഷം പട്ടാളത്തിൽ ഒരു സ്പെഷ്യൽ കേഡറിൽ അദ്ദേഹത്തെ ജോലിക്കെടുക്കുകയും ചെയ്തു. അന്നുമുതൽ പട്ടാളത്തിൽ കറുത്തവരോടുള്ള അവഗണന അവസാനിക്കുകയും കറുത്തവർക്കും പട്ടാളത്തിൽ അവസങ്ങൾ  നൽകാനും തുടങ്ങി.

1854-ൽ ഒഹായോയിൽ നിന്ന് വക്കീൽ പരീക്ഷ പാസായ 'ജോൺ മെർസെർ ലംഗ്സ്റ്റൻ' കറുത്ത വർഗക്കാരിൽനിന്നുമുളള ആദ്യത്തെ വക്കീലായി കരുതുന്നു. അദ്ദേഹം ഒഹായോയിൽ ബ്രൗൺ ഹേം എന്ന ടൗണിൽ 1855-ൽ ടൌൺ ക്ലർക്കായി നിയമിതനായപ്പോൾ, ചരിത്രത്തിൽ പബ്ലിക്ക് ഓഫിസിൽ നിയമിതനായ ആദ്യത്തെ ആഫ്രോ അമേരിക്കനായും അറിയപ്പെട്ടു. 'ഹാർലം' നവോദ്ധാനത്തിന്റെ കവിയായ 'ലംഗ്സ്റ്റൻ ഹ്യൂഗിന്റെ മുത്തച്ഛനും കൂടിയായിരുന്നു അദ്ദേഹം. ആഫ്രോ അമേരിക്കക്കാരിൽ 'തർഗൂഡ് മാർഷൽ' ആദ്യത്തെ യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു. പ്രസിഡന്റ ലിണ്ടൻ ബി ജോൺസനാണ്' അദ്ദേഹത്തെ ജഡ്ജിയായി നിയമിച്ചത്. 1967 മുതൽ 1991 വരെ അദ്ദേഹം ജഡ്ജിയായി ഔദ്യോഗിക പദവിയിലുണ്ടായിരുന്നു.


കറുത്ത വർഗക്കാരിയായ 'ഷിർലേ ചിഷോം' (Shirley Chisholm) അമേരിക്കൻ കോൺഗ്രസ്സിലെ ആദ്യത്തെ തിരഞ്ഞെടുത്ത ഹൌസ് ഓഫ് റപ്രസെൻറ്റിറ്റീവ് ആയിരുന്നു. 1968-ൽ ന്യൂയോർക്കിനെ പ്രതിനിധികരിച്ച് ആ സ്ഥാനം വഹിച്ചിരുന്നു. നാലു വർഷത്തിനുശേഷം അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. ആഫ്രോ അമേരിക്കൻ സ്ത്രീ സമൂഹത്തിൽ നിന്നും ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ക്രെഡിറ്റും അവർക്കു ലഭിച്ചു. അവർ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തകയായിരുന്നു. 1972-ലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ മൂന്നുപ്രാവശ്യം  വധശ്രമത്തിൽനിന്നും അവർ രക്ഷപെടുകയുണ്ടായി. 'ഹീരാം റോഡാസ് റെവൽസ്' അമേരിക്കയുടെ ആദ്യത്തെ ആഫ്രോ അമേരിക്കൻ സെനറ്ററായി അറിയപ്പെടുന്നു. 1870 മുതൽ 1871 മാർച്ചു വരെ അദ്ദേഹം സ്റ്റേറ്റ് ഓഫ് മിസ്സിസിപ്പിയെ പ്രതിനിധാനം ചെയ്തിരുന്നു. 2009-ൽ ആഫ്രോ അമേരിക്കക്കാരിൽ ബാറാക്ക് ഒബാമയെ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 2009 മുതൽ 2017 വരെ അദ്ദേഹം രണ്ടു പ്രാവിശ്യം അമേരിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്തു.


അമേരിക്കയിൽ വന്ന ആദ്യകാല ആഫ്രിക്കൻ കലാകാരന്മാരെല്ലാം അടിമകളായിരുന്നു. കലാരൂപങ്ങൾ ധാരാളമായുണ്ടെങ്കിലും അവരുടെ പേരുകളൊന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അടിമ മുതലാളിമാർ അവരെ ബലം പ്രയോഗിച്ച് അമേരിക്കയിൽ കൊണ്ടുവരികയായിരുന്നു. തങ്ങളുടെ  രാജ്യങ്ങളിൽനിന്നും പാരമ്പര്യമായി ലഭിച്ച കലാവിരുതുകളുമായിട്ടായിരുന്നു അവർ ഇവിടെ ജീവിതമാരംഭിച്ചിരുന്നത്. മെറ്റലിലും തടിയിലുമുള്ള ചിത്രപ്പണികൾ, കളിമണ്ണുകൊണ്ടുള്ള വാഹനങ്ങൾ, കുട്ട നെയ്യൽ, കൈകൾകൊണ്ടു നെയ്തെടുത്ത പുതപ്പുകൾ, എന്നിങ്ങനെ കറുത്തവരുടേതായ കലാവസ്തുക്കൾ അമേരിക്കൻ കലകളുടെ ചരിത്രത്തിനുതന്നെ അഭിമാനകരമാണ്. അമേരിക്കൻ മ്യൂസിയങ്ങളിൽ അതെല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്.


സാഹിത്യ രചയിതാക്കൾ, കഥാകൃത്തുക്കൾ, കവികൾ, നാടക കർത്താക്കൾ, സംഗീതജ്ഞർ, നടന്മാർ എന്നിങ്ങനെ നിരവധി കലാ സാഹിത്യ ലോകത്ത് പ്രവർത്തിച്ചിരുന്നവർ ന്യൂയോർക്കിൽ ഹാർലമിൽ ജീവിച്ചിരുന്നു. എഴുത്തുകാരുടെയും കലാകാരന്മാരുടെതുമായ ഒരു കോളനി തന്നെ അവിടെയുണ്ടായിരുന്നു. ആഫ്രോ അമേരിക്കരുടെ തനതായ വ്യക്തിത്വത്തെയും സംസ്ക്കാരങ്ങളെയും ജീവിതരീതികളെയും നിലനിർത്താനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. 1940-ൽ 'ഹാറ്റി മാക് ഡാനിയേൽ' എന്ന ആഫ്രോ അമേരിക്കൻ, ചലച്ചിത്ര നടനെന്ന നിലയിൽ  ആദ്യത്തെ ഓസ്കാർ അവാർഡ് കരസ്ഥമാക്കി. ആഫ്രോ അമേരിക്കനായ ജേക്കബ് ലോറൻസ് (1917-2000) കൗമാരപ്രായത്തിൽ ഹാർലമിൽ വന്നു താമസം തുടങ്ങി. ഹാർലം നവോദ്ധാന കാലങ്ങളിൽ അദ്ദേഹം കലാപരമായ വിഷയങ്ങളിൽ താല്പര്യമെടുത്ത് പഠിച്ചിരുന്നു. ആഫ്രിക്കൻ ജീവിതരീതികളെയും പഴമകളെയും പഠിക്കാൻ പിന്നീട് നൈജീറിയായിൽ യാത്ര ചെയ്തു. അദ്ദേഹം വരച്ച ച്ഛായാപടങ്ങളും മറ്റു കലാരൂപങ്ങളും ആഫ്രിക്കൻ സംസ്ക്കാരത്തെയും അവരുടെ ജീവിതരീതികളെയും പകർത്തയെടുക്കുന്നതായിരുന്നു. കൂടാതെ കറുത്തവരെ പീഡിപ്പിച്ച ചരിത്രങ്ങളും കലാരൂപങ്ങളിൽ ദൃശ്യവുമാണ്. അദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം ശോകമയമായ ഭാവനകളോടെയുള്ളതായിരുന്നു.

1760 മുതൽ 1832 വരെ ജീവിച്ച 'ജോഷുവ ജോൺസൺ' ആണ് കറുത്തവരുടെ ഇടയിൽനിന്നും രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ആഫ്രോ അമേരിക്കൻ കലാകാരൻ. അടിമത്വത്തിലാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപ്പറ്റി ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്നു. 1910-ൽ എടുത്ത സെൻസസിൽ ജോൺസൺ അടിമത്വത്തിൽ നിന്നും മോചിതനായ ഒരു സ്വതന്ത്ര ആഫ്രോ അമേരിക്കനായി കാണുന്നു. കലയെ തൊഴിലായി സ്വീകരിച്ചു ജീവിച്ച ജോൺസന്റെ ചിത്രങ്ങൾ കൂടുതലും യൂറോപ്പ്യൻ പശ്ചാത്തലത്തിലായിരുന്നു രചിച്ചിരുന്നത്. ജോൺസൺ വരച്ച ഓരോ പടങ്ങളിലേയും വസ്ത്ര ധാരണരീതികൾ ഭാവനകൾ നിറഞ്ഞതും വളരെ ശ്രദ്ധേയവുമാണ്.

കലാലോകത്ത് ആഗോള പ്രസിദ്ധനായ ആഫ്രിക്കൻ അമേരിക്കൻ 'ഹെൻറി ഒസ്സാവ ടാനർ' എന്നയാളായിരുന്നു. 1859-ൽ പെൻസിൽവാനിയായിൽ പിറ്റ്‌സ്ബർഗിലായിരുന്നു, അദ്ദേഹത്തിൻറെ ജനനം. പിതാവ് സ്‌കൂൾ ടീച്ചറും പാസ്റ്ററുമായിരുന്നു. ഒരു കലാകാരനാകണമെന്നുള്ള മോഹമുണ്ടായിരുന്നതിനാൽ 'പെൻസിൽവേനിയ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ' ചേർന്ന് കലകളുടെ ശാസ്ത്രീയ വശങ്ങളെ പഠിച്ചിരുന്നു. കൂടാതെ അദ്ദേഹം ആഫ്രിക്കൻ അമേരിക്കരുടെ ദൈനം ദിന ജീവിതത്തെപ്പറ്റിയും മനസിലാക്കിയിരുന്നു. ടാനർ വളരെ പ്രസിദ്ധനായെങ്കിലും സാമൂഹികമായി കൂടുതൽ സ്വാതന്ത്ര്യം മോഹിച്ച് അദ്ദേഹം ഫ്രാൻസിൽ പോയി ജീവിച്ചു. 1920 മുതൽ 1930 വരെയുള്ള കാലഘട്ടത്തിൽ ഹാർലം നവോദ്ധാന മുന്നേറ്റത്തിലും പങ്കാളിയായിരുന്നു.

ആരോൺ ഡഗ്ലസ് (Aaron Douglas (1899-1979) പ്രമുഖനായ ഒരു കലാകാരനായിരുന്നു. കൻസാസിൽ ജനിച്ച അദ്ദേഹം 1925-ൽ ഹാർലത്ത്‌ വന്നു. അദ്ദേഹത്തിൻറെ നിരവധി ചിത്രങ്ങൾ 'ഫിസ്ക് യൂണിവേഴ്സിറ്റി'യുടെ ഗ്രന്ഥപ്പുരകളിൽ ശേഖരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും നിരവധി ആഫ്രോ അമേരിക്കൻ കലാകാരന്മാർ ഉയർന്നു വന്നിരുന്നു. 1950-ൽ യുവ ആഫ്രോ അമേരിക്കക്കാർ ഹാർലം നവോദ്ധാന കാലഘട്ടത്തോടെ കലാരംഗങ്ങളിൽ തിളങ്ങാനും തുടങ്ങി. 'റോമറെ ബെയർഡൻ' (Romare Bearden) 1911-ൽ ജനിക്കുകയും 1988'ൽ മരിക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു. ന്യൂസ്‌പേപ്പർ, പ്രിൻറിംഗ് എന്നീ മേഖലകളിൽ ചിത്രങ്ങൾ വരച്ചിരുന്നു. അദ്ദേഹത്തിന്റെ കലകളും സാഹിത്യ കഴിവുകളും ആഫ്രോ അമേരിക്കൻ സംസ്‌കാരങ്ങളെ എടുത്തുകാണിക്കുന്നതായിരുന്നു.

ഈ ലേഖനം ചുരുക്കുന്നതോടൊപ്പം വായനക്കാരെ അറിയുക, നിങ്ങളും ഞാനും വസിക്കുന്ന സ്വപ്ന  ഭൂമിയായ അമേരിക്ക പടുത്തുയർത്തിയത് കറുത്തവരായ ആഫ്രോ അമേരിക്കക്കാരുടെ വിയർപ്പുതുള്ളികൾകൊണ്ടായിരുന്നു.  കറുത്തവരായവരുടെ ചരിത്രമെന്നു പറയുന്നത് അമേരിക്കയുടെ ചരിത്രംതന്നെയാണ്. വൈറ്റ് ഹൌസിൽ പണിതുയർത്തിയിരിക്കുന്ന ഓരോ കല്ലുകൾക്കും കറുത്തവന്റെ ചരിത്രം പറയാനുണ്ട്. അന്നവർ അടിമകളായിരുന്നു. സ്വാതന്ത്ര്യത്തിനായി കൊളോണിയൽ ഭരണത്തിനെതിരെ തോക്കുകൾ ചൂണ്ടി വെടിവെച്ചുകൊണ്ടിരുന്ന പട്ടാളക്കാരായിരുന്നു, അവർ. സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി പടപൊരുതിയ കറുത്തവരുടെ പൂർവിക പിതാക്കന്മാരെ ലോകമാകമാനമുള്ള സ്വാതന്ത്ര്യമോഹികൾ ആദരിക്കുന്നു. നാമും ആദരിക്കുന്നു. ആഫ്രിക്കൻ അമേരിക്കൻ സംസ്ക്കാരമെന്നു പറയുന്നത് അമേരിക്കൻ സംസ്ക്കാരം തന്നെയാണ്. കറുത്തവരുടെ ചരിത്രം അവശിഷ്ടമാകാതെ ജീവിച്ചുകൊണ്ടുതന്നെയിരിക്കണം. പുസ്തകങ്ങളിൽ വായിച്ചുതന്നെ വരുവാനിരിക്കുന്ന തലമുറകളും മനസിലാക്കണം. ഇവിടെ ജീവിക്കുന്ന ഓരോ കുടിയേറ്റക്കാരനും നമ്മുടെ കറുത്ത സഹോദരന്മാരോട് കടപ്പാടുള്ളവരെന്നുള്ള കാര്യവും മറക്കരുത്.


ടോണി മോറിസൺ 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...