Thursday, March 21, 2019

നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റോ?





ജോസഫ് പടന്നമാക്കൽ
പാർലമെന്റിലേക്കുള്ള  ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന 2019, എന്തുകൊണ്ടും ഇന്ത്യയെ സംബന്ധിച്ച് വിധിനിർണ്ണായകമായ ഒരു വർഷമായിരിക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഗുരുക്കന്മാരുടെ കണക്കുകൂട്ടൽ എങ്ങോട്ടെന്നും പറയാൻ സാധിക്കില്ല. ആരുജയിച്ചാലും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒരു സങ്കരമന്ത്രിസഭയെയാണ് പ്രവചന വക്താക്കളുടെ സങ്കൽപ്പത്തിലുള്ളത്. ഇനി ഒരു പ്രാവശ്യം കൂടി ബിജെപി ഇന്ത്യയുടെ ഭരണതലത്തിൽ വന്നാൽ രാജ്യം ഏകാധിപത്യം ആകുമെന്നും ഭരണഘടനയിൽ മാറ്റം വരുത്തി ഇന്ത്യയെ ഇറാൻ പോലെ മത രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നുമുള്ള രാഷ്ട്രീയ ജൽപ്പനങ്ങളുമുണ്ട്. ഫാസിസത്തിൽ അമർന്ന ഇന്ത്യയെ അംബാനിമാർക്ക് വില്ക്കുമെന്നുള്ള ആശങ്കകളും പ്രതിപക്ഷ ഫ്‌ളാറ്റ് ഫോറങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019-ൽ തന്റെ വൈവിധ്യങ്ങളാർന്ന  അഞ്ചു വർഷ ഭരണം പൂർത്തിയാക്കുന്നു. മൂന്നു വർഷം മുമ്പുവരെ ഭാഗ്യം എന്നും ബിജെപി യ്‌ക്കൊപ്പമായിരുന്നു. യുപിയിലും മറ്റു മൂന്നു സ്റ്റേറ്റുകളിലും ബിജെപി സർക്കാർ നിലവിൽ വന്നപ്പോൾ പ്രതിപക്ഷങ്ങളുടെ 2019-ൽ ഭരണം പിടിക്കാമെന്നുള്ള പ്രതീക്ഷകൾ തകർന്നിരുന്നു. മോദിക്കും ബിജെപിയ്ക്കും എന്നും കാറ്റ് അനുകൂലമായിരുന്നു. പ്രതിപക്ഷങ്ങൾ ഇനി 2024-ൽ പ്രതീക്ഷകൾ അർപ്പിച്ചാൽ മതിയെന്നും ഭാഗ്യത്തിന് ഇനിയും നീണ്ട കാലങ്ങൾ കാത്തിരിക്കണമെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാൽ സമീപ കാലത്ത് ബിജെപി യുടെ ശക്തിക്കോട്ടകൾ പലതും തകരുന്ന മാതിരിയാണ്! കാണുന്നത്. ഭൂരിപക്ഷം എന്നുള്ളത് ഒരു പാർട്ടിക്കും കിട്ടില്ലായെന്നുള്ള നിലപാടുകൾ വരെ എത്തിയിട്ടുണ്ട്.

ആരാണ് ഇത്തവണ ഭരണമുന്നണിയുടെ തലസ്ഥാനമായ ഡൽഹി സെക്രട്ടറിയേറ്റ് കീഴടക്കാൻ പോവുന്നത്? തിരഞ്ഞെടുപ്പിൽ ബിജെപി യ്ക്ക് രാഷ്ട്രീയ വിജയം ലഭിച്ചാൽ അഥവാ പരാജയം ലഭിച്ചാൽ എന്തെല്ലാം സംഭവിക്കുമെന്നും വിശകലനം ചെയ്യേണ്ടതായുണ്ട്. ഒരു പക്ഷെ, ആർക്കും ഭൂരിപക്ഷമില്ലാതെ,  അങ്ങേയറ്റം ഉറപ്പില്ലാത്ത ഒരു സർക്കാരായിരിക്കാം ചുമതലയെടുക്കാൻ പോവുന്നത്. എങ്കിൽ സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഭാരതത്തിൽ ഇന്നുവരെ കണ്ടിരുന്ന ശക്തമായ നേതൃത്വം ഇന്ത്യയ്ക്ക് നഷ്ടപ്പെടാം.

ചിലരുടെ പ്രതീക്ഷകളെ തട്ടിമാറ്റിക്കൊണ്ട് 2024-ൽ തിരഞ്ഞെടുപ്പ് ഇനി കാണുമോയെന്നുള്ള ആശങ്കകളും പ്രചരിക്കുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് ആർ.എസ്.എസ്. ന്റെയും ബിജെപിയുടെയും ചിരകാല അഭിലാഷമായ 'ഹിന്ദു രാഷ്ട്രം' എന്ന സ്വപ്നം സാഷാത്ക്കരിക്കുമോ? പൂർണ്ണ അധികാരമുള്ള ഒരു ഏകപാർട്ടി ഭരണം വരുന്നുവെങ്കിൽ ഇന്ന് നിലവിലുള്ള ഭരണഘടനയെ സമൂലമായി മാറ്റുവാൻ വരാൻ പോകുന്ന വർഗീയാധിഷ്ഠിതമായ ഭരണകൂടം ശ്രമിക്കുമെന്നുള്ളതിലും സന്ദേഹങ്ങളുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് പ്രതിപക്ഷങ്ങൾക്ക് ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദു രാഷ്ട്രമെന്ന  സ്വപ്നം തടയുവാനുള്ള അവസാനത്തെ അവസരമായി കാണുന്നവരുമുണ്ട്.

ഹിന്ദുത്വയുടെ വളർച്ച ഏകാധിപത്യത്തിന്റെ വളർച്ചയായിട്ടാണ് സാധാരണ മതേതര വാദികൾ കാണുന്നത്. രാജ്യം അപകടത്തിലാകുന്ന അത്തരം ഒരു സ്ഥിതിവിശേഷം ഇല്ലാതാക്കാനുള്ള  തയ്യാറെടുപ്പുകളാണ് കോൺഗ്രസ്സ് പാർട്ടികളുടെ നയ പരിപാടികളിലുള്ളത്. വേണ്ടവിധം തയ്യാറെടുപ്പുകൾ അവലംബിച്ചില്ലെങ്കിൽ രാജ്യം വർഗീയ ഫാസിസ ശക്തികൾക്ക് അടിമപ്പെടുമെന്നും ഭയപ്പെടുന്നു. ഗാന്ധിയും നെഹ്രുവും വിഭാവന ചെയ്ത ആശയ സംഹിതകളും മതസഹിഷ്ണതയും ഇല്ലാതാകുമെന്നും ശങ്കിക്കുന്നു.

ബിജെപി പരാജയപ്പെട്ടാൽ ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുക്കൾ മതേതര രാഷ്ട്രത്തിൽ വിവേചനങ്ങളും ബുദ്ധിമുട്ടുകളും നേരിടുമെന്നു രാഷ്ട്രീയ പാർട്ടികൾ പ്രചരണങ്ങൾ നടത്തുന്നു. അത്തരമുള്ള അബദ്ധജടിലമായ പ്രസ്താവനകൾ വഴി ഹിന്ദുക്കളിൽ ഭയജ്വാല നിറച്ചിട്ടുണ്ട്. ഒപ്പം ന്യുന പക്ഷാവകാശങ്ങൾ സംരക്ഷിക്കുമെന്ന പൊള്ളയായ വാഗ്‌ദങ്ങളും പ്ലാറ്റ്ഫോറങ്ങളിൽ മുഴങ്ങുന്നുണ്ട്.  ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും ഭരണം പോവുമെന്ന എതിർഭാഗത്തുള്ള പ്രചരണങ്ങളും ശക്തമാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന പക്ഷം ബീഫ് ഉപരോധം നാടാകെ നടപ്പാക്കുമെന്നും അഹിന്ദുക്കൾ ഭയപ്പെടുന്നു. മതേതര വാദികളിൽ മതം കുത്തിവെക്കാനുള്ള വർഗീയ വാദികളുടെ പ്രഭാഷണങ്ങൾ രാജ്യം മുഴുവനും അസ്വസ്ഥത നിറച്ചിരിക്കുന്നു. എന്നത്തേക്കാളും വർഗീയ വാദികളുടെ വളർച്ചയുടെ ചുഴിയിൽ ഹിന്ദു ഭീകരത വർദ്ധിക്കാനും സാധ്യത കൂടിക്കൊണ്ടിരിക്കുന്നു. 'ഘർ വാപസി' ശക്തമാക്കികൊണ്ടുള്ള പ്രചരണങ്ങൾ നാടാകെ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും അസ്വസ്ഥരാക്കുന്നുണ്ട്. ജാതി വ്യവസ്ഥയിലുള്ള രാഷ്ട്രീയം മുതലെടുക്കാനാണ് ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പു വേളകളിൽ ശ്രമിക്കുന്നത്.

പരസ്പര വിരോധാഭാസമുള്ള വോട്ടർമാർ 2014-ൽ മോദി സർക്കാരിന് വിജയം നേടി കൊടുത്തു. ഇന്ന് വേണ്ടത് പ്രതിപക്ഷങ്ങൾ ഒന്നായ ആശയ സംഹിതകൾ സൃഷ്ടിക്കുകയെന്നതാണ്. ഭൂരിഭാഗം ഇന്ത്യക്കാരും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ല. ചിന്നിച്ചിതറി കിടക്കുന്ന പരസ്പ്പര വിരുദ്ധങ്ങളായ പാർട്ടികൾ മൂലം ബിജെപി അധികാരം പിടിച്ചെടുത്തു. നാനാത്വത്തിൽ ഏകത്വം എന്ന നിലപാടിൽ കോൺഗ്രസു ഉറച്ചു നിൽക്കുന്നു. സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരേ മതവികാരങ്ങളടങ്ങിയ ഐക്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മേക്ക് ഇന്ത്യ പദ്ധതികൾ, മാംസാദികൾ കഴിക്കുന്നതിനെതിരെയുള്ള പ്രചരണങ്ങൾ, പ്രധാന മന്ത്രിയുടെ വിജയകരമായ വിദേശ സഞ്ചാരങ്ങൾ, ക്യാഷ് ഇല്ലാതെയുള്ള ക്രയവിക്രയങ്ങൾ, ലോക സഭ തിരഞ്ഞെടുപ്പുകൾ, സ്വച്ഛ്‌ ഭാരത മിഷ്യൻ, പാരീസ് ഉടമ്പടി എന്നിങ്ങനെ മോദിയുടെ ഭരണകാലത്തെ വിശേഷങ്ങളും വാർത്തകളും തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ ശക്തമായി പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനമായും ഹിന്ദുത്വ വാദികൾ പറയുന്ന രണ്ടു കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്. ആദ്യത്തേത്, ഹിന്ദുത്വ തത്ത്വചിന്തകൾ ഭാരതത്തിൽ എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ആശയങ്ങൾക്ക് ഇന്ത്യ മുഴുവൻ പിന്തുണയുമുണ്ടായിരുന്നു. രണ്ടാമത്തേത് ഹിന്ദുത്വയെ എതിർക്കുന്നവർ ഇന്ത്യ മുഴുവനായും ആഗോളതലത്തിലുള്ള ഇന്ത്യൻ ജനങ്ങളുടെയും കാഴ്ചപ്പാടുകളെ മുഖവിലയ്‌ക്കെടുക്കാറില്ലായിരുന്നു എന്നതാണ്. എന്നിരുന്നാലും ഇന്ന് പൊതുവെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നു ഹിന്ദുത്വയിൽ അടിയുറച്ചു ചിന്തിക്കുന്നവർ വിശ്വസിക്കുന്നു. ഇന്ത്യ സ്വാഭാവികമായി ഒരു ഹിന്ദു രാജ്യമെന്നാണ് ആർ എസ് എസ് വിശ്വസിക്കുന്നത്. ഈ ലക്ഷ്യ പ്രാപ്തിക്കായി പതിറ്റാണ്ടുകളോളം അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.  ഈ അടിസ്ഥാന വിശ്വാസത്തിന് ശക്തമായ ഒരു ജനപിന്തുണയുമുണ്ടായിരുന്നു.

ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കാഴ്ചപ്പാടുകളെ ഹിന്ദുത്വ ശക്തികൾക്ക് തുടക്കം മുതലേ സഹിക്കാൻ സാധിച്ചിരുന്നില്ല. അധികാരത്തിനുവേണ്ടി അവർ ശ്രമിച്ചിരുന്നെങ്കിലും മതേതരശക്തികൾ അതിന് തടസമായിരുന്നു. മുസ്ലിമുകൾക്കുവേണ്ടി ഒരു രാജ്യം സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ ഹിന്ദുക്കൾക്ക് അവരുടേതായ ഒരു രാജ്യസൃഷ്ടിക്കായി നിഷേധങ്ങളുമുണ്ടായി. കോൺഗ്രസിന് ദേശീയ നിലവാരത്തിൽ ആദ്യമായി പരാജയം സംഭവിച്ചത് 1998-ൽ മാത്രമായിരുന്നു. 2004-ലും 2009-ലും ഹിന്ദുത്വ ശക്തികൾ അധികാരം ഉറപ്പിച്ചുവെങ്കിലും അവരുടെ ഹിന്ദുത്വാശയങ്ങൾ കാര്യമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ 2014-ൽ രാഷ്ട്രീയ പ്രവചനങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികൾ വൻഭൂരിക്ഷത്തോടെ ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തി. മോദി എന്ന അധികാരച്ചുവ പടർന്ന നേതാവിൽക്കൂടി രാജ്യം മുഴുവൻ മതതീവ്രത പ്രചരിപ്പിക്കാനും ആരംഭിച്ചു.

മതം കരുവാക്കിക്കൊണ്ട് മതത്തെ രാഷ്ട്രീയവൽക്കരിച്ച് നേട്ടങ്ങൾ കൊയ്യാനാണ് ബിജെപി എന്നും ശ്രമിക്കുന്നത്. ഉദാഹരണമായി ശബരിമല വിഷയങ്ങൾ മാത്രം എടുത്താൽ മതിയാകും. പോലീസിനെ കല്ലെറിയാനും റോഡിൽ ആളെ ഇറക്കുന്നതിനും ബിജെപി ശ്രമിച്ചതല്ലാതെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ ശബരിമല വിഷയത്തിൽ അവർ ചെയ്തിട്ടില്ല. മത വികാരങ്ങൾ ഇളക്കി ജനങ്ങളെ വിഘടിപ്പിച്ച് അധികാരം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി തങ്ങളുടെ പണിപ്പുരകളിൽ എക്കാലവും നടത്തിക്കൊണ്ടിരുന്നത്. ശബരിമലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം പത്രമാദ്ധ്യമങ്ങളിൽ ബിജെപിയും നേതാക്കന്മാരും നിറഞ്ഞു നിൽക്കാനും അതുവഴി ബിജെപിയുടെ വേരുകൾ കേരളത്തിലുറപ്പിക്കാനും അവർ ആഗ്രഹിച്ചു. ഹൈന്ദവ മാമൂലുകൾ മുറുകെപ്പിടിക്കുന്ന ബിജെപി ഭരണകൂടത്തിന് ശബരിമല വിഷയങ്ങളിൽ ഒരു ശ്വാശ്വത പരിഹാരത്തിനായി പ്രതിപക്ഷങ്ങളുടെ സഹായത്തോടെ ഭരണഘടന മാറ്റാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. സുപ്രീം കോടതിയിൽ പകരം റിവ്യൂ ഹർജി കൊടുക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. പകരം പോലീസിനോട് യുദ്ധം ചെയ്യാനാണ് അവർ ഒരുമ്പെട്ടത്. കേരളത്തിൽ അയ്യപ്പൻറെ പേരിൽ ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നൂറ്റിമുപ്പത്തിയാറാം (136) സ്ഥാനത്ത് നിൽക്കുന്നു.  2017-ൽ തന്നെ പന്ത്രണ്ടു പ്രസ്സ് റിപ്പോർട്ടർമാരുടെ മരണത്തിൽ ദുരൂഹതകളുണ്ട്. ലോകത്തിലേക്കും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പത്രപ്രവർത്തനം ഇന്ന് ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നായിരിക്കുന്നു. മെക്സിക്കോയിലും സിറിയയിലും ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സൊമാലിയായിലും പത്രസ്വാതന്ത്ര്യ നിഷേധങ്ങൾ ഉണ്ടെങ്കിലും ഇന്ത്യ ഈ രാജ്യങ്ങളുടെയും പുറകിലാണെന്നാണ് വെളിപ്പെടുത്തലുകൾ. സ്വതന്ത്രമായ ചില പത്രമാദ്ധ്യമങ്ങൾ ഭയരഹിതമായി തന്നെ വാർത്തകൾ പുറത്തു കൊണ്ടുവരുന്നുമുണ്ട്.

നിലവിലുള്ള സാമൂഹിക ക്ഷേമ ഫണ്ടുകൾ നിറുത്തൽ ചെയ്തതും ശ്രദ്ധേയമാണ്. ആധാർ കാർഡുകൾ സുതാര്യമായി കൈകാര്യം ചെയ്യാഞ്ഞതും ഭരണത്തിന്റെ പോരായ്മയായിരുന്നു.  ബാങ്കിങ്ങിലും മൊബൈൽ ഫോൺ ലഭിക്കുന്നതിനും ആധാർ കാർഡ് ആവശ്യമായിരുന്നു. അതുപോലെ സർക്കാരിൽ നിന്നും ലഭിക്കുന്ന ക്ഷേമനിധി ഫണ്ടുകൾക്കും ആധാർ ആവശ്യമായി തീർന്നിരുന്നു. ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതുമൂലം നിരവധി പേരുടെ ഭക്ഷണത്തിനുള്ള റേഷനും നിഷേധിച്ചിരുന്നു. ദുഷ്‌കരമായ ജീവിതംമൂലം മുപ്പതോളം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആധാർ കാർഡിന്റെ അഭാവത്തിൽ നിരവധി പൗരജനങ്ങൾക്ക് തൊഴിൽ വേതനം നിഷേധിച്ചു. കൃഷിക്കാരുടെ കടം ഇളവ് ലഭിക്കുന്നതിനുള്ള പേപ്പർ വർക്കുകളും ആധാർ കാർഡിന്റെ അഭാവത്തിൽ തള്ളിക്കളഞ്ഞിരുന്നു. സ്‌കൂൾ അഡ്മിഷൻ, പെൻഷൻ ഫണ്ട്, ആരോഗ്യ പരിപാലനം, എയ്ഡ്സ് ശുശ്രുഷകൾ എന്നിങ്ങനെ ആധാർ കാർഡ് ആവശ്യമായതിനാൽ ജനജീവിതം പ്രശ്നസങ്കീർണ്ണങ്ങളായി മാറിയിരുന്നു. നിരവധി ആധാർകാർഡ് കേസുകളിൽ ഇന്നുവരെ സുപ്രീം കോടതി വിധി നടപ്പാക്കിയിട്ടില്ല. ഇന്നും കേസുകൾ തീർപ്പിനായി നിരവധിപേർ കാത്തിരിക്കുന്നു.

കൃഷി വിഭവങ്ങളുടെ വളർച്ച 2014-നു ശേഷം നിന്നുപോവുകയും  കൃഷിയുൽപ്പനങ്ങളുടെ വില 2.4% കുറയുകയുമുണ്ടായി. പതിനേഴു സ്റ്റേറ്റുകളിൽ ഒരു കർഷകന്റെ ശരാശരി വരുമാനം വർഷം 20000  രൂപയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവ് കഴിഞ്ഞ് 50 ശതമാനം ലാഭം നൽകുമെന്ന് മോദിയുടെ 2014-ലെ തിരഞ്ഞെടുപ്പു പ്രചരണ സമയങ്ങളിൽ വാഗ്ദാനങ്ങളുണ്ടായിരുന്നു. അത് ഒരിക്കലും യാഥാർഥ്യമായില്ല. പകരം 2014 മുതൽ 2016 വരെ 37000 കർഷകർ ആത്മഹത്യ ചെയ്തു. കൃഷിക്കാരുടെ കടങ്ങൾ വീട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.

കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ മോദി സർക്കാർ രണ്ടു ലക്ഷം സർക്കാർ സ്‌കൂളുകൾ നിർത്തൽ ചെയ്തു. സ്‌കൂളുകൾ ഇങ്ങനെ നിർത്തൽ ചെയ്യുന്നമൂലം യോഗ്യരായ അദ്ധ്യാപകർ തൊഴിൽ രഹിതരാവുന്നു. അതുപോലെ സ്‌കൂൾകുട്ടികളും പ്രത്യേകിച്ച് മല വർഗ്ഗത്തിൽപ്പെട്ട പെൺകുട്ടികളും  പഠനം ഉപേക്ഷിക്കേണ്ടി വരുന്നു. ഒറിസ്സായിലും ജാർഖണ്ഡിലും രാജസ്ഥാനിലും മലവർഗക്കാരെ അത്തരം തീരുമാനങ്ങൾ വിദ്യാഹീനരുമാക്കുന്നു. ബിജെപിയുടെ സമ്മർദ്ദമൂലം വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ടെസ്റ്റ് ബുക്കുകളിൽ ചരിത്രം തിരുത്തിയെഴുതാനും ആരംഭിച്ചു. മുഗൾ ചരിത്രങ്ങൾ ചരിത്ര താളുകളിൽനിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നു. ഭാവിയിൽ കുട്ടികൾ താജ്മഹാളിനെയും കുത്തബ് മീനാറിനെയും സംബന്ധിച്ച കഥകളിൽ അജ്ഞരായി വളരും. 'നോട്ടുനിരോധനം'  വമ്പിച്ച വിജയമായുള്ള ടെക്സ്റ്റ് ബുക്കുകൾ കുട്ടികൾ പഠിച്ചു തുടങ്ങിയിരിക്കുന്നു.  സ്വതന്ത്ര ചിന്തകൾ പുലർത്തുന്ന ജവഹർലാൽ യൂണിവേസിറ്റി, ബനാറസ് യൂണിവേസിറ്റി, ഹൈദ്രബാദ് യൂണിവേഴ്സിറ്റി, അലിഗഡ് യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ കൂടെ കൂടെ ആക്രമണങ്ങൾ കഴിഞ്ഞ നാലുവർഷങ്ങളായി അഴിച്ചുവിടുക എന്നത്  പതിവായിരിക്കുന്നു. ലോകപ്രസിദ്ധമായ ഈ യൂണിവേഴ്സിറ്റികൾ ഹിന്ദുത്വ ചിന്താഗതികളിൽ പ്രാധാന്യം നൽകാത്തതുകൊണ്ട് വർഗീയ രാഷ്ട്രീയക്കാർ അവിടങ്ങളിൽ  അസ്വസ്ഥതയുമുണ്ടാക്കുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ബലാൽ സംഗങ്ങളും ഇന്ത്യ എന്ന രാജ്യം സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി തീർന്നിരിക്കുന്നു. 2014-നു ശേഷം സ്ത്രീ പീഡനങ്ങൾ പന്ത്രണ്ടര ശതമാനം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 34,651 കേസുകളിൽ നിന്ന് 2016-ൽ തന്നെ 39000 സ്ത്രീ പീഡനങ്ങളായി വർദ്ധിച്ചിരുന്നു. ഏറ്റവും കൂടുതൽ വ്യപിചാര കുറ്റത്തിന് ആരോപിതരായ എംഎൽഎ മാരും എംപി മാരുമുള്ളത് ബിജെപിയിലാണ്. പതിനാലു ബിജെപിക്കാരും ഏഴു ശിവസേനക്കാരും ആറു ത്രിമൂൽ കോൺഗ്രസുകാരും സ്ത്രീപീഢന  കേസ്സിൽപ്പെട്ടവരാണ്. ഇന്ത്യയിൽ 66 ശതമാനം സ്ത്രീകൾ കൂലിയില്ലാതെ ജോലി ചെയ്യുന്നവരായി കണക്കുകൾ പറയുന്നു.

കൊലപാതക രാഷ്ട്രീയമെന്ന തീക്കളിയാണ് ബിജെപി യിലെ അനുയായികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തീവ്രവാദികളെ അമർച്ച ചെയ്യുന്നപോലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുണ്ടകളെയും അമർച്ച ചെയ്യേണ്ടതായുണ്ട്. ബിജെപിയും ആർ എസ് എസ്സും  എക്കാലവും അക്രമത്തിന്റെ രാഷ്ട്രീയമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അതിന് വസ്തുതകളും തെളിവുകളും എണ്ണിയെണ്ണി പറയാൻ സാധിക്കും. ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കലും സുപ്രീം കോടതി വിധിവരെ തള്ളിക്കളയലും സംഭവിച്ചിരുന്നത് എല്ലാംതന്നെ മോദി സർക്കാരിന്റെ ഭരണകാലയളവിൽ തന്നെയാണ്. ന്യുനപക്ഷങ്ങളെ സംബന്ധിച്ചടത്തോളം ഇന്ത്യ ഇന്ന് ലോകത്തിലെ തന്നെ അപകടം പിടിച്ച മേഖലകളായി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പശു ഇറച്ചി കൈവശം വെച്ചുവെന്ന് സംശയിച്ചുകൊണ്ട് 2015-ൽ ദാദ്രിയിൽ വസിക്കുന്ന 'മുഹമ്മദ് അകലഖ്' എന്നയാളെ മൃഗീയമായി പിച്ചിക്കീറി കൊന്നു. 'ലവ് ജിഹാദ്' എന്ന് സംശയിച്ച് നിരവധി മുസ്ലിമുകളുടെ കഴുത്തുകൾ ഞെരിച്ചുകൊന്ന കഥകളും കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ പറയാനുണ്ട്. 2014 മുതൽ 45000 ദളിത് പീഡനങ്ങളും ക്രൂരതകളും നടന്നിട്ടുണ്ട്. അത് ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2014-നു ശേഷം പശു സംബന്ധിച്ചുള്ള വഴക്കുകളിൽ നൂറുകണക്കിന് ദളിതർ കൊല്ലപ്പെട്ടിട്ടുണ്ട്.  മോദിയുടെ ഭരണതുടക്കത്തിനു ശേഷം നടന്ന ആക്രമണങ്ങളിൽ മരിച്ചവരിൽ 84 ശതമാനവും മുസ്ലിമുകളായിരുന്നു.

45 വർഷത്തിനുള്ളിൽ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്നത്. മോദിയും അംബാനിയും പൊതു ഖജനാവ് മുഴുവനായി കവർന്നെടുത്തു കഴിഞ്ഞു. ഒരു വർഷം ഒരു കോടി ജോലികൾ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിലാണ് നരേന്ദ്ര മോദി അധികാരത്തിൽ കയറുന്നത്. എന്നാൽ ഓരോ വർഷവും അദ്ദേഹത്തിന് കഷ്ടിച്ച് രണ്ടേകാൽ ലക്ഷം തൊഴിൽ അവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാൻ സാധിച്ചു. 2014-ൽ തൊഴിലില്ലായ്മ 3.41%എന്നുള്ളത് 2018-ൽ തൊഴിലില്ലായ്‌മ 6.23% ആയി ഉയർന്നുവെന്നതാണ് വസ്തുത. നാലുകോടി ജോലിക്ക് പകരം എട്ടേകാൽ ലക്ഷം ജോലികളാണ് കഴിഞ്ഞ നാലുവർഷങ്ങളായി നരേന്ദ്ര മോദിക്ക് സൃഷ്ടിക്കാൻ സാധിച്ചത്.  2025 വരെ ഇന്ത്യയുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ കുറഞ്ഞ പക്ഷം എൺപതു ലക്ഷം ജോലികളെങ്കിലും ഓരോ വർഷവും പുതിയതായി സൃഷ്ടിക്കേണ്ടതായുണ്ട്.

2018-ൽ പെട്രോളിന്റെയും ഡീസലിന്റെയും വില സർവ്വകാല റിക്കോർഡുകളും ഭേദിച്ചുവെന്നുള്ളതാണ് വാസ്തവം. ലോകം മുഴുവൻ ക്രൂഡോയിലിന് വിലകുറഞ്ഞിരുന്ന കാലത്ത് ബിജെപി സർക്കാർ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ആ വില വർദ്ധനവ് സാധാരണ ജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുമില്ല. വർദ്ധിപ്പിച്ച ഓയിൽ വിലയുടെ എക്സൈസ് നികുതി വരുമാനം എവിടെ പോയിയെന്ന് ആർക്കും അറിവുമില്ല.

2004-ൽ ബാങ്കിൽ നിന്നും കടം എടുത്തശേഷം കടംവീട്ടാതിരുന്ന തുക 2.4 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ആ തുക 2018 ആയപ്പോൾ 9.5 ലക്ഷം കോടിയായി വർദ്ധിച്ചു.  ബാങ്കിന്റെ കടങ്ങൾ വീട്ടാത്ത കോർപ്പറേഷനുകൾ വരെ ഇതിലുൾപ്പെടുന്നു. 2014 മുതൽ കോടികൾ ബാങ്കുകളെ പറ്റിച്ച വ്യജവെട്ടിപ്പുകാരുണ്ട്. 17,789 കോടിയോളം രൂപ അവർ ബാങ്കുകളെ പറ്റിച്ച് മുങ്ങി നടക്കുന്നു. ഫോർബ്സ് മാഗസിന്റെ അഭിപ്രായത്തിൽ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ അഴിമതിരാജ്യമായി കരുതുന്നു. ഡൈമണ്ടു വ്യവസായി 'നിരവ് മോദി' പഞ്ചാബ് നാഷണൽ ബാങ്കിനെ പതിമൂവായിരം കോടി രൂപ പറ്റിച്ച ശേഷം രാജ്യം വിട്ടു. അതുപോലെ ബഹുകോടികളുടെ ആസ്തിയുണ്ടായിരുന്ന 'ലളിത് മോദിയും' 'വിജയ് മല്ലയ്യയും'  കൊള്ളകൾ നടത്തിയ ശേഷം വിദേശങ്ങളിൽ താമസിക്കുന്നു.

സിറിയയിലും ഇറാനിലും പ്രശ്നങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെ അഭിപ്രായങ്ങൾ ആരും ഗൗരവമായി ഗൗനിച്ചില്ല. 2015-ൽ ഇന്ത്യ നേപ്പാളിനെതിരെ ഉപരോധം ഏർപ്പെടുത്തിയത് നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കാൻ സഹായിച്ചു. ഇറാനും ഇന്ത്യയോട് അകന്ന് പല പദ്ധതികൾക്കായും ചൈനയെ ആശ്രയിക്കുന്നു. മോദിയുടെ ഏറ്റവും വലിയ പരാജയം പാക്കിസ്ഥാൻ നയമാണ്. സർജിക്കൽ സ്ട്രൈക്ക്, കാശ്മീരിലെ നയപരിപാടികളുടെ  പരാജയം എന്നിവകൾ മോദിയുടെ പരാജയമായി കാണിക്കുന്നു. കൂടെ കൂടെയുള്ള അതിർത്തിയിലെ വെടിവെപ്പുകൾ  നമ്മുടെ ചെറുപ്പക്കാരായ നിരവധി പട്ടാളക്കാർ അതിർത്തിയിൽ മരിക്കുന്നതിനു കാരണമാകുന്നു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥകൾ ഏറ്റവുമധികം കുത്തഴിഞ്ഞത് മോദിയുടെ കാലത്താണ്. ചരിത്രത്തിൽ ആദ്യമായി നാലു സുപ്രീം കോടതി ജഡ്ജിമാർ കോടതിയുടെ നടത്തിപ്പിനെപ്പറ്റിയും ക്രമക്കേടുകളെപ്പറ്റിയും വിവരിച്ചുകൊണ്ട് വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നു. അമിത് ഷായെപ്പറ്റി അന്വേഷണം നടത്തിക്കൊണ്ടിരുന്ന 'ജഡ്ജ് ലോയയുടെ' മരണത്തിലും ദുരൂഹതകളുണ്ട്. ജഡ്ജിയുടെ മരണത്തിനെ സംബന്ധിച്ചുള്ള കോടതി തീരുമാനങ്ങളിൽ അതൃപ്തരായ പ്രതിപക്ഷങ്ങൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ 'ഇമ്പിച്ച്' ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യ സുരക്ഷാ സംവിധാനങ്ങളിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെയിടയിൽ വളരെയധികം താഴ്ന്ന നിലവാരം പുലർത്തുന്നു. 195 രാജ്യങ്ങളുടെ സ്ഥിതിവിവരകണക്കുകളനുസരിച്ച് ഇന്ത്യയുടെ സ്ഥാനം ആരോഗ്യ രക്ഷയിൽ നൂറ്റിനാല്പത്തിയഞ്ചാം (145) സ്ഥാനത്താണ്. ആരോഗ്യ പരിപാലനത്തിൽ ഇന്ത്യ നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ബംഗ്ളാദേശ്, ശ്രീ ലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ പിന്നിലാണെന്നുള്ളതും വസ്തുതയാണ്.  മെഡിക്കൽ സൗകര്യങ്ങളും തക്കതായ സമയത്ത് സേവനവും ലഭിക്കാഞ്ഞതുകൊണ്ടും കൃത്രിമ  ഓക്സിജൻ നൽകാഞ്ഞതുകൊണ്ടും 'ബാബ രാഘവ് ദാസ്' ഗോരഖ്‌പൂർ മെഡിക്കൽ കോളേജിൽ 60 കുഞ്ഞുങ്ങൾ മരിച്ചു. ശരിയായ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവമാണ് കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായത്.

രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ കൂടി കടന്നുപോവുമ്പോൾ തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുമ്പോൾ, കൃഷി വിഭവങ്ങൾക്ക് വിലയില്ലാതെ കൃഷിക്കാർ ആത്മഹത്യ ചെയ്യുമ്പോൾ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പറഞ്ഞു പട്ടേലിന്റെ പ്രതിമയ്ക്ക് 3000 കോടി രൂപ മുടക്കി. മുംബയിൽ ശിവാജിയുടെ പ്രതിമയ്ക്ക് 2500 കോടി രൂപയും, അയോധ്യയിലെ രാമൻ സ്റ്റാച്ച്യു വിനു 330 കോടി രൂപയും ചിലവാക്കി. കൂടാതെ പരസ്യത്തിന് തന്നെ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 4343 കോടി രൂപ സർക്കാർ ചിലവാക്കി.

പ്രകൃതിയോട് യാതൊരു സ്നേഹവും ഇല്ലാത്ത ഒരു സർക്കാരാണ് മോദിയുടേത്. പരിസ്ഥിതി പരിപാലിക്കുന്ന 180 രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റി എഴുപത്തിയേഴാമതായി(177) നിലകൊള്ളുന്നു. കേസുകളൊന്നും വരില്ലന്നുള്ള ധൈര്യത്തിൽ പ്രകൃതി വിഭവങ്ങൾ മുഴുവൻ ചൂഷണം ചെയ്യുന്നു. വന്യവിഭവങ്ങൾ കൊള്ളയടിക്കാനും പാറകൾ പൊട്ടിക്കാനും നദിതീരങ്ങളിൽനിന്ന് മണൽ വാരാനും ജലാശയങ്ങൾ മലിനമാക്കാനും ചില രാഷ്ട്രീയ പാർട്ടികളുടെ ഒത്താശകളുമുണ്ട്. ഫാക്റ്ററി പ്രവർത്തനങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം വളരെ ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യുന്നു. യമുനയിലും ഗംഗയിലും മാലിന്യങ്ങളുടെ കൂമ്പാരം നിറഞ്ഞിരിക്കുന്നു.

കഴിഞ്ഞ നാലുവർഷങ്ങളായി മോദി സർക്കാർ  ജനാധിപത്യ മൂല്യങ്ങളെ തീവ്ര ദേശീയതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. മതേതരത്വം ബിജെപിയുടെ ആശയ സംഹിതകളിൽ ഉൾപ്പെട്ടിരുന്നില്ല. ഇന്ത്യയുടെ ആത്മാവിൽ മുളച്ചുയർന്ന സഹിഷ്ണതയ്ക്ക് കളങ്കം വരുത്തിക്കൊണ്ട് പുതിയൊരു ജനം ഹിന്ദുത്വ ചിന്താഗതികളെ സ്വാഗതം ചെയ്തു. പുതിയ തലമുറകളും ആ ഒഴുക്കിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടെനിന്ന് നാം എങ്ങോട്ടു പോവുന്നുവെന്നുള്ളതും വലിയൊരു ചോദ്യ ചിഹ്നമാണ്. കഴിഞ്ഞ നാലുവർഷങ്ങളായി മോദിഭരണം നീങ്ങുന്നത് ആർ എസ് എസ് കാഴ്ച്ചപ്പാടിലൂടെയായിരുന്നു. അവർ വാസ്തവത്തിൽ ജനകീയ രാഷ്ട്രീയത്തിൽ വിശ്വസിച്ചിരുന്നില്ല.  സാമ്പത്തിക പദ്ധതികളിലും ഫാസിസത്തിന്റെ അടിസ്ഥാനങ്ങളിലുമായിരുന്നു വിശ്വസിച്ചിരുന്നത്. 'ഹിന്ദു രാഷ്ട്ര' എന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. അത് ജനാധിപത്യ മൂല്യങ്ങൾക്കും എതിരായി നിലകൊള്ളുന്നു.

ഇന്ത്യൻ ജനാധിപത്യം 'ഹിന്ദുത്വ' രാഷ്ട്രീയ ചിന്താധാരയിൽ തകിടം മറിഞ്ഞ കുത്തനെയുള്ള ഒരു മല പോലെയാണ്. 'ഹിന്ദു രാഷ്ട്രം' എന്ന രാഷ്ട്രീയ സിദ്ധാന്തം രാജ്യത്തെ നൂറ്റാണ്ടുകൾ പിന്തിരിപ്പിക്കുമെന്നുള്ളതാണ് സത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019-ലെ തിരഞ്ഞെടുപ്പുവഴി അധികാരത്തിൽ വന്നാൽ 'റാഫേൽ' പോലുള്ള അഴിമതികൾ വെറും കെട്ടുകഥകളായി മാറും. ഇന്ത്യയുടെ സമ്പദ്ഘടന തന്നെ ഇന്ന് അമ്പാനിമാരുടെ കൈകളിലാണ്. രണ്ടോ മൂന്നോ വ്യക്തികൾ തീരുമാനിച്ചാൽ ഇന്ത്യ സർക്കാരിനെ തന്നെ മുൾമുനയിൽ നിർത്താമെന്നുള്ള സ്ഥിതിവിശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നു കൂടിയിട്ടുണ്ട്.













Tuesday, March 12, 2019

മോദി സർക്കാർ തുടരണമോ, തുടർന്നാൽ എന്ത് സംഭവിക്കും?


ജോസഫ് പടന്നമാക്കൽ

ഇന്ത്യയിൽ 'ജനാധിപത്യം' ഒരു വെല്ലുവിളിയിൽക്കൂടി കടന്നുപോവുന്ന കാലഘട്ടത്തിൽ മോദി സർക്കാർ രാഷ്ട്രീയ പ്രതിയോഗികൾക്ക് അസൂയാവഹമായി നിരവധി നേട്ടങ്ങൾ കൊയ്തിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. അതുപോലെ അത്രമാത്രം രാജ്യത്തിന് അസഹ്യവും ജനങ്ങളെ ദുഃഖത്തിലാഴ്ത്തി കഷ്ടപ്പെടുത്തിയിട്ടുമുണ്ട്. നോട്ടുനിരോധനം അതിലൊരു കാരണമായി പരിഗണിക്കുന്നു. വെറുപ്പിന്റെ ഒരു ലോകം സൃഷ്ടിച്ചതാണ് മോദിയുടെ പരാജയം. ന്യുനപക്ഷ സമുദായത്തിന്റെമേലും ദളിതരുടെ മേലും ആക്രമണങ്ങൾ നാട് മുഴുവൻ വ്യാപിച്ചിരിക്കുന്നു. ആക്രമിക്കുന്നവരെ മന്ത്രിമാർ വരെ മാലയിട്ടു സ്വീകരിക്കുന്നു. അല്ലെങ്കിൽ ദളിതരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ അവരുടെ പൂജാദി കർമ്മങ്ങളിൽ രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും. വാഗ്ദാനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഒരു ഭരണവും ഭരണത്തിലെ നേട്ടങ്ങളും ഈ ലേഖനത്തിൽ ഒരുപോലെ വിശകലനം ചെയ്തിട്ടുണ്ട്. നമുക്ക് ആദ്യം നേട്ടങ്ങളുടെ പട്ടികയിലേക്ക് അവലോകനം നടത്താം.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം നരേന്ദ്രമോദി ലോക നേതാക്കന്മാരെ മുഴുവൻ ക്ഷണിച്ചിരുന്നു. ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെയിടയിൽ അതുമൂലം അഭിമാനപൂർവമായ ഒരു സ്ഥാനവും കൈവരിക്കാൻ സാധിച്ചു. അമേരിക്കയുമായി സാമ്പത്തിക സഹകരണം ഉറപ്പിച്ചതായിരുന്നു മോദിയുടെ ആദ്യത്തെ നേട്ടം. കിഴക്കുള്ള രാജ്യങ്ങളായ ജപ്പാനും വിയറ്റ്നാമും ആസ്ട്രേലിയായും തമ്മിൽ ഇന്ത്യ എക്കാലത്തേക്കാളും സഹകരണത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. സുദൃഢങ്ങളായ ബന്ധങ്ങൾ നിരവധി രാജ്യങ്ങളുമായി സ്ഥാപിച്ചു. ലോക രാഷ്ട്രങ്ങളുടെ നയപരിപാടികളിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. ബംഗ്ളാദേശുമായി ഉറച്ച ഒരു ബന്ധം സ്ഥാപിച്ചു. ചൈനയുമായി സാമ്പത്തിക കരാറുകളിലും ഏർപ്പെട്ടു.

മോദി സർക്കാരിന്റെ ഏറ്റവും വലിയ പരിഷ്‌ക്കാരം ജി.എസ്.റ്റി (ഗുഡ്‌സ് ആൻഡ് സർവീസ് ടാക്സ്)യെന്ന് പറയാം. 2017 ജൂലൈലാണ് ഈ പരിഷ്‌ക്കാരം നടപ്പാക്കിയത്. ഇന്ത്യ മുഴുവനായുള്ള മാർക്കറ്റിന്റെ ഒരു ഏകീകൃത ടാക്സ് നിയമത്തെ ജി.എസ്.റ്റി എന്നു പറയുന്നു. ഒരു ഉൽപ്പന്നത്തിന് ചുമത്തിയിരുന്ന നികുതികൾ, കയറ്റുമതി ഇറക്കുമതികളുടെ സ്റ്റേറ്റ്-ലോക്കൽ ഭരണകൂടങ്ങളുടെ അധിക നികുതികൾ മുതലായവകൾ ഏകോപിച്ച് ടാക്സിനെ കേന്ദ്രീകൃതമാക്കിയെന്നുള്ളതാണ് ജി.എസ്.റ്റിയുടെ പ്രത്യേകത. മുൻപ്രധാന മന്ത്രി വാജ്‌പേയുടെ കാലം മുതൽ ജി.എസ്.റ്റി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. യുപിഎ സർക്കാരും ജി.എസ്.റ്റി നടപ്പാക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയാണുണ്ടായത്. അടുത്ത ചില വർഷങ്ങളിൽ ഇന്ത്യ 7% വരെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ജി.എസ്.റ്റി യ്ക്ക് അതിൽ സുപ്രധാനമായ ഒരു പങ്ക് വഹിക്കാനും സാധിക്കുന്നു.

മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയുടെ 'ബി.എസ്.ഇ സെൻസെക്സ്' സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് നാൽപ്പത് ശതമാനം വർദ്ധിച്ചു. 2014 മെയ് 26 -ൽ സൂചിക (Index) 24716 എന്നത് 2018-മെയ് 23-ൽ 34344 സൂചികയായി വർദ്ധിച്ചു. ഈ വർഷം ജനുവരി 29 വരെ സൂചിക 36443 ആയിരുന്നു. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് രൂപാവില പതിനാറു ശതമാനം കുറഞ്ഞു. അമേരിക്കൻ ഡോളറുമായി രൂപായുടെ മാർജിൻ 70 രൂപയാവുകയും ചെയ്തു. കറൻസി വില കുറഞ്ഞാൽ സാമ്പത്തിക തിരിച്ചുവരവ് സുഗമമാകുമെന്നും കണക്കു കൂട്ടുന്നു. 2018 മെയ് വരെ രൂപ വില ഡോളറുമായി 59 രൂപയായിരുന്നു. പെട്രോളിയം, ഓയിൽ ഉൽപ്പന്നങ്ങൾ നാം ഇറക്കുമതി ചെയ്യുമ്പോൾ ഒരു ഡോളറിന് കൂടുതൽ രൂപ കൊടുക്കേണ്ടി വരും. അതുമൂലം വിലവർദ്ധനവു ഉണ്ടാവുമെന്നുള്ളതും രൂപ ഇടിവിന്റെ പോരായ്മായുമാകാം. .

പ്രധാനമന്ത്രിയായ ശേഷം ഒരു നിശ്ചിത കാലയളവിനുള്ളിൽ സാമൂഹിക പരിവർത്തനങ്ങൾക്കായുള്ള ക്ഷേമ പരിപാടികളും മോദി സർക്കാർ ആവിഷ്‌ക്കരിച്ചിരുന്നു. അദ്ദേഹനത്തിന്റെ ക്ഷേമ പദ്ധതികളടങ്ങിയ 'ജന താൻ യോജന' (PMJDY)വളരെയധികം വിജയകരമായിരുന്നുവെന്നാണ് പഠന റിപ്പോർട്ടുകളിൽനിന്നും മനസിലാക്കുന്നത്. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോദിയുടെ ഈ പദ്ധതി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്ഷേമ മുന്നേറ്റമായി കരുതപ്പെടുന്നു.  അധഃകൃതകർക്കും സാമ്പത്തികമായി ദാരിദ്യ്രരേഖക്കും താഴെയുള്ളവർക്കുമായുള്ള ബാങ്കുകളിൽക്കൂടിയുള്ള ഒരു സേവിങ്ങ് പദ്ധതിയാണ് ഇത്. ഈ സേവിങ്ങ് പരിപാടി 32 കോടി ജനത്തിന് പ്രയോജനപ്പെട്ടിട്ടുണ്ട്. ബാങ്കുകളിൽ 82000 കോടി രൂപ അതുമൂലം ഡിപ്പോസിറ്റുകൾ ലഭിച്ചു. 24 കോടി രൂപ ഡെബിറ്റ് കാർഡുകൾ ക്രയവിക്രയങ്ങൾ ചെയ്യുന്നതിന് സാധാരണക്കാരുനും സാധിക്കുന്നു. സാധാരണക്കാരും പാവങ്ങളും ബാങ്കുകളിൽ സേവിങ്ങ് അക്കൗണ്ട് തുടങ്ങിയത് കൊണ്ട് അവരിൽ നിന്നും കിട്ടിയ ഡിപ്പോസിറ്റ് 81203.59 കോടി രൂപയായിരുന്നു. ഡെബിറ്റ് കാർഡിൽ 23.80 കോടി രൂപ ലഭിച്ചു. അതുമൂലം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും രാജ്യത്തെവിടെയും ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നു. ഇന്ത്യയുടെ വിജയകരമായ ഈ ബാങ്കിങ്ങ്  പ്രവർത്തനങ്ങൾ മറ്റുള്ള രാജ്യങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നു. പതിനെട്ടിനും അറുപത്തിയഞ്ചിനും വയസിനിടയിലുള്ളവർക്കാണ് ഈ ബാങ്കിങ്ങ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, കടം മേടിക്കൽ, ഇൻഷുറൻസ്, പെൻഷൻ എന്നീ ബാങ്കിങ്ങ് സേവനങ്ങൾ സാധാരണക്കാർക്കും ഗുണപ്രദമായിത്തീരുന്നു. ബാങ്കിങ്ങ് മേഖലയിലെ സുപ്രധാനമായ ഈ ഭരണ പരിഷ്‌കാര സാമ്പത്തിക പദ്ധതി 2014 ആഗസ്റ്റ് പതിനഞ്ചാം തിയതി തുടക്കമിട്ടു. തുടക്കത്തിലേ ദിവസത്തിൽ തന്നെ പതിനഞ്ച് മില്യൺ ബാങ്ക് അക്കൗണ്ടുകൾ സാധാരണക്കാരിൽ നിന്നും ലഭിച്ചു. ഗിന്നസ്സ് ബുക്കിൽ അത് റിക്കോർഡാവുകയും ചെയ്തു.

'ആധാർ കാർഡ്' ഇന്ത്യൻ പൗരന്മാർക്ക് കൊടുക്കുന്ന പന്ത്രണ്ട് ഡിജിറ്റിൽ അക്കമുള്ള തിരിച്ചറിവ് കാർഡാണ്. ഒരാളിന്റെ താമസ സ്ഥലം, വയസ്, പേരുവിവരങ്ങൾ എന്നിവകൾ കാർഡിൽ രേഖപ്പെടുത്തിയിരിക്കും.  ഇന്ത്യൻ പൗരനെന്ന തെളിവുകളും നൽകുന്നു. ലോകത്തിലെ ഏറ്റവും വിപുലമായ തിരിച്ചറിയൽ കാർഡാണ് ഇത്. യുപിഎ സർക്കാരാണ് ഇതിന് തുടക്കമിട്ടത്. മോദി സർക്കാർ അതിന്റെ പ്രായോഗിക വശങ്ങൾ മനസിലാക്കി കൂടുതൽ ശാസ്ത്രീയമായ രീതിയിൽ രാഷ്ട്രം മുഴുവൻ എത്തിച്ചു. 2017 നവംബർ വരെ ഒന്നേകാൽ ബില്യൺ ആധാർ കാർഡുകൾ ഇന്ത്യയിലെ പൗരന്മാർക്ക് നൽകിയിരുന്നു. 99 ശതമാനം ജനങ്ങളിലും ആധാർ കാർഡുകൾ എത്തിക്കാൻ സാധിച്ചു.

നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം (NHPS) ആരോഗ്യ പദ്ധതികൾ 2018-ൽ ആരംഭിച്ചു. ഗുരുതരമായ അസുഖങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ഈ സ്ക്കീം അനുസരിച്ച് നൽകുന്നു. ഇതിനായി പതിനായിരം കോടി രൂപ ബഡ്ജറ്റിൽ നീക്കി വെക്കുകയും ചെയ്തു. സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഏകദേശം പത്തു കോടി കുടുംബങ്ങൾ, അല്ലെങ്കിൽ അമ്പത് കോടി ജനങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ട്. കൂടാതെ സാധുക്കളായ ജനങ്ങൾക്ക് ആധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. ആരോഗ്യമേഖലയിലുള്ള ഈ വിപ്ലവ മാറ്റങ്ങൾ രാജ്യത്തിന്റെ ആന്തരിക ഘടനയ്ക്ക് തന്നെ ചരിത്ര സാക്ഷ്യങ്ങളായി മാറി.

സർക്കാരിന്റെ നിയന്ത്രണത്തിൽ ടോയ്‌ലെറ്റ് നിർമ്മാണം നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇന്ത്യ ആയിരിക്കും. 2018 ഏപ്രിൽ വരെ സ്വച്ഛ ഭാരത പദ്ധതി പ്രകാരം 46,36,128 ടോയ്‍ലെറ്റുകൾ ഉണ്ടാക്കിയതായി കണക്കാക്കപ്പെട്ടിരിക്കുന്നു. കൂടാതെ രാജ്യമൊന്നാകെ മുപ്പതു ലക്ഷത്തിൽപ്പരം കമ്മ്യുണിറ്റി ടോയ്‌ലെറ്റുകളും നിർമ്മിച്ചിട്ടുണ്ട്.

പുൽവാമയിൽ ഇന്ത്യൻ പാരാ മിലിട്ടറിയിലെ 40 ജവാന്മാർ പാക്കിസ്ഥാൻ തീവ്ര വാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തന്മൂലം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധത്തിന്റെ അന്തരീക്ഷം വരെ സൃഷ്ടിച്ചിരുന്നു. അതിനു പ്രതികാരമെന്നോണം ഇന്ത്യൻ വൈമാനികർ പന്ത്രണ്ടു ജെറ്റ് വിമാനങ്ങളുമായി പാകിസ്ഥാന്റെ മൂന്നു പ്രദേശങ്ങളിൽ ബോംബുകൾ വർഷിച്ചു. എന്നാൽ ഇന്ത്യൻ സൈനികർ പാക്കിസ്ഥാനിൽ ഇട്ട ബോംബ് വ്യാജ വാർത്തകളെന്ന് ഇന്ത്യയിലെ മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. വരാൻ പോവുന്ന തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടങ്ങളുമാണ് പലരും ലക്ഷ്യമിടുന്നത്.

ആയിരം കിലോ ബോംബുകൾ വർഷിച്ചുവെന്നാണ് വാർത്തകളിൽ നിന്നും മനസിലാക്കുന്നത്. 300 തീവ്ര വാദികൾ ഇന്ത്യയുടെ ബോംബിങ്ങിൽ കൊല്ലപ്പെട്ടുവെന്നു അനുമാനിക്കുന്നു. തീവ്ര വാദികളുടെ ഈ മരണത്തെപ്പറ്റി പാക്കിസ്ഥാൻ നിഷേധിക്കുന്നുമില്ല. അവർ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നുള്ള വിവരങ്ങളും പാക്കിസ്ഥാൻ പുറത്തു വിട്ടിട്ടില്ല. ഇന്ത്യൻ എയർ ഫോഴ്സിന്റെ ചീഫ് പറഞ്ഞത് തങ്ങളെ ഏൽപ്പിച്ച ജോലി കൃത്യമായ ടാർജെറ്റിൽ കൊണ്ടുപോയി ഇട്ടിരുന്നുവെന്നാണ്. എത്ര പേർ മരിച്ചുവെന്നതും ശവം എണ്ണുന്ന ജോലിയും തങ്ങൾക്കില്ലെന്നും പ്രസ്താവിച്ചു. സിഎൻഎൻ റിപ്പോർട്ടനുസരിച്ച് രാത്രിയിൽ ആ സ്ഥലങ്ങൾ മുഴുവൻ സീൽ ചെയ്തുവെന്നായിരുന്നു. രാത്രിയിൽ തന്നെ പാക്കിസ്ഥാൻ പട്ടാളം അവിടം മരിച്ച ശവങ്ങൾ മുഴുവൻ നീക്കം ചെയ്തിരുന്നു. നിരവധി ആമ്പുലൻസുകൾ വന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്. ചൈന പോലും ഇത്തവണത്തെ ഓപ്പറേഷൻ എതിർത്തിട്ടില്ല. അതെല്ലാം ഇന്ത്യയുടെ തന്ത്രപ്രധാനമായ ഈ പ്രദേശങ്ങളിലെ നയതന്ത്ര വിജയമായി കണക്കാക്കുന്നു. നമ്മുടെ സാറ്റലൈറ്റുകൾ മുന്നൂറിലധികം മൊബൈൽ ഫോണുകൾ തീവ്രവാദി ക്യാമ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ 'ഓൺ' ആയിരുന്നുവെന്നുള്ളതെല്ലാം സത്യസന്ധമായ വിവരങ്ങളാണ്.

ബോംബിന്റെ നിജസ്ഥിതിയെ കൃത്യമായി വിലയിരുത്തിക്കൊണ്ടും രാഷ്ട്രം നേടിയ നേട്ടങ്ങളും ഇന്ത്യൻ പട്ടാളക്കാരുടെ ടെക്കനിക്കൽ വൈഭവങ്ങളും എയർ ഫോഴ്സിലെ ഒരു മുൻ ഓഫീസർ തന്റെ യൂട്യൂബിലെ പ്രഭാഷണത്തിൽക്കൂടി പറഞ്ഞത് ചുരുക്കമായി താഴെ വിവരിക്കുന്നു.

'നാം ഇന്ന് ഒരു ഇലക്ട്രോണിക്ക് യുഗത്തിലാണ് ജീവിക്കുന്നതെന്നുള്ള വസ്തുതയും മനസിലാക്കണം. ഇലക്ട്രോണിക്ക് സംവിധാനങ്ങളിൽ വളരെയേറെ മുമ്പിട്ടു നിൽക്കുന്ന നമ്മുടെ പട്ടാളത്തിന്, പ്രത്യേക ഒരു ഭൂവിഭാഗങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങളറിയുവാൻ പ്രയാസമുള്ള കാര്യമല്ല. ടെക്കനോളജിക്കൽ സംവിധാനങ്ങളിൽ വളരെയേറെ പുരോഗതി പ്രാപിച്ച ഇന്ത്യ ഇന്ന് ശത്രു സൈന്യങ്ങളുടെ നേരെ ബോംബുകൾ വർഷിക്കുന്നത്, ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ്. ഉപഗ്രഹങ്ങളിൽക്കൂടി (സാറ്റലൈറ്റുകൾ) ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചുള്ള ആക്രമണങ്ങൾ അതീവ മിലിട്ടറി രഹസ്യങ്ങളായി സൂക്ഷിക്കണമെന്നുമുണ്ട്. ഇന്ന് വിസ്തൃതമായി കിടക്കുന്ന പാക്കിസ്ഥാൻറെ 87 ശതമാനം ഭൂവിഭാഗങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ കൃത്യമായി നമ്മുടെ പട്ടാളത്തിന് നൽകുന്നുണ്ട്. ഇന്ത്യയുടെ 'റോ' ചാര സംഘടന ലോകത്തിലെ ഏറ്റവും മെച്ചമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ലേസർ ഗൈഡൻസ് ബോംബുകളാണ് ഇത്തവണ നാം ഉപയോഗിച്ചത്. ഈ ബോംബുകൾ കാർഗിൽ യുദ്ധത്തിൽ ഉപയോഗിച്ചതിനെക്കാളും പതിന്മടങ്ങ് ശക്തിയുള്ളതും ആധുനിക ടെക്കനോളജിക്കൽ സംവിധാനങ്ങൾ ഉള്ളതുമാണ്. കൃത്യമായി എവിടെ വേണമെങ്കിലും മാപ്പ് നോക്കി ബോംബിടാൻ കഴിവുള്ള ടെക്കനോളജിയാണിത്. ആയിരം കിലോ ബോംബ് ഒരു വിമാനം തനിച്ചല്ലയിടുന്നത്. അതിനെ പന്ത്രണ്ടായി വിഭജിച്ചു ഓരോ വിമാനത്തിലും 85 കിലോ ബോംബ് വീതമാണ് ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയ്ക്കുന്നത്. പന്ത്രണ്ടു വിമാനങ്ങളിലായി ഇരുപത്തിനാല് ബോംബുകൾ ഇട്ടിരിക്കുന്നത് പാക്കിസ്ഥാന്റെ മൂന്നു പ്രദേശങ്ങളിലാണ്. ഒരു സ്ഥലത്ത് എട്ടു ബോംബുകൾ വീതം ഇട്ടു കാണും. കൂടുതൽ സുരക്ഷിതത്വത്തിനായി ചുറ്റുപാടുകളും ബോംബിടും. അങ്ങനെയാണ് നശിക്കപ്പെട്ട പൈൻ മരങ്ങൾ ഉപഗ്രഹങ്ങളിൽ ദൃശ്യമായത്. പൊട്ടാൻ പോവുന്ന ഈ ബോംബിനകത്ത് ഒരു മിനി കമ്പ്യൂട്ടർ കാണും. കംപ്യുട്ടറിനുള്ളിൽ ജിപിഎസും ഇമേജ് നാവിഗേഷനുമുണ്ട്. കൃത്യമായി ബോംബിടുന്ന സ്ഥലങ്ങളെല്ലാം ബോംബിനകത്തുള്ള കമ്പ്യുട്ടറിൽ ഫീഡ് ചെയ്തിരിക്കും. മാപ്പ് (Map) ഉപയോഗിച്ച് സ്വയം ഈ ബോംബ് പൊയ്ക്കൊണ്ടിരിക്കും. അതിനെ നിയന്ത്രിക്കാൻ വിമാനത്തിലും ഒരു കമ്പ്യൂട്ടർ കാണും. ഈ ബോംബ് ഒരു കെട്ടിടം തുളച്ച് ഉള്ളിൽ ചെന്ന ശേഷമാണ് പൊട്ടുന്നത്. അതേ സമയം കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയുമില്ല. മനുഷ്യരെ മാത്രമേ ഈ ബോംബ് നശിപ്പിക്കുകയുള്ളൂ. പണ്ടത്തെ ബോംബുകൾ ഇട്ടാൽ ഭൂമി കുലുങ്ങും പോലെ ഒന്നും കാണില്ലായിരുന്നു'.

മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളോടൊപ്പം ഗുണദോഷ വിവേചനങ്ങളും താഴെ അക്കമിട്ടു വിവരിക്കുന്നു.

1.യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വൈമാനിക സേന യുദ്ധവിമാനങ്ങൾ പുതുക്കുവാനായി 200 പുതിയ ജെറ്റ് വിമാനങ്ങൾ വാങ്ങാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ അപേക്ഷ പരിഗണിക്കുകയും അന്നത്തെ യുപിഎ സർക്കാർ വിമാനങ്ങൾ വാങ്ങുന്നതിനായി ആഗോള ടെൻഡറുകൾ ക്ഷണിക്കുകയും ചെയ്തു. വിമാനം വാങ്ങാനുള്ള നിരവധി ടെൻഡറുകൾ പരിശോധിക്കുകയും ചെയ്തു. ആഗോള കമ്പനികളായ റാഫേൽ കമ്പനിയും ടൈഫോൺ കമ്പനിയും വിമാനങ്ങൾ കുറഞ്ഞ വിലക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ 'റാഫേൽ' നിന്നും 126 വിമാനങ്ങൾ സർക്കാർ വാങ്ങിക്കാനുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തു. 126 വിമാനങ്ങളിൽ അടിയന്തിരമായി പതിനെട്ടെണ്ണം ഇന്ത്യൻ പട്ടാളത്തിന്റെ ഉപയോഗത്തിനായി എത്തിക്കാനും തീരുമാനിച്ചു. ബാക്കി 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്ക് കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കാനുമായിരുന്നു തീരുമാനം. അതുവഴി രാജ്യത്തിന്റെ ആസ്തി വർധിപ്പിക്കാനും തൊഴിലുകൾ സൃഷ്ടിക്കാനുമായിരുന്നു പദ്ധതി ഇട്ടിരുന്നത്. കരാറനുസരിച്ച് വിമാന നിർമ്മതിയുടെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറണമെന്നുമുണ്ടായിരുന്നു. അതുമൂലം ഭാവിയിൽ അത്തരം വിമാനങ്ങൾ ഇന്ത്യയ്ക്ക് സ്വന്തമായി നിർമ്മിക്കാനും സാധിക്കുമായിരുന്നു. ഒരു വിമാനത്തിന്  526 കോടി രൂപ മതിപ്പുവിലയും നിശ്ചയിച്ചു. നരേന്ദ്ര മോദി അധികാരത്തിൽ വരുകയും അന്നുണ്ടാക്കിയ 'കരാർ' സർക്കാർ റദ്ദു ചെയ്യുകയുമുണ്ടായി. 2015 ജൂലൈയിൽ മോദി പാരീസിൽ എത്തി. പുതിയ ഒരു ഉടമ്പടി ഒപ്പുവെക്കുകയും വിമാനത്തിന്റെ എണ്ണം 126-ൽ നിന്ന് 36 ആയി വെട്ടിച്ചുരുക്കുകയും ചെയ്തു. ഓരോ വിമാനത്തിനും 41 ശതമാനം വർദ്ധിച്ച വിലക്കാണ് വാങ്ങിയത്. ആ കരാറിൽ റിലയൻസ് കടന്നുകൂടി. മന്ത്രി സഭയുടെ അനുവാദം പോലുമില്ലാതെ വിമാന നിർമ്മതിക്ക് പരിചയമില്ലാത്ത ഈ കമ്പനിയുമായി ഉടമ്പടിയിൽ ഒപ്പുവെച്ചു. അങ്ങനെ 36 വിമാനങ്ങൾ ഇന്ന് അഴിമതിയിൽ മുങ്ങിയിരിക്കുന്നു. ഇതുകൂടാതെ റിലയൻസിന് നിരവധി കരാറുകൾ മറ്റു വിവിധ രാജ്യങ്ങളിൽനിന്നും സർക്കാർ മേടിച്ചു കൊടുത്തിട്ടുണ്ട്. മോദി സർക്കാർ ജനങ്ങളുടെ നികുതി ഉപയോഗിച്ച് തങ്ങളുടെ ഇഷ്ടക്കാരായ കോർപ്പറേറ്റ് മുതലാളിമാരെ വളർത്തുന്നുവെന്നുള്ള ആരോപണങ്ങളുമുണ്ട്. നിയമാനുസൃതമല്ലാതെ രഹസ്യമായിട്ടായിരുന്നു കരാർ ഉടമ്പടികൾ നടത്തിയത്. ചോദ്യങ്ങൾ വന്നപ്പോൾ സർക്കാർ പ്രതിപക്ഷത്തിനെതിരെ ആക്രമണം തുടങ്ങി. പ്രതിപക്ഷങ്ങൾ അത് രാഷ്ട്രീയ മുതലെടുപ്പിനായി പ്രചരിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

2.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രതന്ത്രജ്ഞപരമായ പ്രസംഗങ്ങളിൽപ്പോലും സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റി വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ സാധാരണ പറയാറുള്ളൂ. കൂടുതലും അദ്ദേഹത്തെപ്പറ്റിയും സ്വയം പുകഴ്ത്തലും പൊങ്ങച്ച പരസ്യങ്ങളുമാണ് പ്രസംഗങ്ങളിൽ മുഴുകി കേൾക്കാറുള്ളത്. ഏകദേശം 4880 കോടി രൂപ സ്വയം നേട്ടങ്ങളുടെ പരസ്യത്തിനായി നികുതി കൊടുക്കുന്നവരുടെ പണം ഉപയോഗിച്ച് ചെലവാക്കി കഴിഞ്ഞു.

3.നോട്ടു നിരോധനമാണ് ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഞെട്ടിപ്പിച്ച ഒരു വസ്തുത. ഭീകര ഫണ്ടുകൾ അവസാനിപ്പിക്കുക, കള്ളപ്പണ പ്രവാഹം ഇല്ലാതാക്കുക, കള്ളനോട്ടുകൾ കണ്ടെടുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളായിരുന്നു നോട്ടു നിരോധനത്തിന്റെ പിമ്പിലുണ്ടായിരുന്നത്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങളിൽ നോട്ടു നിരോധനം കൊണ്ട് ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിച്ചില്ലെന്നുള്ളതാണ്‌.

4. കൃഷിക്കാരോടു നീതി പുലർത്തിയില്ലെന്നുള്ളത്! മോദി ഭരണകൂടത്തിന്റെ മറ്റൊരു പരാജയമായിരുന്നു. തന്മൂലം കൃഷിക്കാരുടെ ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുന്നു. ഗോതമ്പ് പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാരണം ധാന്യ വിളകളുടെ വില കുത്തനെ കുറഞ്ഞു. കടം കേറിയ കൃഷിഭൂമികൾ 2013-ലെ നിയമപ്രകാരം സർക്കാർ കണ്ടെത്തി. അങ്ങനെ കാർഷിക രാജ്യമായ ഇന്ത്യൻ കർഷകന്റെ ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്തു. മോദി സർക്കാരിന്റെ ശ്രദ്ധക്കായി കൃഷിക്കാർ സർവവിധ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ വർഷം തന്നെ അവരുടെ സംഘിടിതമായ നീണ്ട മാർച്ചുകളുമുണ്ടായിരുന്നു. സർക്കാരിന്റെ ശ്രദ്ധക്കായി കൃഷിക്കാർ ജീവിക്കാൻ വകയില്ലാതെ ആത്മഹത്യകളും നടത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ അവർക്ക് ആശ്വാസ വാക്കുകൾ നൽകാനോ ഒരു ബിജെപി നേതാക്കളുമുണ്ടായിരുന്നില്ല.

5.ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായി പത്രമാദ്ധ്യമങ്ങളുടെ 'വാ' (Mouth)  മൂടികെട്ടിയിരിക്കുകയാണ്. അടിമത്വം പോലെ ഇന്ത്യയിലെ മൊത്തം വാർത്താ മീഡിയാകളെ നിയന്ത്രിച്ചിരിക്കുന്നുവെന്നു വേണം കരുതാൻ. അല്ലെങ്കിൽ അനുകൂല വാർത്തകൾ പുറപ്പെടുവിക്കാൻ മാദ്ധ്യമങ്ങളെ വിലയ്ക്ക് മേടിച്ചിട്ടുണ്ടായിരിക്കണം. ബിജെപി പ്രസിഡണ്ടിന്റെയോ  പ്രധാനമന്ത്രിയുടെയോ വിമർശനങ്ങൾ ഉൾക്കൊള്ളുവാൻ പാർട്ടിക്ക് സാധിക്കുന്നില്ല. ഏതെങ്കിലും ചാനലുകാർ, അല്ലെങ്കിൽ മറ്റു വാർത്താമാദ്ധ്യമങ്ങൾ സർക്കാരിനെ വിമർശിച്ചാൽ അവരുടെ ചാനലുകൾ, പത്രമോഫീസുകൾ റെയിഡ് ചെയ്യുന്നതും പതിവാക്കിയിരിക്കുന്നു. എതിർക്കുന്ന ജേർണലിസ്റ്റുകൾക്ക് എല്ലാവിധ പീഡനങ്ങൾ കൊടുക്കുകയും ചെയ്യും. അവർ പിന്നീട് സർക്കാരിന്റെ നോട്ടപ്പുള്ളികളാവുകയും ചെയ്യും.

6. സർക്കാരിനും പ്രധാനമന്ത്രിക്കും പാർലൻമെൻറ് ഇന്ന് വളരെ അസൗകര്യങ്ങളായി അനുഭവപ്പെടുന്നു. പാർലമെന്റിന്റെ പരിധിയിൽ നിന്നും വിട്ട് അധികാരച്ചുവയിൽ ആജ്ഞകൾ പുറപ്പെടുവിക്കാനാണ് മന്ത്രിസഭ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി പാർലമെൻറിൽ വളരെ ചുരുക്കമായി മാത്രമേ വരാറുള്ളൂ. നിയമ സംവിധാന പ്രസംഗങ്ങളെക്കാൾ കൂടുതൽ ജനങ്ങളുടെ വോട്ടുകൾ നേടാനുള്ള പ്രസംഗങ്ങൾ നടത്താനാണ്, പ്രധാനമന്ത്രിക്ക് ഇഷ്ടം. പാർലമെന്റിൽ ചോദ്യോത്തര വേളകളിൽ ഇദ്ദേഹം സംബന്ധിക്കാറില്ല.

7.പ്രധാനമന്ത്രിയെ പിന്താങ്ങുന്നവരിൽ പൊതുവായ ഒരു സ്വഭാവം കാണുന്നു. അവർ വർഗീയ വാദികളും മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കാൻ തല്പരരുമായിരിക്കും. അത്തരം ഹീനമായ പ്രവർത്തികളെ ഔദ്യോഗികമായും അംഗീകരിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

8.സർക്കാരിന്റെ നയം മൂലം കാഷ്മീരിനെ മറ്റുള്ള സംസ്ഥാനങ്ങളിൽനിന്നും ഒറ്റപ്പെടുത്തുന്നതിന്  കാരണമായി. കാഷ്മീർ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലകൾ പാടെ തകർത്തു. മൂന്നു വർഷം കൊണ്ട് 72 ശതമാനം പട്ടാളക്കാരിൽ അധികം കാഷ്‌മീരിൽ വികസിപ്പിച്ചു. നൂറു കണക്കിനാളുകളും പട്ടാളക്കാരും കാഷ്മീർ താഴ്വരകളിൽ കൊല്ലപ്പെട്ടു. 1996-നു ശേഷം ഉപതെരഞ്ഞെടുപ്പുകൾ സമാധാനപരമായി കാഷ്മീർ താഴ്വരകളിൽ നടത്താൻ സാധിച്ചിട്ടില്ല. എട്ടുമാസം നീണ്ട കർഫ്യു കാഷ്മീരിന്റെ സാമ്പത്തികത്തെ തകർത്തു.

9.ആധാര്‍ക്കേസിൽ‍ സുപ്രീം കോടതി വിധി ആധാർ കാർഡുകൾ ഭരണഘടനാനുസൃതമെന്ന് വിധിച്ചെങ്കിലും നിരവധി ഭേദഗതികളും വിധിയിലുൾക്കൊള്ളിച്ചിട്ടുണ്ട്. സർക്കാരിന്റെ സൃഷ്ടിയായ ആധാർ കാർഡിൽ ചില വകുപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂൾ, കോളേജ് അഡ്മിഷന് ആധാർ കാർഡുകൾ നിർബന്ധമാക്കാൻ പാടില്ല. മൊബൈലുമായി ആധാറിനെ ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാന്നെന്നും വിധിച്ചു. ബാങ്ക് അക്കൗണ്ടുകളുമായി ആധാറിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും വിധിയിലുണ്ടായിരുന്നു. ആധാറില്ലാത്തവരുടെ അവകാശങ്ങൾ ഒരു പൗരനെന്ന നിലയിൽ നിഷേധിക്കാനും പാടില്ല. സ്വകാര്യ കമ്പനികൾക്ക് ആധാർ ആവശ്യപ്പെടാൻ അനുവദനീയമല്ല. ഒരു ബില്യൺ ജനങ്ങളിലധികം ആധാർ കാർഡ് എടുത്ത സ്ഥിതിക്ക്, ഈ കാർഡ് സുരഷിതമായിരിക്കണമെന്നും കോടതി നിഷ്‌ക്കർഷിച്ചു. ആധാർ സംബന്ധിച്ച് വ്യക്തികൾക്ക് പരാതി നൽകാൻ പാടില്ലാന്നുള്ള സെക്ഷൻ 47 റദ്ദാക്കുകയും ചെയ്തു.

10.നേപ്പാൾ, ശ്രീ ലങ്ക, കൂടാതെ ഇന്ത്യയുടെ അയൽപക്കത്തുള്ള ചെറിയ ദ്വീപായ മാൽ ദീവ് എന്നീ രാജ്യങ്ങൾ ഇന്ന് ചൈനയോടാണ് കൂടുതൽ സഹകരണത്തിലേർപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്കു  മുമ്പ് ഈ രാജ്യങ്ങൾ എന്നും ഇന്ത്യയോടൊപ്പവും ഇന്ത്യയുടെ നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ആ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽപ്പോലും ഇന്ത്യയുടെ സ്വാധീനമുണ്ടായിരുന്നു. ഇന്ന് ഇന്ത്യയുടെ വിദേശനയം പരാജയമായിരുന്നതുകൊണ്ട് മുമ്പുള്ള യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സ്വാധീനങ്ങളെല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു. എങ്കിലും പ്രധാനമന്ത്രി സ്വന്തം വ്യക്തിത്വം മാത്രം ഉയർത്താനായി വിദേശ പര്യടനം നടത്തിക്കൊണ്ടുമിരുന്നു.

11.ദേശീയ ജിഡിപി യുടെ സൂചിക ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും സർക്കാർ പുതിയതായി ജോലിയവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു.

2019 തിരഞ്ഞെടുപ്പ് വർഷമാണ്. അടുത്ത ഭരണവും മോദിക്കെന്നത് തീരുമാനിക്കേണ്ടതും വോട്ടു ചെയ്യേണ്ട ജനങ്ങളാണ്. സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത് മോദി സർക്കാർ തുടർന്നും ഇന്ത്യയെ നയിക്കുമെന്നുള്ളതാണ്.നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താനുള്ള പാകത ഇന്ത്യൻ ജനത കൈവരിച്ചുവോ എന്നുള്ളത് തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ അറിയുവാൻ സാധിക്കുള്ളൂ. തൊണ്ണൂറുകളിൽ അതിർത്തി കടന്നെത്തിയ ഭീകരരാണു നാശം വിതച്ചതെങ്കിൽ ഇന്ന് കാശ്മീർ താഴ്‍വരയിൽ നിന്ന് ചേരുന്ന യുവ ജനങ്ങളാണ് ഭീകരതയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

കാശ്മീരിലെ ഭീകരാന്തരീക്ഷത്തിനും ഒളിപ്പോരുകാരെ അമർച്ച ചെയ്യുന്നതിനും മാറി വരുന്ന സർക്കാരിന് കഴിയുമോയെന്നുള്ളതും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. നമുക്കു വേണ്ടത് തോക്കും വെടിയുണ്ടകളുമല്ല, സ്ഥായിയായ സമാധാനം ഇനി ഈ ഉപഭൂഖണ്ഡത്തിനാവശ്യമാണ്. കോൺക്രീറ്റും മെറ്റലും മാർക്കറ്റിൽ സുലഭമായതോടെ ചാണകം കൊണ്ട് മെഴുകിയ വീടുകൾ ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ശുചിത്വ ബോധവും ദളിതരുടെ സാംസ്ക്കാരിക വളർച്ചയും  നാടിനാവശ്യമാണ്. മത ഭീകരത ഈ മണ്ണിൽ നിന്ന് തുടച്ചു നീക്കണം. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒരേ ഇന്ത്യയെന്ന ബോധം മനുഷ്യനിൽ സൃഷ്ടിക്കണം. ഏതോ കാലത്തെ വേട്ടയാടിയ പുതിയ സംസ്‌കാരമായ 'ഘർ വാപസി' എന്തിന് ദളിതരുടെമേലും മുസ്ലിമിന്റെ മേലും ക്രിസ്ത്യാനിയുടെ മേലും അടിച്ചേല്പിക്കണം? ഹിന്ദു ഉണരേണ്ട ആവശ്യമില്ല. ഓരോ ഭാരതീയനും ആ സംസ്ക്കാരത്തിൽ അഭിമാനിയാണ്. അതിനായി ഹിന്ദുത്വ വാദികൾ വിഭാവന ചെയ്യുന്നപോലെ പുതിയൊരു ഹിന്ദുമതവും ആവശ്യമില്ല.






Sunday, March 3, 2019

മാർ ജോസഫ് പാംപ്ലാനിയും ചർച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും






ജോസഫ് പടന്നമാക്കൽ

നിലവിലുള്ള സഭാ സ്വത്തുക്കളിൽ ഏകീകൃത ഭരണസംവിധാനത്തെ മാറ്റി കൂടുതൽ ജനാധിപത്യം നടപ്പാക്കുകയെന്നതാണ് ചർച്ച് ആക്റ്റിന്റെ ലക്ഷ്യം. പള്ളികളുടെ സ്ഥാവര ജംഗമ സ്വത്തുക്കളും അതിന്റെ നിയന്ത്രണങ്ങളും രൂപത ബിഷപ്പിന്റെ അധികാരത്തിൽപ്പെടുന്നു. ചർച്ച് ആക്റ്റിനെപ്പറ്റി കേരള മെത്രാൻ സമിതി (കെസിബിസി) വഴിയും മെത്രാന്മാരുടെ ഇടയലേഖനങ്ങൾ  വഴിയും ബിഷപ്പ് പാംപ്ലാനിയുടെ ലേഖനങ്ങൾ വഴിയും നിരവധി വസ്തുതാപരമല്ലാത്ത കാര്യങ്ങൾ അറിയാനിടയായി. ബില്ലിനെ വളച്ചൊടിച്ചുകൊണ്ടുള്ള മെത്രാന്മാരുടെ ഭാവനകൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. പുരോഹിതർ പറയുന്ന വസ്തുതകൾക്കും ഇടയലേഖനങ്ങൾക്കും കൃഷ്ണയ്യരുടെ ബില്ലുമായി സാമ്യം വളരെ കുറവാണ്.  2018 ഡിസംബർ മൂന്നാം തിയതി കേരള ചർച്ച് ആക്റ്റിനെതിരെ കേരളത്തിലെ ബിഷപ്പുമാർ പള്ളികളിൽ വായിക്കാൻ ഇടയലേഖനമിറക്കിയിരുന്നു. 

വിശ്വാസികളില്‍നിന്നും തലമുറകളായി സമാഹരിച്ച ക്രൈസ്തവ സ്വത്തുക്കള്‍ പൌരോഹിത്യ മേധാവിത്വം കയ്യടക്കി വെച്ചിരിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. മറ്റു മതസ്ഥര്‍ക്ക് അനുവദിക്കാത്ത അവകാശങ്ങള്‍ ക്രിസ്ത്യൻ സഭകൾ സ്വയം കയ്യടക്കി വെച്ചിരിക്കുന്നത് രാഷ്ട്രത്തോട്‌ ചെയ്യുന്ന ഒരു ധിക്കാരവും കൂടിയാണ്. ഒരു വിശ്വാസിയുടെ കടമ പ്രാര്‍ഥിക്കുക, അനുസരിക്കുക, പള്ളിക്കു പണം കൊടുക്കുകയെന്നതാണ്. പള്ളിക്ക് സ്വത്ത് കൊടുത്തവർക്ക് പിന്നീട് സ്വത്തിന്മേല്‌ യാതൊരു അവകാശവും ഇല്ല. അല്മേനി നേടികൊടുത്ത സര്‍വതും സഭാപുരോഹിതരുടെ നിയന്ത്രണത്തില്‍ ആകും. സഭയുടെ സ്വത്തിന്മേലുള്ള ഈ സ്വേച്ഛാധിപത്യം സമൂഹത്തിനു പൊറുക്കുവാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം വന്നപ്പോഴാണ് ചർച്ച് ആക്റ്റിന്റെ പ്രസക്തി വർദ്ധിച്ചുവന്നത്. 

സഭയുടെ നിർവചനത്തിനു തന്നെ ഇന്ന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയുടെ സ്ഥാനത്ത് സഭയെന്നാൽ കോഴ കോളേജുകളും ഫൈവ് സ്റ്റാർ ഹോസ്പ്പിറ്റലുകളും ഷോപ്പിംഗ് കോംപ്ലക്സുകളും നടത്തുന്ന പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. സഭയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ സഭാ വിരുദ്ധരാക്കും. 'സഭാ വിരുദ്ധരുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് ഇവിടുത്തെ ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റിൽ പറത്തുന്ന ബില്ലെന്നാണ്' പുരോഹിത നേതൃത്വത്തിന്റെയും ബിഷപ്പുമാരുടെയും പ്രസ്താവനകൾ. വിശ്വാസവും ചർച്ച് ആക്റ്റും തമ്മിലുള്ള ബന്ധം എന്തെന്ന് മനസിലാകുന്നില്ല. സഭയുടെ സ്വത്തുക്കൾക്ക് ഓഡിറ്റ് വേണമെന്ന് പറയുമ്പോൾ അതെങ്ങനെ വിശ്വാസ ലംഘനമാകും. ആദ്യമ സഭകളെ ഒന്നു വിലയിരുത്തിയാൽ അവിടെ കണക്കുകൾ ബോധിപ്പിച്ചിരുന്നതായി കാണാം. അനന്യാസിന്റെ കഥ തന്നെ ബൈബിളിൽ വായിച്ചാൽ അവ്യക്തതകൾ മാറാനെയുള്ളൂ.

അടുത്ത കാലത്ത് സഭയുടെ വക്താവായി തലശേരി രൂപതാ സഹായമെത്രാൻ ബിഷപ്പ് പാംപ്ലാനി (Bishop Mar Joseph Pamplany)പുറപ്പെടുവിച്ച ചില പ്രസ്താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യേകം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞ കാര്യഗൗരവവും   അല്ലാത്തതുമായ വിവരങ്ങൾ  താഴെ അക്കമിട്ടു വിശകലം ചെയ്യുന്നു.

1."സഭയെന്നാൽ മെത്രാന്മാരും പുരോഹിതരും മാത്രമെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാന്മാരും ബൂർഷാസുകളുമെന്നും വിശ്വാസികൾക്ക് യാതൊരു വിലയുമില്ലെന്നും ചർച്ച് ആക്റ്റിൽ വ്യക്തമാക്കുന്നു. ചർച്ച് ആക്റ്റ് ഒരു കമ്മ്യുണിസ്റ്റ് അജണ്ടയായി കരുതണം. പുരോഹിത വർഗത്തെയും ബൂർഷാ വർഗ്ഗത്തെയും ഒരു ചേരിയിലും മറുചേരിയിൽ വിശ്വാസികളെ തമ്മിലടിപ്പിച്ച് ആശയ വൈരുദ്ധ്യങ്ങളുണ്ടാക്കി കമ്മ്യുണിസ്റ്റ് വിപ്ലവ അജണ്ട നടപ്പാക്കുകയാണ് ചർച്ച് ആക്റ്റ് വഴി സർക്കാർ ശ്രമിക്കുന്നത്."(ബിഷപ്പ് പാംപ്ലാനി)

വിപ്ലവപരിവർത്തനാത്മകമായ എന്ത് നല്ല കാര്യങ്ങളും സഭയിൽ നിർദ്ദേശിച്ചാൽ അതിനെ കമ്മ്യുണിസ്റ്റജണ്ടയായി ചിത്രീകരിക്കാൻ പുരോഹിതർ എന്നും താല്പര്യപ്പെട്ടിരുന്നു. ഇവർ അങ്ങനെ ആവലാതിപ്പെടുന്നു. ഈ ബില്ലുവഴി വർഗസമരം കൊണ്ടുവരുകയാണ് കമ്മ്യുണിസ്റ്റ് ലക്ഷ്യം എന്നുള്ള പുരോഹിത പല്ലവികളും ഇടയലേഖനങ്ങളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതേ അടവുകൾ തന്നെയായിരുന്നു വിമോചനസമരകാലത്തും വിശ്വാസികളിൽ ആവേശം പകരാൻ പുരോഹിതർ പ്രയോഗിച്ചിരുന്നതും.

2."ഈ ബില്ല് ചർച്ച ചെയ്യാതെ പിൻവലിക്കാനും പിൻവലിക്കാത്തടത്തോളം സർക്കാരിന് ബില്ല് നടപ്പാക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും കണക്കാക്കണം. (ബിഷപ്പ് പാംപ്ലാനി)

അഭിഷിക്ത ലോകം അധികാരക്കസേരകൾക്കും നിലനിൽപ്പിനുമെതിരെയുള്ള വെല്ലുവിളിയായി ചർച്ച് ആക്റ്റിനെ കാണുന്നു. ബില്ലിലുള്ള വസ്തുതകൾ ശരിയോ തെറ്റോയെന്നു വിശ്വാസികൾ മനസിലാക്കാൻ പാടില്ലാന്നും ആഗ്രഹിക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധി സഭയിൽ ബില്ല് അവതരിപ്പിക്കുന്നതിൽ എന്തിന് ഭയപ്പെടുന്നു? ബില്ലിനെപ്പറ്റി ചർച്ച ചെയ്‌താൽ അത് സമൂഹത്തിൽ എങ്ങനെ വിഭാഗീയത സൃഷ്ടിക്കുമെന്ന് സഭാ നേതൃത്വം വിവരിക്കുന്നുമില്ല.  ചിന്തിക്കാൻ കഴിവില്ലാത്ത ഭക്തജനങ്ങളെയാണ് അവർക്കാവശ്യം. എങ്കിലേ കഴിഞ്ഞകാലങ്ങളിൽ പൗരാഹിത്യം കാട്ടിക്കൂട്ടിയ കൊള്ളരുതായമകൾ പൊതു ജനങ്ങളിൽനിന്നും ഇവർക്ക് മറച്ചു വെക്കാൻ സാധിക്കുള്ളൂ.

3. ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റിൽ പറത്തുന്ന ബില്ലാണ്, ചർച്ച് ആക്റ്റ്.  (ബിഷപ്പ് പാംപ്ലാനി)

ഭൂരിപക്ഷം വിശ്വാസികൾക്ക് ബില്ലിനെപ്പറ്റിയുള്ള ശക്തമായ സ്റ്റഡി ക്ളാസുകൾ ആവശ്യമാണ്. ബില്ലിനുള്ളിലെ ആന്തരിക വശങ്ങളെ വിശ്വാസികളിൽ ബോധ്യമാക്കാൻ ശ്രമിക്കണം. ബില്ലിനെപ്പറ്റിയുള്ള കാര്യകാരണ വശങ്ങൾ വിശ്വാസികളെ പഠിപ്പിക്കുകയും വേണം. കെസിബിസി പോലുള്ള സംഘടനകളിൽ മാത്രം ചർച്ച ചെയ്തുകൊണ്ട് പുരോഹിത സ്വാർത്ഥ താൽപ്പര്യങ്ങൾ വിശ്വാസികളെ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. ചർച്ച് ആക്റ്റിനെപ്പറ്റിയുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിച്ച് വിശ്വാസികളെ ബോധവാന്മാരാക്കുന്നുവെങ്കിൽ സഭയുടെ സ്വത്തുക്കൾ പുരോഹിതരിൽ നിന്നും വേർപെടുത്തണമെന്നു വിശ്വാസികൾ തന്നെ ഉച്ചത്തിൽ വിളിച്ചു പറയും.

ഇന്നു നിലവിലുള്ള നടപ്പനുസരിച്ച് സഭയുടെ പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതു വിശ്വാസികളുമായി കൂടിയാലോചിക്കാതെയാണ്. ജനാധിപത്യ മൂല്യങ്ങളെ മാനിക്കാതെയാണ്, തികച്ചും അധികാര ദുർവിനിയോഗം അതിന്റെ പിന്നാമ്പുറത്ത് നടക്കുന്നുണ്ട്, അത് ചോദ്യം ചെയ്യാൻ ഇവിടെ വ്യവസ്ഥകളില്ല,

4.സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ഇവിടെ നിയമങ്ങളുണ്ടെന്നും അതിന് ചർച്ച് ആക്റ്റിന്റെ ആവശ്യമില്ലന്നും. (ബിഷപ്പ് പാംപ്ലാനി)

ശരിയാണ്, സഭാവക സ്വത്തുകളിൽ നിയമങ്ങളുണ്ട്. പക്ഷെ സഭാ സ്വത്തുക്കൾ ഒരു സ്വാകാര്യ വ്യക്തിയുടെ നിയമം പോലെയാണ് കൈകാര്യം ചെയ്യുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് സഭാ സ്വത്തുക്കളിൽ അല്മെനിക്ക് എന്ത് കാര്യം? സ്വത്തുക്കൾ മുഴുവൻ പുരോഹിത നിയന്ത്രണത്തിൽ ഇരിക്കുന്ന കാലത്തോളം ഇന്നത്തെ നിയമവ്യവസ്ഥിതിക്ക് വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കാൻ സാധിക്കില്ല. ഇന്നുള്ള വ്യവസ്ഥിതിയിൽ സ്വത്തുക്കൾ മുഴുവൻ ബിഷപ്പ് നിയമിക്കുന്ന ഒന്നോ രണ്ടോ പുരോഹിതരുടെ നിയന്ത്രണത്തിൽ നിഷിപ്തമായിരിക്കുന്നു.

5."ദേവസ്വം ബോർഡ്, വക്കഫ് ബോർഡ് എന്നുള്ളപോലെ ഒരു ബോർഡ് ഉണ്ടാക്കണമെന്നുള്ള സർക്കാരിന്റെ ഒരു തീരുമാനവും ഇതിൽ സുചിന്തിനീയമാണ്" (ബിഷപ്പ് പാംപ്ലാനി)

ഇത് സഭയുടെ ഭയമാണ്. വാസ്തവത്തിൽ ഈ ബില്ലുണ്ടാക്കിയത് സർക്കാരല്ല. ബില്ലിന് ദേവസ്വം ബോർഡിനോടോ വക്കഫ് ബോർഡിനോ യാതൊരു സമാനതയുമില്ല. ദേവസ്വം ബോർഡും വക്കഫ് ബോർഡും സമാന സർക്കാർ സ്ഥാപനങ്ങളാണ്. ചർച്ച് ആക്റ്റിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ മേൽ സർക്കാരിന്റെ അധികാരം പ്രകടമായി കാണുന്നുമില്ല.

6.'സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വത്തുക്കൾ നിയന്ത്രിക്കുന്നപോലെ സഭയുടെ സ്വത്തുക്കൾ നിയന്ത്രിക്കുകയെന്നത് സ്വകാര്യ സ്വത്തുക്കളുടെ നിയന്ത്രണത്തിൽ സർക്കാരിന്റെ കടന്നുകയറ്റമായി കരുതണം.' (ബിഷപ്പ് പാംപ്ലാനി)

ഇത് ചർച്ച് ആക്റ്റിനെപ്പറ്റി ജനങ്ങളെ തെറ്റി ധരിപ്പിക്കാനുള്ള ബിഷപ്പ് പാംപ്ലാനിയുടെ പ്രചരണമാണ്. അദ്ദേഹം ഈ ബില്ലിനെ മാർക്സിയൻ വീക്ഷണത്തിന്റ പതിപ്പായി കാണുന്നു. മാർക്സിയൻ വീക്ഷണത്തിൽ ചർച്ച് ആക്റ്റ് പോലുള്ള ഒരു ജനാധിപത്യ വീക്ഷണം എവിടെയാണുള്ളത്? സ്വകാര്യ സ്വത്തായി കരുതുന്ന സഭാവക സ്വത്തുക്കൾ ചൂഷണത്തിന് വിധേയമായി കണ്ടപ്പോഴായിരുന്നു കൃഷ്ണയ്യർ ഇങ്ങനെ ജനാധിപത്യ രീതിയിൽ ഒരു ബില്ല് ഡ്രാഫ്റ്റ് ചെയ്യാൻ തയ്യാറായത്.

7. "സഭയുടെ സ്വത്തുക്കൾ മുഴുവൻ രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അധീനമായി സമ്പാദിച്ചിട്ടുള്ളവകളാണ്. ഇവകളെല്ലാം സർക്കാർ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന സ്വത്തുക്കളാണ്‌. ഇതിന്റെ വരവ് ചിലവുകൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്യുകയും ആദായ നികുതി വകുപ്പിന് കോപ്പി നൽകുകയും ചെയ്യുന്നതാണ്. സർക്കാർ അംഗീകരിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് കാലാകാലങ്ങളിൽ സർക്കാരിൽ ചാർട്ടേർഡ് അക്കൗണ്ടൻമാർ സമർപ്പിക്കുന്ന സംവിധാനം ആണ് സഭകളിൽ നിലവിലുള്ളത്." (ബിഷപ്പ് പാംപ്ലാനി)

എങ്കിൽ സഭയോട് ഒരു ചോദ്യം? നിയമ വ്യവസ്ഥിതിയിൽ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കളുടെയും അതിലെ വരുമാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും  ഏതെങ്കിലും ഇടവക യോഗങ്ങളിൽ സമർപ്പിച്ചിട്ടിണ്ടോ? ഒരു അല്മായൻ ആവശ്യപ്പെട്ടാൽ വരവ് ചെലവ് കോപ്പി നൽകുമോ? വിദേശപ്പണത്തിന്റെ കണക്ക് റിസർവ് ബാങ്ക് വഴിയാകണമെന്ന് നിയമമുണ്ട്. അങ്ങനെയുള്ള നിയമങ്ങൾ സഭ പാലിക്കാറുണ്ടോ?

8."സഭയുടെ സ്വത്തുക്കളിൽ തർക്കങ്ങളുണ്ടായാൽ തീരുമാനം ഉണ്ടാക്കാനായി ഒരു ട്രിബുണലിന്റെ തീരുമാനം അന്തിമമെന്നു ചർച്ച് ആക്റ്റ് പറയുന്നു. ട്രിബുണലിന്റെ നിയമനം  ബില്ലിൽക്കൂടി പൊതു പണം നശിപ്പിക്കുന്നു. രാജ്യത്തിലെ കോടതികളെ തിരസ്ക്കരിക്കുന്നു." (ബിഷപ്പ് പാംപ്ലാനി)

സഭയുടെ സാമ്പത്തിക പ്രശ്നങ്ങളിന്മേൽ മെത്രാന്മാർ കൈക്കൊണ്ടിരുന്ന തീരുമാനങ്ങൾ ട്രിബുണലിന് വിടുന്നതിൽ അവർ എതിർക്കുന്നു.  വിശ്വാസികൾ സ്വരൂപിച്ച സ്വത്തുക്കൾ തീരുമാനം എടുക്കേണ്ടത് വിശ്വാസികൾ നിയമിക്കുന്ന ട്രിബുണലുകളാണ്. അനധികൃതമായി സ്വത്ത് കൈവശം വെച്ചുകൊണ്ടിരിക്കുന്ന അഭിഷിക്തരോ, പുരോഹിതരോ അല്ലെന്നുള്ള വസ്തുതയും ചിന്തിക്കണം. ഒരു സംസ്ഥാനം നിയമിക്കുന്ന  ട്രിബുണലിന്റെ വിധി അന്തിമമെന്നു ചർച്ച് ആക്റ്റിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബിഷപ്പ് പാംപ്ലാനിപറയുന്നപോലെ രാജ്യത്തെ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ ചോദ്യം ചെയ്യലല്ല. ട്രിബുണലിന്റെ വിധി സ്വീകാര്യമല്ലെങ്കിൽ സ്വത്തിന്മേലുള്ള അവകാശ തർക്കങ്ങൾക്കായി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുന്നതിൽ ചർച്ച് ആക്റ്റ് തടയുന്നില്ല. കൂടാതെ ഭാരിച്ച ചെലവുകളുമായി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോവേണ്ട പല കേസുകളും ചെലവുകൾ ചുരുക്കി ട്രിബുണലിന് കൈകാര്യം ചെയ്യാൻ സാധിക്കും. മറ്റൊന്ന് കേസിന്റെ തീരുമാനങ്ങൾക്കായി ഇന്നുള്ള വ്യവസ്ഥപോലെ പുരോഹിതർക്ക് മാത്രമല്ല അല്മായർക്കും കോടതികളിൽ കേസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ചർച്ച് ആക്റ്റിന്റെ സവിശേഷതയാണ്. ട്രിബുണലിന്റെ വിധി അത്യന്തകമാണെന്നുള്ള ബിഷപ്പിന്റെ പ്രസ്താവനയും ചർച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള അജ്ഞതയിൽ നിന്നും വന്ന അഭിപ്രായമെന്നും  കരുതണം.

9. "ചർച്ച് ആക്റ്റ് നിർമ്മിച്ചവർ നിയമ പരിജ്ഞാനമില്ലാത്തവരാണ്, കമ്മ്യുണിസ്റ്റ്കാരുടെ അജണ്ടയാണ്, ബില്ല് സഭയെ ദോഷപ്പെടുത്തുന്നു. " (ബിഷപ്പ് പാംപ്ലാനി)

 പ്രസംഗ വേദികളിലും  ഇടയലേഖനത്തിൽക്കൂടിയും ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള ഒരു സഭാ പണ്ഡിതൻ ഇത്രമാത്രം അബദ്ധജടിലങ്ങളായ വിവരങ്ങൾ പറയരുതായിരുന്നു.  ഈ നിയമ നിർമ്മാണത്തെ പൂർണ്ണമായി പിന്താങ്ങുന്ന ജസ്റ്റിസ് കെ.ടി. തോമസും അന്തരിച്ച വി. ആർ. കൃഷ്ണയ്യരും ബില്ലു പ്രാവർത്തികമാക്കുന്നതിനായി പ്രവർത്തിച്ച മഹാ വ്യക്തികളായിരുന്നുവെന്നും ബിഷപ്പ് മറക്കുന്നു. അവരെല്ലാം നിയമ പരിജ്ഞാനമില്ലാത്തവരെന്നുള്ള ധ്വാനിയും ബിഷപ്പ് പാംപ്ലാനിയുടെ പ്രസംഗത്തിലുണ്ടന്നല്ലേ കേൾക്കുന്നവർ ചിന്തിക്കേണ്ടത്.

10.  "ട്രിബുണൽ എന്ന് പറയുന്നത് പൊതുമുതൽ കൊള്ളയടിക്കാൻ മറ്റൊരു സംവിധാനമെന്നാണ്" ബിഷപ്പ് പാംപ്ലാനിയുടെ കണ്ടുപിടുത്തം.

ട്രിബുണലിലെ അംഗങ്ങൾ ജില്ലാ ജഡ്ജിയായി വിരമിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ളവരോ ഗവർമെന്റ് സെക്രട്ടറി തലത്തിൽ വിരമിച്ച വ്യക്തികളോ ആയിരിക്കണമെന്ന് സഭാ ബില്ലിൽ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഏതു രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും ഒരേ അധികാരമാണുള്ളത്. അവർക്ക് തീരുമാനങ്ങൾ എടുക്കാമെന്നല്ലാതെ ബിഷപ്പ് ഭയപ്പെടുന്നപോലെ സഭയുടെ സ്വത്തുക്കൾ ട്രിബുണലിന് കൈവശപ്പെടുത്താൻ സാധിക്കില്ല. ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾ സഭയുടെ അധികാരം കയ്യടക്കാൻ വേണ്ടി ട്രിബുണൽ എന്ന പുകമറ സൃഷ്ടിച്ചുവെന്ന പാംപ്ലാനിയുടെ ആരോപണം തികച്ചും ബാലിശമാണ്.

11."ചർച്ച് ആക്റ്റിലെ 'ക്രിസ്ത്യാനി'യുടെ നിർവചനത്തിൽ 'ദൈവപുത്രനായ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവനായിരിക്കണം. ബൈബിൾ വിശുദ്ധ ഗ്രന്ഥമായി അംഗീകരിച്ച വ്യക്തിയായിരിക്കണം.' ഈ നിർവചനത്തിൽ അവ്യക്തതയുണ്ടെന്നാണ് ബിഷപ്പ്  ധരിച്ചിരിക്കുന്നത്. ഇതിൽ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.   "സഭയിൽ അംഗത്വം എന്ന് പറയുന്നത് കേവലം ബൈബിളിൽ അല്ലെങ്കിൽ ക്രിസ്തുവിൽ വിശ്വാസവും ഉണ്ടെന്നുള്ളതല്ല, അത് സഭ നിർദേശിക്കുന്ന മാമ്മോദീസ സ്വീകരിച്ച് സഭയുടെ വ്യവസ്ഥാപിതമായ മാർഗങ്ങളുടെ അംഗത്വം എടുക്കുന്നവരും ആ സഭയിൽ വിശ്വാസം പരിശീലിക്കുന്നവരും  സഭയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് ജീവിക്കുന്നവരുമാണ് സഭയിലെ വിശ്വാസി. എന്നാൽ ഇതൊന്നുമില്ലാതെ ക്രിസ്ത്യാനിയെ അംഗീകരിക്കേണ്ട നിലപാട് സഭാനേതൃത്വത്തിന്റെ മുമ്പിൽ ഈ ബില്ല് കൊണ്ടുവരുന്നുണ്ട്." (ബിഷപ്പ് പാംപ്ലാനി)

ആയിരക്കണക്കിന് ക്രിസ്ത്യൻ സഭകൾ ഉള്ളപ്പോൾ പ്രത്യേകമായ ഒരു സഭയുടെ കുമ്പസാരവും ആദികുർബാനയും ചർച്ച് ആക്റ്റിൽ ചേർക്കണമെന്നുള്ള ബിഷപ്പിന്റെ യുക്തിവാദം മനസിലാകുന്നില്ല. അതിലെ അപകടവും വ്യക്തമാകുന്നില്ല. ബിഷപ്പിന് ക്രിസ്ത്യാനിയെന്ന നിർവചനം തൃപ്തികരമല്ലെങ്കിൽ, കത്തോലിക്കനെന്ന ഒരു നിർവചനംകൂടി ബില്ലിൽ ചേർക്കാൻ നിയമ നിർമ്മാണക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

12. "പള്ളിവക ഇടവകകളിൽ ഒരു കേസ് ട്രിബുണൽ കൈകാര്യം ചെയ്യുന്നുവെന്ന് വിചാരിക്കുക. കേസ് കഴിയുന്നത് വരെ ആ പള്ളിയിലെ വികാരിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നുള്ളതും അസാധ്യമായി തീരും. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ അരാജകത്വം സൃഷ്ടിക്കാൻ പോവുന്ന ഒരു ബില്ലാണ് ഇത്. ട്രിബുണലിൽ ആരെങ്കിലും സാക്ഷി പറയാൻ വന്നാൽ പോലും ഭൂകമ്പം സൃഷ്ടിക്കുകയും ചെയ്യും." (ബിഷപ്പ് പാംപ്ലാനി)

ഇടവകക്കാർക്ക് സ്വീകാര്യനായ വികാരിയെ ഇടവകക്കാരല്ലേ തീരുമാനിക്കേണ്ടത്. അതും ട്രിബുണലിന്റെ തീരുമാനവുമായി എന്ത് ബന്ധം? ചർച്ച് ആക്റ്റ് നിയമം ആയാൽ സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വ്യക്തി വികാരിയല്ല.  പള്ളിയുടെ ട്രസ്റ്റി ബോർഡായിരിക്കും. വികാരിയുടെ സ്ഥലം മാറ്റത്തിനു തടസമുണ്ടാകുമെന്ന് തോന്നുന്നില്ല. അക്കാര്യത്തിലും ബിഷപ്പ് പാംപ്ലാനിയുടെ അഭിപ്രായത്തിൽ യുക്തിയുമില്ല.

13."പള്ളിയിലെ ഭൂരിപക്ഷം വ്യക്തികളും എടുക്കുന്ന തീരുമാനത്തിനെതിരെ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിക്കും ട്രിബുണലിൽ പരാതി നൽകാം. അതിന് വഴിയൊരുക്കുന്നത് ജനാധിപത്യ സ്വഭാവത്തെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമാണ്. ഉദാഹരണമായി ഒരു ഫൊറാന പള്ളിയിൽ ആയിരം പേരുണ്ടെന്ന് വിചാരിക്കുക. അതിൽ ഒരു പള്ളി പണിയാൻ 999 പേരും ഒപ്പിട്ടു. ഒപ്പിടാത്ത ഒരാൾക്ക് ട്രിബുണലിൽ പോകാമെന്നും തടസങ്ങൾ ഉണ്ടാക്കാമെന്നും ബില്ലിൽ നിന്നും മനസിലാക്കുന്നു. പരാതിയുള്ള ആൾക്ക് അയാൾ പള്ളിയിൽ നിത്യം വരുന്നവനാണെങ്കിലും വരാത്തവനെങ്കിലും അയാൾക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാമെന്നതും ബില്ലിന്റെ പ്രത്യേകതയാണ്"(ബിഷപ്പ് പാംപ്ലാനി).

പള്ളിയുടെ നിയമങ്ങളും പാലിച്ച് പള്ളിക്ക് കൊടുക്കാനുള്ള കുടിശിഖയും നൽകി പള്ളിയുടെ ആചാരങ്ങളിൽ പങ്കുകൊള്ളുന്നവർക്കേ പള്ളിയോഗങ്ങളിൽ അംഗങ്ങളാകാൻ അർഹതയുള്ളൂവെന്നും ചർച്ച് ആക്റ്റിൽ പറയുന്നുണ്ട്. സർക്കാർ ട്രിബുണലിനെ തിരഞ്ഞെടുക്കുന്നതു പള്ളി കമ്മറ്റിക്കാരോടുകൂടിയും ആലോചിച്ചിട്ടാണ്.  അവിടെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യവും കണക്കാക്കണം. എങ്കിലും ട്രിബുണലിന്റെ അവസാന തീരുമാനത്തെ ചോദ്യം ചെയ്യണമെങ്കിൽ അയാൾക്ക് കോടതികളെ അഭയം പ്രാപിക്കേണ്ടി വരും. ഒരു വ്യക്തി മാത്രമായി ഭാരിച്ച ചെലവുകളും താങ്ങി കോടതികളെ സമീപിക്കാനുള്ള സാധ്യതകളും കുറവാണ്.

14. "ഈ ബില്ല് സഭയുടെ പൊതുവികാരത്തെ എത്രമാത്രം അവഗണിക്കുന്നുണ്ടെന്നും കണക്കാക്കേണ്ടിയിരിക്കുന്നു. വിശ്വാസികൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാനും തുല്യതയ്ക്കും വേണ്ടിയാണ് ബില്ല് എന്ന് ബില്ലിനെ അവതരിപ്പിക്കുന്നവർ പറയുന്നു. അങ്ങനെയെങ്കിൽ നിലവിലുള്ള പള്ളി കമ്മറ്റികൾ പുനരുദ്ധരിച്ച് കാര്യക്ഷമത വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്." (ബിഷപ്പ് പാംപ്ലാനി)

നിലവിലുള്ള  സാമ്പത്തിക ഇടപാടുകളിൽ അല്മെനിയെ അടുപ്പിക്കാറില്ല. ചർച്ച് ആക്റ്റ് നടപ്പിലാവുമെങ്കിൽ പള്ളിയുടെ ഇടവക കമ്മറ്റികൾ കൂടുതൽ ഉത്തരവാദിത്വം ഉള്ളവരാകും. പുരോഹിതർക്ക് തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ സാധിക്കില്ല. പള്ളി പണിയും മരാമത്തുപണിയും പുരോഹിതർക്ക് നേതൃത്വം നൽകേണ്ടി വരില്ല. അവരുടെ ഉത്തരവാദിത്വങ്ങൾക്കും കുറവ് വരാം. മാന്യമായ ശമ്പളം ഇടവക വരുമാനത്തിൽ നിന്ന് പുരോഹിതർക്ക് ആവശ്യപ്പെടുകയും ചെയ്യാം!

15. "ഇടവക തലത്തിൽ, രൂപത തലത്തിൽ സംസ്ഥാന തലത്തിൽ ബോർഡ് ഉണ്ടാവുമ്പോൾ അവിടെ സർക്കാർ തലത്തിൽ ഒരു ഡയറക്റ്റർ വരുമെന്നുള്ളതാണ് പ്രത്യേകത. സർക്കാരിന്റെ ഡയറക്റ്റർ പദവി ബില്ലിൽ പറഞ്ഞിട്ടില്ലെങ്കിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കമ്മറ്റികൾ സംഘടിപ്പിക്കുമ്പോൾ സർക്കാർ തലത്തിൽ നിയന്ത്രണം വരുമെന്നുള്ളതും തീർച്ചയാണ്. ഏതു സർക്കാരിനും സഭയെ കൂച്ചുവിലങ്ങിടാവുന്ന ഒരു ബില്ലാണിത്." (ബിഷപ്പ് പാംപ്ലാനി)

ബിഷപ്പ് പാംപ്ലാനിയുടെ  വാക്കുകളിൽനിന്നും മനസിലാകുന്നത് അദ്ദേഹവും സഭയുടെ തലപ്പത്തിരിക്കുന്നവരും സർക്കാരിനെ ഭയപ്പെടുന്നുവെന്നാണ്. ചർച്ച് ആക്റ്റ് പാസായാലും സഭയുടെ സ്വത്തുക്കളിൽ സർക്കാരിന് യാതൊരു നേട്ടവുമില്ല. സർക്കാരിന്റെ ചുമതലകളിൽ പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിൽപ്പോലും കിട്ടുന്ന വരുമാനം ദേവസ്വം ബോർഡിൽ 'ദൈവം' ഒരു വ്യക്തിയെന്നപോലെ നിക്ഷേപിക്കുകയാണ്. ചർച്ച് ആക്റ്റിനെ സംബന്ധിച്ച് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് വിശ്വാസികളാണ്. വലിയ ഭൂസ്വത്തും സാമ്പത്തികവും കൈകാര്യം ചെയ്യുമ്പോൾ സർക്കാർ ചുമതലയിൽ ഓഡിറ്റിങ്ങ് ആവശ്യമാണ്. സാമ്പത്തിക ശാസ്ത്രം അനുസരിച്ചും രാജ്യത്തിന്റെ മൊത്തം വരുമാനം അളക്കുന്നതിനുള്ള മാനദണ്ഡത്തിനും (Gross national products) വൻകിട സ്വത്തുക്കളുടെ ഓഡിറ്റിങ്ങുകൾ സഹായകമാകും.  

സഭയിന്ന് കൊഴുത്ത ആസ്ഥികളുള്ള പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു. വൻകിട റീയൽ എസ്റേറ്റുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിജയകരമായി നടത്തുന്നു. പിരിവുകളും നേർച്ചകളും, വിദേശപ്പണവും ഏതാനും പുരോഹിതരുടെയും ബിഷപ്പുമാരുടെയും രഹസ്യ അറകളിൽ മാത്രം സൂക്ഷിക്കുന്നു. കൂടാതെ പട്ടണം തോറും ഷോപ്പിംഗ് കോമ്പ്ലെക്സുകൾ പണി കഴിപ്പിച്ച് സഭയെ ഒരു വ്യവസായ ശാലയാക്കി മാറ്റി. പാവപ്പെട്ട നേഴ്‌സുമാരെയും പ്രൈവറ്റ് അദ്ധ്യാപകരെയും പരമാവധി ചൂഷണം ചെയ്തു തുച്ഛമായ ശമ്പളത്തിൽ അവരെക്കൊണ്ട് പണിയും ചെയ്യിപ്പിച്ച് ചൂഷകരായി ഏതാനും പുരോഹിതരും ബിഷപ്പുമാരും ആഡംബര ഭ്രമികളായി ജീവിക്കുന്നു. അവരാണ് ചർച്ച് ആക്റ്റിനെതിരെ കുടയും പിടിച്ച് തെരുവുകളിൽ ഇന്ന് പ്രചരണത്തിനായി ഇറങ്ങിയിരിക്കുന്നത്.

വാസ്തവത്തിൽ സഭയുടെ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പടെ സഭയുടെ സ്വത്തുക്കളെല്ലാം ഒരു ചാരിറ്റബിൾ സംഘടനയായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളിൽ സഭയ്ക്ക് സർക്കാരിൽ നികുതികൾ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാർഷിക റിപ്പോർട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ചില സഭകൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിലെ കണക്കുകൾ പാസാക്കുന്നത് അതിലെ അംഗങ്ങളോ ജനറൽ  ബോഡിയോ ആയിരിക്കില്ല. സഭയുടെ വരുമാനകണക്കുകൾ സർക്കാർ നിയന്ത്രണത്തിലുള്ള രജിസ്റ്റർ ഓഫിസിൽ ബോധിപ്പിച്ചാൽ തന്നെയും ഒരു വിശ്വാസിക്ക് അതിന്റെ കണക്ക് ലഭിക്കില്ല. കണക്കില്ലാത്ത വിദേശപ്പണം ചാരിറ്റബിളിന്റെ മറവിൽ റിസേർവ് ബാങ്കിനുപോലും ചോദ്യം ചെയ്യാൻ അവകാശമില്ല.

സഭയുടെ കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകൾക്ക് ഒരു അറുതി കണ്ടെത്താൻ ചർച്ച് ആൻഡ് പ്രോപ്പർട്ടി ആക്ട് സഹായകമാകും. ചർച്ച് ആക്ട് നിയമം ആയാൽ സഭാ സ്വത്തുക്കൾ സംബന്ധിച്ചുള്ള തർക്കങ്ങൾ ട്രിബുണൽ കൈകാര്യം ചെയ്തുകൊള്ളും. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുന്നുവെന്നാണ് ചർച്ച് ആക്റ്റിന്റെ പ്രസക്തി. ഞായറാഴ്ച പിരിവുകളുടെ കണക്കുകൾ എത്ര കിട്ടിയെന്ന് പള്ളിയിൽ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ചെലവഴിച്ചുവെന്ന് വിവരങ്ങൾ ഇവർ പുറത്തു വിടുകയുമില്ല. സർക്കാരിൽ നിന്നും വളഞ്ഞ വഴികളിൽ പണം നേടാറുണ്ട്. പണം വരുന്നുവെന്ന് അറിയാമെന്നല്ലാതെ പണം എവിടെ പോവുന്നുവെന്ന് ആർക്കും നിശ്ചയമില്ല. ഓഡിറ്റ് ചെയ്ത കണക്കുകൾ വിശ്വാസികൾക്കായി പ്രസിദ്ധീകരിക്കുകയുമില്ല. 

ചർച്ച് ആക്റ്റ് നടപ്പാക്കുന്നതിനെതിരെ ബിഷപ്പുമാരും പുരോഹിതരും പ്രതിക്ഷേധങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത് അല്മെനികളുടെ ഗുണത്തിന് വേണ്ടിയല്ല, സഭാസ്വത്തിന്മേൽ പുരോഹിതർക്കുള്ള  ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം അവരെ അലട്ടുന്നു. സർക്കാരിന് സാമ്പത്തിക ലാഭമില്ലെങ്കിലും സർക്കാരിൽ നിന്നുമുള്ള ഓഡിറ്റിങ്ങിനെ അവർ ഭയപ്പെടുന്നു. ചർച്ച് ആക്റ്റ് പാസായാൽ പള്ളികൾക്കും രൂപതകൾക്കുമുള്ള വരുമാന സ്രോതസുകളെപ്പറ്റിയുള്ള ശരിയായ കണക്കുകൾ കൊടുക്കേണ്ടി വരും. തുച്ഛമായ ശമ്പളം നേഴ്സുമാർക്കും അധ്യാപകർക്കും കൊടുത്താണ് ഇവർ നേഴ്‌സിങ് സ്‌കൂൾ മുതൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ വരെ നടത്തുന്നത്. വിദ്യാർഥികളെ സ്‌കൂളിൽ ചേർക്കുമ്പോഴുള്ള സംഭാവന, പഠനം കഴിഞ്ഞു ജോലി കിട്ടാനും ലക്ഷങ്ങൾ കോഴകൾ ഇതെല്ലാം പൂഴ്ത്തി വെയ്ക്കുന്ന പണത്തിലുൾപ്പെടും. ഹൈറേഞ്ചിലും, കിഴക്കും പടിഞ്ഞാറും ഇന്ത്യ മുഴുവനുമായി ആയിരക്കണക്കിന് ഏക്കർ സ്ഥലങ്ങളും ബില്യൺ കണക്കിന് രൂപ സ്വത്തു വകകളും സഭയ്ക്കുണ്ട്. 

മുൻസുപ്രീം കോടതി ജഡ്ജി അന്തരിച്ച ശ്രീ വി. ആർ. കൃഷ്ണയ്യർ ചെയർമാനായ കമ്മിറ്റി തയാറാക്കിയ കേരള ചർച്ച് ആക്റ്റ് ബിൽ ഒമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും മെത്രാൻലോകം ഗൌനിക്കുന്നില്ലെങ്കിൽ സ്വേച്ഛാധിപത്യം തുടരുവാൻ പുരോഹിതർ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാൻ. ചർച്ച് ആക്റ്റിനെ എതിർക്കുന്ന പുരോഹിതർ തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതിൽനിന്നും മനസിലാക്കേണ്ടത്. വസ്തുനിഷ്ടമായി എന്തുകൊണ്ട് കാര്യങ്ങൾ ഗൌരവമായി പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും പരിഗണിക്കുന്നില്ല.







Justice Krishan Ayyar

Justice K.T.Thomas



കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...