Thursday, March 21, 2019

നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റോ?





ജോസഫ് പടന്നമാക്കൽ
പാർലമെന്റിലേക്കുള്ള  ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന 2019, എന്തുകൊണ്ടും ഇന്ത്യയെ സംബന്ധിച്ച് വിധിനിർണ്ണായകമായ ഒരു വർഷമായിരിക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഗുരുക്കന്മാരുടെ കണക്കുകൂട്ടൽ എങ്ങോട്ടെന്നും പറയാൻ സാധിക്കില്ല. ആരുജയിച്ചാലും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒരു സങ്കരമന്ത്രിസഭയെയാണ് പ്രവചന വക്താക്കളുടെ സങ്കൽപ്പത്തിലുള്ളത്. ഇനി ഒരു പ്രാവശ്യം കൂടി ബിജെപി ഇന്ത്യയുടെ ഭരണതലത്തിൽ വന്നാൽ രാജ്യം ഏകാധിപത്യം ആകുമെന്നും ഭരണഘടനയിൽ മാറ്റം വരുത്തി ഇന്ത്യയെ ഇറാൻ പോലെ മത രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നുമുള്ള രാഷ്ട്രീയ ജൽപ്പനങ്ങളുമുണ്ട്. ഫാസിസത്തിൽ അമർന്ന ഇന്ത്യയെ അംബാനിമാർക്ക് വില്ക്കുമെന്നുള്ള ആശങ്കകളും പ്രതിപക്ഷ ഫ്‌ളാറ്റ് ഫോറങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019-ൽ തന്റെ വൈവിധ്യങ്ങളാർന്ന  അഞ്ചു വർഷ ഭരണം പൂർത്തിയാക്കുന്നു. മൂന്നു വർഷം മുമ്പുവരെ ഭാഗ്യം എന്നും ബിജെപി യ്‌ക്കൊപ്പമായിരുന്നു. യുപിയിലും മറ്റു മൂന്നു സ്റ്റേറ്റുകളിലും ബിജെപി സർക്കാർ നിലവിൽ വന്നപ്പോൾ പ്രതിപക്ഷങ്ങളുടെ 2019-ൽ ഭരണം പിടിക്കാമെന്നുള്ള പ്രതീക്ഷകൾ തകർന്നിരുന്നു. മോദിക്കും ബിജെപിയ്ക്കും എന്നും കാറ്റ് അനുകൂലമായിരുന്നു. പ്രതിപക്ഷങ്ങൾ ഇനി 2024-ൽ പ്രതീക്ഷകൾ അർപ്പിച്ചാൽ മതിയെന്നും ഭാഗ്യത്തിന് ഇനിയും നീണ്ട കാലങ്ങൾ കാത്തിരിക്കണമെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാൽ സമീപ കാലത്ത് ബിജെപി യുടെ ശക്തിക്കോട്ടകൾ പലതും തകരുന്ന മാതിരിയാണ്! കാണുന്നത്. ഭൂരിപക്ഷം എന്നുള്ളത് ഒരു പാർട്ടിക്കും കിട്ടില്ലായെന്നുള്ള നിലപാടുകൾ വരെ എത്തിയിട്ടുണ്ട്.

ആരാണ് ഇത്തവണ ഭരണമുന്നണിയുടെ തലസ്ഥാനമായ ഡൽഹി സെക്രട്ടറിയേറ്റ് കീഴടക്കാൻ പോവുന്നത്? തിരഞ്ഞെടുപ്പിൽ ബിജെപി യ്ക്ക് രാഷ്ട്രീയ വിജയം ലഭിച്ചാൽ അഥവാ പരാജയം ലഭിച്ചാൽ എന്തെല്ലാം സംഭവിക്കുമെന്നും വിശകലനം ചെയ്യേണ്ടതായുണ്ട്. ഒരു പക്ഷെ, ആർക്കും ഭൂരിപക്ഷമില്ലാതെ,  അങ്ങേയറ്റം ഉറപ്പില്ലാത്ത ഒരു സർക്കാരായിരിക്കാം ചുമതലയെടുക്കാൻ പോവുന്നത്. എങ്കിൽ സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഭാരതത്തിൽ ഇന്നുവരെ കണ്ടിരുന്ന ശക്തമായ നേതൃത്വം ഇന്ത്യയ്ക്ക് നഷ്ടപ്പെടാം.

ചിലരുടെ പ്രതീക്ഷകളെ തട്ടിമാറ്റിക്കൊണ്ട് 2024-ൽ തിരഞ്ഞെടുപ്പ് ഇനി കാണുമോയെന്നുള്ള ആശങ്കകളും പ്രചരിക്കുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് ആർ.എസ്.എസ്. ന്റെയും ബിജെപിയുടെയും ചിരകാല അഭിലാഷമായ 'ഹിന്ദു രാഷ്ട്രം' എന്ന സ്വപ്നം സാഷാത്ക്കരിക്കുമോ? പൂർണ്ണ അധികാരമുള്ള ഒരു ഏകപാർട്ടി ഭരണം വരുന്നുവെങ്കിൽ ഇന്ന് നിലവിലുള്ള ഭരണഘടനയെ സമൂലമായി മാറ്റുവാൻ വരാൻ പോകുന്ന വർഗീയാധിഷ്ഠിതമായ ഭരണകൂടം ശ്രമിക്കുമെന്നുള്ളതിലും സന്ദേഹങ്ങളുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് പ്രതിപക്ഷങ്ങൾക്ക് ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദു രാഷ്ട്രമെന്ന  സ്വപ്നം തടയുവാനുള്ള അവസാനത്തെ അവസരമായി കാണുന്നവരുമുണ്ട്.

ഹിന്ദുത്വയുടെ വളർച്ച ഏകാധിപത്യത്തിന്റെ വളർച്ചയായിട്ടാണ് സാധാരണ മതേതര വാദികൾ കാണുന്നത്. രാജ്യം അപകടത്തിലാകുന്ന അത്തരം ഒരു സ്ഥിതിവിശേഷം ഇല്ലാതാക്കാനുള്ള  തയ്യാറെടുപ്പുകളാണ് കോൺഗ്രസ്സ് പാർട്ടികളുടെ നയ പരിപാടികളിലുള്ളത്. വേണ്ടവിധം തയ്യാറെടുപ്പുകൾ അവലംബിച്ചില്ലെങ്കിൽ രാജ്യം വർഗീയ ഫാസിസ ശക്തികൾക്ക് അടിമപ്പെടുമെന്നും ഭയപ്പെടുന്നു. ഗാന്ധിയും നെഹ്രുവും വിഭാവന ചെയ്ത ആശയ സംഹിതകളും മതസഹിഷ്ണതയും ഇല്ലാതാകുമെന്നും ശങ്കിക്കുന്നു.

ബിജെപി പരാജയപ്പെട്ടാൽ ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുക്കൾ മതേതര രാഷ്ട്രത്തിൽ വിവേചനങ്ങളും ബുദ്ധിമുട്ടുകളും നേരിടുമെന്നു രാഷ്ട്രീയ പാർട്ടികൾ പ്രചരണങ്ങൾ നടത്തുന്നു. അത്തരമുള്ള അബദ്ധജടിലമായ പ്രസ്താവനകൾ വഴി ഹിന്ദുക്കളിൽ ഭയജ്വാല നിറച്ചിട്ടുണ്ട്. ഒപ്പം ന്യുന പക്ഷാവകാശങ്ങൾ സംരക്ഷിക്കുമെന്ന പൊള്ളയായ വാഗ്‌ദങ്ങളും പ്ലാറ്റ്ഫോറങ്ങളിൽ മുഴങ്ങുന്നുണ്ട്.  ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും ഭരണം പോവുമെന്ന എതിർഭാഗത്തുള്ള പ്രചരണങ്ങളും ശക്തമാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന പക്ഷം ബീഫ് ഉപരോധം നാടാകെ നടപ്പാക്കുമെന്നും അഹിന്ദുക്കൾ ഭയപ്പെടുന്നു. മതേതര വാദികളിൽ മതം കുത്തിവെക്കാനുള്ള വർഗീയ വാദികളുടെ പ്രഭാഷണങ്ങൾ രാജ്യം മുഴുവനും അസ്വസ്ഥത നിറച്ചിരിക്കുന്നു. എന്നത്തേക്കാളും വർഗീയ വാദികളുടെ വളർച്ചയുടെ ചുഴിയിൽ ഹിന്ദു ഭീകരത വർദ്ധിക്കാനും സാധ്യത കൂടിക്കൊണ്ടിരിക്കുന്നു. 'ഘർ വാപസി' ശക്തമാക്കികൊണ്ടുള്ള പ്രചരണങ്ങൾ നാടാകെ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും അസ്വസ്ഥരാക്കുന്നുണ്ട്. ജാതി വ്യവസ്ഥയിലുള്ള രാഷ്ട്രീയം മുതലെടുക്കാനാണ് ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പു വേളകളിൽ ശ്രമിക്കുന്നത്.

പരസ്പര വിരോധാഭാസമുള്ള വോട്ടർമാർ 2014-ൽ മോദി സർക്കാരിന് വിജയം നേടി കൊടുത്തു. ഇന്ന് വേണ്ടത് പ്രതിപക്ഷങ്ങൾ ഒന്നായ ആശയ സംഹിതകൾ സൃഷ്ടിക്കുകയെന്നതാണ്. ഭൂരിഭാഗം ഇന്ത്യക്കാരും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ല. ചിന്നിച്ചിതറി കിടക്കുന്ന പരസ്പ്പര വിരുദ്ധങ്ങളായ പാർട്ടികൾ മൂലം ബിജെപി അധികാരം പിടിച്ചെടുത്തു. നാനാത്വത്തിൽ ഏകത്വം എന്ന നിലപാടിൽ കോൺഗ്രസു ഉറച്ചു നിൽക്കുന്നു. സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരേ മതവികാരങ്ങളടങ്ങിയ ഐക്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മേക്ക് ഇന്ത്യ പദ്ധതികൾ, മാംസാദികൾ കഴിക്കുന്നതിനെതിരെയുള്ള പ്രചരണങ്ങൾ, പ്രധാന മന്ത്രിയുടെ വിജയകരമായ വിദേശ സഞ്ചാരങ്ങൾ, ക്യാഷ് ഇല്ലാതെയുള്ള ക്രയവിക്രയങ്ങൾ, ലോക സഭ തിരഞ്ഞെടുപ്പുകൾ, സ്വച്ഛ്‌ ഭാരത മിഷ്യൻ, പാരീസ് ഉടമ്പടി എന്നിങ്ങനെ മോദിയുടെ ഭരണകാലത്തെ വിശേഷങ്ങളും വാർത്തകളും തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ ശക്തമായി പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനമായും ഹിന്ദുത്വ വാദികൾ പറയുന്ന രണ്ടു കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്. ആദ്യത്തേത്, ഹിന്ദുത്വ തത്ത്വചിന്തകൾ ഭാരതത്തിൽ എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ആശയങ്ങൾക്ക് ഇന്ത്യ മുഴുവൻ പിന്തുണയുമുണ്ടായിരുന്നു. രണ്ടാമത്തേത് ഹിന്ദുത്വയെ എതിർക്കുന്നവർ ഇന്ത്യ മുഴുവനായും ആഗോളതലത്തിലുള്ള ഇന്ത്യൻ ജനങ്ങളുടെയും കാഴ്ചപ്പാടുകളെ മുഖവിലയ്‌ക്കെടുക്കാറില്ലായിരുന്നു എന്നതാണ്. എന്നിരുന്നാലും ഇന്ന് പൊതുവെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നു ഹിന്ദുത്വയിൽ അടിയുറച്ചു ചിന്തിക്കുന്നവർ വിശ്വസിക്കുന്നു. ഇന്ത്യ സ്വാഭാവികമായി ഒരു ഹിന്ദു രാജ്യമെന്നാണ് ആർ എസ് എസ് വിശ്വസിക്കുന്നത്. ഈ ലക്ഷ്യ പ്രാപ്തിക്കായി പതിറ്റാണ്ടുകളോളം അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.  ഈ അടിസ്ഥാന വിശ്വാസത്തിന് ശക്തമായ ഒരു ജനപിന്തുണയുമുണ്ടായിരുന്നു.

ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കാഴ്ചപ്പാടുകളെ ഹിന്ദുത്വ ശക്തികൾക്ക് തുടക്കം മുതലേ സഹിക്കാൻ സാധിച്ചിരുന്നില്ല. അധികാരത്തിനുവേണ്ടി അവർ ശ്രമിച്ചിരുന്നെങ്കിലും മതേതരശക്തികൾ അതിന് തടസമായിരുന്നു. മുസ്ലിമുകൾക്കുവേണ്ടി ഒരു രാജ്യം സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ ഹിന്ദുക്കൾക്ക് അവരുടേതായ ഒരു രാജ്യസൃഷ്ടിക്കായി നിഷേധങ്ങളുമുണ്ടായി. കോൺഗ്രസിന് ദേശീയ നിലവാരത്തിൽ ആദ്യമായി പരാജയം സംഭവിച്ചത് 1998-ൽ മാത്രമായിരുന്നു. 2004-ലും 2009-ലും ഹിന്ദുത്വ ശക്തികൾ അധികാരം ഉറപ്പിച്ചുവെങ്കിലും അവരുടെ ഹിന്ദുത്വാശയങ്ങൾ കാര്യമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ 2014-ൽ രാഷ്ട്രീയ പ്രവചനങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികൾ വൻഭൂരിക്ഷത്തോടെ ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തി. മോദി എന്ന അധികാരച്ചുവ പടർന്ന നേതാവിൽക്കൂടി രാജ്യം മുഴുവൻ മതതീവ്രത പ്രചരിപ്പിക്കാനും ആരംഭിച്ചു.

മതം കരുവാക്കിക്കൊണ്ട് മതത്തെ രാഷ്ട്രീയവൽക്കരിച്ച് നേട്ടങ്ങൾ കൊയ്യാനാണ് ബിജെപി എന്നും ശ്രമിക്കുന്നത്. ഉദാഹരണമായി ശബരിമല വിഷയങ്ങൾ മാത്രം എടുത്താൽ മതിയാകും. പോലീസിനെ കല്ലെറിയാനും റോഡിൽ ആളെ ഇറക്കുന്നതിനും ബിജെപി ശ്രമിച്ചതല്ലാതെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ ശബരിമല വിഷയത്തിൽ അവർ ചെയ്തിട്ടില്ല. മത വികാരങ്ങൾ ഇളക്കി ജനങ്ങളെ വിഘടിപ്പിച്ച് അധികാരം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി തങ്ങളുടെ പണിപ്പുരകളിൽ എക്കാലവും നടത്തിക്കൊണ്ടിരുന്നത്. ശബരിമലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം പത്രമാദ്ധ്യമങ്ങളിൽ ബിജെപിയും നേതാക്കന്മാരും നിറഞ്ഞു നിൽക്കാനും അതുവഴി ബിജെപിയുടെ വേരുകൾ കേരളത്തിലുറപ്പിക്കാനും അവർ ആഗ്രഹിച്ചു. ഹൈന്ദവ മാമൂലുകൾ മുറുകെപ്പിടിക്കുന്ന ബിജെപി ഭരണകൂടത്തിന് ശബരിമല വിഷയങ്ങളിൽ ഒരു ശ്വാശ്വത പരിഹാരത്തിനായി പ്രതിപക്ഷങ്ങളുടെ സഹായത്തോടെ ഭരണഘടന മാറ്റാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. സുപ്രീം കോടതിയിൽ പകരം റിവ്യൂ ഹർജി കൊടുക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. പകരം പോലീസിനോട് യുദ്ധം ചെയ്യാനാണ് അവർ ഒരുമ്പെട്ടത്. കേരളത്തിൽ അയ്യപ്പൻറെ പേരിൽ ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നൂറ്റിമുപ്പത്തിയാറാം (136) സ്ഥാനത്ത് നിൽക്കുന്നു.  2017-ൽ തന്നെ പന്ത്രണ്ടു പ്രസ്സ് റിപ്പോർട്ടർമാരുടെ മരണത്തിൽ ദുരൂഹതകളുണ്ട്. ലോകത്തിലേക്കും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പത്രപ്രവർത്തനം ഇന്ന് ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നായിരിക്കുന്നു. മെക്സിക്കോയിലും സിറിയയിലും ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സൊമാലിയായിലും പത്രസ്വാതന്ത്ര്യ നിഷേധങ്ങൾ ഉണ്ടെങ്കിലും ഇന്ത്യ ഈ രാജ്യങ്ങളുടെയും പുറകിലാണെന്നാണ് വെളിപ്പെടുത്തലുകൾ. സ്വതന്ത്രമായ ചില പത്രമാദ്ധ്യമങ്ങൾ ഭയരഹിതമായി തന്നെ വാർത്തകൾ പുറത്തു കൊണ്ടുവരുന്നുമുണ്ട്.

നിലവിലുള്ള സാമൂഹിക ക്ഷേമ ഫണ്ടുകൾ നിറുത്തൽ ചെയ്തതും ശ്രദ്ധേയമാണ്. ആധാർ കാർഡുകൾ സുതാര്യമായി കൈകാര്യം ചെയ്യാഞ്ഞതും ഭരണത്തിന്റെ പോരായ്മയായിരുന്നു.  ബാങ്കിങ്ങിലും മൊബൈൽ ഫോൺ ലഭിക്കുന്നതിനും ആധാർ കാർഡ് ആവശ്യമായിരുന്നു. അതുപോലെ സർക്കാരിൽ നിന്നും ലഭിക്കുന്ന ക്ഷേമനിധി ഫണ്ടുകൾക്കും ആധാർ ആവശ്യമായി തീർന്നിരുന്നു. ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതുമൂലം നിരവധി പേരുടെ ഭക്ഷണത്തിനുള്ള റേഷനും നിഷേധിച്ചിരുന്നു. ദുഷ്‌കരമായ ജീവിതംമൂലം മുപ്പതോളം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആധാർ കാർഡിന്റെ അഭാവത്തിൽ നിരവധി പൗരജനങ്ങൾക്ക് തൊഴിൽ വേതനം നിഷേധിച്ചു. കൃഷിക്കാരുടെ കടം ഇളവ് ലഭിക്കുന്നതിനുള്ള പേപ്പർ വർക്കുകളും ആധാർ കാർഡിന്റെ അഭാവത്തിൽ തള്ളിക്കളഞ്ഞിരുന്നു. സ്‌കൂൾ അഡ്മിഷൻ, പെൻഷൻ ഫണ്ട്, ആരോഗ്യ പരിപാലനം, എയ്ഡ്സ് ശുശ്രുഷകൾ എന്നിങ്ങനെ ആധാർ കാർഡ് ആവശ്യമായതിനാൽ ജനജീവിതം പ്രശ്നസങ്കീർണ്ണങ്ങളായി മാറിയിരുന്നു. നിരവധി ആധാർകാർഡ് കേസുകളിൽ ഇന്നുവരെ സുപ്രീം കോടതി വിധി നടപ്പാക്കിയിട്ടില്ല. ഇന്നും കേസുകൾ തീർപ്പിനായി നിരവധിപേർ കാത്തിരിക്കുന്നു.

കൃഷി വിഭവങ്ങളുടെ വളർച്ച 2014-നു ശേഷം നിന്നുപോവുകയും  കൃഷിയുൽപ്പനങ്ങളുടെ വില 2.4% കുറയുകയുമുണ്ടായി. പതിനേഴു സ്റ്റേറ്റുകളിൽ ഒരു കർഷകന്റെ ശരാശരി വരുമാനം വർഷം 20000  രൂപയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവ് കഴിഞ്ഞ് 50 ശതമാനം ലാഭം നൽകുമെന്ന് മോദിയുടെ 2014-ലെ തിരഞ്ഞെടുപ്പു പ്രചരണ സമയങ്ങളിൽ വാഗ്ദാനങ്ങളുണ്ടായിരുന്നു. അത് ഒരിക്കലും യാഥാർഥ്യമായില്ല. പകരം 2014 മുതൽ 2016 വരെ 37000 കർഷകർ ആത്മഹത്യ ചെയ്തു. കൃഷിക്കാരുടെ കടങ്ങൾ വീട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.

കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ മോദി സർക്കാർ രണ്ടു ലക്ഷം സർക്കാർ സ്‌കൂളുകൾ നിർത്തൽ ചെയ്തു. സ്‌കൂളുകൾ ഇങ്ങനെ നിർത്തൽ ചെയ്യുന്നമൂലം യോഗ്യരായ അദ്ധ്യാപകർ തൊഴിൽ രഹിതരാവുന്നു. അതുപോലെ സ്‌കൂൾകുട്ടികളും പ്രത്യേകിച്ച് മല വർഗ്ഗത്തിൽപ്പെട്ട പെൺകുട്ടികളും  പഠനം ഉപേക്ഷിക്കേണ്ടി വരുന്നു. ഒറിസ്സായിലും ജാർഖണ്ഡിലും രാജസ്ഥാനിലും മലവർഗക്കാരെ അത്തരം തീരുമാനങ്ങൾ വിദ്യാഹീനരുമാക്കുന്നു. ബിജെപിയുടെ സമ്മർദ്ദമൂലം വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ടെസ്റ്റ് ബുക്കുകളിൽ ചരിത്രം തിരുത്തിയെഴുതാനും ആരംഭിച്ചു. മുഗൾ ചരിത്രങ്ങൾ ചരിത്ര താളുകളിൽനിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നു. ഭാവിയിൽ കുട്ടികൾ താജ്മഹാളിനെയും കുത്തബ് മീനാറിനെയും സംബന്ധിച്ച കഥകളിൽ അജ്ഞരായി വളരും. 'നോട്ടുനിരോധനം'  വമ്പിച്ച വിജയമായുള്ള ടെക്സ്റ്റ് ബുക്കുകൾ കുട്ടികൾ പഠിച്ചു തുടങ്ങിയിരിക്കുന്നു.  സ്വതന്ത്ര ചിന്തകൾ പുലർത്തുന്ന ജവഹർലാൽ യൂണിവേസിറ്റി, ബനാറസ് യൂണിവേസിറ്റി, ഹൈദ്രബാദ് യൂണിവേഴ്സിറ്റി, അലിഗഡ് യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ കൂടെ കൂടെ ആക്രമണങ്ങൾ കഴിഞ്ഞ നാലുവർഷങ്ങളായി അഴിച്ചുവിടുക എന്നത്  പതിവായിരിക്കുന്നു. ലോകപ്രസിദ്ധമായ ഈ യൂണിവേഴ്സിറ്റികൾ ഹിന്ദുത്വ ചിന്താഗതികളിൽ പ്രാധാന്യം നൽകാത്തതുകൊണ്ട് വർഗീയ രാഷ്ട്രീയക്കാർ അവിടങ്ങളിൽ  അസ്വസ്ഥതയുമുണ്ടാക്കുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ബലാൽ സംഗങ്ങളും ഇന്ത്യ എന്ന രാജ്യം സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി തീർന്നിരിക്കുന്നു. 2014-നു ശേഷം സ്ത്രീ പീഡനങ്ങൾ പന്ത്രണ്ടര ശതമാനം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 34,651 കേസുകളിൽ നിന്ന് 2016-ൽ തന്നെ 39000 സ്ത്രീ പീഡനങ്ങളായി വർദ്ധിച്ചിരുന്നു. ഏറ്റവും കൂടുതൽ വ്യപിചാര കുറ്റത്തിന് ആരോപിതരായ എംഎൽഎ മാരും എംപി മാരുമുള്ളത് ബിജെപിയിലാണ്. പതിനാലു ബിജെപിക്കാരും ഏഴു ശിവസേനക്കാരും ആറു ത്രിമൂൽ കോൺഗ്രസുകാരും സ്ത്രീപീഢന  കേസ്സിൽപ്പെട്ടവരാണ്. ഇന്ത്യയിൽ 66 ശതമാനം സ്ത്രീകൾ കൂലിയില്ലാതെ ജോലി ചെയ്യുന്നവരായി കണക്കുകൾ പറയുന്നു.

കൊലപാതക രാഷ്ട്രീയമെന്ന തീക്കളിയാണ് ബിജെപി യിലെ അനുയായികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തീവ്രവാദികളെ അമർച്ച ചെയ്യുന്നപോലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുണ്ടകളെയും അമർച്ച ചെയ്യേണ്ടതായുണ്ട്. ബിജെപിയും ആർ എസ് എസ്സും  എക്കാലവും അക്രമത്തിന്റെ രാഷ്ട്രീയമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അതിന് വസ്തുതകളും തെളിവുകളും എണ്ണിയെണ്ണി പറയാൻ സാധിക്കും. ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കലും സുപ്രീം കോടതി വിധിവരെ തള്ളിക്കളയലും സംഭവിച്ചിരുന്നത് എല്ലാംതന്നെ മോദി സർക്കാരിന്റെ ഭരണകാലയളവിൽ തന്നെയാണ്. ന്യുനപക്ഷങ്ങളെ സംബന്ധിച്ചടത്തോളം ഇന്ത്യ ഇന്ന് ലോകത്തിലെ തന്നെ അപകടം പിടിച്ച മേഖലകളായി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പശു ഇറച്ചി കൈവശം വെച്ചുവെന്ന് സംശയിച്ചുകൊണ്ട് 2015-ൽ ദാദ്രിയിൽ വസിക്കുന്ന 'മുഹമ്മദ് അകലഖ്' എന്നയാളെ മൃഗീയമായി പിച്ചിക്കീറി കൊന്നു. 'ലവ് ജിഹാദ്' എന്ന് സംശയിച്ച് നിരവധി മുസ്ലിമുകളുടെ കഴുത്തുകൾ ഞെരിച്ചുകൊന്ന കഥകളും കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ പറയാനുണ്ട്. 2014 മുതൽ 45000 ദളിത് പീഡനങ്ങളും ക്രൂരതകളും നടന്നിട്ടുണ്ട്. അത് ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2014-നു ശേഷം പശു സംബന്ധിച്ചുള്ള വഴക്കുകളിൽ നൂറുകണക്കിന് ദളിതർ കൊല്ലപ്പെട്ടിട്ടുണ്ട്.  മോദിയുടെ ഭരണതുടക്കത്തിനു ശേഷം നടന്ന ആക്രമണങ്ങളിൽ മരിച്ചവരിൽ 84 ശതമാനവും മുസ്ലിമുകളായിരുന്നു.

45 വർഷത്തിനുള്ളിൽ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്നത്. മോദിയും അംബാനിയും പൊതു ഖജനാവ് മുഴുവനായി കവർന്നെടുത്തു കഴിഞ്ഞു. ഒരു വർഷം ഒരു കോടി ജോലികൾ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിലാണ് നരേന്ദ്ര മോദി അധികാരത്തിൽ കയറുന്നത്. എന്നാൽ ഓരോ വർഷവും അദ്ദേഹത്തിന് കഷ്ടിച്ച് രണ്ടേകാൽ ലക്ഷം തൊഴിൽ അവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാൻ സാധിച്ചു. 2014-ൽ തൊഴിലില്ലായ്മ 3.41%എന്നുള്ളത് 2018-ൽ തൊഴിലില്ലായ്‌മ 6.23% ആയി ഉയർന്നുവെന്നതാണ് വസ്തുത. നാലുകോടി ജോലിക്ക് പകരം എട്ടേകാൽ ലക്ഷം ജോലികളാണ് കഴിഞ്ഞ നാലുവർഷങ്ങളായി നരേന്ദ്ര മോദിക്ക് സൃഷ്ടിക്കാൻ സാധിച്ചത്.  2025 വരെ ഇന്ത്യയുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ കുറഞ്ഞ പക്ഷം എൺപതു ലക്ഷം ജോലികളെങ്കിലും ഓരോ വർഷവും പുതിയതായി സൃഷ്ടിക്കേണ്ടതായുണ്ട്.

2018-ൽ പെട്രോളിന്റെയും ഡീസലിന്റെയും വില സർവ്വകാല റിക്കോർഡുകളും ഭേദിച്ചുവെന്നുള്ളതാണ് വാസ്തവം. ലോകം മുഴുവൻ ക്രൂഡോയിലിന് വിലകുറഞ്ഞിരുന്ന കാലത്ത് ബിജെപി സർക്കാർ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ആ വില വർദ്ധനവ് സാധാരണ ജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുമില്ല. വർദ്ധിപ്പിച്ച ഓയിൽ വിലയുടെ എക്സൈസ് നികുതി വരുമാനം എവിടെ പോയിയെന്ന് ആർക്കും അറിവുമില്ല.

2004-ൽ ബാങ്കിൽ നിന്നും കടം എടുത്തശേഷം കടംവീട്ടാതിരുന്ന തുക 2.4 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ആ തുക 2018 ആയപ്പോൾ 9.5 ലക്ഷം കോടിയായി വർദ്ധിച്ചു.  ബാങ്കിന്റെ കടങ്ങൾ വീട്ടാത്ത കോർപ്പറേഷനുകൾ വരെ ഇതിലുൾപ്പെടുന്നു. 2014 മുതൽ കോടികൾ ബാങ്കുകളെ പറ്റിച്ച വ്യജവെട്ടിപ്പുകാരുണ്ട്. 17,789 കോടിയോളം രൂപ അവർ ബാങ്കുകളെ പറ്റിച്ച് മുങ്ങി നടക്കുന്നു. ഫോർബ്സ് മാഗസിന്റെ അഭിപ്രായത്തിൽ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ അഴിമതിരാജ്യമായി കരുതുന്നു. ഡൈമണ്ടു വ്യവസായി 'നിരവ് മോദി' പഞ്ചാബ് നാഷണൽ ബാങ്കിനെ പതിമൂവായിരം കോടി രൂപ പറ്റിച്ച ശേഷം രാജ്യം വിട്ടു. അതുപോലെ ബഹുകോടികളുടെ ആസ്തിയുണ്ടായിരുന്ന 'ലളിത് മോദിയും' 'വിജയ് മല്ലയ്യയും'  കൊള്ളകൾ നടത്തിയ ശേഷം വിദേശങ്ങളിൽ താമസിക്കുന്നു.

സിറിയയിലും ഇറാനിലും പ്രശ്നങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെ അഭിപ്രായങ്ങൾ ആരും ഗൗരവമായി ഗൗനിച്ചില്ല. 2015-ൽ ഇന്ത്യ നേപ്പാളിനെതിരെ ഉപരോധം ഏർപ്പെടുത്തിയത് നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കാൻ സഹായിച്ചു. ഇറാനും ഇന്ത്യയോട് അകന്ന് പല പദ്ധതികൾക്കായും ചൈനയെ ആശ്രയിക്കുന്നു. മോദിയുടെ ഏറ്റവും വലിയ പരാജയം പാക്കിസ്ഥാൻ നയമാണ്. സർജിക്കൽ സ്ട്രൈക്ക്, കാശ്മീരിലെ നയപരിപാടികളുടെ  പരാജയം എന്നിവകൾ മോദിയുടെ പരാജയമായി കാണിക്കുന്നു. കൂടെ കൂടെയുള്ള അതിർത്തിയിലെ വെടിവെപ്പുകൾ  നമ്മുടെ ചെറുപ്പക്കാരായ നിരവധി പട്ടാളക്കാർ അതിർത്തിയിൽ മരിക്കുന്നതിനു കാരണമാകുന്നു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥകൾ ഏറ്റവുമധികം കുത്തഴിഞ്ഞത് മോദിയുടെ കാലത്താണ്. ചരിത്രത്തിൽ ആദ്യമായി നാലു സുപ്രീം കോടതി ജഡ്ജിമാർ കോടതിയുടെ നടത്തിപ്പിനെപ്പറ്റിയും ക്രമക്കേടുകളെപ്പറ്റിയും വിവരിച്ചുകൊണ്ട് വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നു. അമിത് ഷായെപ്പറ്റി അന്വേഷണം നടത്തിക്കൊണ്ടിരുന്ന 'ജഡ്ജ് ലോയയുടെ' മരണത്തിലും ദുരൂഹതകളുണ്ട്. ജഡ്ജിയുടെ മരണത്തിനെ സംബന്ധിച്ചുള്ള കോടതി തീരുമാനങ്ങളിൽ അതൃപ്തരായ പ്രതിപക്ഷങ്ങൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ 'ഇമ്പിച്ച്' ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യ സുരക്ഷാ സംവിധാനങ്ങളിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെയിടയിൽ വളരെയധികം താഴ്ന്ന നിലവാരം പുലർത്തുന്നു. 195 രാജ്യങ്ങളുടെ സ്ഥിതിവിവരകണക്കുകളനുസരിച്ച് ഇന്ത്യയുടെ സ്ഥാനം ആരോഗ്യ രക്ഷയിൽ നൂറ്റിനാല്പത്തിയഞ്ചാം (145) സ്ഥാനത്താണ്. ആരോഗ്യ പരിപാലനത്തിൽ ഇന്ത്യ നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ബംഗ്ളാദേശ്, ശ്രീ ലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ പിന്നിലാണെന്നുള്ളതും വസ്തുതയാണ്.  മെഡിക്കൽ സൗകര്യങ്ങളും തക്കതായ സമയത്ത് സേവനവും ലഭിക്കാഞ്ഞതുകൊണ്ടും കൃത്രിമ  ഓക്സിജൻ നൽകാഞ്ഞതുകൊണ്ടും 'ബാബ രാഘവ് ദാസ്' ഗോരഖ്‌പൂർ മെഡിക്കൽ കോളേജിൽ 60 കുഞ്ഞുങ്ങൾ മരിച്ചു. ശരിയായ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവമാണ് കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായത്.

രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ കൂടി കടന്നുപോവുമ്പോൾ തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുമ്പോൾ, കൃഷി വിഭവങ്ങൾക്ക് വിലയില്ലാതെ കൃഷിക്കാർ ആത്മഹത്യ ചെയ്യുമ്പോൾ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പറഞ്ഞു പട്ടേലിന്റെ പ്രതിമയ്ക്ക് 3000 കോടി രൂപ മുടക്കി. മുംബയിൽ ശിവാജിയുടെ പ്രതിമയ്ക്ക് 2500 കോടി രൂപയും, അയോധ്യയിലെ രാമൻ സ്റ്റാച്ച്യു വിനു 330 കോടി രൂപയും ചിലവാക്കി. കൂടാതെ പരസ്യത്തിന് തന്നെ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 4343 കോടി രൂപ സർക്കാർ ചിലവാക്കി.

പ്രകൃതിയോട് യാതൊരു സ്നേഹവും ഇല്ലാത്ത ഒരു സർക്കാരാണ് മോദിയുടേത്. പരിസ്ഥിതി പരിപാലിക്കുന്ന 180 രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റി എഴുപത്തിയേഴാമതായി(177) നിലകൊള്ളുന്നു. കേസുകളൊന്നും വരില്ലന്നുള്ള ധൈര്യത്തിൽ പ്രകൃതി വിഭവങ്ങൾ മുഴുവൻ ചൂഷണം ചെയ്യുന്നു. വന്യവിഭവങ്ങൾ കൊള്ളയടിക്കാനും പാറകൾ പൊട്ടിക്കാനും നദിതീരങ്ങളിൽനിന്ന് മണൽ വാരാനും ജലാശയങ്ങൾ മലിനമാക്കാനും ചില രാഷ്ട്രീയ പാർട്ടികളുടെ ഒത്താശകളുമുണ്ട്. ഫാക്റ്ററി പ്രവർത്തനങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം വളരെ ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യുന്നു. യമുനയിലും ഗംഗയിലും മാലിന്യങ്ങളുടെ കൂമ്പാരം നിറഞ്ഞിരിക്കുന്നു.

കഴിഞ്ഞ നാലുവർഷങ്ങളായി മോദി സർക്കാർ  ജനാധിപത്യ മൂല്യങ്ങളെ തീവ്ര ദേശീയതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. മതേതരത്വം ബിജെപിയുടെ ആശയ സംഹിതകളിൽ ഉൾപ്പെട്ടിരുന്നില്ല. ഇന്ത്യയുടെ ആത്മാവിൽ മുളച്ചുയർന്ന സഹിഷ്ണതയ്ക്ക് കളങ്കം വരുത്തിക്കൊണ്ട് പുതിയൊരു ജനം ഹിന്ദുത്വ ചിന്താഗതികളെ സ്വാഗതം ചെയ്തു. പുതിയ തലമുറകളും ആ ഒഴുക്കിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടെനിന്ന് നാം എങ്ങോട്ടു പോവുന്നുവെന്നുള്ളതും വലിയൊരു ചോദ്യ ചിഹ്നമാണ്. കഴിഞ്ഞ നാലുവർഷങ്ങളായി മോദിഭരണം നീങ്ങുന്നത് ആർ എസ് എസ് കാഴ്ച്ചപ്പാടിലൂടെയായിരുന്നു. അവർ വാസ്തവത്തിൽ ജനകീയ രാഷ്ട്രീയത്തിൽ വിശ്വസിച്ചിരുന്നില്ല.  സാമ്പത്തിക പദ്ധതികളിലും ഫാസിസത്തിന്റെ അടിസ്ഥാനങ്ങളിലുമായിരുന്നു വിശ്വസിച്ചിരുന്നത്. 'ഹിന്ദു രാഷ്ട്ര' എന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. അത് ജനാധിപത്യ മൂല്യങ്ങൾക്കും എതിരായി നിലകൊള്ളുന്നു.

ഇന്ത്യൻ ജനാധിപത്യം 'ഹിന്ദുത്വ' രാഷ്ട്രീയ ചിന്താധാരയിൽ തകിടം മറിഞ്ഞ കുത്തനെയുള്ള ഒരു മല പോലെയാണ്. 'ഹിന്ദു രാഷ്ട്രം' എന്ന രാഷ്ട്രീയ സിദ്ധാന്തം രാജ്യത്തെ നൂറ്റാണ്ടുകൾ പിന്തിരിപ്പിക്കുമെന്നുള്ളതാണ് സത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019-ലെ തിരഞ്ഞെടുപ്പുവഴി അധികാരത്തിൽ വന്നാൽ 'റാഫേൽ' പോലുള്ള അഴിമതികൾ വെറും കെട്ടുകഥകളായി മാറും. ഇന്ത്യയുടെ സമ്പദ്ഘടന തന്നെ ഇന്ന് അമ്പാനിമാരുടെ കൈകളിലാണ്. രണ്ടോ മൂന്നോ വ്യക്തികൾ തീരുമാനിച്ചാൽ ഇന്ത്യ സർക്കാരിനെ തന്നെ മുൾമുനയിൽ നിർത്താമെന്നുള്ള സ്ഥിതിവിശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നു കൂടിയിട്ടുണ്ട്.













No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...