Thursday, April 11, 2019

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയും കറുത്ത ചരിത്ര താളുകളും 1



ജോസഫ് പടന്നമാക്കൽ

മഹാത്മാ ഗാന്ധിയെ വധിച്ച ഭീകരനായ മതഭ്രാന്തൻ നാഥുറാം ഗോഡ്‌സെയെപ്പറ്റിയുള്ള ഒരു പഠനമാണ് ലേഖനത്തിന്റെ ഉള്ളടക്കം. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെ ഇന്നും തീവ്രവാദിയായും വിവാദ പുരുഷനായും അറിയപ്പെടുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിൽ, കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയത്തിൽ ഹിന്ദുത്വ തീവ്ര ചിന്തകൾ അയാളെ ഭ്രാന്തു പിടിപ്പിച്ചിരുന്നു. മുസ്ലിമുകളോടുള്ള ഗോഡ്സേക്കുള്ള അടങ്ങാത്ത വിരോധം ഗാന്ധി വധം വരെയെത്തി.


ഗാന്ധി വധത്തിൽ ഗുഢാലോചനയുൾപ്പടെ പന്ത്രണ്ടിൽപ്പരം കുറ്റാരോപിതരുണ്ട്. അവരിൽ നാരായൺ ആപ്‌തെയെയും നാഥുറാം ഗോഡ്‌സയെയും മരണശിക്ഷക്ക് വിധിച്ചു. അനുജൻ ഗോപാൽ ഗോഡ്സെയ്ക്കും മദൻ ലാൽ പാഹ്വായ്ക്കും ജയിൽശിക്ഷ കിട്ടി. ഗോപാൽ ഗോഡ്‌സെ ഒരു ഡസനിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 'ഗാന്ധി മരിക്കുന്നതിന് മുമ്പ് 'രാം രാം' എന്ന് പറഞ്ഞില്ലെന്ന്' ഗോപാല ഗോഡ്‌സെ പറയുന്നു. അത് ഗാന്ധിയെ വിശുദ്ധനാക്കുന്നതിന് സർക്കാർ കളിച്ച നാടകമെന്നാണ്  ടൈം മാഗസിനുള്ള ഇന്റർവ്യൂവിൽ ഗോപാൽ ഗോഡ്‌സെ പറഞ്ഞത്. 'ഗാന്ധിയുടെ കൊലപാതകവും ഞാനും' എന്ന അദ്ദേഹത്തിൻറെ പുസ്തകം പ്രസിദ്ധമാണ്. ജയിൽ വാസത്തിനുശേഷം പുസ്തകങ്ങളിൽനിന്നും കിട്ടിയ വരുമാനം കൊണ്ടായിരുന്നു ഗോപാൽ ഗോഡ്‌സെയുടെ  കുടുംബം പിൽക്കാലങ്ങളിൽ കഴിഞ്ഞിരുന്നത്.


ഗാന്ധി വധം പരിശോധിച്ചാൽ സവർക്കറും സംഘവും നടത്തിയ ഗൂഢാലോചനയും   വധത്തിനു പിന്നിലെന്ന് കാണാം. 1948-ൽ 'സവക്കർ' ഗാന്ധി വധ കേസിൽ പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. എന്നാൽ 1965-ൽ പുറത്തുവന്ന കപൂർ കമ്മീഷന്റെ റിപ്പോർട്ടിൽ സവർക്കാരിന്റെ ഗാന്ധി വധ പങ്കിനെപ്പറ്റി വ്യക്തമായി കമ്മീഷന്റെ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.


ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയതുമൂലം രാജ്യത്തിനുള്ളിലും രാജ്യാന്തര തലങ്ങളിലും 1940-നു ശേഷം മഹാത്മാ ഗാന്ധി പ്രസിദ്ധനായി തീർന്നിരുന്നു. ഇന്ത്യൻ    സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്രമ രഹിതമായ അദ്ദേഹത്തിൻറെ നേതൃത്വം ആയിരക്കണക്കിന് അനുയായികളെ ആകർഷിച്ചിരുന്നു. ഗാന്ധിജിയുടെ നയങ്ങളും വിശ്വാസങ്ങളും എതിരാളികൾ ഇഷ്ടപ്പെട്ടിരുന്നില്ല.


1910 മെയ് പത്തൊമ്പതാം തിയതി രാമചന്ദ്ര വിനായക് ഗോഡ്‌സെയുടെയും ലക്ഷ്മിയുടെയും മകനായി ചിത്പവൻ ബ്രാഹ്മണ കുടുംബത്തിൽ നാഥുറാം ഗോഡ്‌സെ ജനിച്ചു. ഗോഡ്‌സെ അസാധാരണ വ്യക്തിത്വമുള്ള മനുഷ്യനായി വളർന്നു. ഒരു യാഥാസ്ഥിതിക ഓർത്തോഡോക്സ് ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ച അഞ്ചാമത്തെ കുഞ്ഞായിരുന്നു അയാൾ. ഗോഡ്‌സെയുടെ മൂന്നു സഹോദരന്മാർ ജനനത്തോടെ മരിച്ചു പോയിരുന്നു. ഒരു സഹോദരി മാത്രം ജീവിച്ചതുകൊണ്ട് ആൺക്കുട്ടികൾ ആ കുടുംബത്ത് വാഴില്ലെന്നും അവർക്ക് ദൈവകോപമോ ശാപമോ കിട്ടിയിട്ടുണ്ടെന്നും വിശ്വസിച്ചിരുന്നു. അതിൽനിന്നും നിന്നും മുക്തി നേടാൻ കുട്ടിയെ പെണ്ണായി വളർത്തി. രാമചന്ദ്ര എന്ന് പേര് നൽകുകയും മൂക്ക് കിഴിച്ച് മൂക്കുത്തി ധരിപ്പിക്കുകയും ചെയ്തു. പേര് 'രാം' എന്ന് ചുരുക്കി. എന്നാൽ  മാതാപിതാക്കൾ നാഥുറാം എന്ന് വിളിച്ചു. പേരിന്റെ അർത്ഥം മൂക്കുകുത്തി ധരിക്കുന്ന രാമനെന്നാണ്. അവസാനം  ഒരു ഇളയ സഹോദരൻ ജനിച്ചപ്പോൾ മുതൽ ഗോഡ്‌സെയെ ആൺക്കുട്ടിയായി പരിഗണിക്കാൻ  തുടങ്ങി.


ആത്മാക്കളുമായി സംസാരിക്കാനുള്ള അമാനുഷികമായ ഒരു ശക്തി വിശേഷം നാഥുറാം ഗോഡ്സയിലുണ്ടെന്നും  കുടുംബത്തിലുള്ളവർ കരുതിയിരുന്നു. കുഞ്ഞായിരുന്നപ്പോൾ ഗോഡ്സെക്ക് പ്രവചന വരം ഉണ്ടെന്ന് മാതാപിതാക്കൾ വിശ്വസിച്ചിരുന്നു. കുടുംബ ദേവതയുടെ മുമ്പിൽ നീണ്ട മണിക്കൂറുകളോളം ഗോഡ്‌സെ സമാധിയിരിക്കുമായിരുന്നു. മാതാപിതാക്കളുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചും സന്തോഷിപ്പിച്ചും കൗമാര കാലങ്ങൾ കഴിച്ചുകൂട്ടി. കുടുംബ പ്രതിഷ്ട നടത്തിയിരുന്ന ദൈവത്തിൽനിന്ന് മയക്കത്തിൽ ദർശനങ്ങൾ ലഭിക്കാറുണ്ടെന്നും അവരെ വിശ്വസിപ്പിച്ചിരുന്നു. ആന്തരിക ചൈതന്യത്തിൽനിന്നും ലഭിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ടു ചില സന്ദേശങ്ങളും അവർക്കു നൽകിയിരുന്നു.


പെൺക്കുട്ടിയായി വളർത്തിയെങ്കിലും ഗോഡ്‌സെ കായിക വിനോദങ്ങളിൽ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. കൂടാതെ വായനയിലും താൽപ്പര്യപ്പെട്ടിരുന്നു. എങ്കിലും പഠിക്കാൻ അത്ര സമർത്ഥനായിരുന്നില്ല.  അക്കാലത്ത് അയാൾ ഗാന്ധിജിയുടെ ആശയങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള നിസഹകരണ പ്രസ്ഥാനത്തിലും തല്പരനായിരുന്നു. സഹോദരൻ ഗോപാലും ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലങ്ങളിൽ  ഗാന്ധി ഗോഡ്‌സെയുടെ ഹീറോയായിരുന്നുവെന്ന് ഗോപാൽ പറയുമായിരുന്നു. പൂനയിൽ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഗോഡ്‌സെയിൽ ദേശീയ വികാരങ്ങളും പ്രകടമാകാൻ തുടങ്ങി. ഗാന്ധിജിയുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങളും ആകർഷിച്ചിരുന്നു. അദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷയിൽ പരാജിതനായി. അക്കാലത്ത് സർക്കാർ ജോലിക്ക് മെട്രിക്കുലേഷൻ ആവശ്യമായിരുന്നു. അതിനുശേഷം വിദ്യാഭ്യാസം അവസാനിപ്പിക്കുകയും മരപ്പണി തൊഴിലായി സ്വീകരിക്കുകയും ചെയ്തു.


പത്തൊമ്പതാം വയസിൽ അദ്ദേഹത്തിൻറെ പിതാവിനൊപ്പം രത്‌നഗിരിയിൽ താമസമാക്കി. അവിടെ താമസിക്കുന്ന  കാലഘട്ടത്തിൽ ഗോഡ്‌സെയുടെ ജീവിതം എന്നും മാറ്റങ്ങൾ ഉൾപ്പെട്ടതായിരുന്നു. വിനായക സവെക്കറിന്റെ ചിന്തകൾ ഗോഡ്സയിൽ സ്വാധീനമുണ്ടാക്കിയിരുന്നു. ബ്രിട്ടീഷ്കാർക്കെതിരെ സായുധ വിപ്ലവം നടത്തിയതിന് സവർക്കറിനെ അമ്പത് കൊല്ലം ശിക്ഷിക്കുകയൂം പിന്നീട് വഴികളിൽകൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തിരുന്നു. സവർക്കർ ഹിന്ദുത്വ ആശയങ്ങൾക്ക് രൂപം കൊടുത്തിരുന്നു. മുസ്ലിമുകളുമായി അധികം സഹകരിക്കാതെ ഒരു ഹൈന്ദവ തിയോക്രാറ്റിക്ക് രാജ്യം വിഭാവന ചെയ്തു.


ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തുള്ള രത്‌നഗിരി എന്ന പട്ടണത്തിൽ ഗോഡ്‌സെയുടെ കുടുംബം 1929-ൽ താമസമാക്കിയ കാലം മുതൽ അദ്ദേഹത്തിൻറെ  ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങി. അന്ന് ഗോഡ്‌സെയുടെ പ്രായം പത്തൊമ്പത് വയസ്സ്. വിനായക് ദാമോദർ സവർക്കറിൽ ഗോഡ്‌സെ വൈകാരികമായി അടുത്തതും ആരാധകനായതും അക്കാലങ്ങളിലാണ്.


മതങ്ങളക്ക് സ്വാതന്ത്ര്യം കൊടുത്തുവെങ്കിലും മുസ്ലിമുകൾക്ക് അധികം സ്വാതന്ത്ര്യം കൊടുക്കാൻ ആഗ്രഹിച്ചിരുന്നില്ല. കുറച്ചു മാസങ്ങൾ സവേക്കറിനു വേണ്ടി പ്രവർത്തിച്ച ഗോഡ്‌സെ അപ്പനോടൊപ്പം 'സാങ്കേലി' എന്ന പട്ടണത്തിലേക്ക് താമസം മാറ്റുകയും അവിടെ തയ്യൽ തൊഴിലുകൾ ചെയ്തു ഉപജീവനം നടത്തുകയും ചെയ്തു. പുതിയതായി രൂപം പ്രാപിച്ച വലതുപക്ഷ ചിന്താഗതിയോടെയുള്ള രാഷ്ട്രീയ സ്വയം സേവാ സംഘത്തിൽ (ആർ.എസ്.എസ്) ആകൃഷ്ടനാവുകയും ചെയ്തു. പിന്നീട് ഗോഡ്‌സെ ഹിന്ദു മഹാസഭയുടെ നേതാവായി.  സഭ നടത്തുന്ന പത്രത്തിന്റെ പത്രാധിപർ ചുമതലയും വഹിച്ചിരുന്നു. 1937-ൽ സാവേക്കർ നിരുപാധികം ജയിൽ വിമുക്തനായി. അദ്ദേഹത്തിൻറെ ആരാധകനായ ഗോഡ്‌സെ ഹിന്ദു മഹാസഭയിൽ പ്രവർത്തിക്കാനായി പൂനയിൽ താമസം തുടങ്ങി.


ഒരു വശത്ത് മുസ്ലിമുകൾക്ക് പ്രത്യേക രാജ്യം വേണമെന്ന് വാദിക്കുന്ന മുസ്ലിം ലീഗും മറുവശത്ത് മുസ്ലിമുകളുമായി സഹകരിക്കരുതെന്ന് വാദിക്കുന്ന ഹിന്ദു മഹാസഭയും ആർ എസ്എസും നേതൃ മണ്ഡലങ്ങളിൽ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ഗോഡ്‌സെ ആർഎസ്എസ് പ്രവത്തകനായിരുന്നു. ആർഎസ്എസ് ന്റെ നേതാവ് 'കേശവ് ഹെഡ്ഗേവാർ' മുസ്ലിമുകളോട് കടുത്ത വിരോധിയുമായി പ്രവർത്തിച്ചു. ഗാന്ധിജി, മുസ്ലിമുകളുമായി സൗഹാർദ്ദം പുലർത്തുന്നതിലും സഹകരിക്കുന്നതിലും  എതിർപ്പും പ്രകടിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ ചിന്തകളായ അഹിംസയെയും അക്രമ രാഹിത്യത്തെയും എതിർത്തിരുന്നു. ഗാന്ധി നയങ്ങൾ ഇന്ത്യൻ ജനതയുടെ ഐക്യമത്യത്തെ തകർക്കുമെന്നു ആർ എസ് എസ് വിശ്വസിച്ചിരുന്നു. ഹിന്ദു സംസ്ക്കാരത്തെ കാത്തു സൂക്ഷിക്കേണ്ടത് ഹിന്ദുക്കളെന്നും മുസ്ലിമുകളുമായ സഹകരണം രാജ്യതാല്പര്യങ്ങൾക്ക് ദോഷം ചെയ്യുമെന്നും വിശ്വസിച്ചു. ഗോഡ്‌സെ പിന്നീട് ആർ എസ് എസ് പാർട്ടി ഉപേക്ഷിച്ച് ഹിന്ദു മഹാസഭയിൽ ചേരുകയാണുണ്ടായത്.


1930-ൽ ഹൈദരാബാദിൽ ഒരു പ്രതിക്ഷേധ റാലിയിൽ സംബന്ധിച്ചതിന് ഗോഡ്‌സെയെ അറസ്റ്റു ചെയ്യുകയും ഒരു വർഷം ജയിൽ വാസം ലഭിക്കുകയും ചെയ്തു. അതിനുശേഷം മുപ്പതു വയസുകാരനായ അയാൾ ഹിന്ദുത്വയുടെ ഒരു തീവ്ര പ്രവർത്തകനായി മാറുകയായിരുന്നു. കൂടാതെ ഗാന്ധിജിയും നെഹ്രുവും നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും വലിയ വിരോധിയായി മാറി. മുസ്ലിം ലീഗിന് പാദസേവ ചെയ്യുന്ന ഒരു പാർട്ടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കണ്ടു.


ഗാന്ധിജിയുടെ മാർഗങ്ങളായ അഹിംസ സിദ്ധാന്തങ്ങളെ അപ്രായോഗികമായും നടക്കാൻ സാധിക്കാത്ത പദ്ധതിയായും വിലയിരുത്തി. അഹിംസാ വാദത്തെ ഗോഡ്‌സെ എന്നും പുച്ഛിച്ചു തള്ളിയിരുന്നു. നിത്യം ബ്രഹ്മചര്യയായി ജീവിക്കാൻ ഗോഡ്‌സെ പ്രതിജ്ഞ ചെയ്തു. പുസ്തക വായനയിൽ കൂടുതൽ സമയവും ചെലവഴിച്ചിരുന്നു. ഉന്നത കുലത്തിൽ ജനിച്ച ബ്രാഹ്മണനായിരുന്നെങ്കിലും താണ ജാതികളുമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും ജാതിവ്യവസ്ഥ  ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.


1944-ൽ ഗോഡ്സെയും അയാളുടെ സുഹൃത്ത് നാരായൺ അപ്റ്റെയും ഒന്നിച്ച് അഗ്രണി (Agrani) എന്ന ദിനപത്രം ആരംഭിച്ചു. ഹിന്ദുമഹാ സഭയുടെ ആശയങ്ങളും പാർട്ടി പ്രചരണങ്ങളുമായിരുന്നു പത്ര ധർമ്മത്തിന്റെ ലക്ഷ്യങ്ങൾ. ഹിന്ദു ദേശീയത ഉണർത്താൻ ഈ പത്രത്തിനു  കഴിഞ്ഞു. 1946-ൽ ഹിന്ദുക്കളും മുസ്ലിമുകളുമായുള്ള ലഹളകൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിന്ദുരാഷ്ട്ര എന്ന് ലക്ഷ്യം കണ്ട് പത്രത്തിന് വിശാലമായ ഓഫിസ് കണ്ടെത്തുകയും പരസ്യങ്ങളിൽക്കൂടി വരുമാനം കണ്ടെത്തുകയും ചെയ്തിരുന്നു.


1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ, ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തി മുസ്ലിം പാക്കിസ്ഥാൻ ആയി വിഭജിച്ചപ്പോൾ ദേശീയ വാദികൾ കുപിതരായിരുന്നു.  പാക്കിസ്ഥാന് കൊടുക്കാനുണ്ടായിരുന്ന ബാധ്യത ഫണ്ട് ഇന്ത്യ കൊടുക്കാതിരുന്നപ്പോൾ അതിനെതിരായി 'ഗാന്ധി', സത്യാഗ്രഹം ഇരുന്നു. അത് ഗോഡ്സയിൽ ഗാന്ധിയോടുള്ള വൈകാരികമായ പക വർദ്ധിച്ചു. 1948-ൽ 'ഗാന്ധിജി, സത്യാഗ്രഹം തുടങ്ങിയപ്പോൾ ഗോഡ്സെയും ആപ്തെയും  ഡൽഹിയിലേക്ക് ട്രെയിൻ കയറി. ഗാന്ധിജിയെ വധിക്കുന്നതിനുള്ള ഗൂഢാലോചനയ്ക്കായി മറ്റു അഞ്ചു സഹപ്രവർത്തകരെ യാത്രയിൽ കാണുകയും അവരുടെ  സഹകരണം ലഭിക്കുകയും ചെയ്തു.


ഗാന്ധി പ്രാർത്ഥിക്കുന്ന സ്ഥലം ആദ്യം ബോംബിടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ അത് സാധിക്കാതെ വരുകയും അതിൽ ഗൂഢാലോചന നടത്തിയ മദൻലാൽ പാഹ്വായെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  ഗാന്ധിവധം നടപ്പാക്കാൻ സാധിക്കാഞ്ഞതിനാൽ ഗോഡ്സെയും നാരായൺ ആപ്തെയും   ഡൽഹിക്ക് മടങ്ങി. അവർ ഒരു പിസ്റ്റൾ വാങ്ങിക്കുകയും ഗാന്ധിവധത്തിനുള്ള അവസരങ്ങൾ കാത്തിരിക്കുകയും ചെയ്തു.


1948 ജനുവരി മുപ്പതാംതിയതി സായംകാലത്തിൽ ഗാന്ധിജി തന്റെ വാസസ്ഥലത്തുനിന്നും ബിർള ഹൌസിലേക്ക് തിരിച്ചു. തന്റെ അനന്തവരുടെ മക്കളായ രണ്ടു പെൺകുട്ടികളുടെ സഹായത്തോടെ പ്രാർത്ഥനാലയത്തിലേക്ക് നടന്നു പോവുകയായിരുന്നു. 'ഗാന്ധിജിക്ക്  പ്രാർഥനക്ക് പോകാൻ സമയം കഴിഞ്ഞിരുന്നു.  ജനക്കൂട്ടത്തിൽ നിന്നും കാക്കി ഡ്രസ്സ് ധരിച്ച ഒരാൾ ഇടിച്ചു കയറി. അയാൾ അദ്ദേഹത്തിൻറെ മുമ്പിൽ കുമ്പിട്ടു. നിങ്ങൾ എന്തിന് ഗാന്ധിജിക്ക് തടസമുണ്ടാക്കുന്നുവെന്ന് മനുബേനുചോദിച്ചതായി അവർ എഴുതിയ 'ഗ്ലിമ്സസ്‌ ഓഫ് ബാപ്പു' (Glimpses of Bapu) എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നാഥുറാം ഗോഡ്‌സെ ഒരു വാക്കുപോലും ഉരിയാടാതെ മനുബേനുവിനെ തള്ളിമാറ്റിയിട്ട് ഗാന്ധിജിയുടെ ചങ്കിനിട്ടു വെടി വെച്ചു. മരിക്കുന്നതിന് മുമ്പ് ഗാന്ധി 'രാം രാം' എന്നു മാത്രമേ ഉച്ഛരിച്ചുള്ളൂവെന്നും മനുബെനു ഓർമ്മിക്കുന്നു, കുപിതരായ ജനക്കൂട്ടം പിടികൂടുന്നതിനു മുമ്പ് ഗാന്ധിജിയുടെ നെഞ്ചിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചു കയറ്റി. ഒരു മിനിറ്റുകൊണ്ട് അയാളുടെ മിഷ്യൻ വിജയകരമാവുകയും ചെയ്തു. പോലീസിന്റെ മുമ്പിൽ ഉടൻ തന്നെ ഗോഡ്‌സെ കീഴടങ്ങിയെന്നും പറയുന്നു. ജനക്കൂട്ടം ഗോഡ്‌സെയെ തല്ലി കീഴ്‌പ്പെടുത്തി പോലീസിനെ ഏൽപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.


കൊല നടത്തിയ ഗോഡ്‌സയെയും അയാളുടെ സഹകാരി നാരായൺ ആപ്തെയും  വിസ്തരിക്കുന്ന വേളയിൽ ഗോഡ്‌സെ വികാരാധീനനായി കോടതി മുമ്പാകെ 'എന്തുകൊണ്ട് താൻ ഗാന്ധിയെ വധിച്ചു'വെന്നതിനെപ്പറ്റി ഒരു പ്രസംഗം ചെയ്തിരുന്നു. പ്രസംഗ കലകളിൽ ഗോഡ്സെക്ക് മറ്റുള്ളവരുടെ ശ്രദ്ധ പറ്റുവാൻതക്ക നല്ല വാക്ചാതുര്യവുമുണ്ടായിരുന്നു. 'ഹിന്ദു മതത്തിന്റെ നിലനിൽപ്പിനും ധർമ്മവും സത്യവും കാത്തു സൂക്ഷിക്കാനും' താൻ ഗാന്ധിയെ വധിച്ചുവെന്ന് വ്യക്തമായി ഗോഡ്‌സെ പറഞ്ഞു. ഐതിഹാസിക പുരാണങ്ങളും ഗീതയും ചൂണ്ടിക്കാണിച്ച് ധർമ്മം നിലനിർത്താൻ ശക്തിയുടെ ഭാഷ ആവശ്യമെന്നും ഗാന്ധിയുടെ അഹിംസാ സിദ്ധാന്ധം അപ്രായോഗികവും നിരർത്ഥകമെന്നും ഗോഡ്‌സെ വ്യക്തമാക്കി. തെറ്റാണെങ്കിലും ശരിയാണെങ്കിലും ഗാന്ധി പറയുന്നതു മാത്രം ശരിയെന്ന് വെച്ച് അനേകർ ജയിലിൽ കിടക്കേണ്ടി വന്നു. ഗാന്ധിജി പറയുന്നതിന് എതിർവാക്കില്ലായിരുന്നു. ഗാന്ധി എന്തു പറഞ്ഞാലും കോൺഗ്രസ്സ് നടപ്പാക്കിക്കൊണ്ടിരുന്നു.


ഗോഡ്‌സെ പറഞ്ഞു, 'ഗാന്ധി നമ്മുടെ രാഷ്ട്ര പിതാവെങ്കിൽ അദ്ദേഹം മാതൃഭൂമിയോടുള്ള കടപ്പാട് നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. രാഷ്ട്രത്തെ വഞ്ചനാത്മകമായ പാതയിലായിരുന്നു നയിച്ചിരുന്നത്. രാജ്യം വിഭജിക്കാൻ നേതൃത്വം കൊടുത്തു. അദ്ദേഹത്തിലെ നിരർത്ഥകങ്ങളായ അഹിംസാ ചിന്തകൾ സർവ്വതും നീതിയുടെ ത്രാസിൽ ഉടഞ്ഞുപോയി. ഗാന്ധിജി കാത്തു സൂക്ഷിച്ചിരുന്ന മൂല്യങ്ങൾ അർത്ഥമില്ലാത്തതായിരുന്നു. ശക്തി ശൂന്യങ്ങളായിരുന്നു."


ഗോഡ്‌സെയുടെ പ്രസംഗത്തിന് അന്നത്തെ ജനങ്ങൾ വലിയ കയ്യടിയൊന്നും നൽകിയില്ല. 1948 മെയ് ഇരുപത്തിയേഴാം തിയതി ഗാന്ധി വധം സംബന്ധിച്ച വിസ്താരം ആരംഭിച്ചു. 1949 ഫെബ്രുവരി പത്താം തിയതി കേസിന് തീരുമാനമായി. ഗോഡ്‌സെയെ മരണശിക്ഷക്ക് വിധിച്ചു.   പഞ്ചാബ് ഹൈ കോർട്ടിലും പിന്നീട് സിംല കോടതിയിലും അപ്പീൽ കൊടുത്തിട്ടും കീഴ്കോടതി വിധികളെ ശരിവെക്കുകയായിരുന്നു. 1949 നവംബർ പതിനഞ്ചാം തിയതി ഗോഡ്‌സയെയും അദ്ദേഹത്തിന്റെ സഹകാരി നാരായൺ അപ്തെയെയും  അമ്പാല ജയിലിൽ തൂക്കിക്കൊന്നു. ഗോഡ്‌സെയുടെ ആരാധകർ കോടതിയിൽ വെച്ചു അയാൾ പറഞ്ഞതായ വാക്കുകൾ പിൽക്കാലത്ത് തപ്പിയെടുത്തു.


1993-ൽ 'എന്തുകൊണ്ട് മഹാത്മാ ഗാന്ധിയെ വധിച്ചുവെന്ന്' ഒരു കയ്യെഴുത്തു പ്രതി തയ്യാറാക്കി പ്രസിദ്ധീകരിച്ചു. പിന്നീട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദേശീയ വാദികൾ ഗോഡ്സെയുടെ ആരാധകരായി തീർന്നു.  2014-ൽ ഒരു പാർലമെന്റ് അംഗം അയാളെ  സ്വരാജ്യസ്നേഹി എന്ന് സംബോധന ചെയ്തു പ്രസംഗിച്ചു. ഗോഡ്‌സെയുടെ ഒരു പ്രതിമ സ്ഥാപിക്കാനും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. എങ്കിലും  ഭൗതികാവശിഷ്ടം അടങ്ങിയ ഗോഡ്‌സെയുടെ ചാരം ഇന്നും സൂക്ഷിക്കുന്നു. പാക്കിസ്ഥാൻ ഉൾപ്പടെ ഇന്ത്യ ഒന്നാകുന്ന കാലത്ത് ചാരം സിന്ധു നദിയിൽ ഒഴുക്കണമെന്നും ഗോഡ്‌സെയുടെ മരണപത്രത്തിൽ എഴുതിയിട്ടുണ്ട്.  സഹോദര പുത്രൻ ചാരം ഭദ്രമായി സംരക്ഷിക്കുന്നു.


ഗോഡ്‌സെയുടെ ആദർശങ്ങൾ ഹിന്ദു മഹാസഭ ഇന്നും അംഗീകരിക്കുന്നു. ഗോഡ്‌സെ മരിച്ച ദിവസത്തെ അനുയായികൾ ഗോഡ്‌സെ ദിനമായി ആചരിക്കാറുണ്ട്. അടുത്തയിടെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് വിജയ കുമാർ പറഞ്ഞു, 'നാഥുറാം ഗോഡ്‌സെ ദേശസ്നേഹിയും ഹിന്ദു മഹാസഭയുടെ അഭിമാനമായിരുന്നു. ഞങ്ങൾ അദ്ദേഹത്തിൻറെ ആശയങ്ങൾ പിന്തുടരുന്നവരും.' ഗോഡ്‌സെ പറയുമായിരുന്നു, "എന്റെ ഭാവി നശിച്ചെങ്കിലും ഗാന്ധിയെ വധിച്ചതോടെ എന്റെ രാഷ്ട്രം രക്ഷപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു." ഗോഡ്സെക്ക് വിധിച്ച തൂക്കിക്കൊല റദ്ദാക്കാൻ ഗാന്ധിയുടെ മക്കൾ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 'താൻ കൊല ചെയ്യപ്പെടുകയാണെങ്കിൽ തന്റെ ഘാതകർക്ക് മാപ്പ് കൊടുക്കണമെന്ന്' ഗാന്ധിജി ജീവിച്ചിരുന്നപ്പോൾ പറയുമായിരുന്നു.


കേന്ദ്രഭരണം കിട്ടിയ ശേഷം ബിജെപിയും ആർഎസ്എസും ഗോഡ്‌സെയെ പരിപൂർണ്ണമായി പിന്താങ്ങാൻ ഭയപ്പെടുന്നു. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ നാടുമുഴുവൻ വ്യാപിക്കുമെന്നറിയാം. എങ്കിലും ഇന്നുള്ള അനേകായിരം യുവജങ്ങൾ ഗോഡ്സെയുടെ ആശയങ്ങളെ അനുകൂലിക്കുന്നവരാണ്.

തുടരും: (ഭാഗം 1 -2) 
Gopal Godse






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...