ജോസഫ് പടന്നമാക്കൽ
ശ്രീ വേറ്റം ഈ ഗ്രന്ഥത്തിലൂടെ തന്റെ അനുഭവകഥകളുടെ തുടക്കമിടുന്നത് ഇന്ത്യൻ വൈമാനിക സേനയിൽ പ്രവർത്തിച്ചിരുന്ന നാളുകൾ മുതലാണ്. അന്നും ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. നാടക രചനയിലും സംവിധാനം ചെയ്യുന്നതിലും അഭിനയിക്കുന്നതിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും എഴുത്തിന്റെ ലോകത്തിൽ അദ്ദേഹം നേടിയിട്ടുണ്ട്. മാനുഷിക മൂല്യങ്ങളിൽ മുറുകെ പിടിച്ചുകൊണ്ട് ആദർശ ധീരനായി സ്വന്തം സമുദായത്തിനും ആരാധിക്കാനുള്ള പള്ളി നിർമ്മാണത്തിനും വേണ്ടി പ്രവർത്തിച്ച ത്യാഗോജ്വലമായ ഒരു ചരിത്രം ഭാവനാധീതമായി ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. ഒപ്പം ജീവിച്ചതും സഞ്ചരിച്ചതുമായ സ്ഥലങ്ങളിലെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും പ്രകൃതി ഭംഗിയും നന്മതിന്മകൾ കോർത്തിണക്കിയ സഹകാരികളും പ്രവർത്തകരുമടങ്ങിയ ഒരു ചെറിയ ലോകം തന്നെയാണ് ഈ ഗ്രന്ഥം.
യാക്കോബായ, മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന കലഹങ്ങളും നേതൃത്വമത്സരങ്ങളും ഗ്രന്ഥകാരന്റെ മനസിനെ അഗാധമായി വേദനിപ്പിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കൻ മണ്ണിലും പ്രതിഫലിച്ചിരുന്നു. സഭാതത്ത്വങ്ങളിലും ആശയപരമായ ഐക്യത്തിലും ഒന്നായി ജീവിച്ചിരുന്ന രണ്ടു സഹോദര സഭകൾ തമ്മിലുള്ള പരസ്പ്പര മത്സരങ്ങൾ ക്രിസ്തീയ ചൈതന്യത്തിനു തന്നെ മങ്ങലേൽപ്പിച്ചിരിക്കുന്നതായി കാണാം. സഭകൾക്കുള്ളിൽത്തന്നെ മൂല്യ തകർച്ചകളും വന്നിരിക്കുന്നു. കുതികാൽ വെട്ട്, പരസ്പരമുള്ള ചതി, വഞ്ചന, പ്രതികാര ദാഹങ്ങൾ, പണം തട്ടിപ്പ്, കോടതി വ്യവഹാരങ്ങൾ, കള്ളക്കേസുകൾ, അപവാദം പ്രചരിപ്പിക്കൽ, പുരോഹിത കൗശലങ്ങൾ, അവരുടെ ധനം മോഹം, പൗരാഹിത്യത്തിലെ അധികാര വടം വലികൾ എന്നിങ്ങനെ ഗ്രന്ഥകാരൻ തന്റെ പുസ്തകത്തിൽ അർഹമായ ഗൗരവത്തോടെ അക്ഷരങ്ങളെ കുറിച്ചിരിക്കുന്നു. ശത്രുക്കളിൽ നിന്നുള്ള അപവാദങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയപ്പോഴും ആദർശ നൈപുണ്യം നിറഞ്ഞ ശ്രീ ജോൺ വേറ്റത്തിനെ നയിച്ചിരുന്നത് ഒന്നല്ല ഏഴു പ്രാവിശ്യം ക്ഷമിക്കണമെന്ന ക്രൈസ്തവ മൂല്യങ്ങളിലുള്ള തത്ത്വചിന്തകളായിരുന്നു. അത് ഈ പുസ്തകത്തിലെ ഓരോ താളുകളിലും പ്രതിഫലിക്കുന്നുമുണ്ട്.
യാക്കോബായ, മലങ്കര ഓർത്തോഡോക്സ് സഭകൾ തമ്മിലുള്ള വഴക്ക് അരനൂറ്റാണ്ടുകളിൽപ്പരം പഴക്കമുണ്ട്. അവസാനം സുപ്രീം കോടതിയുടെ തീരുമാനത്തിലാണ് ഈ സഹോദര സഭകൾ തമ്മിലുള്ള കലഹത്തിന് ഒരു തീർപ്പുണ്ടായത്. ഇന്ന് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് സഭ മലങ്കര സഭയുടെ ഭാഗമല്ല. അവർക്ക് വെന്തിക്കൊസുകാരെപ്പോലെ സ്വതന്ത്രസഭയോ മലങ്കര സഭയോട് യോജിക്കുകയോ വേണം. സത്യം ആരുടെ പക്ഷത്തെന്നുള്ള വസ്തുത കണ്ടെത്താനും പ്രയാസമാണ്. സഭയ്ക്കുള്ളിലെ വഴക്കുകൾ ഉദയംപേരൂർ സൂനഹദോസ് മുതൽ തുടങ്ങിയതാണ്. ഉദയംപേരൂർ സൂനഹദോസിൽ മലബാർ കോസ്റ്റിലുള്ള സുറിയാനി ക്രിസ്ത്യാനികൾക്കായി ചില നിയമങ്ങൾ ഉണ്ടാക്കിയിരുന്നു. അന്ന് കത്തോലിക്കരുമായി ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു നിയമമായിരുന്നു രചിച്ചിരുന്നത്. എന്നിരുന്നാലും റോമ്മാ മാർപാപ്പായുടെ നിയന്ത്രണത്തിൽ വന്ന ക്രിസ്ത്യാനികളിൽ നിന്നും സിറിയൻ ഓർത്തോഡോക്സ് സഭകൾ വിഭജിക്കുകയാണുണ്ടായത്. അവർ റോമ്മാ മാർപാപ്പായ്ക്ക് പകരം തങ്ങളുടെ സഭ അന്ത്യോഖ്യ പാത്രീയാക്കീസിന് കീഴിലെന്നു പ്രഖ്യാപിച്ചു.
1910-ൽ മലങ്കര സഭ വീണ്ടും രണ്ടായി വിഭജിച്ചു. ഒരു ഗ്രൂപ്പ് അന്ത്യോഖ്യ പാത്രീയാർക്കീസിന്റ് കീഴിൽ സഭാ ഐക്യം പ്രഖ്യാപിച്ചു. അവരെ ബാവാ കക്ഷി അല്ലെങ്കിൽ യാക്കോബായ സുറിയാനി സഭയെന്നു വിളിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് കോട്ടയം ആസ്ഥാനമാക്കി ഭദ്രാസനം സ്ഥാപിച്ചു. അവരെ മെത്രാൻ കക്ഷി അല്ലെങ്കിൽ കേരള മലങ്കര ഓർത്തോഡോക്സ് സഭയെന്നു വിളിച്ചു. 1934 വരെ ഇരുസഭകളിലും കാര്യമായ കലഹമുണ്ടായിരുന്നില്ല. 1934-ൽ രണ്ടു വിഭാഗങ്ങളും യോജിച്ച് കോട്ടയത്തെ ബസേലിയോസ് ഗീവർഗീസ് കാതോലിക്കായെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ താൽക്കാലികമായി ഇരുകൂട്ടരും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കിയിരുന്നു. അന്ത്യോഖ്യ പാത്രിയാക്കീസിന്റെ നേതൃത്വം അംഗീകരിക്കാത്ത ഓർത്തോഡോക്സ് ക്രിസ്ത്യാനികളായിരുന്നു ഉടമ്പടി എഴുതിയുണ്ടാക്കിയത്. അധികാരം കോട്ടയത്തുള്ള ബാവായിൽ നിക്ഷിപ്തമാകണമെന്നും അവർ ആഗ്രഹിച്ചു. എന്നിരുന്നാലും അന്ത്യോഖ്യ പാത്രിയാക്കീസിനെയും പിന്താങ്ങുന്നുവെന്നു അവർ ബുദ്ധിപൂർവം ഉടമ്പടിയിൽ ഒപ്പു വെച്ചിരുന്നു. പിന്തുണയുണ്ടെങ്കിലും മലങ്കര സഭകൾ അന്ത്യോഖ്യ പാത്രിയാർക്കീസിന്റെ അധികാരത്തിനു കീഴിലെന്ന വ്യവസ്ഥയുണ്ടായിരുന്നില്ല. പാത്രിയാർക്കീസിന് താൽക്കാലിക അധികാരം മാത്രമേയുള്ളുവെന്നും എഴുതിയിട്ടുണ്ടായിരുന്നു. അക്കാലത്ത് വിവരങ്ങൾ വ്യക്തമായി മനസിലാകാതെ യാക്കോബായക്കാരും ഉടമ്പടിയിൽ ഒപ്പുവെച്ചു.
1970 മുതൽ ബന്ധങ്ങൾ വഷളാവാൻ തുടങ്ങി. കേരളത്തിലെ സഭാകാര്യങ്ങളിൽ അന്ത്യോഖ്യ പാത്രീയാർക്കീസ് അമിതമായി ഇടപെടാൻ തുടങ്ങി. 1974-ൽ അന്ത്യോഖ്യ പാത്രീയാർക്കീസിന്റെ സ്വന്തം ഇഷ്ടപ്രകാരം മൂന്നു ബിഷപ്പുമാരെ വാഴിച്ചു. അത് ഇരു സഭകളിലും കോലാഹലങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ഇരുകൂട്ടരും തെരുവിലും തമ്മിൽ തല്ലാനും തുടങ്ങി. നൂറ്റാണ്ടുകളായി പൊതുവായിരുന്ന പള്ളികളും രണ്ടു ചേരികളായി പിടിച്ചെടക്കാൻ തുടങ്ങി. 1995-ൽ കേസ് സുപ്രീം കോടതിയിൽ എത്തി. 1934-ൽ ഇരുസഭകളുമുണ്ടാക്കിയ ഉടമ്പടി മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് അനുകൂലമായി വന്നു. എല്ലാ പള്ളികളും ഭരിക്കേണ്ടത് മലങ്കര ഓർത്തോഡോക്സ്! സഭയെന്നും കോടതി വിധിച്ചു.
2002-ൽ അന്ത്യോഖ്യാ പാത്രിയാർക്കീസിനെ പിന്താങ്ങിയവർ എറണാകുളം ഡിസ്ട്രിക്റ്റിലുള്ള പുത്തൻ കുരിശിൽ സമ്മേളിക്കുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെന്ന് നാമകരണം ചെയ്യുകയും ചെയ്തു. അവർക്കായി തന്നെ ഒരു നിയമാവലിയും തയാറാക്കി. ഓർത്തോഡക്‌സ് പള്ളികൾ കോട്ടയം ദേവലോക അരമന കേന്ദ്രമായും യാക്കോബായ സഭ എറണാകുളം പുത്തൻകുരിശ്ശ് കേന്ദ്രമായും പ്രവർത്തിച്ചു. ഇരു സഭകളിലുമുള്ള പരസ്‌പര യുദ്ധം നീണ്ട വർഷങ്ങളോളം തുടർന്നു. പള്ളികൾ പൂട്ടേണ്ടി വന്നു. കോലഞ്ചേരി പള്ളി വർഷങ്ങളായി പൂട്ടി കിടക്കുന്നു.
അമേരിക്കയിലെ പ്രഥമ പള്ളിയായ സെന്റ് ഗ്രിഗോറിയസ് ഓർത്തോഡോക്സ് പള്ളിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളാണ് ഗ്രന്ഥകാരൻ. അതിനുള്ള തെളിവുകൾ ഇൻകോർപറേറ്റ് ചെയ്ത രേഖകൾ തന്നെയാണ്. ഇത്തരം ഒരു മഹാസംരഭം ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ വളരെയേറെ മാനസികവും ശാരീരികവുമായ ആഘാതം സൃഷ്ടിക്കുന്നവയായിരുന്നു. വിസ്മൃതിയിൽ മറഞ്ഞുപോയ നിരവധി സംഭവങ്ങൾ അതേപടി അദ്ദേഹം ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്.
ശ്രീ വേറ്റത്തിന്റെ ഗ്രന്ഥം അമേരിക്കയിൽ വന്നെത്തിയ ആദ്യ മലയാളി കുടുംബങ്ങളുടെ കുടിയേറ്റ ചരിത്രം കൂടിയാണ്. ആദ്യമൊക്കെ ഇവിടെ എത്തിയവർ വൈദിക വിദ്യാർത്ഥികളും വെന്തിക്കോസ് വിഭാഗത്തിൽപ്പെട്ടവരുമായിരുന്നു. 1948 നുശേഷം ഉപരിപഠനത്തിനായി മലയാളികൾ ഇവിടെ എത്തിയിരുന്നു. കുടിയേറ്റനിയമം പാസായിട്ടില്ലാത്തതിനാൽ പഠനം കഴിഞ്ഞാൽ അവർ തിരികെ പോവണമായിരുന്നു. പിന്നീട് 1960-മുതൽ വിദേശീയരായ നേഴ്‌സുമാർക്ക് ജോലിചെയ്യാനുള്ള അവസരം ലഭിച്ചു. വിയറ്റ്നാം യുദ്ധത്തിനുശേഷം അമേരിക്കയിൽ മുറിവേറ്റ സൈനികരെക്കൊണ്ട് ഹോസ്പ്പിറ്റലുകൾ നിറഞ്ഞിരുന്നു. നേഴ്‌സുമാരുടെ ജോലികൾക്ക് വലിയ ഡിമാൻഡ് ആയി. അങ്ങനെയാണ് അവരുടെ പ്രവാഹം അമേരിക്കയിൽ തുടക്കമിട്ടത്. 1970-നു മുമ്പ് എക്സ്ചേഞ്ച് വിസയിൽ തൊഴിൽ തേടി നേഴ്‌സുമാർ വന്നിരുന്നു. പിന്നീട് തൊഴിൽ നിയമം മാറി സ്ഥിരം വിസയിൽ കുടിയേറ്റക്കാർ ഈ സ്വപ്നഭൂമിയിൽ വന്നെത്തുവാൻ തുടങ്ങി.
1973-ൽ ശ്രീ വേറ്റം കുടുംബമായി സ്റ്റാറ്റൻ ഐലൻഡിൽ വന്ന കാലങ്ങളിൽ മലയാളി കുടുംബങ്ങൾ വളരെ കുറവായിരുന്നു. സ്വന്തമായി കാറോ വീടോ അക്കാലങ്ങളിൽ മലയാളികൾക്കുണ്ടായിരുന്നില്ല. സുറിയാനിക്കാർക്കായി ദേവാലയങ്ങളുമില്ലായിരുന്നു. ബോട്ടും ബസ്സും കയറി മൻഹാട്ടനിലുള്ള സുറിയാനി കൂട്ടായ്മകളിൽ ആരാധനയ്ക്കായി പോയിരുന്നു. ഓരോ കുടുംബങ്ങൾക്കും പ്രാരാബ്ധങ്ങളും നാട്ടിലുള്ള ബന്ധുജനങ്ങളെ സഹായിക്കുകയും മറ്റ് ഭാരിച്ച ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. ഒരു ദേവാലയത്തിന്റെ ആവശ്യകതയെ അന്നവർ പരിഗണിച്ചിരുന്നില്ല.
1974-ലാണ് ശ്രീ ജോൺ വേറ്റമുൾപ്പടെയുള്ള ഏതാനും സുഹൃത്തുക്കൾ ചേർന്ന് ഒരു പള്ളി വേണമെന്നുള്ള തീരുമാനത്തിലെത്തിയത്. അന്ന് യാക്കോബ സഭയും മലങ്കര ഓർത്തോഡോക്സ് സഭയും ഒന്നായിരുന്നു. കുർബാന ചെല്ലാൻ ഒരു ഫാദർ റ്റി. എം സക്കറിയാ തയ്യാറുമായിരുന്നു. 'ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ' എന്ന കത്തോലിക്ക പള്ളിയുടെ ചാപ്പലിൽ ഫാദർ സക്കറിയായുടെ കാർമ്മികകത്വത്തിൽ 1974 ആഗസ്റ്റ് പതിനൊന്നാം തിയതി ആദ്യത്തെ കുർബാന നടത്തി. സ്റ്റാറ്റൻ ഐലൻഡിലെ കുർബാനയുടെ വിവരം അറിഞ്ഞു പിറ്റേയാഴ്ചമുതൽ സമീപ പ്രദേശങ്ങളിൽ നിന്നും കുർബാനക്ക് ആൾക്കാർ വരുവാൻ തുടങ്ങി. സക്കറിയാസച്ചന്റെ നിർദേശപ്രകാരം ഈ കൂട്ടായ്മക്ക് 'സെന്റ് തോമസ് സിറിയൻ കോൺഗ്രഗേഷ'നെന്നു നാമകരണം നൽകി. അംഗങ്ങൾ വർദ്ധിക്കുകയും പള്ളി സാവധാനം പുരോഗമിക്കാനും തുടങ്ങി. സക്കറിയാസച്ചനു ആഴ്ചയിൽ പതിനഞ്ച് ഡോളർ വേതനവും കൊടുത്തിരുന്നു.
സക്കറിയാസ് അച്ചൻ സ്റ്റാറ്റൻ ഐലൻഡിൽ കുർബാന അർപ്പിക്കുന്നതിൽ സ്വന്തം പള്ളിയായ മൻഹാട്ടൻ സുറിയാനി പള്ളിക്കാർക്ക് ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. മൻഹാട്ടൻ പള്ളി സേവനത്തിൽ നിന്നും പിരിച്ചുവിടുമെന്നു ഭീഷണികളുമുണ്ടായി. സ്വന്തം നിലനിൽപ്പിനു ഭീഷണിയുണ്ടായിരുന്ന സമയത്താണ് സക്കറിയാസ് അച്ചൻ സ്റ്റാറ്റൻ ഐലൻഡ് മലയാളി നിവാസികൾക്കായി സ്വന്തമായ ഒരു പള്ളിയുടെ ആവശ്യം ഉന്നയിച്ചത്. അതിന് ജോൺ വേറ്റത്തിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇത്ര ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ 'വേറ്റം' ആദ്യമൊന്നും തയ്യാറായിരുന്നില്ല. എങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സമ്മതം കൊടുക്കുകയും ചെയ്തു.
പള്ളി ഇൻകോർപ്പറേറ്റഡ് ചെയ്യുന്ന ചുമതല വേറ്റത്തിനായിരുന്നു. അന്നത്തെ കാലത്ത് ഒരു പള്ളി രജിസ്റ്റർ ചെയ്യാനുള്ള നിയമവശങ്ങൾ ആർക്കും അറിയില്ലായിരുന്നു. അതിനായി അറ്റോർണിയുടെ സഹായം തേടുന്നതും നിരവധി തടസങ്ങളും ബുദ്ധിമുട്ടുകളും കടന്ന് ഒടുവിൽ പള്ളി രജിസ്റ്റർ ചെയ്യുന്നതുമായ വിവരങ്ങൾ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പിന്നീട്, പള്ളി ഇൻകോർപ്പറേറ്റ് ചെയ്യുന്നതിലും പള്ളിക്ക് ഭരണസംഹിതയും ഭരണഘടനയും സൃഷ്ടിക്കുന്നതിലും ഏറ്റവും എതിർത്തത് സക്കറിയാസച്ചനായിരുന്നു. മൻഹാട്ടൻ പള്ളിയുമായുള്ള അച്ചന്റെ ബന്ധം നിലനിർത്താനുള്ള സ്വാർത്ഥ താല്പര്യം പള്ളി രജിസ്റ്റർ ചെയ്യുന്നതിന് തടസമായിരുന്നു. പള്ളിയുടെ സ്ഥാപനം മുതലുള്ള അവകാശങ്ങളും പ്രാമാണ്യകതയും അച്ചനു മാത്രം വേണമെന്നുള്ള പിടിവാശിയുമുണ്ടായിരുന്നു. ഒരു ഏകാധിപതിയെപ്പോലെ അദ്ദേഹം പ്രവർത്തിക്കാനും തുടങ്ങി. പള്ളിയുടെ അഭിപ്രായ ഭിന്നതകളും സംഘർഷങ്ങളും ആരംഭിക്കുന്നത് ഈ പുരോഹിതനിൽനിന്നാണ്.
ഇൻകോർപ്പറേഷനും പള്ളിപണിയുമായുള്ള തർക്കത്തിൽ സക്കറിയാസച്ചന്റെ ആൾക്കാരും പള്ളിയുടെ ഭരണസംഹിത പ്രവർത്തകരും തമ്മിൽ കയ്യേറ്റം വരെയുണ്ടായിട്ടുണ്ട്. കുത്തിത്തിരുപ്പും കുടുംബങ്ങൾ കലക്കലും വിശ്വാസികൾ തമ്മിൽ തല്ലിയടിപ്പിക്കലും സക്കറിയാസച്ചന്റെ ഒരു ഹോബിയായിരുന്നു. സ്ത്രീകളുടെ അലർച്ചയും കരച്ചിലുകളും ഭർത്താക്കന്മാർക്ക് പിന്തുണയായുണ്ടായിരുന്നു. അച്ചനെ ഉപകരണമാക്കിക്കൊണ്ട് ഈ വഴക്കുകൾക്കെല്ലാം കാരണങ്ങൾ സൃഷ്ടിക്കുന്നതും മൻഹാട്ടൻ പള്ളിയായിരുന്നു. സ്റ്റാറ്റൻ ഐലൻഡിൽ ഒരു പള്ളി വന്നാൽ വരുമാനം കുറയുമെന്ന ഭയം അവരെ അലട്ടിയിരുന്നു. ജോൺ വേറ്റമുൾപ്പടെ എട്ടുപേരടങ്ങിയ ഭരണസമിതിയുടെ നേതൃത്വത്തിൽ പള്ളി 1975 ഫെബ്രുവരി മാസം ആറാം തിയതി ഇൻകോര്പറേറ്റു ചെയ്തു. പള്ളിക്ക് മാർ ഗ്രിഗോറിയസ് ഓർത്തോഡോക്സ് സിറിയൻ കോൺഗ്രഗേഷൻ ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്തു. അങ്ങനെ സ്റ്റാറ്റൻ ഐലൻഡിൽ സിറിയൻ പള്ളി നിലവിൽ വന്നു. പിന്നീട് സഭ പിരിഞ്ഞപ്പോൾ ഓർത്തോഡോക്‌സുകാരുടെ സ്റ്റാറ്റൻ ഐലൻഡിലെ ആദ്യത്തെ പള്ളിയുമായി അറിയപ്പെട്ടു.
ആദ്യം എട്ട് അംഗങ്ങൾ മാത്രമുണ്ടായിരുന്ന പള്ളിക്ക് ശത്രുക്കൾ നാനാഭാഗത്തുനിന്നുമുണ്ടായിരുന്നു. മാർ ഗ്രിഗോറിയസ് പള്ളിയിലെ അംഗങ്ങളെ 'സാത്താൻ ഐലൻഡിലെ' ചെകുത്താൻമാരെന്നും എതിരാളികൾ അധിക്ഷേപിക്കുമായിരുന്നു. ആദ്യമൊക്കെ ഒരു പുരോഹിതൻ കുർബാന ചെല്ലാൻ ഇല്ലാത്ത അഭാവം അലട്ടിയിരുന്നു. എട്ടു കുടുംബങ്ങൾക്കു വേണ്ടി യാത്രാ ക്ലേശങ്ങൾ സഹിച്ച് കുർബാന ചെല്ലാനായി പുരോഹിതരാരും തയ്യാറല്ലായിരുന്നു. ഭരണകാര്യ നിർവകർ ഒരു പുരോഹിതനെ ലഭിക്കാനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു. സക്കറിയാ അച്ചനും ഗ്രിഗോറിയസ് കോൺഗ്രിഗേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് മറ്റൊരു പുരോഹിതനെ അന്വേഷിച്ചത്. ഭൂരിഭാഗവും സക്കറിയാസച്ചന്റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സക്കറിയാസച്ചൻ ഒരു ബദൽ ഗ്രുപ്പുണ്ടാക്കി കത്തോലിക്കാ പള്ളിയിൽ തന്നെ കുർബാന അർപ്പിച്ചിരുന്നു.
സക്കറിയാസ് അച്ചൻ പിരിഞ്ഞു പോയ ശേഷം സഭ രണ്ടായി പ്രവർത്തിച്ചു. വേറ്റമുൾപ്പെട്ട കോൺഗ്രിഗേഷന് പട്ടക്കാരില്ലാതെ ഒരു വർഷത്തോളം കഴിഞ്ഞുകൂടി. എങ്ങനെ എവിടെനിന്ന് ഒരു പുരോഹിതനെ ലഭിക്കുമെന്നുള്ള തത്രപ്പാടിലായിരുന്നു കമ്മറ്റി അംഗങ്ങൾ. അതുകൊണ്ട് നാട്ടിൽനിന്നും ഒരു പുരോഹിതനെ വരുത്തുവാൻ തീരുമാനിച്ചു. സ്വന്തം ചിലവിൽ അമേരിക്കയിൽ വരുന്നതിനും ജോലി ചെയ്തു ജീവിക്കാനും കഴിവുള്ള ഒരു പുരോഹിതനെ നാട്ടിൽ നിന്നും സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതനുസരിച്ച് 'ജോൺ ജേക്കബ്' അച്ചനെ ഇമ്മിഗ്രെഷനിൽ കൊണ്ടുവരാൻ ആലോചിച്ചു. ഇതിനിടെ പള്ളിയുടെ പേര് മാറ്റുന്നതിനുള്ള പ്രമേയം വന്നു. പള്ളിയുടെ പേര് മാർ ഗ്രിഗോറിയസ് ചർച്ച് ഓഫ് ഇന്ത്യ എന്നത് 'മാർ ഗ്രിഗോറിയസ് സിറിയൻ ഓർത്തോഡോക്സ് ചർച്ച് (മലയാളം) 'എന്നാക്കി രജിസ്റ്റർ ചെയ്തു. പള്ളിയുടെ പ്രമാണം അന്തിയോഖ്യ പാത്രിയാർക്കീസിന്റെ കീഴിലായിട്ടായിരുന്നു രജിസ്റ്റർ ചെയ്തത്.
ജോൺ ജേക്കബ് അച്ചന് വിസ കിട്ടി ഒരു മാസത്തിനുള്ളിൽ വരുമെന്നും അറിയിച്ചു. അതനുസരിച്ച് അച്ചന് ഒരു ബുദ്ധിമുട്ടും വരുത്തരുതെന്ന ഉദ്ദേശത്തിൽ വേണ്ട നിത്യോപയോഗ സാധന സാമഗ്രികൾ വാങ്ങിയിരുന്നു. എന്നാൽ, അദ്ദേഹത്തിൻറെ വീടുപണി കഴിഞ്ഞ ശേഷമേ വരുവാൻ സാധിക്കുള്ളൂവെന്നും അറിയിച്ചു. വീണ്ടും പള്ളി പ്രവർത്തകരെ പ്രതിസന്ധിയിലാക്കുകയും ചെയ്‌തു. കൂടാതെ കെട്ടിടം പണിയുന്നതിനുള്ള സാമ്പത്തിക ചെലവുകളും അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ചതിക്കപ്പെടുമോയെന്ന സന്ദേഹമുണ്ടായിരുന്നെങ്കിലും പണം പിരിവെടുത്ത് അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഓരോ ഇടവക അംഗങ്ങളുടെയും വിയർപ്പൊഴുക്കിയ പണം അച്ചൻ ഇവിടെ വരുന്നതിനു മുമ്പ് തന്നെ കൈക്കലാക്കി. വിസാ കിട്ടുന്നവരെ എല്ലാം രഹസ്യമായി സൂക്ഷിച്ച അദ്ദേഹം പിന്നീട് എന്തോ ഔദാര്യം ചെയ്യുന്നതുപോലുള്ള വർത്തമാനശൈലികളും ആരംഭിച്ചു. അച്ചൻ, വീടും നാടും ഉപേക്ഷിച്ചുവരുന്നത് പള്ളിക്കാർക്കുവേണ്ടിയെന്നുള്ള അർത്ഥംവെച്ചുള്ള സംഭാഷണങ്ങളും സാധാരണമായിരുന്നു. 1977- മെയ് മാസത്തിൽ അച്ചനുള്ള വാടക മുറിയും സംഘടിപ്പിച്ചിരുന്നു. ഒരു പുരോഹിതനെ ഇമ്മിഗ്രന്റ് വിസയിൽ കൊണ്ടുവരാൻ സാധിച്ചതിൽ ഭദ്രാസനവും മെത്രാപ്പോലീത്തായും കമ്മിറ്റിയെ അനുമോദിക്കുകയും ചെയ്തു. ഇതിനായുള്ള സർവ്വവിധ എഴുത്തുകുത്തുകളും നേതൃത്വവും വഹിച്ചത് ജോൺ വേറ്റമായിരുന്നു.
'ജോൺ ജേക്കബ്' അച്ചൻ വിസ കിട്ടി വന്നശേഷം വിചിത്രമായ സ്വഭാവ രീതികളോടെയാണ് പള്ളി ഭരണ പ്രവർത്തകരോട് പെരുമാറിയിരുന്നത്. ബ്രൂക്കിലിനിൽ മറ്റൊരു പള്ളി സ്ഥാപിച്ച് വിശ്വാസികളെ വിഭജിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. ജോൺ വേറ്റമുൾപ്പെട്ട ഭരണസംഹിതയുടെ നേതൃത്വത്തിൽ സ്റ്റാറ്റൻ ഐലൻഡിൽ 123 വർഷം വർഷം പഴക്കമുള്ള ഒരു വീട് പള്ളിക്കു വേണ്ടി വാങ്ങിച്ചു. മലങ്കര ഓർത്തോഡോക്സ് വിശ്വാസത്തിന് യോജിച്ച രീതിയിൽ വീണ്ടും പള്ളിയുടെ പേരുമാറ്റാനുള്ള നിർദ്ദേശം വന്നു. പുതിയ പേരുമാറ്റത്തിനും നിലവിലുള്ള ഭരണഘടന മാറ്റുന്നതിനും ചുമതലപ്പെടുത്തിയത് 'ജോൺ ജേക്കബ്' അച്ചനെയായിരുന്നു. പള്ളിയുടെ രണ്ടാം വർഷ സുവനീർ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ അതിനെ അച്ചൻ എതിർത്തു. അച്ചൻ അമേരിക്കയിൽ വന്നതിനുശേഷമുള്ള പള്ളിയെന്ന് സ്ഥാപിക്കാൻ 'ഒന്നാം വർഷം' എന്ന് സുവനീറിൽ കുറിക്കാൻ നിർദ്ദേശിച്ചു. അച്ചൻ ഭരണസമിതിയുടെ എതിർപ്പിനെ അവഗണിച്ച് മെത്രാപ്പോലീത്തായെ സ്വാധീനം ചൊലുത്തിക്കൊണ്ടിരുന്നു. സുവനീർ പുറത്തിറങ്ങിയപ്പോൾ അതിൽ ഒന്നാം വാർഷികം എന്ന് അച്ചടിച്ചതും അച്ചന്റെ ഒരു വക്രബുദ്ധിയായിരുന്നു. അതിൽ പള്ളിയോട് കൂറുള്ള പ്രവർത്തകരെ നീരസപ്പെടുത്തുകയും ചെയ്തു.
മറ്റു പള്ളികളിലും കുർബാന അർപ്പിക്കാനായി 'ജോൺ ജേക്കബ്' പോവുന്നതുകൊണ്ട് പലപ്പോഴും പ്രാർത്ഥനകൾ മുടങ്ങിയിരുന്നു. യാതൊരു ആത്മാർത്ഥതയും സ്പോൺസർ ചെയ്ത പള്ളിയോട് കാണിച്ചിരുന്നില്ല. ആരാധകർ കുറയുന്നതുകൊണ്ട് സാമ്പത്തിക വരുമാനവും നിലച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ജോൺ ജേക്കബിന്റെ അഭാവത്തിൽ അരമനയിൽ നിന്നും ഒരു പുന്നൂസച്ചനെ അയക്കുവാൻ തുടങ്ങി. അതിൽ വികാരി അസന്തുഷ്ടനായി. തന്റെ അഭാവത്തിൽ മറ്റൊരു പുരോഹിതൻ കുർബാന അർപ്പിക്കുന്നതിൽ അദ്ദേഹം എതിർത്തു. പള്ളിയിലെ വികാരിസ്ഥാനം കളയാതെ മറ്റു പള്ളികളിൽ പോയി വരുമാന മാർഗങ്ങൾ കണ്ടെത്തുകയെന്നത് വികാരിയുടെ ലക്ഷ്യമായിരുന്നു.
ആരാധനക്കായി ഒരു പള്ളി പണിയാൻ വിവിധ സ്ഥലങ്ങൾ അന്വേഷിച്ചതിന്റെ ഫലമായി ഒരു വീട് കച്ചവടം ചെയ്തു. അത് പാത്രിയാർക്കീസ് പക്ഷക്കാരെ സന്തോഷിപ്പിച്ചെങ്കിലും മറ്റു ചിലരെ അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു. അസൂയാലുക്കളുടെയും പരിഹാസകരുടെയും വലിയ ഒരു സമൂഹം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. പള്ളിക്ക് മോർട്ടഗേജ് കിട്ടുന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിന്റെയെല്ലാം മുന്നിൽ പ്രവർത്തിച്ചിരുന്നതും വീടു മേടിക്കാനുള്ള സാമ്പത്തിക സ്രോതസുകൾ കണ്ടെത്തിയതും ജോൺ വേറ്റത്തിന്റെ നേതൃത്വമായിരുന്നു. അങ്ങനെ അസാധ്യമെന്ന് കരുതിയ ഒരു ദേവാലയം സ്വന്തമായ ഒരു കെട്ടിടം കരസ്ഥമാക്കി. ഇതിനിടെ ഫാദർ ജോൺ ജേക്കബിനെ മെത്രാപ്പോലീത്തായായി ഉയർത്തുകയുമുണ്ടായി. പകരം മറ്റൊരു വികാരിയെ നാട്ടിൽനിന്നും സ്പോസർ ചെയ്യാൻ പൊതുയോഗത്തിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് ജോർജുകുട്ടി എബ്രാഹാമിനെ വികാരിയായി നിയമിച്ചു. അദ്ദേഹം ഇടവകയ്ക്ക് ഇഷ്ടപ്പെട്ട ഒരു പട്ടക്കാരനായിരുന്നു. എങ്കിലും പെട്ടെന്ന് വികാരി സ്ഥാനം ഉപേക്ഷിച്ചു പോവുകയായിരുന്നു.
ജോൺ വേറ്റത്തിന്റെ ഈ ഗ്രന്ഥത്തിൽ ജോർദാൻ, ജെറുസലേം യാത്രകളെപ്പറ്റിയും വിവരിക്കുന്നുണ്ട്. ജെറുസലേം മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് 'ഡയനീഷ്യസ് ബഹനാം ആരയു'മായുള്ള കൂടിക്കാഴ്ചയും ക്രിസ്തു സഞ്ചരിച്ചിരുന്ന പൗരാണിക സ്മാരകങ്ങളെയും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. യേശു സ്നാന മേറ്റ സ്ഥലങ്ങൾ, യേശുവിന്റെ ഖബറിടം, ദാവീദിന്റെ ഗോപുരം, മാലാഖമാർ ആട്ടിടയർക്ക് മംഗള വാർത്ത നൽകിയ സ്ഥലം, ലാസറിന്റ കബറിടം, ഇസ്രായേൽ മ്യൂസിയം എന്നിങ്ങനെ യേശുവിന്റെ ചരിത്രമായി ബന്ധപ്പെട്ട നിരവധി വസ്തുതകൾ ആധികാരികമായി വിവരിക്കാൻ ഒരു അദ്ധ്യായം തന്നെയുണ്ട്. ചാവുകടലിലെ ഗ്രന്ഥച്ചുരുളുകൾ നേരിട്ട് കാണുവാനുള്ള അസുലഭ അവസരവും ചുരുളിന്റ ഉള്ളടക്കവും ഒരു വായനക്കാരനെ വിജ്ഞാനത്തിന്റെ പാതകളിൽക്കൂടി നയിക്കുന്നു.
ഗ്രിഗോറിയസ് പള്ളിയിൽ വിശ്വാസികളും വൈദികരും തമ്മിൽ ശത്രുക്കളെപ്പോലെ പെരുമാറുന്ന കാഴ്ചകളും നിത്യമായിരുന്നു. ഇതിനിടയിൽ ഗ്രിഗോറിയസ് പള്ളി വികാരിയായിരുന്ന ജോൺ ജേക്കബ് അച്ചൻ മലബാർ ഭദ്രാസനത്തിന്റെ മെത്രാനായി സ്ഥാനാരോഹണം ചെയ്തിരുന്നു. 'മാർ യോഹന്നാൻ ഫീലിക്സിനോസ്' എന്ന നാമകരണവും സ്വീകരിച്ചു. എന്നാൽ സ്ഥാനാരോഹണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ അദ്ദേഹം ഗ്രിഗോറിയസ് ചർച്ചിനെ അറിയിച്ചില്ല. അദ്ദേഹത്തിൻറെ ഉയർച്ചക്കും അമേരിക്കയിൽ വിസ നേടികൊടുക്കുന്നതിനും സഹായിച്ച ഗ്രിഗോറിയസ് ചർച്ചിനോനോടും അദ്ദേഹം നന്ദികേട് കാണിക്കുകയായിരുന്നു. അമേരിക്കയിൽ കൊണ്ടുവരുകയും എട്ടുവർഷത്തോളം ദേവാലയത്തിൽ സേവനം ചെയ്യാൻ അവസരം കൊടുക്കുകയും ചെയ്ത മാർ ഫീലിക്‌സിനോസിന്റെ ധാർമ്മികതയും അങ്ങേയറ്റം പരിതാപകരമാണ്. ഗ്രിഗോറിയസ് ചർച്ച് രണ്ടായി പിരിഞ്ഞുപോവുന്നതിനുള്ള ആശയ ശില്പിയും അദ്ദേഹമായിരുന്നു.
ഇതിനിടയിൽ മലങ്കരയുമായുള്ള ബന്ധം വിച്‌ഛേദിക്കാനുള്ള പാത്രിയാർക്കീസിന്റെ കല്പനകളും ഭൂരിഭാഗം സമുദായങ്ങളെ കുപിതരാക്കിയിരുന്നു. ജീവിതഭാരം ചുമക്കുന്ന വേളയിലും ജോൺ വേറ്റവും ഉൾപ്പെട്ട സമുദായ അംഗങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ ഗ്രിഗോറിയസ് പള്ളി കോടതി വ്യവഹാരത്തോടെ മലങ്കര ഓർത്തോഡോക്സ് വിശ്വാസികൾക്ക് നഷ്ടപ്പെട്ടു. അതിനുശേഷം ഓർത്തോഡോക്സുകാർക്ക് ഒരു പള്ളി സ്വന്തമായി മേടിക്കാനുള്ള കഠിനാധ്വാനവും, യാതനകളും ഗ്രന്ഥകാരൻ പുസ്തകത്തിലുടനീളം ഭംഗിയായി വിവരിച്ചിട്ടുണ്ട്. ഓർത്തോഡോക്സുകാർക്കുവേണ്ടി വേറിട്ട പുതിയ പള്ളി രജിസ്റ്റർ ചെയ്യാനും പള്ളി നിർമ്മാണത്തിലും നേതൃത്വം നൽകിയ ശ്രീ ജോൺ വേറ്റത്തിന്റെ നിതാന്ത പരിശ്രമവും സമുദായത്തിനുവേണ്ടിയുള്ള സ്വയം സമർപ്പണവും കഠിനാധ്വാനവും അഭിനന്ദിനീയമാണ്. കോടതികളിൽ നടന്ന വ്യവഹാരങ്ങളും കേസുകളും എതിർ ഗ്രൂപ്പുകാർ പള്ളിയിൽ ബലമായി കേറിയ കഥകളും പള്ളിക്കുള്ളിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചതും പുരോഹിതർ തമ്മിലുള്ള ചേരിതിരിവും പരസ്പ്പരം വേലവെപ്പുകളും ശ്രീ വേറ്റം പുസ്തകത്തിലുടനീളം സ്പഷ്ടമായി വിവരിച്ചിരിക്കുന്നതും വായിക്കാം. എതിർകക്ഷികൾ കള്ളപ്രമാണങ്ങളും കള്ളരേഖകളുമുണ്ടാക്കി കോടതികളിൽക്കൂടി പണവും അപഹരിക്കുന്നുണ്ട്. അവസാനം മലങ്കര ഓർത്തോഡോക്സുകാർക്ക് സ്വന്തമായി ഒരു പള്ളി നേടി ആരാധന തുടങ്ങാൻ സാധിച്ചതും ശ്രീ വേറ്റത്തിന്റെയും കൂടി നേട്ടമായിരുന്നു. തന്റെ പ്രയത്നക്കൾക്ക് ഫലങ്ങൾ കണ്ടപ്പോൾ ഗ്രന്ഥകാരനിലുണ്ടായ സംതൃപ്തിയും വായനക്കാരെ ആശ്ചര്യഭരിതരാക്കുന്നു.
സ്റ്റാറ്റൻ ഐലൻഡിൽ 175 ബ്രിയാൽ അവന്യൂവിലെ ഒരു കെട്ടിടം വാങ്ങിയതോടെ, അത് പള്ളിയായി മാറ്റി ഇൻകോർപ്പറേറ്റ് ചെയ്തപ്പോഴും നോർത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളികളുടെ പള്ളിയായി സെന്റ് ഗ്രിഗോറിയസ് ഓർത്തോഡോസ് ചർച്ച് ഓഫ് ഇന്ത്യ രൂപാന്തരപ്പെട്ടപ്പോഴും ഓർത്തോഡോക്സ് സഭയുടെ അഭിമാന പ്രതീകമായ നിമിഷങ്ങളായി എണ്ണപ്പെട്ടു. ഒരു തലമുറയുടെ നിതാന്ത പരിശ്രമ ഫലമായി പടുത്തുയർത്തിയ ആ ദേവാലയം അമേരിക്കൻ മലങ്കര ഓർത്തോഡോക്സ് സഭയുടെ ആദ്ധ്യാത്മിക ചരിത്രസ്മാരകമായി നിത്യം വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു. ഒരു ചരിത്രകൃതി അമേരിക്കൻ മലയാളികൾക്കായി കാഴ്ച്ച വെച്ച ശ്രീ ജോൺ വേറ്റത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു. ഹൃദ്യമായ ഭാഷയിൽ രചിച്ച ഈ ഗ്രന്ഥം ഭാവിയിൽ വൈജ്ഞാനിക ഗവേഷകർക്കുള്ള ഒരു അമൂല്യസമർപ്പണമെന്നതിലും സംശയമില്ല.
No comments:
Post a Comment