ജോസഫ് പടന്നമാക്കൽ
ബഹിരാകാശ യാത്രികനായിരുന്ന 'നീൽ ആംസ്‌ട്രോങ്ങ്' ഇന്നേക്ക് അരനൂറ്റാണ്ടു മുമ്പ് 1969-ജൂലൈ ഇരുപതാംതീയതി ചന്ദ്രനിൽ കാലുകുത്തിയനിമിഷം മനുഷ്യചരിത്രത്തിലെ ആദ്യത്തെ കാൽവെപ്പായ ഒരു യുഗത്തിന്റെ തുടക്കമായിരുന്നു. ചന്ദ്രനിൽക്കൂടി നടന്ന ആദ്യ വ്യക്തിയും 'നീൽ ആംസ്ട്രോങ്' തന്നെ. നീലിനൊപ്പം സഹയാത്രികനായി 'എഡ്വിൻ ആൽഡ്രി'നുമുണ്ടായിരുന്നു. ചന്ദ്രനിൽ കാലുകുത്താൻ അവസരം ലഭിക്കാതെ അവർക്കു ചുറ്റും രക്ഷകനായി പേടക വാഹനത്തിൽ പറന്ന 'മൈക്കിൾ കോളിൻസും' ചരിത്രത്തിന്റെ ഏടുകളിൽ അന്നു സ്ഥാനം നേടിയിരുന്നു. നീൽ ആംസ്‌ട്രോങ്ങ് ഭൂമിയിലുള്ളവരോട് പറഞ്ഞു, "ചന്ദ്രനിൽ പതിഞ്ഞ ആദ്യത്തെ മനുഷ്യപാദങ്ങൾ മാനവജാതിയുടെ വിജയമാണ്. ചരിത്രത്തിന്റെ കുതിച്ചുചാട്ടവും വിജ്ഞാനത്തിന്റെ നവനേട്ടവുമായി മാനിക്കപ്പെടുന്നു." അപ്പോളോ പതിനൊന്നാണ്' ചന്ദ്രയാത്രയുടെ അന്നത്തെ മിഷ്യൻ ഏറ്റെടുത്തത്.
ആധുനിക ബഹിരാകാശ യാത്രകളുടെ പുരോഗതിയും മനുഷ്യ പ്രയത്നവും അപ്പോളോ പദ്ധതികളും അവലോകനം ചെയ്യണമെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടങ്ങൾ മുതൽ പരിശോധിക്കേണ്ടതായുണ്ട്. ആദ്യകാലങ്ങളിൽ സൗണ്ടിനേക്കാൾ സ്പീഡിൽ വിമാനം പറപ്പിക്കുന്ന ടെസ്‌റ്റുകൾ പൈലറ്റുമാർ നടത്തിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഈ പൈലറ്റുമാർ നേവിയിൽനിന്നോ എയർ ഫോഴ്സിൽനിന്നോ ബഹിരാകാശ പദ്ധതികൾക്കായി വന്നവരായിരുന്നു. അമേരിക്കൻ ചേരികളും റഷ്യൻ ചേരികളും തമ്മിലുള്ള ശീത സമരം ലോകത്ത് അസ്വസ്ഥതകളുണ്ടാക്കിയിരുന്നു. ജനാധിപത്യ ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്ക ഒരു വശത്തും കമ്മ്യുണിസ്റ്റ് രാജ്യങ്ങളുടെ ചേരികളും സോവിയറ്റ് യൂണിയനും മറുവശത്തുമായി പരസ്പ്പരം വെല്ലുവിളികളും പോർവിളികളും നടത്തികൊണ്ടിരുന്നു. ലോകം മുഴുവൻ ഏതു സമയവും ഒരു യുദ്ധമുണ്ടാവാമെന്നുള്ള പ്രതീതികളുമുണ്ടായിരുന്നു. 1950 കളിൽ റഷ്യയും അമേരിക്കയും തമ്മിൽ ശൂന്യാകാശ ഗവേഷണ മത്സരങ്ങളുമാരംഭിച്ചു. ഇരു രാജ്യങ്ങളും ന്യുക്‌ളീയർ ആയുധങ്ങളുടെ ഗവേഷണങ്ങളും തുടർന്നു. അതുമൂലം ലോകത്ത് അസമാധാനവും ഭീതിയും ജ്വലിപ്പിച്ചുകൊണ്ടിരുന്നു. അമേരിക്ക പങ്കാളിയായിരുന്ന കൊറിയൻ യുദ്ധവും വാർത്താപ്രാധാന്യം നേടി. 1961-ലെ ബർലിൻ മതിൽ പണി, 1962-ലെ ക്യൂബൻ മിസൈൽ മുതലായ ആഗോള ചേരിതിരിവുകൾ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതകളും ജനിപ്പിച്ചിരുന്നു.
NACA (നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയ്‌റോനോട്ടിക്‌സ്) 1915-ല്‍ സ്ഥാപിക്കപ്പെട്ടു. 1958 ല്‍ അത് നാസ (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്റ്റ്രേഷന്‍) ആയി. 'ഹൊവാര്‍ഡ് സി ടിക്ക് ലില്ലി' നാകായുടെ ആദ്യത്തെ എഞ്ചിനീയറിംഗ് പൈലറ്റായിരുന്നു. കാലിഫോര്‍ണിയ മരുഭൂമിയുടെ ആകാശത്തില്‍ സൗണ്ടിനേക്കാള്‍ വേഗത്തില്‍ വിമാനം പറപ്പിച്ച പൈലറ്റാണ് അദ്ദേഹം. 1948 മെയ് മൂന്നാം തിയതി 'ലില്ലി' ഓടിച്ച ഡി.558 വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലാവുകയും അദ്ദേഹം മരിക്കുകയും ചെയ്തു. ഔദ്യോഗിക ജോലിയിലായിരുന്നപ്പോള്‍ ആദ്യമായി മരിച്ച നാകാ പൈലറ്റും അദ്ദേഹമായിരുന്നു. ഒരു മാസത്തിനു ശേഷം 'ക്യപ്റ്റന്‍ ഗ്ലെന്‍ ഡബ്ലിയു എഡ്വേര്‍ഡും' നാല് വൈമാനിക സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ പരീക്ഷണങ്ങള്‍ക്കായുള്ള വിമാനത്താവളത്തിന് 'എഡ്വേഡ് എയര്‍ ഫോഴ്‌സ് ബേസ്' എന്ന് പേരിടുകയും ചെയ്തു. 1952-ൽ വിമാനം ടെസ്റ്റ് ചെയ്യുന്നതിനിടയിൽ തുടർച്ചയായി ഏഴു പൈലറ്റുകളും മരിച്ചിരുന്നു. 1953-ൽ ലൂന-3 ചന്ദ്രന്റെ മറുഭാഗം ചിത്രം എടുത്തു. 1969-ൽ ലൂന '9' എന്ന മനുഷ്യരഹിതമായ വാഹനം ചന്ദ്രനിൽ അപകട രഹിതമായി ഇറക്കി. അപ്പോളോ '8' മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചന്ദ്രയാത്ര നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
ശൂന്യാകാശം കീഴടക്കുകയെന്നത് ശീതസമര മത്സരങ്ങളുടെ ഭാഗമായിരുന്നു. 1957 ഒക്ടോബർ നാലാം തിയതി സോവിയറ്റ് യൂണിയൻ ആദ്യത്തെ R-7 ബാലിസ്റ്റിക്ക് മിസൈൽ ബഹിരാകാശത്തേക്ക് അയച്ചു. ഭൂമിയുടെ ഭ്രമണപദം വിട്ടു തൊടുത്തുവിട്ട ആദ്യത്തെ മനുഷ്യനിർമ്മിതമായ സ്പുട്നിക്കായിരുന്നു അത്. റഷ്യ ബാഹ്യാകാശത്തേക്ക് സ്പുട്നിക്ക് അയച്ചെങ്കിലും അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സന്തോഷമുളവാക്കുന്ന കാര്യമായിരുന്നില്ല. സോവിയറ്റ് ടെക്കനോളജി അമേരിക്കയെ കടത്തിവെട്ടാൻ അമേരിക്കൻ ജനതയും ആഗ്രഹിച്ചിരുന്നില്ല. R-7 മിസ്സൈലിനു അമേരിക്കയുടെ മേൽ ന്യുക്‌ളീയർ ബോംബുകൾ വർഷിക്കാൻ കഴിവുള്ളതുമായിരുന്നു. കൂടാതെ അമേരിക്കയുടെമേൽ ചാര പ്രവർത്തിയും നടത്താൻ സാധിക്കുമായിരുന്നു.
1958-ൽ അമേരിക്ക സ്വന്തമായി ഭ്രമണപദത്തിനപ്പുറത്തേയ്ക്ക് 'സാറ്റലൈറ്റ്' അയച്ചു. അതേ വർഷം പ്രസിഡന്റ് ഐസനോവർ ശൂന്യാകാശം കിഴടക്കുന്നതിനും ബഹിരാകാശ ശാസ്ത്രീയ ഗവേഷണങ്ങൾക്കും ഒരു ഏജൻസി നാസായിൽ സ്ഥാപിക്കാൻ ഒപ്പുവെച്ചു. 1959-ൽ സോവിയറ്റ് യൂണിയൻ ചന്ദ്രനിൽ ലൂണ 2 അയച്ച് ബഹിരാകാശത്തിൽ ആധിപത്യം നേടിയിരുന്നു. 1961 ഏപ്രിലിൽ റഷ്യയുടെ 'യൂറി ഗഗാറിൻ' ബഹിരാകാശത്ത് കറങ്ങിയ ആദ്യത്തെ സഞ്ചാരിയായിരുന്നു. 1961-ൽ അമേരിക്കയുടെ 'അലൻ ഷെപ്പേർഡ്' ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ അമേരിക്കൻ സഞ്ചാരിയായി തീർന്നു. 1962-ൽ 'ജോൺ ഗ്ലെൻ' ഭൂമിയുടെ ഭ്രമണ പദത്തിൽ നിന്നും യാത്ര ചെയ്ത ശൂന്യാകാശ യാത്രികനായി. 1961 മുതൽ 1964 വരെയുള്ള കാലഘട്ടത്തിൽ നാസായുടെ ബഡ്‌ജറ്റ് 500 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ചന്ദ്ര യാത്രയോട് അനുബന്ധിച്ച് ഏകദേശം 34000 ജോലിക്കാർ നാസായ്ക്കുണ്ടായിരുന്നു. 3,75,000 പുറം കമ്പനികളിലുള്ള കോണ്ട്രാക്റ്റ് ജോലിക്കാരും നാസയുടെ പ്രവർത്തനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1967 മുതൽ അപ്പോളോയുടെ പ്രവർത്തനങ്ങൾക്ക് മങ്ങലേറ്റു. ബഹിരാകാശ വാഹനത്തിനു തീപിടിച്ചതു മൂലം അക്കൊല്ലം മൂന്നു ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടു. 1969-ൽ ചന്ദ്രയാത്രയിൽ അമേരിക്ക വിജയിച്ചതോടെ ബഹിരാകാശത്ത് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചു. അത് ശീതസമര യുദ്ധത്തിലെ വിജയമായും അറിയപ്പെടാൻ തുടങ്ങി.
1961 മെയ് ഇരുപത്തിയഞ്ചാം തിയതി ചന്ദ്രയാത്ര സംരംഭങ്ങൾക്കായി പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ നിർദേശപ്രകാരം കോൺഗ്രസിൽ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയത്തിന്റെ ചുരുക്കം ഇങ്ങനെ, "ഈ പതിറ്റാണ്ടവസാനിക്കും മുമ്പ് നമ്മുടെ രാഷ്ട്രം മറ്റു രാഷ്ട്രങ്ങളെക്കാളും മുമ്പിലായി ചന്ദ്രനെ കീഴടക്കാനായുള്ള പദ്ധതികളാവിഷ്‌ക്കരിക്കണം. അതിനായുള്ള ലക്‌ഷ്യവും വേണം. ബഡ്ജറ്റും അനുവദിക്കണം. സുരക്ഷിതമായി നമ്മുടെ ബഹിരാകാശ യാത്രികർ മടങ്ങി വരുകയും വേണം." അക്കാലത്ത് ബഹിരാകാശത്തെ കീഴടക്കുന്നതിൽ അമേരിക്ക സോവിയറ്റ് യൂണിയന്റെ പിന്നിലായിരുന്നു. സാങ്കേതികതയിലും ബഹിരാകാശ ശാസ്ത്രീയ മുന്നേറ്റങ്ങളിലും സോവിയറ്റ് യൂണിയൻ മുമ്പിൽ തന്നെയുണ്ടായിരുന്നു. ശീതസമര യുദ്ധം മൂർച്ഛിച്ചിരുന്ന നാളുകളായിരുന്നതിനാൽ കെന്നഡിയുടെ ധീരമായ നിലപാടിനെ അമേരിക്കൻ കോൺഗ്രസ്സ് സ്വാഗതം ചെയ്യുകയും ചെയ്തു. തന്മൂലം ലക്ഷ്യപ്രാപ്തിക്കായി അമേരിക്കയുടെ എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും അഞ്ചു വർഷങ്ങൾ കഠിനാദ്ധ്വാനം ചെയ്യുകയുമുണ്ടായി. 1960 ആയപ്പോൾ ശൂന്യാകാശ പദ്ധതികൾ വളരെയധികം പുരോഗമനം നേടിയിരുന്നു. പരീക്ഷണങ്ങളെയും മരണത്തെയും അതിജീവിച്ച നിരവധി പരിചയ സമ്പന്നരായ പൈലറ്റുമാർ നാസായ്ക്കുണ്ടായിരുന്നു. കൂടാതെ 'നീൽ ആംസ്‌ട്രോങിനെ'പ്പോലെയും 'ബുസ് ആൽഡ്രിനെ'പ്പോലെയും സാങ്കേതികമായി പഠിച്ച എൻജിനീയർമാരും നാസയുടെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവിധ അപകട സാധ്യതകളും സ്വന്തം ജീവനുള്ള അപായഹേതുകളും എടുക്കാൻ തയ്യാറുമായിരുന്നു. ടെസ്റ്റ് പൈലറ്റുകളായി പ്രായോഗിക പരിശീലനം നേടിയ ഇവർ പിന്നീട് ശൂന്യാകാശ യാത്രികരായും ചുമതലകൾ വഹിച്ചു.
ബഹിരാകാശ യാത്രികൻ, മിലിറ്ററി പൈലറ്റ്, വിദ്യാഭ്യാസ ചിന്തകൻ എന്നിങ്ങനെ ആംസ്‌ട്രോങ്ങിനെ ലോകം അറിയപ്പെടുന്നു. ഒഹായോയിൽ 1930 ആഗസ്റ്റ് അഞ്ചാംതീയതി ജനിച്ചു. ചെറുപ്പകാലം മുതൽ വിമാനം പറപ്പിക്കലിനോട് അതിയായ സ്നേഹമുണ്ടായിരുന്നു. പതിനാറു വയസുള്ളപ്പോൾ തന്നെ 1947-ൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയിരുന്നു. പിന്നീട് പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ എയ്റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കാനാരംഭിച്ചു. നേവിയുടെ സ്‌കൊളാഷിപ്പ് വഴിയായിരുന്നു പഠനം തുടർന്നിരുന്നത്. കൊറിയൻയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹത്തെ മിലിറ്ററി സേവനത്തിനു വിളിച്ചതിനാൽ പഠിപ്പ് മുടക്കേണ്ടി വന്നു. 'മിലിറ്ററി പൈലറ്റ്' എന്ന നിലയിൽ യുദ്ധമുന്നണിയിൽ 78 തവണകൾ ശത്രുപാളയങ്ങളിൽ വിമാനം പറപ്പിച്ചു. 1952-ൽ മിലിട്ടറി സേവനം മതിയാക്കി മടങ്ങി വന്നു. വീണ്ടും കോളേജിൽ പഠനം തുടങ്ങി. അതിനുശേഷം നാസായുടെ എഞ്ചിനീറിങ് ഡിപ്പാർട്മെന്റിൽ ജോലി തുടർന്നു. അവിടെ നിരവധി ഡിപ്പാർട്മെന്റുകളിൽ ചുമതലകൾ വഹിച്ചുവന്നു. 'എഞ്ചിനീറിങ്' വകുപ്പുകളിലും ടെസ്റ്റ് പൈലറ്റായും ജോലി തുടർന്നു. ഒരു മണിക്കൂറിൽ 4000 മൈൽ സ്പീഡിൽ പോവുന്ന വിമാനവും പറപ്പിച്ചുകൊണ്ട് സ്വന്തം കഴിവിനെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
'ആംസ്ട്രോങ്' 1956 ജനുവരി 28ന് 'ജാനറ്റ് ഷെറോൺ'നെ വിവാഹം ചെയ്തു. 1957-ൽ 'എറിക്ക്' എന്ന പുത്രനുണ്ടായി. മകൾ 'കരൺ' 1959-ൽ ജനിച്ചു. ദൗർഭാഗ്യവശാൽ തലച്ചോറിലുള്ള ക്യാൻസർ മൂലം 1962-ൽ 'കരൺ' മരിച്ചു പോയി. ആംസ്ട്രോങ് ആദ്യത്തെ ഭാര്യയുമായി വിവാഹ മോചനം നടത്തിയശേഷം കരോളിനെ വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ കരോളുമായി മരണംവരെ ജീവിച്ചു. 1971 വരെ ആംസ്ട്രോങ്ങ് നാസയിൽ ഡെപ്യൂട്ടി അസോസിയേറ്റഡ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി തുടർന്നിരുന്നു. നാസയിൽനിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം സിൻസിനാറ്റി (Cincinnati) ഏറോസ്പേസ് എഞ്ചിനീയറിംഗ് പ്രൊഫസറായി സേവനമാരംഭിച്ചു. എട്ടു വർഷം അവിടെ പ്രൊഫസറായി ജോലി തുടർന്നു. 1982 മുതൽ 1992 വരെ ഏവിയേഷൻ കമ്പ്യൂട്ടിങ് ടെക്കനോളജിയുടെ ചെയർമാനായും പ്രവർത്തിച്ചു. 1986-ൽ ഒരു ബഹിരാകാശ വാഹനം അപകടപ്പെട്ടപ്പോൾ വാഹനാപകടകാര്യങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്റെ വൈസ് ചെയർമാനുമായിരുന്നു. അന്നുണ്ടായ ബഹിരാകാശപേടകത്തിൽ സഞ്ചരിച്ചവരെല്ലാം മരണപ്പെട്ടിരുന്നു. അക്കൂടെ സ്കൂൾ ടീച്ചർ 'ക്രിസ്റ്റ മക്ലിഫും' ഉണ്ടായിരുന്നു.
'ആംസ്‌ട്രോങ്ങ്' പ്രസിദ്ധനായ ബഹിരാകാശ യാത്രികനായിരുന്നെങ്കിലും പൊതുജന സംസർഗ്ഗത്തിൽനിന്ന് എന്നും അകന്നു നിൽക്കാനാണ് ആഗ്രഹിച്ചിരുന്നത്. 2005-ൽ അദ്ദേഹം എബിസി ചാനലിന് അത്യപൂർവമായ ഒരു ഇന്റർവ്യൂ നൽകിയിരുന്നു. സൂര്യതാപത്തിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രോപരിതലം മനോഹരമായ പ്രദേശങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'ജയിംസ് ആർ ഹാൻസൺ' ആദ്യമായി ആംസ്‌ട്രോങ്ങിന്റെ ജീവചരിത്രമെഴുതി. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിശദമായി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.
1966-ൽ മനുഷ്യനില്ലാത്ത ഒരു വാഹനം ചന്ദ്രനിൽ എത്തിച്ചിരുന്നു. അതിനുശേഷം ഭാവിയിൽ മനുഷ്യനെ അയക്കാനുള്ള സാങ്കേതികതകളെപ്പറ്റി വിശദമായി പഠിച്ചുകൊണ്ടുമിരുന്നു. ബഹിരാകാശ യാത്രകൾ സോവിയറ്റ് യുണിയനോട് മത്സരിച്ചുള്ളതായിരുന്നു. 1961 -ലെ പ്രസിഡന്റ് കെന്നഡിയുടെ 'ഈ പതിറ്റാണ്ടിൽ മനുഷ്യരെ ചന്ദ്രനിൽ ഇറക്കുമെന്നുള്ള വാക്കുകളെ യാഥാർഥ്യമാക്കണമെന്ന' മോഹവുമുണ്ടായിരുന്നു. 1969 ജൂലൈ ഇരുപതാംതീയതി അമേരിക്കയുടെ ആ സ്വപ്നം യാഥാർഥ്യമാവുകയുണ്ടായി. വളരെയധികം ത്യാഗങ്ങളും ദുഖകരമായ സംഭവ പരമ്പരകളും ലക്ഷ്യപ്രാപ്തിക്കായി അഭിമുഖീകരിക്കേണ്ടി വന്നു. ബഹിരാകാശ വാഹനങ്ങളുടെ പരീക്ഷണങ്ങൾക്കിടയിൽ വിമാനാപകടത്തിൽ എട്ടു യാത്രികർ അതിനിടയിൽ നഷ്ടപ്പെട്ടു. താഴെക്കിടയിൽ ജോലി ചെയ്തിരുന്ന നിരവധി ഉദ്യോഗസ്ഥരുടെയും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. പരീക്ഷണങ്ങൾ നടത്തിയ പൈലറ്റുകളും അപ്പോളോ പരീക്ഷണങ്ങൾക്കിടയിൽ മരണപ്പെട്ടിരുന്നു. പന്ത്രണ്ടിൽപ്പരം പൈലറ്റുകൾ യുദ്ധക്കളത്തിൽ നടക്കുന്ന യുദ്ധംപോലെ ജീവൻ പണയം വെച്ച് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. 1967 ജനുവരി ഇരുപത്തിയേഴാം തിയതി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ഒരു ബഹിരാകാശ വാഹനം തീ പിടിക്കുകയും അതിലുണ്ടായിരുന്ന മൂന്നു ബഹിരാകാശ യാത്രികർ കൊല്ലപ്പെടുകയുമുണ്ടായി.
'നീൽ ആംസ്‌ട്രോങ്ങി'ന്റെ ആദ്യ ശൂന്യാകാശ യാത്രകൾ വളരെയധികം അപകടം പിടിച്ചതായിരുന്നു. 'ജെമിനി-8' ലുള്ള ആദ്യത്തെ യാത്രയിൽ വാഹനം വിക്ഷേപിക്കുന്ന സമയം വാഹനത്തിനും ബഹിരാകാശ യാത്രികനുമുള്ള (astronaut) അപകടകട സാധ്യതകളെ മുൻകൂട്ടി പ്രവചിച്ചിരുന്നു. ബഹിരാകാശ വാഹനം തകരാറിലാകുമെന്നുള്ള മുന്നറിയിപ്പും കൊടുത്തിരുന്നു. ആ യാത്രയിൽ ആംസ്‌ട്രോങും പൈലറ്റ് ഡേവിഡും ഒത്തൊരുമിച്ച് വാഹനത്തിന്റ കേടുപാടുകൾ നന്നാക്കി കൊണ്ടിരുന്നു. വാഹനം നിയന്ത്രണത്തിലാക്കാൻ നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. അവസാനം തങ്ങൾ സഞ്ചരിച്ചിരുന്ന ബഹിരാകാശ വാഹനം നിയന്ത്രണത്തിലാക്കുകയും സുരക്ഷിതമായി വാഹനത്തെ ഭൂമിയിൽ ഇറക്കുകയും ചെയ്തു.
ബഹിരാകാശത്തേക്ക് യാത്രപുറപ്പെടാനായി വിമാനങ്ങളുടെ പരിചയസമ്പന്നരായ പൈലറ്റുമാർ പരിശീലനത്തിനായി താവളങ്ങൾ തോറും വിമാനങ്ങൾ പറപ്പിക്കാറുണ്ട്. ഇങ്ങനെ പരിശീലനം നേടിക്കൊണ്ടിരുന്ന പൈലറ്റുമാരുടെ കൂട്ടത്തിലുണ്ടായിരുന്ന 'തീയോഡോർ ഫ്രീമാൻ' 1964-ൽ വിമാനം പറപ്പിക്കലിനിടെ അപകടപ്പെട്ടു മരിക്കുകയുമുണ്ടായി. 1966 ഫെബ്രുവരിയിൽ 'എലിയട്ട്' എന്ന ശൂന്യാകാശ യാത്രികനും മറ്റൊരു യാത്രികനായ പൈലറ്റ് 'ചാറൽസ് ബസ്സെറ്റും കാലാവസ്ഥ മോശമായതിനാൽ വിമാനാപകടത്തിൽ മരണപ്പെട്ടു. ബഹിരാകാശ യാത്രയ്ക്ക് പരിശീലനം നേടുന്ന സമയങ്ങളിൽ പലർക്കും ജീവൻ പണയം വെക്കേണ്ടി വന്നു. 1967 ജനുവരി 27-ന് 'ഗുസ് ഗ്രിസ്സമും' 'എഡ് വൈറ്റ് റോഗർ ചാഫീ'യും കെന്നഡി സ്പേസ് സെന്ററിൽ വിമാനം തീ പിടിച്ചുള്ള അപകടത്തിൽ മരിച്ചു.
ചന്ദ്രയാത്രയിൽ, മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെടുന്നതിലും ഭീമമായ സാമ്പത്തിക ചെലവുകളിലും അമേരിക്കൻ കോൺഗ്രസിലും പൊതുജനങ്ങളിലും ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. ജനങ്ങളുടെ നികുതിപ്പണം നിരുപയോഗമായി ചെലവാക്കുന്നത് ന്യായ യുക്തമോയെന്ന ചിന്തകളും വ്യാപകമായി പടർന്നിരുന്നു. രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുമ്പോൾ ചന്ദ്രയാത്രകൾക്ക് പണം ചെലവഴിക്കുന്നതിൽ പ്രതിക്ഷേധിച്ച് മനുഷ്യാവകാശ പ്രവർത്തകനായ റെവ. ജെയിംസ് അബെർണാതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധങ്ങളും പ്രകടനങ്ങളുമുണ്ടായിരുന്നു. ബഹിരാകാശ വാഹനങ്ങളുടെ തീപിടുത്തവും നാശനഷ്ടങ്ങളും കോൺഗ്രസിൽ ആശങ്കകൾ സൃഷ്ടിച്ചു. “നാസായിലുള്ളവരും ചന്ദ്രയാത്രകൾ വിജയകരമാവുമോയെന്നുള്ളതിൽ സംശയം പ്രകടിപ്പിച്ചിരുന്നു! നാസായ്ക്കുള്ളിലും അതിന്റെ പേരിൽ തീവ്രമായ ചർച്ചകളും തുടർന്നുകൊണ്ടിരുന്നു.
1969-ൽ യാത്രികരായ ആംസ്‌ട്രോങ്ങിനും ആൽഡ്രിനും ചന്ദ്രനിലേക്കുള്ള മിഷൻ വിജയപ്രദമാവുമെന്നുള്ള ശുഭ പ്രതീക്ഷകളുണ്ടായിരുന്നു. ദിവസം ഏഴും എട്ടും മണിക്കൂറുകൾ പരിശീലനം നേടി സർവ്വവിധ ടെക്ക്നിക്കൽ കഴിവുകളും നേടിയ ശേഷമാണ് അവർ ചന്ദ്രനിലേക്കുള്ള യാത്രക്കായി ഒരുമ്പെട്ടത്. 1969 ജൂലൈ പതിനാറാം തിയതി മൂന്നുപേരെയും ഒരുമിച്ച് ശൂന്യാകാശത്തിലയച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ 1969 ജൂലൈ ഇരുപതാം തിയതി 'ആംസ്ട്രോങ്' പൈലറ്റായി ഓടിച്ച വാഹനമെത്തി. രണ്ടര മണിക്കൂറോളം ചന്ദ്രനിൽനിന്നും അവർ രണ്ടുപേരുമൊത്ത് ചന്ദ്രക്കല്ലുകൾ ശേഖരിച്ചുകൊണ്ടിരുന്നു. തത്സമയങ്ങളിലെല്ലാം 'മൈക്കിൾ കോളിൻസ്' അവരെ നിരീക്ഷിച്ചുകൊണ്ട് ചന്ദ്രോപരിതലത്തിൽ വാഹനങ്ങൾ ഓടിച്ചുകൊണ്ടിരുന്നു. ചന്ദ്രനിൽ കണ്ട കാഴ്ചകളുടെയും ചന്ദ്രോപരിതലം പരീക്ഷണങ്ങൾക്കിടയിൽ കാലിൽ ധരിച്ചിരുന്ന മെതിയടികളുടെയും ഫോട്ടോകളുമെടുത്തു. 1969 ജൂലൈ ഇരുപത്തിനാലാം തിയതി ചന്ദ്രനിൽനിന്നുള്ള മടക്കയാത്രയ്ക്കുശേഷം 'അപ്പോളോ പതിനൊന്ന്' 'ഹാവായ് ഐലൻഡിന്റെ പടിഞ്ഞാറുള്ള പസഫിക്ക് സമുദ്രത്തിൽ ഇറക്കി. ഉടൻതന്നെ അതിനുള്ളിലെ യാത്രികരെയും വാഹനവും യൂ.എസ് കപ്പലുകൾക്കുള്ളിലാക്കി. പകർച്ച വ്യാധിയോ മറ്റുള്ള അസുഖങ്ങളോ തടയാനായി മൂന്നുപേരെയും കരയിലിറങ്ങാൻ അനുവദിക്കാതെ മറ്റുള്ളവരുമായി സംസർഗ്ഗമില്ലാതെ കപ്പലിനുള്ളിൽ മൂന്നാഴ്ചയോളം താമസിപ്പിച്ചു. മൂന്നു വൈമാനികർക്കും രാജ്യം മുഴുവൻ ഗാംഭീര സ്വീകരണമാണ് നൽകിയത്. ന്യൂയോർക്ക് പട്ടണം മുഴുവൻ ജനലക്ഷങ്ങൾ ചന്ദ്രയാത്രികരെ സ്വീകരിക്കാൻ അണിനിരന്നിരുന്നു. ജനങ്ങൾ ചന്ദ്രനിലെത്തി മടങ്ങിവന്ന ശൂന്യാകാശ യാത്രികരെ കണ്ടു ആർത്തു വിളിച്ചുകൊണ്ടിരുന്നു.
പതിറ്റാണ്ടോളം അവർ ശേഖരിച്ച കല്ലുകളെപ്പറ്റി ശാസ്ത്രജ്ഞർ പഠനം നടത്തിക്കൊണ്ടിരുന്നു. അപ്പൊളോ പതിനൊന്നിലെ ദൗത്യത്തിൽ നിന്നും ലഭിച്ച ചന്ദ്രനുള്ളിലെ പാറക്കഷണങ്ങൾ ഭൂമിയിൽ വരുന്നതിനുമുമ്പ് ചന്ദ്രനെപ്പറ്റിയുള്ള നമ്മുടെ അറിവുകൾ വളരെ പരിമിതമായിരുന്നു. ചന്ദ്രന്റെ പ്രായമെന്തെന്ന് ഇന്ന് നമുക്കറിയാം! 4.5 ബില്ലിൻ വർഷങ്ങൾ ചന്ദ്രന് പഴക്കമുണ്ട്. ചന്ദ്രന്റെ ഉപരിതലം ഭൂമിയിൽ നിന്നും എത്രമാത്രം അകലെയാണെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടി കഴിഞ്ഞു. അതിന് അപ്പോളോ പതിനൊന്നിന്റെ മിഷ്യനോട് നാം കടപ്പെട്ടവരാണ്. എങ്ങനെയാണ് ചന്ദ്രൻ ഉണ്ടായത്? ചന്ദ്രനും ഭൂമിയുമായുള്ള ആകർഷണശക്തിയുടെ രഹസ്യങ്ങളും ശാസ്ത്ര ലോകം കണ്ടുപിടിച്ചു കഴിഞ്ഞു. ഭ്രമണതലത്തിൽനിന്നും വ്യതിചലിച്ച്! മറ്റൊരു ഗ്രഹവുമായി ഭൂമി കൂട്ടിയിടിച്ചപ്പോൾ ചന്ദ്രനുണ്ടായിയെന്നും ശാസ്ത്രം ഗ്രഹിക്കുന്നു. ചന്ദ്രനെപ്പറ്റിയും അതിന്റെ ഉത്ഭവത്തെപ്പറ്റിയും ശാസ്ത്രജ്ഞർ വിവിധ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹമായ ചന്ദ്രൻ ഭൂമിയിൽ നിന്നും അടർന്നുപോയി ഉണ്ടായതെന്നു പറയുന്നു. ഒരിക്കൽ രണ്ടു ചന്ദ്രന്മാർ ഉണ്ടായിരുന്നുവെന്നും അവ ലോപിച്ച് ഒന്നായ പൂർണ്ണ ചന്ദ്രനായിയെന്നും മറ്റൊരു തീയറിയുമുണ്ട്. ചന്ദ്രന്റെ വ്യാസം 3475 കിലോമീറ്ററെന്നും കണക്കാക്കുന്നു. ഇത് ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്ന് ഭാഗമായി കരുതുന്നു. ചുറ്റളവ് 10917 കിലോമീറ്ററും. ചന്ദ്രനിൽ ജലമുണ്ടോയെന്നുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ഇന്നും തുടരുന്നു. അപ്പോളോ പതിനഞ്ചു മിഷ്യൻ വഴി കൊണ്ടുവന്ന വോൾക്കാനിക്ക് മുത്തുകളിൽ (Volcanic pearls) ജലാംശം ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഇന്ത്യയുടെ 'ചന്ദ്രയാൻ ദൗത്യം' ചന്ദ്രോപരി തലത്തിൽ ജലാംശം കണ്ടെന്നും അവകാശപ്പെടുന്നു. ഇന്ത്യ 2009 സെപ്റ്റമ്പറിലാണ് ചന്ദ്രയാൻ ദൗത്യം നിർവഹിച്ചത്. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ സൂര്യന്റെ പ്രകാശമെത്താത്ത സ്ഥലങ്ങളിൽ ജലമുണ്ടെന്നുള്ള തെളിവുകളും പഠിച്ചുകൊണ്ടിരിക്കുന്നു.
ബഹിരാകാശ മത്സരത്തിൽ അമേരിക്കൻ പൊതുജനങ്ങളുടെ ശ്രദ്ധ എന്നുമുണ്ടായിരുന്നു. ദേശീയ മാദ്ധ്യമങ്ങളിൽ ബഹിരാകാശ രംഗത്ത് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും വിജയം സമയാസമയങ്ങളിൽ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. ടെലിവിഷന്റെ ആവിർഭാവത്തോടെ ലോകത്തിന് അപ്പോഴപ്പോൾ വാർത്തകൾ ലഭിച്ചിരുന്നു. ശൂന്യാകാശ യാത്രക്കാർ എന്നും അമേരിക്കൻ ജനതയുടെ ഹീറോകളായിരുന്നു. സോവിയറ്റ് യൂണിയനെ ബഹിരാകാശ യാത്രകളിലെ മത്സരത്തിൽ വില്ലനായും കരുതിയിരുന്നു. കമ്മ്യുണിസത്തിന്റെ അധികാര മേൽക്കോയ്മയിൽ സോവിയറ്റ് യൂണിയൻ മുന്നേറുന്നത് അമേരിക്ക ഇഷ്ടപ്പെട്ടിരുന്നില്ല. ശീത സമരത്തിനു ശേഷം സോവിയറ്റ് യൂണിയനുമായി ശൂന്യാകാശ മത്സരം കൂടുതൽ സൗഹാർദ്ദതയിലേക്ക് വഴിതെളിയിച്ചിരുന്നു. സോവിയറ്റ് ബഹിരാകാശ മിഷനും അമേരിക്കൻ അപ്പോളോ മിഷ്യനും പരസ്പ്പരം സഹകരിച്ചു പ്രവർത്തിക്കാനും തുടങ്ങി. അതുവഴി ശീതസമരത്തിലുണ്ടായിരുന്ന വിടവുകൾ മാറ്റി ശത്രുതകൾ അവസാനിക്കുകയുമുണ്ടായി. സോവിയറ്റ് യൂണിയനുമായി മെച്ചപ്പെട്ട സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമിടയായി.
2012 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി ഹൃദയാഘാതം മൂലം നീൽ ആംസ്ട്രോങ് തന്റെ എൺപത്തി രണ്ടാം വയസിൽ മരിച്ചു. മരണശേഷം നീലിന്റെ കുടുംബം ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതിൽ പറഞ്ഞതിങ്ങനെ, "നീലിനെ ബഹുമാനിക്കുന്നവർ അദ്ദേഹം ചന്ദ്രയാത്രയിലൂടെ മാനവികതയ്ക്ക് നൽകിയ സംഭവനകളെ ഓർമ്മിക്കുക! നിലാവുള്ള രാത്രികളിൽ പുറം പ്രദേശങ്ങളിൽക്കൂടി സഞ്ചരിക്കുമ്പോൾ ചന്ദ്രപ്രഭ നമ്മെ നോക്കി പുഞ്ചരിക്കുന്നതായി തോന്നും. അപ്പോഴെല്ലാം നീൽ ആംസ്‌ട്രോങിനെയും ചിന്തിക്കുക. ഇമ വെട്ടുന്ന നമ്മുടെ കണ്ണുകളിൽ അദ്ദേഹത്തിൻറെ ചൈതന്യവും പ്രസരിക്കുന്നുണ്ടാവാം." 'ആംസ്ട്രോങ്ങ്' മരിച്ചുവെന്ന വാർത്ത പരന്നതോടെ ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരുന്നു. പ്രസിഡന്റ് ഒബാമ ആ കുടുംബത്തിന്റെ ദുഃഖത്തിൽ അനുശോചനം അറിയിച്ചിരുന്നു. അമേരിക്കയുടെ മഹാനായ 'നീൽ ആംസ്ട്രോങ്ങ്' കാലത്തെയും അതിജീവിച്ച് മനുഷ്യ മനസുകളിൽ നിത്യം ജീവിക്കുന്നുവെന്നു' ഒബാമ പറഞ്ഞു. അപ്പോളൊ പതിനൊന്നിൽ സഹയാത്രികനായിരുന്ന 'ആൽഡ്രിൻ' പറഞ്ഞതിങ്ങനെ, "കോടാനു കോടി ജനങ്ങളോടൊപ്പം ഞാനും ഇന്ന് നീലിന്റെ മരണത്തിൽ ദുഖിതനാണ്. അമേരിക്കൻ 'ഹീറോ' ആയ അദ്ദേഹം ലോകം കണ്ട ഏറ്റവും നല്ല പ്രഗത്ഭനായ ഒരു പൈലറ്റായിരുന്നു. മനുഷ്യ ചരിത്രത്തിൽ എന്നും അദ്ദേഹത്തിൻറെ പേര് തിളങ്ങി നിൽക്കും".
John F Kennedy and Alan Shepard |
Buzz Aldrin
|
Neil
Armstrong (1930–2012)
|
Michael Collins |
No comments:
Post a Comment