ഭാരതത്തിന്റെ ' ജയ് ഹിന്ദ്' മുദ്രാവാക്യത്തിന്റെ പിതാവ് ചെമ്പകരാമൻ പിള്ളയെന്നത് വളരെ ചുരുക്കം ജനതയ്ക്കേ അറിയുള്ളൂ. ദേശീയഭക്തി പ്രകടിപ്പിക്കുന്നതിനും പ്രസംഗത്തിൽ അഭിവാദനം ചെയ്യുന്നതിനും ഭാരതീയർ ആദരവോടെ ജയ് ഹിന്ദെന്നു വിളിച്ചു പറയാറുണ്ട്. ഇന്ത്യാ ജയിക്കട്ടെ, ഇന്ത്യാ നീണാൾ വാഴട്ടെ എന്നാണ് വാക്കുകളുടെ അർത്ഥം. ഈ ദേശീയ അഭിവാദനത്തിന്റെ ഉപജ്ഞാതാവ് ചെമ്പക രാമനാണെന്നത് ഭൂരിഭാഗം തിരുവനന്തപുരം നിവാസികൾക്കുപോലും അറിയാമെന്നു തോന്നുന്നില്ല. ഇത് പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ ആർമിയുടെ കാഹള മുദ്രാവാക്യമായി മാറി. ഗാന്ധിജി വെടിയേറ്റ ദിവസം 'ആ ദീപം അണഞ്ഞു' വെന്ന നെഹ്രുവിന്റെ രാഷ്ട്രത്തോടായ പ്രസംഗത്തിലും മുഴങ്ങി കേട്ടത് ഇന്ത്യാ ജയിക്കട്ടെ, 'ജയ് ഹിന്ദെ'ന്ന ഈ മുദ്രാവാക്യമായിരുന്നു.
'എംഡെൻ പിള്ള' യെന്ന മറുപേരിലും ചെമ്പക രാമൻപിള്ള അറിയപ്പെട്ടിരുന്നു. കർമ്മനിരതനായിരുന്ന ഈ വീരയോദ്ധാവിന്റെ കഥ വിസ്മൃതിയിലായതു കാരണം അദ്ദേഹത്തെപ്പറ്റിയറിയാൻ ചരിത്രത്തിന്റെ താളുകളിൽ തേടിയാലും അധികമൊന്നും ലഭിക്കില്ല. പിൽക്കാല തലമുറകൾ അർഹമായ സ്ഥാനമാനങ്ങളോ കീർത്തിയോ അദ്ദേഹത്തിന് നല്കാതെ പോയത് ഒരു മലയാളിയായി ജനിച്ചതുകൊണ്ടായിരിക്കാം. മലയാളനാടിനെ തമിഴകമാക്കി ചിലർ അദ്ദേഹത്തെ തമിഴനായി ചരിത്രമെഴുതിയിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യസമരത്തിൽ ചരിത്രം കുറിക്കുന്നതിനുമുമ്പ് മുൻനിരയിലെ ഒരു പോരാളിയായി ചെമ്പകരാമനുണ്ടായിരുന്നു.
1891 സെപ്റ്റംബർ പതിനഞ്ചാംതിയതി ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി പിള്ള തിരുവനന്തപുരത്ത് ജനിച്ചു. പൂർവികകുടുംബം തമിഴ്നാട്ടിൽനിന്ന് വന്ന വെള്ളാള സമുദായത്തിൽപ്പെട്ടവരായിരുന്നു. തിരുവനന്തപുരത്തുള്ള തൈക്കാട്ടിൽ പേരും പെരുമയുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിൻറെ പിതാവ് തിരുവിതാകൂർ രാജകീയഭരണത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതാൻ പിള്ളയിൽ ആവേശമുണ്ടാക്കിയത് ബാലഗംഗാധര തിലകന്റെ പ്രഭാഷണങ്ങളും തിലകൻ പ്രസിദ്ധീകരിച്ചിരുന്ന കേസരിപത്രവുമായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂളിൽ പ്രാരംഭിക വിദ്യാഭ്യാസം ചെയ്തു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ സസ്യശാസ്ത്രജ്ഞനായ ബ്രിട്ടീഷ്കാരൻ 'സർ വാല്ടർ സ്റ്റ്രിക്ക് ലാൻഡ്‌നെ' (Sir Walter Strickland, a British biologist) പരിചയപ്പെടാൻ ഇടയായി. സസ്യങ്ങളുടെ ഗവേഷണപഠനത്തിനായി അദ്ദേഹമന്ന് തിരുവനന്തപുരത്ത് സന്ദർശകനായിരുന്നു. പഠിക്കാൻ സമർത്ഥനും പതിനഞ്ച് വയസുകാരനുമായ ചെമ്പകരാമൻ അദ്ദേഹത്തോടൊപ്പം യൂറോപ്പിൽ പോയി. തന്റെ കസ്യൻ പത്മനാഭനും കൂടെയുണ്ടായിരുന്നു. എന്നാൽ പകുതിവഴി കൊളംബോയിലെത്തിയപ്പോൾ പത്മനാഭൻ യൂറോപ്പുയാത്ര വേണ്ടെന്നുവെച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിവന്നു. അതിനുശേഷം രണ്ടുവർഷം ചെമ്പകരാമൻ കൊളംബോയിൽ താമസിച്ചെന്നും പറയുന്നു. ഓസ്ട്രിയായിലെ ഒരു സ്കൂളിൽനിന്ന് ഹൈസ്കൂൾ പൂർത്തിയാക്കി.
1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയം ചെമ്പക രാമൻപിള്ള 'സൂറിച്ച്' കേന്ദ്രമാക്കി ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ഒരു സംഘടന (Pro -India Committee)രൂപികരിച്ചു. അദ്ദേഹം ആ സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അക്കാലത്ത് ബർലിനിലും മറ്റു വിദേശരാജ്യങ്ങളിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായുള്ള മറ്റനേക സംഘടനകളുമുണ്ടായിരുന്നു.അന്ന് വിദേശരാജ്യങ്ങളിൽ താമസമാക്കിയിരുന്ന വീരേന്ദ്രനാഥ് ചാതോപത്യയാ, മഹാത്മാഗാന്ധി, മൗലവി ബാർകാത്തുള്ള, ബീരേന്ദ്ര സർക്കാർ, ഭൂപേന്ദ്ര ഗുപ്ത, ചന്ദ്രകാന്ത് ചക്രവർത്തി, എം.പ്രഭാകർ, ഹെരംബലാൽ ഗുപ്താ എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു. 1914-ൽ പിള്ള ബർലിനിൽ താമസമാക്കികൊണ്ട് ബർലിൻ ഇന്ത്യാസംഘടനയിൽ പ്രവർത്തനമാരംഭിച്ചു. അവിടെനിന്നും അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബർലിൻ സമരസംഘടനയെ യൂറോപ്പ് മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു വിപ്ലവമുന്നണിയുമായി യോജിപ്പിച്ചു. ആ മുന്നണിയിൽ അന്ന് ലാലാ ഹർ ദയാലുമുണ്ടായിരുന്നു. ഈ സംഘടന പിന്നീട് അംസ്റ്റാർഡാം, സ്റ്റൊക്ക്ഹോം മുതൽ യൂറോപ്പിന്റെ പ്രമുഖപട്ടണങ്ങളും അമേരിക്കയിലെ വാഷിംഗ്‌ടൻ വരെയും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.
യൂറോപ്പിൽ ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ചെമ്പകരാമൻ സമരമുന്നണിയിലായിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനിൽ ഭരണ സംവിധാനത്തിനായി പ്രാദേശികളടങ്ങിയ ഒരു സർക്കാർ രൂപീകരിച്ചിരുന്നു. ചെമ്പകരാമൻ ആ സർക്കാരിൽ വിദേശമന്ത്രിയായിരുന്നു. കാബൂളിൽനിന്ന് രാജാ മഹേന്ദ്രസിംഗ് പ്രസിഡന്റും മൗലാനാ ബാർഖത്തുള്ള പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യാ-ബ്രിട്ടീഷ് സർക്കാരിലെ ആദ്യത്തെ വിദേശമന്ത്രിയെന്ന ബഹുമതിയും അദ്ദേഹം നേടി.
ചെമ്പക രാമൻപിള്ള യൂറോപ്പിൽ സ്കൂൾ വിദ്യാഭ്യാസാനന്തരം ടെക്കനിക്കൽ സ്കൂളിൽ പഠിച്ച് ഡിഗ്രികൾ നേടിയിരുന്നു. പഠിക്കുന്ന കാലഘട്ടങ്ങളിലും സ്വന്തം മാതൃരാജ്യത്തുനിന്നകന്ന് വിദൂരരാജ്യത്തു നിന്നുകൊണ്ട് അദ്ദേഹം ബ്രിട്ടീഷ്കാർക്കെതിരെ പോരാടി. സുഭാഷ് ചന്ദ്ര ബോസിന് ഉത്തേജനം ലഭിച്ചത് മഹാനായ പിള്ളയിൽ നിന്നായിരുന്നു. ജർമ്മനിയിൽ സ്ഥിര താമസമാക്കുന്നതിനുമുമ്പ് ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലുമായി പഠനം പൂർത്തിയാക്കി. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യുമായിരുന്നു. ബർലിനിൽനിന്ന് എഞ്ചിനീയറിംഗ് ഡിഗ്രി നേടിയശേഷം എഞ്ചിനീയറിങ്ങിലും ധനതത്ത്വ ശാസത്രത്തിലും ഡോക്ട്രേറ്റ് ബിരുദങ്ങളും നേടിയിരുന്നു. ആ കാലഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനും ബ്രിട്ടീഷുകാരോട് പൊരുതാനും ഒന്നാം ലോകമഹായുദ്ധം അനുയോജ്യസമയമായി അദ്ദേഹം കരുതി. ബർലിനിൽ സ്വാതന്ത്ര്യദാഹികളായ ഇന്ത്യാക്കാരുടെ പാർട്ടിയുണ്ടാക്കിയശേഷം അദ്ദേഹം ലാലാ ഹര ദയാലിന്റെ നേതൃത്വത്തിലുള്ള 'ഗാദർ 'പാർട്ടി'യിൽ സജീവാംഗമായി. ഈ പാർട്ടിയുടെയും ലക്‌ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. അക്കാലയളവിൽ അമേരിക്കയിലെ 'ഗാദർ പാർട്ടി'യും ഹിന്ദുമുന്നണിയും ജർമ്മൻ സർക്കാരും ഒരുമിച്ചുകൊണ്ട് ബ്രിട്ടനെതിരായി നീക്കങ്ങളും തുടങ്ങിയിരുന്നു. ചെമ്പകരാമന്റെ ബുദ്ധിശക്തിയും നേതൃവൈഭവവും സംഘടനാപ്രവർത്തനവും ജർമ്മൻ ഭരണാധികാരി കൈസറിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ആ വിശ്വാസമായിരുന്നു അദ്ദേഹത്തെ ജർമ്മൻനേവിയെ നയിക്കാൻ നിയോഗിച്ചത്.
അക്കാലത്ത് ജർമ്മൻകപ്പലായ 'എംഡന്റെ' ഉപക്യാപ്റ്റനായി അദ്ദേഹത്തിന് നിയമനം കിട്ടി. ഒന്നാം ലോക മഹായുദ്ധത്തിൽ അനേക ബ്രിട്ടീഷ്കപ്പലുകളെ 'എംഡൻ' തകർത്തു. എങ്കിലും ബ്രിട്ടീഷ്കാർക്ക് അദ്ദേഹത്തെ പിടികൂടാൻ സാധിച്ചില്ല. മറ്റു മാർഗങ്ങൾ കാണാതെ ചെമ്പകരാമനെ പിടികൂടുന്നവർക്ക് ഒരുലക്ഷം പൌണ്ട് ബ്രിട്ടീഷ്സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്തു. 1914 സെപ്റ്റംബർ 22 ന് മദ്രാസ് നഗരം ഇരുട്ടിലായിരിക്കവേ 'എംഡൻ കപ്പൽ' നഗരത്തിനെ ലക്ഷ്യമാക്കി വെടിവെച്ചു. അന്ന് സ്ഥലത്തുണ്ടായിരുന്ന ബ്രിട്ടീഷ്കാരടക്കം ജനം ജീവനുംകൊണ്ട് ഓടി. ബർമ്മാ ഓയിൽ കമ്പനി പാടെ തകർത്തു. അന്നുതന്നെ 4,25,000 ഗ്യാലൻ ഗ്യാസ് കത്തിപ്പോയി. മദ്രാസ് പട്ടണത്തിലും ഷെല്ലുകൾ വീണിരുന്നു. പിള്ളയടക്കമുള്ള അപ്രതീക്ഷിതമായ ഈ ജർമ്മൻ ആക്രമം ബ്രിട്ടീഷ്കാരെ തളർത്തിയിരുന്നു. അന്നുതന്നെ കപ്പൽ കൊച്ചിയിൽ എത്തി. കൊച്ചിയിൽനിന്നും മലേറിയാ രോഗത്തിനുള്ള മരുന്നുകൾ മേടിച്ചു. ചില യഹൂദ കുടുംബങ്ങൾ കപ്പലിൽനിന്ന് വന്നവരേയും പിള്ളയെയും സല്ക്കരിച്ചു. ഒരുപക്ഷെ പിള്ളയുടെ നയതന്ത്ര വിജയംകൊണ്ട് ജർമ്മൻ നാവികർ കൊച്ചിയെ ബോംബു ചെയ്യരുതെന്ന് തീരുമാനം എടുത്തിരിക്കാം. യുദ്ധത്തിൽ ബ്രിട്ടീഷ്കാർക്കെതിരെ ഫ്രാൻസിലെ ഇന്ത്യൻ പട്ടാളത്തിന് വീര്യം പകരാൻ വിമാനത്തേൽ ലഘുലേഖകൾ വിതറിയിരുന്നു. പിള്ളയന്നു ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടാൻ വേണ്ട പ്രോത്സാഹനങ്ങളും നല്കിക്കൊണ്ടിരുന്നു.
ബൌദ്ധിക പാടവങ്ങളോടെ ജർമ്മൻ കപ്പലിനെ നയിച്ച കപ്പലിന്റെ ഉപക്യാപ്റ്റൻ ചെമ്പക രാമനെന്ന ഈ സ്വാതന്ത്ര്യ പ്രേമിയെ വലയിലാക്കാൻ ബ്രിട്ടീഷ് സർക്കാരിന് സാധിച്ചില്ല. ഇന്ത്യയുടെ ശതൃക്കളെ നശിപ്പിക്കാൻ അദ്ദേഹം രാഷ് ബിഹാരി ബോസും സുഭാഷ് ചന്ദ്രബോസും നയിക്കുന്ന മിലിറ്റന്റ് സംഘടനയിലും അംഗമായിരുന്നു. 1919-ൽ ഈ സംഘടനയ്ക്ക് മിലിട്ടറി നിയമങ്ങളും യൂണിഫോമും നല്കിയിരുന്നു. വിയന്നായിൽ സുഭാഷ് ചന്ദ്രബോസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവിടെവച്ച് ബ്രിട്ടീഷ്കാരെ രാജ്യത്തിൽനിന്നും തുരത്തി സ്വാതന്ത്ര്യം നേടാനുള്ള പോംവഴികളും ആരാഞ്ഞിരുന്നു. അന്ന് ചെമ്പകരാമൻ കൊടുത്ത ഉപദേശങ്ങളാണ് പില്ക്കാലത്ത് സുഭാഷ്ബോസിനെ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.
യുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തോടെ വിപ്ലവകാരികളുടെ ആവേശത്തിലും കോട്ടം സംഭവിച്ചു. ജർമ്മനി ഇന്ത്യാ വിപ്ലവകാരികളെ യുദ്ധകാലങ്ങളിൽ സഹായിച്ചിരുന്നത് സ്വാർഥതമൂലമായിരുന്നു. യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടപ്പോൾ വിപ്ലവകാരികളെ ഗൌനിക്കാതെയായി. ഇന്ത്യാക്കാർ ബ്രിട്ടീഷ് ചാരന്മാരെന്ന സംശയവുമുണ്ടായി. അങ്ങനെ വിപ്ലവകാരികളും ജർമ്മനിയുമായുള്ള ബന്ധത്തിനുലച്ചിൽ വന്നു.
1933-ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ ചാൻസലറായി അധികാരത്തിൽ വന്നു. യുദ്ധകാലശേഷം ചെമ്പകരാമൻ ജർമ്മനിയിൽ ഹിറ്റ്ലറിന്റെ നാഷണൽ പാർട്ടിയുടെ അംഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ചെമ്പകരാമൻ പിള്ള ഹിറ്റ്‌ലറുമായി ഒരു സൗഹാർദബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാൻ ആ ഏകാധിപതി സഹായിക്കുമെന്ന് പിള്ളയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ചെമ്പകരാമൻ പിള്ള ബ്രിട്ടീഷ് രഹസ്യാന്വേഷകരുടെ പിടികിട്ടേണ്ടും പുള്ളിയായിരുന്നു. 'അബ്ദുള്ള ബിൻ മൻസൂർ' എന്ന പേരിലായിരുന്നു അദ്ദേഹം ജർമ്മൻ സർക്കാരിനുവേണ്ടി ജോലി ചെയ്തിരുന്നത്.
"ഇന്ത്യാ ഭരിക്കേണ്ടത് ബ്രിട്ടീഷുകാരാണ്; കറുത്ത വർഗക്കാരായ ഇന്ത്യാക്കാർ ആര്യന്മാരല്ല." എന്നായിരുന്നു ഹിറ്റ്ലറിന്റെ അന്നത്തെ ഇന്ത്യക്കെതിരായ പരാമർശം. ഇന്ത്യാക്കാർക്ക് സ്വയം രാജ്യം ഭരിക്കാൻ കഴിവില്ലെന്ന് ഹിറ്റ്ലർ വിശ്വസിച്ചിരുന്നു. ചെമ്പകരാമൻ പിള്ള അന്ന് ഹിറ്റ്ലറെ വിമർശിച്ചുകൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്തി. ഭാരതത്തെയും ഭാരതീയരെയും അപമാനിച്ചുള്ള പ്രസ്താവനയിൽ മാപ്പ് പറയാനും പിള്ള ഹിറ്റ്‌ലറിനോട് ആവശ്യപ്പെട്ടു. ഹിറ്റ്ലറിനെതിരായ പ്രസ്ഥാവനയിൽക്കൂടി പിള്ള വലിയ വിലയും കൊടുക്കേണ്ടി വന്നു. അന്നുമുതൽ അദ്ദേഹം നാസികളുടെ നോട്ടപ്പുള്ളിയും വിരോധിയുമായി. ഇന്ത്യയെ അവഹേളിച്ചശേഷം ഹിറ്റ്ലറും പിള്ളയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരുന്നു. കുപിതനായ ഹിറ്റ്‌ലറിന്റെ ഭരണകൂടം പിള്ളയുടെ വീടുൾപ്പടെയുള്ള സ്വത്തുക്കൾ പിടിച്ചെടുത്തു. ഈ സംഭവം പിള്ളയെ വേദനപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തു.
മണിപൂരുകാരി ലക്ഷ്മി ബായിയെ ചെമ്പകരാമൻ 1931-ൽ വിവാഹം ചെയ്തിരുന്നു. അവർ പരസ്പരം കണ്ടുമുട്ടിയതും ബർലിനിൽ വെച്ചായിരുന്നു. ലക്ഷ്മിയും ചെമ്പകരാമൻ പിള്ളയുമൊത്തുള്ള ജീവിതം ഹൃസ്വവും മാതൃകാപരവുമായിരുന്നു. സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഭർത്താവിന്റെ ശ്രമങ്ങൾക്ക് അവർ എല്ലാവിധ ധാർമ്മികപിന്തുണയും നല്കിയിരുന്നു. എന്നാൽ വിധി പിള്ളയെ മാരകമായ ഏതോ രോഗത്തിലെത്തിച്ചു. പതിയെ പതിയെ ജീവൻ കാർന്നുതിന്നുന്ന വിഷം അദ്ദേഹത്തിന്റെയുള്ളിൽ ചെന്നിരുന്നു. ചീകത്സക്കായി ഇറ്റലിയിൽ പോയെങ്കിലും രോഗം ഭേദമാകാതെ ജർമ്മനിയിൽ മടങ്ങിവന്നു. 1934 മെയ് ഇരുപത്തിനാലാം തിയതി ചെമ്പകരാമൻപിള്ള അകാലചരമം പ്രാപിച്ചു. നാസികളുടെയും ഹിറ്റ്ലറിന്റെയും അപ്രീതി സമ്പാദിച്ച ചെമ്പകരാമന്റെ മരണത്തിൽ ദുരൂഹതയുണ്ട്. ഹിറ്റ്‌ലറിന്റെ നിർദേശമനുസരിച്ച് നാസികൾ അദ്ദേഹത്തെ വിഷംകൊടുത്തു കൊന്നുവെന്ന് അനുമാനിക്കുന്നു. അദ്ദേഹത്തിന് അന്ന് 42 വയസ് പ്രായം.
പിള്ളയുടെ മരണശേഷം നാസികൾ അദ്ദേഹത്തിന്റെ ഭാര്യക്ക് നിരന്തരം പീഡനങ്ങളും കൊടുത്തിരുന്നു.
മരിച്ചുകഴിഞ്ഞാൽ തന്റെ ഭൌതികാവിശിഷ്ടമടങ്ങിയ ചാരം ജനിച്ചനാട്ടിൽ പ്രതിഷ്ഠിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ചിതാഭസ്മം കന്യാകുമാരിയിലും തിരുവനന്തപുരം കരമനപ്പുഴയിലും ലയിപ്പിക്കണമെന്നുള്ള ആഗ്രഹപ്രകാരം അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ചാരം ഭദ്രമായി സൂക്ഷിച്ചിരുന്നു. പിള്ളയുടെ ആഗ്രഹം സഫലമാക്കാൻ പിന്നീട് 33 വർഷങ്ങൾ വേണ്ടി വന്നു. 1966-ൽ അദ്ദേഹത്തിൻറെ ഡയറിയും രഹസ്യ ഡോക്കുമെന്റും ചിതാഭസ്മവുമായി അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ലക്ഷ്മി ബായി ബോംബെയിലെത്തി. അവിടെനിന്നും ഇന്ത്യൻനേവി ആഘോഷസഹിതം ചിതാഭസ്മം 1966 സെപ്റ്റംബർ പതിനാറാംതിയതി കൊച്ചിയിലെത്തിച്ചു. ഐ.എൻ. ഐ (INI) ഡൽഹിയെന്നുള്ള കൂറ്റൻകപ്പലിൽ സ്വതന്ത്ര ഇൻഡ്യയുടെ പതാക അന്ന് പാറിപറക്കുന്നുണ്ടായിരുന്നു.
ചിതാഭസ്മവുമായി കൊച്ചിയിലെത്തിയ ലക്ഷ്മിബായിയുടെ വാക്കുകൾ ഹൃദയസ്പർശമായിരുന്നു.
" അവർ പറഞ്ഞു, നാളിതുവരെയായി ജർമ്മനിയിലുള്ള എന്റെ ഭവനത്തിൽ ഭർത്താവിന്റെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാജ്യത്തിനുവേണ്ടി ബലിയർപ്പിച്ച ഒരു ധീരയോദ്ധാവിന് അർഹമായ ബഹുമാനവും ആദരവും വെണമെന്നുള്ള ചിന്തകളും എന്നെ അലട്ടിയിരുന്നു. സ്വതന്ത്രഇന്ത്യയുടെ പതാക പാറിപറക്കുന്ന ശക്തമായ ഒരു കപ്പലിലെ താനിനി സ്വന്തംരാജ്യത്തിലേക്ക് മടങ്ങിപോവുള്ളൂവെന്ന് അദ്ദേഹത്തിന് പ്രതിജ്ഞയുണ്ടായിരുന്നു. വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തു. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത മുറിവേറ്റ ഒരു പട്ടാളക്കാരനെപ്പോലെയാണ് അദ്ദേഹം മരിച്ചത്. ഇന്ത്യയെ അപമാനിച്ചതിന് എന്റെ ഭർത്താവ് ഹിറ്റലറിനെ വെല്ലുവിളിച്ചു സംസാരിച്ച ധീരനായ ഏക ഭാരതീയനായിരുന്നു. തന്മൂലം ഞങ്ങളുടെ ജീവിതം ദുരിതവും കഠിനവും യാതനകൾ നിറഞ്ഞതുമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടുൾപ്പടെ സർവ്വതും നശിച്ചുപോയിരുന്നു. ഇന്ന് ഭാരതം സ്വതന്ത്ര റിപ്പബ്ലിക്കാണ്. സ്വാതന്ത്ര്യത്തിനായി ഒരായുസ് മുഴുവനും ത്യാഗങ്ങളിൽക്കൂടി കർമ്മനിരതനായി ജീവിച്ച ഈ മഹാന്റെ ചിതാഭസ്മം ഇന്ത്യൻ നേവിയുടെ പാറിപറക്കുന്ന ദേശീയപതാകയുമായി പടുകൂറ്റൻ കപ്പലിൽ കൊച്ചിയിൽ കൊണ്ടുവന്നതും മഹത്തായ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. കഴിഞ്ഞ മുപ്പത് വർഷങ്ങളായി അദ്ദേഹത്തിൻറെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ സ്വപ്നഭൂമിക്കു വേണ്ടി പടപൊരുതിയ അദ്ദേഹത്തിന് സ്വന്തമായി ഒന്നും ലഭിച്ചില്ല. അതിനുശേഷം ഏകയായ ജീവിതം ഞാൻ നയിച്ചു. എന്നോടു കൂടിയുണ്ടായിരുന്ന ഡോ. പിള്ളയുടെ ചിതാഭസ്മത്തിന് അർഹമായ ബഹുമതി കിട്ടിയതിൽ കൃതജ്ഞതയോടെ ഞാൻ രാഷ്ട്രത്തെ സ്മരിക്കുന്നു. രാജ്യം സ്വതന്ത്രയാകുമ്പോൾ അത് നേടിയെടുത്തവരെ മറക്കുവാൻ സാധിക്കുകയില്ല. മഹാനായ ഡോ. പിള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന രാജ്യങ്ങളുടെയെല്ലാം ജ്വലിക്കുന്ന ദീപവുമായിരുന്നു."
ഡോ.ചെമ്പക രാമൻപിള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ടുകൊണ്ട് ബ്രിട്ടീഷ്സാമ്രാജ്യത്തോട് പൊരുതിയ ധീരനായ ഒരു പ്രവാസി മലയാളിയായിരുന്നു. അദ്ദേഹം ജീവനെ പണയപ്പെടുത്തി നാസി ജർമ്മനിയോടും പൊരുതി. ആ യോദ്ധാവിന് അർഹമായ ഒരു സ്ഥാനം രാജ്യം നല്കിയില്ലെന്നതും ഒരു സത്യമാണ്. എന്നും പ്രവാസികളെ തഴഞ്ഞുകൊണ്ടുള്ള നയമായിരുന്നു ഭാരതസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കുമുണ്ടായിരുന്നത്. ബ്രിട്ടീഷ്സർക്കാരിനു സ്വയം കീഴടങ്ങിക്കൊണ്ട് തന്നെ ജയിൽ വിമുക്തനാക്കാൻ കേണപേക്ഷിച്ച 'സവർക്കറിന്റെ' പടവും ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിലുണ്ട്. അവിടെയും ഈ ധീരദേശാഭിമാനിയുടെ ചിത്രം പ്രതിഷ്ഠിച്ചിട്ടില്ല. എങ്കിലും മാതൃഭൂമിയുടെ ബലിപീഠത്തിങ്കൽ ആ ദീപം അണയാതെയുണ്ട്.
ഭയരഹിതമായ ഒരു മനസിന്റെ ഉടമയായിരുന്ന ചെമ്പകരാമൻ നാസിപ്പടയുടെ ചലിക്കുന്ന ഭീരങ്കിപോലും ഭയപ്പെടാതെ തലയുയർത്തിനിന്നു. മുമ്പോട്ടു കുതിക്കുന്ന മനസുകൾ സ്വർഗത്തോളം സ്വാതന്ത്ര്യം മോഹിക്കും. സത്യവും ധർമ്മവും നിറഞ്ഞ തെളിമയാർന്ന ജല നിരപ്പില്ക്കൂടി സഞ്ചരിക്കുന്നവൻ അധികാരപടയുടെ വരണ്ട മണലാരണ്യങ്ങളിൽക്കൂടി സഞ്ചരിച്ചാലും നീതിക്കായി അവൻ പട പൊരുതിക്കൊണ്ടിരിക്കും. വഞ്ചിഭൂമി ജന്മം നല്കിയ ചെമ്പകരാമൻ എന്ന ഭാരത യോദ്ധാവിന്റെ ചരിത്രവും അതു തന്നെയായിരുന്നു. പ്രിയ ഭാരതാംബികയെ അവിടുത്തെ മഹാനായ ഈ പുത്രൻ മറക്കപ്പെട്ടെങ്കിലും ജനകോടികൾക്ക് 'ജയ ഹിന്ദ്' എന്ന പവിത്ര വാക്കുകളുടെ ഉറവിടമറിയില്ലെങ്കിലും ഭാരത ഭൂമിയിലെവിടെയും 'ജയ ഹിന്ദ്' വാക്കുകൾ ഉച്ചത്തിലുച്ചത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്. ഇന്ത്യാ നീണാൾ വാഴുന്ന കാലത്തോളം ' ജയ ഹിന്ദ്' വാക്കുകളുടെ പിതാവായ ചെമ്പകരാമനും ഈ പവിത്രഭൂമിയിൽ പൂജിതനായിരിക്കും. അറബിക്കടലിന്റെ തീരത്തുനിന്നും ബ്രിട്ടീഷുകാർക്കെതിരെ ഭീരങ്കി വെടിയുടെ ധീരശബ്ദം മുഴക്കിയ ആ മുറിവേറ്റ പടയാളി ഓരോ ഭാരതിയന്റെയും അഭിമാനവും കൂടിയാണ്.
No comments:
Post a Comment