Friday, March 28, 2014

മാർപ്പാപ്പായെ ധിക്കരിച്ച് പ്രത്യക്ഷരാഷ്ട്രീയവുമായി കേരള മെത്രാന്മാർ





കേരളസഭ പരസ്യമായി കേരളരാഷ്ട്രീയത്തിൽ വോട്ടുപിടുത്തം ആരംഭിച്ചുവെന്നു സൈബർപത്രങ്ങളിൽ വായിക്കുന്നു. അതിനായി  ഇടയലേഖനങ്ങളിറക്കിത്തുടങ്ങിയെന്നും  വാർത്തകളിലറിഞ്ഞു. താൻ മാർപാപ്പായായി തുടരുന്ന കാലത്തോളമെങ്കിലും  സഭ പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുകയില്ലെന്നു പ്രഖ്യാപിച്ച ഫ്രാൻസീസ് മാർപ്പാപ്പായോടുള്ള  ധിക്കാരമല്ലേ ഇതെന്ന് കേരളത്തിലെ ക്രൈസ്തവർ ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽത്തന്നെ, എല്ലാവിധ അവകാശങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്ന സഭയിലെ പൌരന്മാരോട് അവരുടെ സമ്മതിദാനവകാശം തങ്ങളാഗ്രഹിക്കുന്നവർക്കു നൽകണമെന്നു പറയാൻ എന്തവകാശമാണ്  മെത്രാന്മാർക്കുള്ളത്?  കൂന്തതൊപ്പിയും അംശവടിയും കാണിച്ച്  ഈ 'അഭിഷിക്തർ' ജനാധിപത്യവ്യവസ്ഥയ്ക്കു  തുരങ്കം വെയ്ക്കുകയാണ്. ഇടയലേഖനത്തിൽക്കൂടി,   ഗാഡ്ഗിൽ- കസ്തൂരി രങ്കൻ  റിപ്പോർട്ടുകളെ  അനുകൂലിക്കുന്നവരെ സഭയുടെ ശത്രുക്കളായി  കാണണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇവർ  മലയോര- തീരദേശജനതകൾക്കുവേണ്ടി  നിലകൊള്ളുന്നവർക്ക് വോട്ടുചെയ്യണമെന്നും അഭ്യർഥിക്കുന്നു. ഇതു കേട്ടാൽ, ഗാഡ്ഗിലും പര്സ്ഥിതി പ്രവർത്തകരും 'ആം ആദ്മി' പാർട്ടിയുമെല്ലാം ഈ ജനതകൾക്കെതിരാണെന്നും തോന്നിപ്പോകും.  സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് ദളിതരെ ചതിച്ച സഭ  ഇന്നു മലയോരകർഷകർക്കുവേണ്ടിയും   മുതലകണ്ണീരൊഴുക്കുകയാണ്. തങ്ങൾ കാട്ടിയ വഞ്ചന മറച്ചുവച്ചുകൊണ്ട്, ദളിതർക്കുവേണ്ടിയും ഇടയലേഖനത്തിൽ മെത്രാന്മാർ കണ്ണുനീർ പൊഴിക്കുന്നുണ്ട്‌.  ഹിന്ദുദളിതരെപ്പോലെ ക്രിസ്ത്യൻ ദളിതർക്കും സംവരണവകാശം  നേടിയെടുക്കണമെന്നാണ് ആഹ്വാനം.  കേരളത്തിലെ കത്തോലിക്കാസ്ഥാപനങ്ങളിൽ ദളിതർക്ക് കൊടുക്കുന്ന തൊഴിൽ  തൂപ്പുജോലി  മാത്രമാണ്. യോഗ്യതയുള്ള വിദ്യാസമ്പന്നർ ദളിതരുടെയിടയിലുണ്ടെങ്കിലും സഭയുടെ ഉയർന്ന തസ്തികയിലുള്ള ജോലികൾ സവർണ്ണർ'ക്കു  മാത്രമായി  സംവരണം ചെയ്തിരിക്കുകയാണെന്ന സത്യം  ഇടയലേഖനത്തിൽ ഒളിച്ചുവെയ്ക്കുന്നു.


തീവ്രവാദത്തെയും  ഭീകരപ്രവർത്തനങ്ങളെയും  എതിർക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്. ഇതൊരു അന്തർദേശീയ കാഴ്ച്ചപ്പാടെന്ന കാര്യത്തിൽ  സംശയമില്ല. ഏന്നാൽ, തൊടുപുഴകോളേജിലെ പ്രൊഫസറിന്റെ കൈവെട്ടിയ തീവ്രവാദികൾക്കൊപ്പംനിന്ന് അദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് ഭീകരപ്രവർത്തനമായിരുന്നു എന്ന   സത്യം  സഭ മറന്നുപോയി. പ്രോഫസറിന്റെ കുടുംബത്തെ അനാഥമാക്കിയ പാപം എങ്ങനെ ഇല്ലാതാക്കും? പ്രൊഫസറിന്റെ ജീവൻമരണപോരാട്ടസമയത്ത്  കോതമംഗലം രൂപതാ ബിഷപ്പ്  അരമനയിലിരുന്ന് നീറോയായി  വീണവായിച്ചുകൊണ്ടിരുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും പ്രൊഫസർ ടി.ജെ. ജോസഫിനെ  തിരിച്ചെടുക്കാൻ തയ്യാറാകാത്ത രൂപതാധികാരമാണ്  ഇടയലേഖനത്തിൽക്കൂടി തീവ്രവാദികൾക്കെതിരെ പോരാടാൻ ആഹ്വാനിക്കുന്നത് !


പതിവുപല്ലവികളായ 'മതേതരത്വം' അപകടത്തിൽ, 'വർഗീയശക്തികളുടെ വളർച്ച', 'മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം', 'ഗർഭചിന്ദ്രവും, ദയാവധവും' എന്നിങ്ങനെ വിവിധവിഷയങ്ങൾ മെത്രാന്മാരുടെ കല്പ്പനയിലുണ്ട്. മദ്യപാനം, മയക്കുമരുന്നുപയോഗം, സ്ത്രീകൾക്കെതിരെ ആക്രമണം എന്നീ വിഷയങ്ങളിലും അവർ പതിവുപോലെ കല്പനകൾ നിരത്തിയിട്ടുണ്ട്.  ഇത്തരം ദുശീലങ്ങൾ സാധാരണ കാണുന്നത് വൈദികരുടെയും അവരെ  ചുറ്റുപ്പറ്റി നടക്കുന്ന കപടപള്ളിഭക്തരുടെയുമിടയിലാണെന്ന   വസ്തുത ഇടയലേഖനം പുറപ്പെടുവിക്കുന്നവർ മറക്കുന്നു.


ഇടയലേഖനങ്ങളിൽക്കൂടി  സഭാ പൗരന്മാരെ തങ്ങളുടെ വഴികളിൽ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു  കരുതുന്ന ഈ   അഭിഷിക്തർ,  അതിനു രണ്ടുദിവസംമുമ്പ്  അഭിഷിക്തർക്കായി  പോപ്പ് നല്കിയ സന്ദേശം  വായിച്ചു കാണില്ല.  കർദ്ദിനാൾസംഘത്തോട് പാപ്പാ പറഞ്ഞു: "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനം  കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം  എന്നിവയെല്ലം  രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാൻ  ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല.  പകരം  മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്."


കേരളാഭിഷിക്തർ പാപ്പയുടെ വാക്കുകളെ ധിക്കരിച്ചുനടക്കുന്ന ആഗോളസഭയുടെ ഇത്തികണ്ണികളായി മാറികഴിഞ്ഞു. അവരുടെ ആഡംബരരോഗത്തിന് പാപ്പാ കൊടുക്കുന്ന  മരുന്നുകളുടെ  ഡോസുകളൊന്നും ഏക്കുന്നില്ല. ഈ സീറോസഭയുടെ ശവക്കുഴി തോണ്ടുകയാണ്. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത,
 ക്രിസ്തുവിനെതിരായി പ്രവർത്തിക്കുന്ന  ഈ അഭിഷിക്ത 'കൾട്ടു'കൾക്ക് സ്വതന്ത്രമായി വേർപിരിഞ്ഞ് മറ്റൊരു സഭയാകരുതോ? ചിന്നിച്ചിതറി കിടക്കുന്ന മറ്റുസഭകൾ നിങ്ങളെ സ്വാഗതം ചെയ്തുകൊള്ളും. പിരിഞ്ഞുപോകുന്ന സമയം സഭാസ്വത്തുക്കൾ കൊണ്ടുപോകാമെന്നു നിങ്ങൾ വ്യാമോഹിക്കേണ്ടാ. അവകാശികളായ സഭാപൗരർ സുപ്രീംകോടതിവരെ അതിനകം പോയിരിക്കും.


ഗാന്ധിയെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു മഹാനാണ് പാപ്പാ. അദ്ദേഹത്തിൻറെ പേരുപോലും ഉച്ചരിക്കാൻ കേരളസുറിയാനി കത്തോലിക്കാഭിഷിക്തർക്ക് അർഹതയില്ല. സഭയിൽ എല്ലാവരും തുല്യരെന്ന വിചാരത്തോടെ,  വലിയ ഒരു വികാരിയച്ചനെപ്പോലെ തോളിൽത്തട്ടി ഹൃദ്യമായി പെരുമാറുന്ന ആ മഹാനറെ കീഴിൽ സേവനം ചെയ്യാൻ കേരളത്തിലെ ഒരു അഭിഷിക്തനും യോഗ്യനല്ല.  ഇവരുടെ കൈവിരലിലെ വിലകെട്ട മോതിരം മുത്താൻ തിരക്കുകാട്ടുന്ന  കപടപള്ളിഭക്തർക്കുള്ളത്ര  വിലമാത്രമേ ഇന്നിവർക്ക് സമൂഹത്തിലുള്ളൂ.


മുമ്പുള്ള മാർപാപ്പാമാർ വത്തിക്കാൻ വിട്ട് അകലെയുള്ള സ്ഥലങ്ങളിൽ  ഇടയ്ക്കിടെ സുഖവാസത്തിനായി പോവുമായിരുന്നു. എന്നാൽ നാളിതുവരെയായി ആ  കീഴ്വഴക്കം ഈ മാർപാപ്പാ പാലിച്ചിട്ടില്ല. അദ്ദേഹത്തിനു  വിശ്രമിക്കാൻ ഒരു സുഖവാസകേന്ദ്രവും  ആവശ്യമില്ല. അസുരചിന്താഗതിക്കാരായ 'അഭിഷിക്തർക്കാണ്' അതിന്റെയൊക്കെ ആവശ്യം.  മഹനീയവ്യക്തിത്വങ്ങൾ  സേവനനിരതരായിരിക്കുമ്പോഴും വിശ്രമവും വിശ്രാന്തിയും അനുഭവിക്കുന്നു.  അത്തരം ഒരു മഹനീയവ്യക്തിപോലും കേരളകത്തോലിക്ക സഭയിലില്ല എന്നതു  ഖേദകരമാണ്.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...