Thursday, July 3, 2014

മാധവ ഗാഡ്ഗിൽ റിപ്പോർട്ടും പശ്ചിമ മേഖലയിലെ സ്ഫോടന ശബ്ദങ്ങളും




By ജോസഫ് പടന്നമാക്കൽ 



പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ  ഗാഡ്ഗിൽ  തയ്യാറാക്കിയ പശ്ചിമഘട്ട റിപ്പോർട്ടിനെതിരെ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വവും ഒപ്പം  സ്വാർഥ താല്പര്യക്കാരായ പുരോഹിത മേധാവിത്വവും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.   മണൽ ഖനന മാഫിയാകളും വനം കൊള്ളക്കാരും അനധികൃത ഔഷധ നിർമ്മാണകമ്പനികളുമൊത്ത്    'കൃഷിഭൂമിയുള്ളവർ അപകടത്തിൽ'  എന്ന വ്യാജപ്രചരണം   ഹൈറേഞ്ചാകമാനം നടത്തുന്നു. സാക്ഷര കേരളത്തെ മൂഢന്മാരാക്കുന്ന  സത്യവിരുദ്ധമായ   പ്രചരണമാണ്  ഹൈറേഞ്ച്  പ്രദേശങ്ങളിൽ വ്യപിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ അജ്ഞരായ സാധുജനങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ടിലെ  പോരായമകളെ ഗ്രഹിക്കാതെ വികാരത്തിന് അടിമപ്പെട്ടുകൊണ്ടുള്ള സമര മുറകളാണ്  ആവിഷ്കരിച്ചിരിക്കുന്നത്. സ്ഥാപിതതാൽപര്യങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പൌരാഹിത്യ രാഷ്ട്രീയ കൂട്ടുകെട്ടിന് ഭൂമിയുടെയും പ്രകൃതിയുടെയും നാശത്തെപ്പറ്റി അറിയേണ്ട ആവശ്യവുമില്ല.   അമ്മയായ പശ്ചിമ പർവതനിരകൾ അനേക നദികളുടെയും ശുദ്ധ ജലത്തിന്റെയും നീരുറവകളാണ്. മനുഷ്യന്റെ പുരോഗതിയെന്ന മേൽക്കോയ്മയിൽ പർവ്വതനിരകളെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥക്കെതിരെ മാധവ ഗാഡ്ഗിൽ തയ്യാറാക്കിയ ഈ റിപ്പോർട്ടാണ് രൂപതാധികാരികളടക്കമുള്ളവരെ   പ്രകോപിപ്പിച്ചിരിക്കുന്നത്.


പശ്ചിമ ഘട്ട ഭൂവിഭാഗങ്ങളിൽ താമസിക്കുന്നവരുടെ  സമരത്തിൽ പങ്കെടുക്കുന്ന ഭൂരിവിഭാഗം ജനങ്ങൾക്കും റിപ്പോർട്ടെന്തെന്നോ അതിന്റെ ഉള്ളടക്കമോ  വായിച്ചുള്ള അറിവോ ഇല്ല. ഇടയൻ കൽപ്പിക്കുന്നു, പിന്നാലെ നടന്ന് കുഞ്ഞാടുകൾ ഇടയനെ   അനുസരിക്കുന്നുവെന്നു മാത്രം. അവരെ കാത്തിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും അതിന്റെ ഭവിഷ്യത്തുകളെപറ്റിയും   അവരറിയുന്നില്ല. റിപ്പോർട്ട് തയാറാക്കിയത്  വിശ്വവിഖ്യാതനായ  പരിസ്ഥിതി ശാസ്ത്രജ്ഞൻ  മാധവ ഗാഡ്ഗിലെന്ന വിവരവും അവർക്കറിയത്തില്ല. അദ്ദേഹം ബാംഗളൂരിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയന്സിലെ വിഖ്യാതനായ  പ്രൊഫസറാണ്. ആറേഴു ഗവേഷണ ബിരുദങ്ങളും 250  ൽ പ്പരം ഗവേഷണ പ്രബന്ധങ്ങളും   അദ്ദേഹത്തിൻറെ നേട്ടങ്ങളിലുണ്ട്. ഇത്രയേറെ പണ്ഡിതനായ  ഒരു ശാസ്ത്രജ്ഞന്റെ   കാഴ്ചപ്പാടുകളെ  വിലമതിക്കാനും പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്ക് സാധിക്കില്ല.


പശ്ചിമ ഘട്ടം മുഴുവൻ  ഗാഡ്ഗിൽ മൂന്നു  തലങ്ങളായി (സോണ്‍)  തിരിച്ചിട്ടുണ്ട്. അതിൽ ഒന്നിലും രണ്ടിലും തലങ്ങളിൽ പുതിയതായി യാതൊരു കാരണവശാലും ഖനനം ചെയ്യാൻ ലൈസൻസ് കൊടുക്കരുതെന്ന് വ്യവസ്ഥയുണ്ട്. 2016 ആകുമ്പോൾ ഒന്നാം തലങ്ങളിൽ  ഇന്ന് നിലവിലുള്ള  എല്ലാ ഖനന ലൈസൻസും നിറുത്തലാക്കണമെന്നുള്ളതാണ്  വ്യവസ്ഥ. നിയമപരമല്ലാത്ത യാതൊരു ഖനനനവും അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. ഈ വ്യവസ്ഥ യാതൊരു സർക്കാരിനും ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല. കാരണം ഈ ലോബികൾക്ക് സർക്കാരിന്റെ മേൽ അത്രമാത്രം സ്വാധീനമുണ്ട്. ഖനനം  നിരോധിച്ചാൽ റോയൽറ്റി ഇനത്തിൽ സർക്കാരിന് ഭീമമായ നഷ്ടവും സംഭവിക്കും.  പ്രകൃതിയെ രക്ഷിക്കാൻ അങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് സർക്കാർ തയ്യാറുമല്ല. 


ഗാഡ്ഗിൽ റിപ്പോർട്ടിനെ   പരിഗണിക്കാത്തതിൽ  മാധവ ഗാഡ്ഗിൽ  കേരളസർക്കാരിനെ അനേക തവണകൾ  കുറ്റപ്പെടുത്തിയിട്ടുണ്ട്.  ഗാഡ്ഗിൽ നിർദ്ദേശങ്ങളെ തള്ളി കസ്തൂരി റിപ്പോർട്ട് സർക്കാർ പരിഗണനയ്ക്കെടുക്കുകയും ചെയ്തു. ജനാധിപത്യ മൂല്യങ്ങളെപ്പോലും വകവെക്കാതെ ചർച്ചകൾക്ക്  വിധേയമാക്കാതെ  റിപ്പോർട്ട് തഴഞ്ഞതിൽ അദ്ദേഹം കുപിതനാണ്. കേരള സർക്കാറിന്റെ വിശദീകരണത്തിൽ  റിപ്പോർട്ട് പ്രായോഗികമല്ലെന്നുള്ളതാണ്. 2011-ൽ  റിപ്പോർട്ട് പുറത്തുവിട്ടെങ്കിലും പരിസ്ഥിതി മന്ത്രാലയം ഒരിക്കലും പൊതുജനങ്ങളുമായി  റിപ്പോർട്ടിനെപ്പറ്റി നാളിതുവരെ  ചർച്ച ചെയ്തിട്ടില്ല. റിപ്പോർട്ടിന്റെ ഉള്ളടക്കവും പൊതുജനങ്ങളിൽ നിന്ന് മറച്ചു വെക്കാനും ശ്രമിച്ചു.  രാജ്യത്ത് സുപ്രധാനമായ ഒരു നിയമം അവതരിപ്പിക്കുന്നതിനുമുമ്പ് നിയമങ്ങളുടെ നാനാ വശങ്ങളെപ്പറ്റി  പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്നത്  ജനാധിപത്യ മര്യാദയാണ്. അതിനു  പകരം കേരള സർക്കാർ ആദ്യം മുതൽ ഈ റിപ്പോർട്ടിനെപ്പറ്റി  പൊതുജനങ്ങൾ അറിയാതിരിക്കുവാൻ ഒളിച്ചുവെയ്ക്കുകയാണുണ്ടായത്. റിപ്പോർട്ട്  പൊതു ജന ചർച്ചക്കായി പുറത്തു വിട്ടിരുന്നെങ്കിൽ  സർക്കാരിന് ജനങ്ങളിൽനിന്ന് ഉചിതമായ സഹകരണവും നിർദ്ദേശങ്ങളും ലഭിക്കുമായിരുന്നു.   സർക്കാർ നയങ്ങൾ ജനങ്ങളുടെ താൽപര്യ പ്രകാരം രൂപികരിക്കാനും  സാധിക്കുമായിരുന്നു. എന്നാൽ സർക്കാർ ഭാഗത്തുനിന്നും അത്തരം ഒരു നടപടിയുണ്ടായില്ല.

 
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിൽ   ഗാഡ്ഗിലിന്റെ    പരിസ്ഥിതി റിപ്പോർട്ടിനെ എതിർക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്.  ഗാഡ്ഗിൽ റിപ്പോർട്ടനുസരിച്ച് പശ്ചിമഘട്ടം മൊത്തമായി 4156 ഗ്രാമങ്ങളും  142 താലൂക്കുകളും  ലോല പ്രദേശങ്ങളായി കരുതുന്നു   അതിൽ 123 ഗ്രാമങ്ങളും 14 താലൂക്കുകളും കേരളത്തിലെ  പ്രദേശങ്ങളിൽ   ഉൾപ്പെടും. ലോലപ്രദേശങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് അവസാന തീർപ്പ് കൽപ്പിക്കുന്നത് അതാതു പ്രദേശത്തുള്ള പഞ്ചായത്തുകളും പരിസ്ഥിതി അധികാരികളുമാണ്. ഇക്കാര്യം  റിപ്പൊർട്ടിൽ  വ്യക്തമാക്കിയിട്ടുണ്ട്.             


എന്തുകൊണ്ട് പശ്ചിമ ഘട്ടത്തിലെ ചില പ്രദേശങ്ങളെ  ലോല പ്രദേശങ്ങളായി കരുതുന്നു?  ചില ജീവികൾ  പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജീവിക്കുകയുള്ളൂ.  പശ്ചിമ ഘട്ടങ്ങളിലുള്ള അത്തരം ജീവികൾ ലോകത്ത് മറ്റൊരിടത്തുമില്ല. അങ്ങനെ തനതായ ജീവി വർഗങ്ങളുള്ള    പ്രദേശങ്ങളെ പരീരക്ഷിക്കേണ്ട ലോലപ്രദേശങ്ങളായി കണക്കാക്കും. ഭൂമുഖത്ത് വംശനാശം  സംഭവിച്ചുകൊണ്ടിരിക്കുന്ന അനേക ജീവജാലങ്ങളുണ്ട്. അവകളുടെ നിലനില്പ്പും പരിപാലിക്കണം. വംശനാശം നേരിടുന്നില്ലെങ്കിലും ചില പശ്ചിമഘട്ടം പ്രദേശങ്ങളിൽ അപൂർവ്വങ്ങളായ ജീവികളും ചെറിയ തോതിൽ കാണപ്പെടാറുണ്ട്.  അവകളെയും പരിരക്ഷിക്കണം.   വന്യമൃഗങ്ങൾക്ക് കടക്കാവുന്ന  പൌരാണികമായ ഇടവഴികളും പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണാം. പുരാതന കാലം മുതൽ അത്തരം ചൂരങ്ങളിൽക്കൂടി വന്യ മൃഗങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അരുവികൾ, നദികളുടെ ഉറവിടങ്ങൾ, നദികൾ എന്നിവകൾ പ്രകൃത്യാലുള്ള ഇടനാഴികളാണ്. അങ്ങനെയുള്ള പ്രദേശങ്ങളെയും  ലോല പ്രദേശങ്ങളായി  കാണുന്നു.


ജൈവവവും അജൈവവും തമ്മിലുള്ള ഘടകങ്ങൾ  പരസ്പരാശ്രയം നിലനിർത്തുന്ന പ്രദേശങ്ങളുണ്ട്. ജീവികളുടെ മെച്ചമായ നിലനില്പ്പിനും പെരുകലിനും അത്തരം പ്രദേശങ്ങൾ അനുയോജ്യവുമാണ്. അതും ലോല പ്രദേശങ്ങളായി കാണാം. അവിടെ രാസവളങ്ങൾ ജീവികളുടെ പെരുകലിനെ ബാധിക്കും. ദേശാടന പക്ഷികൾ സഞ്ചരിക്കുന്ന ചതുപ്പു നിലങ്ങൾ, സാവധാനമൊഴുകുന്ന നദികൾ, അവിടെ മാത്രം വളരുന്ന പ്രത്യേക തരം മരുന്നുചെടികൾ ഇങ്ങനെ സമൃദ്ധമായുള്ള  ജന്തു ജൈവപ്രദേശങ്ങളും ലോലപ്രദേശങ്ങളായി റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചില പ്രത്യേക ജീവികൾക്ക് പ്രജനനം( breeding) നടത്താൻ അനുയോജ്യമായ  ബന്ധപ്പെട്ട സ്ഥലങ്ങളുണ്ട്. അത്തരം പ്രദേശങ്ങളും ലോല പ്രദേശങ്ങളാണ്. ജാതിമരത്തിന്റെ ചതുപ്പുവനങ്ങൾ തിരുവിതാകൂറിൽ  മാത്രമേ കാണപ്പെടുന്നുള്ളൂ. അവകൾ അരുവിയുടെ തീരത്ത് വ്യാപിച്ചു കിടക്കുന്നു. ജാതിമരങ്ങൾ വളരുന്ന പ്രദേശങ്ങൾ സമുദ്ര നിരപ്പിൽ നിന്ന് 300 അടി ഉയരമുള്ളവയായിരിക്കും.  വെള്ളപോക്കം സാധാരണമായി അനുഭവപ്പെടും.  അവിടെ സ്വാഭാവിക എക്കലുകൾ വന്നടിയുകയും   സദാ ഈർപ്പമുണ്ടായിരിക്കുകയും ചെയ്യും. ചില പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി കിടക്കും. തണ്ണീർ തടാകങ്ങളും  ശുദ്ധ ജലം, കായൽ, ഉപ്പുവെള്ളം, കടൽ വെള്ളമുള്ള പ്രദേശങ്ങളും  വേലിയേറ്റവും വേലിയിറക്കവുമുള്ള  കടലോര തീരങ്ങളും   ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉണ്ട്. സർപ്പക്കാവുകളും  പ്രകൃത്യാലുള്ള സസ്യപ്രദേശങ്ങളും ലോല പ്രദേശങ്ങളായി കരുതാം.


പശ്ചിമഘട്ട പ്രദേശങ്ങളെ അവലോകനം ചെയ്യുന്നത്  ഹിമാലയം പോലെ മഞ്ഞു മൂടി കിടക്കുന്ന പ്രദേശങ്ങളെന്നല്ല. ഈ പ്രദേശങ്ങളുടെ അധീനതയ്ക്കുവേണ്ടി  പുരോഹിതരും വനം, മണ്ണു,  പാറ മാഫിയാകളും രാഷ്ട്രീയക്കാരും ഒന്നുപോലെ അവകാശ വാദങ്ങൾ മുഴക്കിക്കൊണ്ടിരിക്കുന്നു. മല മുകളിലും താഴ്വരകളിലും വസിക്കുന്ന പാവപ്പെട്ട കർഷകരെ  തെറ്റിധരിപ്പിച്ച്  ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടിൽ ഇല്ലാത്തത് പ്രചരിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷം കേരള ജനതയെ മുഴുവനായി ചിന്താകുഴപ്പത്തിലാക്കിയിട്ടുണ്ട്. വ്യതസ്തങ്ങളായ വന്യമൃഗങ്ങളും പക്ഷികളും വസിക്കുന്ന ഭൂപ്രദേശങ്ങളാണ് ഹൈറേഞ്ച് മുഴുവനും.    അതിനുള്ളിലെ ജീവ ജാലങ്ങളിൽ പലതും  ഇന്ന് ലോകത്ത് ഈ ഭൂപ്രദേശങ്ങളിൽ മാത്രമേ വസിക്കുന്നുള്ളൂ. കോണ്‍ഗ്രസുകാരെന്നോ  കമ്മ്യൂണിസ്റ്റുകാരെന്നോ   വിത്യാസമില്ലാതെ  റിപ്പോർട്ടിനെതിരായി  കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ രാഷ്ട്രീയക്കാരുമുണ്ട്. പാറപൊട്ടീര്, വനംകൊള്ള, മണൽ മാഫിയാകളും ഇവർ തന്നെയാണ്. കേരള രാഷ്ട്രീയം ചലിക്കുന്നതും ഇവരുടെ സ്വാധീന വലയത്തിൽ തന്നെ.  മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുകയാണെങ്കിൽ അത്തരം മുതലാളിമാർക്ക് അതൊരു നഷ്ടക്കച്ചവടമായിരിക്കും.  പശ്ചിമ മേഖലയിലെ വൻകിട റിസോർട്ടുകളും റീയൽ എസ്റ്റെറ്റ്  നടത്തുന്നവരും ഹൈഡ്രോ ഇലക്ട്രിക്ക് കരാർ കമ്പനിക്കാരും റിപ്പോർട്ടിനെ  എതിർക്കുന്ന കാരണവും ഇതു തന്നെ.


വന്യ ജീവജാലങ്ങൾകൊണ്ടും സസ്യസമ്പത്തുകൊണ്ടും  പശ്ചിമ ഘട്ടം ഭൂപ്രദേശങ്ങൾ  അനുഗ്രഹീതമാണ്.   അപൂർവങ്ങളായ  ഔഷധ ചെടികളും  ജന്തുക്കളും ഇഴ ജന്തുക്കളും കരയിലും ജലത്തിലും ജീവിക്കുന്ന ജന്തുക്കളും  ഈ പ്രദേശങ്ങളിൽ തിങ്ങി നിറഞ്ഞിരിക്കുന്നു, തെക്കേ അറ്റമുള്ള വനം കൂടുതൽ  വന സമ്പത്ത് നിറഞ്ഞതാണ്. ആനകൾ ധാരാളം ഈ പ്രദേശങ്ങളിൽ ഉണ്ട്. ബംഗാൾ കടുവാകളും പുലികളും ധാരാളമായി വസിക്കുന്നു. ഇവിടം മുഴുവൻ ഒരു കാലത്ത് തിങ്ങിയ വനം പ്രദേശങ്ങളായിരുന്നു. ഇന്ന് ഭൂരി ഭാഗം ഭൂ പ്രദേശങ്ങളും കൃഷി സ്ഥലങ്ങളും കോഫീ, റബ്ബർ, തോട്ടങ്ങളും കന്നുകാലി വളർത്തൽ കേന്ദ്രങ്ങളുമായി മാറി. താഴ്വരകൾ മുഴുവനായി  റോഡുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ പെരുപ്പത്തോടെ സുരക്ഷിതമായിരുന്ന വനങ്ങളുടെ നശീകരണവും തുടങ്ങി. അതുമൂലം അപൂർവങ്ങളായ പക്ഷികളും മൃഗങ്ങളും പശ്ചിമഘട്ടമേഖലയിൽ അപ്രത്യക്ഷമാകുകയാണ്.      


ഗാഡ്ഗിൽ റിപ്പോർട്ട്  നടപ്പാക്കാൻ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പ്രതിബന്ധങ്ങൾ ഏറെയുണ്ട്.  റിപ്പോർട്ടിന്റെ ഉള്ളടക്കമനുസരിച്ച് കേരളത്തിലും കർണ്ണാടകയിലും ചില അണക്കെട്ടുകൾ പാടില്ലായെന്ന് പറയുന്നു.   കേരളത്തിലെ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്നും ശുപാർശയുണ്ട്. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത  ഔഷധച്ചെടികൾ ആ പ്രദേശങ്ങളിൽ മാത്രം വളരുന്നു. അണക്കെട്ടു വന്നാൽ അത്തരം ചെടികൾക്ക് നാശം സംഭവിക്കുമെന്നും ഭയപ്പെടുന്നു.  അപൂർവ്വ മത്സ്യങ്ങളും തവളകളും അവിടെ കാണാം.  ചരിത്രാതീത കാലം മുതൽ ആ നദീതീരം കാട്ടാനകൾ വിഹരിക്കുന്ന പ്രദേശം കൂടിയാണ്. പ്രത്യേക തരം ആമ വർഗങ്ങളും  അനന്യസുലഭങ്ങളായ പക്ഷി വർഗങ്ങളും അവിടം പ്രകൃതിയാൽ മനോഹരമാക്കിയിരിക്കുന്നു.  വേഴാമ്പൽ പക്ഷികൾ (ഹോണ് ബേർഡ്സ്) വസിക്കുന്ന ഭൂപ്രദേശങ്ങൾ ഇവിടവും ആഫ്രിക്കയിലുമേയുള്ളൂ.വിവിധ നിറങ്ങളിലുള്ള അത്തരം പക്ഷികൾ കേരള നാടിനുതന്നെ ഐശ്വര്യമാണ്. നീണ്ട തുത്തോടും  തലയിൽ നിറമുള്ള തൊപ്പിപോലുള്ള തൂവലുകളും   കൂടിയ ഈ പക്ഷികളെ  കാണാനും  ഭംഗിയുള്ളതാണ്. അവിടെ ഒരു അണക്കെട്ടു വന്നാൽ അത്തരം പക്ഷികൾ ഈ ഭൂപ്രദേശത്ത് ഇല്ലാതാകുമെന്നും പരിസ്ഥിതി വാദികൾ വാദിക്കുന്നു.  വിവിധതരം കുരങ്ങു വർഗങ്ങളും പദ്ധതിയ്ക്ക് ചുറ്റുമായി ഉണ്ട്.  സിംഹക്കുട്ടിയെപ്പോലെ വാലും മുഖവുമുള്ള ഒരു തരം കുരങ്ങന്മാരും ഈ ഭൂവിഭാഗത്തിൽ കാണാം. അതിരപ്പിള്ളി പദ്ധതി വന്നാൽ അത്തരം ജീവികളും അപ്രത്യക്ഷമാകുമെന്നു  കരുതുന്നു.    


ഭാരതത്തിന്റെ തെക്കു പടിഞ്ഞാറായ ഈ ഭൂപ്രദേശങ്ങളിൽക്കൂടി  ലോകത്തിലെ ഭൂരിഭാഗം ഏഷ്യൻ ആനകൾ സഞ്ചരിക്കുന്നു.  പതിനായിരക്കണക്കിന് ആനകൾ നീലഗിരി കുന്നുകളിൽ തന്നെയുണ്ട്.  ലോകത്തിലെ പത്തു ശതമാനം കടുവാകളും വസിക്കുന്നതിവിടമാണ്.  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അനേകം ജീവജാലങ്ങളും ഈ പ്രദേശങ്ങളിൽ ഉണ്ട്. ഭൂമിയുടെ സമതുലനാവസ്ഥയും അത്തരം ജീവജാലങ്ങളുടെ നിലനില്പ്പും മനുഷ്യരാശിക്ക് ആവശ്യമാണ്. വിവിധതരം അണ്ണാൻ, കാട്ടു പൂച്ചകളുടെ വിഹാര കേന്ദ്രവും കൂടിയാണ് ആ പ്രദേശങ്ങൾ. 


അതിരപ്പിള്ളി പദ്ധതികളുടെ സമീപ പ്രദേശങ്ങളിലായി  'ആധാർ' എന്ന പൌരാണിക  വർഗക്കാരായവർ താമസിക്കുന്നുണ്ട്.  ചാലക്കുടി നദീ തീരത്ത് നായാട്ടും വന വിഭവങ്ങളുമായി അവരുടെ വർഗം അതിജീവിക്കുന്നു.  ഇന്ന് അവരുടെ ജനസംഖ്യ 1500- ൽ താഴെയുള്ളൂ. അണക്കെട്ടു വന്നാൽ അവിടെ  വസിക്കുന്നവരുടെ ജനജീവിതം താറുമാറാകും. അതുകൊണ്ടാണ് ഗാഡ്ഗിൽ അവിടെ അണക്കെട്ട് പാടില്ലായെന്ന് നിർദേശിച്ചത്. 


അതിരപ്പിള്ളി  ഹൈഡ്രോ പദ്ധതിയെ ഗാഡ്ഗിൽ എതിർക്കുന്നത് കേരള സർക്കാരിന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഇത് സംസ്ഥാനത്തിന്റെ 35 ശതമാനം ഊർജം  നൽകുന്ന പദ്ധതിയാണ്. ഈ പദ്ധതിയ്ക്ക്  പകരമായി  35-40 വർഷം പഴക്കമുള്ള അണക്കെട്ടുകൾ വിപുലപ്പെടുത്തുവാൻ ഗാഡ്ഗിൽ നിർദ്ദേശിക്കുന്നു.  സർക്കാരിന് നഷ്ടപ്പെടുന്ന വരുമാനത്തിൽ ഗാഡ്ഗിൽ മറ്റു നിർദേശങ്ങളൊന്നും  നല്കിയിട്ടില്ല.
   

ക്രിസ്ത്യൻ സഭകളിൽ കത്തോലിക്കാ സഭ മാത്രമേ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കുന്നുള്ളൂ.  ഇടുക്കി, കാഞ്ഞിരപ്പള്ളി, കോതമംഗലം, മാനന്തവാടി എന്നിവടങ്ങളിലുള്ള മെത്രാൻമാർ  പരസ്യമായി സമരവുമായി രംഗത്ത് വന്നിട്ടുണ്ട്.  ഇടയ ലേഖനം വഴി ജനങ്ങളെ തെറ്റി ധരിപ്പിക്കൽ ഇന്ന് മെത്രാന്മാരുടെ സ്ഥിരം അജണ്ടയായി മാറിക്കഴിഞ്ഞു.  മറ്റുള്ള ക്രിസ്ത്യൻ സമുദായങ്ങൾ  ഇവരോട് സഹകരിക്കുന്നില്ലെന്നുള്ളതും പ്രത്യേകതയാണ്. സഭകളിൽതന്നെ  കർണ്ണാടകയിലെയും ഗോവയിലെയും കത്തോലിക്കർക്ക്  ഗാഡ്ഗിൽ റിപ്പോർട്ടിനോട് എതിർപ്പി ല്ല. സി. എസ്.ഐ സഭാദ്ധ്യക്ഷനായ  ബിഷപ്പ്  റെവ. തോമസ്  ഉമ്മൻ പരസ്യമായി ഗാഡ്ഗിൽ റിപ്പോർട്ടിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.  മാർത്തോമ്മാ സഭയും റിപ്പോർട്ടിനെ പിന്താങ്ങുന്നുണ്ട്. ഓർത്തോഡോക്സ് സഭകളുടെ മൗനാനുവാദവും ഉണ്ട്.  


കത്തോലിക്കാ  സഭയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുള്ള പരിവർത്തന കാലഘട്ടങ്ങളിലെല്ലാം  ഇടയലേഖനം വഴി കുഞ്ഞാടുകളെ സ്വാധീനിക്കുന്ന ഒരു ചരിത്രമാണ് സഭയെന്നും അനുവർത്തിച്ചിട്ടുള്ളത്.  മദ്ധ്യകാല മാർപ്പാപ്പാമാർ യുദ്ധത്തിനു   പോകുന്ന സമയങ്ങളിൽ സഭാ മക്കളെ ഇളക്കുവാൻ ഇത്തരം ഇടയലേഖനങ്ങൾ  ഇറക്കുമായിരുന്നു. കുർബാനയുടെ ഇട വേളകളിൽ ഇടയ ലേഖനം വായിക്കുമ്പോൾ ഭക്തജനങ്ങൾ അപ്പാടെ സത്യമെന്ന് വിചാരിക്കും. ഇടയലേഖനം തയ്യാറാക്കുന്നത്   ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വിധത്തിലുമായിരിക്കും. മനുഷ്യന്റെ മനസ്സിൽ അജ്ഞത കുത്തിവെക്കുന്ന ഇടയലേഖനങ്ങൾ കുരിശുയുദ്ധങ്ങളിൽ സാമ്രാജ്യങ്ങൾ വിപുലമാക്കുന്നതിനും  പ്രയോജനപ്പെട്ടിട്ടുണ്ട്. ഇടയലേഖനങ്ങൾ വഴി സ്പെയിനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സംഭവിച്ച രക്തച്ചൊരിച്ചിലുകൾക്ക് കണക്കില്ല.   രാജ്യദ്രോഹപരമായും ഇടയലേഖനങ്ങൾ ഇറക്കാറുണ്ട്. ഭാരതത്തിന്റെ കുടുംബാസൂത്രണ പദ്ധതിയ്ക്കെതിരെ കൂടുതൽ സന്താനങ്ങളെ ഉത്ഭാദിപ്പിക്കാൻ   സഭാമക്കളോട് ഇടയ ലേഖനം വഴി ആഹ്വാനം ചെയ്തിരിക്കുന്നത് രാജ്യത്തോട് ചെയ്യുന്ന അനീതിയും കൂടിയാണ്. കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നവർക്ക് പാരിതോഷികവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും  സഭ നല്കും.  സഭകൾ പുലർത്തുന്ന  ഇത്തരം നിസഹകരണ മനോഭാവം രാഷ്ട്രത്തിന്റെ വികസന നയങ്ങൾക്കും പ്രതിബന്ധമാകും.  


ഇന്ന് വനം ഭൂമികൾ ഭൂരിഭാഗവും വനം മാഫിയായുടെയം രാഷ്ട്രീയ മത മേധാവികളുടെയും കൈകളിലാണ്. ലോലമായ പ്രദേശങ്ങളിൽ യാതൊരു വികസനവും പാടില്ലായെന്ന് ഗാഡ്ഗിൽ പറയുന്നു.   ഈ മാഫിയാകളെ പുറത്താക്കുകയാണെങ്കിൽ  രാഷ്ട്രീയ പിന്തുണയുള്ള ഇവർ  വൻപ്രതിക്ഷേധംവഴി  നാശനഷ്ടങ്ങൾ  വരുത്തുമെന്നും കേരളാ സർക്കാർ ഭയപ്പെടുന്നു. ഗാഡ്ഗിൽ റിപ്പൊർട്ട് നടപ്പിലാക്കിയാൽ കേരള സർക്കാരിന്റെ  സാമ്പത്തിക വളർച്ചയ്ക്ക് തടസമാകും.  ജനങ്ങളെ ഇളക്കിക്കൊണ്ട് ഖനന മാഫിയാകൾ പ്രചരണം എവിടെയും അഴിച്ചുവിട്ടു കഴിഞ്ഞു. കൃഷിക്കാരും ആദിവാസികളും ഇവരുടെ എജന്റ്മാർ പറയുന്നത് അപ്പാടെ വിശ്വസിക്കുകയാണ്. അവരെ ഗ്രാമത്തിൽനിന്ന് പുറത്താക്കി ഗ്രാമപ്രദേശങ്ങൾ വന്യമൃഗങ്ങൾക്ക് വിട്ടുകൊടുക്കുമെന്നാണ് പ്രചരണം. കൃഷിക്കാരും ആദിവാസികളും മാഫിയാകൾക്കൊത്തു സമരത്തിനിറങ്ങിയെന്നതും  പരിതാപകരമാണ്.


പശ്ചിമഘട്ട  മേഖലയിലുള്ള  അധികാര വികേന്ദ്രീകരണവും അധികാര കൈമാറ്റവും സംസ്ഥാന സർക്കാർ എതിർക്കുന്നു. പശ്ചിമ മേഖലകളിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം  'പശ്ചിമ ഘട്ട പരിസ്ഥിതി അധികാരികൾക്ക്' ( വെസ്റ്റേണ്‍  ഗാട്സ്  ഈക്കോളജി അതോറിറ്റി) കൈമാറണമെന്നും   ഗാഡ്ഗിൽ ശുപാർശ ചെയ്യുന്നുണ്ട്.  ഈ അധികാര കൈമാറ്റത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ല.   തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരത്തെ ഉപേക്ഷിക്കാൻ സംസ്ഥാനം സമ്മതിക്കില്ല. പദ്ധതികൾ അംഗീകരിക്കുന്ന കാര്യത്തിൽ വൻകിട അഴിമതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും  ഭയപ്പെടുന്നു. അതുകൊണ്ട് തീരുമാനങ്ങൾ എടുക്കുന്ന അത്തരം ഒരു ബോർഡിനെ സംസ്ഥാന സർക്കാർ നിഷേധിക്കുന്നു.




 


 




1 comment:

  1. NINGAL AMEICAN NRI ANU . NINGALKKU KERALATHILE KUDIYETTA CHARITHRATHEKKURIHU ONNUMARIYILLA. NINGAL ENTHOKKEYO ARIYAMENNU BHAVIKKUNNU. NJAN ORU KUDIYETTA KARSHAKANTE MAKANANU. KUDIYETTATHINTE ELLA BUDHIMUTTUKALUM NJAN ANUBHAVICHITTUNDU. NINGAL CATHOLICA SABHAYE KUTTAM PARANJU PEREDUKKAN NOKKUNU . ORUMATHIRIPPETTA ELLA THARAMTHANA EZHUTHUKARUM ANGANE THANNEYANU. NINGAL NINGALUDE SAMSKARAM MARAKKUNNU.

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...