By ജോസഫ് പടന്നമാക്കൽ
ഒരു രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക പശ്ചാത്തലത്തിൽ ന്യൂനപക്ഷമായ സമൂഹങ്ങൾ ഉയരുന്നത് ഭൂരിപക്ഷ സമുദായത്തിന് രസിച്ചെന്നിരിക്കില്ല. അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ സമർത്ഥരായ ഇന്ത്യൻ പിള്ളേരെക്കൊണ്ട് നിറഞ്ഞിരിക്കുന്നത് തലമുറകളായി ഇവിടെ താമസിക്കുന്ന ഭൂരിപക്ഷ ജനതയിൽ അസൂയയുടെ വിത്തുകൾ പാകും. ബൌദ്ധികതലങ്ങളിൽ അടിച്ചമർത്താൻ സാധിക്കാത്തതുകൊണ്ട് മിടുക്കരായ നമ്മുടെ യുവജനങ്ങളെ ഇല്ലാതാക്കാൻ ചില തല്പ്പരകഷികൾ ശ്രമിക്കുന്നുണ്ടോയെന്നും അവർക്കു കൂടെക്കൂടെ സംഭവിക്കുന്ന ദുരന്തങ്ങളിൽ നിന്നും തോന്നിപ്പോവാറുണ്ട്. പിന്നീടവർ ദുരന്തങ്ങളിൽ അകപ്പെട്ടവരെ ആത്മഹത്യ ചെയ്ത കഥകളാക്കി മാറ്റും. മയക്കു മരുന്നനടിമയായിരുന്നുവെന്നോ അല്ലെങ്കിൽ തണുപ്പിൽ അകപ്പെട്ടു മരിച്ചുവെന്നോ കഥകളുമായി അവരെപ്പറ്റി വാർത്തകളിൽ നിറയുന്നതും കാണാം. പഠിക്കുന്ന യൂണിവേഴ്സിറ്റികൾ അവരുടെ സ്ഥാപനങ്ങളുടെ അന്തസ്സു നിലനിർത്താൻ കൊന്നവനൊപ്പമേ സഹായിക്കാനായി നില്ക്കുകയുള്ളൂ. മുടന്തൻ ന്യായങ്ങളും പറഞ്ഞ് കയ്യൊഴിയുന്ന കഥകളാണ് അടുത്ത കാലത്തായി കേൾക്കുന്നത്. ഇതിനെതിരായി ഇനിയെങ്കിലും നമ്മുടെ സമൂഹം ഉണർന്നേ തീരൂ. നീതി താമസിക്കുംതോറും കൂടുതൽ വാളുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ തലയ്ക്ക് മീതെ വീശും. കാരണം, നീതിക്കുവേണ്ടി പൊരുതുന്നവർക്ക് നീതി ലഭിക്കാൻ താമസിക്കുന്നു. നമ്മുടെ അവകാശമായ, നമുക്കു ലഭിക്കേണ്ട നീതി ആർക്കും വിൽക്കാൻ തയ്യാറാകരുത്. മാർട്ടിൻ ലൂതർ കിംഗിന്റെ നീണ്ട പദയാത്രകൾ നീതിക്കുവേണ്ടിയുള്ള മുറവിളികളായിരുന്നു. ബിഗാംണ്ടൻ ജയിലറകളിൽ നിന്ന് അദ്ദേഹമെഴുതി " അമേരിക്കായെന്ന സ്വപ്ന ഭൂമിയിൽ കറുത്തവർക്കായ ആഫ്രോ ജനതയ്ക്ക് തലമുറകളായി നീതി നിഷേധിക്കുന്നു. ഒരേ സാഹോദര്യത്തിൽ ജീവിക്കേണ്ട വെളുത്തവനും കറുത്തവനും ഒരുപോലെ നീതി ലഭിക്കണം. ആർക്കും നീതി നിഷേധിക്കാൻ പാടില്ല. അവകാശങ്ങളും നീതിയും ഇനിമേൽ നീളാനും പാടില്ല."
അടുത്ത കാലത്തായി അമേരിക്കയിലെ മലയാളിപിള്ളേരുടെ ദുരൂഹ സാഹചര്യങ്ങളിലുളള മരണവും തീരോധാനവും സമൂഹമാകെ ഞെട്ടലുകളും ചിന്താക്കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു പകരം നിയമക്കുരുക്കിൽനിന്നും എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് ചുമതലപ്പെട്ടവർ ചിന്തിക്കുന്നത്. ലോകത്തിലെ ഏറ്റവും പരിഷ്കൃതരാജ്യമെന്ന് വിചാരിക്കുന്ന അമേരിക്കൻമണ്ണിൽ നാം കേട്ടുകൊണ്ടിരിക്കുന്ന, നമ്മുടെ മക്കൾക്ക് സംഭവിച്ച ക്രൂരതകളുടെ സംഭവപരമ്പരകൾ രാജ്യത്തിന് കളങ്കക്കുറികൾ ചാർത്തിക്കൊണ്ടിരിക്കുന്നതാണ്. ജീവന്റെ വില നിസാരമായി കരുതുന്ന നിയമപാലകർ കുറ്റവാളികളുടെ ക്രൂരകൃത്യങ്ങൾക്കു ബലിയാടാവുന്നവരുടെ വികാരങ്ങൾക്ക് തെല്ലുവില പോലും കല്പ്പിക്കാതെ കേസിനെ മായിച്ചുകളയാനാണ് ശ്രമിക്കുന്നത്. സ്കൂളിൽ പോയിട്ട് മടങ്ങി വരാത്ത യുവജീവിതങ്ങളുടെ ജീവന്റെ കഥകൾ സമൂഹത്തിലും നിത്യസംഭവങ്ങളായി മാറി കഴിഞ്ഞു. മുടന്തൻന്യായങ്ങൾ പറഞ്ഞ് അധികാരികൾ കേസിനെ ഇല്ലാതാക്കുകയും .കുറ്റവാളികളെ മാന്യതയുടെ മൂടുപടം അണിയിച്ചു കൊണ്ട് സ്വതന്ത്രരായി അഴിച്ചു വിടുകയും ചെയ്യും. സമൂഹത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ വീരാളന്മാരും യൂണിവേഴ്സിറ്റി അധികൃതരും ഹോസ്പിറ്റൽ ഭിഷ്വഗരന്മാരും ഒന്നുപോലെ കുറ്റവാളികൾക്കൊപ്പം പ്രവർത്തിച്ചെന്നറിയുമ്പോൾ ആധുനിക മാനവിക ചിന്തകൾക്കുതന്നെ ഗ്രഹിക്കാൻ സാധിച്ചെന്നിരിക്കില്ല. ജീവൻ നഷ്ടപ്പെടുന്നവരുടെ സാഹചര്യങ്ങൾ പലപ്പോഴും അധികാരവർഗം പൊതുജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കുന്ന കഥകളാണ് നാം പത്രങ്ങളിൽ അടുത്തയിട വായിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവീണ്‍ വർഗീസെന്ന കുട്ടിയുടെ മാതാപിതാക്കളുടെ ഹൃദയത്തുടിപ്പുകൾ സമൂഹം അറിഞ്ഞില്ലെന്നു നടിക്കരുത്. ഇന്നും അവരുടെ കുടുംബം സത്യം തേടിയുള്ള തീർത്ഥയാത്രയിലാണ്.
2014 ഫെബ്രുവരി മാസം പ്രവീണ്‍ വർഗീസ് എന്ന പത്തൊമ്പതുകാരൻ ഇല്ലിനോയി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്കൂൾക്യാമ്പസിനു സമീപം ഒരു കൊടുംവനത്തിൽ ഘോരരാത്രിയിലെ അതിശൈത്യത്തിൽ മരിച്ചു കിടക്കുന്നത് കണ്ടു. അവസാനത്തെ മണിക്കൂറുകളിൽ അവന് സംഭവിച്ചത് എന്തെന്നറിയാതെ അവനെ വളർത്തി വലുതാക്കിയ മാതാപിതാക്കളും ബന്ധുജനങ്ങളും സുഹൃത്തുക്കളും തീവ്രമായ അന്വേഷണത്തിലാണ്. പ്രാരംഭത്തിൽ സംശയിച്ചതിനെക്കാളും അവന്റെ മരണത്തിൽ മറ്റു പലതും അധികാരികൾ ഒളിച്ചു വെയ്ക്കുന്നുവെന്ന് അവനു ചുറ്റുമുള്ളവരും സമൂഹമാകെയും ചിന്തിക്കുന്നു. മരിച്ചുകിടന്ന ആ രാത്രി അവൻ തണുപ്പിനെ പ്രതിരോധിക്കാൻ ഡ്രസ്സുകൾ ധരിക്കാതെ മരവിച്ചു മരിച്ചുവെന്നാണ് മരണവുമായി അന്വേഷണ ചുമതലയുള്ളവർ അന്ന് വിധിയെഴുതിയത്. പിന്നീടുള്ള ചോദ്യങ്ങൾക്ക് അവർ ഉത്തരം പറയാൻ തയ്യാറുമല്ല.
പ്രവീണിന്റെ കാട്ടിലെ മരണകാരണം ഇന്നും നിഗൂഢതയിൽ ഒളിഞ്ഞിരിക്കുകയാണ്. വിജനമായ കാട്ടിൽ ആറാം ദിവസം മരിച്ച ശരീരം കണ്ടതായി മാത്രം എല്ലാവർക്കും അറിയാം. ആരോഗ്യവാനായ ആ ചെക്കൻ ദുരൂഹസാഹചര്യത്തിൽ എങ്ങനെ മരിച്ചുവെന്നറിയാൻ അവനെ ചുറ്റിയുള്ള ബന്ധുജനങ്ങളും കേഴുന്ന മാതാപിതാക്കളും മലയാളിസമൂഹവും ഒത്തൊരുമിച്ച് സംഘടിതമായി പ്രവർത്തിക്കുന്നുണ്ട്. കാട്ടിന്റെ കൂരിരിട്ടിൽ വിറങ്ങലിക്കുന്ന കൊടുംതണുപ്പത്ത് അവൻ മരിച്ചു കിടക്കുന്നതായി പോലീസ് കണ്ടെത്തി. തണുപ്പിൻറെ അതികഠോരതയിൽ മരിച്ചുവെന്ന് പോലീസ് വിധിയെഴുതി. നഷ്ടപ്പെട്ടുപോയ മകനെയോർത്തു വിലപിക്കുന്ന അവന്റെ മാതാപിതാക്കളുടെ ദുഃഖം പോലീസ് ഉദ്യോഗസ്ഥർക്ക് അറിയേണ്ട ആവശ്യവുമില്ല. അതിശൈത്യം അവനെ കൊന്നുവെന്ന് വിധി പറഞ്ഞ് പോലീസ് അവരുടെ ജോലി തീർക്കുകയും ചെയ്തു. നഷ്ടപ്പെട്ടത് അവനെ വലുതാക്കിയ മാതാപിതാക്കൾക്കും സ്നേഹിക്കുന്ന അവനോടൊപ്പം വളർന്ന കുഞ്ഞിപെങ്ങമാർക്കുമാണ്.നിർജീവമായ അവന്റെ ശരീരം കണ്ട് കണ്ണുകൾക്കുപോലും വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. സംഭവം അത്ര ഭയാനകവും ഞെട്ടിക്കുന്നതുമായിരുന്നു. അവന്റെ മരണം എങ്ങനെയെന്ന് ഇന്നും ആർക്കും ശരിയായി വിവരിക്കാൻ സാധിക്കുന്നില്ല. സർക്കാരും പോസ്റ്റ് മാർട്ടവും പോലീസും ഒരുപോലെ അവനുളള നീതി നിക്ഷേധിച്ചു. പ്രവീണ്‍ കൊല്ലപ്പെട്ടെന്ന സത്യവുമായി പുറത്തുവന്ന രണ്ടാമത്തെ ഓട്ടോപ്സി റിപ്പോർട്ടനുസരിച്ച് ആദ്യം വന്ന റിപ്പോർട്ടിൽ പോലീസും ഡോക്ടർമാരും ഈ കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ ഒരുപോലെ മെനക്കെട്ടുവെന്നു കണക്കാക്കണം. നാളിതുവരെയായി കുറ്റവാളികളെ തേടുകയോ കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല.
പ്രവീണ്‍ ഒരു പാർട്ടി കഴിഞ്ഞ് കാറിൽ മടങ്ങിപോവുകയും മരിച്ച ശരീരം കണ്ട സ്ഥലത്തിനു സമീപമായി ഇറങ്ങുകയും ചെയ്തുവെന്ന് കാറിൽ ഒപ്പം യാത്ര ചെയ്ത ഡ്രൈവർ രേഖപ്പെടുത്തി. അവൻ കാട്ടിനുള്ളിൽ ഓടുന്നതിനു മുമ്പ് ഒപ്പം സഞ്ചരിച്ച ഈ ഡ്രൈവറുമായി വാക്കുതർക്കം ഉണ്ടായിയെന്നും അയാൾ പോലീസിൽ മൊഴി നല്കിയിട്ടുണ്ട്. പ്രവീണ്‍ അന്ന് പാർട്ടിയിൽ കുടിച്ചിരുന്നുവെന്ന് ആരംഭത്തിൽ ആരോപണം ഉണ്ടായിരുന്നെങ്കിലും അതെല്ലാം കള്ളങ്ങളാണെന്നും പിന്നീട് തെളിഞ്ഞു.
ആദ്യത്തെ പോസ്റ്റ്മാർട്ട റിപ്പോർട്ടിൽ ദുരൂഹതകൾ ഏറെ നിറഞ്ഞിരുന്നതുകൊണ്ട് പ്രവീണിന്റെ മാതാപിതാക്കളുടെ ചെലവിൽ രണ്ടാമതും മരിച്ച ച്ഛിന്നമായ ശരീരത്തിന്റെ പരിശോധന നടത്തി. വീണ്ടും നടത്തിയ ശവനിരീക്ഷണത്തിൽ ആ പയ്യന് മരിക്കുന്നതിനുമുമ്പ് ബലപ്രയൊഗമൂലം മാരകമായ മൂന്നു മുറിവുകൾ പറ്റിയിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വലത്തെ കൈകളിലും അനേക മുറിവുകൾ ഉണ്ടായിരുന്നു. ആ രാത്രിയിൽ നിസഹായനായ അവൻ ജീവൻ രക്ഷിക്കാൻ വലത്തെ കൈകൾകൊണ്ട് പ്രതിരോധം നടത്തിയെന്നു വേണം ഇതിൽ നിന്ന് അനുമാനിക്കാൻ. തലയ്ക്കടിച്ച പാടും ഉണ്ട്.
ഇന്നും പേര് വെളിപ്പെടുത്താത്ത ആരോ ആണ് പ്രവീണ്‍ വർഗീസിന് അന്നത്തെ മടക്കയാത്രയിൽ സവാരി കൊടുത്തത്. അജ്ഞാതനായ അയാളുടെ പേര് അധികൃതർ വെളിപ്പെടുത്താതിൽ പ്രവീണിന്റെ കുടുംബത്തിന് കടുത്ത അമർഷവുമുണ്ട്. യാതൊരു പ്രേരണയും കൂടാതെ സംഭവിച്ചതെന്തെന്ന് സംഭവിച്ചതുപോലെ ആരോ സ്വയം റിപ്പോർട്ട് ചെയ്തെന്നായിരുന്നു പോലീസ് അധികാരികൾ പറഞ്ഞത്. പ്രവീണ്‍ കാറിൽനിന്ന് കാട്ടിലേക്ക് ഇറങ്ങി പോവുന്നതിനുമുമ്പ് ഡ്രൈവറെ ഉന്തിയെന്നും കാറിന് ഗ്യാസടിക്കാൻ പണം ചോദിച്ചതായിരുന്നു കാരണമെന്നും അയാൾ പോലീസിൽ മൊഴി നല്കി. ഇന്നും പോലീസ് അയാളെ സംശയിക്കുന്നില്ല. ചോദ്യം ചെയ്തതല്ലാതെ നാളിതുവരെ അറസ്റ്റ് ചെയ്തില്ല. ഈ കേസിനെ ഇല്ലാതാക്കാനുള്ള താല്പര്യമാണ് ആദ്യംമുതൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും കണ്ടു വന്നത്.
പ്രവീണിന്റെ മരണം ദുരഹ സാഹചര്യത്തിലെന്നു പകൽപോലെ വ്യക്തമായിട്ടും മരണം അവന്റെ തന്നെ കുറ്റംകൊണ്ടെന്ന് നിയമപാലകർ ഇന്നും വിട്ടു വീഴ്ചയില്ലാതെയുള്ള തീരുമാനത്തിൽ തന്നെ നില്ക്കുന്നു. കൂടുതലായി അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോഴെല്ലാം പോലീസ് നിസഹകരിക്കുകയാണുണ്ടായത്. പ്രവീണിന്റെ മരണവുമായുള്ള തെളിവുകൾ തിരസ്ക്കരിച്ച് ആ കേസ് തള്ളി കളയുകയാണ് പോലീസ് ചെയ്തത്. അതുമൂലം പ്രവീണിന്റെ മാതാപിതാക്കൾ നീതിക്കായി സ്വന്തം നിലയിൽ തന്നെ, മകൻ കൊല്ലപ്പെട്ടതെന്ന അനുമാനത്തിൽ തന്നെ ഇന്നും കിട്ടാവുന്ന വിവരങ്ങൾ തേടി തീവ്രമായ അന്വേഷണത്തിലാണ്. പ്രവീണിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ അവൻ കുടിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ഉണ്ടായില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഈ നാടിന്റെ മണ്ണിൽ ജനിച്ചു വളർന്ന ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്ന ബുദ്ധിമുട്ടുകൾ കുടിയേറ്റക്കാരായി ഇവിടെ വസിക്കുന്നവർക്കെല്ലാം അറിയാം. അവർക്കുവേണ്ടി നാം അനുഭവിച്ച യാതനകൾ അവർണ്ണനീയമാണ്. ഓരോരുത്തരും അവരവരുടെ കഴിവനുസരിച്ച് കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്കായി രാവും പകലും അദ്ധ്വാനിച്ചിട്ടുണ്ട്.അവരുടെ കൈ വളരുന്നതും കാലു വളരുന്നതും പ്രത്യേകിച്ച് അമ്മമാർ നോക്കി നില്ക്കും. ഒരു തറവാടിന്റെ മഹിമയിലും മാന്യതയിലും അന്തസ്സായി തന്നെയാണ് പ്രവീണിനെ അവന്റെ മാതാപിതാകൾ വളർത്തിയത്. അവനും മാതാപിതാക്കളും തമ്മിൽ ച ങ്ങാതിമാരെപ്പോലെയായിരുന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ പരസ്പരമുള്ള ബന്ധം നോക്കിനില്ക്കുന്ന മറ്റു കുടുംബങ്ങളിലും തീക്ഷ്ണതയുണ്ടാക്കുമായിരുന്നു. എവിടെപ്പോയാലും അവർ കുടുംബം ഒന്നിച്ചേ പോവൂ. പ്രാർത്ഥിക്കാനും പള്ളിയിൽ പോയാലും വിനോദ സഞ്ചാരത്തിനു പോയാലും കുടുംബമൊന്നാകെ കൈകോർത്തു നടക്കുമായിരുന്നു. പ്രവീണിന്റെ അമ്മ അവനുവേണ്ടിയുള്ള അനുശോചന പ്രസംഗത്തിൽ പറഞ്ഞു, "അവനെക്കൂടാതെ ഞങ്ങൾ ഒരു സ്ഥലത്തും പോവില്ലായിരുന്നു. അവൻ ഈ വീടിന്റെ പ്രകാശമായിരുന്നു. ഞങ്ങളെ ചിരിപ്പിക്കാൻ എന്ത് കൊപ്രായവും കാട്ടും. ഇനിമേൽ ഞങ്ങൾക്ക് ഓർമ്മകളുമായി മുമ്പോട്ടു പോകുവാൻ അവന്റെ വളർച്ചയുടെതായ കാലഘട്ടവും പത്തൊമ്പത് വയസുവരെയുള്ള ക്ഷണികങ്ങളായ ജീവിതവും മാത്രം മതി."
സ്നേഹിച്ച ബന്ധുജനങ്ങൾക്കും മാതാപിതാക്കൾക്കും ഒരിക്കലുമൊരിക്കലും മറക്കാനാവാത്ത ഓർമ്മകളുമായി അവൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. സ്വന്തം കാര്യം മറന്നുപോലും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കുചേരാനും അവരെ സഹായിക്കാനും അവനെന്നും മുമ്പിലുണ്ടായിരുന്നു. അതിനായി കരകൾതോറും കൂട്ടുകാരുമൊത്തു കറങ്ങുമായിരുന്നു. ആയിരക്കണക്കിന് ജനങ്ങൾ അവന്റെ മൃതശരീരം ദർശിക്കാൻ തിങ്ങിക്കൂടിയ കാരണവും അതായിരുന്നു. വിധിയെ മാനിച്ചേ തീരൂ. പൊന്നോമന മകന്റെ ഓർമ്മകളുമായി അവന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നറിയാൻ പ്രവീണിന്റെ മാതാപിതാക്കൾ തീവ്രശ്രമത്തിലാണ്. അവന്റെ മാതാപിതാകൾക്ക് അവനില്ലാത്ത ഭവനം ശൂന്യതയിലെവിടെയോ ആഞ്ഞടിക്കുന്ന കൊടും കാറ്റുപോലെയായിരുന്നു. തണുപ്പത്തു വിറങ്ങലിക്കുന്ന ക്രൂരഘോര വനത്തി ലായിരുന്നു വിധി അവന്റെ മരണം നിശ്ചയിച്ചത്. സ്നേഹിക്കുന്ന നിസഹായരായവർക്ക് അന്നത്തെ രാത്രിയിലെ അവന്റെ രോദനം ശ്രവിക്കാൻ സാധിച്ചില്ല.
കൗമാര പ്രായം തൊട്ട് അമേരിക്കൻ സംസ്ക്കാരത്തിൽ കുട്ടികളെ വളർത്തുക പ്രയാസമുള്ള കാര്യമാണ്. സമ്മിശ്രമായ ഒരു സംസ്ക്കാരത്തിൽ വളരുന്ന കുട്ടികൾ തന്നെ വിവിധ സംസ്ക്കാരത്തിൽ വളരുമ്പോൾ മാനസികമായ പിരിമുറുക്കങ്ങൾ അവരിൽ ഉണ്ടാവും. അവർ വളർന്നുവെന്ന അവരുടെ തോന്നൽ ചിലപ്പോൾ മാതാപിതാക്കളെ ധിക്കരിച്ചു പ്രവർത്തിച്ചെന്നു വരാം. അക്കാലയളവിൽ മാതാപിതാക്കൾക്ക് കുട്ടികളെ നേരായ ജീവിതം നയിക്കാനും നന്മതിന്മകളെപ്പറ്റി ഉപദേശിക്കാനുമേ സാധിക്കുകയുള്ളൂ. ലഹരി ഉപയോഗിക്കാൻ പ്രായമാകാത്ത ഒരു ചെറുക്കൻ എന്തിന് രാത്രിയിൽ ക്ലബുകളിൽ സമയം ചിലവഴിച്ചുവെന്ന് പലരും ചോദിക്കുന്ന ചോദ്യമായിരിക്കാം. അവന്റെ സമപ്രായക്കാരുടെ സ്വാധീനവും അതിന്റെ പിന്നിൽ കാണാം. കൂട്ടുകാരൊത്തു മേളിക്കാൻ പോയില്ലെങ്കിൽ അവനു ലഭിക്കുന്നതും ഒറ്റപ്പെട്ട ജീവിതമായിരിക്കാം. മാതാപിതാക്കളുടെ സമ്മർദം ഒരു വശത്തും സമപ്രായക്കാരുടെ സമ്മർദം മറു ഭാഗത്തും വരുമ്പോൾ അവന്റെ സാമൂഹിക ജീവതത്തെ മാതാപിതാക്കളിൽ നിന്ന് ഒളിച്ചു വെയ്ക്കേണ്ടി വരുന്നു. എന്തെല്ലാം കാരണങ്ങളെങ്കിലും മക്കൾ കോളേജിൽ ആയാൽ മാതാപിതാക്കൾ അവരുടെ സാമൂഹിക ജീവിതത്തിൽ ഇടപെടാൻ താല്പര്യപ്പെട്ടെന്നു വരില്ല.
പ്രവീണിനെ സംബന്ധിച്ച് അവന്റെ മാതാപിതാക്കൾക്ക് നല്ല മതിപ്പായിരുന്നുണ്ടായിരുന്നത്. എവിടെയായിരുന്നുവെങ്കിലും പ്രവീണ്‍ ദിവസവും മാതാപിതാക്കളെ വിളിക്കുമായിരുന്നു. കൂടെക്കൂടെ വീട്ടിൽ വന്ന് മാതാപിതാക്കളും അവന്റെ പെങ്ങന്മാരുമൊത്ത് സമയം ചെലവഴിക്കുമായിരുന്നു. കുടുംബവും കൂട്ടുകാരും ഒരുപോലെ ഒത്തൊരുമിച്ച ഒരു സാമൂഹിക ജീവിതമായിരുന്നു പ്രവീണ്‍ തെരഞ്ഞെടുത്തത്. അവന്റെ അമ്മയുടെ അഭിപ്രായത്തിൽ ഒരിക്കലും വാക്കു തർക്കമോ തറുതലയോ പറയുന്ന സ്വഭാവം അവനുണ്ടായിരുന്നില്ല. ദ്വേഷ്യം വന്നാൽ ആരോടും ഒന്നും മിണ്ടാതെ കതകടച്ച് നിശബ്ദനായി കിടന്ന ശേഷം വീണ്ടും വന്ന് ഒന്നുമറിയാത്തപോലെ കളിചിരിയുമായി അന്നത്തെ ദിവസം മേളയാക്കുമായിരുന്നുവെന്നും അവന്റെ അമ്മ പറയുന്നു.
പ്രവീണിനെ പരിചയമുള്ളവരെല്ലാം അവൻ സമൂഹത്തിലെ മാതൃകാപരമായ കുട്ടിയെന്ന് ഒരേ സ്വരത്തിൽ പറയും. എന്നും കുടുംബത്തിനെ അനുസരിച്ച്, കൂടപ്പിറപ്പുകളെ സ്നേഹിച്ച് ഉത്തരവാദിത്തത്തോടെയുള്ള ജീവിതമായിരുന്നു അവൻ നയിച്ചിരുന്നത്. അവനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെ വലിയ ഒരു വലയംതന്നെ എന്നും അവനു ചുറ്റുമുണ്ടായിരുന്നു. മതപരമായ കാര്യങ്ങളിലും ഭക്തിയിലും അവനിൽ പ്രത്യേക നിഷ്കർഷതയുമുണ്ടായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ട് അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും എന്നും അവനിൽ മതിപ്പുണ്ടായിരുന്നു. പള്ളിയിലെ മതപരമായ പ്രവർത്തനങ്ങളിലും അവനിൽ ഒരു നേതൃപാടവം ബാലനായിരുന്നപ്പോൾ തന്നെ തെളിഞ്ഞു നിന്നിരുന്നു.
ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയെന്നത് നമ്മുടെ ഭാവനയ്ക്കുപോലും ചിന്തിക്കാൻ സാധിക്കില്ല. കോളേജ് പഠനത്തിൽ അപകടം പിടിച്ച പ്രായത്തിൽ അവൻ കാണിക്കുന്ന വികൃതികളൊന്നും മാതാപിതാക്കൾ അറിഞ്ഞെന്നിരിക്കില്ല. ഒരുവൻ പ്രശ്നത്തിലായാൽ ചിലപ്പോൾ ആത്മാർത്ഥമായ കൂട്ടുകാർക്ക് അവനെ സഹായിക്കാൻ സാധിക്കും. മറച്ചു വെച്ചിരിക്കുന്ന അവനിലെ അപകടം പിടിച്ച രഹസ്യങ്ങളെ മാതാപിതാക്കളെ അറിയിക്കുക, അതാണ് സ്നേഹമുള്ള നല്ല ഒരു കൂട്ടുകാരന്റെ കടമയും. എങ്ങോട്ടും വഴുതി പോവാവുന്ന പ്രായം. ആ കാലഘട്ടത്തിൽ അവരോട് മാതാപിതാക്കൾ ശത്രുതാ മനോഭാവമല്ല കാണിയ്ക്കേണ്ടത്. നല്ല സുഹൃത്തുക്കളായി സ്നേഹംകൊണ്ട് അവരെ കീഴടക്കണം. ആണ്‍ മക്കളായ കുട്ടികളെങ്കിൽ പിതാക്കന്മാർക്ക് മക്കളെ നേരായി തിരിച്ചു വിടാൻ വലിയ കടപ്പാടുണ്ട്. അപ്പനും മകനും തമ്മിൽ സുഹൃത്തുക്കളെങ്കിൽ അതിൽ കൂടുതൽ മറ്റൊരു ഭാഗ്യം ആ കുടുംബത്തിന് ലഭിക്കാനില്ല. തുറന്ന ഹൃദയത്തോടെയുള്ള സംസാരം പിന്നീട് വലിയ വിപത്തുകൾ ഒഴിവാക്കാൻ സാധിക്കും.
പ്രവീണിന്റെ മാതാപിതാക്കൾ മകന്റെ മരണത്തിനു കാരണമായ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ തീവ്രശ്രമത്തിലാണ്. അവരോടൊപ്പം അനേകം സാമൂഹിക സംഘടനകളുമുണ്ട്. മലയാളി സമൂഹത്തിലെ കുട്ടികൾക്ക് അടിക്കടി ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നതും ഖേദകരമാണ്. നമ്മുടെ കുട്ടികളുടെ ജീവൻ അധികാരികൾ നിസാരമായും കരുതുന്ന മനോഭാവവുമാണ് നാം കണ്ടു വരുന്നത്. എല്ലാ പൌരന്മാരെയും തുല്യമായി കരുതുന്ന ഒരു വ്യവസ്ഥിതിയുള്ള രാജ്യത്ത് നീതിയുടെ കവാടം നമുക്കു വേണ്ടിയും തുറക്കപ്പെടണം. രാജ്യത്തിന്റെ പുരോഗതിയ്ക്കുവേണ്ടി ഈ നാടിന്റെ മണ്ണിൽ നമ്മുടെ സമൂഹവും വിയർപ്പൊഴുക്കിയവരാണ്. ജീവന്റെ സുരക്ഷക്കായി നികുതി കൊടുക്കുന്നവരാണ്. അവകാശങ്ങൾ അടങ്ങിയ നിയമവ്യവസ്ഥകൾ തുല്യമായി പങ്കിടാൻ സമൂഹം ഉണർന്നേ മതിയാവൂ. നിശബ്ദരായി നമ്മളിരുന്നാൽ ഇന്നൊരു പ്രവീണിന്റെ സ്ഥാനത്തു നാളെ നമ്മുടെ നൂറു മക്കൾക്കായിരിക്കും നീതി നിഷേധിക്കപ്പെടുന്നത്. നമ്മുടെ കാതുകളിൽ ഇന്ന് കേൾക്കുന്നത് തകർന്ന ഒരു കുടുംബത്തിന്റെ കണ്ണുനീരിന്റെ കഥയാണ്. അവരുടെ ദുഃഖം സമൂഹമാകെ കരയിപ്പിക്കുന്നുമുണ്ട്.
പ്രവീണിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത അനേക ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. അതിനു കാരണം ഉത്തരവാദിത്തപ്പെട്ടവരുടെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉദാസീനതയാണ്. നീതി അവനു ലഭിച്ചിട്ടില്ല. നീതി നിഷേധിച്ച അവന്റെ മാതാപിതാക്കൾ സത്യം അറിയാൻ ഏതറ്റവും വരെ പോകാൻ തയ്യാറായി നില്പ്പുണ്ട്. പരസ്പര വിരുദ്ധങ്ങളായ കഥകൾകൊണ്ട് പ്രവീണിന്റെ മാതാപിതാക്കളെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്ന മനോഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സമൂഹത്തിന് ഇത് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. നാളെ എന്റെയും നിങ്ങളുടെയും മക്കളും കുഞ്ഞുമക്കളുമാണ് ഇത്തരം ദുരന്തങ്ങളിൽ അടിമപ്പെടാൻ പോകുന്നത്. നാം പരാജയപ്പെട്ടാൽ മോഹന പ്രതീക്ഷകളുമായി വന്നെത്തിയ നമ്മുടെ ഈ വാഗ്ദാന ഭൂമിയിലെ നീതിയുടെ പരാജയമായിരിക്കും സംഭവിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ രാജ്യത്തിൽ ജനിച്ചു വളർന്ന മറ്റുള്ള സമൂഹങ്ങളിലെ കുഞ്ഞുങ്ങളെപ്പോലെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കണം. പ്രവീണിനെ നഷ്ടപ്പെട്ടത് അവന്റെ മാതാപിതാക്കൾക്കാണ്. നീതി കിട്ടാതെ അവന്റെ ആത്മാവ് ഇന്നും ദുരൂഹതയിൽ തത്തി കളിക്കുന്നു. അവൻ അന്ത്യവിശ്രമം കൊള്ളുന്ന ശവക്കല്ലറയിങ്കൽ സമാധാനമായി പ്രാർഥിക്കാൻ നീതിയുടെ ത്രാസ് തിരിച്ചു വിടുന്നവരെ സമൂഹവും വിശ്രമിക്കാൻ പാടില്ല. അവന്റെ മാതാപിതാക്കളുടെ ഉറങ്ങാത്ത രാത്രികളെ ഇല്ലാതാക്കി ശാന്തതയും കൈവരിക്കണം. ഇതൊരു മാനുഷിക പ്രശ്നമാണെന്ന് ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യമാക്കുകയും വേണം.
സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ ചിന്തകളിൽ അടിസ്ഥാനമായ ഒരു രാജ്യത്തു തന്നെയാണ് നാമും ജീവിക്കുന്നത്. ഈ രാജ്യത്തിലെ സ്വതന്ത്ര മണ്ണിൽ ജീവിക്കുന്ന നമുക്കും വിശ്വോത്തരമായ ഈ തത്വങ്ങളുടെ പങ്കു പറ്റണം. അമേരിക്കായെന്ന സ്വപ്നഭൂമിയിൽ ജീവിക്കുന്നവരായ നാം ഓരോരുത്തരും ഭാഗ്യവാന്മാരായിട്ടാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ നിയമവും നിയമ വ്യവസ്ഥിതികളും ഏതാനും വ്യവസ്ഥാപിത താല്പര്യക്കാരുടെ കൈകളിലമരാൻ അനുവദിക്കരുത്. അതിനായി പൊരുതുകയെന്നത് ദേശസ്നേഹമുള്ള ഓരോരുത്തരുടെയും കടമയാണ്. കൊടുംകാട്ടിൽ തണുപ്പിന്റെ കാഠിന്യത്തിൽ തലയ്ക്കടി കിട്ടി ദുരൂഹ സാഹചര്യത്തിൽ ക്രൂരമായി കൊല്ലപ്പെട്ട പ്രവീണിന് നീതി ലഭിച്ചിട്ടില്ല. ഇതിനെതിരായി നമ്മുടെ സമൂഹം ഉണർന്നില്ലെങ്കിൽ നാളെ നമ്മുടെ കുഞ്ഞുങ്ങൾ ക്ഷമിച്ചെന്നിരിക്കില്ല. പ്രവീണിന്റെ മരണത്തിന് കാരണമായവരെ നിയമത്തിന്റെ ചട്ടക്കൂട്ടിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷകൾ വിധി ന്യായാധിപനിൽ നിന്നും കല്പ്പിക്കാതെ ശാന്തരായിരിക്കാൻ പാടില്ല. നിയമത്തിന്റെ പാളീച്ചകൾ അവസാനിപ്പിച്ച് നീതിയുടെ വിധിന്യായങ്ങൾ സമൂഹത്തിന് മൊത്തമായി നല്കുന്നതായിരിക്കണം. രാജ്യത്തിന്റെ പൌരന്മാരെന്ന നിലയിൽ അഭിമാനത്തോടെ തന്നെ നമുക്കും നമ്മുടെ മക്കൾക്കും മക്കളുടെ മക്കൾക്കും ഈ നാട്ടിൽ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണം.
മകന്റെ വേർപാടിൽ ഉറങ്ങാത്ത ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ, നിയമം നിഷേധിച്ച പ്രവീണിന്റെ മാതാപിതാക്കൾക്കുണ്ടായ അനുഭവം മറ്റൊരു കുടുംബത്തിന് ഇനിമേൽ ഉണ്ടാവാൻ പാടില്ല. കാണാതായ ഒരു കുട്ടിയെ കഴിവിനടിസ്ഥാനമായി അന്വേഷിക്കുന്ന സംവിധാനവും മെച്ചമാക്കണം. രാജ്യത്തിന്റെ നിയമങ്ങളെ നാം മാനിക്കുന്നു. പക്ഷെ നിയമങ്ങൾ സമൂഹത്തിന്റെ നന്മക്കായി ഒരുപോലെ പ്രയോജനപ്പെടണം. നിയമങ്ങൾ ഓരോ പൌരന്റെയും സുരക്ഷിതത്വം ഉറപ്പാക്കണം. പ്രവീണിന്റെ കാര്യത്തിൽ അവനു ലഭിക്കേണ്ട നീതി പരാജയപ്പെട്ടിരിക്കുന്നു. മൂകമായ ശ്മശാനത്തിൽ അന്തിയുറങ്ങുന്ന തങ്ങളുടെ പൊന്നോമന മകന്റെ ശവ കുടീരത്തിൽ സമാധാനത്തോടെ പ്രാർത്ഥിക്കാൻ അവന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അവന്റെ നഷ്ടം സമൂഹത്തിന്റെ നഷ്ടമായി കണ്ട് എഴുതപ്പെട്ട നിയമത്തിലെ നീതിയിൽ നാളെ മറ്റൊരുവന്റെ തകർന്ന കുടുംബത്തെങ്കിലും സമാധാനം കണ്ടെത്തുമെന്നും അവർ വിശ്വസിക്കുന്നു. തങ്ങളുടെ മകന് എന്തു സംഭവിച്ചെന്ന് ഈ കുടുംബത്തിനറിഞ്ഞാൽ മതി. ഇനിയും രഹസ്യങ്ങളിൽ പൊതിഞ്ഞിരിക്കുന്ന അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മതി. സമാധാനം കണ്ടെത്താൻ മറ്റൊന്നും ഈ കുടുംബം ആവശ്യപ്പെടുന്നില്ല.
Malayalam Daily News: http://www.malayalamdailynews.com/?p=109331
Kerala News Live.com http://www.keralanewslive.com/?p=22864
Joychan Puthukkulam: http://www.joychenputhukulam.com/newsMore.php?newsId=42684