Monday, August 4, 2014

ഫ്രാൻസീസ് മാർപ്പാപ്പായുടെ ധർമ്മിഷ്ഠ തേരോട്ടങ്ങളും പത്ത് ദർശന ചിന്തകളും




By ജോസഫ് പടന്നമാക്കൽ 

ഫ്രാൻസീസ് മാർപാപ്പാ എഴുതിയ പത്തു കൽപ്പനകൾ ആഗോള മാധ്യമങ്ങളിൽ ഇന്ന് ചരിത്രം കുറിച്ച പ്രധാന വാർത്തകളിൽ ഒന്നായി തീർന്നിരിക്കുന്നു. വിശാലമനസ്ക്കത നിറഞ്ഞ സരളിത ഹൃദയത്തോടുകൂടിയ അദ്ദേഹത്തിൻറെ ഈ കല്പ്പനകൾ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നും പകർത്തിയെടുത്തതാണ്. മനുഷ്യ മനസുകളെ നേരായി നയിക്കാനുതകുന്ന അറിവിന്റെയും ആത്മീയ വെളിച്ചത്തിന്റെയും ചൂണ്ടുപലകയെന്ന് മാർപ്പാപ്പാ രചിച്ച ഈ പ്രമാണങ്ങളെ വിളിക്കാം. സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും നിറകുടമായി ലോകം ജനങ്ങളുടെ ഈ മാർപ്പാപ്പയെ  കാണുകയും ചെയ്യുന്നു. വ്യത്യസ്തനായ ഈ മാർപാപ്പാ തുറന്ന ഹൃദയത്തോടെയാണ് സത്യത്തിന്റെ ദീപമായ യേശുവിന്റെ വഴിയേ സഞ്ചരിക്കുന്നത്. ഒരുവന്റെ ജീവിതത്തിൽ അനുഷ്ഠിക്കേണ്ട  മാതൃകാപരമായ സാരോപദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കത്തിലുള്ളത്. ലളിതമായ ജീവിതത്തിൽക്കൂടി  ചുരുങ്ങിയ സാമ്പത്തിക ശാസ്ത്രത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താമെന്നു അദ്ദേഹത്തിൻറെ പ്രമാണങ്ങളിൽ വിവരിക്കുന്നുണ്ട്. 

കാലത്തിനനുസരിച്ച് ഓരോ നല്ല മനുഷ്യരും അറിഞ്ഞിരിക്കേണ്ട മാർപ്പാപ്പയുടെ ഈ പ്രമാണങ്ങളെ  ചുരുക്കമായി വിലയിരുത്താം. ഈ ചിന്തകൾ എത്രമാത്രം അദ്ദേഹത്തിൻറെ ജീവിതത്തിൽ സ്വധീനിച്ചുവെന്നും അറിയാൻ സാധിക്കും. താഴെ പറയുന്ന സൂചികളിൽ അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങൾ വിവരിക്കുന്നത്, ഓരോരുത്തരുടെയും ജീവിതബോധത്തിലേക്ക് പകർത്തുന്നതിന് ഉപകരിക്കുന്നതാണ്. .

1. 'ജീവിക്കുകയും  ജീവിക്കാൻ  അനുവദിക്കുകയും ചെയ്യുകയെന്നത് മനുഷ്യ ധർമ്മമാണ്. ഇത്  മൂല്യങ്ങളായി എടുക്കേണ്ട മാനവിക തത്ത്വമാണെന്നും' മാർപ്പാപ്പാ പറഞ്ഞു. റോമ്മാ പട്ടണത്തിൽ ഒരു ചൊല്ലുണ്ട്, 'മുമ്പോട്ടു ചലിക്കൂ. മറ്റുള്ളവരെയും ജീവിത മുന്നേറ്റത്തോടൊപ്പം കുതിക്കാൻ  അനുവദിക്കുക.' അവിടെ സമാധാനത്ത്ന്റെ ദീപം പ്രകാശിക്കപ്പെടും.'

2.' നാം നമ്മെ തന്നെ മറ്റുള്ളവർക്കായി അർപ്പിക്കൂ.' സ്വന്തം നേട്ടങ്ങളോടൊപ്പം അന്യന്റെ സുഖദുഖങ്ങളിലും പങ്ക് ചേരൂ. അതിനവൻ  സ്വതന്ത്ര ഹൃദയനായിരിക്കണം. ചുറ്റുമുള്ളവർക്കും പ്രയോജനപ്പെടുന്നവനുമായിരിക്കണം. സങ്കുചിതമനസ് മാറ്റി വിശാല ഹൃദയമുള്ളവനായിരിക്കണം. അവിടെ സ്വാർത്ഥമനസുമായി പിന്തിരിയുന്നുവെങ്കിൽ തന്റെ മനസിനെ    അഹന്താനുഷ്ഠമാക്കുകയാണ്. ഒഴുക്കില്ലാ വെള്ളത്തിൽ മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്നപോലെ സ്വന്തം മനസും അഹന്തയിൽ ജീർണ്ണിച്ചു പോവും.

3. 'ജീവിത  നൗകകളെ  ശാന്തമായി നാം ഓരോരുത്തരും തുഴയാൻ' മാർപ്പാപ്പാ ഉപദേശിക്കുന്നു.  അദ്ദേഹം ഹൈസ്കൂളിൽ സാഹിത്യം പഠിപ്പിച്ചിരുന്ന കാലങ്ങളിൽ ഒരു നോവലിനുള്ളിലെ  കഥാപാത്രമായ വീരയോദ്ധാവിന്റെ ജീവിതാനുഭവത്തിലെ ശാന്തമായ ജീവിതത്തെപ്പറ്റി കുട്ടികളെ പഠിപ്പിക്കുമായിരുന്നു. നോവലിലെ ഈ കഥാപാത്രത്തിലെ മാധുര്യതയെ നുകർന്ന് തിരമാലകൾ ആഞ്ഞടിക്കാത്ത ശാന്തതയെ എന്നും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

4 'മനസിനെ പുഷ്ടിപ്പെടുത്തി വിശ്രമവേളകളിൽ ആരോഗ്യപരമായ ജീവിതത്തിനായി ഉല്ലാസമായ ജീവിതം നയിക്കാനും' മാർപ്പാപ്പ പറഞ്ഞു. സുലഭമായി ഉപഭോഗ വസ്തുക്കൾ വാങ്ങാനുള്ള  കഴിവുകൾ മനുഷ്യനെ അമിതമായി പണം പാഴാക്കാൻ വഴി തെളിയിക്കുന്നു. കുഞ്ഞുങ്ങളുമായി ഒന്നിച്ച് സമയം ചെലവഴിച്ച് അവരോടൊത്ത് കളിക്കാനും സമയം കണ്ടെത്താനും മാർപാപ്പാ  മാതാപിതാക്കളെ ഉപദേശിച്ചു. 'കുഞ്ഞുങ്ങൾ ഭക്ഷിക്കാൻ ഇരിക്കുമ്പോൾ അവരെ ടെലിവിഷൻ കാണാൻ അനുവദിക്കരുത്. കുഞ്ഞു മനസുകളിൽ ആ സമയം സ്നേഹത്തിന്റെ വിത്തുകൾ വിതയ്ക്കണം.'

5. 'സാധിക്കുമെങ്കിൽ ഞായറാഴ്ചകൾ പരിപൂർണ്ണമായും ഓരോരുത്തർക്കും വിശ്രമ ദിനങ്ങളായിരിക്കട്ടെ'. തൊഴിലാളികൾ ഞായറാഴ്ചകളെ തൊഴിൽ ദിനമായി ആചരിക്കരുത്.  മാതാപിതാക്കളും കുഞ്ഞുങ്ങളും സഹോദരി സഹോദരങ്ങളും അന്നത്തെ ദിവസം ഒത്തൊരുമയോടെ ആഹ്ലാദം പങ്കു വെയ്ക്കണം.'

6. 'യുവജനങ്ങൾക്ക് അഭിരുചിയനുസരിച്ച് അന്തസോടെ ജീവിക്കാൻ ക്രിയാത്മകമായ തൊഴിലുകൾ സൃഷ്ടിക്കുകയും കണ്ടെത്തുകയും ചെയ്യണം. ഇന്നത്തെ യുവ ജനങ്ങളെ നാം അതിനായി പ്രാപ്തരാക്കേണ്ടതുണ്ട്.' അവസരങ്ങൾ നേടി കൊടുത്തില്ലെങ്കിൽ മയക്കു മരുന്നിലേക്ക് അവരുടെ മനസുകൾ പതറിയേക്കാം. ദുരിത പൂർണ്ണമായ ആത്മഹത്യാ പ്രവണതകളിലേക്കും അവരെ നയിച്ചേക്കാ'മെന്നും മാർപാപ്പാ പറഞ്ഞു. .   

7.'പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയുടെ സമതുലനാവസ്ഥ നില നിർത്തുകയും ചെയ്യൂ!  പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യരാശിയ്ക്ക് ഒരു വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. മാർപ്പാപ്പാ പറഞ്ഞു, 'നമ്മോടായി നാം ചോദിക്കാത്ത ഒരു ചോദ്യം ഉണ്ട്. കൊടും ഭീകരതയോടെ ഈ പ്രകൃതിയെ നശിപ്പിക്കുന്നതുമൂലം നാം സ്വയം ആത്മാഹൂതി നടത്തുകയാണ്. പ്രകൃതിയെ നശിപ്പിക്കൽ തികച്ചും വിവേചനപരവും വരും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരതയുമായിരിക്കും.' 

8. 'സ്വന്തം തെറ്റുകൾ മറച്ചു വെച്ചുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകൾ മാത്രം നാം കാണരുത്. അത്തരം ചിന്തകൾ ഇല്ലാതാക്കൂ.' മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുന്ന പ്രവണത നമ്മുടെ  അഭിമാനത്തിനുതന്നെ കോട്ടം തട്ടും. നമ്മിൽ തന്നെയുള്ള തെറ്റുകളെ തിരുത്തുന്നതിനു പകരം അന്യന്റെ തെറ്റുകളെ മാത്രം കണ്ടാൽ നാം തന്നെ സ്വയം ചെറുതാകുകയാണ്. നിഷേധാത്മകമായ ചിന്തകളിൽനിന്നും അകന്ന് ആരോഗ്യപരമായ ഒരു മനസിനെയും സ്വയം സൃഷ്ടിക്കണം.

9. 'അന്യമതത്തിൽ വിശ്വസിക്കുന്നവരെ മത പരിവർത്തനത്തിനായി പ്രേരിപ്പിക്കരുത്. മറ്റുള്ള  മതക്കാരെ പ്രോത്സാഹിപ്പിച്ച് അവരുടെ വിശ്വാസത്തെ മാനിക്കണം. അവരോടൊത്ത് സഹവസിച്ച്  പരസ്പരം ആശയവിനിമയം നടത്തണം. അങ്ങനെ മതമൈത്രി വളർത്തി നമുക്കൊത്തൊരുമിച്ചു  വളരാം. സമുദായങ്ങൾ തമ്മിൽ മതപരിവർത്തനം എന്നും എതിർപ്പുകൾ ഉണ്ടാക്കും. ശതൃതയും ഉണ്ടാക്കും. അത് നമ്മെ, നമ്മുടെ ആന്തരിക വളർച്ചയെ തളർത്തും. സഭ വളരേണ്ടത് സഭയുടെ വിശ്വാസ സത്യങ്ങളിൽ അടിയുറച്ചുകൊണ്ടാണ്. നമ്മിലുള്ള നന്മയുടെ സത്ത മറ്റുള്ള മതങ്ങളെയും ആകർഷിക്കണം. അല്ലാതെ മത പരിവർത്തനത്തിൽക്കൂടിയല്ല വിശ്വാസം കാത്തു സൂക്ഷിക്കേണ്ടതെന്നും' മാർപ്പാപ്പ പറഞ്ഞു. 

10. ‘സമാധാനം കാംക്ഷിക്കൂ. അതിനായി യത്നിക്കൂ.’ യുദ്ധങ്ങളുടെ അഗ്നിജ്വാലകളിലാണ് ലോകമിന്ന് നിലകൊള്ളുന്നത്. കാർ മേഘങ്ങൾ നിറഞ്ഞ ഈ ലോകത്ത് പൊട്ടിത്തെറികൾ ഏതു നിമിഷവും ഉണ്ടാകാം. സമാധാനത്തിനായി നാം അലയണം. സമാധാനം എന്നത് നിശബ്ദരാകണമെന്നല്ല. കർമ്മോന്മുഖരായി മാറ്റങ്ങൾക്കനുസരിച്ച് കാലോചിതമായി പ്രവർത്തിച്ചു കൊണ്ടിരിക്കണം.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രാൻസീസ് അസ്സീസിയും മത പരിവർത്തനത്തിന് എതിരായിരുന്നു. അദ്ദേഹം അനുയായികളെ ഇക്കാര്യം കൂടെ കൂടെ ഓർമ്മിപ്പിക്കുമായിരുന്നു. കത്തോലിക്കാസഭ അനേക വർഷങ്ങൾ ഈ ആശയങ്ങളിൽ വിശ്വസിച്ചിരുന്നു. ക്രിസ്തുവിന്റെ തത്ത്വങ്ങൾ പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണമെന്ന് ഫ്രാൻസീസ് അസ്സീസി  പറയുമായിരുന്നു. സത്യവും സമാധാനവും കണ്ടെത്തുവാൻ മാർപ്പാപ്പായുടെ ഈ പ്രമാണങ്ങൾ ഇന്ന് സമകാലിക ലോകത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.രണ്ടായിരം വർഷങ്ങളായുള്ള മതപരിവർത്തന ശേഷമാണ് ഒരു മാർപ്പാപ്പയിൽനിന്നും ഇങ്ങനെയൊരു ഉണർവുണ്ടായത്. മാർപ്പാപ്പാ പറയുന്നതെല്ലാം സത്യത്തിന്റെ പ്രഭാഷണങ്ങളെങ്കിലും നല്ലതിനെ ഉപദേശിച്ചാലും യാഥാസ്ഥിതികതയും പാരമ്പര്യവും മുറുകെപ്പിടിച്ചിരിക്കുന്ന ഒരു സഭയ്ക്കുള്ളിൽ ഇത്തരം അഭിപ്രായങ്ങൾ വിലപ്പൊവുമെന്നു തോന്നുന്നില്ല. പരസ്പരം സ്നേഹിക്കാനുള്ള ക്രിസ്തുവിന്റെ വചനം മതങ്ങൾ തമ്മിലുള്ള സൌഹാർദത്തിനു വഴിത്തിരിവായിരിക്കുമെന്നും മാർപാപ്പ വിശ്വസിക്കുന്നു.

സാംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പ്രസംഗങ്ങളിലും മതനേതാക്കന്മാരുടെ പ്രഭാഷണങ്ങളിലും ആദർശം പ്രസംഗിക്കുകയും അതേ സമയം സ്വയം ജീവിതത്തിൽ വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു കാണാം. അതിൽ നിന്നും വ്യത്യസ്തമായി ഫ്രാൻസീസ് മാർപ്പാപ്പാ ആദർശങ്ങളെ മറ്റുള്ളവർക്കു മാതൃകയായി തന്റെ പ്രായോഗിക ജീവിതത്തിലും പ്രതിഫലിപ്പിച്ചു കാണിക്കുന്നു. മഹാത്മാ ഗാന്ധിജിയും ആദർശങ്ങളെ മുറുകെ പിടിക്കുകയും അതനുസരിച്ചു കർമ്മ നിരതനായി ജീവിക്കുകയും ചെയ്തതായി ചരിത്രം സാക്ഷിപ്പെടുത്തുന്നു. ഗാന്ധിജിയെപ്പോലെ തന്നെ സഭയ്ക്ക് കിട്ടിയിരിക്കുന്ന ഒരു മഹാനാണ്, ഫ്രാൻസീസ് മാർപാപ്പാ.  യാഥാസ്ഥിതികരടങ്ങിയ കർദ്ദിനാൾ കോളേജിൽ വ്യക്തിപരമായ അദ്ദേഹത്തിൻറെ അഭിപ്രായങ്ങള്ക്ക് വില കല്പ്പിക്കുകയില്ലെങ്കിലും അദ്ദേഹം പറഞ്ഞതെല്ലാം ഇന്ന് സഭയുടെ നൂതന വിപ്ലവങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ആഡംബരങ്ങൾ ത്യജിച്ച് പാഴ്ചിലവുകൾ ഇല്ലാതാക്കാൻ മാർപ്പാപ്പാ കൂടെകൂടെ ഉപദേശിക്കാറുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയെയും കുറ്റപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു, 'ലോകത്തിന്റെ സാമ്പത്തിക പുരോഗമനങ്ങൾ പാവങ്ങളെ വഴിയാധാരമാക്കുന്നതാണ്. ഉപഭോഗവസ്തുക്കൾ വാങ്ങികൂട്ടാൻ സമ്പന്നർക്കെ സാധിക്കുകയുള്ളൂ. മനുഷ്യൻ പാഴ്ചിലവുകളായി പണം  ചെലവാക്കിക്കൊണ്ടിരിക്കുന്നു. പണമില്ലാത്ത പാവങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും കഴിയുന്നില്ല.' മനുഷ്യനെ അളവില്ലാത്ത ഉപഭോഗ വസ്തുക്കൾ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്ന  വ്യവസ്ഥയ്ക്ക് മാറ്റം വരണമെന്നും മാർപ്പാപ്പാ പറയുന്നു. പണമാണ് നമ്മുടെ യജമാനൻ എന്ന് ചിലർ ചിന്തിക്കുന്നു. പണം നമ്മെ നയിക്കുന്നുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു.  പണത്തിന്റെ അടിമയാകുമ്പോൾ സ്നേഹം അവിടെ ഇല്ലാതാവുകയാണ്.

ഒരിക്കൽ മാർപ്പാപ്പാ വണ്ടിയിൽ സഞ്ചരിക്കുമ്പോൾ ബുദ്ധി വികസിക്കാത്ത മന്ദബുദ്ധിയായ പതിനേഴുവയസുള്ള ഒരു യുവാവിനെ വഴിയരികിൽ കണ്ടു. വാത്സല്യത്തോടെ അവനെ  മാർപ്പായ്ക്കൊപ്പം വണ്ടിയിൽ കയറ്റി. ആയിരങ്ങൾ ആ കാഴ്ച അന്ന് കണ്ടുകൊണ്ടിരുന്നു. ആ യുവാവിനെയും അവന്റെ പിതാവിനെയും മാർപ്പാപ്പാ ആലിംഗനം ചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന ജനങ്ങൾ വികാരാധീനരായി അന്ന് ആ കാഴ്ച നോക്കി നിന്നു. മറ്റൊരു അവസരത്തിൽ മാർപ്പാപ്പാ സ്റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേ ഒരു കുഞ്ഞ് അദ്ദേഹത്തെ ഓടിവന്ന് കെട്ടി പിടിച്ചു. കുഞ്ഞിനെ മാറ്റാൻ സുരക്ഷിതാ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. കുഞ്ഞ് അവിടെ നില്ക്കട്ടെയെന്ന് മറുപടി നല്കി. "അവരെ തടയരുതൊരു നാളും" എന്ന ക്രിസ്തു വചനമായിരുന്നു ശിശുഹൃദയമുള്ള അദ്ദേഹത്തിൽ അന്ന് ജനം കണ്ടത്.

മാർപാപ്പാ ഒരു ദിവസം പേപ്പൽ വാഹനത്തിൽ സഞ്ചരിക്കവേ വഴിയരുകിൽ ദേഹമാസകാലവും മുഖവും തലയും തടിച്ച കുരുവുമായുള്ള വികൃതനായ ഒരു മനുഷ്യനെ കണ്ടു. അയാളോട് മാർപാപ്പ   കാണിച്ച ദീനാനുകമ്പയും വാത്സല്യവും ജനഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നു. അയാളുടെ പേര് ‘വിൻഷിയൊ റിവാൾ’ എന്നായിരുന്നു. ജന്മനാ ഉണ്ടാകുന്ന ഒരു തരം ഭയമുണ്ടാക്കുന്ന രോഗമാണ് അയാളിലുണ്ടായിരുന്നത്. ദിവസവും വേദനകൾകൊണ്ട് വീർപ്പുമുട്ടുന്ന ആ രോഗിയുടെ സമീപം പോയി മാർപാപ്പാ അയാളെ ആലിംഗനം ചെയ്തു. "ജനം നിത്യം പരിഹസിക്കുമ്പോൾ പാപ്പാ എന്നെ കെട്ടിപിടിച്ചുവെന്ന്' അഭിമാനത്തോടെ ജനത്തെ നോക്കി ആ മനുഷ്യൻ അന്ന് പറഞ്ഞത് നിയന്ത്രിക്കാൻ പറ്റാത്ത അയാളുടെ കണ്ണീരോടെയായിരുന്നു.

ഒരു വിശുദ്ധ വാരത്തിൽ വത്തിക്കാനിൽ മാർപ്പാപ്പാ ദിവ്യബലി അർപ്പിക്കുന്നതിനു പകരം ജയിലറകളിൽ കഴിയുന്ന യുവജനങ്ങൾക്കായ ജയിലിലെ ചാപ്പലിൽ കുർബാന അർപ്പിച്ചു. അന്ന് പന്ത്രണ്ട് കുറ്റവാളികളുടെ കാലുകൾ കഴുകി അവരുടെ പാദങ്ങളിൽ ഉമ്മ വെച്ചു. മനുഷ്യത്വത്തിന്റെ പ്രതീകമായി അന്ത്യ അത്താഴത്തിനുശേഷം നാഥനായ ക്രിസ്തു ശിക്ഷ്യരുടെ കാലുകൾ കഴുകിയ പ്രതീതിപോലെ ആ കാഴ്ച ജനം അന്ന് നോക്കി നിന്നു. ദിവ്യമായ ആ ചടങ്ങിൽ സ്ത്രീകളുടെയും മുസ്ലിമുകളുടെയും കാലുകൾ കഴുകിയവഴി പരമ്പരാഗതമായ മാമൂലുകളെ മാർപ്പാപ്പാ അന്ന് മറി കടക്കുകയായിരുന്നു.

സ്വവർഗ രതിയിൽ ജീവിക്കുന്നവർ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവനിൽ നന്മ പ്രകടമെങ്കിൽ അവനെ വിധിക്കാൻ ഞാൻ ആരെന്ന് മാർപ്പാപ്പാ ബ്രസീലിലേക്കുള്ള യാത്രാമദ്ധ്യേ വാർത്താ ലേഖകരോടായി പറഞ്ഞു. സ്വവർഗ രതിക്കാരായ സ്ത്രീ പുരുഷന്മാരുടെ ആത്മീയതയിൽ കൈകടത്താൻ സഭയ്ക്ക് യാതൊരു അവകാശവും ഇല്ലെന്ന് പല തവണകൾ അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ അവരെ വിധിച്ച് പരിഹസിക്കരുതെന്നും മുന്നറിയിപ്പ് നല്കി. സ്വവർഗ രതികളായവരോട് സഹാനുഭൂതിയോടെ മനുഷ്യത്വത്തിന്റെ ശബ്ദം പുറപ്പെടുവിച്ച മാർപ്പാപ്പയെ 2013 ലെ ഏറ്റവും ജനസമ്മതമുള്ള വ്യക്തിയായി 'ടയിം'  മാഗസിനും' ' ഗേ റൈറ്റ്സ്' മാഗസിനും തിരഞ്ഞടുത്തിരുന്നു. അവരങ്ങനെ സ്വവർഗ രതികളായി ജനിച്ചത് അവരുടെ കുറ്റം കൊണ്ടല്ലന്നും  മാർപ്പാപ്പാ വിശ്വസിക്കുന്നു.

ബലാൽസംഗത്തിന് ഇരയായ ഒരു അർജന്റീന സ്ത്രീയേയും മാർപാപ്പാ നേരിട്ട് സമാധാനിപ്പിച്ചു. നാല്പ്പത്തിനാല് വയസുള്ള ഒരു സ്ത്രീയെ ഒരു പോലീസുകാരൻ ബലമായി പീഡിപ്പിച്ചതിൽ അവർ ദുഖിതയായിരുന്നു. ആയിരക്കണക്കിന് എഴുത്തുകൾക്കുള്ളിൽ ആ സ്ത്രീയുടെ ഒരു എഴുത്ത് മാർപ്പാപ്പാ  കണ്ടു. ഫ്രാൻസീസ് മാർപ്പാപ്പയിൽനിന്ന് നേരിട്ട് അതിന്റെ പ്രതികരണമായി ഒരു ടെലഫോൺ വിളി വന്നപ്പോൾ അന്ന് ആ സ്ത്രീയിൽ അമിതമായ സന്തോഷവും സമാധാനവും അനുഭവപ്പെട്ടു. 'നിങ്ങൾ ഒറ്റയ്ക്കല്ല സമാധാനമായിരിക്കൂവെന്ന്' മാർപാപ്പാ അന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും  സ്ത്രീയിൽ ആശ്വാസം ഉണ്ടായി.

ബ്രസീലിലെ സന്ദർശന വേളയിൽ ആമസോൺ വനാന്തരങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കാൻ മാർപാപ്പാ അവിടുത്തെ ജനങ്ങളോടും ഭരണ നേതൃത്വത്തോടും പറഞ്ഞു. അവിടെയുള്ള റെഡ്ഇന്ത്യൻ ആദിവാസികളുമായി അദ്ദേഹം അന്നു സമയം ചെലവഴിച്ചു. അവർ വസിക്കുന്ന ഭൂമിയെ സ്വാർത്ഥമതികളായവർ കവർന്നെടുക്കുന്നതിലും ദുഃഖം രേഖപ്പെടുത്തി. ആമസോൺ വനങ്ങളെ  പൂങ്കാവനങ്ങൾ പോലെ പരിപാലിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അവിടുത്തെ വനപ്രദേശങ്ങളെയും ദേശീയരായ റെഡ്ഇന്ത്യൻ ജനതയെയും അവരുടെ സംസ്ക്കാരങ്ങളെയും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. 

പലപ്പോഴും രാത്രികാലങ്ങളിൽ ആരുമറിയാതെ മാർപാപ്പ വേഷംമാറി ഭവനരഹിതർക്ക് ഭക്ഷണം വിതരണം ചെയ്യാൻ പോവാറുണ്ട്. ഒരു സാധാരണ പുരോഹിതനെപ്പോലെ ആർച്ച് ബിഷപ്പ് കോൺറാഡ് ക്രാജെവ്സ്കിയുമായി പാവങ്ങൾക്ക് ഭക്ഷണം എന്നും വിതരണം ചെയ്യുന്നത്, അടുത്തനാളിലാണ് പുറം ലോകം അറിഞ്ഞത്. സ്വന്തമായി ഒരു മോട്ടോർ സൈക്കിൾ അദ്ദേഹത്തിനുണ്ടായിരുന്നത് ലേലം വിളിച്ച് ഭവനരഹിതരായവർക്ക് ദാനം ചെയ്യുകയുണ്ടായി. ആ പണം പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായും ഉപകരിച്ചു. 2013 ഡിസംബർ പതിനേഴാം തിയതി അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ വന്നെത്തിയത് ക്ഷണിക്കപ്പെട്ട ദരിദ്രരരായ ഭവനരഹിതരായിരുന്നു. ലളിതമായ ഒരു ജന്മദിന ചടങ്ങായിരുന്നു അന്ന് വത്തിക്കാനിൽ ആഘോഷിച്ചത്. പണം പാഴായി ചിലവാക്കാതെ നന്മ ചെയ്യൂവെന്ന് അദ്ദേഹം അന്ന് ജന്മ ദിനത്തിൽ പങ്കെടുത്തവരോടായി പറഞ്ഞു. പുതിയതായി ഒരു മാർപ്പായെ തെരഞ്ഞെടുക്കുന്ന സമയം വത്തിക്കാനിലെ ഉദ്യോഗസ്ഥർക്ക് ബോണസ് നല്കുന്നത് ഒരു കീഴ്വഴക്കമായിരുന്നു. അത്തരം പാരമ്പര്യനിയമം മറികടന്ന് മാർപ്പായായി അദ്ദേഹത്തെ തിരഞ്ഞെടുത്തയുടനെ ബോണസ് പണം ദരിദ്രർക്കായി അദ്ദേഹം നേരിട്ട് ദാനം ചെയ്തു. വത്തിക്കാൻ ബ്യൂറോക്രസിയും അവിടുത്തെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ അസന്തുഷ്ടരായിരുന്നു.

യുദ്ധത്തെ മാർപ്പാപ്പാ എന്നും വെറുത്തിരുന്നു. സിറിയായിലും ഇറാക്കിലും മദ്ധ്യ പൂർവ്വ ദേശങ്ങളിലും നടക്കുന്ന യുദ്ധങ്ങളെ ശക്തിയായ ഭാഷയിൽ അപലപിച്ചു. കെമിക്കൽ ആയുധങ്ങൾ നിരായുധരുടെമേൽ പതിച്ചപ്പോൾ ഹൃദയം കലങ്ങിയ ഭാഷയിലാണ് മാർപ്പാപ്പാ സംസാരിച്ചത്. അദ്ദേഹം പറഞ്ഞു, "യുദ്ധം പാടില്ല, അക്രമത്തിൽക്കൂടി സമാധാനം ഒരിക്കലും നേടില്ല. യുദ്ധം യുദ്ധത്തെ നയിക്കും. അക്രമം അക്രമത്തിലേക്ക് നീങ്ങും."ഒരിക്കൽ ഇസ്ലാമികളുടെ പുണ്യ റമദാൻ ദിനത്തിൽ മാർപ്പാപ്പാ സംബന്ധിക്കവേ അദ്ദേഹം പറഞ്ഞു, 'ക്രിസ്ത്യാനികളും മുസ്ലിമുകളും ഒരേ ദൈവത്തെയാണ് വന്ദിക്കുന്നത്. പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും ഈ രണ്ടു മതങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. മഹത്തായ ഈ രണ്ടു മതങ്ങളും ലോകസമാധാനത്തിനായി സാഹോദര്യ ബന്ധം നിലനിർത്തണം.' ക്രിസ്ത്യാനികളും മുസ്ലിമുകളും സ്നേഹത്തിന്റെ കൊടിക്കീഴിൽ ഒന്നായി പ്രവർത്തിക്കുന്ന കാലം അദ്ദേഹം സ്വപ്നം കാണുന്നു.

 ലോകത്തിന് മാർപ്പാപ്പാ നല്കിയ ഉപദേശങ്ങൾ പ്രായോഗിക ജീവിതത്തിൽ ഫലവത്താക്കാൻ  പ്രയാസമുള്ളതല്ല. കുടുംബങ്ങൾ തമ്മിൽ പരസ്പരധാരണയോടെ വിശ്വാസം ആർജിച്ച് സ്നേഹത്തിൽ കഴിയാനും അദ്ദേഹത്തിൻറെ ഉപദ്ദേശങ്ങൾ സഹായകമാകും. കുഞ്ഞു മനസുകൾ ടെലിവിഷനിൽ അടിമപ്പെടുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നുണ്ട്. സ്നേഹത്തിന്റെ വിരുന്നിൽ ഭക്ഷണം കഴിക്കുന്ന സമയമെങ്കിലും ടെലിവിഷൻ പരിപാടികൾ കുഞ്ഞുങ്ങളെ കാണാൻ സമ്മതിക്കരുതെന്നും മാതാപിതാക്കളെ ഒർമ്മിപ്പിക്കുന്നുണ്ട്. വാർത്തകൾ അറിവുകൾ പകരുന്നുവെങ്കിലും ഊണുമേശയുടെ മുമ്പിൽ മാതാപിതാക്കളും മക്കളും സ്നേഹിതരുമൊന്നിച്ച് സ്നേഹ സംഭാഷണങ്ങൾക്ക് സമയം കണ്ടെത്തണം. അവിടെയാണ് ഈശ്വരന്റെ കൃപയിലുള്ള ഒരു കുടുംബം പടുത്തുയർത്തേണ്ടതെന്നും മാർപാപ്പാ കരുതുന്നു. ഒരു കുടുംബത്തിനുള്ളിൽ മാതാപിതാക്കളും മക്കളും തമ്മിൽ ഒത്തൊരുമിച്ചുള്ള സ്നേഹ സംഭാഷണങ്ങൾക്ക് ടെലിവിഷനുകൾ തടസമാകാറുണ്ട്. മതങ്ങൾ തമ്മിലുള്ള മൈത്രി കൈവരിക്കുന്നതിനെപ്പറ്റിയും മാർപ്പാപ്പായുടെ പ്രമാണങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. മതചിന്താഗതികളിൽ താണുപോയ മനസ്സുകളെ മറ്റുള്ളവരിൽ അടിച്ചേല്പ്പിക്കാതിരിക്കാനും മൗലികചിന്തകൾ ഇല്ലായ്മ ചെയ്യാനും മാർപാപ്പ പുറപ്പെടുവിച്ച നിർദ്ദേശക പത്രികയിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മതങ്ങൾ തമ്മിൽ വിദ്വേഷത്തിന് അടിമപ്പെടാതെ പരസ്പര ധാരണയോടെ  ജീവിക്കാൻ ശ്രമിക്കും. ജീവിക്കുകയും ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുകയെന്നതാണ് മനുഷ്യകുലത്തിന്റെ കാതലായ തത്ത്വമെന്ന് മാർപ്പാപ്പാ വിശ്വസിക്കുന്നു.










No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...