യേശുവിന്റെ അമ്മയായ
മേരിയ്ക്ക് വിശുദ്ധ ഖുറാൻ വളരെയധികം പവിത്രത കല്പ്പിച്ചിട്ടുണ്ട്. അറബിയിൽ
ആ പരിശുദ്ധയെ 'മിരിയാം' എന്നു വിളിക്കും. അവൾ
യേശുവിന്റെ അമ്മയെന്നുപരി സമസ്തലോകത്തിനായുള്ള നന്മയുടെയും സത്യത്തിന്റെയും
നീതിയുടെയും ഉറവിടം കൂടിയായിരുന്നു. സ്ത്രീകളിൽ
അനുഗ്രഹിക്കപ്പെട്ടവളായ അവൾ സകലജാതി സ്ത്രീകൾക്കും മാതൃകയായിരുന്നു. ഉത്തമയും ധർമ്മബോധമുള്ളവളുമായി മേരി വളർന്നു. മേരിയെ വാഴ്ത്തിക്കൊണ്ടുള്ള
വിശുദ്ധ വചനങ്ങൾ ഖുറാനിലെ പത്തൊൻപതാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. മേരിയുടെ പുത്രനായ യേശു ജനിക്കുന്നതിനു മുമ്പ് അനേക പ്രവാചകർ ലോകത്തുനിന്നും കടന്നുപോയിരുന്നു. യേശുവിന്റെ അമ്മ സത്യത്തിന്റെ
നിറകുടവും സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവളുമായിരുന്നു.അമ്മയും മകനുമൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. ദൈവം അവർക്ക് നിത്യവും പ്രവാചക
ദൌത്യത്തിന്റെ അടയാളങ്ങൾ നല്കിയിരുന്നു. മേരിയെ
ബൈബിളിൽ ഉള്ളതിനേക്കാൾ കൂടുതലായി ഖുറാനിൽ വിശേഷിപ്പിച്ചിട്ടുണ്ട്. സൂറായിൽ
യേശുവിന്റെ അമ്മയായ മേരിയെ അങ്ങേയറ്റം പൂജ്യതയായി ചിത്രീകരിച്ചിരിക്കുന്നതും
കാണാം.
ഒരിക്കൽ അവളുടെ വീട്ടിൽനിന്നും അങ്ങകലെ കിഴക്ക് ഏകയായി ധ്യാനിച്ചിരുന്ന സമയത്ത് ദൈവദൂതൻ
അവൾക്കുമാത്രം പ്രത്യക്ഷപ്പെട്ടു. വെട്ടിത്തിളങ്ങുന്ന ദൈവികപ്രഭയുള്ള മാലാഖയുടെ
രൂപം കണ്ട് മേരിയുടെ കണ്ണഞ്ചിപ്പോയിരുന്നു. ഒരു പുരുക്ഷനായി അവതാരം പൂണ്ട
പ്രകാശധാരയോടെ ദൈവദൂതൻ അവൾക്കു മുമ്പിൽ നിന്നു. അവളെ നമസ്ക്കരിച്ച്
'മേരി നിനക്ക് സ്വസ്തിയെന്നു പറഞ്ഞു. ദൂതന്റെ
രൂപം കണ്ടു മേരി പറഞ്ഞു, "ദൈവകൃപ നല്കുന്നവനായവനെ ഞാൻ അങ്ങിൽ അഭയം തേടട്ടയോ! മാലാഖ പറഞ്ഞു, നീ ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ അരുത്, എന്റെയടുത്ത് വരരുത്.
ഞാൻ വെറും സന്ദേശവാഹകനായി വന്ന ദൈവദൂതൻ മാത്രം. ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നിന്റെ ഉദരത്തിൽ ജനിക്കാനിരിക്കുന്ന നിനക്കു ലഭിക്കുന്ന സമ്മാനമായ പരിശുദ്ധ പുത്രനെപ്പറ്റി വിളംബരം ചെയ്യാൻ ഞാൻ വന്നതാണ്. അവൾ പറഞ്ഞു, "പ്രഭോ എനിക്കെങ്ങനെ പുത്രനുണ്ടാകും.
നാളിതുവരെ ഒരു പുരുഷനും എന്നെ സ്പർശിച്ചിട്ടില്ലല്ലോ. പരിശുദ്ധയായി
ഞാൻ എന്റെ കന്യകാത്വം നിത്യം കാത്തു സൂക്ഷിക്കുന്നവളാണ്. മാലാഖ പറഞ്ഞൂ, 'അങ്ങനെയായിരിക്കട്ടെയെന്ന് ദൈവം പറയുന്നു', "ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലല്ലോ.നിന്നെ സർവ്വശക്തനായ ദൈവം തെരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. നിർമ്മലവും
പരിശുദ്ധയുമായി നീ എന്നും അറിയപ്പെടും. സർവ്വജാതി സ്ത്രീ ജനങ്ങളിലും നിന്റെ നാമം അവരെക്കാളും ഉപരിയും പരിപാവനവുമായിരിക്കും. ദൈവമായ സൃഷ്ടികർത്താവിനെ നീ പൂജിക്കൂ. നിന്റെ പ്രാർത്ഥനയിൽ അവനിൽ സാഷ്ടാംഗം വീണ് വന്ദിക്കൂ. (3, 42-43) മനസാ വാചാ കർമ്മണാ ശുദ്ധിയുള്ള
നിർമ്മലമായ നിന്റെ മനസിനെ എന്നും കാത്തു സൂക്ഷിച്ച്
സൃഷ്ടാവായ ദൈവത്തെ മാത്രം മനസ്സിൽ ധ്യാനിക്കുക. നിന്റെ കന്യാകത്വത്തെ ഒരു പോറലുപോലുമേൽക്കാതെ കാത്തുസൂക്ഷിച്ചവനായ ദൈവത്തെ എന്നും സ്തുതിക്കുക. പരിശുദ്ധമായ ആത്മാവ്
നിന്നിൽ നിറഞ്ഞിരിക്കുന്നു. മനുഷ്യജാതിക്കാകമാനം ജാതനാകുന്ന പുത്രൻ അടയാളമായിരിക്കുമെന്നും എഴുതപ്പെട്ടിട്ടുണ്ട്. നിനക്ക് ജനിക്കാൻ
പോകുന്ന പുത്രൻ മനുഷ്യരുടെ അടയാളമായി, കരുണയുടെ വഴികാട്ടിയായി
അധർമ്മത്തിനെതിരായ പ്രവാചകനായി ദൈവം അയക്കുന്നവനാണ്". ഖുറാനിൽ പത്തൊമ്പതാം
അധ്യായത്തിൽ പതിനാറു മുതൽ ഇരുപത്തിയൊന്നു വരെയുള്ള
വാക്യങ്ങളിൽ ഈ സത്യം വിവരിച്ചിട്ടുണ്ട്.
സമൂഹത്തിൽ മറ്റുള്ളവർക്ക് മാതൃകയായി
മേരിയും കുടുംബവും ജീവിച്ചു. ഇമ്രാന്റെ മകളായ മേരി അവളുടെ പരിശുദ്ധിയും ചാരിത്രവും എന്നും കാത്തു സൂക്ഷിച്ചിരുന്നു. ദൈവത്തിന്റെ ശക്തിപ്രവാഹത്തിൽ
പരിശുദ്ധാത്മാവ് അവളിൽ ആവഹിച്ചിരുന്നു. ജനിക്കാനിരിക്കുന്ന
സത്യത്തിന്റെ പ്രകാശം അവൾക്ക് വെളിപാടുകളിൽക്കൂടി
നിത്യവും ലഭിക്കുന്നുണ്ടായിരുന്നു.
ഒരുവൻ അല്ലെങ്കിൽ
ഒരുവൾ ജനിക്കുമ്പോൾതന്നെ പ്രകൃതിയുടെ വികൃതിമൂലം കുറവുകളും പാപവും ഇസ്ലാമും കല്പ്പിക്കുന്നുണ്ട്.
ജനിക്കുന്ന കുഞ്ഞിനെ ശാത്താൻ സ്പർശിക്കുന്നതുകൊണ്ടാണ്
കുഞ്ഞ് കരയുന്നതെന്ന് ഇസ്ലാം വിശ്വസിക്കുന്നു. മേരിയും യേശുവും ജനിച്ചപ്പോൾ പ്രകൃതിപോലും അവരെ അനുഗ്രഹിച്ചിരുന്നു.
അവർ ജനിച്ചപ്പോൾ ശാത്താന്റെ കരങ്ങൾ സ്പർശിച്ചില്ലായിരുന്നു. ജനിച്ചസമയം മേരി കരഞ്ഞില്ല. പാപരഹിതനായ യേശുവും
ജനിച്ചപ്പോൾ കരഞ്ഞില്ലായിരുന്നു. അവിടെയാണ് ഇസ്ലാമിക വിശുദ്ധഗ്രന്ഥങ്ങൾ മേരിയുടെ മഹത്വം പ്രകീർത്തിക്കുന്നത്. ആദാമിന്റെ
ജന്മപാപം ജനിക്കുന്ന കുഞ്ഞുങ്ങളിൽ തുടരുമെന്ന് ഇസ്ലാം വിശ്വസിക്കുന്നില്ല. അത് ക്രൈസ്തവ വിശ്വാസം
മാത്രം. ഇസ്ലാമിക ഗ്രന്ഥമായ ഹാഡിത്തിൽ പറഞ്ഞിട്ടുണ്ട്,
"ജനിക്കുന്ന ഓരോ കുഞ്ഞിനെയും ജനിച്ച നിമിഷത്തിൽ
തന്നെ പിശാച് സ്പർശിക്കും. ജനിക്കുന്ന കുഞ്ഞ്
കരയുന്ന കാരണവും അതാണ്. മേരിയും മേരിയുടെ പുത്രനായ യേശുവും കുഞ്ഞായി ജനിച്ചപ്പോൾ കരഞ്ഞില്ല. ദൈവം മേരിയേയും മേരിയുടെ മകനായ യേശുവിനെയും പരിശൂദ്ധമായി
ജനിപ്പിച്ചതുകൊണ്ട് പിശാച് അവരെ സ്പർശിച്ചില്ലായിരുന്നു.
ഇസ്ലാമിക പാരമ്പര്യങ്ങളിലും വിശുദ്ധഗ്രന്ഥങ്ങളിലും മേരിയുടെ ജീവിതം വിസ്മയകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദൈവിക പരിപാലന അവളോടൊപ്പം എന്നുമുണ്ടായിരുന്നു. കുഞ്ഞുനാൾ തൊട്ട് മേരി വളരുന്ന കാലങ്ങളിലെല്ലാം മാലഖാമാർ അവളെ പരിപാലിക്കുകയും ദൈവത്തിന്റെ സന്ദേശം അവൾക്ക് കൂടെകൂടെ ലഭിക്കുകയും ചെയ്തിരുന്നു.
ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവിന്റെ വളർത്തുപിതാവ് ജോസഫിനെപ്പറ്റി ഖുറാനിലോ ഇസ്ലാമിന്റെ മറ്റേതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങളിലോ സൂചിപ്പിച്ചിട്ടില്ല. യേശു ജനിച്ച കാലിത്തൊഴുത്തോ ഹെറോദോസിന്റെ കല്പ്പനപ്രകാരം ബത് ലഹേമിലെക്കുള്ള ജോസഫിന്റെയും മേരിയുടെയും യാത്രയോ ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടില്ല. ഇസ്ലാമിക വിശ്വാസപ്രകാരം മേരി ജനങ്ങളിൽനിന്നും അകന്ന് എന്നും ധ്യാനനിരതയായിരുന്നുവെന്ന് പറയുന്നുണ്ട്. വിദൂരതയിലുള്ള ബത് ലേഹേമിൽ നീണ്ടയൊരു യാത്രയ്ക്കുശേഷം ഒരു ഈത്തപ്പനയുടെ തണലിൽ ഉണ്ണിയായ യേശുവിന് ജന്മം കൊടുത്തുവെന്നും പറയുന്നുണ്ട്. ഖുറാൻ പറയുന്നു, ആദ്യത്തെ മനുഷ്യനായ ആദം പുരുഷനോ സ്ത്രീയോയില്ലാതെ ജനിച്ചു. സ്വാഭാവിക അമ്മയോ അപ്പനോ ആദാമിന് ഉണ്ടായിരുന്നില്ല. അതുപോലെ യേശുവിന്റെ അത്ഭുതകരമായ ജനനത്തിലും പുരുഷനും സ്ത്രീയും പങ്കാളിയല്ല. ദൈവം അങ്ങനെയായിരിക്കട്ടെയെന്ന് കല്പ്പിച്ചു. യേശു ജനിച്ചു. ഇസ്ലാമിൽ യേശു ദൈവപുത്രനായിട്ടല്ല ജനിച്ചത്. ആദാമിനെപ്പോലെ അത്ഭുതകരമായി യേശുവും ഉണ്ടായി. മണ്ണിൽനിന്നും ആദമിനെ സൃഷ്ടിച്ചു, 'നീ' ആയിരിക്കട്ടെഎന്ന് ദൈവം അരുളി ചെയ്തു. അവൻ ആദമായി ജനിച്ചു. (3::9)
ഇസ്ലാമിൽ മേരിയെ ഇമ്രാന്റെ
മകളായും യേശുവിന്റെ അമ്മയായും അറിയുന്നു. സക്കറിയായുടെ വളർത്തുമകളായിരുന്നതുകൊണ്ട്
അവൾ വളർന്നത് ദേവാലയത്തിലെ കർമ്മാദികളിൽ സേവനം
ചെയ്തുകൊണ്ടായിരുന്നു. ദൈവം ആദാമിനേയും നോവായെയും
അബ്രാഹാമിന്റെയും ഇമ്രാന്റെയും കുടുംബങ്ങളെയും
തെരഞ്ഞെടുത്തവരായി ഖുറാനിൽ പറയുന്നുണ്ട്. (ഖുറാൻ 3:31) ഇമറാന്റെ കുടുംബം അബ്രഹാമിന്റെ
വംശാവലിയായിരുന്നു. അബ്രാഹാമിന്റെ കുടുംബം നോഹായുടെയും നോഹായുടെത് ആദമിന്റെയും വംശാവലിയായിരുന്നു.
ഇമ്രാന്റെ കുടുംബത്തിൽ അനേകം പേർ ക്രിസ്ത്യൻ പാരമ്പര്യം ഉള്ളവരായിരുന്നു. സക്കറിയാ
പ്രവാചകനും സ്നാപക യോഹന്നാനും യേശുവിന്റെ അമ്മ മേരിയും ഇമ്രാന്റെ വംശപരമ്പരയിൽപ്പെട്ടവരായിരുന്നു.
"ഇമ്രാന്റെ മകൾ മേരി സ്ത്രീകളിൽ ഉത്തമയാണെന്ന് പ്രവാചകൻ മൊഹമ്മദ് പറഞ്ഞിരുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നു" ആലി അബു താലിബ് (Ali ibn Abu Talib) രേഖപ്പെടുത്തിയിട്ടുണ്ട്. (Saheeh Al-Bukhari) മരിയം എന്ന വാക്കിൽ അറബിയിൽ അർത്ഥം ദൈവത്തിന്റെ ദാസിയെന്നാണ്. മേരി ജനിക്കുന്നതിനു മുമ്പുതന്നെ അവളുടെ അമ്മ അവളെ ദൈവത്തിന് സമർപ്പിച്ചിരുന്നു. ബൈബിളിൽ മേരിയുടെ ജനനത്തെപ്പറ്റി വ്യക്തമായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ ഖുറാനിൽ ഉണ്ട്. ഇമ്രാന്റെ ഭാര്യ ഹന്നാ ജനിക്കാനിരിക്കുന്ന കൊച്ചിനെ ദൈവസേവനത്തിനായി അർപ്പിച്ചിട്ടുണ്ടായിരുന്നു. ഇമ്രാന്റെ ഭാര്യയും മേരിയുടെ അമ്മയുമായ ഹന്നാ, സക്കറിയാപ്രവാചകന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. ഹന്നായും അവരുടെ ഭർത്താവ് ഇമ്രാനും വിചാരിച്ചിരുന്നത് അവർക്കൊരിക്കലും കുട്ടികൾ ജനിക്കില്ലെന്നായിരുന്നു. ഒരിക്കൽ ഹന്നാ ദൈവത്തോട് ഒരു കുഞ്ഞിനായി യാജിച്ചു. ജെറുസലേമിലെ ദേവാലയത്തിൽ തന്റെ കുഞ്ഞ് സേവനം ചെയ്തുകൊള്ളാമെന്നും ഹന്നാ ദൈവത്തിന് വാക്കു കൊടുത്തു. ദൈവം അവരുടെ വാക്കുകൾ കേട്ടു. ഹന്നാ ഗർഭിണിയായി. ഈ മംഗളവാർത്ത കേട്ടയുടൻ ഹന്നാ ദൈവത്തെ സാഷ്ടാംഗം നമസ്ക്കരിച്ചുകൊണ്ട് പറഞ്ഞു, "എന്റെ പ്രിയപ്പെട്ടവനായ ദൈവമേ, ഞാൻ അവിടുത്തെ നമസ്ക്കരിക്കുന്നു. ഞാൻ പ്രതിജ്ഞ ചെയ്തതുപോലെ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞ് നിനക്കായി സേവനം ചെയ്യും. എന്നിൽനിന്ന് എന്റെ വാഗ്ദാനങ്ങൾ അങ്ങ് സ്വീകരിച്ചാലും. സർവ്വശക്തനായ ദൈവമേ അങ്ങ് ഞങ്ങളെ ശ്രവിക്കുന്നു, സർവ്വതും അറിയുന്നവനും അങ്ങു മാത്രം." (ഖുറാൻ 3:35).
മേരിയെ സമയമായപ്പോൾ പരിപാലിക്കാൻ അനേകം പേർ തയ്യാറായി വന്നിരുന്നു. കാരണം അവൾ ദൈവത്തിന്റെ പ്രിയദാസിയും നന്മനിറഞ്ഞവളുമായിരുന്നു. സക്കറിയാ പ്രവാചകന്റെ സംരക്ഷണയിൽ ഇമ്രാന്റെ മകളായ മേരി ജീവിക്കണമെന്നായിരുന്നു ദൈവം നിശ്ച്ചയിച്ചിരുന്നത്. മേരി ജനിക്കുന്നതിനു മുമ്പുതന്നെ പിതാവ് ഇമ്രാൻ മരിച്ചുപോയിരുന്നു. ഹന്നായുടെ സഹോദരി ഭർത്താവായ സക്കറിയായുടെ സംരക്ഷണയിൽ മേരി വളർന്നു. സക്കറിയാ ഹന്നായെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ജനിക്കാൻ പോവുന്ന കുഞ്ഞ് പെണ്ണായിരിക്കുമെന്നത് ദൈവനിശ്ചയമായിരുന്നുവെന്നും സക്കറിയാ ഹന്നായെ ഓർമ്മപ്പെടുത്തിയിരുന്നു. "ദൈവം ഇമ്രാന്റെ മകൾ മേരിയെ സ്വീകരിച്ചു. അവൾക്ക് നന്മയുടെ വഴികൾ മാത്രം കാണിച്ചുകൊടുത്തു. സക്കറിയായുടെ സംരക്ഷണം അവൾക്ക് നല്കി" (ഖുറാൻ 3:37) ദൈവത്തിന്റെ ആലയത്തിൽ ദേവാലയശുശ്രുഷകളും പ്രാർത്ഥനയുമായി അവൾ സമയം ചെലവഴിച്ചു.
പ്രവാചകനായ സക്കറിയായും ദേവാലയത്തിൽ സേവനം ചെയ്തിരുന്നു. അക്കാലത്തെ അറിവും വിവേകവുമുള്ള അദ്ദേഹം സ്വജനങ്ങളുടെ ഇടയിൽ വളരെയേറെ പ്രസിദ്ധിയും മതിപ്പും സമ്പാദിച്ചിരുന്നു. ദൈവവചനങ്ങളെ നിത്യവും ദേവാലയത്തിൽ വരുന്നവരെ പഠിപ്പിച്ചിരുന്നു. മേരിയ്ക്ക് ദൈവത്തിൽ അർപ്പിച്ച് പ്രാർത്ഥനയുമായി കഴിഞ്ഞുകൂടാൻ പാർപ്പിടവും പണി ചെയ്തു കൊടുത്തിരുന്നു. രക്ഷാകർത്താവെന്ന നിലയിൽ മേരിയെ സക്കറിയാ ദിനംപ്രതി സന്ദർശിച്ച് ദൈവികഗീതങ്ങൾ ഉപദേശിച്ചു കൊടുക്കുമായിരുന്നു. ഒരിയ്ക്കൽ അവളുടെ മുറിയിൽ പഴവർഗതോട്ടത്തിൽനിന്ന് പറിച്ചുകൊണ്ടുവന്ന മധുരമുള്ള പഴങ്ങൾ കണ്ടതിൽ സക്കറിയായ്ക്ക് ആശ്ചര്യമുണ്ടായി. തണുപ്പുകാലങ്ങളിൽ ശിശിരകാലത്തിലെ പഴവർഗങ്ങളും ശിശിരകാലങ്ങളിൽ തണുപ്പുകാലങ്ങളിലെ പഴവർഗങ്ങളും അവളുടെ മുറിയിൽ കാണപ്പെടുക സാധാരണമായിരുന്നുവെന്നും പറയുന്നു. "എങ്ങനെയാണ് മോളെ ഈ പഴവർഗങ്ങൾ നിനക്ക് ലഭിച്ചതെന്ന് സക്കറിയാ ചോദിച്ചപ്പോൾ കരുണ നിറഞ്ഞവനായ ദൈവം എന്നെ പാലിച്ചുകൊണ്ട് തരുന്ന കായ്കനികളാണിതെന്നും മേരി ഉത്തരം നല്കി. (ഖുറാൻ 3:37) ദൈവത്തോടുള്ള മേരിയുടെ അമിതഭക്തി അവർണ്ണനീയമായിരുന്നു. അവളുടെ വിശ്വാസത്തിന് വെല്ലുവിളിയെന്നോണം പലപ്പോഴും പരീക്ഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
മേരിയേയും യേശുവിനെയും
ഇസ്ലാംജനത അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യാനികളുടെ ത്രികാലതത്ത്വങ്ങളെ ഇസ്ലാം എതിർക്കുന്നു, യേശു ദൈവമാണെന്നുള്ള ക്രിസ്ത്യൻ ദൈവികശാസ്ത്രത്തെയും
ഇസ്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. യേശുവിനെയും മേരിയേയും ദൈവത്തെപ്പോലെ ആരാധിക്കാൻ ഇസ്ലാംമതം അനുവദിക്കില്ല. ഖുറാൻ പറയുന്നു, ദൈവം ഉണ്ട്, അത് ഏകദൈവമാണ്.അവൻ സകല സൃഷ്ടികളുടെയും
സൃഷ്ടാവാണ്.നാഥനായ ഏകദൈവത്തെ വന്ദിക്കൂ. (ഖുറാൻ 6:102) പ്രവാചകരെ സ്നേഹിക്കണമെന്നുള്ളതും
ഇസ്ലാമിക ധർമ്മമാണ്. യേശുവിനും മേരിയ്ക്കും ഇസ്ലാമിക ധർമ്മത്തിൽ ശ്രേഷ്ഠമായ സ്ഥാനങ്ങളാണ്
കല്പ്പിച്ചിട്ടുള്ളത്.
ബൈബിളിലും ഖുറാനിലും
മേരിയെപ്പറ്റിയുള്ള പരാമർശങ്ങളിൽ സാമ്യതകൾ ഉണ്ടെങ്കിലും മേരി ജോസഫിനെ വിവാഹം കഴിച്ചുവെന്നുള്ള ക്രിസ്തീയവിശ്വാസം ഇസ്ലാം പരിപൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട്
നടക്കുന്ന മേരി പ്രസവകാലസമയം അടുക്കുംതോറും ചുറ്റുമുള്ള ജനങ്ങളെയും അവരുടെ കിംവദന്തികളെയും ഭയപ്പെട്ടിരുന്നു. മറ്റൊരു പുരുഷൻ
അവളെ സ്പർശിച്ചിട്ടില്ലെന്ന് എങ്ങനെ വ്യക്തമാക്കുമെന്നും അവൾക്കറിയില്ലായിരുന്നു. യേശു ജനിക്കാൻ സമയമായപ്പോൾ ജെറുസ്ലേമിൽനിന്ന്
ബെതലഹേമിലേക്ക് മേരി യാത്ര ചെയ്തു. ദൈവത്തിന്റെ വചനങ്ങൾ മേരിയിൽ ഉരുവിടുന്നുവെങ്കിലും
ഉറച്ച വിശ്വാസം അവളെ നയിച്ചിരുന്നുവെങ്കിലും യുവതിയായ മേരി അസ്വസ്തയായിരുന്നു. ഗബ്രിയേൽ
ദൈവദൂതൻ മേരിയ്ക്ക് ആശ്വാസവും പ്രതീക്ഷകളും നല്കിക്കൊണ്ടിരുന്നു. ഗബ്രിയേൽ പറഞ്ഞു "വാഴ്ത്തപ്പെട്ടവളായ മേരി ദൈവം നിനക്ക്
വചനത്താൽ ഒരു പുത്രനെ തരുന്നു. മേരിയുടെ പുത്രൻ
പ്രവാചകനായ യേശുവെന്നറിയപ്പെടും. അവൻ ലോകം മുഴുവൻ ബഹുമാനിതനായിരിക്കും. ദൈവത്തിന്റെ
സാമിപ്യം അവനെന്നും ഉണ്ടാകും." (ഖുറാൻ 3:45)
ഒരു പനമരത്തിൻറെ ചുവട്ടിൽ വിശ്രമമെടുക്കവേ പ്രസവത്തിനായുള്ള കഠിനമായ വേദന മേരിയിൽ അനുഭവപ്പെട്ടു. "ഞാൻ ഇവിടെ മരിച്ചു വീഴുമോ, എന്നെ നയിക്കുന്നവൻ എനിക്ക് പ്രതീക്ഷ നൽകുന്നവൻ എന്തേ എന്നെ മറന്നുപോയോ" മേരി ദുഃഖംകൊണ്ടും വേദനകൊണ്ടും നിലവിളിച്ചുകൊണ്ടിരുന്നു. അവൾ ഒരു കുഞ്ഞിനെ പനമരത്തിന്റെ ചുവട്ടിൽ പ്രസവിച്ചു. കുഞ്ഞ് ജനിച്ചയുടൻ അവൾ വളരെയേറെ ക്ഷീണിതയായിരുന്നു. ഭയവും ദുഖവും ഒരുപോലെ അവളിൽ വേട്ടയാടിക്കൊണ്ടിരുന്നു. പെട്ടെന്ന് അവൾക്കു മുമ്പിൽ ദൈവികശബ്ദം കേട്ടു. "മേരി നീ ദുഖിതയാവണ്ടാ, ദൈവം നിന്നിൽ പ്രസാധിച്ച് അവിടുന്ന് നല്കിയ ശുദ്ധജലം നിറഞ്ഞ ഒരു നീരുറവ നിനക്കായി പൊട്ടിയൊഴുകുന്നത് നോക്കൂ. നിനക്കു കുടിക്കാൻ, ദാഹം അകറ്റാൻ ദൈവം തന്നതാണ്. പനമരത്തിന്റെ ശിഖരങ്ങൾ കുലുക്കൂ, ഭക്ഷിക്കാൻ രുചിയുള്ള പഴം മരത്തിൽനിന്ന് വീഴും. സന്തോഷത്തോടെ ദാഹജലവും കുടിച്ച് മരത്തിലെ പഴങ്ങളും തിന്ന് നിന്റെ ദൈവമായ കർത്താവിനെ വാഴ്ത്തൂ. പ്രസവത്തോടെ ക്ഷീണിതയായ മേരി മരം കുലുക്കാൻ ഭയപ്പെട്ടു. ദൈവം അവൾക്ക് വെള്ളവും ഭക്ഷണവും കൊടുത്തുകൊണ്ടിരുന്നു.
ദൈവിക തേജസ് ഉൾക്കൊള്ളുന്ന
മേരിക്ക് പനമരം കുലുക്കേണ്ടി വന്നില്ല. അവളെ
സംബന്ധിച്ച് അത് അസാധ്യമായിരുന്നു. പന കുലുക്കാൻ
ശ്രമം നടത്തിയാൽ മതിയായിരുന്നു. ദൈവത്തിന്റെ വചനം അനുസരിച്ച് അവൾ പനമരം കുലുക്കാൻ
ശ്രമിക്കുമ്പോഴെല്ലാം ഭക്ഷിക്കാൻ രുചിയുള്ള 'പനമ്പഴം' അത്ഭുതകരമായി വീണുകൊണ്ടിരുന്നു. "നീ പാനിയം കുടിച്ച്
പഴവും തിന്ന് സന്തോഷവതിയാകൂ" വെന്ന് ദൈവം അവളെ സ്വാന്തനിപ്പിച്ചു. ജനിച്ച കുഞ്ഞിനെക്കൊണ്ട്
അവള്ക്കിനി സ്വന്തം ഭവനത്തിൽ പോവേണ്ടതായി ഉണ്ട്. കുടുംബത്തിലുള്ളവരെയും സ്വന്തപ്പെട്ടവരെയും
അഭിമുഖീകരിക്കണം. തീർച്ചയായും അവൾ ജനത്തെ ഭയപ്പെട്ടിരുന്നു.
ദൈവം അവളുടെ പരിഭവവും ഹിതവും അറിഞ്ഞിരുന്നു. ജനം ചോദ്യങ്ങൾ ചോദിച്ചാൽ ഒന്നും
സംസാരിക്കാതെ നിശബ്ദയായിരിക്കണമെന്നും അവളോട്
ദൈവം നിർദ്ദേശിച്ചു. ഒരു കുഞ്ഞിന്റെ അമ്മയായത് എങ്ങനെയെന്ന് മേരിക്ക് വിവരിക്കാൻ സാധിക്കുമായിരുന്നില്ല.
അവൾ അവിവാഹിതയായിരുന്ന കന്യകയായിരുന്നതുകൊണ്ട് ചുറ്റുമുള്ള ജനം വിശ്വസിക്കുകയുമില്ലായിരുന്നു.
ദൈവം കന്യകയായ മേരിയോട് പറഞ്ഞു, "പരിശുദ്ധയായ മേരി ആരെയെങ്കിലും നീ കാണുന്നുവെങ്കിൽ ദൈവത്തോടുള്ള പ്രതിജ്ഞയനുസരിച്ച് നീ നോമ്പിലാണ്,
സംസാരിക്കാൻ പാടില്ലായെന്ന് പറയൂ."
കുഞ്ഞിനേയും എടുത്തുകൊണ്ട് മേരി അവളുടെ ജനത്തിന്റെ സമീപം ചെന്നു. ജനം അവളെ കുറ്റപ്പെടുത്താൻ തുടങ്ങി. “നീ പാരമ്പര്യമായ പേരും പെരുമയുമുള്ള നല്ലയൊരു കുടുംബത്തിൽ ജനിച്ചിട്ടും നിന്റെ മാതാപിതാക്കൾ ഉത്തമരായിരുന്നിട്ടും നിനക്ക് എങ്ങനെ ഇത് സംഭവിച്ചൂവെന്ന്”കണ്ടുനിന്ന ജനം മാറിമാറി ചോദിച്ചു.
ദൈവം അവളോട് പ്രതികരിക്കാതെ നിശബ്ദയായിരിക്കാൻ കല്പ്പിച്ചിട്ടുള്ളതുകൊണ്ട് അവളതെല്ലാം കേട്ട് ജനത്തിനെ നോക്കി മൌനം പാലിച്ചു. അവൾ വഹിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മാത്രം ചൂണ്ടികാണിച്ചു. മേരിയുടെ പുത്രനായ നവജാതൻ 'യേശു' ഉടൻ സംസാരിക്കാൻ തുടങ്ങി. അത് ദൈവത്തിന്റെ പ്രവാചകൻ എന്ന നിലയിൽ ആദ്യത്തെ അത്ഭുതമായിരുന്നു. ദൈവത്തിന്റെ അനുവാദത്തോടെ യേശു പറഞ്ഞു, "പ്രിയപ്പെട്ടവരേ ഞാൻ ദൈവത്തിന്റെ അടിമയാകുന്നു. അവൻ എനിക്ക് വചനങ്ങൾ തന്നിട്ടുണ്ട്. അവിടുത്തെ ഹിതമനുസരിച്ച് ഞാൻ നിങ്ങളുടെ പ്രവാചകനാണ്. അവൻ എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു. എന്റെ അമ്മയോട് കർത്തവ്യപ്പെട്ട് ജീവിക്കാൻ ഞാൻ കടപ്പെട്ടവനാണ്. ഞാൻ വന്നത് ലോകത്ത് സമാധാനം കൈവരിക്കാനാണ്.എന്റെ മരണത്തിലും വീണ്ടും വരവിലും നിങ്ങൾക്ക് സമാധാനം ഉളവാകും.”
ഖുറാനിൽ മേരിയെ 'സിദ്ധാ' യെന്ന അർത്ഥത്തിൽ സത്യവതിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സത്യം മാത്രം പ്രവർത്തന മണ്ഡലങ്ങളിൽ സ്വീകരിച്ചിട്ടുള്ള നീതീമാന്മാരിൽ നീതിമാന്മാർക്കേ ഇത്തരം സ്ഥാനങ്ങൾ കല്പ്പിക്കാറുള്ളൂ. അതിന്റെയർത്ഥം സ്വയം സത്യവതിയായി മറ്റുള്ളവരോടും ദൈവത്തോടും ഒരുപോലെ നീതി പുലർത്തണമെന്നുള്ളതാണ്. ദൈവഹിതം പൂർത്തിയാക്കുന്നതിനായി മേരി ഈ ലോകത്ത് ജനിച്ചു. ദൈവത്തിന് പരിപൂർണ്ണമായി കീഴ്പ്പെട്ട് അവൾ ജീവിച്ചു. അവൾ പരിശുദ്ധയും, നന്മനിറഞ്ഞവളും ദൈവത്തിൽ സദാ ഭക്തയും കന്യകയും സ്ത്രീകളിൽ തെരഞ്ഞെടുക്കപ്പെട്ടവളുമായിരുന്നു. ഇമ്രറാന്റെ മകളായ മേരി യേശുവിന്റെ അമ്മയെന്ന നിലയിൽ സ്ത്രീകളിൽ ഭാഗ്യവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണ്.
Malayalam Daily News:http://www.malayalamdailynews.com/?p=107303
EMalayalee.com http://www.emalayalee.com/varthaFull.php?newsId=83291
No comments:
Post a Comment