By ജോസഫ് പടന്നമാക്കൽ
'ബച്പൻ ബചാവോ ആന്തോളൻ (ബി.ബി.എ)' എന്ന സംഘടനയുടെ സ്ഥാപകനായ കൈലാഷ് സത്യാർത്ഥി നോബൽസമ്മാന വിജയത്തിലൂടെ ആഗോള വാർത്തകളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി താലീബനെതിരെ ശബ്ദം ഉയർത്തുന്ന 'മലാല'യെന്ന വിശ്വപ്രസിദ്ധി നേടിയ കൗമാരക്കാരത്തിയുമൊത്ത് ഈ നോബൽ സമ്മാനം അദ്ദേഹം പങ്കിടുന്നു. പ്രായ പൂർത്തിയാകാത്ത കുട്ടികളെ തൊഴിലുടമകൾ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിച്ച് ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികൾക്കെതിരെയാണ് ശ്രീ കൈലാഷ് സത്യാർത്ഥി പൊരുതുന്നത്. അദ്ദേഹത്തിൻറെ സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയാണ്. കൂടാതെ ബംഗ്ലാ ദേശിലും നേപ്പാളിലും പാകിസ്ഥാനിലും ശ്രീ ലങ്കയിലും ഇതിനായി കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അടിമ വേലകളിൽനിന്നും പതിനായിരക്കണക്കിനു കുട്ടികളുടെ ബന്ധിതമായ ജീവിതമാണ് അദ്ദേഹം മോചിപ്പിച്ചത്. അനേക അവാർഡുകളും കൈലാഷിനെ തേടി വന്നിട്ടുണ്ട്. 1995-ലെ മനുഷ്യാവകാശ സംരക്ഷനത്തിനായുള്ള റോബർട്ട് കെന്നഡി അവാർഡ്, 1999 -ലെ ഫ്രെഡ്രിക് എബെർട്ട് സ്റ്റിഫ്റ്റുങ്ങ് മനുഷ്യാവകാശ അവാർഡ്, 2009-ലെ ഗ്ലോബൽ ആക് ഷൻ ഡിഫണ്ടർ ഓഫ് ഡെമോക്രസി അവാർഡ്, എന്നിങ്ങനെ അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്.
ഭാരതത്തെ സംബന്ധിച്ചടത്തോളം കുട്ടികളെ ബാല വേലയ്ക്കായി സ്വന്തം സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിൽ കടത്തിയും ദുരുപയോഗിക്കുന്നത് ഒരു പ്രശ്നമായി തീർന്നിരിക്കുകയാണ്. ഓരോ വർഷവും മില്ല്യൻ കണക്കിനു കുട്ടികളെയാണ് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കടത്തുന്നത്. കണക്കിൻ പ്രകാരം ഏകദേശം അമ്പതു മില്ല്യൻ കുട്ടികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ബാല വേല ചെയ്യുന്നുണ്ട്. അവരിൽ പത്തു മില്ല്യൻ കുട്ടികളും മുതലാളിമാർ ബന്ധിതരാക്കിയ ജോലിക്കാരാണ്. അവർക്ക് ഈ അടിമത്വത്തിൽ നിന്നും രക്ഷപ്പെടാനും എളുപ്പമല്ല. അവരിൽ അനേകർ ജനിക്കുമ്പോൾ തന്നെ അടിമ വേലകൾക്കായി ബന്ധിതരാകുന്നു. തൊഴിൽ ഉടമയും മാതാപിതാക്കളും തമ്മിൽ അതിനായി ഉടമ്പടിയും ഉണ്ടായിരിക്കും. അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾ തൊഴിൽ ഉടമയാൽ ബന്ധിതരായിരിക്കും. ബന്ധിതരായ കുട്ടികൾ കൂടുതലും അന്യ സംസ്ഥാനക്കാരാണ്. അവരുടെ എണ്ണം ഏകദേശം അഞ്ചു മില്ല്യൻ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭരണ കൂടങ്ങളുടെ ഒത്താശകളോടെ ഫാക് റ്ററികളും ചെറുകിട, വൻകിട ബിസിനസ് സ്ഥാപനങ്ങളും കൃഷിഭൂമിയുടമകളും ദരിദ്രരായ കുട്ടികളെ നിർബന്ധപൂർവ്വം പിടിച്ചുകൊണ്ടുപോയി ജോലി ചെയ്യിപ്പിക്കുന്ന ഒരു വ്യവസ്ഥയാണ് ഭാരതം മുഴുവനുള്ളത്.
കൈലാഷ് സത്യാർത്ഥി 1954- ജനുവരി പതിനൊന്നാംതിയതി മദ്ധ്യപ്രദേശിലെ വിഭിഷാ ജില്ലയിൽ ജനിച്ചു. കുഞ്ഞായിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിൻറെ കളികൂട്ടുകാരായവർ നിർദ്ധനരായ പിള്ളേരായിരുന്നു. അവർക്ക് കുടുംബത്തിലെ കടുത്ത ദാരിദ്ര്യം കാരണം പഠിക്കാൻ സാധിക്കാതെ ഉപജീവനത്തിനായി മാതാപിതാക്കൾക്കൊപ്പം ജോലി ചെയ്യണമായിരുന്നു. അക്കാലത്ത് അദ്ദേഹം ഒരു ഫുട്ട് ബാൾ ക്ലബ് സംഘടിപ്പിക്കുകയും പഠിക്കാനാവശ്യമുള്ള പിള്ളേർക്ക് ക്ലബിലെ അംഗ വരിസംഖ്യകൊണ്ട് സ്കൂൾ ഫീസ് നൽകുകയും ചെയ്തിരുന്നു. അദ്ദേഹവും ഒരു കൂട്ടുകാരനുംകൂടി ഒറ്റ ദിവസംകൊണ്ട് രണ്ടായിരം സ്കൂൾ ബുക്കുകൾ ശേഖരിച്ച ചരിത്രവുമുണ്ട്. പിന്നീട് 'ബുക്ക് ബാങ്കെന്ന' ഒരു പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു.
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിരുദാനന്തര ബിരുദവും നേടി. കുറെ വർഷം ലക്ചററായി നിയമിതനായി. 1980-ൽ അദ്ധ്യാപക ജോലി രാജി വെച്ച് ബാലവേലകൾക്കിരയായ കുട്ടികൾക്കുവേണ്ടി സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും പ്രവർത്തിക്കാൻ തുടങ്ങി. ജീവിതം തന്നെ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന കോടാനുകോടി ഇന്ത്യയിലെ അടിമ കുഞ്ഞുങ്ങൾക്കായി നീക്കി വെച്ചു.
ശ്രീ കൈലാഷ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. 'ഈ നോബൽ പുരസ്ക്കാരം തനിക്കു ചുറ്റുമുള്ള ലോകത്തിലെ ശൈശവത്വം നഷ്ടപ്പെട്ടവർക്കും നിസഹായരായവർക്കും , സ്വാതന്ത്ര്യത്തിന്റെ രുചിയെന്തെന്നറിയാത്തവർക്കും വിദ്യ ലഭിക്കാതെ ജനിച്ചു ജീവിക്കുന്ന മില്ല്യൻ കണക്കിനു കുട്ടികൾക്കും അർപ്പിക്കുന്നുവെന്നു' കൈലാഷ് പറഞ്ഞു. 'ഈ പുരസ്ക്കാരത്തെ താനൊരു വെല്ലുവിളിയായി കരുതുന്നുവെന്നും ബാലവേലയ്ക്കെതിരായ വിപ്ലവത്തിന് ഇത് പ്രയോജനമുണ്ടാവുമെന്നും കുഞ്ഞുങ്ങളുടെ അടിമത്വം ആഗോള തലത്തിലും പ്രത്യേകിച്ചു എന്റെ രാജ്യത്തിലും ഇല്ലാതാകുമെന്നും' അദ്ദേഹം ശുഭാബ്ധിവിശ്വാസം പ്രകടിപ്പിച്ചു. 'ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടിൽ ജനിച്ച ഈ മണ്ണിന്റെ അഭിമാനിയായ ഭാരതീയനാണ് താനെന്നും' വികാരാധീനനായി അദ്ദേഹം പറഞ്ഞു. ഈ മഹാത്മാക്കളിൽ ശ്രീ കൈലാഷ് എന്നും ആവേശഭരിതനായിരുന്നു. ബാല വേലയെന്നുള്ളത് മനുഷ്യത്വത്തിന്റെ പേരിലുള്ള ഒരു ഹീന കൃത്യമാണ്. മനുഷ്യത്വം മുഴുവനായി ഇവിടെ മൂടപ്പെട്ടിരിക്കുന്നു.
"തനിക്കിനി ശേഷിച്ച ജീവിതത്തിലും അനേകം നേടാനുണ്ട്, എന്നാൽ തന്റെ ജീവിതത്തിൽ ബാലവേലയില്ലാത്ത സുപ്രഭാതങ്ങളെ താൻ കാണുന്നുവെന്നും അത് ഇന്ന് തന്റെ സ്വപ്നമാണെന്നും" കൈലാഷ് പറഞ്ഞത് ഇന്നുള്ള കുഞ്ഞുങ്ങൾക്കും ജനിക്കാനുള്ള കുഞ്ഞുങ്ങൾക്കും വേണ്ടിയായിരുന്നു.
ഇന്ത്യയിലെ 'ബ്രൂഷാ' മുതലാളിമാരുടെ നിലനില്പ്പിനെ ബാധിക്കുന്ന ഈ സാമൂഹിക വിപ്ലവം സ്വന്തം ജീവിതത്തിനു തന്നെ ഭീഷണിയായിരുന്നു. ഫാക്ടറികളിൽ ആയുധങ്ങൾ ധരിച്ച സെക്ക്യൂരിറ്റികളുടെ കണ്ണുകൾ വെട്ടിച്ച് കുഞ്ഞുങ്ങൾക്ക് അവിടെനിന്നും രക്ഷപ്പെടുവാനും സാധിക്കുമായിരുന്നില്ല. ചിലപ്പോൾ കുഞ്ഞുങ്ങളും അവരുടെ മാതാ പിതാക്കളും കുടുംബം മുഴുവനും രക്ഷപ്പെടാൻ സാധിക്കാതെ തൊഴിലുടമകളുടെ ബന്ധനത്തിലായിരിക്കും. അത്തരം അനേകായിരം കുട്ടികളെ സ്വതന്ത്രരാക്കി അവരെ പുനരധിവസിപ്പിച്ചശേഷം ശ്രീ കൈലാഷ് സത്യാർത്ഥി കുട്ടികളുടെ ബാലവേലയ്ക്കെതിരെ അന്തർദേശീയ നവോദ്ധാന പദ്ധതി നടപ്പിലാക്കി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് 140 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്നും ഫാക്റ്ററികളിൽ പാഞ്ഞു നടന്ന് ദിനം പ്രതി കുഞ്ഞുങ്ങളെ ബാല ജോലികളിൽ നിന്ന് വിമോചിപ്പിച്ച് അവരെ അഭ്യസ്ത വിദ്യരാക്കുവാനുള്ള തൊഴിലുകളും പരിശീലിപ്പിക്കുന്നുണ്ട്. കുട്ടികളെ ചൂഷണ വർഗത്തിൽനിന്നും സ്വതന്ത്രരാക്കുമെന്ന പ്രതിജ്ഞയുമായി അദ്ദേഹമിന്നും ദുർഘടവും കാഠിന്യവുമായ തന്റെ ചുമതലകളുടെ പാതയിൽക്കൂടിതന്നെ പിന്തിരിയാതെ സഞ്ചരിക്കുന്നു. ഈ സാമൂഹിക വിപ്ലവകാരിയുടെ സ്വപനം ഭാരതം മുഴുവനും ബാലവേലകൾ ഇല്ലാതാക്കി വിജയം കാണുംവരെ പൊരുതുമെന്നാണ്. 1989-ൽ സ്ഥാപിച്ച അദ്ദേഹത്തിൻറെ സംഘടന ഏകദേശം 40000 ബന്ധിതരായ കുട്ടികളെ ബാല വേലകളിൽ നിന്നും മോചിപ്പിച്ചിട്ടുണ്ട്. അടിമകളായിരുന്ന ഈ കുട്ടികൾ അനേകരും ജോലി ചെയ്തിരുന്നത് ചണം കൊണ്ട് ചാക്കുകൾ പോലുള്ള ഉൽപ്പന്നങ്ങളുണ്ടാക്കുന്ന ഫാക്റ്ററികളിലും തുണിമില്ലുകളിലുമായിരുന്നു. സ്വതന്ത്രരാക്കുന്ന കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കുമായിരുന്നു. അടിമ വേലകളിൽ നിന്നും മോചിതനായ ശേഷം ജീവിക്കാൻ നിവൃത്തിയില്ലാത്ത ചുറ്റുപാടിലേക്ക് കുട്ടികളെ തള്ളി വിടുന്നത് നീതിയല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ 'ബച്പൻ ബചാവോ ആന്തോളൻ' എന്ന സംഘടന സ്വതന്ത്രരാക്കുന്ന കുട്ടികളെ രാജസ്ഥാനിലുള്ള ബാലയാശ്രമം താമസ സൗകര്യം കൊടുത്ത് വിദക്ത തൊഴിലുകൾ പരിശീലിപ്പിക്കുന്നുണ്ട്. പാറ മടയിൽ നിന്നും സ്വതന്ത്രയാക്കിയ ഒരു പെണ്‍ക്കുട്ടിയുടെ കദനമേറിയ കഥ 'കൈലാഷ് സത്യാർത്ഥി' വിവരിക്കാറുണ്ട്. കുഞ്ഞായ ആ സുന്ദരിയുടെ താങ്ങാൻ പാടില്ലാത്ത ദുഖങ്ങളും വികാരങ്ങളും തണുത്ത ശേഷം മുഖത്തു പുഞ്ചിരി തൂകിയപ്പോൾ കൈലാഷിനു എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. ആവേശഭരിതനായി . അദ്ദേഹം പറയുന്നു, ' അവളൊരു തുറന്ന പുസ്തകംപോലെയായിരുന്നു. അവളുടെ വികാരതരളിതമായ കരളലിയിക്കുന്ന ശോകകഥകൾ കേൾവിക്കാരെ കരയിപ്പിക്കുമായിരുന്നു. പാരതന്ത്ര്യത്തിൽ നിന്നും സ്വതന്ത്രയായെന്ന തോന്നലോടെ അവളുടെ മുഖം തെളിഞ്ഞപ്പോൾ അവൾക്കന്നുണ്ടായിരുന്നത് മറ്റുള്ളവരെയും തന്നോടൊപ്പം സ്വതന്ത്രരാക്കണമെന്ന ചിന്തയായിരുന്നു . ആശ്രമത്തിൽ നൂറു പേർക്കു പരിശീലനം നടത്താനുള്ള സൌകര്യമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം 'ബാല മിത്ര ഗ്രാമം' എന്ന പേരിൽ ഇന്ത്യൻ ഗ്രാമങ്ങളെ ബാലവേല നിരോധിച്ചുകൊണ്ടുള്ള ഒരു പദ്ധതി നടപ്പാക്കി. ആ പദ്ധതിയനുസരിച്ച് ഗ്രാമത്തിലെ ഒരു കുട്ടിയെപോലും ബാല വേല ചെയ്യിപ്പിക്കില്ലെന്നും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചുകൊള്ളാമെന്നും ഗ്രാമവാസികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുമായിരുന്നു.
ഗ്രാമങ്ങൾ തോറും മനുഷ്യരിൽ പരിവർത്തനം നടത്തി തന്റെ പ്രവർത്തനങ്ങളുമായി ഇങ്ങനെ മുമ്പോട്ടുപോയാൽ താനുദേശിച്ച ലക്ഷ്യപ്രാപ്തിയിലെത്താൻ പതിറ്റാണ്ടുകളെടുക്കുമെന്നും കൈലാഷിനു ബോദ്ധ്യമായി. അത്രയും കാലങ്ങൾ കാത്തിരിക്കാനുള്ള ക്ഷമയും സഹനശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് ബാലവേലയെന്ന ഉല്പ്പന്നം വിറ്റഴിക്കുന്ന മാർക്കറ്റിനെ തന്നെ സ്വാധീനിക്കാനും ശ്രമിച്ചു. സൌത്ത് ഏഷ്യായിലെ അനേക കമ്പനികളുടെ 'റഗുകൾ' (പരവതാനി) ഉൽപ്പാദിപ്പിച്ചിരുന്നത് അടിമ ജോലി ചെയ്യുന്ന കുട്ടികളുടെ കരങ്ങൾ കൊണ്ടായിരുന്നു. ബാലന്മാരുടെ വേലകൾ ചൂഷണം ചെയ്താണ് തങ്ങളുപയോഗിക്കുന്ന വില കൂടിയ റഗുകളെന്ന വസ്തുത ഉപഭോക്താക്കളും മനസിലാക്കണമെന്ന് കൈലാഷ് തീരുമാനിച്ചു. അത്തരം 'റഗുകൾ' (പരവതാനി) വാങ്ങിക്കുന്നവരുടെ മനസ്സിൽ വെറുപ്പുണ്ടാക്കണമെന്നും ആഗ്രഹിച്ചു. ഫാക്റ്ററികളെക്കൊണ്ട് "ബാലന്മാർ നിർമ്മിച്ച റഗല്ലെന്ന ലേബൽ" റഗിന്റെ വില്പ്പനയോടൊപ്പം ഒട്ടിപ്പിക്കാനും തുടങ്ങി. അതുപോലെ ബാലവേലകൾ നിറുത്തലാക്കിയ ഫാക്റ്ററികളിലെ സോക്കർ ബാളിലും ലേബൽ പതിപ്പിച്ചു. കൈലാഷ് പറയുന്നു, "ബാല വേല നിറുത്തൽ ഇന്നില്ലെങ്കിൽ പിന്നെ എന്ന്? നിങ്ങൾ അത് ചെയ്തില്ലെങ്കിൽ പിന്നെ ആരു ചെയ്യും? മൌലികമായ ഈ സാമൂഹിക തിന്മയ്ക്ക് ഉത്തരം കാണാൻ സാധിച്ചാൽ മനുഷ്യന്റെ ഈ അടിമവ്യവസായം എന്നത്തേയ്ക്കുമായി ഇല്ലാതാക്കാൻ സാധിക്കും."
1998-ൽ ബാലവേലയ്ക്കെതിരെ അദ്ദേഹം സംഘടിപ്പിച്ച ലോക പദയാത്ര ചരിത്രം സൃഷ്ടിക്കുന്നതായിരുന്നു. ശ്രീ കൈലാഷ് ആ പ്രകടന യാത്രയ്ക്ക് നേതൃത്വം നല്കി. ഏകദേശം അറുപതു രാജ്യങ്ങളിലോളം ബാലവേലയ്ക്കെതിരെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഏഷ്യയിൽ നിന്നും ആഫ്രിക്കയില്നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും മോചിതരായ കുട്ടികളുൾപ്പടെ ആയിരത്തോളം ജനങ്ങൾ അന്ന് ജനീവായിൽ ആഗോള തൊഴിലാളികളുടെ യോഗത്തിൽ സമ്മേളിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് ചൂഷിതരായ കുട്ടികളുടെ സുരക്ഷിതത്തിനായ ഒരു ഉടമ്പടി ആഗോളതൊഴിലാളി സംഘടന അംഗീകരിക്കുകയും ചെയ്തു.
ഇന്നും ബാല വേലകൾ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുണ്ട്. ദൽഹി, കൽക്കട്ടാ, മുബൈ , ഹൈദരാബാദ് അഹമ്മദബാദ് എന്നീ പ്രധാന പട്ടണങ്ങളിലേക്കാണ് കുട്ടികളെ കൂടുതലും കടത്താറുള്ളത്. അവിടെ എത്തുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും ബാല വേലകളിലും ഭിക്ഷ യാജിക്കുന്നതിലും, ലൈംഗിക തൊഴിലുകളിലും, പല തരം അടിമ പണിയിലും അകപ്പെട്ടു പോവുന്നു. ബാല വേലകൾക്കുള്ള കുട്ടികളുടെ കച്ചവടങ്ങളായ പ്രദേശങ്ങളിൽ ബീഹാർ മുമ്പിൽ നില്ക്കുന്നു. മദ്ധ്യപ്രദേശവും ഒറീസയും വെസ്റ്റ് ബംഗാളും അധോലോക കച്ചവടക്കാരുടെ ബാല വേലയ്ക്കായുള്ള പ്രഭവ കേന്ദ്രങ്ങളുമാണ്. കച്ചവട വസ്തുക്കളായ ഈ കുട്ടികൾ കൂടുതലായും ജോലി ചെയ്യുന്നത് തുണി വ്യവസായ ശാലകളിലായിരിക്കും.
കുട്ടികളെ കടത്തൽ സംബന്ധിച്ച് ഭാരതത്തിന് പ്രത്യേകമായ ഒരു നിയമം ഇല്ല. എന്നാൽ ലൈംഗികഭോഗത്തിനെതിരെ നിയമങ്ങളുണ്ട്. സാമൂഹിക ഉച്ഛനീചത്വങ്ങൾ മറച്ചു വെക്കാൻ ഇത്തരം കുറ്റകൃത്യങ്ങൾ ഭരിക്കുന്നവർ പുറത്തു വിടുകയുമില്ല. സംസ്ഥാന സർക്കാരുകളിൽ കുട്ടികളുടെ കച്ചവടകാര്യം ഉന്നയിച്ചാൽ അഭിമാനത്തിന്റെയും സാമൂഹിക വിലക്കുകളുടെയും മറവിൽ സത്യത്തെ മറച്ചു വെയ്ക്കുകയും ചെയ്യും. സർക്കാർ അപ്പോഴെല്ലാം സാമൂഹിക വിരുദ്ധർക്കൊപ്പം ചേർന്ന് നിക്ഷേധിക്കുകയും ചെയ്യും. ആരെങ്കിലും കുട്ടികളെ കടത്തുന്നത് തടഞ്ഞാലോ കുട്ടികളെ രക്ഷിക്കുകയോ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുകയോ ചെയ്താൽ ഗത്യന്തരമില്ലാതെ സർക്കാരുകൾ ബാലവേലകളെപ്പറ്റി സമ്മതിക്കുകയും ചെയ്യും. മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ നിഷേധാത്മക മറുപടിയും പ്രശ്നപരിഹാരത്തിന് തടസമാണ്. കുറ്റാരോപിതരായവരുടെ പേരിൽ നിയമനടപടികൾ സർക്കാരിന്റെ സഹകരണമില്ലാതെ നടപ്പാക്കാനും എളുപ്പമല്ല. കാരണം ഈ ബിസിനസ്സിൽ ഉൾപ്പെട്ടിരിക്കുന്നവർ മാഫിയാപോലുള്ള നേതാക്കൻമാരുമായി സ്വാധീനമുള്ളവരാണ്. മന്ത്രിക്കസേരകൾവരെ ഇവർക്കു തെറിപ്പിക്കാൻ സാധിക്കും. ഇത്തരം സാമൂഹിക വിപത്തിനെ നേരിടാൻ സർവ്വ രാഷ്ട്രീയപാർട്ടികളുടെ ജനാധിപത്യകൂട്ടുകെട്ടും ആവശ്യമാണ്.
ലോകമെമ്പാടും പഠനം നടത്തിയാലും ഇന്ന് ഏറ്റവുമധികം കുട്ടികളെ പീഡിപ്പിക്കുന്ന രാജ്യം ഇന്ത്യയെന്നു കാണാം. ഒരു ഭാരതീയനെന്ന നിലയിൽ ഈ അവാർഡിൽ ആർക്കെങ്കിലും അഭിമാനിക്കാമെന്നും തോന്നുന്നില്ല. ഒരു പക്ഷെ ഈ നോബൽ സമ്മാനം ഒരാളിന്റെ വ്യക്തിപരമായ വിജയമായിരിക്കാം. ഈ രാജ്യത്ത് എത്രയെത്ര കുഞ്ഞുങ്ങളെ കാണാതാവുന്നൂ. മുലയൂട്ടിയ മാതാക്കളുടെ കണ്ണീരിനു കണക്കുണ്ടോ.? മനുഷ്യത്വമില്ലാത്ത ഈ ലോകം ലൈംഗിക ജോലി ചെയ്യിപ്പിക്കുന്നു, കുഞ്ഞുങ്ങൾ തെരുവുതെണ്ടികളായി റെയിൽവേ ട്രാക്കിലും വഴിയോരങ്ങളിലുമലയുന്നു. കടത്തിണ്ണകളിലന്തിയുറങ്ങുന്നു. നിർദോഷികളെ മോഷ്ടാക്കളായി ജയിലറകളിലും അടയ്ക്കും. മല മൂത്ര വിസർജനത്തിനുപോലും സൌകര്യമില്ലാതെ റെയിൽവേ ട്രാക്കുകകളിൽ കുത്തിയിരിക്കണം.
"ഈ സമ്മാനം തനിക്കൊരു അപമാനമാണെന്നും ഇത്രയും കാലം ഭാരതത്തെ നയിച്ച മാറി മാറി വന്ന ഭരണകൂടങ്ങൾക്കെതിരെയുള്ള കനത്തയൊരു പ്രഹരമാണ് ഈ നോബൽ സമ്മാനമെന്നും" കൈലാഷ് തറപ്പിച്ചു പറഞ്ഞു.
കൈലാഷിനു ലഭിച്ച നോബൽ സമ്മാനം ഭരിക്കുന്ന സർക്കാരിനും വരാനിരിക്കുന്ന ഭരണകൂടങ്ങൾക്കും സഹായമാകുമെന്നും വിശ്വസിക്കാം. മഹാത്മാ ഗാന്ധിജിക്ക് രണ്ടു പ്രാവിശ്യം നോബൽ സമ്മാനം അന്നത്തെ കമ്മിറ്റി നിഷേധിച്ചതിൽ അവരിന്നു ഖേദിക്കുന്നു. ഇന്ത്യയുടെ ആത്മാവിനെ തേടുക അവരുടെ ലക്ഷ്യമായിരുന്നില്ല. പാകിസ്താൻ പ്രസിഡണ്ട് നവാസ് ക്ഷെരീഫും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നോബൽ സമ്മാനദാനത്തിൽ സംബന്ധിക്കണമെന്ന് നോബൽ ജേതാവായ പാക്കിസ്ഥാന്റെ സ്കൂൾകുട്ടി' മലാലാ' ആവശ്യപ്പെടുകയുണ്ടായി. കർത്തവ്യബോധത്തിൽ നിന്നും ഒഴിഞ്ഞു മാറിയ ഇന്ത്യയിലെ കഴിഞ്ഞകാല ഭരണകൂടങ്ങൾക്കെതിരെയുള്ള ഈ നോബൽ സമ്മാന ദാനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്നതും നമ്മുടെ രാജ്യത്തിന് അപമാനകരമാണ്. കുട്ടികളെ ഉപയോഗിച്ചുള്ള അധോലോകത്തിന്റെ പ്രവർത്തനങ്ങളെ ഇല്ലാതാക്കി വ്യവസ്ഥാപിത ഭരണകൂടം സ്ഥാപിക്കാൻ നാളിതുവരെയുള്ള എല്ലാ സർക്കാരുകളും പരാജയപ്പെട്ടിരിക്കുന്നു. അനേകായിരം അമ്മമാരുടെ നിലവിളികളും നെടുവീർപ്പുകളും വറ്റാത്ത കണ്ണുനീരും ഈ നോബൽ പത്രികയിലുണ്ട്. ഇന്ത്യയിലെ ചുവന്ന തെരുവുകളിലെ വേദനകളും വേദനിക്കുന്ന മാതാക്കളുടെ നൊമ്പരങ്ങളും ഈ ദാന പത്രത്തിൽ കാണാം. അതുകേട്ടു ആഹ്ലാദിക്കാൻ ധാർമ്മികത നഷ്ടപ്പെട്ട ലോകവാർത്താ മാദ്ധ്യമങ്ങളുമുണ്ട്. "ഭാരതത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അലഞ്ഞു തിരിയുന്ന കുട്ടികളുടെയും ബാലവേല ചെയ്യുന്നവരുടെയും കരച്ചിലുകൾ കാതുകളിൽ മുഴങ്ങുമ്പോൾ ഞാൻ അപമാനിതനാകുകയാണെന്നും" നോബൽ ജേതാവ് കൈലാഷ് പറഞ്ഞു.
ഭാരതം ഭരിക്കുന്നവർ 'ഇന്ത്യാ തിളങ്ങുന്നുവെന്ന' അപ്തവാക്യം അണികളെ പഠിപ്പിച്ചുകൊണ്ടിരിക്കും. ഈ നോബൽ സമ്മാനം തിളങ്ങുന്ന ഇന്ത്യയുടെ വിരിമാറിലെ തീപന്തമെന്നും ഭരണത്തിലുള്ളവർ മനസിലാക്കണം. കൂട്ട ബലാൽ സംഗത്തിനിരയായ രണ്ടു ദളിത സഹോദരികൾ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലുള്ള മാവിൻ മരത്തിൽ തൂങ്ങി കിടക്കുന്ന ദയനീയ കാഴ്ചയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. അത്തരം അനേക വാർത്തകളിൽക്കൂടി ഇന്ത്യ ബലാൽസംഗങ്ങളുടെ നാടെന്നും പാശ്ചാത്യ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. നിയമത്തിന്റെ കരങ്ങൾ ഇന്ത്യയിലെ ഓരോ മുക്കിലും കോണിലും നടപ്പാക്കുന്ന കാലം വന്നിരുന്നെങ്കിൽ ഇന്ത്യാ തിളങ്ങി നിൽക്കുമായിരുന്നു. വേശ്യാലയങ്ങൾ അടച്ചുപൂട്ടി അവർക്ക് നിത്യവൃത്തിക്കുള്ള മാർഗവും കണ്ടുപിടിക്കണം. തെരുവിൻറെ കുട്ടികൾക്ക് അഭയകേന്ദ്രങ്ങൾ നൽകണം. കാണാതായവരെയും കണ്ടുപിടിച്ച് അവരെ സംരക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം. കുട്ടികളെ ഉപഭോഗവസ്തുക്കളായി കച്ചവടം നടത്തുന്ന അധോലോകത്തെ ഇല്ലാതാക്കണം. അനാഥരില്ലാത്ത കുട്ടികളുടെ ഒരു ഭാരതം സൃഷ്ടിക്കണം. ഭരണകൂടങ്ങൾ ഉത്തരവാദിത്വത്തോടെ ഭരണം നടത്തിയിരുന്നെങ്കിൽ അവർ അവരുടെ ജോലി സത്യസന്ധമായി ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒരു അപമാനവും പേറി മഹാനായ കൈലാഷ് സത്യാർത്ഥിയെന്ന മനുഷ്യന് ഈ അവാർഡ് സ്വീകരിക്കേണ്ടി വരില്ലായിരുന്നു.
ഭാരതത്തിലെ വൈദിക കാലങ്ങളിലെ വേദങ്ങളിൽ ഒരു പ്രാർത്ഥനയുണ്ട്. "അസതോ മാ സത് ഗമയാ, തമസോ മാ ജ്യോതിർ ഗമയാ" അസത്യത്തിൽ നിന്ന് ദൈവമേ സത്യത്തിലേക്ക് നയിച്ചാലും. ഇവിടെ അസത്യമെന്നു പറയുന്നത് നമുക്ക് ചുറ്റുമുള്ള കപട ലോകമാണ്. ബാലവേലകൾ ചെയ്യിപ്പിക്കുന്നവരും അസത്യത്തിന്റെ വക്താക്കളാണ്. ഭരണ സംവിധാനവും സർക്കാരുകളും സഞ്ചരിക്കുന്നത് അസത്യത്തിന്റെ വഴികളിൽകൂടി തന്നെ. 'വാസ്തവികത'യെന്നു പറയുന്നതും ഇതുതന്നെയാണ്. വേദമന്ത്രം ഉച്ഛരിക്കുന്നു, "എന്നെ സത്യത്തിലേക്ക് നയിക്കൂ! അന്ധകാരത്തിൽ നിന്നും പ്രകാശത്തിലെക്ക് നയിച്ചാലും." അജ്ഞതയാണ് അന്ധകാരം. കർമ്മങ്ങളും പ്രവർത്തികളും നന്മയിൽക്കൂടി പ്രകാശം പകർത്തുന്നതായിരിക്കണം. ദൈവമേ, ഭാരതാംബികയെ അങ്ങു അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ചാലും.
Malayalam Daily News : http://www.malayalamdailynews.com/?p=119244
No comments:
Post a Comment