By ജോസഫ് പടന്നമാക്കൽ
ആഗോള കത്തോലിക്കാ സഭയിൽ എങ്ങനെ നവീകരണാശയങ്ങൾ പ്രാവർത്തികമാക്കാമെന്ന ചർച്ചാ വിഷയങ്ങളുമായി വത്തിക്കാൻ ഒരു സിനഡ് വിളിച്ചു കൂട്ടിയത് ലോകം ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചത്. സിനഡിലെ വിഷയങ്ങൾ പ്രധാനമായും വൈവാഹിക ജീവിതത്തിന്റെ താളപ്പിഴകളെപ്പറ്റിയും സഭ നിയന്ത്രിച്ചിരിക്കുന്ന ഗർഭ നിരോധന നിയന്ത്രണങ്ങളെപ്പറ്റിയുമാണ്. ഗർഭ നിരോധക ഉറകളും വിവാഹത്തിനുമുമ്പുള്ള ലൈംഗികതയും ചർച്ചാ വിഷയങ്ങളിൽ ഉൾപ്പെടുത്തിട്ടുണ്ട്. ക്രിയാത്മകമായ ഈ ചർച്ച സഭയുടെ പാരമ്പര്യ നിയമങ്ങൾക്കെതിരായുള്ള നുഴഞ്ഞു കയറ്റമെന്ന് യാഥാസ്ഥിതിക ലോകം വിലയിരുത്തുകയും ചെയ്തു. യാഥാസ്ഥിതികരും പുരോഗമന ചിന്താഗതിക്കാരും തമ്മിൽ ഗൌരവമേറിയ വാക്കുതർക്കങ്ങൾക്ക് എന്നും ഈ വിഷയങ്ങൾ കാരണമായിരുന്നു. സഭാമക്കളുടെ ഇത്തരം സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരം തേടാനാണ് സിനഡിന്റെ ലക്ഷ്യമെങ്കിലും യാഥാസ്ഥിതിക ലോകത്ത് ഈ പരിവർത്തനങ്ങൾ തീക്കനൽ വിതറിയിരിക്കുകയാണ്. വിവാഹ ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും മൂല്യങ്ങളിൽ അർഥം കൽപ്പിക്കുന്നതായ ഒരു പുതിയ ഭാഷ കണ്ടെത്തണമെന്നും വത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് കത്തോലിക്കാ ലോകത്തിലെ ഭൂരിഭാഗം പേരും ലൈംഗികതയും കുടുംബാസൂത്രണവും സംബന്ധിച്ച സഭാനിയമങ്ങൾ പാലിക്കാറില്ലെന്നുള്ളത് വത്തിക്കാന് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലൈംഗികത സംബന്ധിച്ച സമകാലിക വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യാൻ 75 പേജുള്ള ഒരു പത്രിക തയ്യാറാക്കിയിട്ടുണ്ട്. സ്വവർഗ രതികളിൽ വ്യാപൃതരായിക്കുന്നവരുടെ പ്രശ്നങ്ങളിൽ വ്യത്യസ്തമായ ഒരു തീരുമാനം എടുക്കുവാൻ സാധിക്കാതെ സഭയിന്ന് ഒരു വെല്ലുവിളിയെ നേരിടുകയാണ്. പരാജയപ്പെട്ട സഭയുടെ പാരമ്പര്യമായ കണക്കു കൂട്ടലിനും വിശ്വാസത്തിനും ഒരു തീരുമാനം കൈകൊള്ളുവാൻ യാഥാസ്ഥിതിക ലോകവും മുമ്പോട്ടു വരണം. സ്വവർഗ രതികളിൽ പങ്കാളികളായി ജീവിക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരിൽ ഉൾകൊള്ളാനുള്ള സഭയുടെ സന്മനസ്സും സിനഡിന്റെ ചർച്ചാ വിഷയങ്ങളായിരിക്കും. അവരെയും അന്തസ്സോടെ സഭയുടെ വിശ്വാസ സത്യങ്ങളിലേക്ക് സ്വാഗതം ചെയ്യണമെന്നുള്ള ആവശ്യങ്ങൾ എന്നത്തേക്കാളും ശക്തമായിട്ടുണ്ട്. വിവാഹത്തിനുമുമ്പും ലൈംഗികതയുണ്ടെങ്കിൽ വധൂവരന്മാർ തമ്മിലുള്ള ഹൃദയബന്ധങ്ങൾക്ക് കൂടുതൽ അടിത്തറയുണ്ടെന്നുള്ള സത്യവും സഭ മനസിലാക്കണം.
അടുത്ത കാലത്ത് സഭാ പൌരന്മാർക്കായി ചോദ്യോത്തര രൂപത്തിൽ ഒരു പ്രശ്നാവലി ആഗോളസഭയിലുള്ള എല്ലാ രൂപതകളിലും വത്തിക്കാൻ അയച്ചിരുന്നു. ദൗർഭാഗ്യവശാൽ ചോദ്യോത്തരങ്ങളടങ്ങിയ ആ സർവ്വേ റിപ്പോർട്ട് സീറോ മലബാർ രൂപതകൾ പുറത്തു വിട്ടില്ല. അല്മേനികളിൽ നിന്നും റിപ്പോർട്ട് മറച്ചുവെക്കാനാണ് സീറോ മലബാർ അഭിഷിക്തർക്ക് താല്പര്യമുണ്ടായിരുന്നത്. ആഗോള സഭയുടെ തീരുമാനങ്ങൾക്കെതിരെ ധിക്കാരപരമായി ചോദ്യോത്തര പംക്തികൾ ഒളിച്ചുവെച്ച സീറോ മലബാർ നേതൃത്വത്തിനെതിരെ ബ്ലോഗുകൾ വഴിയും കത്തുകൾവഴിയും ഡോ ജെയിംസ് കൊട്ടൂരും അല്മായ സംഘടനകളും ദേശീയതലത്തിൽ പ്രതിക്ഷേധിക്കുകയുണ്ടായി. വത്തിക്കാന്റെ സർവ്വേ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ കേരളത്തിലെ സഭാപൌരന്മാർക്ക് അവസരം നൽകണമെന്നുള്ള കത്തുകൾക്കെല്ലാം മറുപടി നല്കാതെ കാക്കനാട്ടു കേന്ദ്രമായ അഭിക്ഷിക്ത നേതൃത്വം നിശബ്ദത പാലിക്കുകയാണുണ്ടായത്. സഭയുടെ പാരമ്പര്യമായ അനാചാരങ്ങളെപ്പറ്റിയും കാലത്തിനനുസരിച്ച സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയും പഠനം നടത്തുകയെന്നതായിരുന്നു ചോദ്യോത്തരരൂപത്തിൽ തയ്യാറാക്കിയ ഈ സർവ്വേ റിപ്പോർട്ടിലുണ്ടായിരുന്നത്. ലൈംഗികതയും സ്വവർഗ രതിയും ഗർഭനിരോധകവും നിരോധക ഉറകളും വിവാഹവും വിവാഹ മോചനവും മറ്റു സങ്കീർണ്ണമായ പ്രശ്നങ്ങളും അല്മായരുടെ അഭിപ്രായങ്ങളിൽക്കൂടി എങ്ങനെ പരിഹാരം കണ്ടെത്താമെന്നുള്ള ഒരു അന്വേഷണമാണ് സർവ്വേകൊണ്ട് ഉദ്ദേശിച്ചത്. സാധാരണ സഭാ പൌരന്മാർ തൊട്ട് ബൌദ്ധികതലങ്ങളിലുള്ളവരും ചിന്തകരും പുരോഹിതരും അഭിഷിക്തരും ഈ ചോദ്യോത്തരാവലിയിൽ പങ്കു ചേർന്നിരുന്നു. അവരിൽനിന്നും സ്വരൂപിച്ച അഭിപ്രായങ്ങളടങ്ങിയ ഡോക്കുമെന്റ് വത്തിക്കാന്റെ കൈവശമുണ്ട്. ഡോക്കുമെന്റിലെ ഉള്ളടക്കവും ജനങ്ങളുടെ അഭിപ്രായങ്ങളും സിനഡിലെ ചർച്ചകളിൽ പ്രതിഫലിക്കുമെന്നു വിശ്വസിക്കുന്നു. ഒരു കുടുംബത്തിന്റെ ഭദ്രതയെ നിലനിർത്താനുള്ള ദമ്പതികളുടെ ശ്രമങ്ങളിൽ സന്മാർഗത്തിന്റെ പേരിൽ സഭ വിലങ്ങു തടിയാണെന്നുള്ള അഭിപ്രായങ്ങളും പൊന്തി വന്നിട്ടുണ്ട്. കുടുംബാസൂത്രണപരമായ സഭയുടെ നിയന്ത്രണങ്ങൾ വിവാഹിതരായവർക്ക് ഇന്ന് ഉൾക്കൊള്ളാൻ സാധിക്കാതെ പോകുന്നു.
മുപ്പത്തിയൊമ്പത് ചോദ്യോത്തരങ്ങളാണ് സഭാപൌരന്മാർക്കായി വത്തിക്കാൻ ആഗോളസഭയിലെ രൂപതകൾക്കെല്ലാം വിതരണം ചെയ്തത്. വത്തിക്കാനിൽ നടക്കുന്ന ബിഷപ്പ് കോണ്‍ഫറൻസിലേക്ക് അവതരിപ്പിക്കേണ്ട ചർച്ചാവിവരങ്ങളാണ് ആ ചോദ്യോത്തരങ്ങളുടെ പതിപ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. അഭിപ്രായങ്ങൾ സാധാരണ കത്തോലിക്കർതൊട്ട് ജീവിതത്തിന്റെ നാനാ തുറകളിലെ ബൗദ്ധിക തലങ്ങളിലുള്ളവരിൽനിന്നും പുരോഹിതരിൽനിന്നും സമാഹരിച്ചിരുന്നു. ഭൂരിഭാഗവും അഭിപ്രായപ്പെട്ടത് സ്വവർഗക്കാരുടെ പ്രശ്നത്തിൽ സഭ അനുഭാവപൂർവമായ പരിഗണന നല്കണമെന്നായിരുന്നു. ചോദ്യോത്തരങ്ങളിൽ പങ്കുചേർന്ന ലോകമാകമാനമുള്ള കത്തോലിക്കരുടെയിടയിലുള്ള അഭിപ്രായങ്ങളനുസരിച്ച് ഭൂരിഭാഗം സഭാപൌരന്മാരും സഭയുടെ ഇന്നത്തെ നയങ്ങളെയും പഠനങ്ങളെയും എതിർക്കുന്നതായി കാണാം. സഭ പഠിപ്പിക്കുന്നത് അപ്പാടെ തിരസ്ക്കരിക്കണമെന്നും അഭിപ്രായപ്പെട്ടു. സഭയുടെ നിയന്ത്രണങ്ങളായ ഗർഭനിരോധകങ്ങളും ലൈംഗിക നിയമങ്ങളും വിശ്വാസികൾക്ക് ഉൾക്കൊള്ളുവാൻ സാധിച്ചില്ല. 95 ശതമാനം വിശ്വാസികളും സഭയുടെ ലൈംഗിക നിയമങ്ങളെ തള്ളിക്കളയുന്നു. സ്വവർഗരതികളിലുള്ളവരെയും അവർ വളർത്തുന്ന പിള്ളേരെയും സഭാമക്കളായി സ്വീകരിച്ചുകൊണ്ട് സഭയുടെ ചട്ടക്കൂട്ടിൽ കൊണ്ടുവരാനും ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താനും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കി. അന്തസോടെ സഭാമക്കളായി അവരെയും തുല്യരായി കരുതണം. സ്വവർഗരതിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് സഭയുടെ ഇടയചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. ആണും പെണ്ണും പോലെ ദമ്പതികളെപ്പോലെ അവരെ സഭയുടെ നിയമങ്ങളിൽക്കൂടി പങ്കാളികളാക്കാനുള്ള നിർദ്ദേശങ്ങളും ചോദ്യോത്തര സർവ്വേയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. 'പ്രതീക്ഷകളാണ് നമ്മെ നയിക്കുന്നതെന്നും തീവ്രമായ ചില പാരമ്പര്യങ്ങൾ മുറിച്ച് സഭയെ നവീകരിക്കാൻ ഒറ്റ ദിവസം കൊണ്ടു സാധിക്കില്ലെന്നും' മാർപ്പാപ്പാ ഒർമ്മിപ്പിച്ചു. പ്രശ്നസങ്കീർണ്ണത നിറഞ്ഞ ഇത്തരം പ്രശ്നങ്ങൾ സഭയെ സംബന്ധിച്ച് പരിഹാരം കാണാനും ബുദ്ധിമുട്ടാണ്. സിനഡിൽ നടക്കുന്ന ചർച്ചകളും വിശ്വാസ സത്യങ്ങളും സഭാ പൌരന്മാർക്ക് മനസിലാകത്തക്കതായിരിക്കണമെന്നും തീരുമാനങ്ങൾ നവീകരണത്തിന്റെ മാർഗരേഖയായിരിക്കണമെന്നും മാർപ്പാപ്പാ ആഗ്രഹിക്കുന്നു.
ചരിത്രപ്രധാനമായ ഈ സിനഡിൽ സഭയുടെ ഗൗരവമേറിയ ഇത്തരം വിഷയങ്ങളെ അവലോകനം ചെയ്യാൻ ഫ്രാൻസീസ് മാർപാപ്പാ ലോകമെമ്പാടുമുള്ള ബിഷപ്പുമാരോട് ആഹ്വാനം ചെയ്യുകയുണ്ടായി. സഭയെ നവീകരിച്ച്, മനുഷ്യ മനസാക്ഷിയെ വിലമതിച്ചു പരിശുദ്ധമായ ഒരു സഭയെ നയിക്കണമെന്ന് മാർപാപ്പ സ്വപ്നം കാണുന്നു. നാനാ ദിക്കിലും അധിവസിക്കുന്ന ബിഷപ്പുമാരോടായി മാർപ്പാപ്പ ഒരു സന്ദേശത്തിൽ പറഞ്ഞത്,"ഭയം അരുത്, സഭയുടെ ഇടയ ശ്രേഷ്ടരായ നിങ്ങൾ ഭയരഹിതരായി, സ്വതന്ത്രമായ തുറന്ന മനസ്സോടെ ഒരു വിവാദം നടത്തൂ. ഭയം മനസാക്ഷിക്കനുസരിച്ചുള്ള വിവാദങ്ങൾക്ക് തടസമാണ്. പാരമ്പര്യത്തെ മുറിക്കുന്ന പ്രശ്നങ്ങളെ കാണാനും പരിഹാരം കാണാനും പലപ്പോഴും നാം ഭയപ്പെടുന്നു. ഭയമെന്നുള്ളതു ദൈവിക വരപ്രസാദമല്ല. ദൈവം നിങ്ങളോട് സംസാരിക്കുന്നത് എന്താണോ അതാണ് തുറന്ന ചർച്ചകൾക്കായി അവതരിപ്പിക്കേണ്ടത്. പരിശുദ്ധമായ ആത്മാവ് മനസിനെയും ഉയർത്തണം. ഭയമില്ലാതെ മനസാക്ഷിക്കനുസരിച്ച് മാനുഷിക മൂല്യങ്ങൾക്ക് പരിഗണ നല്കണം. " ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സമ്മേളിക്കുന്ന ബിഷപ്പുമാരോടും കർദിനാൾമാരോടുമായി ഈ സിനഡിന്റെ ലക്ഷ്യവും ഉദേശവും മാർപ്പാപ്പ വിശകലനം ചെയ്തു.
2014-ജൂലൈ പതിനാലാം തിയതി മാർപ്പാപ്പാ വാർത്താ ലേഖകരുമായുള്ള അഭിമുഖ സംഭാഷണവേളയിൽ സഭയിലെ രണ്ടു ശതമാനത്തോളം പുരോഹിതർ കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നവരാണെന്നു വെളിപ്പെടുത്തി. പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും മാർപ്പാപ്പ സംസാരിച്ചു. ഇറ്റലിയുടെ 'ലാ റിപ്പബ്ലിക്കാ ഡയിലി' നടത്തിയ സംഭാഷണ മദ്ധ്യേയാണ് മാർപ്പാപ്പാ ഇങ്ങനെ സഭയിലെ സത്യങ്ങൾ വാർത്താ ലേഖകരോട് പറഞ്ഞത്. ബിഷപ്പുമാരും കർദ്ദിനാനാൾവരെയും കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്നും മാർപ്പാപ്പാ പറഞ്ഞതായി പത്രം റിപ്പോർട്ടു ചെയ്തു. പുരോഹിതരെ വൈവാഹിക ജീവിതത്തിനു സമ്മതിക്കുമോയെന്ന ചോദ്യങ്ങൾക്കും മാർപ്പാപ്പാ ശുഭവിശ്വാസത്തോടെയാണ് മറുപടി പറഞ്ഞത്. "രക്ഷകനായ യേശുവിന്റെ ക്രൂശിത മരണശേഷം 900 വർഷങ്ങൾക്കു ശേഷമാണ് സഭയിൽ പുരോഹിതർക്കുള്ള ബ്രഹ്മചര്യം നടപ്പിലാക്കിയത്. കിഴക്കിന്റെ സഭകളിലെ പുരോഹിതർക്ക് വിവാഹം ചെയ്യാമെന്നുള്ള നിയമം സഭയുടെ കീഴ്വഴക്കമാണെന്നും" മാർപ്പാപ്പാ പറഞ്ഞു. "സഭയുടെ ഇന്നത്തെ സാഹചര്യത്തിൽ പുരോഹിതരെ വിവാഹം ചെയ്യാൻ അനുവദിക്കുന്നതിൽ പ്രശ്നങ്ങളേറെയുണ്ട്. എങ്കിലും സങ്കീർണ്ണമല്ലാത്ത ഈ പ്രശ്നങ്ങൾ കാലാന്തരത്തിൽ സഭയ്ക്ക് പരിഹരിക്കാൻ സാധിക്കും. അതിന് സമയവും കാലവുമാണവശ്യം. അതിനുള്ള പരിഹാരം ഞാൻ കണ്ടുപിടിക്കും." പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റി കൂടുതലായ വിവരങ്ങളൊന്നും മാർപ്പാപ്പാ സംസാരിച്ചില്ല. എന്നാൽ വത്തിക്കാൻ വക്താവായ 'ഫെഡറിക്കോ ലൊംബാർഡി' പറഞ്ഞത് 'പൌരാഹിത്യ ബ്രഹ്മചര്യത്തെപ്പറ്റി മാർപ്പാപ്പയുടെ അഭിപ്രായങ്ങൾ വളച്ചു തിരിച്ചുകൊണ്ട് അർത്ഥ വ്യത്യാസത്തോടെ പത്രങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്നാണ്.' പത്രധർമ്മത്തിനെതിരായി അറിവില്ലാത്ത വായനക്കാരെ പത്രങ്ങൾ ചൂഷണം ചെയ്യുകയാണെന്നും കർദ്ദിനാൾ കുറ്റപ്പെടുത്തി.
കുടുംബ പ്രശ്നങ്ങളും സഭയുടെ ലൈംഗിക നിയമങ്ങളും സംബന്ധിച്ച വിവാദപരമായ വിഷയങ്ങൾ സിനഡിൽ ആത്മാർത്ഥതയോടെ ചർച്ചാ വിഷയങ്ങളാക്കാൻ ബിഷപ്പുമാരോടും കർദ്ദിനാൾമാരോടും മാർപ്പാപ്പാ അഭ്യർഥിച്ചെങ്കിലും അത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പലരും തയ്യാറാകുന്നില്ല. സഭയുടെ പാരമ്പര്യത്തെ ഇല്ലാതാക്കി പുതിയതിനെ സ്വീകരിക്കാൻ അവർ തയാറാകാത്തത് വ്യക്തിപരമായ അഭിമാനപ്രശ്നം കൊണ്ടാണ്. കുർബാനയിൽ പുരോഹിതൻ പ്രാർത്ഥിക്കുന്നതുപോലെ റോമ്മാമാർപ്പാപ്പായ്ക്ക് കീഴ്വഴങ്ങി മാർപ്പായുടെ അഭിപ്രായങ്ങൾ വിലമതിച്ചാൽ, അദ്ദേഹത്തിൻറെ ഉപദേശപ്രകാരം മനസാക്ഷിക്കനുസരിച്ച് മേൽപ്പട്ടക്കാർ പ്രവർത്തിച്ചാൽ, സഭയുടെ നവോധ്വാന ചിന്തകളിൽ പുത്തനായ മാറ്റങ്ങൾ ഉണ്ടാകാം. ഭൂരിഭാഗം ബിഷപ്പുമാരും യാഥാസ്ഥിതിക പുരോഹിതരും ഗർഭ നിരോധക മാർഗങ്ങളെ സംബന്ധിച്ച് സംസാരിക്കാൻപോലും ആഗ്രഹിക്കുന്നില്ല. സഭ പാരമ്പര്യമായി പഠിപ്പിച്ച തത്ത്വങ്ങളിൽ വിശ്വാസികൾക്ക് ചിന്താക്കുഴപ്പമുണ്ടാക്കുമെന്നും വാദിക്കുന്നു. ലൈംഗിക വിവാദങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയവ സഭാമക്കളെ പഠിപ്പിക്കാൻ അവർ തയ്യാറുമല്ല. പാരമ്പര്യത്തെ മുറിക്കാനും തടസങ്ങൾ ഏറെയുണ്ട്. ഇന്നത്തെ കാലഘട്ടമനുസരിച്ച് സഭയുടെ നയങ്ങളിൽ രൂപകല്പ്പന ആവശ്യമെന്ന് പുരോഗമന ചിന്താഗതിക്കാരായ മെത്രാന്മാരും കർദ്ദിനാൾമാരും ചിന്തിക്കുന്നു.
കുടുംബ കാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ സഭ വിവാഹ മോചനം നടത്തിയവരെ പാടെ നിരസിക്കുന്നതായി കാണാം. ബന്ധം പിരിഞ്ഞ വിവാഹിതരെ രണ്ടാം തരമായി സഭ കാണുന്നു. അതിനൊരു മാറ്റമുണ്ടാകണം. വിവാഹ മോചനം നടത്തിയവർക്ക് സഭ കൂദാശകൾ വിലക്കിയിരിക്കുകയാണ്.അവർക്കു പുനർവിവാഹം ചെയ്യണമെങ്കിലും തക്കതായ കാരണമില്ലെങ്കിൽ സഭയനുവദിക്കില്ല.വിവാഹ മോചനം നടത്തിയവർ പുനർ വിവാഹം ചെയ്യാതെ ഒറ്റയ്ക്ക് മക്കളെ വളർത്തി വിശ്വാസം സംരക്ഷിക്കാൻ സഭ കല്പ്പിക്കുന്നു. ക്രിസ്തുവിൽ മനുഷ്യരെല്ലാം ഒന്നായ സഭയിൽ അവിടെ എന്തു നീതിയാണുള്ളത്? എന്തുകൊണ്ട് അവർക്ക് കൂദാശകൾ നിഷേധിക്കുന്നു? വീണ്ടും വിവാഹിതരാകുവാൻ അനുവദിക്കുകയുമില്ല. സഭാ നിയമങ്ങളിൽ വിവാഹ ബന്ധം വേർപെടുത്തിയവർ ജീവിത കാലം മുഴുവൻ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണം. അവസാനം അവരുടെ മക്കളും സമൂഹത്തിൽനിന്നു ഒറ്റപ്പെടും. ഒടുവിൽ വിവാഹമോചനം നേടിയവരുടെ മക്കളും സഭയിൽ നിന്നു പിരിഞ്ഞു പോകും. ക്രിസ്തു പഠിപ്പിച്ച കരുണയെവിടെ ? വിവാഹമെന്നത് പരിപാവനമായ കൂദാശയെന്നു കണക്കാക്കിയാൽ തന്നെ വൈവാഹിക പങ്കാളികളുടെ ഹോർമോണുകൾ പരസ്പ്പരം യോജിക്കുന്നില്ലെങ്കിൽ എങ്ങനെ ആ വിവാഹ ബന്ധം തുടരാൻ സാധിക്കും? ലൈംഗിക താല്പര്യമില്ലാത്ത ഒരു പങ്കാളിയുമായി ജീവിച്ച് സഭയോട് നല്കിയ പ്രതിജ്ഞ എങ്ങനെ നിറവേറ്റും?
വിവാഹ മോചിതർ പൊറുക്കപ്പെടാത്ത പാപികളാണെന്ന് സഭ പറയുന്നു. കൊലയും കൊള്ളയും തീവെട്ടിക്കൊള്ളയും വെടിവെപ്പും നടത്തുന്നവർക്ക് പാപമോചനമുണ്ട്. എന്നാൽ വിവാഹ മോചനം നടത്തിയവർക്ക് കൂദാശകൾ വിലക്കുന്ന സഭയുടെ മനോഭാവത്തിനു നാളിതുവരെ മാറ്റം വന്നിട്ടില്ല. അത്തരം പരിവർത്തനങ്ങൾക്കായുള്ള ചിന്താഗതികൾ സിനഡിന്റെ അജണ്ടയിലുണ്ട്. മാർപ്പാപ്പാ പറഞ്ഞു, "ഞാനും സഭയുടെ പുത്രനാണ്. സഭ അങ്ങനെയുള്ള കുടുംബബന്ധങ്ങൾ തകർന്നവരോട് കരുണ കാണിക്കണം. രോഗികൾക്കാണ് വൈദ്യനെ ആവശ്യം. വൈദ്യൻ എക്കാലവും രോഗികളായി വരുന്നവരുടെ രോഗം ഭേദമാക്കുന്നു. മുറിവേറ്റ ആത്മാക്കൾക്കും നാം അഭയം കൊടുക്കണം." എന്നാൽ യാഥാസ്ഥിതിക പുരോഹിതലോകം വിവാഹമോചിതർക്കായുള്ള മാർപ്പാപ്പയുടെ അഭിപ്രായങ്ങളെ എതിർക്കുന്നു. സിനഡിലെ ചർച്ചകൾ നടക്കുന്നത് പുറം ലോകത്തിനു പ്രവേശനമില്ലാതെ രഹസ്യമായ മുറികളിലെ അടഞ്ഞ വാതിലിനുള്ളിലായിരിക്കും. രണ്ടാഴ്ചയോളമുള്ള ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ വ്യക്തിപരമായ അഭിപ്രായം പുറത്തു വിടാതെ തികച്ചും രഹസ്യമായി സൂക്ഷിക്കും. കഴിഞ്ഞ കാലചർച്ചകളിൽ വെളിവാക്കപ്പെട്ട അഭിപ്രായങ്ങൾക്ക് ഒരിക്കലും രഹസ്യ സ്വഭാവമുണ്ടായിരുന്നില്ല. അത് പലപ്പോഴും വ്യക്തിപരമായ മാനസിക സംഘർഷത്തിനും ഇടയാക്കിയിട്ടുണ്ട്.
.വിശ്വാസത്തെക്കാൾ ഒരു സാമൂഹിക കൂടികാഴ്ച്ചയ്ക്കായി ലോകമെമ്പാടും പള്ളികളിൽ ജനമിന്നു സമ്മേളിക്കുന്നു. ദൈവ വിശ്വാസം കുറഞ്ഞ ഒരു ജനതയാണ് ലോകം മുഴുവനുള്ളത്. പുരോഹിത ലോകത്തിലെ അനേകർ യുവാക്കളുമായി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നത് സഭയ്ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്. ലൈംഗിക വൈകൃതമുള്ള പുരോഹിതർ ശരീര അവയവത്തെയും ലൈംഗികാവയാങ്ങളെയും ഇഷ്ടപ്പെടുന്നു. അത്തരക്കാർ നല്ലവരായ പുരോഹിതരുടെ പേരിനും കളങ്കം വരുത്തുന്നു. അവരുടെ പ്രവർത്തനങ്ങൾ ക്രിസ്തുവിന്റെ തത്ത്വങ്ങളുമായി യോജിക്കാൻ സാധിക്കുകയില്ല. ദൈവിക പുരോഹിതരുടെ സ്ഥാനത്ത് ഇന്ന് സൊഡോമിസ്റ്റുകൾ പള്ളിയുടെ അൾത്താര സൂക്ഷിപ്പുകാരാകുന്നതും പള്ളിയിലെത്തുന്ന മാതാപിതാക്കൾക്ക് ഒരു പേടിസ്വപ്നമായിരിക്കുകയാണ്. പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും ദൈവവചനം പ്രസംഗിക്കുന്നതിനുപകരം അത്തരക്കാരുടെ താല്പര്യം യുവാക്കളുമായി ലൈംഗിക ക്രീഡകൾ നടത്താനാണ്. വചനത്തിൽ പറയുന്നത് ഭൂമിയിൽ പിശാചിനും നിയന്ത്രണമുണ്ടെന്നാണ്. " നിന്റെ തിരുമനസ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ"യെന്ന് പ്രാർത്ഥിക്കുന്നത് 'പിശാചിന്റെ ' കൈകൾ ഭൂമിയിലും ശക്തമായതുകൊണ്ടാണ്. ഈ പ്രാർത്ഥന പിശാചുക്കളായ ഇത്തരം പുരോഹിതരെയുദേശിച്ചായിരിക്കാം.
ക്രിസ്തുവിന്റെ മാർഗങ്ങളിൽനിന്ന് അകന്നു പോയിരിക്കുന്ന സഭ പൌരാഹിത്യ ഞാണിന്മേൽ ക്രിസ്തുവിന്റെതല്ലാതായിരിക്കുന്നു. ക്രിസ്തുവിനെ അവർ സഭയിൽനിന്ന് പുറത്തു ചാടിച്ചു. കൃസ്തുവിന്റെ വഴിയും സത്യവും ബലിപീഠത്തിങ്കൽ നിത്യവും ഹോമിച്ച് ക്രിസ്തുവില്ലാത്ത സഭയാക്കിയിരിക്കുന്നു. ഈ പുരോഹിതർ ക്രിസ്തുവിന്റെ വചനങ്ങളെയും നിയമങ്ങളെയും വെറുക്കുന്നതിനു കാരണം ലൈംഗികമായ വൈകൃതം അവർക്കുള്ളതുകൊണ്ടാണ്. നല്ലവരായ പുരോഹിതരുടെ അഭിമാനവും കുപ്പായത്തിനുള്ളിരുന്നുകൊണ്ട് ഇവർ നശിപ്പിക്കുന്നു. ആഗോളവാർത്തയായ ഈ സിനഡിൽ പുരോഹിതരാൽ പീഡിതരായ കുഞ്ഞുങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സിനഡ് വിളിച്ചുകൂട്ടരുതോ?
പ്രതീക്ഷകൾ നൽകുന്ന യുഗ പുരുഷനായ ഒരു മാർപാപ്പാ നമുക്കുണ്ട്. അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾക്ക് സർവ്വവിധ പിന്തുണയും നല്കുകയെന്നതാണ് സഭാനവീകരണ ചിന്തകളിൽ ഉൾപ്പെടുത്തേണ്ടത്. സഭയുടെ മാലിന്യങ്ങളെ തുടച്ചു മാറ്റി ശുദ്ധികലശം നടത്താൻ ശ്രമിക്കുന്നതും ആശ്വാസകരമാണ്. തീവ്രമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സഭ മരിക്കുമെന്നും മാർപ്പാപ്പ കരുതുന്നുണ്ടാകാം. സഭാമക്കളെ സത്യത്തിന്റെ വഴിയേ മടക്കി കൊണ്ടുവരാൻ മാർപ്പാപ്പ ആഗ്രഹിക്കുന്നു. അതിന് സഭാ മക്കളുടെ വിശ്വാസം വീണ്ടെടുക്കണം. സഭയുടെ പുരോഹിതർ കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ ഇനിമേൽ അനുവദിക്കരുത്. കഴിഞ്ഞ മാർപ്പാമാരുടെ തെറ്റുകൾ തിരസ്ക്കരിച്ച് ഒരു നവയുഗം പടുത്തുയർത്താൻ സഭയുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപ്പായ്ക്ക് അവസരം കൊടുക്കൂ. ലോകം ആ മഹാന്റെ വാക്കുകൾ ശ്രവിക്കട്ടെ.
Malayalam Daily News:
http://www.malayalamdailynews.com/?p=117679EMalayalee.com:
http://emalayalee.com/varthaFull.php?newsId=86439
No comments:
Post a Comment