By ജോസഫ് പടന്നമാക്കൽ
യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് പുതിയ നിയമത്തിലെ സുവിശേഷ വചനങ്ങളിൽക്കൂടി നാം പഠിക്കുന്നത്. മനുഷ്യമനസിന്റെ ആഴങ്ങളിൽ പ്രതിഫലിക്കുന്ന ആധ്യാത്മിക താത്ത്വിക ചിന്തകൾ യേശുവിന്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞിരിക്കുന്നതായും കാണാം. സത്യവും ദയയും കരുണാർദ്ര മായ സ്നേഹവും ദീനാനുകമ്പയും ഉപമകളിൽക്കൂടി യേശു തന്നെ ശിഷ്യഗണങ്ങളെ പഠിപ്പിക്കുന്നുമുണ്ട്. ആദ്ധ്യാത്മികതയിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനും പ്രയാസമാണ്. ക്രിസ്ത്യൻ മതങ്ങളുടെ ജീവനും ആത്മാവുമായ യേശുവിന്റെ ചരിത്രം പണ്ഡിതരുടെയിടയിൽ എന്നും വിവാദമായിരുന്നു. യേശുവിന്റെ ജീവിതത്തെ പ്പറ്റി ബൈബിളിലെ വിഷയങ്ങല്ലാതെ മറ്റു യാതൊരു സമകാലീക തെളിവുകളും ലഭിച്ചിട്ടില്ലായെന്നതും വിമർശകർ ചൂണ്ടി കാണിക്കുന്നു. അതുകൊണ്ട് ചരിത്രത്തിന് എക്കാലവും ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടുപിടിക്കാൻ അനുമാനങ്ങളെയും വ്യാഖ്യാങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു.
യേശു ഒരിക്കലും ഒരു പുസ്തകം എഴുതിയിട്ടില്ല. ഒരു പട്ടാളത്തെ നയിച്ചില്ല. ഒരു ഭരണാധികാരിയായിരുന്നില്ല. വസ്തുക്കളും സ്വത്തും സമ്പാദിച്ചിട്ടില്ല. അവന്റെ ഗ്രാമം വിട്ട് നൂറു കാതങ്ങൾക്കപ്പുറം അവനൊരിക്കലും സഞ്ചരിച്ചിട്ടില്ല. അവന്റെ വാക്കുകൾ കേട്ട് കർമ്മനിരതരായ ജനം വിദൂര ദേശങ്ങളിൽനിന്നുപോലും വന്നുകൊണ്ടിരുന്നു.അവന്റെ പിന്നാലെ ജനവും സഞ്ചരിച്ചിരുന്നു. അജ്ഞേയവും അദൃശ്യവുമായ സത്ഗുണങ്ങൾ അവനിൽ കണ്ടിരുന്നു. അവന്റെ വാക്കുകൾ ശ്രവിച്ചവർക്കെല്ലാം അവൻ സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തനായിരുന്നു. ജീവിച്ചിരുന്ന യേശുവിനെപ്പറ്റിയുള്ള തെളിവുകൾ ചരിത്ര താളുകളിൽ ഒളിഞ്ഞിരിക്കുകയാണെങ്കിലും ആയിരമായിരം പുസ്തകങ്ങളിലും മീഡിയാകളിലും അവിടുത്തെ മഹത്വം നിറഞ്ഞിരുപ്പുണ്ട്. വിപ്ലവകാരികൾക്കും വിശ്വാസികൾക്കും ഒരുപോലെ അവൻ ആവേശഭരിതനായിരുന്നു. യഹൂദ ഗോത്രങ്ങൾക്കും റോമനധികാരികൾക്കും വെല്ലുവിളിയുമായിരുന്നു. അഭിമാനിക്കത്തക്ക സമ കാലീകമായ നേട്ടങ്ങളോ രാഷ്ട്രീയധികാരമോ ഉണ്ടായിരുന്നില്ലെങ്കിലും ഇരുപത്തിയൊന്നു നൂറ്റാണ്ടുകളും യേശുവെന്ന നസ്രായത്തുകാരൻ ലോകത്തെ തന്നെ പരിവർത്തന വിധേയമാക്കിക്കൊണ്ടിരുന്നു. അനേക പ്രവാചക ഗണങ്ങളും മത പ്രചാരകരും ലോകത്തു നിന്ന് മണ്മറഞ്ഞിട്ടുണ്ടെങ്കിലും നസ്രത്തിലെ ആശാരി ചെറുക്കനെപ്പോലെ ചൈതന്യം നൽകിയവരാരും ലോകത്തുണ്ടായിട്ടില്ല.
യേശുവിൽ വ്യത്യസ്തമായി നാം കാണുന്നത് എന്താണ്? അദ്ദേഹം ഒരു മഹാനോ അതോ അതിലുമുപരിയോ? ഇത് നാം ഓരോരുത്തരുടെയും ഹൃദയത്തോടു ചോദിക്കേണ്ട ചോദ്യമാണ്. സന്മാർഗ ഗുരുവായി ചിലർ അദ്ദേഹത്തെ കാണുന്നു. മറ്റുള്ളവർ ലോകത്തിലെ ഏറ്റവും വലിയ മതത്തിന്റെ ആദ്ധ്യാത്മിക നേതാവായി മാത്രം കരുതുന്നു. എന്നാൽ ഭൂരിഭാഗം ജനം അതിലുമുപരി വിശ്വസിക്കുന്നു. ദൈവം മനുഷ്യ രൂപത്തിൽ വന്നുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. അതിനുള്ള തെളിവുകളും ദൈവ ശാസ്ത്രം വഴി പണ്ഡിതർ നിരത്താറുണ്ട്.ആരാണ് ജീസസ്. അദ്ദേഹം ആദ്ധ്യാത്മിക ഗുരു മാത്രമോ? ഈ വിവാദ മനുഷ്യനെ അഗാധമായി പഠിക്കുംതോറും നാം സ്വയം ചോദിച്ചു പോകും, അദ്ദേഹം മഹാനായ ഒരു ഗുരു മാത്രമോ?
ക്രിസ്തുവിനെ ഒരു ചരിത്ര പുരുഷനായിട്ടാണ് കോടാനുകോടി ജനങ്ങൾ തലമുറകളായി കരുതുന്നത്. സുവിശേഷത്തിനു പുറമേ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര കഥകൾ ഒരു ഗ്രന്ഥപ്പുരയിലും കാണില്ല. എന്നാൽ സുവിശേഷങ്ങളിൽ യേശു സത്യമായിരുന്നുവെന്ന് അനേക പരാമർശനങ്ങളുണ്ട്. അതുപോലെ യേശുവിന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നിരിക്കുന്ന കെട്ടുകഥകൾക്കും രണ്ടായിരം വർഷങ്ങൾ പഴക്കമുണ്ട്. ചരിത്രത്തിലെ യേശുവിനെ ചിലർ ഇതിഹാസങ്ങളാക്കുന്നു. ചിലർ മനുഷ്യനായി ഗണിക്കാതെ അദ്ധ്യാത്മികതയുടെ പൂർണ്ണരൂപത്തിൽ മാത്രം മനസിലാക്കുന്നു. യേശു വെറും ഭാവനാ സങ്കൽപ്പമായിരുന്നുവെന്നും അങ്ങനെയൊരാൾ ഭൂമിയിൽ ജീവിച്ചിട്ടില്ലായെന്നും ചരിത്രത്തിലേക്ക് നുഴഞ്ഞു കയറുന്നവർ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാറുണ്ട്. യേശുവിന്റെ ജീവിത കഥകളുമായി താരതമ്യപ്പെടുത്തി അനേക പൌരാണിക ഡോക്കുമെന്റുകളും പുസ്തകങ്ങളുമുണ്ടെങ്കിലും വിവാദ നായകനായി കെട്ടു കഥകളിൽക്കൂടി യേശുവിനെ കാണാൻ യുക്തിവാദികൾ ശ്രമിക്കുന്നതും കാണാം. ക്രിസ്തുമതം സ്ഥാപിച്ചതു സംബന്ധിച്ച് യേശുവിന് യാതൊരു ബന്ധവുമില്ലെന്ന ഒരു നിഗമനവുമുണ്ട്. സുവിശേഷങ്ങളിലെ വചനങ്ങളുമായി യേശുവിന്റെ പ്രവർത്തനങ്ങളിൽ സാമ്യവുമില്ലെന്നും കരുതുന്നു. പുതിയ നിയമത്തിന് ചരിത്രമൂല്യങ്ങളും കൽപ്പിച്ചിട്ടുമില്ല. ചിലരുടെ വിമർശനങ്ങളിൽ പുതിയ നിയമത്തെ ഒരു താത്ത്വിക നോവലിനു തുല്യമായി കാണുന്നു. ബൈബിൾ പണ്ഡിതർ കൃസ്തുവിന്റെ വരവിനു മുന്നോടിയായി സ്നാപകന്റെ വരവും യേശുവിന് മാമ്മോദീസാ നല്കുന്നതും കുരിശുമരണവും ചരിത്ര സത്യങ്ങളായി അംഗീകരിച്ചിട്ടുണ്ട്. മരിക്കുകയും ഉയർക്കുകയും ചെയ്യുന്ന അനേക ദൈവങ്ങളുള്ള പേഗൻ ദൈവങ്ങളുടെ തുടർച്ചയാണ് യേശുവെന്ന് യുക്തി വാദികൾ പറയും. ഏക ദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ പണ്ഡിതർ ബഹുദൈവങ്ങളുള്ള പേഗൻ മതങ്ങളുമായി തുലനം ചെയ്യാൻ തയ്യാറാവുകയില്ല. കാരണം മരിക്കുകയും ഉയർക്കുകയും ചെയ്യുന്ന പേഗനീസത്തിന്റെ ദൈവങ്ങൾ ക്രൈസ്തവ മൂല്യങ്ങളുടെ വിശ്വാസത്തിന് സമമായി കരുതാൻ ഒരിക്കലും സാധിക്കില്ല.
ചരിത്ര വിഷയങ്ങളുമായി കൈകാര്യം ചെയ്യുന്നവർക്ക് യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാൻ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളെ മാത്രം ആശ്രയിക്കേണ്ടിയിരിക്കുന്നു. അതിൽ പല വിവരങ്ങളും ക്രിസ്തുവിന്റെ മരണശേഷം പല നൂറ്റാണ്ടുകൾ കഴിഞ്ഞ് കണ്ടെടുത്തിട്ടുള്ളതാണ്. അനേകമനേക കെട്ടുകഥകൾ ക്രിസ്തുവിന്റെ ജീവിതവുമായി ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും വിശ്വാസികൾ അത്തരം ഗഹനമായ വിഷയങ്ങൾ ചിന്തിക്കാൻ തയാറാവുകയില്ല. ചോദ്യങ്ങൾ ചോദിക്കുകയെന്നുള്ളതിൽ മനുഷ്യ മനസുകൾ ജിജ്ഞാസുക്കളാണെങ്കിലും ബൈബിളിനെ സംബന്ധിച്ച വിഷയങ്ങളിൽ ചോദ്യങ്ങളുമായി വിശ്വാസത്തെ പ്രശ്ന സങ്കീർണ്ണമാക്കാൻ ആരും താൽപര്യപ്പെടുകയില്ല. ഒരു പക്ഷെ അത് അന്ധമായി വിശ്വസിക്കുന്ന ക്രിസ്ത്യാനികൾക്കും വിമർശിക്കുന്ന ക്രിസ്ത്യനികൾക്കും ഒരു പോലെ പ്രയോജനപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ മതവിശ്വാസവും പ്രായോഗിക ജ്ഞാനവും ഉൾപ്പെടുത്തി ചരിത്ര വസ്തുതകളുമായി തുലനം ചെയ്ത് ചരിത്രത്തിന് ഒരു അനുമാനത്തിലെത്താൻ സാധിക്കുമായിരുന്നു. ഇവിടെ എന്തെല്ലാം ചരിത്ര വസ്തുതകളുണ്ടെന്നും പരിശോധിക്കണം. മതത്തിന്റെ അടിസ്ഥാന വിശ്വാസം മാത്രം ഉൾപ്പെടുത്തിയ വചനങ്ങളെ വേർപെടുത്തി ചരിത്രത്തിനുതകുന്ന വചനങ്ങളെ വിലയിരുത്താനും വിമർശകർക്ക് സാധിക്കണം. യേശുവിന്റെ കഥ പൂർണ്ണമായും ഒരു കെട്ടുകഥയെന്ന് ആർക്കും സ്ഥാപിക്കാൻ സാധിക്കില്ല. ബൈബിളിലെ വചനങ്ങളിൽ ഗവേഷണം നടത്തുന്നവർ മനുഷ്യനായ യേശുവും ദൈവമായ യേശുവും തമ്മിലുള്ള ആന്തരിക മൂല്യങ്ങളെ വേർതിരിച്ചു തുലനം ചെയ്യാറുണ്ട്.
യേശുവിന്റെ പുല്ക്കുടിലിലെ ജനനം മുതൽ ഗാഗുൽത്തായിൽ ക്രൂശിതനാകുന്ന വരെയുള്ള രംഗങ്ങൾ ചരിത്രാവിഷ്ക്കരണമായി ചിത്രീകരിക്കാൻ ഏതു ക്രിസ്ത്യാനിയും ആഗ്രഹിക്കും. ജിജ്ഞാസുവുമായിരിക്കും. ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ള അന്വേഷണം ഒരു യുക്തിവാദിയുടെ ചിന്തയിൽ മറ്റൊരു വിധത്തിലായിരിക്കാം. ആട്ടിടയരുടെ നടുവിൽ ബദ്'ലഹേമിലെ കാലിത്തൊഴുത്തിൽ കിഴക്കുനിന്നു വന്ന ജ്ഞാനികൾക്കു ദൃശ്യമായി വഴിയാത്രക്കാരായ ജോസഫിനും മേരിയ്ക്കും ഒരു ദിവ്യശിശു ജനിച്ച സന്ദേശം ചരിത്രത്തിൽ ചികഞ്ഞാൽ കണ്ടെന്നിരിക്കില്ല. യേശുവിന്റെ ബാല്യവും യൌവനവും ബന്ധിപ്പിച്ച കണ്ണി കണ്ടുപിടിക്കാനും സാധിക്കില്ല. യേശുവിന്റെ ജനനം ആദികാല ക്രിസ്ത്യാനികളുടെ താല്പര്യങ്ങളനുസരിച്ച് അന്നത്തെ സഭയുടെ തലപ്പത്തിരുന്നവർ യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിലെ ഹീബ്രു വചനങ്ങളുമായി യോജിപ്പിക്കുകയായിരുന്നു. രക്ഷകനെന്നർത്ഥ'ത്തിൽ 'മിശിഹാ' യുടെ വരവെന്ന പ്രവചനവും ഏതോ താത്ത്വികന്റെ ബുദ്ധി വൈഭവത്തിൽനിന്നും ഉടലെടുത്തു. അസാധാരണ ചിന്താമൂല്യങ്ങളും വൈരുദ്ധ്യങ്ങളുമടങ്ങിയ ദിവ്യമായ ഒരു ജീവിതമായിരുന്നു യേശു എന്ന ദേവൻ ലോകത്തിനായി കാഴ്ച വെച്ചത്.
ജറൂമിയായുടെ പ്രവചനമനുസരിച്ച് അവൻ ദാവീദു ഗോത്രത്തിലെ പുത്രനായി ജനിച്ചിരിക്കണം. ജനനവും ദാവീദിന്റെ പട്ടണത്തിലായിരിക്കണം. ദാവിദിന്റെ പട്ടണമായ ബതലഹേം അവന്റെ വരവിനായി കാത്തിരുന്നു. എന്നാൽ യേശുവിനെ അറിയുന്നത് നസ്രായേൽക്കാരനെന്നാണ്. ജറൂമിയായുടെ പ്രവചനം അവനിൽക്കൂടി നിറവേറാൻ യഹൂദജനം ഇഷ്ടപ്പെട്ടിരുന്നില്ല. അന്നുള്ള യഹൂദരും ഫരീസിയരും യേശു നസ്രത്തിൽ ജനിച്ചുവെന്നാണ് .കരുതിയിരുന്നത്. യേശുവിന്റെ ആരംഭം മുതലുള്ള ജീവിതവും ജനങ്ങളിൽ പ്രതിഫലിച്ചിരുന്നത് നസ്രായക്കാരനെന്ന നിലയിലായിരുന്നു . ആദ്യ നൂറ്റാണ്ടിലുള്ള ക്രിസ്ത്യാനികൾ അതിനുത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നു. യേശുവിന്റെ മാതാപിതാക്കൾ ബതലഹേമിൽ ജനിച്ചതുകൊണ്ട് യേശുവും ബതലഹേമിൽ ജനിച്ചെന്നുള്ള അനുമാനവും കണ്ടെത്തി. .
യേശുവിന്റെ ജനനത്തിനു മുമ്പായി രാജ്യത്തിലെ പൌരന്മാർക്ക് തങ്ങളുടെ ജനിച്ച സ്ഥലങ്ങളിൽനിന്നും സെൻസസെടുക്കണമെന്ന് അക്കാലത്ത് റോമായിലെ സീസറിന്റെ കല്പ്പനയുണ്ടായിരുന്നു. ജോസഫിന്റെയും മേരിയുടെയും ജന്മം തന്ന സ്ഥലങ്ങൾ ബതലഹേമിലായിരുന്നതു കൊണ്ട് സെൻസസ് വിവരങ്ങൾ നല്കുവാൻ അവർക്ക് നസറേത്തിൽനിന്നും ബതലഹേമിലേക്ക് ദുർഘടവും ദുരിത പൂർണ്ണവുമായ വഴികളിൽക്കൂടി യാത്ര പുറപ്പെടേണ്ടി വന്നു. സീസറിന്റെ നിയമങ്ങളെ ആർക്കും ധിക്കരിക്കാൻ സാധിച്ചിരുന്നില്ല. നസറെത്ത് പട്ടണം കടന്നു ബതലഹേമിലെത്തിയപ്പോൾ മേരി അവശയും പരവശയുമായിരുന്നു. താമസിക്കാനോ വിശ്രമിക്കാനൊ ഇടമില്ലാതെ അവർ വലഞ്ഞു. അവർക്കു മുമ്പിൽ വഴിയമ്പലങ്ങളും സത്രങ്ങളും വാതിലുകളടച്ചു. ആടുമാടുകൾ മേഞ്ഞിരുന്ന മേച്ചിൽ സ്ഥലങ്ങൾക്ക് സമീപമുള്ള പുൽക്കൂട്ടിനുള്ളിൽ മേരി യേശുവിനു ജന്മം നല്കി. അങ്ങനെ വാഗ്ദാന ഭൂമിയിലെ ജറൂമിയായുടെ പ്രവചനം അവിടെ പൂർത്തിയാക്കിക്കൊണ്ട് ആദ്ധ്യാത്മികതയ്ക്ക് മാറ്റുകൂട്ടി.
സഭയുടെ പാരമ്പര്യ വിശ്വാസമനുസരിച്ച് യേശുവിനു ജന്മം നല്കിയ മേരി നിത്യ കന്യകയാണ്. ചരിത്രത്തിലെ മേരിയിൽ നിത്യകന്യാകത്വം സ്ഥാപിക്കാൻ ബുദ്ധിമുട്ടുകളുണ്ട്. മേരിയെ സഭ നിത്യ കന്യകയായി വാഴ്ത്തുന്നുണ്ടെങ്കിലും നിഷ്പക്ഷമായി ബൈബിൾ വായിക്കുന്നവർക്ക് അത് പൂർണ്ണമായും സമ്മതിക്കാൻ സാധിക്കില്ല. ചരിത്രത്തിലുള്ള യേശുവിന് വലിയ ഒരു കുടുംബവും സഹോദരങ്ങളും സഹോദരികളുമുണ്ടായിരുന്നതായി വചനങ്ങളിൽ കാണുന്നു. സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നപോലെ 'ജയിംസ്, ജോസഫ്, സൈമണ്‍ , ജൂദാസ് (ഒറ്റുകാരനായ ജൂദായല്ല) എന്നിങ്ങനെ കുറഞ്ഞത് നാലു സഹോദരന്മാർ യേശുവിനുള്ളതായി പരാമർശനമുണ്ട്. ഇക്കാര്യം ബൈബിളിൽ വ്യക്തമായി വിവരിച്ചിട്ടുമുണ്ട്. പോളിന്റെ കത്തുകളിലും സുവിശേഷങ്ങളിലും യേശുവിന്റെ സഹോദരന്മാരെപ്പറ്റി ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. അറിയപ്പെടാത്ത സഹോദരികളും സുവിശേഷത്തിലുണ്ട്.ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച 'ജോസഫ്സെന്ന' യഹൂദ ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് 'യേശുവിന്റെ മരണശേഷം അവിടുത്തെ സഹോദരനായ ജയിംസ് ആദിമ സഭയുടെ നേതൃത്വം വഹിച്ചിരുന്നുവെന്നാണ്. .
വചനത്തിലെ 'സഹോദരങ്ങളെന്ന' പ്രയോഗത്തിൽ സഭയുടെ ദൈവ ശാസ്ത്രജ്ഞർക്ക് വിഭിന്നങ്ങളായ അഭിപ്രായങ്ങളാണുള്ളത്. 'സഹോദരൻ' എന്ന പദം ഗ്രീക്കു ഭാഷയിൽ നിന്നുള്ള തെറ്റായ വിവർത്തനമെന്നു വാദിക്കുന്നു. ഗ്രീക്കു ഭാഷയിൽ 'അഡെൽഫോസ്' (Adelphos) എന്ന വാക്കിൻറെയർത്ഥം കസ്യൻസെന്നാണ്. അർദ്ധ സഹോദരന്മാരെന്നും അർത്ഥമുണ്ട്. ക്രിസ്തുവിനൊപ്പം നടന്ന സഹോദരർ ജോസഫിന്റെ മുൻ'വിവാഹത്തിൽ നിന്നുള്ള മക്കളുമാകാം. വ്യാഖ്യാനങ്ങളിൽ ക്കൂടി വചനത്തിലെ വാക്കുകൾക്ക് വേറെ അർത്ഥങ്ങൾ കൽപ്പിക്കാമെങ്കിലും പുതിയ നിയമത്തിൽ 'സഹോദരന്മാർ' എന്ന വാക്കിനു പകരമായി മറ്റൊരു വാക്ക് ഒരു വചനത്തിലും കാണുന്നില്ല. യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് യേശു ഏക ജാതനെന്നും കരുതാൻ പ്രയാസമാണ്.
കുരിശു മരണശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറയ്ക്കുള്ളിൽ അടക്കുകയും ചെയ്തെന്ന് സുവിശേഷം പറയുന്നു. അസാധാരണമായ ആ സംഭവം സത്യമെങ്കിൽ അന്നത്തെ റോമൻ ഭരണാധികാരികളെ സഹാനുഭൂതിയുള്ളവരായി കണക്കാക്കണം. കുരിശു മരണമെന്നുള്ളത് റോമിനെ സംബന്ധിച്ച് വെറും വധശിക്ഷ മാത്രമായിരുന്നില്ല. രാജ്യത്തിനും ജനങ്ങൾക്കും പൊതുവേ ഭീക്ഷണിയാകുന്നവരെയാണ് അക്കാലങ്ങളിൽ പരസ്യമായി കുരിശിൽ തറച്ചിരുന്നത്. കുറ്റവാളികളെ മരിച്ചു കഴിഞ്ഞാലും തൂക്കിയിടുകയാണ് പതിവ്. കുരിശിൽ തറയ്ക്കുന്നവരെ ഒരിക്കലും കുഴിച്ചിട്ടിരുന്നില്ല. കുരിശിൽ മരിക്കുംവരെ പീഡിപ്പിക്കുക, നരകിപ്പിക്കുക എന്ന മുറകളായിരുന്നു ക്രിസ്തുവിന്റെ കാലങ്ങളിൽ നിലവിലുണ്ടായിരുന്നത്. മരിച്ച ശരീരം പിന്നീട് പട്ടികൾക്കും കഴുകന്മാർക്കും എറിഞ്ഞു കൊടുക്കും. എല്ലുകൾ നിക്ഷേപിക്കാനുള്ള കൂമ്പാരങ്ങളുമുണ്ടായിരുന്നു. ഗോല്ഗോത്താ (ഗാഗുൽത്താ) എന്ന വാക്കിന്റെ അർത്ഥം തന്നെ തലയോട്ടികളും എല്ലുകളും സംക്ഷേപിക്കുന്ന സ്ഥലമെന്നാണ്. യഹൂദ രാജ്യത്ത് കുരിശിൽ മരിച്ച യേശുവിനെ ഒരു ധനികന്റെ സംസ്ക്കാരാചാരങ്ങളോടെ കല്ലറയിൽ ശവം മറവു ചെയ്തുവെന്നുള്ളതും അവിശ്വസിനീയമാണ്.
യേശുവിന്റെ ജീവിതവുമായുള്ള പഠനത്തിൽ പന്ത്രണ്ടു ശിക്ഷ്യന്മാർ ഉള്ളതായി നാം അറിയുന്നു. ശിക്ഷ്യന്മാർ ആരോക്കെയെന്നുള്ളത് ഒരു കെട്ടുകഥയുടെ രൂപത്തിലേ മനസിലാക്കാൻ സാധിക്കുള്ളൂ. പുതിയ നിയമം വായിക്കുകയാണെങ്കിൽ സ്ത്രീ ജനങ്ങളും യേശുവിനെ പിന്തുടരുന്നതായി കാണാം. യേശുവിന്റെ സുവിശേഷം കേൾക്കാൻ അനേകർ വരുന്നു, സൌഖ്യം പ്രാപിക്കുന്നു, പട്ടണത്തിൽ പ്രവേശിക്കുന്ന യേശുവിനെ ജനക്കൂട്ടം ഒന്നായി പിന്തുടരുന്നുവെന്നും പുതിയ നിയമത്തിൽ വായിക്കാം. മറ്റൊരു കൂട്ടർ കരകൾ തോറും അവനോടൊപ്പം പിന്തുടരുന്നതായും കാണാം. എഴുപതിൽപ്പരം ജനങ്ങൾ യേശുവിനെ പിന്തുടരുന്നതായി ലൂക്കിന്റെ സുവിശേഷത്തിലുണ്ട്. അവരെല്ലാം യേശുവിന്റെ ശിക്ഷ്യന്മാരായും ഗണിക്കുന്നു. യേശുവിനെ പിന്തുടർന്ന പന്ത്രണ്ടു പേരെ അപ്പസ്തോലന്മാരായി കരുതുന്നു. അവർ ശിക്ഷ്യന്മാർ മാത്രമല്ല, യേശുവിനെ പിന്തുടരുകയും അതോടൊപ്പം മറ്റുള്ള പട്ടണങ്ങളിൽ പോയി അവന്റെ വേദങ്ങൾ പ്രസംഗിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രവർത്തനങ്ങളെ വീക്ഷിക്കാൻ മറ്റാരുമുള്ളതായി വചനത്തിലില്ല. എന്തും സ്വതന്ത്രമായി അവന്റെ വചനങ്ങളെപ്പറ്റി ജനത്തോടു സംസാരിക്കാൻ അനുവാദവുമുണ്ടായിരുന്നു. യേശുവിന്റെ പ്രേഷിത പ്രവർത്തനങ്ങളിൽ അവരായിരുന്നു പ്രധാന മിഷ്യനറിമാർ.
പുതിയ നിയമം വായിക്കുന്നൊരാൾക്ക് റോമ്മായുടെ ഗവർണ്ണരും ന്യായാധിപതിയുമായിരുന്ന പൊന്തിയോസ് പീലാത്തൊസ് വളരെ സത്യവാനായി തോന്നും. അതെ സമയം ദുർബലമായ മനസോടുകൂടിയ ഒരു വിധികർത്താവായും ചിത്രികരിച്ചിരിക്കുന്നു. യേശുവിനെ ശിക്ഷിക്കുന്ന സമയം കാര്യ നിർവഹണങ്ങൾ വഹിച്ചിരുന്നത് യഹൂദരായ അധികാരികളായിരുന്നു. നിഷ്കളങ്കനായ ഒരുവനെയാണ് കുരിശിൽ തറയ്ക്കുന്നതെന്നും പീലാത്തോസിനറിയാമായിരുന്നു. എന്നാൽ ചരിത്രത്തിലെ പീലാത്തോസിന്റെ കഥ മറ്റൊന്നാണ്. പീലാത്തോസുമായി അഭിപ്രായ ഭിന്നതയുള്ള യഹൂദരെ കൂട്ടക്കൊലകൾ നടത്തിയതായി പൌരാണിക കൃതികളിൽ വിവരിക്കുന്നുണ്ട്.. അയാളുടെ പത്തു കൊല്ലത്തെ ഗവർണ്ണർ ഭരണ കാലത്തിൽ വിചാരണ കൂടാതെ ആയിരക്കണക്കിന് യഹൂദ ജനങ്ങളെ കുരിശിൽ തറച്ചതായും ചരിത്രമുണ്ട്. റോമ്മായിൽനിന്ന് യഹൂദർക്ക് ഒരിക്കലും നീതി ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിൽ യഹൂദർക്കെതിരെ വിപ്ലവം സൃഷ്ടിച്ച യേശുവിനെ വിധിക്കാൻ യഹൂദരോടൊപ്പം പീലാത്തൊസ് പങ്കുചേർന്നുവെന്നും വിശ്വസിക്കാൻ പ്രയാസമാണ്. യുക്തിക്ക് നിരക്കുന്നതുമല്ല. യേശുവിന്റെ കുരിശു മരണം വെറും ഭാവനകളായി മാത്രമേ ചിന്തിക്കുന്നവർക്ക് തോന്നുകയുള്ളൂ.
അദ്ധ്യാത്മികതയിലെ യേശു ലോക രക്ഷകനായി വന്ന് പാപികൾക്കായി മരിച്ചു. ചരിത്രത്തിലെ യേശുവിനെ യഹൂദ പുരോഹിതരും റോമൻ അധികാരികളും കൂടി വധിച്ചു. ചരിത്രപരമായ വീക്ഷണത്തിൽ അവൻ ലോകത്തിന്റെ പാപവും പേറിക്കൊണ്ടല്ല മരിച്ചത്. മൌലികത തുളുമ്പുന്ന ഉപദേശിയുടെയും പുരോഹിതന്റെയും ഭാഷ ചരിത്രമായി കണക്കാക്കാൻ സാധിക്കില്ല. അവൻ മരിച്ചപ്പോൾ അവന്റെ അനുയായികൾ അവന്റെ മരണത്തിൽ ഒരു അർത്ഥം കല്പ്പിച്ചു. അങ്ങനെയവൻ പ്രവാചകനായി, മിശിഹായായി, ദൈവ പുത്രനായി അറിയപ്പെട്ടു. ആദ്ധ്യാത്മികതയുടെ അദ്ധ്യായങ്ങളിൽ അവന്റെ പേര് വർണ്ണഭംഗികളോടെ കൂട്ടിച്ചേർത്തു. പൊന്നിൻ കുടത്തിന് തിലകമെന്തിനെന്ന ചോദ്യംപോലെ യാതൊരു ഭൂഷണാലങ്കാരവുമില്ലാത്ത യേശുവിനെയാണ് നല്ലവന്റെ ഹൃദയം കാക്കുന്ന മനുഷ്യ സംസ്ക്കാരത്തിന്റെ യേശുവായ് ചരിത്രം കരുതുന്നത്.
Jesus in front of Pilete |
ഇസ്ലാം മതത്തിലും ജീസസിനെ കുറിച്ച് ഏറെ പറയുന്നുണ്ട്. ജീസസിന്‍റെ മാതാവ് മേരിയെ കുറിച്ച് ഒരു അദ്ധ്യായം തന്നെയുണ്ട്. ജീസസ് മരിച്ചിട്ടില്ലെന്നും തിരിച്ചുവരുമെന്നും വിശ്വസിക്കുന്നു. http://www.islamicity.org/6405/jesus-in-the-quran/
ReplyDeleteThank you Moh'd for your coment. മേരിയെപ്പറ്റി ബൈബിളിലുള്ള വിവരങ്ങളെക്കാൾ ഖുറാനിലാണ് ഉള്ളത്. മേരിയെ ഇസ്‌ലാമിൽ പ്രവാചക തുല്യമായും സത്യവതിയായും ബഹുമാനിക്കുന്നു. ലിങ്ക് ചെയ്തിരിക്കുന്ന താഴെയുള്ള എന്റെ ലേഖനം വായിക്കുക.
Deletehttp://www.emalayalee.com/varthaFull.php?newsId=83393