Tuesday, December 30, 2014

അടല്‍ ബിഹാരി വാജ്പയിയുടെ ഭാരത രത്നം രാഷ്ട്രത്തിന്റെ സ്വപ്നം



By ജോസഫ് പടന്നമാക്കൽ

1953 മെയ് എട്ടാംതിയതി  28 വയസുള്ള ചെറുപ്പക്കാരനായ  ഒരു യുവാവ്  ഒരു തകരപ്പെട്ടിയും അതിനുമുകളിൽ ബ്ലാങ്കറ്റും  യാത്രാ കിറ്റുകളുമായി  ഡൽഹി റയിൽവേ   സ്റ്റേഷനിൽ  റിസർവേഷനില്ലാത്ത ട്രെയിനിലെ  ഒരു കംപാർട്ട്മെന്റിൽ  ഇടിച്ചു കയറുന്നവരുടെ മുമ്പിലുണ്ടായിരുന്നു. തന്റെ നേതാവായ ശ്യാമ പ്രസാദ മുക്കർജിക്കു വേണ്ടിയും തനിക്കു വേണ്ടിയും സീറ്റു  പിടിക്കാൻ മുമ്പിലുണ്ടായിരുന്ന ആ ചെറുപ്പക്കാരനായ വാജ്പയി  ഇന്ത്യയുടെ പ്രധാന മന്ത്രി  പദം മൂന്നു പ്രാവിശ്യം അലങ്കരിക്കുകയും  2014 ഡിസംബറിൽ ഭാരത രത്നമായി അവരോധിക്കുകയും  ചെയ്തു.  ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ  ചേർക്കണമെന്ന സമരകാഹളവുമായി കാശ്മീരിലേക്ക്  തിരിച്ച മുക്കർജിയെ യാത്രയയക്കാൻ  റയിൽവേ  സ്റ്റേഷനിൽ  ആരാധകരായവരുടെ ഒരു ജനക്കൂട്ടവുമുണ്ടായിരുന്നു. അന്നുവരെ ഒരു പത്ര പ്രവർത്തകനായിരുന്ന വാജ്പയി    മുക്കർജിയോടൊപ്പം യാത്രതിരിച്ചത് അദ്ദേഹത്തിൻറെ രാഷ്ട്രീയ കാര്യ സെക്രട്ടറിയെന്ന നിലയിലായിരുന്നു. വാജ്പയി  അന്നും പില്ക്കാലജീവിതത്തിലും  മുക്കർജിയെ   ആരാധന പാത്രമായി തന്റെ മനസിനുള്ളിൽ  എന്നും പ്രതിഷ്ഠിച്ചിരുന്നു. മുക്കർജിയുടെ  അന്നത്തെ യാത്രയുടെ  ലക്ഷ്യം  ജമ്മു കാഷ്മീരിലേക്കുള്ള പ്രവേശനനിരോധനം ലംഘിക്കുകയെന്നതായിരുന്നു. കാശ്മീരിനെ പൂർണ്ണമായി ഇന്ത്യൻ യൂണിയനോട് ലയിപ്പിക്കണമെന്ന ഒരു വിപ്ലവ മുന്നേറ്റം അന്ന് നയിച്ചിരുന്നത് ശ്യാമ പ്രസാദ മുക്കർജിയായിരുന്നു.  


നിയമം ലംഘിച്ച് ജമ്മു കാശ്മീരിൽ അതിർത്തി കടക്കാൻ ശ്രമിക്കവേ മുക്കർജിയെ 1953- മെയ് പത്താം തിയതി അറസ്റ്റുചെയ്ത് ശ്രീ നഗർ ജയിലിലാക്കി. ഈ സന്ദേശം ജനങ്ങളോടു പറയാൻ അന്ന് യുവാവായിരുന്ന വാജ്പയിയെ അദ്ദേഹം ഡൽഹിയിലേക്ക് മടക്കി അയയ്ക്കുകയാണുണ്ടായത്. "പാർട്ടിയണികളോട് സമരം തുടരാനും  ഒരു രാജ്യത്ത് രണ്ടു ഭരണ ഘടനകളോ രണ്ടു പ്രധാന മന്ത്രിമാരോ   രണ്ടു ദേശീയ പതാകകളോ  പാടില്ലാന്നും" അദ്ദേഹം സന്ദേശത്തിൽ  എഴുതിയിരുന്നു. അവിടുന്ന് 'വാജ്പയി ' എന്ന യുവസിംഹം കടഞ്ഞെഴുന്നേറ്റ് ഭാവി ഭാരതത്തിന്റെ വാഗ്ദാന പ്രധാനമന്ത്രിയാകുവാനുള്ള ഓട്ടത്തിന്റെ ആരംഭം കുറിച്ചു. പിന്നീട്  അദ്ദേഹത്തിന് വിശ്രമമില്ലാത്ത ഒരു ജീവിതമായിരുന്നുണ്ടായിരുന്നത്. 1953 ജൂണ്‍  ഇരുപത്തിമൂന്നാം തിയതി ദുരഹ സാഹചര്യത്തിൽ ശ്രീ നഗർ ജയിലിൽ വെച്ച് ശ്യാമ പ്രസാദ് മുക്കർജി അന്തരിച്ചു. അതിനുശേഷം ജന്മ സിദ്ധമായ പ്രസംഗ ചാതുരിയോടെ തന്റെ പ്രിയപ്പെട്ട ആചാര്യന്റെ സന്ദേശം വാജ്പയി  ഭാരതം മുഴുവൻ പ്രചരിപ്പിക്കാൻ തുടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ പ്രകാശമായ ഈ രാഷ്ട്രീയയോദ്ധാവിന്റെ ഗർജിക്കുന്ന  യുവശബ്ദം  ദേശങ്ങൾതോറും പട്ടണങ്ങളും ഗ്രാമങ്ങളും   ശ്രവിക്കുന്നുണ്ടായിരുന്നു.


വാജ്പയി  ഗ്വാളിയറിലെ ഒരു സാധാരണ കുടുംബത്തിൽ 1924 ഡിസംബർ  25ന് ജനിച്ചു.  പിതാവായ കൃഷ്ണ ബിഹാരി വാജ്പയിയും  അദ്ദേഹത്തെപ്പോലെ അദ്ധ്യാപകനും കവിയുമായിരുന്നു. അമ്മയുടെ പേര് കൃഷ്ണ ദേവിയെന്നായിരുന്നു.  സരസ്വതി ശിശു മന്ദിരം സ്കൂളിൽ നിന്ന് ആദ്യ പാഠങ്ങൾ പഠിച്ചു. പിന്നീട് വിക്റ്റോറിയാ കോളേജിൽ നിന്ന് ബിരുദമെടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും ഒന്നാം ക്ലാസ്സോടെ ബിരുദങ്ങൾ നേടി. കോണ്‍പൂരിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും (M.A.) കരസ്ഥമാക്കി. മനസുനിറയെ എക്കാലവും ദേശസ്നേഹം നിറഞ്ഞിരുന്നു. പഠന ശേഷം ഹിന്ദി ഭാഷയിലുള്ള നിരവധി പത്രമാധ്യമങ്ങളുടെ പത്രാധിപരായും എഡിറ്ററായും  ജോലി ചെയ്തു. ശ്യാമ പ്രസാദ് മുക്കർജി സ്ഥാപിച്ച വലതുപക്ഷ ചിന്താഗതിയുള്ള ഭാരതീയ ജനസംഘത്തിൽ 1951-മുതൽ അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. മുക്കർജിയുടെ കടുത്ത  ആരാധകനായി രാഷ്ട്രീയക്കളരിയിൽ അങ്കം വെട്ടാനുള്ള തുടക്കവുമിട്ടു. 1954-ൽ കാശ്മീരിൽ വെച്ച് മുക്കർജി മരിക്കുംവരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു.


1957-ലെ പൊതു തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ബൽറാം മണ്ഡലത്തിൽ നിന്നും വാജ്പയി ലോകസഭയിലേക്ക് ആദ്യമായി  തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ അദ്ദേഹത്തിൻറെ പാർലമെന്റിലെ കന്നിപ്രസംഗം പണ്ഡിറ്റ് നെഹ്റു ഉൾപ്പടെയുള്ള  മുതിർന്ന നേതാക്കന്മാരുടെ പ്രശംസയ്ക്കർഹമായി. വിദേശ രാജ്യത്തിലെ ഒരു മുതിർന്ന  നേതാവ് വന്നപ്പോൾ വാജ്പയിയെ പരിചയപ്പെടുത്തിക്കൊണ്ട്   നെഹ്റു പറഞ്ഞത് 'ഒരിക്കൽ ഈ യുവാവായ മനുഷ്യൻ  ഭാരതത്തെ നയിക്കേണ്ട പ്രധാനമന്ത്രി'യാകുമെന്നായിരുന്നു.  47 വർഷം ഇന്ത്യൻ പാർലമെന്റിന്റെ തിളങ്ങുന്ന താരമായി അദ്ദേഹം ശോഭിച്ചു. പതിനൊന്നു പ്രാവിശ്യം ലോക സഭയിലേക്കും രണ്ടു പ്രാവിശ്യം രാജ്യസഭയിലേക്കും  തെരഞ്ഞെടുത്തു. എങ്കിലും അദ്ദേഹത്തിൻറെ മനസിലെന്നും ജമ്മു കാശ്മീരായിരുന്നു. ജമ്മു കാശ്മീർ നയത്തിൽ നെഹ്റുവിന്റെ  ഏറ്റവും വലിയ വിമർശകനും വാജ്പയിയായിരുന്നു.


1977-ൽ ജനതാ പാർട്ടി സർക്കാരിന്റെ വിദേശ മന്ത്രിയായിരുന്നപ്പോഴും പാക്കിസ്ഥാനുൾപ്പടെ ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി  സൌഹാർദ്ദം പുലർത്താനായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്.  'സുഹൃത്തുക്കളെ  നിങ്ങൾക്ക് വേണ്ടെന്നു വെയ്ക്കാൻ സാധിക്കും ; എന്നാൽ അയല്ക്കാരനെ ഉപേക്ഷിക്കാൻ സാധിക്കില്ലന്ന്'   വാജ്പയി കൂടെ കൂടെ പറയുന്ന ഒരു പല്ലവിയായിരുന്നു. ചർച്ചകളിൽക്കൂടി ജമ്മു കാശ്മീർ പ്രശ്നം പരിഹരിക്കണമെന്നുള്ളത് അദ്ദേഹത്തിൻറെ എന്നുമുണ്ടായിരുന്ന അജണ്ടയായിരുന്നു.  1996-ൽ വാജ്പയി വെറും പതിമൂന്നു ദിവസം പ്രധാനമന്ത്രിയായി. 1998-ൽ പതിമൂന്നു മാസവും 1999-ൽ അഞ്ചു വർഷം പൂർത്തികരിച്ചും  ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു.  1992-ൽ പത്മവിഭൂഷണ്‍   ലഭിച്ചിരുന്നു. 1994-ൽ  ഏറ്റവും നല്ല പാർലമെന്ററിയനായി  തെരഞ്ഞെടുത്തു. ഭാരത രത്ന ലഭിക്കാൻ  ജീവിത സായാഹ്നത്തിലെ 2014 ഡിസംബർവരെ കാത്തിരിക്കേണ്ടി വന്നു.


വ്യത്യസ്തങ്ങളായ  നാലു സ്റ്റേറ്റുകളിൽ നിന്ന് അദ്ദേഹം പാർലമെന്ററിയനായി തെരഞ്ഞെടുക്കപ്പെട്ടതും  ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവമായിരുന്നു.  ഗുജറാത്ത്, ഉത്തർ പ്രദേശ്, മദ്ധ്യ പ്രദേശ്,  ദൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു  എം.പി.യായി വിജയിച്ചത്. അദ്ദേഹം ഭാരതത്തിന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ  രാഷ്ട്രീയത്തിന്റെ ചുവടുകൾ നീട്ടാൻ തുടങ്ങിയിരുന്നു. ഭാരതീയ ജനസംഘ പാർട്ടിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായിരുന്നു.  മഹാത്മാ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചുള്ള  ക്വിറ്റ്  ഇന്ത്യാ (Quit India ) സമരത്തിൽ അന്ന് അദ്ദേഹത്തെ  അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഹിന്ദി ഭാഷയെ അഗാധമായി സ്നേഹിച്ചിരുന്നു. യുണൈറ്റഡ് നാഷണിൽ ആദ്യമായി ഹിന്ദിയിൽ  സംസാരിച്ച പ്രധാനമന്ത്രിയെന്ന  നിലയിലും വാജ്പയിയെന്ന മഹാനെ  അറിയപ്പെടുന്നു.


വാജ്പയി ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. 'നമിതാ' എന്ന മകളെ ദത്തെടുത്തിരുന്നു. അവർ അദ്ദേഹത്തിൻറെ സുഹൃത്തുക്കളും ബന്ധുക്കളുമായി നല്ല മൈത്രിയിലും  ബന്ധങ്ങൾ  പരിപാലിച്ചും അദ്ദേഹത്തെ ശുശ്രുഷിച്ചും  കുടുംബത്തിൽ കഴിയുന്നു.  കവിയായ വാജ്പയി  തന്റെ പ്രസംഗ കലയിലെ   കവിതകളിൽക്കൂടി ആസ്വാദകരെയെന്നും ആനന്ദിപ്പിച്ചിരുന്നു. പ്രസംഗത്തിലും കവിതകൾ ചൊല്ലി ജനങ്ങളുടെ ശ്രദ്ധയെ ആകർഷിക്കാൻ അദ്ദേഹത്തിന് അസാമാന്യമായ ചാതുര്യവുമുണ്ടായിരുന്നു. മിക്ക പ്രസംഗങ്ങളുടെ മദ്ധ്യേയും അദ്ദേഹമെഴുതിയ ഒരു കവിതാശകലം പരായണം ചെയ്യുക പതിവായിരുന്നു.


കോണ്‍ഗ്രസിന്റെ മുപ്പതു വർഷത്തെ ഭരണശേഷം ഡൽഹിയിൽ ഒരു പുതിയ ഭരണകൂടം അധികാരമെടുത്ത ദിനം, വാജ്പയി വിദേശ കാര്യമന്ത്രിയായി തന്റെ ഓഫീസിൽ ആഗതനായ ദിവസത്തിൽ, ചുറ്റുമുള്ള ഭിത്തികളിൽ അപ്രത്യക്ഷ്യങ്ങളായിരിക്കുന്ന ഫോട്ടോകളെപ്പറ്റി അന്വേഷിച്ചു.  അതിനുമുമ്പ് പലവട്ടം അദ്ദേഹം ആ ഓഫീസ് സന്ദർശിച്ചിട്ടുള്ളതായിരുന്നു. അന്നുള്ള കാര്യാലയങ്ങളിൽനിന്നും   അനേക വർഷം രാജ്യം ഭരിച്ച നേതാക്കന്മാരുടെ ഫോട്ടോകൾ ഒളിച്ചു വെയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിരുന്നു. വാജ്പയി തന്റെ മുറിയിലുണ്ടായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ  പടം എവിടെയെന്നു  ചോദിച്ചു.  ആ പടം ഉടൻ മടക്കി വേണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.  നെഹ്റു ജീവിച്ചിരുന്ന നാളുകളിൽ വാജ്പയുടെ പാർട്ടിയും  നെഹ്റുവുമായി ആശയപരമായി ഒരു കാര്യങ്ങളിലും യോജിച്ചിരുന്നില്ല. നെഹ്റുവിന്റെ നയങ്ങളെയും സംസ്ക്കാരത്തെയും രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും വാജ്പയി  ശക്തമായി എതിർത്തിരുന്നു. അർ.എസ്.എസ്. പാർട്ടിയുടെ വക്താവായി  അദ്ദേഹമന്നു  സർക്കാരിന്റെ നയങ്ങൾക്കെതിരെ പാർലമെന്റിൽ കാര്യ കാരണ വിവരങ്ങളോടെ സംസാരിക്കുമായിരുന്നു.   നെഹ്റുവിന്റെ  ആംഗളേയ സംസ്ക്കാരത്തെയും  അദ്ദേഹത്തിൻറെ ന്യൂനപക്ഷങ്ങളോടുള്ള  മൃദുലസമീപനത്തെയും   ഭൂരിപക്ഷ സമുദായത്തെ അവഗണിക്കലും   ആർ എസ് എസ് പാർട്ടിയെ അക്കാലങ്ങളിൽ ചൊടിപ്പിച്ചിരുന്നു. കാശ്മീരിന്റെ പകുതി വിഭജിച്ചവനെന്ന ലേബലും നെഹ്റുവിനുണ്ടായിരുന്നു.  നാസ്തികനായിരുന്ന നെഹ്റു   സോവിയറ്റ് യൂണിയനുമായി മൈത്രിയുണ്ടാക്കുന്നതിലും വാജ്പയിക്കും പാർട്ടിയ്ക്കും എതിർപ്പുണ്ടായിരുന്നു.   വാജ്പയി വിദേശകാര്യമന്ത്രിയായി ചുമതലയെടുക്കുന്നതിനു രണ്ടു വർഷം മുമ്പ് അടിയന്തിരാവസ്ഥ കാലത്ത് നെഹ്റുവിന്റെ മകൾ  ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ കൽത്തുറങ്കലിൽ അടച്ചിരുന്നു.  തുടർച്ചയായി അനന്തരാവകാശികൾ രാജ്യം ഭരിക്കുന്നതിലും അദ്ദേഹത്തിനു എതിർപ്പുണ്ടായിരുന്നു. എന്നിട്ടും നെഹ്റുവിന്റെ ഫോട്ടോ തന്റെ ഓഫീസിലേക്ക് മടക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ടതും  നിഷ്കളങ്ക ഹൃദയനായ  ആ മഹാന്റെ മഹാ മനസ്കതയെ പ്രകടീകരിക്കുന്നു . സ്വതന്ത്ര ഇന്ത്യയുടെ വിദേശകാര്യം പതിനേഴു വർഷത്തോളം  കൈകാര്യം ചെയ്തിരുന്നത് നെഹ്റുവായിരുന്നു.


1964-മെയ്മാസം  പാർലമെന്റിൽ  വാജ്പയും  നെഹ്‌റുവുമായി  പരസ്പരം മുഖാമുഖമായ  ചൂടുപിടിച്ചൊരു  വാദ പ്രതിവാദമുണ്ടായി.  അത്   നെഹ്റു മരിക്കുന്നതിനു  തൊട്ടുള്ള ദിവസങ്ങളിലായിരുന്നു. കാശ്മീരിലെ ഷേക്ക് അബ്ദുള്ളായെ ജയിൽ വിമുക്തനാക്കിയതിനുശേഷം   അദ്ദേഹത്തെ അധികം താമസിയാതെ പാക്കിസ്ഥാൻ  പ്രസിഡണ്ട്  ഫീൽഡ് മാർഷൽ അയൂബ്ഖാനുമായി ഉടമ്പടിയുണ്ടാക്കാൻ  പാക്കിസ്ഥാനിലേക്ക് അയച്ചതായിരുന്നു അന്ന് വാജ്പയിയെ ചൊടിപ്പിച്ചത്.  ശതൃരാജ്യമായ പാക്കിസ്ഥാനുമൊത്ത്  ഇന്ത്യാ സംഭാഷണത്തിനു തുനിഞ്ഞതിൽ  ആർ എസ് എസ് എതിർത്തിരുന്നു. ഷേക്ക് അബ്ദുള്ളയ്ക്ക് കാശ്മീരിനെ   സ്വതന്ത്ര കാശ്മീരാക്കണമെന്നുള്ള  നയമായിരുന്നുണ്ടായിരുന്നത്. അതിനായി കാശ്മീരിനു പരമാധികാരം നല്കിക്കൊണ്ട്   ഇന്ത്യാ, പാക്കിസ്താൻ, കാശ്മീർ എന്നിങ്ങനെ  മൂന്നു രാജ്യങ്ങളുൾപ്പെട്ട ഉടമ്പടിയുണ്ടാക്കാൻ അണികളെ വിപ്ലവത്തിനു  പ്രേരിപ്പിച്ചിരുന്നു.  ഷേക്ക് അബ്ദുള്ള  അന്ന് പാക്കിസ്ഥാനിലായിരിക്കുമ്പോൾ  നെഹ്റു മരിച്ചു. പാക്കിസ്ഥാന്റെ കൈവശമുള്ള ജമ്മുവിലെ മുസാഫാറാസ് നഗരത്തിൽ  ഷേക്ക് അബ്ദുള്ള തന്റെ പ്രസംഗ മദ്ധ്യേ നെഹ്‌റു  മരിച്ച വാർത്തയറിഞ്ഞയുടൻ പ്രസംഗിയ്ക്കാൻ കഴിയാതെ  പൊട്ടിക്കരഞ്ഞു. ഡൽഹിയിലെ തീൻമൂർത്തി  ഭവനിൽ നിശബ്ദനായി നിന്ന് ഷെയ്ക്കബ്ദുള്ള  ഏങ്ങലടിച്ചു കരയുന്നതും ജനശ്രദ്ധയിൽപ്പെട്ടിരുന്നു.


നെഹ്‌റു മരിച്ച ശേഷമുള്ള  വാജ്പയുടെ  പാർലമെന്റിലെ പ്രസംഗം സദസ് മുഴവനും വികാരാധീനമാക്കിയിരുന്നു. വാജ്പയ്  പറഞ്ഞു, "നെഹ്റു യുഗമവസാനിച്ചു. കടന്നു പോയ പ്രധാനമന്ത്രിയുടെ പകുതി സ്വപ്നങ്ങളും ഇനിയും ബാക്കി നില്ക്കുന്നു. നിശ്ചലമായ ഏകാന്തതയിൽ ആ പ്രകാശം സംഗീതത്തിന്റെ ധ്വനിപോലെ എവിടെയോ നിത്യതയിൽ ലയിച്ചു. പ്രിയപ്പെട്ട രാജകുമാരന്റെ വേർപാടിൽ ഭാരതാംബികേ,  നിന്റെ ദുഃഖങ്ങളും ഞങ്ങൾ കാണുന്നു. തങ്ങളുടെ സേവകന്റെ അഭാവത്തിൽ മനുഷ്യകുലമൊന്നാകെ ദുഖിക്കുന്നു. ഇനിയൊരിക്കലും അത്തരമൊരു  വ്യക്തിത്വത്തെ പകരം കൊണ്ടുവരാൻ സാധിക്കില്ല.  എങ്കിലും അദ്ദേഹത്തിൻറെ അനുയായികൾ അവശേഷിക്കുന്നുണ്ട്. സൂര്യനസ്തമിച്ചെങ്കിലും നക്ഷത്രങ്ങളുടെ നിഴലുകൾ നാം പിന്തുടരണം." വാജ്പയുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗം ഇന്ത്യൻ പാർലമെന്റിനെ മുഴുവൻ അന്ന് കോരിത്തരിപ്പിച്ചു.  എതിർ പക്ഷത്തിലെ ഒരു നേതാവിന്റെ വേർപാടിൽ സ്തുതി ഗീതങ്ങൾ ആലപിക്കുകയെന്നതും കർമ്മനിരതനായ അദ്ദേഹത്തിൻറെ ശുദ്ധ മനസിനുള്ള  തെളിവായിരുന്നു. നിർമ്മലവും പരിപാവനവുമായ ഹൃദയത്തിൽ നിന്നുള്ള  അത്തരം വാക്കുകൾ വളരെ വിരളമായ കഴിവുകളുള്ളവർക്കേ സാധിക്കുള്ളൂ.


കവി,  രാഷ്ട്രീയാചാര്യൻ, ന്യൂക്ലിയർ ഭാരതം എന്നൊരു രാജ്യം ലോകത്തെയറിയിച്ച  മഹാൻ, പാക്കിസ്ഥാനുമായി യുദ്ധത്തിന്റെ വക്കിൽ നിന്നും  വഴുതി മാറി സമാധാനത്തിന്റെ പാത തെരഞ്ഞെടുത്ത  ശാന്തിയുടെ സന്ദേശവാഹകൻ, നെഹ്റു രാഷ്ട്രീയത്തിനെതിരെയുണ്ടായിരുന്ന വലതുപക്ഷ ചിന്തകൻ എന്നീ വിശേഷണങ്ങളിൽക്കൂടി വാജ്പയിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ  വ്യത്യസ്തനാക്കുന്നു.   കോണ്‍ഗ്രസല്ലാത്തവരിൽ നിന്നും അഞ്ചു വർഷം പ്രധാന മന്ത്രി പദം  പൂർത്തിയാക്കുകയും ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ 1959-മുതൽ പ്രവർത്തിക്കാൻ തുടങ്ങി. 1984- ലിൽ   അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവിയ്ക്ക് മങ്ങലേറ്റ വർഷമായിരുന്നു.  ഇന്ദിരാ ഗാന്ധിയുടെ വധ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 545 അംഗങ്ങളുള്ള പാർലമെന്റിൽ ബീ.ജെ.പി. യ്ക്ക് രണ്ടു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. ജനിച്ച സ്ഥലമായ ഗ്വാളിയറിലെ പാർലമെന്റ് മണ്ഡലത്തിൽ നിന്നും വാജ്പയി അക്കൊല്ലം പരാജയമേറ്റു വാങ്ങേണ്ടി വന്നു. അയോദ്ധ്യായിലെ രാമ ജന്മഭൂമിയിലെക്കുള്ള അദ്വാനിയുടെ ജൈത്ര യാത്രയും പതിനാറാം നൂറ്റാണ്ടിലെ വാസ്തു ശിൽപ്പത്തിൽ നിർമ്മിച്ച  അയോദ്ധ്യായിലെ  ബാബറി മസ്ജിദ് തകർക്കലും വർഗീയ വികാരങ്ങൾ പൊട്ടിപ്പുറപ്പെട്ടതും  തെറ്റായ കണക്കുകൂട്ടലെന്നു വിധിയെഴുതിയ പാർട്ടിയണിയിലെ ഏക രാഷ്ട്രീയ നേതാവും വാജ്പയിയായിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തെപ്പറ്റി അഭിപ്രായമാരാഞ്ഞ് വാർത്താലേഖകർ  വാജ്പയിയോട്  ചോദ്യം ചോദിച്ചപ്പോൾ,  നരേന്ദ്ര മോഡിയുടെ  അശ്രദ്ധക്കുറവിനെ അദ്ദേഹം  വിമർശിച്ചതിന്  പാർട്ടിയിൽ  അന്നൊരു  പൊട്ടിത്തെറിയുണ്ടായിരുന്നു. 1998-ൽ രാജസ്ഥാനിലെ പൊക്രാനിൽ ന്യൂക്ലീയർ ബോംബു  പൊട്ടിച്ചപ്പോൾ അമേരിക്കയും ജപ്പാനും ഇന്ത്യക്കെതിരെ ഉപരോധമേർപ്പെടുത്തി. അതേ സമയം ആ കാലയളവിൽ സമാധാനത്തിന്റെ സന്ദേശവും നല്കി,  ഡൽഹിയും ലാഹോറുമായി  ബസ് സർവീസാരംഭിച്ചു. കാർഗിൽ യുദ്ധത്തിൽ മുറിവേറ്റു പരാജിതരായ പാക്കിസ്ഥാനുമായി ആഗ്രാ ഉച്ചകോടി സമ്മേളനവും വിളിച്ചുകൂട്ടി.


വാജ്പയിക്ക് ഭാരതരത്നം  നല്കുവാൻ മോഡി  സർക്കാർ തീരുമാനിച്ചത് തികച്ചും ബുദ്ധിപരമായ കാര്യമാണ്.   യൂ പി.എ  സർക്കാരിന്റെ ഭരണകൂടത്തിൽ   മഹാനായ ഈ പ്രധാനമന്ത്രിക്ക്   ഭാരതരത്നം കൊടുക്കാൻ കഴിയാതെ പോയതിൽ അന്നത്തെ അവാർഡുകമ്മറ്റികൾക്ക്   കുറ്റബോധമുണ്ടായിരിക്കണം.  വാജ്പയി ജീവിക്കുന്ന കാലയളവിൽ തന്നെ ഇന്ത്യയുടെ ഈ പരമോന്നത അവാർഡ് നല്കിയതും അദ്ദേഹത്തെ അനുഗ്രഹീതമാക്കിയിരിക്കുന്നു. കോണ്‍ഗ്രസുകാരല്ലാത്തവർക്കും  കുടുംബ രാഷ്ട്രീയമില്ലാത്തവർക്കും ഭാരത രത്നം അവാർഡ് മരിച്ചു കഴിഞ്ഞേ ലഭിക്കാറുള്ളൂ. അവരെ ബഹുമാനിക്കാൻ ചിലപ്പോൾ പതിറ്റാണ്ടുകൾ വേണ്ടി വരും. വല്ലഭായി പട്ടേലിന്  ഭാരത രത്നം നല്കിയത്  മരിച്ച് നാലു പതിറ്റാണ്ടുകൾ കഴിഞ്ഞായിരുന്നു. അംബേദ്ക്കറിനും  ജയപ്രകാശ നാരായണനും ഭാരത രത്നം കൊടുക്കാൻ അവർ മരിച്ചു കഴിഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞ് കോണ്‍ഗ്രസേതര   സർക്കാരുകൾ വരേണ്ടി വന്നു. 1991-ൽ മൊറാർജി ദേശായിക്ക്   മരണശേഷം   പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു ഭാരത രത്നം നല്കി.


രജീവ് ഗാന്ധിയെ വധിച്ചയുടൻ  നരസിംഹറാവൂ സർക്കാർ  അദ്ദേഹത്തെ മരണാനന്തര ബഹുമതിയായി ഭാരത രത്നം നല്കി ബഹുമാനിച്ചു.  പണ്ഡിറ്റ് ജവർഹാർലാൽ നെഹ്രുറുവും ഇന്ദിരാ ഗാന്ധിയും പ്രാധാനമന്ത്രിയായിരിക്കെ ജീവിച്ചിരിക്കുന്ന നാളുകളിൽ അവരിരുവർക്കും
ഭാരത രത്നം നല്കി. വാജ്പയി നല്ലൊരു പ്രധാനമന്ത്രി മാത്രമല്ല മഹാന്മാരിൽ മഹാനായ പ്രധാനമന്ത്രിയുമായിരുന്നു. അദ്ദേഹം പൂർണ്ണനായിരുന്നില്ല. ആരും പൂർണ്ണത കൈവരിച്ചിട്ടില്ല. തെറ്റുകുറ്റങ്ങൾ മനുഷ്യ സഹജമാണ്. അദ്ദേഹം ആറു വർഷം കൊണ്ട് മറ്റാരേക്കാളും അനേക തവണകൾ പ്രധാനമന്ത്രിയായവരെക്കാളും വളരെയേറെ രാജ്യത്തിന് നേട്ടങ്ങളുണ്ടാക്കുകയും രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിക്കുകയും ചെയ്തു. ചരിത്രം അദ്ദേഹത്തിൻറെ നേട്ടങ്ങൾ  സുവർണ്ണ ലിപികൾകൊണ്ട് വിലയിരുത്തുമെന്നതിലും  സംശയമില്ല. .


ഭാരതരത്നമെന്ന ഭാരതത്തിൻറെ  പരമോന്നത പദവി കോണ്‍ഗ്രസ് സർക്കാരുകളുടെ ഭരണകാലങ്ങളിൽ
 വാജ്പയിക്ക് ലഭിക്കാതെ പോയെങ്കിലും രാഷ്ട്രമിന്ന്  അർഹമായ ആ ബഹുമതി  നല്കി അദ്ദേഹത്തെ ആദരിക്കുന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.  രണ്ടാം മൂഴത്തിൽ  തെരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ .സർക്കാരും   നരേന്ദ്ര മോഡിയുടെ നേതൃത്വവും   വാജ്പയി തുടങ്ങി വെച്ച  പൂർത്തികരിക്കാത്ത ദൌത്യം ഏറ്റെടുത്തിരിക്കുകയാണ്. ഭാരതമിന്നും ഏഷ്യാ ഭൂഖണ്ഡത്തിലെ ഭീകരതയ്ക്കെതിരായ അതിശക്തമായ പോരാട്ടത്തിലാണ്. പ്രധാന മന്ത്രി മോഡിയുടെ സത്യ പ്രതിജ്ഞാ വേളയിൽ രാഷ്ട്രപതി ഭവനിലെ രാജകീയ മന്ദിരത്തിലേക്ക് അയൽ രാജ്യങ്ങളിലെയും സാർക്ക് രാജ്യങ്ങളിലെയും നേതാക്കന്മാരെ  ക്ഷണിച്ചതും വാജ്പയി തുടങ്ങിവച്ച സമാധാനത്തിന്റെ ചുവടുകൾ വെച്ചായിരുന്നു. അതുമൂലം ഭാരതത്തിന്റെ യശസ്സ് ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ കൂടുതൽ തിളക്കമാവുകയും ചെയ്തു.


90 വയസുള്ള വാജ്പയി ഇന്ന്  അനാരോഗ്യവാനായി രോഗക്കിടക്കയിലാണ്‌. മൂന്നു പ്രാവിശ്യം  പ്രധാനമന്ത്രി സ്ഥാനം  വഹിച്ച വാജ്പയുടെ  ആരോഗ്യ നില മെച്ചമല്ല.  2009-ൽ അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച  കാലം മുതൽ പൊതു ജീവിതത്തിൽനിന്നും അകന്ന് ഡൽഹിയിലുള്ള  സ്വന്തം  വീട്ടിൽ ഏകാന്ത തടവുകാരനെപ്പോലെ രോഗത്തോടു മല്ലടിച്ചുകൊണ്ട്  വിശ്രമ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.
Syama Prasad Mukarji 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...