By ജോസഫ് പടന്നമാക്കൽ
'ജീസസ്' അഥവാ 'യേശു'വെന്ന നാമം ഹീബ്രു വാക്കായ 'യെഷുവാ' യിൽ നിന്നും ഗ്രീക്ക് തർജിമയിൽക്കൂടി ലോപിച്ചു വന്നതാണ്. ഒരു വാക്കിനെ വിദേശ ഭാഷകളിലേയ്ക്ക് തർജിമ ചെയ്യുമ്പോൾ അതാത് ഭാഷകളുടെ ഘടനയും സ്വരവും വ്യഞ്ജനവുമനുസരിച്ച് മാറ്റങ്ങൾ വരുത്താറുണ്ട്. ഉദാഹരണമായി 'ജീസസ്' എന്ന നാമത്തെ മലയാളത്തിൽ തർജിമ ചെയ്തവർ യേശുവെന്നും ഈശോയെന്നുമായി മാറ്റിയെഴുതി. മരിയാ, മറിയാ നാമങ്ങൾ 'മേരിയുമായി. ഗ്രീക്കിൽ യേശുവിനെ സംബോധന ചെയ്തിരുന്നത് 'ജോഷുവാ ബെൻ ജോസഫെന്നായിരുന്നു. മലയാളത്തിലാകുമ്പോൾ യൗസേപ്പിന്റെ പുത്രനായ യേശുവെന്നാകും. ഗബ്രിയേൽ മാലാഖ മേരിയ്ക്ക് പ്രത്യക്ഷയായി സദ് വാർത്തയറിച്ചത് "മേരി നിനക്കു ജനിക്കാൻ പോകുന്ന കുഞ്ഞിനെ 'ജോഷുവാ'യെന്നു വിളിക്കണം" എന്നായിരുന്നു. ഹീബ്രു ഭാഷയിൽ ജോഷുവാ പിന്നീട് 'യെഷുവാ' യായി അറിയപ്പെട്ടു.അങ്ങനെ 'യേശു' എന്ന നാമം ജനിക്കാൻ പോകുന്ന ഉണ്ണിയ്ക്ക് ഗബ്രിയേൽ ദൂതൻ മറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോൾ നല്കിയതാണ്. യേശുവിൽ ദൈവികത്വം കല്പ്പിച്ചപ്പോൾ ആ പേര് 'ക്രിസ്തുവായി ' രൂപാന്തരീകരണപ്പെട്ടു.
'ക്രിസ്തു' എന്ന വാക്ക് യേശുവിന്റെ മരണ ശേഷം ആദികാല ക്രിസ്ത്യൻ സഭകളിൽ ഉത്ഭവിച്ചതാണ്. ഗ്രീക്കിൽ 'ക്രിസ്റ്റോസ് ' എന്നു പറയും. ഹീബ്രുവാക്കിൽ നിന്ന് തർജിമ ചെയ്തതാണ്.'അഭിഷിക്തനെന്നാണ് വാക്കിന്റെ ധ്വനിയിലുള്ളത്. ഭൂമിയിൽ സ്വർഗരാജ്യം സ്ഥാപിക്കാൻ ദൈവത്താൽ അഭിഷിക്തനായ ഒരു രക്ഷകന്റെ വരവിനെ യഹൂദ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. വരാൻ പോകുന്നവൻ ഇസ്രായേലിന്റെ രക്ഷയ്ക്കായി നിലവിലുള്ള അടിമത്ത ചങ്ങലകൾ ഭേദിച്ചുകൊണ്ട് വന്നെത്തുന്ന രക്ഷകനായിരിക്കും.' മിശിഹാ' എന്ന വാക്കും 'ദൈവത്താൽ അഭിഷിക്തനായ രക്ഷകനെന്ന' വാക്കും ഒന്നു തന്നെയാണ്. 'ക്രിസ്റ്റോസ്' എന്ന ആംഗ്ലിക്കൻ ഗ്രീക്ക് വാക്കിന് ഹീബ്രു മിശിയാ, ഇസ്രായിലിന്റെ രാജാവ്, പാത്രിയാക്കീസ് മാരുടെയും വാഴ്ത്തപ്പെട്ടവരുടെയും രാജാധി രാജൻ, യഹൂദ വിപ്ലവകാരികളുടെ സൈന്യാധിപൻ, ജീസസ്, മിശിയാ എന്നിങ്ങനെ അർത്ഥങ്ങൾ കല്പ്പിച്ചിരിക്കുന്നു. ഇതിൽ നിന്നെല്ലാം ഉദ്ദേശിക്കുന്നത് ഇസ്രായിലിനെ രക്ഷിക്കാൻ ദൈവം അയച്ചിരിക്കുന്ന യഹൂദ ജനത പ്രതീക്ഷിക്കുന്ന രക്ഷകനെന്നാണ്. രക്ഷകനായവനെ യഹൂദരുടെ രാജാവെന്നും അറിയപ്പെടുന്നു. യഹൂദരുടെ രാജാവ് യേശുവായിരിക്കുമെന്നും ചിലർ വിശ്വസിച്ചിരുന്നു. എന്നാൽ യേശു ആ പദവി അംഗികരിച്ചില്ല. 'എന്റെ രാജ്യം ഇവിടമല്ല, ഞാൻ ഭൂമിയിലെ രാജാവല്ലെന്നും' യേശു പറഞ്ഞു.
ക്രിസ്തുവെന്നാൽ ഒരു വ്യക്തിയുടെ പ്രത്യേകമായ പേരല്ല. ഒരു ഓഫീസിനു തുല്യമായി ഗൗനിക്കുകയായിരിക്കും കൂടുതൽ യുക്തി. രക്ഷകനായ ക്രിസ്തുവിന്റെ ഓഫീസ് എന്ന് ചിന്തിക്കാം. ഒരു മെയറിന്റെ ഓഫീസെന്നു പറയുന്നപോലെയുള്ള ഒരു നാമമാണ് ക്രിസ്തുവെന്നുള്ളതും. അത് ഔദ്യോഗികമായി കല്പ്പിച്ചിരിക്കുന്ന ദിവ്യത്വം നിറഞ്ഞ ഒരു നാമമാണ്. ക്രിസ്തുവായ യേശുവെന്നു പറഞ്ഞാൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോഡിയെന്നു പറയുന്നതുപോലെ തന്നെ കണക്കാക്കണം. നാം ഇന്ത്യയുടെ പ്രധാനമന്ത്രിയെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ പദവിയെന്തെന്നും അങ്ങനെ വിളിക്കുന്ന ലക്ഷ്യമെന്തെന്നും ആരെപ്പറ്റി സംസാരിക്കുന്നുവെന്നും മനസിലാക്കുന്നു. അതുപോലെ ക്രിസ്തുവിനെപ്പറ്റി പറയുമ്പോൾ സൃഷ്ടി കർമ്മങ്ങൾ മുതൽ അനാദിയായവനും ലോകത്തിന്റെ രക്ഷകനായി പിറന്നവനും മുപ്പത്തിമൂന്നാം വയസ്സിൽ മനുഷ്യ ദൌത്യം പൂർത്തിയാക്കി പിതാവിങ്കൽ എത്തിയവനെന്നും തുടങ്ങിയ തത്ത്വ ശാസ്ത്രങ്ങൾ വിഷയാവതരണങ്ങളായി വിളമ്പേണ്ടി വരും. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് ക്രിസ്തുവിനെ വിളിക്കുന്ന മറ്റു പേരുകൾ രക്ഷകൻ, വാഴ്ത്തപ്പെട്ടവൻ, മിശിഹായെന്നൊക്കെയാകാം. യേശുവും ജോഷുവായും രക്ഷകനും ഒന്നുതന്നെയാണ്.
യേശുവെന്നത് അവിടുത്തെ മാതാപിതാക്കൾ വിളിച്ചിരുന്ന ഓമന പേരായിരുന്നു. ചിലർ ക്രിസ്തുവെന്ന പേര് അവിടുത്തെ കുടുംബ പേരായും കരുതുന്നു. അവിടുത്തെ മാതാപിതാക്കൾ മേരി, ജോസഫ് കൃസ്തുവായിരുന്നില്ല. രക്ഷകനെന്നർത്ഥത്തിൽ ക്രിസ്തുവെന്ന നാമം യേശുവിന്റെ പേരിന്റെ കൂടെ പിന്നീട് ചേർത്തതാണ്. ലോകത്തിന്റെ രക്ഷയ്ക്കായി രാജാധി രാജനായി അവസാന നാളുകളിൽ യേശു ക്രിസ്തു വരുമെന്ന വിശ്വാസം ക്രിസ്ത്യൻ ജനത പുലർത്തുന്നു. അവന്റെ മരണവും ഉയർപ്പും പാപികളുടെ രക്ഷയ്ക്കായിരുന്നു. ക്രിസ്തു അല്ലെങ്കിൽ മിശിഹാ, അല്ലെങ്കിൽ രക്ഷകന്റെ ഓഫീസ് പരിപൂർണ്ണമായും അവന്റെ നിയന്ത്രണത്തിലാണ്. രാജാക്കന്മാരുടെ കാലത്ത് ജനം അവരെ പ്രകീർത്തിച്ചുകൊണ്ടു പാടുമായിരുന്നു. 'പൊന്നു തമ്പുരാൻ നീണാൾ വാഴട്ടെ എന്നെല്ലാം ജനം ആർത്തട്ടഹസിച്ച് രാജാവിനെ പ്രകീർത്തിക്കുമായിരുന്നു. അതുപോലെ ക്രിസ്തുവിന്റെ നാമം മഹത്വപ്പെടട്ടെ, യേശുവിന്റെ നാമം മഹത്വപ്പെടട്ടെ എന്നെല്ലാം പ്രാർത്ഥനകളിൽ നാം ആലപിക്കാറുണ്ട്. അങ്ങനെ ക്രിസ്തുവെന്ന നാമം ഒരു രാജാവിനെപ്പോലെ യേശുവിന്റെ പേരിനോടുകൂടി ചേർക്കപ്പെട്ടു. അവിടുത്തെ നാമം ഉരുവിട്ടുകൊണ്ട് യേശു ക്രിസ്തുവെന്നു സർവ്വരാലും വാഴ്ത്തപ്പെടാനും തുടങ്ങി.
യേശു ഒരു യഹൂദനായിരുന്നു. ത്രിത്വത്തിലെ രണ്ടാമത്തെ പുത്രൻ തമ്പുരാനെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. പൊതുവേ ക്രിസ്ത്യാനികൾ യേശുവിനെയും കൃസ്തുവിനെയും ഒന്നായി കാണുന്നു. എന്നാൽ യഹൂദർക്ക് യേശു ഒരു റാബി മാത്രം. ഹൈന്ദവ ശ്രേഷ്ഠന്മാരും യേശുവിനെ ഒരു ഗുരുവായി ബഹുമാനിക്കുന്നു. ക്രിസ്ത്യാനികളിൽ ഭൂരി വിഭാഗങ്ങളും ബൈബിൾ ദൈവവാക്യമായി കണക്കാക്കി വചനത്തിലധിഷ്ടിതമായി വിശ്വസിക്കുന്നു. എന്നാൽ വിശുദ്ധ വചനങ്ങൾ മനുഷ്യന്റെ ഭാവനകളെന്നു അക്രൈസ്തവരായവർ കരുതുന്നു. യേശു മാത്രമേ വഴിയും സത്യവുമെന്നും യേശുവിൽക്കൂടി മാത്രമേ സ്വർഗം ലഭിക്കൂവെന്നും അനേകമനേക ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ വിശ്വാസവുമാണ്. യഹൂദർ ക്രിസ്ത്യൻ വിശ്വാസത്തിനു ഘടകവിരുദ്ധമായി നന്മ ചെയ്യുന്നവർക്ക് സ്വർഗമെന്നു വിശ്വസിക്കുന്നു. നന്മ തിന്മകളെ വിവേചിച്ചറിഞ്ഞ് കർമ്മ മാർഗേണ ജീവിക്കുന്നവൻ അത്യന്ത സത്യമായ പരമാത്മാവിൽ ലയിക്കുന്നുവെന്നു ഹൈന്ദവത്വവും പഠിപ്പിക്കുന്നു .
ക്രിസ്തുവെന്നു പറഞ്ഞാൽ വിശ്വസിക്കുന്നവരുടെ പൂർണ്ണനായ ദൈവമാണ്. അവൻ സൃഷ്ടിക്കു മുമ്പും ഉണ്ടായിരുന്നു. എന്നാൽ യേശു മനുഷ്യനാണ്. ജീവന്റെ വഴിയായി അവൻ ഭൂമിയിൽ വന്നു. അങ്ങനെ ദൈവത്തിന്റെ പ്രതിരൂപത്തിൽ പൂർണ്ണത നിറഞ്ഞ മനുഷ്യനായി അവൻ ജന്മമെടുത്തു. അവൻ ക്രിസ്തുവിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത മനുഷ്യനായിരുന്നു. അവനിൽ പാപമില്ലായിരുന്നുവെന്ന് ക്രിസ്ത്യൻ വേദങ്ങൾ മുഴുവനും ഉരുവിടുന്നു. ക്രിസ്തു സൃഷ്ടികൾക്കും മുമ്പുണ്ടായിരുന്ന അനാദിയായവൻ, ആദിയും അന്തവുമില്ലാത്തവൻ എന്നിങ്ങനെ ദൈവ ശാസ്ത്രജ്ഞരുടെ ഭാവനകളനുസരിച്ച് അർത്ഥം കൽപ്പിച്ചേക്കാം. എന്നാൽ യേശു മനുഷ്യനാണ്. ദൈവിക തത്ത്വങ്ങളെ അത്യഗാധമായി ഹൃദ്യസ്തമാക്കിയ ദിവ്യാത്മാവും പരമ ഗുരുവുമായിരുന്നു. മനുഷ്യനായി ദൈവത്തിന്റെ പ്രഭാകിരണങ്ങൾ ചൊരിഞ്ഞ് മാനവരാശിയ്ക്കു വേണ്ടി മാതൃകയായി ജീവിച്ചു. യേശു ക്രിസ്തു എല്ലാ ദൈവഗുണങ്ങളുമുള്ള ആദ്യത്തെ മനുഷ്യനായിരുന്നു . ക്രിസ്തുവിന്റെ അതേപോലെ, മനുഷ്യനായ യേശുവിനെയും വാർത്തെടുത്തുവെന്ന് വേദപണ്ഡിതർ അഭിപ്രായപ്പെടുന്നു.
പ്രാർത്ഥനകളിൽ നാം ക്രിസ്തുവെന്ന നാമവും അവന്റെ രാജ്യം വരണമെയെന്നും ഉരുവിടാറുണ്ട്. അവിടെ യേശുവിൻറെ ദൈവികത്വത്തെ തിരിച്ചറിയാനുള്ള ഒരു ശ്രമമാണ്. ക്രിസ്തുവിനെ ദൈവമായി ഉപബോധമനസ്സിൽ ആവഹിച്ചാലെ ദൈവികമായ ആ സത്ത മറ്റുള്ളവർക്ക് പങ്കു വെക്കാൻ സാധിക്കുള്ളൂവെന്ന വിശ്വാസം ക്രിസ്ത്യൻ ദൈവിക ശാസ്ത്രത്തിൽ തെളിഞ്ഞിരിക്കുന്നു. അതിന് പ്രാർത്ഥന ഒരു ഉപാധിയായി ക്രിസ്ത്യാനികൾ കരുതുന്നു. പിശാച് യേശുവിനെ പരീക്ഷിക്കാൻ വന്നപ്പോൾ 'നരക പിശാചേ നീ എന്നിൽ നിന്നും അകന്നു പോവൂ'യെന്നു പറഞ്ഞ് യേശു അവിടെനിന്നും പിശാചിനെ ആട്ടിയോടിച്ചതായി വചനത്തിൽ വായിക്കുന്നുണ്ട്. ക്രിസ്ത്യൻ സഭകൾ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിച്ചു. ക്രിസ്തുവിന്റെ നാമത്തിലോ മിശിഹായുടെ നാമത്തിലോ രക്ഷകന്റെ നാമത്തിലോ പ്രാർത്ഥന നാം ഉരുവിടാറില്ല. പിശാചിന്റെ പരീക്ഷണങ്ങളിൽ നിന്നും രക്ഷിക്കണമേയെന്നു പ്രാർത്ഥിക്കുന്നതും യേശുവിനോടാണ്.
ക്രിസ്ത്യൻ വിശ്വാസത്തിനു പുറത്തുള്ളവരും യുക്തിവാദികളും യേശുവിന്റെ ദൈവികത്വത്തെ ചോദ്യം ചെയ്യാറുണ്ട്. ദൈവവും യേശുവും തമ്മിലുള്ള ബന്ധം തിമോത്തി, അദ്ധ്യായം ഒന്ന്, രണ്ടു മുതൽ അഞ്ചുവരെയുള്ള വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. "ദൈവം ഒന്നേയുള്ളൂ, മനുഷ്യനായ യേശു ക്രിസ്തു ദൈവത്തിനും മനുഷ്യനുമിടയ്ക്ക് നിലകൊള്ളുന്നു. ദൈവം ഒന്നേയുള്ള സ്ഥിതിയ്ക്ക് യേശു ദൈവമാകാൻ അസാധ്യമാണ്. പിതാവ് ദൈവമെങ്കിൽ യേശുവും ദൈവമെങ്കിൽ ദൈവങ്ങൾ രണ്ടെന്നു ചിന്തിക്കേണ്ടി വരും. കോറിന്തോസ് 1,8:6 വാക്യത്തിൽ ഒരു ദൈവം, അത് പിതാവാകുന്നു. അപ്പോൾ പിതാവ് മാത്രം ദൈവമെങ്കിൽ രണ്ടാമത് ഒരു പുത്രൻ ദൈവം അസാധ്യമാണ്. ത്രിത്വം തെറ്റായ ഒരു ദൈവ ശാസ്ത്രമായി കണക്കാക്കണം. പഴയ നിയമത്തിലും യഹോവാ മാത്രം ദൈവമെന്നു ചിത്രീകരിക്കുന്നു. ഒരേ ദൈവം കൂടാതെ ദൈവത്തിനും മനുഷ്യനുമിടയിലുള്ള മദ്ധ്യവർത്തിയെ മനുഷ്യനായ ജീസസ് ക്രൈസ്റ്റെന്നു വിളിക്കുന്നു. ആ വാക്ക് യേശുവും ദൈവവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു.
യേശു പാപ രഹിതനെന്നു സങ്കല്പ്പിക്കുന്നുണ്ടെങ്കിലും ബലഹീനതകൾ അവിടുത്തെ ജീവിതത്തിലും പ്രകടമായിരുന്നു. അവിടുന്ന് ദൈവത്തിനും മനുഷ്യനുമിടയിലുള്ള മദ്ധ്യസ്ഥനായ സ്ഥിതിയ്ക്ക് മനുഷ്യനായ എല്ലാ ബലഹീനതകളും മദ്ധ്യസ്തനിൽ പ്രകടമായിരിക്കും. യേശുവിൽ പൂർണ്ണ ദൈവത്വം ഉണ്ടെങ്കിൽ ആ ബലഹീനത അവിടുത്തുങ്കൽ കാണരുതായിരുന്നു. അപൂർണ്ണനായ യേശുവെന്ന ദൈവം പൂർണ്ണത നിറഞ്ഞ ദൈവത്തിന്റെയിടയിൽ പ്രവർത്തിക്കുന്നുവെന്നു പറയുന്നതും യുക്തി രഹിതമാണ്. ദൈവം ആദിയും അന്തവും ഇല്ലാത്തതെന്ന് സങ്കൽപ്പിക്കുന്നു. പുത്രനെന്നു പറയുമ്പോൾ പിതാവായിരിക്കും പ്രായം കൂടിയതും ആദ്യമില്ലാത്തതും. ഇതിൽനിന്നും പുത്രനെന്ന സങ്കൽപ്പത്തിൽ പുത്രന് ആദിയുണ്ടെന്നും വരുന്നു. പിതാവില്ലാതെ പുത്രൻ എങ്ങനെ വചനമാകും ?
ജയിംസ് ഒന്നാം അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ പറയുന്നു, ദൈവം വികാര വിചാരങ്ങൾക്ക് അടിമപ്പെടില്ല. ഹീബ്രു നാലാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ 'ക്രിസ്തുവായ യേശു സർവ്വ വിധ ചിന്തകൾക്കും വികാരങ്ങൾക്കും അടിമപ്പെട്ടവനായിരുന്നുവെന്നും പറയുന്നുണ്ട്.' അതുപോലെ തിമോത്തി ആറാം അദ്ധ്യായത്തിൽ പതിനാറാം വാക്യത്തിൽ ദൈവം മരിക്കില്ല, അവിടുന്ന് നിത്യനെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ യേശുവായ ക്രിസ്തു മരിച്ചു. പാതാളത്തിലായിരുന്നു. മൂന്നാം ദിവസം ഉയർത്തു. അപ്പോസ്തോലിക പ്രവർത്തികൾ ഒന്നാം അദ്ധ്യായം ഏഴാം വാക്യമനുസരിച്ച് ക്രിസ്തുവിന്റെ രണ്ടാം വരവ് ദൈവത്തിനു മാത്രമേ അറിയുള്ളൂവെന്നു പറയുന്നു. മത്തായി 24:36 വാക്യത്തിൽ ' ക്രിസ്തു അവസാന നാളുകളിൽ വീണ്ടും ലോകത്തിനെ വിധിക്കാനായി വരുമെന്നു' പറഞ്ഞിട്ടുണ്ട്. എന്നാണ് വരുന്നതെന്ന സമയകാലങ്ങൾ അവിടുത്തേയ്ക്ക് നിശ്ചയമില്ലായിരുന്നുവെന്നും ' വചനം സാക്ഷിപ്പെടുത്തുന്നു. തിമോത്തി ആറാം അദ്ധ്യായം പതിനാറാം വാക്യത്തിൽ പറയുന്നു,'ദൈവത്തെ മനുഷ്യന് കാണാൻ കഴിയില്ല.' എന്നാൽ മനുഷ്യർ യേശുവിനെ കണ്ടു. ശിക്ഷ്യന്മാർ ഒന്നിച്ചു നടന്നു. മരിച്ചു കഴിഞ്ഞ് ഉയർത്തെഴുന്നേറ്റ യേശുവിനെ ശിക്ഷ്യരും മഗ്ദാലനായും കണ്ടു. യേശു ദൈവമാണെങ്കിൽ കാണപ്പെടാത്ത ആത്മാവായ യേശുവിനെ മറ്റുളളവർ ദർശിച്ചെങ്കിൽ അത് യേശുവിന്റെ ദൈവികത്വത്തെപ്പറ്റിയുള്ള ഒരു ചോദ്യം ചെയ്യലാണ്.
ഒരുവൻ വികാരങ്ങൾക്കടിമപ്പെടുമ്പോൾ പാപം ചെയ്യാനോ ദൈവത്തെയനുസരിക്കാനോ ഒരുമ്പെടുന്നു. ക്രൂരകൃത്യങ്ങൾ ചെയ്യാൻ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നവൻ ദൈവത്തെ നിഷേധിക്കാനും ശ്രമിക്കും. മനുഷ്യനായി ജനിച്ചപ്പോൾ ക്രിസ്തുവിന്റെ മുമ്പിലും ആ പോരായ്മകൾ ഉണ്ടായിരുന്നു. എങ്കിലും ദൈവത്തെ അനുസരിച്ചുള്ള ജീവിതമായിരുന്നു യേശു നയിച്ചത്. ഒരിക്കലും പാപം ചെയ്തില്ലായിരുന്നെങ്കിലും പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നു. ദൈവത്തിന് പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നുവെന്ന് ചിന്തിക്കാൻപോലും സാധിക്കില്ല. യേശു പിതാവിന്റെ അധികാരത്തിൻ കീഴിലായിരുന്നു. സൃഷ്ടി കർമ്മങ്ങൾ ഉൾപ്പടെയുള്ള അധികാരം യേശുവിനും ലഭിക്കേണ്ടതായിരുന്നു. പിതാവിന് കീഴ്പ്പെട്ടിരുന്ന യേശുവിന് അങ്ങനെയൊരു അധികാരം ഉണ്ടായിരുന്നില്ല. പുത്രനിൽ സൃഷ്ടി കർമ്മങ്ങൾ നടത്തിയതായി വചനങ്ങളിൽ പറഞ്ഞിട്ടുമില്ല.
യേശുവെന്നു പറയുമ്പോൾ ഭൂമിയിലെ അവൻറെ പേരായിരുന്നു. അവന്റെ മുഴുവനായ പേര് ജീസസ് ബെൻ യൂസഫ് (ജോസഫിന്റെ പുത്രനായ ജീസസ്) എന്നായിരുന്നു. മുസ്ലിമുകൾ അവനെ ഇസാ ഇബിൻ മരിയം (മറിയത്തിന്റെ പുത്രനായ ജീസസ്) എന്നു വിളിച്ചു. യേശു ഒരുവന്റെ ആത്മാവിലധിഷ്ടിതമായ വ്യക്തിപരമായ സുഹൃത്തായിരിക്കാം. എന്നാൽ ക്രിസ്തു മാനവ ജാതിയുടെ രക്ഷകനായി ജനിച്ചു. ക്രിസ്ത്യാനികൾ യേശുവിനെ മനുഷ്യരൂപത്തിലുള്ള ദൈവമായി കണക്കാക്കുന്നു. ഇസ്ലാമിൽ യേശുവിനെ 'ഈസാ'യെന്നാണ് തർജിമ ചെയ്തിരിക്കുന്നത്. യേശുവിനെ ദൈവത്തിന്റെ പ്രവാചകനും മിശിയായുമായി ഇസ്ലാമിക മതവും ആദരിക്കുന്നു. ഇസ്ലാമിക മതത്തിൽ യേശു ദൈവത്തിങ്കൽ നിന്നും വചനങ്ങൾ കൊണ്ടുവന്നുവെന്നും കന്യകയിൽ നിന്ന് ജനിച്ചുവെന്നും ദൈവ പുത്രനല്ലെന്നും കുരിശുമരണം പ്രാപിച്ചില്ലെന്നും വിശ്വസിക്കുന്നു. ഖുറാനിൽ പറഞ്ഞിരിക്കുന്നത് യേശു കുരിശു മരണം പ്രാപിച്ചില്ലെന്നും യേശുവിനെ ദൈവം സ്വർഗത്തിലെയ്ക്ക് ഉയർപ്പിച്ചുവെന്നുമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും വിശ്വാസത്തെ യഹൂദർ പരിപൂർണ്ണമായും എതിർക്കുന്നു. യേശു രക്ഷകന്റെ ദൗത്യം പൂർത്തികരിച്ചില്ലെന്നു യഹൂദ ഗ്രന്ഥമായ തനക്കായിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പണ്ഡിതലോകം ഭൂരിഭാഗം പേരും ചരിത്രപുരുഷനായ യേശുവിന്റെ ജീവിതം സത്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം അന്വേഷിക്കുന്നവർക്ക് 'മാർക്കിന്റെയും' 'മാത്യൂവിന്റെയും' 'ലൂക്കിന്റെയും' സുവിശേഷങ്ങൾ സാക്ഷ്യങ്ങളായി കരുതാം. ചരിത്രത്തിലെ യേശു ഗലീലിയനായിരുന്നുവെന്നും, യഹൂദ റാബിയായിരുന്നുവെന്നും മലയോരങ്ങളിലും കടലോരങ്ങളിലും ശിക്ഷ്യഗണങ്ങളോട് പ്രസംഗിച്ചുവെന്നും സ്നാപക യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചുവെന്നും റോമൻ അധികാരികളുടെയും പൊന്തിയോസ് പീലാത്തോസ്സിന്റെയും ആജ്ഞയാൽ കുരിശു മരണം പ്രാപിച്ചെന്നും സുവിശേഷങ്ങൾ വിവരിക്കുന്നു. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ജീസസിന് ജന്മം നല്കിയെന്നും കന്യകയിൽ നിന്നും ജനിച്ചുവെന്നും അത്ഭുതങ്ങൾ കാണിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും കുരിശു മരണം പ്രാപിച്ചുവെന്നും മൂന്നാം നാൾ ഉയർത്തുവെന്നും സ്വർഗാരോഹണം ചെയ്തെന്നും മനുഷ്യരുടെ രക്ഷകനായി വീണ്ടും വരുമെന്നും വിശ്വസിക്കുന്നു. ഭൂരിഭാഗം ക്രിസ്ത്യാനികളും യേശുവിനെ ദൈവത്തിന്റെ അവതാരമായും ത്രിത്വ ത്തിൽ രണ്ടാമനായും ദൈവ പുത്രനായും വിശ്വസിക്കുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലർ ത്രിത്വത്തെ എതിർക്കുകയും ചെയ്യുന്നു. ത്രിത്വം വചനത്തിലധിഷ്ടിതമല്ലെന്നും പേഗനീസ മത വിഭാഗങ്ങളുടെ തുടർച്ചയെന്നും ത്രിത്വത്തെ എതിർക്കുന്ന മതവിഭാഗങ്ങൾ വാദിക്കുന്നു.
No comments:
Post a Comment