Thursday, July 23, 2015

മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര


By ജോസഫ് പടന്നമാക്കൽ

ശ്രീ ചാക്കോ കളരിക്കൽ ‍ രചിച്ച  ഏതാനും  പുസ്തകങ്ങള്‍ അദ്ദേഹം എനിക്കു തപാലില്‍ അയച്ചുതന്നിരുന്നു.  തികച്ചും, യാദൃശ്ചികമായി അപരിചിതനായ ഒരാളില്‍ നിന്നും മലയാളത്തില്‍ രചിച്ച ഈ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ വിസ്മയത്തോടെ തന്നെ  ഓരോ പുസ്തകത്തിന്റെയും താളുകളൊന്നു ‍ മറിച്ചു നോക്കി. പുരോഹിതാശയങ്ങള്‍ നിറഞ്ഞ ചപ്പു ചവറുകളായിരിക്കുമെന്നാണ് ‍ ആദ്യം ഞാൻ വിചാരിച്ചത്. ‍പദ്മഭൂഷന്‍ എം.വി. പൈലിയുടെ അവതാരിക വായിച്ചപ്പോൾ  പുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി വിലയിരുത്താനും  പുരോഗമന വാദിയായ ഒരു നവീകരണ ചിന്തകന്‍റെ  ആശയ പുഷ്ടി നിറഞ്ഞ പുസ്തകങ്ങളെന്നു  മനസിലാക്കാനും സാധിച്ചു.


അല്മായർ  സഭയെയോ സഭാധികാരികളെയോ ‍ വിമര്‍ശിച്ചാല്‍  നിത്യനരകം കല്പ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ്  ആദിമ കാലം മുതൽ  കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നത്. അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. നന്മ  തിന്മകളോ   ശരികളോ   തെറ്റുകളോ   ഗൗനിക്കാതെ   പാപത്തിന്‍റെ പ്രതിഫലം അനുഭവിക്കണമെന്ന് സഭ എന്നും വിധിയെഴുതിയിരുന്നു.  സഭയുടെ ചട്ടക്കൂട്ടിൽ അടിമകളെപ്പോലെ കഴിയുന്ന അല്മായർ നാളിതുവരെ ‍ ഇതു വിശ്വസിച്ചിരുന്നു. സഭയെപ്പറ്റി ഗഹനമായി പഠിച്ചിട്ടില്ലാത്ത എന്റെയും ചിന്താഗതി ഏറെക്കുറെ അങ്ങനെയൊക്കെ  തന്നെയായിരുന്നു .


ദീര്‍ഘനാളുകളായുള്ള അമേരിക്കന്‍ ജീവിതം മൂലം മലയാള ഭാഷയുമായി ഞാൻ അകന്നുപോയിരുന്നു.  മലയാളാക്ഷരങ്ങള്‍ കൂട്ടി വായിക്കാനുള്ള ക്ഷമക്കുറവു മൂലം മലയാളത്തില്‍ എന്തെങ്കിലും വായിക്കുവാനും മടിയനായിരുന്നു. എന്നാൽ  ശ്രീ ചാക്കോയുടെ വിപ്ലവാശയങ്ങള്‍ നിറഞ്ഞ   'മതാധിപത്യം കത്തോലിക്കാസഭയില്‍'  എന്ന ഗവേഷണ ഗ്രന്ഥം   കണ്ട മാത്രയിൽ തന്നെ ‍ എന്തെന്നില്ലാത്ത ആവേശത്തോടെ  ആദ്യപേജു മുതല്‍ തുടർച്ചയായി അവസാന പേജുവരെ  വായിച്ചു.  ഒരു സാധാരണ അല്മെനിയെപ്പോലെ ഉള്ളിലൊതുക്കി വെച്ചിരുന്ന എന്‍റെയുംകൂടി  ഒളിഞ്ഞിരുന്ന ആശയങ്ങളായിരുന്നു  അദ്ദേഹത്തന്റെ ഈ പുസ്തകത്തിൽ ‍ ‍ ഉടനീളം പ്രതിഫലിച്ചിരുന്നത്. ഇത്തരം  നവീകരണാശങ്ങളടങ്ങിയ   പുസ്തകങ്ങള്‍ സ്കൂളിലോ കോളേജിലോ പഠിക്കാൻ ‍ സാധിക്കില്ല.  ഗ്രന്ഥപ്പുരകൾ തേടിയാലും  കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. സ്വതന്ത്രമായ ആശയങ്ങള്‍  ഉള്‍കൊള്ളാന്‍ കഴിവുള്ളവര്‍ക്ക് ഈ ഗ്രന്ഥം ആനന്ദവും  മനസ്സിന് കുളിര്‍മ്മയും നല്കും .  പ്രാര്‍ഥനയും നേര്‍ച്ചയും മാത്രമായുള്ള  പള്ളി ജീവിതം നയിക്കുന്ന  സഭാമക്കൾക്കും ‍‌ മാറ്റത്തിനെതിരെ  ചിന്തിക്കുന്ന ബുദ്ധിശൂന്യർക്കും  ഈ പുസ്തകം ബോറടിയുമായിരിക്കും.


പുരോഹിതരുടെ കൊള്ളരുതായ്മകള്‍  നിത്യ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചവനായ  ഞാന്‍  മനസ്സിനുള്ളിൽ ‍ അവർക്കെതിരായ ഒരു വിപ്ലവകാരിയായിരുന്നു.  ശ്രീ കളരിക്കൽ ചാക്കോച്ചനെപ്പോലെ തീയോളജി പഠിക്കാൻ ‍ ഭാഗ്യമുണ്ടായില്ല. ‍ അതുകൊണ്ട്  ഗഹനമായി ചിന്തിച്ചുകൊണ്ട്‌  അവർക്കെതിരെ ശബ്ദിക്കാനുള്ള കഴിവോ  ഉണ്ടായിരുന്നില്ല.  പുരോഹിതരെപ്പറ്റി പൊതുവേ  എനിക്ക് മതിപ്പും കുറവായിരുന്നു. എന്നാല്‍ ചാക്കോച്ചന്‍റെ ഈ വിപ്ലവകൃതി സഭയുടെ പുരോഗതിക്കുവേണ്ടി  നല്ല പുരോഹിതർക്കായുള്ള  മുറവിളിയാണെന്ന് ഓരോ പേജുകളിലും പ്രതിഫലിക്കുന്നത് കാണാം.  പുരോഹിതരോ  മെത്രാന്മാരോ അദ്ദേഹത്തിൻറെ ഈ  പുസ്തകം ഒന്ന് വായിച്ചിരുന്നെങ്കിൽ ‍ യേശുവും പരിശുദ്ധമായ ഒരു സഭയുമായി കൂടുതൽ ഐക്യപ്പെടുമായിരുന്നു.  സഭയുടെ മതാധിപത്യത്തിനടിസ്ഥാനമായ ഈ പുസ്തകം നല്ല പുരോഹിതരെ തേടിയുള്ള ഒരു അന്വേഷണം  കൂടിയാണ്.


കഴിഞ്ഞ കാലങ്ങളില്‍ പള്ളിയോടും പുരോഹിതരോടും അകന്നുള്ള  ജീവിതമായിരുന്നതിനാൽ ചാക്കോച്ചന്റെ ഈ പുസ്തകം വായിക്കുന്നവരെ യേശുവിനെയും  അവിടുത്തെ  മഹനീയ  തത്വങ്ങളെയും  കാര്യമായി  ഞാൻ   ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ യേശു പുരോഹിതന്‍റെയല്ല അല്‍മായന്‍റെ സ്വത്താണെന്ന് അദ്ദേഹത്തിന്‍റെ ഈ പുസ്തകമാണ് എന്നെ വഴികാട്ടിയത്.  പുരോഹിതരോടുള്ള വെറുപ്പിന് ശമനവും വന്നു. സഭയുടെ നന്മക്കായി  നല്ല പുരോഹിതരെ തേടിയുള്ള  ചാക്കോച്ചന്‍റെ ചിന്താഗതികളുമായി  ഞാനും അലിഞ്ഞു ചെര്‍ന്നു.  എന്നിലെ ഒരു എഴുത്തുകാരൻ ജനിച്ചതും  അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിന്ന് ലഭിച്ച അറിവുകളിൽക്കൂടിയാണെന്നും അഭിമാന പൂർവ്വം ഞാനിന്നിവിടെ കുറിക്കട്ടെ.

സഭ അല്‍മായന്‍റെതാണന്നുള്ള ഒരു ബോധവല്‍ക്കരണം നേടുകകൂടിയാണ്, ഈ  പുസ്തകം രചനയിൽക്കൂടി  ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരിക്കുന്നത്‌.  അതിനായി  വൈദികാധികാരം വെട്ടിക്കുറക്കാനും നിർദ്ദേശിച്ചിരിക്കുന്നു.  ഗ്രന്ഥകാരന്‍റെ സ്വന്തം ജീവിതാനുഭവങ്ങളും അനുഭവപാഠങ്ങളും ‍  ഈ പുസ്തകത്തിൽ പകർന്നു വെച്ചിട്ടുണ്ട്. ലോകം മുഴുവന്‍  വൈദികരുടെ കൊള്ളരുതായ്മകൾമൂലം  അനേകർ സഭ വിട്ടുപോവുന്നു. ഒരിക്കല്‍ ഈ പുസ്തകം  വായിക്കുന്ന വായനക്കാരന്  ഞെട്ടിക്കുന്ന സത്യങ്ങള്‍ പലതും മനസിലാക്കാൻ സാധിക്കും.  സഭയുടെ അന്തസും പാരമ്പര്യവും കാത്തു സൂക്ഷിക്കാനായി   യേശു ചൈതന്യം നിറഞ്ഞ  ഒരു യുഗത്തിലേക്ക്   അവിടുത്തെ പ്രിയരായവർ കുതിച്ചു ചാട്ടത്തിനായും  മോഹിക്കും.

കോണ്‍സ്റ്റാന്‍റ്റിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ സഭയില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങി. പോപ്പിന്‍റെയും മെത്രാന്മാരുടെയും രാജവാഴ്ചകള്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് നിഷ്ടൂരതയുടെയും രക്തപ്പുഴകളുടെയും കഥകളാണ് സഭയ്ക്ക് പറയുവാനുള്ളത്.സഭയെ വിമർക്കുന്നവന് രാജാധികാരത്തിന്‍റെ മറവില്‍ തൂക്കുകയറുകളുടെ കാലങ്ങളുമുണ്ടായിരുന്നു. സഭ ശാസ്ത്രപുരോഗതിക്കും വിലങ്ങുതടിയായിരുന്നു. നവോത്വാന  ചിന്തകളുമായി സഭയ്ക്കുള്ളില്‍ ആഞ്ഞടിച്ച വിപ്ലവ ചിന്താഗതിക്കാരെ സഭ  അടിച്ചമർത്തി അവരെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. സഭയുടെ ദുഷിച്ച പ്രവണതകളിൽനിന്നും മുക്തി നേടിക്കൊണ്ട് ചിന്താശീലരായവർ   നവീകരണ സഭകള്‍ക്കു തുടക്കമിട്ടു.  പിൽക്കാലങ്ങളിൽ സഭയ്ക്കേറ്റ  മുറിവുകളെയില്ലാതാക്കി സഭയെ പുനരുദ്ധരിക്കാൻ ‍ ഈശോസഭാ വൈദികരും കര്‍മ്മീലീത്താ വൈദികരും ലോകമെമ്പാടും  ശ്രമിച്ചതും ചരിത്രമാണ്.


കുരിശുയുദ്ധങ്ങൾ  വഴി യൂറോപ്പു മുഴുവന്‍ രക്തപ്പുഴകള്‍ ഒഴുക്കി. നാശത്തിന്‍റെ വിത്തുകള്‍ വിതച്ചുകൊണ്ട്  ലോകം  മുഴുവന്‍  ദാരിദ്ര്യം നിറയ്ക്കുക സഭയുടെ നയമായിരുന്നു. മാര്‍ട്ടിന്‍ ലൂതറിനെയും ഗലീലിയോയെയും പീഡിപ്പിച്ച പാപക്കറകള്‍ സഭയുള്ളടത്തോളം നിലനില്‍ക്കും.  സഭയുടെ നിശബ്ദതയിൽ  നാസിക്യാമ്പില്‍ നടന്ന നൂറായിരം കൂട്ടക്കൊലകളുടെയും ക്രൂരതയുടെയും  ചരിത്രങ്ങൾ  യഹൂദ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നതും കാണാം.


അല്മായര്‍ സഭയെ വിമര്‍ശിച്ചാല്‍ സഭാവൈരികളും കമ്മ്യൂണിസ്റ്റുകളുമായി മുദ്രകുത്തുന്ന ഒരു കീഴ്വഴക്കമാണ് സഭക്കുള്ളത്.  തെറ്റുകളെ തിരുത്തുകയല്ല തെറ്റുകള്‍ ആവര്‍ത്തിക്കുവാനാണു സഭാ നേതാക്കള്‍ക്ക്  താല്പര്യം. അര്‍ഹമായ വിമര്‍ശനം സഭാ നേതൃത്വം  ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം സഭാ വിമര്‍ശന പുസ്തകങ്ങള്‍ വളരെ വിരളമായേ  ഗ്രന്ഥപ്പുരകളില്‍ കാണ്മാനുള്ളൂ. മലയാളത്തിലാണെങ്കില്‍ സഭാ മേലധികാരികളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാവുന്ന ഒരു ആധികാരിക പുസ്തകം കാണുക പ്രയാസമാണ്. ഇതിനൊരു അപവാദമായി  സഭയെ വിമര്‍ശനങ്ങളിൽക്കൂടി  കൂടുതൽ അടുത്തറിയാൻ  ഒരു നല്ല പുസ്തകം ശ്രീ  ചാക്കോ കളരിക്കൽ ‍ വായനക്കാര്‍ക്കായി കാഴ്ച വെച്ചിരിക്കുകയാണ്.


ഈ  പുസ്തകത്തിലുള്ള ‍ ഓരോ അദ്ധ്യായങ്ങളിലും  'സഭ' എന്ന ഏകാധിപത്യത്തെപ്പറ്റി  ഒരു ഗവേഷണ പരമ്പരപോലെയാണ് വിവരിച്ചിരിക്കുന്നത്. സഭയുടെ കുത്തഴിഞ്ഞ  നേതൃത്വം, അഴിമതികൾ,  പണംകൊള്ളകള്‍, പുരോഹിത ലൈംഗിക കുറ്റവാളികള്‍ ഇങ്ങനെ അനേക സാമൂഹ്യക പ്രശ്നങ്ങൾ  വായനക്കാരുടെ  ചിന്തകളെ ഉത്തേജിപ്പിക്കുന്നതാണ്.  ആദ്യ അദ്ധ്യായം സഭയിലെ സ്ത്രീ പുരുഷ വിവേചനത്തെപ്പറ്റി വിവരിച്ചിരിക്കുന്നു.  സ്ത്രീപുരുഷ അസമത്വങ്ങള്‍ പൌരാണികകാലം മുതലുള്ള പുരാണങ്ങളിലും വേദങ്ങളിലും, ബൈബിളിലും ഉടനീളം കാണാം. ബൈബിളും പുരാണങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ താറടിക്കുന്നതാണ്. സെന്‍റ് പോള്‍ എഴുതിയ സുവിശേഷത്തിലും സ്ത്രീയെ വിലകുറച്ചു കാണിച്ചിരിക്കുന്നതു കാണാം.  പൌരാണിക ഗ്രന്ഥങ്ങളില്‍ മനുതൊട്ടു പോൾ വരെ സ്ത്രീയെ തരം താഴ്ത്തികാണിക്കുന്നുണ്ട്‌. സ്ത്രീ കൌശലക്കാരിയും വിശ്വസിക്കുവാന്‍ കൊളളാത്തവളും ശാത്താന് വാതില്‍ തുറന്നു കൊടുക്കുന്നവളെന്നുമൊക്കെ മതഗ്രന്ഥങ്ങളില്‍ കാണാം. ഇങ്ങനെ സ്ത്രീയെ സൃഷ്ടിയുടെ അപൂര്‍ണ്ണയായി ബൈബിളിലും പുരാണങ്ങളിലും എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ദൈവവാക്യങ്ങളാണ് ബൈബിളെങ്കില്‍  സ്ത്രീപുരുഷ അസമത്വം പാടില്ലായിരുന്നുവെന്നും ‍ സെന്‍റ് പോളിന്‍റെ സ്ത്രീയെ താഴ്ത്തികൊണ്ടുള്ള വചനങ്ങള്‍ പുരുഷന്റെ സൃഷ്ടിയാണെന്നും  ശ്രീ കളരിക്കൽ ‍ വിശ്വസിക്കുന്നു. പൌരാഹിത്യ മേധാവിത്വത്തിന്‍റെ അടിമത്വത്തില്‍നിന്നും  സ്ത്രീകളെ മോചിപ്പിക്കണമെന്ന ആഹ്വാനം അദ്ദേഹം   ഈ പുസ്തകത്തിൽ ഉടനീളം ആവർത്തിച്ചിട്ടുണ്ട്.   പൌര രാക്ഷ്ട്രീയത്തിലും  സാമൂഹിക ചിന്താഗതികളിലും  സ്ത്രീ വളരെയേറെ മുന്നേറിയെങ്കിലും സഭയ്ക്കുള്ളിലും കുടുംബത്തിനുള്ളിലും അവള്‍ ഇന്നും അടിമ തന്നെയാണ്. എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിരിക്കുന്നതായി കാണാം. സ്ത്രീയെ താഴ്ത്തി കെട്ടികൊണ്ടുള്ള ഈ പ്രതിഫലനങ്ങൾ  മനുവിയൻ  തത്ത്വങ്ങള്‍ മുതല്‍ സുവിശേഷകനായ  പോളിന്റെ വചനങ്ങള്‍വരെ കാണാം.  സ്ത്രീ ജനിക്കുമ്പോള്‍ മുതല്‍ അടിമായാകുവാന്‍ വിധിച്ചിരിക്കുന്നു. അവൾക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പുരുഷമേധാവികള്‍  എക്കാലവും വിലക്കിയിരുന്ന ചരിത്രമാണ് നമുക്കുള്ളത്.


സ്ത്രീജന്മം വികലമാണെന്നുള്ള അരിസ്റ്റോട്ടലിന്‍റെ തത്വങ്ങള്‍ സഭ അനുകരിക്കുന്നുവെന്നു ശ്രീ  ചാക്കോ കളരിക്കൽ ‍ അഭിപ്രായപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ മാതാവായ മറിയം നിത്യകന്യകയെന്ന അനുമാനത്തില്‍ കന്യാസ്ത്രീ ജീവിതമാണ് വിവാഹ ജീവിതത്തെക്കാള്‍ ശ്രേഷ്ടമെന്നു സഭ പഠിപ്പിക്കുന്നു.  വിവാഹിതരായ സ്ത്രീകളെ തരം താഴ്ത്തുന്ന ഈ പ്രവണതകൾ അവസാനിപ്പിച്ചുകൂടെ ? പരിവര്‍ത്തന  കാലഘട്ടത്തിൽകൂടി സഭയിലെ സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുവാനുള്ള പരിഹാര മാർഗങ്ങൾ  ഗ്രന്ഥകാരന്റെ ഭാഷയിൽ വായിച്ചാലെ വായനക്കാരന് അതിന്റെ കാര്യ ഗൌരവം മനസിലാവുകയുള്ളൂ.'ജ്ഞാന സ്നാനം വഴി സ്ത്രീയും പുരുഷനും ക്രിസ്തുവിൽ ഒന്നാണെന്നും പൌരാഹിത്യത്തില്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നത് അനീതിയെന്നും   സ്ത്രീകള്‍ക്കും പൌരാഹിത്യം നല്‍കണമെന്നും  അദ്ദേഹം  സ്ത്രീകള്‍ക്ക് വേണ്ടി ശക്തിയായ ഭാഷയിൽ  വാദിക്കുന്നുണ്ട് .  സ്ത്രീകളോടുള്ള സമീപനത്തില്‍ ജോണ്‍  പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും  വിമര്‍ശിക്കുന്നുണ്ട്. യാഥാസ്ഥിതികനായ മാര്‍പാപ്പാ ഒരു രാജ്യത്ത് വരുമ്പോള്‍ നിലത്തു ഉമ്മ വെക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് ഉമ്മ കൊടുക്കരുതോയെന്നും  പരിഹസിച്ചിരിക്കുന്നു. സ്ത്രീകളുടെ ചുമതല  മാതൃത്വവും പെറ്റു  പെരുകുകയും മാത്രമെന്നായിരുന്നു  ജോണ്‍ പോൾ മാര്‍പാപ്പ വിശ്വസിച്ചിരുന്നത്.


'പോളിന്‍റെ വചനങ്ങൾ  തടസമാണെങ്കിലും  ‌ സഭയെ സംബന്ധിച്ച സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് സ്ത്രീകൾക്ക്  സ്വാതന്ത്ര്യം നല്കുകയും   സഭയുടെ സംവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍  സ്ത്രീയെ അനുവദിക്കുകയും ചെയ്യണമെന്ന്  ഗ്രന്ഥകാരൻ  അഭിപ്രായപ്പെട്ടിരിക്കുന്നു. ഇന്നു ബുദ്ധിശക്തിയിലും ക്ഷമയിലും വിവേകത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളാണ് പുരുഷന്മാരെക്കാളും മുമ്പില്‍ നില്‍ക്കുന്നത്. യേശുവിന്‍റെ കുരിശുമരണവും ഉയര്‍പ്പും ആദ്യാവസാനം പങ്കുചേര്‍ന്നതും സ്ത്രീകളാണ്. ഭീരുക്കളായ പുരുഷന്മാര്‍ അന്ന് സ്വയം തടിതപ്പി രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ എന്തുകൊണ്ടും സ്ത്രീക്ക് പൌരാഹിത്യം നല്‍കേണ്ടത് തികച്ചും ന്യായം മാത്രം.'


'കത്തോലിക്കാസഭ' എന്ന അദ്ധ്യായത്തില്‍ എബ്രാഹമിക്ക് മതങ്ങളായ യഹൂദ ക്രിസ്ത്യന്‍ ഇസ്ലാമിക മതങ്ങള്‍ മുതല്‍ വത്തിക്കാന്‍ കൌണ്‍സില്‍ വരെയുള്ള  വിവരങ്ങള്‍ തന്മയത്വമായി  വിവരിച്ചിട്ടുണ്ട്.  ഉല്പത്തി, പുറപ്പാട്, ലേവ്യര്‍ , സംഖ്യാ ആവര്‍ത്തനം എന്ന പുസ്തകങ്ങള്‍ മോശയുടെതല്ലെന്നാണ് അദ്ദേഹത്തിൻറെ വാദം. മോശ ഈ പഴയ നിയമങ്ങള്‍ രചിച്ചുവെങ്കില്‍ തന്‍റെ സ്വയം മരണത്തെ എങ്ങനെ വിവിരിക്കുന്നുവെന്നും  പുസ്തകം ആരായുന്നു. ദൈവം മനുഷ്യന് നല്‍കിയ ഉടമ്പടിയും യേശുവിന്‍റെ ജനനനവും പന്ത്രണ്ടു ശ്ലീഹാന്മാരും അപ്പസ്തോലിക്കാ പ്രവര്‍ത്തനങ്ങളും തുടക്കമിട്ടാണ് സഭാ ചരിത്രം വിവരിക്കുന്നത്. പൌലോസ്ശ്ലീഹാ വിജാതിയര്‍ക്കുവേണ്ടി വേദം പ്രസംഗിക്കുന്നതുമുതലാണ് വേദദൌത്യം ആരംഭിക്കുന്നതും അങ്ങനെ കത്തോലിക്കാസഭയുടെ ചരിത്രത്തിന്‍റെ തുടക്കവും. ആദ്യ നൂറ്റാണ്ടുകളുടെ തുടക്കത്തിൽത്തന്നെ  സഭയില്‍ തെറ്റായ വിശ്വാസങ്ങള്‍ ഉടലെടുത്തു.  പാഷണ്ഡികള്‍ ക്രിസ്തുമാര്‍ഗം തെറ്റായി പ്രചരിപ്പിക്കാനാരംഭിച്ചു. അങ്ങനെ മിഥ്യാപ്രതിഭാസവാദം, ജ്ഞാനമാത്രവാദം, ആര്യനിസം എന്നീ തത്വങ്ങള്‍ രൂപം കൊണ്ടു. മൂന്നാം നൂറ്റാണ്ടില്‍ വന്ന ബാബിലോണിയക്കാരന്‍ മാനിക്കേയന്‍റെ അബദ്ധതത്വങ്ങള്‍ നിക്ക്യാ സുനഹദോസിൽ  വെച്ച് സഭ ശപിച്ചുതള്ളി. നെസ്തോറിയന്‍ സഭകളും നെസ്തോറിയനിൽനിന്ന് യാക്കോബ് ബര്‍ദാന സ്ഥാപിച്ച ഓര്‍ത്തോഡോക്സ് സഭകളും ഇവിടെ തുടങ്ങുന്നു. ആത്മീയതമാത്രം നല്ലതും ശാരീരികം ദുഷിച്ചതുമെന്നായിരുന്നു ഇവരുടെ തത്ത്വം. പുറത്താക്കപ്പെട്ട  മാനിക്കയിന്‍ മതക്കാരുടെ കുരിശിനുവേണ്ടിയുള്ള മുറവിളിയാണ് ഇന്നു സീറോ മലബാർസഭ മുഴക്കിക്കൊണ്ടിരിക്കുന്നതും സഭയെ നാറ്റിച്ചു കൊണ്ടിരിക്കുന്നതും. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാക്കീസ് നെസ്തോറിയസ് ‍ യേശുവിന്റെ അമ്മയെ ദൈവമാതാവെന്നു വിളിക്കുന്നത്‌ തെറ്റാണെന്ന് വാദിച്ചതിനാല്‍ എഫെസിസ് കൌണ്‍സില്‍വെച്ച് സഭാ ഭ്രിഷ്ടു കല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ നാമത്തോടു ചേര്‍ത്ത് നെസ്തോറിയന്‍ സഭയുണ്ടായി. ഇങ്ങനെയുള്ള അബദ്ധസിദ്ധാന്തങ്ങളെ തരണം ചെയ്താണ് കത്തോലിക്കാസഭ വളര്‍ന്നത്‌.


എ ഡി 313 ല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി കത്തോലിക്കാമതത്തെ റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമാക്കിയതുമുതല്‍ സഭയുടെ ദൈവികസ്വഭാവം നഷ്ടപ്പെട്ടു. ലളിതമായ ആദിമ സഭയിലെ കൂട്ടായ്മയുടെ സ്ഥാനത്ത്  സാമ്രാജ്യത്തിനുള്ളിലെ  സംഘിടിത മതമായി മാറി. രാജകീയ അധികാരങ്ങളോടെ വിശ്വാസികളെ ഭരിക്കുവാന്‍ തുടങ്ങി. ദരിദ്രരുടെ സഭ, രാജകീയ വേഷങ്ങളണിഞ്ഞ പുരോഹിതരുടെയും  സമ്പത്തു മോഹിക്കുന്നവരുടെയും  സഭയായി മാറി. തുടര്‍ന്നുള്ള സഭയും ചരിത്രസംഭവങ്ങളും  വിഷയ സംബന്ധമായ  ഗവേഷണങ്ങളും  ശ്രീ ചാക്കോ കളരിക്കൽ വിശദീകരിച്ചിട്ടുണ്ട്.  ഒമ്പതാം പീയൂസ്, പന്ത്രണ്ടാം പീയൂസ്, ജോണ്‍  ഇരുപ്പത്തി മൂന്നാം മാര്‍പാപ്പ  മുതലായ പ്രസിദ്ധരായ മാർപ്പാപ്പാമാരെപ്പറ്റി  ഒരു ചരിത്ര ചിന്തകന്റെ വിക്ഷണത്തോടെ   നന്നായി അവലോകനവും  ചെയ്തിട്ടുണ്ട്.


മുക്കവന്‍റെ കസേരയില്‍ വെറും നാലുവര്‍ഷവും ഏഴുമാസവും ഇരുന്ന ജോണ്‍  ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയെ ശ്രീ ചാക്കോ വിശേഷിപ്പിച്ചിരിക്കുന്നത്‌ "കടലുപോലെ ഇടയ്ക്കിടക്ക് ഇളകി മറിയുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പ്രശാന്തസുന്ദരമായ ആ അഞ്ചുവര്‍ഷങ്ങളെ ജനങ്ങള്‍ കണ്ടു." വെന്നാണ്. ജോണ്‍  മാര്‍പാപ്പ തുടക്കമിട്ട രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ ആശയങ്ങള്‍ പിന്നീടുവന്ന യാഥാസ്ഥിതികര്‍ തകിടംമറിച്ച കഥകളൊക്കെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും രസകരമായിരിക്കും.


അല്മായര്‍ക്കായി ഒരു അദ്ധ്യായംതന്നെ പുസ്തകത്തില്‍ നിരൂപണ രൂപേണയുണ്ട്. 'അല്‍മായ' എന്ന വാക്കിനു പരിഹാസരൂപത്തില്‍ അടിമയെന്നാണ് ശ്രീ ചാക്കോ അർത്ഥം കല്പ്പിച്ചിരിക്കുന്നത്.  മൂന്നാം നൂറ്റാണ്ടുമുതല്‍ പുരോഹിതർ പറയുന്നത് എന്തും സത്യമാണെന്നു കരുതി  മൌനമായി ശ്രവിച്ചുകൊണ്ട്‌ അനുസരണയോടെ ജീവിക്കുന്ന ഒരു വിഭാഗമാണ്‌ അല്മായര്‍. 'അല്മായര്‍' എന്ന വാക്കിനു വ്യക്തമായ ഒരു അര്‍ഥം  നിര്‍വചിക്കുന്നില്ല. യൂറോപ്പ്യന്‍ പദമായ ലെയിറ്റിയുമായി വലിയ സാമ്യവുമില്ല. അല്‍ എന്നത് നാമവും മായാ എന്നതു ദേവതയും അര്‍ത്ഥമാക്കിയാല്‍ അടിമകളായ അല്മായര്‍ക്കു ചേരുകയില്ല.എന്നാല്‍ കൊണ്‍സ്റ്റാന്റിൻ  ചക്രവർത്തിയുടെ  കാലംവരെ അല്‍മായരും ദേവഗണങ്ങളെപ്പോലെയായിരുന്നു. പുരോഹിതരും അല്മെനികളും ക്രിസ്തുവിന്‍റെ മുമ്പില്‍ തുല്ല്യരായിരുന്നു.  അല്മായർക്കായുള്ള  ഈ അദ്ധ്യായത്തിൽ യുക്തിയും ചിന്താശക്തിയും  ഗ്രന്ഥകാരന്റെ ശക്തമായ ഗവേഷണ പാടവവും  നിറഞ്ഞിരിക്കുന്നു.


അല്മായര്‍ മാമോദീസ്സ വഴി ക്രിസ്തുവിന്‍റെ ഏകശരീരത്തില്‍ ഒന്നായവനും ക്രിസ്തുവിന്‍റെ പരിത്യാഗത്തിൽ  പങ്കുചേരേണ്ടവനും എന്നൊക്കെയായിരുന്നു ആദിമസഭകളിൽ  ‍വില കല്പ്പിച്ചിരുന്നത്. കാലംമാറുന്നതനുസരിച്ച് ഇവര്‍ക്ക് നിര്‍വചനവും മാറ്റികൊണ്ടിരുന്നു. ദൈവജ്ഞാനം ഇല്ലാത്തവന്‍, അകത്തോലിക്കരെ അജ്ഞാനികള്‍ എന്നു വിളിക്കേണ്ടവന്‍,പുരോഹിതരോട് അനുസരണയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥവികല്‍പ്പനങ്ങള്‍ മുളയെടുത്തു.  ആദ്യമസഭയില്‍  പുരോഹിതരുണ്ടായിരുന്നില്ല. പിന്നീട് . അല്‍മായരും കൂട്ടായ്മ മൂപ്പന്മാരും  ഒന്നുപോലെ ദൈവജനമായിരുന്നു.  ദിവ്യബലിക്കു കാര്‍മ്മികത്വം വഹിക്കുവാന്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ അവകാശമുണ്ടായിരുന്നു. കാലക്രമത്തില്‍ പുരോഹിതര്‍ ക്രിസ്തുവിന്‍റെ സ്ഥാനം ഏറ്റെടുത്തു. മൂന്നാംനൂറ്റാണ്ടില്‍ കൈവെയ്പ്പു കര്‍മ്മങ്ങള്‍ തുടങ്ങിയത് വഴി അല്‍മായരും പുരോഹിതരും രണ്ടുതട്ടിലായി. കോണ്‍സ്റ്റാന്‍റ്റിന്‍റെ കാലംമുതല്‍ സഭയുടെ ആത്മാവ് നഷ്ടപ്പെട്ടു. കുമ്പസ്സാരവും ശുശ്രുഷകളുംവഴി പുരോഹിതവര്‍ഗത്തിന് അധികാരമത്തു പിടിച്ചു. ഇവര്‍ രാഷ്ട്രീയക്കാരും ധനികരുമായി. അല്‍മായരുടെ ചുമതല പുരോഹിതര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്ന ചുമതലയായി മാറ്റപ്പെട്ടു.


ചാക്കോ കളരിക്കലിന്റെ  ‍ അഭിപ്രായത്തിൽ  സുവിശേഷ ചൈതന്യത്തോടെ അല്മായര്‍ക്ക് പൂര്‍ണ്ണ  അവകാശങ്ങളോടെയും അധികാരത്തോടെയും  സഭയുടെ എല്ലാ മണ്ഡലങ്ങളിലുംപ്രവര്‍ത്തിക്കാനും
സഭാ-നവീകരണങ്ങളില്‍ പങ്കുചേരാനുമുള്ള അവസരങ്ങള്‍ സഭ ഒരുക്കണം. അതിനായി സഭയെ സമൂലമായി നവീകരിക്കെണ്ടതുമുണ്ട്.' സഭയില്‍ സ്നാപക പൌരാഹിത്വം വീണ്ടും നടപ്പിലാക്കണമെന്നും ഈ ഗ്രന്ഥം വിവരിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും തുല്യരായി ക്രിസ്തുവിന്‍റെ ചൈതന്യത്തിൽ പങ്കു ചേരണം.  ജാതി മത ഭേദമെന്യേ പൌലോസിന്‍റെ ദീര്‍ഘദൃഷ്ടിയോടെ വിജാതിയനോ ഗ്രീക്കുകാരനോ സ്ത്രീയോ പുരുഷനോ വിത്യാസമില്ലാതെ ഒന്നായ സഭക്കുവേണ്ടി പൊരുതണമെന്നും  നിര്‍ദേശിക്കുന്നുണ്ട്.


1950 കളിലും അറുപതുകളിലും ഒരാള്‍ വൈദികനായി പുത്തൻ കുർ‍ബാന ചൊല്ലിയാല്‍ പട്ടം ഏറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കാലത്തിനനുസരിച്ച് വൈദികര്‍ക്കു മാത്രം വാക്കുകള്‍ക്കു പരിഷ്കാരംവന്നു. ഇപ്പോള്‍ പട്ടമേറ്റുവെന്നല്ല 'തിരുപട്ടം ഏറ്റുവെന്നാണ് പറയുന്നതെന്നും എന്തുകൊണ്ട് തിരുവിവാഹം എന്നു പറയുന്നില്ലായെന്നും  ശ്രീ കളരിക്കൽ ‍ ചോദിക്കുന്നു. അടിയാള ചിന്താഗതിയില്‍ പുരോഹിതരുടെ മനസ്സ് ചിതല്പുറ്റു നിറഞ്ഞിരിക്കുന്നതാണ് കാരണം. പണ്ടു മാര്‍ഗവാസ്സി പുലയന്‍ മരിച്ചാല്‍ ചത്തുവെന്നെ പറയുകയുള്ളൂ. സഭയെ  ഭരിക്കുന്ന ‍  വൈദികര്‍ക്കും വൈദികപ്രമാണികള്‍ക്കും  കാലം ചെയ്ത അതേ അഭിഷിക്തരുടെ മനസ്ഥിതിയാണ് ഇന്നുമുള്ളത്.


ഉദയംപേരൂര്‍ സുനഹദോസുവരെ പുരോഹിത- അല്‍മായ അന്തരങ്ങള്‍  സഭയിയിലുണ്ടായിരുന്നില്ല. പോർട്ടുഗീസുകാരുടെ വരവോടെയാണ് കീഴ്മേലാര്‍ സമ്പ്രദായം സഭയില്‍ എതോ കാലത്ത് വന്നുകൂടുയത്. പുരോഹിതര്‍ ദേവവര്‍ഗമായി കണക്കാക്കി ചരിത്രം തുടങ്ങിയെന്നാണ് ഈ പുസ്തകത്തില്‍ സ്ഥിതികരിച്ചിരിക്കുന്നത്. അനുസരണയുള്ള കുഞ്ഞാടുകളായി പള്ളിക്ക് കൊടുക്കുവാനുള്ള പതാരവും കൊടുത്തു പ്രാര്‍ഥനയും ദൈവഭക്തിയുമായി പുരോഹിതസേവ ചെയ്തുജീവിക്കുക എന്നത് എന്നും ഒരു നല്ല ക്രിസ്ത്യാനിയുടെ ചുമതലകള്‍ ആയിരുന്നു. അല്മേനികളുടെ മൌനത്തിന്‍റെ ചരിത്രമെന്നാണ് ചാക്കോ ഈ കാലഘട്ടങ്ങളെ വിളിക്കുന്നത്‌. വെളുപ്പാന്‍ കാലങ്ങളില്‍ കാറ്റത്തും കൊടുംമഴയത്തും ഇടിയിലും മിന്നലിലും ഊടുവഴികളിലും  നിഷ്പാദകരായി സ്ത്രീകളും ഭക്തപുരുഷന്മാരും പള്ളിയില്‍ വന്നു മൌനത്തോടെ കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന കാലങ്ങള്‍ യാത്രാ സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ വെറും ഓര്‍മ്മകളായിഅവശേഷിച്ചു. അങ്ങനെ മൌനമായി ഉറങ്ങികിടന്ന അല്മെനികള്‍ ഉയർത്തെഴുന്നേറ്റത് രണ്ടാംവത്തിക്കാന്‍ സുനഹദോസിനുശേഷം ആയിരുന്നു. സഭാധികാരികളുടെ അനുവാദമില്ലാതെ അല്മെനിക്കു സംഘടിക്കുവാന്‍ അവകാശമില്ലായിരുന്നു. സുനഹദോസ് കഴിഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്മെനിയുടെ നിലവാരത്തില്‍ സഭയില്‍ ഇന്നും വലിയ മാറ്റമില്ല. 'എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ കൂടുന്നയിടത്ത് ഞാനുണ്ടെന്നുള്ള തിരുവചനം കാറ്റില്‍ പറത്തികൊണ്ട് ഇന്നും സംഘടിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പുരോഹിതരുടെ അനുവാദംവേണം.


അല്മെനിയുടെ പണം കൊണ്ട്  സഭയും പുരോഹിതരും സ്വത്തുക്കള്‍ സമ്പാദിക്കുന്നു.  ആ സ്വത്തുക്കളുടെമേല്‍ അല്മെനിക്ക് അവകാശമില്ലാത്ത  വ്യവസ്ഥയേയും  ശ്രീ ചാക്കോ  നിശിതമായി വിമർശിച്ചിട്ടുണ്ട്.  "അല്മെനിയെ മാത്രം ബാധിക്കുന്ന കുടുംബാസൂത്രണം അല്മെനിയോടു അഭിപ്രായം ആരാഞ്ഞിട്ടാണോ പോള്‍ ആറാമന്‍ ചാക്രിക ലേഖനംവഴി ജനനനിയന്ത്രണം നിരോധിച്ചെതെന്നുള്ള  "വത്തിക്കാന്‍റെ കുടുംബാസൂത്രണ‍ നയങ്ങളെ   ചാക്കോ ആരായുന്നതും  കാണാം. അല്മെനികള്‍ക്കു  വേണ്ടി വാദിക്കുന്ന സഭാ പുരോഹിതര്‍ക്ക് വിലക്ക് നല്കുകയെന്നുള്ളതും സഭയുടെ ഒരു അടവ് ആണ്. പോർട്ടുഗീസ്സുകാരോട് ക്ഷമിക്കാം, പക്ഷെ നമ്മുടെ മെത്രാന്മാര്‍ അല്മായരെ മൊത്തം റോമിനു  വിറ്റതില്‍ ക്ഷമിക്കാൻ സാധിക്കില്ലന്നുള്ള  കാഴ്ചപ്പാടും ശ്രീ ചാക്കൊയ്ക്കുണ്ട്.  നിലവിലുണ്ടായിരുന്ന പള്ളി ഭരണത്തില്‍ നിന്നും അല്മായരെ തൊഴിച്ചു പുറത്താക്കിയശേഷം ഇരുട്ടത്ത് ചിരിക്കുന്ന മെത്രാന്മാര്‍ എന്ന പ്രയോഗവും  നന്നായിരിക്കുന്നു. സഭയെ വിമർശിക്കുന്നവര്‍, അവിശ്വാസി, ശാത്താന്‍റെ സന്തതി, സഭാദ്രോഹി, നാമമാത്ര കത്തോലിക്കന്‍, കമ്മ്യൂണിസ്റ്റ്, വൈദികവിരോധി, സെമിനാരി ചാടിയവന്‍, കന്യാസ്ത്രിയെ തട്ടികൊണ്ടു പോയ അച്ചന്‍ ഇങ്ങനെയുള്ള പുരോഹിതപദങ്ങളും  നര്‍മ്മരസത്തോടെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരന് വായനയിൽ ഉണർവും ഉന്മേഷവും നല്കും.


ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് എടുത്തു പറയട്ടെ, " പാരമ്പര്യമാകുന്ന ജലത്തില്‍ നീന്തുന്നത് നല്ലതാണ്, എന്നാല്‍ അതില്‍ മുങ്ങുന്നതു ആത്മഹത്യയാണ്." പോപ്പിന്‍റെയോ മെത്രാന്‍റെയോ പള്ളിയാകാതെ ക്രിസ്തുവില്‍ സ്നാനം സ്വീകരിച്ചവരുടെ പള്ളിക്കായി കളരിക്കല്‍ ചാക്കോ ഇവിടെ സ്വപ്നം കാണുകയാണ്. വിധേയത്വമുള്ള കുഞ്ഞാടുകള്‍ ആണെങ്കിലും മൌനത്തിലൂടെയല്ല തെറ്റിനെ ചൂണ്ടികാണിച്ചുള്ള നവമായ ഒരു മുന്നേറ്റമാണ് കാലത്തിന്‍റെ ആവശ്യമെന്നും  അദ്ദേഹം  പറയുന്നു.


സഭയിലെ കഴിഞ്ഞകാലങ്ങളിലെ മാര്‍പാപ്പാമാരെയും മാര്‍പാപ്പമന്ദിരത്തെയും വിമര്‍ശിച്ചുകൊണ്ടു പേപ്പസ്സിയെന്ന അദ്ധ്യായം ‍  തുടരുന്നു.  ജെയിംസ്‌ ലോവല്‍ എന്ന ചിന്തകന്‍റെ ഉദ്ധരണി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ, " The foolish and the dead never change their opinions" വിഡ്ഢികള്‍ മരിച്ചു മണ്ണടിഞ്ഞവരെപ്പോലെ മാറ്റപ്പെടാത്ത സ്വഅഭിപ്രായങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കും. ഇതു പേപ്പസ്സിയെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. പത്രോസിനോ യേശുവിന്‍റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന 'തെറ്റാവരം' എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്.  ലോകംമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആഗോളസഭയുടെ നേതാവാണ്‌ മാര്‍പാപ്പാ. കുരിശിന്‍റെ അടയാളംപോലെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിന്ഹംക്കൂടിയാണ് പേപ്പസ്സി. ഏ.ഡി. 130 നു മുമ്പ് പേപ്പസ്സി എന്ന സ്ഥാനം ഇല്ലായിരുന്നു. റോമിലെ സിറിസിയാസ് മെത്രാന്‍ (384-399) ആദ്യമായി മാര്‍പ്പാപ്പയെന്ന് അറിപ്പെട്ടുവെന്നു  പേപ്പസ്സി അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു കാലത്ത് സീസറിന്‍റെ അധികാരവും പത്രോസിന്‍റെ ആദ്ധ്യാത്മികപദവിയും ഒത്തു നിലനിര്‍ത്തിയിരുന്ന ഭൂമിയിലെ ഏക ഭരണകര്‍ത്താവായിരുന്നു മാര്‍പാപ്പ.


ദുര്‍ഗ്രാഹ്യമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ്‌ വത്തിക്കാന്‍ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നിലനില്‍ക്കുമോയെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയര്‍ത്തെഴുന്നെല്പ്പിനുശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്‍റെ പേരില്‍ മാര്‍പാപ്പാക്ക് രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്‍റെ ഒരു സാമ്രാജ്യം.  ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ പേപ്പസി നിലനിര്‍ത്തി. കറുത്തയുഗങ്ങള്‍ എന്നാണു ഈ ചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനകള്‍ക്കും ഇരയാകുമായിരുന്നു. പേപ്പസ്സി അംഗികരിച്ച ക്രിസ്ത്യന്‍ തത്വങ്ങളെ തിരസ്ക്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച  പാപപങ്കിലമായ കഥകള്‍ സഭയുടെ നിശബ്ദചരിത്രത്തില്‍ ശയിക്കുന്നു.


നവീകരണകാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാരപരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തി നോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേക ഭരണകര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍മുട്ടുകുത്താറുണ്ട്. നാസ്തികനായ ഗോര്‍ബച്ചോവ്‌ 1998 ല്‍ ഒരു പ്രാര്‍ഥനയില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം മുട്ടുകുത്തി മാര്‍പാപ്പയെ ബഹുമാനിച്ചു. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല. വിശദമായ വിവരങ്ങള്‍  തന്മയത്വമായി 'പേപ്പസ്സി'യെന്ന അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.


ഇന്നു കത്തോലിക്കാ മതത്തില്‍ ആദിമസഭയിലെ ക്രിസ്തീയചൈതന്യം നിലനില്‍ക്കുന്നില്ല. തെറ്റാവരവും അധികാരവും ധനവും സഭയെ ആദിമസഭയില്‍നിന്നും ബഹുദൂരം മാറ്റി നിർത്തി.  സഭയില്‍ നിലകൊള്ളുന്നത് ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങൾകൊണ്ട്  വക്രീകരിക്കപ്പെട്ട  തത്ത്വങ്ങളുടെ സംഹിതകളാണ്. പല പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയിലുണ്ട്. ബാബിലോണിയയിലെ ദുര്‍ഗ്രാഹ്യമായ തത്ത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ മടിത്തട്ടില്‍ ഒളിഞ്ഞിരുപ്പുണ്ട്. മാർപാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാപള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനീസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം. ഇന്നു പൂര്‍ണ്ണമായും രക്ഷകനായ യേശുവില്‍ അടിമപ്പെട്ട ഒരു സഭയെന്നു കത്തോലിക്കര്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.


കത്തോലിക്കാസഭയില്‍ നിലവിലുള്ള ആചാരങ്ങൾ ‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നു.  ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന മൂന്നാംനൂറ്റാണ്ടുവരെ സഭയിലുണ്ടായിരുന്നില്ല. പുതിയനിയമത്തിലോ പഴയനിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്ക് പൂജകള്‍ അര്‍പ്പിച്ചിരുന്നു. മേരിയും ഉണ്ണിയേശുവും പേഗന്‍ ചിത്രീകരണമാണ്. നാല്‍പ്പതുനോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ്സ് വര്‍ഗക്കാരുടെ ആചാരത്തില്നിന്നും വന്നതാണ്. ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാസഭയില്‍ പില്‍ക്കാലത്ത്‌ മാതാവും ഉണ്ണിയേശുവുമായി ‍ സ്ഥാനംപിടിച്ചത്.


ജോണ്‍ പോള്‍ രണ്ടാമൻ  മാര്‍പാപ്പായെ  ശ്രീ ചാക്കോ വിശേഷിപ്പിച്ചതിങ്ങനെ,  " തെളിവില്ലാത്ത സ്വാഭിപ്രായത്തിന്‍റെ വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, പകരുന്ന മാരക രോഗമുണ്ടെങ്കിലും കോണ്‍ഡം ഉപയോഗിക്കുന്നതിനു ദമ്പതികളെ അനുവദിക്കാത്തവന്‍, അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരുടെ സംരക്ഷകന്‍, മെത്രാന്‍മാരുമായി സൗഹാർദ  തീരുമാനങ്ങള്‍ക്ക് കൂട്ടാക്കാത്ത ആള്‍, റോമന്‍കൂരിയാകളുടെ അധികാരം വര്‍ദ്ധിപ്പിച്ച ആള്‍ , ലിബറല്‍ തീയോളജിക്കാരെ കര്‍ശനമായി ശിക്ഷിക്കുന്ന ആള്‍ , കോടികള്‍ ചിലവഴിച്ചു 104 രാജ്യങ്ങളില്‍ യാത്രചെയ്തു പണം ദുരുപയോഗം ചെയ്ത സഞ്ചാരി ‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു റിക്കോര്‍ഡു തിരുത്തിയ വിശുദ്ധരിൽ ‍ വിശുദ്ധൻ എന്നിങ്ങനെ  സഭാപണ്ഡിതന്മാര്‍ വിലയിരുത്തും."


പേപ്പസ്സി അദ്ധ്യായത്തില്‍ സഭാനന്മക്കായി  ചില  നിര്‍ദ്ദേശങ്ങള്‍  മുമ്പോട്ടു വെച്ചിട്ടുണ്ട്. "സഭ ക്രിസ്തുവിന്‍റെ ശരീരമാണെങ്കില്‍ പേപ്പസ്സി കൂടിയേതീരൂ. പേപ്പസ്സിയെ നന്നാക്കുകയാണ് ലൂതറും കാല്‍വിനും ചെയ്തത്. പേപ്പസ്സിയില്ലായിരുന്നുവെങ്കില്‍ ഈ സഭ ഇതിലും ദുഷിക്കുമായിരുന്നുവെന്നും  ശ്രീ ചാക്കോ കളരിക്കൽ കരുതുന്നു.  ഒരു നേതാവിനെ ഇഷ്ടമില്ലെന്നു വിചാരിച്ചു ക്രിസ്തു സ്ഥാപിച്ച സഭ വിട്ടു പോകുന്നത് ആത്മീയ ആത്മഹത്യക്ക് തുല്ല്യമാണെന്നാണ്  അദ്ദേഹത്തിന്‍റെ അഭിപ്രായം . സഭയെ  വൃദ്ധന്‍മാരുടെ അബോധ ചിന്താഗതിയില്‍നിന്നും വിടുവിക്കണം.  അറുപതുവയസു കഴിഞ്ഞവരെ മാര്‍പാപ്പ ആക്കരുത്." വിശുദ്ധ ബാര്‍ണാര്‍ഡിന്‍റെ വാക്കുകള്‍ ഇങ്ങനെ " സഭയെ സ്നേഹിക്കുന്നവര്‍ സഭയില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കും." അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ. " റോമന്‍ കാര്യാലയത്തിന്‍റെ പാപത്തിന്‍റെ ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു". ഈ ചെറു അദ്ധ്യായത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള  വിവരങ്ങള്‍ കൌതുകകരവും വിജ്ഞാന പ്രദവുമാണ്.


അറിയപ്പെടെണ്ട മാര്‍പാപ്പമാരെ പരിചയപ്പെടുത്തുന്ന രസാവഹമായ ഒരു അദ്ധ്യായവുമുണ്ട്.   അവരിൽ   ജോണ്‍ പോള്‍ രണ്ടാമന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.  ജോണ്‍ ഇരുപത്തി മൂന്നാമനും ജോണ് പോള്‍ ഒന്നാമനും സുപ്രധാനമായ മാര്‍പാപ്പമാരില്‍ ഉള്‍പ്പെടും. അവരുടെ ജീവചരിത്ര കുറിപ്പുകളും ചുരുക്കമായി വിവരിച്ചിട്ടുണ്ട്.  ചുരുങ്ങിയ കാലംകൊണ്ട് ജോണ്‍  ഇരുപ്പത്തി മൂന്നാമന്‍ സഭയുടെ പ്രതിച്ഛായ മൊത്തം മാറ്റിയെടുത്തു. ഇദ്ദേഹം നിര്‍ഭയനും കര്‍മ്മധീരനുമായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വൈസ്രോയ് ജനറല്‍ ശ്രീ രാജ ഗോപാലാചാരി  ജോണ്‍ ഇരുപത്തി മൂന്നാമനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമായുള്ള തന്‍റെ അഭിമുഖ സംഭാഷണത്തെപറ്റി പ്രസ്താവിച്ചത് 'തികച്ചും സ്വന്തം പിതാവിനോടെന്നതുപോലെ മാര്‍പാപ്പയുമായി സംസാരിച്ചപ്പോള്‍ തനിക്കു അനുഭവപ്പെട്ടുവെന്നായിരുന്നു.' ജോണ്‍  പോള്‍ ഒന്നാമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വെറും മുപ്പിത്തിമൂന്നു ദിവസമേ മാര്‍പാപ്പയുടെ സിംഹാസനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ മരണത്തിൽ  ദുരൂഹതകളും ഇന്നും ബാക്കിനില്‍ക്കുന്നു.   മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഈ മാർപ്പാപ്പ  ഇഷ്ടപ്പെട്ടിരുന്നില്ല. മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു. വളരെ വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു. ഹ്രസ്വമായ അദ്ദേഹത്തിന്‍റെ വത്തിക്കാന്‍ സിംഹാസന ജീവിതം വളരെ ധന്യവുമായിരുന്നു. ആഴമേറിയ അദ്ദേഹത്തിന്‍റെ ജീവിതത്തെപ്പറ്റി വളരെ ചുരുക്കിമാത്രമേ പുസ്തകത്തിൽ  വിവരിച്ചിട്ടുള്ളൂ.


ക്രൂരന്മാരായ അനേക മാര്‍പാപ്പാമാരുടെ ചരിത്രവും ചരിത്ര വായനക്കാർക്ക് താല്പര്യമുണ്ടാക്കും. അവരില്‍ കൊലയാളികളും  വെപ്പാട്ടികളെ വെച്ചവരും പേപ്പല്‍ സിംഹാസനം വിറ്റവരും സ്ത്രീമാര്‍പാപ്പയും ഉണ്ട്. ഒരു മാര്‍പാപ്പയെ കൊന്നിട്ട് അധികാരം പിടിച്ചവരുമുണ്ട്. ദുഷ്ടനായ സ്റ്റീഫന്‍ ഏഴാമനെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഉര്‍ബാന്‍ രണ്ടാമനെ കുരിശുയുദ്ധ മാർപ്പാപ്പയെന്നു വിളിക്കുന്നു. ആയിരങ്ങളെ കൊന്ന ഈ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുന്നു. ഗ്രിഗറി ഒമ്പാതാമന്‍ അവിശ്വാസികളായവരെയും സഭയ്ക്കെതിരെ സംസാരിക്കുന്നവരെയും തീയിലിട്ടു കൊല്ലുമായിരുന്നു. സിക്സ്റ്റസ് നാലാമന്‍ തുര്‍ക്കികളുമായി കുരിശുയുദ്ധം നടത്തി. രാജ്യത്ത് വ്യപിചാരശാലകള്‍ നടത്തുവാന്‍ ലൈസന്‍സ് നല്‍കി. ഇന്നസന്‍റ് എട്ടാമന്‍ എന്ന മാര്‍പാപ്പ പതിമൂന്നു വയസ്സുള്ള പൌത്രനു കര്‍ദ്ദിനാള്‍ സ്ഥാനം കൊടുക്കുകയും കൊലകള്‍ നടത്തുകയും ചെയ്തു.  സുഖലോലുപന്മാരും വേശ്യകളുമൊത്തു കൂത്താടി നടന്നവരും മാര്‍പാപ്പാമാരുടെ പട്ടികയില്‍ ഉണ്ട്. വത്തിക്കാനും അംബ്രോസിയാനോ ബാങ്കും കൊള്ളചെയ്ത കര്‍ദ്ദിനാള്‍മാരും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയാ പ്രവര്‍ത്തനങ്ങളും  നിരൂപണ വൈഭവത്തോടെ പുസ്തകം വായിച്ചുതന്നെ അറിയുക.


ഇങ്ങനെ നൂറുനൂറായിരം വിവാദങ്ങളും സംവാദങ്ങളും  അടങ്ങിയ  ശ്രീ കളരിക്കൽ ചാക്കോ എഴുതിയ ഈ പുസ്തകം അഭിനവ വിജ്ഞാനലോകത്ത് ഒരു മുതല്‍കൂട്ടാണ്. സഭയെ സ്നേഹിക്കുന്നവര്‍ക്കും നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു കൊടുക്കേണ്ട അറിവുകള്‍ ധാരാളം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികഞ്ഞ അര്‍പ്പണ ബോധത്തോടെ മിനക്കെട്ടിറങ്ങുന്നവർക്കെ  ഇത്തരം ഒരു പുസ്തകം വെളിച്ചത്തു കൊണ്ടുവരാൻ ‍ സാധിക്കുള്ളൂ. ഇതില്‍ ഗ്രന്ഥകാരനെ ‍ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന ഈ പുസ്തം ഒരിക്കല്‍ വായിക്കുന്നവര്‍ വീണ്ടും വീണ്ടും വായിക്കുമെന്ന് തീര്‍ച്ചയാണ്. സഭയോട് നമ്മള്‍ കൂടുതല്‍ അടുക്കുകയും യേശുവിനെ മാതൃകയാക്കുകയും ചെയ്യും. ശ്രീ ചാക്കോ ഇങ്ങനെ ഒരു ഗവേഷണഗ്രന്ഥം തയ്യാറാക്കുവാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കഠിനമായി ശ്രമിച്ചു കാണും.  വിജ്ഞാനപ്രദമായ  ഒരു പുസ്തകം  വായനക്കാർക്ക് കാഴ്ചവെച്ച അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ശ്രീ ചാക്കൊയ്ക്കും കുടുംബത്തിനും സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...