Friday, January 22, 2016

ഐൻസ്റ്റിന്റെ മതവും ശാസ്ത്രവും ഒരു അവലോകനം



By ജോസഫ് പടന്നമാക്കൽ

ശാസ്ത്രലോകത്തിലെ ആരാധ്യ നായകനായ  ആൽബെർട്ട് ഐൻസ്റ്റീൻ, ദൈവത്തെപ്പറ്റിയോ  ലോകോത്പത്തിയെ സംബന്ധിച്ചോ  യാതൊന്നും അറിയില്ലെന്നു  വാദിച്ചിരുന്ന   അജ്ഞയതാവാദിയായിരുന്നു.   ഇരുപതാം നൂറ്റാണ്ടിലെ  പ്രസിദ്ധനായ ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ ചിന്തകൻ, സാമൂഹിക ചിന്തകൻ, വൈജ്ഞാനികൻ, നോബൽ സമ്മാന ജേതാവ്  എന്നീ നിലകളിൽ അദ്ദേഹം വിഖ്യാതനായിരുന്നു. ശാസ്ത്രത്തിന്റെ നെടുംതൂണുകളിൽ ഒന്നായ ആപേക്ഷികതാസിദ്ധാന്ത തത്ത്വങ്ങൾ വികസിപ്പിച്ചത് ഐൻസ്റ്റീനായിരുന്നു. അന്നത്തെ ജനസമൂഹത്തിന്റെ അജ്ഞതയെ നീക്കി ബോധവാന്മാരാക്കുകയെന്ന ദൗത്യവും അദ്ദേഹം നിർവഹിച്ചിരുന്നു. ഐൻസ്റ്റീന്റെ ചിന്തകളും മതപരമായ കാഴ്ചപ്പാടുകളും  എന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിന്നും  മനസിലാക്കാൻ സാധിക്കും.  അദ്ദേഹം പറഞ്ഞു,  'ദൈവമെന്നാൽ ഒരു ചൂതുകളിക്കാരനല്ല.  ഞാൻ വിശ്വസിക്കുന്നത് 'സ്പിനോസാ' ഭാവന ചെയ്ത ദൈവത്തെയാണ്." ഈ പ്രപഞ്ചവും അതിന്റെ നിലനില്പ്പും ക്രമത്തിലും ചിട്ടയിലുമുള്ള  പൊരുത്തവും  മനുഷ്യന്റെ ചിന്തകളിൽ ഉൾക്കൊള്ളുന്നതല്ല.  പ്രപഞ്ചവും പ്രപഞ്ചത്തിനു മീതെ പ്രപഞ്ചങ്ങളുമടങ്ങിയ മായാജാലങ്ങളുടെ  സൃഷ്ടാവ് മനുഷ്യനിൽ മാത്രം ഒതുങ്ങുന്നതല്ല.  മനുഷ്യനെ  വിധിക്കാനും അവന്റെ  പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള  മതദൈവങ്ങളെ ഐൻസ്റ്റിൻ നിരാകരിച്ചിരുന്നു.

1879 മാർച്ച് പതിനാലാം തിയതി യഹൂദ ദമ്പതികളായ ഹെർമാന്റെയും പൌളിന്റെയും മൂത്ത മകനായി ആൽബർട്ട് ഐൻസ്റ്റീൻ ജനിച്ചു. 1880 ജൂണിൽ അദ്ദേഹത്തിൻറെ കുടുംബം മ്യൂണിച്ചിൽ സ്ഥിരതാമസമാക്കി. ഒരു സാധാരണ ബാലനെപ്പോലെയാണ് ഐൻസ്റ്റീൻ വളർന്നത്. അദ്ദേഹം സംസാരിക്കാൻ പഠിച്ചത് താമസിച്ചായിരുന്നതുകൊണ്ട് മാതാപിതാക്കൾ അസ്വസ്ഥരായിരുന്നു. ബാല്യത്തിൽ പ്രൈമറി വിദ്യാഭ്യാസത്തിനൊപ്പം വയലിനും പഠിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയത് കത്തോലിക്കാ സ്കൂളിൽ നിന്നായിരുന്നു. യഹൂദ മതപഠനം സ്വന്തം വീട്ടിൽ നിന്നും ലഭിച്ചു. രണ്ടു മതങ്ങളും തമ്മിൽ താത്ത്വികമായ വിത്യാസങ്ങൾ ഇല്ലായെന്ന ചിന്തകളായിരുന്നു ഐൻസ്റ്റീനുണ്ടായിരുന്നത്. ഹീബ്രൂ ബൈബിളിലും യേശുവിന്റെ കഥകളിലും ബാല്യത്തിൽ അദ്ദേഹം ആവേശ ഭരിതനായിരുന്നു. കത്തോലിക്കാ സ്കൂളിൽ ലഭിച്ചിരുന്ന മത പഠനങ്ങളും  ഇഷ്ടപ്പെട്ടിരുന്നു. ചിലരിൽ ആന്റി സെമറ്റിസം ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം അദ്ധ്യാപകർക്കും  കുട്ടികളുടെ മേൽ മതവിവേചനമുണ്ടായിരുന്നില്ല. എങ്കിലും പിന്നീടുള്ള അദ്ദേഹത്തിന്റെ കുറിപ്പിൽ തന്റെ സ്കൂൾ ജീവിതത്തിലെ ഒരു സംഭവം രേഖപ്പെടുത്തി'യിട്ടുണ്ട്. ഐൻസ്റ്റീന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഒരു അദ്ധ്യാപകൻ ക്ലാസ്സിൽ ഒരിയ്ക്കൽ ഒരു നീണ്ട 'മുള്ളാണി' കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് കൊണ്ടുവന്നു.  അത്തരത്തിലുള്ള  ആണികൾ കൊണ്ട് യേശുവിന്റെ കൈകാലുകൾ യഹൂദർ കുരിശിൽ തറച്ചുവെന്ന് അദ്ധ്യാപകൻ ക്ലാസ്സിൽ പറഞ്ഞു. അതുമൂലം കുട്ടികളിൽ യഹൂദ വിരോധം രൂക്ഷമായി. വീടുകളിൽ സ്കൂളുകൾ വിട്ടു പോവുന്ന സമയം കുട്ടികൾ തമ്മിൽ തല്ലുകൂടിയിരുന്നു. അധിക്ഷേപ വാക്കുകളും പരസ്പ്പരം ചീത്ത പറച്ചിലും സ്കൂൾ പരിസരങ്ങളിൽ പതിവായി തുടർന്നു. എങ്കിലും ഭൂരിഭാഗം സഹപാഠികളും മതസഹിഷ്ണതയുള്ളവരായിരുന്നുവെന്നും ഐൻസ്റ്റീന്റെ ജീവചരിത്രത്തിലുണ്ട്.  പിന്നീടുള്ള ജീവിതത്തിൽ സ്വതന്ത്ര ചിന്തകനായ ഐൻസ്റ്റീൻ, മതതത്ത്വങ്ങൾ അപ്പാടെ തള്ളി കളഞ്ഞിരുന്നു.


അമിതമായ മതവിശ്വാസം പുലർത്താത്ത ഒരു സാധാരണ യഹൂദ കുടുംബത്തിലായിരുന്നു ഐൻസ്റ്റീൻ ജനിച്ചതും വളർന്നതും. ബാല്യത്തിൽ തന്നെ മതത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. 'മത വിശ്വാസമില്ലാത്ത മാതാപിതാക്കളിൽ താൻ വളർന്നെങ്കിലും ബാല്യത്തിൽ വിശ്വാസിയായിരുന്നുവെന്നും എന്നാൽ കാലത്തിന്റെ ഒഴുക്കിൽ തന്റെ ചിന്താശക്തി വർദ്ധിക്കുന്നതിനൊപ്പം മതവിശ്വാസം  കുറഞ്ഞുവെന്നും പന്ത്രാണ്ടാം വയസിൽ തികഞ്ഞ ഒരു അവിശ്വാസിയായെന്നും' അദ്ദേഹം തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ബൈബിളിൽ പറഞ്ഞിരിക്കുന്ന കഥകളെല്ലാം വെറും വ്യാജങ്ങളെന്നു ശാസ്ത്രീയ പുസ്തകങ്ങളുടെ വായനയിൽക്കൂടി അദ്ദേഹം മനസിലാക്കി. സ്വതന്ത്രമായ ചിന്തകളെ തടസമിട്ടുകൊണ്ട് തന്റെ ബാലമനസു  നിറയെ കള്ളങ്ങൾ നിറച്ചിരിക്കുകയായിരുന്നുവെന്ന ബോധോദയവും അദ്ദേഹത്തെ അലട്ടിയിരുന്നു.  മതപുരോഹിതർ പഠിപ്പിച്ച അബദ്ധ സിദ്ധാന്തങ്ങൾ മൂലം പിന്നീടുള്ള കാലങ്ങളിൽ അറിവുള്ളവർ എന്തു പറഞ്ഞാലും അദ്ദേഹത്തിനു ഉൾക്കൊള്ളാനോ വിശ്വസിക്കാനോ സാധിക്കില്ലായിരുന്നു.   യുവത്വത്തിലുണ്ടായിരുന്ന മതങ്ങളുടെ സ്വർഗമെന്ന ഭാവനയൊക്കെ നഷ്ടപ്പെട്ട് പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറുകയായിരുന്നു. വിസ്തൃതമായ ലോകവും പ്രപഞ്ചവും ഭാഗികമായിയെങ്കിലും പരിശോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചിന്തിച്ചു. 'സ്വർഗത്തിലേയ്ക്കുള്ള പാതകൾക്കു പകരം ശാസ്ത്രീയാന്വേഷണങ്ങളിൽ വ്യാപൃതനായതിൽ  അദ്ദേഹം ഒരിയ്ക്കലും നിരാശനല്ലായിരുന്നു.


ഐൻസ്റ്റിൻ  1903-ൽ  'മിലെവ മാരിക്' (Mileva Marić)എന്നു പേരുള്ള സെർബിയൻ ഡോക്ടറെ  വിവാഹം ചെയ്തു. വിവാഹത്തിനുമുമ്പ് 'ലൈസെൽ' എന്ന പേരുള്ള ഒരു കുട്ടി അവർക്ക് ജനിച്ചിരുന്നു. ആ കുട്ടി ചെറുപ്രായത്തിൽ മരിച്ചു പോയിരിക്കാം. അല്ലെങ്കിൽ ആരെങ്കിലും ദത്തെടുത്തിരിക്കാം. വിവാഹശേഷം 'ഹാൻസ് ആൽബർട്ടെന്നും' 'എഡ്വേർഡെന്നും' രണ്ട് ആണ്മക്കളും ജനിച്ചിരുന്നു. 1914-ൽ അവർ വിവാഹ മോചനം നേടി. കുട്ടികളെയും കൊണ്ട് 'മാരിക്' ബർലിനിൽ മടങ്ങി പോവുകയും ചെയ്തു. 1921-ൽ ഐൻസ്റ്റീനു ലഭിച്ച നോബൽ സമ്മാന തുക മൂഴുവൻ അവർക്കും മക്കൾക്കും വേണ്ടി ചെലവിനു നല്കി. രണ്ടാം ഭാര്യ 'എല്സായെ' ഐൻസ്റ്റിൻ വിവാഹം കഴിച്ച ശേഷവും ആദ്യ ഭാര്യയുടെ കുടുംബ ചെലവുകൾ വഹിച്ചിരുന്നു.


ഐൻസ്റ്റീൻ സ്വന്തം കുറിപ്പുകളിൽ തന്റെ വിശ്വാസത്തെപ്പറ്റി എഴുതി: " ദൈവത്തിലുള്ള എന്റെ വിശ്വാസം 'ബാറുവാ സ്പിനോസാ' വിഭാവന ചെയ്ത അദ്വൈതത്തിലാണ്. ഒരു വ്യക്തിയെ ദൈവമായി ഞാൻ കരുതുന്നില്ല. ഞാൻ ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലാത്ത  സംശയാലുവായ  ഒരു ആജ്ഞേയവാദിയാണ്." ദൈവത്തിന്റെ ഘടനയോ സവിശേഷതകളൊ മനുഷ്യന് മനസിലാകില്ലെന്നുള്ള വിശ്വാസമായിരുന്നു ഐൻസ്റ്റീനുണ്ടായിരുന്നത്.1930 -ൽ പ്രസിദ്ധീകരിച്ച 'വൈറെക്കിന്റെ' 'ഗ്ലിംസസ് ഓഫ് ഗ്രേറ്റ്‌' (Glimpses of the Great)  എന്ന ബുക്കിൽ ഐൻസ്റ്റീനുമായുള്ള ഒരു അഭിമുഖ സംഭാഷണമുണ്ട്. അതിൽ ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം 'താൻ ഒരു അദ്വൈത വാദിയാണോ അല്ലയോ യെന്ന്‌ വിശേഷിപ്പിക്കാൻ സാധിക്കുന്നില്ലെന്ന്' പറയുന്നു. 'ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രയാസമുള്ളതെങ്കിലും താനൊരു നിരീശ്വരവാദിയല്ലെന്നും' അദ്ദേഹം പറഞ്ഞു.


'സ്പിനോസാ'യെന്ന  താത്ത്വികൻ  ഭൌതിക പ്രപഞ്ചവുമായി ദൈവത്തെ താരതമ്യപ്പെടുത്തിയിരുന്നു. സ്പിനോസായെ പ്രവാചകനെന്നും രാജകുമാരനെന്നും അക്കാലത്തുള്ളവർ വിളിച്ചിരുന്നു.  സർവതും ബ്രഹ്മമയമെന്ന വാദത്തിന്റെ പ്രവാചകനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഈ പ്രപഞ്ചത്തിൽ മാത്രം കാണപ്പെടാത്ത കോടാനുകോടി വിശേഷണങ്ങൾ അടങ്ങിയ ദൈവം അനന്തമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്വൈതത്തിലും വിശ്വസിച്ചിരുന്നു.  ദൈവം  മനുഷ്യന്റെ വിധിയെ നിർണ്ണയിക്കുന്നില്ലെന്നും അദ്ദേഹത്തിൻറെ തത്ത്വങ്ങളിലുണ്ട്.  ആത്മാവും ശരീരവും ഒന്നാണെന്നും രണ്ടല്ലെന്നുമുള്ള തത്ത്വചിന്തകൾ പടിഞ്ഞാറൻ ലോകത്ത് ആദ്യം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.


1933-ൽ അഡോൾഫ്  ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ  യഹൂദനായിരുന്ന ഐൻസ്റ്റീനു  മടങ്ങി പോകാൻ സാധിക്കില്ലായിരുന്നു. അവിടെ ബെർലിൻ അക്കാഡമി ഓഫ് സയൻസിലെ ശാസ്ത്ര വിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഒരു പ്രൊഫസറായിരുന്നു. 1940-ൽ  പൌരത്വ മെടുത്തുകൊണ്ട്  അമേരിക്കയിൽ സ്ഥിരതാമസമാക്കി. പിന്നീട് 1955 മരണം വരെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയോടനുബന്ധിച്ചുള്ള ഗവേഷണ കേന്ദ്രങ്ങളുടെ ചുമതലകൾ വഹിച്ചിരുന്നു.


ആൽബർട്ട് ഐൻസ്റ്റീൻ ദൈവത്തിൽ വിശ്വസിച്ചിരുന്നുവോ? ഐൻസ്റ്റീൻ നല്ലൊരു ശാസ്ത്രജ്ഞനെന്നതിലുപരി   അവരെപ്പോലെ  ദൈവ വിശ്വാസിയായിരുന്നുവെന്നു മത വാദികൾ പറയും.  'ശാസ്ത്രവും മതവും സഞ്ചരിക്കുന്നത് രണ്ടു ധ്രുവങ്ങളിലെന്നും   മതവുമായി ശാസ്ത്രം പൊരുത്തപ്പെടില്ലെന്നും  ശാസ്ത്രം ദൈവത്തിൻറെ  അസ്തിത്വത്തെ അംഗികരിക്കില്ലെന്നും മത സങ്കൽപ്പമില്ലാത്തവർ   പറയും.  ദൈവം ഒരു വ്യക്തിയെന്ന സങ്കല്പ്പത്തെ ഐൻസ്റ്റീൻ എതിർത്തിരുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾക്കും അതിനുള്ള പരിഹാരങ്ങൾക്കും  ദൈവത്തോടുള്ള പ്രാർത്ഥന നിരർത്ഥകമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതേ സമയം മതത്തിന്റെ വികാരങ്ങളെ  കണക്കാക്കിയിട്ടുമുണ്ട്.നന്മ തിന്മകളെ വിധിക്കാൻ സ്വർഗവും നരകവുമുണ്ടെന്ന ധാരണ വെറും മിഥ്യയെന്നും വിശ്വസിച്ചിരുന്നു.   മരണശേഷം ആത്മാവുണ്ടെന്ന മതങ്ങളുടെ വിശ്വാസവും തള്ളിക്കളഞ്ഞു. ഐൻസ്റ്റിന്റെ ഇത്തരത്തിലുള്ള  വിശ്വാസങ്ങൾ  ഒരു മതത്തിനും ഉൾക്കൊള്ളാൻ  സാധിക്കില്ല. അദ്ദേഹം വിശ്വസിച്ചിരുന്ന ദൈവം പ്രപഞ്ചത്തെയും പ്രപഞ്ച രഹസ്യങ്ങളെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു. തെളിവുകളില്ലാതെ അജ്ഞേയമായ വിശ്വാസ സംഹിതകളായ മതങ്ങളോട് ഐൻസ്റ്റീൻ ഒരിക്കലും യോജിച്ചിരുന്നില്ല. ഇന്നുള്ള  മതങ്ങളിലെ വിശ്വാസിലോകം  ഐൻസ്റ്റിന്റെ മതനിരീക്ഷണം പോലെ ചിന്തിച്ചിരുന്നെങ്കിൽ മതത്തിന്റെ പൊള്ളയായ  അന്ധവിശ്വാസങ്ങളും കച്ചവടങ്ങളും ഒരു പക്ഷെ ഇല്ലാതാകുമായിരുന്നു.  ലോകത്ത് സമാധാനവും ഉണ്ടാകുമായിരുന്നു.


ഐൻസ്റ്റിന്റെ മതവിശ്വാസത്തെപ്പറ്റി  1954-ൽ അദ്ദേഹമെഴുതിയ ഒരു കത്ത് വളരെയേറെ പ്രസിദ്ധമാണ്.  മതത്തിലെ യാഥാസ്ഥികരായ  വിശ്വാസികൾക്ക് ഈ  കത്തുമൂലം ഐൻസ്റ്റിനെ വെറുക്കാനും  കാരണമായി.  ഐൻസ്റ്റിൻ എഴുതി,  'ദൈവമെന്നത്  മനുഷ്യന്റെ ബലഹീനതയിൽ നിന്നു  വന്ന ഒരു സങ്കല്പ്പമാണ്.  തീർച്ചയായും ബൈബിളിലുള്ള നല്ല കാര്യങ്ങളെ ആദരിക്കണം. എങ്കിലും ആ പുസ്തകം അപരിഷ്കൃതവും പുരാവൃത്ത കെട്ടുകഥകൾ നിറഞ്ഞതുമാണ്.'  ഐൻസ്റ്റിന്റെ മതത്തിനോടുള്ള ശത്രുതാ മനോഭാവം പുതുമയുള്ളതൊന്നുമല്ല . 1930-ലെ ന്യൂയോർക്ക് ടൈംസ്  മാഗസിനിൽ അദ്ദേഹം എഴുതി, "ചരിത്രാതിത കാലത്തുണ്ടായിരുന്ന സംസ്ക്കാരം സിദ്ധിച്ചിട്ടില്ലാത്ത മനുഷ്യരിൽ മതങ്ങളെന്ന വികാരങ്ങളുണർത്തി. കൂടാതെ വിശപ്പിനോടും  വന്യ മൃഗങ്ങളോടും  രോഗങ്ങളോടുമുള്ള  ഭയവും അവനെ ദൈവമെന്ന സങ്കൽപ്പത്തിൽ എത്തിച്ചു.  മതം പിന്നീട് സാമൂഹിക പ്രശ്നങ്ങളും മത ബോധവൽക്കരണവുമായി രംഗ പ്രവേശനം ചെയ്തു." ഐൻസ്റ്റിന്റെ ഈ കാഴ്ചപ്പാട് സാമൂഹിക ശാസ്ത്രജ്ഞർ മുഖവിലയ്ക്കെടുത്തു. ദൈവത്തെപ്പറ്റിയുള്ള വിലയിരുത്തലുകൾ വൈജ്ഞാനിക  ലോകത്തിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ ചിന്തിക്കാനുമാരംഭിച്ചു. ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ മതവീക്ഷണങ്ങളെ  തുലനം ചെയ്യാനും തുടങ്ങി.


ശാസ്ത്രവും മതവും തമ്മിലുള്ള  അഭിപ്രായ വിത്യാസങ്ങളെ സംബന്ധിച്ച് ഐൻസ്റ്റിനു  പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. മതത്തിന്റെ വിശ്വാസങ്ങളിലുള്ള  അടിസ്ഥാന തെറ്റുകളെ ശാസ്ത്രം വിലയിരുത്തുന്നു. ശാസ്ത്രം അതിന്റെ വഴിക്ക് പോകാനും മത വിശ്വാസങ്ങളെ ചോദ്യം ചെയ്യണ്ടാന്നും മതവും പറയുന്നു. ഈ വിധത്തിൽ ശാസ്ത്രവും മതവും തമ്മിൽ സംഘട്ടനം ആവശ്യമുണ്ടോ? അതിന്റെ ആവശ്യമില്ലെന്നു  ഐൻസ്റ്റീൻ പറയുന്നു. അതെ സമയം ശാസ്ത്രവും മതവും തമ്മിൽ സംഘട്ടനങ്ങൾ സംഭവിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ശാസ്ത്രവുമായി പൊരുത്തപ്പെടുന്ന സത്യമായ ഒരു മതമുണ്ടെങ്കിൽ ശാസ്ത്രവും മതവും തമ്മിൽ ഒരു സംഘട്ടനം വരില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


സാമൂഹിക രാഷ്ട്രീയ ചിന്തകളെപ്പറ്റിയും ഐൻസ്റ്റീൻ പരാമർശിച്ചിട്ടുണ്ട്. ഐൻസ്റ്റീൻ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ചിന്തകനായിരുന്നുവെന്നു   മതവാദികൾ  പറയും. യാഥാസ്ഥികരായ ക്രിസ്ത്യാനികളെ ഐൻസ്റ്റിന്റെ ചിന്തകളെ വെറുപ്പിക്കുന്നുവെന്നതാണ് സത്യം. ഒരു പക്ഷെ മിതവാദികളായ കൃസ്ത്യാനികൾക്കും അദ്ദേഹത്തോട് യോജിക്കാൻ സാധിക്കില്ല.  അദ്ദേഹം മുതലാളിത്ത  വ്യവസ്ഥയോട് എതിർപ്പുള്ള ആളായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ഐൻസ്റ്റീൻ വിശ്വസിച്ചിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയെ എതിർത്തിരുന്നതു മൂലം യാഥാസ്ഥിതികരായവർ  അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകളെ  പാരമ്പര്യ മതങ്ങളോടുള്ള  വെല്ലുവിളിയായി കണക്കാക്കിയിരുന്നു.


1936-ൽ, 'ശാസ്ത്രജ്ഞർ പ്രാർഥിക്കുമോയെന്ന' ചോദ്യവുമായി  ഐൻസ്റ്റിനു 'ഫിലിസെന്ന' ഒരു കൊച്ചുകുട്ടി  കത്തെഴുതി. "പ്രിയപ്പെട്ട ഡോക്ടർ ഐൻസ്റ്റീൻ, 'ശാസ്ത്രജ്ഞർ  പ്രാർഥിക്കുമോ? എന്താണ് അവർ സാധാരണ പ്രാർത്ഥിക്കുന്നത്?' ഞങ്ങൾ കുട്ടികൾക്ക് 'ശാസ്ത്രവും മതവും ഒരു പോലെ വിശ്വസിക്കാൻ സാധിക്കുമോ'യെന്ന് വേദപാഠം ക്ലാസ്സിൽ ഒരു ചോദ്യമുണ്ടായിരുന്നു. ഉത്തരം കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞർക്കും മറ്റു പ്രമുഖ വ്യക്തികള്ക്കും ഞങ്ങൾ കത്തുകൾ എഴുതിക്കൊണ്ടിരിക്കുന്നു. ആദരണീയനായ അങ്ങ് കുട്ടികളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകിയാൽ അത് ഞങ്ങളെ സംബന്ധിച്ച് തികച്ചും അഭിമാനർഹമായിരിക്കും. ഞങ്ങൾ ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ്. അങ്ങയുടെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ, ഫിലിസ്."


അഞ്ചു  ദിവസങ്ങൾക്കു ശേഷം 1936 ജനുവരി ഇരുപത്തിനാലാം തിയതി ശാസ്ത്രവും മതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഐൻസ്റ്റീൻ ആ കുട്ടിയ്ക്ക് മറുപടി എഴുതി.


"പ്രിയപ്പെട്ട ഫിലിസ്, കുട്ടിയുടെ കത്തിന് മറുപടിയായി എന്നാൽ കഴിയുംവിധം ലളിതമായ ഭാഷയിൽ  ഞാൻ എഴുതുന്നു. ശാസ്ത്രജ്ഞർ മാനുഷിക ജീവിത പ്രശ്നങ്ങളുൾപ്പടെയുള്ള ഓരോ സംഭവ വികാസങ്ങളിലും പ്രകൃതിയുടെ നിയമങ്ങൾക്ക് കീഴ്പ്പെട്ടവരാണ്.   അതുകൊണ്ട് പ്രാർത്ഥനകൾ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന വിശ്വാസം ശാസ്ത്രജ്ഞർക്ക്‌ അനുകൂലിക്കാൻ സാധിക്കില്ല. പ്രാർത്ഥകളിൽക്കൂടി ആഗ്രഹങ്ങൾ സഫലീകരിക്കാമെന്നുള്ള ചിന്തകൾ പ്രകൃതിക്കും പ്രകൃത്യതീതശക്തിയ്ക്കും ഉപരിയായുള്ള ഇന്ദ്രിയഗോചരങ്ങളുടെ മോഹങ്ങളാണ്. ഇക്കാര്യത്തിൽ മനുഷ്യന് പരിമിതമായ അറിവേയുള്ളൂവെന്നു നാം സമ്മതിച്ചേ മതിയാവൂ. അതുകൊണ്ട് ദൈവമുണ്ടെന്നുള്ള നമ്മുടെ ധാരണകൾ ഉത്തരം കിട്ടാത്ത ആ വിശ്വാസത്തിൽ അധിഷ്ടിതമായിരിക്കുന്നു. മനുഷ്യന്റെ ചിന്തകൾക്കുമപ്പുറമുള്ള ദൈവിക ശക്തിയെന്ന അപൂർണ്ണമായ വിശ്വാസം അവസാന ഉത്തരമായി ഓരോരുത്തരുടെയും മനസ്സിൽ കുടികൊള്ളുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും ആ വിശ്വാസം തന്നെ ലോക മനസുകളിൽ നിറഞ്ഞിരിക്കുകയാണ്. എങ്കിലും ശാസ്ത്രത്തിൽ മുഴുകിയിരിക്കുന്ന ഓരോരുത്തരും പ്രകൃതി നിയമങ്ങളിൽ ഏതോ അജ്ഞാതമായ ശക്തി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അത് എന്തെന്ന് മനുഷ്യന്റെ ചിന്തകൾക്കും അതീതമാണ്. ശാസ്ത്രവും മതവും തമ്മിലുള്ള ഐക്യരൂപ്യം ഇത്തരത്തിലാണെങ്കിലും ഭീരുക്കളായ മതവിശ്വാസികളുടെ മതാന്ധതയെ ശാസ്ത്രമൊരിക്കലും അംഗീകരിക്കില്ല. എല്ലാവിധ മംഗളങ്ങളോടെ, നിങ്ങളുടെ ഐൻസ്റ്റീൻ."


ശാസ്ത്രത്തിലും സാമൂഹിക തലങ്ങളിലും ഒരുപോലെ ഭീമാകായനായിരുന്ന ഒരു മഹാൻ ഒരു കൊച്ചു കുട്ടിയ്ക്ക് കത്തെഴുതിയത് ചരിത്ര പുസ്തകങ്ങളിൽ വളരെ പ്രാധാന്യത്തോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറുപടി അയച്ചതും ശാസ്ത്രത്തിന്റെ വൈകാരികമായ ഉൾക്കാഴ്ച്ചയോടെയായിരുന്നു.


ഐൻസ്റ്റിന്റെ ദൈവത്തെപ്പറ്റിയുള്ള വിവാദപരമായ പരാമർശങ്ങൾ അദ്ദേഹത്തിൻറെ ഗ്രന്ഥശേഖരങ്ങളിൽ നെടുനീളം നിഴലിക്കുന്നുണ്ട്. അദ്ദേഹമെഴുതി; "ദൈവത്തെപ്പറ്റി, ദൈവത്തിന്റെ അസ്ഥിത്വത്തെപ്പറ്റി വിവരിക്കുകയെന്നത് അസാധ്യമാണ്. ദൈവസത്തയെന്ന മാനുഷിക സങ്കല്പം നമ്മുടെ കൊച്ചു മനസ്സിൽ ഒതുങ്ങുന്ന ഒന്നല്ല. ഒരു മനുഷ്യന്റെ മനസ് എത്രമാത്രം പരിശീലിപ്പിച്ചാലും ഈ പ്രപഞ്ചത്തിന്റെ ഗൂഢത മനസിലാക്കാൻ സാധിക്കില്ല. ഉപമകൾ വഴി അതിനുത്തരം നല്കാനും സാധിക്കില്ല. നമ്മളൊരു കൊച്ചു കുഞ്ഞിനെപ്പോലെയാണ്. ഒരു കുഞ്ഞ് വിസ്തൃതമായ ഗ്രന്ഥശേഖരങ്ങൾ നിറഞ്ഞ ഒരു ലൈബ്രറിയിൽ പ്രവേശിക്കുന്നുവെന്നു വിചാരിക്കുക. അനേക ഭാഷകളിലുള്ള പുസ്തകങ്ങൾ ആ ഗ്രന്ഥ ശേഖരങ്ങളിലുണ്ട്. ആരോ ഈ പുസ്തകങ്ങൾ എഴുതിയെന്നു കുഞ്ഞിനറിയാം. ആരാണ്,എന്താണ് എഴുതിയതെന്ന് അറിഞ്ഞുകൂടാ. അതിലെഴുതിയിരിക്കുന്ന ഭാഷയേതെന്നും കുഞ്ഞിനറിഞ്ഞു കൂടാ. പുസ്തകം ക്രമമായി അടുക്കി വെച്ചിട്ടുണ്ടെന്നുമറിയാം. വിസ്മയകരമായ രീതിയിൽ നിറഞ്ഞിരിക്കുന്ന പുസ്തകത്തിനുള്ളിൽ എന്തെന്ന് ചെറിയ സംശയങ്ങളല്ലാതെ കുഞ്ഞിനൊന്നും മനസിലാവില്ല. അതു തന്നെയാണ് ദൈവത്തെപ്പറ്റിയുള്ള എത്ര സംസ്ക്കാരമുള്ളവരുടെയും ബുദ്ധിജീവികളുടെയും മനുഷ്യ മനസിലുള്ള അറിവുകൾ. ഈ പ്രപഞ്ചം മുഴുവൻ വിസ്മയകരമായി അടുക്കി വെച്ചിരിക്കുകയാണ്. പ്രപഞ്ചത്തിനും നിയമങ്ങളുണ്ട്. പക്ഷെ ആ നിയമങ്ങളെപ്പറ്റി വളരെ പരിമിതമായേ മനുഷ്യൻ  മനസിലാക്കുകയുള്ളൂ. നമ്മുടെ ചുരുങ്ങിയ മനസിനുള്ളിൽ  നിഗൂഢാത്മകമായ പ്രപഞ്ചവും ചലിക്കുന്ന  നക്ഷത്ര സമൂഹങ്ങളും അതിനൊടനുബന്ധിച്ച പ്രകൃതി നിയമങ്ങളും ഉൾക്കൊള്ളാനാവില്ല."


ഐൻസ്റ്റീൻ  പറഞ്ഞു, "ഒരു  മതത്തിന്റെ നിർവചനത്തിലുള്ള  ഒരു ദൈവത്തെ എനിയ്ക്ക് അംഗീകരിക്കാൻ സാധിക്കില്ല.  ഞാൻ അറിവു  വെച്ച കാലം മുതൽ മതങ്ങൾ പഠിപ്പിച്ചിരുന്ന തത്ത്വങ്ങളെ നീരസത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഒരു വ്യക്തി ദൈവമെന്ന് എനിയ്ക്ക് തെളിയിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള ഒരു ദൈവത്തെപ്പറ്റി  സംസാരിക്കുകയാണെങ്കിൽ ഞാൻ കള്ളം പറയുന്നവനെന്നു സ്വയം എന്റെ മനസാക്ഷിയോട് പറയേണ്ടി വരും.  ദൈവ ശാസ്ത്രത്തിലെ എഴുതപ്പെട്ടിരിക്കുന്ന ദൈവം  തിന്മകൾക്ക്‌ ശിക്ഷ വിധിക്കുമെന്നും  എനിയ്ക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ദൈവത്തിന്റെ പ്രപഞ്ചവും സൃഷ്ടിയും   മനുഷ്യന്റെ  ആഗ്രഹങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുന്നതല്ല.   എന്നാൽ പരിവർത്തന വിധേയമല്ലാത്ത, സ്ഥായിയായ നിയമങ്ങൾ ഈ പ്രപഞ്ചത്തിനൊപ്പമുണ്ട്. "


ലോകമാകമാനമുള്ള ജനവിഭാഗങ്ങളെ തരം തിരിച്ചാൽ   ദരിദ്ര രാജ്യങ്ങളിൽ ഭൂരിഭാഗം പേരെയും മത വിശ്വാസികളായും  വികസിത രാജ്യങ്ങൾ മതത്തിൽ വിശ്വസിക്കാത്തവരായും കാണാം. ജീവിത സാഹചര്യങ്ങളിൽ കഷ്ടത അനുഭവിക്കുന്ന  രാജ്യങ്ങളിൽ  അക്രമണങ്ങളും കൊള്ളയും അഴിമതികളും സാധാരണമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങളിൽ  ഭൂരിഭാഗവും  ദൈവ വിശ്വാസികളാണ്. വികസിത രാജ്യങ്ങളായ സ്വീഡനിൽ 64 ശതമാനവും ഡെന്മാർക്കിൽ 48 ശതമാനവും ഫ്രാൻസിൽ 44 ശതമാനവും   ജർമ്മനിയിൽ 42 ശതമാനവും അവിശ്വാസികളെന്നു കാണാം.  അതേ സമയം ആഫ്രിക്കൻ രാജ്യങ്ങളിൽ അവിശ്വാസികളായവർ  ഒരു ശതമാനത്തിൽ താഴെയുള്ളൂ.


എന്താണ് ദാരിദ്ര്യംകൊണ്ട് താറുമാറായ  രാജ്യങ്ങളിൽ മതവിശ്വാസികളും വികസിത രാജ്യങ്ങളിൽ ദൈവഭയമില്ലാത്തവരും  കൂടുതലായി കാണുവാൻ കാരണം?  ദുരിതം നിറഞ്ഞ ജീവിതവും  കഷ്ടപ്പാടുകളും മനുഷ്യരെ  ദൈവ ഭയവും മത ഭക്തിയുള്ളവരുമാക്കുന്നു. മതപരമായ ആചാരങ്ങളും പ്രാർത്ഥനകളും ചിലർക്ക്  മനസിന്‌ സമാധാനം ലഭിക്കുന്നു.  പരിഷ്കൃത രാജ്യങ്ങളിൽ ഭാവിയെപ്പറ്റി കുറച്ചു  ഭയമേയുള്ളൂ. അവിടെ സാമൂഹിക പദ്ധതികളും  ആരോഗ്യ സുരക്ഷാ പദ്ധതികളും മറ്റു ആനുകൂല്യങ്ങളും നല്കുന്നു. ചെറു പ്രായത്തിൽ മരിക്കുന്നവരുടെ എണ്ണവും കുറവാണ്. ജീവിത സാഹചര്യങ്ങൾ മെച്ചമായതുകൊണ്ട് അവർക്ക് മതം ആവശ്യമില്ലായെന്ന തോന്നലുമുണ്ടാകും.  വികസിത രാജ്യങ്ങളിൽ ആകാശം മുട്ടെ പണി കഴിപ്പിച്ച പള്ളികൾ വിശ്വാസികളുടെ അഭാവത്താൽ അപ്രത്യക്ഷമാകുന്നു. പള്ളികൾക്കു പകരം മാനസിക സുഖം ലഭിക്കാൻ അത്തരം രാജ്യങ്ങളിൽ ബഹുവിധ പദ്ധതികളും കാണും.  വൈകാരിക സമ്മർദം അവസാനിപ്പിക്കാനുള്ള ഗുളികകൾ, മാനസിക ചീകത്സകൾ, യോഗാ, മറ്റു വിനോദ കേന്ദ്രങ്ങൾ മുതലായവകൾ  മതാചാരങ്ങൾക്ക് പകരമായി കാണുന്നു.  കായിക വിനോദങ്ങളും കലാമേളകളും  മതത്തെ ജനജീവിതത്തിൽനിന്നും അകറ്റി നിർത്തുന്നു.


1955 ഏപ്രിൽ പതിനഞ്ചാംതിയതി ഗുരുതരമായ ഉദരരോഗം പിടിപെട്ട് ഐസ്റ്റിനെ  പ്രിൻസ്റ്റനിലുള്ള ഒരു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  1955 ഏപ്രിൽ പതിനെട്ടാം തിയതി എഴുപത്തിയാറാം  വയസ്സിൽ  അദ്ദേഹം മരിച്ചു. അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം ഭൌതിക ശരീരം ദഹിപ്പിക്കുകയും രണ്ടാഴ്ചക്കു ശേഷം ചാരം ഏതോ  അജ്ഞാതമായ നദിയിൽ നിമജ്ജനം ചെയ്യപ്പെടുകയും ചെയ്തു.  അന്ന് ശാസ്ത്രത്തിനു നഷ്ടപ്പെട്ടത് അത്യുന്നതനായ ഒരു ചിന്തകനെയും ലോകത്തിനു നഷ്ടപ്പെട്ടത് സമാധാനത്തിനായി പട പൊരുതിയ ഒരു യോദ്ധാവിനെയുമായിരുന്നു.

Malayalam Daily News: http://www.malayalamdailynews.com/?p=201048

EMalayalee: http://emalayalee.com/varthaFull.php?newsId=114417






First wife Mileva Mari
Parents




Letter from Einstin 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...