Wednesday, April 20, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-10)



ദളിത ക്രിസ്ത്യാനികളും വർണ്ണ ക്രിസ്ത്യാനികളുടെ ജാതീയതയും  

By ജോസഫ് പടന്നമാക്കൽ

ഭാരതത്തിൽ നടപ്പിലുള്ള ജാതിവ്യവസ്ഥ നിയമവിരുദ്ധമെങ്കിലും ഇത് സമൂഹത്തിന്‍റെ അടിത്തട്ടുവരെ വേരുറച്ചെതെന്നുള്ളതാണു സത്യം. ഉയര്‍ന്നവനെന്നു ചിന്തിക്കുന്ന ഒരുവന്‍റെ മനസ്സിലെ ചിത്തഭ്രമവും. ദളിതരെന്നു പറയുന്ന വിഭാഗത്തെ സമൂഹം മൊത്തം താഴെനിരയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. എക്കാലവും അവരുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണു ഭാരതഭൂമിയിൽ നാം കാണുക. ഈ സാമൂഹിക വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധകൃതരായ ഹിന്ദുജനത ക്രിസ്തുമതത്തിൽ ചേർന്നു. മുക്കുവക്കുടിലിലെ യേശുവിന്‍റെ സഭയില്‍വന്ന ഇവർ ‍എന്തു നേടി? സവര്‍ണ്ണ ക്രിസ്ത്യാനികളെന്ന മറ്റൊരു ഭീകരജീവിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. ഇരുപത്തിയഞ്ച് മില്ല്യൻ ക്രിസ്ത്യാനികളിൽ ഏകദേശം എഴുപത്തിയഞ്ചു ശതമാനവും ദളിതരാണ്. 



സഭയോടു  ചൊദിക്കുവാനുള്ളത് ഒരേയൊരു ചോദ്യം. നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതരുടെ ജീവിത നിലവാരം ഹൈന്ദവ ദളിതർക്കു തുല്യമോ? ഈ നീണ്ടകാലയളവിൽ  സഭ അവർക്കായി എന്തുചെയ്തു? ഭാരത സഭയിലെ എഴുപതു ശതമാനം വരുന്ന ദളിത്  ക്രിസ്ത്യാനികൾ  സഭയുടെ ഘടകമല്ലെന്നുള്ളതും സത്യമാണ്. സഭയി ദളിത്  ക്രിസ്ത്യാനികളുടെ പങ്കാളിത്തമെന്തെന്നും വ്യക്തമല്ല. ദളിതരോടുള്ള വിവേചനം എന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഹൈന്ദവമാമൂലുകളും തത്ത്വങ്ങളുമാണെന്ന്  പറഞ്ഞ്  സഭ കൈകഴുകുന്നതു ശോചനീയമാണ്.


"ദളിതക്രിസ്ത്യാനി" എന്ന പദം തന്നെ തെറ്റാണ്. 'സിറോമലബാർ  സഭയിൽ വിവേചനമില്ല, സഭയിലെ വിശ്വാസികൾ ഒന്നുപോലെയെന്നു' ക്രിസ്ത്യൻ ബിഷപ്പുമാരും നേതൃത്വവും  അവകാശപ്പെടുന്നു. ക്രിസ്തുവചനമനുസരിച്ചു സുന്ദരമായ തത്ത്വം. ഇങ്ങനെ ബ്രാഹ്മണരും അവരുടെ ചതുർവേദങ്ങളും പറയും. 'ദളിതർ ബ്രഹ്മാവിന്‍റെ ഒരേ അവയവങ്ങളുടെ ഭാഗമാണ്. കാരണം ഒരു ശരീരത്തിന്  എല്ലാ അവയവങ്ങളും ഒന്നായ ആവശ്യംപോലെ ദളിതരും സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ്.' അങ്ങനെ തത്ത്വങ്ങൾക്കു യാതൊരു കുറവുമില്ല. കർദ്ദിനാൾ ജോർജ് ആലഞ്ചേരി സഭയിൽ ജാതിവ്യവസ്ഥയില്ലെന്നു കൂടെ കൂടെ പറയാറുണ്ട്‌. സത്യവിരുദ്ധമായി ലോകത്തെ തെറ്റിധരിപ്പിച്ചുകൊണ്ട്  ദളിതരുടെ കണ്ണിൽ പൊടിയിടുന്ന ഒരു പ്രസ്താവനയാണിതെന്നു അദ്ദേഹം മനസിലാക്കുന്നില്ല. തത്ത്വത്തിൽ  സമത്വം എന്ന ഭാവന സഭ അംഗീകരിക്കുന്നുണ്ടെന്നു സമ്മതിക്കാം. എന്നാൽ,‍ പരസ്പര വിരുദ്ധമായി തികച്ചും പുരോഹിതരുൾപ്പടെ ക്രിസ്ത്യസമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു. ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങൾ ക്രിസ്തു തത്ത്വങ്ങളെത്തന്നെ കാറ്റിപറപ്പിച്ചുകഴിഞ്ഞു. ക്രിസ്ത്യാനിയായി മാഗം കൂടിയവരുടെ നിലവാരം ജാതി വ്യവസ്ഥകളിൽ  അടിമകളായി അവ ജീവിച്ചിരുന്ന കാലങ്ങളെക്കാൾ  കഷ്ടമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാർഗം കൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലത്തെക്കാൾ ‍എത്രമാത്രം ഉയന്നുവെന്നു സഭാ നേതൃത്വത്തിനു  വ്യക്തമാക്കാമോ ? 



ക്രിസ്ത്യൻദളിതർ   ഹിന്ദുമതത്തിലായിരുന്നപ്പോഴും ഉയർന്ന ജാതികളുടെ ബലിയാടുകളായിരുന്നു. ക്രിസ്തുമതത്തിലേക്കു  ചേർന്നത്   ഹിന്ദുമൌലികവാദികളുടെ വർണ്ണ വ്യവസ്ഥയിനിന്നു രക്ഷനേടുവാനായിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാർ  തങ്ങളെ  തുല്യമായി പരിഗണിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ തങ്ങളുടെ സ്വപ്നങ്ങളെല്ലാം പാഴായി. എഴുതുവാനും വായിക്കുവാനും അറിയാവുന്നവർപോലും ഇന്നും ഇവരുടെ ഇടയിൽ കുറവാണ്.            

മതപരിവര്‍ത്തനം ചെയ്ത ദളിതകൃസ്ത്യാനികൾ ഇന്നും ഹിന്ദു ഭീകരവാദികളില്‍നിന്നു പീഡനം സഹിക്കുന്നുണ്ട്. ഇവരുടെ നിലനില്‍പ്പുതന്നെ സവർ‍ണ്ണ ക്രിസ്ത്യാനികളോടും ഹിന്ദു ഭീകര വർ‍ഗീയവാദികളോടും ഒരുപോലെ ഏറ്റുമുട്ടേണ്ട ഗതികേടിലാണ്. തീണ്ടൽ‍ജാതിയില്‍നിന്നും സമത്വം വിഭാവനചെയ്യുന്ന ക്രിസ്തുമതത്തിൽ വന്നകാലംമുതൽ സവര്‍ണ്ണ ക്രിസ്ത്യാനികളുടെ അവഗണന ദളിത ക്രിസ്ത്യാനികൾ അനുഭവിച്ചുവെന്നാണു സത്യം.ആദ്യകാലങ്ങളിൽ മതപരിവര്‍ത്തനം ചെയ്തവര്‍ക്കായി തുണിയും വസ്ത്രവും അമേരിക്കൻ പാൽപ്പൊടിയും വിതരണമുണ്ടായിരുന്നു. വിദേശത്തുനിന്നു വരുന്ന ഇത്തരം ഭക്ഷ്യോത്പ്പന്നങ്ങൾ കരിംച്ചന്തയിൽ വിറ്റു മെത്രാന്മാരും പള്ളിയും അരമനക്കു മുതലു കൂട്ടിയിരുന്നു.


മതം മാറിയതുകൊണ്ടു ഹിന്ദുമതത്തിലെ മൌലിക വാദികളായവർ ദളിതരുടെ ഭവനങ്ങളിൽ കൊള്ളയടി, കൊല, ബലാല്‍സംഗം മുതലായവ‍ നിത്യസംഭവങ്ങളാക്കി. ഇങ്ങനെ ദുരിതം അനുഭവിച്ചുവരുന്ന ദളിത ക്രിസ്ത്യാനികളെ പള്ളി ഒരു വിധത്തിലും സഹായിക്കുകയില്ല. കടുംദാരിദ്ര്യമുള്ള ദളിതര്‍ക്കുപോലും സഭയുടെ ഹോസ്പ്പിറ്റലിൽ മനുഷ്യത്വത്തിന്‍റെ പേരിലെങ്കിലും ചീകത്സ നല്‍കാതെ കണ്ണടക്കുകയാണ് പതിവ്. ഹോസ്പിറ്റല്‍പോലും അമിതമായി പണം ഈടാക്കി സവര്‍ണ്ണര്‍ക്കു മാത്രമുള്ളതായി. 


സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനയുണ്ടാക്കിയപ്പോൾ ഹിന്ദു ദളിതരെപ്പോലെ ക്രിസ്ത്യാനിയിലെ ഈ അവശര്‍ക്കും തുല്ല്യഅവകാശം നല്കുവാനായിരുന്നു അന്നു നക്കലു തയ്യാറാക്കിയത്. അതായത്, ക്രിസ്ത്യന്‍ദളിതരെയും ഷെഡ്യൂള്‍ഡു വിഭാഗത്തിലുള്‍പ്പെടുത്തുന്ന ഒരു ഭരണഘടന. മനുഷ്യരെല്ലാം ഒന്നാണെന്നു വാദിക്കുന്ന അന്നത്തെ ക്രിസ്ത്യൻസമുദായ നേതൃത്വം ക്രിസ്ത്യാനികളായ ദളിതര്‍ക്കുള്ള സംവരണം നിരസിച്ചുകൊണ്ടു ഇല്ലാതാക്കി. ജാതിതിരിവു ക്രിസ്ത്യന്‍ മതത്തിലില്ലെന്നു നെഹ്രുവിനെയും അംബേദ്ക്കർ മുതലായ ഭാരതശില്‍പ്പികളെയും ബോധ്യപ്പെടുത്തി വിശ്വസിപ്പിച്ചു. അന്നുള്ള ക്രിസ്ത്യൻസമുദായ നേതൃത്വമാണ്, ദളിത് ക്രിസ്ത്യാനി‍ക്കു ലഭിക്കേണ്ട അവകാശങ്ങളെ മുളയിലേതന്നെ നുള്ളിക്കളഞ്ഞതും. അങ്ങനെ അവർ ദളിത്ക്രിസ്ത്യാനികളുടെ കഞ്ഞിയിൽ കല്ലുവാരിയിട്ടു. കിട്ടേണ്ട ആനുകൂല്യങ്ങളെ അവര്‍ക്കു നഷടപ്പെടുത്തി. ക്രിസ്ത്യാനികളായ ദളിതർ തങ്ങളുടെ ഹൈന്ദവമൂല്യങ്ങളെ ഇല്ലായ്മ ചെയ്തതുമൂലം ഷെഡ്യൂള്‍ഡു സമുദായക്കാര്‍ക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നഷ്ടപ്പെട്ടു. പിന്നോക്ക സമുദായ പട്ടികയിലാക്കുവാനുള്ള കാരണം അക്കാലത്തെ ബിഷപ്പുമാരുടെ ഇത്തരം അബദ്ധ പ്രഖ്യാപനങ്ങളാണ്. പരിണതഫലമോ, സര്‍ക്കാരില്‍നിന്നും എല്ലാ ആനൂകൂല്യങ്ങളും ഹിന്ദുദളിതർ ഉപയോഗപ്പെടുത്തി അഭിവൃത്തി പ്രാപിച്ചു. ക്രിസ്ത്യന്‍ദളിതർ അറുപതുകൊല്ലങ്ങളോളം പുറകോട്ടു പോയി. അവരിന്നും അവശതയനുഭവിക്കുന്ന വിഭാഗങ്ങളായി തെരുവുകളില്‍വരെ കണ്ണുനീരും അര്‍ദ്ധ പട്ടിണിക്കാരുമായി കഴിയുന്നു. ഇവരുടെ ദു:ഖാവസ്ഥയിൽ സഭാ നേതൃത്വത്തിനു പങ്കുണ്ടെങ്കിലും അഭിനവ പീലാത്തോസ്മാരെപ്പോലെ പുരോഹിതമതം കൈകഴുകയാണ്. മെത്രാന്മാരുടെ അധീനതയിലുള്ള കോര്‍പ്പറെറ്റു സ്ഥാപനങ്ങളിൽ ‍ദളിതർക്ക്  അര്‍ഹതയുണ്ടെങ്കിലും മെച്ചമായ ഉദ്യോഗം കൊടുക്കുവാൻ തയ്യാറാവുകയില്ല. തുണിയലക്ക്, കുശിനി, ശിപായി എന്നീ തുറകളിലുള്ള‍ ജോലി കൊടുത്തെങ്കിലായി. സര്‍ക്കാരിലുള്ള‍ ജോലിക്കും ക്രിസ്ത്യാനി എന്ന വ്യക്തിത്വംകൊണ്ടു മെറിറ്റിലും മത്സരിക്കണം. 


ദളിത്‌ ക്രിസ്ത്യാനികളിൽ കൂടുതലും ലത്തീന്‍ റീത്തില്‍പ്പെട്ടവരാണ്. കുലത്തൊഴിലായ മത്സ്യം പിടിച്ച് വിറ്റും ഭൂരിഭാഗവും ഉപജീവനം നടത്തുന്നു. പതിനാറും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ക്രിസ്ത്യന്‍ മിഷ്യണറിമാർ ഹിന്ദുജാതികളിൽനിന്നും ഇവരെ മതപരിവര്‍ത്തനം ചെയ്തു. പാശ്ചാത്യ മിഷ്യണറിമാര്‍ക്ക് അന്ന് ഇവിടെയുണ്ടായിരുന്ന ജാതി വ്യവസ്ഥകളെപ്പറ്റി വ്യക്തമായി അറിവില്ലായിരുന്നു. ഭാരത സര്‍ക്കാര്‍ ഇവരെ ഓ ബി സി ഗണത്തില്‍ ഉള്‍പ്പെടുത്തി. സത്യത്തിൽ ജാതിവ്യവസ്ഥ ഉയര്‍ന്ന ജാതികളില്‍നിന്നും ഹിന്ദു ദളിതരുടെയിടയില്‍ ഉണ്ടായിരുന്നതിനെക്കാൾ ക്രിസ്ത്യൻ-ദളിതരുടെയിടയിൽ പകര്‍ന്നു പിടിച്ചിരുന്നു. സുറിയാനി കത്തോലിക്കരും സുറിയാനി ഓര്‍ത്തോഡോക്സ്കാരും ദളിതരുടെമേല്‍ ബ്രാഹ്മണത്വം നടിച്ചുകൊണ്ട് അവരെ പീഡിപ്പിച്ചുകൊണ്ടുമിരുന്നു. 



കേന്ദ്രം ഭരിക്കുന്നവർ കുറ്റവാളികളുടെ കുറ്റകൃത്യങ്ങളെ പരമാവധി രഹസ്യമായി സൂക്ഷിക്കുന്നതിനു ശ്രമിക്കുന്നുണ്ടെങ്കിലും ഹിന്ദുപുരോഹിത വര്‍ഗത്തിന്‍റെ തദ്ദേശവാസികളായ ദളിതരോടുള്ള പീഡനം ഇന്നും ലോകവാര്‍ത്തകളില്‍,‍ നിറഞ്ഞിരിക്കുന്നതായി കാണാം. ഗുജറാത്തും ബീഹാറും ഈ കൊലയാളികളുടെ ഗള്‍ഫാണ്. ഇരയാകുന്നത് ആയിരക്കണക്കിനു ദളിതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും നിഷ്കളങ്കരായ കന്യസ്ത്രികളും പുരോഹിതരും. കരംചെടുവിലും ചുന്ദൂരിലും ദളിതർ‍ക്കെതിരെ നടന്ന ഭീകരാക്രമത്തിൽ  ഇരയായയതു കൂടുതലും ദളിത ക്രിസ്ത്യാനികളായിരുന്നു. ദളിതർക്കെതിരെയുള്ള സാമൂഹിക വ്യവസ്തക്കെതിരെ നിയമങ്ങളും ശരിയായി പരിരക്ഷ നല്‍കുന്നില്ലായെന്നുള്ളതും പരിതാപകരമാണ്. ദളിത് ക്രിസ്ത്യാനികളും ദളിത് മുസ്ലിങ്ങളും ഒരുപോലെ തുല്ല്യ പൌരാവകാശങ്ങള്‍ക്കായി പതിറ്റാണ്ടുകളായി സമരം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല. ഭരണഘടനയ്ക്കു മാറ്റം വരുത്തി ദളിത ക്രിസ്ത്യാനികളെ ഷെഡ്യൂൾഡ് കാസ്റ്റിലുള്‍പ്പെടുത്തുവാനായി ബില്ലുകള്‍ അവതരിപ്പിക്കുന്ന സമയം പലവിധ സാങ്കേതിക കാരണങ്ങൾകൊണ്ട് ബില്ലവതരണം പരാജയപ്പെടുന്നതായും കാണുന്നു. ഉയര്‍ന്ന ജാതികളിൽനിന്നുമുള്ള എതിർപ്പ് ഒരു കാരണമാണ്.



ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷമായ ദളിതക്രിസ്ത്യാനികള്‍ക്കു പ്രതീക്ഷിക്കാവുന്ന തൊഴിലവസരങ്ങളുള്ളതു ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ്. പുരോഹിതര്‍ക്കും പിന്‍വാതിലില്‍ക്കൂടി കോഴ നല്‍കുന്നവരുടെ മക്കള്‍ക്കും ജോലിനല്‍കുന്ന സങ്കേതങ്ങളിൽ തകര്‍ന്നു ജീവിക്കുന്ന ദളിതർക്ക് എന്തുകാര്യം? സീറോമലബാര്‍സ്ഥാപനങ്ങളിൽ പ്രൊഫഷണല്‍ തൊഴിലുകളിലുള്ള ദളിതര്‍ ഒരു ശതമാനംപോലും ഇല്ല. ദളിത് ജനങ്ങളെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു സഭാനേതൃത്വം ചതിക്കുകയായിരുന്നു. ഇവര്‍ക്കു സര്‍ക്കാരിലെ ജോലിക്കുള്ള പഴുതുകള്‍ ഇങ്ങനെ അടഞ്ഞതുമൂലം തൊഴില്‍ ആശ്രയമുണ്ടായിരുന്നത് ക്രിസ്ത്യന്‍ സ്ഥാപനങ്ങളായിരുന്നു.



ഭാരത്തില്‍ കത്തോലിക്കാസഭയ്ക്കു തന്നെ ആയിരക്കണക്കിന് കോളേജുകളും പതിനായിരക്കണക്കിനു സെക്കണ്ടറി സ്കൂളുകളും ഹൈസ്കൂളും പ്രൈമറിസ്കൂളും നൂറുകണക്കിന് മെഡിക്കല്‍ സ്ഥാപനങ്ങളുമുണ്ട്‌. കൂടാതെ 7500 നേഴ്സറി സ്കൂളുകള്‍, 500 ട്രെയിനിംഗ് സ്കൂള്‍,900 ടെക്കനിക്കല്‍സ്കൂള്‍, 263 പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, 3000 ഹോസ്റ്റലുകള്‍, 787 ഹോസ്പിറ്റലുകൾ, 2800 ഡിസ്പന്സറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മുതലാവ ഇന്ന് സഭയുടെ നിയന്ത്രണത്തിലുണ്ട്. മറ്റു നവീകരണ ക്രിസ്ത്യന്‍സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ കണക്കുകളുടെ ഇരട്ടി സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിനു മൊത്തം കാണാം. സഭയുടെ അധീനതയിലുള്ള ബൃഹത്തായ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യാനികളില്‍നിന്നും പ്രൊഫസർ‌മാർ‌, ഫാക്കല്‍റ്റിഡീന്‍, ഡോകടർമാര്‍, എന്നിവരിൽനിന്നും നിയമിതരായിട്ടുള്ളവർ വിരലിലെണ്ണാൻ പോലും കാണില്ല. ക്രിസ്ത്യന്‍ ദളിതരിൽനിന്നും ഹോസ്പിറ്റലുകളിൽ ഡോക്ടര്‍മാരോ സഭയുടെ സാമൂഹ്യ സ്ഥാപനങ്ങളിൽ ഡയറക്റ്റര്‍മാരോ കാണ്മാന്‍പോലും കഴിയുകയില്ല.


സഭയ്ക്കുള്ളിൽ ബ്രാഹ്മണരെപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളസഭ വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ച് ദളിതർക്ക് അവരുടെ സമുദായ നവോത്ഥാനത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങൾ കൊടുത്തില്ലെങ്കിൽ അടിച്ചമര്‍ത്തപ്പെട്ട ഈ സമുദായം പുരോഗമിക്കുകയില്ല. വര്‍ണ്ണവ്യവസ്ഥ ഇന്നും സഭക്കുള്ളില്‍ നിലനില്‍ക്കുന്നതു തീര്‍ത്തും ലജ്ജാവഹമാണ്. വര്‍ണ്ണവര്‍ഗസാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ യേശു നല്‍കിയ സന്ദേശങ്ങള്‍ക്കു വിരുദ്ധവും. മതവും രാഷ്ട്രവും ഒരുപോലെ ദളിത് ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. മതമെന്നുള്ളത് ഒരാളിന്‍റെ സ്വാതന്ത്ര്യമാണ്. മതത്തിന്‍റെപേരിൽ ദളിതര്‍ക്കു റിസര്‍വേഷനുള്ള അവകാശങ്ങളെ നിഷേധിക്കുന്നതു ഭരണഘടനാ വാഗ്ദാനത്തിന്‍റെ ലംഘനവും. ദളിത് ‌ക്രിസ്ത്യാനികളുടെ ഈ ആവശ്യം ഒരു യാചനയല്ല തികച്ചും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ അവകാശമാണ്‌. ഭരണഘടന ഉറപ്പുനല്‍കിയ നിയമവും. നിയമപരമായ അവകാശങ്ങള്‍‍ക്കായി കഴിഞ്ഞ ആറു പതിറ്റാണ്ടായി ഇവർ മുറവിളി കൂട്ടുന്നു. മാറിവരുന്ന ഭരണകൂടങ്ങളെല്ലാം യാതൊരു മനുഷ്യത്വ പരിഗണനയും ഇവരോടു കാണിച്ചിട്ടില്ല.‍ വാഗ്ദാനങ്ങള്‍ കൊടുത്തിട്ട് ഇവരെ ചതിക്കുകയായിരുന്നു. കൃസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് ഇവർ പൂർവ്വി‍കരെ പഴിക്കുന്നു. ഉന്നതകുല ക്രിസ്ത്യാനികളും എല്ലാക്കാലവും ദളിതരുടെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയും ചൂഷണം ചെയ്തിരുന്നു. സര്‍ക്കാരില്‍ ജോലി തേടിയാലും ഹിന്ദുദളിതര്‍ക്കാണ് റിസവേര്‍ഷന്‍വഴി ജോലി ഏറെയും. ദളിതര്‍ ബുദ്ധമതത്തിലേക്കോ സിക്കുമതത്തിലേക്കോ മതപരിവര്‍ത്തനം നടത്തിയാലും റിസർവേഷനെ ബാധിക്കുകയില്ല. എന്നാൽ ക്രിസ്ത്യൻ ദളിതർ ഹിന്ദുമതത്തിലേയ്ക്ക് വീണ്ടും മാറിയാലും ഹിന്ദു ദളിതരുടെ അനുകൂല്യങ്ങൾ കൊടുക്കുകയുമില്ല. 



യാതൊരുവിധ വിവേചനവും ക്രൈസ്തവധര്‍മ്മത്തില്‍ ഇല്ലെന്നാണ് വെപ്പ്. തന്മൂലമാണ്‌ ദളിതരുടെ പൂര്‍വിക തലമുറകള്‍ ക്രിസ്തുമാ‍ർഗം സ്വീകരിച്ചത്. 1981-ൽ സി.ബി.സി. ഐ. പാസ്സാക്കിയ ഒരു പ്രമേയത്തിലും ക്രിസ്തുമതത്തില്‍ ജാതിവ്യവസ്തയില്ലെന്നു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം തികച്ചും സാമൂഹ്യദ്രോഹമാണ്. മനുഷ്യാവകാശലംഘനവുമാണ്. ദുഷിച്ച വ്യവസ്ഥയാണ്‌. തൊട്ടുകൂടായ്മ, വിവേചനം എന്നീ സാമൂഹ്യ വ്യവസ്ഥിതികളെ വത്തിക്കാന്‍ അനേകം തവണ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ ഒരു ദളിതന് തന്‍റെ ജീവിതത്തിലെ ഓരോ പടികളും വിവേചനത്തില്‍ക്കൂടി മാത്രമേ കടന്നുപോകുവാന്‍ സാധിക്കുന്നുള്ളൂ. സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നു ക്രൂരയാതനകള്‍ അവൻ  അനുഭവിക്കുന്നു. സഭയുടെ സമ്പൂര്‍ണ്ണ സമ്പത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലുമാണ്. ക്രിസ്ത്യന്‍ ദളിതരെ ഷെഡ്യൂൾഡ്‍കാസ്റ്റില്‍ ഉള്‌പ്പെടുത്തണമെന്നുള്ള പൌരാഹിത്യ നേതൃത്വത്തിന്‍റെ രാഷ്ട്രത്തോടുള്ള അഭ്യര്‍ഥന വെറും ഇരട്ടത്താപ്പുനയം മാത്രമാണ്. ആത്മാര്‍ഥത ലവലേശം നിഴലിക്കുന്നില്ല. ക്രിസ്ത്യന്‍ നേതൃത്വത്തോടുള്ള ദളിതരുടെ വ്രണിതമായ വികാരങ്ങളെ മറ്റൊരു ദിക്കിലേക്കു  തിരിച്ചു വിടുവാന്‍ ബിഷപ്പ്  സംഘടനകള്‍ക്ക് സാധിച്ചു. കുറ്റം മുഴുവന്‍ സര്‍ക്കാരില്‍ ആരോപിച്ച് മതപരിവര്‍ത്തനത്തിനായി സമയവും പണവും കണ്ടെത്തുകയും ചെയ്യാം. അങ്ങനെ സഭയുടെ വേരുകള്‍ എന്നും ദളിതരുടെ കഴുത്തില്‍ കത്തികള്‍ വെച്ചുകൊണ്ട് ഉറപ്പിക്കുകയും ചെയ്യും.



ദളിത് ക്രിസ്ത്യാനികളുടെ ക്ഷേമം എന്ന വിഷയം സഭയുടെ നയങ്ങളില്‍ ഒരിക്കലും ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ദളിതരെ കരുവാക്കി ഭാരത ക്രൈസ്തവ സാമ്രാജ്യം പടുത്തുയ‍ർത്തുകയെന്ന ഒറ്റ ലക്‌ഷ്യം മാത്രമേ ക്രൈസ്തവ നേതൃത്വത്തിനുണ്ടായിരുന്നുള്ളൂ. അത് തികച്ചും തെളിവുകള്‍ സഹിതം വ്യക്തമാണ്. കത്തോലിക്കരിലെ ഇരുന്നൂറിൽപ്പരം ബിഷപ്പുമാരിൽ ദളിതരായിയുള്ളതു വെറും നാലു ബിഷപ്പുമാരാണ്. പതിനായിരക്കണക്കിനു പുരോഹിതർ ഭാരത സഭയ്ക്കുണ്ട്. ലക്ഷക്കണക്കിന്‌ കന്യാസ്ത്രികളും. ഇവരില്‍ ദളിത് പുരോഹിതര്‍ ഭാരത സഭയ്ക്കുള്ളില്‍ കൂടിയാല്‍ നൂറില്‍പ്പരം കാണും. അടുത്ത കാലത്ത് ദില്ലി അതിരൂപതയിലുള്ള ഫാദര്‍ വില്ല്യം പ്രേംദാസ് ചൌധരിയെന്ന ദളിത് പുരോഹിതന്‍ തന്‍റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. താന്‍ അനുഭവിച്ച യാതനകളും ധര്‍മ്മസങ്കടങ്ങളും 'അധികപ്പറ്റായ പുരോഹിതന്‍' (Unwanted  Priest) എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.സ‍ർക്കാ‍ർ കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ റിയല്‍എസ്റ്റേറ്റ് സാമ്രാജ്യം കൈവശം വെച്ചിരിക്കുന്നത് സഭയെന്ന് ഒരു ധാരണയുണ്ട്. ഒരു പട്ടണം തന്നെ എടുക്കുകയാണെങ്കിലും ആ പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള വസ്തുക്കള്‍ സഭയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഭരണഘടനപരമായി മറ്റു മതവിഭാഗങ്ങള്‍ക്കില്ലാത്ത അവകാശങ്ങള്‍ സഭാ സ്വത്തിന്മേൽ സഭക്കുണ്ട്. സഭാസ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇനിയും പ്രായോഗികമാക്കേണ്ടതുമുണ്ട്.



ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടിക്കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. ദളിത് വിമോചനദിനം ആചരിക്കുവാന്‍ നേതൃത്വം ചമഞ്ഞ സഭയുടെ മുമ്പില്‍ ഒരു ദളിത്‌ ക്രിസ്ത്യാനിക്ക് അനേക ചോദ്യങ്ങള്‍ ചോദിക്കുവാനും ഉണ്ടാകും. സഭ ഉത്തരം പറയുവാന്‍ കടപ്പെട്ടിട്ടുമുണ്ട്. സഭയുടെ കോണ്‍വെന്റ് സ്കൂളുകളില്‍ എത്ര ദളിതരായ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്? വാസ്തവത്തില്‍, സഭ ഇന്ന് ഒരു വ്യവസായസ്ഥാപനം ആണ്. ലാഭമാണ് പരമലക്‌ഷ്യം. സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രൊഫഷണൽ  തൊഴിലുകളുള്ള ദളിതരുടെ വിവരങ്ങള്‍ അടങ്ങിയ ധവളപത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ധൈര്യമുണ്ടോ?



മനുഷ്യത്വം ഇല്ലാത്ത ഈ സത്യത്തിനെ പുറം ലോകത്തിനു വിശ്വസിക്കുവാനും പ്രയാസം. അതേസമയം ഹിന്ദു ദളിതർ വളരെയേറെ ഉയര്‍ന്ന നിലവാരത്തിലാണ്. അഭിവൃദ്ധിയിലേക്കുള്ള കുതിച്ചുചാട്ടത്തില്‍ ക്രിസ്ത്യന്‍ ദളിതര്‍ പരാജയമടഞ്ഞു പിന്‍വാങ്ങി. ഹിന്ദു ദളിതരുടെ മേല്‍നോട്ടത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുതലായ തങ്ങളുടെ സമൂഹത്തെ സഹായിക്കുവാന്‍ വ്യവസായ സംഘടനകളും ഉണ്ട്. വിഭവങ്ങള്‍ ധാരാളമുള്ള ഒരു സഭയ്ക്ക് എന്തുകൊണ്ട് അത്തരം പുരോഗതികള്‍ ക്രിസ്ത്യന്‍ ദളിതരില്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ലെന്നും ദളിതരായവർ ചോദിക്കുന്നു. ദളിത് ക്രിസ്ത്യാനികളെ പിന്നില്‍നിന്നും കുത്തി പ്രസ്താവനകള്‍ മുഖേന പരിഹസിക്കാതെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഒഴുക്കിനൊപ്പം അവര്‍ക്കുള്ള നീതിയും അവകാശങ്ങളും സഭ നല്‍കുവാനും ക്രിസ്ത്യൻ ദളിത സംഘടനകളുടെ ശക്തമായ താക്കീതുമുണ്ട്. 



സഭയുടെ ചതിയില്‍പ്പെട്ട ദളിതരെ കര കയറ്റുകയെന്നുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ആധുനിക ക്രിസ്ത്യൻ നേതൃത്വം വഹിക്കുമോ? സഭയുടെ വാഗ്ദാനങ്ങളെ ദളിതർ അന്നു പരിപൂര്‍ണ്ണമായി വിശ്വസിച്ചു. തലമുറകളായി സഭയ്ക്കുവേണ്ടി ജീവിച്ചു. ഇവരുടെ ജീവിതം വിധവയുടെ കൊച്ചുകാശിനു തുല്യമാണ്. ദാരിദ്ര്യത്തില്‍നിന്നും അവർ ‍എല്ലാം സഭയ്ക്കായി അര്‍പ്പിച്ചു. സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട റിസര്‍വേഷൻപോലും ക്രിസ്ത്യാനിയായി മതം മാറിയതുകൊണ്ടു നഷ്ടപ്പെടുത്തി. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്ന ഹിന്ദുജാതികളിൽനിന്നും പീഡനം സഹിക്ക വയ്യാതെയാണു ദളിതർ ക്രിസ്ത്യൻസഭകളിലേക്കു ചെക്കേറിയത്. എന്നാൽ ദളിതരെ ഭാരതത്തിലെ ക്രിസ്ത്യന്‍സഭകൾ മൊത്തം പീഡിപ്പിക്കുന്നതായും വാര്‍ത്തകളിലുണ്ട്. ദളിത കൃസ്ത്യാനികൾക്ക് സംസ്കാരകര്‍മ്മങ്ങൾ നിഷേധിച്ചതായി പത്രങ്ങളിലെ റിപ്പോർട്ടുകൾ വായിക്കുന്നു. തമിഴ്നാട്ടിലെ  സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്കും ദളിദര്‍ക്കും വേര്‍തിരിച്ചു പ്രത്യേക ശവക്കോട്ടകളുണ്ട്. മരിച്ച ദളിതരുടെ ശരീരം ദുരിതം പിടിച്ച വഴികളുള്ള വിജനമായ സ്ഥലത്ത് അടക്കുന്നുവെന്നും അറിയുന്നു. ഇന്നും അവിടെ പള്ളിയുടെ പ്രധാന കവാടങ്ങളില്‍ക്കൂടി ദളിതർ‍ക്കു പ്രവേശനമില്ല. (തുടരും) 











Late Marampudi Joji (First Dalit Arch Bishop-Hydrabad)

Monday, April 18, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-9)



അനാചാരങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സഹോദരൻ അയ്യപ്പൻ

By ജോസഫ് പടന്നമാക്കൽ


സഹോദരൻ അയ്യപ്പൻ ദളിതരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച  സാമൂഹിക പരിവർത്തന വാദിയും   രാഷ്ട്രീയ ചിന്തകനും കൊച്ചി രാജ്യത്തിലെ സാമാജികനും തിരുക്കൊച്ചിയിലെ ആദ്യം രൂപീകരിച്ച മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. ശ്രീ നാരായണഗുരുവിന്റെ  ആരാധകനുമായിരുന്നു.  ഒരു പത്രപ്രവർത്തകനും ചിന്തകനുമെന്ന നിലയിൽ ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും യാഥാസ്ഥിതിക  ലോകത്തിനെതിരെ ശക്തിയേറിയ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.   ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (എസ് എൻ ഡി പി) പ്രവർത്തകനും വക്താവുമായിരുന്നു.  കേരളത്തിലെ  തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവായും അദ്ദേഹത്തെ കരുതുന്നു. തികഞ്ഞ ഒരു യുക്തി വാദിയും ദൈവ വിശ്വാസമില്ലാത്ത ഒരാളുമായിരുന്നു. ഒരു മതത്തിലും ഒരു ജാതിയിലും ഒരു വർഗത്തിലും  വിശ്വസിച്ചിരുന്നില്ല. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ഒരു വ്യാഴവട്ട കാലത്തോളം സാമൂഹിക രാഷ്ട്രീയപ്രവർത്തനങ്ങളിൽ  നിന്നും അകന്നു നിന്നു കൊണ്ട് ഒരു യുക്തി ചിന്തകനെപ്പോലെ മതങ്ങളുടെ അസ്ഥിത്വത്തെപ്പറ്റി ഗവേഷണങ്ങൾ നടത്തുകയായിരുന്നു.


പാരമ്പര്യമായി പ്രസിദ്ധിയേറിയിരുന്ന ഒരു ഈഴവ കുടുംബത്തിൽ 1889 ഏപ്രിൽ ഇരുപത്തിയൊന്നാം തിയതി സഹോദരൻ അയ്യപ്പൻ ജനിച്ചു. കു‌മ്പളത്ത് പറമ്പിൽ  കൊച്ചാവൂ വൈദ്യർ അദ്ദേഹത്തിൻറെ പിതാവും ഉണ്ണൂലി മാതാവുമായിരുന്നു. ഒമ്പതു  മക്കളിൽ അയ്യപ്പൻ ഏറ്റവും ഇളയ മകനായിരുന്നു. എറണാകുളത്തുള്ള വൈപ്പിൻ കരയിലെ ചേറായിലായിരുന്നു അദ്ദേഹത്തിൻറെ  ജനനം. അപ്പൻ ചെറു പ്രായത്തിലെ മരിച്ചു പോയതുകൊണ്ട് സഹോദരൻ അച്യുത വാരിയരാണ്  അദ്ദേഹത്തെ വളർത്തിയത്.  പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം സ്ഥലത്തെ പ്രൈമറി സ്ക്കൂളിൽ പഠനം ആരംഭിച്ചു. പിതാവിന്റെ മരണശേഷം അയ്യപ്പൻറെ ജീവിതത്തിൽ എന്നും വഴികാട്ടിയായി മുമ്പിൽ നിന്നിരുന്നത് അച്ചുതൻ വൈദ്യരായിരുന്നു.  വീട്ടിലും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാതൃകാപരമായിട്ടായിരുന്നു അയ്യപ്പൻറെ ബാല്യകാലം കഴിച്ചുകൂട്ടിയത്. ചേറായിലുള്ള കണ്ണൂ ആശാന്റെ കളരിയിൽ നിന്നും പ്രാരംഭ വിദ്യാഭാസം നടത്തി. അതിനുശേഷം ചേറായിൽ തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയിലും പഠിച്ചു. പറവൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന് ചരിത്രവും സംസ്കൃതവും ഐച്ഛിക വിഷയങ്ങളായി പഠിച്ചു. ഹൈസ്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ ഉയർന്ന ജാതികളിൽ പ്രകടമായിരുന്ന ജാതി ചിന്തകൾ അയ്യപ്പനെ വേദനിപ്പിച്ചിരുന്നു. ജാതിയിൽ കൂടിയവരായ നായന്മാർ  നടക്കുന്ന വഴികളിൽക്കൂടി  നടന്നാൽ ഈഴവർ തൊട്ടു താഴോട്ടുള്ള ജാതികൾ വഴി മാറിക്കൊള്ളണമെന്നുള്ള വ്യവസ്ഥാപിത നിയമത്തിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നു.


കുഞ്ഞായിരിക്കുമ്പോൾ മുതൽ അയ്യപ്പൻറെ മനസ് മതചിന്തകൾക്കും അതീതമായിരുന്നു. പല വിധ ദൈവങ്ങളെ അവതരിപ്പിച്ച് മനുഷ്യനും മനുഷ്യനും തമ്മിൽ വിടവുകൾ സൃഷ്ടിക്കുന്ന മത പുരോഹിതരെ അയ്യപ്പൻ വെറുത്തിരുന്നു. സനാതനമായ സത്യത്തെ തേടിയുള്ള ഒരു അന്വേഷണമായിരുന്നു ആ ബാലന്റെ മനസ്സിൽ  നിറഞ്ഞിരുന്നത്. ജാതി വ്യവസ്തകൾക്കും മതത്തിനും വേദ തത്ത്വങ്ങൾക്കുമുപരി  മാനവികതയും സഹജീവി സ്നേഹവും അദ്ദേഹത്തിൽ നിറഞ്ഞിരുന്നു.   സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പുരോഹിത പ്രമാണങ്ങളെയും  അദ്ദേഹം തിരസ്ക്കിരിച്ചിരുന്നു. ഒരു  സത്യാന്വേഷണ യാത്രയായിരുന്നു അയ്യപ്പൻറെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നത്. വാസ്തവികമായ സത്യത്തിന്റെ പ്രകാശം മതങ്ങൾക്കുപരിയെന്നും അദ്ദേഹം മനസിലാക്കി. തികച്ചും ദൈവത്തിൽ വിശ്വസിക്കാത്ത സുദൃഢമായ ഒരു  യുക്തിവാദിയായി അദ്ദേഹം മാറി. അദ്ദേഹം കണ്ടെത്തിയ സത്യങ്ങളെ ലോകത്തോട്‌ വെളിപ്പെടുത്താൻ 1928-ൽ യുക്തി വാദി എന്ന പേരിൽ ഒരു മാസികയും തുടങ്ങി.  നാസ്തിക ചിന്താഗതിക്കാരനായിരുന്നെങ്കിലും ജീവിതകാലം മുഴുവൻ അദ്ദേഹത്തിനു ശ്രീ നാരായണ ഗുരുവിനോട് അഗാധമായ സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു.


ഹൈസ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം കോഴിക്കോടുള്ള മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാഭ്യാസം നടത്തി.  കോഴിക്കോട്, കോളേജിൽ പഠിക്കുന്ന കാലങ്ങൾ മുതൽ  സഹോദരൻ അയ്യപ്പൻ  നീതി ലഭിക്കാത്ത അധകൃത ജാതികൾക്കു വേണ്ടി പോരുതാനും പ്രവർത്തിക്കാനുമാരംഭിച്ചിരുന്നു. പ്രാസംഗീക പ്ലാറ്റ് ഫോറങ്ങളിൽ നിന്ന് അക്കാലത്ത് പൊതുജനങ്ങളോട് അധകൃതരുടെ ദാരുണ സ്ഥിതികളെപ്പറ്റി വികാരപരമായ പ്രസംഗങ്ങളും ചെയ്യുമായിരുന്നു. അക്കാലഘട്ടങ്ങളിലാണ് അദ്ദേഹം ശ്രീ നാരായണ ഗുരുവിനെ ആദ്യമായി കണ്ടുമുട്ടിയത്‌. അദ്ദേഹവുമായി നാടിന്റെ ശോചനീയമായ ഐത്യാചാരങ്ങളെ സംബന്ധിച്ച് മനസുകൾ പങ്കു വെച്ചിരുന്നു. 1916-ൽ പ്രസിദ്ധ മഹാകവിയായ കുമാരനാശാനെയും അദ്ദേഹം കണ്ടുമുട്ടി. മഹാന്മാരായ ഈ സാമൂഹിക പരിഷ്കർത്താക്കളെ കണ്ടു മുട്ടിയതിനുശേഷം അദ്ദേഹത്തിലെ  പാകതയാർന്ന വിപ്ലവ ചൈതന്യം കേരളമൊട്ടാകെ വ്യാപിക്കാൻ തുടങ്ങി.അയ്യപ്പൻ പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നു. എന്നാൽ രോഗബാധിതനായതിനാൽ കോളേജു വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. നാരായണ ഗുരുവിന്റെ ഉപദേശ പ്രകാരം അദ്ദേഹം വീണ്ടും   എറണാകുളം മഹാരാജാസ് കോളേജിൽ ബി എ യ്ക്ക് ചേർന്നു പഠനം പൂർത്തിയാക്കി. അതിനു ശേഷം തിരുവനന്ത പുരം ലോ കോളേജിൽ നിന്നും  നിയമ ബിരുദവും ലഭിച്ചു.


തിരുവനന്തപുരത്തു പഠിക്കുമ്പോഴും സാമുദായിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കിയിരുന്നു. എസ് എൻ ഡി പി യിലെ പ്രവർത്തനങ്ങൾ കൂടാതെ ലേഖനങ്ങളും കവിതകളും എഴുതുമായിരുന്നു. കവിതകൾ രചിക്കാൻ കുമാരനാശാന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. 'അയ്യപ്പൻ ബി എ' എന്ന പേരിൽ അച്ചടിച്ചു വരുന്ന വിപ്ലവ കവിതകൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു.  അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പിഴുതെറിയാനുള്ള ആഹ്വാനങ്ങൾ അദ്ദേഹത്തിൻറെ സാഹിത്യ കൃതികളിൽ പ്രതിഫലിച്ചിരുന്നു. സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ജാതി വിവേചനത്തെ തടയാൻ എന്ത് ചെയ്യണമെന്ന്  ഒരിക്കൽ അദ്ദേഹം ശ്രീ നാരായണ ഗുരുവിനോട് ചോദിച്ചു. ഗുരു പറഞ്ഞു,"ജാതിക്കെതിരായി വാചാലമായി പറഞ്ഞതുകൊണ്ട് കാര്യമില്ല. ജാതിയില്ലാത്ത ഒരു ലോകം നമ്മുടെ അനുയായികളുടെ മനസ്സിൽ സൃഷ്ടിക്കണം. അതിനായി പ്രവർത്തിക്കണം." ഗുരുവിന്റെ വചനങ്ങൾ അയ്യപ്പൻറെ മനസിനെ അഗാധമായി സ്പർശിച്ചു.


അയ്യപ്പൻ കവിയും പ്രസിദ്ധനായ സാഹിത്യകാരനുമായി അറിയപ്പെടാൻ തുടങ്ങി. ലോക സംഭവങ്ങൾ ആകാംഷപൂർവം പഠിച്ച് അദ്ദേഹത്തിൻറെ പത്രത്തിൽ പ്രസിദ്ധീകരിക്കുമായിരുന്നു. തന്റെ സമൂഹം ദുരാചാരങ്ങൾ നിറഞ്ഞതെന്നും അതിനെ ആകമാനം മാറ്റം വരുത്തണമെന്നുമുള്ള ചിന്തകളായിരുന്നു അയ്യപ്പനുണ്ടായിരുന്നത്. ലെനിനായിരുന്നു അയ്യപ്പൻറെ വീര പുരുഷൻ. ലെനിന്റെ മഹത്വങ്ങളും റഷ്യൻ ചരിത്രവും അദ്ദേഹം വാചാലനായി പ്രസംഗങ്ങളിൽ പറയുമായിരുന്നു. റക്ഷ്യൻ  ചരിത്രത്തെ പ്രകീർത്തിച്ചുകൊണ്ടു  കവിതകളും രചിക്കുമായിരുന്നു.  കേരള കൌമുദിയിൽ തുടർച്ചയായി അദ്ദേഹത്തിന്റെ കവിതകളും സാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിരുന്നു.  കാവ്യ രൂപേണയുള്ള  'ഉജ്ജീവനം', 'പരിവർത്തനം', 'റാണിസന്ദേശം', 'അഹല്യ' എന്നീ കൃതികൾ അദ്ദേഹം  രചിച്ചിട്ടുണ്ട്. സാമൂഹിക പരിവർത്തനാത്മകമായ  അനേക ലേഖനങ്ങൾ പത്രങ്ങളിലും പത്ര മാസികകളിലും പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ ആവേശഭരിതമായ ലേഖനങ്ങൾ സമുദായ പരിഷ്ക്കാരങ്ങൾക്ക് മാർഗ ദർശനങ്ങളായിരുന്നു.  മതങ്ങളുടെ തീവ്ര ചിന്തകളെയും ദൈവത്തിന്റെ അസ്ഥിത്വത്തെയും  വിമർശിച്ചുകൊണ്ടുള്ള കവിതകളും സാഹിത്യകൃതികളും  മലയാള ഭാഷയ്ക്കു  തന്നെ ഒരു മുതൽകൂട്ടാണ്. യുക്തിവാദത്തിന്റെ മുഴക്കം കവിതകളിൽ സ്പഷ്ടമായി പ്രകടിപ്പിച്ചിരുന്നു.  “സഹോദരന്റെ പദ്യകൃതികൾ” എന്ന സമാഹാരത്തിലും കാവ്യങ്ങളിലും  ഒരു താത്ത്വികന്റെ ദർശനങ്ങളാണ് നിഴലിച്ചിരിക്കുന്നത്.


സാമൂഹികപരമായ മാറ്റങ്ങൾക്കായി അയ്യപ്പൻ വിപ്ലളവങ്ങൾ നയിക്കവേ വികാരതീവ്രമായ വലിയൊരു ജനവിഭാഗം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.  അധകൃത ജനതയിൽ അടിഞ്ഞിരുന്ന അടിമ മനസ്ഥിതിയിൽ മാറ്റങ്ങളും  പ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. അവരുടെ ഉന്നമനത്തിനായി വിപ്ലവകരമായ പരിഷ്ക്കാരങ്ങൾക്കായുള്ള പ്രയത്നങ്ങളും  ആരംഭിച്ചു. മട്ടാഞ്ചേരിയിൽ നിന്ന് 'സഹോദര'നെന്ന പേരില് ഒരു പത്രവും  ആരംഭിച്ചു. 1956 വരെ ആ മാസിക കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. യുക്തിവാദിയെന്ന നിലയിൽ  "ജാതി വേണ്ട, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന് " എന്നത് അദ്ദേഹത്തിൻറെ ആദർശസൂക്തിയിൽ മെനഞ്ഞെടുത്ത  മുദ്രാവാക്യമായിരുന്നു. അദ്ദേഹത്തിൻറെ  ദളിതർക്കുവേണ്ടിയുള്ള  കർക്കശമായ സാമൂഹിക പരിഷ്ക്കാരങ്ങളിൽകൂടി രാഷ്ട്രീയത്തിലും  ചുവടുകൾ വെച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങി.   അഴിമതിരഹിതമായി നിസ്വാർത്വമായ സേവനങ്ങളിൽക്കൂടി അദ്ദേഹം നാടിന്റെ പ്രിയ പുത്രനായി തീർന്നു.  കൂടാതെ അനുയായികളിൽ  സ്വാധീനം ചെലുത്താൻ   കഴിവുള്ള അസാധാരാണമായ വ്യക്തിപ്രഭാവവുമുണ്ടായിരുന്ന നേതാവായിരുന്നു. ഇരുപത്തിയൊന്നു വർഷങ്ങളോളം കൊച്ചി രാജ്യത്തിന്റെ നിയമസാമാജികനായി പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ  അധകൃതരായവരുടെ നന്മയ്ക്കുതകുന്ന അനേക നിയമങ്ങൾ  നടപ്പിലാക്കി. ജാതികൾ തമ്മിലുള്ള മിശ്രവിവാഹവും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും അദ്ദേഹം പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നു. പിന്നീട് 1946-ൽ അദ്ദേഹത്തെ കൊച്ചി രാജ്യത്തിന്റെ മന്ത്രിയായി നിയമിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ടീ. കെ. നായർ തൊഴിലാളികളുടെ മേൽ പോലീസ് ലാത്തി ചാർജ് നടത്തിയതിൽ പ്രതിക്ഷേധിച്ച് അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. 1949-ൽ അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള പ്രജാമണ്ഡലം പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.  അന്നത്തെ പ്രസിദ്ധ രാഷ്ട്രീയ നേതാക്കന്മാരായ പനമ്പള്ളി ഗോവിന്ദമേനോന്റെയും സി.ഏ ഔസേപ്പിന്റെയും സഹായത്തോടെ അദ്ദേഹം ഒരു മന്ത്രിസഭയ്ക്ക് രൂപം നല്കി. അയ്യപ്പൻ, തിരുകൊച്ചി രൂപം പ്രാപിച്ച കാലത്തും അവിടുത്തെ സാമാജികനായി പ്രവർത്തിച്ചു. തിരുകൊച്ചിയിലെ പറവൂർ ടീ.കെ.മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.


1917-ൽ  ശ്രീ അയ്യപ്പൻ  സഹോദര സംഘം സ്ഥാപിച്ചു. അതിന്റെ ശാഖകൾ നാടിന്റെ നാനാഭാഗത്തും വ്യാപിച്ചിരുന്നു. മിശ്ര വിവാഹവും മിശ്രഭോജനവും വഴി മനുഷ്യരുടെ മനസ്സിൽ നിന്നും ജാതീയ ചിന്തകൾ ഇല്ലാതാക്കുകയായിരുന്നു സംഘടനയുടെ ലക്‌ഷ്യം. എതിർപ്പുകളും ദേഹോപദ്രവങ്ങളും നാനാ ഭാഗത്തുള്ള യാഥാസ്ഥിതികരായവരിൽ നിന്നും സഹിക്കേണ്ടി വന്നു. അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്താനായി നാടിന്റെ നാനാഭാഗങ്ങളിൽ ജാതി വിരുദ്ധ പ്രസംഗങ്ങൾ നടത്തുമായിരുന്നു. അപ്പോഴെല്ലാം ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിൻറെ പ്രസംഗം ശ്രവിക്കാൻ തടിച്ചു കൂടുമായിരുന്നു.


1917 മെയ് ഇരുപത്തിയൊമ്പതാം തിയതി പുലയ പറയ കുറവരുൾപ്പടെ എല്ലാ ജാതികളിലുമുള്ള  ഇരുനൂറിൽപ്പരം ജനങ്ങൾക്കായി ഒരു മിശ്രഭോജനം നടത്തി. കേരളചരിത്രത്തിൽ എഴുതപ്പെട്ട ആ മഹാസദ്യയിൽ ദളിതരിൽപ്പെട്ട  പറയരും പുലയരും കുറവരും പങ്കെടുത്തിരുന്നു.വള്ളോൻ, ചാത്തൻ എന്നീ അധകൃതരായ  പുലയ പറയന്മാരും ഭക്ഷണം കഴിക്കാൻ ഒപ്പം പന്തലിൽ ഉണ്ടായിരന്നു. അയ്യപ്പനും സുഹൃത്തുക്കളും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു.  മഹത്തായ ഈ സംരഭത്തിനെതിരെ ഈഴവ ഭൂവുടമകളും, വ്യവസായിക പ്രഭുക്കളൂൾപ്പടെയുള്ളവർ  പ്രതിഷേധ ശബ്ദങ്ങൾ ഉയർത്തിയിരുന്നു.  അദ്ദേഹത്തിനെതിരായി യാഥാസ്ഥിതികരുടെ ലോകം ഒരു ശത്രു വലയം തന്നെ സൃഷ്ടിച്ചിരുന്നു.  ഉയർന്ന സമൂഹങ്ങൾ പുലയൻ അയ്യപ്പനെന്നും വിളിച്ചു. അഭിമാനത്തോടെ ആ പേര് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.  അയ്യപ്പൻ പൊതു ജനങ്ങളുടെ നാവിൽ നിന്നും വരുന്ന വാക്കുകളെ കൂസാക്കാതെ തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹം 'സഹോദരൻ അയ്യപ്പ'നെന്നും അറിയപ്പെടാൻ തുടങ്ങി.  അധകൃതരുമായി മിശ്രഭോജനം നടത്തിയത് കേരളത്തെ സംബന്ധിച്ച് വർണ്ണരായവരുടെ  വികാരങ്ങൾ വ്രുണപ്പെടുത്തിയ  ഒരു ചരിത്ര സംഭവമായിരുന്നു. യാഥാസ്ഥിതിക ലോകം ഒന്നടങ്കം അയ്യപ്പനെതിരായി പ്രതിക്ഷേധ ശബ്ദങ്ങൾ  ഉയർത്തി. പത്ര വാർത്തകളും അയ്യപ്പൻറെ പേരുകൾ കൊണ്ട് നിറഞ്ഞു. ചേറായിലെ ഈഴവരുടെ സംഘടനയായ വിജ്ഞാന വർദ്ധിനി മിശ്ര ഭോജനത്തിൽ പങ്കെടുത്ത അയ്യപ്പൻ ഉൾപ്പടെയുള്ള ഈഴവരെ സഭയിൽ നിന്ന് പുറത്താക്കി. അവർക്ക് ഐത്യം കൽപ്പിച്ചുകൊണ്ടു സ്ഥലത്തെ പ്രമാണികളായ കുടുംബങ്ങൾ അയ്യപ്പനെയും സുഹൃത്തുക്കളെയും  വീടുകളിൽ കയറ്റില്ലായിരുന്നു.അയ്യപ്പനെ നാടു  കടത്തണമെന്ന ആവശ്യവുമായി ചിലർ രാജാവിനെയും സന്ദർശിച്ചിരുന്നു. രാജാവ് അവരുടെ ആവശ്യങ്ങൾ തിരസ്ക്കരിച്ചതു  കൂടാതെ അയ്യപ്പൻ നടത്തുന്ന സാമൂഹിക സേവനങ്ങളെ വിലമതിക്കുകയാണുണ്ടായത്. ജനങ്ങളുടെ എതിർപ്പ് ശക്തമായപ്പോൾ ശ്രീ നാരായണഗുരുവും അയ്യപ്പൻറെ സത്പ്രവർത്തികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നു. 'മനുഷ്യരുടെ വേഷവും ഭാഷയും മതവും എന്തായിരുന്നാലും   മനുഷ്യകുലത്തിൽ ഒരു ജാതി, ഒരു മതം ഒരു ദൈവം മാത്രമേയുള്ളൂവെന്ന' ശ്രീ നാരായണ ഗുരു സ്വന്തം കൈപ്പടയിൽ എഴുതിയ സന്ദേശത്തിന്റെ കോപ്പികൾ അച്ചടിച്ച് ആ പ്രദേശങ്ങളിൽ വിതരണം ചെയ്തു.  'അന്യോന്യം വിവാഹവും ഒരേ തീൻ മേശയിൽ മിശ്ര ജാതികളുടെ ഭോജനവും തെറ്റില്ലെന്നും' ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തിലുണ്ടായിരുന്നു. ഗുരുവിന്റെ ഇടപെടൽ കാരണം യാഥാസ്ഥിതികരുടെ എതിർപ്പിനു ശമനം വരുകയുമുണ്ടായി.


അയ്യപ്പൻ അക്കാലത്തെ ജഡ്ജിയായിരുന്ന അയ്യാങ്കുട്ടിയുടെ മകൾ പാർവതിയെ 1930-ൽ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക്  ഐഷയും സുഗതനും എന്ന രണ്ടു മക്കൾ. അശരണരും ആരുമാരുമില്ലാത്തവരെയും സംരക്ഷിക്കാനായി ശ്രീ നാരായണ സേവികാ സമാജം എന്നൊരു സംഘടന  ശ്രീ അയ്യപ്പൻ 1965-ൽ സ്ഥാപിച്ചു. ആ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നത് അദ്ദേഹത്തിൻറെ ഭാര്യയായ പാർവതിയായിരുന്നു. ആലുവാ അടുത്തുള്ള തോട്ടുമുഖമാണ് അതിന്റെ ആസ്ഥാനം. അനാഥ കുട്ടികൾക്കും അംഗ ഭംഗം സംഭവിച്ചവർക്കും ആരുമാരുമില്ലാത്ത സ്ത്രീ ജനങ്ങൾക്കും ഇവിടെ ആശ്രയം നല്കി വരുന്നു.


അയ്യപ്പൻ ഒരു യുക്തി വാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായതുകൊണ്ട്  ഗാന്ധിസത്തിനെതിരായിരുന്നു. ഗാന്ധിജിയുടെ ചിന്താഗതികൾ സവർണ്ണ ജാതികളുടെ മേല്ക്കോയ്മ അംഗീകരിക്കുന്നതു കാരണം സഹോദരൻ അയ്യപ്പന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. ഗാന്ധിജിയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഗാന്ധിജിയേയും ഗാന്ധിസത്തെയും രണ്ടായി അദ്ദേഹം കണ്ടിരുന്നു. ഗാന്ധിസ തത്ത്വങ്ങൾ പാടെ തള്ളിക്കളഞ്ഞുകൊണ്ട്  ഗാന്ധിജിയെ അങ്ങേയറ്റം ആദരിക്കുകയും ചെയ്തിരുന്നു. നാസ്തികനായ അയ്യപ്പൻ   ശ്രീ നാരായണ ഗുരു പഠിപ്പിക്കുന്ന ദൈവിക തത്വങ്ങളെ ഗൗനിക്കാതെ അദ്ദേഹത്തിന്റെയും ആരാധകനായിരുന്നു.


കേരള ജനത റഷ്യൻ വിപ്ലവത്തെപ്പറ്റിയും കമ്യൂണിസത്തെ പ്പറ്റിയും ആദ്യമായി അറിയുന്നത് അയ്യപ്പൻറെ പത്രത്തിൽ കൂടിയായിരുന്നു. പ്രസംഗങ്ങൾ സ്ഥായിയായി മനുഷ്യ മനസിൽ നിലനില്ക്കില്ലെന്നും മനുഷ്യനിൽ ഉറച്ച മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പത്ര പ്രവർത്തനത്തിൽ ക്കൂടി മാത്രമേ സാധിക്കുള്ളൂവെന്നും അയ്യപ്പൻ  മനസിലാക്കിയിരുന്നു.  അദ്ദേഹം മാർക്സിന്റെയും ലെനിന്റെയും തത്ത്വ ചിന്തകൾ സ്വന്തം പത്രം വഴി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ആദ്യമായി അടിത്തറയിട്ടതും അദ്ദേഹമായിരുന്നു. കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും  അവരുടെ പത്രത്തിന്റെ ആദ്യത്തെ പത്രാധിപരുമായിരുന്നു.


അദ്ദേഹം നിയമസഭാംഗമായിരുന്ന കാലയളവിൽ ഈഴവരുടെ നന്മക്കായി മൂന്നു ബില്ലുകൾ അവതരിപ്പിച്ചിരുന്നു. മരുമക്കാത്തായ തീയ്യ ബിൽ, മക്കത്തായ  തിയ്യ ബിൽ,  സിവിൽ വിവാഹ ബിൽ എന്നിവകളായിരുന്നു അവതരിപ്പിച്ചിരുന്ന ബില്ലുകൾ. അക്കാലങ്ങളിൽ കൊച്ചിയിലും തിരുവിതാംകൂറിലും മരുമക്കാത്തായം നില നിന്നിരുന്നു. അതു  മാറ്റി കുടുംബ സ്വത്ത് സ്ത്രീകള്ക്കും പുരുഷന്മാർക്കും തുല്യമായി സ്വത്തുക്കൾ വീതിക്കത്തക്ക ബില്ലുകളാണ് അവതരിപ്പിച്ചത്. അത് നിയമമാവുകയും ചെയ്തു.അയ്യപ്പൻറെ സേവനങ്ങളെ മാനിച്ച് കൊച്ചി രാജാവ് അദ്ദേഹത്തെ വീര ശ്രുംഖല  നല്കി ബഹുമാനിക്കുകയും ചെയ്തു.


അവസാന കാലം പതിനഞ്ചു വർഷത്തോളം സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിന്ന് എഴുത്തിനും വായനയ്ക്കുമായി സമയം ചെലവഴിച്ചു. 1968 മാർച്ച് ആറാം തിയതി അദ്ദേഹം ഹൃദ്രു രോഗ ബാധിതനായി മരണമടഞ്ഞു. സഹോദരൻ അയ്യപ്പനോടുള്ള ആദരസൂചകമായി ഏറണാകുളം വൈറ്റില ജഗ്ഷൻ  റോഡു മുതൽ എം ജി റോഡു വരെ 'സഹോദരൻ അയ്യപ്പൻ റോഡ്‌' എന്ന പേരാണ് നല്കിയിരിക്കുന്നത്.(തുടരും)









Ayyappan with Vaikkam Basheer

Tuesday, April 12, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-8)



അധസ്ഥിതരുടെ രാജാവായ അയ്യങ്കാളിയുടെ അറിയപ്പെടാത്ത ചരിത്രം

By ജോസഫ് പടന്നമാക്കൽ

1850 നു മുമ്പ് കേരള ജനത ചലനാത്മകമായ ഒരു ജീവിതമായിരുന്നില്ല നയിച്ചിരുന്നത്. ഒരു പ്രദേശത്തു മാത്രം ജീവിച്ച് അവിടുത്തെ ദേവി ദേവന്മാരുടെ ഇതിഹാസകഥകളും കേട്ട്  മറ്റുള്ള പ്രദേശങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ  ജീവിക്കുന്ന ഒരു ജനതയായിരുന്നു അന്നുണ്ടായിരുന്നത്‌. ഭൂരിഭാഗം ജനങ്ങളും മേലാളർ, കീഴാളർ എന്നുള്ള സാമൂഹിക വ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്നു.  അടിയാളന്മാരും കീഴാളന്മാരുമെന്ന ജാതികൾക്കു കീഴ്പ്പെടുത്തിയ വ്യവസ്ഥയിൽ അവരുടെ മേൽ മേലാളരായവർ കാട്ടാള ചിന്തകളും പുലർത്തിയിരുന്നു. കൊളോണിയൽ ശക്തികൾ വന്നതിൽപിന്നീടാണ് കേരളം ചലിക്കുന്ന ജനങ്ങളടങ്ങിയ ഒരു ലോകമായത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ചരിത്രം എടുക്കുകയാണെങ്കിൽ നവോധ്വാനം  ആരംഭിച്ചത് ഉയർന്ന  ക്ലാസുകളിൽ നിന്നുമെന്നു കാണാം. ആര്യ സമാജവും ബ്രഹ്മ സമാജവും ആരംഭിച്ചത് മേലാളർ ജാതികളിൽ നിന്നുമായിരുന്നു. എന്നാൽ കേരളത്തെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു ചരിത്രമാണുള്ളത്. ഇവിടെ നവോദ്ധ്വാന  ചരിത്രം ആരംഭിച്ചത് കീഴ്ജാതിക്കാരിൽ നിന്നുമായിരുന്നുവെന്നതാണ് ഒരു പ്രത്യേകത. സാമൂഹിക പരിഷ്കർത്താക്കളായ അയ്യങ്കാളിയും ഡോ പല്പ്പുവും ശ്രീ നാരായണ ഗുരുവും കീഴ് ജാതിക്കാരായിരുന്നു. അതിന്റെ പ്രത്യാഘാതമായിരുന്നു വൈക്കം സത്യാഗ്രഹം. ഗാന്ധിജി വരെ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. എന്നാൽ ഗാന്ധിജിയുടെ നാട്ടിൽപ്പോലും  അവർണ്ണർക്ക്   അമ്പല പ്രവേശനം വേണമെന്നുള്ള ആവശ്യമായി ഒരു സത്യാഗ്രഹം നടന്നില്ല. ഇന്ത്യയിൽ അധകൃതർക്കും അമ്പലപ്രവേശനം നൽകണമെന്നുള്ള  മുദ്രാവാക്യം ആദ്യം മുഴക്കിയതും കേരളം മാത്രം.  പത്തൊമ്പതാം നൂറ്റാണ്ടിൽ സമത്വ സുന്ദരമായ ഒരു നാളെയ്ക്കു വേണ്ടി കേരള ജനത പോരാടിയെന്നുള്ള  സത്യം വൈക്കം സത്യാഗ്രഹത്തിന്റെ  പ്രാധാന്യത്തെ കുറിക്കുന്നു. അത് അയ്യങ്കാളി തുടങ്ങി വെച്ച ജനാധിപത്യ പ്രക്രീയയുടെ അടിസ്ഥാന തത്ത്വവുമായിരുന്നു.


മണി കെട്ടിയ രണ്ടു കാളകൾ  വലിച്ച വില്ലുവണ്ടിയിൽ അയ്യങ്കാളി   സവർണ്ണർക്കു  മാത്രം സഞ്ചരിക്കാവുന്ന  വെങ്ങാന്നൂർ കവലയിൽക്കൂടി യാത്ര ചെയ്തു. അവർണ്ണ ജാതികൾക്കു  അക്കാലങ്ങളിൽ ആ വഴികൾ ഐത്യം കല്പ്പിച്ചിരുന്നു.  വൈക്കം ക്ഷേത്ര പ്രവേശനത്തിനു ശേഷം 1937 ജനവരി 14ന് മഹാത്മാ ഗാന്ധി  വെങ്ങാനൂരിൽ വന്നു അയ്യങ്കാളിയെ സന്ദർശിച്ചിരുന്നു. തന്റെ സമുദായത്തിൽ നിന്നും പത്തു ബി എ ക്കാരെ കാണുകയെന്നത് തന്റെ സ്വപ്നമെന്നും  അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞു. മാറ്റുവിൻ ചട്ടങ്ങൾ പ്രായോഗികമാവണമെങ്കിൽ, അടിമയെന്ന മനസ്ഥിതി ദളിതരിൽ കത്തിയെരിയണമെങ്കിൽ വിദ്യ നേടീയെ തീരൂവെന്ന് അയ്യങ്കാളി ചിന്തിച്ചിരിക്കണം.  അന്ന് പ്രസംഗ മണ്ഡപത്തിൽ നിന്നുകൊണ്ട് ഗാന്ധിജി അയ്യങ്കാളിയെ സംബോധന ചെയ്തത് അധസ്ഥിതരുടെ രാജാവെന്നായിരുന്നു. അയ്യങ്കാളിയിൽ നിന്നും ആവേശഭരിതരായ  പുലയ സ്ത്രീകൾ അവരുടെ കഴുത്തിലുള്ള കല്ലുമാല വലിച്ചു ദൂരെ എറിഞ്ഞു. കല്ലുമാല ബ്രാഹ്മണർക്ക് പുലയ സ്ത്രീകളെ തിരിച്ചറിയാനുള്ള  ഒരു അടയാളമായിരുന്നു.


അയ്യങ്കാളിയെ സംബന്ധിച്ച് ഏറ്റവും പ്രധാന സംഭവം വില്ലുവണ്ടി സമരമാണ്. പൊതുവഴികൾ നിർമ്മിക്കുന്നത് എല്ലാ പൌരന്മാരും നികുതി കൊടുക്കുന്ന പണത്തിൽ നിന്നുമാണ്. രാജ വീഥികളെന്നു പറഞ്ഞാൽ രാജാവിന്റെ വഴികളെന്നല്ല പൊതുവഴികളെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്‌. അതുകൊണ്ട് രാജ്യത്തിലെ പ്രജയെന്ന നിലയിൽ രാജവീഥികളിൽ തനിയ്ക്ക് സഞ്ചരിക്കാൻ അവകാശമുണ്ടെന്നു  അയ്യങ്കാളി പ്രഖ്യാപിച്ചു. അത് സമൂഹത്തിനായുള്ള ഒരു ജനാധിപത്യ മുന്നേറ്റം കൂടിയായിരുന്നു. അന്ന് തിരുവിതാംകൂർ രാജാക്കന്മാർ ശ്രീ പത്മനാഭ  ദാസരായി കരുതിയിരുന്നു. ദൈവപൂജയും ബ്രാഹ്മണരെ ഊട്ടുകയുമല്ലാതെ  രാജാക്കന്മാർ പ്രജകളുടെ ക്ഷേമത്തിനായി കാര്യമായി ഒന്നുംതന്നെ ചെയ്തിരുന്നില്ല. നികുതി കൊടുക്കുന്ന പണം ഖജനാവ് സൂക്ഷിപ്പുകാരും കൊട്ടാരം സിൽബന്ധികളും ധൂർത്തടിച്ചിരുന്നു. സർവ്വതും ബ്രാഹ്മണ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്ന മനസ്ഥിതിയായിരുന്നു രാജാക്കന്മാർക്കുണ്ടായിരുന്നത്. ഊട്ടുപുരകളിൽ  ബ്രാഹ്മണർക്ക് രാജാവിന്റെ വക സൗജന്യ ഭക്ഷണവും നല്കിയിരുന്നു. പ്രധാന ജോലികൾ തമിഴ്നാട്ടിലുള്ള ബ്രാഹ്മണർക്കും  അയ്യന്മാർക്കും നല്കിയിരുന്നു. ജാതീയമായ നടപ്പുകൾ അംഗീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുകയെന്നതായിരുന്നു അന്നുള്ള രാജാക്കന്മാരുടെ ധർമ്മവും . പ്രജകൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തകൾ പോലും രാജാക്കന്മാർക്കുണ്ടായിരുന്നില്ല. 1850 നു മുമ്പ് പ്രജകളുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്ത ചരിത്രവുമില്ലായിരുന്നു.  അന്ന് ഗ്രാമങ്ങളിൽ സമൂഹമായി ജീവിച്ചിരുന്നത് ജാതി വ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലായിരുന്നു . ഒരു പുലയെനെന്തു ചെയ്യണം ഒരു ബ്രാഹ്മണൻ എന്ത്  ചെയ്യണമെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിനകത്തു പ്രത്യേകിച്ചൊന്നും  സംഭവിക്കാതെ കാലം നിശ്ചലമായി തുടർന്നു.   മാറ്റങ്ങൾക്കായി ചോദ്യം ചെയ്യാനുള്ള മനതന്റെടവും അന്നത്തെ ജനതയ്ക്കുണ്ടായിരുന്നില്ല.


പത്തൊമ്പതാം നൂറ്റാണ്ടിലെ   വഞ്ചീഭൂമിയിൽ പുലയ ജാതിയിൽ പിറന്ന അയ്യങ്കാളി അധകൃതർക്കു വേണ്ടി പോരാടിയ ഒരു സാമൂഹിക പ്രവർത്തകനും ചരിത്രം കുറിച്ച  മഹാനുമായിരുന്നു. ആരെയും കൂസ്സാക്കാഞ്ഞ  ധീരനായ ഒരു നേതാവുമായിരുന്നു. രാജഭരണം നിലവിലിരുന്ന തിരുവിതാംകൂറിൽ വെങ്ങാന്നൂർ എന്ന ഗ്രാമത്തിൽ 1863-ൽ ജനിച്ചു. തൊട്ടുകൂടാ ജാതിയിൽപ്പെട്ട എഴുമക്കളുള്ള പുലയകുടുംബത്തിലെ ഒരു അംഗമായി അദ്ദേഹം വളർന്നു. വർണ്ണാശ്രമ  പാലകർ പുലയ, പറയ ജാതികൾക്ക് തീണ്ടൽ കല്പ്പിച്ച കാരണം പൊതുവഴിയെ നടക്കാനുള്ള ഉപരോധമുള്ള കാലവുമായിരുന്നു.  പൊതുസ്ഥലങ്ങളിൽ അവരുടെ സ്ത്രീകളുടെ മാറുകൾ മറയ്ക്കുന്നതിനും വിലക്കു കല്പ്പിച്ചിരുന്നു. ഒരു ബാർബെറിയൻ സംസ്ക്കാരത്തിനുള്ളിൽ അടിമപ്പെട്ടു ജീവിച്ചിരുന്ന തൊട്ടുകൂടാ സമുദായത്തിൽ പിറന്ന അയ്യങ്കാളി വിപ്ലവ കൊടുംകൊടികളുയർത്തി അന്നത്തെ സാമൂഹിക തിന്മകളെ എതിർത്തിരുന്നു. അവർണ്ണരായവരുടെ കുഞ്ഞുങ്ങൾക്കും സ്കൂളിൽ പഠിക്കാൻ പാടില്ലായിരുന്നു. വിവേകാനന്ദന്റെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തിൽ  സാമൂഹിക പരിഷ്ക്കാരങ്ങൾക്കായി  പിന്നീട് അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും പ്രവർത്തനം  തുടങ്ങി.


കാര്യമായ വിദ്യാഭ്യാസമൊന്നും അയ്യങ്കാളി നേടിയിരുന്നില്ല. എങ്കിലും ഹൈന്ദവ വർണ്ണരായവരുടെ തിന്മകളെ, ദുരാചാരങ്ങളെ ചൂണ്ടികാണിച്ചുകൊണ്ട്‌ പൊരുതാനുള്ള ഉറച്ച  മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. വർണ്ണ ജാതികൾക്കു മാത്രം സഞ്ചരിക്കാൻ പാടുള്ള വെങ്ങാന്നൂരിലെ പൊതുവഴികളിൽക്കൂടി   അവിടെയുള്ള   ചന്തയിലേയ്ക്ക്  അയ്യങ്കാളി ആരെയും കൂസാക്കാതെ തന്റെ കാളവണ്ടി ഓടിച്ചുകൊണ്ടുപോയി. അതൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു.  അന്നു നിലവിലുണ്ടായിരുന്ന ആചാരങ്ങളെ വെല്ലുവിളിച്ച സാഹസികനായ അയ്യങ്കാളിയെ സവർണ്ണ ലോകം മൃഗീയമായി മർദ്ദിക്കുകയുമുണ്ടായി. എങ്കിലും അദ്ദേഹം തന്റെ ലക്ഷ്യപ്രാപ്തിക്കായി അടിപതറാതെ ധീരതയോടെ  സവർണ്ണ ജാതികളുടെ ദുഷ് കർമ്മങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ  തുടർന്നുകൊണ്ടിരുന്നു.  അവർണ്ണ ജാതികൾക്കെതിരെയുള്ള അടിമത്വം അവസാനിപ്പിക്കാനുള്ള  ധീരോദാത്തമായ മുന്നേറ്റത്തിൽ അദ്ദേഹത്തിനു പുലയരായ അനേകം അനുയായികളെയും ലഭിച്ചു. ഗ്രാമത്തിൽ അന്നുള്ള പുലയ യുവാക്കൾക്ക് വർണ്ണ വ്യവസ്ഥയ്ക്കെതിരായി പോരാടാനുള്ള ഉത്തേജനവും കൊടുക്കുമായിരുന്നു. മനുഷ്യാവകാശങ്ങൾക്കായി അയ്യങ്കാളിയിൽ നിന്നും പ്രചോദനം നേടി പുലയ ജാതികൾ നാടെങ്ങും സംഘടിച്ചുകൊണ്ടിരുന്നു. അയ്യങ്കാളിയുടെ നേതൃത്വം തെക്കൻ കേരളം മുഴുവൻ സവർണ്ണർക്കെതിരെ ഒരു കൊടുംകാറ്റു തന്നെ സൃഷ്ടിച്ചു. അദ്ദേഹം  തുടങ്ങിവെച്ച  ദളിതരുടെ ഈ നീക്കം വിജയകരമാവുകയും 1900 ത്തിൽ  ഒരു രാജ വിളംബരത്തിൽക്കൂടി ദളിതർക്ക് പൊതുവഴിയിൽ കൂടി സഞ്ചരിക്കാമെന്ന സ്ഥിതി വരുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാരിന്റെ ശക്തമായ പ്രേരണയും അതിനു പിമ്പിലുണ്ടായിരുന്നു.


ദളിത യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള അയ്യങ്കാളിയുടെ വിപ്ലവത്തിന്റെ മാറ്റൊലി നാടെങ്ങും മുഴങ്ങിയിരുന്നു. സ്കൂളിൽ പോയി കാര്യമായി പഠിക്കാൻ  അവസരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടില്ലായിരുന്നെങ്കിലും  ദളിത കുട്ടികൾക്കായി സ്വന്തമായി വെങ്ങാനൂരിൽ സ്കൂളും  ആരംഭിച്ചു.  ദളിതർ അജ്ഞതയെ മാറ്റി വിദ്യാ സമ്പന്നരാകണമെന്നും   നിഷ്ക്കർഷിച്ചിരുന്നു. ദൌർഭാഗ്യവശാൽ അദ്ദേഹത്തിൻറെ സ്കൂൾ  ഉയർന്ന ജാതിക്കാരുടെ ഒത്താശയോടെ സാമൂഹിക ദ്രോഹികൾ തീ വെച്ചു നശിപ്പിച്ചു.  പ്രതീക്ഷകൾ കൈവെടിയാതെ ദളിതരുടെ വിദ്യാഭ്യാസം മാത്രം ലക്ഷ്യമാക്കി പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ദളിതർക്കും അർഹമായ രീതിയിൽ സവർണ്ണർക്കൊപ്പം സ്കൂളുകളിൽ വിദ്യ നൽകണമെന്ന ആവശ്യവുമായി നാടു  മുഴുവൻ പ്രകടനങ്ങളും സംഘടിപ്പിച്ചു. ഒടുവിൽ വിജയം അദ്ദേഹം കണ്ടെത്തുകയും ചെയ്തു. 1907-ൽ ദളിത കുട്ടികളെയും സർക്കാർ വക സ്കൂളുകളിൽ പ്രവേശിപ്പിക്കണമെന്ന തിരുവിതാംകൂർ സർക്കാരിന്റെ  ഉത്തരവും ഉണ്ടായി.   വർണ്ണ വിവേചനം പുലർത്തിയിരുന്നവർ സർക്കാരിന്റെ തീരുമാനത്തെ ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. അതുമൂലം അയ്യങ്കാളിയുടെ അനുയായികളും സവർണ്ണരുമായി തെക്കൻ തിരുവിതാംകൂറിൽ  സംഘട്ടനങ്ങളും പൊട്ടി പുറപ്പെട്ടു.   മൂന്നു നീണ്ട വർഷങ്ങളിലെ കലഹത്തിനുശെഷം 1910-ൽ ദളിത കുട്ടികളെ പൊതു സ്കൂളിൽ പഠിപ്പിക്കാനുള്ള നിയമം ഔദ്യോഗികമായി പ്രാബല്യത്തിലാക്കി.


കേരളത്തിൽ തൊഴിലാളി സംഘടനകളും കമ്മ്യൂണിസവും വരുന്നതിനു മുമ്പ് അയ്യങ്കാളി തൊഴിലാളികളെ സംഘടിപ്പിച്ച്  അവരുടെ അവകാശങ്ങൾക്കായും പൊരുതുമായിരുന്നു. അദ്ദേഹം തൊട്ടുകൂടാ ജാതികളുടെ ശബ്ദമായും ഹൈന്ദവ സമൂഹത്തിന്റെ ദുരാചാരങ്ങളെ ദൂരികരിക്കാൻ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവായും അറിയപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ നേതൃ പാടവം മനസിലാക്കിയ രാജകീയ സർക്കാർ  1910-ൽ  ശ്രീമൂലം അസംബ്ലിയിലെ അംഗമായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. ശ്രീമൂലം അസംബ്ലിയിൽ ആഗതനാകുന്ന അദ്ദേഹത്തെ സവർണ്ണ ജാതികളിലുള്ളവർ പരിഹസിക്കുകയൂം നിന്ദിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും പഠിപ്പില്ലാത്ത അയ്യങ്കാളിയുടെ പ്രസംഗ പാടവത്തിൽ സവർണ്ണരെ വിസ്മയിപ്പിക്കുകയും അവരുടെ പരിഹാസ കേളികൾക്കു ശമനം വരുത്തുകയും ചെയ്തു.


അഭ്യുദായകാംഷികളുടെയും  അനുയായികളുടെയും പിന്തുണയോടെ ദളിതരെ സഹായിക്കാനായി, അവർക്ക് വിദ്യ നല്കാനായി അദ്ദേഹം 'സാധു ജന പരിപാലന സംഘം' എന്ന സംഘടന സ്ഥാപിച്ചു. നിയമപരമായ സഹായവും സാമ്പത്തിക പിന്തുണയും നേടുകയെന്നതും ഈ സംഘടനയുടെ ലക്ഷ്യമായിരുന്നു. അക്കാലത്ത് ശ്രീ നാരായണ ഗുരുവിന്റെ എസ് എൻ ഡി പി കഴിഞ്ഞാൽ കാര്യക്ഷമമായി നടക്കുന്ന  സംഘടന അയ്യങ്കാളിയുടെ എസ്.ജെ പി എസ് ആയിരുന്നു. അധകൃതരുടെ ക്ഷേമാന്വേഷണത്തിനായി അയ്യങ്കാളിയുടെ സംഘടന നാടെങ്ങും  ശാഖകളും തുടങ്ങി. ' വിദ്യയിലും സംഘടിതശക്തിയിലും മുന്നേറാനുള്ള ആശയസംഹിതകളുമായി സംഘടന പുരോഗമിച്ചുകൊണ്ടിരുന്നു.  ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിനുള്ളിൽ  ആയിരക്കണക്കിന് സംഘടനാ ശാഖകളുണ്ടായിരുന്നു. സവർണ്ണ ജാതികളും പിൽക്കാലങ്ങളിൽ  ദളിതരുടെ ക്ഷേമത്തിനായി  ഭൂമിയും അവരുടെ ഓഫീസുകൾ സ്ഥാപിക്കാനുള്ള സഹായവും നല്കിയിരുന്നു.


പുലയ ജാതികളുടെ പരിവർത്തന വിധേയമായ കാലഘട്ടത്തിൽ കേരളത്തിൽ അന്നുണ്ടായിരുന്ന മിഷ്യണറിമാർ  തൊട്ടുകൂടാ ജാതികളായ പുലയോരോടു ക്രിസ്ത്യാനികളായി മതം മാറരുതോയെന്ന്  ആവശ്യപ്പെട്ടു. വർണ്ണ വിവേചനത്തിൽ നിന്നും രക്ഷപെടാനുള്ള ഉപാധിയായും അവർ ചൂണ്ടി കാണിച്ചു. അയ്യങ്കാളിയുടെ ശ്രദ്ധയിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ എന്തുകൊണ്ട് സവർണ്ണരായ സുറിയാനി ക്രിസ്ത്യാനികൾ ബ്രാഹ്മണരെപ്പോലെ സങ്കുചിതമായി ദളിതരോട് വിവേചനപരമായി പെരുമാറുന്നതെന്ന് ചോദിച്ചു. ക്രിസ്ത്യാനികളായി മതം മാറിയാലും ദളിതരുടെ ജീവിതത്തിൽ യാതൊരു മാറ്റങ്ങളും സംഭവിക്കാൻ പോകുന്നില്ലെന്നും അയ്യങ്കാളി പറഞ്ഞു.  തെക്കേ ഇന്ത്യാക്കാരും വടക്കേ ഇന്ത്യാക്കാരും തമ്മിൽ അടി പിടി കൂടുന്നതിനുണ്ടാക്കിയ ബ്രിട്ടീഷുകാരുടെ ആര്യൻ ദ്രാവിഡ തത്ത്വങ്ങളെയും അദ്ദേഹം നിഷേധിച്ചു. ഹൈന്ദവ മതത്തെ ഇല്ലാതാക്കുന്നതിനു  പകരം മതത്തിന്റെ സാരാംശങ്ങളെ ഉൾക്കൊണ്ടുകൊണ്ട്  മതത്തെ  നാം തന്നെ പരിവർത്തന വിധേയമാക്കൂവെന്നു  നാരായണഗുരുവിനൊപ്പം അയ്യങ്കാളിയും അഭ്യർത്ഥിച്ചു.  വർണ്ണ വിവേചനം അവസാനിപ്പിക്കാനായി ആര്യസമാജത്തിനും ഹിന്ദു മഹാസഭയ്ക്കും അചഞ്ചലമായ പിന്തുണ നല്കുകകയും ചെയ്തു.


കേരളത്തിൽ ഒരു കാലത്ത് പുലയ പറയ സമുദായത്തെ  മനുഷ്യരായി പോലും മുന്തിയ ജാതികൾ കണക്കാക്കില്ലായിരുന്നു. അവർ ജന്മിമാരുടെ ഭുമിയിൽ പണിയെടുക്കാനുള്ള വെറും യാന്ത്രിക മനുഷ്യരെപ്പോലെയായിരുന്നു. സമൂഹത്തിൽ നിന്നും പീഡനം അനുഭവിച്ചുകൊണ്ടിരുന്ന ബഹിഷ്കൃതരായ ഒരു സമുദായമായി പറയ പുലയ ജാതികൾ ജന്മിമാരുടെ ആശ്രയത്തിലോ കുടിയാന്മാരായോ ജീവിച്ചിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ സർക്കാർ സ്കൂളുകളിൽ പ്രവേശിപ്പിച്ച്  പഠിക്കാൻ അനുവദിക്കുംവരെ പാടങ്ങളിലും പണിശാലകളിലും  ഇനിമേൽ ജന്മികൾക്ക് പണിയാൻ വരില്ലായെന്നു അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള പുലയ ജനം തീരുമാനിച്ചു. 1914-ൽ ആരംഭിച്ച ഈ കാർഷിക സമരം മൂന്നു വർഷത്തോളം നീണ്ടുനിന്നു. ജന്മിത്വത്തിന് ഭീഷണിയായിക്കൊണ്ട് കുണ്ടള, കണിയാപുരം, മടവൂർ, എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ സമരം വ്യാപിച്ചു. കൃഷിപ്രവർത്തനങ്ങൾ നാടാകെ മരവിപ്പിച്ചിരുന്നു. അരവയറിലും പട്ടിണിയിലും അക്കാലങ്ങളിൽ അധകൃതർ കഴിഞ്ഞെങ്കിലും ആരും ജന്മികളുടെ ഭീഷണികൾക്ക് മുമ്പിൽ  കീഴടങ്ങിയില്ല.


1904-ൽ അയ്യാവൂ സ്വാമി യെന്ന പ്രസിദ്ധനായ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം കേട്ട് അയ്യങ്കാളി ആവേശഭരിതനായി ആ സ്വാമിയെ പ്രശംസിച്ചിരുന്നു നായർ സമുദായത്തിൽപ്പെട്ട ഈ ഹിന്ദു സന്യാസി വർണ്ണ വ്യവസ്ഥ അവസാനിപ്പിക്കേണ്ട ആവശ്യത്തെപ്പറ്റി ആന്നു സദസിനോട് പ്രസംഗിച്ചു. ഹൈന്ദവ ദുരാചാരാങ്ങൾ ഇല്ലാതാക്കിയില്ലെങ്കിൽ  ജനങ്ങൾ ക്രിസ്തു മതത്തിൽ മത പരിവർത്തനം ചെയ്യുമെന്നും സ്വാമി ബോധിപ്പിച്ചു. അയ്യങ്കാളി ആ വർഷം സ്വാമിയുടെ 'ബ്രഹ്മനിഷ്ഠ മഠം' എന്ന സംഘടനയുടെ ഒരു ശാഖ കൂട്ടുകാരുമൊത്ത് വെങ്ങാന്നൂരിൽ സ്ഥാപിച്ചു. അയ്യങ്കാളി നാരായണ ഗുരുവിന്റെയും  ഭക്തനായിരുന്നു. അയ്യങ്കാളിയും നാരായണ ഗുരുവും വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിച്ചിരുന്നെങ്കിലും ലക്‌ഷ്യം ഒന്നു തന്നെയായിരുന്നു. ഈഴവരും പുലയരും തമ്മിൽ ഒന്നായി യോജിച്ച് പ്രവർത്തിക്കാൻ നാരായണഗുരു ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ പുലയ ജാതികളിൽ നിന്നും എതിർപ്പുണ്ടായതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്.


ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും അയ്യങ്കാളിയുടെ സേവനത്തെപ്പറ്റിയും അയ്യങ്കാളി സമൂഹത്തിനു നല്കിയ നന്മകളെ പ്പറ്റിയും വ്യക്തമാക്കാൻ ചരിത്രകാരന്മാർ രംഗത്ത് വന്നിട്ടില്ല. തിരുവിതാംകൂറിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസിദ്ധ വിമർശകനായിരുന്ന  പത്രപ്രവർത്തകൻ രാമകൃഷ്ണപിള്ള പോലും അയ്യങ്കാളിയെപ്പറ്റി കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല.  രാമ കൃഷ്ണ പിള്ള അക്കാലത്ത് യാഥാസ്ഥിതിക ലോകത്തെ വിമർശിക്കുന്ന എഴുത്തുകാരനായിരുന്നു.  പുലയരെ സ്കൂളിൽ പ്രവേശിപ്പിക്കാൻപോലും അദ്ദേഹം നിർദേശിച്ചിട്ടില്ല. പുലയരെ സ്കൂളിൽ പഠിപ്പിക്കണമെന്നുള്ള രാമ കൃഷ്ണ പിള്ളയുടെ വീക്ഷണം ഇങ്ങനെ, "ഉന്നത കുല ജാതികളുടെ  യോഗ്യത അവഗണിച്ച് ഇന്ന് നിലവിലുള്ള മാനദണ്ഡങ്ങളെ മറികടന്ന്  സ്കൂൾ പ്രവേശനത്തിന് സമത്വം വേണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല. സ്കൂൾ പ്രവേശനത്തിൽ  യോഗ്യത വേണം. അവിടെ ജാതിയല്ല പ്രധാനം. കൃഷിക്കാരുടെ മക്കള്ക്കു സ്കൂൾ പ്രവേശനത്തിൽ തുല്യമായ പരിഗണ നല്കുന്നതും  സമൂഹ നന്മയ്ക്ക് ഉപകരിക്കില്ല. അത്തരക്കാരെ സ്കൂളിൽ പ്രവേശിപ്പിച്ചാൽ ഒരു കുതിരെയേയും ഒരു പോത്തിനെയും കലപ്പയിൽ കെട്ടി ഒന്നിച്ചു  പാടം ഉഴുതുന്ന ഫലംപോലെയായിരിക്കുമെന്നും മനസിലാക്കണം."


1910-ൽ ദിവാൻ രാജഗോപാലാചാരിയുടെയും വിദ്യാഭ്യാസ മേധാവി ഇംഗ്ലീഷുകാരൻ മൈക്കിളിന്റെയും  കല്പ്പന പ്രകാരം ദളിതർക്ക് സ്കൂൾ പ്രവേശനം അംഗീകരിച്ചു. അയ്യങ്കാളി 'പഞ്ചമി' യെന്ന പുലയ പെൺകുട്ടിയെ   ബാലരാമപുരത്തുള്ള ഉരുട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കാൻ  ചെന്നു.  ഹെഡ് മാസ്റ്റർ ആ കുട്ടിയ്ക്ക് പ്രവേശനം നല്കിയില്ല. അതിന്റെ പേരിൽ നായന്മാരും പുലയന്മാരും തമ്മിൽ നാടിന്റെ നാനാ ഭാഗത്തും വഴക്കുകളുണ്ടായി. അതിനൊരു തീരുമാനമാകുന്നവരെ കർഷക തൊഴിലാളികൾ ജന്മികളുടെ കൃഷി ഭൂമിയിൽ പണിയാൻ പോകരുതെന്നും അയ്യങ്കാളിയുടെ നേതൃത്വം തീരുമാനിച്ചു.


പുലയർക്കും  പറയർക്കും അക്കാലത്ത്‌ പാടത്തു മേഞ്ഞു നടക്കുന്ന കന്നുകാലികളുടെ വിലപോലും സവർണ്ണർ നല്കിയിരുന്നില്ല. അയ്യങ്കാളിയും അദ്ദേഹത്തിൻറെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സ്വന്തം സമുദായത്തിലുള്ളവരും  ദാരിദ്ര്യവും അപമാനവും സഹിച്ചു ജീവിച്ചു വളർന്നവരായിരുന്നു.  ജന്മിമാരുടെ നെല്ലറകൾ  നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുകയെന്നായിരുന്നു ദളിതർക്കു വിധിക്കപ്പെട്ടിരുന്നത്. പാടത്ത് പണിയെടുക്കുന്ന പുലയർക്കും പറയർക്കും മണ്ണിൽ കുഴിച്ചു ഇലയിട്ടായിരുന്നു  ഭക്ഷണം നല്കിയിരുന്നത്. അധകൃതർ രോഗ ബാധിതരായാൽ ഡോക്ടർമാർ പോലും  പരിശോധിക്കില്ലായിരുന്നു. മരുന്നുകൾ ദൂരെ നിന്ന് എറിഞ്ഞു കൊടുക്കും. ജാതിയുടെ അടയാളമായി കല്ലുമാല ധരിക്കണമായിരുന്നു. അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രങ്ങൾ ധരിക്കാൻ സമ്മതിക്കില്ലായിരുന്നു. അന്നത്തെ ഐത്യാചാരങ്ങൾ കീഴാളരെ യുക്തി രഹിതരായ മനുഷ്യരായിട്ടായിരുന്നു  കരുതിയിരുന്നത്.


അയ്യങ്കാളി തുടങ്ങി വെച്ച ചരിത്ര നേട്ടങ്ങളെ പിന്നീടു വന്ന കേരളത്തിലെ ചരിത്രകാരന്മാർ കാര്യമായി ഗൌനിച്ചില്ലെന്നുള്ളതും ആ മഹാത്മാവിനോടും പുലയ സമുദായത്തോടും ചെയ്ത ഒരു അനീതിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരത്തെ വെറും പുലയ ലഹളയെന്നു ചുരുക്കി അവഹേളിക്കാനായിരുന്നു ചരിത്രകാർ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടൊന്നും അയ്യങ്കാളി തുടങ്ങി വെച്ച ദൌത്യത്തിന് മങ്ങലേൽപ്പിക്കാൻ  സാധിച്ചിട്ടില്ല. സാമൂഹിക മുന്നേറ്റത്തിനായി ആ മഹാൻ  ഉയർത്തിയ പോരാട്ട വീര്യം പില്ക്കാല തലമുറകൾ ഏറ്റെടുക്കുകയും പുലയ മഹാസമുദായം അനേകവിധ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. അയ്യങ്കാളിയുടെ ഭാര്യ കെ. പൊന്നുവും അവരുടെ മക്കൾ കെ. ചെല്ലപ്പൻ, കെ. കൊച്ചുകുഞ്ഞു, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവരുമായിരുന്നു.


സാമൂഹിക പരിഷ്ക്കാരങ്ങളുടെ ഐതിഹാസിക താരമായിരുന്ന അയ്യങ്കാളി 1941 ജൂൺ പതിനെട്ടാം തിയതി മരണമടഞ്ഞു. അധകൃതർക്കുവേണ്ടി അജീവനാന്തം പോരാടിയ മഹാത്മാവായ അയ്യങ്കാളിയുടെ മരണം പുലയ ജാതികളെ ഒന്നാകെ കരയിപ്പിച്ചു. നാരായണ ഗുരുവിനെപ്പോലെ  ലോക പ്രസിദ്ധനായിട്ടില്ലെങ്കിലും കേരള ചരിത്രത്തിൽ അദ്ദേഹം ഒരു ചരിത്ര പുരുഷനായി കാലങ്ങളെ അതിജീവിച്ചും തിളങ്ങുന്നു.അദ്ദേഹത്തിൻറെ പ്രതിമ തിരുവനന്തപുരം വെള്ളയമ്പലം ജങ്ങ്ഷനിൽ  കവടിയാർ കൊട്ടാരവും പത്മനാഭ സ്വാമി ക്ഷേത്രവും സന്ധിക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ നിത്യവും പൂജിക്കാൻ പോവുന്ന രാജകുടുംബത്തിന്   മഹാത്മാവായ അയ്യങ്കാളിയുടെ പ്രതിമ കടന്നേ പോവാൻ സാധിക്കുള്ളൂ. അയ്യങ്കാളിയുടെ ചരിത്രം  മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും  ഭാരതം മുഴുവനുമായ ജനകോടികൾക്കും ഉത്തേജനം നല്കുമെന്നും പ്രതീക്ഷിക്കാം. (തുടരും)













Tuesday, April 5, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-7)



ഡോ പൽപ്പുവിന്റെ  വർണ്ണ വിവേചനത്തിനെതിരെയുള്ള  ധിര പോരാട്ടങ്ങൾ
By ജോസഫ് പടന്നമാക്കൽ
ഡോ. പത്ഭനാഭൻ പൽപു, കേരളത്തിലെ പിന്നോക്ക സമുദായമായിരുന്ന ഈഴവ സമൂഹങ്ങളുടെ നവോത്വാന ശിൽപ്പിയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള  ചരിത്രത്തിലെ അനശ്വരനായ നേതാവുമായിരുന്നു. തൊഴിലുകൊണ്ട് അദ്ദേഹം ബാക്റ്റീരിയാ  രോഗാണുക്കൾ സംബന്ധിച്ചുള്ള ഡോക്ടറായിരുന്നെങ്കിലും   സാഹചര്യങ്ങൾ അദ്ദേഹത്തെ ഒരു സാമൂഹിക വിപ്ലവകാരനാക്കി.  അസമത്വങ്ങൾക്കെതിരെ പോരാടുന്ന   അചഞ്ചലമായ അദ്ദേഹത്തിന്റെ  മനസും ശക്തിയേറിയ തൂലികയും അതിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഈഴവ സമൂഹങ്ങളെ  താണവരെന്നു കരുതുന്ന ഉന്നത ജാതികൾക്കെതിരെയും ഹിന്ദു പുരോഹിത വർഗങ്ങൾക്കെതിരെയും സന്ധിയില്ലാ സമരം നടത്തിക്കൊണ്ട്‌ ശത്രുക്കളുടെ നാവടപ്പിച്ചിരുന്നു. എല്ലാ സംഘിടിത ശക്തികൾക്കെതിരെയും സർക്കാരിന്റെ ചുവപ്പു നാടകൾക്കും അവരുടെ മനുഷ്യത്വമില്ലാത്ത വിവേചനങ്ങൾക്കെതിരെയും പ്രവർത്തിച്ച സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുമായിരുന്നു.  പീഡിതരായവരുടെയും   അടിച്ചമർത്തപ്പെട്ടവരുടെയും അജയ്യനായ നേതാവും. ഡോക്ടർ പല്പ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവെന്നും അറിയപ്പെടുന്നു. 'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന്  സരോജിനി നായിഡു വിശേഷിപ്പിച്ച ,ഈ മഹാന് കേരളത്തിൻറെ സാമൂഹിക പരിഷ്കരണ ചരിത്രത്തിൽ അർഹമായ സ്ഥാനം കിട്ടിയില്ലായെന്നതും ദുഖകരമായ ഒരു സത്യമാണ്.



1863 നവംബർ രണ്ടാം തിയതി   പഴയ തിരുവിതാംകൂറിലെ തിരുവനന്തപുരം ജില്ലയിൽ പേട്ടയിലുള്ള ഒരു ഈഴവ കുടുംബമായ നെടുങ്ങോട്ട്  ഒരു സാധാരണ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്‌.  പിതാവ് ഭഗവതി പത്ഭനാഭൻ  അക്കാലത്ത് തിരുവിതാംകൂർ പ്രദേശങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ചവരിൽ ഒരാളായിരുന്നു.  പഠിക്കാൻ അതി മിടുക്കനായിരുന്ന പല്പ്പുവിനു  ഉയർന്ന ജാതികളും  ഭരണകൂടങ്ങളും  അവർണ്ണനെന്നു വിധിയെഴുതിയ കാരണം  മുമ്പോട്ടുള്ള ജീവിതാവസരങ്ങൾ നിഷേധിച്ചിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ സമകാലീകനും ശിക്ഷ്യനുമായിരുന്നു. പ്രസിദ്ധനായ എഴുത്തുകാരൻ, ഭിഷ്വഗരൻ,  പരോപകാരി, സാമൂഹിക ചിന്തകൻ, പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരുന്നു. ലണ്ടനിൽ പ്രായോഗിക പരിശീലനം നേടിയ ഡോ പൽപ്പു പിന്നീട് സമുദായ ഉന്നമനത്തിനായും  സേവനത്തിനായും ജോലി വേണ്ടെന്നു വെച്ചു. അക്കാലത്ത് പിന്നോക്ക സമുദായക്കാർ സഹിച്ചിരുന്ന എല്ലാ യാതനകളും പല്പുവിനും  സഹിക്കേണ്ടി വന്നു.



ഈഴവർ പൊതുവെ കള്ളുചെത്തിലും കൃഷിപ്പണികളിലും എർപ്പെട്ടിരുന്നെങ്കിലും അവരുടെയിടയിൽ അനേക ആയൂർവേദ വൈദ്യന്മാരും ഉണ്ടായിരുന്നു.  പൽപ്പുവിന്റെ അമ്മ മാത പെരുമ്മാൾ ഈശ്വര ഭക്തിയും ചുറ്റുമുള്ളവരോട് ദീനദയാലുവും എല്ലാവരോടും വളരെയധികം സ്നേഹസമ്പന്നയുമായിരുന്നു. ശ്രീ നാരായണ ഗുരു അദ്ദേഹത്തിൻറെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നു. പല്പ്പുവിനെ അക്ഷരങ്ങൾ പഠിപ്പിച്ചത് സ്വന്തം അച്ഛൻ തന്നെയായിരുന്നു. അഞ്ചാം വയസ്സിൽ 1868-ൽ രാമൻ പിള്ള ആശാന്റെ കുടിപ്പള്ളി കൂടത്തിൽ എഴുത്തിനിരുത്തി. പിന്നീട് 1875-ൽ എ.ജെ. ഫെർണാൺഡസ്  എന്ന ഒരു സായിപ്പ് അദ്ദേഹത്തിൻറെ അദ്ധ്യാപകനായിരുന്നു.   അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തികമായി അധപതിച്ചിരുന്നു.


1878 മാർച്ച് മാസത്തിൽ  തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠനം തുടങ്ങി.  അക്കാലത്ത് അവർണ്ണർക്കായി പ്രത്യേകം ബഞ്ചുകൾ നീക്കി വെച്ചിരുന്നു. ജ്യേഷ്ഠൻ വേലായുധനും അദ്ദേഹത്തോടൊപ്പം അവർണ്ണർക്കായി നീക്കിയിട്ടിരുന്ന  ബഞ്ചിലിരുന്ന് പഠിച്ചു. അന്ന് പല്പ്പുവിന്റെ കുടുംബം സാമ്പത്തികമായി തകർന്ന് ദാരിദ്ര്യത്തിലായിരുന്നു. പഠിക്കാൻ വളരെയധികം സമർത്ഥനായ  പല്പ്പുവിന്റെ അവസ്ഥ കണ്ട് ഫെർണാണ്ടസ്  സായിപ്പ് അദ്ദേഹത്തിനു ഭക്ഷണം വാങ്ങി കൊടുക്കുമായിരുന്നു. 1883-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായെങ്കിലും   ജേഷ്ടൻ  വേലായുധൻ എഫ് എ യ്ക്ക് ഉപരി പഠനത്തിനായി പോയതിനാൽ പല്പ്പുവിനെയും കോളേജിൽ വിടാനുള്ള സാമ്പത്തിക സ്ഥിതി ആ കുടുംബത്തിനുണ്ടായിരുന്നില്ല. ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ജോലി ലഭിച്ചതുകൊണ്ട് കോളേജിൽ പഠിക്കാനുള്ള പണം കണ്ടെത്തി. പിറ്റേ വർഷം കോളേജിൽ ചേരുകയും, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടു  കോളേജു വിദ്യാഭ്യാസം 1884-ൽ പൂർത്തിയാക്കുകയും ചെയ്തു.


1884-ൽ  മെഡിസിൻ പഠിക്കാനായി സർക്കാർ ഒരു പരീക്ഷ നടത്തിയിരുന്നു. പത്തു പേരെ തെരഞ്ഞെടുത്ത കൂട്ടത്തിൽ പല്പുവിന് നാലാം സ്ഥാനമുണ്ടായിരുന്നെങ്കിലും ജാതിയിൽ  ഈഴവനായതു കൊണ്ട് അദ്ദേഹത്തിൻറെ മെഡിക്കൽ പ്രവേശനം സർക്കാർ  തടഞ്ഞു. എങ്കിലും മദ്രാസ് യൂണിവേഴ്റ്റിയിൽ അദ്ദേഹത്തിനു ബുദ്ധിമുട്ടു  കൂടാതെ മെഡിസിനു പ്രവേശനം കിട്ടി. മെഡിക്കൽ ഡിഗ്രി ലഭിച്ച ശേഷം  സ്വന്തം നാടായ തിരുവിതാംകൂറിൽ സർക്കാർ ജോലിക്കായി ശ്രമിച്ചെങ്കിലും അന്നും അദ്ദേഹത്തിൻറെ അപേക്ഷ പരിഗണിക്കാതെ ജാതിയുടെ പേരിൽ തള്ളി കളയുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസത്തിനായി മദ്രാസ്സിൽ പോയതുപോലെ തന്നെ ജോലിയ്ക്കായി മൈസൂറിൽ പോവുകയും അവിടെ സർക്കാർ ജോലി ലഭിക്കുകയും ചെയ്തു. കഴിവിന്റെ മാനദണ്ഡത്തിൽ  ലഭിച്ച ഈ ജോലിയിൽ മാസം നൂറു രൂപാ ലഭിക്കുമായിരുന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. അന്ന് ഡോക്ടർമാർക്ക്  തിരുവിതാംകൂറിൽ കൊടുത്തിരുന്ന ശമ്പളം അഞ്ചു രൂപയായിരുന്നു. സ്വന്തം സമുദായത്തിലെ സേവനം കൂടാതെ അദ്ദേഹം മറ്റു പിന്നോക്ക സമൂഹങ്ങൾക്കും വേണ്ടിയും പ്രയത്നിച്ചിരുന്നു.


സമൂഹത്തിൽ ദരിദ്രരായവരെയും പീഡനം അനുഭവിക്കുന്നവരെയും  ജാതി മത ഭേദമില്ലാതെ അദ്ദേഹം സഹായിച്ചിരുന്നു. മൈസൂറിലെ കടത്തിണ്ണകളിൽ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന പാവങ്ങൾക്ക് തന്റെ ആദ്യത്തെ ശമ്പളം ഉപയോഗിച്ചുകൊണ്ട്  അവർക്ക് പുതയ്ക്കാൻ കമ്പളികൾ മേടിച്ചു കൊടുത്തു. മൈസൂറിൽ  താമസിക്കുന്ന കാലങ്ങളിൽ പൗരാവകാശത്തിനായി മുറവിളി കൂട്ടുവാൻ സംഘടനകളും സ്ഥാപിച്ചിരുന്നു. ഈഴവരുടെ പരിതാപ സ്ഥിതികളെയും ദുരിതങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മൈസൂറിലായിരിക്കേ ഇംഗ്ലീഷിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സ്വന്തം ചിലവുകളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. സാമൂഹിക വ്യവസ്ഥയെ വിലയിരുത്തുന്ന അദ്ദേഹത്തിൻറെ കൃതികൾ എല്ലാം തന്നെ ഗവേഷകരായ ചരിത്രകുതുകികൾക്ക് എന്നും   സഹായകമായിരിക്കും.


1896-ൽ ബാംഗ്ലൂർ നഗരത്തെ ഞെട്ടിക്കുന്ന വിധം പ്ലേഗ് ബാധയുണ്ടായപ്പോൾ സ്വന്തം ജീവിതം അപകടത്തിലായിട്ടും ഡോക്ടർ പൽപ്പു പ്ലേഗ് ബാധിത പ്രദേശങ്ങളിൽ രാത്രിയും പകലും ഒരു പോലെ രോഗികളെ രക്ഷിക്കാനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു. വസന്ത വന്നു ബാംഗളൂരിൽ പതിനയ്യായിരം ജനം മരിച്ച നാളുകളിൽ   അവരുടെയിടയിൽ പ്രവർത്തിക്കുകയും  ആയിരക്കണക്കിനു ജനത്തിന്റെ  ജീവൻ രക്ഷിക്കുകയും ചെയ്തു.അന്ന് ശ്മശാനങ്ങളിൽപ്പോലും രോഗികൾക്ക് വാക്സിനേഷൻ നല്കാൻ പണിയെടുക്കണമായിരുന്നു. അക്കാലത്തെ വസന്തയെന്ന മാരക രോഗം കൂടുതൽ പ്രദേശങ്ങളിലേയ്ക്കു പടരാതെ നിയന്ത്രിക്കാൻ പല്പ്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പല്പ്പുവിന്റെ പ്രവർത്തനങ്ങളെ  ഇന്ത്യാ സർക്കാരിലെ സർജന്റ് ജനറൽ നേരിട്ടു വന്നു വിലയിരുത്തുകയും പ്രശംസകൾ നല്കുകയുമുണ്ടായി. അദ്ദേഹത്തിൻറെ സേവനങ്ങളെ മാനിച്ച് കൂടുതൽ പ്രായോഗിക പരിശീലനം നേടാൻ ഇംഗ്ലണ്ടിൽ അവസരങ്ങൾ നല്കാനും ശുപാർശ ചെയ്തു.  ഇംഗ്ലണ്ടിലെ റോയൽ  ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നര വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം പാരീസ്, ജർമ്മനി , ജനീവാ, റോം, മുതലായ യൂറോപ്പ്യൻ രാജ്യങ്ങളിലും അദ്ദേഹം പഠിച്ചു. ലണ്ടനിൽനിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വൈദ്യ ശാസ്ത്രത്തിൽ ഡിപ്ലോമാകളും നേടി.  ഇന്ത്യയിൽ വിഖ്യാതനായ ഈ ഡോക്ടർക്ക്‌  വിദേശ രാജ്യങ്ങളിൽ സാമ്പത്തിക മെച്ചങ്ങൾ ലഭിക്കുന്ന ജോലികൾ  ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ അദ്ദേഹം ഇന്ത്യയിൽ തന്നെ മടങ്ങിവന്നു സമൂഹ നന്മക്കായി പ്രവർത്തിക്കുകയാണുണ്ടായത്.


താമസിയാതെ അന്തരാഷ്ട്ര നിലവാരമുള്ള വാക്സിൻ നിർമ്മിക്കാൻ പല്പ്പുവിനെ ചുമതലപ്പെടുത്തി. എന്നാൽ  കുത്സിത ബുദ്ധികളായ ചിലരുടെ പ്രേരണ മൂലം അദ്ദേഹത്തെ   ആ ചുമതലകളിൽ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന്  ആ അവസരം നഷ്ടപ്പെടുകയും ജോലിയിൽ തരം  താഴ്ത്തുകയും ചെയ്തു. അവർ മറ്റു രീതിയിൽ വാക്സിൻ ഉണ്ടാക്കുകയും ജനങ്ങളുടെ പരാതി മൂലം  വീണ്ടും അദ്ദേഹത്തെ  വിളിക്കുകയും പുതിയതായ  രീതിയിൽ വാക്സിനുണ്ടാക്കാനുള്ള  ഗവേഷണങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. അതിൽ  കാര്യക്ഷമതയോടെ പ്രവർത്തിച്ച് വിജയിയാകുകയും ചെയ്തു.  വീണ്ടും മേലുദ്യോഗസ്ഥർ അദ്ദേഹത്തെ പ്ലേഗ് ബാധയുടെ ചുമതലയേല്പ്പിച്ചു. അക്കാലയളവിൽ കുഷ്ഠ രോഗാശുപത്രി, ഭ്രാന്താശുപത്രി എന്നിവകളുടെ ചുമതലകളുമുണ്ടായിരുന്നു.


ഡോ പല്പു‌ 28 വയസ്സുള്ളപ്പോൾ  കുട്ടിയപ്പിയുടെയും കാളി കൊച്ചപ്പിയുടെയും മകളായിരുന്ന പി.കെ. ഭാഗവതിയമ്മയെ  1891 സെപ്റ്റംബർ 13-നു കല്യാണം കഴിച്ചിരുന്നു. അവർ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണൻ വൈദ്യന്റെ സഹോദരിയായിരുന്നു.  രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ഈ  ദമ്പതികൾക്കുണ്ടായി. ഗഗാധരൻ, ദാക്ഷ്യാമണി, നടരാജ ഗുരു, ഹരിഹരൻ, ആനന്ദവല്ലി എന്നിവർ മക്കളായിരുന്നു.


സ്വന്തം സമുദായത്തിലെ അംഗങ്ങൾക്ക് പൊതു സമൂഹത്തോടൊപ്പം സമത്വം കൈവരിക്കണമെന്ന  ചിന്തകളോടെ  അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. 1903-ൽ എസ് എൻ ഡി പി സ്ഥാപിക്കാൻ തുടക്കമിട്ടത് അദ്ദേഹമാണ്.  ഏതെങ്കിലും ധർമ്മിഷ്ടനായ ഗുരുവിനെ കണ്ടുമുട്ടി അദ്ധ്യാത്മികതയുടെ  പാതയിൽക്കൂടി സ്വന്തം സമുദായത്തിനു വേണ്ടി പ്രവർത്തിക്കാൻ സ്വാമി വിവേകാനന്ദൻ പല്പുവിന് മാർഗനിർദേശം നല്കിയിരുന്നു. ഭാരതത്തിൽ സമൂഹ വിജയത്തിനായും കാര്യക്ഷമമായ സംഘടനാ പ്രവർത്തനങ്ങൾക്കും അദ്ധ്യാത്മികത  ആവശ്യമെന്നു  വിവേകാനന്ദൻ ഉപദേശിച്ചു. കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിനായി  എസ്‌ എൻ ഡി പി  ഒരു ദീപസ്‌തംഭംപോലെ കാലത്തിന്റെ പോക്കിൽ  വഴിത്തിരിവാകുകയും ചെയ്തു.


കേരളത്തിലെ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ചരിത്രത്തിൽ അവകാശങ്ങൾക്കായുള്ള ഈഴവ സമരങ്ങളും  അവർക്ക് അർഹമായ ജോലികളിൽ തുല്യതയ്ക്കായുള്ള  സർക്കാരിൽ സമർപ്പിച്ച നിവേദനങ്ങളും പ്രാധാന്യം അർഹിക്കുന്നു. ഭ്രാന്തൻ സാമൂഹിക വ്യവസ്ഥയായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. 1891-ൽ ഡോക്ടർ പല്പ്പുവിന്റെ നേതൃത്വത്തിൽ അന്നത്തെ ദിവാനെതിരായി മഹാരാജാവിന്‌ ആയിരക്കണക്കിന് ജനം ഒപ്പിട്ട ഒരു നിവേദനം കൊടുത്തു. തിരുവിതാംകൂറിലെ ദിവാനായി പുറത്തുനിന്ന് ഒരാളെ നിയമിക്കുന്നതിലും നിവേദനത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഭൂരിഭാഗം സർക്കാർ ജോലികളും ദിവാൻ ഭരണകൂടം സ്വന്തക്കാർക്ക് കൊടുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഈഴവരുടെ ദയനീയ അവസ്ഥ ചൂണ്ടി കാണിച്ചുകൊണ്ട് താണ ജോലികൾ പോലും അവർക്ക് നൽകാറില്ലെന്നും നിവേദനത്തിൽ കുറിച്ചുട്ടുണ്ടായിരുന്നു. ജോലികൾ മുഴുവൻ ഉന്നത ജാതികൾക്കു നല്കുന്ന സാമൂഹിക വ്യവസ്ഥിതിയും വിവേചനവും  മാറ്റണമെന്നും ആവശ്യപ്പെട്ടു.1891-ൽ മലയാളം മെമ്മോറിയൽ എന്ന പേരിൽ ഒരു ഭീമ ഹർജി തയാറാക്കി മഹാരാജാവായ ശ്രീമൂലം തിരുന്നാളിന് സമർപ്പിച്ചു. പിന്നോക്കം നില്ക്കുന്ന സമുദായങ്ങളുടെ പ്രശ്നങ്ങൾ ഉള്ക്കൊണ്ട ആ മെമ്മോറാണ്ടം രാജാവിന്റെ ശ്രദ്ധയിൽ പ്പെടുകയും ചെയ്തു.


1891-ഏപ്രിൽ രണ്ടാം തിയതി  സർക്കാരിൽ നിന്നും പൽപ്പുവിന്റെ നേതൃത്വത്തിലയച്ച മെമ്മോറാണ്ടത്തിനു മറുപടി കിട്ടി.   'ഈഴവർ വിദ്യാഭ്യാസമില്ലാത്തവരെന്നും  വിദ്യ അഭ്യസിക്കുന്നതിനു പകരം അവരുടെ തൊഴിലുകളായ കൃഷിയിലും കയറുണ്ടാക്കലും  കള്ളിനായി തെങ്ങും പനകളും ചെത്തുന്ന തൊഴിലുകൾ തുടരാനും സർക്കാർ അയച്ച മറുപടിയിലുണ്ടായിരുന്നു. സർക്കാരിന്റെ അവഗണനയിൽ  പൽപ്പു നിരാശനായിരുന്നു. മനുഷ്യത്വപരമല്ലാത്ത മറുപടിയിൽ ഡോ പൽപ്പുവിനു സർക്കാരിനോട് പുച്ഛമാണുണ്ടായത്‌. സർക്കാരിന്റെ പ്രകോപനപരമായ മറുപടിയിൽ  പല്പ്പുവിനെ കുപിതനാക്കുകയും ചെയ്തു. ഔദ്യോഗികമായ ആ കത്ത് ഈഴവ സമുദായത്തെ മുഴുവൻ അവഹേളിക്കും വിധമെന്നു പൽപ്പു ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു. അതിനു ശേഷം അദ്ദേഹം സ്വന്തം നാട്ടിൽ  ഇടയ്ക്കിടെ സന്ദർശിക്കുകയും പിന്നോക്ക വിഭാഗങ്ങളായ ഈഴവരെ സംഘടിപ്പിച്ച് രാജാവിനെതിരെ പ്രതിഷേധങ്ങളുയർത്തുകയും ചെയ്തിരുന്നു. സംഘിടത ശക്തിയുടെ ആവശ്യകതയും അദ്ദേഹം മനസിലാക്കി. അതിനായി, സർക്കാരിന്റെ വിവേചനങ്ങൾക്കെതിരെ  ഈഴവ സംഘടനകളും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.


അധികാര വർഗങ്ങളുടെ സഹായത്തോടെ അനന്തപുരിയിലും തിരുവിതാംകൂറിന്റെ ഇതരഭാഗങ്ങളിലും മലബാറിലും കൊച്ചിയിലും ഈഴവരെ പീഡിപ്പിക്കുന്ന സംഭവ പരമ്പരകൾ ഡോ പൽപ്പുവിനെ വേദനിപ്പിച്ചിരുന്നു. ഈഴവർ ഒറ്റക്കെട്ടായി  അനീതിയ്ക്കെതിരെ പോരാടണമെന്നുള്ള  അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വികാരങ്ങളും   ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.  അതിനായി 'വിശാല ഈഴവ സംഘടന' യെന്ന പേരിൽ ഒരു സംഘടനയുമുണ്ടാക്കി.  തിരുവനന്തപുരത്തു കൂടിയ ആദ്യ സമ്മേളനത്തിൽ മുന്നൂറിൽപ്പരം ജനം അന്ന് പങ്കെടുത്തിരുന്നു. 1900-ത്തിൽ ലോർഡ്‌ കർസൻ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ പതിനായിരക്കണക്കിനു ഒപ്പുകൾ ശേഖരിച്ചുകൊണ്ട് ഒരു ഭീമ ഹരജി സർക്കാരിനു  സമർപ്പിക്കാൻ  ഈ സമ്മേളനത്തിനു  സാധിച്ചു.  ഈഴവരായി ജനിച്ചതുകൊണ്ടു തനിക്കും തന്റെ സ്വന്തം കുടുംബത്തിനുമുണ്ടായ കഷ്ടപ്പാടുകളെ സംബന്ധിച്ചും ഹർജിയിൽ വിവരിച്ചിട്ടുണ്ടായിരുന്നു. ഈ ഹർജിയെ' ഈഴവ മെമ്മോറിയൽ' എന്നറിയപ്പെടുന്നു. ആ നിവേദനം ഈഴവ ചരിത്രത്തെ മാറ്റിയെഴുതുന്ന ഒരു നാഴികക്കല്ലായിരുന്നു.


തിരുവിതാംകൂർ സർക്കാരിന്റെ ഈഴവർക്കെതിരെയുള്ള സാമൂഹിക അനീതിയ്ക്കെതിരെ പൽപ്പു ബ്രിട്ടീഷ് പാർല മെന്റെനെയും സ്വാധീനിക്കാൻ ശ്രമിച്ചു.  അദ്ദേഹത്തിൻറെ സ്വാധീനത്തിനു പുറമേ  പ്രസിദ്ധരായ ബാരിസ്റ്റർ ജീ.പി. പിള്ള, സ്വാമി വിവേകാനന്ദന്റെ  ശിക്ഷ്യ  സിസ്റ്റർ നിവിദിത്ത, എന്നിവരുടെ സഹകരണവും ലഭിച്ചിരുന്നു. ഇംഗ്ലണ്ടിൽ നിവേദനവുമായി പോകാനുള്ള ചെലവുകൾ കൂടുതലും വഹിച്ചിരുന്നത് പൽപ്പുവായിരുന്നു. അദ്ദേഹം  ഇംഗ്ലണ്ടിൽ  ഉപരി പഠനത്തിനു പോയപ്പോൾ ബ്രിട്ടീഷ് പാർലമെന്റ് അംഗം ദാദാബായി നവറോജിയെ കണ്ടുമുട്ടുകയും ഈഴവരുടെ പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു. പൽപ്പുവിന്റെ ശ്രമഫലങ്ങൾ ഫലവത്താകുകയും ഈഴവരുടെ സ്ഥിതിവിവരങ്ങളറിയാൻ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു.


സ്വാമി വിവേകാനന്ദൻ, സരോജനീ നായിഡു എന്നിവരെപ്പോലുള്ള ദേശീയ നേതാക്കളുമായി ഡോക്ടർ പല്പ്പുവിനു സൗഹാർദ ബന്ധങ്ങളുണ്ടായിരുന്നു. വർഗീയ വാദിയെന്ന്  ചിലർ പല്പ്പുവിനെ മുദ്ര കുത്തിയപ്പോൾ 'മഹാനായ വിപ്ലവകാരി'യെന്നു സരോജനി നായിഡു അദ്ദേഹത്തെ വിശേഷിപ്പിച്ചു. വിവേകാനന്ദൻ മൈസൂറിൽ സന്ദർശിക്കുന്ന   വേളകളിലെല്ലാം  പല്പ്പുവും വിവേകാനന്ദനും തമ്മിൽ  ഒന്നിച്ചു യാത്രകൾ ചെയ്യുകയും ആത്മീയമായ ബന്ധങ്ങൾ ഇരുവരും സുസ്ഥിരമാക്കുകയും ചെയ്തിരുന്നു.


ഡോക്ടർ പല്പു ജോലിയിൽ നിന്നു  വിരമിച്ച ശേഷം 'മലബാർ സാമ്പത്തിക യൂണിയൻ' എന്നൊരു വ്യവസായ സ്ഥാപനം തുടങ്ങി. അതിലെ ആദായം പൊതു ജനങ്ങളുടെ ക്ഷേമത്തിനായും ഉപയോഗിച്ചു. കേരളത്തിലാണെങ്കിലും പിന്നോക്ക സമുദായക്കാർക്കു വേണ്ടി അദ്ദേഹം  സാമൂഹിക സേവനങ്ങളിൽ ഏർപ്പെട്ടിരുന്നു.  ഈഴവരുടെ ദുരവസ്തകളെ സംബന്ധിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ  ലേഖനങ്ങളെഴുതിയിരുന്നു.  രചിച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് സ്വന്തം ചെലവിലായിരുന്നു.  തീയരോടുള്ള അവഗണനകൾ, തിരുവിതാം കൂർ  സർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടങ്ങൾ, പത്രങ്ങളിൽ വന്ന സാമൂഹിക കുറിപ്പുകൾ മുതലായ ലേഖന സമാഹാരങ്ങൾ പുസ്തകരൂപത്തിലുമുണ്ട്.  കേരളത്തിലെ ഈഴവരുടെ സാമൂഹിക പശ്ചാത്തലങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ അദ്ദേഹം ഇംഗ്ലീഷിലുളള മാസികകളിലും ദിനപത്രങ്ങളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ലേഖനങ്ങൾ സമാഹരിച്ച് 'കേരളത്തിലെ തീയരോടുള്ള പെരുമാറ്റം' എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. സി കേശവന്റെ രാഷ്ട്രീയ ചിന്തകളിൽ അദ്ദേഹത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.  പുറത്തുനിന്നു വരുന്ന ദിവാന്മാർ അവരുടെ നാട്ടുകാർക്ക് ഉയർന്ന ജോലികളിൽ മുൻഗണന നല്കുന്നതിലും ഈഴവരെ ജാതിയുടെ പേരിൽ സർക്കാർ ജോലികളിൽ അകറ്റി നിർത്തുന്നതിലും പൽപ്പു പ്രതിഷേധിച്ചിരുന്നു. ബ്രിട്ടീഷ് പാർലമെന്റ്  അംഗമായിരുന്ന ദാദാബായി നവറോജി ദളിതരുടെ പ്രശ്നങ്ങൾ അവിടെ പാർലിമെന്റിൽ അവതരിപ്പിച്ചതും പല്പ്പുവിന്റെ ശ്രമഫലങ്ങൾ കൊണ്ടായിരുന്നു.


സാമൂഹിക വ്യവസ്ഥകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊപ്പം ആദ്ധ്യാത്മിക ചിന്തകളിലേയ്ക്കും  ഡോ പൽപ്പു സമയം കണ്ടെത്തിയിരുന്നു. വേദങ്ങളിലും സത്യത്തിന്റെ വഴിയായ ധർമ്മത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. പരമമായ സത്യം, നിസ്വാർത്ഥമായ സ്നേഹം, മറ്റുള്ളവർക്കുവേണ്ടിയുള്ള  ആത്മാർത്ഥമായ  സേവനം  എന്നിവകൾ പൽപ്പുവിന്റെ ജീവിത ദർശനങ്ങളായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ വലം കൈയായി  ജീവകാരുണ്യ പ്രവർത്തനങ്ങളിൽക്കൂടി  അദ്ദേഹവും കർമ്മ നിരതനായി പ്രവർത്തിച്ചു.  മിഥ്യാചാരങ്ങളെയും കപട വിശ്വാസങ്ങളെയും സാമൂഹിക ദ്രോഹങ്ങളെയും പുരോഹിത കുടിലിതകളെയും എതിർക്കുകയെന്നതു സ്വന്തം ധർമ്മമായി അദ്ദേഹം കരുതിയിരുന്നു. നാരായണ ഗുരുവിന്റെ തത്ത്വജ്ഞാനപരമായ സന്ദേശങ്ങളായിരുന്നു അദ്ദേഹം ഹൃദയത്തിൽ ഉള്ക്കൊണ്ടിരുന്നത്. "ധർമ്മത്തിൽ ഒരു ജാതി മാത്രമേയുള്ളൂ, ഒരു മതവും ആ മതത്തിൽ ഒരു ദൈവവും. ആ ധർമ്മമാണ് നമ്മുടെ ദൈവവും സത്യവും.   മനുഷ്യരെല്ലാം ധർമ്മാനുവർത്തിയായി നിയമങ്ങൾ പാലിക്കേണ്ടതും  ഒരേ ദൈവത്തിൽ മാത്രം."


ധർമ്മം നിലനിർത്താൻ പൽപ്പു എന്തു സഹനങ്ങൾക്കും തയ്യാറായിരുന്നു. ധർമ്മത്തിനായി, കർമ്മ നിരതനായി പ്രവർത്തിക്കാൻ  സ്വന്തം കുട്ടികളുടെ ഭാവി പോലും ചിന്തിച്ചിരുന്നില്ല. ആദർശങ്ങൾ പ്രസംഗിക്കുന്നതിനൊപ്പം സ്വന്തം ജീവിതവും മറ്റുള്ളവർക്ക്  മാതൃകയായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന എല്ലാ സ്വത്തുക്കളും കുട്ടികളുടെയും ഭാര്യയുടെയും സ്വത്തുക്കളും സമൂഹത്തിനായി അവരുടെ പുരോഗതിക്കായി കൊടുത്തു. അദ്ദേഹം പറഞ്ഞതിങ്ങനെ, "നാം എല്ലാം പൊതു സേവകരാണ്. സമൂഹത്തിന്റെ നന്മക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കണം. അതിനായി സമൂഹത്തിന്റെ കെട്ടുറപ്പും  സാമ്പത്തിക സുസ്ഥിരതയും  നേടണം. പാവങ്ങൾക്കായി ഒരു പൊതു ഫണ്ടും രൂപീകരിക്കണം. ഞാൻ അതുകൊണ്ട് എനിക്കുള്ള സ്വത്തുക്കൾ മുഴുവനും ഭാവി വരുമാനവും എന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും  സ്വത്തുക്കളും സമൂഹത്തിനു മൊത്തമായി നല്കുന്നു."


ഭാരതം റിപ്പബ്ലിക്കാകുന്നതിനു ഒരു ദിവസം മുമ്പ് 1950 ജനുവരി ഇരുപത്തിയഞ്ചാം തിയതി പൽപ്പു മരിച്ചു. അന്ന് രാഷ്ട്രത്തിനു മഹാനായ ഒരു നേതാവിനെ, ജീവകാരുണ്യ പ്രവർത്തകനെ  നഷ്ടപ്പെട്ടതിൽ മനുഷ്യ സ്നേഹികളായ എല്ലാവരും ഒന്നുപോലെ വിലപിച്ചു. വിപ്ലവകാരിയായ ആ മഹാന്റെ സ്വാധീനത്തിലാണ് പില്ക്കാലത്ത് കുമാരൻ ആശാൻ, ടീ.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ എന്നിവർ ഈഴവരുടെ സാമൂഹിക പരിഷ്ക്കർത്താക്കളായി രംഗത്ത് വന്നത്. കുമാരനാശാനെ ചിന്നസ്വാമിയെന്നു പൽപ്പു വിളിച്ചിരുന്നു. പെരിയ സ്വാമി നാരായണ ഗുരുവും.  ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കാനായി ശ്രീ നാരായണ ഗുരുകുലം സ്ഥാപിച്ച സ്വാമി ഡോക്ടർ നടരാജ ഗുരു  ഡോക്ടർ പല്പ്പുവിന്റെ മകനായിരുന്നു. (തുടരും )
------------------------------------------------------

Narayana Guru, Dr. Palpu



Nadaraja Guru (Palpu's Son)
kumaran Asan, N.Guru, Palpu

Palpu's Home

Kumaran Asan

Palpu's Wife


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...