Tuesday, April 12, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-8)



അധസ്ഥിതരുടെ രാജാവായ അയ്യങ്കാളിയുടെ അറിയപ്പെടാത്ത ചരിത്രം

By ജോസഫ് പടന്നമാക്കൽ

1850 നു മുമ്പ് കേരള ജനത ചലനാത്മകമായ ഒരു ജീവിതമായിരുന്നില്ല നയിച്ചിരുന്നത്. ഒരു പ്രദേശത്തു മാത്രം ജീവിച്ച് അവിടുത്തെ ദേവി ദേവന്മാരുടെ ഇതിഹാസകഥകളും കേട്ട്  മറ്റുള്ള പ്രദേശങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ  ജീവിക്കുന്ന ഒരു ജനതയായിരുന്നു അന്നുണ്ടായിരുന്നത്‌. ഭൂരിഭാഗം ജനങ്ങളും മേലാളർ, കീഴാളർ എന്നുള്ള സാമൂഹിക വ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്നു.  അടിയാളന്മാരും കീഴാളന്മാരുമെന്ന ജാതികൾക്കു കീഴ്പ്പെടുത്തിയ വ്യവസ്ഥയിൽ അവരുടെ മേൽ മേലാളരായവർ കാട്ടാള ചിന്തകളും പുലർത്തിയിരുന്നു. കൊളോണിയൽ ശക്തികൾ വന്നതിൽപിന്നീടാണ് കേരളം ചലിക്കുന്ന ജനങ്ങളടങ്ങിയ ഒരു ലോകമായത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ചരിത്രം എടുക്കുകയാണെങ്കിൽ നവോധ്വാനം  ആരംഭിച്ചത് ഉയർന്ന  ക്ലാസുകളിൽ നിന്നുമെന്നു കാണാം. ആര്യ സമാജവും ബ്രഹ്മ സമാജവും ആരംഭിച്ചത് മേലാളർ ജാതികളിൽ നിന്നുമായിരുന്നു. എന്നാൽ കേരളത്തെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു ചരിത്രമാണുള്ളത്. ഇവിടെ നവോദ്ധ്വാന  ചരിത്രം ആരംഭിച്ചത് കീഴ്ജാതിക്കാരിൽ നിന്നുമായിരുന്നുവെന്നതാണ് ഒരു പ്രത്യേകത. സാമൂഹിക പരിഷ്കർത്താക്കളായ അയ്യങ്കാളിയും ഡോ പല്പ്പുവും ശ്രീ നാരായണ ഗുരുവും കീഴ് ജാതിക്കാരായിരുന്നു. അതിന്റെ പ്രത്യാഘാതമായിരുന്നു വൈക്കം സത്യാഗ്രഹം. ഗാന്ധിജി വരെ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. എന്നാൽ ഗാന്ധിജിയുടെ നാട്ടിൽപ്പോലും  അവർണ്ണർക്ക്   അമ്പല പ്രവേശനം വേണമെന്നുള്ള ആവശ്യമായി ഒരു സത്യാഗ്രഹം നടന്നില്ല. ഇന്ത്യയിൽ അധകൃതർക്കും അമ്പലപ്രവേശനം നൽകണമെന്നുള്ള  മുദ്രാവാക്യം ആദ്യം മുഴക്കിയതും കേരളം മാത്രം.  പത്തൊമ്പതാം നൂറ്റാണ്ടിൽ സമത്വ സുന്ദരമായ ഒരു നാളെയ്ക്കു വേണ്ടി കേരള ജനത പോരാടിയെന്നുള്ള  സത്യം വൈക്കം സത്യാഗ്രഹത്തിന്റെ  പ്രാധാന്യത്തെ കുറിക്കുന്നു. അത് അയ്യങ്കാളി തുടങ്ങി വെച്ച ജനാധിപത്യ പ്രക്രീയയുടെ അടിസ്ഥാന തത്ത്വവുമായിരുന്നു.


മണി കെട്ടിയ രണ്ടു കാളകൾ  വലിച്ച വില്ലുവണ്ടിയിൽ അയ്യങ്കാളി   സവർണ്ണർക്കു  മാത്രം സഞ്ചരിക്കാവുന്ന  വെങ്ങാന്നൂർ കവലയിൽക്കൂടി യാത്ര ചെയ്തു. അവർണ്ണ ജാതികൾക്കു  അക്കാലങ്ങളിൽ ആ വഴികൾ ഐത്യം കല്പ്പിച്ചിരുന്നു.  വൈക്കം ക്ഷേത്ര പ്രവേശനത്തിനു ശേഷം 1937 ജനവരി 14ന് മഹാത്മാ ഗാന്ധി  വെങ്ങാനൂരിൽ വന്നു അയ്യങ്കാളിയെ സന്ദർശിച്ചിരുന്നു. തന്റെ സമുദായത്തിൽ നിന്നും പത്തു ബി എ ക്കാരെ കാണുകയെന്നത് തന്റെ സ്വപ്നമെന്നും  അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞു. മാറ്റുവിൻ ചട്ടങ്ങൾ പ്രായോഗികമാവണമെങ്കിൽ, അടിമയെന്ന മനസ്ഥിതി ദളിതരിൽ കത്തിയെരിയണമെങ്കിൽ വിദ്യ നേടീയെ തീരൂവെന്ന് അയ്യങ്കാളി ചിന്തിച്ചിരിക്കണം.  അന്ന് പ്രസംഗ മണ്ഡപത്തിൽ നിന്നുകൊണ്ട് ഗാന്ധിജി അയ്യങ്കാളിയെ സംബോധന ചെയ്തത് അധസ്ഥിതരുടെ രാജാവെന്നായിരുന്നു. അയ്യങ്കാളിയിൽ നിന്നും ആവേശഭരിതരായ  പുലയ സ്ത്രീകൾ അവരുടെ കഴുത്തിലുള്ള കല്ലുമാല വലിച്ചു ദൂരെ എറിഞ്ഞു. കല്ലുമാല ബ്രാഹ്മണർക്ക് പുലയ സ്ത്രീകളെ തിരിച്ചറിയാനുള്ള  ഒരു അടയാളമായിരുന്നു.


അയ്യങ്കാളിയെ സംബന്ധിച്ച് ഏറ്റവും പ്രധാന സംഭവം വില്ലുവണ്ടി സമരമാണ്. പൊതുവഴികൾ നിർമ്മിക്കുന്നത് എല്ലാ പൌരന്മാരും നികുതി കൊടുക്കുന്ന പണത്തിൽ നിന്നുമാണ്. രാജ വീഥികളെന്നു പറഞ്ഞാൽ രാജാവിന്റെ വഴികളെന്നല്ല പൊതുവഴികളെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്‌. അതുകൊണ്ട് രാജ്യത്തിലെ പ്രജയെന്ന നിലയിൽ രാജവീഥികളിൽ തനിയ്ക്ക് സഞ്ചരിക്കാൻ അവകാശമുണ്ടെന്നു  അയ്യങ്കാളി പ്രഖ്യാപിച്ചു. അത് സമൂഹത്തിനായുള്ള ഒരു ജനാധിപത്യ മുന്നേറ്റം കൂടിയായിരുന്നു. അന്ന് തിരുവിതാംകൂർ രാജാക്കന്മാർ ശ്രീ പത്മനാഭ  ദാസരായി കരുതിയിരുന്നു. ദൈവപൂജയും ബ്രാഹ്മണരെ ഊട്ടുകയുമല്ലാതെ  രാജാക്കന്മാർ പ്രജകളുടെ ക്ഷേമത്തിനായി കാര്യമായി ഒന്നുംതന്നെ ചെയ്തിരുന്നില്ല. നികുതി കൊടുക്കുന്ന പണം ഖജനാവ് സൂക്ഷിപ്പുകാരും കൊട്ടാരം സിൽബന്ധികളും ധൂർത്തടിച്ചിരുന്നു. സർവ്വതും ബ്രാഹ്മണ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്ന മനസ്ഥിതിയായിരുന്നു രാജാക്കന്മാർക്കുണ്ടായിരുന്നത്. ഊട്ടുപുരകളിൽ  ബ്രാഹ്മണർക്ക് രാജാവിന്റെ വക സൗജന്യ ഭക്ഷണവും നല്കിയിരുന്നു. പ്രധാന ജോലികൾ തമിഴ്നാട്ടിലുള്ള ബ്രാഹ്മണർക്കും  അയ്യന്മാർക്കും നല്കിയിരുന്നു. ജാതീയമായ നടപ്പുകൾ അംഗീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുകയെന്നതായിരുന്നു അന്നുള്ള രാജാക്കന്മാരുടെ ധർമ്മവും . പ്രജകൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തകൾ പോലും രാജാക്കന്മാർക്കുണ്ടായിരുന്നില്ല. 1850 നു മുമ്പ് പ്രജകളുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്ത ചരിത്രവുമില്ലായിരുന്നു.  അന്ന് ഗ്രാമങ്ങളിൽ സമൂഹമായി ജീവിച്ചിരുന്നത് ജാതി വ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലായിരുന്നു . ഒരു പുലയെനെന്തു ചെയ്യണം ഒരു ബ്രാഹ്മണൻ എന്ത്  ചെയ്യണമെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിനകത്തു പ്രത്യേകിച്ചൊന്നും  സംഭവിക്കാതെ കാലം നിശ്ചലമായി തുടർന്നു.   മാറ്റങ്ങൾക്കായി ചോദ്യം ചെയ്യാനുള്ള മനതന്റെടവും അന്നത്തെ ജനതയ്ക്കുണ്ടായിരുന്നില്ല.


പത്തൊമ്പതാം നൂറ്റാണ്ടിലെ   വഞ്ചീഭൂമിയിൽ പുലയ ജാതിയിൽ പിറന്ന അയ്യങ്കാളി അധകൃതർക്കു വേണ്ടി പോരാടിയ ഒരു സാമൂഹിക പ്രവർത്തകനും ചരിത്രം കുറിച്ച  മഹാനുമായിരുന്നു. ആരെയും കൂസ്സാക്കാഞ്ഞ  ധീരനായ ഒരു നേതാവുമായിരുന്നു. രാജഭരണം നിലവിലിരുന്ന തിരുവിതാംകൂറിൽ വെങ്ങാന്നൂർ എന്ന ഗ്രാമത്തിൽ 1863-ൽ ജനിച്ചു. തൊട്ടുകൂടാ ജാതിയിൽപ്പെട്ട എഴുമക്കളുള്ള പുലയകുടുംബത്തിലെ ഒരു അംഗമായി അദ്ദേഹം വളർന്നു. വർണ്ണാശ്രമ  പാലകർ പുലയ, പറയ ജാതികൾക്ക് തീണ്ടൽ കല്പ്പിച്ച കാരണം പൊതുവഴിയെ നടക്കാനുള്ള ഉപരോധമുള്ള കാലവുമായിരുന്നു.  പൊതുസ്ഥലങ്ങളിൽ അവരുടെ സ്ത്രീകളുടെ മാറുകൾ മറയ്ക്കുന്നതിനും വിലക്കു കല്പ്പിച്ചിരുന്നു. ഒരു ബാർബെറിയൻ സംസ്ക്കാരത്തിനുള്ളിൽ അടിമപ്പെട്ടു ജീവിച്ചിരുന്ന തൊട്ടുകൂടാ സമുദായത്തിൽ പിറന്ന അയ്യങ്കാളി വിപ്ലവ കൊടുംകൊടികളുയർത്തി അന്നത്തെ സാമൂഹിക തിന്മകളെ എതിർത്തിരുന്നു. അവർണ്ണരായവരുടെ കുഞ്ഞുങ്ങൾക്കും സ്കൂളിൽ പഠിക്കാൻ പാടില്ലായിരുന്നു. വിവേകാനന്ദന്റെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തിൽ  സാമൂഹിക പരിഷ്ക്കാരങ്ങൾക്കായി  പിന്നീട് അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും പ്രവർത്തനം  തുടങ്ങി.


കാര്യമായ വിദ്യാഭ്യാസമൊന്നും അയ്യങ്കാളി നേടിയിരുന്നില്ല. എങ്കിലും ഹൈന്ദവ വർണ്ണരായവരുടെ തിന്മകളെ, ദുരാചാരങ്ങളെ ചൂണ്ടികാണിച്ചുകൊണ്ട്‌ പൊരുതാനുള്ള ഉറച്ച  മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. വർണ്ണ ജാതികൾക്കു മാത്രം സഞ്ചരിക്കാൻ പാടുള്ള വെങ്ങാന്നൂരിലെ പൊതുവഴികളിൽക്കൂടി   അവിടെയുള്ള   ചന്തയിലേയ്ക്ക്  അയ്യങ്കാളി ആരെയും കൂസാക്കാതെ തന്റെ കാളവണ്ടി ഓടിച്ചുകൊണ്ടുപോയി. അതൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു.  അന്നു നിലവിലുണ്ടായിരുന്ന ആചാരങ്ങളെ വെല്ലുവിളിച്ച സാഹസികനായ അയ്യങ്കാളിയെ സവർണ്ണ ലോകം മൃഗീയമായി മർദ്ദിക്കുകയുമുണ്ടായി. എങ്കിലും അദ്ദേഹം തന്റെ ലക്ഷ്യപ്രാപ്തിക്കായി അടിപതറാതെ ധീരതയോടെ  സവർണ്ണ ജാതികളുടെ ദുഷ് കർമ്മങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ  തുടർന്നുകൊണ്ടിരുന്നു.  അവർണ്ണ ജാതികൾക്കെതിരെയുള്ള അടിമത്വം അവസാനിപ്പിക്കാനുള്ള  ധീരോദാത്തമായ മുന്നേറ്റത്തിൽ അദ്ദേഹത്തിനു പുലയരായ അനേകം അനുയായികളെയും ലഭിച്ചു. ഗ്രാമത്തിൽ അന്നുള്ള പുലയ യുവാക്കൾക്ക് വർണ്ണ വ്യവസ്ഥയ്ക്കെതിരായി പോരാടാനുള്ള ഉത്തേജനവും കൊടുക്കുമായിരുന്നു. മനുഷ്യാവകാശങ്ങൾക്കായി അയ്യങ്കാളിയിൽ നിന്നും പ്രചോദനം നേടി പുലയ ജാതികൾ നാടെങ്ങും സംഘടിച്ചുകൊണ്ടിരുന്നു. അയ്യങ്കാളിയുടെ നേതൃത്വം തെക്കൻ കേരളം മുഴുവൻ സവർണ്ണർക്കെതിരെ ഒരു കൊടുംകാറ്റു തന്നെ സൃഷ്ടിച്ചു. അദ്ദേഹം  തുടങ്ങിവെച്ച  ദളിതരുടെ ഈ നീക്കം വിജയകരമാവുകയും 1900 ത്തിൽ  ഒരു രാജ വിളംബരത്തിൽക്കൂടി ദളിതർക്ക് പൊതുവഴിയിൽ കൂടി സഞ്ചരിക്കാമെന്ന സ്ഥിതി വരുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാരിന്റെ ശക്തമായ പ്രേരണയും അതിനു പിമ്പിലുണ്ടായിരുന്നു.


ദളിത യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള അയ്യങ്കാളിയുടെ വിപ്ലവത്തിന്റെ മാറ്റൊലി നാടെങ്ങും മുഴങ്ങിയിരുന്നു. സ്കൂളിൽ പോയി കാര്യമായി പഠിക്കാൻ  അവസരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടില്ലായിരുന്നെങ്കിലും  ദളിത കുട്ടികൾക്കായി സ്വന്തമായി വെങ്ങാനൂരിൽ സ്കൂളും  ആരംഭിച്ചു.  ദളിതർ അജ്ഞതയെ മാറ്റി വിദ്യാ സമ്പന്നരാകണമെന്നും   നിഷ്ക്കർഷിച്ചിരുന്നു. ദൌർഭാഗ്യവശാൽ അദ്ദേഹത്തിൻറെ സ്കൂൾ  ഉയർന്ന ജാതിക്കാരുടെ ഒത്താശയോടെ സാമൂഹിക ദ്രോഹികൾ തീ വെച്ചു നശിപ്പിച്ചു.  പ്രതീക്ഷകൾ കൈവെടിയാതെ ദളിതരുടെ വിദ്യാഭ്യാസം മാത്രം ലക്ഷ്യമാക്കി പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ദളിതർക്കും അർഹമായ രീതിയിൽ സവർണ്ണർക്കൊപ്പം സ്കൂളുകളിൽ വിദ്യ നൽകണമെന്ന ആവശ്യവുമായി നാടു  മുഴുവൻ പ്രകടനങ്ങളും സംഘടിപ്പിച്ചു. ഒടുവിൽ വിജയം അദ്ദേഹം കണ്ടെത്തുകയും ചെയ്തു. 1907-ൽ ദളിത കുട്ടികളെയും സർക്കാർ വക സ്കൂളുകളിൽ പ്രവേശിപ്പിക്കണമെന്ന തിരുവിതാംകൂർ സർക്കാരിന്റെ  ഉത്തരവും ഉണ്ടായി.   വർണ്ണ വിവേചനം പുലർത്തിയിരുന്നവർ സർക്കാരിന്റെ തീരുമാനത്തെ ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. അതുമൂലം അയ്യങ്കാളിയുടെ അനുയായികളും സവർണ്ണരുമായി തെക്കൻ തിരുവിതാംകൂറിൽ  സംഘട്ടനങ്ങളും പൊട്ടി പുറപ്പെട്ടു.   മൂന്നു നീണ്ട വർഷങ്ങളിലെ കലഹത്തിനുശെഷം 1910-ൽ ദളിത കുട്ടികളെ പൊതു സ്കൂളിൽ പഠിപ്പിക്കാനുള്ള നിയമം ഔദ്യോഗികമായി പ്രാബല്യത്തിലാക്കി.


കേരളത്തിൽ തൊഴിലാളി സംഘടനകളും കമ്മ്യൂണിസവും വരുന്നതിനു മുമ്പ് അയ്യങ്കാളി തൊഴിലാളികളെ സംഘടിപ്പിച്ച്  അവരുടെ അവകാശങ്ങൾക്കായും പൊരുതുമായിരുന്നു. അദ്ദേഹം തൊട്ടുകൂടാ ജാതികളുടെ ശബ്ദമായും ഹൈന്ദവ സമൂഹത്തിന്റെ ദുരാചാരങ്ങളെ ദൂരികരിക്കാൻ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവായും അറിയപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ നേതൃ പാടവം മനസിലാക്കിയ രാജകീയ സർക്കാർ  1910-ൽ  ശ്രീമൂലം അസംബ്ലിയിലെ അംഗമായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. ശ്രീമൂലം അസംബ്ലിയിൽ ആഗതനാകുന്ന അദ്ദേഹത്തെ സവർണ്ണ ജാതികളിലുള്ളവർ പരിഹസിക്കുകയൂം നിന്ദിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും പഠിപ്പില്ലാത്ത അയ്യങ്കാളിയുടെ പ്രസംഗ പാടവത്തിൽ സവർണ്ണരെ വിസ്മയിപ്പിക്കുകയും അവരുടെ പരിഹാസ കേളികൾക്കു ശമനം വരുത്തുകയും ചെയ്തു.


അഭ്യുദായകാംഷികളുടെയും  അനുയായികളുടെയും പിന്തുണയോടെ ദളിതരെ സഹായിക്കാനായി, അവർക്ക് വിദ്യ നല്കാനായി അദ്ദേഹം 'സാധു ജന പരിപാലന സംഘം' എന്ന സംഘടന സ്ഥാപിച്ചു. നിയമപരമായ സഹായവും സാമ്പത്തിക പിന്തുണയും നേടുകയെന്നതും ഈ സംഘടനയുടെ ലക്ഷ്യമായിരുന്നു. അക്കാലത്ത് ശ്രീ നാരായണ ഗുരുവിന്റെ എസ് എൻ ഡി പി കഴിഞ്ഞാൽ കാര്യക്ഷമമായി നടക്കുന്ന  സംഘടന അയ്യങ്കാളിയുടെ എസ്.ജെ പി എസ് ആയിരുന്നു. അധകൃതരുടെ ക്ഷേമാന്വേഷണത്തിനായി അയ്യങ്കാളിയുടെ സംഘടന നാടെങ്ങും  ശാഖകളും തുടങ്ങി. ' വിദ്യയിലും സംഘടിതശക്തിയിലും മുന്നേറാനുള്ള ആശയസംഹിതകളുമായി സംഘടന പുരോഗമിച്ചുകൊണ്ടിരുന്നു.  ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിനുള്ളിൽ  ആയിരക്കണക്കിന് സംഘടനാ ശാഖകളുണ്ടായിരുന്നു. സവർണ്ണ ജാതികളും പിൽക്കാലങ്ങളിൽ  ദളിതരുടെ ക്ഷേമത്തിനായി  ഭൂമിയും അവരുടെ ഓഫീസുകൾ സ്ഥാപിക്കാനുള്ള സഹായവും നല്കിയിരുന്നു.


പുലയ ജാതികളുടെ പരിവർത്തന വിധേയമായ കാലഘട്ടത്തിൽ കേരളത്തിൽ അന്നുണ്ടായിരുന്ന മിഷ്യണറിമാർ  തൊട്ടുകൂടാ ജാതികളായ പുലയോരോടു ക്രിസ്ത്യാനികളായി മതം മാറരുതോയെന്ന്  ആവശ്യപ്പെട്ടു. വർണ്ണ വിവേചനത്തിൽ നിന്നും രക്ഷപെടാനുള്ള ഉപാധിയായും അവർ ചൂണ്ടി കാണിച്ചു. അയ്യങ്കാളിയുടെ ശ്രദ്ധയിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ എന്തുകൊണ്ട് സവർണ്ണരായ സുറിയാനി ക്രിസ്ത്യാനികൾ ബ്രാഹ്മണരെപ്പോലെ സങ്കുചിതമായി ദളിതരോട് വിവേചനപരമായി പെരുമാറുന്നതെന്ന് ചോദിച്ചു. ക്രിസ്ത്യാനികളായി മതം മാറിയാലും ദളിതരുടെ ജീവിതത്തിൽ യാതൊരു മാറ്റങ്ങളും സംഭവിക്കാൻ പോകുന്നില്ലെന്നും അയ്യങ്കാളി പറഞ്ഞു.  തെക്കേ ഇന്ത്യാക്കാരും വടക്കേ ഇന്ത്യാക്കാരും തമ്മിൽ അടി പിടി കൂടുന്നതിനുണ്ടാക്കിയ ബ്രിട്ടീഷുകാരുടെ ആര്യൻ ദ്രാവിഡ തത്ത്വങ്ങളെയും അദ്ദേഹം നിഷേധിച്ചു. ഹൈന്ദവ മതത്തെ ഇല്ലാതാക്കുന്നതിനു  പകരം മതത്തിന്റെ സാരാംശങ്ങളെ ഉൾക്കൊണ്ടുകൊണ്ട്  മതത്തെ  നാം തന്നെ പരിവർത്തന വിധേയമാക്കൂവെന്നു  നാരായണഗുരുവിനൊപ്പം അയ്യങ്കാളിയും അഭ്യർത്ഥിച്ചു.  വർണ്ണ വിവേചനം അവസാനിപ്പിക്കാനായി ആര്യസമാജത്തിനും ഹിന്ദു മഹാസഭയ്ക്കും അചഞ്ചലമായ പിന്തുണ നല്കുകകയും ചെയ്തു.


കേരളത്തിൽ ഒരു കാലത്ത് പുലയ പറയ സമുദായത്തെ  മനുഷ്യരായി പോലും മുന്തിയ ജാതികൾ കണക്കാക്കില്ലായിരുന്നു. അവർ ജന്മിമാരുടെ ഭുമിയിൽ പണിയെടുക്കാനുള്ള വെറും യാന്ത്രിക മനുഷ്യരെപ്പോലെയായിരുന്നു. സമൂഹത്തിൽ നിന്നും പീഡനം അനുഭവിച്ചുകൊണ്ടിരുന്ന ബഹിഷ്കൃതരായ ഒരു സമുദായമായി പറയ പുലയ ജാതികൾ ജന്മിമാരുടെ ആശ്രയത്തിലോ കുടിയാന്മാരായോ ജീവിച്ചിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ സർക്കാർ സ്കൂളുകളിൽ പ്രവേശിപ്പിച്ച്  പഠിക്കാൻ അനുവദിക്കുംവരെ പാടങ്ങളിലും പണിശാലകളിലും  ഇനിമേൽ ജന്മികൾക്ക് പണിയാൻ വരില്ലായെന്നു അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള പുലയ ജനം തീരുമാനിച്ചു. 1914-ൽ ആരംഭിച്ച ഈ കാർഷിക സമരം മൂന്നു വർഷത്തോളം നീണ്ടുനിന്നു. ജന്മിത്വത്തിന് ഭീഷണിയായിക്കൊണ്ട് കുണ്ടള, കണിയാപുരം, മടവൂർ, എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ സമരം വ്യാപിച്ചു. കൃഷിപ്രവർത്തനങ്ങൾ നാടാകെ മരവിപ്പിച്ചിരുന്നു. അരവയറിലും പട്ടിണിയിലും അക്കാലങ്ങളിൽ അധകൃതർ കഴിഞ്ഞെങ്കിലും ആരും ജന്മികളുടെ ഭീഷണികൾക്ക് മുമ്പിൽ  കീഴടങ്ങിയില്ല.


1904-ൽ അയ്യാവൂ സ്വാമി യെന്ന പ്രസിദ്ധനായ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം കേട്ട് അയ്യങ്കാളി ആവേശഭരിതനായി ആ സ്വാമിയെ പ്രശംസിച്ചിരുന്നു നായർ സമുദായത്തിൽപ്പെട്ട ഈ ഹിന്ദു സന്യാസി വർണ്ണ വ്യവസ്ഥ അവസാനിപ്പിക്കേണ്ട ആവശ്യത്തെപ്പറ്റി ആന്നു സദസിനോട് പ്രസംഗിച്ചു. ഹൈന്ദവ ദുരാചാരാങ്ങൾ ഇല്ലാതാക്കിയില്ലെങ്കിൽ  ജനങ്ങൾ ക്രിസ്തു മതത്തിൽ മത പരിവർത്തനം ചെയ്യുമെന്നും സ്വാമി ബോധിപ്പിച്ചു. അയ്യങ്കാളി ആ വർഷം സ്വാമിയുടെ 'ബ്രഹ്മനിഷ്ഠ മഠം' എന്ന സംഘടനയുടെ ഒരു ശാഖ കൂട്ടുകാരുമൊത്ത് വെങ്ങാന്നൂരിൽ സ്ഥാപിച്ചു. അയ്യങ്കാളി നാരായണ ഗുരുവിന്റെയും  ഭക്തനായിരുന്നു. അയ്യങ്കാളിയും നാരായണ ഗുരുവും വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിച്ചിരുന്നെങ്കിലും ലക്‌ഷ്യം ഒന്നു തന്നെയായിരുന്നു. ഈഴവരും പുലയരും തമ്മിൽ ഒന്നായി യോജിച്ച് പ്രവർത്തിക്കാൻ നാരായണഗുരു ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ പുലയ ജാതികളിൽ നിന്നും എതിർപ്പുണ്ടായതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്.


ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും അയ്യങ്കാളിയുടെ സേവനത്തെപ്പറ്റിയും അയ്യങ്കാളി സമൂഹത്തിനു നല്കിയ നന്മകളെ പ്പറ്റിയും വ്യക്തമാക്കാൻ ചരിത്രകാരന്മാർ രംഗത്ത് വന്നിട്ടില്ല. തിരുവിതാംകൂറിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസിദ്ധ വിമർശകനായിരുന്ന  പത്രപ്രവർത്തകൻ രാമകൃഷ്ണപിള്ള പോലും അയ്യങ്കാളിയെപ്പറ്റി കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല.  രാമ കൃഷ്ണ പിള്ള അക്കാലത്ത് യാഥാസ്ഥിതിക ലോകത്തെ വിമർശിക്കുന്ന എഴുത്തുകാരനായിരുന്നു.  പുലയരെ സ്കൂളിൽ പ്രവേശിപ്പിക്കാൻപോലും അദ്ദേഹം നിർദേശിച്ചിട്ടില്ല. പുലയരെ സ്കൂളിൽ പഠിപ്പിക്കണമെന്നുള്ള രാമ കൃഷ്ണ പിള്ളയുടെ വീക്ഷണം ഇങ്ങനെ, "ഉന്നത കുല ജാതികളുടെ  യോഗ്യത അവഗണിച്ച് ഇന്ന് നിലവിലുള്ള മാനദണ്ഡങ്ങളെ മറികടന്ന്  സ്കൂൾ പ്രവേശനത്തിന് സമത്വം വേണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല. സ്കൂൾ പ്രവേശനത്തിൽ  യോഗ്യത വേണം. അവിടെ ജാതിയല്ല പ്രധാനം. കൃഷിക്കാരുടെ മക്കള്ക്കു സ്കൂൾ പ്രവേശനത്തിൽ തുല്യമായ പരിഗണ നല്കുന്നതും  സമൂഹ നന്മയ്ക്ക് ഉപകരിക്കില്ല. അത്തരക്കാരെ സ്കൂളിൽ പ്രവേശിപ്പിച്ചാൽ ഒരു കുതിരെയേയും ഒരു പോത്തിനെയും കലപ്പയിൽ കെട്ടി ഒന്നിച്ചു  പാടം ഉഴുതുന്ന ഫലംപോലെയായിരിക്കുമെന്നും മനസിലാക്കണം."


1910-ൽ ദിവാൻ രാജഗോപാലാചാരിയുടെയും വിദ്യാഭ്യാസ മേധാവി ഇംഗ്ലീഷുകാരൻ മൈക്കിളിന്റെയും  കല്പ്പന പ്രകാരം ദളിതർക്ക് സ്കൂൾ പ്രവേശനം അംഗീകരിച്ചു. അയ്യങ്കാളി 'പഞ്ചമി' യെന്ന പുലയ പെൺകുട്ടിയെ   ബാലരാമപുരത്തുള്ള ഉരുട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കാൻ  ചെന്നു.  ഹെഡ് മാസ്റ്റർ ആ കുട്ടിയ്ക്ക് പ്രവേശനം നല്കിയില്ല. അതിന്റെ പേരിൽ നായന്മാരും പുലയന്മാരും തമ്മിൽ നാടിന്റെ നാനാ ഭാഗത്തും വഴക്കുകളുണ്ടായി. അതിനൊരു തീരുമാനമാകുന്നവരെ കർഷക തൊഴിലാളികൾ ജന്മികളുടെ കൃഷി ഭൂമിയിൽ പണിയാൻ പോകരുതെന്നും അയ്യങ്കാളിയുടെ നേതൃത്വം തീരുമാനിച്ചു.


പുലയർക്കും  പറയർക്കും അക്കാലത്ത്‌ പാടത്തു മേഞ്ഞു നടക്കുന്ന കന്നുകാലികളുടെ വിലപോലും സവർണ്ണർ നല്കിയിരുന്നില്ല. അയ്യങ്കാളിയും അദ്ദേഹത്തിൻറെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സ്വന്തം സമുദായത്തിലുള്ളവരും  ദാരിദ്ര്യവും അപമാനവും സഹിച്ചു ജീവിച്ചു വളർന്നവരായിരുന്നു.  ജന്മിമാരുടെ നെല്ലറകൾ  നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുകയെന്നായിരുന്നു ദളിതർക്കു വിധിക്കപ്പെട്ടിരുന്നത്. പാടത്ത് പണിയെടുക്കുന്ന പുലയർക്കും പറയർക്കും മണ്ണിൽ കുഴിച്ചു ഇലയിട്ടായിരുന്നു  ഭക്ഷണം നല്കിയിരുന്നത്. അധകൃതർ രോഗ ബാധിതരായാൽ ഡോക്ടർമാർ പോലും  പരിശോധിക്കില്ലായിരുന്നു. മരുന്നുകൾ ദൂരെ നിന്ന് എറിഞ്ഞു കൊടുക്കും. ജാതിയുടെ അടയാളമായി കല്ലുമാല ധരിക്കണമായിരുന്നു. അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രങ്ങൾ ധരിക്കാൻ സമ്മതിക്കില്ലായിരുന്നു. അന്നത്തെ ഐത്യാചാരങ്ങൾ കീഴാളരെ യുക്തി രഹിതരായ മനുഷ്യരായിട്ടായിരുന്നു  കരുതിയിരുന്നത്.


അയ്യങ്കാളി തുടങ്ങി വെച്ച ചരിത്ര നേട്ടങ്ങളെ പിന്നീടു വന്ന കേരളത്തിലെ ചരിത്രകാരന്മാർ കാര്യമായി ഗൌനിച്ചില്ലെന്നുള്ളതും ആ മഹാത്മാവിനോടും പുലയ സമുദായത്തോടും ചെയ്ത ഒരു അനീതിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരത്തെ വെറും പുലയ ലഹളയെന്നു ചുരുക്കി അവഹേളിക്കാനായിരുന്നു ചരിത്രകാർ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടൊന്നും അയ്യങ്കാളി തുടങ്ങി വെച്ച ദൌത്യത്തിന് മങ്ങലേൽപ്പിക്കാൻ  സാധിച്ചിട്ടില്ല. സാമൂഹിക മുന്നേറ്റത്തിനായി ആ മഹാൻ  ഉയർത്തിയ പോരാട്ട വീര്യം പില്ക്കാല തലമുറകൾ ഏറ്റെടുക്കുകയും പുലയ മഹാസമുദായം അനേകവിധ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. അയ്യങ്കാളിയുടെ ഭാര്യ കെ. പൊന്നുവും അവരുടെ മക്കൾ കെ. ചെല്ലപ്പൻ, കെ. കൊച്ചുകുഞ്ഞു, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവരുമായിരുന്നു.


സാമൂഹിക പരിഷ്ക്കാരങ്ങളുടെ ഐതിഹാസിക താരമായിരുന്ന അയ്യങ്കാളി 1941 ജൂൺ പതിനെട്ടാം തിയതി മരണമടഞ്ഞു. അധകൃതർക്കുവേണ്ടി അജീവനാന്തം പോരാടിയ മഹാത്മാവായ അയ്യങ്കാളിയുടെ മരണം പുലയ ജാതികളെ ഒന്നാകെ കരയിപ്പിച്ചു. നാരായണ ഗുരുവിനെപ്പോലെ  ലോക പ്രസിദ്ധനായിട്ടില്ലെങ്കിലും കേരള ചരിത്രത്തിൽ അദ്ദേഹം ഒരു ചരിത്ര പുരുഷനായി കാലങ്ങളെ അതിജീവിച്ചും തിളങ്ങുന്നു.അദ്ദേഹത്തിൻറെ പ്രതിമ തിരുവനന്തപുരം വെള്ളയമ്പലം ജങ്ങ്ഷനിൽ  കവടിയാർ കൊട്ടാരവും പത്മനാഭ സ്വാമി ക്ഷേത്രവും സന്ധിക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ നിത്യവും പൂജിക്കാൻ പോവുന്ന രാജകുടുംബത്തിന്   മഹാത്മാവായ അയ്യങ്കാളിയുടെ പ്രതിമ കടന്നേ പോവാൻ സാധിക്കുള്ളൂ. അയ്യങ്കാളിയുടെ ചരിത്രം  മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും  ഭാരതം മുഴുവനുമായ ജനകോടികൾക്കും ഉത്തേജനം നല്കുമെന്നും പ്രതീക്ഷിക്കാം. (തുടരും)













No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...