അനാചാരങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സഹോദരൻ അയ്യപ്പൻ
By ജോസഫ് പടന്നമാക്കൽ
സഹോദരൻ അയ്യപ്പൻ ദളിതരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച സാമൂഹിക പരിവർത്തന വാദിയും രാഷ്ട്രീയ ചിന്തകനും കൊച്ചി രാജ്യത്തിലെ സാമാജികനും തിരുക്കൊച്ചിയിലെ ആദ്യം രൂപീകരിച്ച മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. ശ്രീ നാരായണഗുരുവിന്റെ ആരാധകനുമായിരുന്നു. ഒരു പത്രപ്രവർത്തകനും ചിന്തകനുമെന്ന നിലയിൽ ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും യാഥാസ്ഥിതിക ലോകത്തിനെതിരെ ശക്തിയേറിയ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (എസ് എൻ ഡി പി) പ്രവർത്തകനും വക്താവുമായിരുന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവായും അദ്ദേഹത്തെ കരുതുന്നു. തികഞ്ഞ ഒരു യുക്തി വാദിയും ദൈവ വിശ്വാസമില്ലാത്ത ഒരാളുമായിരുന്നു. ഒരു മതത്തിലും ഒരു ജാതിയിലും ഒരു വർഗത്തിലും വിശ്വസിച്ചിരുന്നില്ല. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ഒരു വ്യാഴവട്ട കാലത്തോളം സാമൂഹിക രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നും അകന്നു നിന്നു കൊണ്ട് ഒരു യുക്തി ചിന്തകനെപ്പോലെ മതങ്ങളുടെ അസ്ഥിത്വത്തെപ്പറ്റി ഗവേഷണങ്ങൾ നടത്തുകയായിരുന്നു.
പാരമ്പര്യമായി പ്രസിദ്ധിയേറിയിരുന്ന ഒരു ഈഴവ കുടുംബത്തിൽ 1889 ഏപ്രിൽ ഇരുപത്തിയൊന്നാം തിയതി സഹോദരൻ അയ്യപ്പൻ ജനിച്ചു. കുമ്പളത്ത് പറമ്പിൽ കൊച്ചാവൂ വൈദ്യർ അദ്ദേഹത്തിൻറെ പിതാവും ഉണ്ണൂലി മാതാവുമായിരുന്നു. ഒമ്പതു മക്കളിൽ അയ്യപ്പൻ ഏറ്റവും ഇളയ മകനായിരുന്നു. എറണാകുളത്തുള്ള വൈപ്പിൻ കരയിലെ ചേറായിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. അപ്പൻ ചെറു പ്രായത്തിലെ മരിച്ചു പോയതുകൊണ്ട് സഹോദരൻ അച്യുത വാരിയരാണ് അദ്ദേഹത്തെ വളർത്തിയത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം സ്ഥലത്തെ പ്രൈമറി സ്ക്കൂളിൽ പഠനം ആരംഭിച്ചു. പിതാവിന്റെ മരണശേഷം അയ്യപ്പൻറെ ജീവിതത്തിൽ എന്നും വഴികാട്ടിയായി മുമ്പിൽ നിന്നിരുന്നത് അച്ചുതൻ വൈദ്യരായിരുന്നു. വീട്ടിലും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാതൃകാപരമായിട്ടായിരുന്നു അയ്യപ്പൻറെ ബാല്യകാലം കഴിച്ചുകൂട്ടിയത്. ചേറായിലുള്ള കണ്ണൂ ആശാന്റെ കളരിയിൽ നിന്നും പ്രാരംഭ വിദ്യാഭാസം നടത്തി. അതിനുശേഷം ചേറായിൽ തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയിലും പഠിച്ചു. പറവൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന് ചരിത്രവും സംസ്കൃതവും ഐച്ഛിക വിഷയങ്ങളായി പഠിച്ചു. ഹൈസ്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ ഉയർന്ന ജാതികളിൽ പ്രകടമായിരുന്ന ജാതി ചിന്തകൾ അയ്യപ്പനെ വേദനിപ്പിച്ചിരുന്നു. ജാതിയിൽ കൂടിയവരായ നായന്മാർ നടക്കുന്ന വഴികളിൽക്കൂടി നടന്നാൽ ഈഴവർ തൊട്ടു താഴോട്ടുള്ള ജാതികൾ വഴി മാറിക്കൊള്ളണമെന്നുള്ള വ്യവസ്ഥാപിത നിയമത്തിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നു.
കുഞ്ഞായിരിക്കുമ്പോൾ മുതൽ അയ്യപ്പൻറെ മനസ് മതചിന്തകൾക്കും അതീതമായിരുന്നു. പല വിധ ദൈവങ്ങളെ അവതരിപ്പിച്ച് മനുഷ്യനും മനുഷ്യനും തമ്മിൽ വിടവുകൾ സൃഷ്ടിക്കുന്ന മത പുരോഹിതരെ അയ്യപ്പൻ വെറുത്തിരുന്നു. സനാതനമായ സത്യത്തെ തേടിയുള്ള ഒരു അന്വേഷണമായിരുന്നു ആ ബാലന്റെ മനസ്സിൽ നിറഞ്ഞിരുന്നത്. ജാതി വ്യവസ്തകൾക്കും മതത്തിനും വേദ തത്ത്വങ്ങൾക്കുമുപരി മാനവികതയും സഹജീവി സ്നേഹവും അദ്ദേഹത്തിൽ നിറഞ്ഞിരുന്നു. സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പുരോഹിത പ്രമാണങ്ങളെയും അദ്ദേഹം തിരസ്ക്കിരിച്ചിരുന്നു. ഒരു സത്യാന്വേഷണ യാത്രയായിരുന്നു അയ്യപ്പൻറെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നത്. വാസ്തവികമായ സത്യത്തിന്റെ പ്രകാശം മതങ്ങൾക്കുപരിയെന്നും അദ്ദേഹം മനസിലാക്കി. തികച്ചും ദൈവത്തിൽ വിശ്വസിക്കാത്ത സുദൃഢമായ ഒരു യുക്തിവാദിയായി അദ്ദേഹം മാറി. അദ്ദേഹം കണ്ടെത്തിയ സത്യങ്ങളെ ലോകത്തോട് വെളിപ്പെടുത്താൻ 1928-ൽ യുക്തി വാദി എന്ന പേരിൽ ഒരു മാസികയും തുടങ്ങി. നാസ്തിക ചിന്താഗതിക്കാരനായിരുന്നെങ്കിലും ജീവിതകാലം മുഴുവൻ അദ്ദേഹത്തിനു ശ്രീ നാരായണ ഗുരുവിനോട് അഗാധമായ സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു.
ഹൈസ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം കോഴിക്കോടുള്ള മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാഭ്യാസം നടത്തി. കോഴിക്കോട്, കോളേജിൽ പഠിക്കുന്ന കാലങ്ങൾ മുതൽ സഹോദരൻ അയ്യപ്പൻ നീതി ലഭിക്കാത്ത അധകൃത ജാതികൾക്കു വേണ്ടി പോരുതാനും പ്രവർത്തിക്കാനുമാരംഭിച്ചിരുന്നു. പ്രാസംഗീക പ്ലാറ്റ് ഫോറങ്ങളിൽ നിന്ന് അക്കാലത്ത് പൊതുജനങ്ങളോട് അധകൃതരുടെ ദാരുണ സ്ഥിതികളെപ്പറ്റി വികാരപരമായ പ്രസംഗങ്ങളും ചെയ്യുമായിരുന്നു. അക്കാലഘട്ടങ്ങളിലാണ് അദ്ദേഹം ശ്രീ നാരായണ ഗുരുവിനെ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹവുമായി നാടിന്റെ ശോചനീയമായ ഐത്യാചാരങ്ങളെ സംബന്ധിച്ച് മനസുകൾ പങ്കു വെച്ചിരുന്നു. 1916-ൽ പ്രസിദ്ധ മഹാകവിയായ കുമാരനാശാനെയും അദ്ദേഹം കണ്ടുമുട്ടി. മഹാന്മാരായ ഈ സാമൂഹിക പരിഷ്കർത്താക്കളെ കണ്ടു മുട്ടിയതിനുശേഷം അദ്ദേഹത്തിലെ പാകതയാർന്ന വിപ്ലവ ചൈതന്യം കേരളമൊട്ടാകെ വ്യാപിക്കാൻ തുടങ്ങി.അയ്യപ്പൻ പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നു. എന്നാൽ രോഗബാധിതനായതിനാൽ കോളേജു വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. നാരായണ ഗുരുവിന്റെ ഉപദേശ പ്രകാരം അദ്ദേഹം വീണ്ടും എറണാകുളം മഹാരാജാസ് കോളേജിൽ ബി എ യ്ക്ക് ചേർന്നു പഠനം പൂർത്തിയാക്കി. അതിനു ശേഷം തിരുവനന്ത പുരം ലോ കോളേജിൽ നിന്നും നിയമ ബിരുദവും ലഭിച്ചു.
അയ്യപ്പൻ കവിയും പ്രസിദ്ധനായ സാഹിത്യകാരനുമായി അറിയപ്പെടാൻ തുടങ്ങി. ലോക സംഭവങ്ങൾ ആകാംഷപൂർവം പഠിച്ച് അദ്ദേഹത്തിൻറെ പത്രത്തിൽ പ്രസിദ്ധീകരിക്കുമായിരുന്നു. തന്റെ സമൂഹം ദുരാചാരങ്ങൾ നിറഞ്ഞതെന്നും അതിനെ ആകമാനം മാറ്റം വരുത്തണമെന്നുമുള്ള ചിന്തകളായിരുന്നു അയ്യപ്പനുണ്ടായിരുന്നത്. ലെനിനായിരുന്നു അയ്യപ്പൻറെ വീര പുരുഷൻ. ലെനിന്റെ മഹത്വങ്ങളും റഷ്യൻ ചരിത്രവും അദ്ദേഹം വാചാലനായി പ്രസംഗങ്ങളിൽ പറയുമായിരുന്നു. റക്ഷ്യൻ ചരിത്രത്തെ പ്രകീർത്തിച്ചുകൊണ്ടു കവിതകളും രചിക്കുമായിരുന്നു. കേരള കൌമുദിയിൽ തുടർച്ചയായി അദ്ദേഹത്തിന്റെ കവിതകളും സാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിരുന്നു. കാവ്യ രൂപേണയുള്ള 'ഉജ്ജീവനം', 'പരിവർത്തനം', 'റാണിസന്ദേശം', 'അഹല്യ' എന്നീ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമൂഹിക പരിവർത്തനാത്മകമായ അനേക ലേഖനങ്ങൾ പത്രങ്ങളിലും പത്ര മാസികകളിലും പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ ആവേശഭരിതമായ ലേഖനങ്ങൾ സമുദായ പരിഷ്ക്കാരങ്ങൾക്ക് മാർഗ ദർശനങ്ങളായിരുന്നു. മതങ്ങളുടെ തീവ്ര ചിന്തകളെയും ദൈവത്തിന്റെ അസ്ഥിത്വത്തെയും വിമർശിച്ചുകൊണ്ടുള്ള കവിതകളും സാഹിത്യകൃതികളും മലയാള ഭാഷയ്ക്കു തന്നെ ഒരു മുതൽകൂട്ടാണ്. യുക്തിവാദത്തിന്റെ മുഴക്കം കവിതകളിൽ സ്പഷ്ടമായി പ്രകടിപ്പിച്ചിരുന്നു. “സഹോദരന്റെ പദ്യകൃതികൾ” എന്ന സമാഹാരത്തിലും കാവ്യങ്ങളിലും ഒരു താത്ത്വികന്റെ ദർശനങ്ങളാണ് നിഴലിച്ചിരിക്കുന്നത്.
സാമൂഹികപരമായ മാറ്റങ്ങൾക്കായി അയ്യപ്പൻ വിപ്ലളവങ്ങൾ നയിക്കവേ വികാരതീവ്രമായ വലിയൊരു ജനവിഭാഗം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അധകൃത ജനതയിൽ അടിഞ്ഞിരുന്ന അടിമ മനസ്ഥിതിയിൽ മാറ്റങ്ങളും പ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. അവരുടെ ഉന്നമനത്തിനായി വിപ്ലവകരമായ പരിഷ്ക്കാരങ്ങൾക്കായുള്ള പ്രയത്നങ്ങളും ആരംഭിച്ചു. മട്ടാഞ്ചേരിയിൽ നിന്ന് 'സഹോദര'നെന്ന പേരില് ഒരു പത്രവും ആരംഭിച്ചു. 1956 വരെ ആ മാസിക കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. യുക്തിവാദിയെന്ന നിലയിൽ "ജാതി വേണ്ട, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന് " എന്നത് അദ്ദേഹത്തിൻറെ ആദർശസൂക്തിയിൽ മെനഞ്ഞെടുത്ത മുദ്രാവാക്യമായിരുന്നു. അദ്ദേഹത്തിൻറെ ദളിതർക്കുവേണ്ടിയുള്ള കർക്കശമായ സാമൂഹിക പരിഷ്ക്കാരങ്ങളിൽകൂടി രാഷ്ട്രീയത്തിലും ചുവടുകൾ വെച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങി. അഴിമതിരഹിതമായി നിസ്വാർത്വമായ സേവനങ്ങളിൽക്കൂടി അദ്ദേഹം നാടിന്റെ പ്രിയ പുത്രനായി തീർന്നു. കൂടാതെ അനുയായികളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള അസാധാരാണമായ വ്യക്തിപ്രഭാവവുമുണ്ടായിരുന്ന നേതാവായിരുന്നു. ഇരുപത്തിയൊന്നു വർഷങ്ങളോളം കൊച്ചി രാജ്യത്തിന്റെ നിയമസാമാജികനായി പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ അധകൃതരായവരുടെ നന്മയ്ക്കുതകുന്ന അനേക നിയമങ്ങൾ നടപ്പിലാക്കി. ജാതികൾ തമ്മിലുള്ള മിശ്രവിവാഹവും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും അദ്ദേഹം പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നു. പിന്നീട് 1946-ൽ അദ്ദേഹത്തെ കൊച്ചി രാജ്യത്തിന്റെ മന്ത്രിയായി നിയമിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ടീ. കെ. നായർ തൊഴിലാളികളുടെ മേൽ പോലീസ് ലാത്തി ചാർജ് നടത്തിയതിൽ പ്രതിക്ഷേധിച്ച് അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. 1949-ൽ അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള പ്രജാമണ്ഡലം പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. അന്നത്തെ പ്രസിദ്ധ രാഷ്ട്രീയ നേതാക്കന്മാരായ പനമ്പള്ളി ഗോവിന്ദമേനോന്റെയും സി.ഏ ഔസേപ്പിന്റെയും സഹായത്തോടെ അദ്ദേഹം ഒരു മന്ത്രിസഭയ്ക്ക് രൂപം നല്കി. അയ്യപ്പൻ, തിരുകൊച്ചി രൂപം പ്രാപിച്ച കാലത്തും അവിടുത്തെ സാമാജികനായി പ്രവർത്തിച്ചു. തിരുകൊച്ചിയിലെ പറവൂർ ടീ.കെ.മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
1917-ൽ ശ്രീ അയ്യപ്പൻ സഹോദര സംഘം സ്ഥാപിച്ചു. അതിന്റെ ശാഖകൾ നാടിന്റെ നാനാഭാഗത്തും വ്യാപിച്ചിരുന്നു. മിശ്ര വിവാഹവും മിശ്രഭോജനവും വഴി മനുഷ്യരുടെ മനസ്സിൽ നിന്നും ജാതീയ ചിന്തകൾ ഇല്ലാതാക്കുകയായിരുന്നു സംഘടനയുടെ ലക്‌ഷ്യം. എതിർപ്പുകളും ദേഹോപദ്രവങ്ങളും നാനാ ഭാഗത്തുള്ള യാഥാസ്ഥിതികരായവരിൽ നിന്നും സഹിക്കേണ്ടി വന്നു. അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്താനായി നാടിന്റെ നാനാഭാഗങ്ങളിൽ ജാതി വിരുദ്ധ പ്രസംഗങ്ങൾ നടത്തുമായിരുന്നു. അപ്പോഴെല്ലാം ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിൻറെ പ്രസംഗം ശ്രവിക്കാൻ തടിച്ചു കൂടുമായിരുന്നു.
1917 മെയ് ഇരുപത്തിയൊമ്പതാം തിയതി പുലയ പറയ കുറവരുൾപ്പടെ എല്ലാ ജാതികളിലുമുള്ള ഇരുനൂറിൽപ്പരം ജനങ്ങൾക്കായി ഒരു മിശ്രഭോജനം നടത്തി. കേരളചരിത്രത്തിൽ എഴുതപ്പെട്ട ആ മഹാസദ്യയിൽ ദളിതരിൽപ്പെട്ട പറയരും പുലയരും കുറവരും പങ്കെടുത്തിരുന്നു.വള്ളോൻ, ചാത്തൻ എന്നീ അധകൃതരായ പുലയ പറയന്മാരും ഭക്ഷണം കഴിക്കാൻ ഒപ്പം പന്തലിൽ ഉണ്ടായിരന്നു. അയ്യപ്പനും സുഹൃത്തുക്കളും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. മഹത്തായ ഈ സംരഭത്തിനെതിരെ ഈഴവ ഭൂവുടമകളും, വ്യവസായിക പ്രഭുക്കളൂൾപ്പടെയുള്ളവർ പ്രതിഷേധ ശബ്ദങ്ങൾ ഉയർത്തിയിരുന്നു. അദ്ദേഹത്തിനെതിരായി യാഥാസ്ഥിതികരുടെ ലോകം ഒരു ശത്രു വലയം തന്നെ സൃഷ്ടിച്ചിരുന്നു. ഉയർന്ന സമൂഹങ്ങൾ പുലയൻ അയ്യപ്പനെന്നും വിളിച്ചു. അഭിമാനത്തോടെ ആ പേര് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. അയ്യപ്പൻ പൊതു ജനങ്ങളുടെ നാവിൽ നിന്നും വരുന്ന വാക്കുകളെ കൂസാക്കാതെ തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹം 'സഹോദരൻ അയ്യപ്പ'നെന്നും അറിയപ്പെടാൻ തുടങ്ങി. അധകൃതരുമായി മിശ്രഭോജനം നടത്തിയത് കേരളത്തെ സംബന്ധിച്ച് വർണ്ണരായവരുടെ വികാരങ്ങൾ വ്രുണപ്പെടുത്തിയ ഒരു ചരിത്ര സംഭവമായിരുന്നു. യാഥാസ്ഥിതിക ലോകം ഒന്നടങ്കം അയ്യപ്പനെതിരായി പ്രതിക്ഷേധ ശബ്ദങ്ങൾ ഉയർത്തി. പത്ര വാർത്തകളും അയ്യപ്പൻറെ പേരുകൾ കൊണ്ട് നിറഞ്ഞു. ചേറായിലെ ഈഴവരുടെ സംഘടനയായ വിജ്ഞാന വർദ്ധിനി മിശ്ര ഭോജനത്തിൽ പങ്കെടുത്ത അയ്യപ്പൻ ഉൾപ്പടെയുള്ള ഈഴവരെ സഭയിൽ നിന്ന് പുറത്താക്കി. അവർക്ക് ഐത്യം കൽപ്പിച്ചുകൊണ്ടു സ്ഥലത്തെ പ്രമാണികളായ കുടുംബങ്ങൾ അയ്യപ്പനെയും സുഹൃത്തുക്കളെയും വീടുകളിൽ കയറ്റില്ലായിരുന്നു.അയ്യപ്പനെ നാടു കടത്തണമെന്ന ആവശ്യവുമായി ചിലർ രാജാവിനെയും സന്ദർശിച്ചിരുന്നു. രാജാവ് അവരുടെ ആവശ്യങ്ങൾ തിരസ്ക്കരിച്ചതു കൂടാതെ അയ്യപ്പൻ നടത്തുന്ന സാമൂഹിക സേവനങ്ങളെ വിലമതിക്കുകയാണുണ്ടായത്. ജനങ്ങളുടെ എതിർപ്പ് ശക്തമായപ്പോൾ ശ്രീ നാരായണഗുരുവും അയ്യപ്പൻറെ സത്പ്രവർത്തികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നു. 'മനുഷ്യരുടെ വേഷവും ഭാഷയും മതവും എന്തായിരുന്നാലും മനുഷ്യകുലത്തിൽ ഒരു ജാതി, ഒരു മതം ഒരു ദൈവം മാത്രമേയുള്ളൂവെന്ന' ശ്രീ നാരായണ ഗുരു സ്വന്തം കൈപ്പടയിൽ എഴുതിയ സന്ദേശത്തിന്റെ കോപ്പികൾ അച്ചടിച്ച് ആ പ്രദേശങ്ങളിൽ വിതരണം ചെയ്തു. 'അന്യോന്യം വിവാഹവും ഒരേ തീൻ മേശയിൽ മിശ്ര ജാതികളുടെ ഭോജനവും തെറ്റില്ലെന്നും' ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തിലുണ്ടായിരുന്നു. ഗുരുവിന്റെ ഇടപെടൽ കാരണം യാഥാസ്ഥിതികരുടെ എതിർപ്പിനു ശമനം വരുകയുമുണ്ടായി.
അയ്യപ്പൻ അക്കാലത്തെ ജഡ്ജിയായിരുന്ന അയ്യാങ്കുട്ടിയുടെ മകൾ പാർവതിയെ 1930-ൽ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ഐഷയും സുഗതനും എന്ന രണ്ടു മക്കൾ. അശരണരും ആരുമാരുമില്ലാത്തവരെയും സംരക്ഷിക്കാനായി ശ്രീ നാരായണ സേവികാ സമാജം എന്നൊരു സംഘടന ശ്രീ അയ്യപ്പൻ 1965-ൽ സ്ഥാപിച്ചു. ആ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നത് അദ്ദേഹത്തിൻറെ ഭാര്യയായ പാർവതിയായിരുന്നു. ആലുവാ അടുത്തുള്ള തോട്ടുമുഖമാണ് അതിന്റെ ആസ്ഥാനം. അനാഥ കുട്ടികൾക്കും അംഗ ഭംഗം സംഭവിച്ചവർക്കും ആരുമാരുമില്ലാത്ത സ്ത്രീ ജനങ്ങൾക്കും ഇവിടെ ആശ്രയം നല്കി വരുന്നു.
അയ്യപ്പൻ ഒരു യുക്തി വാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായതുകൊണ്ട് ഗാന്ധിസത്തിനെതിരായിരുന്നു. ഗാന്ധിജിയുടെ ചിന്താഗതികൾ സവർണ്ണ ജാതികളുടെ മേല്ക്കോയ്മ അംഗീകരിക്കുന്നതു കാരണം സഹോദരൻ അയ്യപ്പന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. ഗാന്ധിജിയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഗാന്ധിജിയേയും ഗാന്ധിസത്തെയും രണ്ടായി അദ്ദേഹം കണ്ടിരുന്നു. ഗാന്ധിസ തത്ത്വങ്ങൾ പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഗാന്ധിജിയെ അങ്ങേയറ്റം ആദരിക്കുകയും ചെയ്തിരുന്നു. നാസ്തികനായ അയ്യപ്പൻ ശ്രീ നാരായണ ഗുരു പഠിപ്പിക്കുന്ന ദൈവിക തത്വങ്ങളെ ഗൗനിക്കാതെ അദ്ദേഹത്തിന്റെയും ആരാധകനായിരുന്നു.
കേരള ജനത റഷ്യൻ വിപ്ലവത്തെപ്പറ്റിയും കമ്യൂണിസത്തെ പ്പറ്റിയും ആദ്യമായി അറിയുന്നത് അയ്യപ്പൻറെ പത്രത്തിൽ കൂടിയായിരുന്നു. പ്രസംഗങ്ങൾ സ്ഥായിയായി മനുഷ്യ മനസിൽ നിലനില്ക്കില്ലെന്നും മനുഷ്യനിൽ ഉറച്ച മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പത്ര പ്രവർത്തനത്തിൽ ക്കൂടി മാത്രമേ സാധിക്കുള്ളൂവെന്നും അയ്യപ്പൻ മനസിലാക്കിയിരുന്നു. അദ്ദേഹം മാർക്സിന്റെയും ലെനിന്റെയും തത്ത്വ ചിന്തകൾ സ്വന്തം പത്രം വഴി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ആദ്യമായി അടിത്തറയിട്ടതും അദ്ദേഹമായിരുന്നു. കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും അവരുടെ പത്രത്തിന്റെ ആദ്യത്തെ പത്രാധിപരുമായിരുന്നു.
അദ്ദേഹം നിയമസഭാംഗമായിരുന്ന കാലയളവിൽ ഈഴവരുടെ നന്മക്കായി മൂന്നു ബില്ലുകൾ അവതരിപ്പിച്ചിരുന്നു. മരുമക്കാത്തായ തീയ്യ ബിൽ, മക്കത്തായ തിയ്യ ബിൽ, സിവിൽ വിവാഹ ബിൽ എന്നിവകളായിരുന്നു അവതരിപ്പിച്ചിരുന്ന ബില്ലുകൾ. അക്കാലങ്ങളിൽ കൊച്ചിയിലും തിരുവിതാംകൂറിലും മരുമക്കാത്തായം നില നിന്നിരുന്നു. അതു മാറ്റി കുടുംബ സ്വത്ത് സ്ത്രീകള്ക്കും പുരുഷന്മാർക്കും തുല്യമായി സ്വത്തുക്കൾ വീതിക്കത്തക്ക ബില്ലുകളാണ് അവതരിപ്പിച്ചത്. അത് നിയമമാവുകയും ചെയ്തു.അയ്യപ്പൻറെ സേവനങ്ങളെ മാനിച്ച് കൊച്ചി രാജാവ് അദ്ദേഹത്തെ വീര ശ്രുംഖല നല്കി ബഹുമാനിക്കുകയും ചെയ്തു.
അവസാന കാലം പതിനഞ്ചു വർഷത്തോളം സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിന്ന് എഴുത്തിനും വായനയ്ക്കുമായി സമയം ചെലവഴിച്ചു. 1968 മാർച്ച് ആറാം തിയതി അദ്ദേഹം ഹൃദ്രു രോഗ ബാധിതനായി മരണമടഞ്ഞു. സഹോദരൻ അയ്യപ്പനോടുള്ള ആദരസൂചകമായി ഏറണാകുളം വൈറ്റില ജഗ്ഷൻ റോഡു മുതൽ എം ജി റോഡു വരെ 'സഹോദരൻ അയ്യപ്പൻ റോഡ്' എന്ന പേരാണ് നല്കിയിരിക്കുന്നത്.(തുടരും)
No comments:
Post a Comment