Tuesday, June 27, 2017

ഇന്ത്യയുടെ ബഹിരാകാശ കീഴടക്കലുകളും തിളക്കമേറ്റുന്ന ചരിത്രവും





ജോസഫ് പടന്നമാക്കൽ

"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍".  ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ വള്ളത്തോൾ നാരായണ മേനോന്റെ ഈ കവിതയിൽക്കൂടി ഭാരതം ബഹിരാകാശം കീഴടക്കിയ നേട്ടങ്ങളോടെ യാഥാർഥ്യമാവുകയാണ്.  ജമദഗനി മഹർഷിയുടെ മകനായ പരിശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടായതെന്നാണ് ഐതിഹ്യം. രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിൽ ഒട്ടേറെ ഉയരങ്ങൾ കീഴടക്കിയ കേരളത്തിന്റെ മണ്ണിൽനിന്നു ഭാരതം തൊടുത്തുവിട്ട ആദ്യത്തെ റോക്കറ്റുയർന്നതും അഭിമാനകരമാണ്. പരിവർത്തനാത്മകമായ  കാലഘട്ടങ്ങളിൽ ക്കൂടി ചൊവ്വാ ദൗത്യം പൂർത്തിയാക്കിയതും ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നു.

1962-ൽ ഇന്ത്യ  സർക്കാർ  ബഹിരാകാശ പദ്ധതികൾക്കായി തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമപ്രദേശം തിരഞ്ഞെടുത്തിരുന്നു. ഭൂമദ്ധ്യരേഖയോട് ചേർന്ന ഈ പ്രദേശങ്ങൾ റോക്കറ്റ് വിക്ഷേപങ്ങൾക്കും പരീക്ഷണങ്ങൾക്കും അനുയോജ്യമായതെന്നും വിലയിരുത്തി.  എന്നാൽ ആ ഭൂപ്രദേശം സർക്കാരിന്റെ അധീനതയിൽ വരുത്തുകയെന്നത് എളുപ്പമായിരുന്നില്ല. ഏകദേശം അഞ്ഞൂറോളം ദരിദ്രരായ മത്സ്യത്തൊഴിലാളികൾ ആ പ്രദേശങ്ങളിൽ  തിങ്ങി പാർത്തിരുന്നതുകൊണ്ടു അവരെ ഒഴിപ്പിക്കുക പ്രയാസമായിരുന്നു. കൂടാതെ അവിടെ മത്സ്യത്തൊഴിലാളികൾ ആരാധന നടത്തിയിരുന്ന സെന്റ് മേരി മഗ്ദലീനയുടെ നാമത്തിൽ ഒരു പള്ളിയുമുണ്ടായിരുന്നു. പള്ളിയും പള്ളിയ്ക്കു ചുറ്റും താമസിച്ചിരുന്നവരുടെ  സ്ഥലങ്ങളും  പരിസരങ്ങളും നൂറു ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാരിന് കൈമാറാൻ ഡിസ്ട്രിക്റ്റ് കളക്റ്ററിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ അത്തരം ഒരു ആവശ്യം  ഒരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നും അറിയാമായിരുന്നു.

ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തയുടൻ ഡോ. വിക്രം സാരാഭായും ഏതാനും ശാസ്ത്രജ്ഞരുമൊത്ത് തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമം  സന്ദർശിച്ചിരുന്നു. അക്കൂടെ ഡോ അബ്ദുൾകലാമും അവരോടൊപ്പമുണ്ടായിരുന്നു.   പള്ളിയും അവിടെയുള്ള കുടുംബങ്ങളുടെ സ്ഥലങ്ങളും സർക്കാരുവകയാക്കാൻ   ബിഷപ്പ്  ഡോ. പീറ്റർ ബെർണാഡ് പെരേരായോട്‌  അവർ സംസാരിച്ചു. ബിഷപ്പ് വ്യക്തമായ ഒരു മറുപടി കൊടുക്കാതെ പിറ്റേ ആഴ്ചയിലുള്ള കുർബാനയിൽ അവരോടു സംബന്ധിക്കാനും ഇടവകക്കാരോട് സംസാരിച്ചു തീരുമാനം പറയാമെന്നും പറഞ്ഞു. കുർബാന സമയത്ത് ശാസ്ത്രജ്ഞരുടെ മിഷ്യൻ ഉദ്ദേശ്യങ്ങൾ ബിഷപ്പ് ജനങ്ങളോട് ആവശ്യപ്പെടുകയും അവരുടെ അനുവാദം അപേക്ഷിക്കുകയും ചെയ്തു. പള്ളിയും പരിസരവും ശാസ്ത്ര ഗവേഷണത്തിനായി വിട്ടു കൊടുക്കുന്ന കാര്യവും ജനങ്ങളെ അറിയിച്ചു. ബിഷപ്പിന്റെ സൗഹാർദ്ദ സംഭാഷണത്താലും  പ്രേരണയാലും ജനങ്ങളാരും മറുത്തു  പരാതി പറഞ്ഞില്ല.

കെ.മാധവൻ നായരായിരുന്നു അക്കാലത്തെ തിരുവനന്തപുരം കളക്‌ടർ. പ്രശ്നങ്ങൾ സൃഷ്ടിക്കാതെ മാധവൻ നായർ സ്നേഹപൂർവ്വം ഭൂമി സർക്കാരിന് കൈമാറുന്ന കാര്യം ബിഷപ്പ് പെരേരായോടു ആവശ്യപ്പെടുകയായിരുന്നു.  സ്റ്റേറ്റിന് ലഭിക്കാൻ പോവുന്ന ഗുണങ്ങളെപ്പറ്റിയും ബിഷപ്പിനെ മനസിലാക്കി. ബിഷപ്പ് അന്നുമുതൽ ഇടവകക്കാരെയും ഈ പ്രോജെക്റ്റിനു സമീപം താമസിച്ചിരുന്നവരെയും സർക്കാരിന്റെ ഈ നല്ല പദ്ധതികളെപ്പറ്റി ബോധവാന്മാരാക്കി കൊണ്ടിരുന്നു. അവരുടെ സ്ഥലങ്ങൾ വിട്ടുകൊടുക്കാനും ആവശ്യപ്പെട്ടു. പകരം സർക്കാർ ഭൂമിയും വീടും മറ്റൊരു സ്ഥലത്ത് വാഗ്ദാനം ചെയ്തിരുന്നു.

സമീപ പ്രദേശമായ പള്ളിത്തുറയിൽ  വീടുകൾ  തയ്യാറായിക്കഴിഞ്ഞപ്പോൾ ജനങ്ങൾ സർക്കാരിന് സ്ഥലം കൈമാറി പുതിയ സ്ഥലങ്ങളിലേക്ക് താമസമാക്കി.  ബിഷപ്പും അവരോടൊപ്പം ജനങ്ങളെ പുനരധിവസിപ്പിക്കാൻ നേതൃത്വം കൊടുത്തിരുന്നു. പള്ളിത്തുറയിൽ മറ്റൊരു പള്ളി പണി തീർത്ത് കഴിഞ്ഞപ്പോൾ പള്ളിയും വിട്ടു കൊടുത്തു. സെന്റ് മേരിസ് മഗ്ദലനാ പള്ളിയും സമീപ പ്രദേശങ്ങളും ബഹിരാകാശ ഓഫീസുകളായി മാറ്റപ്പെടുകയും ചെയ്തു. പള്ളി നിലനിർത്തുകയും പിന്നീട് അത് മ്യുസിയമാക്കുകയും ചെയ്തു.  ഇന്ത്യയുടെ ബഹിരാകാശ പുരോഗമനങ്ങളുടെ ചരിത്രമെല്ലാം ഇന്ന് പള്ളിയ്ക്കകത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് സന്ദർശകർ അവിടെ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ നാനാ ഭാഗത്തുനിന്നും സ്‌കൂൾ കുട്ടികളും കോളേജ് കുട്ടികളും അവിടം സന്ദർശിച്ചുകൊണ്ടിരിക്കുന്നു. വർഷത്തിൽ ഒരിക്കൽ ആ പള്ളിയിൽ ആരാധന നടത്താറുണ്ട്. നവംബർ മാസം 'മരിച്ചുപോയവർക്കായുള്ള ദിനം ' (All souls day) ആ പള്ളിയിൽ ഇന്നും ആഘോഷിക്കുന്നു. അവിടെയുള്ള പഴയ സെമിത്തെരിയിൽ പള്ളിക്കു പുറകിലുള്ള സ്ഥലത്ത് മരിച്ചവർക്കായി പ്രാർത്ഥന ചെല്ലാൻ ഭക്തജനങ്ങൾ തടിച്ചു കൂടാറുണ്ട്.

തിരുവനന്തപുരത്തിനു സമീപമുള്ള മുരുക്കുമ്പുഴ എന്ന സ്ഥലത്ത് ബിഷപ്പ് പീറ്റർ ബെർണാർഡ് പെരേര 1917 ജൂൺ ഇരുപത്തിയൊന്നാം തിയതി ജനിച്ചു. 1944 മാർച്ച് ഇരുപത്തിനാലാം തിയതി അദ്ദേഹം പുരോഹിതനായി പട്ടമേറ്റു. നെടുമങ്ങാട് താലൂക്കിലുള്ള ചുള്ളിമണൂരിൽ സേക്രഡ് ഹാർട്ട് പള്ളിയിൽ ആദ്യം സഹവികാരിയായും പിന്നീട് അവിടെ വികാരിയായും സേവനം ചെയ്തു. തിരുവനന്തപുരത്ത് സഹായമെത്രാനായി നിയമിതനായി. 1966 ഒക്ടോബർ ഇരുപത്തിനാലാം തിയതി ബിഷപ്പ് വിൻസെന്റ് ഡെരേരെ രാജി വെച്ചപ്പോൾ അദ്ദേഹം തിരുവനന്തപുരം രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപതയുടെ ദേശീയനായ ആദ്യത്തെ ബിഷപ്പെന്ന ബഹുമതിയും നേടി.  തിരുവനന്തപുരം പ്രധാനമായും ഒരു മിഷ്യനറി രൂപതയായിരുന്നു. അതുകൊണ്ടു പാവങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. തുമ്പയിൽ റോക്കറ്റ് സ്റ്റേഷൻ  വന്നപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾ അവിടെ നിന്ന് ഒഴിയേണ്ടി വന്നു. അവരെല്ലാം പാവപ്പെട്ട കുടിലിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളായിരുന്നു.പതിനെട്ടേക്കർ ഭൂമിയിൽ മുന്നൂറോളം പേർക്ക് വീട് വെച്ചുകൊടുക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

ഡോ. അബ്ദുൾകലാം അദ്ദേഹത്തിൻറെ പുസ്തകത്തിൽ ബിഷപ്പ് പെരേരായെപ്പറ്റി  വിവരിച്ചിട്ടുണ്ട്. കലാം എഴുതി, "റവ. ബിഷപ്പ് ഡോ. പീറ്റർ ബെർണാഡ് പെരേരാ മഹത്തായ ഒരു പ്രസ്ഥാനത്തിനായി നടത്തിയ ശ്രമങ്ങൾക്കു നന്ദിയുണ്ട്. വിശാലഹൃദയനായ ബിഷപ്പിന്റെ ശ്രമംമൂലം പള്ളിയും പരിസരങ്ങളും ബഹിരാകാശ ഉദ്യമങ്ങൾക്കായി ലഭിക്കുകയും ചെയ്തു. ഇടവകക്കാർക്ക് പുതിയ പള്ളിയും പുതിയ വീടുകളും വെച്ചു കൊടുത്തു. പുതിയ ഗ്രാമവും പള്ളിയും നൂറു ദിവസം കൊണ്ട് നിർമ്മിക്കാൻ സാധിച്ചു. ബിഷപ്പ് താമസിച്ചിരുന്ന ഭവനം ഓഫീസാക്കി. പള്ളിയ്ക്കകം  ജോലിക്കാർക്കായുള്ള വർക്ക് ഷോപ്പുമാക്കി. കന്നുകാലികളെ വളർത്തിയ സ്ഥലങ്ങൾ സ്റ്റോറേജ് മുറികളുമാക്കി. ലാബറട്ടറികളും അവിടെ സ്ഥാപിച്ചു. അനുവദിച്ചിരിക്കുന്ന ചെറിയ ഫണ്ടുകൊണ്ട് യുവാക്കന്മാരായ ശാസ്ത്രജ്ഞർ ആദ്യത്തെ റോക്കറ്റ് അസംബിൾ ചെയ്യാനും തുടങ്ങി." യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് റോക്കറ്റിനുവേണ്ട സാധന സാമഗ്രികളും മറ്റും  ചുമട്ടു തൊഴിലാളികൾ കാൽനടയായും സൈക്കിളിലും എത്തിച്ചിരുന്നു.

ഡോ.വിക്രം സാരാഭായിയെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്നു. അദ്ദേഹം പഠനം കഴിഞ്ഞയുടൻ ഇന്ത്യയുടെ സമഗ്രമായ ഈ പദ്ധതികൾക്കായുള്ള ഗവേഷണങ്ങളിൽ തന്റെ സമയം മുഴുവൻ ചെലവഴിച്ചിരുന്നു. 1960-ൽ നെഹ്രുസർക്കാർ ബഹിരാകാശ ഗവേഷണങ്ങൾക്കായുള്ള പദ്ധതികൾക്കു തുടക്കമിട്ടു.  1961-ൽ സർക്കാർ ആണവോർജ്ജനത്തെപ്പറ്റി പഠിക്കാൻ ഒരു ഗവേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഡോ. വിക്രം സാരാഭായിയാണ് അന്തരീക്ഷത്തിലെ വായു മണ്ഡലങ്ങളെ ഗവേഷണം ചെയ്യാനായി തിരുവനന്തപുരത്തുളള തുമ്പ റോക്കറ്റ് കേന്ദ്രം റ്റി.ഇ.ആർ.എൽ.എസ് (TERLS) സ്ഥാപിച്ചത്. റ്റി.ഇ.ആർ.എൽ.എസിന്റെ പൂർണ്ണരൂപം തുമ്പ എക്യുറ്റോറിയൽ റോക്കറ്റ് ലോച്ചിങ് സ്റ്റേഷനെന്നാണ്.1962-ൽ ശൂന്യാകാശ പ്രവർത്തനത്തിനായി ഇൻകോസ്പാർ (INCOSPAR)) എന്ന സംഘടന രൂപം കൊണ്ടു. 1963-നവംബറിൽ തുമ്പയിൽനിന്നും ആദ്യത്തെ റോക്കറ്റുയർന്നു. അതിനുശേഷമുള്ള കാലഘട്ടങ്ങൾ മുഴുവൻ തിരുവന്തപുരവും തുമ്പയും പരിസരങ്ങളും വിക്രം സാരാഭായുടെ കർമ്മ മണ്ഡലങ്ങളായിരുന്നു.

1969-ൽ ഐ.എസ്.ആർ.ഒ സ്ഥാപിച്ചു. അന്നുമുതൽ വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്പേസ് ടെക്‌നോളജി വിപുലമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.  അതിനു ശേഷം   അഭിമാനിക്കത്തക്ക ചരിത്രപരമായ അനേക നേട്ടങ്ങൾക്കു രാജ്യം സാക്ഷ്യവും വഹിച്ചു. അന്നുമുതലുള്ള എല്ലാ കാലങ്ങളും ഐ. എസ്. ആർ. ഒ ഇന്ത്യയിലെ സാധാരണക്കാരായ ജനത്തെയും ഉൾപ്പെടുത്തി ഗവേഷണങ്ങൾ  തുടർന്നുകൊണ്ടിരുന്നു. അങ്ങനെ വളർന്ന് 'ഐ.എസ്.ആർ.ഒ ' ലോകത്തിലെ ആറു വലിയ സ്‌പേസ് ഏജൻസികളിൽ ഒന്നായി തീർന്നു. കാലാവസ്ഥ നിർണ്ണയങ്ങൾ, ഭൂമി ശാസ്ത്ര വിവരങ്ങൾ, ചാർട്ടുകളും ഭൂഗോള പടങ്ങളും വരയ്ക്കുന്ന വിദ്യ,  നാവിക വിദ്യ, വ്യോമയാനം, എന്നിവകളിലും  വിദ്യാഭ്യാസപരമായ സാറ്റലൈറ്റുകൾ വിപുലപ്പെടുത്തുന്നതിലും മറ്റേതൊരു ലോക രാഷ്ട്രത്തെക്കാളും ഐ.എസ്.ആർ. ഓ. അതീവ മത്സരത്തോടെ പ്രവർത്തിക്കുന്നു. ഡോ. അബ്ദുൽ കലാം, മാധവൻ നായർ, കസ്തുരി രംഗൻ, യു ആർ റാവു എന്നിവരുമായുള്ള സഹവർത്തിത്വം വിക്രം സാരാഭായിക്ക് ബഹിരാകാശ ശ്രമങ്ങൾക്കായി ബലവും ആവേശവും നൽകിയിരുന്നു.

1969-ൽ, ബഹിരാകാശ പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽ പ്രത്യേകമായ ഒരു വകുപ്പു സൃഷ്ടിക്കുകയും വകുപ്പിലുള്ളവർ  ചുമതലയെടുക്കുകയും ചെയ്തു. തുടക്കത്തിൽ ഉപയോഗിച്ചിരുന്നത് അമേരിക്കയും ഫ്രഞ്ചും നിർമ്മിതമായ റോക്കറ്റുകളായിരുന്നു. കാലാവസ്ഥകളെ പഠിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദ്യേശ്യം. പിന്നീട് ബ്രിട്ടന്റെയും റക്ഷ്യയുടെയും റോക്കറ്റുകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ തുടങ്ങി. പ്രാരംഭം മുതൽ തദ്ദേശീയമായ റോക്കറ്റുകൾ വാർത്തെടുക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. അധികം താമസിയാതെ ഇന്ത്യയുടെ ലക്ഷ്യബോധം സഫലമാവുകയും ചെയ്തു. രോഹിണി കുടുംബത്തിൽപ്പെട്ട സൗണ്ടിങ്ങ് റോക്കറ്റുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ  സ്വായത്തമാക്കുകയും ചെയ്തു.

1975 മുതൽ സെമി സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഐ.എസ്.ആർ.ഓ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. 1975 ഏപ്രിൽ പത്തൊമ്പതാം തിയതി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനമായ 'ആര്യഭട്ട' വിജയകരമായി വിക്ഷേപിച്ചു. 1979-ൽ ഭൗമിക തലങ്ങളെ വീക്ഷിക്കാനായി 'ഭാസ്ക്കര ഒന്ന്' എന്ന ഉപഗ്രഹം അയച്ച് ബഹിരാകാശത്തെ കീഴടക്കി. 1980 -ൽ ഇന്ത്യയുടെ മാത്രം തനതായ ടെക്നൊളജിയോടു കൂടിയ 'രോഹിണി ഒന്ന്' (SLV1) എന്ന ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് അയച്ചു. ആന്ധ്രായിലുള്ള ശ്രീഹരിക്കോട്ട ദ്വീപിൽ നിന്നായിരുന്നു ഉപഗ്രഹം വിജയകരമായി ശൂന്യാകാശത്തിലേയ്ക്ക് കുതിച്ചുയർന്നത്. അതിനുശേഷം അയച്ച 'രോഹിണി രണ്ടും' വിജയകരമായിരുന്നു. 1983-ൽ അയച്ച രോഹിണി മൂന്നും വിജയകരമായി തന്നെ ഭ്രമണപദത്തിലെത്തിച്ചു. അതുമൂലം ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളിൽ ടെലിവിഷൻ പരിപാടികൾ എത്തിക്കാൻ സാധിച്ചു. 1985 ആയപ്പോൾ അത് തൊണ്ണൂറു ശതമാനം ജനങ്ങളിലേക്കും വ്യാപിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളുടെ പടങ്ങൾ ലഭിക്കാനും കൊടുങ്കാറ്റ്, ഇടിമിന്നൽ, പേമാരികളുടെ മുന്നറിയിപ്പുകൾ നേടാനും ടെലിവിഷൻ, റേഡിയോ മുതലായവകൾക്കുള്ള സന്ദേശങ്ങളെത്തിക്കാനുമായി   പ്രാപ്തിയേറിയ ഉപഗ്രഹങ്ങളുടെ നിർമ്മാണങ്ങളും ആരംഭിച്ചു. ഏകദേശം അഞ്ഞൂറിൽപ്പരം ടെലിവിഷൻ സ്റ്റേഷനുകൾക്കും നൂറ്റിയറുപതു റേഡിയോ സ്റ്റേഷനുകൾക്കും ആവശ്യമുള്ള വിവരങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

1984- ഏപ്രിൽ രണ്ടാംതീയതി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി 'രാകേഷ് ശർമ്മ' ബഹിരാകാശത്തിൽ എട്ടു ദിവസം കറങ്ങി ഇന്ത്യയ്ക്കുവേണ്ടിയുള്ള ദൗത്യം നിർവഹിച്ചു. മുപ്പത്തിയഞ്ചു വയസുള്ള എയർ ഫോഴ്സ് പൈലറ്റ് രണ്ടു റഷ്യൻ സഞ്ചാരികൾക്കൊപ്പം റഷ്യൻ നിർമ്മിതമായ 'സോയൂസ് റ്റി പതിനൊന്ന്' എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു സഞ്ചരിച്ചത്. ബഹിരാകാശത്തിലായിരുന്ന സമയം 'ശർമ്മ' ഇന്ത്യയുടെ വടക്കും പ്രദേശങ്ങളിലെ കാഴ്ചകൾ കാണത്തക്ക വിധം കളർ ഫോട്ടോകൾ എടുത്തിരുന്നു. ഹിമാലയ പ്രദേശങ്ങളിൽ നിന്നും ഹൈഡ്രോ ഇലക്ട്രിക്ക് ഊർജം സമാഹരിക്കുന്ന ലക്ഷ്യമായിരുന്നു ഈ യാത്രയിലുണ്ടായിരുന്നത്. അദ്ദേഹം ലോകത്തിലെ നൂറ്റി മുപ്പത്തിയഞ്ചാം ബഹിരാകാശ സഞ്ചാരിയായിരുന്നു. ബഹിരാകാശത്തിൽ സഞ്ചരിക്കുന്നതിനുമുമ്പ് ശർമ്മായ്ക്ക് 'പൂജ്യം ഗ്രാവിറ്റിയിൽ' ജീവിക്കാനുള്ള വ്യായാമങ്ങൾ 'വിങ്ങ് കമാണ്ടർ രാവിഷ് മൽഹോത്ര' നൽകിയിരുന്നു. യോഗയും പരിശീലിപ്പിച്ചിരുന്നു. ബഹിരാകാശ പദ്ധതികൾക്കായി സോവിയറ്റ് യൂണിയനെയായിരുന്നു ഇന്ത്യ  കൂടുതലായും ആശ്രയിച്ചിരുന്നത്. 1987 മുതൽ 1992 വരെ വിക്ഷേപിച്ചിരുന്ന റോക്കറ്റുകൾ പലതും പരാജയപ്പെട്ടിരുന്നു.

1992-ൽ ഇൻസാറ്റ് രണ്ട് ജിയോ സ്റ്റേഷനറിയെന്ന  (INSAT-2 geostationary) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇൻസാറ്റ് സീരിയിലുള്ള റോക്കറ്റുകൾക്ക് പലതരം ലക്ഷ്യങ്ങളുണ്ടായിരുന്നു. ടെലികമ്മ്യുണിക്കേഷൻസ്, ടെലിവിഷൻ, കാലാവസ്ഥ പഠനം, മുതലായവകൾ ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യങ്ങളായിരുന്നു. ഇരുപത്തി നാലു മണിക്കൂറും കാലാവസ്ഥയെ നിരീക്ഷിക്കുകയും കാറ്റ്, പേമാരി എന്നീ പ്രകൃതി ദുരന്തങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയുമെന്നത് ഈ ഉപഗ്രഹങ്ങൾ വഴി സാധിച്ചിരുന്നു. ഏഷ്യയിലെയും പെസിഫിക്ക് തീരത്തിലെയും ഏറ്റവും വലിയ വാര്‍ത്താവിനിമയമാര്‍ഗ്ഗമായി ഇൻസാറ്റ് ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നു.

2008 ഒക്ടോബർ ഒന്നാംതീയതി മനുഷ്യരില്ലാതെയുള്ള 'ചന്ദ്രയാൻ' ഉപഗ്രഹം ഐ.എസ്.ആർ.ഒ യുടെ കീഴിൽ തൊടുത്തു വിട്ടു. ഏകദേശം 312 ദിവസങ്ങളോളം അത് ഭ്രമണപദത്തിൽ കറങ്ങിയിരുന്നു. ചന്ദ്രനിലേക്ക് അയച്ച ഈ ഉപഗ്രഹം ഇന്ത്യയുടെ ആദ്യത്തെ മിഷ്യനായിരുന്നു. അതിനു മുമ്പ് അന്തർദേശീയ തലത്തിൽ ആറു സ്പേസ് സംഘടനകളെ ഇത്തരം ഒരു ദൗത്യത്തിന് ശ്രമിച്ചിട്ടുള്ളൂ. ചന്ദ്രന്റെ ഭൂതലത്തെപ്പറ്റി പഠിക്കാനും രാസ പദാർത്ഥങ്ങൾ കണ്ടെത്തി ഗവേഷണങ്ങൾ  നടത്തുകയെന്നതുമായിരുന്നു ഈ മിഷ്യന്റെ ലക്‌ഷ്യം. ഐ.എസ്.ആർ.ഒ യ്ക്ക് അന്ന് ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നെങ്കിലും അതിനു മുമ്പായി ചന്ദ്രയാനു ഇന്ത്യയുടെ പതാക ചന്ദ്രനിൽ നാട്ടുവാൻ സാധിച്ചുവെന്നുള്ളതും നേട്ടമായിരുന്നു.

നാവിഗേഷനും റേഞ്ചിങ്ങിനുമായി ഇന്ത്യൻ ബഹിരാകാശ സംരംഭം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐ.ആർ.എൻ.എസ്.എസ്. എന്നത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്ന് പൂർണ്ണമായി പറയുന്നു. കാർഗിൽ യുദ്ധത്തിൽ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വന്നതുകൊണ്ട് ഇന്ത്യൻ പട്ടാളത്തിന് അക്കാലങ്ങളിൽ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഇവയുടെ സ്ഥാനം ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 36000 കിലോമീറ്റർ അകലെയായിരിക്കും. ഏഴു ഉപഗ്രഹങ്ങളുടെ കൂട്ടമായ പ്രവർത്തനങ്ങൾക്കായി രണ്ടു ഉപഗ്രഹങ്ങൾ ഭൂമിയിൽ കാത്തിരിക്കുന്നുണ്ടാകും.  ഇന്ത്യയ്ക്ക് വെളിയിലായി 1500 കി. മീ. വരെയുള്ള പ്രദേശങ്ങളിലെ വിവരങ്ങൾ  ഉപഗ്രഹം ശേഖരിച്ചു നൽകുന്നു. ഐ.ആർ.എൻ.എസ്.എസ് (IRNSS) ആദ്യഉപഗ്രഹത്തിന്റെ വിക്ഷേപണം 2013 ജൂലൈ 1ന് ശ്രീഹരിക്കോട്ടയിൽ നടന്നു. പ്രകൃതി ക്ഷോപങ്ങളും മറ്റു കെടുതികളും ഉണ്ടാവുമ്പോൾ ഈ ഉപഗ്രഹം സമയാ സമയങ്ങളിൽ വിവരങ്ങൾ ഭൂമിയിൽ എത്തിച്ചുകൊണ്ടിരിക്കും. രക്ഷാ പ്രവർത്തനങ്ങൾക്കും സഹായകമാകും. ഡ്രൈവർമാർക്ക് വഴി കണ്ടുപിടിക്കാനും എളുപ്പമാകും. ഈ പദ്ധതിയിലെ രണ്ടാമത്തെ ഉപഗ്രഹം ഐ.ആർ.എൻ.എൻ.എസ് 1ബി (IRNNS 1B) ഏപ്രിൽ നാലിന്നു പി.എസ്.എൽ.വി 24 (PSLV 24) ഉപയോഗിച്ച് ഭ്രമണ പഥത്തിൽ എത്തിച്ചു വിജയിക്കുകയും ചെയ്തു. രാജ്യത്തിന്റെ പതിനയ്യായിരം കിലോമീറ്ററോളം ഈ നാവിഗേഷൻ കവർ ചെയ്യുന്നുണ്ട്. ലോകത്തിലെ നാവിഗേഷൻ സിസ്റ്റമുള്ള അഞ്ചു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.

2014-ൽ ഐ.എസ്.ആർ.ഒ രൂപകൽപ്പന ചെയ്ത 'മംഗലായൻ' ഉപഗ്രഹം ചൊവ്വാ ഗ്രഹത്തിൽ വിജയകരമായി വിക്ഷേപിച്ചതും ആദ്യത്തെ പ്രാവിശ്യം  ദൗത്യം വിജയിച്ചതും ഇന്ത്യയുടെ നേട്ടമായിരുന്നു. മറ്റുള്ള രാജ്യങ്ങൾ ഒന്നിൽ കൂടുതൽ പ്രാവശ്യം ശ്രമിച്ചതിൽ പിന്നീടായിരുന്നു അവരുടെ ചൊവ്വ ദൗത്യങ്ങളിൽ വിജയം കണ്ടിരുന്നത്. ചുവന്ന ഗ്രഹമായ ചൊവ്വയിൽ ഉപഗ്രഹമെത്തിച്ച നാല് രാജ്യങ്ങളിൽ ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടു. മറ്റു മൂന്നു സ്പേസ് സംഘടനകൾ നാസയും സോവിയറ്റ് സ്പേസ് പ്രോഗ്രാമും യൂറോപ്യൻ സ്‌പേസ് പ്രോഗ്രാമുമായിരുന്നു.  450 കോടി രൂപയായിരുന്നു ചൊവ്വയിലേക്കുള്ള ഈ ദൗത്യത്തിന്റെ ചിലവ്. ഇത് ഇന്നുവരെയുള്ള മിഷ്യനുകളിൽ ഏറ്റവും ചെലവ് കുറഞ്ഞതാണ്. 'മംഗലായൻ' ഉപഗ്രഹ മിഷ്യന്റെ ലക്ഷ്യം ഗോളങ്ങളുടെ ബാഹ്യതലങ്ങളുടെ ഗവേഷണങ്ങളെന്നതായിരുന്നു.

2014-ൽ ഐ.എസ്.ആർ. ഓ യുടെ നിയന്ത്രണത്തിൽ  'ജി.എസ്.എൽ.വി- എം.കെ. 3' (GSLV-MK3) എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഈ വിക്ഷേപത്തോടെ രാജ്യത്തിന്റെ അഭിമാനം ഇന്ത്യ  അന്തർദേശീയ തലങ്ങളിൽ ഉയർത്തി കാട്ടിയിരുന്നു. മൂന്നു ബഹിരാകാശ സഞ്ചാരികളെ ഈ വാഹനത്തിന് ഭ്രമണപദത്തിലെത്തിക്കാൻ കഴിവുണ്ടായിരുന്നു. നാലു ടൺ വരെ വഹിക്കാൻ കഴിവുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തിൽ എത്തിക്കാൻ വാഹനത്തിനു കഴിവുണ്ട്. ക്രയോജനിക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻകാല റോക്കറ്റ് ആയ പി.എസ്.എൽ.വി യുടെ നവീകരിച്ച രൂപമാണ് ജി.എസ്.എൽ.വി.  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിനായ സി.ഇ 20 ആണ് മാര്‍ക്ക് ത്രീയില്‍ ഉപയോഗിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വാഹനം വിക്ഷേപിച്ചത്. ഇന്ത്യയുടെ പാരമ്പര്യമായ ബഹിരാകാശ വാഹനം പി.എസ്.എല്‍.വി ആണെങ്കിലും പുതിയ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന 'ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ' രാജ്യത്തിന്റെ ഭാവി വിക്ഷേപണങ്ങള്‍ക്ക് കൂടുതൽ ശക്തി നൽകുന്നുവെന്നു കരുതപ്പെടുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി പദ്ധതികളും ലക്ഷ്യം വച്ചുള്ള വാഹനമാണ്  മാര്‍ക്ക് ത്രീ.

2015-ൽ ഐ.എസ്.ആർ.ഒ 1440 കിലോഗ്രാം ഭാരത്തോടെ ഒരു വ്യാവസായിക സാറ്റലൈറ്റ് ഭ്രമണപദത്തിലയച്ചു. അക്കൂടെ അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകളും ഈ മിഷ്യന്റെ ഭാഗമായി അയച്ചിരുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ 28 (പി.എസ്‌.എൽ, വി 28) എന്ന് ആ വാഹനത്തെ അറിയുന്നു. ഭൂമിയെ നിരീക്ഷിക്കാനായി അതിനൊപ്പം 447 കിലോഗ്രാമുള്ള മൂന്നു സാറ്റലൈറ്റുകളും ഉണ്ടായിരുന്നു. ഐ.എസ്.ആർ.ഓ വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി. ഒരു തവണ മാത്രമേ ഈ വാഹനം ഉപയോഗിക്കാൻ കഴിയുള്ളു. ഇതിനു ചെലവുകൾ വളരെ കൂടുതലാണ്. ഈ വാഹനം വികസിപ്പിച്ചെടുക്കുന്നതിനു മുമ്പായി സാമ്പത്തികമായി താങ്ങാൻ പറ്റുന്ന വാഹനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങിയിരുന്നു. പി.എസ.എൽ വി യ്ക്ക് ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണ പദത്തിലെത്തിക്കാൻ സാധിക്കും.

റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ (Reusable launch vehicle)  അഥവാ പുനരുപയോഗ വിക്ഷേപണ വാഹനം വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ചതാണ്. ഇതിന്റെ മുടക്ക് 95 കോടി രൂപയാണ്. ഉപഗ്രഹങ്ങളുടെ ചെലവുകൾ കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം. 2016 മെയ്മാസത്തിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ഐ.എസ്.ആർ.ഓ നേടിയ ഒരു പൊന്‍തൂവലായിരുന്നു ആർ.എൽ.വി അഥവാ റീ യൂസബിള്‍ ലോഞ്ച് വെഹിക്കിൾ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ വാഹനം വിക്ഷേപണത്തിൽ വിജയം കണ്ടതോടെ ഇന്ത്യയെ ബഹിരാകാശ ശക്തിയായി ലോകം അംഗീകരിക്കുകയും ചെയ്തു. ഉപഗ്രഹത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനരുപയോഗ വിക്ഷേപണ വാഹനമായ ആര്‍.എല്‍.വി ഇൻഡ്യ വികസിപ്പിച്ചത്.  കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്. ചെറിയ രൂപത്തിലുള്ള വിമാനമാണ് പരീക്ഷിച്ചത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സ്ഥലത്തുനിന്നും എഴുപതു കിലോമീറ്റർ ദൂരത്തിൽ വിക്ഷേപിച്ച് തിരിച്ചു വാഹനം ബംഗാൾ ഉൾക്കടലിൽ ഇറക്കുകയാണുണ്ടായത്. വിമാനം മുകളിലേക്ക് ഉയരുമ്പോഴും താഴുമ്പോഴുമുള്ള അനുകൂല, പ്രതികൂല സാഹചര്യങ്ങളെ വിലയിരുത്തുകയെന്നതായിരുന്നു  പരീക്ഷണം കൊണ്ട് ഉദ്ദേശിച്ചത്. വാഹനം ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിച്ചു. പൈലറ്റില്ലാതെയുള്ള  പുനരുപയോഗ വാഹനം പൂർണ്ണമായും  ഭൂമിയിൽ നിന്നും ബഹിരാകാശ മിഷ്യൻ നിയന്ത്രിച്ചിരുന്നു.

1969-നു ശേഷം ഐ.എസ്.ആർ.ഒ നേടിയ ബഹിരാകാശ നേട്ടങ്ങൾ സാമ്പത്തിക പുരോഗതികൾ കൈവരിച്ച രാജ്യങ്ങളെപ്പോലെ തന്നെ മെച്ചപ്പെട്ടതും മത്സര സ്വരൂപമായതുമായിരുന്നു. ദേശീയ പുരോഗതിയ്ക്ക് ശൂന്യാകാശ ഗവേഷണങ്ങൾ പ്രയോജനപ്പെടുകയും ചെയ്തു. ശൂന്യാകാശം കീഴടക്കിയതിനുപരി ആഗോളതലത്തിലെ സാമ്പത്തിക നേട്ടങ്ങൾ നേടിയ രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും ഇന്ന് തലയുയർത്തി നിൽക്കുന്നു. 2017-ലെ ബഹിരാകാശ മിഷ്യനിൽ തന്നെ പി.എസ്.എൽ.വി-സി 37 എന്ന വാഹനത്തിൽ   104 സാറ്റലൈറ്റുകൾ ഒന്നിച്ചു വിക്ഷേപിച്ചത് ലോക റെക്കോർഡായിരുന്നു. അതിനുമുമ്പ് 2014-ൽ റഷ്യയുടെ റോക്കറ്റിലയച്ച 37 സാറ്റലൈറ്റുകളായിരുന്നു റെക്കോർഡ്. ആന്ധ്രായിലുള്ള ശ്രീ ഹരിക്കോട്ട സ്പേസ് പോർട്ടിൽ നിന്നാണ് പി.എസ്.എൽ.വി-സി 37 വിക്ഷേപിച്ചത്. അതിൽ 101 എണ്ണം വിദേശ രാജ്യങ്ങൾക്കു വേണ്ടിയായിരുന്നു.

ഇന്ത്യ  ഓരോ വർഷവും ബഹിരാകാശ പ്രവർത്തനത്തിനായി ബഡ്ജറ്റിൽ കൂടുതൽ പണം ഉൾക്കൊള്ളിക്കാൻ താല്പര്യപ്പെടുന്നു. ദേശാഭിമാനമാണ് അതിനു കാരണം. ബഹിരാകാശ ദൗത്യത്തിനുശേഷം റോക്കറ്റ് സാധാരണ കത്തി നശിക്കുകയാണ് പതിവ്. എന്നാൽ അത് വീണ്ടും ഭൂമിയിൽ തിരിച്ചിറക്കി ഉപയോഗപ്രദമാക്കാമെന്നും ഇന്ത്യയുടെ സ്പേസ് മിഷ്യൻ തെളിയിച്ചു. ഭാവിയിൽ ചന്ദ്രനിലേക്ക് റോക്കറ്റെത്തിച്ചു പരിശോധന നടത്തിയശേഷം അതേ വാഹനം പരീക്ഷണ വസ്തുക്കളുമായി മടക്കികൊണ്ടുവരുന്ന പദ്ധതികളുമുണ്ട്. കൂടാതെ ചൊവ്വയിലേക്കും വീനസിലേക്കും അന്തരീക്ഷ പഠനത്തിനായി ശൂന്യാകാശ വാഹനങ്ങൾ അയക്കാൻ ഐ.എസ്.ആർ.ഒ പരിപാടികളിടുന്നു.





1963-ൽ റോക്കറ്റ് വിക്ഷേപിക്കാനുള്ള സാധന സാമഗ്രികൾ സൈക്കിളിലും എത്തിച്ചിരുന്നു.   










Thursday, June 22, 2017

ബൈബിൾ പുതിയ നിയമത്തിലെ പൊരുത്തക്കേടുകൾ


ജോസഫ് പടന്നമാക്കൽ 

ബൈബിൾ ആദ്യമെഴുതിയത് ഏതു ഭാഷയിലെന്ന് പണ്ഡിതരുടെയിടയിൽ അഭിപ്രായവിത്യാസങ്ങളുണ്ട്. യേശുവിന്റെ കാലത്ത് ഇസ്രായേലിൽ യഹൂദർ സംസാരിച്ചിരുന്നത് ആറാമിക്ക് ഭാഷയായിരുന്നു . ആദ്യകാല രചനകളിൽ പുതിയ നിയമത്തിലെ സുവിശേഷങ്ങളിലും അറാമിക്ക് വാക്കുകളുണ്ടായിരുന്നു. പുതിയ നിയമം ആദ്യം എഴുതിയത് ഹീബ്രുവിലോ അറാമിക്കിലോ ഗ്രീക്കിലോ ഭാഷകളിലാകാം.  അനേകമാളുകൾ പുതിയ നിയമം എഴുതിയത് ഹീബ്രുവിലെന്നും വിശ്വസിക്കുന്നുണ്ട്. എന്നാൽ സുവിശേഷം എഴുതിയ കാലത്ത് ഹീബ്രുവിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. ഗ്രീസിനെ റോമാ ആക്രമിച്ചു കീഴടക്കിയിരുന്നു. അങ്ങനെ ഗ്രീക്ക് സംസ്ക്കാരം റോമ്മാക്കാരെയും സ്വാധീനിച്ചു കാണും.   ഗ്രീക്കിലുള്ള സുവിശേഷം സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിലുമായിരുന്നു. എന്നിരുന്നാലും ഓരോ കാലത്തിലുമുള്ള ബൈബിൾ വിവർത്തനങ്ങളിൽ തെറ്റുകളും ആശയ വിത്യാസങ്ങളും വന്നുകൂടിയിട്ടുണ്ട്. സുവിശേഷങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ വചനങ്ങൾ കാണാം. പൗരാണിക കാലങ്ങൾ മുതൽ വിവിധ ഭാഷകളിൽനിന്നും തർജ്ജിമ ചെയ്തപ്പോൾ തെറ്റുകൾ സംഭവിച്ചതാകാം. അങ്ങനെയുള്ള ഏതാനും വചനങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ഈ ലേഖനത്തിലുള്ളത്.

സ്നാപക യോഹന്നാനെ യഹൂദർ ഏലിയായെന്നു തെറ്റിദ്ധരിച്ചിരുന്നു. പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലും യോഹന്നാന്റെ സുവിശേഷത്തിലുമുള്ള വചനങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മാർ ഏലിയാ പഴയ നിയമത്തിലെ ഒരു പ്രവാചകനായിരുന്നു.  (രാജാക്കന്മാർ 2:11–13) അരാമിക്ക് ഭാഷയിൽ 'മാർ' എന്നാൽ ഗുരു, പ്രഭുവെന്നല്ലാം അർത്ഥമുണ്ട്. ഈ പ്രവാചകൻ ദൈവവുമായി ആത്മീയകാര്യങ്ങളിൽ സദാ മുഴുകിയിരുന്നു.

"എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു." (മത്തായി  II: 14, 17:10-13)

ഏലിയാ വന്നുവെന്നാണ് മത്തായിയുടെ സുവിഷത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ വ്യത്യസ്തമായ രീതിയിൽ സ്നാപകയോഹന്നാനെപ്പറ്റി വിവരിച്ചിരിക്കുന്നു. സ്നാപകനോട് നീ ആരെന്നു യഹൂദർ ചോദിക്കുന്നു.

"പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു."(യോഹന്നാൻ 1:19-21)

"എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല" എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ സുവിശേഷകർ തമ്മിലുള്ള ബന്ധമില്ലാത്ത വചനങ്ങൾ ബൈബിളിൽ നിരവധിയാണ്.

ദാവീദിന്റെ സിംഹാസനം യേശു അലങ്കരിക്കുമോ? ലൂക്കോസിന്റെ സുവിശേഷത്തിൽ  അലങ്കരിക്കുമെന്നും മത്തായിയുടെ വചനത്തിൽ ഇല്ലായെന്നും ഉത്തരം കിട്ടും.

"അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും" (ലൂക്കോസ് 1:32)

ദാവീദിന്റെ പിൻഗാമികളിൽ ദൈവകോപം ലഭിച്ച തലമുറകളുമുണ്ട്.   അവൻ 'ജെഹോയകിംന്റെ' പിന്തുടർച്ചക്കാരനെന്നു മത്തായിയുടെ  സുവിശേഷത്തിൽ പറയുന്നു.  ജെഹോയകിനെ ദൈവം ശപിച്ചിട്ടുമുണ്ട്.

"അതുകൊണ്ടു യെഹൂദാരാജാവായ ജെഹോയകിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "അവന്നു ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞു ഏല്പാൻ എറിഞ്ഞുകളയും."(ജെറൂമിയ36:30)

അങ്ങനെയെങ്കിൽ അവന്റെ പിൻഗാമികൾ ആരും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കില്ല. അത്തരമൊരു ദൈവത്തിന്റെ ശാപത്തിന്മേൽ യേശു എങ്ങനെ ദാവീദിന്റെ സിംഹാസനം അലങ്കരിക്കും?

യേശു ജെറുസലേം ദേവാലയത്തിൽ കഴുതപ്പുറത്ത് സഞ്ചരിച്ചുവെന്ന് പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. യേശുവിനൊപ്പം സഞ്ചരിച്ചത് ഒരു മൃഗം മാത്രമോ അതോ രണ്ടു മൃഗമോയെന്നും ചോദ്യചിന്ഹമാണ്. യേശു ജെറുസലേം ദേവാലയത്തിൽ പോയപ്പോൾ ഒപ്പം സഞ്ചരിച്ചത് ഒരു മൃഗം മാത്രമായിരുന്നുവെന്ന് മർക്കോസും രണ്ടു മൃഗങ്ങളുണ്ടായിരുന്നുവെന്ന് മത്തായിയും പറയുന്നു.

"അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു." (മർക്കോസ്‌ 11:7; cf ).

"കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു."(മത്തായി 21:7).

സുവിഷങ്ങൾ വായിക്കുന്ന ഒരാൾക്ക് ഇവരിൽ  മാർക്കോസോ, മത്തായിയോ ആരാണ് ശരിയെന്നുള്ളതും അവ്യക്തമാണ്. ലൂക്കോസിന്റെ സുവിശേഷത്തിലും ഒരു കഴുതയെപ്പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ.

നസ്റായേൽക്കാരൻ യേശു സാക്ഷാൽ ക്രിസ്തുവെന്ന വിവരം പീറ്റർ അറിഞ്ഞതും എങ്ങനെയെന്ന കാര്യത്തിലും വിവാദങ്ങളുണ്ട്. സുവിശേഷങ്ങളിൽ അവ്യക്തത കാണുന്നു. യേശു, ക്രിസ്തുവാണെന്നു പീറ്ററിനു വിവരം ലഭിച്ചതു  സ്വർഗത്തിൽ നിന്നെന്ന്, മത്തായിയുടെ സുവിശേഷവും അതേസമയം അവന്റെ സഹോദരൻ ആൻഡ്രു പറഞ്ഞെന്നു  യോഹന്നാന്റെ സുവിശേഷവും  പറയുന്നു.വചനങ്ങൾ പരസ്പ്പരവിരുദ്ധങ്ങളുമാണ്.

"യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു." (മത്തായി 16:17)

 "യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു." (യോഹന്നാൻ 1:40-41)

സൈമൺ പീറ്ററെയും ആൻഡ്രുവിനെയും യേശു എവിടെ വെച്ച് കണ്ടുമുട്ടി?ഗലീലിയാ സമുദ്ര തീരത്ത് കണ്ടുമുട്ടിയെന്നു മത്തായിയുടെ വചനത്തിലും അങ്ങനെയല്ല ജോർദാൻ നദി തീരത്തെന്നു യോഹന്നാന്റെ വചനത്തിലും പറയുന്നു.

"അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിത്തക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു" (മത്തായി 4:18-22)

"ഇതു യോർദ്ദന്നക്കാരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു. യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു."(യോഹന്നാൻ 1:28,40,)

യേശു ജൈറസിനെ കണ്ടുമുട്ടിയപ്പോൾ ജൈറസിന്റെ മകൾ മരിച്ചിരുന്നുവോ? ജൈറസിന്റെ മകൾ മരിച്ചിരുന്നു. മത്തായുടെ സുവിഷത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതേ സമയം മാർക്കോസിന്റെ സുവിശേഷത്തിൽ യേശു അവരെ കണ്ടുമുട്ടുന്ന സമയം മരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പറയുന്നു.

"അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു."(മത്തായി 9-18)

"പള്ളി പ്രമാണികളിൽ ജൈയീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാൽക്കൽ വീണു: എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു."(മാർക്കോസ് 5-23)

യേശുവിന്റെ ശിക്ഷ്യന്മാരോട് അവരുടെ യാത്രാ വേളകളിൽ സഹായത്തിനു എന്തെല്ലാം കരുതണമെന്നുള്ള കാര്യം വചനത്തിൽ വ്യത്യസ്തമായി കാണുന്നു. ലൂക്കിന്റെ സുവിശേഷത്തിൽ വഴിക്കു വടി എടുക്കരുതെന്നും മാർക്കോസിന്റെ സുവിശേഷത്തിൽ വടി മാത്രം എടുക്കാമെന്നും  പറയുന്നു. ചെരുപ്പിന്റെ കാര്യം ലൂക്കിന്റെ സുവിശേഷത്തിൽ സൂചിപ്പിക്കുന്നില്ല.

"വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു." (ലൂക്കാ 9:3)

"അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;" (മാർക്കോസ് 6:8)


യേശുവിന്റെ വിസ്താരവേളയിൽ 'ഹേറോദോസ്' യേശുവിനെ  സ്നാപക യോഹാന്നാൻ എന്ന് തെറ്റി ധരിക്കുന്നുണ്ടോ? മാത്യുവിന്റെ സുവിശേഷത്തിൽ ഹേറോദോസ് യേശുവിനെ സ്നാപക യോഹന്നാനായി തെറ്റി ധരിക്കുന്നുണ്ട്. മാർക്കും അങ്ങനെ തന്നെ രേഖപ്പെടുത്തുന്നു. എന്നാൽ ലൂക്കോസിന്റെ സുവിശേഷത്തിൽ വ്യത്യസ്തയും കാണുന്നു.

ഹേറോദോസ് പറയുന്നു, "യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു." (ലൂക്കോസ് 9:9)

ഈ വചനം മത്തായിയുടെ സുവിശേഷത്തിൽ മറ്റൊരു വിധത്തിൽ എഴുതപ്പെട്ടിരിക്കുന്നു.

"ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു: അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. (മത്തായി 14:2; മാർക്കോസ് 6:16)

സ്നാപക യോഹന്നാൻ സ്നാനത്തിനു മുമ്പ് യേശുവിനെ തിരിച്ചറിഞ്ഞിരുന്നുവോ? മത്തായിയുടെ സുവിശേഷത്തിൽ തിരിച്ചറിഞ്ഞിരുന്നു.

 "അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു." (മത്തായി 3:13-14)

യോഹന്നാന്റെ സുവിഷത്തിൽ സ്നാപക യോഹന്നാൻ യേശുവിനെ തിരിച്ചറിയുന്നില്ല.

"ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു."(യോഹന്നാൻ 1:32,33)

സ്നാപക യോഹന്നാൻ യേശുവിന്റെ സ്നാനം കഴിഞ്ഞു യേശുവിനെ തിരിച്ചറിഞ്ഞുവോ? മത്തായിയുടെ സുവിശേഷത്തിൽ, സ്നാപക യോഹന്നാൻ ജയിലിൽ കിടക്കുമ്പോൾ യേശുവിനെ അറിയുന്നുവെന്നു പറയുന്നു. അതെ സമയം യേശുവിനു സ്നാനം കൊടുക്കുമ്പോൾ സ്നാപക യോഹന്നാൻ തിരിച്ചറിയുന്നതായി സുവിശേഷകനായ യോഹന്നാന്റെ സുവിശേഷത്തിലുമുണ്ട്.

"യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു; (മത്തായി 11:2)

"യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു."(യോഹന്നാൻ 1:32, 33)

യേശു ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ അന്നേ ദിവസംതന്നെ യേശു ദേവാല ശുദ്ധീകരണം നടത്തിയെന്നും അതല്ലാ നേരം വൈകിയതുകൊണ്ടു അവൻ മടങ്ങിപോയിയെന്നും ശുദ്ധീകരണം നടത്തിയത് പിറ്റേ ദിവസമെന്നും വചനങ്ങളിൽ വ്യത്യസ്തമായി എഴുതപ്പെട്ടിരിക്കുന്നതും വായിക്കാം.

"യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു: (Matthew 21:12)

"അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു; അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; (മാർക്കോസ് I1:1-17)

അത്തി മരത്തെ ശപിച്ചെന്നു സുവിശേഷം പറയുന്നു. അത്തിമരം ഉടൻ ഉണങ്ങി പോയിയെന്നും അതല്ലാ ഉണങ്ങി നിൽക്കുന്നത് കണ്ടത് പിറ്റേദിവസമെന്നു ശിക്ഷ്യന്മാർ സാക്ഷിപ്പെടുത്തുന്നതും വായിക്കുന്നു.

"അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. (മത്തായി 21:19)

"അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു." (മാർക്കോസ് II:20)

ജൂദാസ് യേശുവിനെ ഒറ്റു കൊടുക്കാൻ ഉമ്മ വെച്ചുവോ? ഉമ്മ വെച്ചെന്നും വചനമുണ്ട്. എന്നാൽ യൂദാസിന് ഉമ്മ വെക്കാൻ യേശുവിന്റെ സമീപമെത്താൻ സാധിച്ചില്ലെന്നും വചനത്തിലുണ്ട്.

"അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു: “സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു. (മത്തായി 26:48-50)

"അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു." (യോഹന്നാൻ 18:3-12) ഈ വചനത്തിൽ യൂദായുടെ ചുംബനമില്ലാതെ തന്നെ പടയാളികൾ യേശുവിനെ തിരിച്ചറിയുന്നുണ്ട്.

പീറ്റർ യേശുവിനെ തള്ളി പറയുന്നതിനെപ്പറ്റി എന്താണ് പറഞ്ഞത്? സുവിശേഷകരുടെ വചനങ്ങൾ വ്യത്യസ്തമായി പറയുന്നു.

"നീ മൂന്നു പ്രാവിശ്യം എന്നെ തള്ളി പറയുന്നത് വരെ കോഴി കൂവില്ല" (യോഹാന്നാൻ13-38)."കോഴി രണ്ടു പ്രാവിശ്യം കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളി പറയും."(മർക്കോസ് 13-30) "കോഴി ഒരു പ്രാവശ്യം കൂവുമ്പോൾ നിന്റെ മൂന്ന് തള്ളിപറയൽ പൂർത്തികരിക്കില്ല."(മാർക്കോസ്  14-72)

യേശു കുരിശു സ്വയം ചുമന്നുവോ? യോഹന്നാന്റെ സുവിശേഷത്തിൽ സ്വയം ചുമന്നുവെന്നും മത്തായിയുടെ സുവിശേഷത്തിൽ സഹായി ഉണ്ടായിരുന്നുവെന്നും വചനം പറയുന്നു.

"അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ കുരിശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി." (യോഹന്നാൻ 19:17)

"അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു. (മത്തായി 27:31-32)

യേശു എന്തെങ്കിലും ശിക്ഷ്യന്മാരോട് രഹസ്യമായി പറഞ്ഞുവോ? യേശു കൂടുതലും പരസ്യ പ്രഭാഷണങ്ങൾ നടത്തിയിരുന്നുവെന്നും രഹസ്യങ്ങൾ ഇല്ലായിരുന്നുവെന്നും യോഹന്നാന്റെ സുവിശേഷത്തിൽ പറയുമ്പോൾ മാർക്കോസിന്റെ സുവിശേഷത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം ശിക്ഷ്യന്മാർക്കു മാത്രമുള്ള രഹസ്യമെന്നും പറയുന്നു.

"അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; (യോഹന്നാൻ  18:20)

"തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും. പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല." (മാർക്കോസ് 4:34).

സുവിശേഷങ്ങളിൽ രണ്ടു കള്ളന്മാരെ കർത്താവിന്റെ ഇടത്തും വലത്തുമായി ക്രൂശിച്ചെന്നു  പറയുന്നു. ഇവരിൽ രണ്ടു കള്ളന്മാരും യേശുവിനെ പരിഹസിച്ചുവെന്നും ഒരു കള്ളൻ മാത്രമേ പരിഹസിച്ചുള്ളൂവെന്നും എഴുതിയിരിക്കുന്നു.

"നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു."(മാർക്കോസ് 15:32)

 "യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു." (ലൂക്കോസ് 23:43) ഇവിടെ യേശുവിനെ ഒരു കള്ളൻ മാത്രമേ പരിഹസിച്ചുള്ളൂ. മറ്റേ കള്ളൻ ന്യായികരിക്കുകയായിരുന്നു.


കുരിശു മരണത്തിനു ശേഷം ഉടൻതന്നെ യേശു സ്വർഗത്തിൽ പോയിയെന്നും ഇല്ലെന്നുമുള്ള വചനങ്ങളുണ്ട്.

“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” (ലൂക്കോസ് 23:43)

"മേരി മഗ്ദലനായോട് രണ്ടു ദിവസത്തിനു ശേഷം യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു." (യോഹന്നാൻ 20:17)

"ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു." (യോഹന്നാൻ 20:29)

പോളിന്റെ സുവിശേഷ കർമ്മയാത്ര അശരീരി കേട്ട സ്ഥലത്തു നിന്നും തുടങ്ങാൻ കൽപ്പനയുണ്ടായിരുന്നുവെന്നും അതല്ല നീ ചെയ്യേണ്ടത് വിധിച്ചിരിക്കുന്നതെല്ലാം ദമാസ്‌ക്കസിലെന്നും വചനങ്ങൾ പറയുന്നു.

"എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു."(അപ്പോസ്തോലിക പ്രവർത്തികൾ 26:16-18)

 "കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു."(അപ്പോസ്തോലിക പ്രവർത്തികൾ 9:7;22:10)

"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ (മത്തായി 10:34) 

പുതിയ നിയമത്തിലെ ഏറ്റവും വിവാദപരമായ വചനമാണിത്. ലോകത്തിൽ സമാധാനമല്ല വാളാണ് കൊണ്ടുവന്നതെന്നുള്ള  ഈ ആലങ്കാരിക വചനത്തെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണങ്ങൾ ക്രിസ്ത്യൻ വിരോധികളായ ചില തീവ്ര സംഘടനകൾ മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട്. തലയോട്ടികൾ കഴുത്തിലിട്ടുകൊണ്ട് വാളും പിടിച്ചുകൊണ്ടുള്ള രക്തം വമിക്കുന്ന നാക്കു നീട്ടികൊണ്ടുള്ള ദേവതകളെ വരെ ആലങ്കാരികമായി അത്തരക്കാർക്ക് വർണ്ണിക്കാമെങ്കിൽ യേശുവിന്റെ വാളിനെ അക്ഷരാർത്ഥത്തിൽ കാണാതെ ഉൾക്കൊള്ളാനും അവർക്ക് കഴിയേണ്ടതാണ്. 

ലോകത്ത് സമാധാനം സ്ഥാപിക്കുവാൻ ഞാൻ വന്നിരിക്കുന്നതെന്ന് നിങ്ങൾ കരുതരുത്, വാളാണ് കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ്. വാളെന്ന പ്രയോഗം വേദനയെന്ന അർത്ഥത്തിൽ മറ്റു വചനങ്ങളിലും കാണാം. 

Luke 2:34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
2:35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.

സ്വന്തം അമ്മയുടെ ഹൃദയത്തില്‍ വേദനയുടെ വാള്‍ കുത്തിയിട്ടാണ് യേശു മരിച്ചത്. അതുപോലെ ശിഷ്യന്മാർക്കും സുവിശേഷം പ്രചരിപ്പിക്കാൻ വലിയ വാളുകളായ വേദനകൾ സമ്മാനിച്ചിട്ടാണ് യേശു പോയത്. യേശു വചനം സ്വീകരിക്ക വഴി സത്യത്തിന്റെ പേരില്‍ അപ്പനും മകനും ഭിന്നിക്കുമെന്നും കുടുംബത്തിൽ അന്തച്ചിന്ദ്രമുണ്ടാകുമെന്നും യേശു പ്രവചിക്കുകയായിരുന്നു. എന്നാൽ പോലും സത്യത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും യേശു വചനത്തിൽനിന്നും മനസിലാക്കാം. 

"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ (മത്തായി 10:34)

യേശുവിന്റെ വരവോട് കൂടി യഹൂദ സമൂഹത്തില്‍ വിശ്വാസത്തില്‍ രണ്ട് വിഭാഗമായി മാറിയിരുന്നു. വാളും അതു തന്നെയാണ് ചെയ്യുന്നത്, യേശുവിനോടുള്ള വിശ്വാസം പല കുടും‌ബത്തിലും കലഹത്തിനു കാരണമായിട്ടുണ്ടാ‍കണം. എന്നെ കണ്ടെത്തിയവന്‍ എന്റെ പിതാവിനേയും കാണുന്നു എന്നും ചിന്തിക്കാം. അല്ലാതെ വാളെടുത്ത് സ്വന്തം കുടും‌ബത്തിനെതിരായി യുദ്ധം ചെയ്യാന്‍ സമാധാനപ്രിയനായ യേശു പറഞ്ഞെന്നും വിശ്വസിക്കാൻ പ്രയാസമാണ്. സ്വന്തം ശിക്ഷ്യനായ പത്രോസിനോടുപോലും വാളുറയിലിടാനാണ് യേശു കൽപ്പിച്ചത്. വാളെടുക്കുന്നവൻ വാളാൽ മരിക്കപ്പെടുമെന്നും യേശു പറഞ്ഞു.  


Wednesday, June 21, 2017

കേരളത്തിലെ നഴ്സുമാരും അവരുടെ ശപിക്കപ്പെട്ട ജീവിതവും

ജോസഫ് പടന്നമാക്കൽ


നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്നു. തൂവെള്ള വേഷത്തിൽ ആതുര സേവന ശുശ്രുഷയിൽ മുഴുകിയിരിക്കുന്ന അവരുടെ ജീവിതം വാസ്തവത്തിൽ ശപിക്കപ്പെട്ടതാണെന്നും  തോന്നിപ്പോവും. അത്രയ്ക്ക് ദുരിതങ്ങളാണ് കേരളത്തിലെ നഴ്‌സുമാർ അനുഭവിക്കുന്നത്. പ്രൈവറ്റ് ഹോസ്പ്പിറ്റലിലും കോർപ്പറേഷനിലും ജോലിചെയ്യുന്ന ഓരോ നഴ്സിന്റെയും ജീവിതം അടിമപ്പാളയങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തുല്യമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടു വികാരനിർവീര്യമായ നയങ്ങളാണ് നിസ്സഹായരായ നഴ്സ്   സമൂഹങ്ങളുടെ മേൽ കോർപ്പറേറ്റുകളും പ്രൈവറ്റ് മാനേജുമെന്റുകളും അനുവർത്തിച്ചു വരുന്നത്. ക്രൂരവും നിന്ദ്യവുമായ അവരുടെ കരളലിയിക്കുന്ന കഥകൾ കേൾക്കുമ്പോൾ തൊഴിൽ ദാതാക്കളായ കോർപ്പറേറ്റുകളെ മനുഷ്യാവകാശ കോടതികളുടെ മുമ്പിൽ വിസ്തരിക്കേണ്ടതെന്നും തോന്നിപ്പോവും. കോർപ്പറേറ്റ് മാനേജുമെന്റുകളുടെ കൈകളിൽ അമ്മാനമാടുന്ന കേരളത്തിലെ ഭരണകൂടങ്ങൾ മാറി മാറി വന്നിട്ടും നഴ്‌സുമാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അവരെ എക്കാലവും ചൂഷണം ചെയ്യുകയെന്ന നയമാണ് എല്ലാ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളും നടപ്പിലാക്കിയിരിക്കുന്നത്.

കേരളമാകെ നഴ്‌സുമാർ സമരപരിപാടികളുമായി ആസൂത്രണം ചെയ്യവേ അതിനെതിരെ പ്രതികരണങ്ങളുമായി മാനേജുമെന്റുകൾ രംഗത്തിറങ്ങി കഴിഞ്ഞു. തൃശൂർ രൂപതയിലുള്ള എല്ലാ ഇടവകകളിലും അവർക്കെതിരെ  ഇടയ ലേഖനങ്ങളിറക്കി. സമരങ്ങൾ അടിച്ചമർത്താൻ പള്ളി ഗുണ്ടകൾ സമ്മേളിക്കുകയും ചെയ്യുന്നു. വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് ഇടയന്മാർ കുഞ്ഞാടുകളോടായി സമരത്തിനെതിരായും സമരത്തെ പിന്തുണക്കരുതെന്നും സമരം അന്യായമെന്നുമുള്ള വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഹോസ്പിറ്റൽ നടത്തുന്ന ബൂർഷാ മുതലാളിമാരിൽ നല്ലൊരു ശതമാനം ഇത്തരം പുരോഹിതരെന്നും കാണാം. അവർ കൊടുക്കുന്ന തുച്ഛമായ വേതനം കൊണ്ട് പാവപ്പെട്ട നഴ്‌സുമാർ തൃപ്തിപ്പെട്ടു കൊള്ളണമെന്നുള്ള മനോഭാവമാണ് അവർക്കുള്ളത്. നഴ്‌സുമാരുടെ രക്തം വിയർപ്പാക്കിയ പണത്തിന്റെ മീതെ ആഡംബര കാറുകളിലും അരമനകളിലും വസിക്കുന്ന ഈ പുരോഹിതർക്കും ബിഷപ്പുമാർക്കും അവരുടെ കണ്ണുനീരിന്റെ വിലയറിയില്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി നടക്കുന്ന ഇടയന്മാർക്ക് പാവപ്പെട്ടവരുടെ കഥകളറിയേണ്ട ആവശ്യവുമില്ല.

നഴ്‌സുമാർ ചെയ്യുന്നത് ന്യായമായ ഒരു സമരമാണ്. സുപ്രീം കോടതി കൽപ്പിച്ചിട്ടുള്ള  വിധിയുടെ അടിസ്ഥാനത്തിലുള്ള വേതനം വേണമെന്നേ അവർ ആവശ്യപ്പെടുന്നുള്ളൂ. അതിനു കുർബാന മദ്ധ്യേ നഴ്‌സുമാരുടെ തലയ്ക്കു പിടിച്ചനുഗ്രഹിക്കലും അവരുടെ കുടുംബത്തിൽ വിളിക്കലും സമരത്തിൽനിന്നും പിന്തിരിയാനുള്ള പ്രേരണകളും തൃശൂർ രൂപതയിലുള്ള അധാർമ്മികരായ പുരോഹിതർ ആരംഭിച്ചു കഴിഞ്ഞു. ഇവർ മേടിക്കുന്ന കുർബാനപ്പണത്തിനു മാത്രം ഒരു നഴ്സ് രണ്ടു ദിവസം ജോലിചെയ്യണം. പിന്നീട് കല്യാണം, ശവമടക്ക് മുതലായവകൾക്കെല്ലാം ഫീസ് കൂട്ടികൊണ്ടുമിരിക്കും. പിരിവുകൾക്കും സംഭാവനകൾക്കൊന്നും  കുറവും വരുത്തില്ല.

കേരളത്തിലുടനീളം അടുത്തകാലത്തായി പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നഴ്‌സുമാരുടെ സമരങ്ങൾ സാധാരണമായി കഴിഞ്ഞിരിക്കുന്നു. നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നിഷേധിക്കുന്നതിനൊപ്പം  പ്രൈവറ്റ് മാനേജുമെന്റുകൾ തൊഴിൽ നിയമങ്ങളും തൊഴിൽ ചെയ്യുന്നവർക്ക് കൊടുക്കേണ്ട അവകാശങ്ങളും ലംഘിക്കാറുണ്ട്. അങ്ങേയറ്റം ചൂഷണം മാനദണ്ഡമായി പുലർത്തുന്ന ഹോസ്പ്പിറ്റലുകളാണ് കൂടുതലും നിലവിലുള്ളത്.   സമരം ചെയ്‌താൽ അടിച്ചമർത്തുകയും ചെയ്ത കാലഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. 2011-ൽ അമൃതാ മെഡിക്കൽ കോളേജിൽ നടന്ന സമരത്തെ ഹോസ്പിറ്റൽ മാനേജുമെന്റും അവരുടെ ഗുണ്ടാകളും ഒത്തുചേർന്ന് അടിച്ചമർത്തിയിരുന്നു. അന്ന് അനേക നഴ്‌സുമാരെ മൃഗീയമായി തല്ലി ചതക്കുകയും സമരം നിർവീര്യം ആക്കുകയും ചെയ്തു. പരസ്യങ്ങൾ കൊതിച്ചുനടക്കുന്ന ഭൂരിഭാഗം മാദ്ധ്യമങ്ങളും കോർപ്പറേറ്റുകൾക്കൊപ്പമേ നിൽകുകയുള്ളൂ. അവിടെയും ഭൂമിയിലെ ഈ മാലാഖാമാർക്ക് നീതി കല്പിക്കാറില്ല.

കണ്ണുനീരിൽ കുതിർന്ന കഥകളാണ് ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്ന നഴ്‌സുമാർക്ക് പറയാനുള്ളത്. അവകാശങ്ങൾ നേടിയെടുക്കാൻ തെരുവുകളിലും വഴിയോരങ്ങളിലും പദയാത്രകൾ നടത്തിയും മുദ്രാ വാക്യങ്ങൾ വിളിച്ചും നഴ്‌സുമാർ  2013-ൽ സമരം നടത്തിയിരുന്നു.സമരങ്ങളുടെ ഫലമായി അവകാശങ്ങളിൽ പലതും നേടാൻ കഴിഞ്ഞിരുന്നു. പക്ഷെ അതെല്ലാം വെറും വ്യവസ്ഥകളായി കാറ്റിൽ പറത്തിയെന്നുള്ളതായിരുന്നു വാസ്തവം. തെരുവിൽ കിടന്ന് ആൾദൈവങ്ങളുടെയും പുരോഹിതരുടെയും ഗുണ്ടാകളുടെ മർദ്ദനമേറ്റു നടത്തിയ അവകാശ സമരമായിരുന്നു അത്. അന്നത്തെ മാനേജുമെന്റിൽ നിന്നുള്ള വാഗ്ദാനങ്ങൾ ഒന്നുപോലും നഴ്‌സുമാർക്ക് ലഭിച്ചില്ല. അന്ന് നിയമ വ്യവസ്ഥകൾ മുമ്പോട്ട് വെച്ച സർക്കാരോ ഉത്തരവാദിത്വപ്പെട്ട ആരുമോ നഴ്‌സുമാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാനും ശ്രമിക്കുന്നില്ല. സ്വന്തം നിലനിൽപ്പിനായി പൊറുതി മുട്ടുമ്പോൾ ആരോടും പരിഭവപ്പെടാതെ നഴ്‌സുമാർ തുച്ഛമായ ശമ്പളത്തിൽ അവരുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു. കുടുംബം, മക്കൾ അവരുടെ വിദ്യാഭ്യാസമെല്ലാം മാനേജുമെന്റ് വെച്ചുനീട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിർവഹിക്കേണ്ടതായുമുണ്ട്.

അന്നുണ്ടായ നഴ്‌സുമാരുടെ സമരങ്ങൾക്കുശേഷം പുതിയൊരു സമരമുഖം തുടരാൻ അവർ മടിക്കുന്നു. പലർക്കും ഭീഷണികളും മാനേജുമെന്റിന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം മാനസികമായ അസ്വസ്ഥകളുമുണ്ടാക്കിയിരുന്നു. ഇറാക്കിൽ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാരുടെ കണ്ണുനീരിന്റെ കഥകളും അതിലുൾപ്പെടുന്നു. ഇനിയൊരു സമരത്തിന് മുമ്പോട്ടിറങ്ങുവാനുള്ള ആത്മധൈര്യവും അന്നു സമരങ്ങളുടെ മുന്നണിയിൽ നിന്നിരുന്ന നഴ്‌സുമാർക്ക് ഉണ്ടായിരിക്കില്ല. അത് മുതലാക്കി മാനേജ്‌മെന്റ് അവരെ  ചൂഷണം ചെയ്തുകൊണ്ടിരുന്നു.

2013-ൽ നടപ്പാക്കിയ ഉടമ്പടി പ്രകാരം ആറു മണിക്കൂർ ജോലിയും ഒരു നഴ്‌സിന് കൊടുക്കേണ്ട ശരാശരി ശമ്പളവും നിശ്ചയിച്ചിരുന്നു. വ്യവസ്ഥകൾ പാലിക്കാൻ കടപ്പെട്ടവരായ പ്രൈവറ്റ് മാനേജുമെന്റുകൾ പിന്നീട് പുറകോട്ടു മാറുകയായിരുന്നു. ചോദിക്കാനാളില്ലാതെ മാനേജുമെന്റുകൾ ജേതാക്കളായി രോഗികളിൽ നിന്നും വമ്പിച്ച ഫീസും ഈടാക്കി ഭീമമായ ആദായം കൊയ്തുകൊണ്ടിരിക്കുന്നു.  പാവങ്ങളായ രോഗികൾക്ക് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ചീകിത്സ നേടാൻപോലും സാധിക്കില്ല. ഒരു കൂലിവേലക്കാരനു ലഭിക്കുന്ന വേതനം പോലും പ്രൊഫഷണൽ ജോലി ചെയ്യുന്ന നഴ്സ്‌മാർക്ക് ലഭിക്കുന്നില്ല. കൂടാതെ ഓരോ ഹോസ്പ്പിറ്റലിലും തൊഴിൽ ചെയ്തു ജീവിക്കുന്ന ഈ കുട്ടികളെ ചൂഷണം ചെയ്യുന്ന ഞെട്ടിക്കുന്ന കഥകളും ദിനംപ്രതി വർത്തമാനകാല സംഭവങ്ങളാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും നഴ്സ്‌മാർ അവരുടെ സേവനം തുടർന്നു കൊണ്ടിരിക്കുന്നു.

ഹോസ്പ്പിറ്റലുകളിൽ എട്ടു മണിക്കൂർ ജോലിയെന്നാണ് സാധാരണ നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പന്ത്രണ്ടും അതിൽ കൂടുതലും മണിക്കൂറുകൾ ജോലി ചെയ്യേണ്ട സ്‌ഥിതിവിശേഷമാണ് നഴ്‌സുമാർക്കുള്ളത്. അധിക ജോലിക്ക് തുച്ഛമായ കൈനീട്ടം കൊടുത്തെങ്കിലായി. മെഡിക്കൽ ഇൻഷുറൻസും തൊഴിൽ ചെയ്യുന്നവർക്ക് നൽകാറില്ല. പകർച്ച വ്യാധിയുള്ള അസുഖമുള്ളവരെ ശുശ്രുഷിക്കുന്ന മൂലം പലരും രോഗ ബാധിതരാകുകയും ചെയ്യുന്നു. ചീകത്സിക്കാനുള്ള പണവും സ്വന്തമായി കരുതണം.

നഴ്‌സുമാർക്ക് മാസം രണ്ടായിരം രൂപായിൽ താഴെ ശമ്പളം കൊടുക്കുന്ന ഹോസ്പ്പിറ്റലുകളുമുണ്ട്. ഇന്നത്തെ ജീവിത നിലവാരമനുസരിച്ച് ആർക്കും അത്രയും തുച്ഛമായ ശമ്പളംകൊണ്ട് ജീവിക്കാൻ സാധിക്കില്ല. സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തിന്റെ നാലിലൊന്നു പോലും ഭൂരിഭാഗം ഹോസ്പ്പിറ്റലുകളും നഴ്‌സുമാർക്ക് നൽകാറില്ല. ഒരു രോഗിയ്ക്ക് ബില്ല് കൊടുക്കുമ്പോൾ നഴ്‌സിങ്ങ്  ഫീസായി ഒരു ദിവസം രണ്ടായിരം രൂപായ്ക്കു മേൽ രോഗികളെ ഹോസ്പ്പിറ്റലുകൾ  ചാർജ് ചെയ്യാറുണ്ട്. അതിന്റെ ഒരു ദശാംശം പോലും ഒരു നഴ്‌സിന് നൽകാറില്ല.

ഭൂരിഭാഗം നഴ്സുമാരും പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ജോലിയ്ക്ക് കയറുന്നത് കോൺട്രാക്ട്  വ്യവസ്ഥയിലായിരിക്കും. അതിനുള്ളിൽ ജോലിയിൽനിന്നും പിരിഞ്ഞു പോകാതിരിക്കാനായി അവർക്ക് ബോണ്ടിൽ ഒപ്പിടേണ്ടതായും ഉണ്ട്. ഇടയ്ക്ക് ജോലി നിർത്തേണ്ടി വന്നാൽ ബോണ്ട് പ്രകാരം അമ്പതിനായിരം രൂപയോ അതിൽ കൂടുതലോ മാനേജ്‌മെന്റിന് കൊടുക്കേണ്ടി വരുന്നു. തൊഴിൽ പ്രാവീണ്യമില്ലാത്ത നഴ്‌സസിനെ നിയമിച്ചുകൊണ്ട് പരിചയ സമ്പന്നരായ നഴ്‌സുമാരുടെ ശമ്പളവും മാനേജ്‌മെന്റ് വെട്ടികുറയ്ക്കാറുണ്ട്. അങ്ങനെ രോഗികളുടെ ചീകത്സകളിലും നഴ്‌സുമാരുടെ സേവനങ്ങളിലും ദുരിതമുണ്ടാക്കുന്നു.

പുരുഷന്മാരായ നഴ്സ്‌മാർക്ക് ജോലിയവസരങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും നൽകാറില്ല. കാരണം സ്ത്രീ നഴ്‌സുമാരെ ചൂഷണം ചെയ്യാൻ എളുപ്പമാണ്. അവരെ കൂടുതൽ ചൂഷണം ചെയ്തുകൊണ്ട് കുറഞ്ഞ ശമ്പളം കൊടുത്ത് തൃപ്തിപ്പെടുത്താൻ സാധിക്കും. നിസാര കാര്യത്തിനുപോലും നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ച്  ശിക്ഷിക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ശമ്പളം ഇല്ലാതെ ഡബിൾ ഡ്യൂട്ടിയ്ക്കും നിർബന്ധിക്കും. കൂടാതെ മാനേജുമെന്റിൽ നിന്നും മാനസിക പീഡനം അമിതമായുണ്ടായിരിക്കും.

മൂന്നും നാലും ലക്ഷം രൂപാ മുടക്കിയാണ് പ്രൈവറ്റ് സ്‌കൂളുകളിലും മറ്റുള്ള സംസ്ഥാനങ്ങളിൽ   പോയും നഴ്സ്‌മാർ പഠനം പൂർത്തിയാക്കിയിരിക്കുന്നത്. പഠനം കഴിയുമ്പോൾ അവരുടെമേൽ അമിതമായ ഒരു കടബാധ്യതയുമുണ്ടായിരിക്കും. ബാങ്ക് കടങ്ങൾ സമയാ സമയങ്ങളിൽ തിരിച്ചടക്കേണ്ടിയും വരുന്നു. തുച്ഛമായ ശമ്പളം കാരണം ബാങ്ക് കടങ്ങൾ പലർക്കും മടക്കി അടയ്ക്കാൻ സാധിക്കാതെയും വരുന്നു. ഈ ചെറിയ ശമ്പളത്തിൽ ജീവിക്കാൻ സാധിക്കാത്ത സാഹചര്യംമൂലം അവർ വലിയ പട്ടണങ്ങളിലെ ഹോസ്പ്പിറ്റലുകളിൽ ജോലി തേടുന്നു. അതുമൂലം കൂടുതൽ ചിലവുകളും പലിശ സഹിതം ബാങ്കിലെ കടം വീട്ടാൻ സാധിക്കാതെയും വരുന്നു.

നഴ്‌സസിന് കുറഞ്ഞ വേതനം കൊടുക്കുന്നതിനുപുറമെ തൊഴിൽ പാരിതോഷികമോ, തൊഴിൽദാദാവിൽനിന്നുള്ള ബോണസുകളോ പ്രോവിഡന്റ് ഫണ്ടോ ഗ്രാറ്റിവിറ്റിയോ നൽകാറില്ല. തൊഴിലിന്റെ മാനദണ്ഡമായ നഴ്‌സുമാരുടെ തൊഴിലിനെ മാനേജുമെന്റിലുള്ളവരും ഡോക്ടർമാരും ബഹുമാനിക്കുകയുമില്ല. ചിലപ്പോൾ രോഗികളിൽനിന്നുപോലും അവഗണനകൾ ലഭിക്കാറുണ്ട്. അവരുടെ തൊഴിലിനെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും പതിവാണ്. നിസാര തെറ്റുകൾക്ക് പോലും കുറ്റപ്പെടുത്തലുകളുമുണ്ടാവും. പ്രശ്നങ്ങളുമായി നഴ്‌സുമാർ സർക്കാരിന്റെ തൊഴിൽ ഡിപ്പാർട്മെന്റിൽ പരാതി കൊടുത്താലും അർഹമായ പരിഗണനകളും നൽകാറില്ല. അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ശക്തമായ തൊഴിൽ സംഘടനകളുമില്ല. എന്ത് അനീതികളൂം ഉയർന്ന സ്ഥാനത്തു നിന്നുണ്ടായാലും സഹിച്ചുകൊണ്ടിരിക്കണം. പലപ്പോഴും മനുഷ്യത്വത്തിന്റെ പരിഗണന പോലും നൽകാറില്ല.

സമരങ്ങളോ മറ്റു പ്രതിക്ഷേധങ്ങളോ നഴ്‌സുമാർ നടത്തുമ്പോൾ മാനേജ്‌മെന്റ് അവരെ ഭീക്ഷണിപ്പെടുത്താറുണ്ട്. നിയമപരമായ നടപടികൾ നടത്തുമെന്നും ഭീക്ഷണിപ്പെടുത്തും. വിദ്യാർത്ഥികളായ നഴ്സുമാരെ പകരം ജോലിക്കായി വെക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിലും നഴ്‌സസ് പിന്തിരിയാതെ ശക്തിയായി തന്നെ സമരം തുടരാറുണ്. അതുമൂലം രോഗികൾക്കും ശരിയായ പരിചരണം ലഭിക്കാതെ പോവുന്നു. മാനേജ്‌മെന്റ് അവരുടെ ലാഭം കൊയ്യുന്നതിനെപ്പറ്റി പ്രയാസപ്പെടുവാൻ തുടങ്ങും. അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം നഴ്‌സസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജുമെന്റ് തയ്യാറാവാറുണ്ട്. ഐക്യമത്യത്തോടെയുള്ള സമരം കാരണം വിജയങ്ങളും ഉണ്ടാകാറുണ്ട്. സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റിയും അവർ ആകുലരാകും. 'അപ്പോളോ ഹോസ്പ്പിറ്റലിൽ' സമരം ഉണ്ടായപ്പോൾ അവരുടെ സ്റ്റോക്കിന്റെ വിലയിടിയുകയും സമരം അവസാനിച്ചപ്പോൾ സ്റ്റോക്ക് മാർക്കറ്റിന്റെ പഴയ നിലവാരത്തിൽ നിന്നും ആറു ശതമാനം വർദ്ധിക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുത്തവരുടെ  ഐക്യമത്യവും ശക്തി പ്രകടനവും കാരണം മാനേജുമെന്റിനു അന്ന് സമരക്കാരുടെ ആവശ്യങ്ങൾ സമ്മതിക്കേണ്ടി വന്നു.

ഉപഭോക്താക്കളെ ആകർഷിക്കാൻ മാർക്കറ്റിങ്ങ് പരസ്യങ്ങൾ എല്ലാ കോർപ്പറേഷനുകളും  ഹോസ്പ്പിറ്റലുകളും നൽകുന്നത് കാണാം. ഹോസ്പ്പിറ്റലുകൾ സേവനമല്ല വെറും വ്യവസായങ്ങളായി അധഃപതിച്ചുവെന്നുള്ളതാണ് വാസ്തവം. വലിയ ഹോസ്പ്പിറ്റലുകൾ പത്രങ്ങളിൽ വൻപരസ്യങ്ങൾ കൊടുക്കാറുണ്ട്. പേരുകേട്ട സിനിമാ താരങ്ങളെ വെച്ചുള്ള സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ പരസ്യങ്ങളായിരിക്കും കൂടുതലും. രോഗികളും ഡോക്ടർമാരും ചിരിച്ചുകൊണ്ടിരിക്കുന്നതും ഒപ്പം പുഞ്ചിരിക്കുന്ന നഴ്സുമാരും പത്ര പരസ്യങ്ങളിൽ കാണാം. എന്നാൽ ആ പടത്തിന്റെ പുറകിൽ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതേ സമയം നിഷ്കളങ്കരായ നഴ്‌സസിന് കൊടുക്കുന്ന ശമ്പളം വളരെ തുച്ഛവുമാണ്. ഭീമമായ ലാഭവീതം ഹോസ്പ്പിറ്റൽ മുതലാളിമാർ കൊയ്യുകയും ചെയ്യും.

ദിനം പ്രതി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നു. വിലപ്പെരുപ്പം വന്നാലും  നഴ്‌സുമാരുടെ വേതനത്തിന് മാറ്റം വരില്ല. രോഗം വന്നാൽ പ്രൈവറ്റ് ഹോസ്പ്പിറ്റലിൽ പോകുന്നുവെങ്കിൽ സമ്പാദ്യം പൂജ്യമാവുകയും ചെയ്യും. സർക്കാർ ഹോസ്പ്പിറ്റലുകളിലെ സേവനങ്ങൾ വളരെ പരിമിതമായതുകൊണ്ടാണ് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ആശ്രയിക്കുന്നത്.  വാസ്തവത്തിൽ   പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യാറുള്ളത്. താമസിക്കാനായി ഒരു ദിവസത്തിലേക്കുള്ള സാധാരണ മുറിക്കുപോലും വാടകയായി അയ്യായിരം രൂപയിൽ കൂടുതൽ ചാർജ് ചെയ്യും.

തൊഴിൽ നിയമം അനുസരിച്ചു നഴ്‌സുമാർക്ക് ആറുമണിക്കൂർ ജോലി ചെയ്‌താൽ മതി. എന്നാൽ സത്യത്തിൽ എല്ലാ ഹോസ്‌പ്പിറ്റലുകളിലും അവർക്ക് നിർബന്ധമായി പന്ത്രണ്ടു മണിക്കൂറുകൾ ജോലി ചെയ്യേണ്ടതായുണ്ട്. ഡോക്ടർമാർക്കും മറ്റു തൊഴിൽ ചെയ്യുന്നവർക്കും വിശ്രമമുണ്ട്. നഴ്‌സുമാർ ഒരിക്കലും വിശ്രമിക്കാൻ പാടില്ല. വിശ്രമിച്ചാൽ മുകളിലുള്ള അധികാരികളുടെ ശകാരവർഷങ്ങളും ഉണ്ടാകും. രാത്രി മുഴുവൻ ഉറക്കമിളച്ചു രോഗികൾക്കൊപ്പമുണ്ടാകണം. രോഗികളുടെ മലമൂത്രങ്ങളും എടുക്കണം. അവരെ കുളിപ്പിക്കണം. അവരുടെ വസ്ത്രങ്ങൾ മാറ്റികൊടുക്കണം. ഭക്ഷണം സ്പൂണുകൊണ്ട് വായിൽ കൊടുക്കണം. ചെറിയ തെറ്റുകൾ കണ്ടാലും നഴ്‌സുകളുടെ തൊഴിൽ റിക്കോർഡുകളിൽ കറുത്ത വര വീഴുകയും ചെയ്യും. ഇഷ്ടപ്പെടാത്ത ഒരു രോഗി നഴ്‌സിനെപ്പറ്റി പരാതി പറഞ്ഞാലും മതി അവരുടെ തൊഴിലിനെ ബാധിക്കാൻ. ചെയ്യുന്ന ജോലിക്ക് തുല്യമായ വേതനവും നൽകില്ല. ഇവരുടെ ദയനീയ അവസ്ഥകളെ അന്വേഷിക്കാൻ ഒരു സർക്കാരും  തയ്യാറാവുകയുമില്ല. മാനേജമെന്റിനു സർക്കാരുകളുമായി പിടിപാടുകൾ ഉള്ളതുകൊണ്ട് എല്ലാ പ്രശ്നങ്ങളും സർക്കാരിന്റെ ചുവപ്പുനാടയിൽ ഒതുങ്ങിക്കൊള്ളുകയും ചെയ്യും. മാലാഖമാരെന്നു സുന്ദര പദങ്ങളിൽ അവർ അറിയപ്പെടുന്നുവെങ്കിലും ഒരു അടിമയെപ്പോലെ അവർ ഹോസ്‌പ്പിറ്റലുകളിൽ ജോലി ചെയ്യണമെന്നുള്ളതാണ് സത്യം. അവർക്കുവേണ്ടി ശബ്ദിക്കാൻ ഒരു മനുഷ്യാവകാശ കമ്മീഷനും നാളിതുവരെ മുമ്പോട്ട് വന്നിട്ടില്ല.

ഗർഭിണികളായ നഴ്സുമാരും രാത്രിയും പകലുമില്ലാതെ ജോലി ചെയ്യണം. മറ്റെല്ലാ തൊഴിൽ മേഖലകളിലും ശക്തമായ യൂണിയനുകളുണ്ട്. അവകാശങ്ങൾ കാലാകാലമായി അവർ നേടിയെടുക്കുകയും ചെയ്യും. പക്ഷെ ജീവിക്കാൻ മല്ലിടുന്ന ഇവർക്കുവേണ്ടി വാദിക്കാൻ ആരുമില്ല. മാറി മാറി വന്നിരുന്ന  സർക്കാരുകളും നഴ്‌സുമാരുടെ ശബ്ദം ശ്രവിക്കാൻ തയ്യാറായിട്ടില്ല. ഇവരുടെ കണ്ണുനീരിന്റെ കഥകൾ ഉത്തരവാദിത്വപ്പെട്ടവർക്ക്  അറിയുകയും വേണ്ട.

ഓരോ വർഷവും സർക്കാർ, ആരോഗ്യ പരിപാലനത്തിനായുള്ള വ്യവസായങ്ങൾക്ക് നികുതിയിളവുകൾ നൽകാറുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ നികുതി കൊടുക്കേണ്ടതില്ല. മരുന്നുകൾക്കും ഇറക്കുമതിയിൽ നികുതിയില്ല. പക്ഷെ അത്തരം ഇളവുകളെല്ലാം വൻകിട കമ്പനികൾക്കെ ഉപകാരപ്രദമാവുകയുള്ളൂ. സാധാരണക്കാർക്ക് വൻകിട വ്യവസായങ്ങൾക്ക് നൽകുന്ന നികുതിയിളവുകൾ കൊണ്ട് യാതൊരു ഗുണവുമില്ല. ആനുകൂല്യങ്ങൾ   ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവർക്കായി നൽകാൻ സർക്കാരുകൾ തയ്യാറാവുകയുമില്ല.

നഴ്‌സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പരിഷ്‌ക്കാരങ്ങൾ കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇന്ത്യ മുഴുവനായുള്ള ഏകീകൃത ആരോഗ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടുമില്ല. അമിതലാഭം കൊയ്യുന്ന പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ ദേശവൽക്കരിക്കുകയാണെങ്കിൽ ആരോഗ്യ മേഖലകൾ കൂടുതൽ സുരക്ഷിതവും സാധാരണക്കാർക്ക് ഗുണപ്രദവുമായിരിക്കും. പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നുവെങ്കിൽ നഴ്‌സുമാരുടെ ജീവിതനിലവാരവും ഉയർത്താൻ സാധിക്കും. രാജ്യത്തിലെ സാധാരണക്കാർക്കും ആരോഗ്യപരമായ പരിപാലനം ലഭിക്കാനും അത് സാഹചര്യം ഒരുക്കുകയും ചെയ്യും.

തൊഴിൽ നിയമങ്ങൾ എല്ലാ നഴ്‌സുകൾക്കും ബാധകമാക്കണം. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണം. നഴ്‌സുമാരുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും പരിശീലന സർട്ടിഫിക്കറ്റുകളും തടഞ്ഞു വെക്കുന്ന സ്ഥാപനങ്ങളെയും ഹോസ്പിറ്റലുകളെയും നിയമത്തിന്റെ മുമ്പിൽ ശിക്ഷിക്കണം. ജോലിയിൽ നിന്ന് രാജി വെക്കേണ്ടി വരുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ തടയാൻ ഒരു തൊഴിലുടമയ്ക്ക് അവകാശമില്ല. ഡോക്ടർമാരുടെയും മാനേജമെന്റിയും പീഡനം അവസാനിപ്പിക്കണം. നഴ്‌സിന്റെ തൊഴിലും ഡോക്ടറിന്റെ തൊഴിലിനെപ്പോലെതന്നെ അന്തസുള്ളതെന്നും മനസിലാക്കണം. അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ഒരു നഴ്‌സിംഗ്‌ തൊഴിലിനു അർഹമായ അന്തസ് കല്പിച്ചിട്ടുണ്ട്. നഴ്‌സസിന്റെ താൽക്കാലിക കോൺട്രാക്ട് ജോലി അവസാനിപ്പിച്ച് അവർക്ക് ജോലിയിൽ സ്ഥിരത നൽകണം. നിയമനങ്ങളിലും മറ്റും നടക്കുന്ന അഴിമതികളും ബ്യുറോക്രസിയും അവസാനിപ്പിക്കണം.

ദേശീയ നിലവാരത്തിൽ എല്ലാ നഴ്സുമാരും സമരം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രയ്ക്ക് ചൂഷണമാണ് ഇന്ത്യയിലുള്ള എല്ലാ പ്രൈവറ്റ് സ്ഥാപനങ്ങളും അവരോടു ചെയ്യുന്നത്.  നഴ്‌സസിനും തൊഴിൽ നിയമം അനുസരിച്ചുള്ള ശമ്പളം പ്രാബല്യത്തിൽ വരുത്തണം. സുപ്രീം കോടതി വിധിച്ചിരിക്കുന്ന ശമ്പള പരിഷ്‌ക്കാരവും നടപ്പിൽ വരുത്തണം. ജീവിത നിലവാരമനുസരിച്ചുള്ള ശമ്പള പരിഷ്ക്കരണവും വേണം. അതനുസരിച്ചുള്ള ശമ്പള വർദ്ധനവും കാലാകാലങ്ങളിൽ ആവശ്യവുമാണ്. ഹോസ്പ്പിറ്റലുകൾ ഉണ്ടാക്കുന്ന അമിത ലാഭത്തിന്റെ വീതം തൊഴിൽ ചെയ്യുന്നവർക്കും കൊടുക്കേണ്ട വ്യവസ്ഥയുമുണ്ടാക്കണം. എട്ടു മണിക്കൂർ ജോലി കൂടാതെ പ്രവർത്തന സമയം കൂട്ടിയാൽ അതിനുള്ള അർഹമായ വേതനവും നൽകണം. വർഷത്തിൽ അവധിയും ജോലി ചെയ്യാനുള്ള നല്ല സാഹചര്യങ്ങളും സൃഷ്ടിക്കണം. ശുശ്രുഷകൾക്കായി നഴ്‌സും രോഗികളും തമ്മിലുള്ള എണ്ണങ്ങളുടെ അനുപാതവും നിശ്ചയിക്കണം. ഹോസ്പ്പിറ്റൽ മാനേജമെന്റ് എല്ലാ നഴ്‌സുകൾക്കും ശമ്പളം കൂടാതെ ഹെൽത്ത് ഇൻഷുറൻസും നൽകണം.

പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ പരിഷ്കൃത രാജ്യങ്ങളിൽ കാണുന്നപോലെ ഒരു ഏകീകൃത സിവിൽ നയം ഭാരതത്തിൽ നടപ്പാക്കിയിട്ടില്ല. ഹോസ്പ്പിറ്റലുകൾ പ്രൈവറ്റ് നിയന്ത്രണങ്ങളിൽനിന്നും വേർതിരിച്ച്‌ സർക്കാരിന്റെ നിയന്ത്രണത്തിൽ വരുത്തേണ്ട ഒരു സംവിധാനവും നടപ്പാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നഴ്‌സുമാരുടെ മീതെ ചൂഷണം തുടർന്നുകൊണ്ടിരിക്കും. ദേശീയ അടിസ്ഥാനത്തിൽ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ദേശവൽക്കരിക്കേണ്ട ആവശ്യവും വന്നു ചേരുന്നു. അങ്ങനെയെങ്കിൽ ഇന്ന് കോർപ്പറേറ്റുകൾ നേടുന്ന അമിതലാഭം സർക്കാരിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ സാധിക്കുമായിരുന്നു. ഇന്നത്തെ വ്യവസ്ഥിതിയിൽ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും രോഗം വന്നാൽ ചീകത്സിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം ചൂഷകരായ കോർപ്പറേറ്റ് വ്യവസായികളെ മൂക്കു കയറിടുന്ന പ്രത്യേക നിയമസംഹിതകളും സ്വാഗതാർഹമായിരിക്കും.

എന്തുകൊണ്ടാണ് ഇവരെ ഭൂമിയിലെ മാലാഖമാരെന്നു വിളിക്കുന്നത്? ഒരു കുഞ്ഞു ജനിക്കുമ്പോഴും ഒരാൾ മരിക്കുമ്പോഴും ഒരു നഴ്സ് മാലാഖയുടെ രൂപത്തിലാണ് അവിടെ നിൽക്കുന്നത്. അഭിമാനത്തോടെയാണ് നിത്യം വേദനിക്കുന്ന രോഗികളുടെ സമീപത്ത് അവരെത്തുന്നത്. ഇന്നേ ദിവസം ആരുടെ ജീവിതമാണ് തനിക്കു രക്ഷിക്കാനുള്ളതെന്നും ചിന്തിക്കും. താൻ മൂലം ഇന്നും ആരോ അവർക്കുവേണ്ടി കാത്തിരിക്കുന്നു. അവർമൂലം ഇന്നും ഒരാൾ ജീവിച്ചിരിക്കുന്നു. രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ വിങ്ങിപ്പൊട്ടി കരയും. മരണത്തിന്റെ വിളി വരുമ്പോൾ നിസഹായയായി അവർ മരിക്കുന്നവരെ നോക്കി നിൽക്കും. ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിന്റെ ആദ്യ ശ്വാസവും  പരിചരിക്കുന്ന നഴ്‌സിനെ നോക്കിയായിരിക്കും. ഒരു പക്ഷെ ജീവിതം അവസാനിക്കുന്ന വൃദ്ധനായ ഒരു മനുഷ്യൻ കണ്ണടയ്ക്കുന്നതും അവരെ നോക്കിയായിരിക്കും. മരിക്കാൻ പോവുന്ന അയാളുടെ കണ്ണുനീരും ഒപ്പിക്കൊടുക്കും. വേദനകളിലും അവർ സഹായിക്കും. കൈകളിൽ പിടിച്ചുകൊണ്ടു ശക്തി നൽകും. ഉറച്ച ഒരു മനസിന്റെ ഉടമയാണവർ. കാരണം അവർ ഒരു നഴ്സാണ്.








https://www.facebook.com/gulan.engandiyoor/videos/808892365913726/

http://www.greenkeralanews.com/nurselife-strike-harasment-private-hospital/

http://www.kalavedionline.com/index.php?cat=Special&news=6802

Wednesday, June 14, 2017

സി. ആൻഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും, ഒരു എത്തിനോട്ടം



ജോസഫ് പടന്നമാക്കൽ

വിശുദ്ധ ഗ്രന്ഥങ്ങളെ വിമർശിക്കാൻ പാടില്ലെന്ന പൊതു ധാരണ എല്ലാ മതങ്ങളിലും  കടന്നുകൂടിയിട്ടുള്ള ഒരു വസ്തുതയാണ്. ബൗദ്ധികമായ ചോദ്യങ്ങളെ നേരിടാൻ മതാന്ധത ബാധിച്ചവർക്ക് സാധിക്കാത്തതുകൊണ്ടാണ് അങ്ങനെയൊരു മാമൂൽ  മതങ്ങളുടെയിടയിലുള്ളത്.  മതഗ്രന്ഥങ്ങളിലുള്ള പ്രവാചകരെയോ വിശുദ്ധരെയോ ദൈവങ്ങളെയോ അപകീർത്തിപ്പെടുത്തിയാൽ അത് പിന്നീട് മതനിന്ദയായി ഒച്ചപ്പാടുകൾക്കു കാരണമാകും. രാജ്യം മുഴുവൻ പ്രതിക്ഷേധങ്ങൾക്കും ഇടയാക്കും. പ്രവാചക നിന്ദയ്ക്ക് സൽമാൻ റഷ്ദിയുടെ തലയ്ക്ക് ഇറാനിലെ ഇസ്‌ലാമിക മൗലിക വാദികൾ വിലയിട്ടിരിക്കുന്നു. ഹൈന്ദവ ദൈവങ്ങളുടെ ഛായാ ചിത്രങ്ങൾ വരച്ചതിനു ഹുസൈന്റെ നേരെയുള്ള ഹൈന്ദവത്വത്തിന്റെ വെല്ലുവിളികൾ ഭീകരമായിരുന്നു. ക്രിസ്ത്യാനികളിലെ മതപുരോഹിതരും അനുയായികളും ചിന്തിക്കുന്നത്! ഏതാണ്ട് ഇങ്ങനെതന്നെയാണ്. 'മാതാ ഹരി'യെ ക്രിസ്തുവിന്റെ രൂപത്തിൽ ചിത്രീകരിച്ചതും ഗുജറാത്തിൽ സ്‌കൂളുകളിൽ പാഠപുസ്തകത്തിൽ ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ച അക്ഷര പിശകും രാജ്യവ്യാപകമായി തന്നെ ഭൂകമ്പം സൃഷ്ടിക്കുന്നതിനുമിടയായി.

ശ്രീ ആൻഡ്രുസ്, സി എഴുതിയ 'സത്യ വേദപുസ്തകം സത്യവും മിഥ്യയും' എന്ന പുസ്തകം  അടുത്തയിടെ വായിച്ചിരുന്നു. ഒരു ഗവേഷകന്റെ പാടവത്തോടെ ബൈബിളിനെപ്പറ്റി പഠിച്ചു തയാറാക്കിയ പുസ്തകമാണത്. നല്ല കവർ ഡിസൈൻ സഹിതം 430-ൽ പ്പരം പേജോടെ തയാറാക്കിയ ഈ പുസ്തകം അദ്ദേഹത്തിൻറെ ദീർഘനാളത്തെ ഗവേഷണഫലമായിരിക്കാം. പഴയ നിയമവും പുതിയ നിയമവും ഒരാവർത്തിയെങ്കിലും വായിച്ചിട്ടുള്ളവർക്കേ ആൻഡ്രുസിന്റെ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ഗഹനമായി ചിന്തിക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ എല്ലാ സമുദായത്തിലും ഉള്ള ക്രിസ്ത്യൻ പുരോഹിതരും പാസ്റ്റർമാരും മതപ്രവർത്തകരും ഈ പുസ്തകം ഒരാവർത്തിയെങ്കിലും വായിച്ചിരിക്കുന്നതും നന്നായിരിക്കും. എങ്കിൽ പൗരാഹിത്യ ധർമ്മത്തിലും അവർ നിർവഹിക്കേണ്ട കർമ്മങ്ങളിലും ആത്മീയതയുടെ വെളിച്ചം വീശുമായിരുന്നുവെന്നും കരുതാമായിരുന്നു.

ആൻഡ്രൂസ്സിന്റെ 'സത്യവേദ പുസ്തകം സത്യവും മിഥ്യയും വോളിയം മൂന്ന്' എന്ന പുസ്തകം ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കോംപ്ലിമെന്ററി കോപ്പിയായി എനിക്ക് ലഭിച്ചിരുന്നു. പുസ്തകത്തെപ്പറ്റി ഒരു പഠനം നടത്തി നിരൂപണം നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് എളുപ്പമല്ലെന്നും മനസിലായി. അത്രയ്ക്ക് ഗഹനമായ ചിന്തകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളത്. ഗ്രന്ഥകർത്താവ് ഈ ഗ്രന്ഥത്തിൽക്കൂടി വിശുദ്ധ ബൈബിളിലെ തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അന്ധമായി ഞാൻ എതിർക്കുമെങ്കിൽ, അത് മനസാക്ഷിയോട് ചെയ്യുന്ന ഒരു വഞ്ചനയുമായിരിക്കുമെന്നും തോന്നി. ഒരു സാധാരണ ക്രിസ്ത്യാനി,  സഭയുടെ പ്രാർത്ഥനയായ 'വിശ്വാസപ്രമാണത്തിലെ രഹസ്യം' തത്തമ്മ ഉരുവിടുന്നപോലെ ദിവസവും ചൊല്ലുകയും സത്യങ്ങളും മിഥ്യകളുമായ കാര്യങ്ങൾ ഒരേ സമയം വിശ്വസിച്ചു വരുകയും ചെയ്യുന്നു. ഇവിടെ ഗ്രന്ഥകാരൻ വിശുദ്ധ ഗ്രന്ഥത്തിലുടനീളം ചൂണ്ടി കാണിച്ച മിഥ്യകൾ മറ്റൊരു സത്യമായ അബദ്ധജടിലങ്ങളായ മിഥ്യാബോധങ്ങളെ സാധാരണക്കാരിലേക്ക് പകർത്തുന്നുവെന്നതാണ് വാസ്തവം.

ചെറുപ്പം മുതലേ പുസ്തകങ്ങൾ രചിച്ചും ലേഖനങ്ങൾ എഴുതിയും പ്രാവിണ്യം നേടിയ ഒരു ഗഹന ചിന്തകനാണ് ശ്രീ സി.ആൻഡ്രുസ്. ചങ്ങനാശേരിയിലുള്ള ഒരു കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം ദീർഘകാലമായി അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്നു. മണ്ണും കൃഷിയും അദ്ദേഹത്തിൻറെ ഹോബിയാണ്. ഓരോ ദിവസവും കൃഷിയും കൃഷിവിഭവങ്ങളും സ്വന്തം മണ്ണിൽ വിളയുന്നതുകണ്ടു ഈ കർഷകൻ ആനന്ദിക്കുന്നു. മണ്ണിന്റെ മകനായി മണ്ണിനെ സ്നേഹിച്ച് കൃഷി വിഭവങ്ങളും വിളയിച്ചു പ്രകൃതിയെയും സ്നേഹിച്ചുകൊണ്ടു സകുടുംബം അദ്ദേഹം ഫ്ലോറിഡായിൽ വിശ്രമ ജീവിതം നയിക്കുന്നു. സുന്ദരമായ കവിതകളും രചിക്കാറുണ്ട്. പ്രകൃതിയും സുന്ദരിയായ പെണ്ണും ഈ കലാകാരന്റെ തൂലികയിൽ നിത്യം നിറഞ്ഞിരിക്കുന്നതായും കാണാം. അദ്ദേഹം താമസിക്കുന്ന സ്ഥലത്തിലെ ഓരോ ചെടികൾക്കും കോളേജ് ജീവിത കാലത്ത് കണ്ടുമുട്ടിയ സുന്ദരികളുടെ പേരാണ് ഇട്ടിരിക്കുന്നതെന്നും അദ്ദേഹത്തിൻറെ സഹപാഠിയായ സുപ്രസിദ്ധ കവിയും എഴുത്തുകാരനുമായ ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ഒരു ലേഖനത്തിൽ നിന്നും വായിച്ചറിഞ്ഞു. ദൈവത്തിന്റെ അസ്തിത്വം തേടിയും പ്രകൃതിയുമായി സല്ലപിച്ചുകൊണ്ടും ഈ വിപ്ലവകാരിയുടെ തൂലിക ചലിക്കുന്നതും വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നും ഉത്തരം ലഭിക്കാത്തതുകൊണ്ടായിരിക്കാം. അദ്ദേഹം നാസ്തികനല്ലെന്നും പറയുന്നു. ദൈവ വിശ്വാസിയാണെന്നും പറയുന്നു. വിശ്വസിക്കുന്നത് സ്ഫോടന തത്ത്വമോ 'പ്രകൃതിയും ഞാനു'മെന്ന ദൈവത്തെയോ എന്തെന്ന് അറിഞ്ഞു കൂടാ. മായാ പ്രപഞ്ചത്തിലെ ഒരു മിഥ്യാ ദൈവം അദ്ദേഹത്തിൻറെ ഉള്ളിലും ഉണ്ടാകാം.

വിവിധ മാധ്യമങ്ങളിൽക്കൂടി ആൻഡ്രുസ്സിന്റെ പുസ്തകങ്ങളെപ്പറ്റി വിലയിരുത്തിക്കൊണ്ടുള്ള അനേക ലേഖനങ്ങൾ  ശ്രീ സുധീർ പണിക്കവീട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൻഡ്രുസിന്റെ കലാലയം മുതൽ സുഹൃത്തായിരുന്ന സുധീർ! ആൻഡ്രുസെഴുതിയ സത്യവും മിഥ്യയും പുസ്തകമുൾപ്പടെ മറ്റു പുസ്തകങ്ങളും നല്ല പാടവത്തോടെ വിലയിരുത്തിയിട്ടുമുണ്ട്. സുധീർ സൂചിപ്പിച്ചപോലെ 'തിരുവചനം' എന്നതിന്റെ അർത്ഥം ദൈവത്തിന്റെ പേരിലുള്ള കള്ള സാഹിത്യമെന്നു' എനിക്കും തോന്നിപ്പോയി. ഗഹനമായി ചിന്തിക്കുന്ന ഒരു യുക്തിവാദിക്കു മാത്രമേ സത്യമെന്നു കരുതുന്ന വിശുദ്ധ ഗ്രന്ഥങ്ങളിലെ മിഥ്യകൾ തേടി സത്യം വേർതിരിക്കാൻ സാധിക്കുള്ളൂ. അതിൽ ശ്രീ ആൻഡ്രുസ് തന്റെ മഹനീയമായ ഈ ഗ്രന്ഥത്തിൽ  തികച്ചും നീതി പുലർത്തിയിട്ടുണ്ട്.

സത്യവേദപുസ്തകത്തിന്റെ സത്യങ്ങളും മിഥ്യകളുമടങ്ങിയ ഗ്രന്ഥപരമ്പരകൾ ഓരോ കാലഘട്ടത്തിലായി  ഒരു വിമർശകന്റെ കാഴ്ചപ്പാടിലൂടെ ശ്രീ ആൻഡ്രുസ് രചിച്ചിട്ടുണ്ട്. വ്യാജ പ്രവാചകന്മാർ സത്യത്തിൽ മായം ചേർക്കാൻ ഭൂമിയിൽ അവതരിക്കുമെന്ന് യേശു ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള കള്ളപ്രവാചകരുടെ പച്ചയായ കള്ളങ്ങൾ സത്യത്തിൽനിന്നും വേർതിരിച്ചെടുക്കാൻ ആൻഡ്രുസിന്റെ ഗ്രന്ഥങ്ങൾ സഹായകമായിരിക്കും. സത്യങ്ങൾ ചൊല്ലുമ്പോൾ ചിലർക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നിരിക്കില്ല. ഒരു ചരിത്രമെന്നു വിശേഷിപ്പിക്കുന്നതിനെ ചികഞ്ഞുനോക്കിയാൽ സത്യത്തിനുള്ളിലെ അസത്യങ്ങൾ നിറഞ്ഞ മിശ്രിതങ്ങളെന്നും മനസിലാക്കാൻ സാധിക്കും.  പഴയ നിയമത്തിലെ പുരോഹിതൻമാർ കാട്ടിക്കൂട്ടിയ മറിമായങ്ങളെല്ലാം സ്വാർഥ താൽപര്യങ്ങൾക്കായി ഇന്നും പുരോഹിതർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. യഹൂദരുടെ പഴയനിയമ കെട്ടുകഥകൾ സത്യങ്ങളായി പുരോഹിതർ വെളിപ്പെടുത്തുമ്പോൾ അതിനുള്ളിലെ നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ടാകും. മനുഷ്യ മനസുകളിൽ മായം കലക്കുന്ന പൗരാഹിത്യത്തിനെതിരെ ഗ്രന്ഥകാരൻ ഒരു വെല്ലുവിളി തന്നെ നടത്തിയിരിക്കുകയാണ്.

സ്വന്തം മതം മാത്രമേ സത്യമെന്നുള്ള വിശ്വാസം എല്ലാ മതങ്ങളിലുമുണ്ട്. മതങ്ങളെ യാതൊരു കാരണവശാലും വിമർശിക്കാൻ പാടില്ല. ഇത്തരം മിഥ്യാധാരണകളാണ് ഇന്ന് ലോകത്തുള്ള എല്ലാ അസ്വസ്ഥതകൾക്കും കാരണമായിരിക്കുന്നത്. മതങ്ങൾ തമ്മിൽ മത്സരബുദ്ധിയോടെ കലഹിച്ചു ജീവിക്കുന്നതും ആഴമായ മതചിന്തകൾ മനസിൽ നിറച്ചിരിക്കുന്നതുകൊണ്ടാണ്. സ്വന്തം മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതു മാത്രം സത്യങ്ങളെന്നു മതത്തിനടിമപ്പെട്ടവർ കരുതുന്നു. മറ്റു മതങ്ങളിലെ സത്യത്തെ കണ്ടെത്താൻ മെനക്കെടുകയുമില്ല. താൻ വിശ്വസിക്കുന്ന മതത്തിന്റെ മഹത്വം ഉറപ്പിക്കാൻ മറ്റു മതങ്ങളിലെ മിഥ്യകൾ തേടി മതാന്ധരായവർ അലയുന്നതും കാണാം. ഓരോ കാലത്ത് എഴുതി കൂട്ടിയിരിക്കുന്ന മതതത്ത്വങ്ങൾ വിശാലമായ കാഴ്ചപ്പാടോടെ ഉൾക്കൊണ്ടില്ലെങ്കിൽ നമ്മുടെ ഉള്ളിലുള്ള സങ്കുചിത മനസ് എന്നും വളർന്നു കൊണ്ടിരിക്കും.

ബൈബിളിൽ ചരിത്രപരമായ വസ്തുതകളുണ്ടോയെന്ന ആഴമേറിയ ഒരു പഠനമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽക്കൂടി അവതരിപ്പിച്ചിരിക്കുന്നത്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ചരിത്രപരമായ കാര്യങ്ങൾ വളരെ വസ്തുനിഷ്ഠമായി വിവരിച്ചിട്ടുണ്ട്. ബൈബിളിനുള്ളിലെ സത്യാവസ്ഥകളെയും മിഥ്യകളെയും ചികഞ്ഞെടുത്തതു ഗ്രന്ഥകാരന്റെ നേട്ടങ്ങളായി കരുതാം. ചിന്താശക്തി നശിച്ച വായനക്കാരനായ ഒരു വിശ്വാസി ഈ പുസ്തകത്തെ തിരസ്ക്കരിക്കാം. എന്നാൽ ചിന്തിക്കുന്ന ജ്ഞാനികൾ അർഹമായ സ്ഥാനം പുസ്തകത്തിനു നല്കാതിരിക്കില്ല. ഗ്രന്ഥകാരൻ ഇവിടെ വിശ്വാസത്തെ മാത്രം പരിഗണിക്കാതെ ബൈബിളിന്റെ അസ്തിത്വത്തെപ്പറ്റിയും ചരിത്രാന്വേഷണം നടത്തുന്നുണ്ട്.

ബൈബിളെഴുതി നൂറ്റാണ്ടുകൾ കഴിഞ്ഞാണ് വാമൊഴിയായി ഭൂരിഭാഗം ജനങ്ങൾക്ക് ബൈബിളിനെ സംബന്ധിച്ച അറിവുകൾ ലഭിച്ചത്. അതിലെ വിവരങ്ങൾ ചരിത്ര വസ്തുതകളെക്കാൾ കൂടുതൽ വിശ്വാസങ്ങളാണ് ആധാരങ്ങളെന്നും കാണാം. ബൈബിൾ ഒരു ചരിത്ര പുസ്തകമായി വിശ്വസിക്കാൻ സാധിക്കില്ല. എന്നാൽ അതിനുള്ളിൽ ചരിത്രമുണ്ടെന്നും കാണാം. മതവിശ്വസം ഇല്ലാത്തവരോടും ക്രിസ്ത്യാനികൾ ബൈബിൾ ഒരു ചരിത്ര ഗ്രന്ഥമായി തർക്കിക്കുന്നതും സാധാരണമാണ്. എന്നാൽ ഭൂരിഭാഗം ക്രിസ്ത്യാനികളല്ലാത്തവർ ബൈബിളിനെ ഒരു ചരിത്ര ഗ്രന്ഥമായി കാണാൻ ആഗ്രഹിക്കില്ല.

ബൈബിൾ അനേക പുസ്തകങ്ങളായി ക്രോഡീകരിച്ചെഴുതിയ ഒരു ഗ്രന്ഥമാണ്. കൂടുതൽ പുസ്തകങ്ങളും യഹൂദ മതത്തിൽ നിന്നും ലഭിച്ചതാണ്. ക്രിസ്ത്യാനികൾ യഹൂദരുടെ ബുക്കുകളെ പഴയ നിയമമായി കരുതുന്നു. പഴയ നിയമം എന്ന പ്രയോഗം യഹൂദർ ഇഷ്ടപ്പെടുന്നില്ല. ക്രിസ്ത്യാനികൾക്ക് മാത്രമുള്ള പുസ്തകത്തെ പുതിയ നിയമം എന്ന് പറയുന്നു. ക്രിസ്ത്യാനികളിൽ ചില ഗ്രൂപ്പുകൾക്ക് യഹൂദ പുസ്തകങ്ങളെ ക്രിസ്ത്യൻ പുസ്തകങ്ങളായി കരുതുന്നതിൽ വിയോജിപ്പുമുണ്ട്. എന്നാൽ പുതിയ നിയമത്തിലെ ഇരുപത്തിയേഴു ബുക്കുകളും ക്രിസ്ത്യൻ മതങ്ങൾക്കെല്ലാം പൊതുവെ സമ്മതവുമാണ്.  നാല് സുവിശേഷങ്ങളിൽക്കൂടി യേശുവിന്റെ ജീവിതവും മരണവും ഉയർപ്പും വിവരിക്കുന്നു. അടുത്ത പുസ്തകം അപ്പോസ്തോല പ്രവർത്തനങ്ങളാണ്. അതിൽ ആദ്യകാല സഭയെപ്പറ്റിയുള്ള ചരിത്രത്തിന്റെ സൂചനകളും നൽകുന്നു. അപ്പോസ്തോലെ പ്രവർത്തനങ്ങൾക്കുശേഷം ഇരുപത്തിയൊന്ന് കത്തുകളും ചെറു ലേഖനങ്ങളുമായി ബൈബിൾ എഴുതി. കത്തുകൾ കൂടുതലും അന്നത്തെ സഭാ നേതൃത്വത്തിനും സഭയുടെ ആദിമ പിതാക്കന്മാർക്കുമുള്ളതാണ്. അവസാനം വ്യത്യസ്തമായ വെളിപാട് പുസ്തകവും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പുസ്തകങ്ങൾ ആരെങ്കിലും ഒരു വ്യക്തി തന്നെ എഴുതപ്പെട്ടതെന്നും വിശ്വസിക്കുന്നില്ല. ക്രിസ്ത്യൻ കലണ്ടർ അനുസരിച്ചു പുസ്തകങ്ങൾ ആദ്യ നൂറ്റാണ്ടുകളിൽ എഴുതിയതെന്നു വിചാരിക്കുന്നു. ബി.സി യും എ.ഡിയും വെച്ചുള്ള കണക്കുകളും സംശയമാണ്. ബി.സി. ഒന്ന് എന്നാൽ ക്രിസ്തു മരിച്ച തലേദിവസവും എ.ഡി. ഒന്ന് എന്നാൽ ക്രിസ്തു മരിച്ച ദിവസത്തിന്റെ പിറ്റേദിവസമെന്നും കണക്കാക്കുന്നു. ക്രിസ്തു മരിച്ച ദിവസമായ പൂജ്യം (0) എന്നത് ഒന്നില്ല. അതുപോലെ ബി.സി. ഒന്നാം നൂറ്റാണ്ടെന്നു പറയുന്നത് ക്രിസ്തു മരിക്കുന്നതിന് മുമ്പുള്ള നൂറ്റാണ്ടും എ.ഡി. ഒന്നാം നൂറ്റാണ്ടെന്നു പറയുന്നത് ക്രിസ്തു മരിച്ച ശേഷമുള്ള നൂറ്റാണ്ടുമായി കണക്കാക്കുന്നു.

ആറാം നൂറ്റാണ്ടിൽ 'ഡിനൈസിസ് എക്സിഗ്സ്സ്' എന്ന സന്യാസിയാണ് 'ബി.സി', 'എ.ഡി' ക്രിസ്ത്യൻ കലണ്ടർ നിർമ്മിച്ചത്. സുവിശേഷങ്ങളിൽ യേശു ജനിച്ച ദിവസം എന്നാണെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും യേശുവിന്റെ ജനനം ബി.സി ഒന്നിനും എ.ഡി ഒന്നിനുമിടയിലുള്ള ഏതാനും വർഷങ്ങൾക്കുള്ളിലെന്നാണ് അനുമാനിക്കുന്നത്. ബൈബിൾ എഴുതിയത്, യേശുവിന്റെ മരണശേഷം നൂറു കൊല്ലത്തിനുള്ളിലെന്നു മാത്രമേ ഒരു ചരിത്ര ചിന്തകന് പറയാൻ സാധിക്കുള്ളൂ.

ബൈബിൾ എഴുതിയ തിയതി ആർക്കും അറിയില്ലാത്തപോലെ ആരാണ് ഈ വിശുദ്ധ ഗ്രന്ഥം എഴുതിയതെന്നും തീർച്ചയില്ല. ഒരാൾ മാത്രമല്ല എഴുതിയതെന്നും വ്യക്തമാണ്. പണ്ഡിതരുടെയിടയിൽ ബൈബിളിലെ വൈരുദ്ധ്യങ്ങൾ സംശയങ്ങൾക്കിടയാക്കുകയും തത്ഭലമായി നിശിതമായ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ബൈബിളിലുള്ള ലേഖനങ്ങളും കത്തുകളും 'പോൾ' തന്നെ എഴുതിയതെന്നും പണ്ഡിതർ കരുതുന്നു. എന്നിരുന്നാലും ബൈബിളിലെ പുസ്തകങ്ങൾ എഴുതിയിരിക്കുന്നത് ഒരു ക്രമത്തിലല്ലെന്നും കാണാം. നാലു സുവിശേഷങ്ങളാണ് പുസ്തകത്തിൽ ആദ്യം കൊടുത്തിരിക്കുന്നുവെങ്കിലും സുവിശേഷങ്ങൾ എഴുതിയത് പോളിന്റെ അപ്പസ്തോലിക കത്തുകൾക്ക് ശേഷമെന്നും കാണാം. പോൾ, സുവിശേഷങ്ങൾ എഴുതിയത് ഏ.ഡി അമ്പതിലോ എഴുപത്തിലോ ആയിരിക്കാം. ആർക്കും വ്യക്തമായി എന്നെഴുതിയതെന്നും നിശ്ചയമില്ല.

'അപ്പോസ്റ്റൽ' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് വചനങ്ങൾ ക്രിസ്തു ജീവിച്ചിരിക്കെ ക്രിസ്തുവിൽ നിന്ന് നേരിട്ട് വചനം കേട്ടവരെന്നാണ്. പോൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും പോളിനെയും അപ്പോസ്തോലനായി അറിയപ്പെടുന്നു. മരണത്തിനു ശേഷവും ഉയർപ്പിനു ശേഷവും ക്രിസ്തു പോളിന് പ്രത്യക്ഷപ്പെട്ടെന്ന വിശ്വാസമാണ് പോളിനും അപ്പോസ്തോലിക പദവി ലഭിക്കാൻ കാരണമായതെന്നു വിശ്വസിക്കുന്നു. അതുകൊണ്ടു പോളിന്റെ കത്തുകൾ ആദ്യമ സഭയെപ്പറ്റിയുള്ള സാമാന്യ വിവരങ്ങൾ നൽകുന്നു. ആദ്യകാലത്തുള്ള സഭയിലെ ആഭ്യന്തര പോരിനെവരെ പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും യേശുവിനെ അദ്ദേഹം  നേരിട്ട് കണ്ടിട്ടില്ല. യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച് വളരെ കുറച്ചു മാത്രമേ പോൾ എഴുതിയ സുവിശേഷങ്ങളിലുള്ളൂ.

യേശുവിനെ പൂർണ്ണമായി അറിയാവുന്നവരിൽനിന്നും യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള   തെളിവുകൾ ശേഖരിച്ചിട്ടില്ലെന്നു കാണാം. അതുകൊണ്ടു ബൈബിളിലെ അപ്പോസ്തോലന്മാർ എഴുതിയ വിവരങ്ങൾ സത്യമെന്നോ അസത്യമെന്നോ നിശ്ചയമില്ല. വിശുദ്ധ ഗ്രന്ഥം എഴുതിയവർ കണ്ടതും കേട്ടതും വെറും ഐത്യഹ്യം പോലെയാണ് എഴുതിയിരിക്കുന്നത്. അത് സത്യങ്ങളെന്നോ ചരിത്രത്തിനു നിരക്കുന്നതെന്നോ ചിന്തിക്കാനും പഠിക്കാനും വായിക്കുന്നവർക്ക് അവകാശമുണ്ട്. ഉദാഹരണമായി യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരങ്ങൾ മാത്യുവും ലുക്കും എഴുതിയിരിക്കുന്നത് തികച്ചും വ്യത്യസ്തങ്ങളായിട്ടാണ്. രണ്ടു പേരുടെയും കഥകൾ പൊരുത്തപ്പെട്ടു പോവുകയെന്നതും വളരെ പ്രയാസമാണ്.

യേശുവിന്റെ ഉയിർപ്പ് ചരിത്രത്തിന്റെ ഭാഗമായിട്ടാണ് കരുതുന്നത്. ഇത്രയും വലിയ ഒരു സംഭവം നടന്നിട്ട് അക്കാലത്തെ ചരിത്രകാർ ആരും തന്നെ ഉയർപ്പിനെപ്പറ്റി രേഖപ്പെടുത്തിയിട്ടില്ല. അതുപോലെ യേശുവിന്റെ ശരീരം അപ്രത്യക്ഷമായെന്നും ബൈബിളിലല്ലാതെ മറ്റൊരു പുസ്തകത്തിലില്ല. മാത്യു മാത്രം കല്ലറയ്ക്ക് ചുറ്റും റോമൻ പട്ടാളക്കാർ കാവൽ നിന്നിരുന്നുവെന്നും എഴുതിയിട്ടുണ്ട്. ഉയിർപ്പിന്റെ ഈ കഥകൾ ക്രിസ്ത്യൻ വിശ്വാസികൾക്കല്ലാതെ ക്രിസ്തുമതത്തിനു വെളിയിലുള്ളവർക്ക് വിശ്വസിക്കാൻ സാധിക്കില്ല. അറിവുള്ള ക്രിസ്ത്യാനികളും ഇത്തരം കഥകൾ വിശ്വസിക്കില്ല. ബൈബിളിനുള്ളിലെ ഇപ്രകാരമുള്ള ചിന്തകളും അതിലെ സത്യങ്ങളും മിഥ്യകളും ശ്രീ ആൻഡ്രുസിന്റെ പുസ്തകത്തിൽ ഗവേഷണ പാടവത്തോടെ വിവരിച്ചിട്ടുണ്ട്.

പഴയ നിയമത്തിൽ അവതരിപ്പിച്ചിരിക്കുന്ന ദൈവത്തിൽ നിന്നും വ്യത്യസ്തനായ ഒരു ദൈവത്തെയാണ് പുതിയ നിയമത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു ദൈവങ്ങളും ഒന്നാണെന്ന് സ്ഥാപിക്കാനും ഒരു വിശ്വാസിക്ക് കഴിയില്ല. ചരിത്രവുമായി ഏറ്റുമുട്ടുന്ന ഒരാൾക്ക് മതത്തിന്റെ വിശ്വസങ്ങളുമായി പൊരുത്തപ്പെടാൻ സാധിച്ചെന്നു വരില്ല. മതവും സത്യവുമായി വേർതിരിച്ചെടുക്കുന്ന പ്രയത്നത്തിലുണ്ടാകുന്ന ആ പോരായ്മകൾ ചരിത്രത്തിൽ വിശ്വസിക്കുന്ന ശ്രീ ആൻഡ്രസ്സിനുമുണ്ട്.

ഒരു ക്ഷിപ്രകോപിയായ പഴയ ദൈവത്തിന്റെ സ്ഥാനത്ത് കാരുണ്യം വറ്റിയൊഴുകുന്ന ദയാപരനായ മറ്റൊരു ദൈവത്തെ പുതിയ നിയമത്തിൽ കാണാം. വ്യത്യസ്തങ്ങളായ ഈ രണ്ടു ദൈവങ്ങളുടെ സ്വാഭാവഘടനകൾ കാരണം ചരിത്രവും വിശുദ്ധ ഗ്രന്ഥങ്ങളിലെ വിശ്വാസവുമായി യോജിക്കാൻ സാധിക്കാതെ വരുന്നു. സത്യവും മിഥ്യയും കലർന്ന അത്തരം ചിന്തകളുടെ ഒരു സമാഹാരം മാത്രമാണ് ഈ ഗ്രന്ഥം. മതത്തെയും വിശ്വാസസത്യങ്ങളെയും ചോദ്യം ചെയ്യുന്നവരോട് മതം എന്നും ശത്രുതാ മനോഭാവം പുലർത്തിയിട്ടേയുള്ളൂ. പുരോഗമന ചിന്താഗതികൾ അവതരിപ്പിക്കുന്നവർക്കെതിരെയും മതം വാളെടുക്കും. ശാസ്ത്രവും മതവും രണ്ടു ധ്രുവങ്ങളായി മാത്രമേ എന്നും സഞ്ചരിച്ചിട്ടുള്ളൂ. ഗലീലിയോ ഭൂമിയുടെ ഭ്രമണങ്ങളെപ്പറ്റി ശാസ്ത്രീയമായി വിവരിച്ചപ്പോൾ മതവും ശാസ്ത്രവുമായി ഏറ്റുമുട്ടലാണുണ്ടായത്. ഗലീലിയോയെ പീഡിപ്പിച്ചുകൊണ്ടു അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. മതത്തിന്റെ മിഥ്യയെ തേടിയവരെയെല്ലാം ശത്രുക്കളായി പ്രഖ്യാപിച്ച ചരിത്രമാണ് സഭയ്ക്കുള്ളത്. അത്തരം ചിന്തകരെ മതം ഇന്നും തേജോവധം ചെയ്യാൻ ശ്രമിക്കാറുണ്ട്.

മത ഗ്രന്ഥങ്ങൾ ഓരോ കാലത്ത് എഴുതിയുണ്ടാക്കിയിരിക്കുന്നത് പുരോഹിതരുടെ സുഖ ജീവിതം അരക്കിട്ടുറപ്പിക്കാനായിരുന്നു. ദൈവം അരുളിച്ചെയ്ത വാക്കുകൾ വെറും കബളിപ്പിക്കലായിരുന്നുവെന്ന വസ്തുത ചിന്തിക്കാത്ത ഒരു ലോകത്തിന് മനസിലാക്കാനും ബുദ്ധിമുട്ടാണ്. മണൽത്തരികൾ പോലെ നിന്റെ കുഞ്ഞുങ്ങൾ പെരുകട്ടെയെന്നു എബ്രാഹാമിനോട് ദൈവം പറഞ്ഞു. ആ ദൈവമാണ് തലമുറകളായി എബ്രാഹാമിന്റെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ കൊലകൾ യുദ്ധം മൂലമോ കൊടുങ്കാറ്റു -പേമാരി മുഖേനയോ അന്തരീക്ഷത്തിലെ വിഷ ദ്രാവകം മൂലമോ ന്യുക്‌ളീയർ തരംഗങ്ങളാലോ ആകാം. യഹൂദരെ ദൈവം തെരഞ്ഞെടുക്കപ്പെട്ട ജനതയായിട്ടാണ് പഴയ നിയമത്തിൽ വിവരിച്ചിരിക്കുന്നത്. മില്യൻ കണക്കിന് യഹൂദ ജനതയാണ് നാസി ക്യാമ്പുകളിൽ കൊലചെയ്യപ്പെട്ടത്. സൃഷ്ടിയും കൊലയും ഒരേ കാലത്തു നടത്തുന്ന ജോലിയുടെ ഉത്തരവാദിത്വവും ഈ ദൈവത്തിനു തന്നെയോ? പരസ്പ്പരം ഭിന്നിപ്പിച്ച് ജനത്തിനെതിരെയും രാജ്യത്തിനെതിരെയും പോരാടാൻ ഉപദേശിക്കുന്ന ദൈവങ്ങളുടെ എണ്ണവും കൂടി വരുന്നു. അത്തരം സാഹചര്യങ്ങളിൽക്കൂടി കലുഷിതമായ ഈ ലോകം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്നതുമാണ്.

ആയിരങ്ങൾക്ക് മാനസിക വിഭ്രാന്തികൾ നൽകിക്കൊണ്ട് കരിഷ്മാറ്റിക്ക് കേന്ദ്രങ്ങൾ ലോകമെവിടെയും കാണാം. സത്യവേദ പുസ്തകത്തിൽ വിശ്വാസ വചനങ്ങളിലുള്ള കള്ള സാഹിത്യത്തിന്റെ പ്രചരണങ്ങളിൽക്കൂടി ധ്യാന ഗുരുക്കൾ ലോകം മുഴുവൻ ക്രിസ്തുവിനെ വിറ്റു പണമുണ്ടാക്കുന്നു. വിശ്വാസികളെ മയക്കി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ചെണ്ടകൊട്ടും മേളകളും സംഗീതവുമായി ദൈവത്തിന്റെ നാമവും വൃഥാ ഉപയോഗിച്ചുകൊണ്ട് മനുഷ്യരെ പറ്റിക്കുന്നു. മാനസികമായി അടിമപ്പെട്ടിരിക്കുന്ന വിശ്വാസികൾ പുരോഹിതനിൽക്കൂടി യേശുവിനെ കാണുന്നുവെന്ന സാങ്കൽപ്പിക വിശ്വാസവും പുലർത്തുന്നു. അവർക്കു മുമ്പിൽ തികച്ചും വിരോധാഭാസമായ ഒരു ലോകവും കാണാം. സഭയുടെ വിശ്വാസത്തിനു പുറത്തുള്ള ഗ്രന്ഥങ്ങൾ വായിച്ചു മനസിലാക്കാനുള്ള ഒരു മനസ്ഥിതി അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ നിഴലിക്കാനും പ്രയാസമാണ്. കുടിലമായ കാപട്യ തന്ത്രങ്ങൾ അത്രമേൽ പൗരാഹിത്യ ലോകം വിശ്വാസികളുടെമേൽ അടിച്ചേൽപ്പിച്ചു കഴിഞ്ഞു. ഒരിക്കലും പുറത്തു വരാത്ത വിധം ഓരോ വിശ്വാസിയെയും മാനസികാടിമത്വത്തിനു വിധേയമാക്കുകയും ചെയ്തു.

ക്രിസ്ത്യാനികളുടെ സത്യവേദപുസ്തകമെന്നത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ ദൈവങ്ങളുടെ പുരാണവും പഴയ നിയമവും കൂട്ടികുഴച്ചതെന്ന് ശ്രീ ആൻഡ്രുസ് അഭിപ്രായപ്പെടുന്നു. യെറുസലേം ദേവാലയം വീണതോടെ തൊഴിൽ രഹിതരായ പുരോഹിതർ വയറ്റിൽ പിഴപ്പിനായി വിശുദ്ധ ഗ്രന്ഥം രചിച്ചെന്നും അനുമാനിക്കുന്നു. പല തവണ തിരുത്തിയെഴുതിയ പുസ്തകത്തിൽ സത്യങ്ങൾ കുറവെന്നാണ് ഗ്രന്ഥകാരൻ സ്ഥാപിച്ചിരിക്കുന്നത്. മാനവിക സംസ്ക്കാരങ്ങളും ധാർമ്മിക ബോധങ്ങളും ഉൾക്കൊള്ളാനാവാതെ മതം അകന്നു നിൽക്കുന്ന കാരണവും വിശുദ്ധ ഗ്രന്ഥങ്ങൾ തന്നെ. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും മാറ്റങ്ങളും മതത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സത്യങ്ങളെക്കാൾ മിഥ്യകൾ വിശുദ്ധ ഗ്രന്ഥത്തിൽ നിറഞ്ഞിരിക്കുന്ന കാരണങ്ങളും ആൻഡ്രുസിന്റെ ഗ്രന്ഥത്തിൽ വായിക്കാം.

സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് മാത്രമേ ആൻഡ്രുസിന്റെ ഈ ഗ്രന്ഥം ഉൾക്കൊള്ളാൻ സാധിക്കുള്ളൂ. മതത്തിന്റെ അടിമ ചങ്ങലകൾ കാലിൽ തളച്ചിട്ടിരിക്കുന്ന വായനക്കാർക്ക് ഈ പുസ്തകം അരോചകമായേക്കാം. അങ്ങനെയുള്ളവർക്ക് മാനസികാടിമത്വത്തിൽ നിന്നും ഒരു മോചനം ലഭിക്കാനും പ്രയാസമായിരിക്കും. അത്രയ്ക്ക് ശക്തമായി തന്നെ പുരോഹിത ലോകം ചിന്താശക്തിയില്ലാത്ത ഒരു ലോകത്തെ സൃഷ്ടിച്ചു കഴിഞ്ഞു. പുരോഹിത മന്ത്ര മായാജാലം സഹസ്രാബ്ദങ്ങളായുള്ള ജനതകളെ കീഴടക്കി ഭരിച്ചുകൊണ്ടുമിരിക്കുന്നു.  'എന്തേ നിന്റെ കണ്ണിലെ കാരിരുമ്പ് കാണാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് നീ തേടുന്നുവോയെന്ന' യേശുവചനവും ഇവിടെ പ്രസക്തമാണ്. ഗ്രന്ഥകാരനായ ആൻഡ്രുസും സ്വന്തം കണ്ണിലെ കാരിരുമ്പുകൾ തുടച്ചുനീക്കാനുള്ള പണിപ്പുരയിൽ തന്നെയാണ്. സത്യവും മിഥ്യയുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് എന്റെ എല്ലാ വിധ വിജയങ്ങളും നേരുന്നു.




Thursday, June 8, 2017

പാരീസിലെ ആഗോളതാപന ഉടമ്പടിയും ട്രംപിന്റെ പിന്മാറലും, പഠനം



ജോസഫ് പടന്നമാക്കൽ

2015 ഡിസംബർ മാസത്തിൽ 195 രാജ്യങ്ങൾ  ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ സമ്മേളിക്കുകയും വർദ്ധിച്ചുവരുന്ന ഭൂമിയുടെ താപനിലയെപ്പറ്റി ചർച്ച ചെയ്യുകയുമുണ്ടായി. അനേക വർഷങ്ങളുടെ ശ്രമഫലമായിരുന്നു ഇങ്ങനെയൊരു യോഗം വിളിച്ചുകൂട്ടാൻ സാധിച്ചത്.തന്മൂലം മനുഷ്യരാശിക്ക് സംഭവിക്കാവുന്ന ദുരിതങ്ങളെപ്പറ്റിയും വിശകലനം ചെയ്തു. അതനുസരിച്ച് കാലാവസ്ഥ വ്യതിയാന നിയന്ത്രണങ്ങളെ സംബന്ധിച്ച ഒരു ഉടമ്പടിയിൽ ഒപ്പു വെച്ചിരുന്നു. അന്നുകൂടിയ ലോകരാഷ്ട്രങ്ങളുടെ തീരുമാനമനുസരിച്ച് 2016 നവംബർ നാലാം തിയതി കാലാവസ്ഥ ക്രമീകരണ നയം നടപ്പിലാക്കിയിരുന്നു. ഭൂമിയുടെ അന്തരീക്ഷ വായുവിലുള്ള ചൂടിന്റെ അളവ് നിയന്ത്രിക്കുകയെന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. താപനില ഭൂമിയിലും ആകാശത്തിലും വെള്ളത്തിലും ഒരുപോലെ വർദ്ധിക്കാം. കഴിഞ്ഞ നൂറു വർഷത്തെ ഭൂമിയുടെ താപനില സ്‌കെയിലനുസരിച്ച് ഏകദേശം 0.75 ഡിഗ്രി സെന്റിഗ്രേഡ് അതായത് 1.4 ഫാറൻ ഹീറ്റ് വർദ്ധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്നു. 1975നു ശേഷം താപനില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

പാരീസിൽ ഉടമ്പടി ഒപ്പു വെക്കുമ്പോൾ വാഹനങ്ങളും ഫാക്റ്ററികളുമൂലം ഏറ്റവുമധികം അന്തരീക്ഷം മലിനമാക്കുന്ന, വാതകങ്ങൾ പുറത്താക്കുന്ന, രാജ്യങ്ങളിൽ അമേരിക്കയുമുണ്ടായിരുന്നു. ഇത് മനുഷ്യ ജാതിക്കെതിരായ ഒരു ആക്രമണമായി ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ വിധിയെഴുതി.  ലോക നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരും ശാസ്തജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഈ ഉടമ്പടി പൂർണ്ണമല്ലെന്നു സമ്മതിച്ചിരുന്നു. ലോക താപനില നിയന്ത്രിക്കാൻ ഉടമ്പടി ആവശ്യത്തിന് മതിയാകില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ഇത് ലോകത്തിലെ കാലാവസ്ഥ വ്യതിയാനത്തിന്റ വഴിത്തിരിവെന്നും വിശേഷിപ്പിച്ചു. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, "നാം വസിക്കുന്ന ഈ ഭൂമുഖത്തെ രക്ഷിക്കാനുള്ള ഏറ്റവും നല്ല അവസരമെന്നും" ഉടമ്പടിയെ ന്യായികരിച്ചുകൊണ്ടു ലോകനേതാക്കളോടു പറഞ്ഞിരുന്നു.

2017 ജൂൺ മാസത്തിൽ! പാരീസുടമ്പടിയിൽനിന്നു അമേരിക്ക പിൻവാങ്ങുന്നുവെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തെ അറിയിച്ചു. കൂടുതലായി വിവരങ്ങളൊന്നും നൽകാതെ പുതിയ ഒരു കാലാവസ്ഥ രൂപീകരണ നയം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ജർമ്മനിയിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും നേതാക്കന്മാർ ഉടമ്പടിയ്ക്ക് മാറ്റം വരുത്താൻ സാധിക്കില്ലെന്നുള്ള നിലപാടുമെടുത്തു. 195 രാജ്യങ്ങൾ ഒപ്പു വെച്ച ഉടമ്പടിയാണിത്. അവരിൽ അമേരിക്കയുൾപ്പടെ 148 രാജ്യങ്ങൾ ഉടമ്പടി സമ്മതിച്ചുറപ്പിക്കുകയും ചെയ്തിരുന്നു. സിറിയായും നിക്കാർഗുവായും ഒഴിച്ചുള്ള ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പു വെച്ചിരുന്നു.

ഭൂമിയുടെ താപനില ഉയരുകയും താഴുകയും ചെയ്യുന്നത് സ്വാഭാവികമോ അതോ മനുഷ്യന്റ പ്രവർത്തന മണ്ഡലങ്ങളുടെ പരിണിത ഫലങ്ങളോയെന്നുള്ളത് ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയും രാഷ്ട്രീയക്കാരുടെയും വിവാദ വിഷയങ്ങളാണ്. വ്യാവസായിക വിപ്ളവത്തിനു മുമ്പ് കാലാവസ്ഥ വ്യതിയാനം സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരുന്നു. അന്ന് അത്തരം മാറ്റങ്ങൾ മനുഷ്യന്റെ പ്രവർത്തനചര്യകൾ മൂലം സംഭവിച്ചിരുന്നില്ല. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറവനുസരിച്ച് കാലാവസ്ഥയുടെ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അഗ്നി പർവ്വതങ്ങൾ പൊട്ടുമ്പോളുണ്ടാകുന്ന വാതകങ്ങൾ  അന്തരീക്ഷത്തെ മലിനമാക്കിയിരുന്നു. കോടാനുകോടി വർഷങ്ങളായി ഭൂമിയുടെ ഈ പ്രക്രീയ തുടർന്നുകൊണ്ടിരുന്നു. ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.

97 ശതമാനം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് ആഗോള താപനില സംഭവിക്കുന്നത് മനുഷ്യന്റെ പ്രവർത്തന ഫലംകൊണ്ടല്ലെന്നാണ്. യന്ത്രങ്ങളിൽനിന്നും വാഹനങ്ങളിൽനിന്നും വരുന്ന വിസർജന വാതകങ്ങൾ ഭൂമിയുടെ താപനില കൂട്ടുമെന്നുള്ള കണക്കുകൂട്ടലുകൾ അസത്യങ്ങളെന്നും ശാസ്ത്രജ്ഞർ കരുതുന്നു. 2008-ൽ അമേരിക്കയിൽ 31000 ശാസ്ത്രജ്ഞർ ഒപ്പിട്ട ഒരു പെറ്റിഷനിൽ പറഞ്ഞിരിക്കുന്നത് ഭൂമി ചൂടാകാൻ കാരണം ഭ്രമണ പദങ്ങളിൽ ഭൂമി ചുറ്റുന്നതുകൊണ്ടെന്നും മനുഷ്യന്റെ പ്രവർത്തനം കൊണ്ടല്ലെന്നുമാണ്. ഫാക്റ്ററികളിലും വാഹനങ്ങളിൽ നിന്നും പുറപ്പെടുന്ന വാതകങ്ങൾ ഭൂമിയുടെ താപനില വർദ്ധിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും വാദങ്ങളായി കരുതുന്നു.

പാരീസുടമ്പടി പിൻവലിക്കുന്ന വിഷയത്തിൽ യുണൈറ്റഡ് നാഷന്റെ നിയമങ്ങളെ മാനിക്കുമെന്നും വൈറ്റ് ഹൌസ് പറഞ്ഞു. ഉടമ്പടി നിയമം അനുസരിച്ച് 2020 വരെ രാജ്യങ്ങൾക്ക് ഉടമ്പടി പിൻവലിക്കാൻ പാടില്ലെന്നുമുണ്ട്. മൂന്നുവർഷം കഴിഞ്ഞു മാത്രമേ അതിനുള്ള പേപ്പറുകൾ ഹാജരാക്കാൻ പാടുള്ളൂ. പിൻവലിക്കുന്നതിന് ഒരു വർഷം മുമ്പ് നോട്ടീസ് കൊടുത്തിരിക്കണം. 2019 നവംബറിൽ മാത്രമേ അമേരിക്കയ്ക്ക് അതിനായി അപേക്ഷ കൊടുക്കാൻ സാധിക്കുള്ളൂ. അങ്ങനെയെങ്കിൽ 2020 നവംബറിൽ ഈ ഉടമ്പടി പിൻവലിക്കാൻ സാധിക്കും. അപ്പോഴേക്കും തെരഞ്ഞെടുക്കുന്ന പുതിയ പ്രസിഡന്റ് വൈറ്റ് ഹൌസിൽ വന്നു കഴിഞ്ഞിരിക്കും. അതിന്റെയർത്ഥം ഉടമ്പടിയിൽനിന്നും പിൻവാങ്ങണോയെന്ന അവസാന തീരുമാനമെടുക്കുന്നത് അമേരിക്കൻ വോട്ടർമാരായിരിക്കുമെന്നാണ്.

നിയമങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഉടമ്പടിയെ അമേരിക്ക മാനിക്കണമെന്നില്ല. അതിനാൽ ഉടമ്പടിയിലെ വ്യവസ്ഥകൾ ട്രംപ് നിരസിക്കാനാണ് സാധ്യത. പരിസ്ഥിതി സംരക്ഷണത്തിനായി 1992-ൽ സ്ഥാപിതമായ യൂ.എൻ.എഫ്.സി.സി.സി ((United Nations Framework Convention on Climate Change) അംഗത്വത്തിൽ നിന്ന് അമേരിക്കാ പിന്തിരിയുകയെന്നാണ് പോംവഴി. അതിനുള്ള നടപടികൾ പൂർത്തിയാക്കണമെങ്കിലും ഒരു വർഷമെടുക്കും. എന്താണെങ്കിലും പാരീസുടമ്പടിയിൽ നിന്നുള്ള പിന്മാറ്റം മറ്റുള്ള ലോകരാഷ്ട്രങ്ങളുടെയിടയിൽ അമേരിക്കയെപ്പറ്റിയുള്ള മതിപ്പു കുറയാനിടയാക്കും.

ഉടമ്പടി റദ്ദാക്കിയതുമൂലം ഭൂമിയുടെ താപവും കാലാവസ്ഥയുടെ വ്യതിയാനവും സംബന്ധിച്ചുള്ള ആഗോള രാജ്യങ്ങളുടെ പിന്തുണ അമേരിക്കയ്ക്കു നഷ്ടപ്പെടും. നേതൃത്വം മറ്റു പുരോഗമിക്കുന്ന രാഷ്ട്രങ്ങൾ കരസ്ഥമാക്കും. വാസ്തവത്തിൽ ചൈന ഇനി ലോകത്തെ നയിക്കും. യൂറോപ്പിലുള്ളതുപോലെ ചൈനയുടെ കൈവശം ഊർജ്ജത്തിനാവശ്യമായ എല്ലാവിധ ആധുനിക ടെക്കനോളജികളുമുണ്ട്. പാരീസ് ഉടമ്പടി എത്രയും വേഗം നടപ്പാക്കാൻ ചൈന ആഗ്രഹിക്കുന്നു. അതേ സമയം അമേരിക്കയിലെ നല്ലയൊരു ശതമാനം റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും യാഥാസ്ഥിതികരും ചിന്തിക്കുന്നത് പാരീസ് ഉടമ്പടി രാജ്യത്തിനുപകാരപ്പെടില്ലെന്നും ഇന്ത്യയെയും ചൈനയെയും സാമ്പത്തികമായി മെച്ചപ്പെടുത്തുമെന്നുമാണ്.

ട്രംപ് പറഞ്ഞു! "അമേരിക്ക, പാരീസുടമ്പടിയിൽ നിന്ന് പിൻവാങ്ങുന്നു. കൂടുതൽ ക്രിയാത്മകമായ മറ്റൊരു ഉടമ്പടിക്കായി കൂടിയാലോചനകൾ തുടർന്നു കൊണ്ടിരിക്കും. ഉടമ്പടിയനുസരിച്ചുള്ള കാലാവസ്ഥ നിവാരണ ഫണ്ടിനു നൽകുന്ന അമേരിക്കയുടെ വക എല്ലാ സഹായങ്ങളും നിർത്തൽ ചെയ്യും. ഉടമ്പടിയിൽ തുടർന്നാൽ വലിയൊരു സമ്പത്താണ് അമേരിക്കയ്ക്ക് നഷ്ടപ്പെടാൻ പോകുന്നത്. അതേ സമയം അമേരിക്കൻ ജനതയ്ക്ക് ഉടമ്പടികൊണ്ടു യാതൊരു പ്രയോജനമില്ലതാനും." പാരീസ് ഉടമ്പടി രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നുവെന്നും ട്രംപ് കരുതുന്നു. രാജ്യത്തിനുള്ളിൽ തന്നെ രാജ്യം സംരക്ഷിക്കാൻ പ്രത്യേകമായ പരിസ്ഥിതി നിയമം ഉണ്ട്. ആ നിയമത്തെപ്പോലും ചോദ്യംചെയ്യലാണ്‌ ഈ ആഗോള നിയമം.

അമേരിക്കയെ സംബന്ധിച്ചടത്തോളം ഈ ഉടമ്പടി രാജ്യത്തിനു പ്രയോജനപ്രദമായിരിക്കില്ലെന്നു വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു. മറ്റുള്ള മൂന്നാം ലോകങ്ങളിലെ രാജ്യങ്ങൾക്കു മാത്രം പ്രയോജനപ്രദമാകുന്ന ഒരു ഉടമ്പടി മാത്രമാണിത്. 'അമേരിക്കയെ ശിക്ഷിക്കുന്ന ഒരു ഉടമ്പടിയിൽ ഒപ്പുവെക്കാൻ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും' ട്രംപ് പറഞ്ഞു. അന്തരീക്ഷം മലിനീകരണം നടത്തുന്ന ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് അതിൽ യാതൊരു ശിക്ഷയുമില്ല. അത് നീതിയായ ഒരു ഉടമ്പടിയല്ലെന്നും ട്രംപ് വ്യക്തമാക്കി.  ഉടമ്പടി,  രാജ്യത്തിലെ നികുതിദായകർക്കു ബില്യൻ കണക്കിന് ഡോളർ ചെലവുള്ള കാര്യമാണ്. അതേസമയം മറ്റു വികസിതമല്ലാത്ത രാജ്യങ്ങൾക്ക് യാതൊരു മുടക്കുമില്ല. ഉടമ്പടിയനുസരിച്ച്, അവരുടെ ചെലവുകൾ വഹിക്കാനും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ ബാധ്യസ്ഥരാണ്.

പാരീസുടമ്പടി പിന്തുടർന്നാൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്കും ഒരുപക്ഷെ തകരാറുണ്ടാകാം.  ശുദ്ധമായ വാതകം അന്തരീക്ഷത്തിൽ ഉത്ഭാദിപ്പിക്കുക വഴി നിലവിലുള്ള ഫാക്റ്ററികൾ അടച്ചുപൂട്ടേണ്ടി വരും. അതു വഴി മില്യൻ കണക്കിന് തൊഴിലവസരങ്ങളും ഇല്ലാതാവും. റവന്യൂവിൽ വലിയൊരു തുക അന്തരീക്ഷ മലിനീകരണ നിർമ്മാജ്ജനത്തിനായി നീക്കി വെക്കേണ്ടി വരും. ഹരിതക ഗ്രഹ വാതകം നിറഞ്ഞിരിക്കുന്ന മലിനമായ രാജ്യത്തിന്റെ അന്തരീക്ഷം പത്തു വർഷം കൊണ്ട് ഇരുപത്തിയെട്ടു ശതമാനം കുറയ്ക്കുമെന്നായിരുന്നു അമേരിക്ക പ്രതിജ്ഞ ചെയ്തിരുന്നത്.

അമേരിക്കയുടെ കൽക്കരി വ്യവസായം തകർന്നു കൊണ്ടിരിക്കുകയായിരുന്നു. ശുദ്ധമായ കൽക്കരികൊണ്ടു അത് പുനരുദ്ധരിച്ച് വ്യവസായങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതികളുണ്ടായിരുന്നു. കെന്റക്കിയിലും വയൊമിങ്ങിലുമുള്ള കൽക്കരി വ്യവസായികൾ പാരീസ് ഉടമ്പടി റദ്ദാക്കാൻ അമേരിക്കൻ ഭരണകൂടങ്ങളെ സ്വാധീനിച്ചിരുന്നു. അതുമൂലം കൽക്കരി ഖനികളിൽ മില്യൻ കണക്കിന് തൊഴിലവസരങ്ങൾ നിലനിർത്താൻ സാധിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്ക്കാൻ സഹായകമാകത്തക്കവണ്ണം അമേരിക്കയിൽ സുലഭമായിരിക്കുന്ന കൽക്കരിയുടെ ഖനനം പുനരാരംഭിക്കുമെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലുണ്ടായിരുന്നു. ശുദ്ധമായ ഊർജ സംസ്ക്കരണത്തിൽ കൽക്കരി വ്യവസായങ്ങൾക്ക് ഭാവിയുണ്ടായിരിക്കില്ല.

'അമേരിക്ക ആദ്യം' (America First) എന്ന പല്ലവി പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയിൽ ട്രംപ് തന്റെ വിദേശനയങ്ങളോടൊപ്പം ആവർത്തിക്കാറുണ്ടായിരുന്നു. അദ്ദേഹം, രാജ്യത്തിനുള്ളിലെ ജനങ്ങളുടെ വിശ്വസം നേടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം നികുതിദായകർക്ക് പ്രയോജനമില്ലാത്ത പാരീസ് ഉടമ്പടിയിൽനിന്നും അമേരിക്ക പിന്മാറാൻ തീരുമാനിച്ചു. അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യങ്ങളിലെ അന്തരീക്ഷ മലിന നിവാരണത്തിനു ഫണ്ട് നൽകുന്നില്ലായെന്നും തീരുമാനമെടുത്തു. അമേരിക്കയിൽ ചില പട്ടണങ്ങളിൽ പോലീസിനെ നിയമിക്കാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ രാജ്യത്തിലെ ഫണ്ട് വിദേശത്തൊഴുകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

ഉടമ്പടി ചൈനയുടെ ഗൂഢാലോചനയാണെന്നും ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങള്‍ക്ക് അനുകൂലമാണ് പാരിസ് ഉടമ്പടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'അമേരിക്ക എക്കാലവും പരിസ്ഥിതി സൗഹാർദ രാഷ്ട്രമായി നിലകൊള്ളാൻ താല്പര്യപ്പെട്ടിരുന്നുവെങ്കിലും ഹരിതക ഗ്രഹ (ഗ്രീൻ ഹൌസ്) വാതകങ്ങളുടെ പേരിൽ രാജ്യത്തുള്ള ഒരു വ്യവസായവും പൂട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല.  വ്യവസായങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. 'അമേരിക്കയെ ഉപദ്രവിച്ചുകൊണ്ടു ഒരു ഉടമ്പടിക്കും തന്റെ രാജ്യം തയ്യാറല്ലെന്നും ലോകത്തോടല്ല ആദ്യം കടപ്പാട് രാജ്യത്തോടാണെന്നും' ട്രംപ് പറഞ്ഞു. ഉടമ്പടി അമേരിക്കയിലെ ജനങ്ങൾക്ക് യാതൊരു ഉപകാരവും ഇല്ല. അതേ സമയം വൻതുക ഇതിനായി ഐക്യരാഷ്ട്ര സംഘടനയ്ക്ക് നൽകുകയും വേണം. അത് രാജ്യത്ത് സാമ്പത്തികമായ ആഘാതം ഏൽപ്പിക്കും. 'അമേരിക്കയുടെ താല്പര്യത്തിനു വിരുദ്ധമായ ഒരു ഉടമ്പടിയിലും തുടരാൻ താല്പര്യമില്ലെന്നും ഇത്തരത്തിൽ പുനഃപരിശോധന ചെയ്യേണ്ട പല ഉടമ്പടികളുമുണ്ടെന്നും' ട്രംപ് കൂട്ടി ചേർത്തു.

പാരീസ് ഉടമ്പടിയനുസരിച്ച് പുരോഗമിച്ച രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങൾക്കായി 100 ബില്യൺ ഡോളർ കാലാവസ്ഥ ഫണ്ടിന് നല്കണമെന്നുള്ളതാണ്. ഇതിനോടകം അമേരിക്കയുടെ വീതമായ 10.3 ബില്യനിൽ ഒരു ബില്യൻ ഡോളർ നൽകി കഴിഞ്ഞു.   സഹായം കിട്ടുന്ന രാജ്യങ്ങൾ കൂടുതലും ഗുരുതരമായ പരീസ്ഥിതി പ്രശ്നങ്ങളുള്ളവരും സാമ്പത്തികമായി പിന്നോക്കമുള്ള രാജ്യങ്ങളുമായിരിക്കും.   ബംഗ്ളാദേശ് പോലുള്ള രാജ്യങ്ങളിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സമുദ്ര നിരപ്പുയരും. കടൽത്തീരത്തു താമസിക്കുന്നവർ അവിടെ നിന്ന് പോകേണ്ടി വരും. അത്തരം ഒരു സാഹചര്യമുണ്ടായാൽ വമ്പിച്ച അഭയാർത്ഥി പ്രശ്നങ്ങളെയും നേരിടേണ്ടി വരും. മില്യൻ കണക്കിന് ജനം ഭവനരഹിതരാകും. കുടിവെള്ളം ഇല്ലാതാകും. അടുത്ത പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ കാലാവസ്ഥയിലെ മാറ്റംകൊണ്ട് ലോകത്തുള്ള നൂറു മില്യൻ ജനങ്ങളെ ദരിദ്രരാക്കുമെന്നു അനുമാനിക്കുന്നു.

പാരീസിൽ ട്രംപ് ചെയ്ത പ്രസംഗമനുസരിച്ച് അമേരിക്കൻ നയപരിപാടികളിൽ അദ്ദേഹം വിജയിച്ചുവെന്നും തോന്നാം. പക്ഷെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ട്രംപിന്റെ തീരുമാനം ഒരു പരാജയമായി കാണാനും സാധിക്കും. അമേരിക്കൻ കമ്പനികൾക്ക് വിദേശകമ്പനികളുടെ സഹായം ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ്. ഭാവിയിലും വിദേശത്ത് വ്യവസായ സംരംഭങ്ങളിൽ അമേരിക്ക ഏർപ്പെടേണ്ടി വരും. വിദേശ രാഷ്ട്രങ്ങളുടെമേൽ അമേരിക്കയുടെ സ്വാധീനം കുറഞ്ഞു വരുന്നതിനാൽ അത്തരം സംരഭങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടും.

ട്രംപിന്റെ തീരുമാനം കോർപ്പറേറ്റ് അമേരിക്ക സ്വാഗതം ചെയ്യുന്നില്ല. ഫോർച്ച്യൂൺ-'500' അമേരിക്കൻ കോർപറേഷനുകളിൽ 69 കമ്പനികൾ പാരീസ് ഉടമ്പടി സാമ്പത്തിക വളർച്ചയ്ക്ക് ഉപകാരപ്രദമെന്നു കരുതുന്നു. അവർ ഉടമ്പടിയെ പിന്തുണച്ച് കത്തുകളും പരസ്യങ്ങളും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ തീരുമാനം അമേരിക്കയിലെ വൻകിട കമ്പനികളെ നിരാശപ്പെടുത്തിയിരുന്നു. ഭാവിയിൽ കാലാവസ്ഥയെപ്പറ്റിയും പരിസ്ഥിതി താൽപ്പര്യങ്ങളെപ്പറ്റിയും ലോകരാജ്യങ്ങളുമായി പങ്കു ചേരാനുള്ള അവസരം, ഉടമ്പടി റദ്ദാക്കിയതുമൂലം അമേരിക്ക നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നാണ് അവരുടെ വാദം.  വൻകിട വ്യവസായികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻതിരിഞ്ഞത് നേതൃത്വത്തിന്റെ പരാജയമായി കണക്കാക്കുന്നു. തൊഴിൽ ചെയ്യുന്നവർക്ക് ശുദ്ധമായ അന്തരീക്ഷത്തിൽ ജോലിചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. അമേരിക്കൻ മണ്ണിൽ നല്ല ഊർജം വേണമെന്നുള്ള തത്ത്വത്തെയുമാണ്! ബലികഴിച്ചത്. അമേരിക്കൻ നേതാക്കന്മാർ ലോകത്തിന്റെ മുമ്പിൽ ഒറ്റപ്പെട്ടു കഴിയുമ്പോൾ അത് അമേരിക്കയിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന ജനങ്ങളെയും ബാധിക്കും. ആഗോള സാമ്പത്തിക വളർച്ചയിൽ അമേരിക്കൻ സാമ്പത്തികം പരാജയപ്പെടും. തൊഴിൽ മേഖലകളിൽ ഫലപ്രദമായ പുരോഗമനം ഉണ്ടാകണമെങ്കിൽ ആഗോള സാമ്പത്തികത്തെയും (Macro Economics) ആശ്രയിക്കേണ്ടതായുണ്ട്.

പാരീസ് ഉടമ്പടിയിൽനിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തിൽ അമേരിക്കയിൽനിന്നും മറ്റു രാഷ്ട്രങ്ങളിൽനിന്നും കടുത്ത എതിർപ്പുകളാണ് വന്നിരിക്കുന്നത്. ലോകനേതാക്കളും ശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവർത്തകരും ഒന്നുപോലെ ഈ തീരുമാനം നിരാശജനകവും പരിതാപകരവു'മെന്നു പറഞ്ഞു. അമേരിക്കയെ വിശ്വസിക്കാൻ സാധിക്കില്ലാത്ത രാഷ്ട്രമെന്ന ധാരണയിലേക്കും എത്തിച്ചു. അന്തരീക്ഷ ശുദ്ധീകരണം ആവശ്യമുള്ള അമേരിക്കയിലെ ഏതാനും പട്ടണങ്ങളിലെ നേതൃത്വം പാരീസ് ഉടമ്പടിയെ സ്വാഗതം ചെയ്തിരുന്നു. പിറ്റ്സുബെർഗ് മേയർ പാരീസ് ഉടമ്പടിയെ ആദരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റീൽ ഉത്ഭാദിപ്പിക്കുന്ന ഫാക്റ്ററികൾ നിറഞ്ഞിരിക്കുന്ന അവിടം മലിനമായ ഒരു പട്ടണമാണ്. പട്ടണത്തിലെ വാഹനങ്ങൾ നിർബന്ധമായും ഹൈബ്രിഡ് ആക്കുമെന്നും നിരത്തുകൾ ഇലക്ട്രിക്ക് വാഹനങ്ങളായി മാറ്റപ്പെടുമെന്നും മേയർ പ്രഖ്യാപിച്ചു. ഭാവിയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഊർജം ലാഭിച്ചുകൊണ്ടു പണിയുമെന്നും അറിയിച്ചു. സോളാർ ഊർജത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ തയ്യാറാക്കുന്നു.

ഭൂമിയുടെ താപനില വ്യത്യസ്തമാകുന്നതിനു കാരണം സ്വാഭാവികമായ പ്രകൃതിയുടെ തന്നെ  മാറ്റമെന്നും അനുമാനിക്കുന്നുണ്ട്. അതേ സമയം ആധുനികതയുടെ ഇന്നത്തെ ഈ താപ വർദ്ധനയുടെ കാരണം അന്തരീക്ഷം മലിനമാകുന്നതുകൊണ്ടെന്നും തത്ത്വമുണ്ട്. മോട്ടോർ വാഹനങ്ങളുടെയും ഫാക്റ്ററികളുടെയും പെട്രോളിയം ഗ്യാസുകൾ അന്തരീക്ഷത്തെ അശുദ്ധമാക്കുന്നു. കാർബൺ ഡയ് ഓക്സൈഡ് നിറഞ്ഞ വാതകങ്ങളും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ തളം കെട്ടി നിൽക്കുമ്പോൾ ഭൂമിയിൽ ചൂട് വർദ്ധിക്കാൻ കാരണമാകും. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിയുടെ നിഗൂഢതയിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതനുസരിച്ച് ഭൂമിയുടെ താപനില സ്വാഭാവികമായും പ്രകൃതിതന്നെ ക്രമീകരിച്ചിട്ടുമുണ്ട്. അത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും സുരക്ഷിതമായ രീതിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ വ്യവസായ വിപ്ലവം ആരംഭിച്ചതിൽ പിന്നീട്, മനുഷ്യന്റെ ദൈനം ദിന പ്രവർത്തനങ്ങൾ കൊണ്ട്, അന്തരീക്ഷം കൂടുതൽ മലിനമാകാൻ കാരണമായി. തന്മൂലം ഭൂമിയുടെ സമതുലനാവസ്ഥക്ക് മാറ്റം വന്നു. ഭൂമിയിൽ ചൂട് ഒരു ഡിഗ്രിയോളം കൂടുതലായി വർദ്ധിച്ചിട്ടുണ്ടെന്നതും കണക്കുകൂട്ടിയിരിക്കുന്നു.

അന്തരീക്ഷത്തിലേക്ക് വമിക്കുന്ന അപകടകാരികളായ വാതകസമ്മിശ്രങ്ങളെ ഹരിതക ഗ്രഹഫല (Green House Effect) ഊർജ വാതകങ്ങൾ എന്ന് പറയും. അത് വൈദ്യുത കാന്ത തരംഗങ്ങളായി അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു. വായൂ മണ്ഡലം ചൂട് പിടിക്കുംതോറും ഭൂമിയുടെ താപ നില വർദ്ധിക്കാനും കാരണമാകും. ഹരിതക ഗ്രഹം (ഗ്രീൻ ഹൌസ്) എഫക്ട് ഭൂമിയുടെ ചൂട് വർദ്ധിപ്പിക്കുന്നുവെന്നു ശാസ്ത്രീയ പ്രബന്ധങ്ങളും വ്യക്തമാക്കുന്നു. വനനശീകരണം, ഫോസിൽ കത്തിക്കൽ മുതലായവകളും ഭൂമിയെ ചൂടു പിടിപ്പിക്കാം. നാം അധിവസിക്കുന്ന ഭൂമിയുടെ താപനിലയുടെ വർദ്ധനവ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ഐസ് ഷീറ്റുകൾ ഉരുകുന്നതും, സമുദ്ര നിരപ്പ് ഉയരുന്നതും, കാലാവസ്ഥ വ്യതിയാനവും, വരൾച്ചയും, കൊടുങ്കാറ്റും, വെള്ളപ്പൊക്കവും സംഭവിക്കുന്നത് ഭൂമിയുടെ താപനില വർദ്ധിക്കുന്നതുകൊണ്ടാണ്. ഈ മാറ്റങ്ങൾ പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനെ ബാധിക്കും. മനുഷ്യന്റെ പ്രവർത്തനചര്യകളിൽ നിന്നുമുണ്ടാകുന്ന ഹരിതക ഗ്രഹ വാതകങ്ങൾ അന്തരീക്ഷത്തിൽ ലയിച്ചാൽ ഇന്ന് ഭൂമിയിൽ അനുഭവപ്പെടുന്ന താപ നില വർദ്ധിച്ചുകൊണ്ടിരിക്കും.

ഭൂമിക്കടിയിൽ നിന്നും രൂപപ്പെട്ട ജൈവ ഇന്ദ്രീയങ്ങൾ അന്തരീക്ഷത്തിൽ ലയിക്കുമ്പോഴും ചൂട് വർദ്ധനവിന് കാരണമാകാം. ജീവജാലങ്ങൾക്ക് നിലനില്പിനാവശ്യമായ താപനില പ്രകൃതി നില നിർത്തുന്നുവെങ്കിൽ അതിനെ ഹരിതക ഗ്രഹാന്തര ഉദ്ധിഷ്ടസിദ്ധി (ഗ്രീൻ ഹൌസ് എഫക്റ്റ്) എന്ന് പറയും. അത് സ്വാഭാവികമായ ഭൂമിയുടെ പ്രവർത്തനമാണ്. അത്തരം വാതകങ്ങളുടെ അഭാവത്തിൽ മനുഷ്യർക്കും പക്ഷി മൃഗങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും സസ്യ ലതാതികൾക്കും ജീവസന്ധാരണം നടത്താനാവാതെ ഭൂമിതന്നെ മുഴുവനായി തണുത്തു മരവിച്ചിരിക്കും. ഭൂമിയുടെ ജീവപരമായ നിലനിൽപ്പിനു പലതരം വാതകങ്ങൾ തുല്യ അനുപാതത്തിൽ ആവശ്യമാണ്. അതിൽ എന്തെങ്കിലും വാതകം അനുപാതകമായി കുറയുകയോ കൂടുകയോ ചെയ്‌താൽ അത് ഭൂമിയുടെ താപനിലയെയും ബാധിക്കും. ചില ജീവജാലങ്ങൾക്ക് വംശ നാശം സംഭവിക്കുന്നതും ഭൂമിയുടെ ഇത്തരം വൈകൃതങ്ങളാകാം.

മനുഷ്യൻ കാരണമുള്ള ഗ്രീൻ ഹൌസ് വാതകങ്ങൾ പ്രകൃതിയിലേയ്ക്ക് വമിക്കുന്ന കാരണം പ്രകൃതി സ്വാഭാവികമായി നൽകുന്ന വാതകങ്ങളോടൊപ്പം അന്തരീക്ഷത്തിന്റെ സമതുലനാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നു. അത്തരം അധികമായി വരുന്ന വാതകത്തെ അന്തരീക്ഷത്തിൽ നിന്നും ശുദ്ധമാക്കേണ്ടതുണ്ട്. എ.ഡി.1750 മുതലുള്ള വ്യവസായിക വിപ്ലവത്തിനുശേഷം അന്തരീക്ഷത്തിൽ ഗ്രീൻ ഹൌസ് വാതകങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ്, മറ്റു വാതക മൂലകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിച്ചിരിക്കുന്നതായി കാണാം. കൽക്കരി കത്തിച്ച വാതകവും അന്തരീക്ഷത്തെ കാർബൺ ഡയ് ഓക്‌സൈഡുകൊണ്ട് നാശമാക്കുന്നു. വ്യവസായങ്ങൾ, സിമന്റ് ഉത്ഭാദനം, വനം നശിപ്പിക്കൽ മുതലായവകളും കാലാവസ്ഥ വ്യതിയാനത്തിന് കാരണങ്ങളാണ്. മീതേൻ വാതകം സാധാരണ എല്ലു പൊടി പൊടിക്കുന്ന ഫാക്ടറികൾ, ഫോസിൽ, കന്നുകാലികൾ, കൃഷിയുത്ഭാദനം, നെൽവയലുകൾ എന്നിവടങ്ങളിൽ നിന്നാകാം. നൈട്രസ് ഓക്സൈഡ് വാതകങ്ങൾ കൃഷിയ്ക്കുള്ള കൃത്രിമ വളത്തിൽ നിന്നും പുറപ്പെടുവിക്കുന്നു. റെഫ്രിറിജെറ്റർ, ശീതീകരിക്കുന്ന മറ്റു മെഷീനുകൾ എന്നിവകൾ ഫ്ലൂറിനേറ്റഡ് ശ്രവണക വാതകങ്ങൾ ഉത്ഭാദിപ്പിക്കുന്നു.

ഭൂമി ചൂടുപിടിച്ചാൽ കാലാവസ്ഥയ്ക്ക് വ്യതിയാനം വരുകയും പരിസ്ഥിതിക്ക് നാശം വരുകയും ചെയ്യും. അതിനു തെളിവായി ആർട്ടിക്ക് സമുദ്രത്തിലെ ഐസ് ഉരുകുന്ന കാഴ്‌ച കാണാൻ സാധിക്കും. മഞ്ഞു കട്ടികൾ ഒഴുകി നടക്കുന്നതും ദൃശ്യമാണ്. ഭൂമിയുടെ താപം കൂടിയാൽ ഭൂപ്രദേശം മരുഭൂമിയാകും. സമുദ്ര നിരപ്പിൽനിന്നും വെള്ളം കയറി കരകളെ കീഴടക്കും. കൊടുങ്കാറ്റും ചുഴലിക്കാറ്റും ഉണ്ടാകും. ചൂട് കൂടുംതോറും വരണ്ടതും കുറച്ചു വരണ്ടതുമായ ഭൂമി ദൃശ്യമാകും. ഭൂമി ചുട്ടുപഴുത്തുകൊണ്ടുമിരിക്കും. വരണ്ട പ്രദേശങ്ങളിൽ വെള്ളത്തിന്റെ അളവുകളും കുറഞ്ഞുകൊണ്ടിരിക്കും. മഴ പെയ്യാത്ത അവസ്ഥ വന്നുചേരും. ഭൂപ്രദേശങ്ങൾ മുഴുവൻ കടുത്ത മരുഭൂമിയായി മാറ്റപ്പെടുകയും ചെയ്യും. എവിടെയും വെള്ളത്തിനു ക്ഷാമം അനുഭവപ്പെടും. മില്യൻ കണക്കിന് ജനം വെള്ളമില്ലാതെ കഷ്ടപ്പെടും. സസ്യങ്ങൾ വളരാനാകാതെയുള്ള സ്ഥിതിവിശേഷങ്ങളുമുണ്ടാകാം. ഭൂമിയുടെ ഫലഭൂയിഷ്‌ഠത നശിച്ചുകൊണ്ട് ഒടുവിൽ ആ ഭൂപ്രദേശങ്ങൾ മരുഭൂമികളായി മാറും.

കാലങ്ങൾ കഴിയുംതോറും ലോകത്തെല്ലായിടവും താപനിലയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആൽപ്സ് പർവതത്തിലും ഹിമാലയത്തിലും റോക്കി മലയിലും അലാസ്‌ക്കായിലും മഞ്ഞുരുകൽ സാധാരണമാണ്. ഇവിടെയെല്ലാം സ്‌നോയുടെ ആഴവും കട്ടിയും കുറഞ്ഞു വരുന്നതും കാണാം. കഴിഞ്ഞ മുപ്പതു വർഷങ്ങൾ കൊണ്ട് ഒരു മില്യൻ ചതുരശ്ര മൈലുകളോളം ഐസുകൾ ഇല്ലാതായിരിക്കുന്നു. 2010 മുതൽ അന്റാർട്ടിക്കായിലും ഐസ് ഉരുകുന്നത് ഇരട്ടിയായി. 1880 മുതൽ സമുദ്രത്തിന്റെ ജലനിരപ്പ് ഏകദേശം എട്ടിഞ്ചോളം വർദ്ധിച്ചിട്ടുണ്ട്. അതിശൈത്യങ്ങളുള്ള സമുദ്രങ്ങളിലെ ഐസും മഞ്ഞുകട്ടയും ഉരുകുമ്പോൾ വെള്ളത്തിന്റെ അളവും വർദ്ധിക്കും.1970നു ശേഷം കൊടുങ്കാറ്റ് വർദ്ധിച്ചിട്ടുണ്ട്. ഇതിനു കാരണം സമുദ്രത്തിൽ വെള്ളം ചൂടായി നിലനിരപ്പ് കൂടുന്നതുകൊണ്ടാണ്. പെസഫിക്കിൽ നിന്നും അറ്റ്ലാന്റിക്കിൽ നിന്നുമുള്ള കൊടുങ്കാറ്റിന്റെ ശക്തി കഴിഞ്ഞ ഏതാനും വർഷം കൊണ്ട് ഇരട്ടിയായിട്ടുണ്ട്. ഭൂമിയുടെ താപാവസ്ഥ ഉയരുമ്പോൾ കൊടുങ്കാറ്റിന്റെ ശക്തി വളരെയധികം വർദ്ധിക്കും.

ചൂടുമായി ബന്ധപ്പെടുത്തി മനുഷ്യന്റെ പ്രവർത്തനങ്ങളും ഭൂമിയുടെ സ്വാഭാവികതയും സംബന്ധിച്ചുള്ള ഗവേഷണങ്ങൾ ശാസ്ത്ര ലോകം സാറ്റലൈറ്റ് വഴി അളക്കാൻ ശ്രമിക്കുന്നുണ്ട്. അക്കൂടെ ഫാക്ടറികളും മരുഭൂമികളും അഗ്നി പർവ്വതങ്ങളും അന്തരീക്ഷ വാതകങ്ങളും കാലാവസ്ഥ മാറ്റങ്ങളും സൂര്യനും, സമുദ്രങ്ങളിലെ ഐസും ചെടികളുടെ വളർച്ചയും മഴയും കാർ മേഘങ്ങളും നിരീക്ഷണത്തിലാണ്. 1950 മുതലാണ് ഭൂമിയുടെ താപനില ഉയരാൻ മനുഷ്യരും ഉത്തരവാദികളെന്ന ചിന്തകൾ ശാസ്ത്ര ലോകത്ത് പ്രചരിക്കാൻ തുടങ്ങിയത്. അഗ്നിപർവതങ്ങൾ പൊട്ടുന്ന സമയം ഭൂമിയുടെ താപനിലയ്ക്ക് വിത്യാസങ്ങൾ സംഭവിക്കാറുണ്ട്. അങ്ങനെയുള്ള പ്രകൃതിയുടെ പ്രതിഭാസങ്ങളും നിരീക്ഷണത്തിലാണ്.




















കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...