Wednesday, June 14, 2017

സി. ആൻഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും, ഒരു എത്തിനോട്ടം



ജോസഫ് പടന്നമാക്കൽ

വിശുദ്ധ ഗ്രന്ഥങ്ങളെ വിമർശിക്കാൻ പാടില്ലെന്ന പൊതു ധാരണ എല്ലാ മതങ്ങളിലും  കടന്നുകൂടിയിട്ടുള്ള ഒരു വസ്തുതയാണ്. ബൗദ്ധികമായ ചോദ്യങ്ങളെ നേരിടാൻ മതാന്ധത ബാധിച്ചവർക്ക് സാധിക്കാത്തതുകൊണ്ടാണ് അങ്ങനെയൊരു മാമൂൽ  മതങ്ങളുടെയിടയിലുള്ളത്.  മതഗ്രന്ഥങ്ങളിലുള്ള പ്രവാചകരെയോ വിശുദ്ധരെയോ ദൈവങ്ങളെയോ അപകീർത്തിപ്പെടുത്തിയാൽ അത് പിന്നീട് മതനിന്ദയായി ഒച്ചപ്പാടുകൾക്കു കാരണമാകും. രാജ്യം മുഴുവൻ പ്രതിക്ഷേധങ്ങൾക്കും ഇടയാക്കും. പ്രവാചക നിന്ദയ്ക്ക് സൽമാൻ റഷ്ദിയുടെ തലയ്ക്ക് ഇറാനിലെ ഇസ്‌ലാമിക മൗലിക വാദികൾ വിലയിട്ടിരിക്കുന്നു. ഹൈന്ദവ ദൈവങ്ങളുടെ ഛായാ ചിത്രങ്ങൾ വരച്ചതിനു ഹുസൈന്റെ നേരെയുള്ള ഹൈന്ദവത്വത്തിന്റെ വെല്ലുവിളികൾ ഭീകരമായിരുന്നു. ക്രിസ്ത്യാനികളിലെ മതപുരോഹിതരും അനുയായികളും ചിന്തിക്കുന്നത്! ഏതാണ്ട് ഇങ്ങനെതന്നെയാണ്. 'മാതാ ഹരി'യെ ക്രിസ്തുവിന്റെ രൂപത്തിൽ ചിത്രീകരിച്ചതും ഗുജറാത്തിൽ സ്‌കൂളുകളിൽ പാഠപുസ്തകത്തിൽ ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ച അക്ഷര പിശകും രാജ്യവ്യാപകമായി തന്നെ ഭൂകമ്പം സൃഷ്ടിക്കുന്നതിനുമിടയായി.

ശ്രീ ആൻഡ്രുസ്, സി എഴുതിയ 'സത്യ വേദപുസ്തകം സത്യവും മിഥ്യയും' എന്ന പുസ്തകം  അടുത്തയിടെ വായിച്ചിരുന്നു. ഒരു ഗവേഷകന്റെ പാടവത്തോടെ ബൈബിളിനെപ്പറ്റി പഠിച്ചു തയാറാക്കിയ പുസ്തകമാണത്. നല്ല കവർ ഡിസൈൻ സഹിതം 430-ൽ പ്പരം പേജോടെ തയാറാക്കിയ ഈ പുസ്തകം അദ്ദേഹത്തിൻറെ ദീർഘനാളത്തെ ഗവേഷണഫലമായിരിക്കാം. പഴയ നിയമവും പുതിയ നിയമവും ഒരാവർത്തിയെങ്കിലും വായിച്ചിട്ടുള്ളവർക്കേ ആൻഡ്രുസിന്റെ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ഗഹനമായി ചിന്തിക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ എല്ലാ സമുദായത്തിലും ഉള്ള ക്രിസ്ത്യൻ പുരോഹിതരും പാസ്റ്റർമാരും മതപ്രവർത്തകരും ഈ പുസ്തകം ഒരാവർത്തിയെങ്കിലും വായിച്ചിരിക്കുന്നതും നന്നായിരിക്കും. എങ്കിൽ പൗരാഹിത്യ ധർമ്മത്തിലും അവർ നിർവഹിക്കേണ്ട കർമ്മങ്ങളിലും ആത്മീയതയുടെ വെളിച്ചം വീശുമായിരുന്നുവെന്നും കരുതാമായിരുന്നു.

ആൻഡ്രൂസ്സിന്റെ 'സത്യവേദ പുസ്തകം സത്യവും മിഥ്യയും വോളിയം മൂന്ന്' എന്ന പുസ്തകം ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കോംപ്ലിമെന്ററി കോപ്പിയായി എനിക്ക് ലഭിച്ചിരുന്നു. പുസ്തകത്തെപ്പറ്റി ഒരു പഠനം നടത്തി നിരൂപണം നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് എളുപ്പമല്ലെന്നും മനസിലായി. അത്രയ്ക്ക് ഗഹനമായ ചിന്തകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളത്. ഗ്രന്ഥകർത്താവ് ഈ ഗ്രന്ഥത്തിൽക്കൂടി വിശുദ്ധ ബൈബിളിലെ തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അന്ധമായി ഞാൻ എതിർക്കുമെങ്കിൽ, അത് മനസാക്ഷിയോട് ചെയ്യുന്ന ഒരു വഞ്ചനയുമായിരിക്കുമെന്നും തോന്നി. ഒരു സാധാരണ ക്രിസ്ത്യാനി,  സഭയുടെ പ്രാർത്ഥനയായ 'വിശ്വാസപ്രമാണത്തിലെ രഹസ്യം' തത്തമ്മ ഉരുവിടുന്നപോലെ ദിവസവും ചൊല്ലുകയും സത്യങ്ങളും മിഥ്യകളുമായ കാര്യങ്ങൾ ഒരേ സമയം വിശ്വസിച്ചു വരുകയും ചെയ്യുന്നു. ഇവിടെ ഗ്രന്ഥകാരൻ വിശുദ്ധ ഗ്രന്ഥത്തിലുടനീളം ചൂണ്ടി കാണിച്ച മിഥ്യകൾ മറ്റൊരു സത്യമായ അബദ്ധജടിലങ്ങളായ മിഥ്യാബോധങ്ങളെ സാധാരണക്കാരിലേക്ക് പകർത്തുന്നുവെന്നതാണ് വാസ്തവം.

ചെറുപ്പം മുതലേ പുസ്തകങ്ങൾ രചിച്ചും ലേഖനങ്ങൾ എഴുതിയും പ്രാവിണ്യം നേടിയ ഒരു ഗഹന ചിന്തകനാണ് ശ്രീ സി.ആൻഡ്രുസ്. ചങ്ങനാശേരിയിലുള്ള ഒരു കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം ദീർഘകാലമായി അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്നു. മണ്ണും കൃഷിയും അദ്ദേഹത്തിൻറെ ഹോബിയാണ്. ഓരോ ദിവസവും കൃഷിയും കൃഷിവിഭവങ്ങളും സ്വന്തം മണ്ണിൽ വിളയുന്നതുകണ്ടു ഈ കർഷകൻ ആനന്ദിക്കുന്നു. മണ്ണിന്റെ മകനായി മണ്ണിനെ സ്നേഹിച്ച് കൃഷി വിഭവങ്ങളും വിളയിച്ചു പ്രകൃതിയെയും സ്നേഹിച്ചുകൊണ്ടു സകുടുംബം അദ്ദേഹം ഫ്ലോറിഡായിൽ വിശ്രമ ജീവിതം നയിക്കുന്നു. സുന്ദരമായ കവിതകളും രചിക്കാറുണ്ട്. പ്രകൃതിയും സുന്ദരിയായ പെണ്ണും ഈ കലാകാരന്റെ തൂലികയിൽ നിത്യം നിറഞ്ഞിരിക്കുന്നതായും കാണാം. അദ്ദേഹം താമസിക്കുന്ന സ്ഥലത്തിലെ ഓരോ ചെടികൾക്കും കോളേജ് ജീവിത കാലത്ത് കണ്ടുമുട്ടിയ സുന്ദരികളുടെ പേരാണ് ഇട്ടിരിക്കുന്നതെന്നും അദ്ദേഹത്തിൻറെ സഹപാഠിയായ സുപ്രസിദ്ധ കവിയും എഴുത്തുകാരനുമായ ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ഒരു ലേഖനത്തിൽ നിന്നും വായിച്ചറിഞ്ഞു. ദൈവത്തിന്റെ അസ്തിത്വം തേടിയും പ്രകൃതിയുമായി സല്ലപിച്ചുകൊണ്ടും ഈ വിപ്ലവകാരിയുടെ തൂലിക ചലിക്കുന്നതും വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നും ഉത്തരം ലഭിക്കാത്തതുകൊണ്ടായിരിക്കാം. അദ്ദേഹം നാസ്തികനല്ലെന്നും പറയുന്നു. ദൈവ വിശ്വാസിയാണെന്നും പറയുന്നു. വിശ്വസിക്കുന്നത് സ്ഫോടന തത്ത്വമോ 'പ്രകൃതിയും ഞാനു'മെന്ന ദൈവത്തെയോ എന്തെന്ന് അറിഞ്ഞു കൂടാ. മായാ പ്രപഞ്ചത്തിലെ ഒരു മിഥ്യാ ദൈവം അദ്ദേഹത്തിൻറെ ഉള്ളിലും ഉണ്ടാകാം.

വിവിധ മാധ്യമങ്ങളിൽക്കൂടി ആൻഡ്രുസ്സിന്റെ പുസ്തകങ്ങളെപ്പറ്റി വിലയിരുത്തിക്കൊണ്ടുള്ള അനേക ലേഖനങ്ങൾ  ശ്രീ സുധീർ പണിക്കവീട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൻഡ്രുസിന്റെ കലാലയം മുതൽ സുഹൃത്തായിരുന്ന സുധീർ! ആൻഡ്രുസെഴുതിയ സത്യവും മിഥ്യയും പുസ്തകമുൾപ്പടെ മറ്റു പുസ്തകങ്ങളും നല്ല പാടവത്തോടെ വിലയിരുത്തിയിട്ടുമുണ്ട്. സുധീർ സൂചിപ്പിച്ചപോലെ 'തിരുവചനം' എന്നതിന്റെ അർത്ഥം ദൈവത്തിന്റെ പേരിലുള്ള കള്ള സാഹിത്യമെന്നു' എനിക്കും തോന്നിപ്പോയി. ഗഹനമായി ചിന്തിക്കുന്ന ഒരു യുക്തിവാദിക്കു മാത്രമേ സത്യമെന്നു കരുതുന്ന വിശുദ്ധ ഗ്രന്ഥങ്ങളിലെ മിഥ്യകൾ തേടി സത്യം വേർതിരിക്കാൻ സാധിക്കുള്ളൂ. അതിൽ ശ്രീ ആൻഡ്രുസ് തന്റെ മഹനീയമായ ഈ ഗ്രന്ഥത്തിൽ  തികച്ചും നീതി പുലർത്തിയിട്ടുണ്ട്.

സത്യവേദപുസ്തകത്തിന്റെ സത്യങ്ങളും മിഥ്യകളുമടങ്ങിയ ഗ്രന്ഥപരമ്പരകൾ ഓരോ കാലഘട്ടത്തിലായി  ഒരു വിമർശകന്റെ കാഴ്ചപ്പാടിലൂടെ ശ്രീ ആൻഡ്രുസ് രചിച്ചിട്ടുണ്ട്. വ്യാജ പ്രവാചകന്മാർ സത്യത്തിൽ മായം ചേർക്കാൻ ഭൂമിയിൽ അവതരിക്കുമെന്ന് യേശു ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള കള്ളപ്രവാചകരുടെ പച്ചയായ കള്ളങ്ങൾ സത്യത്തിൽനിന്നും വേർതിരിച്ചെടുക്കാൻ ആൻഡ്രുസിന്റെ ഗ്രന്ഥങ്ങൾ സഹായകമായിരിക്കും. സത്യങ്ങൾ ചൊല്ലുമ്പോൾ ചിലർക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നിരിക്കില്ല. ഒരു ചരിത്രമെന്നു വിശേഷിപ്പിക്കുന്നതിനെ ചികഞ്ഞുനോക്കിയാൽ സത്യത്തിനുള്ളിലെ അസത്യങ്ങൾ നിറഞ്ഞ മിശ്രിതങ്ങളെന്നും മനസിലാക്കാൻ സാധിക്കും.  പഴയ നിയമത്തിലെ പുരോഹിതൻമാർ കാട്ടിക്കൂട്ടിയ മറിമായങ്ങളെല്ലാം സ്വാർഥ താൽപര്യങ്ങൾക്കായി ഇന്നും പുരോഹിതർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. യഹൂദരുടെ പഴയനിയമ കെട്ടുകഥകൾ സത്യങ്ങളായി പുരോഹിതർ വെളിപ്പെടുത്തുമ്പോൾ അതിനുള്ളിലെ നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ടാകും. മനുഷ്യ മനസുകളിൽ മായം കലക്കുന്ന പൗരാഹിത്യത്തിനെതിരെ ഗ്രന്ഥകാരൻ ഒരു വെല്ലുവിളി തന്നെ നടത്തിയിരിക്കുകയാണ്.

സ്വന്തം മതം മാത്രമേ സത്യമെന്നുള്ള വിശ്വാസം എല്ലാ മതങ്ങളിലുമുണ്ട്. മതങ്ങളെ യാതൊരു കാരണവശാലും വിമർശിക്കാൻ പാടില്ല. ഇത്തരം മിഥ്യാധാരണകളാണ് ഇന്ന് ലോകത്തുള്ള എല്ലാ അസ്വസ്ഥതകൾക്കും കാരണമായിരിക്കുന്നത്. മതങ്ങൾ തമ്മിൽ മത്സരബുദ്ധിയോടെ കലഹിച്ചു ജീവിക്കുന്നതും ആഴമായ മതചിന്തകൾ മനസിൽ നിറച്ചിരിക്കുന്നതുകൊണ്ടാണ്. സ്വന്തം മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതു മാത്രം സത്യങ്ങളെന്നു മതത്തിനടിമപ്പെട്ടവർ കരുതുന്നു. മറ്റു മതങ്ങളിലെ സത്യത്തെ കണ്ടെത്താൻ മെനക്കെടുകയുമില്ല. താൻ വിശ്വസിക്കുന്ന മതത്തിന്റെ മഹത്വം ഉറപ്പിക്കാൻ മറ്റു മതങ്ങളിലെ മിഥ്യകൾ തേടി മതാന്ധരായവർ അലയുന്നതും കാണാം. ഓരോ കാലത്ത് എഴുതി കൂട്ടിയിരിക്കുന്ന മതതത്ത്വങ്ങൾ വിശാലമായ കാഴ്ചപ്പാടോടെ ഉൾക്കൊണ്ടില്ലെങ്കിൽ നമ്മുടെ ഉള്ളിലുള്ള സങ്കുചിത മനസ് എന്നും വളർന്നു കൊണ്ടിരിക്കും.

ബൈബിളിൽ ചരിത്രപരമായ വസ്തുതകളുണ്ടോയെന്ന ആഴമേറിയ ഒരു പഠനമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽക്കൂടി അവതരിപ്പിച്ചിരിക്കുന്നത്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ചരിത്രപരമായ കാര്യങ്ങൾ വളരെ വസ്തുനിഷ്ഠമായി വിവരിച്ചിട്ടുണ്ട്. ബൈബിളിനുള്ളിലെ സത്യാവസ്ഥകളെയും മിഥ്യകളെയും ചികഞ്ഞെടുത്തതു ഗ്രന്ഥകാരന്റെ നേട്ടങ്ങളായി കരുതാം. ചിന്താശക്തി നശിച്ച വായനക്കാരനായ ഒരു വിശ്വാസി ഈ പുസ്തകത്തെ തിരസ്ക്കരിക്കാം. എന്നാൽ ചിന്തിക്കുന്ന ജ്ഞാനികൾ അർഹമായ സ്ഥാനം പുസ്തകത്തിനു നല്കാതിരിക്കില്ല. ഗ്രന്ഥകാരൻ ഇവിടെ വിശ്വാസത്തെ മാത്രം പരിഗണിക്കാതെ ബൈബിളിന്റെ അസ്തിത്വത്തെപ്പറ്റിയും ചരിത്രാന്വേഷണം നടത്തുന്നുണ്ട്.

ബൈബിളെഴുതി നൂറ്റാണ്ടുകൾ കഴിഞ്ഞാണ് വാമൊഴിയായി ഭൂരിഭാഗം ജനങ്ങൾക്ക് ബൈബിളിനെ സംബന്ധിച്ച അറിവുകൾ ലഭിച്ചത്. അതിലെ വിവരങ്ങൾ ചരിത്ര വസ്തുതകളെക്കാൾ കൂടുതൽ വിശ്വാസങ്ങളാണ് ആധാരങ്ങളെന്നും കാണാം. ബൈബിൾ ഒരു ചരിത്ര പുസ്തകമായി വിശ്വസിക്കാൻ സാധിക്കില്ല. എന്നാൽ അതിനുള്ളിൽ ചരിത്രമുണ്ടെന്നും കാണാം. മതവിശ്വസം ഇല്ലാത്തവരോടും ക്രിസ്ത്യാനികൾ ബൈബിൾ ഒരു ചരിത്ര ഗ്രന്ഥമായി തർക്കിക്കുന്നതും സാധാരണമാണ്. എന്നാൽ ഭൂരിഭാഗം ക്രിസ്ത്യാനികളല്ലാത്തവർ ബൈബിളിനെ ഒരു ചരിത്ര ഗ്രന്ഥമായി കാണാൻ ആഗ്രഹിക്കില്ല.

ബൈബിൾ അനേക പുസ്തകങ്ങളായി ക്രോഡീകരിച്ചെഴുതിയ ഒരു ഗ്രന്ഥമാണ്. കൂടുതൽ പുസ്തകങ്ങളും യഹൂദ മതത്തിൽ നിന്നും ലഭിച്ചതാണ്. ക്രിസ്ത്യാനികൾ യഹൂദരുടെ ബുക്കുകളെ പഴയ നിയമമായി കരുതുന്നു. പഴയ നിയമം എന്ന പ്രയോഗം യഹൂദർ ഇഷ്ടപ്പെടുന്നില്ല. ക്രിസ്ത്യാനികൾക്ക് മാത്രമുള്ള പുസ്തകത്തെ പുതിയ നിയമം എന്ന് പറയുന്നു. ക്രിസ്ത്യാനികളിൽ ചില ഗ്രൂപ്പുകൾക്ക് യഹൂദ പുസ്തകങ്ങളെ ക്രിസ്ത്യൻ പുസ്തകങ്ങളായി കരുതുന്നതിൽ വിയോജിപ്പുമുണ്ട്. എന്നാൽ പുതിയ നിയമത്തിലെ ഇരുപത്തിയേഴു ബുക്കുകളും ക്രിസ്ത്യൻ മതങ്ങൾക്കെല്ലാം പൊതുവെ സമ്മതവുമാണ്.  നാല് സുവിശേഷങ്ങളിൽക്കൂടി യേശുവിന്റെ ജീവിതവും മരണവും ഉയർപ്പും വിവരിക്കുന്നു. അടുത്ത പുസ്തകം അപ്പോസ്തോല പ്രവർത്തനങ്ങളാണ്. അതിൽ ആദ്യകാല സഭയെപ്പറ്റിയുള്ള ചരിത്രത്തിന്റെ സൂചനകളും നൽകുന്നു. അപ്പോസ്തോലെ പ്രവർത്തനങ്ങൾക്കുശേഷം ഇരുപത്തിയൊന്ന് കത്തുകളും ചെറു ലേഖനങ്ങളുമായി ബൈബിൾ എഴുതി. കത്തുകൾ കൂടുതലും അന്നത്തെ സഭാ നേതൃത്വത്തിനും സഭയുടെ ആദിമ പിതാക്കന്മാർക്കുമുള്ളതാണ്. അവസാനം വ്യത്യസ്തമായ വെളിപാട് പുസ്തകവും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പുസ്തകങ്ങൾ ആരെങ്കിലും ഒരു വ്യക്തി തന്നെ എഴുതപ്പെട്ടതെന്നും വിശ്വസിക്കുന്നില്ല. ക്രിസ്ത്യൻ കലണ്ടർ അനുസരിച്ചു പുസ്തകങ്ങൾ ആദ്യ നൂറ്റാണ്ടുകളിൽ എഴുതിയതെന്നു വിചാരിക്കുന്നു. ബി.സി യും എ.ഡിയും വെച്ചുള്ള കണക്കുകളും സംശയമാണ്. ബി.സി. ഒന്ന് എന്നാൽ ക്രിസ്തു മരിച്ച തലേദിവസവും എ.ഡി. ഒന്ന് എന്നാൽ ക്രിസ്തു മരിച്ച ദിവസത്തിന്റെ പിറ്റേദിവസമെന്നും കണക്കാക്കുന്നു. ക്രിസ്തു മരിച്ച ദിവസമായ പൂജ്യം (0) എന്നത് ഒന്നില്ല. അതുപോലെ ബി.സി. ഒന്നാം നൂറ്റാണ്ടെന്നു പറയുന്നത് ക്രിസ്തു മരിക്കുന്നതിന് മുമ്പുള്ള നൂറ്റാണ്ടും എ.ഡി. ഒന്നാം നൂറ്റാണ്ടെന്നു പറയുന്നത് ക്രിസ്തു മരിച്ച ശേഷമുള്ള നൂറ്റാണ്ടുമായി കണക്കാക്കുന്നു.

ആറാം നൂറ്റാണ്ടിൽ 'ഡിനൈസിസ് എക്സിഗ്സ്സ്' എന്ന സന്യാസിയാണ് 'ബി.സി', 'എ.ഡി' ക്രിസ്ത്യൻ കലണ്ടർ നിർമ്മിച്ചത്. സുവിശേഷങ്ങളിൽ യേശു ജനിച്ച ദിവസം എന്നാണെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും യേശുവിന്റെ ജനനം ബി.സി ഒന്നിനും എ.ഡി ഒന്നിനുമിടയിലുള്ള ഏതാനും വർഷങ്ങൾക്കുള്ളിലെന്നാണ് അനുമാനിക്കുന്നത്. ബൈബിൾ എഴുതിയത്, യേശുവിന്റെ മരണശേഷം നൂറു കൊല്ലത്തിനുള്ളിലെന്നു മാത്രമേ ഒരു ചരിത്ര ചിന്തകന് പറയാൻ സാധിക്കുള്ളൂ.

ബൈബിൾ എഴുതിയ തിയതി ആർക്കും അറിയില്ലാത്തപോലെ ആരാണ് ഈ വിശുദ്ധ ഗ്രന്ഥം എഴുതിയതെന്നും തീർച്ചയില്ല. ഒരാൾ മാത്രമല്ല എഴുതിയതെന്നും വ്യക്തമാണ്. പണ്ഡിതരുടെയിടയിൽ ബൈബിളിലെ വൈരുദ്ധ്യങ്ങൾ സംശയങ്ങൾക്കിടയാക്കുകയും തത്ഭലമായി നിശിതമായ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ബൈബിളിലുള്ള ലേഖനങ്ങളും കത്തുകളും 'പോൾ' തന്നെ എഴുതിയതെന്നും പണ്ഡിതർ കരുതുന്നു. എന്നിരുന്നാലും ബൈബിളിലെ പുസ്തകങ്ങൾ എഴുതിയിരിക്കുന്നത് ഒരു ക്രമത്തിലല്ലെന്നും കാണാം. നാലു സുവിശേഷങ്ങളാണ് പുസ്തകത്തിൽ ആദ്യം കൊടുത്തിരിക്കുന്നുവെങ്കിലും സുവിശേഷങ്ങൾ എഴുതിയത് പോളിന്റെ അപ്പസ്തോലിക കത്തുകൾക്ക് ശേഷമെന്നും കാണാം. പോൾ, സുവിശേഷങ്ങൾ എഴുതിയത് ഏ.ഡി അമ്പതിലോ എഴുപത്തിലോ ആയിരിക്കാം. ആർക്കും വ്യക്തമായി എന്നെഴുതിയതെന്നും നിശ്ചയമില്ല.

'അപ്പോസ്റ്റൽ' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് വചനങ്ങൾ ക്രിസ്തു ജീവിച്ചിരിക്കെ ക്രിസ്തുവിൽ നിന്ന് നേരിട്ട് വചനം കേട്ടവരെന്നാണ്. പോൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും പോളിനെയും അപ്പോസ്തോലനായി അറിയപ്പെടുന്നു. മരണത്തിനു ശേഷവും ഉയർപ്പിനു ശേഷവും ക്രിസ്തു പോളിന് പ്രത്യക്ഷപ്പെട്ടെന്ന വിശ്വാസമാണ് പോളിനും അപ്പോസ്തോലിക പദവി ലഭിക്കാൻ കാരണമായതെന്നു വിശ്വസിക്കുന്നു. അതുകൊണ്ടു പോളിന്റെ കത്തുകൾ ആദ്യമ സഭയെപ്പറ്റിയുള്ള സാമാന്യ വിവരങ്ങൾ നൽകുന്നു. ആദ്യകാലത്തുള്ള സഭയിലെ ആഭ്യന്തര പോരിനെവരെ പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും യേശുവിനെ അദ്ദേഹം  നേരിട്ട് കണ്ടിട്ടില്ല. യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച് വളരെ കുറച്ചു മാത്രമേ പോൾ എഴുതിയ സുവിശേഷങ്ങളിലുള്ളൂ.

യേശുവിനെ പൂർണ്ണമായി അറിയാവുന്നവരിൽനിന്നും യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള   തെളിവുകൾ ശേഖരിച്ചിട്ടില്ലെന്നു കാണാം. അതുകൊണ്ടു ബൈബിളിലെ അപ്പോസ്തോലന്മാർ എഴുതിയ വിവരങ്ങൾ സത്യമെന്നോ അസത്യമെന്നോ നിശ്ചയമില്ല. വിശുദ്ധ ഗ്രന്ഥം എഴുതിയവർ കണ്ടതും കേട്ടതും വെറും ഐത്യഹ്യം പോലെയാണ് എഴുതിയിരിക്കുന്നത്. അത് സത്യങ്ങളെന്നോ ചരിത്രത്തിനു നിരക്കുന്നതെന്നോ ചിന്തിക്കാനും പഠിക്കാനും വായിക്കുന്നവർക്ക് അവകാശമുണ്ട്. ഉദാഹരണമായി യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരങ്ങൾ മാത്യുവും ലുക്കും എഴുതിയിരിക്കുന്നത് തികച്ചും വ്യത്യസ്തങ്ങളായിട്ടാണ്. രണ്ടു പേരുടെയും കഥകൾ പൊരുത്തപ്പെട്ടു പോവുകയെന്നതും വളരെ പ്രയാസമാണ്.

യേശുവിന്റെ ഉയിർപ്പ് ചരിത്രത്തിന്റെ ഭാഗമായിട്ടാണ് കരുതുന്നത്. ഇത്രയും വലിയ ഒരു സംഭവം നടന്നിട്ട് അക്കാലത്തെ ചരിത്രകാർ ആരും തന്നെ ഉയർപ്പിനെപ്പറ്റി രേഖപ്പെടുത്തിയിട്ടില്ല. അതുപോലെ യേശുവിന്റെ ശരീരം അപ്രത്യക്ഷമായെന്നും ബൈബിളിലല്ലാതെ മറ്റൊരു പുസ്തകത്തിലില്ല. മാത്യു മാത്രം കല്ലറയ്ക്ക് ചുറ്റും റോമൻ പട്ടാളക്കാർ കാവൽ നിന്നിരുന്നുവെന്നും എഴുതിയിട്ടുണ്ട്. ഉയിർപ്പിന്റെ ഈ കഥകൾ ക്രിസ്ത്യൻ വിശ്വാസികൾക്കല്ലാതെ ക്രിസ്തുമതത്തിനു വെളിയിലുള്ളവർക്ക് വിശ്വസിക്കാൻ സാധിക്കില്ല. അറിവുള്ള ക്രിസ്ത്യാനികളും ഇത്തരം കഥകൾ വിശ്വസിക്കില്ല. ബൈബിളിനുള്ളിലെ ഇപ്രകാരമുള്ള ചിന്തകളും അതിലെ സത്യങ്ങളും മിഥ്യകളും ശ്രീ ആൻഡ്രുസിന്റെ പുസ്തകത്തിൽ ഗവേഷണ പാടവത്തോടെ വിവരിച്ചിട്ടുണ്ട്.

പഴയ നിയമത്തിൽ അവതരിപ്പിച്ചിരിക്കുന്ന ദൈവത്തിൽ നിന്നും വ്യത്യസ്തനായ ഒരു ദൈവത്തെയാണ് പുതിയ നിയമത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു ദൈവങ്ങളും ഒന്നാണെന്ന് സ്ഥാപിക്കാനും ഒരു വിശ്വാസിക്ക് കഴിയില്ല. ചരിത്രവുമായി ഏറ്റുമുട്ടുന്ന ഒരാൾക്ക് മതത്തിന്റെ വിശ്വസങ്ങളുമായി പൊരുത്തപ്പെടാൻ സാധിച്ചെന്നു വരില്ല. മതവും സത്യവുമായി വേർതിരിച്ചെടുക്കുന്ന പ്രയത്നത്തിലുണ്ടാകുന്ന ആ പോരായ്മകൾ ചരിത്രത്തിൽ വിശ്വസിക്കുന്ന ശ്രീ ആൻഡ്രസ്സിനുമുണ്ട്.

ഒരു ക്ഷിപ്രകോപിയായ പഴയ ദൈവത്തിന്റെ സ്ഥാനത്ത് കാരുണ്യം വറ്റിയൊഴുകുന്ന ദയാപരനായ മറ്റൊരു ദൈവത്തെ പുതിയ നിയമത്തിൽ കാണാം. വ്യത്യസ്തങ്ങളായ ഈ രണ്ടു ദൈവങ്ങളുടെ സ്വാഭാവഘടനകൾ കാരണം ചരിത്രവും വിശുദ്ധ ഗ്രന്ഥങ്ങളിലെ വിശ്വാസവുമായി യോജിക്കാൻ സാധിക്കാതെ വരുന്നു. സത്യവും മിഥ്യയും കലർന്ന അത്തരം ചിന്തകളുടെ ഒരു സമാഹാരം മാത്രമാണ് ഈ ഗ്രന്ഥം. മതത്തെയും വിശ്വാസസത്യങ്ങളെയും ചോദ്യം ചെയ്യുന്നവരോട് മതം എന്നും ശത്രുതാ മനോഭാവം പുലർത്തിയിട്ടേയുള്ളൂ. പുരോഗമന ചിന്താഗതികൾ അവതരിപ്പിക്കുന്നവർക്കെതിരെയും മതം വാളെടുക്കും. ശാസ്ത്രവും മതവും രണ്ടു ധ്രുവങ്ങളായി മാത്രമേ എന്നും സഞ്ചരിച്ചിട്ടുള്ളൂ. ഗലീലിയോ ഭൂമിയുടെ ഭ്രമണങ്ങളെപ്പറ്റി ശാസ്ത്രീയമായി വിവരിച്ചപ്പോൾ മതവും ശാസ്ത്രവുമായി ഏറ്റുമുട്ടലാണുണ്ടായത്. ഗലീലിയോയെ പീഡിപ്പിച്ചുകൊണ്ടു അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. മതത്തിന്റെ മിഥ്യയെ തേടിയവരെയെല്ലാം ശത്രുക്കളായി പ്രഖ്യാപിച്ച ചരിത്രമാണ് സഭയ്ക്കുള്ളത്. അത്തരം ചിന്തകരെ മതം ഇന്നും തേജോവധം ചെയ്യാൻ ശ്രമിക്കാറുണ്ട്.

മത ഗ്രന്ഥങ്ങൾ ഓരോ കാലത്ത് എഴുതിയുണ്ടാക്കിയിരിക്കുന്നത് പുരോഹിതരുടെ സുഖ ജീവിതം അരക്കിട്ടുറപ്പിക്കാനായിരുന്നു. ദൈവം അരുളിച്ചെയ്ത വാക്കുകൾ വെറും കബളിപ്പിക്കലായിരുന്നുവെന്ന വസ്തുത ചിന്തിക്കാത്ത ഒരു ലോകത്തിന് മനസിലാക്കാനും ബുദ്ധിമുട്ടാണ്. മണൽത്തരികൾ പോലെ നിന്റെ കുഞ്ഞുങ്ങൾ പെരുകട്ടെയെന്നു എബ്രാഹാമിനോട് ദൈവം പറഞ്ഞു. ആ ദൈവമാണ് തലമുറകളായി എബ്രാഹാമിന്റെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ കൊലകൾ യുദ്ധം മൂലമോ കൊടുങ്കാറ്റു -പേമാരി മുഖേനയോ അന്തരീക്ഷത്തിലെ വിഷ ദ്രാവകം മൂലമോ ന്യുക്‌ളീയർ തരംഗങ്ങളാലോ ആകാം. യഹൂദരെ ദൈവം തെരഞ്ഞെടുക്കപ്പെട്ട ജനതയായിട്ടാണ് പഴയ നിയമത്തിൽ വിവരിച്ചിരിക്കുന്നത്. മില്യൻ കണക്കിന് യഹൂദ ജനതയാണ് നാസി ക്യാമ്പുകളിൽ കൊലചെയ്യപ്പെട്ടത്. സൃഷ്ടിയും കൊലയും ഒരേ കാലത്തു നടത്തുന്ന ജോലിയുടെ ഉത്തരവാദിത്വവും ഈ ദൈവത്തിനു തന്നെയോ? പരസ്പ്പരം ഭിന്നിപ്പിച്ച് ജനത്തിനെതിരെയും രാജ്യത്തിനെതിരെയും പോരാടാൻ ഉപദേശിക്കുന്ന ദൈവങ്ങളുടെ എണ്ണവും കൂടി വരുന്നു. അത്തരം സാഹചര്യങ്ങളിൽക്കൂടി കലുഷിതമായ ഈ ലോകം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്നതുമാണ്.

ആയിരങ്ങൾക്ക് മാനസിക വിഭ്രാന്തികൾ നൽകിക്കൊണ്ട് കരിഷ്മാറ്റിക്ക് കേന്ദ്രങ്ങൾ ലോകമെവിടെയും കാണാം. സത്യവേദ പുസ്തകത്തിൽ വിശ്വാസ വചനങ്ങളിലുള്ള കള്ള സാഹിത്യത്തിന്റെ പ്രചരണങ്ങളിൽക്കൂടി ധ്യാന ഗുരുക്കൾ ലോകം മുഴുവൻ ക്രിസ്തുവിനെ വിറ്റു പണമുണ്ടാക്കുന്നു. വിശ്വാസികളെ മയക്കി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ചെണ്ടകൊട്ടും മേളകളും സംഗീതവുമായി ദൈവത്തിന്റെ നാമവും വൃഥാ ഉപയോഗിച്ചുകൊണ്ട് മനുഷ്യരെ പറ്റിക്കുന്നു. മാനസികമായി അടിമപ്പെട്ടിരിക്കുന്ന വിശ്വാസികൾ പുരോഹിതനിൽക്കൂടി യേശുവിനെ കാണുന്നുവെന്ന സാങ്കൽപ്പിക വിശ്വാസവും പുലർത്തുന്നു. അവർക്കു മുമ്പിൽ തികച്ചും വിരോധാഭാസമായ ഒരു ലോകവും കാണാം. സഭയുടെ വിശ്വാസത്തിനു പുറത്തുള്ള ഗ്രന്ഥങ്ങൾ വായിച്ചു മനസിലാക്കാനുള്ള ഒരു മനസ്ഥിതി അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ നിഴലിക്കാനും പ്രയാസമാണ്. കുടിലമായ കാപട്യ തന്ത്രങ്ങൾ അത്രമേൽ പൗരാഹിത്യ ലോകം വിശ്വാസികളുടെമേൽ അടിച്ചേൽപ്പിച്ചു കഴിഞ്ഞു. ഒരിക്കലും പുറത്തു വരാത്ത വിധം ഓരോ വിശ്വാസിയെയും മാനസികാടിമത്വത്തിനു വിധേയമാക്കുകയും ചെയ്തു.

ക്രിസ്ത്യാനികളുടെ സത്യവേദപുസ്തകമെന്നത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ ദൈവങ്ങളുടെ പുരാണവും പഴയ നിയമവും കൂട്ടികുഴച്ചതെന്ന് ശ്രീ ആൻഡ്രുസ് അഭിപ്രായപ്പെടുന്നു. യെറുസലേം ദേവാലയം വീണതോടെ തൊഴിൽ രഹിതരായ പുരോഹിതർ വയറ്റിൽ പിഴപ്പിനായി വിശുദ്ധ ഗ്രന്ഥം രചിച്ചെന്നും അനുമാനിക്കുന്നു. പല തവണ തിരുത്തിയെഴുതിയ പുസ്തകത്തിൽ സത്യങ്ങൾ കുറവെന്നാണ് ഗ്രന്ഥകാരൻ സ്ഥാപിച്ചിരിക്കുന്നത്. മാനവിക സംസ്ക്കാരങ്ങളും ധാർമ്മിക ബോധങ്ങളും ഉൾക്കൊള്ളാനാവാതെ മതം അകന്നു നിൽക്കുന്ന കാരണവും വിശുദ്ധ ഗ്രന്ഥങ്ങൾ തന്നെ. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും മാറ്റങ്ങളും മതത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സത്യങ്ങളെക്കാൾ മിഥ്യകൾ വിശുദ്ധ ഗ്രന്ഥത്തിൽ നിറഞ്ഞിരിക്കുന്ന കാരണങ്ങളും ആൻഡ്രുസിന്റെ ഗ്രന്ഥത്തിൽ വായിക്കാം.

സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് മാത്രമേ ആൻഡ്രുസിന്റെ ഈ ഗ്രന്ഥം ഉൾക്കൊള്ളാൻ സാധിക്കുള്ളൂ. മതത്തിന്റെ അടിമ ചങ്ങലകൾ കാലിൽ തളച്ചിട്ടിരിക്കുന്ന വായനക്കാർക്ക് ഈ പുസ്തകം അരോചകമായേക്കാം. അങ്ങനെയുള്ളവർക്ക് മാനസികാടിമത്വത്തിൽ നിന്നും ഒരു മോചനം ലഭിക്കാനും പ്രയാസമായിരിക്കും. അത്രയ്ക്ക് ശക്തമായി തന്നെ പുരോഹിത ലോകം ചിന്താശക്തിയില്ലാത്ത ഒരു ലോകത്തെ സൃഷ്ടിച്ചു കഴിഞ്ഞു. പുരോഹിത മന്ത്ര മായാജാലം സഹസ്രാബ്ദങ്ങളായുള്ള ജനതകളെ കീഴടക്കി ഭരിച്ചുകൊണ്ടുമിരിക്കുന്നു.  'എന്തേ നിന്റെ കണ്ണിലെ കാരിരുമ്പ് കാണാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് നീ തേടുന്നുവോയെന്ന' യേശുവചനവും ഇവിടെ പ്രസക്തമാണ്. ഗ്രന്ഥകാരനായ ആൻഡ്രുസും സ്വന്തം കണ്ണിലെ കാരിരുമ്പുകൾ തുടച്ചുനീക്കാനുള്ള പണിപ്പുരയിൽ തന്നെയാണ്. സത്യവും മിഥ്യയുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് എന്റെ എല്ലാ വിധ വിജയങ്ങളും നേരുന്നു.




1 comment:

  1. പുസ്തകം എങ്ങനെ വാങ്ങും.. Online ലഭ്യമാണോ

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...