ജോസഫ് പടന്നമാക്കൽ
ബൈബിൾ ആദ്യമെഴുതിയത് ഏതു ഭാഷയിലെന്ന് പണ്ഡിതരുടെയിടയിൽ അഭിപ്രായവിത്യാസങ്ങളുണ്ട്. യേശുവിന്റെ കാലത്ത് ഇസ്രായേലിൽ യഹൂദർ സംസാരിച്ചിരുന്നത് ആറാമിക്ക് ഭാഷയായിരുന്നു . ആദ്യകാല രചനകളിൽ പുതിയ നിയമത്തിലെ സുവിശേഷങ്ങളിലും അറാമിക്ക് വാക്കുകളുണ്ടായിരുന്നു. പുതിയ നിയമം ആദ്യം എഴുതിയത് ഹീബ്രുവിലോ അറാമിക്കിലോ ഗ്രീക്കിലോ ഭാഷകളിലാകാം. അനേകമാളുകൾ പുതിയ നിയമം എഴുതിയത് ഹീബ്രുവിലെന്നും വിശ്വസിക്കുന്നുണ്ട്. എന്നാൽ സുവിശേഷം എഴുതിയ കാലത്ത് ഹീബ്രുവിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. ഗ്രീസിനെ റോമാ ആക്രമിച്ചു കീഴടക്കിയിരുന്നു. അങ്ങനെ ഗ്രീക്ക് സംസ്ക്കാരം റോമ്മാക്കാരെയും സ്വാധീനിച്ചു കാണും. ഗ്രീക്കിലുള്ള സുവിശേഷം സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിലുമായിരുന്നു. എന്നിരുന്നാലും ഓരോ കാലത്തിലുമുള്ള ബൈബിൾ വിവർത്തനങ്ങളിൽ തെറ്റുകളും ആശയ വിത്യാസങ്ങളും വന്നുകൂടിയിട്ടുണ്ട്. സുവിശേഷങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ വചനങ്ങൾ കാണാം. പൗരാണിക കാലങ്ങൾ മുതൽ വിവിധ ഭാഷകളിൽനിന്നും തർജ്ജിമ ചെയ്തപ്പോൾ തെറ്റുകൾ സംഭവിച്ചതാകാം. അങ്ങനെയുള്ള ഏതാനും വചനങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ഈ ലേഖനത്തിലുള്ളത്.
സ്നാപക യോഹന്നാനെ യഹൂദർ ഏലിയായെന്നു തെറ്റിദ്ധരിച്ചിരുന്നു. പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലും യോഹന്നാന്റെ സുവിശേഷത്തിലുമുള്ള വചനങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മാർ ഏലിയാ പഴയ നിയമത്തിലെ ഒരു പ്രവാചകനായിരുന്നു. (രാജാക്കന്മാർ 2:11–13) അരാമിക്ക് ഭാഷയിൽ 'മാർ' എന്നാൽ ഗുരു, പ്രഭുവെന്നല്ലാം അർത്ഥമുണ്ട്. ഈ പ്രവാചകൻ ദൈവവുമായി ആത്മീയകാര്യങ്ങളിൽ സദാ മുഴുകിയിരുന്നു.
"എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു." (മത്തായി II: 14, 17:10-13)
ഏലിയാ വന്നുവെന്നാണ് മത്തായിയുടെ സുവിഷത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ വ്യത്യസ്തമായ രീതിയിൽ സ്നാപകയോഹന്നാനെപ്പറ്റി വിവരിച്ചിരിക്കുന്നു. സ്നാപകനോട് നീ ആരെന്നു യഹൂദർ ചോദിക്കുന്നു.
"പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു."(യോഹന്നാൻ 1:19-21)
"എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല" എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ സുവിശേഷകർ തമ്മിലുള്ള ബന്ധമില്ലാത്ത വചനങ്ങൾ ബൈബിളിൽ നിരവധിയാണ്.
ദാവീദിന്റെ സിംഹാസനം യേശു അലങ്കരിക്കുമോ? ലൂക്കോസിന്റെ സുവിശേഷത്തിൽ അലങ്കരിക്കുമെന്നും മത്തായിയുടെ വചനത്തിൽ ഇല്ലായെന്നും ഉത്തരം കിട്ടും.
"അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും" (ലൂക്കോസ് 1:32)
ദാവീദിന്റെ പിൻഗാമികളിൽ ദൈവകോപം ലഭിച്ച തലമുറകളുമുണ്ട്. അവൻ 'ജെഹോയകിംന്റെ' പിന്തുടർച്ചക്കാരനെന്നു മത്തായിയുടെ സുവിശേഷത്തിൽ പറയുന്നു. ജെഹോയകിനെ ദൈവം ശപിച്ചിട്ടുമുണ്ട്.
"അതുകൊണ്ടു യെഹൂദാരാജാവായ ജെഹോയകിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "അവന്നു ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞു ഏല്പാൻ എറിഞ്ഞുകളയും."(ജെറൂമിയ36:30)
അങ്ങനെയെങ്കിൽ അവന്റെ പിൻഗാമികൾ ആരും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കില്ല. അത്തരമൊരു ദൈവത്തിന്റെ ശാപത്തിന്മേൽ യേശു എങ്ങനെ ദാവീദിന്റെ സിംഹാസനം അലങ്കരിക്കും?
യേശു ജെറുസലേം ദേവാലയത്തിൽ കഴുതപ്പുറത്ത് സഞ്ചരിച്ചുവെന്ന് പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. യേശുവിനൊപ്പം സഞ്ചരിച്ചത് ഒരു മൃഗം മാത്രമോ അതോ രണ്ടു മൃഗമോയെന്നും ചോദ്യചിന്ഹമാണ്. യേശു ജെറുസലേം ദേവാലയത്തിൽ പോയപ്പോൾ ഒപ്പം സഞ്ചരിച്ചത് ഒരു മൃഗം മാത്രമായിരുന്നുവെന്ന് മർക്കോസും രണ്ടു മൃഗങ്ങളുണ്ടായിരുന്നുവെന്ന് മത്തായിയും പറയുന്നു.
"അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു." (മർക്കോസ് 11:7; cf ).
"കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു."(മത്തായി 21:7).
സുവിഷങ്ങൾ വായിക്കുന്ന ഒരാൾക്ക് ഇവരിൽ മാർക്കോസോ, മത്തായിയോ ആരാണ് ശരിയെന്നുള്ളതും അവ്യക്തമാണ്. ലൂക്കോസിന്റെ സുവിശേഷത്തിലും ഒരു കഴുതയെപ്പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ.
നസ്റായേൽക്കാരൻ യേശു സാക്ഷാൽ ക്രിസ്തുവെന്ന വിവരം പീറ്റർ അറിഞ്ഞതും എങ്ങനെയെന്ന കാര്യത്തിലും വിവാദങ്ങളുണ്ട്. സുവിശേഷങ്ങളിൽ അവ്യക്തത കാണുന്നു. യേശു, ക്രിസ്തുവാണെന്നു പീറ്ററിനു വിവരം ലഭിച്ചതു സ്വർഗത്തിൽ നിന്നെന്ന്, മത്തായിയുടെ സുവിശേഷവും അതേസമയം അവന്റെ സഹോദരൻ ആൻഡ്രു പറഞ്ഞെന്നു യോഹന്നാന്റെ സുവിശേഷവും പറയുന്നു.വചനങ്ങൾ പരസ്പ്പരവിരുദ്ധങ്ങളുമാണ്.
"യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു." (മത്തായി 16:17)
"യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു." (യോഹന്നാൻ 1:40-41)
സൈമൺ പീറ്ററെയും ആൻഡ്രുവിനെയും യേശു എവിടെ വെച്ച് കണ്ടുമുട്ടി?ഗലീലിയാ സമുദ്ര തീരത്ത് കണ്ടുമുട്ടിയെന്നു മത്തായിയുടെ വചനത്തിലും അങ്ങനെയല്ല ജോർദാൻ നദി തീരത്തെന്നു യോഹന്നാന്റെ വചനത്തിലും പറയുന്നു.
"അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിത്തക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു" (മത്തായി 4:18-22)
"ഇതു യോർദ്ദന്നക്കാരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു. യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു."(യോഹന്നാൻ 1:28,40,)
യേശു ജൈറസിനെ കണ്ടുമുട്ടിയപ്പോൾ ജൈറസിന്റെ മകൾ മരിച്ചിരുന്നുവോ? ജൈറസിന്റെ മകൾ മരിച്ചിരുന്നു. മത്തായുടെ സുവിഷത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതേ സമയം മാർക്കോസിന്റെ സുവിശേഷത്തിൽ യേശു അവരെ കണ്ടുമുട്ടുന്ന സമയം മരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പറയുന്നു.
"അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു."(മത്തായി 9-18)
"പള്ളി പ്രമാണികളിൽ ജൈയീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാൽക്കൽ വീണു: എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു."(മാർക്കോസ് 5-23)
യേശുവിന്റെ ശിക്ഷ്യന്മാരോട് അവരുടെ യാത്രാ വേളകളിൽ സഹായത്തിനു എന്തെല്ലാം കരുതണമെന്നുള്ള കാര്യം വചനത്തിൽ വ്യത്യസ്തമായി കാണുന്നു. ലൂക്കിന്റെ സുവിശേഷത്തിൽ വഴിക്കു വടി എടുക്കരുതെന്നും മാർക്കോസിന്റെ സുവിശേഷത്തിൽ വടി മാത്രം എടുക്കാമെന്നും പറയുന്നു. ചെരുപ്പിന്റെ കാര്യം ലൂക്കിന്റെ സുവിശേഷത്തിൽ സൂചിപ്പിക്കുന്നില്ല.
"വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു." (ലൂക്കാ 9:3)
"അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;" (മാർക്കോസ് 6:8)
യേശുവിന്റെ വിസ്താരവേളയിൽ 'ഹേറോദോസ്' യേശുവിനെ സ്നാപക യോഹാന്നാൻ എന്ന് തെറ്റി ധരിക്കുന്നുണ്ടോ? മാത്യുവിന്റെ സുവിശേഷത്തിൽ ഹേറോദോസ് യേശുവിനെ സ്നാപക യോഹന്നാനായി തെറ്റി ധരിക്കുന്നുണ്ട്. മാർക്കും അങ്ങനെ തന്നെ രേഖപ്പെടുത്തുന്നു. എന്നാൽ ലൂക്കോസിന്റെ സുവിശേഷത്തിൽ വ്യത്യസ്തയും കാണുന്നു.
ഹേറോദോസ് പറയുന്നു, "യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു." (ലൂക്കോസ് 9:9)
ഈ വചനം മത്തായിയുടെ സുവിശേഷത്തിൽ മറ്റൊരു വിധത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
"ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു: അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. (മത്തായി 14:2; മാർക്കോസ് 6:16)
സ്നാപക യോഹന്നാൻ സ്നാനത്തിനു മുമ്പ് യേശുവിനെ തിരിച്ചറിഞ്ഞിരുന്നുവോ? മത്തായിയുടെ സുവിശേഷത്തിൽ തിരിച്ചറിഞ്ഞിരുന്നു.
"അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു." (മത്തായി 3:13-14)
യോഹന്നാന്റെ സുവിഷത്തിൽ സ്നാപക യോഹന്നാൻ യേശുവിനെ തിരിച്ചറിയുന്നില്ല.
"ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു."(യോഹന്നാൻ 1:32,33)
സ്നാപക യോഹന്നാൻ യേശുവിന്റെ സ്നാനം കഴിഞ്ഞു യേശുവിനെ തിരിച്ചറിഞ്ഞുവോ? മത്തായിയുടെ സുവിശേഷത്തിൽ, സ്നാപക യോഹന്നാൻ ജയിലിൽ കിടക്കുമ്പോൾ യേശുവിനെ അറിയുന്നുവെന്നു പറയുന്നു. അതെ സമയം യേശുവിനു സ്നാനം കൊടുക്കുമ്പോൾ സ്നാപക യോഹന്നാൻ തിരിച്ചറിയുന്നതായി സുവിശേഷകനായ യോഹന്നാന്റെ സുവിശേഷത്തിലുമുണ്ട്.
"യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു; (മത്തായി 11:2)
"യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു."(യോഹന്നാൻ 1:32, 33)
യേശു ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ അന്നേ ദിവസംതന്നെ യേശു ദേവാല ശുദ്ധീകരണം നടത്തിയെന്നും അതല്ലാ നേരം വൈകിയതുകൊണ്ടു അവൻ മടങ്ങിപോയിയെന്നും ശുദ്ധീകരണം നടത്തിയത് പിറ്റേ ദിവസമെന്നും വചനങ്ങളിൽ വ്യത്യസ്തമായി എഴുതപ്പെട്ടിരിക്കുന്നതും വായിക്കാം.
"യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു: (Matthew 21:12)
"അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു; അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; (മാർക്കോസ് I1:1-17)
അത്തി മരത്തെ ശപിച്ചെന്നു സുവിശേഷം പറയുന്നു. അത്തിമരം ഉടൻ ഉണങ്ങി പോയിയെന്നും അതല്ലാ ഉണങ്ങി നിൽക്കുന്നത് കണ്ടത് പിറ്റേദിവസമെന്നു ശിക്ഷ്യന്മാർ സാക്ഷിപ്പെടുത്തുന്നതും വായിക്കുന്നു.
"അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. (മത്തായി 21:19)
"അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു." (മാർക്കോസ് II:20)
ജൂദാസ് യേശുവിനെ ഒറ്റു കൊടുക്കാൻ ഉമ്മ വെച്ചുവോ? ഉമ്മ വെച്ചെന്നും വചനമുണ്ട്. എന്നാൽ യൂദാസിന് ഉമ്മ വെക്കാൻ യേശുവിന്റെ സമീപമെത്താൻ സാധിച്ചില്ലെന്നും വചനത്തിലുണ്ട്.
"അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു: “സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു. (മത്തായി 26:48-50)
"അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു." (യോഹന്നാൻ 18:3-12) ഈ വചനത്തിൽ യൂദായുടെ ചുംബനമില്ലാതെ തന്നെ പടയാളികൾ യേശുവിനെ തിരിച്ചറിയുന്നുണ്ട്.
പീറ്റർ യേശുവിനെ തള്ളി പറയുന്നതിനെപ്പറ്റി എന്താണ് പറഞ്ഞത്? സുവിശേഷകരുടെ വചനങ്ങൾ വ്യത്യസ്തമായി പറയുന്നു.
"നീ മൂന്നു പ്രാവിശ്യം എന്നെ തള്ളി പറയുന്നത് വരെ കോഴി കൂവില്ല" (യോഹാന്നാൻ13-38)."കോഴി രണ്ടു പ്രാവിശ്യം കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളി പറയും."(മർക്കോസ് 13-30) "കോഴി ഒരു പ്രാവശ്യം കൂവുമ്പോൾ നിന്റെ മൂന്ന് തള്ളിപറയൽ പൂർത്തികരിക്കില്ല."(മാർക്കോസ് 14-72)
യേശു കുരിശു സ്വയം ചുമന്നുവോ? യോഹന്നാന്റെ സുവിശേഷത്തിൽ സ്വയം ചുമന്നുവെന്നും മത്തായിയുടെ സുവിശേഷത്തിൽ സഹായി ഉണ്ടായിരുന്നുവെന്നും വചനം പറയുന്നു.
"അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ കുരിശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി." (യോഹന്നാൻ 19:17)
"അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു. (മത്തായി 27:31-32)
യേശു എന്തെങ്കിലും ശിക്ഷ്യന്മാരോട് രഹസ്യമായി പറഞ്ഞുവോ? യേശു കൂടുതലും പരസ്യ പ്രഭാഷണങ്ങൾ നടത്തിയിരുന്നുവെന്നും രഹസ്യങ്ങൾ ഇല്ലായിരുന്നുവെന്നും യോഹന്നാന്റെ സുവിശേഷത്തിൽ പറയുമ്പോൾ മാർക്കോസിന്റെ സുവിശേഷത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം ശിക്ഷ്യന്മാർക്കു മാത്രമുള്ള രഹസ്യമെന്നും പറയുന്നു.
"അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; (യോഹന്നാൻ 18:20)
"തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും. പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല." (മാർക്കോസ് 4:34).
സുവിശേഷങ്ങളിൽ രണ്ടു കള്ളന്മാരെ കർത്താവിന്റെ ഇടത്തും വലത്തുമായി ക്രൂശിച്ചെന്നു പറയുന്നു. ഇവരിൽ രണ്ടു കള്ളന്മാരും യേശുവിനെ പരിഹസിച്ചുവെന്നും ഒരു കള്ളൻ മാത്രമേ പരിഹസിച്ചുള്ളൂവെന്നും എഴുതിയിരിക്കുന്നു.
"നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു."(മാർക്കോസ് 15:32)
"യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു." (ലൂക്കോസ് 23:43) ഇവിടെ യേശുവിനെ ഒരു കള്ളൻ മാത്രമേ പരിഹസിച്ചുള്ളൂ. മറ്റേ കള്ളൻ ന്യായികരിക്കുകയായിരുന്നു.
കുരിശു മരണത്തിനു ശേഷം ഉടൻതന്നെ യേശു സ്വർഗത്തിൽ പോയിയെന്നും ഇല്ലെന്നുമുള്ള വചനങ്ങളുണ്ട്.
“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” (ലൂക്കോസ് 23:43)
"മേരി മഗ്ദലനായോട് രണ്ടു ദിവസത്തിനു ശേഷം യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു." (യോഹന്നാൻ 20:17)
"ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു." (യോഹന്നാൻ 20:29)
പോളിന്റെ സുവിശേഷ കർമ്മയാത്ര അശരീരി കേട്ട സ്ഥലത്തു നിന്നും തുടങ്ങാൻ കൽപ്പനയുണ്ടായിരുന്നുവെന്നും അതല്ല നീ ചെയ്യേണ്ടത് വിധിച്ചിരിക്കുന്നതെല്ലാം ദമാസ്‌ക്കസിലെന്നും വചനങ്ങൾ പറയുന്നു.
"എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു."(അപ്പോസ്തോലിക പ്രവർത്തികൾ 26:16-18)
"കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു."(അപ്പോസ്തോലിക പ്രവർത്തികൾ 9:7;22:10)
"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ (മത്തായി 10:34)
പുതിയ നിയമത്തിലെ ഏറ്റവും വിവാദപരമായ വചനമാണിത്. ലോകത്തിൽ സമാധാനമല്ല വാളാണ് കൊണ്ടുവന്നതെന്നുള്ള ഈ ആലങ്കാരിക വചനത്തെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണങ്ങൾ ക്രിസ്ത്യൻ വിരോധികളായ ചില തീവ്ര സംഘടനകൾ മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട്. തലയോട്ടികൾ കഴുത്തിലിട്ടുകൊണ്ട് വാളും പിടിച്ചുകൊണ്ടുള്ള രക്തം വമിക്കുന്ന നാക്കു നീട്ടികൊണ്ടുള്ള ദേവതകളെ വരെ ആലങ്കാരികമായി അത്തരക്കാർക്ക് വർണ്ണിക്കാമെങ്കിൽ യേശുവിന്റെ വാളിനെ അക്ഷരാർത്ഥത്തിൽ കാണാതെ ഉൾക്കൊള്ളാനും അവർക്ക് കഴിയേണ്ടതാണ്.
ലോകത്ത് സമാധാനം സ്ഥാപിക്കുവാൻ ഞാൻ വന്നിരിക്കുന്നതെന്ന് നിങ്ങൾ കരുതരുത്, വാളാണ് കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ്. വാളെന്ന പ്രയോഗം വേദനയെന്ന അർത്ഥത്തിൽ മറ്റു വചനങ്ങളിലും കാണാം.
Luke 2:34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
2:35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
സ്വന്തം അമ്മയുടെ ഹൃദയത്തില്‍ വേദനയുടെ വാള്‍ കുത്തിയിട്ടാണ് യേശു മരിച്ചത്. അതുപോലെ ശിഷ്യന്മാർക്കും സുവിശേഷം പ്രചരിപ്പിക്കാൻ വലിയ വാളുകളായ വേദനകൾ സമ്മാനിച്ചിട്ടാണ് യേശു പോയത്. യേശു വചനം സ്വീകരിക്ക വഴി സത്യത്തിന്റെ പേരില്‍ അപ്പനും മകനും ഭിന്നിക്കുമെന്നും കുടുംബത്തിൽ അന്തച്ചിന്ദ്രമുണ്ടാകുമെന്നും യേശു പ്രവചിക്കുകയായിരുന്നു. എന്നാൽ പോലും സത്യത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും യേശു വചനത്തിൽനിന്നും മനസിലാക്കാം.
"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ (മത്തായി 10:34)
യേശുവിന്റെ വരവോട് കൂടി യഹൂദ സമൂഹത്തില്‍ വിശ്വാസത്തില്‍ രണ്ട് വിഭാഗമായി മാറിയിരുന്നു. വാളും അതു തന്നെയാണ് ചെയ്യുന്നത്, യേശുവിനോടുള്ള വിശ്വാസം പല കുടുംബത്തിലും കലഹത്തിനു കാരണമായിട്ടുണ്ടാകണം. എന്നെ കണ്ടെത്തിയവന്‍ എന്റെ പിതാവിനേയും കാണുന്നു എന്നും ചിന്തിക്കാം. അല്ലാതെ വാളെടുത്ത് സ്വന്തം കുടുംബത്തിനെതിരായി യുദ്ധം ചെയ്യാന്‍ സമാധാനപ്രിയനായ യേശു പറഞ്ഞെന്നും വിശ്വസിക്കാൻ പ്രയാസമാണ്. സ്വന്തം ശിക്ഷ്യനായ പത്രോസിനോടുപോലും വാളുറയിലിടാനാണ് യേശു കൽപ്പിച്ചത്. വാളെടുക്കുന്നവൻ വാളാൽ മരിക്കപ്പെടുമെന്നും യേശു പറഞ്ഞു.
No comments:
Post a Comment