Sunday, July 30, 2017

മാർട്ടിൻ ലൂഥറിന്റെ വിപ്ലവങ്ങളും നവീകരണ ചിന്തകളും






ജോസഫ് പടന്നമാക്കൽ

ജർമ്മൻ പുരോഹിതനായിരുന്ന 'മാർട്ടിൻ ലൂഥർ' നവീകരണ മതങ്ങളുടെ (പ്രൊട്ടസ്റ്റന്റ് ചർച്ച്) സ്ഥാപക പിതാവായി അറിയപ്പെടുന്നു.  ദൈവത്തിന്റെ ശിക്ഷ ഒഴിവാക്കാൻ പാപമോചനം പണം കൊടുത്ത് വാങ്ങിക്കാമെന്നുള്ള മാർപ്പാപ്പയുടെ ഉത്തരവിനെതിരെ വിവാദങ്ങളുണ്ടാക്കിയിരുന്നു.  അദ്ദേഹത്തിൻറെ  '95 വാദങ്ങളിൽ'ക്കൂടി (95 Thesis)മാർപ്പായ്ക്കെതിരെയും റോമൻ ചക്രവർത്തി ചാൾസ് അഞ്ചാമനെതിരെയും വെല്ലുവിളികളുയർത്തിയിരുന്നു.  ബൈബിൾ മാത്രം ക്രിസ്തിയതയുടെ അടിസ്ഥാനമെന്ന് അനുയായികളെ പഠിപ്പിച്ചു. പുരോഹിതരുടെ തെറ്റായ ബൈബിൾ വ്യാഖ്യാനങ്ങൾക്ക് യാതൊരു നിയമ സാധുതയുമില്ലെന്ന്  വിശ്വസിച്ചിരുന്നു.  അദ്ദേത്തിന്റെ  വാദപ്രസ്താവങ്ങളിൽ (95 Theses) കേന്ദ്രീകൃതമായ രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ആദ്യത്തേത് ബൈബിൾ ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആധികാരിക ഗ്രന്ഥമാണ്. രണ്ടാമത്തേത് രക്ഷയുടെ കവാടം വിശ്വാസത്തിൽക്കൂടിയാണ്, പ്രവർത്തികളിൽക്കൂടിയല്ല.  ചരിത്ര പ്രസിദ്ധമായ ലൂഥറിന്റെ '95 തീസിസ്' അവതരിപ്പിച്ചിട്ട് 2017 ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി അഞ്ഞൂറു വർഷം തികയുന്നു.

ഇന്നു കാണുന്ന  ഭൂപടത്തിലുള്ള ആധുനിക ജർമ്മനിയുടെ ഭാഗമായ 'സാക്സോണിയിൽ (Saxony) ഐസ്‌ലെബൻ' (Eisleben)എന്ന സ്ഥലത്ത് 1483 നവംബർ പത്താംതീയതി 'മാർട്ടിൻ ലൂഥർ'  ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് ധനികനായിരുന്നു.  മാതാപിതാക്കളായ 'ഹാൻസും മാർഗരേറ്റും' കൃഷി പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുമുള്ളവരായിരുന്നു. എന്നാൽ ഹാൻസിന് ലോഹം ഉരുക്കുന്ന വ്യവസായവും ഖനന വ്യവസായവും ഉണ്ടായിരുന്നു. ഖനനം വളരെയധികം കഠിനമായ പ്രയത്നമാവശ്യമുള്ള വ്യവസായമെന്നു ഹാൻസിനറിയാമായിരുന്നു. അതുകൊണ്ടു മാർട്ടിനെ ഒരു നിയമജ്ഞൻ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. 1484-ൽ ഹാൻസിന്റെ കുടുംബം മാൻസ്‌ഫീൽഡിൽ താമസം മാറ്റി. അവിടെ അദ്ദേഹം സമ്മിശ്ര ലോഹങ്ങൾ ഖനനം ചെയ്യുന്ന വ്യവസായം തുടർന്നുകൊണ്ടിരുന്നു.

മാർട്ടിൻ ലൂഥർ ഏഴാം വയസിൽ മാൻസ്‌ഫീൽഡിൽ(Mansfeld) ഒരു സ്‌കൂളിൽ ചേർന്നു. പതിന്നാലാം വയസിൽ മാഗ്‌ഡെബർഗ് (Magdeburg) എന്ന സ്ഥലത്തുള്ള സ്‌കൂളിൽ പഠനം തുടർന്നു. 1498-ൽ താൻ ജനിച്ച സ്ഥലമായ ഐസ്‌ലബെൻ (Eisleben) എന്ന സ്ഥലത്ത് വരുകയും അവിടെ ഗ്രാമറും ലോജിക്കും ഭൗതിക ശാസ്ത്രവും തത്ത്വ മീമാംസയും പഠിച്ചുകൊണ്ടുമിരുന്നു. 1501-ൽ ഇർഫർട് (Erfurt) യുണിവേസിറ്റിയിൽ ചേരുകയും ആർട്സിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.  1501-ൽ പിതാവിന്റെ ആഗ്രഹം അനുസരിച്ച് അദ്ദേഹം എർഫെർട് യുണിവേഴിസിറ്റിയിൽ നിയമം പഠിക്കാനാരംഭിച്ചു. നിയമത്തിൽ കൂടുതൽ പഠിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് തത്ത്വശാസ്ത്രത്തിൽ പഠനം തുടങ്ങി. പ്രധാനമായും അരിസ്റ്റോട്ടിലിന്റെ ജ്ഞാന ദർശനങ്ങൾ ഉൾക്കൊണ്ടുള്ള പഠനമായിരുന്നു നടത്തിയിരുന്നത്. തത്ത്വശാസ്ത്രങ്ങളിൽ താൽപ്പര്യം കുറയുകയും തന്മൂലം  ഒരു സന്യാസിയാകാനുള്ള മോഹമുണ്ടാകുകയും ചെയ്തു.

1505 ജൂലൈയിൽ അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടാകുന്ന ഒരു സംഭവമുണ്ടായി. ആകാശത്തിൽ വലിയൊരു ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് അദ്ദേഹം പേടിച്ചരണ്ടു പോയിരുന്നു. കുട്ടികളുടെ പുണ്യവതിയായ വിശുദ്ധ 'അന്ന'യോട് അത്യന്തം ഭയത്തോടെ പ്രാർത്ഥിക്കാനും തുടങ്ങി. അന്നത്തെ ഭയത്തിന്റെ ആഘാതത്തിൽ വിലപിച്ചുകൊണ്ടു "എന്നെ രക്ഷിക്കൂ, ഞാനൊരു സന്യാസിയാകാമെന്ന്'  അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഇടിയും ഭീകര രൂപത്തിൽ വന്ന കൊടുങ്കാറ്റും പിന്നീട് ശാന്തമാവുകയും  അപകടത്തിൽനിന്ന് രക്ഷപെട്ടെന്നുള്ള ഒരു ആത്മബോധം അദ്ദേഹത്തിൻറെ ഉള്ളിൽ നിറയുകയും ചെയ്തു.

ഒരു പുരോഹിതനാകാനുള്ള തീരുമാനത്തോട് മാർട്ടിന്റെ  പിതാവിന് ഒട്ടും യോജിക്കാൻ സാധിച്ചിരുന്നില്ല. മറ്റാരുടെയും സ്വാധീനത്തിനു കീഴ്‌വഴങ്ങാതെ അദ്ദേഹം വിശുദ്ധയ്ക്ക് നൽകിയ വാഗ്ദാനം പാലിക്കാനും തീരുമാനിച്ചു. അല്ലെങ്കിൽ നരകവും ദൈവത്തിന്റെ ശാപവും കിട്ടുമെന്ന് ഭയപ്പെട്ടിരുന്നു. സന്യാസ മഠത്തിലെ ജീവിതം ആത്മീയ തലത്തിൽ രക്ഷപ്പെടുത്തുമെന്നും ചിന്തിച്ചു. സന്യാസ ജീവിതം തുടങ്ങിയ ശേഷം ആദ്യത്തെ കുറെ വർഷങ്ങൾ മാർട്ടിനെ സംബന്ധിച്ച് ബുദ്ധിമുട്ടുളള കാലങ്ങളായിരുന്നു. കാരണം, അദ്ദേഹം തേടി വന്ന, അദ്ദേഹത്തിൻറെ ഭാവനയിലുണ്ടായിരുന്ന ആത്മീയത അവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ വിശ്വസ്ഥനായ ഒരു ഉപദേഷ്ടാവ് ക്രിസ്തുവിൽ മാത്രം ധ്യാനിച്ച് ജീവിക്കാൻ ഉപദേശിച്ചു. അതനുസരിച്ച്  ഓരോ ദിവസവും മണിക്കൂറുകളോളം ധ്യാന നിരതനായും പ്രാർത്ഥനകളും ഉപവാസങ്ങളുമായും സമയം ചെലവഴിച്ചിരുന്നു.

സ്വന്തം ജീവിതത്തിലെ പരാജയങ്ങളോടൊപ്പം സഭയ്ക്കുള്ളിൽ അഴിഞ്ഞാടുന്ന അഴിമതികളെപ്പറ്റിയും അദ്ദേഹം വ്യാകുലനായിരുന്നു. ബൈബിളിലെ വചനങ്ങൾക്കെതിരെ സഭയുടെ പ്രവർത്തനങ്ങളിലും അസന്തുഷ്ടനായിരുന്നു. ഇരുപത്തിയേഴാം വയസിൽ  റോമിൽ ഒരു കോൺഫെറൻസിൽ സംബന്ധിക്കാനുള്ള അവസരം ലൂഥറിനു ലഭിച്ചു. അഗസ്റ്റിനിയൻ ആശ്രമത്തെ പ്രതിനിധികരിച്ച് അദ്ദേഹം 1510-ൽ റോമ്മാ സന്ദർശിച്ചു. അവിടെ കണ്ട പുരോഹിതരുടെ പേക്കൂത്തുകളിലും അസന്മാർഗികതകളിലും   അഴിമതികളിലും അദ്ദേഹം ഞെട്ടി പോയിരുന്നു. ശുദ്ധീകരണ സ്ഥലങ്ങളിലുള്ള ആത്മാക്കളെ പണം നൽകി മോചിപ്പിക്കുന്നതിനും  പാപമോചനത്തിനും പുരോഹിതർ പണം ഈടാക്കിയിരുന്നു.  റോമിൽ നിന്ന് മടങ്ങി വന്നശേഷം അദ്ദേഹം 'വിറ്റൻബെർഗ് യൂണിവേഴ്സിറ്റിയിൽ' തന്റെ ആളിക്കത്തുന്ന രോഷം ശമിക്കാനും ആത്മീയത തേടാനും വീണ്ടും പഠനം ആരംഭിച്ചു. അവിടുന്ന് അദ്ദേഹത്തിന് ഡോക്ട്രേറ്റ് ബിരുദം ലഭിക്കുകയും യൂണിവേഴ്‌സിറ്റിയുടെ പ്രൊഫസറായി നിയമിതനാവുകയും ചെയ്തു. ബൈബിൾ വചനങ്ങൾ നല്ലവണ്ണം ഹൃദ്യസ്ഥമാക്കിയ ശേഷം ക്രിസ്ത്യൻ തീയോളജിയിൽ അദ്ദേഹം ഒരു ജ്ഞാനിയായി അറിയപ്പെടുകയും ചെയ്തു.

"റോമ്മാക്കാർക്കെഴുതിയ വചനം 1:17 വാക്യപ്രകാരം "അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. 'നീതിമാൻ വിശ്വാസത്താൽ ജീവിക്കും' എന്നു എഴുതിയിരിക്കുന്നുവല്ലോ." ലൂഥറിനെ ഏറ്റവുമധികം വിവാദമാക്കിയ ഒരു വചനമാണിത്. ലൂഥർ പറഞ്ഞു, 'ദൈവത്തിന്റെ നീതിമാൻ എന്ന പദത്തെ ഞാൻ വെറുക്കുന്നു, എല്ലാ ഗുരുക്കളും എന്നെ അങ്ങനെ പഠിപ്പിക്കുന്നു. അതായത് ദൈവം നീതിമാനും അനീതി പ്രവർത്തിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു.' വിശ്വാസം കൊണ്ട് യുവാവായ ലൂഥറിനു ജീവിക്കാൻ സാധിച്ചിരുന്നില്ല. കാരണം അദ്ദേഹം നീതിമാനല്ലെന്നറിയാമായിരുന്നു. എങ്ങനെ നീതി ബോധത്തോടെ സ്വയം ജീവിതത്തെ പ്രകാശിപ്പിക്കാമെന്നും ചിന്തിച്ചുകൊണ്ടിരുന്നു. നീതിമാനാകാനുള്ള മോഹങ്ങൾക്കും ധർമ്മസങ്കടങ്ങൾക്കും ചിന്താക്കുഴപ്പങ്ങൾക്കും വിശ്വാസത്തിലധിഷ്ടിതമായുള്ള പരിഹാരം തേടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു, "ദൈവത്തിന്റെ കൃപയാൽ താൻ രാത്രിയും പകലും ഒരുപോലെ ധ്യാന നിരതനായിരുന്നു. നീതിമാനായ ദൈവത്തിൽക്കൂടി വിശ്വാസമെന്ന നീതിയാലേ ഞാൻ ജീവിക്കാൻ പഠിച്ചു. ഞാൻ വീണ്ടും ജനിച്ചതുപോലെ, സ്വർഗ്ഗവാതിൽ എനിക്കുമുമ്പാകെ തുറക്കപ്പെട്ടപോലെ അനുഭവങ്ങളുണ്ടായി."

1513-ൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കവേ ബൈബിളിലെ ഗീതങ്ങൾ എന്ന അദ്ധ്യായം  (Psalm 22) അദ്ദേഹത്തെ ആകർഷിച്ചിരുന്നു. സ്വയം അദ്ദേഹത്തിൽ ദൈവത്തിന്റെ പ്രകാശിതമായ ഒരു ജ്ഞാനോദയം ഉണ്ടായതായുള്ള  തോന്നലുമുണ്ടായി. പോളിന്റെ സുവിശേഷത്തിലെ 'വിശ്വാസ'മെന്ന  സത്യമാണ് നീതിയുടെ ഉറവിടമെന്നതും മനസിലാക്കി.  ദൈവത്തെ ഭയപ്പെടുന്നതും മതത്തിന്റെ തത്ത്വങ്ങളിൽ അടിമപ്പെടുന്നതുമല്ല രക്ഷയുടെ അദ്ധ്യാത്മികതയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.  സഭാനവീകരണത്തിന് അദ്ദേഹത്തിൻറെ മുമ്പിൽ ഒരു വഴി തുറന്നുകിട്ടിയതു ബൈബിളിലുള്ള ജ്ഞാനത്തിൽനിന്നുമായിരുന്നു. മനസ്സിൽ പൊന്തി വന്ന പുത്തനായ നവീകരണ ചിന്തകൾ അദ്ദേഹത്തിന്റെ ദൈവികമായ കാഴ്ചപ്പാടിനും ജീവിതത്തിനു തന്നെയും മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഒരു പുരോഹിതനെന്ന നിലയിൽ ലൂതറിന്റെ ജീവിതം മഹനീയവും ആദർശപൂർണ്ണവുമായിരുന്നു. സദാ സമയവും ധ്യാനനിമഗ്നനായും ഉപവാസം അനുഷ്ടിച്ചും ഒരു യോഗിയെപ്പോലെ കഠിന വ്രതങ്ങൾ പാലിച്ചും പുതപ്പു പുതക്കാതെ തണുപ്പ് സഹിച്ചും സ്വയം ശരീരത്തിൽ ചാട്ടകൊണ്ടടിച്ചും കഠിന വ്രതങ്ങൾ അനുഷ്ടിച്ചു വന്നു. 'സ്വന്തം ജീവിതത്തിലെ അനുഷ്ഠാനങ്ങളിൽക്കൂടി ആർക്കെങ്കിലും സ്വർഗം ലഭിക്കുമെങ്കിൽ അത് തനിക്കു മാത്രമായിരിക്കുമെന്നും' ലൂഥർ പറയുമായിരുന്നു. ഇതെല്ലാം ദൈവത്തിനുവേണ്ടി അദ്ദേഹം ചെയ്‌തെങ്കിലും മനസമാധാനം ഒരിക്കലും ലഭിച്ചിരുന്നില്ല. ദൈവത്തിന്റെ ശാപത്തെയും ദൈവശിക്ഷയെയും എന്നും ഭയപ്പെട്ടിരുന്നു. നിത്യ നരകശിക്ഷയും അദ്ദേഹത്തിൻറെ മനസിനെ അനിയന്ത്രിതമാക്കിയിരുന്നു.

ഒരു സന്യാസിയെന്ന നിലയിൽ ലൂതറിന്റെ  ജീവിതം നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സർവ്വ സുഖങ്ങളെയും ത്യജിച്ചുകൊണ്ടുള്ള കഠിനമായ അനുഷ്ഠാനങ്ങളും ആരംഭിച്ചു. കൂടെ കൂടെ കുമ്പസാരിക്കലും നടത്തുമായിരുന്നു.  എന്നിട്ടും ആത്മീയതയിൽ എവിടെയോ ശൂന്യത അദ്ദേഹത്തിനനുഭവപ്പെട്ടിരുന്നു. അതൃപ്തി നിറഞ്ഞ മനസെവിടെയോ വ്യാപരിച്ചുകൊണ്ടിരുന്നു. സമ്മിശ്രങ്ങളായ ദുഃഖങ്ങളും അസമാധാനവും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പാപബോധങ്ങളിൽ നിരാശനായിരുന്നു. ദുഃഖിതനായ അദ്ദേഹത്തെ മാനസികമായ നീർച്ചുഴിയിൽനിന്നും കരകയറ്റാൻ അദ്ദേഹത്തിൻറെ ആദ്ധ്യാത്മിക ഗുരു വേണ്ടവിധം സമയോചിതമായ ഉപദേശങ്ങൾ നൽകി സഹായിക്കുന്നുണ്ടായിരുന്നു. എന്നിട്ടും മനസിന്റെ സമനില കൈവരിക്കാൻ  സാധിച്ചിരുന്നില്ല.

1517-ൽ ലിയോ പത്താമൻ മാർപ്പാപ്പ 'സെന്റ് പീറ്റേഴ്സ് ബസിലിക്ക' പണിയാനായുള്ള ചെലവുകൾക്കായി വിശ്വസി സമൂഹത്തോട് പണം മേടിച്ചുകൊണ്ടുള്ള പാപമോചന പദ്ധതി തയ്യാറാക്കി. പോപ്പിന്റെ ഈ തീരുമാനത്തിൽ മാർട്ടിൻ ലൂഥർ കുപിതനാവുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.   'പാപപൊറുതിയ്ക്ക് വിശ്വസം മാത്രം പോരേ; അവിടെ സഭയ്ക്ക് എന്തിനു പണം കൊടുക്കണമെന്നുള്ള വാദങ്ങളുമായി മാർട്ടിൻ ലൂഥർ രംഗത്തുവന്നു. 'രക്ഷയുടെ കവാടത്തിനായി ക്രിസ്തുവിൽ വിശ്വസിക്കുക, അല്ലാതെ ധനം കൊടുത്താൽ മോക്ഷം ലഭിക്കില്ലെന്നും' അദ്ദേഹം വിശ്വസിച്ചു.

ലൂഥർ  സഭയ്‌ക്കെതിരെ 95 വാദങ്ങൾ  (95 Thesis) എഴുതിയുണ്ടാക്കുകയും പള്ളികളുടെ മുമ്പിൽ പതിപ്പിച്ചു പരസ്യപ്പെടുത്തുകയുമുണ്ടായി. കാര്യകാരണ സഹിതമുള്ള ലൂഥറിന്റെ 'വാദങ്ങൾ'   വിവാദങ്ങളായി ചർച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും അത് അന്നുവരെ പുലർത്തി വന്നിരുന്ന വിശ്വാസങ്ങൾക്ക് കോട്ടം തട്ടുവാൻ കാരണമായി. പാപമോചന വ്യാപാരം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ലൂഥർ 'മൈൻസി'ലുള്ള ആർച്ച് ബിഷപ്പ് ആൽബർട്ട് ആള്ബറിച്ചിനു (Archbishop Albert Albrecht) ഒരു കത്തെഴുതിയിരുന്നു. ലൂഥർ തയ്യാറാക്കിയ '95 വാദങ്ങൾ'   രണ്ടാഴ്ചയ്ക്കുള്ളിൽ ജർമ്മനി മുഴുവനും രണ്ടുമാസത്തിനുള്ളിൽ യൂറോപ്പ് മുഴുവനും  വ്യാപിച്ചിരുന്നു.

1517-ൽ സർവ്വ വിശുദ്ധന്മാരുടെ തിരുന്നാൾ ആഘോഷിച്ചിരുന്ന ഒരു ദിനത്തിൽ 'ജൊഹാൻ റ്റെട്സൽ' (Johann Tetzel) എന്ന ഉപദേശി പാപമോചനം പണം മേടിച്ചു വിൽക്കുന്നതിൽ ലൂഥർ എതിർത്തു. ഇത് സഭയുടെ തീരുമാനമായിരുന്നു. ഒരു വ്യക്തിയോ വ്യക്തിയുടെ മരിച്ചുപോയവർക്കോ ഉള്ള പാപങ്ങൾ പണം കൊടുത്താൽ മാറുമെന്നായിരുന്നു പ്രചരണം. ഒരിക്കൽ ഭണ്‌ഡാരത്തിൽ പണം നിക്ഷേപിച്ചാൽ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാവ് സ്വർഗ്ഗത്തിലെത്തുമെന്നായിരുന്നു 'റ്റെട്സൽ' പഠിപ്പിച്ചിരുന്നത്. ലൂഥർ അത് തന്റെ '95 വാദങ്ങളിൽ'ക്കൂടി (95 Thesis) സഭയെ ചോദ്യം ചെയ്തു.

ലൂഥർ തൊടുത്തുവിട്ട ഈ അവഹേളനങ്ങൾ അവസാനിപ്പിക്കാൻ സഭ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1518- ഒക്ടോബറിൽ 'ഓഗ്സ്ബർഗിൽ' കർദ്ദിനാൾ തോമസ് ക്യാജേതൻ (Cardinal Thomas Cajetan) ഒരു സമ്മേളനം വിളിച്ചുകൂട്ടുകയും മാർട്ടിൻ ലൂതറിന്റെ മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന '95 വാദങ്ങൾ'  പിൻവലിക്കാനും ആവശ്യപ്പെടുകയും ചെയ്തു.  പുറപ്പെടുവിച്ച 'വാദങ്ങൾ'  പിൻവലിക്കുകയില്ലെന്നും പിൻവലിക്കണമെങ്കിൽ ക്രിസ്തു വചനങ്ങൾ തെറ്റാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മാർപ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്നും  വാദിച്ചു. ലൂഥറിനെ സഭയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണികളും സഭാ നേതൃത്വം മുഴക്കിക്കൊണ്ടിരുന്നു.

1519-ൽ വിറ്റൻബെർഗിൽ മാർട്ടിൻ ലൂഥർ സഭയുടെ അനീതികളെപ്പറ്റി പ്രഭാഷണങ്ങൾ നടത്തിയതിനു പുറമേ ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. ആ വർഷം ജൂൺ-ജൂലൈ മാസത്തിൽ അദ്ദേഹം മാർപ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. അത് മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ആക്രമണമായിരുന്നു.  1519-ൽ ലെയ്‌പ്‌സിങ് (Leipzig) എന്ന സ്ഥലത്തു നടന്ന ഒരു പൊതുവിവാദത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. " കൈകളിൽ ബൈബിൾ പിടിച്ചുകൊണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു വിശ്വാസി, മാർപ്പായേക്കാളും ഉത്കൃഷ്ടവ്യക്തിയാണെന്നും" അദ്ദേഹം പറഞ്ഞു. 'എല്ലാ ക്രിസ്ത്യാനികളും പുരോഹിതരാണ്. അതുകൊണ്ടു സഭ ഭരിക്കുന്നവർ ആവശ്യമേറിയ കാലോചിത പരിഷ്‌ക്കാരങ്ങൾ നടപ്പാക്കേണ്ടതാണെന്നും'അഭിപ്രായപ്പെട്ടു. 1520-ജൂൺ പതിനഞ്ചാം തിയതി ലൂഥറിന്റെ വിമർശനങ്ങളിൽ സഹികെട്ട മാർപ്പാപ്പ ലൂഥറിനെ മതത്തിൽനിന്ന് പുറത്താക്കുമെന്നുള്ള അന്ത്യശാസനം നൽകി. 1520 ഡിസംബർ പത്താംതീയതി മാര്‍പാപ്പയുടെ ഉത്തരവ്‌ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ  ലൂഥർ പരസ്യമായി കത്തിച്ചുകളഞ്ഞു.

റോമൻ ചക്രവർത്തി 'ചാൾസ് അഞ്ചാമൻ' രാജാവിന്റെ മുമ്പിൽ 1521-ൽ ലൂഥറുമായി ഒരു വിവാദം സംഘടിപ്പിച്ചിരുന്നു. ലൂതറിന്റെ കാഴ്ചപ്പാടുകളെ മടക്കിയെടുക്കാനുള്ള വിസ്താരമെന്ന് അദ്ദേഹത്തിന് മനസിലായി. 'വിശുദ്ധ വചനങ്ങളിൽ തെളിവുകൾ തരാത്തിടത്തോളം അല്ലെങ്കിൽ വ്യക്തമായ കാര്യ കാരണങ്ങൾ കൊണ്ട് ബോധ്യമാക്കാത്തടത്തോളം തന്റെ വിശ്വാസങ്ങൾ മാറ്റിപ്പറയുകയില്ലെന്നു' ലൂഥർ പ്രഖ്യാപിച്ചു. 'സ്വന്തം മനഃസാക്ഷിക്കെതിരെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും ഇതാണ് തന്റെ നിലപാട്, ദൈവം സഹായിക്കട്ടെയെന്നും' അദ്ദേഹം പറഞ്ഞു.

1521-ൽ മാർട്ടിൻ ലൂഥറിനെ ഔദ്യോഗികമായി റോമൻ കത്തോലിക്കാ സഭയിൽനിന്ന് പുറത്താക്കി. ലൂഥറിനെ സഭാ വിരോധിയും കുറ്റക്കാരനായും പാഷണ്ഡിയായും വിധിച്ചു. നിയമപരമായി പിടികിട്ടാപ്പുള്ളിയായി വിളംബരവും ചെയ്തു. അക്കാലത്തെ രാജകീയ വിളംബരത്തിൽ ലൂഥർ കുറ്റക്കാരനെന്ന് വിധിച്ചു. ലൂഥർ അപ്രത്യക്ഷനാവുകയും വാർട്ട്ബർഗിലുള്ള ഒരു കെട്ടിടത്തിനുള്ളിൽ (Wartburg Castle)പത്തു മാസം ഒളിച്ചു താമസിക്കുകയും ചെയ്തു.  1522-ൽ അദ്ദേഹം വിറ്റൻബർഗിൽ എത്തുകയും അനുയായികളുടെ സഹായത്തോടെ നവീകരണ യജ്ഞങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളിൽ ലൂഥർ കൂടുതലും തർക്കവിഷയങ്ങളിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ പോലും ശത്രുക്കളായും മാറപ്പെട്ടു.

അറസ്റ്റിന്റെ ഭീക്ഷണിയുണ്ടായിരുന്ന കാലത്തും അദ്ദേഹത്തിന് 'ലൂതറ'നിസം സ്ഥാപിക്കാൻ സാധിച്ചു. ജർമ്മൻ രാജകുമാരനുൾപ്പടെ അനേകായിരം അനുയായികളെ ലഭിക്കുകയും ചെയ്തു.  1524-ൽ കാർഷിക വിപ്ലവം ഉണ്ടായപ്പോൾ ലൂഥർ കർഷകർക്കെതിരായ നിലപാടുകൾ എടുക്കുകയും ഭരണാധികാരികൾക്കൊപ്പം നിലകൊള്ളുകയും ചെയ്തു. അത് ലൂഥറൻ സഭയുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ആ കാലഘട്ടത്തിൽ ആയിരക്കണക്കിന് കർഷകർ കൊല്ലപ്പെട്ടെങ്കിലും ലൂതറിന്റെ സഭ വളർന്നുകൊണ്ടിരുന്നു.  രാജഭരണത്തോടൊപ്പം ലൂഥറും അനുയായികളും ഒത്തുചേർന്ന് കൃഷിക്കാരുടെ വിപ്ലവം അടിച്ചമർത്താൻ സഹായിക്കുകയും ചെയ്തു.  മറ്റുള്ള നവീകരണ വാദികളെയും പ്രത്യേകിച്ച് സ്വിസ് നവീകരണക്കാരനായ ഉൾറിച്ചു ശ്വിൻഗ്ലിയെയും (Ulrich Zwingli) ലൂഥർ വിമർശിക്കുമായിരുന്നു.

1525-ൽ അദ്ദേഹം കാതറീനാ വോൺ ബോറ (Katharina von Bora) എന്ന കന്യാസ്ത്രിയായിരുന്ന സ്ത്രീയെ വിവാഹം ചെയ്തു. അവരെ കോൺവെന്റിൽ നിന്നും പുറത്താക്കിയ കാരണം വൈറ്റൻബർഗിൽ അഭയാർത്ഥിയായി കഴിയുകയായിരുന്നു. അന്നുമുതൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ പുരോഹിതർക്കും വിവാഹം കഴിക്കാമെന്നുള്ള കീഴ്വഴക്കം കുറിച്ചു. കാലക്രമത്തിൽ ലൂഥർ-കാതറീനാ ദമ്പതികൾക്ക് ആറു മക്കൾ ജനിക്കുകയും ചെയ്തു.

ലൂഥറിനെ സംബന്ധിച്ച് സഭയെന്നാൽ അപ്പോസ്തോലിക പാരമ്പര്യമെന്ന അർത്ഥമാകുന്നില്ല. പകരം അത് അദ്ദേഹത്തിൻറെ ചിന്തയിൽ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമെന്നായിരുന്നു.   നിത്യരക്ഷയെന്നു പറയുന്നത് കൂദാശകൾ വഴിയല്ല പകരം വിശ്വാസത്തിൽക്കൂടിയെന്നും അദ്ദേഹത്തിൻറെ പ്രമാണമായിരുന്നു. 'സാമൂഹിക ജീവിയായ മനുഷ്യനിൽ നന്മകളുടെ സ്പുരണങ്ങൾ പൊട്ടിത്തെറിക്കണം, അതായത് ദൈവത്തെ അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ദൈവശാസ്ത്രം വിഡ്ഢികൾ പഠിപ്പിക്കുന്നു. വിനയവും ശാലീനതയും ദൈവത്തിന്റെ കൃപകൊണ്ട് നേടിയെടുക്കണം.'

ഒരാളിന്റെ നന്മതിന്മകളുടെ അടിസ്ഥാനത്തിലല്ല നിത്യരക്ഷയെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. നിത്യ രക്ഷ ദൈവത്തിന്റെ ദാനമാണ്. നിത്യമായി രക്ഷപെടാൻ പൂർണ്ണ ഹൃദയത്തോടെ യേശുവിനെ നാഥനായി സ്വീകരിക്കണമെന്നും  വിശ്വസിച്ചിരുന്നു. പാപമോചനത്തിനായി പള്ളിയ്ക്ക് സംഭാവനകൾ കൊടുക്കുന്ന കീഴ്വഴക്കത്തെ  എതിർത്തിരുന്നു. ജർമ്മൻ ദേശീയ വാദിയായിരുന്ന അദ്ദേഹം ബൈബിളിനെ ലത്തീൻ ഭാഷയിൽ നിന്നും സ്വന്തം മാതൃഭാഷയായ ജർമ്മനിയിലേയ്ക്കും തർജ്ജിമ ചെയ്തു. ഇംഗ്ലീഷ് പരിഭാഷയായ 'കിംഗ് ജെയിംസ്' ബൈബിൾ രചിച്ചപ്പോഴും ലൂതറിന്റെ ജർമ്മൻ ബൈബിളിനെ സ്വാധീനിച്ചിരുന്നു. ലൂഥർ രചിച്ച കീർത്തനങ്ങൾ പിന്നീട് പൊതു സമൂഹാരാധനയ്ക്ക് പ്രയോജനപ്പെട്ടിരുന്നു.

അദ്ദേഹം ഏഴു കൂദാശകളിൽ നിന്ന് സഭയ്ക്കുള്ളത് രണ്ടു കൂദാശകളായി ചുരുക്കി. മാമ്മോദീസ്സായും ദിവ്യ അത്താഴവും മാത്രം കൂദാശകളായി അംഗീകരിച്ചു.  'സഭയുടെ നിയമങ്ങളിൽ നിന്ന് വിശ്വാസികൾ ഇനിമേൽ സ്വതന്ത്രരെന്നും' പ്രഖ്യാപിച്ചു. 'എങ്കിലും അയൽക്കാരനെ സ്നേഹിക്കാൻ കടപ്പെട്ടിരിക്കുമെന്നും' ലൂഥർ പറഞ്ഞു.

അവസാന കാലം ലൂഥറിന്റെ ഭാഷാശൈലികൾ വ്യത്യസ്തവും വേദനാജനകവുമായിരുന്നു. ലൂഥർ പ്രായം കൂടുംതോറും കൂടുതൽ കലഹപ്രിയനായും കാണപ്പെട്ടു. യഹൂദരും പോപ്പും അദ്ദേഹത്തിന്റെ ദൈവ ശാസ്ത്ര ശത്രുക്കളായിരുന്നു. അവർക്കെതിരായ വാക്കുകൾകൊണ്ടുള്ള ശരങ്ങൾ അച്ചടിഭാഷയ്ക്ക് യോഗ്യമായിരുന്നില്ല.  യഹൂദരെ രൂക്ഷമായി വിമർശിക്കുകയും ശത്രുതാ മനോഭാവം പുലർത്തുകയും ചെയ്തിരുന്നു. യഹൂദരുടെ വീടുകൾ നശിപ്പിക്കാനും അവരുടെ സിനഗോഗുകൾ കത്തിക്കാനും അവരുടെ സ്വത്തുക്കൾ കണ്ടെടുക്കാനും സ്വാതന്ത്ര്യത്തെ ഹനിക്കാനും ആഹ്വാനം ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ ലൂഥറിന്റ യഹൂദ വിരോധത്തെ മുതലാക്കുകയും ചെയ്തു.

മാർട്ടിൻ ലൂഥർ രോഗിയായി കഴിഞ്ഞപ്പോഴും സാധാരണ ആരോഗ്യമുള്ളവരെപ്പോലെ  ജീവിതത്തെ ക്രമീകരിച്ചിരുന്നു. ജീവിത സാഹചര്യങ്ങളാണ് അദ്ദേഹത്തെ രോഗിയാക്കിയത്. ആശ്രമത്തിൽ ശരിയായി ഭക്ഷണം കഴിക്കാതെയും നീണ്ട രാത്രികളും പകലുകളുമില്ലാതെയുള്ള മാനസിക ജോലികളും പിന്നീടുളള കാലങ്ങളിൽ സുലഭമായ ഭക്ഷണവും ആർഭാട ജീവിതവും ലൈംഗികതയും അദ്ദേഹത്തെ രോഗിയാക്കിയെന്ന് വേണം കരുതാൻ. വാർട്ട്ബർഗിൽ (Wartburg) നിന്ന് മാറി ദൂരെയുള്ള സ്ഥലത്ത് ഒളിച്ചു താമസിച്ചിരുന്ന നാളുകളിൽ ലൂഥറിനു വയറ്റിൽ വേദന കഠിനമായി ഉണ്ടാകുമായിരുന്നു. 'ദൈവം  വയറ്റു വേദന കൊണ്ട് തന്നെ പീഡിപ്പിക്കുന്നുവെന്ന്' 1521-ലുള്ള അദ്ദേഹത്തിൻറെ ഒരു കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ ഉറക്കമില്ലാതെയും സമാധാനമില്ലാതെയുമുള്ള ജീവിതമായിരുന്നു അന്ത്യനാളുകളിലുണ്ടായിരുന്നത്. 1526-ൽ കിഡ്നിയ്ക്ക് തകരാറു വരുകയും കഠിനമായ വേദന സഹിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരെ വിശ്വാസം ഇല്ലായിരുന്നു. നൈരാശ്യവും മാനസിക വിഭ്രാന്തിയും അദ്ദേഹത്തെ ബാധിച്ചിരുന്നു.

1546 ഫെബ്രുവരി പതിനെട്ടാം തിയതി മാർട്ടിൻ ലൂഥർ മരണമടഞ്ഞു. ലൂഥറിനു ശേഷം വന്ന  നവീകരണക്കാരായ കാൽവിൻ, ശ്വിൻഗ്ലി, ക്‌നോക്സ്, ക്രാന്മർ (Calvin,Zwingli, Knox, and Cranmer) എന്നീ നവോത്ഥാനക്കാരെല്ലാം അദ്ദേഹത്തിൽനിന്ന്  ആവേശഭരിതരായിരുന്നു. ഏതു ലൈബ്രറിയിൽ പോയാലും മാർട്ടിൻ ലൂതറിന്റെ പുസ്തകങ്ങൾ ഷെൽവുകളിൽ നിറഞ്ഞിരിക്കുന്നതായി കാണാം. അദ്ദേഹം പറഞ്ഞ ഒരു  ഉദ്ധരണി ഇങ്ങനെ, "എന്റെ കൈകൾ നിറയെ നിധികളുണ്ടായിരുന്നു...എനിക്കതെല്ലാം നഷ്ടപ്പെട്ടു...ദൈവത്തിന്റെ കരങ്ങളിൽ എന്തെല്ലാം നിക്ഷേപിച്ചുവോ അത് മാത്രം ബാക്കി നിൽക്കുന്നു... ലോകം നാളെ കഷണം കഷണങ്ങളായി പൊട്ടി ചിതറിയാലും ഞാൻ എന്റെ വാഗ്‌ദാനഭൂമിയിൽ ആപ്പിൾ മരങ്ങൾ നട്ടുകൊണ്ടിരിക്കും."



Katharina von Bora






Roman Emperor Charls 5 

Monday, July 24, 2017

രാഷ്‌ട്രപതി പ്രണബ് മുഖർജിയും രാഷ്ട്രീയ സംഭവ വിവരണങ്ങളും



ജോസഫ് പടന്നമാക്കൽ

2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി പ്രണബ് മുഖർജി ഇന്ത്യയുടെ പതിമൂന്നാം പ്രസിഡന്റായി അവരോധിക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആചാര്യനും അനുഭവ സമ്പന്നനുമായ അദ്ദേഹം  വിദേശം, ധനകാര്യം, വ്യവസായം, പ്രതിരോധം വകുപ്പുകളിൽ കേന്ദ്ര മന്ത്രിയായി തനതായ വ്യക്തി മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ കർമ്മോന്മുഖനായി പ്രശസ്തിയുടെ കൊടുമുടികൾ നേടിക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ രാഷ്ട്രീയ ജൈത്രയാത്രകൾ നയിച്ചിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവായിരുന്ന 'മുഖർജി' പാർട്ടിയുടെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരിൽ പ്രമുഖനായിരുന്നു. കോൺഗ്രസിന്റെ നേതൃനിരയിലുള്ള  പ്രവർത്തകനായി നീണ്ട ഇരുപത്തിമൂന്നു വർഷങ്ങൾ അദ്ദേഹം സേവനം ചെയ്തു. വെസ്റ്റ് ബംഗാളിൽ ഒരു കുഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഇന്ത്യൻ പ്രസിഡന്റ് പദം വരെയുള്ള നേട്ടങ്ങൾ ഒരു ജൈത്ര യാത്ര തന്നെയായിരുന്നു. അഞ്ചു വർഷത്തേയ്ക്ക് തിരഞ്ഞെടുത്ത പ്രസിഡന്റ് മുഖർജി, കോൺഗ്രസിന് ഭരണം നഷ്ടപ്പെടുന്നതും പ്രതിപക്ഷ പാർട്ടി ഭരണം ഏറ്റെടുക്കുന്നതും ദൃക്‌സാക്ഷിയായിരുന്നു. രണ്ടുപ്രാവശ്യം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള മത്സരാർത്ഥിയായിരുന്നു. 2004-ലും 2009-ലും അദ്ദേഹത്തെ ലോകസഭയിൽ തിരഞ്ഞെടുത്തിരുന്നു.

പ്രണബ് മുഖർജി 1935 ഡിസംബർ പതിനൊന്നാം തിയതി വെസ്റ്റ് ബംഗാളിലെ ബിർബും ഡിസ്ട്രിക്റ്റിൽ 'മിരതി' എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്റേത് ബ്രാഹ്മണ കുടുംബമായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയായ ശ്രീ കാമദാ കിങ്കർ മുക്കർജിയുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനായി പട പൊരുതിയിരുന്ന സ്വന്തം പിതാവിൽ ആവേശഭരിതനായിട്ടായിരുന്നു വളർന്നത്. അദ്ദേഹത്തിൻറെ പിതാവും കോൺഗ്രസിലെ നീണ്ടകാല പ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്  പിതാവ് അനേക തവണകൾ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

സൂരിയിലുള്ള സൂരി വിദ്യാസാഗർ കോളേജിൽ നിന്ന് ചരിത്രവും രാഷ്ട്രീയ മീമാംസയും ഐച്ഛിക വിഷയങ്ങളായി എടുത്ത് എം എ ബിരുദങ്ങൾ നേടിയിരുന്നു. കൽക്കട്ടാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.ബി. ബിരുദവും ലഭിച്ചു.പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിവിഷനിൽ അപ്പർ ഡിവിഷൻ ക്ലർക്കായി കൽക്കട്ടായിൽ അദ്ദേഹം ഉദ്യോഗമാരംഭിച്ചു.1963-ൽ വിജയ നാഗർ കോളേജിൽ രാഷ്ട്രീയ ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു. പിന്നീട് 'ദേശാർ ഡാക്' (Motherland) എന്ന പത്രത്തിൽ പത്രാധിപരായും ജോലി ചെയ്തു. സ്വന്തം പിതാവിന്റെ കാലടികൾ പിന്തുടർന്നുകൊണ്ട് പിന്നീട് രാഷ്ട്രീയ ജീവിതമാരംഭിച്ചു.

1957 ജൂലൈ പതിമൂന്നാം തിയതി പ്രണബ് മുഖർജി 'സുവ്‌റ' മുക്കർജിയെ വിവാഹം ചെയ്തു. പത്തു വയസുവരെ 'സുവ്‌റ' വളർന്നത് ബംഗ്ളാദേശിലായിരുന്നു. ഈ ദമ്പതികൾക്ക് രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്. മകൻ 'അഭിജിത് മുക്കർജി' പാർലമെന്റ് അംഗമാണ്. മകൾ 'ഷർമിസ്ത' ഇന്ത്യൻ നാഷണൽ പ്രവർത്തകയും 'കഥക്' നർത്തകിയുമാണ്. മുഖർജി ജനിച്ചു വളർന്ന സ്വന്തം ഗ്രാമമായ മീരതിയിൽ ദുർഗ പൂജകളിൽ പങ്കുകൊള്ളാറുണ്ട്. നാലു ദിവസങ്ങളോളം ദുർഗ്ഗപൂജയുടെ ആചാരങ്ങളിൽ സംബന്ധിക്കുന്നു. ജനിച്ചു വളർന്ന ഗ്രാമത്തിലെ ജനങ്ങളുമായി ഇടപെഴുകാനുള്ള അവസരമായി ദുർഗ്ഗപൂജയെ അദ്ദേഹം കാണുന്നു. 2015 ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിൻറെ ഭാര്യ 'സുഹ്‌റ' ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരിക്കുമ്പോൾ അവർക്ക് 74 വയസുണ്ടായിരുന്നു

1969-ൽ കോൺഗ്രസ്സ് ടിക്കറ്റിൽ ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ രാജ്യസഭയിൽ നോമിനേറ്റ് ചെയ്ത കാലം മുതൽ രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരുന്നു. അവിടെനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീമാചാര്യനായി വളർന്ന്‌ ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ഔദ്യോഗിക പദവികൾ അലങ്കരിച്ചു. മഹാനായ ഒരു പ്രസിഡന്റെന്ന നിലയിലാണ് അദ്ദേഹം രാഷ്ട്രപതി  ഭവനിൽനിന്നും പടിയിറങ്ങിയത്. ആദ്യകാലങ്ങൾ മുതൽ ഇന്ദിരാഗാന്ധി മരിക്കുംവരെ മുഖർജി ഇന്ദിരയുടെ ആരാധകനായിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് അദ്ദേഹം അമൂല്യങ്ങളായ സേവനങ്ങൾ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നുതന്നെ ഇന്ദിരാ ഗാന്ധിയുടെ ക്യാബിനറ്റിൽ വ്യവസായ സഹമന്ത്രിയായി നിയമിതനായി. 1975–77 കാലങ്ങളിൽ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു.

ഭരണഘടനയെക്കാൾ ഉപരിയായി അടിയന്തിരാവസ്ഥ കാലത്ത് ഭരണം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം മുഖർജിയുടെ പേരിലുമുണ്ടായിരുന്നു. 1977-ൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടപ്പോൾ പുതിയ ജനതാ പാർട്ടി നിയമിച്ച ഷാ കമ്മീഷൻ മുഖർജിയെ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. വീണ്ടും മുഖർജി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തവിധം തിളങ്ങുന്ന ഒരു നേതാവായി ഉയർന്നു വന്നു. 1979-ൽ രാജ്യസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഡെപ്യുട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ രാജ്യസഭയുടെ നേതാവായും നിയമിച്ചു. 1982 മുതൽ 1984 വരെ ഇന്ത്യയുടെ ധനകാര്യ മന്ത്രിപദം അലങ്കരിക്കുകയും ചെയ്തു.

ധനകാര്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻറെ ദീർഘവീക്ഷണങ്ങൾ രാജ്യതാല്പര്യങ്ങൾക്ക്  എക്കാലവും പ്രയോജനപ്രദമായിരുന്നു. സാമ്പത്തികമായുള്ള പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു. അതുമൂലം ഐ.എം.എഫ്-നു അടയ്ക്കാനുള്ള അവസാന ഇൻസ്റ്റാൾമെന്റ് വരെ ഇന്ത്യയ്ക്ക് കുടിശിഖയില്ലാതെ കൃത്യമായി അടയ്ക്കാൻ സാധിച്ചു. സാമ്പത്തിക മേഖലകളിൽ ഇന്ത്യയുടെ മൊത്തവരുമാനവും വർദ്ധിച്ചു. സാമ്പത്തിക വളർച്ചയുടെ പേരിൽ ഇന്ദിരാ ഗാന്ധിക്ക് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു. മൻമോഹൻ സിംഗിനെ റിസർവ് ബാങ്ക് ഗവർണ്ണറായി നിയമിക്കാനുള്ള ഓർഡർ ഒപ്പിട്ടതും മുഖർജിയായിരുന്നു. മന്ത്രി സഭയിലെ ഏറ്റവും സീനിയർ അംഗമെന്ന നിലയിൽ പ്രധാന മന്ത്രിയുടെ അഭാവത്തിൽ ക്യാബിനറ്റ് മീറ്റിംഗുകളിൽ അദ്ധ്യക്ഷം വഹിച്ചിരുന്നതും അദ്ദേഹമായിരുന്നു. സാമൂഹിക പദ്ധതികൾക്കായി അനേക ഫണ്ടുകളും മന്ത്രിയെന്ന നിലയിൽ അനുവദിച്ചിരുന്നു. ഗ്രാമീണ പദ്ധതികൾക്കും ഫണ്ടുകൾ നൽകി ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായും പ്രവർത്തിച്ചിരുന്നു.

1984-ൽ ഇന്ദിരാ ഗാന്ധി കൊലചെയ്യപ്പെട്ട ശേഷം അവരുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധിയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നൽകിയതിൽ അസ്വസ്ഥനായ മുഖർജി കോൺഗ്രസ്സ് വിട്ടിരുന്നു. പരിചയ സമ്പന്നനല്ലാത്ത ഒരാളിനെ പ്രധാനമന്ത്രിയാക്കിയതിൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. അതിനു ശേഷം പാർട്ടിയിൽനിന്നു വേറിട്ട് സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. യാതൊരു പരിചയവുമില്ലാത്ത രാജീവ് ഗാന്ധി ആ സ്ഥാനത്തിന് അർഹനല്ലെന്നായിരുന്നു മുഖർജിയുടെ വാദം. പ്രധാനമന്ത്രിയാകാനുള്ള അധികാര വടംവലിയിൽ മുഖർജിയുടെ കോൺഗ്രസിലെ സ്ഥാനമാനങ്ങൾ തെറിച്ചിരുന്നു. 'രാഷ്ട്രീയ സമാജ്‌വാദി' എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി അദ്ദേഹം രൂപീകരിച്ചു.

രാജീവ് ഗാന്ധിയുമായുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ 1989-ൽ അദ്ദേഹത്തിൻറെ പാർട്ടി കോൺഗ്രസിൽ ലയിച്ചു.1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ നരസിംഹ റാവു പ്രധാന മന്ത്രിയായി. അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി വീണ്ടും ഉയർച്ചയിലേയ്ക്ക് കുതിച്ചു. 1991 -ൽ അദ്ദേഹത്തെ പ്ലാനിംഗ് കമ്മീഷന്റെ തലവനായി നിയമിച്ചു. 1995 മുതൽ1996 വരെ അദ്ദേഹം റാവു മന്ത്രി സഭയിലെ ക്യാബിനറ്റ് റാങ്കോടെയുള്ള വിദേശകാര്യ മന്ത്രിയായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ ഇന്ത്യയുടെ സുപ്രധാനങ്ങളായ അനേക പോസ്റ്റുകൾ കൈകാര്യം ചെയ്തിരുന്നു. 1998-ൽ മുഖർജി കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്നവനായ രാജ്യതന്ത്രജ്ഞൻ എന്ന നിലയിൽ  സോണിയാ ഗാന്ധിയെ കോൺഗ്രസിന്റെ പ്രസിഡന്റാക്കാൻ നിർദ്ദേശിച്ചു. 2004-ൽ കോൺഗ്രസ്സ് ഐക്യ പാർട്ടികൾ അധികാരത്തിൽ വന്നപ്പോൾ മുഖർജിയെ പാർലിയമെന്റിൽ സാമാജികനായി തിരഞ്ഞെടുത്തിരുന്നു. അന്നുമുതൽ മൻമോഹൻ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരിൽ രണ്ടാമനായി ഭരണ നിർവഹണങ്ങളിൽ ഏർപ്പെട്ടിരുന്നു.

2004 മുതൽ 2006 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി ചുമതലകൾ വഹിച്ചിരുന്നു.  ഒരിക്കൽക്കൂടി 2006 മുതൽ 2009 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും കർത്തവ്യങ്ങൾ നിർവഹിച്ചു. പിന്നീട് 2009 മുതൽ 2012 വരെ ധനകാര്യ മന്ത്രിയായും സേവനം ചെയ്തു. 2009, 2010, 2011 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 2004 മുതൽ തുടർച്ചയായി 2012 വരെ ഇന്ത്യൻ പാർലമെന്റിന്റെ നേതാവുകൂടിയായിരുന്നു. നയതന്ത്ര രംഗങ്ങളിലും വിദേശകാര്യങ്ങളിലും അദ്ദേഹം പരിചയ സമ്പന്നമായ വ്യക്തിപ്രഭ പ്രകടിപ്പിച്ചിട്ടുണ്ട്.  ഐ.എം എഫ്. ന്റെ ബോർഡ് ഗവർണ്ണർമാരിൽ ഒരാളായിരുന്നു. കൂടാതെ വേൾഡ് ബാങ്ക്, ഏഷ്യൻ ഡെവലപ്പ്മെന്റ്  ബാങ്ക്, ആഫ്രിക്കൻ ഡെവലപ്പ്മെന്റ് എന്നീ ബാങ്കുകളുടെ ഭരണ സമിതികളിലും പ്രവർത്തിച്ചിരുന്നു. 1982,1983,1984 എന്നീ വർഷങ്ങളിൽ കോമൺ വെൽത്ത് ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് പ്രതിനിധികളെ നയിച്ചിരുന്നത് മുഖർജിയായിരുന്നു.

2012 ജൂണിൽ പ്രണബ് മുഖർജിയെ ഇന്ത്യൻ പ്രസിഡന്റായി യു.പി.എ സർക്കാർ നോമിനേറ്റ് ചെയ്തു. പ്രസിഡന്റായി മത്സരിക്കാൻ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. പി.എ.സംഗമയെ പരാജയപ്പെടുത്തിക്കൊണ്ടു 2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. 2013 -ൽ ഇന്ത്യയുടെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്ന അനേക നിയമങ്ങളിലും ഉടമ്പടികളിലും ഒപ്പു വെച്ചു.

ഒരു ഇന്ത്യൻ പ്രസിഡണ്ടിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നതും അദ്ദേഹത്തിൻറെ കാലത്തായിരുന്നു. ഒരു ഫയൽ പോലും  അവിടെ കെട്ടി കിടന്നിട്ടില്ല. എല്ലാ ഫയലുകളും അതാത് സമയത്തുതന്നെ പരിശോധിച്ച് കൃത്യമായി തീരുമാനങ്ങൾ എടുത്തിരുന്നു. ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി സമഗ്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു. എന്ത് തീരുമാനം എടുത്താലും ഭരണഘടനയുടെ നിയമത്തിനുള്ളിൽ മാത്രമേ കൈകാര്യം ചെയ്തിരുന്നുള്ളൂ. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ഭരണഘടനയ്ക്ക് യോജിച്ചതല്ലെങ്കിൽ അദ്ദേഹം ഗൗനിക്കുമായിരുന്നില്ല. അക്കാര്യത്തിൽ ആരെയും വകവെക്കാത്ത ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നും വിട്ടുവീഴ്ചയില്ലാതെ ഭരണപരമായ കാര്യങ്ങളിൽ ധീരമായ തീരുമാനങ്ങൾ എടുക്കുമായിരുന്നു. എങ്കിലും നരേന്ദ്ര മോദി അദ്ദേഹത്തെ ഒരു പിതാവിന്റെ സ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്തു.

ഇന്ദിരാ ഗാന്ധി അദ്ദേഹത്തിൻറെ മാനസിക നേതാവായിരുന്നെങ്കിലും നെഹ്‌റുവിനെ അദ്ദേഹം ആരാധ്യനായും കണ്ടിരുന്നു. അദ്ദേഹത്തിന്റെ  ഓഫീസ് വളരെ കൃത്യനിഷ്ഠയോടെയും ഇന്ത്യയുടെ മറ്റേത് പസിഡണ്ടുമാരുടെ കാലത്തേക്കാളും ഉത്തരവാദിത്വങ്ങളോടെയും ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നു. രാഷ്ട്രീയത്തിലായാലും സാമൂഹിക തലങ്ങളിലായാലും എന്തുതന്നെ പ്രശ്നങ്ങളായാലും അതിനെല്ലാം പരിഹാരം കാണുവാൻ അദ്ദേഹത്തിന് അസാമാന്യമായ കഴിവുകളുണ്ടായിരുന്നു. കോൺഗ്രസ്സ് പാർട്ടിയുടെ കുത്തഴിഞ്ഞ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലും എന്നും നേതൃത്വം കൊടുത്തിരുന്നു.

അദ്ദേഹത്തിൻറെ ഭരണകാലത്തിൽ രാഷ്ട്രപതി ഭവൻ നവീകരിക്കാനും അതിന്റെ പൂർവകാല ഗാംഭീര്യം വീണ്ടെടുക്കാനും സാധിച്ചു. പൊതു ജനങ്ങൾക്കും ഉപകാരപ്രദമാകത്തക്ക വണ്ണം ഒരു മ്യൂസിയവും സ്ഥാപിച്ചു. രാഷ്ട്രപതി ഭവനിലെ പൗരാണിക കാലം മുതലുണ്ടായിരുന്ന പഴയ കലാരൂപങ്ങൾ മുഴുവനായും നവീകരിച്ചു. അങ്ങനെ അതിന്റെ പഴങ്കാല മഹിമ പുനഃസ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ കലാകാരന്മാർക്കും എഴുത്തുകാർക്കും ഗവേഷകർക്കും സർവ്വവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. അവരെ പ്രസിഡന്റ് ഹൌസിൽ താമസിപ്പിച്ചുകൊണ്ട് സാമൂഹിക പ്രശ്നങ്ങളെ ബോധവൽക്കരിക്കുന്ന ക്ലാസ്സുകളും കൊടുത്തിരുന്നു. കലാമൂല്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു. 'അമിതാവ് ഘോഷ്' എന്ന എഴുത്തുകാരൻ മുതൽ 'സുബോധ് ഗുപ്ത', 'ഭാർതിഘർ' മുതലായ കലാകാരന്മാരും രാഷ്‌ട്രപതി ഭവനിൽ താമസിച്ചിരുന്നു. രാഷ്ട്രപതിഭവനെ ജനകീയമാക്കിയ ക്രെഡിറ്റ് അദ്ദേഹത്തിനുണ്ട്. രാഷ്ട്രപതി ഭവനിലെ താമസക്കാർക്കായി വായനശാലകളും തുടങ്ങി. ലക്ഷക്കണക്കിന് സന്ദർശകർക്ക് രാഷ്ട്രപതി ഭവനും മുഗൾ ഗാർഡനും സന്ദർശിക്കാൻ അവസരങ്ങൾ നൽകിയത് അദ്ദേഹമാണ്. 340-ൽപ്പരം മുറികളുള്ള രാഷ്ട്രപതി ഭവനിലെ ഉപയോഗിക്കാത്ത മുറികൾ അദ്ദേഹം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.

ദയാഹർജി കേസുകൾ ഏറ്റവുമധികം തള്ളിക്കളയുന്ന രാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കഠിന ശിക്ഷകൾ വേണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. തൂക്കിക്കൊലയ്ക്ക് വിധിക്കുന്നവർക്ക് ദയാഹർജി പരിഗണിക്കാൻ പലപ്പോഴും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. തന്റെ പദവി ഒഴിയുംമുമ്പ് കുറ്റക്കാരായി വിധിക്കപ്പെട്ട അഞ്ചുപേരുടെ ദയാഹര്‍ജികള്‍കൂടി തള്ളിക്കളഞ്ഞിരുന്നു. നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേരുടെയും 22വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ രണ്ടുപേരുടെയും ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്. ആഭ്യന്തര മന്ത്രിയാലയത്തിൽ നിന്ന് ശക്തമായ ശുപാർശയുണ്ടായിട്ടും  അദ്ദേഹം ദയാഹർജി സ്വീകരിച്ചില്ല. പാർലമെന്റ് ആക്രമിച്ച അപ്സൽ ഗുരുവിന്റെയും മുബൈ ഭീകര ആക്രമണ കേസ് പ്രതി അജ്മല് കസബിന്റെയും ദയാ ഹർജികൾ ഉൾപ്പടെ മുപ്പതിൽപ്പരം ഹർജികളാണ് അദ്ദേഹം തള്ളി കളഞ്ഞത്.

ഇന്ത്യയുടെ പ്രസിഡന്റെന്ന നിലയിൽ ഇരുന്നൂറിൽപ്പരം ഉദ്യോഗസ്ഥർ രാഷ്ട്രപതി ഭവനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോകത്തിലെ തന്നെ വലിയൊരു ബംഗാളാവാണ് രാഷ്ട്രപതി ഭവനം. ഇനി അബുദുൾക്കലാം 2015-ൽ മരിക്കുന്നവരെ താമസിച്ച ചെറു ഭവനത്തിലേക്ക് താമസം മാറ്റേണ്ടതായുണ്ട്. അതോടൊപ്പം ജീവിതചര്യകളിലും മാറ്റങ്ങൾ വരുത്തണം. ഔദ്യോഗിക വാഹനമായ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് കാറും ഉപേക്ഷിക്കണം. നിലവിലുള്ള ആർഭാടങ്ങളെല്ലാം വെട്ടിക്കുറയ്ക്കണം. ചെല്ലുന്നേടത്തെല്ലാം പട്ടു പരവതാനികൾ വിരിച്ചെന്നിരിക്കില്ല. രാഷ്ട്രത്തലവന്മാരോടൊപ്പം സീറ്റുകളുണ്ടായിരിക്കില്ല.

ഇന്ത്യയുടെ വിരമിച്ച പ്രസിഡന്റെന്ന നിലയിലും ചില ആനുകൂല്യങ്ങൾ തുടർന്നും കിട്ടും.  1951-ൽ പാസ്സാക്കിയ നിയമമനുസരിച്ച് വിരമിച്ച ഇന്ത്യൻ പ്രസിഡണ്ടുമാർക്ക് വാടകയില്ലാതെയുള്ള വീടുകൾ നല്കണമെന്നുണ്ട്. കൂടാതെ താമസിക്കുന്ന വീട്ടിൽ മേശ, കസേര, കിടക്കകൾ, മറ്റു വീട്ടുപകരണങ്ങൾ മുതലായവകൾ സജ്ജീകരിച്ചിരിക്കണം. ടെലഫോണുകൾ, മോട്ടോർ കാർ, ഇന്റർനെറ്റ്, എന്നിവകളും സൗജന്യമായി നൽകണം. വീടിന്റെ മരാമത്ത് പണികളും സർക്കാർ ചെലവിൽ നടത്തി കൊടുക്കണം. സെക്രട്ടറിമാരുടെ ശമ്പളവും സർക്കാർ നൽകണം. മുൻകാല പ്രസിഡണ്ടെന്ന നിലയിൽ പ്രൈവറ്റ് സെക്രട്ടറി, സഹായിയായി മറ്റൊരു സെക്രട്ടറി, വ്യക്തിപരമായ ഒരു സഹായി, രണ്ടു പ്യൂൺമാർ എന്നിവർ അടങ്ങിയ സ്റ്റാഫ് ഉണ്ടായിരിക്കും. അറുപതിനായിരം രൂപ വരെ ഒരു വർഷം ഓഫിസ് ചെലവുകളും അനുവദിച്ചിട്ടുണ്ട്. സൗജന്യമായ മെഡിക്കൽ ചെലവുകളും ചീകത്സകളും ലഭിക്കും. ഇന്ത്യയിൽ എവിടെയും വിമാനത്തിലും ട്രെയിനിലും, കപ്പലിലും യാത്ര ചെയ്യുമ്പോൾ യാത്രക്കൊപ്പം മറ്റൊരാളെയും ഒന്നാം ക്ലാസ് ടിക്കറ്റിൽ കൊണ്ടുപോവാം. പ്രസിഡന്റായിരുന്നപ്പോഴുള്ള ശമ്പളത്തിന്റെ പകുതി കിട്ടും. മുൻകാല പ്രസിഡണ്ടിന്റെ അലവൻസ് മാസം എഴുപത്തി അയ്യായിരം രൂപയായിരിക്കും. 2008 വരെ പ്രസിഡണ്ടിന്റെ ശമ്പളം അമ്പതിനായിരം ആയിരുന്നത് മാസം ഒന്നര ലക്ഷമാക്കിയിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അടിയുറച്ച ഒരു രാഷ്ട്രീയക്കാരനായിട്ടും യാതൊരു പക്ഷാപാതവുമില്ലാതെ ഭരണഘടനയനുസരിച്ചു മാത്രം രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹം തീരുമാനങ്ങൾ എടുത്തിരുന്നു. അഞ്ചു വർഷം പൂർത്തിയാക്കി രാഷ്ട്രപതിഭവനിൽ നിന്നും അദ്ദേഹം പടിയിറങ്ങി. ജനാധിപത്യത്തോടും ഭരണഘടനയോടും കൂറു പുലർത്തിയിരുന്ന നീതിമാനായ ഒരു ഭരണാധികാരിയായിട്ടായിരിക്കും ഭാവി തലമുറകൾ അദ്ദേഹത്തിൻറെ രാഷ്ട്രപതി കാലങ്ങളെ വിലയിരുത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലും രാഷ്ട്രപതിയെന്ന നിലയിലും കറയില്ലാത്ത സംശുദ്ധമായ ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. യു.പി.എ സർക്കാർ പല കാലഘട്ടങ്ങളിലും അഴിമതിയാരോപണങ്ങളിൽ ആടിയുലഞ്ഞപ്പോഴും ധനകാര്യ മന്ത്രിയെന്ന നിലയിൽ ശുദ്ധമായ ഒരു രാഷ്ട്രീയ അന്തസ്സ് അദ്ദേഹം പുലർത്തിയിരുന്നു. തന്റെ രാഷ്ട്രീയ കക്ഷി ഭരിക്കുന്ന യു.പി.എ സർക്കാരിന്റെ കാലങ്ങളിലും വ്യത്യസ്തമായ പ്രത്യേയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന എൻ.ഡി.എ സർക്കാർ ഭരിച്ചപ്പോഴും അദ്ദേഹത്തിന്റ നീതിപൂർവമായ കാര്യ നിർവഹണങ്ങൾക്കും   ശൈലികൾക്കും യാതൊരു മാറ്റങ്ങളും വന്നിട്ടുണ്ടായിരുന്നില്ല. അനാവശ്യമായി പ്രതിപക്ഷങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തുമ്പോൾ സ്വന്തം പാർട്ടിയാണെങ്കിലും അവരെ കർശനമായി ശാസിച്ചിരുന്നു.

പ്രണബ് മുഖർജി വിജ്ഞാനപ്രദങ്ങളായ അനേക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.നല്ലയൊരു വാഗ്മിയും എഴുത്തുകാരനുമാണ്.1987-ലെ ഓഫ് ദി ട്രാക്ക് (Off the Track’), 1992-ൽ രചിച്ച സാഗ ഓഫ് സ്ട്രഗിൾ ആൻഡ് സാക്രിഫൈസ് (‘Saga of Struggle and Sacrifice’ 1992), ദി ഡ്രമാറ്റിക്ക് ഡീക്കേഡ് (The Dramatic Decade) ചലഞ്ചസ് ബിഫോർ ദി നേഷൻ (‘Challenges before the Nation’) ദി ഡേയ്‌സ് ഓഫ് ഇന്ദിര ഗാന്ധി യീയേഴ്സ്‌ (The Days Of Indira Gandhi years’ (2014) ഏന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽപ്പെട്ടതാണ്.

പ്രസിഡന്റ് പദം ഒഴിയുന്നതിനു മുമ്പ് പ്രണാം മുഖർജിയുടെ പ്രസംഗം ആരെയും വൈകാരികമായി ചിന്തിപ്പിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു, "ഏതാനും ദിവസങ്ങൾക്കുള്ളിൽ രാഷ്ട്രപതി പദം ഞാൻ ഒഴിയും. എനിക്കുള്ള എല്ലാ ഔദ്യോഗിക ഭാരവാഹിത്വങ്ങളും അന്ന് അവസാനിക്കും. അതിനു ശേഷം ഈ രാജ്യത്തിലെ കോടാനുകോടി ജനങ്ങളോടൊപ്പം ഞാനും ഒരു സാധാരണ പൗരനായിരിക്കും." തന്റെ ജീവിതത്തിലെ ഉയർച്ചയുടെയും വളർച്ചയുടെയും കാരണം അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശങ്ങളും സഹകരണവും എന്നുമുണ്ടായിരുന്ന കാര്യവും മുഖർജി വിടവാങ്ങൽ പ്രസംഗത്തിൽ അനുസ്മരിച്ചു.

നോട്ടുനിരോധനം നടത്തിയപ്പോൾ അത് ജനങ്ങളെ സാരമായി ബാധിക്കുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖർജി  മുന്നറിയിപ്പു കൊടുത്തിരുന്നു. ദളിതരുടെ പേരിലുള്ള ആക്രമങ്ങളിലും ഗോഹിത്യയിൽ നടന്ന മനുഷ്യക്കുരുതിയിലും അതൃപ്തനായിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി അവർ തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. പല വേദികളിലും ഇരുവരും പരസ്പ്പരം പുകഴ്ത്തി സംസാരിക്കാറുണ്ടായിരുന്നു. പ്രധാന മന്ത്രിയായി ചുമതലയെടുത്ത നാളുമുതൽ മോദിജി അദ്ദേഹത്തെ തന്റെ ഗുരു സ്ഥാനത്തു കണ്ടിരുന്നു. ഭരണപരമായ കാര്യങ്ങളിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്ന കാര്യവും മോദിജി അനുസ്മരിച്ചു. സജീവ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചശേഷം പ്രസിഡന്റ് പദവിയിൽ വന്നെത്തി വീണ്ടും വിരമിക്കുന്ന അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോവാൻ സാധ്യതയില്ല. എങ്കിലും നാഥനില്ലാത്ത അധപധിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിൻറെ നേതൃത്വം കൂടുതൽ ഊർജം നൽകുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

'സ്വയം നീതികരണത്തെക്കാളും സ്വയം തെറ്റുകൾ തിരുത്തുകയെന്ന ഇന്ദിര ഗാന്ധിയുടെ ആപ്ത വാക്യം' പാർലമെന്റ് നൽകിയ യാത്രയയപ്പു വേളയിൽ മുഖർജി  ഓർമ്മിപ്പിക്കുകയും ചെയ്തു.  വർത്തമാന കാലത്തിലെ അസമത്വങ്ങളും പകപോക്കലുകളും അഴിമതികളും കുതികാൽ വെട്ടുകളും  നടമാടുന്ന രാഷ്ട്രീയ ചരിത്രത്തിൽ പാകതയും സത്യസന്ധതയും കർമ്മ നിരതനുമായിരുന്ന ഒരു പ്രസിഡന്റാണ് രാഷ്ട്രപതി ഭവനിൽ നിന്നും പടിയിറങ്ങിയത്. പക്ഷാപാത രഹിതവും കർമ്മോന്മുഖവുമായ ഒരു ജീവിതം നയിച്ച പ്രണബ് മുഖർജിയെന്ന രാഷ്ട്രപതി കോടാനുകോടി ജനഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു. കളങ്കമറ്റ ഒരു നേതാവെന്ന നിലയിൽ ചരിത്രത്തിൽ അതുല്യ സ്ഥാനവും കൈവരിച്ചു കഴിഞ്ഞു.


















Wednesday, July 19, 2017

അന്തഃകരണ സന്ദേശങ്ങളും അനുഭവങ്ങളും പാളീച്ചകളും




ജോസഫ് പടന്നമാക്കൽ

മനഃശാസ്ത്രത്തിൽ ആസക്തിയുള്ളർ   അന്യരുടെ മനസിലുള്ള ചിന്താഗതികൾ (Telepathy) ശാസ്ത്രേതര വിഷയങ്ങളായി  അവതരിപ്പിക്കാറുണ്ട്.  മറ്റുള്ളവരുടെ മനസിനെ ഒപ്പിയെടുക്കുകയെന്നതാണ് അതിൽ നിന്നും അർത്ഥമാക്കുന്നത്. മനഃശാസ്ത്ര വിഷയകമായ ഈ പദത്തെ പരഹൃദയ ജ്ഞാനമെന്നും പറയാം. ശാസ്ത്രീയമായി ടെലിപ്പതിയുടെ (Telepathy) വാസ്‌തവികതയെപ്പറ്റി ഒരു സ്ഥിതികരണമുണ്ടായിട്ടില്ല. ഇന്ദ്രിയ സഹായമില്ലാതെ അപരന്റെ  മനോഗതം  സ്വമനസിലേയ്ക്ക് ആവഹിച്ചുകൊണ്ടുള്ള അനുഭവങ്ങളെപ്പറ്റി  പലരും സംസാരിക്കാറുണ്ട്. മുഖത്തു നോക്കി മനസിനെ പഠിച്ചു ലക്ഷണം പറയുന്നവരുമുണ്ട്. പക്ഷെ എത്രമാത്രം അതിൽ ശക്തിയടങ്ങിയിട്ടുണ്ടെന്നും വ്യക്തമല്ല.  പ്രായോഗിക  അനുഭവങ്ങൾ  പലരും പറയാറുണ്ടെങ്കിലും ശാസ്ത്രത്തിനു പുറത്തുള്ള വിഷയമായതുകൊണ്ട് ഒരു ആധികാരികത കല്പിക്കാനും സാധിക്കില്ല.

കുടുംബജീവിതത്തിന്റെ കണ്ണികളാണ് മക്കൾ. കുടുംബമെന്ന സ്നേഹബന്ധം  മുറിയാതെ  സൂക്ഷിക്കുന്നതും മക്കളാണ്. സ്നേഹത്തിലധിഷ്ഠിതമായ ഒരു സഹവർത്തിത്വം മാതാപിതാക്കളും മക്കളും തമ്മിൽ അവിടെ  നിലനിൽക്കുന്നു.  ഈ അടുത്തൊരു ദിവസം മക്കളെപ്പറ്റിയും അവരുടെ വളർന്ന കാലങ്ങളെപ്പറ്റിയും ഓർത്തുകൊണ്ടിരിക്കുകയായിരുന്നു. മക്കളുടെ  ബാല്യവും   മകന്റെ കുസൃതിയും മകളോടുള്ള വാത്സല്യവും  രാവിലെ എഴുന്നേൽപ്പിച്ച് സ്‌കൂളിൽ കൊണ്ടുപോവുന്നതും തിരിച്ചു കൊണ്ടുവരുന്നതും   ഓർത്തുപോയി.   സൈബർ ലോകത്തിലെ ലേഖനങ്ങൾ വായിച്ചും കമ്പ്യുട്ടറിൽ ബ്രൗസ് ചെയ്തും ചിന്തകളിലാണ്ട ഞാൻ  രാത്രി ഏറെയായെന്നും  അറിഞ്ഞില്ല.   എന്റെ മനസ്സ് എവിടെയൊക്കെയോ കാടു കേറുന്നുണ്ടായിരുന്നു. പതിറ്റാണ്ടുകളിലുള്ള അമേരിക്കൻ ജീവിതവും വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമായ ദിനങ്ങളും ഇക്കാലങ്ങളിലുണ്ടായ ദുഃഖങ്ങളും സന്തോഷങ്ങളും  ഒരു മായപോലെ അന്തഃകരണത്തിൽ ഉദിച്ചും അസ്തമിച്ചും  കടന്നുപോയി. ലോകത്ത് ഏതൊരു പിതാവും വിചാരിക്കുന്നപോലെ ഒപ്പം മക്കളുടെ ചില വിജയ കഥകളും ഓർമ്മകളിൽക്കൂടി മുളച്ചു വന്നു.  എനിക്ക് നേടാൻ കഴിയാഞ്ഞ നേട്ടങ്ങൾ മക്കളിൽ ദർശിച്ചപ്പോൾ സ്വയം അഭിമാനവുമുണ്ടായി. അനുഭൂതികൾ ആത്മമന്ത്രങ്ങളായി  മനസ്സിൽ ജ്വലിച്ചുകൊണ്ടിരുന്നു.

നീണ്ടകാലമുള്ള അമേരിക്കൻ ജീവിതത്തെപ്പറ്റിയും ചിന്തിച്ചു. വിവാഹവും വിവാഹശേഷം അമേരിക്കയിൽ വന്നതും ഇച്ചായൻ എന്റെ യാത്രയിൽ ദുഃഖിതനായിക്കൊണ്ട് കൊച്ചിൻ വിമാനത്താവളത്തിൽ എനിയ്ക്ക് ബൈ പറയുന്നതും ഡൽഹിയിൽ നിന്നുമുള്ള  ജമ്പോജെറ്റ് യാത്രകളും ജെ.എഫ്.കെ യിൽ ഭാര്യയുടെ കാത്തിരിപ്പും  എല്ലാമെല്ലാമുള്ള ഓർമ്മകൾ ഏകാന്തമായ മനസ്സിൽ കാടുകയറിക്കൊണ്ടിരുന്നു. ഉയർച്ചയിലും താഴ്ച്ചയിലുമുള്ള  കുടുംബ ജീവിതവും ജീവിതവുമായുള്ള മല്ലിടീലും  ഇന്നലെയുടെ സ്വപ്നങ്ങളായും മനസ്സിൽ ചെക്കേറി. പലതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായും മാറി. സുചിന്തകളുമായി എന്റെ മനസെവിടെയൊക്കെയോ വ്യാപരിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ഞാൻ ബഹുവിധങ്ങളായ ചിന്തകളിലാണ്ടിരിക്കേ എന്റെ മകൾ ജിജി അടുത്ത മുറിയിൽനിന്നും കുശല വർത്തമാനം പറയാൻ എന്റെയടുത്തെത്തി. ഭർതൃ ഗ്രഹത്തിൽനിന്നും അനേകമാസങ്ങൾക്കുശേഷം  ഇവിടെ വന്ന അവൾക്ക് ഒരുപാടൊരുപാട് കഥകൾ എന്നോട് പറയാനുണ്ടായിരുന്നു.   അതുവരെയവൾ യാത്രയിലായിരുന്ന അവളുടെ ഭർത്താവ് എബിയുമായി ടെലിഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെറു ചിരിയോടെ വന്നെത്തിയ അവളോട് മകൻ ജിജോയെപ്പറ്റി സംസാരിക്കാനാണ് അന്നെനിക്ക് തോന്നിയത്. ജിജോയും എന്റെ മരുമകൻ എബിയും മറ്റു പത്തു സുഹൃത്തുക്കളുമായി അവരുടെ ഒരു സുഹൃത്തിന്റെ ജന്മദിനമാഘോഷിക്കാൻ തെക്കേ അമേരിക്കയിൽ കോസ്റ്ററിക്കയെന്ന രാജ്യത്തേയ്ക്ക് വിമാനയാത്ര ചെയ്യുകയായിരുന്നു.

 ഒരിക്കലും അന്വേഷിക്കാത്ത മകനെപ്പറ്റി മകളോട് പതിവില്ലാതെ ഞാൻ ചോദിച്ചു, "എങ്ങനെയുണ്ട് ജിജോയും എബിയുമായുള്ള വിമാനയാത്ര. ജിജോ ഒരു ഡോക്ടറെന്ന നിലയിൽ രോഗികളെ പരിചരിക്കാനും അവന്റെ തൊഴിലിലും വളരെ മിടുക്കനാണല്ലേ"? എന്റെ ചോദ്യത്തിനുത്തരമായി !അവളൊരു ചെറിയ ചിരിയോടെ "അതെന്താ ഡാഡി അങ്ങനെ അവന്റെ ജോലിക്കാര്യത്തെപ്പറ്റി ചോദിച്ചത്." എന്ന് ആരാഞ്ഞു. 'ഡാഡിയൊരിക്കലും അവനെപ്പറ്റി ചോദിച്ചിട്ടില്ലാത്ത കാര്യവും 'അവൾ ഓർമ്മിപ്പിച്ചു. അതിനുശേഷം അവളും  എബിയുമായുള്ള സംഭാഷണം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ' എന്നും  ചോദിച്ചു. അവളുടെ ചോദ്യത്തിന്റെ അന്തരാർത്ഥം എന്തെന്നും എനിക്ക് മനസിലായില്ല. അതുവരെ മകളും മരുമകനുമായി എന്തോ നീണ്ട ടെലിഫോൺ സംഭാഷണമായിരുന്നുവെന്നു മനസിലായെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

അവളെന്നോട് പറഞ്ഞു, "ജിജോയെപ്പറ്റി ഇന്നത്തെ അവന്റെ യാത്രയിലുണ്ടായ സന്തോഷകരമായ ഒരു വാർത്ത പറയാനാഗ്രഹിക്കുന്നു." അവൾ തുടർന്നു, 'ഇന്നത്തെ വിമാനയാത്രയിൽ അവൻ  അപൂർവമായ ഒരു സമരിയാക്കാരന്റെ കർത്തവ്യം ചെയ്തു. യാത്രയ്ക്കിടയിൽ വിമാനത്തിൽ ഒരു സ്ത്രീ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു. വളരെ ഗുരുതരമായ നിലയിലായിരുന്നു അവർ. അമിതമായി ആ സ്ത്രീ ഛർദ്ദിക്കുകയും ചെയ്തു. അപകടകരമായ അവസ്ഥയിൽ ജീവനുമായി ഏറ്റുമുട്ടുന്ന അവരുടെ ജീവൻ രക്ഷിക്കാനായി ജിജോ ഓടിയെത്തി. വിമാനം ക്യുബയിൽ അടിയന്തിരമായി ഇറക്കാനും തീരുമാനിച്ചിരുന്നു. തക്ക സമയത്ത് ഒരു ഡോക്ടർ ചെയ്യേണ്ട എല്ലാ പരിചരണങ്ങളും അവർക്ക് അവൻ നൽകി.' അതിനുള്ള ഉപകരണങ്ങളും മെഡിസിനുമെല്ലാം എയർ ഹോസ്റ്റസ് തത്സമയം തന്നെ കൊണ്ടുവന്നെത്തിക്കുകയും ചെയ്തു.


അങ്ങനെയൊരു അവസരം ഒരു ഡോക്ടറുടെ ജീവിതത്തിൽ വളരെ വിരളമായി മാത്രം ലഭിക്കുന്നതും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതുമായിരുന്നു. അഭിമാനിക്കത്തക്കവണ്ണം ഒരു ഡോക്ടറെന്ന നിലയിൽ അത് !അവന്റെ തൊഴിലിനൊരു പൊൻതൂവലായിരുന്നു. അവനാൽ കഴിയുന്ന വിധം രോഗിണിയായ ആ സ്ത്രീയ്ക്ക് പരിചരണം കൊടുത്തതുകൊണ്ടു മരണകരമായ അവസ്ഥയിൽ നിന്നും അവർ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. സാധാരണ സ്ഥിതിയിലാവുകയും ചെയ്തു. വിമാനത്തിലുള്ള മറ്റു സഹയാത്രക്കാരുടെയിടയിലും വിമാനത്തിന്റെ ജോലിക്കാരുടെയിടയിലും ഒരു ഹീറോയാവുകയും ചെയ്തു. അടിയന്തിരമായി ക്യൂബയിലിറക്കാൻ തീരുമാനിച്ച വിമാനം പിന്നീട് ആ രാജ്യത്തു ലാൻഡ് ചെയ്യേണ്ടന്ന് വെച്ചു. മകൾ ഇക്കഥ പറയുമ്പോൾ അത് സംഭവിച്ചിട്ടു ഒരു മണിക്കൂറേയായിരുന്നുള്ളൂ.

അവന്റെ തൊഴിലിനെപ്പറ്റി  അവിചാരിതമായി ഞാൻ മകളോട് ചോദിച്ചതുകൊണ്ടാണ് വിമാനത്തിൽ നടന്ന കഥ അവൾ വിവരിച്ചത്. അത്തരം ഒരു സാഹചര്യത്തിൽ എന്തുകൊണ്ട്  അങ്ങനെയൊരു ചോദ്യം ചോദിച്ചുവെന്നും എന്നിൽ വിസ്മയമുളവാക്കിയിരുന്നു. മകനുമായുള്ള മാനസിക അടുപ്പമോ 'ടെലിപ്പതിയോ' എന്തായിരുന്നു അതിന് കാരണമെന്നും വ്യക്തമല്ല. മകൾക്കും അതൊരു അതിശയമായിരുന്നു.'

 ഒരു നിമിഷം ഞാൻ എന്നെപ്പറ്റി ചിന്തിച്ചു. യാദൃശ്ചികമായ ഒരു സംഭവം, വിമാനത്തേൽ ഒരു സമരിയാക്കാരനെപ്പോലെ അവൻ ജീവനുമായി മല്ലിടുന്ന ഒരു സ്ത്രീയെ സഹായിക്കുന്നു; എത്രയെത്ര പുണ്യനദി താണ്ടിയാലും ദേവാലയങ്ങൾ സന്ദർശിച്ചാലും അത്തരം പുണ്യകർമ്മത്തോളം എത്തില്ലായെന്നും ഓർത്തു.  വികാരാധീനമായ ഒരു മുഹൂർത്തത്തിൽ അവനെപ്പറ്റി അങ്ങനെ  ഓർക്കാൻ കാരണമെന്താണ്? അവന്റെ തൊഴിലിൽ അവൻ മിടുക്കനല്ലേയെന്ന് ചോദിക്കുവാനുണ്ടായ വൈകാരിക മനസ് എങ്ങനെയുണ്ടായി? സ്വയം എന്നോട് ചോദിക്കുന്ന ആ 'ടെലിപ്പതി'എന്നത് സത്യമോ മിഥ്യയോ?  ഇത്തരം മാനസിക സ്പർശനങ്ങൾ കൂടുതലും അനുഭവപ്പെട്ടിട്ടുള്ളത് മക്കളുമായും എന്നെ സ്‌നേഹിക്കുന്നവരിൽ നിന്നുമാണ്. അതിന്റെ സത്യസ്ഥിതി അവിശ്വസിനീയമാണെങ്കിലും അനുഭവിച്ചറിയുമ്പോൾ മനസിനുള്ളിൽ സ്പന്ദനവുമുണ്ടാക്കാറുണ്ട്.

ജിജോ യൂറോപ്പിൽ നിന്ന് എം.ഡി. ബിരുദവും അമേരിക്കയിൽ നിന്ന് ഓസ്റ്റിയപ്പതിയിൽ രണ്ടാമതൊരു മെഡിക്കൽ ബിരുദവും എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. എമർജൻസി വിഷയങ്ങളെപ്പറ്റി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ  ലോങ്ങ് ഐലൻഡിൽ ഒരു യുണിവേസിറ്റി മെഡിക്കൽ ഹോസ്പിറ്റലിൽ  എമർജൻസിയിൽ ജോലി  ചെയ്യുന്നു. ലോകത്ത് എവിടെയും സഞ്ചരിക്കാവുന്ന ഒരു ടിക്കറ്റും എയർ ലൈൻ പാരിതോഷികമായി അവനു അയച്ചുകൊടുത്തു. ഒപ്പം അവനെ അനുമോദിച്ചുകൊണ്ടുള്ള എയർ ലൈന്റെ ഒരു കത്തുമുണ്ടായിരുന്നു. ഡോക്ടറാകാൻ പഠിക്കുന്ന കാലങ്ങൾ മുതൽ ആവശ്യത്തിനുതകുന്ന സമരിയാക്കാരനെപ്പോലെ ഒരാളിന്റെയെങ്കിലും ജീവിതം രക്ഷിക്കാനുള്ള അവസരം കിട്ടണമെന്ന് അവൻ എന്നും ആഗ്രഹിച്ചിരുന്നുവെന്നും ഒരു വെബ്‌സന്ദേശത്തിൽ  കുറിച്ചുവെച്ചിട്ടുണ്ട്.


പൊഴിഞ്ഞുപോയ കഴിഞ്ഞകാലങ്ങളിലെ ചില അനുഭവങ്ങൾ എന്റെ ചിന്തകളെ ഇന്ന് അലട്ടിക്കൊണ്ടിരുന്നു. മനസ്സിൽ കയറിവന്നത് എന്റെ മകളുടെ കൗമാരം തീരുന്നതിനു മുമ്പുള്ള ഒരു സംഭവമായിരുന്നു. അനുഭവങ്ങളും പാളീച്ചകളുമായി ദുഃഖത്തിലാണ്ട അന്നത്തെ കഥ ഞാൻ ഇവിടെ കുറിക്കുന്നു.

ഓടിച്ചാടി, ഡാൻസും കളിച്ചു, തുള്ളിച്ചാടി, പ്രസംഗകലകളും പാട്ടും നൃത്തവുമായും അമേരിക്ക മുഴുവൻ മത്സര രംഗത്തുണ്ടായിരുന്ന എന്റെ മകൾ ഭേദമാകാത്ത 'മൾട്ടിപ്പിൾ സ്‌കോളറോസിസ്'  (Multiple sclerosis)എന്ന മാറാ രോഗത്തിനടിമപ്പെട്ടപ്പോൾ എനിക്കുണ്ടായിരുന്ന ആത്മവീര്യം തകർന്നുപോയിരുന്നു. ലക്ഷത്തിൽപ്പരം ജനങ്ങളിൽ ഒരാൾക്ക് വരുന്ന രോഗമാണിത്. ഇന്ത്യക്കാരിൽ വളരെ അപൂർവമായേ ഈ രോഗം കാണുള്ളൂ. സാധാരണ അമേരിക്കയിൽ വെളുത്തവർക്ക് മാത്രം കണ്ടുവരുന്ന രോഗവും. ഇംഗ്ലീഷിൽ 'ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ' എന്ന് പറയും.

അന്നവൾക്ക് പതിനെട്ട് വയസ്സ്. ഇന്ത്യയിൽ ആദ്യവർഷം എം.ബി.ബി.എസ്സിന് പഠിച്ചുകൊണ്ടിരിക്കുന്നു.  അവൾക്ക് കൂടെക്കൂടെ കൈകാലുകൾ തളരുന്ന കാരണങ്ങൾ 'മൾട്ടിപ്പിൾ സ്‌കോളറോസിസ്' എന്ന അസാധാരണ രോഗമെന്ന് ഡോക്ടർമാർ കണ്ടുപിടിച്ച ദിനം; ലോകം തന്നെ എനിക്കുമുമ്പിൽ അന്ധകാരമെന്നു തോന്നിപോയിരുന്നു.

ഞാൻ ന്യുയോർക്ക് ലൈബ്രറിയിലെ ഒരു ഓഫിസ് മുറിയിലിരുന്ന്  ജോലിചെയ്തുകൊണ്ടിരുന്ന  സമയത്തായിരുന്നു അവളുടെ അസുഖത്തെപ്പറ്റിയുള്ള വിവരമറിഞ്ഞത്. ഓഫീസിലിരുന്ന് അറിയാതെ  വാ പൊട്ടികരയുന്നതും മറ്റു സഹപ്രവർത്തകർ ഓടിവന്നു സമാശ്വാസ വാക്കുകൾ പറയുന്നതും ഓർമ്മകളിൽക്കൂടി കടന്നു വരുന്നുണ്ടായിരുന്നു. വീട്ടിൽ ഞാൻ വന്നെത്തിയപ്പോൾ രോഗമുണ്ടെന്നറിഞ്ഞിട്ടും കൂസലില്ലാതെ കണ്ണാടിയുടെ മുമ്പിൽ അവൾ  ഡാൻസ് ചെയ്തു കൊണ്ടിരിക്കുന്നു. "എന്നെ കണ്ടയുടൻ പറഞ്ഞു, "ഡാഡി വിഷമിക്കേണ്ട, എന്റെ നൃത്തത്തിന്റെ കാലടികൾ നോക്കൂ! അധികമാളുകൾക്ക് ഇങ്ങനെ സ്റ്റെപ്പുകൾ വെക്കാൻ സാധിക്കില്ല. എത്രകാലം എനിക്കിതു സാധിക്കുമെന്നും അറിയില്ല." ഉള്ളിലടക്കിയ ദുഃഖങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിസ്സഹായനെപ്പോലെ അവൾ പറഞ്ഞത് ഞാൻ കേട്ടുകൊണ്ടിരുന്നു.

അന്ധമായ വിശ്വാസവും പ്രാർത്ഥനകളുമായി നടക്കുന്ന ചില ബന്ധുജനങ്ങളും സുഹൃത്തുക്കളും  ഇങ്ങനെയെല്ലാം എനിക്ക് സംഭവിക്കുന്നത് പ്രാർത്ഥനയുടെ കുറവുകൊണ്ടെന്നും ഉപദേശിച്ചു. ഒരു വിധത്തിൽ ആലോചിച്ചപ്പോൾ ശരിയെന്നും തോന്നി. ദൈവത്തിന്റെ അസ്തിത്വത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിലും മതപ്രഭാഷകരും പാസ്റ്റർമാരും പറയുന്നതും അവരുടെ രോഗ സൗഖ്യങ്ങളും അമാനുഷിക പ്രവർത്തികളും തട്ടിപ്പ് തന്നെയെന്ന് വിശ്വസിച്ചിരുന്നു. മനസിനെ സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ, ഉത്തരം കാണാൻ സാധിക്കാതെ അക്കാലങ്ങളിൽ ചിലരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. കാരണം, ഞാൻ തന്നെ അസ്വഭാവികമായും ചഞ്ചലിക്കുന്ന മനസോടുകൂടിയും  എന്തുചെയ്യണമെന്നറിയാതെ അലയുന്ന സമയവുമായിരുന്നു.

പിന്നീടുള്ള നാളുകളിൽ മനസുനിറയെ ഭക്തി മൂത്തു നടക്കുന്ന കാലങ്ങളായിരുന്നു. ആത്മീയത തേടി കുറച്ചു മാസങ്ങൾ ദേശാടനങ്ങളും തുടങ്ങി. പോട്ടയിലെ ധ്യാനം രണ്ടു പ്രാവശ്യം കൂടി. ഭ്രാന്തന്മാരുടെ ഒരു ലോകത്തിൽ അങ്ങനെ വന്നുപെടുകയും ചെയ്തു. രാത്രിയും പകലുമില്ലാതെയുള്ള ശബ്ദതരംഗങ്ങളും വാദ്യാഘോഷങ്ങളും പാട്ടും കൊട്ടും സാക്ഷ്യം പറച്ചിലും നിറഞ്ഞ പ്രാർത്ഥനകളിൽ പങ്കുചേർന്ന എനിക്കും ഭ്രാന്തു പിടിച്ചോയെന്നു തോന്നിപ്പോവുമായിരുന്നു. പോട്ടയിലെ ധ്യാനം കൂടിയ ശേഷം എന്നിലെ ഭ്രാന്തനായ ഒരു മനുഷ്യനെയാണ് ഞാൻ സ്വയം കണ്ടത്. ജോലി ചെയ്യാനുള്ള താൽപ്പര്യം കുറഞ്ഞു. സർവ്വതും ദൈവമയം. ആരെക്കണ്ടാലും ദൈവ വിഷയം മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ.

അനുഭവങ്ങളും പാളീച്ചകളും

ജോസഫ് പടന്നമാക്കൽ

വിശ്വാസികളുടെ കാഴ്ചപ്പാടിൽ പോട്ടയിലെ ധ്യാനഗുരു പനയ്ക്കലച്ചൻ ഏതോ സ്വർഗത്തിൽ നിന്നിറങ്ങി വന്ന ദൈവദൂതനെന്നാണ്. പോട്ടയ്ക്കുള്ളിലെ ദേവഗീതങ്ങളും ചെണ്ടമേളങ്ങളും തുടരെയുള്ള പ്രസംഗങ്ങളും ഇടവിടാതെയുള്ള പ്രാർത്ഥനകളും ഏതു ബലഹീനനെയും മാനസികമായി അടിമപ്പെടുത്തുമായിരുന്നു. അവിടുത്തെ ഉപദേശിമാർ പറയുന്നത് സത്യമെന്നു ഞാനും വിശ്വസിച്ചു. തത്തമ്മപോലെ വർഷങ്ങളായി ഉരുവിടുന്ന അവരുടെ പ്രസംഗങ്ങൾ ആരെയും മയക്കുകയും ചെയ്യും. ഒരു അരവിന്ദാക്ഷമേനൊന്റെ വേദങ്ങളിലുണ്ടെന്നുപറഞ്ഞുള്ള പ്രജാപതിയുടെ പൊട്ടക്കഥയും കേൾക്കാം. ബൈബിൾ നിത്യം വായിക്കണമെന്നുള്ള സാരോപദേശവും ലഭിച്ചു. അങ്ങനെ രാത്രിയും പകലും ഒരുപോലെ ഉറങ്ങാതെ ബൈബിൾ വായിക്കുകയെന്ന വരവും എനിക്ക് ലഭിച്ചു.

എന്തോ 'ഒരു സൈക്കോപാത്ത്',(Psychopath) മനസിലാഞ്ഞടിച്ചതു കാരണം ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുമ്പോഴും വേദവചനങ്ങൾ പഠിക്കാനുള്ള അതീവ തീഷ്ണതയുമുണ്ടാകുമായിരുന്നു. ഭക്തന്മാർ അതിനെ ദൈവത്തിന്റെ വരപ്രസാദമെന്നു പറയും. ചിലർക്ക് കറുപ്പ് തിന്നുന്ന ശീലം പോലെ ബൈബിളിലെ വചനങ്ങളും എനിക്കന്ന് കറുപ്പുപോലെയായി തീർന്നു. പ്രപഞ്ചം മുഴുവനായും ശാസ്ത്രവും സർവ്വവിജ്ഞാനവും ആ കൊച്ചുപുസ്തകത്തിലുണ്ടെന്നും ഓർത്തുപോയി.

അതീവ ദുഃഖം വരുമ്പോൾ ബൈബിൾ തുറന്നു നോക്കും. അപ്പോഴെല്ലാം ദുഃഖങ്ങൾക്ക് പരിഹാരമായുള്ള വചനങ്ങൾ തേടും. ഒരു മനുഷ്യനെ സ്വാന്തനപ്പെടുത്താനുള്ള എല്ലാം വചനങ്ങളിലുണ്ടെന്നുള്ള തോന്നലുകളും മനസിനെ ആവരണം ചെയ്തിരുന്നു. അങ്ങനെ ഏതോ ഒരു തരം വചന ഭ്രാന്ത് എന്നെ മുഴുവനായി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അതേ, പോട്ടയിലെ ഭ്രാന്തന്മാരുടെ ലോകത്തിൽ നിന്നും എനിക്കേതോ പ്രാർത്ഥനാ ഭ്രാന്ത് കിട്ടിയെന്നതായിരുന്നു സത്യം. അവരുടെ ഭാഷയിലുള്ള കൃപ നിറഞ്ഞ ദൈവം അനുഗ്രഹീതമോ ശാപമോയെന്ന് വ്യക്തമല്ലായിരുന്നു.

അന്നുവരെ ഒരു ഉറച്ച മനസിന്റെ ഉടമയായിരുന്ന ഞാനും പുരോഹിതരുടെ ഉപദേശപ്രകാരം സർവ്വ ദുഃഖങ്ങളും ദൈവത്തിനർപ്പിക്കുന്ന ഒരു ചഞ്ചല ഹൃദയനായി തീർന്നു. ദൈവം ബലഹീനന്റെ കൂടെയെന്നുള്ള സത്യവും അതൊരു ഭാവനാതീതമെന്നതും കണ്ണുതുറന്നു നോക്കിയപ്പോഴാണ് മനസിലായത്. സ്വർഗം വേണമെങ്കിൽ അത്യുന്നതങ്ങളിലുള്ള ദൈവത്തെ വാഴ്ത്തിക്കൊണ്ടിരിക്കണം.

ബൈബിൾ വായനയുടെ തീവ്രതയിൽ അക്കാലങ്ങളിൽ ഒരു സംഭവമുണ്ടായി. എന്റെ മകന് അന്ന് വയസ്സ് പതിനാറ്. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലുമായിരുന്നു. വണ്ടിയോടിക്കാനുള്ള ലൈസൻസ് കിട്ടി അവൻ ആദ്യമായി കാറും കൊണ്ട് സ്വയം ഡ്രൈവ് ചെയ്ത് സ്‌കൂളിൽ പോയി. സ്‌കൂളിൽനിന്നും മടങ്ങി വരുംവഴി അവന്റെ വണ്ടിയും മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ച് വലിയൊരു അപകടമുണ്ടായി. കാർ നിശേഷം നശിച്ചിരുന്നു. അവനു ഒരു പോറലുപോലും ഏൽക്കാതിരുന്നത് അതിശയമായിരുന്നു. ഇന്ത്യയിൽ ഇരുന്നുകൊണ്ട് എന്റെ ബൈബിൾ വായനയുടെ ശക്തികാരണം അന്നുണ്ടായ അപകടത്തിൽ അവനൊന്നും സംഭവിച്ചില്ലായെന്ന് അന്ന് പലരുടെയും സംസാര വിഷയമായിരുന്നു. ബൈബിൾ കൊട്ടിഘോഷിക്കുന്നവരും ഇതേ അഭിപ്രായങ്ങൾ തട്ടി വിട്ടുകൊണ്ടിരുന്നു.

പോട്ടയ്ക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ കുടിലുകളെല്ലാം കൊട്ടാരങ്ങളാകുമെന്നും ഓല മേഞ്ഞ വീടുകളെല്ലാം ഓടിട്ടതാകുമെന്നും ഓർത്തുപോയി. ഒന്നും സംഭവിച്ചില്ല. ഒരു കൾട്ട് ലോകത്തുനിന്നും വിമുക്തമായതുപോലെയും തോന്നി.

ഇതിനിടയിൽ എന്റെ വായനയിൽക്കൂടി കിട്ടിയ വചനത്തിന്റെ ശക്തി പരീക്ഷിക്കാനും ഒരു അവസരം കിട്ടി. എരുമേലിയിൽ മരണാസന്നനായ ഒരു ബന്ധു പുല്ലുകാട്ട് അപ്പീസാറിന്റെ വീട്ടിൽപോവുകയും  അദ്ദേഹത്തിൻറെ കിടക്കറയ്ക്ക് സമീപം ഞാൻ പ്രാർത്ഥിക്കുകയും ബൈബിൾ തുറന്ന് ഉച്ചത്തിൽ വായിക്കുകയും ചെയ്തു. കൂടെ ബാബുക്കുട്ടിയുടെ മകൾ മിനിയും എന്നോടൊപ്പം പ്രാർത്ഥിക്കാനുണ്ടായിരുന്നു. അങ്ങനെ എന്റെ പ്രാർത്ഥനകളിൽക്കൂടി അനുഗ്രഹീതനായ അപ്പിസാറിനെ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്വർഗം തേടിയുള്ള യാത്രയിലേക്ക് നിത്യമായി പറഞ്ഞുവിടുകയും ചെയ്തു.

ബൈബിൾ വായനകളും പ്രാർത്ഥനകളും ഏതാനും മാസങ്ങൾ മാത്രമേ മനസ്സിൽ കുടിയിരുന്നുള്ളൂ. പിന്നീട് എനിക്കുകിട്ടിയ വരദാനമായ ആത്മീയ ചൈതന്യം എന്നിൽനിന്ന് നിശേഷം നശിച്ചു പോവുകയും ചെയ്തു. എങ്കിലും ഒരു തീർത്ഥാടകനെപ്പോലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന സ്വഭാവവും വന്നു കൂടി. അങ്ങനെ കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലും പ്രാർത്ഥിക്കാൻ  പോവുമായിരുന്നു. നീറുന്ന മനസോടെ അലഞ്ഞിരുന്ന ഞാൻ ഒരു തീർത്ഥാടകനെപ്പോലെ  വേളാങ്കണ്ണിയിലും ലൂർദ്ദിലും പോവുകയും ചെയ്‌തു.

എന്റെ ഹൃദയത്തിൽ ഞാൻ നമിക്കുന്ന ഒരേ ഒരു ദേവാലയമേയുള്ളൂ. അത് പൂർവികരാൽ പണിതീർത്ത അക്കരയമ്മ വസിക്കുന്ന പഴയപള്ളി മാത്രം. നമുക്കു മുമ്പേ ജനിച്ച മുത്തച്ഛനപ്പൂപ്പന്മാരുടെ കാലം തൊട്ടുള്ള ചൈതന്യം ആ പുണ്യ ദേവാലയത്തിൽ കുടികൊള്ളുന്നുണ്ട്. 'അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവരുമെ നിങ്ങൾ എന്റെ പക്കലേയ്ക്ക് വരുവിനെന്ന' തിരുവചനം അവിടെ സാക്ഷാൽക്കരിക്കുന്നു. നിലയ്ക്കൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ  വന്നെത്തിയ ആദ്യപിതാക്കന്മാരുടെ വിയർപ്പുഫലമാണ് ആ ദേവാലയം.

അനുഭവങ്ങളും പാളീച്ചകളും-4

ജോസഫ് പടന്നമാക്കൽ


ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റിയോ പ്രപഞ്ച ശക്തികളെപ്പറ്റിയോ ഒന്നും ഒരു വിവരണം തരാൻ  എനിക്ക് സാധിക്കില്ല. പ്രകൃതിയുടെ എല്ലാ അംശങ്ങളിലും ഈശ്വരന്റെ ചൈതന്യം കുടികൊള്ളുന്നു. വേദപുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്നത് പ്രാപഞ്ചിക നിയമങ്ങളെപ്പറ്റിയാണ്. പ്രാചീന മതങ്ങളായ വേദമതങ്ങളും പേഗനീസവും കൂട്ടി കലർത്തിയ സമ്മിശ്രതങ്ങളാണ് യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമിക മതങ്ങൾ. ഹൈന്ദവർ ഈശ്വരനെത്തേടി പുണ്യനദിയായ ഗംഗയിലും കാശിയിലും തിരുപ്പതിയിലുമെല്ലാം യാത്ര ചെയ്യുന്നു. മുസ്ലിമുകൾ മെക്കയിലും ക്രിസ്ത്യാനികൾ ജെറുസലേമിലും ലൂർദിലും ഫാത്തിമായിലും തീർത്ഥാടനം നടത്താറുണ്ട്. ഏഴു മില്യൻ ജനങ്ങളാണ് ഒരു വർഷം ലൂർദിൽ  വന്നെത്തുന്നത്. ഒരു ഗ്രാമീണ കന്യകയായ 'ബെർണാഡിറ്റെന്ന' കുട്ടിയ്ക്ക് മേരിയുടെ മായാരൂപം പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വസിച്ചു വരുന്നത്.

വേളാങ്കണ്ണിയിലും ലൂർദിലും എന്നെ ആകർഷിച്ചത് അവിടുത്തെ പ്രകൃതി രമണീയതയായിരുന്നു. വേളാങ്കണ്ണിയിലെ മേരിയുടെ ദേവാലയം അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. ലൂർദിലെ ദേവാലയം മലകളാലും ചുറ്റപ്പെട്ടിരിക്കുന്നു. തെളിമയാർന്ന ശുദ്ധജലം നിറഞ്ഞ ഒരു തടാകവും മലകൾക്ക് ചുറ്റും കാണാം. സഹ്യന്റെ താഴ്വരയിൽ ചിറ്റാറിന്റെ തീരത്തുള്ള പാർശ്വ വശങ്ങളിൽ അക്കരപ്പള്ളിയും സ്ഥിതിചെയ്യുന്നു. എന്റെ ചെറുപ്പകാലത്ത് ചിറ്റാറിൽക്കൂടി തെളിമയാർന്ന ശുദ്ധജലം മാത്രമേ ഒഴുകിയിരുന്നുള്ളൂ. ഇന്നവിടം പ്ലാസ്റ്റിക്കും ചപ്പുചവറുകളും കൊണ്ട് നിറച്ചിരിക്കുന്നു. അനശ്വരനായ ഈശ്വരൻ അവിടെനിന്നും ഓടിയൊളിച്ചുവെന്നും തോന്നിപ്പോവും.  

ലൂർദിലേയ്ക്ക് യാത്രയാകുന്നതിന് മുമ്പ് ഞാൻ പഴയപള്ളിയിലും വേളാങ്കണ്ണിയിലും പോയിരുന്നു. വേളാങ്കണ്ണിയിലെ കടൽത്തീരത്തുകൂടെ പ്രഭാതം മുതൽ മണിക്കൂറോളം നടന്നു. സൂര്യോദയവും സൂര്യാസ്തമയവും അവിടെനിന്ന് വീക്ഷിച്ചിരുന്നു. ദേവാലയത്തിനുള്ളിലെ ഭക്തജനങ്ങളുടെ കൂട്ടം കൂടിയുള്ള തേങ്ങാ ഉടയ്ക്കലുകളും കണ്ടു. കഴുതപ്പുറത്തു വന്ന യേശുവിന്റ ചാട്ടവാറിനുള്ള അടി ദേവാലയം അശുദ്ധരാക്കുന്ന അത്തരക്കാർക്കും നൽകേണ്ടിയിരുന്നുവെന്നു തോന്നിപ്പോയി.

'പൈറനീസ്' മലയിടുക്കുകളുടെ താഴ്വരകളിലാണ് ലൂർദെന്ന കൊച്ചു പട്ടണം സ്ഥിതി ചെയ്യുന്നത്. ദൈവം സർവ്വവ്യാപിയെന്നു ചിന്തിക്കുന്നവർക്ക് പൊട്ടക്കിണറ്റിലും തട്ടിൻ പുറത്തും ദൈവമുണ്ട്. എന്നിരുന്നാലും മനസ് ക്ഷീണിതമാകുമ്പോൾ ഇത്തരം പുണ്യസ്ഥലങ്ങൾ ഒരു ആത്മ സംതൃപ്തിയും നൽകിയേക്കാം. അപ്രതീക്ഷിതമായി ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യാം.

യേശു, ശിക്ഷ്യന്മാരുമൊത്ത് നടന്നത് നദികളുടെ തീരത്തും മലമുകളിൽക്കൂടിയും കുഷ്ഠരോഗികളുടെ ഇടയിലും ദരിദ്രരുടെ കുടിലുകളിലുമായിരുന്നു. കൂന്തൻ തൊപ്പികൾ തലയിൽ വെച്ചും അംശവടികൾ പിടിച്ചും ആർഭാടമേറിയ കുപ്പായങ്ങളണിഞ്ഞുമായിരുന്നില്ല ശിക്ഷ്യമാർ യേശുവിനൊപ്പം സഞ്ചരിച്ചിരുന്നത്! മണിമാളികകളോ വിലകൂടിയ കാറുകളോ അവർക്കുണ്ടായിരുന്നില്ല. ഷോപ്പിംഗ് കോമ്പ്ലെക്സുകളും ഫൈവ് സ്റ്റാർ ഹോസ്‌പിറ്റലുകളും മുക്കവക്കുടിലുകളിൽ ജനിച്ച യേശു ശിക്ഷ്യന്മാർക്കുണ്ടായിരുന്നില്ല. അന്ന് ആടുകൾക്ക് പിന്നാലെ ഇടയന്മാർ നടന്നിരുന്നു. മുന്നാലെ നടക്കുന്ന ഇന്നത്തെ ഇടയന്മാർക്ക് ആടുകളുടെ മാംസവും ഭക്ഷിക്കണം.
.
ലൂർദ്ദ് യാത്രയ്ക്ക് ശേഷം മകളുടെ സ്‌പൈനൽ കോഡിലുണ്ടായിരുന്ന അതിഗുരുതരമായ മൾട്ടിപ്പിൾ സ്‌കോളറോസിസ് (Multiple Sclerosis) ഭേദമായി. തലച്ചോറിലെ രോഗത്തിന് മാറ്റമുണ്ടായിരുന്നില്ല. അവളെ ചീകത്സിക്കുന്ന ന്യൂറോളജി സ്പെഷ്യലിസ്റ്റായ 'ഡോക്ടർ ഹോൾസ്റ്റയിൻ' അവളുടെ സ്‌പൈനൽ കോഡിൽ ബാധിച്ചിരുന്ന രോഗവിമുക്തിയെപ്പറ്റി കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു ദിവ്യാനുഭൂതി സംഭവിച്ചത് എന്റെ ശക്തമായ മനസോ അതോ മനസ്സ് ദിവ്യതയിൽ അലിഞ്ഞതോ ഏതെന്നു എനിക്ക് മനസിലാകുന്നില്ല. എന്തായാലും ഭേദമാകാത്ത അവളുടെ സ്‌പൈനൽ കോഡിലെ രോഗം പിന്നീട് വന്നിട്ടില്ല. അത് സംഭവിച്ചു. അല്ലായിരുന്നെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ അവൾ തളർന്നു പോവുമായിരുന്നു. എങ്കിലും  തലച്ചോറിലെ മൾട്ടിപ്പിൾ സ്‌കോളറോസിസ് ഇന്നും അവളെ അലട്ടുന്നുണ്ട്. ജീവിതകാലം മുഴുവൻ വിലകൂടിയ മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നാൽ സാധാരണ ജീവിതം തുടരാൻ സാധിക്കും. ഞാനൊരു യുക്തിവാദിയെന്നു പറയാനും കഴിയുന്നില്ല. ഇത് അത്ഭുതമായിരുന്നുവോയെന്നു സ്ഥിതികരിക്കാനും സാധിക്കുന്നില്ല.

ഒരിക്കൽ ഒരു വെന്തിക്കോസുകാരൻ പാസ്റ്ററോട് ലൂർദിലെ യാത്രയ്ക്കുശേഷം എനിക്കുണ്ടായ ഈ അനുഭവ സാക്ഷ്യത്തെപ്പറ്റി വിവരിച്ചു. പിശാചിന്റെ പ്രവർത്തനമാണ് അവിടെ നടക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. എങ്കിൽ ഇന്നുമുതൽ എന്റെ ദൈവം ആ പിശാചാണെന്നും ഞാൻ തർക്കുത്തരവും കൊടുത്തു. അയാളുടെ കീശയിൽ രോഗശാന്തിയുടെ പേരിൽ പണമെത്താഞ്ഞതിലുള്ള മനോവിഷമവും  പ്രകടമായിരുന്നു. ദൈവത്തെ വിറ്റു കാശാക്കുന്ന ഇവർക്കെല്ലാം ആഫ്രിക്കാ വേണ്ട സമൃദ്ധിയുടെ രാജ്യങ്ങളായ അമേരിക്കാ, കാനഡ പോലുള്ള രാജ്യങ്ങളിലെ ആത്മ്മാക്കളെ രക്ഷിച്ചാൽ മതി.

ചെറുപ്പം മുതലേ അക്കരയമ്മയെ എനിക്കിഷ്ടമാണ്. ആ 'അമ്മ കാഞ്ഞിരപ്പള്ളി മുഴുവനായ ഒരു ജനതയുടെ അമ്മകൂടിയാണ്. ഈ ആവേശം എനിയ്ക്കു പകർന്നു കിട്ടിയത് വല്യ കുഞ്ഞിൽ നിന്നും പിന്നീട് എന്റെ ഇച്ചായനിൽ നിന്നുമായിരുന്നു. പള്ളിയിൽ ഒരിക്കലും പോകാതിരുന്ന എന്റെ ഇച്ചായൻ ആരും കാണാതെ അക്കരപ്പള്ളിയിൽ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഇച്ചായന്റെ മക്കളും കൊച്ചുമക്കളും ജീവിതത്തിന്റെ വിവിധ തുറകളിൽ അല്ലലില്ലാതെ ജീവിക്കുന്ന കാരണങ്ങളും ആ വലിയ മനുഷ്യന്റെ നന്മകൾ നിറഞ്ഞ മനസായിരുന്നുവെന്നതിലും സംശയമില്ല. (തുടരും)



അനുഭവങ്ങളും പാളീച്ചകളും-5

ജോസഫ് പടന്നമാക്കൽ                                

എന്റെ മകൾ ജിജി അവളുടെ എം.ബി.ബി.എസും ഹൌസ് സർജൻസിയും കഴിഞ്ഞശേഷം കൂട്ടുകാരുമൊത്ത് സുനാമിയുണ്ടായതറിയാതെ വേളാങ്കണ്ണിയ്ക്ക് യാത്ര തിരിച്ചിരുന്നു. പഠിച്ചിരുന്ന കോളേജിൽ നിന്നും ബാംഗ്ളൂർ എത്താൻ ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ടായിരുന്നു. അവിടെനിന്നും വേളാങ്കണ്ണിക്കുള്ള ടുറിസ്റ്റ് ബസ്സിൽ യാത്ര ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. അസുഖത്തിന്റെ പേരിൽ അവൾക്ക് അവിടെയുള്ള പള്ളിയിൽ ഒരു നേർച്ചയുണ്ടായിരുന്നു.

അന്ന് ഞാൻ അമേരിക്കയിലായിരുന്നു. 2004 ഡിസംബർ ഇരുപത്തിയാറാം തിയതി ഉറങ്ങിക്കിടന്നിരുന്ന ഞാൻ അവൾ ബാംഗ്‌ളുർക്ക് സഞ്ചരിച്ച കാർ ഒരു ആടിനെ മുട്ടുന്നതായി സ്വപ്നം കണ്ടു. പെട്ടെന്നു ഞെട്ടിയുണർന്നു ഇന്റർനെറ്റിൽ വാർത്ത നോക്കിയപ്പോൾ വേളാങ്കണ്ണി പള്ളിയിൽ വെള്ളം കയറി കിടക്കുകയാണെന്നും ഏതാനും പേർ ഒഴുകി പോയെന്നും വായിച്ചു. രാത്രി മുഴുവൻ ബാങ്കളൂരിൽ ടെലിഫോണിൽ വിളിച്ചിട്ടും കണക്ഷൻ കിട്ടുന്നില്ലായിരുന്നു. ഒടുവിൽ നീണ്ട കാത്തിരിപ്പിനുശേഷം അവളുടെ ടെലിഫോൺ വന്നപ്പോഴാണ് എനിക്ക് സമാധാനം വന്നത്. അന്നെനിക്കുണ്ടായ സന്തോഷത്തിനും ഒരതിരില്ലായിരുന്നു.

എന്റെ സ്വപ്നകാര്യം അവളോട് പറഞ്ഞപ്പോൾ അതിൽ സത്യമുണ്ടെന്നും പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും വേളാങ്കണ്ണിയിൽ പോവുന്ന ബസ്സിൽ വന്നെത്താൻ ഒന്നര മണിക്കൂർ കോളേജിൽ നിന്നും കാറിൽ യാത്ര ചെയ്യണമായിരുന്നു. പക്ഷെ അവിടെയെത്തുംമുമ്പ് അവളും സുഹൃത്തുക്കളും സഞ്ചരിച്ച പുത്തൻ കാറ്‌ വഴിക്ക് നാലുപ്രാവശ്യം കേടായി. ഇടയ്ക്ക് ടയറും പൊട്ടി. അതിനുശേഷം എന്റെ സ്വപ്നത്തിൽ കണ്ടതുപോലെ കാർ ഒരു ആട്ടിൻ പറ്റത്തിന്മേൽ മുട്ടി നിറുത്തേണ്ടി വന്നു. "സ്വപ്നം ചിലർക്ക് ചിലകാലം ഒത്തിടുമെന്ന" ബാല്യത്തിൽ പഠിച്ച പദ്യവും ഓർമ്മ വന്നു. മണിക്കൂറുകൾക്കുശേഷം ബാംഗ്ളൂരിൽ അവരുടെ വാഹനം എത്തിയപ്പോൾ വേളാങ്കണ്ണി ബസ് പുറപ്പെട്ടു കഴിഞ്ഞിരുന്നു. യാത്ര മുടങ്ങുകയും ചെയ്തു. അന്ന് വേളാങ്കണ്ണിയ്ക്ക് പോയിരുന്നെങ്കിൽ ഒരു പക്ഷെ സുനാമി ദുരന്തങ്ങളിൽ അവളും സുഹൃത്തുക്കളും അകപ്പെടുമായിരുന്നു.

2004- ഡിസംബർ ഇരുപത്തിയാറാം തിയതി സുമാത്ര, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഭീകരമായ കൊടുങ്കാറ്റും സമുദ്രത്തിലെ തിരമാലകളുടെ ആർത്തിരമ്പലുകളുമുണ്ടായി. ഇന്ത്യൻ പ്ളേറ്റും ബർമ്മാ പ്ളേറ്റും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ഭൂമി കുലുക്കത്തിന്റെ ഫലമായി തിരമാലകൾ ഇന്ത്യ വരെ ആഞ്ഞടിച്ചിരുന്നു. പതിനാലു രാജ്യങ്ങളിലായി ഏകദേശം മൂന്നു ലക്ഷത്തിനടുത്ത് ജനം അന്ന് കൊല്ലപ്പെട്ടു. ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുകയാണെങ്കിൽ പ്രകൃതി ദുരന്തം കൊണ്ട് ഏറ്റവുമധികം ജനം കൊല്ലപ്പെട്ട ദിനവുമായിരുന്നു അന്ന്. ഇന്തോനേഷ്യയിലായിരുന്നു കൂടുതൽ ജനം കൊല്ലപ്പെട്ടത്. ഇന്ത്യയിലും ശ്രീ ലങ്കയിലും, തായ്‌ലണ്ടിലും സുനാമി അനേകായിരങ്ങളുടെ ജീവനെ അപഹരിച്ചു. വേളാങ്കണ്ണിയുടെ പരിസരങ്ങളും വെള്ളത്തിനടിയിൽ മുങ്ങിയിരുന്നു. അനേകർ വെള്ളത്തിലൊഴുകി പോവുകയും ചെയ്തു. ഒരു തീർത്ഥാടക ബസ് മുഴുവനായും അപ്രത്യക്ഷമാവുകയും ചെയ്തു. സുനാമി ദുരന്തം മൂലം വേളാങ്കണ്ണി പള്ളിയോടുള്ള വിശ്വാസം അനേകർക്ക് നഷ്ടപ്പെടുകയുമുണ്ടായി.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാലു വിറ്റുകൊണ്ടിരുന്ന ഒരു ഹിന്ദുച്ചെറുക്കന് വേളാങ്കണ്ണിയിലുള്ള ഒരു കുളക്കരയിൽവെച്ച് ഒരു സ്ത്രീയും കുഞ്ഞും പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു  ആൽമരത്തിന്റെ താഴെ അവൻ വിശ്രമിക്കുകയായിരുന്നു. ആ സ്ത്രീ തന്റെ കുഞ്ഞിനു കുടിക്കാൻ കുറച്ചു പാലു തരാമോയെന്നു ആ ചെറുക്കനോട് ചോദിച്ചു. അവൻ സ്ത്രീ ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞിനു പാൽ കൊടുക്കുകയും ചെയ്തു. പാൽ മേടിക്കുന്ന വീട്ടുടമസ്ഥനോട് ആവശ്യത്തിനു പാൽ നൽകാൻ സാധിക്കാഞ്ഞതിൽ അവൻ ക്ഷമാപണവും നടത്തി.

പാൽ മേടിക്കുന്ന മനുഷ്യൻ പാത്രം നോക്കിയപ്പോൾ പാൽപാത്രം നിറയേ പാലുണ്ടായിരുന്നു. എന്തോ അത്ഭുതം നടന്നുവെന്നും അയാൾക്ക് ബോദ്ധ്യമായി. ആ മനുഷ്യനും ഒരു ഹിന്ദുവായിരുന്നു. സ്ത്രീ പ്രത്യക്ഷപ്പെട്ട കുളത്തിന്റെ കരയിൽ മരത്തിന്റെ ചുവട്ടിൽ ബാലനുമൊത്ത് അയാൾ വന്നു. കുളത്തിന്റെ കരയിൽ എത്തിയയുടൻ തേജസ്സാർന്ന ഒരു സ്ത്രീ അവരുടെ മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ടത് അമ്മയായ മേരി മാതാവെന്നറിഞ്ഞപ്പോൾ സ്ഥലത്തുള്ള കത്തോലിക്കരായവർ ഹര്‍ഷോന്‍മത്തരായി തീർന്നിരുന്നു. മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തിൻകരയ്ക്ക് 'മാതാകുളം' എന്ന് പേരും നൽകി.
 
ഏതാനും വർഷങ്ങൾക്കുശേഷം മോരും വെള്ളം വിറ്റുകൊണ്ടിരുന്ന കാലിനു സ്വാധീനമില്ലാത്ത ഒരു ബാലന് അതേസ്ഥലത്തുതന്നെ സ്ത്രീ തന്റെ കുഞ്ഞുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. മോരു വിറ്റുകൊണ്ടിരുന്ന ആ ചെറുക്കന് കാലിനു സ്വാധീനമുണ്ടായിരുന്നില്ല. ദാഹിക്കുന്ന തന്റെ കുഞ്ഞിനു  കുടിക്കാൻ മോരുംവെള്ളം സ്ത്രീ ആവശ്യപ്പെട്ടു. അവൻ ആ കുഞ്ഞിനു കുടിക്കാൻ മോരുംവെള്ളം നൽകി. ഈ ദർശനത്തിന്റെ വിവരം നാഗപ്പട്ടണത്തുള്ള ഒരു ധനികനെ അറിയിക്കാനും സ്ത്രീ ആവശ്യപ്പെട്ടു.

ഉടൻ തന്നെ അവന്റെ കാലു സുഖപ്പെടുകയും അവൻ ഓടി മാതാവ് പ്രത്യക്ഷപ്പെട്ട വിവരം ധനികനെ അറിയിക്കുകയും ചെയ്തു. ബാലനു സംഭവിച്ച അത്ഭുതം മനസിലാക്കാതെ ധനികനായ ഈ മനുഷ്യന് തലേരാത്രി അവിടെ ഒരു പള്ളി പണിയണമെന്ന സ്വപ്നവുമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് അത്ഭുതം നടന്ന സ്ഥലത്ത് എത്തുകയും മാതാവ് അവർക്ക് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. അവിടെ ഒരു പള്ളി പണിയണമെന്നും ആവശ്യപ്പെട്ടു. 'ആരോഗ്യ മാതാവിന്റെ' നാമത്തിൽ പള്ളി പണിയുകയും ചെയ്തു.

വീണ്ടും വർഷങ്ങൾക്കു ശേഷം കൊടുങ്കാറ്റിൽപ്പെട്ട്, തകർന്ന ഒരു പോർട്ടുഗീസ് കപ്പൽ  വേളാങ്കണ്ണിയിലെത്തി. അതിലുണ്ടായിരുന്ന പോർട്ടുഗീസ് നാവികർ കപ്പലപകടത്തിൽനിന്നും കഷ്ടിച്ച് രക്ഷപെട്ടിരുന്നു. 'അമ്മ വേളാങ്കണ്ണി മാതാവ് അവരെ രക്ഷിച്ചുവെന്നു നാവികർ വിശ്വസിക്കുകയും ചെയ്തു. അതിനു നന്ദി സൂചകമായി നാവികർ ഉറപ്പുള്ള ഒരു ദേവാലയം അവിടെ പണികഴിപ്പിക്കുകയും അതിനുശേഷം അവർ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്തു. (തുടരും)

എന്റെ അമ്മച്ചി മരിച്ച ദിവസം ഓർമ്മിക്കുന്നു. സുപ്രഭാതത്തിൽ ഉണരുന്ന സമയം അമ്മച്ചി എന്റെ സ്വപ്നത്തിൽ വന്നു ഇങ്ങനെ പറഞ്ഞു, 'ജോസുകുട്ടി ഞാൻ മരിച്ചു.' "ഇപ്പോൾ എന്റെ ശവം മറവു ചെയ്തു." അമ്മച്ചി വീണ്ടും പറഞ്ഞു, ഞാൻ മരിക്കുമ്പോൾ എന്റെ മക്കളിൽ  ബാബുക്കുട്ടി മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ".  അമ്മച്ചിയെ ഞാൻ സ്വപ്നം കണ്ടത് ഒരു മാലാഖ രൂപത്തിലായിരുന്നു. തൂവെള്ള ചട്ടയും കച്ചമുറിയും ധരിച്ചു  കണ്ടത് അമ്മച്ചിയുടെ ചെറുപ്പകാലത്തിലെ ഒരു യുവതിയുടെ രൂപത്തിലായിരുന്നു. ദൈവികമായ ഒരു പ്രഭയോടെയായിരുന്നു അമ്മച്ചി വന്നത്. സുവർണ്ണ പ്രകാശമായി മുകളിലേയ്ക്ക് പോയി അപ്രത്യക്ഷമാകുന്നതും സ്വപ്‍ന രൂപത്തിൽ കണ്ടു. കണ്ണു തുറന്നപ്പോഴേ എന്റെ സ്വപ്നങ്ങൾ ഭാര്യയുമായി പങ്കിടുകയും ഉടൻതന്നെ അമ്മച്ചി മരിച്ചുവെന്ന് നാട്ടിൽ നിന്ന് ടെലഫോൺ വരുകയും ചെയ്തു.

മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ശ്രീ കൃഷ്ണയ്യർ പരേതാത്മാക്കളോട് സംസാരിച്ചിരുന്നുവെന്ന്  (Séance) അവകാശപ്പെട്ടിരുന്നു. 1973 മുതൽ അദ്ദേഹം തന്റെ ഭാര്യയുടെ മരണശേഷം പരേതയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് തറപ്പിച്ചു പറയുമായിരുന്നു.   മരണമെന്നത് ഒരു താൽക്കാലിക വിടവാങ്ങലെന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. മരിച്ചുപോയ തന്റെ ഭാര്യയുമായുള്ള സംസാരത്തിന്റെ ശാസ്ത്രീയതയെ ലക്ഷ്യമാക്കി ഒരു പുസ്തകംതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്. അങ്ങനെയുള്ള മാനസികാനുഭവ സാക്ഷ്യങ്ങൾക്ക് 'ടെലിപ്പതി'യെന്നു പറയാൻ കഴിയില്ല. കാരണം അദ്ദേഹം സംസാരിച്ചുവെന്ന് അവകാശപ്പെട്ടിരുന്നത് പരേതാത്മാക്കളോടായിരുന്നു. ജീവിക്കുന്നവരുടെ മനസുകളെ അളന്നുകൊണ്ടായിരുന്നില്ല. മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോയെന്ന യാഥാർഥ്യം മതത്തിന്റെ ചട്ടക്കൂട്ടിൽ കഴിയുന്നവർക്കേ ഗ്രഹിക്കാൻ കഴിയുള്ളൂ. അത്തരം കാര്യങ്ങൾ യുക്തിചിന്തകളിൽ ഒതുങ്ങുന്നതല്ല.

ജീവിതത്തിൽ കടന്നുപോയിട്ടുളള അനുഭവങ്ങൾ വേറെയുമുണ്ട്. നാം സ്നേഹിക്കുന്നവർ തമ്മിൽ 'ടെലിപ്പതി'യിൽക്കൂടി സന്ദേശങ്ങൾ നല്കുന്നുണ്ടോയെന്നും തോന്നിപ്പോവുന്നു. ഇത്തരം സംഭവങ്ങളുടെ നടുവിൽ സ്നേഹിക്കുന്നവരെ ഓർക്കാൻ കാരണമെന്താണെന്നും അറിയില്ല. മനസിലുണ്ടാകുന്ന വികാരങ്ങൾ മറ്റുള്ളവരുടെ മനസുമായി ഒപ്പിയെടുക്കുമ്പോൾ രണ്ടു മനസുകൾ തമ്മിൽ അവിടെ കൂട്ടി മുട്ടുന്നുവോ? മനസുകൾ തമ്മിൽ ആശയ വിനിമയം നടത്തുന്നുണ്ടോ? യുക്തിയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്നും മനസ്സിൽ അവശേഷിക്കുന്നുണ്ട്. ഒരു പുരുഷനെന്ന നിലയിൽ എന്നോടാരെങ്കിലും കരഞ്ഞിട്ടുണ്ടോയെന്നു ചോദിച്ചാൽ പൊട്ടിക്കരഞ്ഞ ദിനങ്ങളുമുണ്ടായിട്ടുണ്ട്. മനസിനെ തളർത്തിയിട്ടും തളരാതെ സ്വയം ഊർജം സമാഹരിച്ചുകൊണ്ടു വീണ്ടും ഉണർന്നെഴുന്നേറ്റിട്ടുമുണ്ട്. അതാണ് ഞാൻ, ഞാനും എന്റെ കുടുംബ ബന്ധങ്ങളും സ്നേഹത്തിന്റെ കണ്ണിയിൽ നിത്യവും ബന്ധിതമാണ്.

Sunday, July 16, 2017

പ്രവീണിന്റെ മരണവും ദുരൂഹതകളും ഒരു അമ്മയുടെ പോരാട്ടങ്ങളും



ജോസഫ് പടന്നമാക്കൽ

ഒരു മകന്റെ മരണത്തിൽ മൂന്നു വർഷത്തിൽപ്പരം നിയമ യുദ്ധം നടത്തിക്കൊണ്ടിരുന്ന ലവ്'ലി-വർഗീസ് കുടുംബത്തെ സംബന്ധിച്ച് പുതിയ കോടതി വിധി ആ കുടുംബത്തിന് ആശ്വാസകരമായിരുന്നു. നീതിക്കായുള്ള പോരാട്ടത്തിൽക്കൂടി പൊൻതൂവൽ വിരിച്ച 'ലവ്'ലി'യും വർഗീസ് കുടുംബവും ഇന്ന് വാർത്തകളിൽ പ്രധാന സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ പ്രവീൺ എന്ന വിദ്യാർത്ഥിയെ 2014-ൽ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് ഇക്കഴിഞ്ഞ ദിവസം 'ഗാജ് ബേത്തൂനെ' (Gaege Bethune) എന്ന വെളുത്തവനായ യുവാവിനെ കൊലപാതകത്തിനും മോഷണത്തിനും അറസ്റ്റു ചെയ്തിരുന്നു. ഈ കേസ് ശബ്ദമുയർത്തി പ്രതിയെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നത് ലവ്'ലി യുടെ കുടുംബ സുഹൃത്തായ 'മോനിക്കാ സുക്കാ' എന്ന റേഡിയോ ഹോസ്റ്റസായിരുന്നു.  എത്രമാത്രം അവരെ പുകഴ്ത്തിയാലും മതിയാവില്ല.

പ്രോസിക്യൂട്ടറിൽനിന്നും കുറ്റാരോപിതനായവനെ ജയിലിലടച്ച വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട്  ലവ്'ലി പൊട്ടിക്കരഞ്ഞു. ഒരു നിയമ യുദ്ധത്തിന്റെ അവസാനത്തിന്റെ ആരംഭമായും ഈ വിധിയെ വിലയിരുത്തി. നീതി അവസാനം അനുകൂലമായപ്പോൾ വികാരങ്ങളെ അവർക്ക് അടക്കി നിർത്താൻ കഴിഞ്ഞില്ല. കൈ വളരുന്നു, കാലു വളരുന്നു എന്നൊക്കെ നോക്കി വളർത്തിയ ഒരു പൊന്നോമന മകന്റെ ആത്മാവുപോലും അന്ന് തുള്ളി ചാടിയെന്നു അവനെ സ്നേഹിക്കുന്നവർക്കെല്ലാം  തോന്നിക്കാണും. പ്രവീണിനെ പ്രസവിച്ച വയറിന്റെ വേദന അനുഭവിച്ച ആ 'അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് ഈ വാർത്ത ഉടൻതന്നെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

പ്രവീൺ 2014-ൽ  ഒരു കാട്ടിനുള്ളിൽ വെച്ച്  മരവിച്ച തണുപ്പിൽ മരിച്ചുവെന്ന വാദത്തെ വെല്ലുവിളിച്ചുകൊണ്ട് അവന്റെ  അമ്മ നീണ്ട മൂന്നു വർഷത്തോളം നിയമയുദ്ധം നടത്തിയതിന്റെ പ്രതിഫലനമായിരുന്നു ഈ അറസ്റ്റ്. പ്രവീണിന്റെ മരണത്തിന് ഒരാഴ്ചശേഷം മൃതദേഹം കോളേജ് ക്യാമ്പസ്സിന് വെളിയിലുള്ള ഒരു കാട്ടിൽ നിന്നും കണ്ടെടുത്തു. അതിഘോരമായ ശൈത്യമുണ്ടായിരുന്ന ഒരു ദിവസത്തിലായിരുന്നു പ്രവീൺ മരിച്ചത്.

പ്രവീണിന്റെ സ്വാഭാവിക മരണമെന്ന് സ്ഥാപിക്കാൻ ഓട്ടോപ്‌സിയിൽ (മൃതശരീര പരിശോധന) ഉത്തരവാദിത്വപ്പെട്ടവർ പലതും മൂടി വെച്ചിരുന്നു. പ്രവീണിനുണ്ടായിരുന്ന മുറിവുകളൊന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.  ഈ സാഹചര്യത്തിൽ പ്രൈവറ്റായി വർഗീസ് കുടുംബം ഓട്ടോപ്സി വീണ്ടും നടത്തിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നത്. പ്രവീൺ കാട്ടിനുള്ളിൽ തണുപ്പുകൊണ്ടല്ല മരിച്ചതെന്നും വ്യക്തമായി. നെറ്റിത്തടത്തിൽ അടിയേറ്റ മരണകരമായ ഒരു മുറിവുണ്ടായിരുന്നു. കൈകളിൽ എല്ലുവരെയും കാലിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. എന്നിട്ടും പോലീസ് റിപ്പോർട്ടിൽ ഈ മുറിവുകളൊന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അവിടെ കപടതയുടെയും വഞ്ചനയുടെയും കളി നടന്നിട്ടുണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു.  

 ഒരു മനുഷ്യന്റെ മുറിവുകൾ ഒരു ഡോക്ടർക്ക് എങ്ങനെ മറച്ചു വെക്കാൻ സാധിക്കും. മെഡിക്കൽ എത്തിക്ക്സ് (Ethics)  പാലിക്കാഞ്ഞ അയാളുടെ മനുഷ്യത്വം എവിടെയായിരുന്നു? എങ്ങനെ പ്രവീണിന്റെ ശരീരത്തിലുണ്ടായ മുറിവുകളെ അയാൾക്ക് നിഷേധിക്കാൻ സാധിച്ചു? ദുരൂഹതകളാണ് ഈ കേസിന്റെ തുടക്കം മുതലുണ്ടായിരുന്നത്.  മരിച്ചു കിടക്കുന്ന പ്രവീണിന്റെ മുഖം മാത്രമേ കാണിക്കുമായിരുന്നുള്ളൂ. ബാക്കി കഴുത്തുവരെ കവർ ചെയ്തിരുന്നു. അവന്റെ നെറ്റിത്തടത്തിൽ മുറിവുകൾ കണ്ടു. മുഖത്ത് അടിച്ച പാടുണ്ടായിരുന്നു. മുറിവുകൾ ഉണ്ടെന്നു പറഞ്ഞിട്ടും ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. അത് കമിഴ്ന്നു വീണതുകൊണ്ടെന്നായിരുന്നു അവരുടെ വാദം.  പതോളജിസ്റ്റ് യാതൊരു മെഡിക്കൽ എത്തിൿസും പാലിച്ചില്ല. ഒരു മൃഗത്തിനെപ്പോലും  ഇങ്ങനെ ചെയ്യില്ല. പോലീസ് റിപ്പോർട്ടിൽ ചില സ്ഥലങ്ങളിൽ അവനെ കറുത്തവനായും വെളുത്തവനായും മിഡിൽ ഈസ്റ്റേൺ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെന്തൊരു അസംബന്ധം.  ഒരു വലിയ കാപട്യം നിറഞ്ഞ കളി പോലീസ് ഡിപ്പാർട്ടമെന്റ് കളിച്ചിട്ടുണ്ട്. ആ കള്ളക്കളിയിൽ പതോളജിസ്റ്റും സ്റ്റേറ്റ് അറ്റോർണിയും ഒത്തു കൂടിയിരുന്നു.

'പ്രവീൺ'  മാത്യു വർഗീസിന്റെയും ലവ്‌ലിയുടെയും മകനായി 1994 ജൂലൈ ഇരുപത്തിയൊമ്പാതാം തിയതി ഇല്ലിനോയിൽ ജനിച്ചു. പ്രിയയും പ്രീതിയും എന്നിങ്ങനെ രണ്ടു സഹോദരിമാരുമുണ്ട്. പ്രവീൺ, നൈല്സ് വെസ്റ്റ് ഹൈസ്‌കൂളിൽ നിന്ന് 2012-ൽ ഹൈസ്കൂളിൽ നിന്നും ഗ്രാഡുവേറ്റ് ചെയ്തു. പാട്ട്, ഡാൻസ്, പ്രസംഗം എന്നിങ്ങനെ സർവ്വ കലകളിലും അവൻ കലാവല്ലഭനായിരുന്നു. ഹൈസ്‌കൂൾ കാലങ്ങളിലെ നാല് വർഷങ്ങളും ട്രാക്ക് ടീമിൽ (track teams) ഉണ്ടായിരുന്നു. ബാസ്‌ക്കറ്റ് ബാൾ, ഓട്ടം, ചാട്ടം എന്നിവകളിലും  പ്രവീണനായിരുന്നു. കൂടാതെ ബോഡി ബിൽഡിങ്ങും മസ്സിൽ വിപുലമാക്കുന്നതും അവന്റെ ഹോബിയായിരുന്നു.

പ്രവീൺ, ഹൈസ്‌കൂൾ പഠനശേഷം കാർബൺ ഡയിലുള്ള സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ക്രിമിനൽ നിയമങ്ങൾ പഠിക്കാനാരംഭിച്ചു. ആ ചെറുപ്പക്കാരന്റെ സ്വപ്നം ഒരു 'പോലീസുദ്യോഗസ്ഥൻ' ആവണമെന്നായിരുന്നു. അതിനുള്ള ഗാംഭീര്യം തികഞ്ഞ വ്യക്തിത്വവും അവനുണ്ടായിരുന്നു. ആരെയും ചിരിപ്പിക്കാനുള്ള അസാധാരണമായ കഴിവുമുണ്ടായിരുന്നു. പ്രവീണിനെ ഒരിക്കൽ കണ്ടുമുട്ടിയവർ പിന്നീടൊരിക്കലും അവനെ മറക്കില്ലായിരുന്നു. അവനിലെ കുടികൊണ്ടിരുന്ന വാസനകളെപ്പറ്റി എന്തെങ്കിലും മറ്റുള്ളവർക്ക് പറയാൻ കാണും. അവൻ തൊടുത്തുവിടുന്ന തമാശകളിൽ പരസ്പ്പരമോർത്ത് ചിരിക്കാനും കാണും.

ലവ്'ലിയുടെയും വർഗീസിന്റെയും കുടുംബം കൂടുതൽ കാലവും ഷിക്കാഗോയിലാണ് താമസിച്ചിരുന്നത്. രണ്ടുപേരും മെഡിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നു. പത്തൊമ്പത് വയസുണ്ടായിരുന്ന മകൻ അവന്റെ സമപ്രായക്കാരുടെയിടയിലും മുതിർന്നവരുടെയിടയിലും ഒരു പോലെ പ്രസിദ്ധനായിരുന്നു. ഷിക്കാഗോയിലുള്ള എല്ലാ ഇന്ത്യൻ പരിപാടികളിലും അവൻ സംബന്ധിക്കുമായിരുന്നു. സദാ പ്രസന്നമായ പ്രകൃതത്തോടെയുള്ള ഒരു ചെറുക്കാനായിരുന്നു അവൻ. മാതാപിതാക്കളെന്നും   പെങ്ങന്മാരെന്നും വെച്ചാൽ അവനു ജീവനു തുല്യമായിരുന്നു. കോളേജ് ഡോർമിറ്ററിൽ (Dormitry) ചെന്നാൽ ഒരു ദിവസം പോലും അവിടെനിന്നും അവരെ വിളിക്കാതിരിക്കില്ലായിരുന്നു. എന്നും സാഹസിക നേട്ടങ്ങൾ കൈവരിക്കുന്നതിനും കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിലും അവൻ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ അപ്പന്റെയും അമ്മയുടെയും പെങ്ങന്മാരുടെയും നടുവിലിരുന്ന് കൊഞ്ചുകയും ചെയ്യണമായിരുന്നു.

പ്രവീണിന് മസിലു കാണിക്കാൻ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ സമീപം കൊഞ്ചാൻ ചെല്ലുന്ന സമയമെല്ലാം 'അമ്മേ നോക്കൂ എന്റെ മസിലെന്നു' പറഞ്ഞു അഭ്യാസം കാണിക്കുമായിരുന്നു. പ്രവീണും അവന്റെ രണ്ടു സഹോദരികളായ പ്രിയയും പ്രീതിയും എന്നും വലിയ കൂട്ടായിരുന്നു.  'പ്രിയ' അവന്റെ മൂത്ത ചേച്ചി, അവർ തമ്മിൽ ഒന്നര വയസു വിത്യാസത്തിൽ വളർന്നു.  അവനെ നോക്കിക്കൊണ്ടിരുന്നത് അവന്റെ ഈ കുഞ്ഞേച്ചിയായിരുന്നു. കൂടാതെ അവന്റെ രഹസ്യ സൂക്ഷിപ്പുകാരിയും. അവനു സ്‌കൂളിൽ 'സി' കിട്ടിയാൽ ആദ്യം അറിയുന്നത് പ്രിയയായിരുന്നു. മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ വഴക്കു പറയുമെന്ന ഭയമായിരുന്നു കാരണം! അവന്റെ കുഞ്ഞു കുഞ്ഞു പരാതികൾക്ക് ശമനമുണ്ടാക്കുന്നതും പ്രിയതന്നെയായിരുന്നു. പ്രീതി, ഇളയവൾ, അവൾക്കെപ്പോഴും പ്രവീണിന്റേയും പ്രിയയുടെയും ലാളന വേണമായിരുന്നു. അമ്മ ജോലിക്ക് പോകുമ്പോൾ അവന്റെ മുഖത്ത് ഉമ്മ കൊടുത്തില്ലായിരുന്നെങ്കിൽ അവൻ കരയുമായിരുന്നു.

പ്രവീൺ നല്ല പാട്ടുകാരനായിരുന്നു. പാട്ടിന്റെ താളത്തിനൊത്ത് അവൻ ഡാൻസും ചെയ്യുമായിരുന്നു. ഒപ്പം പ്രിയയും അവനോടൊപ്പം ഡാൻസ് ചെയ്തിരുന്നു. ഇന്നും അവന്റെ കൂട്ടുകാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലവ്'ലിയ്ക്ക് കത്തുകൾ ലഭിക്കാറുണ്ട്. അവൻ എത്രമാത്രം പ്രിയപ്പെട്ടവനും ഏവരുടെയും കണ്ണിലുണ്ണിയായിരുന്നുവെന്നും മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളുമായി നടക്കുന്ന അവന്റെ കൂട്ടുകാരെ തന്നെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. അവനെ അറിയുന്നവർക്കെല്ലാം നല്ല കാര്യങ്ങൾ മാത്രമേ അവനെപ്പറ്റി പറയാനുള്ളൂ.

പ്രവീൺ മരിച്ചുവെന്ന വിവരം ആ കുടുംബത്തിന് താങ്ങാൻ കഴിയില്ലായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞാണ് അവന്റെ മൃത ശരീരം കണ്ടെത്തിയത്. മരണം അധികാര സ്ഥാനത്തുള്ളവർ ആരും ഗൗരവമായി എടുക്കില്ലായിരുന്നു. അവനെപ്പറ്റി അന്വേഷിക്കുന്ന സമയമെല്ലാം പോലീസ് ഉദ്യോഗസ്ഥർ  യാതൊരു ഗൗരവും കാണിക്കാതെ വളരെ നിസാരമായി കണക്കാക്കിയിരുന്നു. 'എല്ലാ കോളേജ് വിദ്യാർത്ഥികളും ഇങ്ങനെ തന്നെയാണ്, അവൻ മടങ്ങി വരുമെന്ന' അഭിപ്രായങ്ങൾ ഉദ്യോഗസ്ഥർ ഒഴുക്കൻ മട്ടിൽ പറയുമായിരുന്നു. അന്വേഷണവും നടത്തില്ലായിരുന്നു. അന്വേഷിക്കാൻ വരുന്നവരെ ശ്രദ്ധിക്കുകയുമില്ലായിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിച്ചതിലും പോലീസ് ഓഫീസർമാർക്ക് ഇഷ്ടപ്പെട്ടില്ല. അത് അവരുടെ അന്വേഷണത്തെ ബാധിക്കുമെന്നാണ് പറഞ്ഞത്. പ്രവീണിന്റെ അവസാന ടെലിഫോൺ ശബ്ദം പോലും അവർ കണ്ടുപിടിക്കാൻ തയ്യാറായിരുന്നില്ല. വർഗീസ്-ലവ്'ലി കുടുംബത്തെ പണമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. 'പണത്തിനു തങ്ങളുടെ മകനെ മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്നും'  ലവ്'ലി അതിനുത്തരം കൊടുത്തിരുന്നു.  പ്രവീൺ മരിച്ചു കിടന്ന സ്ഥലത്തെപ്പറ്റിയും സമ്മിശ്രങ്ങളായ വിവരങ്ങളാണ് നൽകുന്നത്. അവർ എന്തടിസ്ഥാനത്തിൽ പ്രവീണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നു പറയുന്നു?  വെറും അനുമാനത്തിൽ കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്ന അന്വേഷകർക്കും അതിനുത്തരമില്ലായിരുന്നു.

കുറ്റാരോപിതനായ 'ഗാജ് ബേത്തൂനെ' ഒരു കോടി ഡോളർ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടാണ് ജയിലറകളിൽ അടച്ചിരിക്കുന്നത്. ഇരുപത്തി രണ്ടു വയസുകാരനായ അയാളെ 2014-ൽ പ്രവീണിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. പ്രവീൺ അപ്രത്യക്ഷമായ ദിവസം ഒരു രാത്രിയിൽ അയാളുടെ കാറിലായിരുന്നു ഹോസ്റ്റലിൽ മടങ്ങിപ്പോയത്. ബേത്തൂനെ അന്ന് പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2015-ലെ സ്റ്റേറ്റ് അറ്റോർണിയുടെ റിപ്പോർട്ടിൽ വഴിക്കു വെച്ച് രണ്ടുപേരും വഴക്കുണ്ടാക്കിയെന്നു രേഖപ്പെടുത്തിയിരുന്നു. പ്രവീൺ 'ഹൈപോതെർമിയ' വന്നു മരിച്ചെന്നും ബേത്തൂനിയായുടെ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രവീൺ മദ്യം കഴിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ എഴുതിയിരുന്നു. അവന്റെ ടോക്സിക്കോളജി (Toxicology) റിപ്പോർട്ട് കിട്ടിയപ്പോൾ അവർ നിശബ്ദരായി. അവന്റെ ശരീരത്തിൽ മദ്യത്തിൻറെ അംശംപോലും ഉണ്ടായിരുന്നില്ല.

ലവ്'ലി പറഞ്ഞു " ലോകത്തിൽ മറ്റാരേക്കാളും അവനെ എനിക്കറിയാം, അവനൊരു കാരിരുമ്പുപോലെ ദൃഢമായ മനസിന്റെ ഉടമയായിരുന്നു! മരിച്ച ദിനത്തിലെ അന്നത്തെ ഘോര രാത്രിയിലെ തണുപ്പിൽ കാട്ടിൽക്കൂടി ഇഴഞ്ഞിരുന്നെങ്കിൽപ്പോലും അവൻ ഫോണിൽക്കൂടി ആരുടെയെങ്കിലും സഹായം തേടുമായിരുന്നു."   ഈ കേസുമായി ബന്ധപ്പെട്ട സ്റ്റേറ്റ് അറ്റോർണി മൈക്കിൾ കാർ (Michael Carr) 2015-ൽ വിരമിച്ച ശേഷം ഇല്ലിനോയി 'സ്റ്റേറ്റ് അറ്റോർണി' കേസിന്റെ ചുമതല ഏറ്റെടുത്തിരുന്നു.

പ്രവീണിനു നീതി ലഭിക്കാത്തതിൽ ലവ്'ലി കുടുംബം കടുത്ത നിരാശയിലായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് വിശ്വാസം തന്നെ നഷ്ടപ്പെട്ട സ്ഥിതി വിശേഷമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടമാടിക്കൊണ്ടിരുന്നത്. ക്രൂരമായ മർദ്ദനമേറ്റു മരണമടഞ്ഞ ഒരു മകന്റെ മരണത്തിൽ ബലിയാടായ ഒരു കുടുംബം നീതിക്കായി പൊരുതുമ്പോൾ നീതിയും നിയമവും അവിടെ നിയമം നടപ്പാക്കേണ്ടവർ കാറ്റിൽ പറപ്പിച്ചു. ഇനി ഒരിക്കലും ഈ നാട്ടിലെ അമ്മമാരും അപ്പന്മാരും ഇതുപോലെയുള്ള മാനസിക പീഡനം അനുഭവിക്കരുതെന്നും ലവ്‌'ലീയുടെ കാഴ്ചപ്പാടീലുണ്ട്‌.

നെഞ്ചു നിറയെ ദുഃഖങ്ങളും പേറി 'ലവ്'ലി' ഈ നാട്ടിലെ വിവേചനം നിറഞ്ഞ നിയമത്തെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു, "ഒരു വെളുത്തവൻ എന്റെ കുഞ്ഞിന്റെ സ്ഥാനത്ത് മരണപ്പെട്ടിരുന്നെങ്കിൽ ഏഴുദിവസവും ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറും ഹെലികോപ്റ്ററുകളും പോലീസും അന്വേഷണോദ്യോഗസ്ഥരും അവിടമൊരു കോലാഹലം സൃഷ്ടിക്കുമായിരുന്നു." ഒരു കറുത്ത മനുഷ്യൻ വെളുത്തവനെ കൊന്നിരുന്നെങ്കിൽ കൊലയ്ക്കു ശേഷം കാട്ടിൽനിന്ന് പുറത്തു വന്നിരുന്നെങ്കിൽ പോലീസ് അയാളെ ചോദ്യം ചെയ്യുകയും സാധ്യതയുള്ള സ്ഥലമെല്ലാം അന്വേഷിക്കുകയും ഉടൻതന്നെ മരിച്ചു കിടന്ന സ്ഥലം കണ്ടുപിടിക്കുകയും ചെയ്യുമായിരുന്നു. അടുത്ത ദിവസം തന്നെ കറുത്തവൻ ജയിലിലുമാകുമായിരുന്നു. നോക്കൂ, പ്രവീണിനെ കൊന്നയാൾ ഇത്രമാത്രം തെളിവുകൾ ഉണ്ടായിട്ടും കഴിഞ്ഞ മൂന്നു വർഷമായി അയാൾ സ്വതന്ത്രമായി നടന്നു. ഇന്ന് ആ ഘാതകന് ഒരു കൊച്ചുമുണ്ട്. അവനെതിരായുള്ള സ്പഷ്ടമായ തെളിവുകൾ പകൽപോലെ സത്യമെങ്കിലും ആരു ശ്രദ്ധിക്കുന്നു!  എന്നിട്ടും, ഇന്നലെ വരെയും നിയമം പാലിക്കുന്നവരുടെ കണ്ണ് തുറന്നില്ലായിരുന്നു. പ്രവീണിനുമേൽ നീതിയുറങ്ങി കിടക്കുകയായിരുന്നു. നിഷ്കളങ്കനായ ഒരു യുവാവ് കൊല്ലപ്പെട്ടപ്പോൾ നിയമം പാലിക്കുന്നവർ കേസുകൾ മായ്ച്ചു കളയാൻ ശ്രമിച്ചു. കാരണം അവന്റെ നിറമോ വംശീയതയോ എന്തെന്നറിഞ്ഞു കൂടായിരുന്നു.

പ്രവീൺ കൊലചെയ്യപ്പെട്ട സമയം അർദ്ധരാത്രിയിൽ ഒരുവൻ അവൻ മരിച്ചുകിടന്ന കാട്ടിൽനിന്ന് പുറത്തു വന്നു. അത് സംശയിക്കേണ്ടതല്ലേ? കൊലയാളിയെ രക്ഷിക്കുന്നത് ഈ നാടിന്റെ നിയമ വ്യവസ്ഥയ്ക്കു തന്നെ കളങ്കമല്ലെ? രക്ഷിക്കുന്നവനും കുറ്റവാളിയും ഒരുപോലെ തെറ്റുകാരാണ്. പ്രവീണിന്റെ കൊലയാളിയായ 'ഗാജ് ബേത്തൂനെ' ഒരിക്കലും സംശയിക്കാതിരുന്നത് തികച്ചും നിയമത്തോടുള്ള ഒരു അവഹേളനമായിരുന്നു. ഏതോ ഒരു മനുഷ്യൻ പ്രവീൺ കൊലചെയ്യപ്പെട്ട സമയം മറ്റൊരു മനുഷ്യനെ ചുമലിൽ ചുമന്നുകൊണ്ട് പോവുന്നതായി കണ്ടെന്നും പറയുന്നു.

ഈ കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ സർവ്വവിധ തെളിവുകളുമുണ്ടായിരുന്നു. അതേസമയം  യാതൊരു തെളിവുകളുമില്ലാത്ത നിഷ്കളങ്കരായവർ ജയിലിലും പോവുന്നു. കാരണം, പ്രവീണിനെ കൊലചെയ്‌തെന്ന് വിശ്വസിക്കുന്ന ഇയാൾക്ക് സ്റ്റേറ്റിലെ അറ്റോർണി മുതൽ നിയമം കളിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ വരെ സുഹൃത്തുക്കളുണ്ടായിരുന്നു. നിയമം കൈപ്പത്തിയിൽ സൂക്ഷിക്കുന്നവരുള്ളടത്തോളം കാലം ഇരയായവർക്ക് നീതി നിഷേധിക്കപ്പെടും.സകല സ്വാധീനവും ഉപയോഗിച്ച് കുറ്റവാളി ജയിലിൽ പോകാതിരിക്കാൻ അയാളുടെ അപ്പനു കഴിഞ്ഞു. ഇല്ലിനോയ് ജാക്സൺ കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ് പക്ഷാപാതം അങ്ങേയറ്റം ഉള്ള സ്ഥലമാണ്. അഴിമതി നിറഞ്ഞ പോലീസുകാരായിരുന്നു അന്ന് ആ കൗണ്ടി ഭരിച്ചിരുന്നത്. കേസുകൾ അവർക്ക് അനുകൂലമായവർക്ക് തിരിക്കാൻ എന്ത് ഹീനകൃത്യവും ചെയ്യുമായിരുന്നു. നീതി പുലർത്തുന്ന പോലീസുകാർ അവിടെയില്ലായിരുന്നു. അവരുടെ കുടുംബത്തിലുള്ളവരെ സംരക്ഷിക്കുകയും സമൂഹത്തെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ലവ്'ലി കുടുംബത്തെ എല്ലാ വിധത്തിലും നിയമവും നിയമപാലകരും അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രവീൺ മദ്യം സേവിച്ചിരുന്നു, മയക്കുമരുന്നിനടിമ, മയക്കു മരുന്ന് വിൽക്കുന്നവൻ എന്നിങ്ങനെയെല്ലാം ആരോപണങ്ങൾ അവന്റെ മേൽ ചാർത്തിയിരുന്നു. നിഷ്കളങ്കനായവനും നല്ലയൊരു കുടുംബത്തിൽ പിറന്നവനും മാതാപിതാക്കളെ അനുസരിച്ചും പള്ളിയും ആത്മീയതയുമായ നടന്ന അവന്റെ   പേരിലാണ് ക്രൂരവും നിന്ദ്യവുമായ കുറ്റാരോപണങ്ങൾ വധാന്വേഷണവുമായി നടന്നവർ നടത്തിയത്. പ്രവീണിന്റെ കുടുംബത്തിന് അന്വേഷണവുമായി നടന്ന ഉദ്യോഗസ്ഥർ യാതൊരു മാനുഷിക പരിഗണനയും നല്കിയില്ലെന്നുള്ളതാണ് സത്യം. നല്ല നിലയിൽ വളർത്തിയ ഒരു ചെറുക്കന്റെ ജീവിച്ചിരുന്ന കാലങ്ങളിലുള്ള വ്യക്തിത്വത്തെ തേജോവധം ചെയ്യാനായിരുന്നു പോലീസുകാർ ശ്രമിച്ചത്. നിന്ദ്യവും ക്രൂരവുമായ അധികൃതരുടെ കള്ളങ്ങൾ മാത്രം നിറഞ്ഞ ആരോപണങ്ങൾക്ക് മീതെ ഹൃദയം പൊട്ടിയായിരുന്നു അവന്റെ അമ്മയും അപ്പനും സഹോദരികളും മൃതദേഹത്തിനുമുമ്പിൽ മൂകമായി നിന്നതും മൃതദേഹം മറവു ചെയ്തതും. അവനെ അറിയുന്നവർക്കെല്ലാം അവൻ ഒരു കുഞ്ഞനുജനോ, സഹോദരനോ മകനോ, കൊച്ചുമകനോ ആയിരുന്നു. അവന്റെ ജീവിതത്തിലെ അഭിലാക്ഷം എഫ്.ബി.ഐ. യിൽ ഒരു പോലീസ് ഓഫിസർ ആകണമെന്നായിരുന്നു. എല്ലാ സ്വപ്നങ്ങളും അവിടെ തകർന്നു വീഴുകയായിരുന്നു. പക്ഷെ അവന്റെ മരണം എഫ്.ബി.ഐ ഏജൻസിയ്ക്ക് വെറും ദുരൂഹത മാത്രമായി അവശേഷിച്ചു.

പ്രവീൺ എങ്ങനെ മരിച്ചുവെന്നറിയാൻ അവന്റെ മാതാപിതാക്കൾ അനേക തവണകൾ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും അധികാരികൾ നൽകാൻ തയ്യാറായിരുന്നില്ല.  പതിനെട്ടു മാസം കഴിഞ്ഞപ്പോൾ പോലീസ് റിപ്പോർട്ടിനു പകരം കിട്ടിയ പായ്ക്കറ്റ് വെറും പത്ര റിപ്പോർട്ടുകളായിരുന്നു. ആ കെട്ടിനുള്ളിൽ പോലീസിന്റെ റിപ്പോർട്ടുണ്ടായിരുന്നില്ല. ഇത്തരം ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന പോലീസ് ഡിപ്പാർട്ട്‌മെന്റ് വാസ്തവത്തിൽ അവരുടെ കുടുംബത്തെ അപമാനിക്കുകയായിരുന്നു. ഒരു പൗരനുള്ള അവകാശങ്ങളെ ധിക്കരിക്കുന്ന പ്രവർത്തികളായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.  ലവ്'ലിയ്ക്കറിയേണ്ടത് ഒരു കാര്യം മാത്രമേയുള്ളൂ,  'മദ്യത്തിനടിമയല്ലാതിരുന്ന ആരോഗ്യമുള്ള തന്റെ മകൻ ആ കാട്ടിനുള്ളിൽ എങ്ങനെ മരിച്ചെന്നു' അറിയണം.

നാൽപ്പതിനായിരം പേരുടെ ഒപ്പു ശേഖരിച്ചുകൊണ്ട് പ്രവീണിന്റെ മരണത്തിനുത്തരവാദിയായവർക്കെതിരെ നീതിപൂർവമായ ഒരു അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുൻ മേയറിന്റെ മുമ്പാകെ ഒരു ഹർജി സമർപ്പിച്ചിരുന്നു. ഉദ്ദേശ്യം പ്രതികാരം ചെയ്യുകയെന്നതല്ലായിരുന്നു. അന്വേഷണോദ്യോഗസ്ഥരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാനും ആഗ്രഹിച്ചിരുന്നില്ല. അവർ മുട്ടാവുന്ന വാതിലുകൾ മുഴുവൻ മുട്ടിയിരുന്നു. പലപ്പോഴും നിരാശയായി മടങ്ങണമെന്നും തോന്നി. അപ്പോഴെല്ലാം ഇളയ മകൾ പ്രീതി അടുത്തുവന്ന് 'മമ്മി പിന്തിരിയരുതെന്നു' വന്നു പറയുമായിരുന്നു.

തന്റെ മകന്റെ മരണത്തിനുത്തരവാദി ആരെന്നു കണ്ടുപിടിക്കാൻ ഇനി എങ്ങോട്ടെന്ന ലക്ഷ്യവും അറിയത്തില്ലായിരുന്നു. ഉറച്ച തെളിവുകളുണ്ടായിട്ടും കുറ്റവാളിയിൽ കുറ്റം ചാർത്താത്തത് ഒന്നുകിൽ ഇത് മനഃപൂർവം അല്ലെങ്കിൽ നിയമത്തിന്റെ കഴിവില്ലായ്മയെന്നും ഓർത്തു. ഇതുപോലെ എത്രയെത്ര കേസുകൾ ആരുമാരും ശ്രദ്ധിക്കാതെ ഈ മണ്ണിൽ നിന്ന് കടന്നു പോയിരിക്കണം. ആർക്കും ഇത് സംഭവിക്കാവുന്നതാണ്. വായനക്കാരെ ശ്രദ്ധിച്ചാലും,  നാളെ ഈ നീതിനിഷേധം നിങ്ങൾക്കോ നിങ്ങളുടെ കുഞ്ഞുങ്ങൾക്കോ സംഭവിക്കാവുന്നതേയുള്ളൂ! സുരക്ഷിതമായി നമ്മുടെ ഭവനത്തിൽ നമുക്കും നമ്മുടെ മക്കൾക്കും കിടന്നുറങ്ങണം. നമ്മുടെ കുഞ്ഞുങ്ങൾക്കും മറ്റു പൗരന്മാർക്കൊപ്പം തുല്യ നീതിയും  വേണം. ഒരു നിയമമുണ്ടെങ്കിൽ,  ഈ രാജ്യത്തുണ്ടെങ്കിൽ അത് എല്ലാ പൗരന്മാർക്കും തുല്യ നീതിയിൽ അധിഷ്ഠിതമായിരിക്കണം.

അമേരിക്കയുടെ നാനാഭാഗത്തുനിന്നും ലവ്'ലിയ്ക്ക് കത്തുകൾ വരുന്നുണ്ടെന്നു പറഞ്ഞു. അവരുടെയെല്ലാം  സ്നേഹത്തിന്റെ മുമ്പിലും സ്വാന്തനവാക്കുകളിലും അവർ വികാരാധീനയാകാറുണ്ട്.  മകന്റെ നീതിക്കുവേണ്ടി ധീരതയോടെ പട പൊരുതുന്ന ലവ്'ലിയേ ചില കുഞ്ഞുങ്ങൾക്ക് അമ്മയാക്കണമെന്ന കത്തുകളും വരാറുണ്ട്. പ്രവീണിന്റെ പ്രായത്തിലുള്ളവരെല്ലാം അവന്റെ അമ്മയിൽ ആവേശഭരിതരാണ്. ഒരു ഒറ്റയാൻ പോരാട്ടത്തിൽ കൂടിയാണ് ഇത്രമാത്രം അവർ നേട്ടങ്ങളുണ്ടാക്കിയത്. കുറ്റാരോപിതനായവനെ താൽക്കാലികമായിയെങ്കിലും ജയിലിൽ അടച്ചപ്പോൾ അവർ സന്തോഷംകൊണ്ട് മതിമറന്നിരുന്നു. മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും സഹവർത്തിത്വവും ഈ വിജയത്തിന്റെ മുമ്പിലുണ്ടെന്നുള്ളതും അഭിമാനകരമാണ്. ലവ്'ലിയുടെ കുട്ടികൾക്കും മലയാളി ഐക്യമത്യത്തിന്റെ ബലം മനസിലാക്കാൻ സാധിച്ചെന്ന് അവർ അവകാശപ്പെടുന്നു.

പുറം രാജ്യങ്ങളിൽ താമസിക്കുമ്പോൾ 'മലയാളി ആദ്യം, പിന്നീട് മതവും രാഷ്ട്രീയവും' എന്ന കാഴ്ചപ്പാടാണ് ലവ്'ലിക്കുള്ളത്. പ്രവീണിന്റെ നീതി തേടിയുള്ള യാത്ര തുടങ്ങിയതേയുള്ളൂ, ഇതവസാനമല്ലെന്നാണ് അവരുടെ അഭിപ്രായം. സമൂഹത്തിന്റെ വിലയെന്തെന്നു പ്രവീണിന്റെ മരണത്തോടെ സമൂഹത്തിനുതന്നെ  ബോദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു.  അവന്റെ ചൈതന്യം ഇന്നും ആ കുടുംബത്തു പ്രകാശിപ്പിക്കുന്നുണ്ടെന്നാണ് അവന്റെ 'അമ്മ' വിശ്വസിക്കുന്നത്. മനോഹരമായ ഒരു ചിത്രശലഭം പറന്ന് അവിടെ വരാറുണ്ട്. നിറമാർന്ന ആ ശലഭത്തിലും ഓമനത്വമുള്ള നഷ്ടപ്പെട്ടുപോയ പ്രവീൺ എന്ന മകനെയാണ് ലവ്'ലി കാണുന്നത്. അവൻ മരിച്ചിട്ടില്ല! ഇന്നും ജീവിക്കുന്നുവെന്നും വിശ്വസിക്കുന്നു.

പ്രവീണിനെപ്പറ്റി അമേരിക്ക മുഴുവൻ വാർത്തകളായി നിറഞ്ഞിരിക്കുന്നു. അവൻ പറയുമായിരുന്നു, "അമ്മേ ഞാൻ പ്രസിദ്ധനാകുന്നതിനൊപ്പം അമ്മയെയും നമ്മൾ എല്ലാവരെയും ഒരുപോലെ പ്രസിദ്ധരാക്കും." അത് സത്യമായിരുന്നു! ഷിക്കാഗോ ട്രിബുണിന്റെ പ്രധാന പേജിലാണ് പ്രവീണിന്റെ അമ്മയുടെ നീതി തേടിയുള്ള ഈ  വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് പ്രവീണിനുള്ള മരണാനന്തര ബഹുമതി തന്നെയാണ്.

അടച്ചു വെച്ചിരുന്ന പ്രവീണിന്റെ കേസ് രണ്ടാമതും പൊക്കിക്കൊണ്ട് വരുകയെന്നുള്ളത് എളുപ്പമായിരുന്നില്ല. മകൻ മരിച്ച ഹൃദയ വേദനയോടെ നടന്ന ഒരു അമ്മയുടെ പരിശ്രമ ഫലമായിട്ടാണ് നീതിയുടെ കണ്ണുകൾ തുറക്കാൻ കാരണമായത്. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഇനി സ്റ്റേറ്റ് ഏറ്റെടുത്തതും പ്രവീൺ കേസിന് ഒരു പുതിയ വഴിത്തിരിവ് തുറന്നു കിട്ടുകയായിരുന്നു. ഇത്രമാത്രം മലയാളി സമൂഹത്തെ യോജിപ്പിച്ച ഒരു കേസ് അമേരിക്കൻ ചരിത്രത്തിലുണ്ടായിട്ടില്ല. ലവ്‌'ലിയുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്.  "എന്റെ കുഞ്ഞിനെ കൊന്നവൻ ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണമെന്നുള്ള ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. ഇനി അയാളെ ശിക്ഷിച്ചേക്കാം, ശിക്ഷിക്കാതിരിക്കാം. കുറ്റം ചെയ്തവന്റെ കുടുംബത്തെയോ പ്രതിയെയോ ശിക്ഷിക്കണമെന്നും പറയുന്നില്ല. സത്യം പുറത്തു വരണമെന്നുള്ളതായിരുന്നു ആഗ്രഹം.  അത് സംഭവിച്ചു."

"ബേത്തൂന ,  കുറ്റക്കാരനെന്നു വിധിച്ചാലും ഇല്ലെങ്കിലും ഞാനതിൽ പ്രയാസപ്പെടുന്നില്ലെന്നും എന്റെ മകനെ കൊന്നത് ആരെന്നറിഞ്ഞാൽ മാത്രം മതിയെന്നും ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും അവർക്കത് പ്രശ്നമല്ലെന്നും ജൂറി അവനെ മോചിപ്പിക്കുന്നുവെങ്കിൽ നല്ലത് തന്നെയെന്നും " ലവ്‌'ലി പറഞ്ഞു,  "ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല" എന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. കൗമാരം മാറിയിട്ടില്ലാത്ത ചെറു പ്രായത്തിൽ തന്നെ അവൻ തന്റെ ജീവിതം അർത്ഥമുള്ളതാക്കി തീർത്തു.  അവന്റെ അപ്പനും അമ്മയും സഹോദരികളും കുടുംബമൊന്നാകെയും പവിത്രമായ അവന്റെ ആത്മാവിൽ ഇന്ന് ആത്മാഭിമാനം കൊള്ളുന്നതും ദൃശ്യമാണ്. സത്യവും സ്നേഹവും നിറഞ്ഞ സരള ഹൃദയനായ പ്രവീണെന്ന യുവാവ് ഇന്ന് ആയിരങ്ങളുടെ ഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. അവനുചുറ്റുമുള്ള അവനെ സ്നേഹിച്ചിരുന്നവർക്ക് തോരാത്ത കണ്ണുനീരും നൽകിക്കൊണ്ടായിരുന്നു അന്നവൻ ഈ ലോകത്തോട് യാത്ര പറഞ്ഞത്. പ്രവീണിന്റെ ആത്മാവ്  സത്യം കണ്ടെത്തലിൽ സന്തോഷിക്കുന്നുവെന്നു അവന്റെ 'അമ്മ പറയുന്നു.


















കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...