Wednesday, July 19, 2017

അന്തഃകരണ സന്ദേശങ്ങളും അനുഭവങ്ങളും പാളീച്ചകളും




ജോസഫ് പടന്നമാക്കൽ

മനഃശാസ്ത്രത്തിൽ ആസക്തിയുള്ളർ   അന്യരുടെ മനസിലുള്ള ചിന്താഗതികൾ (Telepathy) ശാസ്ത്രേതര വിഷയങ്ങളായി  അവതരിപ്പിക്കാറുണ്ട്.  മറ്റുള്ളവരുടെ മനസിനെ ഒപ്പിയെടുക്കുകയെന്നതാണ് അതിൽ നിന്നും അർത്ഥമാക്കുന്നത്. മനഃശാസ്ത്ര വിഷയകമായ ഈ പദത്തെ പരഹൃദയ ജ്ഞാനമെന്നും പറയാം. ശാസ്ത്രീയമായി ടെലിപ്പതിയുടെ (Telepathy) വാസ്‌തവികതയെപ്പറ്റി ഒരു സ്ഥിതികരണമുണ്ടായിട്ടില്ല. ഇന്ദ്രിയ സഹായമില്ലാതെ അപരന്റെ  മനോഗതം  സ്വമനസിലേയ്ക്ക് ആവഹിച്ചുകൊണ്ടുള്ള അനുഭവങ്ങളെപ്പറ്റി  പലരും സംസാരിക്കാറുണ്ട്. മുഖത്തു നോക്കി മനസിനെ പഠിച്ചു ലക്ഷണം പറയുന്നവരുമുണ്ട്. പക്ഷെ എത്രമാത്രം അതിൽ ശക്തിയടങ്ങിയിട്ടുണ്ടെന്നും വ്യക്തമല്ല.  പ്രായോഗിക  അനുഭവങ്ങൾ  പലരും പറയാറുണ്ടെങ്കിലും ശാസ്ത്രത്തിനു പുറത്തുള്ള വിഷയമായതുകൊണ്ട് ഒരു ആധികാരികത കല്പിക്കാനും സാധിക്കില്ല.

കുടുംബജീവിതത്തിന്റെ കണ്ണികളാണ് മക്കൾ. കുടുംബമെന്ന സ്നേഹബന്ധം  മുറിയാതെ  സൂക്ഷിക്കുന്നതും മക്കളാണ്. സ്നേഹത്തിലധിഷ്ഠിതമായ ഒരു സഹവർത്തിത്വം മാതാപിതാക്കളും മക്കളും തമ്മിൽ അവിടെ  നിലനിൽക്കുന്നു.  ഈ അടുത്തൊരു ദിവസം മക്കളെപ്പറ്റിയും അവരുടെ വളർന്ന കാലങ്ങളെപ്പറ്റിയും ഓർത്തുകൊണ്ടിരിക്കുകയായിരുന്നു. മക്കളുടെ  ബാല്യവും   മകന്റെ കുസൃതിയും മകളോടുള്ള വാത്സല്യവും  രാവിലെ എഴുന്നേൽപ്പിച്ച് സ്‌കൂളിൽ കൊണ്ടുപോവുന്നതും തിരിച്ചു കൊണ്ടുവരുന്നതും   ഓർത്തുപോയി.   സൈബർ ലോകത്തിലെ ലേഖനങ്ങൾ വായിച്ചും കമ്പ്യുട്ടറിൽ ബ്രൗസ് ചെയ്തും ചിന്തകളിലാണ്ട ഞാൻ  രാത്രി ഏറെയായെന്നും  അറിഞ്ഞില്ല.   എന്റെ മനസ്സ് എവിടെയൊക്കെയോ കാടു കേറുന്നുണ്ടായിരുന്നു. പതിറ്റാണ്ടുകളിലുള്ള അമേരിക്കൻ ജീവിതവും വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമായ ദിനങ്ങളും ഇക്കാലങ്ങളിലുണ്ടായ ദുഃഖങ്ങളും സന്തോഷങ്ങളും  ഒരു മായപോലെ അന്തഃകരണത്തിൽ ഉദിച്ചും അസ്തമിച്ചും  കടന്നുപോയി. ലോകത്ത് ഏതൊരു പിതാവും വിചാരിക്കുന്നപോലെ ഒപ്പം മക്കളുടെ ചില വിജയ കഥകളും ഓർമ്മകളിൽക്കൂടി മുളച്ചു വന്നു.  എനിക്ക് നേടാൻ കഴിയാഞ്ഞ നേട്ടങ്ങൾ മക്കളിൽ ദർശിച്ചപ്പോൾ സ്വയം അഭിമാനവുമുണ്ടായി. അനുഭൂതികൾ ആത്മമന്ത്രങ്ങളായി  മനസ്സിൽ ജ്വലിച്ചുകൊണ്ടിരുന്നു.

നീണ്ടകാലമുള്ള അമേരിക്കൻ ജീവിതത്തെപ്പറ്റിയും ചിന്തിച്ചു. വിവാഹവും വിവാഹശേഷം അമേരിക്കയിൽ വന്നതും ഇച്ചായൻ എന്റെ യാത്രയിൽ ദുഃഖിതനായിക്കൊണ്ട് കൊച്ചിൻ വിമാനത്താവളത്തിൽ എനിയ്ക്ക് ബൈ പറയുന്നതും ഡൽഹിയിൽ നിന്നുമുള്ള  ജമ്പോജെറ്റ് യാത്രകളും ജെ.എഫ്.കെ യിൽ ഭാര്യയുടെ കാത്തിരിപ്പും  എല്ലാമെല്ലാമുള്ള ഓർമ്മകൾ ഏകാന്തമായ മനസ്സിൽ കാടുകയറിക്കൊണ്ടിരുന്നു. ഉയർച്ചയിലും താഴ്ച്ചയിലുമുള്ള  കുടുംബ ജീവിതവും ജീവിതവുമായുള്ള മല്ലിടീലും  ഇന്നലെയുടെ സ്വപ്നങ്ങളായും മനസ്സിൽ ചെക്കേറി. പലതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായും മാറി. സുചിന്തകളുമായി എന്റെ മനസെവിടെയൊക്കെയോ വ്യാപരിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ഞാൻ ബഹുവിധങ്ങളായ ചിന്തകളിലാണ്ടിരിക്കേ എന്റെ മകൾ ജിജി അടുത്ത മുറിയിൽനിന്നും കുശല വർത്തമാനം പറയാൻ എന്റെയടുത്തെത്തി. ഭർതൃ ഗ്രഹത്തിൽനിന്നും അനേകമാസങ്ങൾക്കുശേഷം  ഇവിടെ വന്ന അവൾക്ക് ഒരുപാടൊരുപാട് കഥകൾ എന്നോട് പറയാനുണ്ടായിരുന്നു.   അതുവരെയവൾ യാത്രയിലായിരുന്ന അവളുടെ ഭർത്താവ് എബിയുമായി ടെലിഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെറു ചിരിയോടെ വന്നെത്തിയ അവളോട് മകൻ ജിജോയെപ്പറ്റി സംസാരിക്കാനാണ് അന്നെനിക്ക് തോന്നിയത്. ജിജോയും എന്റെ മരുമകൻ എബിയും മറ്റു പത്തു സുഹൃത്തുക്കളുമായി അവരുടെ ഒരു സുഹൃത്തിന്റെ ജന്മദിനമാഘോഷിക്കാൻ തെക്കേ അമേരിക്കയിൽ കോസ്റ്ററിക്കയെന്ന രാജ്യത്തേയ്ക്ക് വിമാനയാത്ര ചെയ്യുകയായിരുന്നു.

 ഒരിക്കലും അന്വേഷിക്കാത്ത മകനെപ്പറ്റി മകളോട് പതിവില്ലാതെ ഞാൻ ചോദിച്ചു, "എങ്ങനെയുണ്ട് ജിജോയും എബിയുമായുള്ള വിമാനയാത്ര. ജിജോ ഒരു ഡോക്ടറെന്ന നിലയിൽ രോഗികളെ പരിചരിക്കാനും അവന്റെ തൊഴിലിലും വളരെ മിടുക്കനാണല്ലേ"? എന്റെ ചോദ്യത്തിനുത്തരമായി !അവളൊരു ചെറിയ ചിരിയോടെ "അതെന്താ ഡാഡി അങ്ങനെ അവന്റെ ജോലിക്കാര്യത്തെപ്പറ്റി ചോദിച്ചത്." എന്ന് ആരാഞ്ഞു. 'ഡാഡിയൊരിക്കലും അവനെപ്പറ്റി ചോദിച്ചിട്ടില്ലാത്ത കാര്യവും 'അവൾ ഓർമ്മിപ്പിച്ചു. അതിനുശേഷം അവളും  എബിയുമായുള്ള സംഭാഷണം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ' എന്നും  ചോദിച്ചു. അവളുടെ ചോദ്യത്തിന്റെ അന്തരാർത്ഥം എന്തെന്നും എനിക്ക് മനസിലായില്ല. അതുവരെ മകളും മരുമകനുമായി എന്തോ നീണ്ട ടെലിഫോൺ സംഭാഷണമായിരുന്നുവെന്നു മനസിലായെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

അവളെന്നോട് പറഞ്ഞു, "ജിജോയെപ്പറ്റി ഇന്നത്തെ അവന്റെ യാത്രയിലുണ്ടായ സന്തോഷകരമായ ഒരു വാർത്ത പറയാനാഗ്രഹിക്കുന്നു." അവൾ തുടർന്നു, 'ഇന്നത്തെ വിമാനയാത്രയിൽ അവൻ  അപൂർവമായ ഒരു സമരിയാക്കാരന്റെ കർത്തവ്യം ചെയ്തു. യാത്രയ്ക്കിടയിൽ വിമാനത്തിൽ ഒരു സ്ത്രീ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു. വളരെ ഗുരുതരമായ നിലയിലായിരുന്നു അവർ. അമിതമായി ആ സ്ത്രീ ഛർദ്ദിക്കുകയും ചെയ്തു. അപകടകരമായ അവസ്ഥയിൽ ജീവനുമായി ഏറ്റുമുട്ടുന്ന അവരുടെ ജീവൻ രക്ഷിക്കാനായി ജിജോ ഓടിയെത്തി. വിമാനം ക്യുബയിൽ അടിയന്തിരമായി ഇറക്കാനും തീരുമാനിച്ചിരുന്നു. തക്ക സമയത്ത് ഒരു ഡോക്ടർ ചെയ്യേണ്ട എല്ലാ പരിചരണങ്ങളും അവർക്ക് അവൻ നൽകി.' അതിനുള്ള ഉപകരണങ്ങളും മെഡിസിനുമെല്ലാം എയർ ഹോസ്റ്റസ് തത്സമയം തന്നെ കൊണ്ടുവന്നെത്തിക്കുകയും ചെയ്തു.


അങ്ങനെയൊരു അവസരം ഒരു ഡോക്ടറുടെ ജീവിതത്തിൽ വളരെ വിരളമായി മാത്രം ലഭിക്കുന്നതും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതുമായിരുന്നു. അഭിമാനിക്കത്തക്കവണ്ണം ഒരു ഡോക്ടറെന്ന നിലയിൽ അത് !അവന്റെ തൊഴിലിനൊരു പൊൻതൂവലായിരുന്നു. അവനാൽ കഴിയുന്ന വിധം രോഗിണിയായ ആ സ്ത്രീയ്ക്ക് പരിചരണം കൊടുത്തതുകൊണ്ടു മരണകരമായ അവസ്ഥയിൽ നിന്നും അവർ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. സാധാരണ സ്ഥിതിയിലാവുകയും ചെയ്തു. വിമാനത്തിലുള്ള മറ്റു സഹയാത്രക്കാരുടെയിടയിലും വിമാനത്തിന്റെ ജോലിക്കാരുടെയിടയിലും ഒരു ഹീറോയാവുകയും ചെയ്തു. അടിയന്തിരമായി ക്യൂബയിലിറക്കാൻ തീരുമാനിച്ച വിമാനം പിന്നീട് ആ രാജ്യത്തു ലാൻഡ് ചെയ്യേണ്ടന്ന് വെച്ചു. മകൾ ഇക്കഥ പറയുമ്പോൾ അത് സംഭവിച്ചിട്ടു ഒരു മണിക്കൂറേയായിരുന്നുള്ളൂ.

അവന്റെ തൊഴിലിനെപ്പറ്റി  അവിചാരിതമായി ഞാൻ മകളോട് ചോദിച്ചതുകൊണ്ടാണ് വിമാനത്തിൽ നടന്ന കഥ അവൾ വിവരിച്ചത്. അത്തരം ഒരു സാഹചര്യത്തിൽ എന്തുകൊണ്ട്  അങ്ങനെയൊരു ചോദ്യം ചോദിച്ചുവെന്നും എന്നിൽ വിസ്മയമുളവാക്കിയിരുന്നു. മകനുമായുള്ള മാനസിക അടുപ്പമോ 'ടെലിപ്പതിയോ' എന്തായിരുന്നു അതിന് കാരണമെന്നും വ്യക്തമല്ല. മകൾക്കും അതൊരു അതിശയമായിരുന്നു.'

 ഒരു നിമിഷം ഞാൻ എന്നെപ്പറ്റി ചിന്തിച്ചു. യാദൃശ്ചികമായ ഒരു സംഭവം, വിമാനത്തേൽ ഒരു സമരിയാക്കാരനെപ്പോലെ അവൻ ജീവനുമായി മല്ലിടുന്ന ഒരു സ്ത്രീയെ സഹായിക്കുന്നു; എത്രയെത്ര പുണ്യനദി താണ്ടിയാലും ദേവാലയങ്ങൾ സന്ദർശിച്ചാലും അത്തരം പുണ്യകർമ്മത്തോളം എത്തില്ലായെന്നും ഓർത്തു.  വികാരാധീനമായ ഒരു മുഹൂർത്തത്തിൽ അവനെപ്പറ്റി അങ്ങനെ  ഓർക്കാൻ കാരണമെന്താണ്? അവന്റെ തൊഴിലിൽ അവൻ മിടുക്കനല്ലേയെന്ന് ചോദിക്കുവാനുണ്ടായ വൈകാരിക മനസ് എങ്ങനെയുണ്ടായി? സ്വയം എന്നോട് ചോദിക്കുന്ന ആ 'ടെലിപ്പതി'എന്നത് സത്യമോ മിഥ്യയോ?  ഇത്തരം മാനസിക സ്പർശനങ്ങൾ കൂടുതലും അനുഭവപ്പെട്ടിട്ടുള്ളത് മക്കളുമായും എന്നെ സ്‌നേഹിക്കുന്നവരിൽ നിന്നുമാണ്. അതിന്റെ സത്യസ്ഥിതി അവിശ്വസിനീയമാണെങ്കിലും അനുഭവിച്ചറിയുമ്പോൾ മനസിനുള്ളിൽ സ്പന്ദനവുമുണ്ടാക്കാറുണ്ട്.

ജിജോ യൂറോപ്പിൽ നിന്ന് എം.ഡി. ബിരുദവും അമേരിക്കയിൽ നിന്ന് ഓസ്റ്റിയപ്പതിയിൽ രണ്ടാമതൊരു മെഡിക്കൽ ബിരുദവും എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. എമർജൻസി വിഷയങ്ങളെപ്പറ്റി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ  ലോങ്ങ് ഐലൻഡിൽ ഒരു യുണിവേസിറ്റി മെഡിക്കൽ ഹോസ്പിറ്റലിൽ  എമർജൻസിയിൽ ജോലി  ചെയ്യുന്നു. ലോകത്ത് എവിടെയും സഞ്ചരിക്കാവുന്ന ഒരു ടിക്കറ്റും എയർ ലൈൻ പാരിതോഷികമായി അവനു അയച്ചുകൊടുത്തു. ഒപ്പം അവനെ അനുമോദിച്ചുകൊണ്ടുള്ള എയർ ലൈന്റെ ഒരു കത്തുമുണ്ടായിരുന്നു. ഡോക്ടറാകാൻ പഠിക്കുന്ന കാലങ്ങൾ മുതൽ ആവശ്യത്തിനുതകുന്ന സമരിയാക്കാരനെപ്പോലെ ഒരാളിന്റെയെങ്കിലും ജീവിതം രക്ഷിക്കാനുള്ള അവസരം കിട്ടണമെന്ന് അവൻ എന്നും ആഗ്രഹിച്ചിരുന്നുവെന്നും ഒരു വെബ്‌സന്ദേശത്തിൽ  കുറിച്ചുവെച്ചിട്ടുണ്ട്.


പൊഴിഞ്ഞുപോയ കഴിഞ്ഞകാലങ്ങളിലെ ചില അനുഭവങ്ങൾ എന്റെ ചിന്തകളെ ഇന്ന് അലട്ടിക്കൊണ്ടിരുന്നു. മനസ്സിൽ കയറിവന്നത് എന്റെ മകളുടെ കൗമാരം തീരുന്നതിനു മുമ്പുള്ള ഒരു സംഭവമായിരുന്നു. അനുഭവങ്ങളും പാളീച്ചകളുമായി ദുഃഖത്തിലാണ്ട അന്നത്തെ കഥ ഞാൻ ഇവിടെ കുറിക്കുന്നു.

ഓടിച്ചാടി, ഡാൻസും കളിച്ചു, തുള്ളിച്ചാടി, പ്രസംഗകലകളും പാട്ടും നൃത്തവുമായും അമേരിക്ക മുഴുവൻ മത്സര രംഗത്തുണ്ടായിരുന്ന എന്റെ മകൾ ഭേദമാകാത്ത 'മൾട്ടിപ്പിൾ സ്‌കോളറോസിസ്'  (Multiple sclerosis)എന്ന മാറാ രോഗത്തിനടിമപ്പെട്ടപ്പോൾ എനിക്കുണ്ടായിരുന്ന ആത്മവീര്യം തകർന്നുപോയിരുന്നു. ലക്ഷത്തിൽപ്പരം ജനങ്ങളിൽ ഒരാൾക്ക് വരുന്ന രോഗമാണിത്. ഇന്ത്യക്കാരിൽ വളരെ അപൂർവമായേ ഈ രോഗം കാണുള്ളൂ. സാധാരണ അമേരിക്കയിൽ വെളുത്തവർക്ക് മാത്രം കണ്ടുവരുന്ന രോഗവും. ഇംഗ്ലീഷിൽ 'ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ' എന്ന് പറയും.

അന്നവൾക്ക് പതിനെട്ട് വയസ്സ്. ഇന്ത്യയിൽ ആദ്യവർഷം എം.ബി.ബി.എസ്സിന് പഠിച്ചുകൊണ്ടിരിക്കുന്നു.  അവൾക്ക് കൂടെക്കൂടെ കൈകാലുകൾ തളരുന്ന കാരണങ്ങൾ 'മൾട്ടിപ്പിൾ സ്‌കോളറോസിസ്' എന്ന അസാധാരണ രോഗമെന്ന് ഡോക്ടർമാർ കണ്ടുപിടിച്ച ദിനം; ലോകം തന്നെ എനിക്കുമുമ്പിൽ അന്ധകാരമെന്നു തോന്നിപോയിരുന്നു.

ഞാൻ ന്യുയോർക്ക് ലൈബ്രറിയിലെ ഒരു ഓഫിസ് മുറിയിലിരുന്ന്  ജോലിചെയ്തുകൊണ്ടിരുന്ന  സമയത്തായിരുന്നു അവളുടെ അസുഖത്തെപ്പറ്റിയുള്ള വിവരമറിഞ്ഞത്. ഓഫീസിലിരുന്ന് അറിയാതെ  വാ പൊട്ടികരയുന്നതും മറ്റു സഹപ്രവർത്തകർ ഓടിവന്നു സമാശ്വാസ വാക്കുകൾ പറയുന്നതും ഓർമ്മകളിൽക്കൂടി കടന്നു വരുന്നുണ്ടായിരുന്നു. വീട്ടിൽ ഞാൻ വന്നെത്തിയപ്പോൾ രോഗമുണ്ടെന്നറിഞ്ഞിട്ടും കൂസലില്ലാതെ കണ്ണാടിയുടെ മുമ്പിൽ അവൾ  ഡാൻസ് ചെയ്തു കൊണ്ടിരിക്കുന്നു. "എന്നെ കണ്ടയുടൻ പറഞ്ഞു, "ഡാഡി വിഷമിക്കേണ്ട, എന്റെ നൃത്തത്തിന്റെ കാലടികൾ നോക്കൂ! അധികമാളുകൾക്ക് ഇങ്ങനെ സ്റ്റെപ്പുകൾ വെക്കാൻ സാധിക്കില്ല. എത്രകാലം എനിക്കിതു സാധിക്കുമെന്നും അറിയില്ല." ഉള്ളിലടക്കിയ ദുഃഖങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിസ്സഹായനെപ്പോലെ അവൾ പറഞ്ഞത് ഞാൻ കേട്ടുകൊണ്ടിരുന്നു.

അന്ധമായ വിശ്വാസവും പ്രാർത്ഥനകളുമായി നടക്കുന്ന ചില ബന്ധുജനങ്ങളും സുഹൃത്തുക്കളും  ഇങ്ങനെയെല്ലാം എനിക്ക് സംഭവിക്കുന്നത് പ്രാർത്ഥനയുടെ കുറവുകൊണ്ടെന്നും ഉപദേശിച്ചു. ഒരു വിധത്തിൽ ആലോചിച്ചപ്പോൾ ശരിയെന്നും തോന്നി. ദൈവത്തിന്റെ അസ്തിത്വത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിലും മതപ്രഭാഷകരും പാസ്റ്റർമാരും പറയുന്നതും അവരുടെ രോഗ സൗഖ്യങ്ങളും അമാനുഷിക പ്രവർത്തികളും തട്ടിപ്പ് തന്നെയെന്ന് വിശ്വസിച്ചിരുന്നു. മനസിനെ സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ, ഉത്തരം കാണാൻ സാധിക്കാതെ അക്കാലങ്ങളിൽ ചിലരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. കാരണം, ഞാൻ തന്നെ അസ്വഭാവികമായും ചഞ്ചലിക്കുന്ന മനസോടുകൂടിയും  എന്തുചെയ്യണമെന്നറിയാതെ അലയുന്ന സമയവുമായിരുന്നു.

പിന്നീടുള്ള നാളുകളിൽ മനസുനിറയെ ഭക്തി മൂത്തു നടക്കുന്ന കാലങ്ങളായിരുന്നു. ആത്മീയത തേടി കുറച്ചു മാസങ്ങൾ ദേശാടനങ്ങളും തുടങ്ങി. പോട്ടയിലെ ധ്യാനം രണ്ടു പ്രാവശ്യം കൂടി. ഭ്രാന്തന്മാരുടെ ഒരു ലോകത്തിൽ അങ്ങനെ വന്നുപെടുകയും ചെയ്തു. രാത്രിയും പകലുമില്ലാതെയുള്ള ശബ്ദതരംഗങ്ങളും വാദ്യാഘോഷങ്ങളും പാട്ടും കൊട്ടും സാക്ഷ്യം പറച്ചിലും നിറഞ്ഞ പ്രാർത്ഥനകളിൽ പങ്കുചേർന്ന എനിക്കും ഭ്രാന്തു പിടിച്ചോയെന്നു തോന്നിപ്പോവുമായിരുന്നു. പോട്ടയിലെ ധ്യാനം കൂടിയ ശേഷം എന്നിലെ ഭ്രാന്തനായ ഒരു മനുഷ്യനെയാണ് ഞാൻ സ്വയം കണ്ടത്. ജോലി ചെയ്യാനുള്ള താൽപ്പര്യം കുറഞ്ഞു. സർവ്വതും ദൈവമയം. ആരെക്കണ്ടാലും ദൈവ വിഷയം മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ.

അനുഭവങ്ങളും പാളീച്ചകളും

ജോസഫ് പടന്നമാക്കൽ

വിശ്വാസികളുടെ കാഴ്ചപ്പാടിൽ പോട്ടയിലെ ധ്യാനഗുരു പനയ്ക്കലച്ചൻ ഏതോ സ്വർഗത്തിൽ നിന്നിറങ്ങി വന്ന ദൈവദൂതനെന്നാണ്. പോട്ടയ്ക്കുള്ളിലെ ദേവഗീതങ്ങളും ചെണ്ടമേളങ്ങളും തുടരെയുള്ള പ്രസംഗങ്ങളും ഇടവിടാതെയുള്ള പ്രാർത്ഥനകളും ഏതു ബലഹീനനെയും മാനസികമായി അടിമപ്പെടുത്തുമായിരുന്നു. അവിടുത്തെ ഉപദേശിമാർ പറയുന്നത് സത്യമെന്നു ഞാനും വിശ്വസിച്ചു. തത്തമ്മപോലെ വർഷങ്ങളായി ഉരുവിടുന്ന അവരുടെ പ്രസംഗങ്ങൾ ആരെയും മയക്കുകയും ചെയ്യും. ഒരു അരവിന്ദാക്ഷമേനൊന്റെ വേദങ്ങളിലുണ്ടെന്നുപറഞ്ഞുള്ള പ്രജാപതിയുടെ പൊട്ടക്കഥയും കേൾക്കാം. ബൈബിൾ നിത്യം വായിക്കണമെന്നുള്ള സാരോപദേശവും ലഭിച്ചു. അങ്ങനെ രാത്രിയും പകലും ഒരുപോലെ ഉറങ്ങാതെ ബൈബിൾ വായിക്കുകയെന്ന വരവും എനിക്ക് ലഭിച്ചു.

എന്തോ 'ഒരു സൈക്കോപാത്ത്',(Psychopath) മനസിലാഞ്ഞടിച്ചതു കാരണം ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുമ്പോഴും വേദവചനങ്ങൾ പഠിക്കാനുള്ള അതീവ തീഷ്ണതയുമുണ്ടാകുമായിരുന്നു. ഭക്തന്മാർ അതിനെ ദൈവത്തിന്റെ വരപ്രസാദമെന്നു പറയും. ചിലർക്ക് കറുപ്പ് തിന്നുന്ന ശീലം പോലെ ബൈബിളിലെ വചനങ്ങളും എനിക്കന്ന് കറുപ്പുപോലെയായി തീർന്നു. പ്രപഞ്ചം മുഴുവനായും ശാസ്ത്രവും സർവ്വവിജ്ഞാനവും ആ കൊച്ചുപുസ്തകത്തിലുണ്ടെന്നും ഓർത്തുപോയി.

അതീവ ദുഃഖം വരുമ്പോൾ ബൈബിൾ തുറന്നു നോക്കും. അപ്പോഴെല്ലാം ദുഃഖങ്ങൾക്ക് പരിഹാരമായുള്ള വചനങ്ങൾ തേടും. ഒരു മനുഷ്യനെ സ്വാന്തനപ്പെടുത്താനുള്ള എല്ലാം വചനങ്ങളിലുണ്ടെന്നുള്ള തോന്നലുകളും മനസിനെ ആവരണം ചെയ്തിരുന്നു. അങ്ങനെ ഏതോ ഒരു തരം വചന ഭ്രാന്ത് എന്നെ മുഴുവനായി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അതേ, പോട്ടയിലെ ഭ്രാന്തന്മാരുടെ ലോകത്തിൽ നിന്നും എനിക്കേതോ പ്രാർത്ഥനാ ഭ്രാന്ത് കിട്ടിയെന്നതായിരുന്നു സത്യം. അവരുടെ ഭാഷയിലുള്ള കൃപ നിറഞ്ഞ ദൈവം അനുഗ്രഹീതമോ ശാപമോയെന്ന് വ്യക്തമല്ലായിരുന്നു.

അന്നുവരെ ഒരു ഉറച്ച മനസിന്റെ ഉടമയായിരുന്ന ഞാനും പുരോഹിതരുടെ ഉപദേശപ്രകാരം സർവ്വ ദുഃഖങ്ങളും ദൈവത്തിനർപ്പിക്കുന്ന ഒരു ചഞ്ചല ഹൃദയനായി തീർന്നു. ദൈവം ബലഹീനന്റെ കൂടെയെന്നുള്ള സത്യവും അതൊരു ഭാവനാതീതമെന്നതും കണ്ണുതുറന്നു നോക്കിയപ്പോഴാണ് മനസിലായത്. സ്വർഗം വേണമെങ്കിൽ അത്യുന്നതങ്ങളിലുള്ള ദൈവത്തെ വാഴ്ത്തിക്കൊണ്ടിരിക്കണം.

ബൈബിൾ വായനയുടെ തീവ്രതയിൽ അക്കാലങ്ങളിൽ ഒരു സംഭവമുണ്ടായി. എന്റെ മകന് അന്ന് വയസ്സ് പതിനാറ്. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലുമായിരുന്നു. വണ്ടിയോടിക്കാനുള്ള ലൈസൻസ് കിട്ടി അവൻ ആദ്യമായി കാറും കൊണ്ട് സ്വയം ഡ്രൈവ് ചെയ്ത് സ്‌കൂളിൽ പോയി. സ്‌കൂളിൽനിന്നും മടങ്ങി വരുംവഴി അവന്റെ വണ്ടിയും മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ച് വലിയൊരു അപകടമുണ്ടായി. കാർ നിശേഷം നശിച്ചിരുന്നു. അവനു ഒരു പോറലുപോലും ഏൽക്കാതിരുന്നത് അതിശയമായിരുന്നു. ഇന്ത്യയിൽ ഇരുന്നുകൊണ്ട് എന്റെ ബൈബിൾ വായനയുടെ ശക്തികാരണം അന്നുണ്ടായ അപകടത്തിൽ അവനൊന്നും സംഭവിച്ചില്ലായെന്ന് അന്ന് പലരുടെയും സംസാര വിഷയമായിരുന്നു. ബൈബിൾ കൊട്ടിഘോഷിക്കുന്നവരും ഇതേ അഭിപ്രായങ്ങൾ തട്ടി വിട്ടുകൊണ്ടിരുന്നു.

പോട്ടയ്ക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ കുടിലുകളെല്ലാം കൊട്ടാരങ്ങളാകുമെന്നും ഓല മേഞ്ഞ വീടുകളെല്ലാം ഓടിട്ടതാകുമെന്നും ഓർത്തുപോയി. ഒന്നും സംഭവിച്ചില്ല. ഒരു കൾട്ട് ലോകത്തുനിന്നും വിമുക്തമായതുപോലെയും തോന്നി.

ഇതിനിടയിൽ എന്റെ വായനയിൽക്കൂടി കിട്ടിയ വചനത്തിന്റെ ശക്തി പരീക്ഷിക്കാനും ഒരു അവസരം കിട്ടി. എരുമേലിയിൽ മരണാസന്നനായ ഒരു ബന്ധു പുല്ലുകാട്ട് അപ്പീസാറിന്റെ വീട്ടിൽപോവുകയും  അദ്ദേഹത്തിൻറെ കിടക്കറയ്ക്ക് സമീപം ഞാൻ പ്രാർത്ഥിക്കുകയും ബൈബിൾ തുറന്ന് ഉച്ചത്തിൽ വായിക്കുകയും ചെയ്തു. കൂടെ ബാബുക്കുട്ടിയുടെ മകൾ മിനിയും എന്നോടൊപ്പം പ്രാർത്ഥിക്കാനുണ്ടായിരുന്നു. അങ്ങനെ എന്റെ പ്രാർത്ഥനകളിൽക്കൂടി അനുഗ്രഹീതനായ അപ്പിസാറിനെ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്വർഗം തേടിയുള്ള യാത്രയിലേക്ക് നിത്യമായി പറഞ്ഞുവിടുകയും ചെയ്തു.

ബൈബിൾ വായനകളും പ്രാർത്ഥനകളും ഏതാനും മാസങ്ങൾ മാത്രമേ മനസ്സിൽ കുടിയിരുന്നുള്ളൂ. പിന്നീട് എനിക്കുകിട്ടിയ വരദാനമായ ആത്മീയ ചൈതന്യം എന്നിൽനിന്ന് നിശേഷം നശിച്ചു പോവുകയും ചെയ്തു. എങ്കിലും ഒരു തീർത്ഥാടകനെപ്പോലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന സ്വഭാവവും വന്നു കൂടി. അങ്ങനെ കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലും പ്രാർത്ഥിക്കാൻ  പോവുമായിരുന്നു. നീറുന്ന മനസോടെ അലഞ്ഞിരുന്ന ഞാൻ ഒരു തീർത്ഥാടകനെപ്പോലെ  വേളാങ്കണ്ണിയിലും ലൂർദ്ദിലും പോവുകയും ചെയ്‌തു.

എന്റെ ഹൃദയത്തിൽ ഞാൻ നമിക്കുന്ന ഒരേ ഒരു ദേവാലയമേയുള്ളൂ. അത് പൂർവികരാൽ പണിതീർത്ത അക്കരയമ്മ വസിക്കുന്ന പഴയപള്ളി മാത്രം. നമുക്കു മുമ്പേ ജനിച്ച മുത്തച്ഛനപ്പൂപ്പന്മാരുടെ കാലം തൊട്ടുള്ള ചൈതന്യം ആ പുണ്യ ദേവാലയത്തിൽ കുടികൊള്ളുന്നുണ്ട്. 'അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവരുമെ നിങ്ങൾ എന്റെ പക്കലേയ്ക്ക് വരുവിനെന്ന' തിരുവചനം അവിടെ സാക്ഷാൽക്കരിക്കുന്നു. നിലയ്ക്കൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ  വന്നെത്തിയ ആദ്യപിതാക്കന്മാരുടെ വിയർപ്പുഫലമാണ് ആ ദേവാലയം.

അനുഭവങ്ങളും പാളീച്ചകളും-4

ജോസഫ് പടന്നമാക്കൽ


ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റിയോ പ്രപഞ്ച ശക്തികളെപ്പറ്റിയോ ഒന്നും ഒരു വിവരണം തരാൻ  എനിക്ക് സാധിക്കില്ല. പ്രകൃതിയുടെ എല്ലാ അംശങ്ങളിലും ഈശ്വരന്റെ ചൈതന്യം കുടികൊള്ളുന്നു. വേദപുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്നത് പ്രാപഞ്ചിക നിയമങ്ങളെപ്പറ്റിയാണ്. പ്രാചീന മതങ്ങളായ വേദമതങ്ങളും പേഗനീസവും കൂട്ടി കലർത്തിയ സമ്മിശ്രതങ്ങളാണ് യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമിക മതങ്ങൾ. ഹൈന്ദവർ ഈശ്വരനെത്തേടി പുണ്യനദിയായ ഗംഗയിലും കാശിയിലും തിരുപ്പതിയിലുമെല്ലാം യാത്ര ചെയ്യുന്നു. മുസ്ലിമുകൾ മെക്കയിലും ക്രിസ്ത്യാനികൾ ജെറുസലേമിലും ലൂർദിലും ഫാത്തിമായിലും തീർത്ഥാടനം നടത്താറുണ്ട്. ഏഴു മില്യൻ ജനങ്ങളാണ് ഒരു വർഷം ലൂർദിൽ  വന്നെത്തുന്നത്. ഒരു ഗ്രാമീണ കന്യകയായ 'ബെർണാഡിറ്റെന്ന' കുട്ടിയ്ക്ക് മേരിയുടെ മായാരൂപം പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വസിച്ചു വരുന്നത്.

വേളാങ്കണ്ണിയിലും ലൂർദിലും എന്നെ ആകർഷിച്ചത് അവിടുത്തെ പ്രകൃതി രമണീയതയായിരുന്നു. വേളാങ്കണ്ണിയിലെ മേരിയുടെ ദേവാലയം അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. ലൂർദിലെ ദേവാലയം മലകളാലും ചുറ്റപ്പെട്ടിരിക്കുന്നു. തെളിമയാർന്ന ശുദ്ധജലം നിറഞ്ഞ ഒരു തടാകവും മലകൾക്ക് ചുറ്റും കാണാം. സഹ്യന്റെ താഴ്വരയിൽ ചിറ്റാറിന്റെ തീരത്തുള്ള പാർശ്വ വശങ്ങളിൽ അക്കരപ്പള്ളിയും സ്ഥിതിചെയ്യുന്നു. എന്റെ ചെറുപ്പകാലത്ത് ചിറ്റാറിൽക്കൂടി തെളിമയാർന്ന ശുദ്ധജലം മാത്രമേ ഒഴുകിയിരുന്നുള്ളൂ. ഇന്നവിടം പ്ലാസ്റ്റിക്കും ചപ്പുചവറുകളും കൊണ്ട് നിറച്ചിരിക്കുന്നു. അനശ്വരനായ ഈശ്വരൻ അവിടെനിന്നും ഓടിയൊളിച്ചുവെന്നും തോന്നിപ്പോവും.  

ലൂർദിലേയ്ക്ക് യാത്രയാകുന്നതിന് മുമ്പ് ഞാൻ പഴയപള്ളിയിലും വേളാങ്കണ്ണിയിലും പോയിരുന്നു. വേളാങ്കണ്ണിയിലെ കടൽത്തീരത്തുകൂടെ പ്രഭാതം മുതൽ മണിക്കൂറോളം നടന്നു. സൂര്യോദയവും സൂര്യാസ്തമയവും അവിടെനിന്ന് വീക്ഷിച്ചിരുന്നു. ദേവാലയത്തിനുള്ളിലെ ഭക്തജനങ്ങളുടെ കൂട്ടം കൂടിയുള്ള തേങ്ങാ ഉടയ്ക്കലുകളും കണ്ടു. കഴുതപ്പുറത്തു വന്ന യേശുവിന്റ ചാട്ടവാറിനുള്ള അടി ദേവാലയം അശുദ്ധരാക്കുന്ന അത്തരക്കാർക്കും നൽകേണ്ടിയിരുന്നുവെന്നു തോന്നിപ്പോയി.

'പൈറനീസ്' മലയിടുക്കുകളുടെ താഴ്വരകളിലാണ് ലൂർദെന്ന കൊച്ചു പട്ടണം സ്ഥിതി ചെയ്യുന്നത്. ദൈവം സർവ്വവ്യാപിയെന്നു ചിന്തിക്കുന്നവർക്ക് പൊട്ടക്കിണറ്റിലും തട്ടിൻ പുറത്തും ദൈവമുണ്ട്. എന്നിരുന്നാലും മനസ് ക്ഷീണിതമാകുമ്പോൾ ഇത്തരം പുണ്യസ്ഥലങ്ങൾ ഒരു ആത്മ സംതൃപ്തിയും നൽകിയേക്കാം. അപ്രതീക്ഷിതമായി ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യാം.

യേശു, ശിക്ഷ്യന്മാരുമൊത്ത് നടന്നത് നദികളുടെ തീരത്തും മലമുകളിൽക്കൂടിയും കുഷ്ഠരോഗികളുടെ ഇടയിലും ദരിദ്രരുടെ കുടിലുകളിലുമായിരുന്നു. കൂന്തൻ തൊപ്പികൾ തലയിൽ വെച്ചും അംശവടികൾ പിടിച്ചും ആർഭാടമേറിയ കുപ്പായങ്ങളണിഞ്ഞുമായിരുന്നില്ല ശിക്ഷ്യമാർ യേശുവിനൊപ്പം സഞ്ചരിച്ചിരുന്നത്! മണിമാളികകളോ വിലകൂടിയ കാറുകളോ അവർക്കുണ്ടായിരുന്നില്ല. ഷോപ്പിംഗ് കോമ്പ്ലെക്സുകളും ഫൈവ് സ്റ്റാർ ഹോസ്‌പിറ്റലുകളും മുക്കവക്കുടിലുകളിൽ ജനിച്ച യേശു ശിക്ഷ്യന്മാർക്കുണ്ടായിരുന്നില്ല. അന്ന് ആടുകൾക്ക് പിന്നാലെ ഇടയന്മാർ നടന്നിരുന്നു. മുന്നാലെ നടക്കുന്ന ഇന്നത്തെ ഇടയന്മാർക്ക് ആടുകളുടെ മാംസവും ഭക്ഷിക്കണം.
.
ലൂർദ്ദ് യാത്രയ്ക്ക് ശേഷം മകളുടെ സ്‌പൈനൽ കോഡിലുണ്ടായിരുന്ന അതിഗുരുതരമായ മൾട്ടിപ്പിൾ സ്‌കോളറോസിസ് (Multiple Sclerosis) ഭേദമായി. തലച്ചോറിലെ രോഗത്തിന് മാറ്റമുണ്ടായിരുന്നില്ല. അവളെ ചീകത്സിക്കുന്ന ന്യൂറോളജി സ്പെഷ്യലിസ്റ്റായ 'ഡോക്ടർ ഹോൾസ്റ്റയിൻ' അവളുടെ സ്‌പൈനൽ കോഡിൽ ബാധിച്ചിരുന്ന രോഗവിമുക്തിയെപ്പറ്റി കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു ദിവ്യാനുഭൂതി സംഭവിച്ചത് എന്റെ ശക്തമായ മനസോ അതോ മനസ്സ് ദിവ്യതയിൽ അലിഞ്ഞതോ ഏതെന്നു എനിക്ക് മനസിലാകുന്നില്ല. എന്തായാലും ഭേദമാകാത്ത അവളുടെ സ്‌പൈനൽ കോഡിലെ രോഗം പിന്നീട് വന്നിട്ടില്ല. അത് സംഭവിച്ചു. അല്ലായിരുന്നെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ അവൾ തളർന്നു പോവുമായിരുന്നു. എങ്കിലും  തലച്ചോറിലെ മൾട്ടിപ്പിൾ സ്‌കോളറോസിസ് ഇന്നും അവളെ അലട്ടുന്നുണ്ട്. ജീവിതകാലം മുഴുവൻ വിലകൂടിയ മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നാൽ സാധാരണ ജീവിതം തുടരാൻ സാധിക്കും. ഞാനൊരു യുക്തിവാദിയെന്നു പറയാനും കഴിയുന്നില്ല. ഇത് അത്ഭുതമായിരുന്നുവോയെന്നു സ്ഥിതികരിക്കാനും സാധിക്കുന്നില്ല.

ഒരിക്കൽ ഒരു വെന്തിക്കോസുകാരൻ പാസ്റ്ററോട് ലൂർദിലെ യാത്രയ്ക്കുശേഷം എനിക്കുണ്ടായ ഈ അനുഭവ സാക്ഷ്യത്തെപ്പറ്റി വിവരിച്ചു. പിശാചിന്റെ പ്രവർത്തനമാണ് അവിടെ നടക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. എങ്കിൽ ഇന്നുമുതൽ എന്റെ ദൈവം ആ പിശാചാണെന്നും ഞാൻ തർക്കുത്തരവും കൊടുത്തു. അയാളുടെ കീശയിൽ രോഗശാന്തിയുടെ പേരിൽ പണമെത്താഞ്ഞതിലുള്ള മനോവിഷമവും  പ്രകടമായിരുന്നു. ദൈവത്തെ വിറ്റു കാശാക്കുന്ന ഇവർക്കെല്ലാം ആഫ്രിക്കാ വേണ്ട സമൃദ്ധിയുടെ രാജ്യങ്ങളായ അമേരിക്കാ, കാനഡ പോലുള്ള രാജ്യങ്ങളിലെ ആത്മ്മാക്കളെ രക്ഷിച്ചാൽ മതി.

ചെറുപ്പം മുതലേ അക്കരയമ്മയെ എനിക്കിഷ്ടമാണ്. ആ 'അമ്മ കാഞ്ഞിരപ്പള്ളി മുഴുവനായ ഒരു ജനതയുടെ അമ്മകൂടിയാണ്. ഈ ആവേശം എനിയ്ക്കു പകർന്നു കിട്ടിയത് വല്യ കുഞ്ഞിൽ നിന്നും പിന്നീട് എന്റെ ഇച്ചായനിൽ നിന്നുമായിരുന്നു. പള്ളിയിൽ ഒരിക്കലും പോകാതിരുന്ന എന്റെ ഇച്ചായൻ ആരും കാണാതെ അക്കരപ്പള്ളിയിൽ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഇച്ചായന്റെ മക്കളും കൊച്ചുമക്കളും ജീവിതത്തിന്റെ വിവിധ തുറകളിൽ അല്ലലില്ലാതെ ജീവിക്കുന്ന കാരണങ്ങളും ആ വലിയ മനുഷ്യന്റെ നന്മകൾ നിറഞ്ഞ മനസായിരുന്നുവെന്നതിലും സംശയമില്ല. (തുടരും)



അനുഭവങ്ങളും പാളീച്ചകളും-5

ജോസഫ് പടന്നമാക്കൽ                                

എന്റെ മകൾ ജിജി അവളുടെ എം.ബി.ബി.എസും ഹൌസ് സർജൻസിയും കഴിഞ്ഞശേഷം കൂട്ടുകാരുമൊത്ത് സുനാമിയുണ്ടായതറിയാതെ വേളാങ്കണ്ണിയ്ക്ക് യാത്ര തിരിച്ചിരുന്നു. പഠിച്ചിരുന്ന കോളേജിൽ നിന്നും ബാംഗ്ളൂർ എത്താൻ ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ടായിരുന്നു. അവിടെനിന്നും വേളാങ്കണ്ണിക്കുള്ള ടുറിസ്റ്റ് ബസ്സിൽ യാത്ര ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. അസുഖത്തിന്റെ പേരിൽ അവൾക്ക് അവിടെയുള്ള പള്ളിയിൽ ഒരു നേർച്ചയുണ്ടായിരുന്നു.

അന്ന് ഞാൻ അമേരിക്കയിലായിരുന്നു. 2004 ഡിസംബർ ഇരുപത്തിയാറാം തിയതി ഉറങ്ങിക്കിടന്നിരുന്ന ഞാൻ അവൾ ബാംഗ്‌ളുർക്ക് സഞ്ചരിച്ച കാർ ഒരു ആടിനെ മുട്ടുന്നതായി സ്വപ്നം കണ്ടു. പെട്ടെന്നു ഞെട്ടിയുണർന്നു ഇന്റർനെറ്റിൽ വാർത്ത നോക്കിയപ്പോൾ വേളാങ്കണ്ണി പള്ളിയിൽ വെള്ളം കയറി കിടക്കുകയാണെന്നും ഏതാനും പേർ ഒഴുകി പോയെന്നും വായിച്ചു. രാത്രി മുഴുവൻ ബാങ്കളൂരിൽ ടെലിഫോണിൽ വിളിച്ചിട്ടും കണക്ഷൻ കിട്ടുന്നില്ലായിരുന്നു. ഒടുവിൽ നീണ്ട കാത്തിരിപ്പിനുശേഷം അവളുടെ ടെലിഫോൺ വന്നപ്പോഴാണ് എനിക്ക് സമാധാനം വന്നത്. അന്നെനിക്കുണ്ടായ സന്തോഷത്തിനും ഒരതിരില്ലായിരുന്നു.

എന്റെ സ്വപ്നകാര്യം അവളോട് പറഞ്ഞപ്പോൾ അതിൽ സത്യമുണ്ടെന്നും പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും വേളാങ്കണ്ണിയിൽ പോവുന്ന ബസ്സിൽ വന്നെത്താൻ ഒന്നര മണിക്കൂർ കോളേജിൽ നിന്നും കാറിൽ യാത്ര ചെയ്യണമായിരുന്നു. പക്ഷെ അവിടെയെത്തുംമുമ്പ് അവളും സുഹൃത്തുക്കളും സഞ്ചരിച്ച പുത്തൻ കാറ്‌ വഴിക്ക് നാലുപ്രാവശ്യം കേടായി. ഇടയ്ക്ക് ടയറും പൊട്ടി. അതിനുശേഷം എന്റെ സ്വപ്നത്തിൽ കണ്ടതുപോലെ കാർ ഒരു ആട്ടിൻ പറ്റത്തിന്മേൽ മുട്ടി നിറുത്തേണ്ടി വന്നു. "സ്വപ്നം ചിലർക്ക് ചിലകാലം ഒത്തിടുമെന്ന" ബാല്യത്തിൽ പഠിച്ച പദ്യവും ഓർമ്മ വന്നു. മണിക്കൂറുകൾക്കുശേഷം ബാംഗ്ളൂരിൽ അവരുടെ വാഹനം എത്തിയപ്പോൾ വേളാങ്കണ്ണി ബസ് പുറപ്പെട്ടു കഴിഞ്ഞിരുന്നു. യാത്ര മുടങ്ങുകയും ചെയ്തു. അന്ന് വേളാങ്കണ്ണിയ്ക്ക് പോയിരുന്നെങ്കിൽ ഒരു പക്ഷെ സുനാമി ദുരന്തങ്ങളിൽ അവളും സുഹൃത്തുക്കളും അകപ്പെടുമായിരുന്നു.

2004- ഡിസംബർ ഇരുപത്തിയാറാം തിയതി സുമാത്ര, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഭീകരമായ കൊടുങ്കാറ്റും സമുദ്രത്തിലെ തിരമാലകളുടെ ആർത്തിരമ്പലുകളുമുണ്ടായി. ഇന്ത്യൻ പ്ളേറ്റും ബർമ്മാ പ്ളേറ്റും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ഭൂമി കുലുക്കത്തിന്റെ ഫലമായി തിരമാലകൾ ഇന്ത്യ വരെ ആഞ്ഞടിച്ചിരുന്നു. പതിനാലു രാജ്യങ്ങളിലായി ഏകദേശം മൂന്നു ലക്ഷത്തിനടുത്ത് ജനം അന്ന് കൊല്ലപ്പെട്ടു. ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുകയാണെങ്കിൽ പ്രകൃതി ദുരന്തം കൊണ്ട് ഏറ്റവുമധികം ജനം കൊല്ലപ്പെട്ട ദിനവുമായിരുന്നു അന്ന്. ഇന്തോനേഷ്യയിലായിരുന്നു കൂടുതൽ ജനം കൊല്ലപ്പെട്ടത്. ഇന്ത്യയിലും ശ്രീ ലങ്കയിലും, തായ്‌ലണ്ടിലും സുനാമി അനേകായിരങ്ങളുടെ ജീവനെ അപഹരിച്ചു. വേളാങ്കണ്ണിയുടെ പരിസരങ്ങളും വെള്ളത്തിനടിയിൽ മുങ്ങിയിരുന്നു. അനേകർ വെള്ളത്തിലൊഴുകി പോവുകയും ചെയ്തു. ഒരു തീർത്ഥാടക ബസ് മുഴുവനായും അപ്രത്യക്ഷമാവുകയും ചെയ്തു. സുനാമി ദുരന്തം മൂലം വേളാങ്കണ്ണി പള്ളിയോടുള്ള വിശ്വാസം അനേകർക്ക് നഷ്ടപ്പെടുകയുമുണ്ടായി.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാലു വിറ്റുകൊണ്ടിരുന്ന ഒരു ഹിന്ദുച്ചെറുക്കന് വേളാങ്കണ്ണിയിലുള്ള ഒരു കുളക്കരയിൽവെച്ച് ഒരു സ്ത്രീയും കുഞ്ഞും പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു  ആൽമരത്തിന്റെ താഴെ അവൻ വിശ്രമിക്കുകയായിരുന്നു. ആ സ്ത്രീ തന്റെ കുഞ്ഞിനു കുടിക്കാൻ കുറച്ചു പാലു തരാമോയെന്നു ആ ചെറുക്കനോട് ചോദിച്ചു. അവൻ സ്ത്രീ ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞിനു പാൽ കൊടുക്കുകയും ചെയ്തു. പാൽ മേടിക്കുന്ന വീട്ടുടമസ്ഥനോട് ആവശ്യത്തിനു പാൽ നൽകാൻ സാധിക്കാഞ്ഞതിൽ അവൻ ക്ഷമാപണവും നടത്തി.

പാൽ മേടിക്കുന്ന മനുഷ്യൻ പാത്രം നോക്കിയപ്പോൾ പാൽപാത്രം നിറയേ പാലുണ്ടായിരുന്നു. എന്തോ അത്ഭുതം നടന്നുവെന്നും അയാൾക്ക് ബോദ്ധ്യമായി. ആ മനുഷ്യനും ഒരു ഹിന്ദുവായിരുന്നു. സ്ത്രീ പ്രത്യക്ഷപ്പെട്ട കുളത്തിന്റെ കരയിൽ മരത്തിന്റെ ചുവട്ടിൽ ബാലനുമൊത്ത് അയാൾ വന്നു. കുളത്തിന്റെ കരയിൽ എത്തിയയുടൻ തേജസ്സാർന്ന ഒരു സ്ത്രീ അവരുടെ മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ടത് അമ്മയായ മേരി മാതാവെന്നറിഞ്ഞപ്പോൾ സ്ഥലത്തുള്ള കത്തോലിക്കരായവർ ഹര്‍ഷോന്‍മത്തരായി തീർന്നിരുന്നു. മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തിൻകരയ്ക്ക് 'മാതാകുളം' എന്ന് പേരും നൽകി.
 
ഏതാനും വർഷങ്ങൾക്കുശേഷം മോരും വെള്ളം വിറ്റുകൊണ്ടിരുന്ന കാലിനു സ്വാധീനമില്ലാത്ത ഒരു ബാലന് അതേസ്ഥലത്തുതന്നെ സ്ത്രീ തന്റെ കുഞ്ഞുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. മോരു വിറ്റുകൊണ്ടിരുന്ന ആ ചെറുക്കന് കാലിനു സ്വാധീനമുണ്ടായിരുന്നില്ല. ദാഹിക്കുന്ന തന്റെ കുഞ്ഞിനു  കുടിക്കാൻ മോരുംവെള്ളം സ്ത്രീ ആവശ്യപ്പെട്ടു. അവൻ ആ കുഞ്ഞിനു കുടിക്കാൻ മോരുംവെള്ളം നൽകി. ഈ ദർശനത്തിന്റെ വിവരം നാഗപ്പട്ടണത്തുള്ള ഒരു ധനികനെ അറിയിക്കാനും സ്ത്രീ ആവശ്യപ്പെട്ടു.

ഉടൻ തന്നെ അവന്റെ കാലു സുഖപ്പെടുകയും അവൻ ഓടി മാതാവ് പ്രത്യക്ഷപ്പെട്ട വിവരം ധനികനെ അറിയിക്കുകയും ചെയ്തു. ബാലനു സംഭവിച്ച അത്ഭുതം മനസിലാക്കാതെ ധനികനായ ഈ മനുഷ്യന് തലേരാത്രി അവിടെ ഒരു പള്ളി പണിയണമെന്ന സ്വപ്നവുമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് അത്ഭുതം നടന്ന സ്ഥലത്ത് എത്തുകയും മാതാവ് അവർക്ക് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. അവിടെ ഒരു പള്ളി പണിയണമെന്നും ആവശ്യപ്പെട്ടു. 'ആരോഗ്യ മാതാവിന്റെ' നാമത്തിൽ പള്ളി പണിയുകയും ചെയ്തു.

വീണ്ടും വർഷങ്ങൾക്കു ശേഷം കൊടുങ്കാറ്റിൽപ്പെട്ട്, തകർന്ന ഒരു പോർട്ടുഗീസ് കപ്പൽ  വേളാങ്കണ്ണിയിലെത്തി. അതിലുണ്ടായിരുന്ന പോർട്ടുഗീസ് നാവികർ കപ്പലപകടത്തിൽനിന്നും കഷ്ടിച്ച് രക്ഷപെട്ടിരുന്നു. 'അമ്മ വേളാങ്കണ്ണി മാതാവ് അവരെ രക്ഷിച്ചുവെന്നു നാവികർ വിശ്വസിക്കുകയും ചെയ്തു. അതിനു നന്ദി സൂചകമായി നാവികർ ഉറപ്പുള്ള ഒരു ദേവാലയം അവിടെ പണികഴിപ്പിക്കുകയും അതിനുശേഷം അവർ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്തു. (തുടരും)

എന്റെ അമ്മച്ചി മരിച്ച ദിവസം ഓർമ്മിക്കുന്നു. സുപ്രഭാതത്തിൽ ഉണരുന്ന സമയം അമ്മച്ചി എന്റെ സ്വപ്നത്തിൽ വന്നു ഇങ്ങനെ പറഞ്ഞു, 'ജോസുകുട്ടി ഞാൻ മരിച്ചു.' "ഇപ്പോൾ എന്റെ ശവം മറവു ചെയ്തു." അമ്മച്ചി വീണ്ടും പറഞ്ഞു, ഞാൻ മരിക്കുമ്പോൾ എന്റെ മക്കളിൽ  ബാബുക്കുട്ടി മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ".  അമ്മച്ചിയെ ഞാൻ സ്വപ്നം കണ്ടത് ഒരു മാലാഖ രൂപത്തിലായിരുന്നു. തൂവെള്ള ചട്ടയും കച്ചമുറിയും ധരിച്ചു  കണ്ടത് അമ്മച്ചിയുടെ ചെറുപ്പകാലത്തിലെ ഒരു യുവതിയുടെ രൂപത്തിലായിരുന്നു. ദൈവികമായ ഒരു പ്രഭയോടെയായിരുന്നു അമ്മച്ചി വന്നത്. സുവർണ്ണ പ്രകാശമായി മുകളിലേയ്ക്ക് പോയി അപ്രത്യക്ഷമാകുന്നതും സ്വപ്‍ന രൂപത്തിൽ കണ്ടു. കണ്ണു തുറന്നപ്പോഴേ എന്റെ സ്വപ്നങ്ങൾ ഭാര്യയുമായി പങ്കിടുകയും ഉടൻതന്നെ അമ്മച്ചി മരിച്ചുവെന്ന് നാട്ടിൽ നിന്ന് ടെലഫോൺ വരുകയും ചെയ്തു.

മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ശ്രീ കൃഷ്ണയ്യർ പരേതാത്മാക്കളോട് സംസാരിച്ചിരുന്നുവെന്ന്  (Séance) അവകാശപ്പെട്ടിരുന്നു. 1973 മുതൽ അദ്ദേഹം തന്റെ ഭാര്യയുടെ മരണശേഷം പരേതയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് തറപ്പിച്ചു പറയുമായിരുന്നു.   മരണമെന്നത് ഒരു താൽക്കാലിക വിടവാങ്ങലെന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. മരിച്ചുപോയ തന്റെ ഭാര്യയുമായുള്ള സംസാരത്തിന്റെ ശാസ്ത്രീയതയെ ലക്ഷ്യമാക്കി ഒരു പുസ്തകംതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്. അങ്ങനെയുള്ള മാനസികാനുഭവ സാക്ഷ്യങ്ങൾക്ക് 'ടെലിപ്പതി'യെന്നു പറയാൻ കഴിയില്ല. കാരണം അദ്ദേഹം സംസാരിച്ചുവെന്ന് അവകാശപ്പെട്ടിരുന്നത് പരേതാത്മാക്കളോടായിരുന്നു. ജീവിക്കുന്നവരുടെ മനസുകളെ അളന്നുകൊണ്ടായിരുന്നില്ല. മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോയെന്ന യാഥാർഥ്യം മതത്തിന്റെ ചട്ടക്കൂട്ടിൽ കഴിയുന്നവർക്കേ ഗ്രഹിക്കാൻ കഴിയുള്ളൂ. അത്തരം കാര്യങ്ങൾ യുക്തിചിന്തകളിൽ ഒതുങ്ങുന്നതല്ല.

ജീവിതത്തിൽ കടന്നുപോയിട്ടുളള അനുഭവങ്ങൾ വേറെയുമുണ്ട്. നാം സ്നേഹിക്കുന്നവർ തമ്മിൽ 'ടെലിപ്പതി'യിൽക്കൂടി സന്ദേശങ്ങൾ നല്കുന്നുണ്ടോയെന്നും തോന്നിപ്പോവുന്നു. ഇത്തരം സംഭവങ്ങളുടെ നടുവിൽ സ്നേഹിക്കുന്നവരെ ഓർക്കാൻ കാരണമെന്താണെന്നും അറിയില്ല. മനസിലുണ്ടാകുന്ന വികാരങ്ങൾ മറ്റുള്ളവരുടെ മനസുമായി ഒപ്പിയെടുക്കുമ്പോൾ രണ്ടു മനസുകൾ തമ്മിൽ അവിടെ കൂട്ടി മുട്ടുന്നുവോ? മനസുകൾ തമ്മിൽ ആശയ വിനിമയം നടത്തുന്നുണ്ടോ? യുക്തിയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്നും മനസ്സിൽ അവശേഷിക്കുന്നുണ്ട്. ഒരു പുരുഷനെന്ന നിലയിൽ എന്നോടാരെങ്കിലും കരഞ്ഞിട്ടുണ്ടോയെന്നു ചോദിച്ചാൽ പൊട്ടിക്കരഞ്ഞ ദിനങ്ങളുമുണ്ടായിട്ടുണ്ട്. മനസിനെ തളർത്തിയിട്ടും തളരാതെ സ്വയം ഊർജം സമാഹരിച്ചുകൊണ്ടു വീണ്ടും ഉണർന്നെഴുന്നേറ്റിട്ടുമുണ്ട്. അതാണ് ഞാൻ, ഞാനും എന്റെ കുടുംബ ബന്ധങ്ങളും സ്നേഹത്തിന്റെ കണ്ണിയിൽ നിത്യവും ബന്ധിതമാണ്.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...