ജോസഫ് പടന്നമാക്കൽ
2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി പ്രണബ് മുഖർജി ഇന്ത്യയുടെ പതിമൂന്നാം പ്രസിഡന്റായി അവരോധിക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആചാര്യനും അനുഭവ സമ്പന്നനുമായ അദ്ദേഹം വിദേശം, ധനകാര്യം, വ്യവസായം, പ്രതിരോധം വകുപ്പുകളിൽ കേന്ദ്ര മന്ത്രിയായി തനതായ വ്യക്തി മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ കർമ്മോന്മുഖനായി പ്രശസ്തിയുടെ കൊടുമുടികൾ നേടിക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ രാഷ്ട്രീയ ജൈത്രയാത്രകൾ നയിച്ചിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവായിരുന്ന 'മുഖർജി' പാർട്ടിയുടെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരിൽ പ്രമുഖനായിരുന്നു. കോൺഗ്രസിന്റെ നേതൃനിരയിലുള്ള പ്രവർത്തകനായി നീണ്ട ഇരുപത്തിമൂന്നു വർഷങ്ങൾ അദ്ദേഹം സേവനം ചെയ്തു. വെസ്റ്റ് ബംഗാളിൽ ഒരു കുഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഇന്ത്യൻ പ്രസിഡന്റ് പദം വരെയുള്ള നേട്ടങ്ങൾ ഒരു ജൈത്ര യാത്ര തന്നെയായിരുന്നു. അഞ്ചു വർഷത്തേയ്ക്ക് തിരഞ്ഞെടുത്ത പ്രസിഡന്റ് മുഖർജി, കോൺഗ്രസിന് ഭരണം നഷ്ടപ്പെടുന്നതും പ്രതിപക്ഷ പാർട്ടി ഭരണം ഏറ്റെടുക്കുന്നതും ദൃക്‌സാക്ഷിയായിരുന്നു. രണ്ടുപ്രാവശ്യം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള മത്സരാർത്ഥിയായിരുന്നു. 2004-ലും 2009-ലും അദ്ദേഹത്തെ ലോകസഭയിൽ തിരഞ്ഞെടുത്തിരുന്നു.
പ്രണബ് മുഖർജി 1935 ഡിസംബർ പതിനൊന്നാം തിയതി വെസ്റ്റ് ബംഗാളിലെ ബിർബും ഡിസ്ട്രിക്റ്റിൽ 'മിരതി' എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്റേത് ബ്രാഹ്മണ കുടുംബമായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയായ ശ്രീ കാമദാ കിങ്കർ മുക്കർജിയുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനായി പട പൊരുതിയിരുന്ന സ്വന്തം പിതാവിൽ ആവേശഭരിതനായിട്ടായിരുന്നു വളർന്നത്. അദ്ദേഹത്തിൻറെ പിതാവും കോൺഗ്രസിലെ നീണ്ടകാല പ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് പിതാവ് അനേക തവണകൾ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
സൂരിയിലുള്ള സൂരി വിദ്യാസാഗർ കോളേജിൽ നിന്ന് ചരിത്രവും രാഷ്ട്രീയ മീമാംസയും ഐച്ഛിക വിഷയങ്ങളായി എടുത്ത് എം എ ബിരുദങ്ങൾ നേടിയിരുന്നു. കൽക്കട്ടാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.ബി. ബിരുദവും ലഭിച്ചു.പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിവിഷനിൽ അപ്പർ ഡിവിഷൻ ക്ലർക്കായി കൽക്കട്ടായിൽ അദ്ദേഹം ഉദ്യോഗമാരംഭിച്ചു.1963-ൽ വിജയ നാഗർ കോളേജിൽ രാഷ്ട്രീയ ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു. പിന്നീട് 'ദേശാർ ഡാക്' (Motherland) എന്ന പത്രത്തിൽ പത്രാധിപരായും ജോലി ചെയ്തു. സ്വന്തം പിതാവിന്റെ കാലടികൾ പിന്തുടർന്നുകൊണ്ട് പിന്നീട് രാഷ്ട്രീയ ജീവിതമാരംഭിച്ചു.
1957 ജൂലൈ പതിമൂന്നാം തിയതി പ്രണബ് മുഖർജി 'സുവ്‌റ' മുക്കർജിയെ വിവാഹം ചെയ്തു. പത്തു വയസുവരെ 'സുവ്‌റ' വളർന്നത് ബംഗ്ളാദേശിലായിരുന്നു. ഈ ദമ്പതികൾക്ക് രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്. മകൻ 'അഭിജിത് മുക്കർജി' പാർലമെന്റ് അംഗമാണ്. മകൾ 'ഷർമിസ്ത' ഇന്ത്യൻ നാഷണൽ പ്രവർത്തകയും 'കഥക്' നർത്തകിയുമാണ്. മുഖർജി ജനിച്ചു വളർന്ന സ്വന്തം ഗ്രാമമായ മീരതിയിൽ ദുർഗ പൂജകളിൽ പങ്കുകൊള്ളാറുണ്ട്. നാലു ദിവസങ്ങളോളം ദുർഗ്ഗപൂജയുടെ ആചാരങ്ങളിൽ സംബന്ധിക്കുന്നു. ജനിച്ചു വളർന്ന ഗ്രാമത്തിലെ ജനങ്ങളുമായി ഇടപെഴുകാനുള്ള അവസരമായി ദുർഗ്ഗപൂജയെ അദ്ദേഹം കാണുന്നു. 2015 ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിൻറെ ഭാര്യ 'സുഹ്‌റ' ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരിക്കുമ്പോൾ അവർക്ക് 74 വയസുണ്ടായിരുന്നു
1969-ൽ കോൺഗ്രസ്സ് ടിക്കറ്റിൽ ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ രാജ്യസഭയിൽ നോമിനേറ്റ് ചെയ്ത കാലം മുതൽ രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരുന്നു. അവിടെനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീമാചാര്യനായി വളർന്ന് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ഔദ്യോഗിക പദവികൾ അലങ്കരിച്ചു. മഹാനായ ഒരു പ്രസിഡന്റെന്ന നിലയിലാണ് അദ്ദേഹം രാഷ്ട്രപതി ഭവനിൽനിന്നും പടിയിറങ്ങിയത്. ആദ്യകാലങ്ങൾ മുതൽ ഇന്ദിരാഗാന്ധി മരിക്കുംവരെ മുഖർജി ഇന്ദിരയുടെ ആരാധകനായിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് അദ്ദേഹം അമൂല്യങ്ങളായ സേവനങ്ങൾ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നുതന്നെ ഇന്ദിരാ ഗാന്ധിയുടെ ക്യാബിനറ്റിൽ വ്യവസായ സഹമന്ത്രിയായി നിയമിതനായി. 1975–77 കാലങ്ങളിൽ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു.
ഭരണഘടനയെക്കാൾ ഉപരിയായി അടിയന്തിരാവസ്ഥ കാലത്ത് ഭരണം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം മുഖർജിയുടെ പേരിലുമുണ്ടായിരുന്നു. 1977-ൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടപ്പോൾ പുതിയ ജനതാ പാർട്ടി നിയമിച്ച ഷാ കമ്മീഷൻ മുഖർജിയെ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. വീണ്ടും മുഖർജി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തവിധം തിളങ്ങുന്ന ഒരു നേതാവായി ഉയർന്നു വന്നു. 1979-ൽ രാജ്യസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഡെപ്യുട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ രാജ്യസഭയുടെ നേതാവായും നിയമിച്ചു. 1982 മുതൽ 1984 വരെ ഇന്ത്യയുടെ ധനകാര്യ മന്ത്രിപദം അലങ്കരിക്കുകയും ചെയ്തു.
ധനകാര്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻറെ ദീർഘവീക്ഷണങ്ങൾ രാജ്യതാല്പര്യങ്ങൾക്ക് എക്കാലവും പ്രയോജനപ്രദമായിരുന്നു. സാമ്പത്തികമായുള്ള പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു. അതുമൂലം ഐ.എം.എഫ്-നു അടയ്ക്കാനുള്ള അവസാന ഇൻസ്റ്റാൾമെന്റ് വരെ ഇന്ത്യയ്ക്ക് കുടിശിഖയില്ലാതെ കൃത്യമായി അടയ്ക്കാൻ സാധിച്ചു. സാമ്പത്തിക മേഖലകളിൽ ഇന്ത്യയുടെ മൊത്തവരുമാനവും വർദ്ധിച്ചു. സാമ്പത്തിക വളർച്ചയുടെ പേരിൽ ഇന്ദിരാ ഗാന്ധിക്ക് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു. മൻമോഹൻ സിംഗിനെ റിസർവ് ബാങ്ക് ഗവർണ്ണറായി നിയമിക്കാനുള്ള ഓർഡർ ഒപ്പിട്ടതും മുഖർജിയായിരുന്നു. മന്ത്രി സഭയിലെ ഏറ്റവും സീനിയർ അംഗമെന്ന നിലയിൽ പ്രധാന മന്ത്രിയുടെ അഭാവത്തിൽ ക്യാബിനറ്റ് മീറ്റിംഗുകളിൽ അദ്ധ്യക്ഷം വഹിച്ചിരുന്നതും അദ്ദേഹമായിരുന്നു. സാമൂഹിക പദ്ധതികൾക്കായി അനേക ഫണ്ടുകളും മന്ത്രിയെന്ന നിലയിൽ അനുവദിച്ചിരുന്നു. ഗ്രാമീണ പദ്ധതികൾക്കും ഫണ്ടുകൾ നൽകി ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായും പ്രവർത്തിച്ചിരുന്നു.
1984-ൽ ഇന്ദിരാ ഗാന്ധി കൊലചെയ്യപ്പെട്ട ശേഷം അവരുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധിയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നൽകിയതിൽ അസ്വസ്ഥനായ മുഖർജി കോൺഗ്രസ്സ് വിട്ടിരുന്നു. പരിചയ സമ്പന്നനല്ലാത്ത ഒരാളിനെ പ്രധാനമന്ത്രിയാക്കിയതിൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. അതിനു ശേഷം പാർട്ടിയിൽനിന്നു വേറിട്ട് സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. യാതൊരു പരിചയവുമില്ലാത്ത രാജീവ് ഗാന്ധി ആ സ്ഥാനത്തിന് അർഹനല്ലെന്നായിരുന്നു മുഖർജിയുടെ വാദം. പ്രധാനമന്ത്രിയാകാനുള്ള അധികാര വടംവലിയിൽ മുഖർജിയുടെ കോൺഗ്രസിലെ സ്ഥാനമാനങ്ങൾ തെറിച്ചിരുന്നു. 'രാഷ്ട്രീയ സമാജ്‌വാദി' എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി അദ്ദേഹം രൂപീകരിച്ചു.
രാജീവ് ഗാന്ധിയുമായുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ 1989-ൽ അദ്ദേഹത്തിൻറെ പാർട്ടി കോൺഗ്രസിൽ ലയിച്ചു.1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ നരസിംഹ റാവു പ്രധാന മന്ത്രിയായി. അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി വീണ്ടും ഉയർച്ചയിലേയ്ക്ക് കുതിച്ചു. 1991 -ൽ അദ്ദേഹത്തെ പ്ലാനിംഗ് കമ്മീഷന്റെ തലവനായി നിയമിച്ചു. 1995 മുതൽ1996 വരെ അദ്ദേഹം റാവു മന്ത്രി സഭയിലെ ക്യാബിനറ്റ് റാങ്കോടെയുള്ള വിദേശകാര്യ മന്ത്രിയായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ ഇന്ത്യയുടെ സുപ്രധാനങ്ങളായ അനേക പോസ്റ്റുകൾ കൈകാര്യം ചെയ്തിരുന്നു. 1998-ൽ മുഖർജി കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്നവനായ രാജ്യതന്ത്രജ്ഞൻ എന്ന നിലയിൽ സോണിയാ ഗാന്ധിയെ കോൺഗ്രസിന്റെ പ്രസിഡന്റാക്കാൻ നിർദ്ദേശിച്ചു. 2004-ൽ കോൺഗ്രസ്സ് ഐക്യ പാർട്ടികൾ അധികാരത്തിൽ വന്നപ്പോൾ മുഖർജിയെ പാർലിയമെന്റിൽ സാമാജികനായി തിരഞ്ഞെടുത്തിരുന്നു. അന്നുമുതൽ മൻമോഹൻ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരിൽ രണ്ടാമനായി ഭരണ നിർവഹണങ്ങളിൽ ഏർപ്പെട്ടിരുന്നു.
2004 മുതൽ 2006 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി ചുമതലകൾ വഹിച്ചിരുന്നു. ഒരിക്കൽക്കൂടി 2006 മുതൽ 2009 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും കർത്തവ്യങ്ങൾ നിർവഹിച്ചു. പിന്നീട് 2009 മുതൽ 2012 വരെ ധനകാര്യ മന്ത്രിയായും സേവനം ചെയ്തു. 2009, 2010, 2011 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 2004 മുതൽ തുടർച്ചയായി 2012 വരെ ഇന്ത്യൻ പാർലമെന്റിന്റെ നേതാവുകൂടിയായിരുന്നു. നയതന്ത്ര രംഗങ്ങളിലും വിദേശകാര്യങ്ങളിലും അദ്ദേഹം പരിചയ സമ്പന്നമായ വ്യക്തിപ്രഭ പ്രകടിപ്പിച്ചിട്ടുണ്ട്. ഐ.എം എഫ്. ന്റെ ബോർഡ് ഗവർണ്ണർമാരിൽ ഒരാളായിരുന്നു. കൂടാതെ വേൾഡ് ബാങ്ക്, ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്, ആഫ്രിക്കൻ ഡെവലപ്പ്മെന്റ് എന്നീ ബാങ്കുകളുടെ ഭരണ സമിതികളിലും പ്രവർത്തിച്ചിരുന്നു. 1982,1983,1984 എന്നീ വർഷങ്ങളിൽ കോമൺ വെൽത്ത് ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് പ്രതിനിധികളെ നയിച്ചിരുന്നത് മുഖർജിയായിരുന്നു.
2012 ജൂണിൽ പ്രണബ് മുഖർജിയെ ഇന്ത്യൻ പ്രസിഡന്റായി യു.പി.എ സർക്കാർ നോമിനേറ്റ് ചെയ്തു. പ്രസിഡന്റായി മത്സരിക്കാൻ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. പി.എ.സംഗമയെ പരാജയപ്പെടുത്തിക്കൊണ്ടു 2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. 2013 -ൽ ഇന്ത്യയുടെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്ന അനേക നിയമങ്ങളിലും ഉടമ്പടികളിലും ഒപ്പു വെച്ചു.
ഒരു ഇന്ത്യൻ പ്രസിഡണ്ടിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നതും അദ്ദേഹത്തിൻറെ കാലത്തായിരുന്നു. ഒരു ഫയൽ പോലും അവിടെ കെട്ടി കിടന്നിട്ടില്ല. എല്ലാ ഫയലുകളും അതാത് സമയത്തുതന്നെ പരിശോധിച്ച് കൃത്യമായി തീരുമാനങ്ങൾ എടുത്തിരുന്നു. ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി സമഗ്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു. എന്ത് തീരുമാനം എടുത്താലും ഭരണഘടനയുടെ നിയമത്തിനുള്ളിൽ മാത്രമേ കൈകാര്യം ചെയ്തിരുന്നുള്ളൂ. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ഭരണഘടനയ്ക്ക് യോജിച്ചതല്ലെങ്കിൽ അദ്ദേഹം ഗൗനിക്കുമായിരുന്നില്ല. അക്കാര്യത്തിൽ ആരെയും വകവെക്കാത്ത ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നും വിട്ടുവീഴ്ചയില്ലാതെ ഭരണപരമായ കാര്യങ്ങളിൽ ധീരമായ തീരുമാനങ്ങൾ എടുക്കുമായിരുന്നു. എങ്കിലും നരേന്ദ്ര മോദി അദ്ദേഹത്തെ ഒരു പിതാവിന്റെ സ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്തു.
ഇന്ദിരാ ഗാന്ധി അദ്ദേഹത്തിൻറെ മാനസിക നേതാവായിരുന്നെങ്കിലും നെഹ്‌റുവിനെ അദ്ദേഹം ആരാധ്യനായും കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് വളരെ കൃത്യനിഷ്ഠയോടെയും ഇന്ത്യയുടെ മറ്റേത് പസിഡണ്ടുമാരുടെ കാലത്തേക്കാളും ഉത്തരവാദിത്വങ്ങളോടെയും ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നു. രാഷ്ട്രീയത്തിലായാലും സാമൂഹിക തലങ്ങളിലായാലും എന്തുതന്നെ പ്രശ്നങ്ങളായാലും അതിനെല്ലാം പരിഹാരം കാണുവാൻ അദ്ദേഹത്തിന് അസാമാന്യമായ കഴിവുകളുണ്ടായിരുന്നു. കോൺഗ്രസ്സ് പാർട്ടിയുടെ കുത്തഴിഞ്ഞ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലും എന്നും നേതൃത്വം കൊടുത്തിരുന്നു.
അദ്ദേഹത്തിൻറെ ഭരണകാലത്തിൽ രാഷ്ട്രപതി ഭവൻ നവീകരിക്കാനും അതിന്റെ പൂർവകാല ഗാംഭീര്യം വീണ്ടെടുക്കാനും സാധിച്ചു. പൊതു ജനങ്ങൾക്കും ഉപകാരപ്രദമാകത്തക്ക വണ്ണം ഒരു മ്യൂസിയവും സ്ഥാപിച്ചു. രാഷ്ട്രപതി ഭവനിലെ പൗരാണിക കാലം മുതലുണ്ടായിരുന്ന പഴയ കലാരൂപങ്ങൾ മുഴുവനായും നവീകരിച്ചു. അങ്ങനെ അതിന്റെ പഴങ്കാല മഹിമ പുനഃസ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ കലാകാരന്മാർക്കും എഴുത്തുകാർക്കും ഗവേഷകർക്കും സർവ്വവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. അവരെ പ്രസിഡന്റ് ഹൌസിൽ താമസിപ്പിച്ചുകൊണ്ട് സാമൂഹിക പ്രശ്നങ്ങളെ ബോധവൽക്കരിക്കുന്ന ക്ലാസ്സുകളും കൊടുത്തിരുന്നു. കലാമൂല്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു. 'അമിതാവ് ഘോഷ്' എന്ന എഴുത്തുകാരൻ മുതൽ 'സുബോധ് ഗുപ്ത', 'ഭാർതിഘർ' മുതലായ കലാകാരന്മാരും രാഷ്‌ട്രപതി ഭവനിൽ താമസിച്ചിരുന്നു. രാഷ്ട്രപതിഭവനെ ജനകീയമാക്കിയ ക്രെഡിറ്റ് അദ്ദേഹത്തിനുണ്ട്. രാഷ്ട്രപതി ഭവനിലെ താമസക്കാർക്കായി വായനശാലകളും തുടങ്ങി. ലക്ഷക്കണക്കിന് സന്ദർശകർക്ക് രാഷ്ട്രപതി ഭവനും മുഗൾ ഗാർഡനും സന്ദർശിക്കാൻ അവസരങ്ങൾ നൽകിയത് അദ്ദേഹമാണ്. 340-ൽപ്പരം മുറികളുള്ള രാഷ്ട്രപതി ഭവനിലെ ഉപയോഗിക്കാത്ത മുറികൾ അദ്ദേഹം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
ദയാഹർജി കേസുകൾ ഏറ്റവുമധികം തള്ളിക്കളയുന്ന രാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കഠിന ശിക്ഷകൾ വേണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. തൂക്കിക്കൊലയ്ക്ക് വിധിക്കുന്നവർക്ക് ദയാഹർജി പരിഗണിക്കാൻ പലപ്പോഴും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. തന്റെ പദവി ഒഴിയുംമുമ്പ് കുറ്റക്കാരായി വിധിക്കപ്പെട്ട അഞ്ചുപേരുടെ ദയാഹര്‍ജികള്‍കൂടി തള്ളിക്കളഞ്ഞിരുന്നു. നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേരുടെയും 22വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ രണ്ടുപേരുടെയും ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്. ആഭ്യന്തര മന്ത്രിയാലയത്തിൽ നിന്ന് ശക്തമായ ശുപാർശയുണ്ടായിട്ടും അദ്ദേഹം ദയാഹർജി സ്വീകരിച്ചില്ല. പാർലമെന്റ് ആക്രമിച്ച അപ്സൽ ഗുരുവിന്റെയും മുബൈ ഭീകര ആക്രമണ കേസ് പ്രതി അജ്മല് കസബിന്റെയും ദയാ ഹർജികൾ ഉൾപ്പടെ മുപ്പതിൽപ്പരം ഹർജികളാണ് അദ്ദേഹം തള്ളി കളഞ്ഞത്.
ഇന്ത്യയുടെ പ്രസിഡന്റെന്ന നിലയിൽ ഇരുന്നൂറിൽപ്പരം ഉദ്യോഗസ്ഥർ രാഷ്ട്രപതി ഭവനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോകത്തിലെ തന്നെ വലിയൊരു ബംഗാളാവാണ് രാഷ്ട്രപതി ഭവനം. ഇനി അബുദുൾക്കലാം 2015-ൽ മരിക്കുന്നവരെ താമസിച്ച ചെറു ഭവനത്തിലേക്ക് താമസം മാറ്റേണ്ടതായുണ്ട്. അതോടൊപ്പം ജീവിതചര്യകളിലും മാറ്റങ്ങൾ വരുത്തണം. ഔദ്യോഗിക വാഹനമായ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് കാറും ഉപേക്ഷിക്കണം. നിലവിലുള്ള ആർഭാടങ്ങളെല്ലാം വെട്ടിക്കുറയ്ക്കണം. ചെല്ലുന്നേടത്തെല്ലാം പട്ടു പരവതാനികൾ വിരിച്ചെന്നിരിക്കില്ല. രാഷ്ട്രത്തലവന്മാരോടൊപ്പം സീറ്റുകളുണ്ടായിരിക്കില്ല.
ഇന്ത്യയുടെ വിരമിച്ച പ്രസിഡന്റെന്ന നിലയിലും ചില ആനുകൂല്യങ്ങൾ തുടർന്നും കിട്ടും. 1951-ൽ പാസ്സാക്കിയ നിയമമനുസരിച്ച് വിരമിച്ച ഇന്ത്യൻ പ്രസിഡണ്ടുമാർക്ക് വാടകയില്ലാതെയുള്ള വീടുകൾ നല്കണമെന്നുണ്ട്. കൂടാതെ താമസിക്കുന്ന വീട്ടിൽ മേശ, കസേര, കിടക്കകൾ, മറ്റു വീട്ടുപകരണങ്ങൾ മുതലായവകൾ സജ്ജീകരിച്ചിരിക്കണം. ടെലഫോണുകൾ, മോട്ടോർ കാർ, ഇന്റർനെറ്റ്, എന്നിവകളും സൗജന്യമായി നൽകണം. വീടിന്റെ മരാമത്ത് പണികളും സർക്കാർ ചെലവിൽ നടത്തി കൊടുക്കണം. സെക്രട്ടറിമാരുടെ ശമ്പളവും സർക്കാർ നൽകണം. മുൻകാല പ്രസിഡണ്ടെന്ന നിലയിൽ പ്രൈവറ്റ് സെക്രട്ടറി, സഹായിയായി മറ്റൊരു സെക്രട്ടറി, വ്യക്തിപരമായ ഒരു സഹായി, രണ്ടു പ്യൂൺമാർ എന്നിവർ അടങ്ങിയ സ്റ്റാഫ് ഉണ്ടായിരിക്കും. അറുപതിനായിരം രൂപ വരെ ഒരു വർഷം ഓഫിസ് ചെലവുകളും അനുവദിച്ചിട്ടുണ്ട്. സൗജന്യമായ മെഡിക്കൽ ചെലവുകളും ചീകത്സകളും ലഭിക്കും. ഇന്ത്യയിൽ എവിടെയും വിമാനത്തിലും ട്രെയിനിലും, കപ്പലിലും യാത്ര ചെയ്യുമ്പോൾ യാത്രക്കൊപ്പം മറ്റൊരാളെയും ഒന്നാം ക്ലാസ് ടിക്കറ്റിൽ കൊണ്ടുപോവാം. പ്രസിഡന്റായിരുന്നപ്പോഴുള്ള ശമ്പളത്തിന്റെ പകുതി കിട്ടും. മുൻകാല പ്രസിഡണ്ടിന്റെ അലവൻസ് മാസം എഴുപത്തി അയ്യായിരം രൂപയായിരിക്കും. 2008 വരെ പ്രസിഡണ്ടിന്റെ ശമ്പളം അമ്പതിനായിരം ആയിരുന്നത് മാസം ഒന്നര ലക്ഷമാക്കിയിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അടിയുറച്ച ഒരു രാഷ്ട്രീയക്കാരനായിട്ടും യാതൊരു പക്ഷാപാതവുമില്ലാതെ ഭരണഘടനയനുസരിച്ചു മാത്രം രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹം തീരുമാനങ്ങൾ എടുത്തിരുന്നു. അഞ്ചു വർഷം പൂർത്തിയാക്കി രാഷ്ട്രപതിഭവനിൽ നിന്നും അദ്ദേഹം പടിയിറങ്ങി. ജനാധിപത്യത്തോടും ഭരണഘടനയോടും കൂറു പുലർത്തിയിരുന്ന നീതിമാനായ ഒരു ഭരണാധികാരിയായിട്ടായിരിക്കും ഭാവി തലമുറകൾ അദ്ദേഹത്തിൻറെ രാഷ്ട്രപതി കാലങ്ങളെ വിലയിരുത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലും രാഷ്ട്രപതിയെന്ന നിലയിലും കറയില്ലാത്ത സംശുദ്ധമായ ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. യു.പി.എ സർക്കാർ പല കാലഘട്ടങ്ങളിലും അഴിമതിയാരോപണങ്ങളിൽ ആടിയുലഞ്ഞപ്പോഴും ധനകാര്യ മന്ത്രിയെന്ന നിലയിൽ ശുദ്ധമായ ഒരു രാഷ്ട്രീയ അന്തസ്സ് അദ്ദേഹം പുലർത്തിയിരുന്നു. തന്റെ രാഷ്ട്രീയ കക്ഷി ഭരിക്കുന്ന യു.പി.എ സർക്കാരിന്റെ കാലങ്ങളിലും വ്യത്യസ്തമായ പ്രത്യേയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന എൻ.ഡി.എ സർക്കാർ ഭരിച്ചപ്പോഴും അദ്ദേഹത്തിന്റ നീതിപൂർവമായ കാര്യ നിർവഹണങ്ങൾക്കും ശൈലികൾക്കും യാതൊരു മാറ്റങ്ങളും വന്നിട്ടുണ്ടായിരുന്നില്ല. അനാവശ്യമായി പ്രതിപക്ഷങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തുമ്പോൾ സ്വന്തം പാർട്ടിയാണെങ്കിലും അവരെ കർശനമായി ശാസിച്ചിരുന്നു.
പ്രണബ് മുഖർജി വിജ്ഞാനപ്രദങ്ങളായ അനേക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.നല്ലയൊരു വാഗ്മിയും എഴുത്തുകാരനുമാണ്.1987-ലെ ഓഫ് ദി ട്രാക്ക് (Off the Track’), 1992-ൽ രചിച്ച സാഗ ഓഫ് സ്ട്രഗിൾ ആൻഡ് സാക്രിഫൈസ് (‘Saga of Struggle and Sacrifice’ 1992), ദി ഡ്രമാറ്റിക്ക് ഡീക്കേഡ് (The Dramatic Decade) ചലഞ്ചസ് ബിഫോർ ദി നേഷൻ (‘Challenges before the Nation’) ദി ഡേയ്‌സ് ഓഫ് ഇന്ദിര ഗാന്ധി യീയേഴ്സ് (The Days Of Indira Gandhi years’ (2014) ഏന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽപ്പെട്ടതാണ്.
പ്രസിഡന്റ് പദം ഒഴിയുന്നതിനു മുമ്പ് പ്രണാം മുഖർജിയുടെ പ്രസംഗം ആരെയും വൈകാരികമായി ചിന്തിപ്പിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു, "ഏതാനും ദിവസങ്ങൾക്കുള്ളിൽ രാഷ്ട്രപതി പദം ഞാൻ ഒഴിയും. എനിക്കുള്ള എല്ലാ ഔദ്യോഗിക ഭാരവാഹിത്വങ്ങളും അന്ന് അവസാനിക്കും. അതിനു ശേഷം ഈ രാജ്യത്തിലെ കോടാനുകോടി ജനങ്ങളോടൊപ്പം ഞാനും ഒരു സാധാരണ പൗരനായിരിക്കും." തന്റെ ജീവിതത്തിലെ ഉയർച്ചയുടെയും വളർച്ചയുടെയും കാരണം അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശങ്ങളും സഹകരണവും എന്നുമുണ്ടായിരുന്ന കാര്യവും മുഖർജി വിടവാങ്ങൽ പ്രസംഗത്തിൽ അനുസ്മരിച്ചു.
നോട്ടുനിരോധനം നടത്തിയപ്പോൾ അത് ജനങ്ങളെ സാരമായി ബാധിക്കുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖർജി മുന്നറിയിപ്പു കൊടുത്തിരുന്നു. ദളിതരുടെ പേരിലുള്ള ആക്രമങ്ങളിലും ഗോഹിത്യയിൽ നടന്ന മനുഷ്യക്കുരുതിയിലും അതൃപ്തനായിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി അവർ തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. പല വേദികളിലും ഇരുവരും പരസ്പ്പരം പുകഴ്ത്തി സംസാരിക്കാറുണ്ടായിരുന്നു. പ്രധാന മന്ത്രിയായി ചുമതലയെടുത്ത നാളുമുതൽ മോദിജി അദ്ദേഹത്തെ തന്റെ ഗുരു സ്ഥാനത്തു കണ്ടിരുന്നു. ഭരണപരമായ കാര്യങ്ങളിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്ന കാര്യവും മോദിജി അനുസ്മരിച്ചു. സജീവ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചശേഷം പ്രസിഡന്റ് പദവിയിൽ വന്നെത്തി വീണ്ടും വിരമിക്കുന്ന അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോവാൻ സാധ്യതയില്ല. എങ്കിലും നാഥനില്ലാത്ത അധപധിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിൻറെ നേതൃത്വം കൂടുതൽ ഊർജം നൽകുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.
'സ്വയം നീതികരണത്തെക്കാളും സ്വയം തെറ്റുകൾ തിരുത്തുകയെന്ന ഇന്ദിര ഗാന്ധിയുടെ ആപ്ത വാക്യം' പാർലമെന്റ് നൽകിയ യാത്രയയപ്പു വേളയിൽ മുഖർജി ഓർമ്മിപ്പിക്കുകയും ചെയ്തു. വർത്തമാന കാലത്തിലെ അസമത്വങ്ങളും പകപോക്കലുകളും അഴിമതികളും കുതികാൽ വെട്ടുകളും നടമാടുന്ന രാഷ്ട്രീയ ചരിത്രത്തിൽ പാകതയും സത്യസന്ധതയും കർമ്മ നിരതനുമായിരുന്ന ഒരു പ്രസിഡന്റാണ് രാഷ്ട്രപതി ഭവനിൽ നിന്നും പടിയിറങ്ങിയത്. പക്ഷാപാത രഹിതവും കർമ്മോന്മുഖവുമായ ഒരു ജീവിതം നയിച്ച പ്രണബ് മുഖർജിയെന്ന രാഷ്ട്രപതി കോടാനുകോടി ജനഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു. കളങ്കമറ്റ ഒരു നേതാവെന്ന നിലയിൽ ചരിത്രത്തിൽ അതുല്യ സ്ഥാനവും കൈവരിച്ചു കഴിഞ്ഞു.
No comments:
Post a Comment