Tuesday, December 26, 2017

കഥ പറയുന്ന കലണ്ടറും പുതുവത്സരവും ആഘോഷങ്ങളും



ജോസഫ് പടന്നമാക്കൽ

ചുവരിന്മേൽ നാം തൂക്കിയിട്ടിരിക്കുന്ന പന്ത്രണ്ടു മാസങ്ങളടങ്ങിയ കലണ്ടറുകൾ പ്രയോജനകരമാക്കാത്തവർ  ആരും തന്നെ കാണുകയില്ല. എന്നാൽ അതിന്റെ ചരിത്രകഥകളെപ്പറ്റി ചിന്തിച്ചിട്ടുള്ളവർ വളരെ വിരളമായിരിക്കും.  ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടറിനെ ഗ്രിഗോറിയൻ കലണ്ടർ എന്നാണ് പറയുന്നത്. ഏ,ഡി  1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പയാണ് ജൂലിയൻ കലണ്ടറിൽ നിന്നും പരിഷ്ക്കരിച്ച ഗ്രിഗോറിയൻ കലണ്ടർ രൂപ കൽപ്പന ചെയ്തത്. ജൂലിയൻ കലണ്ടറിന്റെ ഉപജ്ഞാതാവ് റോമ്മൻ ഏകാധിപതിയായിരുന്ന ജൂലിയസ് സീസറായിരുന്നു. അദ്ദേഹം ബി.സി 44നും ബി.സി. 100 നുമിടയിലുള്ള കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നു. ജൂലിയൻ കലണ്ടറിനു മുമ്പുണ്ടായിരുന്ന റോമ്മൻ കലണ്ടറിനു പത്തു മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോമ്മാ സാമ്രാജ്യം സ്ഥാപിച്ച റോമുലൂസും റീമൂസും ഒത്തുകൂടി ബി.സി. 738-ൽ റോമ്മാ കലണ്ടർ നിർമ്മിച്ചു. കലണ്ടറുകളുടെ ചരിത്രം വിശകലനം ചെയ്യുമ്പോൾ അതിന്റെ വലിയൊരു ശതമാനം ക്രെഡിറ്റ് റോമ്മാക്കാർക്ക് നൽകണം.

ഓരോ ദിവസങ്ങളെയും മാസങ്ങളെയും വർഷത്തെയും തരം തിരിച്ചുകൊണ്ടുള്ള കലണ്ടറുകളുടെ ആരംഭം പൗരാണിക കാലം മുതലുണ്ടായിരുന്നതായി കാണാം. സാംസ്‌കാരികമായുള്ള മനുഷ്യന്റെ ഉയർച്ചയോടൊപ്പം പുതുവർഷാഘോഷങ്ങളുടെ ചരിത്രവും തുടങ്ങിയെന്നു വേണം അനുമാനിക്കാൻ. സഹസ്രാബ്‌ദങ്ങളായി ഈ ആഘോഷങ്ങൾ തുടരുന്നു. ആധുനിക കാലത്ത് പുതുവർഷങ്ങൾ കൂടുതലായും ആഘോഷിക്കാറുള്ളത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണ്. ഏ,ഡി 1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ, ജനുവരി ഒന്നാം തിയതി പുതു വത്സര ദിനമായി പ്രഖ്യാപിച്ചു. ഒപ്പം ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി  ഔദ്യോഗികമായി സ്ഥിതികരിക്കുകയും ചെയ്തു.

ആദ്യകാലങ്ങളിലുള്ള റോമ്മൻ കലണ്ടർ 304 ദിവസങ്ങൾ ഉൾപ്പെട്ട പത്തു മാസങ്ങളായി വീതിച്ചിരുന്നു. തുല്യദിനങ്ങളും തുല്യ രാത്രികളും അതിനു മാനദണ്ഡങ്ങളായി  കണക്കായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങൾ അന്നുണ്ടായിരുന്നില്ല.  സൂര്യന്റെ അവസ്ഥാ വിശേഷങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു, കലണ്ടർ പ്രായോഗികമായി നടപ്പാക്കിയിരുന്നത്. ബി.സി. 46-ൽ ചക്രവർത്തി ജൂലിയസ് സീസർ അക്കാലത്തെ ജ്യോതിഷന്മാരുമായി ആലോചിച്ചു ജൂലിയൻ കലണ്ടറുണ്ടാക്കി. ഈ കലണ്ടർ ഇന്നത്തെ ആധുനിക ഗ്രിഗോറിയൻ കലണ്ടറിനോട് വളരെയധികം സാമ്യമുണ്ട്. ജൂലിയസ് സീസറാണ് ജനുവരി ഒന്ന് എന്നുള്ളത് മാസത്തിന്റെ ആദ്യത്തെ ദിവസമായി നിശ്ചയിച്ചത്. അദ്ദേഹത്തിൻറെ കലണ്ടറിൽ ഒരു വർഷത്തിൽ 365 ദിവസങ്ങളുണ്ടായിരുന്നു. ഓരോ നാലുവർഷം കൂടുംതോറും ഫെബ്രുവരി 28 എന്നുള്ളത് 29 ആക്കി അധിവർഷം കൊണ്ടുവന്നതും ജൂലിയൻ കലണ്ടറാണ്.

പൗരാണിക കാലങ്ങളിൽ സംസ്‌കാരങ്ങളുടെ വളർച്ചയനുസരിച്ച് കലണ്ടറുകൾക്കും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് കൊയ്ത്തുകാലത്തിനു പ്രാധാന്യം കല്പിച്ചുകൊണ്ടു പുതിയ ദിനവും ആഘോഷിച്ചു വന്നു. ചൈനാക്കാരുടെ പുതുവർഷം തുടങ്ങുന്നത് തണുപ്പുകാലം കഴിഞ്ഞുള്ള രണ്ടാമത്തെ പൗർണ്ണമി ദിനത്തിലാണ്. ബാബിലോണിയായിൽ നാലു സഹസ്രാബ്ദങ്ങൾ മുമ്പുമുതൽ പുതുവർഷം ആഘോഷിച്ചിരുന്നതായി കാണാം. ബാബിലോണിയാക്കാർ മതപരമായ ആചാര രീതികളുടെ  ഭാഗമായി പുതുവർഷം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളെ 'അകിതു' എന്ന് പറഞ്ഞിരുന്നു. 'അകിതു' എന്നത് ബാർലി ചെടിയുടെ സുമേരിയൻ വാക്കാണ്. വസന്തകാലത്ത് ബാർലി കൊയ്യുന്നതിനോടനുബന്ധിച്ചു പുതുവത്സരങ്ങളും ആഘോഷിച്ചിരുന്നു. പതിനൊന്നു ദിവസങ്ങൾ ആചാരങ്ങളുണ്ടായിരുന്നു. 'മാർദുക്' എന്ന ബാബിലോണിയൻ ആകാശ ദേവൻ ഒരു സമുദ്ര ദുർദേവതയുമായി പോരാടി വിജയിച്ചെന്നും അതിന്റെ ഓർമ്മയാണ് പുതുവത്സര ആഘോഷമെന്നും കഥയുണ്ട്. പുതുവത്സര ദിനങ്ങളിൽ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങുകളും ആഘോഷിക്കാറുണ്ട്. ചില ആചാര ആഘോഷങ്ങളിൽക്കൂടി ഭരിക്കുന്ന രാജാവിന്റെ ദൈവികത്വം സ്ഥിതികരിക്കാറുമുണ്ട്.

പൗരാണിക ഈജിപ്റ്റുകാരുടെ കലണ്ടർ അയ്യായിരം വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതെന്ന് അനുമാനിക്കുന്നു. ഒരു വർഷത്തെ പന്ത്രണ്ടായി തരം തിരിച്ച് ആദ്യം കലണ്ടറുണ്ടാക്കിയത് ഈജിപ്റ്റുകാരായിരുന്നു. ചന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുണ്ടാക്കിയ ഈ കലണ്ടറിനെ നാലുമാസങ്ങൾ വീതം മൂന്നു സീസണുകളായി തരം തിരിച്ചിരുന്നു. ഓരോ മാസത്തിനും മുപ്പതു ദിവസം വീതം ഒരു വർഷം 360 ദിവസങ്ങളുണ്ടായിരുന്നു. നൈൽ നദിയിലുള്ള വെള്ളപ്പൊക്കത്തിന്റെ അളവനുസരിച്ചായിരുന്നു കലണ്ടറുകളിലെ മാസങ്ങൾ നിശ്ചയിച്ചിരുന്നത്. ഏറ്റവും വെള്ളം കൂടിയിരിക്കുന്ന മാസത്തെ പുതുവർഷമായും ആദ്യത്തെ മാസമായും ഗണിച്ചു. വെള്ളം താഴുന്ന നിലയനുസരിച്ച് മുപ്പതു ദിവസങ്ങൾ വീതമുള്ള പന്ത്രണ്ടു മാസങ്ങളായും കലണ്ടറിനെ തരം തിരിച്ചിരുന്നു. ഡിസംബർ മാസത്തിൽ നൈൽ നദിയിൽ വെള്ളം കുറവായി കണക്കാക്കിയിരിക്കാം. പിന്നീട് ജ്യോതിർശാസ്ത്രം അനുസരിച്ച് അഞ്ചുദിവസം കൂടി കൂട്ടി മൊത്തം കലണ്ടർ ദിവസങ്ങൾ 365 ദിവസങ്ങളാക്കുകയായിരുന്നു.

'ജാനസ്' എന്ന റോമ്മൻ ദേവനോടുള്ള ആദരവിലാണ് ജനുവരി മാസത്തിന്റെ തുടക്കം. ആ ദേവന്റെ രണ്ടു മുഖങ്ങൾ വർത്തമാന കാലത്തിനൊപ്പം ഭൂതവും ഭാവിയും പ്രവചിക്കുന്നു. റോമ്മാക്കാർ പൗരാണിക കാലത്ത് 'ജാനസ് ദേവന്' ബലികളർപ്പിച്ചിരുന്നു. അന്നേ ദിവസം വീടുകൾ അലങ്കരിക്കുകയും പരസ്പ്പരം സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. മദ്ധ്യകാലങ്ങളിൽ ക്രിസ്ത്യൻ പുരോഹിതരും മത തീക്ഷ്ണതയുള്ളവരും ജനുവരി ഒന്നിനെ കൂടുതലും മതപരമായ ദിനമായി ആചരിച്ചിരുന്നു. ലാറ്റിൻ ഭാഷയിൽ ജനുവരി മാസത്തിനു വാതിലെന്നാണ് അർത്ഥം.  ജനുവരി, മറ്റുമാസങ്ങളുടെ തുടക്കമെന്ന നിലയിൽ മാറ്റത്തിന്റെ പുത്തനായ ഒരു വാതിലാവുകയും ചെയ്യുന്നു. റോമ്മായിലെ കൃഷിക്കാരുടെ ദേവനായ ജൂനോയുടെ പേരിലും ജനുവരി മാസം ആചരിക്കാറുണ്ട്. പാരമ്പര്യമായി റോമ്മിന്റെ കലണ്ടറിനു 304 ദിവസങ്ങൾ അടങ്ങിയ പത്തുമാസങ്ങളെയുണ്ടായിരുന്നുള്ളൂ. തണുപ്പുകാലങ്ങളിൽ ദിവസങ്ങൾ കുറവായിരുന്നു. ബി.സി.713-ൽ റോമുലസ് ചക്രവത്തിയുടെ പിൽക്കാല തലമുറയിൽപ്പെട്ട 'ന്യുമാ പോംപില്ലിയസ്' രാജാവ് (Numa Pompilius) ജനുവരി മാസത്തെയും ഫെബ്രുവരി മാസത്തെയും കലണ്ടറിനൊപ്പം കൂട്ടി ചേർത്തെന്ന് വിശ്വസിക്കുന്നു. 354 ദിവസം ചന്ദ്ര മാസങ്ങളടങ്ങിയ കലണ്ടറായിരുന്നു അത്. മദ്ധ്യകാലങ്ങളിൽ ക്രിസ്ത്യൻ സഭകളുടെ ആഘോഷങ്ങളിൽ പലതും ജനുവരി മാസത്തിൽ നടത്തിയിരുന്നു. പതിനാറാം നൂറ്റാണ്ടു മുതൽ യൂറോപ്യന്മാർ ജനുവരി ഒന്നിനെ വർഷത്തിന്റെ ആരംഭദിനമായി തിരഞ്ഞെടുത്തു.  ച്ഛേദാചാരത്തിരുന്നാൾ ആഘോഷിച്ചിരുന്നതു ഡിസംബർ ഇരുപത്തിയഞ്ചിന് ശേഷമുള്ള ജനുവരി ഒന്നാം തിയതിയായിരുന്നു. ചെന്നായ്ക്കളുടെ മാസമെന്നും തണുപ്പുകാലത്തെ മാസമെന്നും ജനുവരിയെ പറയാറുണ്ട്.

'ഫെബ്രുയും' എന്ന ലത്തീൻ പദത്തിൽനിന്നാണ് ഫെബ്രുവരി എന്ന പേരുണ്ടായത്. വിശുദ്ധീകരിക്കുകയെന്ന അർത്ഥമാണ് ആ വാക്കിനുള്ളത്. പഴയ ചാന്ദ്രിക (ലൂണാർ) റോമ്മൻ കലണ്ടറിൽ ഫെബ്രുവരി പതിനഞ്ചിൽ പൗർണ്ണമി ആചരിച്ചിരുന്നതായും കാണുന്നു. ചരിത്രപരമായി ഈ മാസത്തെ വെള്ളം കലർന്ന മണ്ണിന്റെ (Mud) മാസമെന്നും പറയുന്നു. കൂടാതെ ചില രാജ്യങ്ങളിൽ കാബേജിന്റെ (Cabbage) മാസമെന്നും പവിഴത്തിന്റെ മാസമെന്നും പറയാറുണ്ട്. ഫെബ്രുവരി മാസം മരങ്ങളുടെ ശിഖരങ്ങളിൽനിന്നും സ്നോ ഉരുകുന്ന കാലം കൂടിയാണ്. മഞ്ഞുകട്ടയുടെ മാസമെന്നും അറിയപ്പെടുന്നുണ്ട്. മരം വെട്ടുന്ന മാസമെന്നും മഞ്ഞുകട്ടകൾ നദിയിലേക്ക് ഒഴുകുന്ന മാസമെന്നും അതാതു രാജ്യങ്ങളിലെ ഭൂപ്രകൃതിക്കനുസരണമായി ഫെബ്രുവരി മാസത്തെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

മാർച്ചെന്ന പദം ഗ്രീക്ക് പദമായ മാർഷ്യസ് (Martius) എന്ന വാക്കിൽ നിന്നും വന്നതാണ്. ഈ വാക്ക് ഇംഗ്ലീഷിൽ മാർസ് (കുജൻ അഥവാ ചൊവ്വാ ഗ്രഹം) എന്ന ദേവനിൽനിന്നു ഉത്ഭവിച്ചതെന്നും വിശ്വസിക്കുന്നു. കുജഗ്രഹം റോമ്മാക്കാരുടെ യുദ്ധ ദേവനും കൃഷിയുടെ പരിരക്ഷകനുമാണ്. കുജന്റെ പാരമ്പര്യത്തിൽനിന്നും റോമ്മൻ ജനതയുടെ തലമുറകൾ വന്നുവെന്നും വിശ്വസിക്കുന്നു. മക്കൾ റോമുലസ്, റെമ്യൂസ് എന്നിവരും ഈ തായ്‌വഴികളിൽ ഉള്ളവരെന്നാണ് റോമ്മാക്കാരുടെ വിശ്വാസം. കൃഷികൾ നടത്താൻ അനുയോജ്യമായ മാസമായി മാർച്ചിനെ കരുതുന്നു. സാധാരണ കാലാവസ്ഥ അനുകൂലമായതുകൊണ്ടു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നതും മാർച്ചു മാസത്തിലായിരുന്നു. ഈ മാസത്തിൽ നിരവധി ആഘോഷങ്ങളും കൊണ്ടാടുന്നു. ബി.സി. 713 വരെ മാർച്ചു മാസത്തെ ആദ്യത്തെ മാസമായി കരുതിയിരുന്നു. റോമ്മായിലെ പൗരാണിക ശിലകളിൽ മാർച്ചു മാസം ആദ്യത്തെ മാസമായി ലിഖിതം ചെയ്തിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു വരെ റക്ഷ്യയിലും മാർച്ച് ആദ്യത്തെ മാസമായി കണക്കാക്കിയിരുന്നു. ഏ.ഡി 1752 വരെ ഗ്രേറ്റ് ബ്രിട്ടനും ഈ കലണ്ടർ തന്നെ പിന്തുടർന്നു. പിന്നീട് അവർ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു. ഇന്നും പല സംസ്‌കാരങ്ങളും മാർച്ചു മാസം കൊല്ലത്തിന്റെ ആദ്യമാസമായും വസന്തകാലത്തിന്റെ തുടക്കമായും കരുതുന്നു. ദക്ഷിണ പൂർവങ്ങളിൽ ശരൽക്കാലവും. ഫലവർഗ്ഗങ്ങൾ ധാരാളം ഉണ്ടാകുന്ന മാസവുമാണിത്.

റോമ്മാക്കാർ 'ഏപ്രിൽ' എന്ന ലാറ്റിൻ പേര് ഏപ്രിൽ മാസത്തിനു നൽകി. 'തുറക്കുക' എന്ന അർത്ഥവും ഈ മാസത്തിന്റെ പേരിനോട് ധ്വാനിക്കുന്നുണ്ട്. പൂക്കളും ഇലകളും പൊട്ടി മുളയ്ക്കുന്ന കാലവുമാണ്. വസന്തകാലം ആരംഭിക്കുന്നതും ഈ മാസമാണ്. അപ്രോഡിറ്റ് (Aphrodite) എന്ന ഗ്രീക്ക് ദേവതയുടെ പേരിലാണ് ഏപ്രിൽ മാസം ആരംഭിച്ചതെന്നും വിശ്വാസമുണ്ട്. റോമ്മൻ കലണ്ടറിൽ ജനുവരിയും ഫെബ്രുവരിയും ആരംഭിക്കുന്നതിനുമുമ്പ് ഏപ്രിൽ രണ്ടാമത്തെ മാസമായിരുന്നു. ബി.സി.40-നോട് അടുത്ത കാലഘട്ടത്തിൽ കലണ്ടർ പരിഷ്‌ക്കരിച്ചപ്പോൾ ഏപ്രിൽ മാസത്തിനു മുപ്പതു ദിവസം നിശ്ചയിച്ചിരുന്നു. ജൂലിയസ് സീസറായിരുന്നു ആ തീരുമാനം എടുത്തത്. ഏപ്രിൽ മാസം ഈസ്റ്ററിന്റെ മാസമെന്നും പറയുന്നു. ഓസ്‌ട്രേ (Eostre) എന്ന ദേവതയുടെ പേരിലാണ് ഏപ്രിൽ മാസമെന്നും സങ്കല്പമുണ്ട്.

മായിയാ (Maia)എന്ന റോമ്മൻ ദേവതയോട് കൂട്ടി മെയ് മാസമുണ്ടായിയെന്നും ഗണിക്കുന്നു. റോമ്മൻ ദേവത 'മായിയാ' വിളവിന്റെ ദേവതയായും ഐശ്വര്യ ദേവതയായും പഴമയുടെ പുരാണം പറയുന്നു.  വടക്കേ ധ്രുവങ്ങളിൽ മെയ് മാസം വസന്തകാലവും തെക്കേ ധ്രുവങ്ങളിൽ ശരത്ക്കാലവും അനുഭവപ്പെടുന്നു. മെയ് അവസാനം വേനൽക്കാല അവധിയുടെ തുടക്കവുമായിരിക്കും.

റോമ്മാ കലണ്ടറുകളിൽ ജൂൺ മാസത്തെ നാലാമത്തെ മാസമായും ഗ്രിഗോറിയൻ കലണ്ടറിൽ ആറാമത്തെ മാസമായും കണക്കാക്കുന്നു. തെക്കേ ധ്രുവങ്ങളിലെല്ലാം ജൂൺമാസം വേനല്ക്കാലമായിരിക്കും. മുപ്പത് ദിവസമാണ് ജൂൺ മാസത്തിനുള്ളത്. ഏറ്റവും പകൽ അനുഭവപ്പെടുന്നതും ഇതേ മാസത്തിലായിരിക്കും. വടക്കേ അര്‍ദ്ധഗോളത്തിൽ തണുപ്പും പകൽ വെളിച്ചം കുറവുമായിരിക്കും.

ബി.സി. 713-ൽ ജനുവരി, ഫെബ്രുവരി മാസങ്ങളെ കലണ്ടറിൽ ഉൾപ്പെടുത്തുന്നവരെ ജൂലൈ മാസത്തെ അഞ്ചാമത്തെ മാസമായി കരുതിയിരുന്നു. 'അഞ്ച്' എന്ന അർത്ഥത്തിലുള്ള ലാറ്റിൻ വാക്കിൽ നിന്നാണ് ഈ പദം ആരംഭിച്ചത്. പിന്നീട് ഈ വാക്കു ജൂലിയസ് സീസറിനോടുള്ള ആദരവിന്റെ മാസമായി പരിഗണിക്കുകയും ചെയ്തു. ജൂലൈ സീസർ ജനിച്ചത് ജൂലൈ പന്ത്രണ്ടാം തിയതി എന്ന് കരുതുന്നു. അതിനുമുമ്പ് ഈ മാസത്തെ 'ക്വിന്റലിസ്' എന്നാണ് പറഞ്ഞിരുന്നത്. ദക്ഷിണ ധ്രുവങ്ങളിലും ഉത്തര ധ്രുവങ്ങളിലും ജൂലൈ മാസം പൊതുവെ ചൂടുള്ള കാലമായും കരുതുന്നു. ഒരു വർഷത്തിന്റെ പകുതി തുടങ്ങുന്നതും ജൂലൈയിലാണ്.

ബി.സി. 45-ൽ ജൂലിയസ് സീസ്സർ ജൂലിയൻ കലണ്ടർ ഉണ്ടാക്കിയപ്പോൾ ആഗസ്റ്റ് മാസത്തിനു 31 ദിനങ്ങൾ നൽകിയിരുന്നു. പിന്നീട് സീസർ അഗസ്റ്റസിന്റെ പേരിൽ ഈ മാസം അറിയപ്പെട്ടു. ഓഗസ്റ്റസ്, റോമ്മായുടെ ചക്രവർത്തിയായിരുന്നു. റോമ്മൻ കലണ്ടറിൽ ആഗസ്റ്റ് ആറാം മാസവും ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറുമനുസരിച്ച് എട്ടാമത്തെ മാസവുമാണ്. ബി.സി. 713-ൽ 'ന്യുമാ  പൊമ്പിളിയസ്' (Numa pompilius) രാജാവിന്റെ കാലത്ത് ജനുവരിയും ഫെബ്രുവരിയും കൂട്ടി ചേർക്കപ്പെട്ടുകൊണ്ട് ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി തരം തിരിക്കുകയുണ്ടായി.

സെപ്റ്റംബർ മാസം റോമൻ കലണ്ടറിൽ ഏഴാം മാസമായി ആരംഭിച്ചു. പിന്നീട് ജനുവരിയും ഫെബ്രുവരിയും കലണ്ടറിൽ വന്നപ്പോൾ സെപ്റ്റംബർ ഒമ്പതാം മാസമായി. സെപ്റ്റംബറിന് മുപ്പതു ദിവസം ദൈഘ്യമാണുള്ളത്. പല രാജ്യങ്ങളിലും സ്‌കൂളുകളിൽ അക്കാദമിക്ക് വർഷം തുടങ്ങുന്നത് സെപ്റ്റംബർ മാസത്തിലാണ്. വേനലവധി കഴിഞ്ഞു കുട്ടികൾ സ്‌കൂളിൽ പോവാൻ തുടങ്ങുന്നതും ഈ മാസങ്ങളിൽ ആയിരിക്കും. ലാറ്റിനിൽ 'സെപ്റ്റം' എന്ന് പറഞ്ഞാൽ ഏഴെന്നാണ് അർഥം. സെപ്റ്റംബർ മാസത്തെ ജൂലിയൻ കലണ്ടറിൽ ഇരുപത്തൊമ്പതു ദിവസമായിരുന്നത് ഒരു ദിവസം കൂടി കൂട്ടി മുപ്പതു ദിവസമാക്കി. സെപ്റ്റംബർ മാസം കൃഷി കൊയ്യുന്ന കാലമായും കണക്കാക്കുന്നു. ഈ മാസത്തിൽ വടക്കേ ധ്രുവ പ്രദേശങ്ങളിൽ ശരത് കാലവും തെക്കേ ധ്രുവങ്ങളിൽ വസന്തകാലവുമായിരിക്കും.

ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറുമനുസരിച്ച് ഒക്ടോബറെന്ന് പറയുന്നത് പത്താം മാസവും പഴയ റോമൻ കലണ്ടറുനുസരിച്ച് എട്ടാം മാസവും. 'എട്ടു' എന്ന അർത്ഥത്തിൽ 'ഒക്ടോ' അതിന്റ ലാറ്റിനിലുള്ള പേര് നിലനിർത്തിയിട്ടുണ്ട്. ഒക്ടോബർ മാസം വടക്കേ ധ്രുവങ്ങളിൽ ശരത്ക്കാലവും തെക്കേ ധ്രുവങ്ങളിൽ വസന്ത കാലവുമായിരിക്കും.

പൗരാണിക റോമ്മൻ കലണ്ടറിൽ നവംബറിനെ ഒമ്പതാം മാസമായി കരുതുന്നു. 'ഒമ്പത്' എന്ന അർത്ഥമുള്ള അതിന്റെ ലാറ്റിൻ പേരും നിലനിർത്തുന്നു. ജനുവരിയും ഫെബ്രുവരിയും കലണ്ടറിനൊപ്പം ചേർത്ത ശേഷം നവംബർ പതിനൊന്നാം മാസമായി അറിയപ്പെട്ടു. തെക്കേ ധ്രുവ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ അവസാന ഭാഗവും വടക്കേ ധ്രുവത്തിൽ ശരത് കാലത്തിന്റെ അവസാന ഭാഗവുമായി നവംബർ മാസം അറിയപ്പെടുന്നു. അങ്ങനെ നവംബർ മാസം തെക്കും വടക്കുമുള്ള ധ്രുവങ്ങൾ ശരത്കാലവും വസന്തകാലവുമായി ഭാഗിച്ചെടുക്കുന്നു.

ഡിസംബർ മാസത്തെ വർഷത്തിന്റെ അവസാന മാസമായി കരുതുന്നു. മുപ്പത്തിയൊന്നു ദിവസങ്ങളുള്ള മാസമാണിത്.ഡിസംബർ എന്ന വാക്കും ലാറ്റിനിൽ നിന്നും വന്നതാണ്. 'ഡിസം' എന്നാൽ ലാറ്റിനിൽ പത്തെന്നാണ് അർഥം ധ്വാനിക്കുന്നത്. റോമൻ കലണ്ടറിൽ പത്തുമാസമേയുണ്ടായിരുന്നുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങൾ തുടക്കത്തിൽ ചേർത്തെങ്കിലും ഡിസംബർ അവസാന മാസമായി തുടർന്നുകൊണ്ടിരുന്നു.

പുതുവത്സരം ലോകമെമ്പാടും ആഘോഷിക്കാറുണ്ട്. വിശേഷ ഭക്ഷണങ്ങളുൾപ്പടെ പരസ്പ്പരം അഭിവാദനങ്ങളും മംഗളങ്ങൾ നേരലും പുതുവർഷത്തിന്റെ ഭാഗമാണ്. ബന്ധുജനങ്ങളും സുഹൃത്തുക്കളും ഗ്രീറ്റിംഗ് കാർഡുകളും സമ്മാനങ്ങളും കൈമാറും. പുതുവർഷം വളരെ ആഘോഷമായി കൊണ്ടാടുന്ന ഒരു രാജ്യമാണ് സ്‌പെയിൻ. സുഹൃത്തുക്കളും കുടുംബങ്ങളുമൊത്ത് പന്ത്രണ്ടു മുന്തിരിങ്ങാകൾ ഒരേ സമയം തിന്നുന്ന പരമ്പരാഗതമായ ഒരു ആചാരം അവിടെയുണ്ട്. അങ്ങനെ ഓരോരുത്തരും പന്ത്രണ്ടു മുന്തിരങ്ങാകൾ തിന്നുന്ന വഴി കുടുംബത്ത് വർഷാവസാനംവരെയും ഐശ്വര്യവും സമാധാനവും ഉണ്ടാവുമെന്ന വിശ്വാസമാണ് സ്‌പെയിൻ ജനതയ്ക്കുള്ളത്. പാതിരായ്ക്ക് മുമ്പായിരിക്കും ഇവർ ഈ ചടങ്ങുകൾ അനുഷ്ഠിക്കുന്നതും.

ഇറ്റലിയിൽ പച്ചപ്പയറുകളും തെക്കേ അമേരിക്കയിൽ പീച്ചിപ്പഴവും, ആഘോഷത്തിൽ ഉപയോഗിക്കുന്നു. ചില സംസ്‌കാരങ്ങളിൽ പന്നി ഇറച്ചി പ്രധാന വിഭവമായിരിക്കും. ക്യൂബാ, ആസ്‌ത്രേലിയ, ഹംഗറി, പോർട്ടുഗൽ എന്നീ രാജ്യങ്ങൾ പന്നിയിറച്ചി വിഭവങ്ങൾകൊണ്ട് പുതുവർഷത്തെ ആഘോഷപൂർണ്ണമാക്കുന്നു. അൽമോണ്ട് (Almond) നിറച്ച കേക്കുകൾ സ്വീഡൻ, നോർവേ, മെക്സിക്കോ, ഗ്രീസ് എന്നിവടങ്ങളിൽ സുലഭമാണ്. റൈസ് പുഡിങ്ങും അന്നത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഏതെങ്കിലും ഭക്ഷണ വിഭവങ്ങളടങ്ങിയ ഡിഷിൽ അൽമോണ്ട് ഒളിച്ചു വെക്കുന്ന ആഘോഷവുമുണ്ട്.   ഒളിച്ചുവെച്ചിരിക്കുന്ന അൽമോണ്ട് ലഭിക്കുന്നവർക്ക് വർഷാവസാനം വരെയും ഐശ്വര്യവും ധനവും ലഭിക്കുമെന്ന വിശ്വാസവും അവിടെയുള്ള ജനങ്ങളിലുണ്ട്. പടക്കം പൊട്ടീരും കരിമരുന്നാഘോഷങ്ങളും പുതുവത്സരപ്പിറവയുടെ ഭാഗങ്ങളാണ്. ഗ്രാമീണ ഗീതങ്ങളും പാട്ടുകളും കൂട്ടമായി പാടിയും ആഘോഷങ്ങളുടെ മോഡി പിടിപ്പിക്കാറുണ്ട്. ചില സംസ്‌കാരങ്ങളിൽ ദൈവങ്ങളുടെ പ്രീതിയ്ക്കായി വാഗ്ദാനങ്ങളും ചെയ്യുന്നു. കടങ്ങൾ വീട്ടിക്കൊള്ളാമെന്നും കാർഷിക ഉപകരണങ്ങൾ മടക്കി നൽകാമെന്നും പ്രതിജ്ഞയും ചെയ്യുന്നു.

അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും പുതുവർഷം നിർണ്ണയിക്കാൻ ഗ്രിഗോറിയൻ കലണ്ടറിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. പുതുവർഷത്തിന്റെ ആരംഭത്തോടൊപ്പം കൊഴിഞ്ഞുപോയ കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ!  ഓർമ്മിക്കാനായുള്ള അവസരങ്ങളും  ലഭിക്കുന്നു.  സുഹൃത്തുക്കളും കുടുംബങ്ങളുമൊത്തുള്ള പാർട്ടികളും മേളകളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ടെലിവിഷനുകൾ നിറയെ പ്രത്യേക പ്രോഗ്രാമുകൾ കൊണ്ട് നിറഞ്ഞിരിക്കും. അന്ന് അവധി ദിനമായതിനാൽ കുടുംബവുമൊത്തുള്ള ആഘോഷങ്ങളും പതിവായിരിക്കും. ചില പട്ടണങ്ങളിൽ  പരേഡുകളുമുണ്ടായിരിക്കും.  ഫുട്ബാൾ  ഗെയിംസും പുതുവർഷപ്പിറവി കാത്തിരിക്കുന്നവരുടെ താല്പര്യത്തിലുള്ളതാണ്.

പുതു വർഷത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ ചിലർ അവലോകനം ചെയ്യും. ചിലപ്പോഴെല്ലാം പുതുവർഷംകൊണ്ടു ചിലർക്ക് സ്വന്തം ജീവിതത്തിൽ മാറ്റങ്ങളുണ്ടാകാറുണ്ട്. കൂടുതൽ പേരും പ്രതിജ്ഞ ചെയ്യുന്നത് പുകവലി നിർത്തണമെന്നായിരിക്കും.  കള്ളുകുടി നിർത്തണമെന്നും ഭാരം കുറയ്‌ക്കണമെന്നും വ്യായാമം ചെയ്യണമെന്നും ആരോഗ്യപരമായ ജീവിത നിലവാരമാവണമെന്നും ചിന്തിക്കും. കുടുംബ വഴക്കുകളും ജേഷ്ഠാനുജന്മാർ തമ്മിലുള്ള വഴക്കുകളും ഒത്തുതീർപ്പാക്കണമെന്നും ആഗ്രഹിക്കും. ചിലർ പുതുവത്സരത്തിലെ ആഘോഷങ്ങളിൽ ആ വർഷം ചെയ്തുതീർക്കേണ്ട കർത്തവ്യങ്ങളെപ്പറ്റി പ്രമേയം അവതരിപ്പിക്കും. പുതുവർഷം മുതൽ എന്തെല്ലാം ചെയ്യണമെന്നും പലരും മനസ്സിൽ മനക്കോട്ട കെട്ടും.

ന്യുയോർക്ക് സിറ്റിയിൽ ടൈം സ്‌കൊയറിൽ (Time Squre) ഭീമാകാരമായ ബോൾ ഉയർത്തുന്ന ആഘോഷം പ്രസിദ്ധമാണ്. പാതിരാക്കായിരിക്കും ഈ ആഘോഷങ്ങൾ ആരംഭിക്കുക. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മില്യൺ കണക്കിന് ജനം മനോഹരമായ ആ കാഴ്ച്ച വീക്ഷിക്കുന്നു. 1907 മുതൽ ഓരോ വർഷവും ഈ ആഘോഷം ഭംഗിയായി കൊണ്ടാടുന്നു. അമേരിക്കയിലെ പല പട്ടണങ്ങളും ടൈം സ്‌കൊയറിലുള്ളപോലെ (Time Squre) ബലൂൺ ആകാശത്തിലേക്ക് വിക്ഷേപിക്കുന്ന ആഘോഷങ്ങൾ നടത്താറുണ്ട്.

ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. "ഇന്നലെയുടെ ചരിത്രം പഠിക്കൂ! നാളെയുടെ പ്രതീക്ഷകളുമായി ഇന്ന് ജീവിക്കൂ!" 'നാളെ' എന്നത് 365 പേജുകൾ നിറഞ്ഞ എഴുതാത്ത, എഴുതാൻ ആരംഭിക്കേണ്ട ഒരു നൂതന പുസ്തകമാണ്. പുതിയ ഒരു ചരിത്രത്തിന്റെ ആരംഭവും. ആർക്കും ഇനി നവജീവിതത്തിനായി പുറകോട്ടു പോകാൻ സാധിക്കില്ല. എന്നാൽ ഇന്നുതന്നെ ആരംഭിക്കുകയും ചെയ്യാം. അവസാനം നാമെല്ലാം കഥകളാണ്. ചരിത്രമായി മാറുന്നു. നമുക്കും നന്മയുടെ ചരിത്രം സൃഷ്ടിക്കാം. പ്രിയപ്പെട്ട വായനക്കാർക്ക് പുതുവത്സരാശംസകൾ നേരുന്നു. എന്റെ ലേഖനങ്ങൾ ക്ഷമയോടെ വായിച്ച എല്ലാ വായനക്കാർക്കും അഭിപ്രായങ്ങൾ എഴുതിയവർക്കും നന്ദിയുമുണ്ട്.


Pope Gregary 

Egyption Calendar
julius caesar
Image result for numa pompilius

God Janus

Sunday, December 17, 2017

രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയോ?


ജോസഫ് പടന്നമാക്കൽ

2017 ഡിസംബർ പതിനഞ്ചാം തിയതി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി രാഹുൽ ഗാന്ധിയെ ഏകപക്ഷീയമായി തിരഞ്ഞെടുത്തത് കോൺഗ്രസിന്റെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു മുഹൂർത്തമായി കരുതുന്നു. പത്തൊമ്പതു വർഷം കോൺഗ്രസിൻറെ അദ്ധ്യക്ഷ പദവി അലങ്കരിച്ച 'അമ്മ സോണിയായിൽ നിന്നാണ് രാഹുൽ ഈ സ്ഥാനം ഏറ്റുവാങ്ങിയത്. മഹാത്മാഗാന്ധിയുൾപ്പടെ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖരായ നേതാക്കന്മാരിൽ അനേകർ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ നിർണ്ണായകമായ ഒരു കാലഘട്ടത്തിലാണ് രാഹുൽ ഈ ചുമതലകൾ ഏറ്റെടുത്തത്. നെഹ്‌റു കുടുംബത്തിലെ ആറാമത്തെ കോൺഗ്രസിന്റെ പ്രസിഡന്റാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ മോത്തിലാൽ നെഹ്‌റു മുതൽ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി വരെ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരായിരുന്നു. 

ഇന്ത്യയുടെ ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1885-ൽ സ്ഥാപിച്ചു. ഒരു ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന 'അല്ലൻ ഒക്റ്റാവിൻ' ഈ സംഘടനയുടെ സ്ഥാപകനും 'വുമേഷ് ചന്ദ്ര ബോന്നേർജീ' ആദ്യത്തെ പ്രസിഡന്റുമായിരുന്നു. വിദ്യാഭ്യാസമുള്ള ഇന്ത്യൻ യുവാക്കളുടെ സംഘടനയായിട്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാനമായും ബ്രിട്ടീഷ് നയങ്ങൾ നടപ്പാക്കണമെന്നുള്ളതായിരുന്നു പാർട്ടിയുടെ ലക്‌ഷ്യം. 1920-നു ശേഷം മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പടയോട്ടം കോൺഗ്രസ്സ് ഏറ്റെടുത്തു. കൊളോണിയൽ ഭരണത്തിനെതിരെയുള്ള കോൺഗ്രസിന്റെ വിപ്ലവ കൊടുങ്കാറ്റ് ലോകം മുഴുവനുമുള്ള സ്വാതന്ത്ര്യ ദാഹികൾക്ക് ആവേശം നൽകിയിരുന്നു. മതേതര പാർട്ടിയായ കോൺഗ്രസ് കൂടുതലും ഗാന്ധിയൻ തത്ത്വങ്ങളാണ് ആവിഷ്‌കരിച്ചിരുന്നത്.   

രാഹുൽ ഗാന്ധി, രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മകനായി 1970 ജൂൺ 19-ന് ഡൽഹിയിൽ  ജനിച്ചു. 'പ്രിയങ്ക' എന്ന സഹോദരിയും അദ്ദേഹത്തിനുണ്ട്. പിന്നീട് രാജീവ് ഗാന്ധിയെ ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. നെഹ്‌റു, ഗാന്ധി കുടുംബത്തിലെ നാലാം തലമുറക്കാരനാണ് രാഹുൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുതലായ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. മൂന്നു പ്രാവിശ്യം അദ്ദേഹം അമേത്യായിൽ നിന്നും പാർലമെന്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

2019-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഭരണത്തിന് സാധ്യത വളരെ കുറവായി മാത്രമേ കാണുന്നുള്ളൂ. പക്ഷെ ഭാവിയെപ്പറ്റി ആര് അറിയുന്നു? അത് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. നരേന്ദ്ര മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഇനി ഒന്നര വർഷംകൂടിയുണ്ട്. ഈ കാലഘട്ടത്തിൽ കോൺഗ്രസിന്റെ പഴയ പ്രതാപത്തിലേക്കുള്ള ഉയർത്തെഴുന്നേൽപ്പിനായി പലതും സംഭവിച്ചേക്കാം. ഒരു പക്ഷെ എൻ.ഡി.എ സർക്കാരിന് വോട്ടു ചെയ്യാൻ ജനങ്ങൾക്ക് താൽപ്പര്യമില്ലാതെയും വന്നേക്കാം! അങ്ങനെ വന്നാൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാൾ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. 

ഇന്നത്തെ രാഷ്ട്രീയമായ ചുറ്റുപാടുകളിൽ മോദി സർക്കാരിൽ ജനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വരുന്നതും രാഹുലിന്റെ സാധ്യതകൾ വർദ്ധിക്കുന്നു. മോദി സർക്കാരിന്റെ ഡിമോണിറ്റേഷനും ജി.എസ.റ്റിയും സാമ്പത്തിക വളർച്ചയുടെ മാന്ദ്യവും, തൊഴിലില്ലായ്മയും ജനങ്ങളിൽ ഇന്നത്തെ ഭരണകൂടത്തിലുള്ള വിശ്വസത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷങ്ങൾ കരുതുന്നു. സാമൂഹികമായ പ്രശ്നങ്ങളും നാടാകെ ജനങ്ങളിൽ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. വർഗീയതയുടെ പേരിലുള്ള ചേരിതിരിവു മൂലം ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുന്നു. ഈ സാഹചര്യങ്ങൾ രാഹുലിന് ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളിൽ അനുകൂലമായ തരംഗങ്ങൾ സൃഷ്ടിച്ചേക്കാം.  

ഇന്ത്യയിലെ എല്ലാ പാർട്ടികളും ഐക്യപ്പെടുകയാണെങ്കിൽ, രാഷ്ട്രീയ വൈവിധ്യങ്ങൾ മറന്ന് ഒന്നിച്ചു പ്രവർത്തിക്കുകയാണെങ്കിൽ ഒരു പക്ഷെ ബി.ജെ.പി. യ്ക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കാതെയും വരാം. അങ്ങനെ പ്രതിപക്ഷ പാർട്ടികൾ ഒന്നായി പൊരുതി ലോകസഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നേടുകയാണെങ്കിൽ, രാഹുൽ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത കൂടും. അത്തരം നടക്കാൻ സാധ്യതയില്ലാത്ത സ്വപ്നങ്ങൾ! യാഥാർഥ്യങ്ങൾക്കു മീതെയാണെങ്കിലും രാഷ്ട്രീയ പ്രേമികൾ രാഹുലിൽ നാളെയുടെ പ്രധാനമന്ത്രിയായി പ്രതീക്ഷകളും അർപ്പിക്കുന്നുണ്ട്.  

സുഗമമായി പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് സർക്കാരെന്നു പറയുന്നത് ജനങ്ങളാണ്. തീരുമാനം എടുക്കേണ്ട രാജാക്കന്മാരും ജനങ്ങളാണ്. രാജ്യത്തെ ശക്തമാക്കേണ്ടതു കെട്ടുറപ്പോടെയുള്ള ഒരു ജനതയുടെ കർത്തവ്യം കൂടിയാണ്. സർക്കാരിനെ നിയന്ത്രിക്കുന്നവർ പൊതു സേവകരും. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ന് ഇന്ത്യയെ സംബന്ധിച്ച് ഭൂരിഭാഗം ജനതയും നിലനിൽപ്പിനുവേണ്ടി ജീവിതവുമായി ഏറ്റുമുട്ടുന്നു. വിലപ്പെരുപ്പം സാധാരണക്കാർക്ക് താങ്ങാൻ പാടില്ലാത്ത വിധമായി. യുവജനങ്ങളുടെയിടയിൽ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും നേതാക്കന്മാരുടെ ദേശീയത്വം പ്രസംഗിക്കലും മതേതരത്വം പുലമ്പലും അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. ഈ കാരണങ്ങൾ മൂലം ഒരു വോട്ടറിന്റെ വോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ചിന്താ ശക്തികൾക്കും മാറ്റം വരുത്തിയേക്കാം. ജനങ്ങളുടെ ചിന്തകൾ ഒരു യുവ നേതാവായ രാഹുൽ ഗാന്ധിക്ക് അനുകൂലമായും തിരിഞ്ഞേക്കാം. 

മേൽപ്പറഞ്ഞ കാരണങ്ങൾ ഒരു പ്രധാനമന്ത്രിയെ നിശ്ചയിക്കാൻ മതിയോയെന്നും വ്യക്തമല്ല. ജനങ്ങൾ തീരുമാനിച്ചാൽ ഏതു വിദ്യാഭ്യാസമില്ലാത്തവനും മന്ത്രിയോ പ്രധാനമന്ത്രിയോ ആകാവുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. അങ്ങനെയുള്ള നാട്ടിൽ എന്തുകൊണ്ട് രാഹുലിനും പ്രധാനമന്ത്രിയായിക്കൂടാ? കാരണം, നരേന്ദ്രമോദി കഴിഞ്ഞാൽ ഇന്ത്യൻ പ്രധാനമന്ത്രി ആരെന്നുള്ള ചോദ്യത്തിനുത്തരം രാഹുൽ ഗാന്ധി തന്നെയാണ്. ജനാധിപത്യ സംവിധാനമുള്ള ഒരു രാജ്യമെന്ന നിലയിൽ തീർച്ചയായും രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ അർഹതയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയ പ്രവചനങ്ങൾക്കും മീതെ 2019-ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എന്തും സംഭവിക്കാം. രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് പുത്തനായ മാറ്റങ്ങളും ഉണ്ടാകാം.

എങ്കിലും രാഹുലിനു പോലും 2019-ലെ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിൽ പ്രതീക്ഷയുണ്ടായിരിക്കില്ല. കാരണം, ഇന്നത്തെ രാഷ്ട്രീയ നീക്കങ്ങളെ അവലോകനം ചെയ്യുകയാണെങ്കിൽ രാഹുലിന്റെ അങ്ങനെയൊരു സ്വപ്നം നിരർത്ഥകമാകാനേ സാധ്യതയുള്ളൂ. ഇന്നത്തെ സാഹചര്യത്തിൽ ബിജെപി യെയും മോദിയെയും വെല്ലാൻ ലോകസഭയിലും രാജ്യസഭയിലും ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലെന്നുള്ളതാണ് വസ്തുത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതിപക്ഷ യോഗ്യതപോലും ലഭിച്ചില്ല.

രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോയെന്നല്ല ചോദ്യം. രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോയെന്നാണ് ചിന്തനീയമായിട്ടുള്ളത്. പ്രവചനങ്ങൾ അനുസരിച്ച്, 2019 -ൽ രാഹുൽ പ്രധാനമന്ത്രിയാകാൻ സാധ്യതയില്ല. കാരണം, എല്ലാ സർവ്വേകളിലും  കണക്കുകൂട്ടലുകളിലും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്നാണ്. ആ സ്ഥിതിക്ക് രാഹുൽ പ്രധാനമന്ത്രി മത്സരത്തിൽ മിക്കവാറും വേദിക്ക് പുറത്തായിരിക്കും. രണ്ടാമത്തെ കാര്യം, അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ യൂ.പി.എ. കഷ്ടിച്ച് തൂക്കു മന്ത്രിസഭയ്ക്ക് യോഗ്യമായെങ്കിൽ, ആടുന്ന ഒരു പാർലമെന്റ് രൂപീകരിക്കുന്നുവെങ്കിൽ, മറ്റുള്ള പാർട്ടികളുടെ പിന്തുണയും ലഭിക്കുന്നുവെങ്കിൽ, പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ സാധ്യത വളരെ കുറവായിരിക്കും. കോൺഗ്രസൊഴികെ മറ്റുള്ള പാർട്ടികൾ രാഹുലിനെ അംഗീകരിക്കാൻ തയാറാവുകയില്ല. അങ്ങനെ കോൺഗ്രസിന് മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയായി നിർദ്ദേശിക്കുകയോ അല്ലെങ്കിൽ മറ്റു പാർട്ടികളിലുളള നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയോ ചെയ്യാം. രാഹുൽ ഗാന്ധിയ്ക്ക് അവിടെ സാധ്യത കുറവായും കാണുന്നു

കോൺഗ്രസ് നേരീയ ഭൂരിപക്ഷത്തിൽ വിജയിക്കുകയാണെങ്കിലും സ്വന്തം പാർട്ടിതന്നെ നെഹ്‌റു കുടുംബങ്ങളുടെ പരമ്പരാഗത ഭരണത്തെ  എതിർക്കും. കഴിഞ്ഞകാല ചരിത്രംപോലെ നേതൃത്വത്തിനുള്ള വടംവലി കൂടുകയും ചെയ്യും. അത്തരണത്തിൽ ഒരു പാവ പ്രധാനമന്ത്രിയെ പ്രതിഷ്ഠിച്ച് തീരുമാനങ്ങൾ എടുക്കുന്ന നേതാവായി രാഹുൽ പിന്നിൽ നിന്നും ഭരിക്കാനുള്ള സാധ്യതകളുണ്ട്. സോണിയായുടെയും മൻമോഹന്റെയും മാതൃകയിൽ ഭരണം തുടരുകയും ചെയ്യും. അങ്ങനെ തീരുമാനങ്ങളെടുക്കുന്ന ഒരാളായി രാഹുലിന് രാഷ്ട്രീയ നേതൃത്വത്തിൽ തുടരാനും സാധിക്കും. പാർട്ടി പ്രസിഡന്റെന്ന നിലയിൽ പ്രധാനമന്ത്രിയെക്കാൾ അധികാരം ആസ്വദിക്കുകയും ചെയ്യാം. മൻമോഹൻ സിങ്ങിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം കുറച്ചുകൂടി ഭംഗിയായി പ്രധാനമന്ത്രി പദം അലങ്കരിക്കുമായിരുന്നു. കോൺഗ്രസിന് 'മാമ്മാ' പറയുന്നതുപോലെ അനുസരിക്കുന്ന ചെറുക്കനെ പ്രധാനമന്ത്രിയാക്കണമെന്നാണ് മോഹം. അല്ലെങ്കിൽ ഗാന്ധി കുടുംബമായി ബന്ധമില്ലാത്ത മൻമോഹൻ സിംഗിനെപ്പോലെ ശുദ്ധനായ ഒരു മനുഷ്യനെ പ്രധാനമന്ത്രിയായി കണ്ടെത്തണം. 

ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് ഇന്ന് ഭരിക്കുന്നില്ല. അതിനാൽ ഇന്ത്യ മുഴുവനായ ജനകീയ വോട്ടുകൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് നേടുക എളുപ്പമല്ല. അനേകം നേതാക്കന്മാർക്കു കോൺഗ്രസിനോടുള്ള വിശ്വാസം കുറഞ്ഞതു കാരണം പാർട്ടി വിടുകയും ചെയ്യുന്നു. കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽക്കൂടി പാർട്ടിയുടെ ഇമേജ് വളർത്താമെന്നുള്ള പ്രതീക്ഷകൾ മാത്രമാണ് കോൺഗ്രസ്സ് പാർട്ടിക്കുള്ളത്. പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഡീമോണിറ്റേഷനുശേഷവും രാജ്യം മുഴുവൻ ബി.ജെ.പി.യ്‌ക്കൊപ്പമെന്നുള്ളതും ഒരു വസ്തുതയാണ്.  

കോൺഗ്രസ്സ് പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിൽ താൽപ്പര്യമില്ല. ഇന്ത്യയിലെ യുവജനങ്ങൾ കൂടുതലും മോദിയ്‌ക്കൊപ്പമാണ്. എന്തെങ്കിലും അഴിമതിയാരോപണങ്ങളിൽപ്പെട്ടു മോദി പുറത്തുപോയാൽ മാത്രമേ രാഹുലിന് പ്രധാനമന്ത്രിയെന്ന പദം മോഹിക്കാൻ സാധിക്കുള്ളൂ. കോൺഗ്രസ്സിൽ സമർത്ഥരായ നേതാക്കന്മാർ ഉണ്ടായിട്ടും സോണിയ തന്റെ മകനെ പാർട്ടിയുടെ ഉന്നത തലത്തിൽ പ്രതിഷ്ടിക്കാനാണ് ആഗ്രഹിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ബി.ജെ.പി. ഭരണകാര്യങ്ങളിൽ അത്യധികം പ്രയാസമേറിയ കാലഘട്ടത്തിൽക്കൂടിയായിരുന്നു കടന്നു പോയത്. 2019-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി മുമ്പിൽ നിറുത്തുകയാണെങ്കിലും മൂന്നാം മുന്നണി കോൺഗ്രസിനേക്കാളും ശക്തമായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്. 

രാഹുലിന്റെ ജീവിതശൈലികൾ അദ്ദേഹത്തിൻറെ പിതാവിന്റെയോ മുത്തശ്ശിയുടെയോ രീതികളിൽനിന്നും വ്യത്യസ്തമാണ്. വല്യ മുത്തച്ഛനെപ്പോലെ ആശയനിരീക്ഷണങ്ങളും രാഹുലിൽ പ്രകടമായി കാണുന്നില്ല. ലോകം മുഴുവൻ കറങ്ങി സന്തുഷ്ട ജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. കണ്ടാൽ സുന്ദരൻ, വിവാഹം കഴിച്ചിട്ടില്ലെങ്കിലും സ്ത്രീ സുഹൃത്തുക്കൾ ധാരാളമായുണ്ട്. ഉന്നത കുടുംബ പാരമ്പര്യം, ഒരു രാഷ്ട്രീയ കുടുംബത്തിൽ പിറന്നയാൾ എന്നിങ്ങനെയുള്ള നാനാവിധ യോഗ്യതകളുമുണ്ട്. ജീവിതത്തിൽ ഒരിക്കലും ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല. സാധാരണക്കാരായ മനുഷ്യർ കടന്നുപോവുന്ന കഷ്ടപ്പാടുകളും അറിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെപ്പറ്റി ജീവിതവുമായി ഏറ്റുമുട്ടുന്ന സാമാന്യ ചിന്താഗതിയുള്ള ഒരു ഇന്ത്യൻ പൗരൻ എങ്ങനെ ചിന്തിക്കണം?

ഇന്ത്യയിൽ സാമ്പത്തികമായി മെച്ചപ്പെട്ട ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത് തങ്ങളുടെ മക്കളെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണമെന്നല്ലാമാണ്. ഐ.എ.എസ് സ്വപ്നങ്ങളുമായി കഴിയുന്നവരുമുണ്ട്. മനുഷ്യന്റെ അഭിരുചിയനുസരിച്ച് മക്കൾ വളരാൻ മാതാപിതാക്കൾ അനുവദിക്കില്ല. ഗാന്ധി കുടുംബത്തിലെ സ്വപ്നം ഇന്ത്യൻ രാഷ്ട്രീയം അവരുടെ മക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നുള്ളതാണ്. രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്തവർ പ്രവർത്തിക്കുമ്പോൾ ഒരു മഹാജനത്തെ മുഴുവനായി ദുരിതത്തിലേക്ക് നയിക്കും. രാഹുലിനെ അദ്ദേഹത്തിൻറെ 'അമ്മ നിർബന്ധിച്ച് രാഷ്ട്രീയത്തിലിറക്കുകയായിരുന്നു. മകനിൽ ഒരു പ്രധാനമന്ത്രിയെന്ന സ്വപ്നവും ആ അമ്മയിലുണ്ട്. എന്നാൽ അദ്ദേഹം രാഷ്ട്രീയം ഒരു തൊഴിലായി എടുക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ നേതാവാകണമെന്നുള്ളതു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബലഹീനമായ ഒരു ചിന്തകൂടിയാണ്. 

ഇന്ത്യയിലെയും വിദേശത്തെയും പ്രസിദ്ധമായ യുണിവേഴ്സിറ്റികളിൽനിന്നുള്ള വിദ്യാഭ്യാസ യോഗ്യതകളും രാഹുൽ ഗാന്ധിയുടെ യോഗ്യതയായി കണക്കാക്കാം. രാഹുൽ ഗാന്ധിയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിലും ആഭ്യന്തര വകുപ്പുകളിലും വിദേശകാര്യങ്ങളിലും നല്ല പരിജ്ഞാനമുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിൽ സ്വന്തം അമ്മയിൽനിന്നും പ്രചോദനവും ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ട്രിനിറ്റി കോളേജിലും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടുണ്ട്. കെയ്ബ്രിഡ്ജിൽനിന്ന് അദ്ദേഹത്തിന് എംഫിൽ ഡിഗ്രിയുമുണ്ട്. രാഹുൽ ഗാന്ധി ലണ്ടനിൽ വലിയ ഒരു കോർപ്പറേഷനിൽ മാനേജിങ് ഗ്രുപ്പിലും ജോലിചെയ്തു. എന്നാൽ ഇന്ത്യയിലെ ശരിയായ രാഷ്ട്രീയവും അദ്ദേഹം പഠിക്കേണ്ടതായുണ്ട്. അനേക വർഷങ്ങളിലെ പ്രായോഗിക പരിജ്ഞാനമാണ്‌ ഒരാളെ രാഷ്ട്ര തന്ത്രജ്ഞനാകാൻ പ്രാപ്തനാക്കുന്നത്. രാഹുലിന് അത് ഇല്ലെന്നുള്ളതാണ് സത്യം. ഈ സാഹചര്യങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഇനിയും കാത്തിരിക്കുകയായിരിക്കും ഉചിതം. രാഷ്ട്രീയത്തിലെ സ്ഥിരമായ ഉത്സാഹവും കർമ്മോന്മുഖമായ പ്രവർത്തനങ്ങളും കാലം അദ്ദേഹത്തെ നല്ല നേതാവായി വാർത്തെടുക്കാൻ സഹായിക്കുകയും ചെയ്യും.

2019ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന സ്ഥിതിവിശേഷത്തെപ്പറ്റി ഒന്ന് ചിന്തിക്കുക! അങ്ങനെയെങ്കിൽ ഇന്ത്യ മുഴുവനായുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരിക്കണം. ജനങ്ങളുടെ മനസ് പിടിച്ചെടുക്കാൻ കഴിവുള്ള പ്രസംഗ പാടവവും ഉണ്ടായിരിക്കണം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരം പ്രാഗത്ഭ്യം ഒന്നും തന്നെ അദ്ദേഹം നേടിയിട്ടില്ല. ആരോപണങ്ങൾ മാത്രം ഉന്നയിക്കാതെ സർക്കാരിന്റെ പോരായ്മകൾ തെളിവു സഹിതം നിരത്താൻ രാഹുലിനും രാഹുലിന്റെ പാർട്ടിക്കും കഴിവുണ്ടാകണം. തീർച്ചയായും ഇന്നത്തെ സർക്കാരിന് തെറ്റുകൾ ധാരാളം ഉണ്ട്. പക്ഷെ ആ തെറ്റുകളെ പരിഹരിക്കാൻ രാഹുൽ പ്രാപ്തനുമല്ല. എന്തെല്ലാമാണ് തെറ്റുകളെന്നു ചൂണ്ടി കാണിക്കാനുള്ള കഴിവുകളും അദ്ദേഹത്തിനില്ല. 

2014-ൽ കോൺഗ്രസ് പാർട്ടി ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. ഭൂരിഭാഗം സ്റ്റേറ്റുകളിലെ അസംബ്ളി മണ്ഡലങ്ങളും കോൺഗ്രസിന് നഷ്ടപ്പെട്ടു. കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർ നെഹ്‌റു തലമുറകൾ നിലനിർത്താൻവേണ്ടി രാഹുലിനെ അവരുടെ നേതാവായി നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഒട്ടും താൽപ്പര്യമില്ലാത്ത വ്യക്തിയെന്നത് മറുവശത്തെ കഥയും. അദ്ദേഹത്തിൻറെ അമ്മയുടെ പിന്തുണയില്ലാതെ പാർട്ടിയുടെ അണികളുടെ മുഴുവനായുള്ള നിയന്ത്രണം പിടിച്ചെടുക്കാൻ സാധിക്കില്ല. 2014-ലെ കോൺഗ്രസ്സ് പരാജയശേഷം പ്രാദേശിക പാർട്ടികളുടെ ശക്തിയും വർദ്ധിച്ചു. ഇന്ന് ബി.ജെ.പി ശക്തമായ നേതൃത്വത്തിന്റെ കീഴിൽ തല ഉയർത്തി നിൽക്കുന്ന സ്ഥിതിക്ക് ആ പാർട്ടിയെ നേരിടാൻ രാഹുൽ കരുത്താർജിച്ചിട്ടില്ല. 

ഇന്ത്യയെ സംബന്ധിച്ച് നരേന്ദര മോദി ഇന്ന് ഒരു ജനതയുടെ മതിപ്പുള്ള നേതാവായി അറിയപ്പെടുന്നു. സർക്കാരിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളും അദ്ദേഹത്തിൻറെ കീഴിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ബി.ജെ.പി യിൽ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്ത നേതാവായി അദ്ദേഹം വളർന്നു കഴിഞ്ഞു. മോദി ഒരു കഠിനാധ്വാനിയാണ്. വളരെയധികം കാര്യപ്രാപ്തിയുള്ള ആളും തീരുമാനങ്ങൾ അനുചിതമായി എടുക്കാൻ കഴിവുള്ള ഒരു വ്യക്തി പ്രഭാവവുമാണ്. നല്ല ഒരു പ്രാസംഗികനു പുറമെ നേതൃപാടവവും മോദിയിൽ പ്രകടമാണ്. മോദി, രാഷ്ട്രീയത്തിൽ ചേർന്നത് അർപ്പണ ബോധത്തോടെ രാജ്യത്തെ സേവിക്കാനാണ്. ഭരണകാര്യങ്ങളിൽ വിവേകവും ജ്ഞാനവുമുണ്ട്. രാഷ്ട്രീയ അവബോധവും മോദിയിൽ കുടികൊള്ളുന്നു. ഇന്ത്യയിലെ വെറും സാധാരണക്കാരനായ മനുഷ്യനായിട്ടാണ് അദ്ദേഹം വളർന്നത്. നർമ്മ ബോധമുള്ള വ്യക്തിയുമാണ്. മോദിയ്ക്ക് ഇന്ത്യൻ പൗരത്വം മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ ശമ്പളമല്ലാതെ അദ്ദേഹത്തിന് മറ്റൊരു സമ്പാദ്യവുമില്ല. നാളിതുവരെയായി ഒരു അഴിമതിയാരോപണങ്ങളിലും അകപ്പെട്ടിട്ടുമില്ല. മോദിയുടെ സംഘിടിതമായ രാഷ്ട്രീയ ടീമിനെ നേരിടുക അത്ര എളുപ്പമല്ല. അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ഒരു വ്യക്തിത്വം രാഹുൽ ഗാന്ധി നാളിതുവരെ നേടിയിട്ടില്ല.

രാഹുൽ ഗാന്ധിയെ സംബന്ധിച്ച് അദ്ദേഹം ഇത്രത്തോളം എത്തിയത് രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെന്ന നിലയിലുമാണ്. രാഹുൽ ഗാന്ധിക്ക് ധാരാളം വസ്തു വകകളും വ്യവസായങ്ങളും ഉണ്ട്. സ്വർണ്ണക്കരണ്ടിയിൽ ജനിച്ച പുത്രനായിരുന്നു രാഹുൽ ഗാന്ധി. പ്രധാന മന്ത്രിയാകാൻ രാഹുലിന് ആഗ്രഹമുണ്ടെങ്കിൽ ഇന്ന് അദ്ദേഹം നടത്തുന്ന വ്യക്തിപരമായ വിദേശ യാത്രകൾ ഒഴിവാക്കണം. അവധിക്കാലങ്ങൾ വിദേശരാജ്യങ്ങളിൽ ആഹ്ലാദിക്കന്ന സമയങ്ങളിൽ ജനങ്ങളെ സേവിക്കാൻ തയ്യാറാകണം. ഭാരതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്ന കാലങ്ങളിൽ രാഹുൽ ഗാന്ധി അപ്രത്യക്ഷമാകുന്ന സാഹചര്യങ്ങളാണ് സാധാരണ കാണപ്പെടുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണാതെയുള്ള ഈ ഒളിച്ചോട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിക്ക് നന്നല്ല. ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. 

രാഹുൽ ഗാന്ധി ഇന്ത്യയുടെ പുരോഗമനം എങ്ങനെ വേണമെന്ന നിർദേശങ്ങൾ ജനങ്ങളുടെ മുമ്പിൽ അർപ്പിക്കാൻ തയ്യാറാകണം. അധികാരത്തിനുവേണ്ടി ഭരണകക്ഷി എത്ര നല്ല കാര്യങ്ങൾ ചെയ്താലും ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായ നിർദ്ദേശങ്ങൾ നൽകുകയാണ് വേണ്ടത്. അദ്ദേഹം ഭരണാധികാരികളുടെ കുടുംബത്തിൽനിന്നു വന്നുവെങ്കിലും സ്വന്തം രാജപരമ്പരയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. ലാലു പ്രസാദിനെപ്പോലെ അഴിമതി പിടിച്ച നേതാക്കന്മാരുമായുള്ള കൂട്ടുകെട്ടു രാഹുലും കോൺഗ്രസ്സും അവസാനിപ്പിക്കേണ്ടതായുണ്ട്. ഇത് അദ്ദേഹത്തിൻറെ പേര് ചീത്തയാക്കുകയും അക്കാരണത്താൽ ജനങ്ങൾ വോട്ടു ചെയ്യാതെയുമിരിക്കാം.

നമ്മൾ ചരിത്രപരമായി പുറകോട്ടു പോവുകയാണെങ്കിൽ 1984 മുതൽ ഇന്നുവരെ കോൺഗ്രസിലെ  പ്രധാനമന്ത്രിമാർ നാലുതവണകൾ രാജ്യം ഭരിച്ചിരുന്നതായി കാണാം. രാജീവ് ഗാന്ധിയും നരസിംഹ റാവുവും ഓരോ തവണകളും മൻമോഹൻ സിങ്ങു രണ്ടു പ്രാവശ്യവും പ്രധാനമന്ത്രിയായി. അതിൽനിന്നും മനസിലാക്കേണ്ടത് ഇന്ന് ബി.ജെ.പി. യ്ക്ക് വോട്ടു ചെയ്തവർ നല്ലൊരു ശതമാനം മുമ്പ് കോൺഗ്രസിന് വോട്ടു ചെയ്തവരെന്നാണ്. അതുകൊണ്ടു വോട്ടർമാരുടെ ചിന്താഗതിയും മാറ്റങ്ങളുമനുസരിച്ച് ഭരണം മാറി മാറി വരുന്നുവെന്നുള്ളതാണ്. അവസാനത്തെ വോട്ട് കാസ്റ്റ് ചെയ്യുന്നതുവരെ ആരു വിജയിക്കും ആര് തോൽക്കുമെന്ന് വ്യക്തമായി പ്രവചിക്കാൻ സാധിക്കില്ല. നല്ലൊരു ശതമാനം വോട്ടർമാർ ആർക്ക് വോട്ടു ചെയ്യണമെന്ന് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ചിന്തിക്കാറുള്ളത്. അതുകൊണ്ടു ഇന്നത്തെ നിലപാട് അനുസരിച്ച് 2019-ൽ ആരു ജയിക്കും അല്ലെങ്കിൽ ആരു തോൽക്കുമെന്ന് പ്രവചിക്കുന്നതും ശരിയാവണമെന്നില്ല. 


എൻ.ഡി.എ നയിച്ചിരുന്ന വാജ്‌പേയി സർക്കാർ ഇന്ത്യയുടെ ചരിത്രത്തിൽ നല്ലയൊരു ഭരണം കാഴ്ച്ച വെച്ചെങ്കിലും അദ്ദേഹത്തിൻറെ പാർട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് കോൺഗ്രസ്സ് സർക്കാർ 2004-ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അന്ന് എൻ ഡി എ സർക്കാരിന് 181 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയെ ന്യുക്‌ളീയർ സ്റ്റാറ്റസിൽ ഉയർത്തിയതും വാജ്പേയിയുടെ കാലഘട്ടത്തിലായിരുന്നു. ഇൻഷുറൻസ് മേഖലകളിലും ഐ.ടി വളർച്ചയിലും വാജ്‌പേയി സർക്കാർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ കാർഗിൽ യുദ്ധത്തിൽ വിജയി ആവുകയും ചെയ്തു. എങ്കിലും തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സർക്കാരിന് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തിൽ ബിജെപിയെ മാറ്റി നിർത്തി മറ്റൊരു പാർട്ടിക്ക് ഭരണം കൈമാറേണ്ട ആവശ്യമില്ല. എങ്കിലും ഭാരതത്തിൽ ശക്തമായ ഒരു സർക്കാർ വേണം. അതുപോലെ ഒപ്പം ബലവത്തായ ഒരു പ്രതിപക്ഷവും ആവശ്യമാണ്. എങ്കിൽ മാത്രമേ ജനാധിപത്യത്തിന്റെ ഫലം നമുക്ക് അനുഭവിക്കാൻ സാധിക്കുള്ളൂ. 

മഹാന്മാരുടെ പിന്തുടർച്ചക്കാരനായി വന്ന രാഹുൽ ഗാന്ധിയുടെ സ്ഥാന പദവിയിൽ ലോകം മുഴുവൻ അഭിവാദനങ്ങൾ അർപ്പിക്കുന്നുണ്ട്. വിപ്ലവ ചൈതന്യം പരമ്പരാഗതമായി ലഭിച്ച ഈ ചെറുപ്പക്കാരന്റെ യാത്ര സുവർണ്ണ താളുകളിൽ നാളത്തെ ഭാരതത്തിന്റെ ചരിത്രം മാറ്റിയെഴുതുമെന്നു വിചാരിക്കാം. 









Monday, December 11, 2017

ജറുസലേമിന്റെ ചരിത്ര പശ്ചാത്തലവും തർക്കങ്ങളും


ജോസഫ് പടന്നമാക്കൽ

'പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്' ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് വൈറ്റ്ഹൌസിൽനിന്നും പ്രഖ്യാപിച്ചപ്പോൾ അത് ഇസ്രായേലിന്റെ സ്ഥാപനശേഷമുള്ള ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡണ്ടിൽനിന്നും വന്ന ആദ്യത്തെ സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. 1948-ലാണ് ഇസ്രായേൽ എന്ന രാജ്യം സ്ഥാപിതമായത്.  എംബസ്സി മാറ്റാനുള്ള അമേരിക്കയുടെ പുതിയ നയം ഇസ്രായേൽ പ്രധാനമന്ത്രി 'ബെഞ്ചമിൻ നേതൻ യാഹുവിനേയും' പാലസ്തീനിയൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഉടൻതന്നെ അറിയിക്കുകയും ചെയ്തു. ഇത് മിഡിൽ ഈസ്റ്റ് മേഖലയിൽ അസമാധാനം സൃഷ്ടിക്കുമെന്ന് അറബ് നേതാക്കൾ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. സൗദി ആറേബ്യയായിലെ സൽമാൻ രാജാവ് ലോകം മുഴുവനുമുള്ള മുസ്ലിമുകളിൽ അമേരിക്കയുടെ തീരുമാനം പ്രകോപനം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാലസ്തീനും ഇസ്രായേലുമായുള്ള തർക്ക പ്രദേശങ്ങളിൽ അമേരിക്ക ഇടപെടില്ലെന്നും ആരുടേയും പക്ഷം ചേരില്ലെന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. യഹൂദരുടെയും മുസ്ലിമുകളുടെയും വിശുദ്ധ സ്ഥലങ്ങളിലോ ആഭ്യന്തര കാര്യങ്ങളിലോ  കൈകടത്തുകയില്ലെന്നും  പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ഈ വിളംബരം മതപരവും രാഷ്ട്രീയ ഉദ്ദേശ്യവും കുത്തക മുതലാളിത്വം പരിപാലിക്കുന്നതിനുമാണെന്ന് വിമർശനങ്ങളുണ്ട്.

രണ്ടായിരം വർഷങ്ങളോളം യഹൂദന്മാർ സ്വന്തം നാടില്ലാതെ അലയുകയായിരുന്നു. സങ്കീർത്തനം അദ്ധ്യായം 137-(5-6) വാക്യങ്ങളിൽ പറയുന്നു, "യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ" ജെറുസലേമിനെ ഷാലോം എന്നും വിളിക്കാറുണ്ട്. സമാധാനമെന്നാണ് അതിന്റെ അർത്ഥം. 1948-ൽ ഇസ്രായേൽ ഉണ്ടായപ്പോൾ ജെറുസലേമിനെ തലസ്ഥാനമാക്കണമെന്ന് ഓരോ യഹൂദനും ചിന്തിച്ചിരുന്നു. രാഷ്ട്രീയ താൽപ്പര്യത്തിന് ഇസ്രായിലിനെ വിഭജിച്ചാൽ ഭീകരത സൃഷ്ടിക്കുമെന്ന്  അറിയാമായിരുന്നു. മതപരമായി പൊതുവായ ചില പങ്കുവെക്കൽ സ്വീകാര്യവുമായിരുന്നു.

മുസ്ലിമുകളും യഹൂദരും ജെറുസലേമിനുവേണ്ടിയുള്ള വികാരഭരിതമായ അവകാശ വാദങ്ങളുടെ കാരണങ്ങൾ അറിയണമെങ്കിൽ ആ പട്ടണത്തിന്റെ പൗരാണിക ചരിത്രം മുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ജറുസലേമിൽ മനുഷ്യ വാസം തുടങ്ങിയത് ബി.സി.3500 മുതലെന്നു അനുമാനിക്കുന്നു. ബി.സി.1000-ത്തിൽ ദാവീദ് രാജാവ് ജെറുസലേമിനെ ആക്രമിച്ചു കീഴടക്കുകയും അവിടെ രാജ്യം സ്ഥാപിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് നാൽപ്പതു വർഷത്തിനുശേഷം അദ്ദേഹത്തിൻറെ മകൻ സോളമൻ രാജാവ് ആദ്യത്തെ വിശുദ്ധ ദേവാലയം പണിതുയർത്തി. ബി.സി. 586-ൽ ബാബിലോൺകാർ ജെറുസലേം കീഴടക്കി അവിടെയുണ്ടായിരുന്ന ദേവാലയം തകർത്തു. ജെറുസലേമിലുണ്ടായിരുന്ന യഹൂദന്മാരെ ഒന്നാകെ അവിടെനിന്ന് പുറത്താക്കി. അമ്പതു വർഷത്തിനുശേഷം ജെറുസലേം പേർഷ്യൻ അധീനതയിലായി.  പേർഷ്യൻ രാജാവായ 'സൈറസ്' യഹൂദരെ ജെറുസലേമിലേക്ക് മടക്കി വിളിക്കുകയും നശിക്കപ്പെട്ട ദേവാലയം പുതുക്കി പണിയാൻ അനുവദിക്കുകയും ചെയ്തു. ബി.സി. 332-ൽ അലക്‌സാണ്ടർ ചക്രവർത്തി ജെറുസലേമിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീടുള്ള ഏതാനും നൂറ്റാണ്ടുകളിൽ ജെറുസലേമിനെ അനേകം വംശജർ ആക്രമിക്കുകയും അവിടെ ഭരണം നടത്തുകയും ചെയ്തു. അക്കൂടെ റോമ്മാക്കാരും പേർഷ്യക്കാരും, അറബികളും ഈജിപ്തുകാരും ടർക്കികളും ഉൾപ്പെടുന്നു.

മതപരമായ വിശ്വാസങ്ങളും ജെറുസലേമിന്റെ ചരിത്രത്തോടായി ബന്ധപ്പെട്ടിട്ടുണ്ട്. ബി.സി. 37-ൽ   ഹെരോദ് ചക്രവർത്തി ജറുസലേമിൽ രണ്ടാമതും ദേവാലയം പുതുക്കി പണിതു. അതിനു ചുറ്റും മതിലുകളും തീർത്തു. എ.ഡി 30-ൽ യേശുവിന്റെ കുരിശുമരണം ജറുസലേമിൽ സംഭവിച്ചെന്നു  വിശ്വസിക്കുന്നു. എ.ഡി. 70-ൽ റോമാക്കാർ രണ്ടാമത്തെ ദേവാലയവും നശിപ്പിച്ചു. എ.ഡി.632-ൽ പ്രവാചകൻ മുഹമ്മദ് മരിച്ചു. ജെറുസലേമിൽ നിന്നാണ് പ്രവാചകൻ സ്വർഗാരോഹണം ചെയ്തതെന്നു  വിശ്വസിക്കുന്നു. ആദ്യനൂറ്റാണ്ടിൽ തന്നെ ക്രിസ്ത്യാനികൾ അവിടെ തീർത്ഥാടനം തുടങ്ങിയിരുന്നു. എ.ഡി. 1099 മുതൽ1187 വരെ കുരിശു യുദ്ധക്കാരായ ക്രിസ്ത്യാനികൾ ജെറുസലേമിനെ അധീനമാക്കിക്കൊണ്ടു   ഭരിച്ചിരുന്നു. 'ഓട്ടോമൻ രാജവംശത്തിലെ ചക്രവർത്തിമാരുടെ കാലത്ത് ജെറുസലേമിനെ മതപരമായ ചരിത്ര പ്രാധാന്യം നൽകുന്ന പട്ടണമായി പ്രഖ്യാപിച്ചു.

എ.ഡി. 1516 മുതൽ എ.ഡി.1917 വരെ ജറുസലേമും മിഡിൽ ഈസ്റ്റിലുള്ള മറ്റു ഭൂരിഭാഗം രാജ്യങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധ ശേഷം ജെറുസലേം ബ്രിട്ടന്റെ കൈവശമായി.  ജനറൽ 'അല്ലെൻബിയുടെ' നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം 1917-ൽ ജെറുസലേം പിടിച്ചെടുത്തു. 1948 വരെ ഇസ്രയേലും പാലസ്തീനും ബ്രിട്ടന്റെ ഭരണത്തിൻകീഴിലായിരുന്നു.1948-ൽ ഇസ്രായേൽ സ്വതന്ത്രമാകുന്ന വരെ ഇസ്രായേലും സമീപ പ്രദേശങ്ങളും ബ്രിട്ടൻ നിയന്ത്രിച്ചിരുന്നു. ബ്രിട്ടനിൽനിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യത്തെ ഇരുപതു വർഷം ജറുസലേമിനെ രണ്ടായി വിഭജിച്ചിരുന്നു. പടിഞ്ഞാറേ ജെറുസലേം ഇസ്രായേലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോർദാന്റെ നിയന്ത്രണത്തിലുമായിരുന്നു. 1967-ൽ ആറു ദിവസ യുദ്ധത്തിൽ ഇസ്രായേൽ ജെറുസലേം മുഴുവനായും പിടിച്ചെടുത്തു.

ജറുസലേമിൽ ഏകദേശം മുപ്പതു ഏക്കർ കോമ്പൗണ്ടിൽ 'ടെമ്പിൾ മൗണ്ടെ'നെന്ന പേരിൽ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നു. വെസ്റ്റേൺ വാൾ, ഡോം ഓഫ് റോക്ക്, അൽ അഖ്‌സ മോസ്‌ക്ക് എന്നീ മത വിഹാരങ്ങളെല്ലാം ഈ കോമ്പൗണ്ടിനുള്ളിലാണ്. യഹൂദ ഗ്രന്ഥങ്ങളിലെ ആദിപിതാവായ എബ്രാഹമിന്റെ മകനായ ഇസഹാക്കിനെ ബലിയർപ്പിക്കാനായി യഹോവായ്ക്ക് സമർപ്പിച്ചതും ഈ പ്രദേശങ്ങളിലെന്നു വിശ്വസിക്കുന്നു. അതുമൂലം അവിടം  എബ്രാഹാമിക്ക്‌ മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളായി ആചരിക്കുന്നു. യഹൂദരുടെ പ്രവാചകരിൽ കൂടുതൽ പേരും അവരുടെ ഗുരുക്കളും പുരോഹിതരും ഈ പ്രദേശങ്ങളിൽ വസിച്ചിരുന്നു. 'ടെമ്പിൾ മൌണ്ട്', സൗദി അറേബ്യയായിലെ മെക്കായ്ക്കും മെഡീനായ്ക്കും ശേഷം ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായി ഗണിക്കുന്നു. പ്രവാചകന്റെ സ്വർഗാരോഹണം ബന്ധപ്പെടുത്തിയാണ് മുസ്ലിമുകൾ ഇവിടം പുണ്യ നഗരമായി കരുതുന്നത്. ക്രിസ്ത്യാനികൾക്കും ജെറുസലേം പുണ്യ സ്ഥലമാണ്. പുതിയ നിയമം അനുസരിച്ചു യേശു ഈ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എബ്രാഹാമിക്ക് മതങ്ങളുടെയെല്ലാം പവിത്രമായ പ്രദേശങ്ങളായതുകൊണ്ടു ടെമ്പിൾ മൗണ്ടിനുവേണ്ടി യഹൂദ-മുസ്ലിം തർക്കങ്ങൾ തുടരുന്നു. ഇന്ന് മുസ്ലിമുകൾക്കും അവിടെ ആരാധനയ്ക്കായുള്ള സ്വാതന്ത്ര്യമുണ്ട്.

പാലസ്തീനും ഇസ്രായേലുമായി പൊരുത്തപ്പെട്ടു പോകാൻ ഇരു രാഷ്ട്രങ്ങളും കാലാകാലങ്ങളിൽ ഒത്തുതീർപ്പുകൾക്ക് ശ്രമിച്ചിട്ടുണ്ട്. ആഗോള നിയമങ്ങളെ ധിക്കരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യുണൈറ്റഡ് നാഷൻസ് തീർപ്പു കൽപ്പിച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾ ലോകത്തിലെ കുത്തക വ്യവസായികളായ രാജ്യങ്ങൾ ലംഘിക്കുന്ന സ്ഥിതി വിശേഷമാണ് നാമിന്ന് കാണുന്നത്. ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം ആഗോള സമാധാന നിയമങ്ങളെ യാതൊരു സങ്കോചവുമില്ലാതെ ലംഘിക്കുന്നു. അത്തരം ചരിത്രം എന്നും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ട്രംപിന് വ്യക്തിപരമായി ഇസ്രായേൽ വ്യവസായ സാമ്രാജ്യത്തിൽ പങ്കുണ്ടെന്നു പ്രമുഖ ചാനലുകളിൽ വാർത്തകൾ പുറപ്പെടുവിക്കുന്നത് കേൾക്കാം. അതുകൊണ്ടാണ് ഇസ്രായിലിന്റെ താല്പര്യത്തിനായി അദ്ദേഹം തന്റെ നയങ്ങൾ രൂപീകരിച്ചിരിക്കുന്നതും ഇസ്രായേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും വിശ്വസിക്കുന്നു. അമേരിക്കയിൽ ഇസ്രായിലികളുടെ താൽപ്പര്യങ്ങളും നയങ്ങളും  രൂപീകരിക്കുന്നതിനുള്ള യഹൂദരുടെ ലോബി വളരെ ശക്തമാണ്. ജെറുസലേം പ്രശ്നത്തിൽ ട്രംപ് ഇസ്രായേലിനെ പൂർണ്ണമായും പിന്താങ്ങുകയും ചെയ്യുന്നു.

ജെറുസലേമിന്റെ ചരിത്ര പശ്ചാത്തലവും ഈ സാഹചര്യങ്ങളിൽ കണക്കാക്കണം. ജെറുസലേമിനെ വിഭജിക്കാതെ ആഗോള പട്ടണമാക്കാൻ യുണൈറ്റഡ് നാഷൻസ് പദ്ധതിയിട്ടത് 1947-ലാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇസ്രായിലിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധത്തിൽ പട്ടണത്തെ രണ്ടായി വിഭജിക്കുകയാണുണ്ടായത്. യുദ്ധം 1949 ൽ അവസാനിച്ചപ്പോൾ പടിഞ്ഞാറേ പകുതി ജെറുസലേം ഇസ്രായിലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോർദാന്റെ നിയന്ത്രണത്തിലൂമായി. ചരിത്ര പ്രധാനമായ വിശുദ്ധ സ്ഥലങ്ങളുൾപ്പെട്ടിരുന്ന പഴയ ജെറുസലേം ജോർദാന്റെ ഭാഗമായും മാറിയിരുന്നു.

ജെറുസലേമിന്റെ ഭാവിയിൽ അനിശ്ചിതത്വം തുടരുന്നുവെങ്കിലും ഈ പട്ടണം ചരിത്രപരമായ പ്രാധാന്യമുള്ളതും മത കേന്ദ്രവും രാഷ്ട്രീയ സ്വാധീനവുമുള്ള സ്ഥിതിക്ക് പട്ടണത്തിന്റെ നിയന്ത്രണം യഹൂദരും മുസ്ലിമുകളും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.യഹൂദരെ സംബന്ധിച്ചു ജെറുസലേമെന്നത് വെറും ഭൗതികമായ നഗരം മാത്രമല്ല, അവിടം ഭൗതികാനുഭവ സീമകൾക്ക് അതീതമായ ആത്മീയ അവസ്ഥകൾ സൃഷ്ടിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നു. യഹൂദരുടെ ആദ്യപിതാവായ എബ്രാഹം ജെറുസലേമിൽ ബി.സി. 1800-ൽ ജീവിച്ചെന്നും അദ്ദേഹത്തിൻറെ മകൻ ഇസഹാക്കിനെ ബലികഴിക്കാൻ യഹോവാ ആജ്ഞാപിച്ചതു ഈ സ്ഥലത്തുനിന്നുമാണെന്നും യഹൂദ പാരമ്പര്യം പുലമ്പുന്നു. ബലി നടത്താൻ തീരുമാനിച്ച അതേ സംഭവസ്ഥലത്തുനിന്നു ജെറുസലേം പണികഴിപ്പിച്ചെന്നു ഐതിഹ്യവുമുണ്ട്.

1980-ൽ ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി വിളംബരം ചെയ്തു. എന്നാൽ ലോക രാജ്യങ്ങൾ ആരും ഇസ്രയേലിന്റെ ഈ തീരുമാനത്തെ അംഗീകരിച്ചില്ല. 2017 മെയ്മാസം പാലസ്തീനിലെ 'ഹമാസ് ഗ്രുപ്പ്' ജെറുസലേമിനെ തലസ്ഥാനമാക്കിക്കൊണ്ടു ഒരു ഡോകുമെന്റ് തയ്യാറാക്കി. ഇസ്രായേൽ സർക്കാർ അവരുടെ തീരുമാനങ്ങളെ നിരസിക്കുകയും ചെയ്തു. ഇന്ന് ജെറുസലേമിലും പരിസരങ്ങളിലും  മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും നിറഞ്ഞിരിക്കുകയാണ്. പാലസ്തീന്റെയും ഇസ്രായേലിന്റെയും പട്ടാളം നേർക്കുനേരെ യുദ്ധഭീതിയിൽ നിലകൊള്ളുന്നു. ജെറുസലേമിനെ രണ്ടായി വീതിക്കാൻ ലോകത്തിലെ മിക്ക രാജ്യങ്ങളും ഉപദേശിക്കുന്നു. പക്ഷെ അങ്ങനെയുള്ള പദ്ധതികൾക്കു ലോകരാഷ്ട്രങ്ങളുടെയിടയിൽ, ഏകചിത്തമായ ഒരു അഭിപ്രായം സ്വരൂപിക്കാൻ സാധിക്കുന്നില്ല.

ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ലോക രാഷ്ട്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അതനുസരിച്ച് അമേരിക്കയുടെ എമ്പസ്സി ടെൽ അവീവിൽനിന്ന് ജെറുസലേമിലേക്ക് മാറ്റുവാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം നല്കുകയുമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ മറ്റു പല പ്രസിഡന്റുമാരെപ്പോലെ ഇസ്രായിലിന്റെ തലസ്ഥാനം ടെൽ അവീവിൽ നിന്ന് ജെറുസലേമിൽ മാറ്റുവാനുള്ള പിന്തുണ അമേരിക്ക നൽകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മുസ്ലിം രാജ്യങ്ങൾ അമേരിക്കയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ടർക്കീഷ്‌ പ്രസിഡന്റ് 'റിസെപ് തയ്യിപ് എർദോഗാൻ' ഇസ്രായിലിന് താക്കീതു കൊടുത്തു കഴിഞ്ഞു. അത്തരം നീക്കങ്ങൾ ടർക്കിയും ഇസ്രായേലും തമ്മിൽ നയതന്ത്രം വിച്ഛേദിക്കാൻ ഇടയാക്കുമെന്നും മുന്നറിയിപ്പു നൽകി.

മൂന്നു നാല് വർഷങ്ങൾകൊണ്ടു പടിപടിയായി മാത്രമേ എംബസ്സി ടെൽഅവീവിൽ നിന്നും ജറുസലേമിൽ മാറ്റപ്പെടുകയുള്ളുവെന്നും അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യൊഗസ്ഥർ പറഞ്ഞു. ഇതിൽനിന്നും ഈ തീരുമാനം പ്രസിഡണ്ടിന്റെ അടുത്ത തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ അജണ്ടായെന്നും വ്യക്തമാണ്. എംബസ്സി ജെറുസലേമിൽ മാറ്റപ്പെടുന്നതിനായി സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള താൽക്കാലിക ആറുമാസത്തേക്കുള്ള മരവിപ്പിക്കലിൽ (സ്റ്റേ) പ്രസിഡന്റ് ഒപ്പിടും.  തുടർന്നുള്ള വർഷങ്ങളിലും എംബസി ജെറുസലേമിലേയ്ക്ക് മാറ്റുന്ന പ്രശ്‍നം നീട്ടികൊണ്ടു പോവാൻ സാധിക്കും. അതിനുള്ള സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഫണ്ടും തടയാനും സാധിക്കും.

പ്രസിഡന്റ് ട്രംപ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് ഇവാഞ്ചലിക്കൽ വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്നുള്ള ഭയത്താലാണെന്നും പറയുന്നു.  ഇവാഞ്ചലിക്കൽ സഭ, പ്രവചനങ്ങളിൽ വിശ്വസിക്കുന്നു. അവസാനകാലം ജെറുസലേം മുഴുവൻ യഹൂദരുടെ നിയന്ത്രണത്തിലാകുമെന്നും വിശ്വസിക്കുന്നു. സാംസ്ക്കാരിക പരമായി ജെറുസലേമിൽ മാറ്റങ്ങൾ ഉണ്ടാവുകയും യഹൂദർ ഒന്നുകിൽ ക്രിസ്ത്യാനികൾ ആവുമെന്നും അല്ലെങ്കിൽ ദൈവത്തിന്റെ ശാപത്തിൽ അവരെല്ലാം നശിച്ചു പോവുമെന്നും പ്രവചനമുണ്ട്. ഇവാഞ്ചലിക്കൽ കാരുടെ പ്രാർത്ഥനയിലും ട്രംപിനെ അവരുടെ പ്രവാചക തുല്യനായിട്ടാണ് കരുതിയിരിക്കുന്നത്.

മില്യൻ  കണക്കിന് ഇവാഞ്ചലിക്കൽ സഭക്കാർ ട്രംപിന്റെ ഈ തീരുമാനത്തിൽ സന്തുഷ്ടരാണ്. അമേരിക്കൻ എംബസി ജറുസലേമിൽ സ്ഥാപിക്കുമോയെന്നു അറിയാൻ അവർ കാത്തിരിക്കുന്നു. ഇവാഞ്ചലിക്കൽ സഭയ്ക്ക് അമേരിക്കയിൽ ഏകദേശം അറുപത് മില്യൻ അംഗങ്ങളുണ്ട്. വോട്ടു ബാങ്കിനെ സംബന്ധിച്ചിടത്തോളം ഈ സഭ നിർണ്ണായകമായ ഒരു പങ്കും വഹിക്കുന്നു. സഭയുടെ പാസ്റ്റർ ജോൺ ഹേഗ് പറഞ്ഞത് "എമ്പസ്സി ജെറുസലേമിൽ സ്ഥാപിക്കാൻ സാധിച്ചാൽ അത് ട്രംപിനെ ചരിത്രത്തിൽ അനശ്വരനാക്കുമെന്നാണ്. അതുമൂലം ട്രംപിന്റെ നാമം ആയിരം വർഷങ്ങൾ കഴിഞ്ഞാലും ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുമെന്നും" അദ്ദേഹം പറഞ്ഞു. "ട്രംപിന് ജെറുസലേമിനെ സംബന്ധിച്ചുള്ള സുപ്രധാനമായ ഈ തീരുമാനം നടപ്പാക്കാൻ കഴിയാത്ത പക്ഷം ചരിത്രപ്രസിദ്ധമായ ഒരു നയം നടപ്പാക്കാൻ കഴിയാതെപോയ പരാജയപ്പെട്ട പ്രസിഡണ്ടായും കരുതും."
ആഗോള തലത്തിലുള്ള രാജ്യങ്ങൾ ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചിട്ടില്ലായിരുന്നു. മറ്റുള്ള രാജ്യങ്ങളെപ്പോലെ അമേരിക്കയുടെയും എംബസ്സി ടെൽ അവീവിലായിരുന്നു സ്ഥാപിച്ചിരുന്നത്. ജെറുസലേമിലേക്ക് എംബസ്സി മാറ്റുന്ന വഴി അമേരിക്കയുടെ നയതന്ത്ര ബന്ധത്തിന് വലിയ ഇടിവ് തട്ടുമെന്നു നിരീക്ഷകർ കരുതുന്നു. ഇസ്രായേലും പാലസ്തീനുമെന്നുള്ള ഒരു മദ്ധ്യവർത്തിയെന്ന നിലയിൽ അമേരിക്കയെ ആരും വിശ്വസിക്കാതെയും വരാം. മിഡിൽ ഈസ്റ്റിൽ സമാധാനം സൃഷ്ടിക്കാനായി അമേരിക്ക പക്ഷാപാത നയം സ്വീകരിക്കുമെന്നും പാലസ്തീനും അറബിരാജ്യങ്ങളും കരുതാം. ജെറുസലേമിൽ ചരിത്രപരമായ കാര്യങ്ങളിൽ ചെറിയ മാറ്റം ഉണ്ടായാൽ തന്നെയും അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

മുമ്പുണ്ടായിരുന്ന  ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പ്രസിഡണ്ടുമാർ എല്ലാവരും തന്നെ എമ്പസ്സി ജെറുസലേമിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചിന്തിച്ചിരുന്നവരായിരുന്നു. ടെൽ അവീവിൽ നിന്നും ജെറുസലേമിലേക്ക് എംബസ്സി മാറ്റാൻ മുൻ പ്രസിഡണ്ടുമാരായ ഒബാമയും ബിൽ ക്ലിന്റണും ബുഷും പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. വൈറ്റ് ഹൌസിൽ എത്തുമ്പോൾ അവരുടെ ആശയങ്ങൾക്കും തീരുമാനങ്ങൾക്കും മാറ്റങ്ങളും വരുത്തിയിരുന്നു. 1995-ൽ ഇതു സംബന്ധിച്ച ബില്ല് കോൺഗ്രസ്സ് അംഗീകരിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. 1999-ൽ എംബസ്സി മാറ്റണമെന്നായിരുന്നു തീരുമാനം. എന്നാൽ ജെറുസലേമിൽ എംബസ്സി മാറ്റുന്ന തീരുമാനം പ്രസിഡന്റ് ഒപ്പിടാതെ നീട്ടികൊണ്ടു പോവുകയായിരുന്നു. മുൻ പ്രസിഡന്റുമാരെല്ലാം തന്നെ മിഡിൽ ഈസ്റ്റിൽ അസമാധാനം ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നില്ല.  ഇസ്രായേലും പാലസ്തീനുമായുള്ള സമാധാനാന്തരീക്ഷം അവിടെ അവസാനിക്കുമെന്നാണ് മുമ്പുള്ള പ്രസിഡന്റുമാർ ഭയപ്പെട്ടിരുന്നത്. 2008-ലെ തിരഞ്ഞെടുപ്പ് വേളയിലുള്ള ഒബാമയുടെ പ്രസ്താവനയും പ്രാധാന്യം അർഹിക്കുന്നു. ഇസ്രായിലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കണമെന്ന് ഒബാമ പറഞ്ഞു. എന്നാൽ ചർച്ചകളിൽക്കൂടി വേണമെന്നും അദ്ദേഹം കൂട്ടി ചേർത്തിരുന്നു.

ഇസ്രായേലിലെ നേതൃത്വം ഒഴികെ ലോകത്ത് മറ്റൊരു രാജ്യവും ട്രംപിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നില്ല. യുണൈറ്റഡ് നാഷനും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും  അറബ് രാജ്യങ്ങളും എംബസ്സി ജെറുസലേമിൽ മാറ്റുന്നതിനെ എതിർക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ജർമ്മൻ വിദേശകാര്യമന്ത്രി സിഗ്മാർ ഗബ്രിയേൽ എന്നിവരും ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അതിർത്തി ഗ്രാമങ്ങൾ അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിർത്തിയിലുള്ള ഗ്രാമങ്ങളുടെ ക്ഷേമം പരിപാലിക്കേണ്ട ചുമതല ജനീവ ഉടമ്പടിയനുസരിച്ച് ഇസ്രായേലിനുള്ളതാണ്. അവിടെ പാലസ്തീൻകാരുടെ ടൗണുകളുമുണ്ട്. ഇസ്രായേൽ ആണ് അതിർത്തി പട്ടണങ്ങൾ പരിപാലിക്കുന്നതെങ്കിലും യാതൊരു നിയമവും അവിടെ പാലിക്കാറില്ല. മയക്കു മരുന്നുകൾ വളരെയധികം അതിർത്തി പ്രദേശങ്ങളിൽ പ്രചാരത്തിലുമുണ്ട്. ജനങ്ങളുടെ ആരോഗ്യവും ഗുരുതരമാണ്. മലിന പദാർത്ഥങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു. ഓടയിൽനിന്നും ഒഴുകുന്ന മലിന വസ്തുക്കൾ എവിടെയും തളം കെട്ടി നിൽക്കുന്നു. മലിന ജലം തുറസായ സ്ഥലത്തുകൂടി ഒഴുകുന്നമൂലം ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങളും സാധാരണമാണ്.

ജെറുസലേമിന്റെ ഇന്നത്തെ സ്ഥിതി വളരെയധികം പരിതാപകരമാണ്. ജെറുസലേം പട്ടണത്തിന്റെ പൂർണ്ണ നിയന്ത്രണവും പട്ടാളത്തിന്റെ അധീനതയിലാണ്. ഒരു സ്‌കൂളിലെ കുട്ടികൾ വീട്ടിൽ എത്തുമെന്ന ഉറപ്പുപോലുമില്ല. സംശയത്തിന്റെ പേരിൽ കുട്ടികളെ തല്ലുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. കൗമാരക്കാരെയാണ് അതിർത്തി പോലീസായി നിയമിച്ചിരിക്കുന്നത്. ക്രൂരമായ രീതിയിൽ അതിർത്തി പോലീസ് കുട്ടികളോട് പെരുമാറുന്ന വിഷയം യു എസ്‌ കോൺഗ്രസിലും ചർച്ചാ വിഷയമായിരുന്നു.

ജെറുസലേം പാലസ്തീൻകാരിൽനിന്നും ഇസ്രായേൽ കൈവശപ്പെടുത്തിയ ഒരു പട്ടണമാണ്. അവിടെ അമേരിക്ക എംബസ്സി പണിയുന്നതും നിയമാനുസൃതമല്ലാത്ത ഒരു പ്രദേശത്തുമാണ്. അതിന്റെ അർത്ഥം 1967-ൽ ഇസ്രായേൽ യുദ്ധത്തിൽക്കൂടി പാലസ്തീനിയിൽ നിന്നും അക്രമിച്ചെടുത്ത ഭൂപ്രദേശങ്ങളെ അമേരിക്ക അംഗീകരിച്ചുവെന്നാണ്. ഉദാഹരണമായി പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന കാശ്മീരിൽ ചൈന എംബസ്സി പണിയുവാൻ തീരുമാനമെടുത്താൽ ഇന്ത്യയുടെ പ്രത്യാഘാതം എന്തായിരിക്കും? ഇത് അമേരിക്കയുടെ ഒരു രാഷ്ട്രീയ ചൂതുകളിയാണ്. ഇത്തരം അനേകം ചൂതുകളികൾ സംഭവിച്ചെങ്കിൽ മാത്രമേ ട്രംപിന് രണ്ടാം പ്രാവശ്യവും പ്രസിഡന്റ് പദവി ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ ജീവൻ കളയാൻപോലും യഹൂദരും യാഥാസ്ഥിതിക ക്രിസ്ത്യാനികളും ട്രംപിനൊപ്പമുണ്ട്. മനുഷ്യന്റെ മതമെന്ന വിഡ്ഢിചിന്തകൾ ഇല്ലാതാക്കാൻ ശാസ്ത്രജ്ഞന്മാർ പുതിയ മരുന്നുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ലോകം നിലനിൽക്കാനും ലോകസമാധാനത്തിനും അങ്ങനെയൊരു മരുന്ന് ആവശ്യമാണ്.


President Trump with Prime Minister Benjamin Netanyahu

Donald Trump with Prasident Mahmoud Abbas

Jerusalem Western Wall Flag 

Western Wall-Jerusalem



----------------------------

.



Wednesday, December 6, 2017

രാമാനുജനും അനന്തതയും ഗണിത ശാസ്ത്ര നേട്ടങ്ങളും


ജോസഫ് പടന്നമാക്കൽ

ഭാരതം കണ്ടിട്ടുള്ളതിൽ വെച്ച് മഹാനായ ഒരു ശാസ്ത്രജ്ഞനും ഗണിതങ്ങളുടെ ലോകത്തിലെ അതുല്യപ്രഭയുമായിരുന്നു 'ശ്രീനിവാസ രാമാനുജം'. ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. ഗണിത ശാസ്ത്രജ്ഞനായ അദ്ദേഹത്തിൻറെ കഥ തികച്ചും വൈകാരികത നിറഞ്ഞതായിരുന്നു. മരിക്കുമ്പോൾ 32 വയസു മാത്രമായിരുന്നു പ്രായം. ഹൃസ്വമായ ജീവിതത്തിനുള്ളിൽ ഒരു ശാസ്ത്രജ്ഞൻ, നേടാവുന്ന നേട്ടങ്ങൾ മുഴുവനും നേടിക്കഴിഞ്ഞിരുന്നു. വിശ്രമമില്ലാത്ത ജീവിതവും കഠിന പ്രയത്നവും ജന്മനായുള്ള കഴിവുകളും അദ്ദേഹത്തെ ലോക പ്രസിദ്ധനായ ഒരു ഗണിത ശാസ്ത്രജ്ഞനാക്കി. അദ്ദേഹം, ഗണിതങ്ങളുടെ കണക്കുകൂട്ടലുകളിൽ സഹപാഠികളെ വിസ്മയിപ്പിക്കുമായിരുന്നു. അക്കങ്ങളുടെ ലോകത്തിൽ അക്കങ്ങളെ വിഭജിക്കാനുള്ള അസാധാരണ കഴിവുകളുമുണ്ടായിരുന്നു. ഗണിത ശാസ്ത്രത്തിൽ അനേകമനേകം ഫോർമുലാകളും തീയറങ്ങളും കണ്ടുപിടിച്ച വഴി ലോകം അറിയുന്ന ഒന്നാം നിരയിലുള്ള ശാസ്ത്രജ്ഞനായി അറിയപ്പെട്ടിരുന്നു.

രാമാനുജം, തന്റെ ചുരുങ്ങിയ ജീവിത കാലത്തു തന്നെ ഗണിതശാസ്ത്ര മേഖലകളിൽ എത്താവുന്നടത്തോളം അറിവിന്റെ ഉയരങ്ങൾ കീഴടക്കിയിരുന്നു. ഔദ്യോഗികമായ വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും സ്വപ്രയത്നവും കഠിനാധ്വാനവും കൊണ്ട് അദ്ദേഹത്തിനു കിട്ടാതെ പോയ വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ പരിഹരിക്കുകയും ചെയ്തു. ദരിദ്രനായിരുന്ന അദ്ദേഹം സ്വന്തം ബുദ്ധി വൈഭവം കൊണ്ട് ശാസ്ത്ര ലോകത്തു തന്നെ ഒരു അത്ഭുത പ്രതിഭാസമായി മാറിയിരുന്നു. അദ്ദേഹത്തിൻറെ തലയിൽ കുരുത്ത  ആശയങ്ങളും ഗണിത വിജ്ഞാനങ്ങളും  ലോകമാകമാനമുള്ള വിജ്ഞാന തീക്ഷ്ണശാലികൾക്കു ഒരു മുതൽകൂട്ടായിരുന്നു. അദ്ദേഹം തുടങ്ങി വെച്ച  ഗണിത ശാസ്ത്രത്തിലെ കണ്ടെത്തലുകൾ തലമുറകളായി അന്നും ഇന്നും ശാസ്ത്ര ലോകത്തെ ആകർഷിച്ചുകൊണ്ടുമിരിക്കുന്നു. രാമാനുജനെ ഭാരതത്തിലെ 'ന്യുട്ടൺ' എന്നാണ് പാശ്ചാത്യ ലോകം വിളിക്കുന്നത്.

1887 ഡിസംബർ ഇരുപത്തിരണ്ടാം തിയതി 'രാമാനുജൻ ശ്രീനിവാസൻ' തമിഴ്നാട്ടിലുള്ള ഈറോഡിൽ ജനിച്ചു. ജനിച്ചത് അദ്ദേഹത്തിൻറെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു. അച്ഛൻ കെ.ശ്രീനിവാസ അയ്യങ്കാറും 'അമ്മ കോമള അമ്മാളും. സദഗോപൻ എന്ന ഒരു സഹോദരനുമുണ്ടായിരുന്നു. രാമാനുജന് ഒരുവയസുള്ളപ്പോൾ അദ്ദേഹത്തിൻറെ 'അമ്മ കുംഭകോണത്തു താമസമാക്കി. അവിടെ, ഒരു തുണിക്കടയിൽ അദ്ദേഹത്തിൻറെ പിതാവ് ഒരു ക്ലർക്കായി ജോലി ചെയ്യുന്നുണ്ടായിരുന്നു. 1889-ൽ വസൂരി രോഗം വന്നു പിതാവ് മരിച്ചു. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോൾ കുംഭകോണത്തുള്ള ഒരു പ്രൈമറി സ്‌കൂളിൽ പഠിക്കാനാരംഭിച്ചു. സ്‌കൂളിൽ പഠനവിഷയങ്ങളിൽ സാമാന്യം കഴിവ് പ്രകടിപ്പിച്ചിരുന്നു. അക്കാലങ്ങളിൽ എല്ലാ വിഷയങ്ങളിലും നല്ല മാർക്കുകളും നേടിയിരുന്നു. 1900-ൽ അദ്ദേഹം ഉയർന്ന ക്ലാസ്സുകളിൽ മാത്രം പഠിപ്പിച്ചിരുന്ന ജ്യോമട്രിയും അരിത്തമറ്റിക്കും സ്വയം പഠിക്കാനാരംഭിച്ചു.

രാമാനുജം ഹൈസ്‌കൂളിൽ പഠിച്ചിരുന്നത് സ്‌കോളർഷിപ്പ് സഹിതമായിരുന്നു. അദ്ദേഹത്തിന് പതിനഞ്ചു വയസുള്ളപ്പോൾ 'ജോർജ് ഷൂബ്രിഡ്ജ് കാർ' രചിച്ച 'സിനോപ്സിസ് ഓഫ് എലിമെന്ററി റിസൾട്സ് ഇൻ പ്യൂർ ആൻഡ് അപ്പ്ളൈഡ് മാത്തമാറ്റിക്സ് (Synopsis of Elementary Results in Pure and Applied Mathematics) എന്ന ഒരു ഗണിത പുസ്തകം ലഭിക്കാനിടയായി. ആയിരക്കണക്കിന് തെളിയിച്ചതും തെളിയിക്കപ്പെടാത്തതുമായ തീയറങ്ങൾ ആ ഗണിത ശാസ്ത്ര ഗ്രന്ഥത്തിലുണ്ടായിരുന്നു. 1860 നു ശേഷമുള്ള പുതിയ അറിവുകളൊന്നും കണക്കിനെ സംബന്ധിച്ചു ജോർജ് കാറിന്റെ   പുസ്തകത്തിലുണ്ടായിരുന്നില്ല. ഗണിത ശാസ്ത്രത്തിൽ ഒരു ഗവേഷണ ചിന്തകനാകാൻ ഈ ഗ്രന്ഥം രാമാനുജനെ പ്രേരിപ്പിച്ചു. 'ജോർജ് ഷൂബ്രിഡ്ജ് കാറി'ന്റെ ഗ്രന്ഥം പരിശോധിച്ചതിൽ രാമാനുജൻ  അന്നുവരെ തെളിയിക്കാതിരുന്ന ഗണിത ശാസ്ത്രത്തിലെ പല തീയറങ്ങളും തെളിയിച്ചെടുത്തു.  പകലും രാത്രിയും വ്യത്യാസമില്ലാതെ ഗവേഷണത്തിൽ മാത്രം അദ്ദേഹം മുഴുകിയിരുന്നു. അതുമൂലം മറ്റു വിഷയങ്ങളിൽ പഠിക്കാൻ സമയം കിട്ടാതെ പരാജയപ്പെടാനും തുടങ്ങി. തുടർച്ചയായി എല്ലാ വിഷയങ്ങളും പരാജയപ്പെടുന്നതു കാരണം അദ്ധ്യാപകരുടെയും സഹപാഠികളുടെയും പരിഹാസങ്ങൾക്കും നിത്യം ഇരയാകുമായിരുന്നു.

1906-ൽ രാമാനുജം മദ്രാസിലുള്ള പച്ചയ്യപ്പാസ് കോളേജിൽ ആദ്യവർഷ വിദ്യാർത്ഥിയായി ചേർന്നു. ആർട്സ് വിഷയങ്ങളിൽ ഒരു വർഷം പഠിച്ചാൽ മാത്രമേ മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കുമായിരുന്നുള്ളു. പച്ചയ്യപ്പാസ് കോളേജിൽ മൂന്നു മാസം പഠന ശേഷം അദ്ദേഹം രോഗ ബാധിതനായി തീർന്നിരുന്നു. കോളേജിൽ കണക്കൊഴിച്ച് എല്ലാ വിഷയങ്ങളിലും അക്കൊല്ലം പരാജിതനായി. അതുകൊണ്ടു മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചില്ല. 1909-ൽ ജൂലൈ പതിനാലാം തിയതി അദ്ദേഹത്തിൻറെ 'അമ്മ തീരുമാനിച്ച പ്രകാരം പത്തു വയസുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. എസ്. ജാനകിയമ്മാൾ എന്നായിരുന്നു അവരുടെ പേര്. രാമാനുജൻ ഭാര്യയ്ക്ക് പന്ത്രണ്ടു വയസു തികഞ്ഞതിൽ പിന്നീടാണ് ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. അതുവരെ അവർ രണ്ടായി ജീവിച്ചിരുന്നു.

അക്കാദമിക്ക് തലങ്ങളിലെ കണക്കൊഴിച്ചുള്ള മറ്റു വിഷയങ്ങളിൽ തുടർച്ചയായ പരാജയങ്ങൾ കാരണവും സ്‌കോളർഷിപ്പ് നഷ്ടപ്പെട്ടതുമൂലവും അദ്ദേഹത്തിന് കോളേജിലെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജീവിതം തന്നെ അനശ്ചിതത്വമായി മാറി. മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിതം തുടരേണ്ടിയും വന്നു. പഠനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഗണിത ശാസ്ത്രത്തെപ്പറ്റിയുള്ള അദ്ദേഹത്തിൻറെ സ്വയം ഗവേഷണം തുടർന്നു കൊണ്ടിരുന്നു. ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ രാമചന്ദ്രൻ റാവു അദ്ദേഹത്തിന് സാമ്പത്തിക സഹായം നൽകാൻ തുടങ്ങിയതുമുതൽ ഗണിത ഗവേഷണം പുരോഗമിക്കാനും തുടങ്ങി.

1909-ൽ അദ്ദേഹം വിവാഹിതനായ ശേഷം സർക്കാരിൽ ജോലി സ്വീകരിച്ചു. പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നുവെങ്കിലും നോട്ടുബുക്കുകൾ ഉപയോഗിച്ച് ഗണിതത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരുന്നു. സ്‌കൂളിൽ പോകാതുള്ള പഠനം കാരണം ഗണിത ശാസ്ത്രത്തിൽ പിന്നീടു വന്ന മാറ്റങ്ങളും പുരോഗതികളും അദ്ദേഹം അറിയാതെയും പോയി. മാത്രമല്ല സ്വയം പ്രയത്‌നം കൊണ്ട് ഗണിതശാസ്ത്രത്തിൽ അദ്ദേഹം കണ്ടുപിടിച്ചെടുത്തതു പലതും മറ്റുള്ളവർ പരീക്ഷണ ശാലകളിൽ പരീക്ഷണം നടത്തി വിജയിച്ചിട്ടുള്ളതുമായിരുന്നു.

മദ്രാസിൽ പോർട്ട് ട്രസ്റ്റിൽ ഒരു ക്ലർക്കായി അദ്ദേഹത്തിന് ജോലി ലഭിച്ചത് ഒരു ആശ്വാസമായിരുന്നു. ഈ കാലഘട്ടത്തിൽ ബെർനൗലി (Bernoulli) ഗണിതങ്ങളെ സംബന്ധിച്ച് അദ്ദേഹം പതിനേഴു പേജുള്ള ഒരു ലഘു പുസ്തകം പ്രസിദ്ധീകരിച്ചു. 1911-ൽ അത് ഇന്ത്യൻ മാത്തമാറ്റിക്സ് സൊസൈറ്റിയുടെ വക ഒരു ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ടും രാമാനുജൻ ഒരു ബുദ്ധി രാക്ഷസനെന്നോ തല തിരിഞ്ഞ ചിന്തകനെന്നോ ആരും മനസിലാക്കിയിരുന്നില്ല. അദ്ദേഹത്തിൻറെ കൂട്ടുകാരുടെ നിർബന്ധം മൂലം ഈ ഗവേഷണങ്ങൾ അംഗീകാരത്തിനായി കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലുള്ള പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞർക്ക് അയച്ചുകൊണ്ടിരുന്നു. ആരും മറുപടി അയക്കില്ലായിരുന്നു.

1913-ൽ കെയിംബ്രിഡ്ജിലെ പ്രൊഫസ്സറും ഇംഗ്ലീഷുകാരൻ ഗണിത ശാസ്ത്രജ്ഞനുമായിരുന്ന 'ജി.എച്ച്. ഹാർഡി'ക്കു മദ്രാസിൽ നിന്ന് പരിചയമില്ലാത്ത അപരിചിതനായ ഒരു ക്ലർക്കിന്റെ കത്തു കിട്ടി. പത്തു പേജിലുള്ള ആ കത്തിൽ അടങ്ങിയിരുന്നത് അന്നുവരെ ലോകത്തിന് അജ്ഞാതമായിരുന്ന ഗണിത ശാസ്ത്രത്തിന്റെ പുതിയയിനം തത്ത്വങ്ങളായിരുന്നു. തല തിരിഞ്ഞ ചിന്തകളടങ്ങിയ കത്തുകൾ അക്കാലത്ത് ശാസ്ത്ര ലോകത്തിനു ലഭിക്കുക പതിവായിരുന്നെങ്കിലും പലതും ശ്രദ്ധിക്കാതെ പോവുകയായിരുന്നു പതിവ്. എന്നാൽ രാമാനുജന്റെ ഗണിത ശാസ്ത്രത്തിലുള്ള ഫോർമുലാകളുടെ സമാഹാരമായിരുന്ന പേപ്പറുകളോടെയുള്ള ഈ കത്ത് അദ്ദേഹം നോക്കുകയും അദ്ദേഹത്തിൻറെ സഹകാരിയായ ജെ. ഇ. ലിറ്റിൽ വുഡുമായി ഇക്കാര്യം ചർച്ച ചെയ്യുകയുമുണ്ടായി. രാമാനുജൻ അയച്ചു കൊടുത്ത ഫോർമുലകൾ മുഴുവൻ സത്യമാണെന്നു അവർക്ക് ബോധ്യപ്പെടുകയും ചെയ്തു. അത് ഗണിത ശാസ്ത്രത്തിന്റെ പുതിയൊരു മാറ്റങ്ങളുടേതായ കാൽവെപ്പായിരുന്നു. അങ്ങനെ രാമാനുജനെന്ന ഗണിത ശാസ്ത്രജ്ഞനെ ലോകം അറിയാൻ തുടങ്ങി.

രാമാനുജന്റെ കത്തു കിട്ടിയ ഉടൻ 'ഹാർഡി' ആകാംഷയോടെ അദ്ദേഹത്തിന് മറുപടി എഴുതി.  അന്നത്തെ കാലത്തെ പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായിരുന്ന ഹാർഡിയുടെ അംഗീകാരം രാമാനുജനെ സംബന്ധിച്ച് ശാസ്ത്ര ലോകത്തിലേക്കുള്ള ഒരു കാൽവെപ്പായിരുന്നു. ഹാർഡിയുടെ ശുപാർശപ്രകാരം രാമാനുജന്റെ ക്ലർക്കായുള്ള ശമ്പളം ഇരട്ടിയാക്കിക്കൊണ്ട് മദ്രാസ് സർവകലാശാല അദ്ദേഹത്തെ ഒരു ഗവേഷണ വിദ്യാർത്ഥിയായി സ്വീകരിച്ചു. നാലു മാസം കൂടുംതോറും അദ്ദേഹത്തിന്റെ ഗവേഷണ റിപ്പോർട്ട് യൂണിവേഴ്‌സിറ്റിക്ക് അയച്ചാൽ മതിയായിരുന്നു. എന്നാൽ രാമാനുജനെ ഇംഗ്ലണ്ടിൽ കൊണ്ടുവരാൻ ഹാർഡി തീരുമാനമെടുത്തിരുന്നു. ഉന്നതകുല ജാതനായ ഒരു ബ്രാഹ്മണൻ വിദേശ രാജ്യത്തു പോവുന്നതിനെ അദ്ദേഹത്തിൻറെ 'അമ്മ' എതിർത്തിരുന്നു. പിന്നീട് മനസില്ലാ മനസോടെ അനുവാദം കൊടുത്തു. 1914-ൽ രാമാനുജൻ ഒരു കപ്പലിൽ ഇംഗ്ലണ്ടിലേക്ക് യാത്ര പുറപ്പെട്ടു. അവിടെ ട്രിനിറ്റി കോളേജിൽ പ്രത്യേകം സ്‌കോളർഷിപ്പിന് അർഹമാവുകയും ചെയ്തു. ഇംഗ്ലണ്ടിൽ വെച്ച് ഹാർഡി അദ്ദേഹത്തെ പഠിപ്പിക്കുകയും അവർ ഒന്നിച്ചു ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്തു.

രാമാനുജന്റെ ഹാർഡിയുമായി സഹകരിച്ചുള്ള കെയിംബ്രിഡ്ജ് യൂണിവേസിറ്റിയിലെ അഞ്ചു വർഷക്കാലത്തോളമുള്ള പ്രവർത്തനങ്ങൾ വളരെയധികം വിജയകരമായിരുന്നു. രണ്ടുപേരും ഗവേഷണത്തിൽ ഇരട്ട സഹോദരന്മാരെപ്പോലെയാണ് പ്രവർത്തിച്ചിരുന്നത്. ഗവേഷണകാര്യങ്ങളിൽ പരസ്പരം ആലോചിച്ചു ഇരുവരും തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. ഹാർഡി, രാമാനുജന്റെ വിദ്യാഭ്യാസക്കുറവുകളെ കണക്കാക്കാതെ  അർഹമായ ബഹുമാനം നൽകുകയും ചെയ്തിരുന്നു. ഒരിക്കലും രാമാനുജനെ നിരാശപ്പെടുത്തിയിരുന്നുമില്ല. അദ്ദേഹത്തിൻറെ  പോരായ്മകൾ മുഴുവനും ഹാർഡി പരിഹരിച്ചിരുന്നു. രാമാനുജന്റെ ഗവേഷണ പാടവം ഹാർഡിയെ വിസ്മയഭരിതനാക്കിയിരുന്നു. അദ്ദേഹത്തെപ്പോലെ പ്രഗത്ഭനും തുല്യവുമായ മറ്റൊരു ശാസ്ത്രജ്ഞനെ താൻ കണ്ടിട്ടില്ലെന്ന് ഹാർഡി പറയുമായിരുന്നു. അക്കാലത്തെ പ്രസിദ്ധ ഗണിത ശാസ്ത്ര വിദഗ്ദ്ധരായ 'യൂലറിനോടും' 'ജെക്കോബി'നോടും രാമാനുജനെ ഹാര്ഡി തുലനം ചെയ്തിരുന്നു.  രാമാനുജന്റെ അതുല്യമായ സംഭാവനകളെ മാനിച്ച് 1916-ൽ കെയിംബ്രിഡ്ജ് യൂണിവേസിറ്റി അദ്ദേഹത്തിന് പി.എച്ച്. ഡി. നൽകി. അദ്ദേഹത്തെ 1918-ൽ റോയൽ സൊസൈറ്റിയിൽ അംഗമായി തെരഞ്ഞെടുക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരന് ആദ്യമായി ലഭിച്ച അപൂർവ ബഹുമതിയുമായിരുന്നു അത്.

രാമാനുജം ഗവേഷണപരമായ നിരവധി ഗണിത ശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഗവേഷണങ്ങളെ വിലയിരുത്തിക്കൊണ്ടു പ്രസിദ്ധ ആംഗ്ലേയ ഗണിത ശാസ്ത്രജ്ഞനായ ജി.എൻ.വാട്സൺ അനേകം പ്രബന്ധങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഗണിത ശാസ്ത്രത്തിൽ രാമാനുജന്റെ സ്വാധീനത്തെ സംബന്ധിച്ചുള്ള ലേഖന പരമ്പരകൾ ബഹുമുഖങ്ങളായ പ്രസിദ്ധീകരണങ്ങളും രാമാനുജൻ ജേർണലുകളും പ്രസിദ്ധീകരിച്ചുകൊണ്ടുമിരിക്കുന്നു.

കംപ്യുട്ടറുകളും പ്രോഗ്രാമുകളും വിപണികളിൽ ഇല്ലാതിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ പൂജ്യവും ഒന്നും തമ്മിലുള്ള ബന്ധം ആദ്യമായി വിശകലനം ചെയ്തതും രാമാനുജമായിരുന്നു. കമ്പ്യൂട്ടറിന് ബൈനറിഭാഷയില്‍ പൂജ്യവും ഒന്നും മാത്രമേ മനസ്സിലാവുകയുള്ളു. പൂജ്യം(0) ഇവിടെ ശൂന്യവും ഒന്നു (1) ഇപ്പോഴുള്ളതും. എലക്ട്രിസിറ്റിയുള്ളപ്പോള്‍ ഒന്നും(1) ഇപ്പോഴുള്ളതും എലക്ട്രിസിറ്റി ഇല്ലാത്തപ്പോള്‍ പൂജ്യവും(0) ശൂന്യവും. അങ്ങനെ ദ്വൈതമായി പ്രവര്‍ത്തിക്കുന്നു. പരസ്പര വിരുദ്ധമായി രണ്ടു വഴികളില്‍ക്കൂടി പ്രവർത്തന മാത്രകൾ സൃഷ്ടിക്കുന്നതു കാണാം. പ്രപഞ്ചനിയമമാണ് ദ്വൈതം. പൂജ്യവും ഒന്നുമെന്നുള്ള സമചിത്തത പ്രപഞ്ചത്തിനു ആവശ്യവുമാണ്. ആത്മീയ ഭാഷയില്‍ പൂജ്യം ദൈവമാണ്. ഒന്നിനെ ഒന്നു കൊണ്ട് ഹരിച്ചാലും ആയിരത്തിനെ ആയിരം കൊണ്ട് ഹരിച്ചാലും ഉത്തരം ഒന്നായിരിക്കും. എന്നാല്‍ പൂജ്യത്തിനെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ ഉത്തരം അറിയത്തില്ല. രാമാനുജം കൊടുത്ത നിര്‍വചനം അനന്തത (infinity) എന്നായിരുന്നു. രാമാനുജന്‍റെ ഭാഷയില്‍ പൂജ്യം ദൈവവും അനന്തത (Infinity) ദൈവത്തിന്‍റെ ആവിഷ്ക്കരണവുമാണ്. (Manifestation)

ഗണിതത്തിലെ ഈ അനന്തതയിൽക്കൂടി മനുഷ്യന്‍ ആത്മീയത തേടിയുള്ള തീര്‍ഥയാത്രയായി. എത്തപ്പെടാത്ത അനന്തതയിലെവിടെയോ പൂജ്യമായ പരമാത്മാവും! ശൂന്യമായിരുന്ന പാത്രത്തിലെ അളവില്ലാത്ത മത്സ്യം വിരുന്നിനു വന്ന സകലര്‍ക്കും യേശു വിതരണം ചെയ്തു. ആ പാത്രം അനന്തതയുടെ ഉറവിടമായിരുന്നു. വേദങ്ങള്‍ പറയുന്നു, ഈ പ്രപഞ്ചം മുഴുവൻ ‍സൃഷ്ടിച്ചത് ശൂന്യതയില്‍ നിന്നാണ്. ശൂന്യതയാണ് പൂജ്യവും ദൈവവും. ദൈവം പൂജ്യമായി അനാദികാലം മുതൽ, ‍എക്കാലവും പ്രത്യക്ഷമാകാതെ അനന്തതയുടെ ചുറ്റളവില്‍ തന്നെയുണ്ടായിരുന്നു. പൂജ്യത്തിനു രൂപങ്ങളില്ല, ഭാവങ്ങളില്ല, പ്രത്യക്ഷമല്ല. (Non Manifestation) എന്നാല്‍ അനന്തതയോ പ്രത്യക്ഷമാണ്. (Manifestation)

ഹിന്ദു മതത്തിൽ തീവ്രമായി അടിയുറച്ചു വിശ്വസിച്ചിരുന്ന രാമാനുജൻ തന്റെ ഗണിത ശാസ്ത്രങ്ങളുടെ ഗവേഷണ നേട്ടങ്ങൾക്കു കാരണം ദൈവാനുഗ്രഹമെന്നു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന് ഗണിതത്തിൽ വിജ്ഞാനം പകർന്നുതന്നിരുന്നത്, കുടുംബ ദൈവങ്ങളെന്നും വെളിപ്പെടുത്തുമായിരുന്നു. ദൈവത്തെ ചിന്തിച്ചുകൊണ്ട് ഗവേഷണം തുടരുന്നതുകൊണ്ടാണ് തനിക്ക് ഇത്രയധികം പുരോഗതിയുണ്ടായതെന്നും   വിശ്വസിച്ചിരുന്നു. "ദൈവത്തിന്റെ കൃപയാണ് എന്നെ ഗണിത ശാസ്ത്ര ലോകത്തെത്തിച്ചത്. അങ്ങനെയല്ലാതിരുന്നെങ്കിൽ ഗണിത ശാസ്ത്രത്തിൽ ഞാൻ ഒന്നുമാകുമായിരുന്നില്ല." രാമാനുജന്റെ ഉദ്ധരണിയാണിത്.

വിദേശത്തുള്ള താമസം കാരണം അദ്ദേഹത്തിൻറെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു.  എക്കാലവും ചൂടുള്ള കാലാവസ്ഥയിൽ ജീവിച്ചിരുന്ന രാമാനുജത്തിന് ഭക്ഷണം ചെറുപ്പകാലങ്ങളിൽ അമ്മയും പിന്നീട് ഭാര്യയും ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നു. ബ്രിട്ടനിലെ തണുപ്പുകാലം അദ്ദേഹത്തിനു സഹിക്കാൻ സാധിക്കുമായിരുന്നില്ല. ഭക്ഷണം സ്വയം പാകം ചെയ്യണമായിരുന്നു. ബ്രാഹ്‌മണ സമുദായത്തിൽ ജീവിച്ചിരുന്നതു കൊണ്ട് പൂർണ്ണമായും സസ്യാഹാരിയായി ജീവിക്കണമായിരുന്നു. 1917-ൽ അദ്ദേഹത്തെ രോഗബാധിതനായി ക്ഷയം ബാധിച്ചു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ അന്ന് അദ്ദേഹം മരിച്ചുപോവുമെന്നും ഭയപ്പെട്ടിരുന്നു. ആരോഗ്യം വീണ്ടു കിട്ടുകയും 1919-ൽ ഇന്ത്യയിൽ മടങ്ങി വരുകയും ചെയ്തു. വീണ്ടും ആരോഗ്യം മോശമാവുകയും  അദ്ദേഹം 1920 ഏപ്രിൽ ഇരുപത്തിയാറാം തിയതി കുമ്പകോണത്തുവെച്ചു മരണത്തിനു കീഴടങ്ങുകയും ചെയ്തു.

1920-ൽ രാമാനുജം മരിച്ച സമയം ശാസ്ത്ര ലോകത്ത് അദ്ദേഹം പ്രസിദ്ധനായിരുന്നില്ല. എങ്കിലും ഗണിത ശാസ്ത്രജ്ഞന്മാരായ ലിയാനോർഡ് യുളർ (Leonhard Euler (1707–83) കാൾ ജെക്കോബി (Carl Jacobi 1804–51) എന്നിവരെപ്പോലെ രാമാനുജന്റെ ബുദ്ധി വൈഭവത്തെയും ഗവേഷണങ്ങളെയും ശാസ്ത്ര ലോകം വിലയിരുത്തിയിരുന്നു.  രാമാനുജം രചിച്ച മൂന്നു പുസ്തകങ്ങൾ പ്രസിദ്ധരായ ശാസ്ത്രജ്ഞർ പരിശോധിച്ച് പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹത്തിൻറെ മരണ ശേഷമായിരുന്നു. 'ജി.എൻ.വാട്സൺ' അദ്ദേഹത്തിന്റെ 14 പ്രബന്ധങ്ങൾ 1918 നും 1951-നുമിടയിൽ പ്രസിദ്ധീകരിച്ചു. രാമാനുജന്റെ ഗവേഷണങ്ങൾ ഉൾപ്പെട്ട അനേകം മാനുസ്ക്രിപ്റ്റുകൾ പ്രൊഫ. ഹാർഡിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നത് 'വാട്സണെ' ഏൽപ്പിച്ചിരുന്നു. ഗവേഷണ കൃതികളിൽ കൂടുതലും ബ്രിട്ടനിൽ വെച്ചെഴുതിയതും അദ്ദേഹം മരിക്കുന്നതിനു ഒരു വർഷം മുമ്പെഴുതിയതുമായിരുന്നു.

രാമാനുജനു രോഗം മൂർച്ഛിച്ചിരുന്ന സമയം ഗുരുനാഥനായ ഹാർഡി അദ്ദേഹത്തെ സന്ദർശിച്ച കഥ  പ്രസിദ്ധമാണ്. ഹാർഡി, രാമാനുജനെ കാണാൻ വന്നെത്തിയത് '1729' എന്ന നമ്പർ പ്ളേറ്റോടു കൂടിയ ഒരു കാറിലായിരുന്നു. 'താൻ വന്ന ഈ കാറിന്റെ നമ്പർ ശുഭകരമല്ലായെന്നു' തോന്നുന്നുവെന്ന് ഹാർഡി സംഭാഷണമദ്ധ്യേ രാമാനുജനോട് പറഞ്ഞു. ഹാർഡിയുടെ ഈ വാക്കുകൾ കേട്ട നിമിഷം രാമാനുജൻ നൽകിയ മറുപടിയും വിസ്മയകരമായിരുന്നു. അത്യധികം സന്തോഷത്തോടെ അദ്ദേഹം ഹാർഡിയോടായി പറഞ്ഞു, "സർ അങ്ങു വന്നത് വിശിഷ്ടമായ നമ്പരുള്ള ഒരു കാറിലാണ്. '1729' നമ്പർ രണ്ടു വ്യത്യസ്ത സംഖ്യാ ജോഡികളുടെ ക്യൂബുകളുടെ ആകെ തുകയായി എഴുതാൻ സാധിക്കും. ഈ സംഖ്യയെ ഗണിത ശാസ്ത്ര ലോകം ഇഷ്ടപ്പെടും. 10ക്യൂബ് പ്ലസ് 9 ക്യൂബിന്റെ ആകെ തുക 1729 ആണ്. (10-ന്റെ മൂന്നു ഗുണിതങ്ങൾ 9-ന്റെ മൂന്നു ഗുണിതങ്ങളുമായി കൂട്ടിയാൽ കിട്ടുന്ന സംഖ്യ) അതുപോലെ 12 ക്യൂബ് പ്ലസ് 1 ക്യൂബിന്റെ ഉത്തരവും 1729 തന്നെയാണ്. ('12'-ന്റെ മൂന്നു ഗുണിതങ്ങളോടു '1' കൂട്ടിയാൽ കിട്ടുന്ന തുക) രാമാനുജന്റെ ഗണിത ശാസ്ത്രത്തിലുള്ള ബുദ്ധി വൈഭവം നന്നായി അറിയാമായിരുന്ന ഹാർഡിയ്ക്ക് ഈ മറുപടിയിൽ വിസ്മയമൊന്നും തോന്നിയില്ല. നിമിഷ നേരം കൊണ്ട് ഏതു വലിയ സംഖ്യക്കും കണക്കുകൂട്ടി ഉത്തരം നൽകാൻ രാമാനുജന് അസാധാരണമായ കഴിവുണ്ടായിരുന്നു. '1729' എന്ന സംഖ്യ, രാമാനുജ സംഖ്യയായും അറിയപ്പെടുന്നു.

'അനന്തത്തെ അറിഞ്ഞ മനുഷ്യന്‍' (The Man Who Knew Infinity) എന്ന പേരില്‍ രാമാനുജനെക്കുറിച്ച്‌ റോബര്‍ട്ട്‌ കാനിഗല്‍ 1991-ൽ എഴുതിയ ഒരു പുസ്‌തകവും പ്രസിദ്ധമാണ്. രാമാനുജന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന ഈ പുസ്തകം പിന്നീട് ഹോളിവുഡ് അഭ്രപാളികളിൽ പകർത്തുകയും ചെയ്തു. 2015-ൽ 'ദി മാൻ ഹൂ ക്ന്യൂ ഇൻഫിനിറ്റി' (The Man Who Knew Infinity) എന്ന രാമാനുജന്റെ ജീവ ചരിത്രത്തെ ആധാരമാക്കി ഒരു ഫിലിം ഇറങ്ങിയിരുന്നു. അതിൽ 'രാമാനുജം ശ്രീനിവാസനായി' വേഷമിട്ടു 'ദേവ് പട്ടേൽ' അഭിനയിക്കുന്നു. മദ്രാസിൽ ദരിദ്രനായി വളരുന്നതും കെയിംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പഠനവും ഒന്നാം ലോകമഹായുദ്ധവും ഗണിത ശാസ്ത്രത്തിൽ അദ്ദേഹത്തിനുള്ള നേട്ടങ്ങളും ഫിലിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെളുത്തവരുടെ വർണ്ണ വിവേചനവും പീഡനങ്ങളും ഫിലിമിൽ വൈകാരികത സൃഷ്ടിക്കുന്നു. 'ജെറെമി ഐറോൺ', പ്രൊഫസ്സർ ജി.എച്ച്. ഹാർഡിയായി അഭിനയിക്കുന്നു. 2014-ൽ നിർമ്മിച്ച ഈ ഫിലിം ട്രിനിറ്റി കോളേജിന്റെ പരിസരങ്ങളും കാണിക്കുന്നുണ്ട്. ആഗോള നിലവാരമുള്ള ശാസ്ത്രീയ വിജ്ഞാന ശാഖയിലെ മികവുറ്റ ഒരു ഫിലിമാണിത്. 

മറ്റുള്ള കലകളെയും ശാസ്ത്രങ്ങളെയും അപേക്ഷിച്ച് ഗണിത ശാസ്ത്രമെന്നു പറയുന്നത് യുവാക്കളുടെ ഒരു മത്സര വേദിയാണ്. ഒപ്പം 'ഗുണികളൂഴിയിൽ നീണ്ടു വാഴാ' എന്ന ആപ്തവാക്യവും ഗണിത ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഒരു അപ്രിയ സത്യമാണെന്നും തോന്നിപ്പോവുന്നു.  പ്രസിദ്ധരായ ഗണിത ശാസ്ത്രജ്ഞരിൽ 'ഗലോയിസ്' ഇരുപത്തിയൊന്നാം വയസിൽ മരിച്ചു. 'എബെൽ' ഇരുപത്തിയേഴാം വയസിലും 'രാമാനുജൻ' മുപ്പത്തിരണ്ടാം വയസിലും 'റെയ്മാൻ' നാൽപ്പതാം വയസിലും മരിച്ചു. അതിനുശേഷവും ജീവിച്ച സുപ്രസിദ്ധരായ ഗണിത ശാസ്ത്രജ്ഞന്മാർ ഉണ്ടെങ്കിലും അമ്പതു വയസിനു ശേഷം ഗണിത ശാസ്ത്ര ലോകത്തിനു സംഭാവന ചെയ്ത ശാസ്ത്രജ്ഞന്മാർ വളരെ വിരളമാണ്. അറുപതു വയസിലും ഗണിത ശാസ്ത്രജ്ഞന്മാർ വിദഗ്ദ്ധരാണെങ്കിലും ക്രിയാത്മകമായ ആശയങ്ങൾ അവരിൽ നിന്നും പ്രതീക്ഷിക്കാനും സാധിക്കില്ല.

ഗണിത ശാസ്ത്രത്തിന്റെ ചരിത്രത്തിൽ രാമാനുജം ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. അദ്ദേഹത്തെ ജ്യോതിര്‍ഗോളവിസ്ഫോടനത്തിന്‍റെ ജ്ഞാനോദയമായും അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന ഒരു നക്ഷത്ര പ്രബോധമായും കണക്കാക്കാം. അസാമാന്യമായ ഉൾക്കാഴ്ചയുള്ള ഒരു ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. കേവലം മുപ്പത്തിരണ്ടു വർഷത്തെ ഹൃസ്വമായ ജീവിതത്തിൽ പടിഞ്ഞാറേ ശാസ്ത്രജ്ഞന്മാർക്ക് നൂറു കണക്കിന് വർഷങ്ങൾക്കുള്ള ഗണിത വിജ്ഞാനം അദ്ദേഹം സമാഹരിച്ചിരുന്നു. രാമാനുജന്റെ ഗവേഷണങ്ങൾക്കു മുമ്പ് കണ്ടുപിടിച്ച ഗണിത ശാസ്ത്രം വീണ്ടും കണ്ടുപിടിച്ച് അദ്ദേഹത്തിൻറെ വിലയേറിയ സമയങ്ങൾ പാഴാക്കിയതും ദുഃഖകരമായ ഒരു സത്യം കൂടിയാണ്. മുപ്പത്തിരണ്ടാം വയസിൽ ക്ഷയരോഗം ബാധിച്ചു രോഗം മൂർച്ഛിപ്പോഴും മറ്റുളളവരിൽനിന്നും ഒറ്റപ്പെട്ടുകൊണ്ട് മരണത്തെ മുഖാമുഖം കാണുമ്പോഴും ഏകനായി അദ്ദേഹം തന്റെ ശാസ്ത്രീയ ഗവേഷണങ്ങളിൽ മുഴുവൻ സമയവും ചെലവഴിച്ചിരുന്നു.

രാമാനുജന്റെ ജന്മദിനമായ ഡിസംബർ ഇരുപത്തിരണ്ട് തമിഴ്നാട് സർക്കാർ സംസ്ഥാന ഐ.റ്റി. ദിനമായി ആചരിക്കുന്നു. ഒരിക്കൽ എച്ച്.ഡി. ഹാർഡിയോട്, 'ശാസ്ത്ര ലോകത്തു താങ്കളുടെ ഏറ്റവും പ്രശസ്തമായ സംഭാവന എന്തായിരുന്നുവെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ ഉത്തരം 'രാമാനുജം' എന്നായിരുന്നു.


Prof.Hardi, Ramanuja 






കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...