ജോസഫ് പടന്നമാക്കൽ
'പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്' ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് വൈറ്റ്ഹൌസിൽനിന്നും പ്രഖ്യാപിച്ചപ്പോൾ അത് ഇസ്രായേലിന്റെ സ്ഥാപനശേഷമുള്ള ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡണ്ടിൽനിന്നും വന്ന ആദ്യത്തെ സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. 1948-ലാണ് ഇസ്രായേൽ എന്ന രാജ്യം സ്ഥാപിതമായത്. എംബസ്സി മാറ്റാനുള്ള അമേരിക്കയുടെ പുതിയ നയം ഇസ്രായേൽ പ്രധാനമന്ത്രി 'ബെഞ്ചമിൻ നേതൻ യാഹുവിനേയും' പാലസ്തീനിയൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഉടൻതന്നെ അറിയിക്കുകയും ചെയ്തു. ഇത് മിഡിൽ ഈസ്റ്റ് മേഖലയിൽ അസമാധാനം സൃഷ്ടിക്കുമെന്ന് അറബ് നേതാക്കൾ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. സൗദി ആറേബ്യയായിലെ സൽമാൻ രാജാവ് ലോകം മുഴുവനുമുള്ള മുസ്ലിമുകളിൽ അമേരിക്കയുടെ തീരുമാനം പ്രകോപനം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാലസ്തീനും ഇസ്രായേലുമായുള്ള തർക്ക പ്രദേശങ്ങളിൽ അമേരിക്ക ഇടപെടില്ലെന്നും ആരുടേയും പക്ഷം ചേരില്ലെന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. യഹൂദരുടെയും മുസ്ലിമുകളുടെയും വിശുദ്ധ സ്ഥലങ്ങളിലോ ആഭ്യന്തര കാര്യങ്ങളിലോ കൈകടത്തുകയില്ലെന്നും പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ഈ വിളംബരം മതപരവും രാഷ്ട്രീയ ഉദ്ദേശ്യവും കുത്തക മുതലാളിത്വം പരിപാലിക്കുന്നതിനുമാണെന്ന് വിമർശനങ്ങളുണ്ട്.
രണ്ടായിരം വർഷങ്ങളോളം യഹൂദന്മാർ സ്വന്തം നാടില്ലാതെ അലയുകയായിരുന്നു. സങ്കീർത്തനം അദ്ധ്യായം 137-(5-6) വാക്യങ്ങളിൽ പറയുന്നു, "യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ" ജെറുസലേമിനെ ഷാലോം എന്നും വിളിക്കാറുണ്ട്. സമാധാനമെന്നാണ് അതിന്റെ അർത്ഥം. 1948-ൽ ഇസ്രായേൽ ഉണ്ടായപ്പോൾ ജെറുസലേമിനെ തലസ്ഥാനമാക്കണമെന്ന് ഓരോ യഹൂദനും ചിന്തിച്ചിരുന്നു. രാഷ്ട്രീയ താൽപ്പര്യത്തിന് ഇസ്രായിലിനെ വിഭജിച്ചാൽ ഭീകരത സൃഷ്ടിക്കുമെന്ന് അറിയാമായിരുന്നു. മതപരമായി പൊതുവായ ചില പങ്കുവെക്കൽ സ്വീകാര്യവുമായിരുന്നു.
മുസ്ലിമുകളും യഹൂദരും ജെറുസലേമിനുവേണ്ടിയുള്ള വികാരഭരിതമായ അവകാശ വാദങ്ങളുടെ കാരണങ്ങൾ അറിയണമെങ്കിൽ ആ പട്ടണത്തിന്റെ പൗരാണിക ചരിത്രം മുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജറുസലേമിൽ മനുഷ്യ വാസം തുടങ്ങിയത് ബി.സി.3500 മുതലെന്നു അനുമാനിക്കുന്നു. ബി.സി.1000-ത്തിൽ ദാവീദ് രാജാവ് ജെറുസലേമിനെ ആക്രമിച്ചു കീഴടക്കുകയും അവിടെ രാജ്യം സ്ഥാപിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് നാൽപ്പതു വർഷത്തിനുശേഷം അദ്ദേഹത്തിൻറെ മകൻ സോളമൻ രാജാവ് ആദ്യത്തെ വിശുദ്ധ ദേവാലയം പണിതുയർത്തി. ബി.സി. 586-ൽ ബാബിലോൺകാർ ജെറുസലേം കീഴടക്കി അവിടെയുണ്ടായിരുന്ന ദേവാലയം തകർത്തു. ജെറുസലേമിലുണ്ടായിരുന്ന യഹൂദന്മാരെ ഒന്നാകെ അവിടെനിന്ന് പുറത്താക്കി. അമ്പതു വർഷത്തിനുശേഷം ജെറുസലേം പേർഷ്യൻ അധീനതയിലായി. പേർഷ്യൻ രാജാവായ 'സൈറസ്' യഹൂദരെ ജെറുസലേമിലേക്ക് മടക്കി വിളിക്കുകയും നശിക്കപ്പെട്ട ദേവാലയം പുതുക്കി പണിയാൻ അനുവദിക്കുകയും ചെയ്തു. ബി.സി. 332-ൽ അലക്‌സാണ്ടർ ചക്രവർത്തി ജെറുസലേമിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീടുള്ള ഏതാനും നൂറ്റാണ്ടുകളിൽ ജെറുസലേമിനെ അനേകം വംശജർ ആക്രമിക്കുകയും അവിടെ ഭരണം നടത്തുകയും ചെയ്തു. അക്കൂടെ റോമ്മാക്കാരും പേർഷ്യക്കാരും, അറബികളും ഈജിപ്തുകാരും ടർക്കികളും ഉൾപ്പെടുന്നു.
മതപരമായ വിശ്വാസങ്ങളും ജെറുസലേമിന്റെ ചരിത്രത്തോടായി ബന്ധപ്പെട്ടിട്ടുണ്ട്. ബി.സി. 37-ൽ ഹെരോദ് ചക്രവർത്തി ജറുസലേമിൽ രണ്ടാമതും ദേവാലയം പുതുക്കി പണിതു. അതിനു ചുറ്റും മതിലുകളും തീർത്തു. എ.ഡി 30-ൽ യേശുവിന്റെ കുരിശുമരണം ജറുസലേമിൽ സംഭവിച്ചെന്നു വിശ്വസിക്കുന്നു. എ.ഡി. 70-ൽ റോമാക്കാർ രണ്ടാമത്തെ ദേവാലയവും നശിപ്പിച്ചു. എ.ഡി.632-ൽ പ്രവാചകൻ മുഹമ്മദ് മരിച്ചു. ജെറുസലേമിൽ നിന്നാണ് പ്രവാചകൻ സ്വർഗാരോഹണം ചെയ്തതെന്നു വിശ്വസിക്കുന്നു. ആദ്യനൂറ്റാണ്ടിൽ തന്നെ ക്രിസ്ത്യാനികൾ അവിടെ തീർത്ഥാടനം തുടങ്ങിയിരുന്നു. എ.ഡി. 1099 മുതൽ1187 വരെ കുരിശു യുദ്ധക്കാരായ ക്രിസ്ത്യാനികൾ ജെറുസലേമിനെ അധീനമാക്കിക്കൊണ്ടു ഭരിച്ചിരുന്നു. 'ഓട്ടോമൻ രാജവംശത്തിലെ ചക്രവർത്തിമാരുടെ കാലത്ത് ജെറുസലേമിനെ മതപരമായ ചരിത്ര പ്രാധാന്യം നൽകുന്ന പട്ടണമായി പ്രഖ്യാപിച്ചു.
എ.ഡി. 1516 മുതൽ എ.ഡി.1917 വരെ ജറുസലേമും മിഡിൽ ഈസ്റ്റിലുള്ള മറ്റു ഭൂരിഭാഗം രാജ്യങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധ ശേഷം ജെറുസലേം ബ്രിട്ടന്റെ കൈവശമായി. ജനറൽ 'അല്ലെൻബിയുടെ' നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം 1917-ൽ ജെറുസലേം പിടിച്ചെടുത്തു. 1948 വരെ ഇസ്രയേലും പാലസ്തീനും ബ്രിട്ടന്റെ ഭരണത്തിൻകീഴിലായിരുന്നു.1948-ൽ ഇസ്രായേൽ സ്വതന്ത്രമാകുന്ന വരെ ഇസ്രായേലും സമീപ പ്രദേശങ്ങളും ബ്രിട്ടൻ നിയന്ത്രിച്ചിരുന്നു. ബ്രിട്ടനിൽനിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യത്തെ ഇരുപതു വർഷം ജറുസലേമിനെ രണ്ടായി വിഭജിച്ചിരുന്നു. പടിഞ്ഞാറേ ജെറുസലേം ഇസ്രായേലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോർദാന്റെ നിയന്ത്രണത്തിലുമായിരുന്നു. 1967-ൽ ആറു ദിവസ യുദ്ധത്തിൽ ഇസ്രായേൽ ജെറുസലേം മുഴുവനായും പിടിച്ചെടുത്തു.
ജറുസലേമിൽ ഏകദേശം മുപ്പതു ഏക്കർ കോമ്പൗണ്ടിൽ 'ടെമ്പിൾ മൗണ്ടെ'നെന്ന പേരിൽ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നു. വെസ്റ്റേൺ വാൾ, ഡോം ഓഫ് റോക്ക്, അൽ അഖ്‌സ മോസ്‌ക്ക് എന്നീ മത വിഹാരങ്ങളെല്ലാം ഈ കോമ്പൗണ്ടിനുള്ളിലാണ്. യഹൂദ ഗ്രന്ഥങ്ങളിലെ ആദിപിതാവായ എബ്രാഹമിന്റെ മകനായ ഇസഹാക്കിനെ ബലിയർപ്പിക്കാനായി യഹോവായ്ക്ക് സമർപ്പിച്ചതും ഈ പ്രദേശങ്ങളിലെന്നു വിശ്വസിക്കുന്നു. അതുമൂലം അവിടം എബ്രാഹാമിക്ക് മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളായി ആചരിക്കുന്നു. യഹൂദരുടെ പ്രവാചകരിൽ കൂടുതൽ പേരും അവരുടെ ഗുരുക്കളും പുരോഹിതരും ഈ പ്രദേശങ്ങളിൽ വസിച്ചിരുന്നു. 'ടെമ്പിൾ മൌണ്ട്', സൗദി അറേബ്യയായിലെ മെക്കായ്ക്കും മെഡീനായ്ക്കും ശേഷം ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായി ഗണിക്കുന്നു. പ്രവാചകന്റെ സ്വർഗാരോഹണം ബന്ധപ്പെടുത്തിയാണ് മുസ്ലിമുകൾ ഇവിടം പുണ്യ നഗരമായി കരുതുന്നത്. ക്രിസ്ത്യാനികൾക്കും ജെറുസലേം പുണ്യ സ്ഥലമാണ്. പുതിയ നിയമം അനുസരിച്ചു യേശു ഈ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എബ്രാഹാമിക്ക് മതങ്ങളുടെയെല്ലാം പവിത്രമായ പ്രദേശങ്ങളായതുകൊണ്ടു ടെമ്പിൾ മൗണ്ടിനുവേണ്ടി യഹൂദ-മുസ്ലിം തർക്കങ്ങൾ തുടരുന്നു. ഇന്ന് മുസ്ലിമുകൾക്കും അവിടെ ആരാധനയ്ക്കായുള്ള സ്വാതന്ത്ര്യമുണ്ട്.
പാലസ്തീനും ഇസ്രായേലുമായി പൊരുത്തപ്പെട്ടു പോകാൻ ഇരു രാഷ്ട്രങ്ങളും കാലാകാലങ്ങളിൽ ഒത്തുതീർപ്പുകൾക്ക് ശ്രമിച്ചിട്ടുണ്ട്. ആഗോള നിയമങ്ങളെ ധിക്കരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യുണൈറ്റഡ് നാഷൻസ് തീർപ്പു കൽപ്പിച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾ ലോകത്തിലെ കുത്തക വ്യവസായികളായ രാജ്യങ്ങൾ ലംഘിക്കുന്ന സ്ഥിതി വിശേഷമാണ് നാമിന്ന് കാണുന്നത്. ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം ആഗോള സമാധാന നിയമങ്ങളെ യാതൊരു സങ്കോചവുമില്ലാതെ ലംഘിക്കുന്നു. അത്തരം ചരിത്രം എന്നും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ട്രംപിന് വ്യക്തിപരമായി ഇസ്രായേൽ വ്യവസായ സാമ്രാജ്യത്തിൽ പങ്കുണ്ടെന്നു പ്രമുഖ ചാനലുകളിൽ വാർത്തകൾ പുറപ്പെടുവിക്കുന്നത് കേൾക്കാം. അതുകൊണ്ടാണ് ഇസ്രായിലിന്റെ താല്പര്യത്തിനായി അദ്ദേഹം തന്റെ നയങ്ങൾ രൂപീകരിച്ചിരിക്കുന്നതും ഇസ്രായേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും വിശ്വസിക്കുന്നു. അമേരിക്കയിൽ ഇസ്രായിലികളുടെ താൽപ്പര്യങ്ങളും നയങ്ങളും രൂപീകരിക്കുന്നതിനുള്ള യഹൂദരുടെ ലോബി വളരെ ശക്തമാണ്. ജെറുസലേം പ്രശ്നത്തിൽ ട്രംപ് ഇസ്രായേലിനെ പൂർണ്ണമായും പിന്താങ്ങുകയും ചെയ്യുന്നു.
ജെറുസലേമിന്റെ ചരിത്ര പശ്ചാത്തലവും ഈ സാഹചര്യങ്ങളിൽ കണക്കാക്കണം. ജെറുസലേമിനെ വിഭജിക്കാതെ ആഗോള പട്ടണമാക്കാൻ യുണൈറ്റഡ് നാഷൻസ് പദ്ധതിയിട്ടത് 1947-ലാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇസ്രായിലിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധത്തിൽ പട്ടണത്തെ രണ്ടായി വിഭജിക്കുകയാണുണ്ടായത്. യുദ്ധം 1949 ൽ അവസാനിച്ചപ്പോൾ പടിഞ്ഞാറേ പകുതി ജെറുസലേം ഇസ്രായിലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോർദാന്റെ നിയന്ത്രണത്തിലൂമായി. ചരിത്ര പ്രധാനമായ വിശുദ്ധ സ്ഥലങ്ങളുൾപ്പെട്ടിരുന്ന പഴയ ജെറുസലേം ജോർദാന്റെ ഭാഗമായും മാറിയിരുന്നു.
ജെറുസലേമിന്റെ ഭാവിയിൽ അനിശ്ചിതത്വം തുടരുന്നുവെങ്കിലും ഈ പട്ടണം ചരിത്രപരമായ പ്രാധാന്യമുള്ളതും മത കേന്ദ്രവും രാഷ്ട്രീയ സ്വാധീനവുമുള്ള സ്ഥിതിക്ക് പട്ടണത്തിന്റെ നിയന്ത്രണം യഹൂദരും മുസ്ലിമുകളും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.യഹൂദരെ സംബന്ധിച്ചു ജെറുസലേമെന്നത് വെറും ഭൗതികമായ നഗരം മാത്രമല്ല, അവിടം ഭൗതികാനുഭവ സീമകൾക്ക് അതീതമായ ആത്മീയ അവസ്ഥകൾ സൃഷ്ടിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നു. യഹൂദരുടെ ആദ്യപിതാവായ എബ്രാഹം ജെറുസലേമിൽ ബി.സി. 1800-ൽ ജീവിച്ചെന്നും അദ്ദേഹത്തിൻറെ മകൻ ഇസഹാക്കിനെ ബലികഴിക്കാൻ യഹോവാ ആജ്ഞാപിച്ചതു ഈ സ്ഥലത്തുനിന്നുമാണെന്നും യഹൂദ പാരമ്പര്യം പുലമ്പുന്നു. ബലി നടത്താൻ തീരുമാനിച്ച അതേ സംഭവസ്ഥലത്തുനിന്നു ജെറുസലേം പണികഴിപ്പിച്ചെന്നു ഐതിഹ്യവുമുണ്ട്.
1980-ൽ ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി വിളംബരം ചെയ്തു. എന്നാൽ ലോക രാജ്യങ്ങൾ ആരും ഇസ്രയേലിന്റെ ഈ തീരുമാനത്തെ അംഗീകരിച്ചില്ല. 2017 മെയ്മാസം പാലസ്തീനിലെ 'ഹമാസ് ഗ്രുപ്പ്' ജെറുസലേമിനെ തലസ്ഥാനമാക്കിക്കൊണ്ടു ഒരു ഡോകുമെന്റ് തയ്യാറാക്കി. ഇസ്രായേൽ സർക്കാർ അവരുടെ തീരുമാനങ്ങളെ നിരസിക്കുകയും ചെയ്തു. ഇന്ന് ജെറുസലേമിലും പരിസരങ്ങളിലും മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും നിറഞ്ഞിരിക്കുകയാണ്. പാലസ്തീന്റെയും ഇസ്രായേലിന്റെയും പട്ടാളം നേർക്കുനേരെ യുദ്ധഭീതിയിൽ നിലകൊള്ളുന്നു. ജെറുസലേമിനെ രണ്ടായി വീതിക്കാൻ ലോകത്തിലെ മിക്ക രാജ്യങ്ങളും ഉപദേശിക്കുന്നു. പക്ഷെ അങ്ങനെയുള്ള പദ്ധതികൾക്കു ലോകരാഷ്ട്രങ്ങളുടെയിടയിൽ, ഏകചിത്തമായ ഒരു അഭിപ്രായം സ്വരൂപിക്കാൻ സാധിക്കുന്നില്ല.
ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ലോക രാഷ്ട്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അതനുസരിച്ച് അമേരിക്കയുടെ എമ്പസ്സി ടെൽ അവീവിൽനിന്ന് ജെറുസലേമിലേക്ക് മാറ്റുവാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം നല്കുകയുമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ മറ്റു പല പ്രസിഡന്റുമാരെപ്പോലെ ഇസ്രായിലിന്റെ തലസ്ഥാനം ടെൽ അവീവിൽ നിന്ന് ജെറുസലേമിൽ മാറ്റുവാനുള്ള പിന്തുണ അമേരിക്ക നൽകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മുസ്ലിം രാജ്യങ്ങൾ അമേരിക്കയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ടർക്കീഷ് പ്രസിഡന്റ് 'റിസെപ് തയ്യിപ് എർദോഗാൻ' ഇസ്രായിലിന് താക്കീതു കൊടുത്തു കഴിഞ്ഞു. അത്തരം നീക്കങ്ങൾ ടർക്കിയും ഇസ്രായേലും തമ്മിൽ നയതന്ത്രം വിച്ഛേദിക്കാൻ ഇടയാക്കുമെന്നും മുന്നറിയിപ്പു നൽകി.
മൂന്നു നാല് വർഷങ്ങൾകൊണ്ടു പടിപടിയായി മാത്രമേ എംബസ്സി ടെൽഅവീവിൽ നിന്നും ജറുസലേമിൽ മാറ്റപ്പെടുകയുള്ളുവെന്നും അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യൊഗസ്ഥർ പറഞ്ഞു. ഇതിൽനിന്നും ഈ തീരുമാനം പ്രസിഡണ്ടിന്റെ അടുത്ത തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ അജണ്ടായെന്നും വ്യക്തമാണ്. എംബസ്സി ജെറുസലേമിൽ മാറ്റപ്പെടുന്നതിനായി സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള താൽക്കാലിക ആറുമാസത്തേക്കുള്ള മരവിപ്പിക്കലിൽ (സ്റ്റേ) പ്രസിഡന്റ് ഒപ്പിടും. തുടർന്നുള്ള വർഷങ്ങളിലും എംബസി ജെറുസലേമിലേയ്ക്ക് മാറ്റുന്ന പ്രശ്‍നം നീട്ടികൊണ്ടു പോവാൻ സാധിക്കും. അതിനുള്ള സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഫണ്ടും തടയാനും സാധിക്കും.
പ്രസിഡന്റ് ട്രംപ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് ഇവാഞ്ചലിക്കൽ വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്നുള്ള ഭയത്താലാണെന്നും പറയുന്നു. ഇവാഞ്ചലിക്കൽ സഭ, പ്രവചനങ്ങളിൽ വിശ്വസിക്കുന്നു. അവസാനകാലം ജെറുസലേം മുഴുവൻ യഹൂദരുടെ നിയന്ത്രണത്തിലാകുമെന്നും വിശ്വസിക്കുന്നു. സാംസ്ക്കാരിക പരമായി ജെറുസലേമിൽ മാറ്റങ്ങൾ ഉണ്ടാവുകയും യഹൂദർ ഒന്നുകിൽ ക്രിസ്ത്യാനികൾ ആവുമെന്നും അല്ലെങ്കിൽ ദൈവത്തിന്റെ ശാപത്തിൽ അവരെല്ലാം നശിച്ചു പോവുമെന്നും പ്രവചനമുണ്ട്. ഇവാഞ്ചലിക്കൽ കാരുടെ പ്രാർത്ഥനയിലും ട്രംപിനെ അവരുടെ പ്രവാചക തുല്യനായിട്ടാണ് കരുതിയിരിക്കുന്നത്.
മില്യൻ കണക്കിന് ഇവാഞ്ചലിക്കൽ സഭക്കാർ ട്രംപിന്റെ ഈ തീരുമാനത്തിൽ സന്തുഷ്ടരാണ്. അമേരിക്കൻ എംബസി ജറുസലേമിൽ സ്ഥാപിക്കുമോയെന്നു അറിയാൻ അവർ കാത്തിരിക്കുന്നു. ഇവാഞ്ചലിക്കൽ സഭയ്ക്ക് അമേരിക്കയിൽ ഏകദേശം അറുപത് മില്യൻ അംഗങ്ങളുണ്ട്. വോട്ടു ബാങ്കിനെ സംബന്ധിച്ചിടത്തോളം ഈ സഭ നിർണ്ണായകമായ ഒരു പങ്കും വഹിക്കുന്നു. സഭയുടെ പാസ്റ്റർ ജോൺ ഹേഗ് പറഞ്ഞത് "എമ്പസ്സി ജെറുസലേമിൽ സ്ഥാപിക്കാൻ സാധിച്ചാൽ അത് ട്രംപിനെ ചരിത്രത്തിൽ അനശ്വരനാക്കുമെന്നാണ്. അതുമൂലം ട്രംപിന്റെ നാമം ആയിരം വർഷങ്ങൾ കഴിഞ്ഞാലും ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുമെന്നും" അദ്ദേഹം പറഞ്ഞു. "ട്രംപിന് ജെറുസലേമിനെ സംബന്ധിച്ചുള്ള സുപ്രധാനമായ ഈ തീരുമാനം നടപ്പാക്കാൻ കഴിയാത്ത പക്ഷം ചരിത്രപ്രസിദ്ധമായ ഒരു നയം നടപ്പാക്കാൻ കഴിയാതെപോയ പരാജയപ്പെട്ട പ്രസിഡണ്ടായും കരുതും."
ആഗോള തലത്തിലുള്ള രാജ്യങ്ങൾ ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചിട്ടില്ലായിരുന്നു. മറ്റുള്ള രാജ്യങ്ങളെപ്പോലെ അമേരിക്കയുടെയും എംബസ്സി ടെൽ അവീവിലായിരുന്നു സ്ഥാപിച്ചിരുന്നത്. ജെറുസലേമിലേക്ക് എംബസ്സി മാറ്റുന്ന വഴി അമേരിക്കയുടെ നയതന്ത്ര ബന്ധത്തിന് വലിയ ഇടിവ് തട്ടുമെന്നു നിരീക്ഷകർ കരുതുന്നു. ഇസ്രായേലും പാലസ്തീനുമെന്നുള്ള ഒരു മദ്ധ്യവർത്തിയെന്ന നിലയിൽ അമേരിക്കയെ ആരും വിശ്വസിക്കാതെയും വരാം. മിഡിൽ ഈസ്റ്റിൽ സമാധാനം സൃഷ്ടിക്കാനായി അമേരിക്ക പക്ഷാപാത നയം സ്വീകരിക്കുമെന്നും പാലസ്തീനും അറബിരാജ്യങ്ങളും കരുതാം. ജെറുസലേമിൽ ചരിത്രപരമായ കാര്യങ്ങളിൽ ചെറിയ മാറ്റം ഉണ്ടായാൽ തന്നെയും അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
മുമ്പുണ്ടായിരുന്ന ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പ്രസിഡണ്ടുമാർ എല്ലാവരും തന്നെ എമ്പസ്സി ജെറുസലേമിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചിന്തിച്ചിരുന്നവരായിരുന്നു. ടെൽ അവീവിൽ നിന്നും ജെറുസലേമിലേക്ക് എംബസ്സി മാറ്റാൻ മുൻ പ്രസിഡണ്ടുമാരായ ഒബാമയും ബിൽ ക്ലിന്റണും ബുഷും പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. വൈറ്റ് ഹൌസിൽ എത്തുമ്പോൾ അവരുടെ ആശയങ്ങൾക്കും തീരുമാനങ്ങൾക്കും മാറ്റങ്ങളും വരുത്തിയിരുന്നു. 1995-ൽ ഇതു സംബന്ധിച്ച ബില്ല് കോൺഗ്രസ്സ് അംഗീകരിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. 1999-ൽ എംബസ്സി മാറ്റണമെന്നായിരുന്നു തീരുമാനം. എന്നാൽ ജെറുസലേമിൽ എംബസ്സി മാറ്റുന്ന തീരുമാനം പ്രസിഡന്റ് ഒപ്പിടാതെ നീട്ടികൊണ്ടു പോവുകയായിരുന്നു. മുൻ പ്രസിഡന്റുമാരെല്ലാം തന്നെ മിഡിൽ ഈസ്റ്റിൽ അസമാധാനം ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇസ്രായേലും പാലസ്തീനുമായുള്ള സമാധാനാന്തരീക്ഷം അവിടെ അവസാനിക്കുമെന്നാണ് മുമ്പുള്ള പ്രസിഡന്റുമാർ ഭയപ്പെട്ടിരുന്നത്. 2008-ലെ തിരഞ്ഞെടുപ്പ് വേളയിലുള്ള ഒബാമയുടെ പ്രസ്താവനയും പ്രാധാന്യം അർഹിക്കുന്നു. ഇസ്രായിലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കണമെന്ന് ഒബാമ പറഞ്ഞു. എന്നാൽ ചർച്ചകളിൽക്കൂടി വേണമെന്നും അദ്ദേഹം കൂട്ടി ചേർത്തിരുന്നു.
ഇസ്രായേലിലെ നേതൃത്വം ഒഴികെ ലോകത്ത് മറ്റൊരു രാജ്യവും ട്രംപിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നില്ല. യുണൈറ്റഡ് നാഷനും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും അറബ് രാജ്യങ്ങളും എംബസ്സി ജെറുസലേമിൽ മാറ്റുന്നതിനെ എതിർക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ജർമ്മൻ വിദേശകാര്യമന്ത്രി സിഗ്മാർ ഗബ്രിയേൽ എന്നിവരും ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു.
അതിർത്തി ഗ്രാമങ്ങൾ അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിർത്തിയിലുള്ള ഗ്രാമങ്ങളുടെ ക്ഷേമം പരിപാലിക്കേണ്ട ചുമതല ജനീവ ഉടമ്പടിയനുസരിച്ച് ഇസ്രായേലിനുള്ളതാണ്. അവിടെ പാലസ്തീൻകാരുടെ ടൗണുകളുമുണ്ട്. ഇസ്രായേൽ ആണ് അതിർത്തി പട്ടണങ്ങൾ പരിപാലിക്കുന്നതെങ്കിലും യാതൊരു നിയമവും അവിടെ പാലിക്കാറില്ല. മയക്കു മരുന്നുകൾ വളരെയധികം അതിർത്തി പ്രദേശങ്ങളിൽ പ്രചാരത്തിലുമുണ്ട്. ജനങ്ങളുടെ ആരോഗ്യവും ഗുരുതരമാണ്. മലിന പദാർത്ഥങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു. ഓടയിൽനിന്നും ഒഴുകുന്ന മലിന വസ്തുക്കൾ എവിടെയും തളം കെട്ടി നിൽക്കുന്നു. മലിന ജലം തുറസായ സ്ഥലത്തുകൂടി ഒഴുകുന്നമൂലം ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങളും സാധാരണമാണ്.
ജെറുസലേമിന്റെ ഇന്നത്തെ സ്ഥിതി വളരെയധികം പരിതാപകരമാണ്. ജെറുസലേം പട്ടണത്തിന്റെ പൂർണ്ണ നിയന്ത്രണവും പട്ടാളത്തിന്റെ അധീനതയിലാണ്. ഒരു സ്‌കൂളിലെ കുട്ടികൾ വീട്ടിൽ എത്തുമെന്ന ഉറപ്പുപോലുമില്ല. സംശയത്തിന്റെ പേരിൽ കുട്ടികളെ തല്ലുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. കൗമാരക്കാരെയാണ് അതിർത്തി പോലീസായി നിയമിച്ചിരിക്കുന്നത്. ക്രൂരമായ രീതിയിൽ അതിർത്തി പോലീസ് കുട്ടികളോട് പെരുമാറുന്ന വിഷയം യു എസ് കോൺഗ്രസിലും ചർച്ചാ വിഷയമായിരുന്നു.
ജെറുസലേം പാലസ്തീൻകാരിൽനിന്നും ഇസ്രായേൽ കൈവശപ്പെടുത്തിയ ഒരു പട്ടണമാണ്. അവിടെ അമേരിക്ക എംബസ്സി പണിയുന്നതും നിയമാനുസൃതമല്ലാത്ത ഒരു പ്രദേശത്തുമാണ്. അതിന്റെ അർത്ഥം 1967-ൽ ഇസ്രായേൽ യുദ്ധത്തിൽക്കൂടി പാലസ്തീനിയിൽ നിന്നും അക്രമിച്ചെടുത്ത ഭൂപ്രദേശങ്ങളെ അമേരിക്ക അംഗീകരിച്ചുവെന്നാണ്. ഉദാഹരണമായി പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന കാശ്മീരിൽ ചൈന എംബസ്സി പണിയുവാൻ തീരുമാനമെടുത്താൽ ഇന്ത്യയുടെ പ്രത്യാഘാതം എന്തായിരിക്കും? ഇത് അമേരിക്കയുടെ ഒരു രാഷ്ട്രീയ ചൂതുകളിയാണ്. ഇത്തരം അനേകം ചൂതുകളികൾ സംഭവിച്ചെങ്കിൽ മാത്രമേ ട്രംപിന് രണ്ടാം പ്രാവശ്യവും പ്രസിഡന്റ് പദവി ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ ജീവൻ കളയാൻപോലും യഹൂദരും യാഥാസ്ഥിതിക ക്രിസ്ത്യാനികളും ട്രംപിനൊപ്പമുണ്ട്. മനുഷ്യന്റെ മതമെന്ന വിഡ്ഢിചിന്തകൾ ഇല്ലാതാക്കാൻ ശാസ്ത്രജ്ഞന്മാർ പുതിയ മരുന്നുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ലോകം നിലനിൽക്കാനും ലോകസമാധാനത്തിനും അങ്ങനെയൊരു മരുന്ന് ആവശ്യമാണ്.
President Trump with Prime Minister Benjamin Netanyahu |
Donald Trump with Prasident Mahmoud Abbas |
Jerusalem Western Wall Flag |
Western Wall-Jerusalem |
----------------------------
.
No comments:
Post a Comment