Monday, August 27, 2018

കേരളം പ്രളയശേഷം, അതിജീവനവും പാളീച്ചകളും



ജോസഫ് പടന്നമാക്കൽ 

കേരളത്തിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ പ്രളയം ശമിച്ചു. കേരളം സാധാരണ നിലയിലാക്കാൻ സ്റ്റേറ്റ് വിജയകരമായി പ്രവർത്തനങ്ങളും നടത്തി. ഇനി വേണ്ടത് ദുരിതാശ്വാസ പ്രവർത്തനവും ഭവന രഹിതരെ പുനരധിവസിപ്പിക്കുകയുമാണ്. ചെളിയും മണ്ണും ദുർഗന്ധം വമിക്കുന്ന വസ്തുക്കളും ദുരിതം അനുഭവിച്ചവരുടെ വീടുകളും പരിസരങ്ങളും വൃത്തിയാക്കണം. വിഷമുള്ള ഇഴജന്തുക്കളെയും ബാക്റ്റിരിയാ ക്രീടങ്ങളെയും നശിപ്പിക്കണം. വസന്തപോലുള്ള പകർച്ചവ്യാധികൾ വരാതിരിക്കാനുള്ള തയ്യാറെടുപ്പുകളും ആവശ്യമാണ്. തകർന്ന പാലങ്ങളും റോഡുകളും നന്നാക്കണം. അതിന് ദീർഘകാല പ്രവർത്തനവും ആവശ്യമാണ്. 1924-നു ശേഷം കേരളചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നാണ് ഇക്കഴിഞ്ഞ പെരും മഴയെയും പ്രളയത്തെയും വിവരിച്ചിരിക്കുന്നത്. 385 ജീവിതങ്ങൾ കവർന്നു. ആയിരങ്ങൾ ഭവന രഹിതരായി. ലക്ഷക്കണക്കിന് ജനങ്ങളെ പ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തി. 1500 ദുരിതാശ്വസ ക്യാമ്പുകൾ തുറന്നു. രണ്ടരലക്ഷം ജനങ്ങൾ താൽക്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളിൽ താമസമാക്കി. ഇനി സാധാരണ ജനജീവിതത്തിനായി ദുരിതം അനുഭവിച്ചവരുടെ താൽക്കാലികവും സ്ഥായിയുമായ ജീവിത നിവാരണത്തിനുള്ള മാർഗ്ഗങ്ങൾ തേടേണ്ടതായുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലവാരവും ഉയരണം. മലിനീകരമായിരിക്കുന്ന പരിസ്ഥിതിയെ വൃത്തിയും വെടിപ്പുമുള്ളതാക്കണം.

കേരളത്തിലെ പ്രളയ ദുരന്തത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടെന്നുള്ള അഭിപ്രായങ്ങളും പൊന്തിവന്നിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ സംസ്ഥാന സർക്കാർ മുൻകൂട്ടി കാണാഞ്ഞതുകൊണ്ടും അതിനുള്ള തയ്യാറെടുപ്പു നടത്താഞ്ഞതുകൊണ്ടും കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായിയെന്നും സമയബന്ധിതമായി അണക്കെട്ടുകൾ തുറന്നു വിട്ടിരുന്നെങ്കിൽ ഇത്രമാത്രം നാശനഷ്ടങ്ങൾ ഉണ്ടാവില്ലായിരുന്നെന്നും ജീവനും സ്വത്തും രക്ഷിക്കാമായിരുന്നുവെന്നും  ചിന്തിക്കുന്നവരുണ്ട്. അണക്കെട്ടു തുറന്നു വിടുന്നതിനൊപ്പം ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കായി മുൻകൂട്ടി തയ്യാറെടുപ്പും നടത്തണമായിരുന്നു. തദ്ദേശ വാസികൾക്ക് അണക്കെട്ട് തുറന്നു വിടുന്നതിനുമുമ്പ് ശരിയായ മുന്നറിയിപ്പും നൽകിയിരുന്നില്ല. സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള തയ്യാറെടുപ്പും നടത്തിയില്ല. അക്കാര്യത്തിൽ സർക്കാർ തീർത്തും ബലഹീനത അവിടെ പ്രകടിപ്പിച്ചു. വെള്ളം ഒഴുകുന്ന നദികളുടെ തീരത്തുള്ളവർക്കും സമീപ വാസികൾക്കും അണക്കെട്ടു തുറക്കുന്ന കാര്യം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നെങ്കിലും ഒന്നിച്ചു തുറക്കാതെ പല ഘട്ടങ്ങളിലായി ഗേറ്റു തുറക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അവിടെ ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്ന സന്ദേശങ്ങളിലും സർക്കാർ പരാജയപ്പെട്ടു.

അണക്കെട്ടുകളുടെ പരിപാലനത്തിൽ വിദഗ്ദ്ധനായ എൻ.ശശിധരന്റെ റിപ്പോർട്ടിൽ കാണുന്നത്, "അധികാരികൾ ഇടമലയാർ റിസർവോയറിന്റെ വെള്ളത്തിന്റെ ലെവൽ 169 അടി എത്തുന്നവരെ നോക്കി നിന്നു. 165 അടി വെള്ളം ലെവൽ ഉള്ളപ്പോൾ ഡാം തുറന്നു വിട്ടിരുന്നെങ്കിൽ ഇത്രമാത്രം ദുരിതം ഉണ്ടാവില്ലായിരുന്നു. വെള്ളമൊഴുക്കിന്റെ താഴ്വരകളിലും തീരങ്ങളിലും  താമസിക്കുന്നവരെ മാറ്റി പാർപ്പിക്കേണ്ട ആവശ്യവും വരില്ലായിരുന്നു." ദുരിത നിവാരണ മാനേജുമെന്റിന്റെ (Disaster Management) നോട്ടക്കുറവുമൂലമുള്ള കണക്കുകൂട്ടലുകളാണ് ഇത്രയും ഒരു ദുരന്തത്തിനെ അഭിമുഖീകരിക്കേണ്ടി വന്നതും. ഈ അഭിപ്രായത്തെ 'നയൻ ശർമ്മ' എന്ന അണക്കെട്ടു നിർമ്മാണങ്ങളുടെ വിദഗ്ദ്ധനും സ്ഥിതികരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, 'ശാസ്ത്രീയമായ ഈ വസ്തുത വളരെ നേരത്തെ തന്നെ അനുഭവങ്ങളിൽക്കൂടി കണ്ടിട്ടുള്ളതാണ്. പൂർണ്ണമായും വെള്ളം നിറഞ്ഞ ഒരു റിസർവോയർ പെട്ടെന്ന് തുറന്നു വിടാൻ പാടില്ലായിരുന്നു. വെള്ളപ്പൊക്കം തടയുന്നതിന് സാവധാനം സമയബന്ധിതമായി അണക്കെട്ടുകൾ തുറന്നു വിടണമായിരുന്നു. കേരളത്തെ സംബന്ധിച്ച് മുപ്പത്തിയഞ്ചു അണക്കെട്ടുകൾ ഒരേ സമയം തുടർച്ചയായി തുറന്നുവിട്ടതും ശക്തമായ ഒഴുക്കിനും വെള്ളപ്പൊക്കത്തിനും കാരണമായി."

പ്രളയത്തെ നേരിടാൻ സർക്കാർ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിർവഹിക്കുന്നതും അഭിനന്ദിനീയമാണ്. ഇക്കാര്യം ആഗോള തലങ്ങളിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. പ്രളയത്തോടനുബന്ധിച്ചുള്ള ശക്തമായ ജനപിന്തുണയുള്ളതുകൊണ്ടു ഏതു വിമർശനത്തെയും നേരിടാൻ സർക്കാർ തയാറുമാണ്. പ്രതിപക്ഷ നേതാവ് ശ്രീ ചെന്നിത്തലയുടെ വിവാദപരമായ പ്രസ്താവനകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി കൊടുക്കുന്നുണ്ട്. "പിണറായി പറഞ്ഞു, "വിമർശനങ്ങൾ തൊടുത്തുവിടുമ്പോൾ വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം. വിമർശനങ്ങളിൽ കഴമ്പുണ്ടായിരിക്കണം. അല്ലാതെ വിമർശനത്തിനുവേണ്ടിയുള്ള വിമർശനമായിരിക്കരുത്." നാടിന്റെ ഗുരുതരമായ ഈ സാഹചര്യത്തിൽ ക്രിയാത്മകമല്ലാത്ത അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവർ രാഷ്ട്രീയ ലക്‌ഷ്യം മുമ്പിൽ കണ്ടുകൊണ്ടെന്നും കാണാം.

പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു, "2500 മില്ലീ മീറ്റർ മഴ ജൂൺ ഒന്നുമുതൽ ആഗസ്റ്റ് മുപ്പതു വരെ കേരളത്തിന് ലഭിച്ചിട്ടുണ്ട്. അതേ സമയം 1924-ലെ വെള്ളപ്പൊക്കത്തിൽ 3369 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. 1924-ലെ മഴയെക്കാൾ കുറവായിരുന്നു ഇപ്പോൾ പെയ്ത മഴയെന്നു വളരെ വ്യക്തമായിരിക്കുന്നു." എന്നാൽ ചെന്നിത്തലയുടെ മഴയുടെ അളവിന്റെ മാനദണ്ഡം തെറ്റാണെന്നു പിണറായും. അദ്ദേഹം പറഞ്ഞു, "1924-ൽ പെയ്ത മഴയുടെ കണക്ക് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് തെറ്റാണ്. 1924-ലെ തുലാവർഷവും ഇടവപാതിയും ഒന്നിച്ചുള്ള ഒരു വർഷത്തെ കണക്കാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ 2018-ലെ മഴ ഈ കാലവർഷത്തിലെ മാത്രമുള്ള മഴയുടെ കണക്കാണ്. അതായത് ആഗസ്റ്റ് മാസത്തിൽ മാത്രം പെയ്ത മഴയുടെ കണക്കു മാത്രം."

യാതൊരു മുന്നറിയിപ്പും കൂടാതെ ഡാം തുറന്നു വിട്ടതുകൊണ്ടു ഭീമമായ പ്രളയമുണ്ടായിയെന്നാണ്   ഒരു ആരോപണം. വാസ്തവത്തിൽ സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ ഭരണകൂടവും കൈക്കൊണ്ടു കഴിഞ്ഞിരുന്നു. ഡാം തുറന്നു വിട്ട സമയം എല്ലാ കരുതലുകളും അധികാരികൾ ചെയ്തെന്നു അന്ന് രമേശ് ചെന്നിത്തല വരെ സ്ഥിതികരിച്ച ഒരു വാർത്തയായിരുന്നു. അതേ രമേശാണ് മുൻ കരുതലുകൾ ഇല്ലാതെ ഡാം തുറന്നുവിട്ടുവെന്ന് ഇന്ന് ആക്ഷേപിക്കുന്നത്. വെള്ളപ്പൊക്കത്തിനു കാരണം ഡാം തുറന്നതുകൊണ്ടല്ല, നിയന്ത്രണമില്ലാതെ മഴ ശക്തിയായി വന്നപ്പോൾ സ്വാഭാവിക വെള്ളം ഒഴുക്കലും വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

മുന്നറിയിപ്പ് സംവിധാനം, വാട്ടർ മാനേജ്മന്റ് സിസ്റ്റം, കാലാവസ്ഥ അറിയിപ്പ് ഇതെല്ലാം പരിശോധിച്ച ശേഷം ഫലപ്രദമായി തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരാണ്. സാധാണ ലഭിക്കുന്നതിനേക്കാൾ 164 ശതമാനം അധികം മഴയാണ് ഈ വർഷം നമുക്ക് ലഭിച്ചത്. വെള്ളപ്പൊക്കമുണ്ടായത് അണക്കെട്ടിൽനിന്നും വെള്ളം ഇരച്ചുകയറിയതുകൊണ്ടെന്ന വാദം തികച്ചും അടിസ്ഥാന രഹിതമാണ്. 'തിരുവല്ല' വെള്ളത്തിലായത് മണിമല ആറ്‌ കര കവിഞ്ഞതുകൊണ്ടായിരുന്നു. അവിടെയൊന്നും അണക്കെട്ടുകളില്ല. അതുപോലെ 'പന്തളം' വെള്ളത്തിലായതു അച്ചൻ കോവിൽ ആറുകൊണ്ടും പാലാ വെള്ളത്തിലായത് മീനച്ചിൽ ആറുമൂലവുമായിരുന്നു. നിലംബുരിൽ ചാലിയാർ മൂലവും വെള്ളപ്പൊക്കമുണ്ടായി. ഇവിടെയൊന്നും അണക്കെട്ടുകൾ ഇല്ലെന്നും മനസിലാക്കണം. ഇതെല്ലാം പ്രതീക്ഷിക്കാത്ത മഴമൂലമായിരുന്നു. ഇടുക്കിയിൽ ആഗസ്റ്റ് ഏഴാം തിയതി 130.8 മില്ലീ മീറ്റർ മഴ പെയ്തെങ്കിൽ അതിന്റെ അടുത്ത ദിവസം ആഗസ്റ്റ് എട്ടാം തിയതി 128.6 മില്ലീ മീറ്റർ മഴയുണ്ടായിരുന്നു. അത് ആഗസ്റ്റ് പതിനാറാം തിയതി 295 ആയി ഉയർന്നു. അതിന്റെയർത്ഥം നാലു ദിവസം കൊണ്ട് പെയ്ത മഴ സാധാരണ ഒരു മൺസൂൺ മുഴുവനും പെയ്യുന്ന മഴയുടെ മൂന്നിരട്ടിയായിരുന്നു.

പ്രളയ ദുരിതം ബാധിച്ചവർക്കുള്ള സഹായ നിധിയുമായി മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. പ്രളയത്തിനുശേഷം വീട്ടിലേക്ക് മടങ്ങി പോവുന്നവർക്ക് ഒരു ലക്ഷം രൂപ ഭവന പുനരുദ്ധാരണ വായ്പ്പ പലിശയില്ലാതെ നല്കുമെന്നുള്ള സർക്കാരിന്റെ ഉത്തരവും ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സാമാന്യം നല്ല രീതിയിൽ  നടക്കുന്നുവെന്നാണ് വിലയിരുത്തൽ. അതിനെതിരായുള്ള ചില സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്താവനകൾക്ക് കാര്യമായ വില നൽകേണ്ടതുമില്ല. സ്വാർത്ഥ താല്പര്യങ്ങളാണ് അത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽ അവർക്ക് പ്രചോദനം നൽകുന്നത്.

ദുരിതാശ്വസ ക്യാമ്പുകളെപ്പറ്റിയും പൊതുവെ നല്ല അഭിപ്രായങ്ങളാണ് പത്ര റിപ്പോർട്ടുകളിൽനിന്നും  മനസിലാവുന്നത്. പ്രളയ ദുരിതം ഏറ്റുവാങ്ങിയവർ ക്യാമ്പിൽ എത്തിയതും നിരവധി കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ടായിരുന്നു. അതുകൊണ്ട് അവർ രക്ഷാപ്രവർത്തകരോട് കൃതജ്ഞതയോടെ കടപ്പാടുകൾ അറിയിക്കുന്നുമുണ്ട്. തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ എല്ലാം താറുമാറായ വീടിന്റെ അവസ്ഥകളായിരിക്കും അവർ കാണുന്നത്. പലരുടെയും പ്രധാനപ്പെട്ട പേപ്പർ ഡോകുമെന്റുകൾ  നഷ്ടപ്പെട്ട നിലയിലായിരിക്കും കണ്ടെത്തുന്നത്. വീട് നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായി പരിഹാരം കാണുവാനും സർക്കാർ പദ്ധതികളിടുന്നുണ്ട്. വീടുകളിലേക്ക് മടങ്ങി പോവുന്നവർക്ക് അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ സഹിതമാണ് ക്യാമ്പുകളിൽ നിന്നും കൊടുത്തു വിടുന്നത്. സന്നദ്ധ സംഘങ്ങൾ വീടുകൾ വൃത്തിയാക്കുന്ന ജോലികളിലും ഏർപ്പെട്ടിരിക്കുന്നു. ജാതി മത ഭേദമില്ലാതെ ആവശ്യമുള്ള സാധനങ്ങൾ നൽകി സഹായിക്കുകയും ചെയ്യുന്നു. ദുരന്തത്തിൽ നിന്ന് മനുഷ്യത്വവും   പലർക്കും ഉൾക്കൊള്ളാൻ സാധിച്ചു. പ്രകൃതി ദുരന്തം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരണം ചെയ്യുന്നു. ഭാവിയിൽ ദുരന്ത പരിഹാരത്തിനായുള്ള സ്ഥലം കണ്ടെത്തുവാനും പ്രശ്നങ്ങളാകും. അതിനുള്ള പ്രായോഗിക വശങ്ങൾ തേടിയും അഭിപ്രായങ്ങൾ ശേഖരിച്ചും യുക്തമായ തീരുമാനങ്ങൾ എടുക്കുവാനും സർക്കാർ ശ്രമിക്കുന്നു.

ഭക്ഷണവും ശുദ്ധമായ വെള്ളവും വസ്ത്രവും മെഡിസിനും നൽകി ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നവർ അനേകർക്ക് ആശ്വാസവും നൽകുന്നു. അവരുടെ വിജയകരമായ പ്രവർത്തനങ്ങൾ തുടരുന്നു. ഒരു നീണ്ട പദ്ധതിയിൽക്കൂടി സ്റ്റേറ്റിനെ പുനർ നിർമ്മിക്കേണ്ടതായുമുണ്ട്. കൊടും പ്രളയം  ഭവനങ്ങളും സ്വകാര്യ സ്വത്തുക്കളും പബ്ലിക്ക് സ്വത്തുക്കളും നശിപ്പിച്ചു. ബിസിനസും വാണിജ്യവും ക്ഷതമേറ്റു. സമർത്ഥരായ പ്ലമ്പേഴ്സിനെയും ഇലക്ട്രിക്കൽ വിദഗ്ദ്ധരെയും ആശാരി പണിക്കാരെയും കെട്ടിടം നിർമ്മാണ പ്രവർത്തകരെയും കേരളത്തിന്റെ പുനർനിർമ്മാണ ജോലികൾക്കായി ആവശ്യം വരും. ഭവനങ്ങൾ വൃത്തിയാക്കുകയും വീണ്ടും പണിയുകയും വീടുകളുടെ കേടുപാടുകൾ തീർക്കുകയും ആവശ്യമാണ്. തകർന്ന പാലങ്ങളും റോഡുകളും പുനർനിർമ്മിക്കേണ്ടി വരുന്നു. മൊത്തം പലരുടെയും ജീവിത മാർഗങ്ങൾ ഇല്ലാതാവുകയും ജീവിക്കാൻ പുതിയ മാർഗങ്ങൾ തേടേണ്ടതായും വരുന്നു.

ദുരന്തത്തിനു ശേഷം പത്രങ്ങൾ, ദൃശ്യ മാദ്ധ്യമങ്ങൾ, ഓൺലൈൻ വാർത്തകൾ, ഫേസ്ബുക്കുകൾ വഴി തെറ്റായ വിവാദപ്രസ്താവനകളും വിവരങ്ങളും നിത്യേന വരുന്നുണ്ട്. പ്രകൃതിയാണോ മനുഷ്യനാണോ ഇപ്പോഴുണ്ടായ പ്രളയത്തിന് കാരണമെന്നുള്ളതും ചർച്ചാവിഷയങ്ങളാണ്‌. യു.എ.ഇ    സർക്കാർ 700  കോടി രൂപ വാഗ്ദാനം ചെയ്യുകയും പ്രധാന മന്ത്രി അതിൽ മുഖ്യമന്ത്രി പിണറായിയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തുവെന്ന വാർത്തകളുണ്ടായിരുന്നു. കേന്ദ്ര ഹോം ഡിപ്പാർട്ട്മെന്റ് ആ സഹായം സ്വീകരിക്കുന്നതിനെതിരെ തടസ്സവാദങ്ങളും ഉന്നയിച്ചു. ദേശീയ ദുരന്ത നിവാരണ കമ്മറ്റിയുടെ ചെയർമാൻ എന്ന നിലയ്ക്ക് കേരളത്തിലെ ഈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് ധാർമ്മികമായ ഒരു കടമയുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. കേന്ദ്ര സർക്കാർ സാധാരണ സാമ്പത്തിക സഹായത്തിനായി വിദേശ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കാറില്ല.  ഏതെങ്കിലും വിദേശ സർക്കാർ സഹായം ചെയ്യാമെന്ന് സ്വയം തീരുമാനത്തിൽ വന്നാൽ അത് സ്വീകരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കേന്ദ്ര സർക്കാരിനുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ഹോം ഡിപ്പാർട്ട്മെന്റിന് മാത്രമായി ഫണ്ട് നിരസിക്കാനുള്ള അവകാശമില്ല. സംസ്ഥാന സർക്കാർ തങ്ങൾക്കു വന്നിട്ടുള്ള ബാധ്യതയെപ്പറ്റി കേന്ദ്ര സർക്കാരിനെ അറിയിക്കുകയും വിദേശ സർക്കാർ സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്‌താൽ കേന്ദ്ര സർക്കാരിന് അത് അംഗീരിച്ചേ മതിയാവൂ. അത് ധാർമ്മികമായ ഒരു കടപ്പാടുകൂടിയാണ്. 'കേന്ദ്ര സർക്കാർ വിദേശ ഫണ്ട് നിരസിക്കുകയാണെങ്കിൽ അതിനു തുല്യമായ തുക കേരള സർക്കാരിന് നൽകാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം കേരള സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നു' കേരളത്തിലെ ചില പ്രഗത്ഭന്മാരായ നിയമോപദേശകരും അഭിപ്രായപ്പെടുന്നുണ്ട്. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഇതിനായി കോടതിയെ സമീപിക്കുകയും ചെയ്യാം.

കേരളത്തിൽ ദുരിതാശ്വാസത്തിനായി യു.എ.ഇ  700 കോടി അനുവദിച്ചുവെന്നത് തെറ്റായ വാർത്തയെന്നും എത്രമാത്രം സഹായം വേണമെന്നുള്ളത് ഇപ്പോഴും യു.എ.ഇ യുടെ പരിഗണനയിൽ മാത്രമെന്നും അവിടുത്തെ വിദേശകാര്യ മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യത്തിൽ വിലയിരുത്തലുകളും പരിശോധനകളും നടക്കുന്നേയുള്ളൂ. ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ആൽബന്നയും ഈ വാർത്ത സ്ഥിതികരിക്കുകയുണ്ടായി. 700 കോടി അനുവദിച്ചിട്ടുണ്ടെന്ന് പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. വിദേശ സഹായം സ്വീകരിക്കാൻ പാടില്ലാന്ന കേന്ദ്രവിവാദം കേരളത്തിൽ പൊട്ടിത്തെറികൾക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് യു.എ.ഇ   വാർത്തകളുടെ സ്ഥിതികരണമായി അവിടുത്തെ പ്രമുഖ ഭരണാധികാരികൾ വന്നെത്തിയത്. കേരളത്തിനുള്ള ഫണ്ടിന്റെ തീരുമാനങ്ങൾക്കായി യു.എ.ഇ    ഒരു എമർജൻസി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മറ്റിയുടെ തീരുമാനമനുസരിച്ചു മാത്രമേ യു.എ.ഇ  സർക്കാരിന് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുള്ളൂ.

കേന്ദ്രം എന്തുകൊണ്ട് വിദേശ രാജ്യങ്ങൾ കേരളത്തിന് വാഗ്ദാനം ചെയ്ത ഫണ്ട് നിഷേധിച്ചുവെന്നുള്ളതിനു ഉത്തരമില്ല. ഒരു വിദേശ രാജ്യം സാമ്പത്തിക സഹായം നൽകുമ്പോൾ ആ രാജ്യത്തിന് ഫണ്ടുകൾ ശരിയായി വിനിയോഗിച്ചുവെന്ന കണക്കുകൾ ബോധിപ്പിക്കേണ്ടതായുണ്ട്. അവരുടെ സംഘടനകൾ ദുരിതമേഖലകളിൽ നേരിട്ടുവരുകയും ഫണ്ടുകളുടെ കാര്യക്ഷമത  വിലയിരുത്തുകയും ചെയ്യും. അങ്ങനെയൊരു സാഹചര്യത്തിന് ഭാരത സർക്കാർ തയ്യാറല്ല. 21000 കോടി രൂപ കേരളത്തിന് മൊത്തം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അതിൽ 2500 കോടി രൂപ അടിയന്തിര ദുരിതാശ്വാസത്തിന് കേരളത്തിന് ആവശ്യവുമാണ്. പ്രകൃതി ദുരന്തം മൂലം സംഭവിച്ച ഈ ദുരിതങ്ങൾക്ക് എന്ത് സഹായവും സ്വാഗതാർഹമാണ്. വിദേശ സഹായം നിരസിച്ച സ്ഥിതിക്ക് കേരളത്തിന് മാർക്കറ്റിൽ നിന്നും കടം എടുക്കേണ്ടതും അത്യാവശ്യമായി വരും. കേന്ദ്ര സഹായം ഭാഗികമായി മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. അതുപോലെ മറ്റു സ്റ്റേറ്റ് സർക്കാരുകളിൽനിന്നും കാര്യമായി സഹായങ്ങൾ ലഭിച്ചിട്ടില്ല. ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. മാത്രമല്ല അവരും പ്രളയ ദുരിതം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.

ജലപ്രളയത്തിൽ മുറിവേറ്റ ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച് ഫേസ്ബുക്കിൽ ഒരു വീഡിയോ കാണുകയുണ്ടായി. രക്ഷാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കവേ വയറ്റിൽ അഗാധമായി പരിക്കുപറ്റിയ ഒരു മത്സ്യത്തൊഴിലാളി തന്റെ അപകടത്തെപ്പറ്റിയും തനിക്കുള്ള ചീകത്സാ നിഷേധത്തെപ്പറ്റിയും  സാമൂഹിക പ്രവർത്തകയായ ഒരു യുവതിയോട് വിവരിക്കുന്നുണ്ട്. ചെങ്ങന്നുർ ഉള്ള ആറാട്ടുപുഴയിലെ 'രത്നകുമാർ' എന്ന മത്സ്യത്തൊഴിലാളിയെയാണ് ഗുരുതരമായ പരിക്കുകളോടെ സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കമുക് വന്നു വയറ്റിലിടിച്ചു അയാളുടെ വയറു നെടുനീളെ കീറിയിട്ടുണ്ടായിരുന്നു. കൈകാലുകൾക്ക് മറ്റു പരിക്കുകളുമുണ്ടായിരുന്നു. ചെങ്ങന്നൂരുള്ള പാണ്ടനാട് എന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയതാണ്.   രത്നകുമാറിന്റേത് ഒരു ദരിദ്രകുടുംബമാണ്. ആ കുടുംബത്തിന്റെ ഏക ആശ്രയവുമാണ്,അയാൾ. എഴുന്നേൽക്കാൻ പാടില്ലാത്ത ഒരു അവസ്ഥയിൽ അവശനായി കിടപ്പിലുമാണ്. സെന്റ് ഗ്രിഗോറിയോസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ അധികാരികൾ അദ്ദേഹത്തെ പരിശോധിക്കാനോ 'സ്‌കാൻ' ചെയ്യാൻ പോലുമോ തയ്യാറായില്ല. ചീകത്സിക്കാനായി ഭീമമായ പണവും ചോദിച്ചു. രൊക്കം ഉടൻതന്നെ 9000 രൂപ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറോളം അവിടെനിറുത്തിയ ശേഷം ചീകാത്സിക്കാതെ പറഞ്ഞുവിട്ടു. അനേകരുടെ ജീവൻ രക്ഷിച്ച ഈ മനുഷ്യനോട് ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് ഹോസ്‌പിറ്റൽ പെരുമാറിയത്. ഒടുവിൽ രമേശ് ചെന്നിത്തലയുടെ സഹായത്തോടെ ഈ മത്സ്യത്തൊഴിലാളിയെ മറ്റൊരു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയം കളിക്കുന്നതുകൊണ്ടു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രയോജനമുണ്ടാവുകയില്ല. മനുഷ്യത്വമായിരിക്കണം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സത്ത. മത രാഷ്ട്രീയങ്ങൾ ഉപേക്ഷിച്ച് മനുഷ്യ ജീവിതം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കേരളത്തിൽ അങ്ങോളമിങ്ങോളം ദുരിതാശ്വാസ പ്രവർത്തകർ. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആർക്ക് അതിന്റെ ക്രെഡിറ്റ് വേണമെന്ന പ്രസ്താവനകളുമായി രാഷ്ട്രീയ വിമർശകർ വാദമുഖങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. ദുരിത മേഖലകളിലെ അപകടം തരണം ചെയ്തതോടൊപ്പം ബോധമുള്ളവരാരും മതമേത്, രാഷ്ട്രീയമേത്, സാമ്പത്തിക സ്ഥിതികൾ എന്നിങ്ങനെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ആരാണ് രക്ഷിച്ചതെന്നും ആരുടേയും മനസ്സിൽ വന്നില്ലായിരുന്നു. അവിടെ ഓരോരുത്തരുടെയും മുമ്പിൽ അവതരിച്ചത് മനുഷ്യത്വമായിരുന്നു. പ്രകൃതിയുടെ വികൃതിയോ, മനുഷ്യ നിർമ്മിതമായ പ്രളയമോ അല്ലായിരുന്നു പ്രശ്‍നം. ആരെ, ഏതു ജാതിയെ, ഏതു രാഷ്ട്രീയക്കാരനെ രക്ഷിക്കുകയെന്ന പരിഗണനയായിരുന്നില്ല, ജീവനു പരിരക്ഷ നല്കുകയെന്നതായിരുന്നു മുൻഗണന. അപകട മേഖലയിൽ നിന്ന് സുരക്ഷിതമായ മേഖലയിൽ എത്തിക്കുകയെന്ന രക്ഷാദൗത്യം ഉത്തരവാദിത്വത്തോടെ നടത്തിക്കൊണ്ടിരുന്നു.

ദേശീയ തലങ്ങളിൽ ദുരിതം സംഭവിക്കുന്ന സമയങ്ങളിലെല്ലാം സാധാരണ ദുരിത നിവാരണ പ്രവർത്തനത്തിന് ഇന്ത്യൻ പട്ടാളത്തിന്റെ സഹായം തേടാറുണ്ട്. വിമാനത്തേൽ ഭക്ഷണം എത്തിക്കുക, ആൾക്കാരെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു രക്ഷിക്കുക മുതലായ രക്ഷാപ്രവർത്തങ്ങളിൽ അവർ ഏർപ്പെടുന്നു. ഇത്തരം ദുരിത നിവാരണ പ്രവർത്തനങ്ങൾ നടത്താനായി വ്യാവസായ കമ്പനികളുമായി സഹകരിച്ചാൽ ഉത്തമമായിരിക്കും. ധർമ്മ പ്രവർത്തനങ്ങൾക്കായി കമ്പനികൾ ഒരു നിശ്ചിച്ച തുക നീക്കി വെക്കാറുണ്ട്. പത്തു ബില്യൺ രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യവസായങ്ങൾ രണ്ടു ശതമാനം ചാരിറ്റബിൾ സഹായങ്ങൾക്കായി വിനിയോഗിക്കണമെന്നു കേന്ദ്ര നിയമമുണ്ട്. ഈ ഫണ്ട് ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായും പ്രായോഗിക പരിശീലനങ്ങൾക്കായും വിനിയോഗിക്കുന്നതും യുക്തമായിരിക്കും. സമൂഹത്തിലുള്ള എല്ലാ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പരിശീലനം നൽകാം. സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസുകാർ, കമ്പനി ജോലിക്കാർ, വിദ്യാർത്ഥികൾ, എന്നുവേണ്ട സാധാരണ പൗരമാർക്കെല്ലാം അത്തരം പരിശീലനങ്ങൾ നൽകിയാൽ ഭാവിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമാകും.

'ജൈസ്'വൽ കെ.പി.' എന്ന ഒരു യുവാവിന്റെ രക്ഷാപ്രവർത്തന രീതി സോഷ്യൽ മീഡിയാകളിൽ വൈറൽ ആയി പ്രചരിച്ചിരുന്നു. അയാൾ വെള്ളത്തിൽ കമിഴ്ന്നു കിടന്നു കൊണ്ട് തന്റെ 'പുറം ശരീരം' ചവിട്ടു പലക പോലെ സ്ത്രീകൾക്ക് ബോട്ടിൽ ചവുട്ടി കയറാൻ നൽകി. മലപ്പുറം സ്ത്രീകൾ അയാളുടെ പുറത്തു ചവിട്ടിക്കൊണ്ടു ബോട്ടിൽ കയറുന്ന കാഴ്ച കൗതുകകരവും മനസിനെ വേദനിപ്പിക്കുന്നതുമായിരുന്നു. ജൈസ്'വല്ലിന്റെ ഉടലും തലയും വെള്ളത്തിൽ മുങ്ങിയുമിരിക്കുന്നു. മലപ്പുറത്തുള്ള ഒരു ഗ്രാമത്തിലെ നാല് യുവാക്കളുടെ വിസ്മയകരമായ രക്ഷാപ്രവർത്തനം ഈ യുവാവിനെ പ്രസിദ്ധനാക്കുകയും ചെയ്തു. സ്ത്രീകളെ ബഹുമാനിച്ചുകൊണ്ട് സ്വന്തം പുറംപോലും രക്ഷാപ്രവർത്തനത്തിന് നൽകിയ നാടിന്റെ ധീര യുവാക്കളെയും നമിക്കാതെ വയ്യ.

മത്സ്യത്തൊഴിലാളികൾ ജീവൻ പണയം വെച്ചും ബോട്ടുകളുമായി ഉൾനാടുകളിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. കേരളത്തിന് അവരോടുള്ള കടപ്പാട് എത്രമാത്രമെന്നും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരു ബോട്ടിൽ നാൽപ്പത് നാൽപ്പത്തിയഞ്ച് ജനങ്ങളെ കയറ്റി രാത്രിയും പകലുമില്ലാതെ രക്ഷിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും വിശ്രമിക്കാതെ അവർ ആയിരങ്ങളുടെ ജീവൻ രക്ഷിച്ചു. ജീവിക്കാൻ പോലും ആവശ്യത്തിന് വരുമാനമില്ലാത്ത പാവപ്പെട്ട തൊഴിലാളികളായിരുന്നു അവരിൽ ഏറെയും. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളുമായി കടലിന്റെ മക്കൾ വന്നെത്തുമ്പോൾ വെള്ളത്തിൽ കുടുങ്ങി കിടക്കുന്ന, ജീവനു വേണ്ടി കാത്തിരിക്കുന്ന അബാലവൃദ്ധ സ്ത്രീ ജനങ്ങളുടെ കണ്ണുകളിൽ കണ്ണുനീർത്തുള്ളികൾ പൊഴിഞ്ഞു വീഴുമായിരുന്നു. ലോക മാദ്ധ്യമങ്ങളും ബിബിസിയും മത്സ്യത്തൊഴിലാളികളുടെ പ്രളയ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു.







Jaisal KP,







Saturday, August 18, 2018

പ്രളയ കേരളവും പ്രകൃതി ചൂഷണവും


ജോസഫ് പടന്നമാക്കൽ 

ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം കേരളസംസ്ഥാനമാകെ മുന്നൂറ്റി എഴുപതോളം മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെട്ടതായി വാർത്തകളിൽ അറിയുന്നു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയാകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും കേൾക്കാം. നാട്ടിൽ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയിൽ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ദുരിത മേഖലയിൽ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങൾ കൂടുതൽ ആകുലരായും കാണുന്നു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികൾ കേൾക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.

പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്‌ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിക്കുന്നത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാനം ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നുണ്ടെങ്കിലും ഇന്നും രക്ഷപെടാൻ സാധിക്കാതെ അനേകായിരങ്ങളാണ് വെള്ള തുരുത്തുകളിൽ കുടുങ്ങി കിടക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂടെയുണ്ട്. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം. അക്കൂടെ ഉരുൾ പൊട്ടലിൽക്കൂടിയും ദുരന്തങ്ങൾ സംഭവിക്കുന്നു. നദികളും ആറുകളും നിയന്ത്രണമില്ലാതെ മലവെള്ള പാച്ചിലോടെ പായുന്നു. ഫേസ്ബുക്കിലും മാദ്ധ്യമങ്ങളിലും രക്ഷിക്കണേയെന്നുള്ള നിലവിളികളോടെ സന്ദേശങ്ങളും തുടർച്ചയായി എത്തുന്നു. രക്ഷാ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പലയിടത്തും സേവനം ഇതുവരെയും എത്തിയിട്ടില്ല.

പ്രകൃതി ദുരന്തവും പേമാരിയും ഒരു നാടിന്റെ സംസ്ക്കാരത്തെ തന്നെ അട്ടിമറിക്കാറുണ്ട്. കേരളത്തിലും അത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ക്ഷോപം ഉണ്ടായത് 1924 ആഗസ്റ്റിൽ എന്ന് കരുതുന്നു. മലയാള മാസം 1099 കർക്കിടകത്തിൽ ഈ ദുരന്തം സംഭവിച്ചതുകൊണ്ടു 99 ലെ വെള്ളപ്പൊക്കമെന്നു മുതിർന്ന തലമുറകൾ പറഞ്ഞിരുന്നു. കേരള നാടിന്റെ നാനാഭാഗങ്ങളിലുമുള്ള ജനവിഭാഗങ്ങളുടെ ദൈനം ദിന ജീവിതത്തെ തകിടം മറിച്ച ഒരു ചരിത്ര സംഭവമായിരുന്നു അത്. വാർത്താ സൗകര്യങ്ങൾ അധികം ഇല്ലാതിരുന്ന അന്നത്തെ കാലഘട്ടം കേട്ടറിവിനേക്കാൾ ഭയാനകമായിരുന്നു. മൂന്നാഴ്ചയോളം നീണ്ടു നിന്നിരുന്ന അന്നത്തെ പേമാരിയിൽ നാടുനീളെയുള്ള താണ പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിന്റെ അടിയിലായി പോയിരുന്നു. മദ്ധ്യ തിരുവിതാംകൂറിനെയും തെക്കേ മലബാറിനെയും പ്രളയം അതിരൂക്ഷമായി ബാധിച്ചിരുന്നു. അതിനു ശേഷം അത്രമാത്രം വലിയ ഒരു മഴ പെയ്തിട്ടില്ല.

എത്ര മനുഷ്യർ അന്നത്തെ വെള്ളപൊക്കത്തിൽ മരിച്ചുവെന്നതും വ്യക്തമല്ല. മരിച്ചവരുടെ സ്ഥിതി വിവര കണക്കുകൾ എടുക്കാനുള്ള സംവിധാനങ്ങൾ അന്നുണ്ടായിരുന്നില്ല. ഉയർന്ന പ്രദേശങ്ങൾ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. പട്ടിണിയും വസന്തയും നാടാകെ പടർന്നു പിടിച്ചിരുന്നു. എറണാകുളം പട്ടണത്തിന്റെ ഭൂരി ഭാഗം ഭൂപ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായിരുന്നു.  ഇരുപതടിയിൽ കൂടുതൽ വെള്ളത്തിന്റെ നിരപ്പ് ഉയർന്നിരുന്നു. കോഴിക്കോട് പട്ടണവും വെള്ളത്തിന്റെ അടിയിലായിരുന്നു. കേരളത്തിന് അനുഭവിക്കേണ്ടി വന്ന ഏറ്റവും ദുരിതം മൂന്നാറിലെ ബ്രിട്ടീഷ്കാർ സ്ഥാപിച്ച തേയില തോട്ടങ്ങളുടെ നാശമായിരുന്നു.

അന്ന് മൂന്നാറിൽ വൈദ്യുതിയും റെയിൽവേയും ഉണ്ടായിരുന്നു. മോണോ റെയിൽ സിസ്റ്റത്തിലുള്ള റയിൽവേ ആയിരുന്നു ഉണ്ടായിരുന്നത്. മൂന്നാർ പട്ടണവും റോഡുകളും റെയിൽവേയും നശിച്ചിരുന്നു. മലവെള്ള പാച്ചിലും ഒഴുകി വരുന്ന മരങ്ങളും തട്ടി ആയിരക്കണക്കിന് ഭവനങ്ങൾ ഇല്ലാതായി. ബ്രിട്ടീഷുകാർ പട്ടണം പുതുക്കി പണിതെങ്കിലും തേയിലത്തോട്ടങ്ങൾ കൃഷി ചെയ്‌തെങ്കിലും റോഡുകൾ നന്നാക്കിയെങ്കിലും അന്ന് സ്ഥാപിച്ച റെയിൽവേ ചരിത സ്മാരകമായി മാറി. കുണ്ടളവാലി റെയിൽവേ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. മാസങ്ങളോളം നീണ്ട പ്രയത്നങ്ങളുടെ ഫലമായിട്ടാണ് റോഡുകൾ പുതുക്കി പണിയാനും യാത്രാസൗകര്യങ്ങൾ ഉണ്ടാക്കാനും സാധിച്ചത്.

കേരളത്തിലെ ഇപ്പോഴുള്ള അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ എയർഫോഴ്സ്, നേവി, ആർമി സൈന്യങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. യുദ്ധത്തിൽ മാത്രമല്ല സമാധാന കാലത്തും സൈന്യത്തിന്റെ ആവശ്യമുണ്ടെന്ന് ഈ പ്രളയ വേളകളിൽ കേരള ജനതയെ ബോധ്യപ്പെടുത്തുന്നു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളും പട്ടാളവും വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി രക്ഷാപ്രവർത്തകർ റോഡുകൾ വൃത്തിയാക്കുകയും കേടായ പാലങ്ങൾ നന്നാക്കുകയും ചെയ്യുന്നു. കൊച്ചിൻ വിമാനത്താവളം വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ താൽക്കാലികമായ വിമാന സർവീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതുപോലെ ട്രെയിൻ സർവീസും മെട്രോ സർവീസും നിറുത്തി വെച്ചിരിക്കുന്നു. പുതിയ പത്ര വാർത്തകളിലെ റിപ്പോർട്ടുകളനുസരിച്ച് മഴയുടെ ശക്തി കുറയുന്നുവെന്നും ഡാമുകൾ സുരക്ഷിതമെന്നും വെള്ളം താഴോട്ട് വളരെയധികം ഇതിനോടകം ഒഴുകി കഴിഞ്ഞിരിക്കുന്നുവെന്നുമാണ്.

ഈ വർഷം ഇന്ത്യയാകെയുള്ള മൺസൂൺ കാലാവസ്ഥ ഏഴു സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. മൊത്തം സംസ്ഥാനങ്ങളിൽ നിന്നായി ആയിരം പേർ മരിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതിൽ 400 പേരോളം കേരളത്തിൽ നിന്നുമാണ്. അതി മഴയും മണ്ണൊലിപ്പും ഭൂമികുലുക്കവും വെള്ളപ്പൊക്കവും മരണകാരണങ്ങളായി കണക്കാക്കുന്നു. കേരളത്തിൽ പതിനാലു ജില്ലകളിലായി രണ്ടേകാൽ ലക്ഷം ജനങ്ങളാണ് മഴയുടെ തീവ്രത മൂലം കഷ്ടപ്പെടുന്നത്. സംസ്ഥാനത്ത് ഏകദേശം 32500 ഹെക്റ്റക്കർ ഭൂമിയിൽ മഴമൂലം കൃഷി നാശങ്ങൾ വന്നു. രണ്ടു ലക്ഷം ജനങ്ങൾ താൽക്കാലിക കേന്ദ്രങ്ങളിൽ താമസിക്കുന്നതും കേരളത്തെ സംബന്ധിച്ച് പുതുമയുള്ള ചരിത്രമാണ്. വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 165 ബോട്ടുകൾ രാവും പകലുമില്ലാതെ ശ്രമിക്കുന്നുണ്ട്. അതുപോലെ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ 23 ഹെലികോപ്റ്ററുകളും 11 യാത്രാ വിമാനങ്ങളും ദുരിത മേഖലകളിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ നേവിയും എയർ ഫോഴ്സും ആർമിയും ഒരു പോലെ  ശ്രമകാരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

കേരളം അഭിമുഖീകരിക്കുന്ന ഈ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തരാവാദിത്വത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കാതെ വയ്യ. മനുഷ്യ നാശങ്ങൾ ഒഴിവാക്കാൻ സർക്കാർ വളരെ സമർത്ഥമായി കാര്യങ്ങൾ നിർവഹിക്കുന്നുവെന്നും കരുതണം. കേരളത്തിന്റെയും ഫെഡറലിന്റെയും കിട്ടാവുന്ന ഫണ്ട് മുഴുവൻ ഈ ദുരന്ത നിവാരണത്തിനായി ഉപയോഗിക്കുകയാണ്. ഇത്രമാത്രം വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടും മുൻകാല അനുഭവങ്ങൾ തുലനം ചെയ്യുമ്പോൾ മരണം വളരെ കുറവു മാത്രമേ സംഭവിച്ചിട്ടുള്ളൂ. പ്രകൃതി ദുരന്തങ്ങൾ വളരെയധികം ഗുരുതരമായ സ്ഥിതിക്ക്, അതിനായി തന്നെ ഒരു ഡിപ്പാർട്മെന് രൂപീകരിച്ച് ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി പ്രത്യേകം പരിശീലനം നൽകിയവരെ നിയമിക്കേണ്ടതാണ്. അത്തരം രക്ഷാപ്രവർത്തകർ തീരദേശ നിവാസികളിൽ നിന്നാണെങ്കിൽ പ്രശ്നങ്ങൾ വരുമ്പോൾ സമർഥമായി കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്യും.  ദുരന്തനിവാരണത്തിനായി ശ്രമിക്കുന്ന യത്നങ്ങൾ രാഷ്ട്രീയമായുള്ള മുതലെടുപ്പിനായിരിക്കരുത്.  രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും നൽകണം.

വർദ്ധിച്ച പേമാരിമൂലം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇടുക്കി ഡാം തുറന്നു വിട്ടത്. ഡാമുകളിൽ  സംഭരിച്ച വെള്ളം അഞ്ചു ഷട്ടറുകളിൽ നിന്നായി തുറന്നു വിടേണ്ടി വന്നു. കേരളത്തിലുണ്ടായ ഈ വെള്ളപ്പൊക്കത്തിനു കാരണം പ്രകൃതിയാണോ മനുഷ്യൻ സൃഷ്ടിച്ചതോയെന്ന വിവാദങ്ങൾ തുടരുന്നു. വെള്ളപ്പൊക്കവും വരൾച്ചയും വനം കത്തുന്നതും ആഗോള തലത്തിൽ നിത്യം കേൾക്കുന്ന വാർത്തകളാണ്. കേരളത്തിലെ ഈ ദുരിതം ആഗോള താപനിലകൊണ്ടോ കാലാവസ്ഥ വ്യതിയാനം കൊണ്ടോ സംഭവിച്ചതാകുമോ എന്നാണ് ചോദ്യം ഉയർന്നിരിക്കുന്നത്. ആഗോള ഭൂമിയുടെ താപനില കണക്കാക്കുമ്പോൾ കേരളത്തിലെ പ്രശ്നങ്ങൾ എവിടെനിന്ന് തുടങ്ങിയതെന്ന് ഒരു തീരുമാനത്തിൽ വന്നെത്തുവാൻ സാധിക്കില്ല. ഒരു സ്ഥലത്തെ കാലാവസ്ഥ നിർണ്ണയങ്ങൾക്ക് നിരവധി കാരണങ്ങൾ കണക്കാക്കേണ്ടതായി ഉണ്ട്. സമുദ്രത്തിന്റെ താപനില ഒരു കാരണമാകും. അന്തരീക്ഷത്തിന്റെയും  കാറ്റിന്റെ ഗതികളും കാരണങ്ങളാകാം. എന്നാൽ സൂര്യ താപ തരംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണം. സമുദ്രത്തിൽ മഞ്ഞുരുകുന്നതും ആഗോള കാലാവസ്ഥക്ക് മാറ്റങ്ങൾ ഉണ്ടാക്കും. കേരളത്തെ സംബന്ധിച്ച് ഇപ്പറഞ്ഞതെല്ലാം കാരണങ്ങളെന്നും ഗൗനിക്കാൻ സാധിക്കില്ല.

കഴിഞ്ഞ നാലഞ്ചു വർഷമായി കേരളത്തിൽ കാര്യമായ മഴയൊന്നും ലഭിച്ചിട്ടില്ലായിരുന്നു. ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചിരുന്നത്. ഈ വർഷം മഴ അതിനേക്കാൾ പതിന്മടങ്ങ് വളരെയധികം കൂടുതലായിരുന്നു. ഇത്രമാത്രം മഴയുണ്ടാകാൻ കാരണവും മനുഷ്യരുടെ നോട്ടക്കുറവായിരുന്നുവെന്നു കാണാം. നിയമ പരമല്ലാത്ത ഭൂമി കയ്യേറ്റം, വന ഭൂമി നശിപ്പിക്കൽ എന്നിവകൾ കാരണങ്ങളാകാം. മലം പ്രദേശങ്ങൾ കിളച്ചു മണ്ണ് ഇളക്കിയതിനാൽ പ്രകൃതിയുടെ പിന്തുണയും കുറഞ്ഞു. മണ്ണൊലിപ്പുകളും കൂടിയതുകൊണ്ടു കൂടുതൽ നാശ നഷ്ടങ്ങൾക്കും കാരണമായി. മരങ്ങൾ വെട്ടുന്നത് നിയന്ത്രാണാധീതമായി വർദ്ധിച്ചിട്ടും ഉണ്ട്. വനഭൂമിയെ രക്ഷിക്കാൻ കേരളം കാര്യമായ പരിഗണനകൾ നൽകാറുമില്ല. അതേസമയം പരിഷ്കൃത രാജ്യങ്ങളിൽ വനഭൂമിയെ രക്ഷിക്കാനും മരങ്ങൾ നട്ടു വളർത്താനും ബഡ്ജറ്റിൽ നല്ലൊരു തുക നീക്കി വെക്കുന്നുമുണ്ട്. വലിയ മരങ്ങൾ മലകളിലും പർവത നിരകളിലുമുണ്ടെങ്കിൽ വെള്ളം മുഴുവൻ മരങ്ങൾ സ്വീകരിക്കും. അതുകൊണ്ടു വലിയ മലയൊഴുക്ക് മലകളിൽ നിന്നും ഉണ്ടാവുകയില്ല.

കേരളത്തിൽ ഇപ്പോഴത്തെ പ്രകൃതി ദുരന്തത്തിനും പ്രളയത്തിനും കാരണം പ്രകൃതി ക്ഷോപം മാത്രമല്ലെന്നും നിരുത്തരവാദ പരമായ മനുഷ്യന്റെ പ്രവർത്തന ഫലമാണെന്നും പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ ഗാഡ്ഗിൽ അഭിപ്രായപ്പെടുകയുണ്ടായി. പശ്ചിമഘട്ട സുരക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ പ്രകൃതി ക്ഷോപം വളരെ പരിമിതമായേ ഉണ്ടാവുമായിരുന്നുള്ളൂവെന്ന് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു. ദുരന്തം സംഭവിക്കുമായിരുന്നെങ്കിലും അതിന്റെ വ്യാപ്തിയെ കുറക്കാൻ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഭൂമിയും മണ്ണും പശ്ചിമഘട്ടങ്ങളിൽ ദുരുപയോഗം ചെയ്തു. പ്രകൃതി വിഭവങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ശരിയായി ഉപയോഗിക്കണമെന്ന് ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്തിരുന്നു. കമ്മറ്റിയുടെ റിപ്പോർട്ടിനെ കാറ്റിൽ പറത്തിക്കൊണ്ട് പശ്ചിമ ഘട്ടത്തിലെ ഭൂമിയുടെ കയ്യേറ്റം ഇരട്ടിയായി വർദ്ധിച്ചു. ഭൂമി മാഫിയാക്കാരും രാഷ്ട്രീയക്കാരും അവിടെ സാമ്പത്തിക താൽപ്പര്യത്തിനുവേണ്ടി ആധിപത്യം സ്ഥാപിച്ചു. ജലാശയങ്ങളും ഭൂഗർഭ ജലങ്ങൾ സൂക്ഷിച്ചിരുന്ന പ്രദേശങ്ങളും ഇടിച്ചു നിരപ്പാക്കി. വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി മാറി. പാറ പൊട്ടീര് കാരണം മണ്ണിടിച്ചിലും വർദ്ധിച്ചു. പശ്ചിമ ഘട്ടം സ്വന്തമാക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ പ്രവർത്തന ഫലമാണ് ഈ ദുരന്തങ്ങൾക്ക് നിദാനമെന്നു ഗാഡ്ഗിലും പരിസ്ഥിതി വാദികളും വാദിക്കുന്നു.

കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ വനനശീകരണവും  വൃഷങ്ങളുണ്ടായിരുന്ന പ്രദേശങ്ങളിലെ മണ്ണൊലിപ്പുകളും കാരണം ഡാമുകളുടെ ജലസംഭരണശേഷി കുറച്ചിരിക്കുന്നു. പരമ്പരാഗത ജലസംഭരണികളായ ജലാശയങ്ങൾക്കും കൃഷിയിടങ്ങൾക്കും വെള്ളം ശേഖരിക്കാൻ സാധിക്കാതെ വരുന്നു. കുന്നുകളിടിച്ചു നികത്തിയതുവഴി, പെയ്ത മഴയത്രയും തത്സമയം തന്നെ ഒഴുകി നദികളില്‍ ചെന്നുചേരാന്‍ ഇടയാക്കുന്നു. ഡാമുകള്‍ തുറക്കുകകൂടി ചെയ്തതോടെ ഏറെനാളത്തെ കയ്യേറ്റങ്ങളെ തുടര്‍ന്നു വിസ്തൃതി കുറഞ്ഞ നദികള്‍ കരകവിഞ്ഞു ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താനും ഇടയായി.

അമിതമായ പ്രകൃതി വിഭവ ചൂഷണത്തിന് ആക്കം കൂട്ടുന്ന വികലമായ വികസന നയങ്ങളുടെ സൃഷ്ടിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കക്കെടുതികള്‍. കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന വനങ്ങളും മലകളും തണ്ണീര്‍തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുന്ന വികസന നയങ്ങൾ നടപ്പാക്കിയാൽ മലവെള്ള പാച്ചിലിനെ തടയാൻ സാധിക്കും. അതുപോലെ വനവിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ പിന്തുടരുകയുമാണ് യഥാര്‍ത്ഥ ദുരന്തനിവാരണ മാര്‍ഗം. ‘പ്രകൃതിയില്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്. 'എന്നാൽ പ്രകൃതി വിഭവങ്ങൾ ധൂര്‍ത്തടിക്കാനുള്ളതല്ല' എന്ന ഗാന്ധിജിയുടെ ഉദ്ധരണി വികസന നയങ്ങളുടെ  ആവശ്യകതയും ചൂണ്ടി കാണിക്കുന്നു.

കേരളത്തിൽ ഇത്രമാത്രം മഴ ഭീകരത സൃഷ്ടിച്ചത് മനുഷ്യ സൃഷ്ടി തന്നെയെന്നുള്ളതിലും നീതികരണമുണ്ട്. ഇടുക്കിയെ തന്നെ രണ്ടു വിധത്തിൽ വിശകലനം ചെയ്യാൻ സാധിക്കും. ആദ്യത്തേത് നമ്മൾ പ്രകൃതിയെ നശിപ്പിച്ചുവെന്നുള്ളതാണ്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് സ്വാർത്ഥത പ്രകടിപ്പിക്കുന്നു. രണ്ടാമത്തേത് കാലാവസ്ഥ വ്യതിചലനം മൂലവും. കാലാവസ്ഥ വ്യതിചലനമെന്നുള്ളത് ഒരു ആഗോള പ്രശ്നമാണ്. അതിൽ നമുക്ക് ഒന്നുംതന്നെ ചെയ്യാൻ സാധിക്കില്ല. എന്നാൽ അന്തരീക്ഷത്തിലുള്ള വാതകങ്ങളിൽ നിന്നും കാർബൺ ഡയ് ഓക്‌സൈഡ്, മെതേൻ വാതകങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. അങ്ങനെ ഒരു ശ്രമത്തിൽ വിജയിച്ചാൽ കാലാവസ്ഥ വ്യതിയാനത്തിലും മാറ്റങ്ങൾ വരുത്താൻ സാധിക്കും.

നദി തീരം സംരക്ഷിയ്ക്കേണ്ടത് ഇന്ന് അത്യാവശ്യമായിരിക്കുന്നു. ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം മൂലം ദുരിതമുണ്ടാക്കിയത് കുട്ടനാട്ടിലാണ്. കൃഷിഭൂമികളിൽ വൻകിട കെട്ടിടങ്ങൾ പണിയുന്നതുമൂലം   വെള്ളം ഒഴുക്കിനെ ആ പ്രദേശങ്ങൾ തടയുന്നു. വെള്ളത്തിനു നദികളിലേക്ക് ഒഴുകി പോവാൻ സാധിക്കാതെ വരുന്നു.

പ്രളയമെന്നു പറയുന്നത് ചരിത്രാതീത കാലം മുതലുള്ളതാണ്. പഴയ കാലങ്ങളിൽ പ്രളയം ഉണ്ടായാൽ അത് നിയന്ത്രിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രാർത്ഥന മാത്രമായിരുന്നു മനുഷ്യൻ പരിഹാരമായി കണ്ടത്. എന്നാൽ ഇന്ന് ടെക്‌നോളജി വളർച്ചയോടെ പ്രകൃതിയുടെ ദുരന്തങ്ങളെ നേരത്തെ മനസിലാക്കാനും അതനുസരിച്ച് പദ്ധതികൾ തയാറാക്കാനും സാധിക്കുന്നു. അതുകൊണ്ട് വെള്ളപ്പൊക്കത്തിൽ സംഭവിക്കാവുന്ന നഷ്ടം ഒരു അളവുവരെ മുൻകൂട്ടിക്കണ്ട് പരിഹരിക്കാനും സാധിക്കുന്നു. പ്രകൃതി ദുരിതങ്ങൾ സാമ്പത്തിക പുരോഗതി നേടിയ രാജ്യങ്ങളും അഭിമുഖീകരിക്കാറുണ്ട്. കേരളത്തിൽ വെള്ളപ്പൊക്കം കൊണ്ട് ജനലക്ഷങ്ങൾ കഷ്ടപ്പെടുമ്പോലെ ഫ്രാൻസിലും പ്രളയ പ്രശ്നങ്ങളുണ്ട്. അവിടെയും വെള്ളപ്പൊക്ക കെടുതികൾ വരാറുണ്ട്. ഇന്ത്യയിലെ തീരദേശങ്ങളിൽ താമസിക്കുന്നവർ ഫ്രാൻസിനേക്കാളും പതിന്മടങ്ങാണെന്നു കാണാം. ഫ്രാൻസിൽ നദീ തീരത്ത് ആരും വീടുകൾ ഉണ്ടാക്കാറില്ല. ഒരു കെട്ടിടം പണിയുന്നതിന് മുമ്പ് സമുദ്ര തീരത്തുനിന്നും മാറി എത്രമാത്രം ദൂരത്തിലാണെന്നു കണക്കാക്കും. അത്തരം പദ്ധതികളോടെ ജീവിക്കുന്ന കാരണം വെള്ളം ഉയർന്നാലും അവിടെ നഷ്ടങ്ങൾ സംഭവിക്കുന്നത് വളരെ കുറവായിരിക്കും. ചിലപ്പോൾ അവരുടെ പ്രതീക്ഷകൾക്കും അപ്പുറത്ത് വെള്ളം ഉയർന്നാൽ അവരുടെ പട്ടണങ്ങളും വെള്ളപ്പൊക്കത്തിൽ അകപ്പെടാറുണ്ട്. ഫ്രാൻസിൽ ദുരിത നിർമ്മാണത്തിനായി പ്രത്യേകം ഡിപ്പാർട്ടുന്റുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ നേരിടാൻ നല്ല പ്രായോഗിക പരിശീലനം ലഭിച്ചവരുമുണ്ടായിരിക്കും.

പ്രകൃതി ദുരന്തങ്ങളെ തടയൻ മനുഷ്യന് സാധിക്കില്ല. പകരം നമ്മൾ പ്രകൃതി ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നു മനസിലാക്കണം. പ്രകൃതി ക്ഷോപങ്ങൾ സമുദ്രത്തിന്റെ ഗതിയും ഭൂമിയുടെ സമതുലനാവസ്ഥയും ആശ്രയിച്ചിരിക്കും. പ്രകൃതിയുടെ ഊർജം മനുഷ്യന്റെ കഴിവിനേക്കാളും  ശക്തിയേറിയതാണ്. കൊടുങ്കാറ്റും കൊടുമഴയും സമുദ്രവും ഭൂതലവായുവും പ്രകൃതി ദുരന്തത്തിലേക്ക് നയിക്കുന്നു. നമുക്ക് താൽക്കാലികമായുള്ള കാലാവസ്ഥ നിർണ്ണയം മാത്രമേ സാധിക്കുള്ളൂ. കാലാവസ്ഥ നിർണ്ണയത്തിൽ കൊടുങ്കാറ്റും മഴയും ആഞ്ഞടിക്കുന്ന സമയവും പ്രദേശങ്ങളും നിർണയിക്കും. ദുരിതം സംഭവിക്കുന്ന സ്ഥലങ്ങളിൽ അധികാരികളെ അറിയിക്കുകയും അതനുസരിച്ച് ആ പ്രദേശങ്ങളിൽ നിന്ന് അപകടം സംഭവിക്കുന്നതിനു മുമ്പ് ജനങ്ങളെ ഒഴിപ്പിക്കാനും സാധിക്കുന്നു.

രണ്ടു വർഷം മുമ്പ് മനിലയിൽ കൊടുങ്കാറ്റ് വീശി പതിനായിരക്കണക്കിന് ജനം മരിച്ചു. അതേ കാലയളവിൽ തന്നെ ഒറീസ്സയിൽ കൊടുങ്കാറ്റ് വീശിയിരുന്നു. എന്നാൽ ടെക്‌നോളജി മുഖേന വിവരങ്ങൾ നേരത്തെ ലഭിച്ചതുകൊണ്ട് തീര ദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുകയും അതുമൂലം മരണം നൂറിൽത്താഴെയാവുകയും ചെയ്തു. അതുകൊണ്ടു നമുക്ക് കാര്യക്ഷമമായ കാലാവസ്ഥ നിർണ്ണയ  സംവിധാനങ്ങളും ആവശ്യമാണ്. എന്നാൽ ചില സ്ഥലങ്ങളിൽ മുന്നറിയിപ്പു വന്നാലും അതിൽ ഉത്തരവാദിത്വപ്പെട്ടവർ മുന്നറിയുപ്പുകളെ അവഗണിക്കുകയോ കാര്യക്ഷമമായി പ്രശ്ന പരിഹാരങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയാതെയോ പോവാറുണ്ട്. കേരളതീരത്ത് 'ഒക്കി' അടിച്ചപ്പോഴും അതുതന്നെയാണ് സംഭവിച്ചത്. നാല്പത്തിയെട്ടു മണിക്കൂർ മുമ്പ് തന്നെ ഡൽഹി കാലാവസ്ഥ നിർണ്ണയ ഡിപ്പാർട്മെന്റിൽ നിന്ന് പ്രകൃതി ദുരന്തത്തെപ്പറ്റി മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ആ സന്ദേശം സ്വീകരിക്കാൻ കേരളത്തിൽ പ്രത്യേക ഡിപ്പാർട്മെന്റുകളോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. 'ഒക്കി' അവർ നേരം വെളുത്തുണർന്നപ്പോൾ മാത്രമാണ് അതിന്റെ ഭീകരതയെപ്പറ്റി മനസിലാക്കിയത്. ഇരുപത്തിനാലു മണിക്കൂറും ഏഴുദിവസവും പ്രവർത്തിക്കുന്ന അത്യാധുനിക രീതിയിലുള്ള ഒരു കാലാവസ്ഥ നിരീക്ഷണ സംവിധാനം കേരളത്തിൽ ഇല്ലാത്തത് മുന്നറിയിപ്പുകൾ ലഭിക്കുന്നതിൽ പരാജയപ്പെടാൻ കാരണമാകുന്നു. എല്ലാ പട്ടണങ്ങളുടെയും താപ നിലകളെപ്പറ്റിയും ആകാശത്തെപ്പറ്റിയും അതിനുള്ള സെകുരിറ്റി നിർണ്ണയത്തെപ്പറ്റിയും പഠിക്കാനുള്ള സുരക്ഷിതമായ ഒരു സംവിധാനം ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

വനസമ്പത്തും ഭൂമിയും സമ്പന്ന വിഭാഗങ്ങളാണ് ചൂഷണം ചെയ്യാറുള്ളത്. ഈ ഭൂമി ഇന്ന് ജീവിക്കുന്ന മനുഷ്യർക്കും ജീവജാലങ്ങൾക്കും മാത്രമുള്ളതല്ല മറിച്ചു സുരക്ഷിതമായി തന്നെ വരും തലമുറകൾക്കുവേണ്ടിയും കൂടിയുള്ളതാണ്. ഭൂമിയിൽ കുടികിടപ്പുകാരായ നാം വരും തലമുറയുടെ സുരക്ഷിതത്വവും കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് ഇന്ന് ജീവിക്കുന്ന തലമുറകളുടെ കടപ്പാടുകൾക്കൂടിയാണ്. പ്രകൃതി ദുരന്തങ്ങളും പേമാരിയും കൊടുങ്കാറ്റും പ്രകൃതിയെ നശിപ്പിക്കുന്ന ചില വികസന പ്രവർത്തങ്ങൾ മൂലം സംഭവിക്കുന്നതാണ്. മലകൾ ഇടിച്ചു നിരത്തുക, കൃഷിയിടങ്ങൾ നികത്തുക, വനങ്ങൾ നശിപ്പിക്കുക, കോൺക്രീറ്റ് കെട്ടിടങ്ങളും സൗധങ്ങളും വലിയ പള്ളികളും പണിയുക മുതലായവകൾ യുക്തി രഹിതങ്ങളും ദുരന്തങ്ങൾക്ക് കാരണങ്ങളുമാണ്. അതിന്റെ ഫലമായി അന്തരീക്ഷത്തിന്റെ താപനില അമിതമായി ഉയരുന്നു. വരൾച്ചയും അനുഭവപ്പെടുന്നു. പോയ വർഷങ്ങളിലും കർക്കിട മഴ അമിതമായും ഉണ്ടായിരുന്നു. ഓരോ വർഷവും പെയ്യുന്ന ശക്തമായ മഴ ഉൾക്കൊള്ളാൻ ഉള്ള ഭൂപ്രകൃതി കേരളത്തിനുണ്ടായിരുന്നു. എന്നാൽ ഭൂമിയുടെ ചൂഷണം വർദ്ധിച്ചതോടെ പെയ്യുന്ന മഴ താങ്ങാനുള്ള കഴിവ് പ്രകൃതിക്ക് ഇല്ലാതെ പോയി. സ്വാർത്ഥ മനുഷ്യരുടെ മലയിടിക്കലും വനം നശീകരണവും മണ്ണൊലിപ്പുമാണ് ഈ വർഷം കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായത്.

കേരളത്തിലെ കാലവർഷ കെടുതികളുടെയും മലവെള്ള പാച്ചിലിന്റെയും ശമനത്തോടൊപ്പം രാഷ്ട്രീയ കുറ്റാരോപണങ്ങളും അതിരൂക്ഷമായി ആരംഭിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളും ജനങ്ങളുടെ ദുരന്തത്തിൽ നിന്ന് വോട്ടു ബാങ്ക് ലക്ഷ്യമിട്ടുള്ള ആരോപണങ്ങളും ഉന്നയിക്കുന്നു. മതവും രാഷ്ട്രീയവും മാറ്റിവെച്ച് ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട ഈ സമയത്ത് കിംവദന്തികൾ തൊടുത്തു വിടുന്നവർ ക്രിമിനലുകൾക്ക് തുല്യമാണ്. അടിയന്തിരാവസ്ഥക്ക് തുല്യമായ ഈ സാഹചര്യത്തിൽ മാനുഷിക മൂല്യങ്ങൾക്ക് അവർ വില കല്പിക്കാറില്ല. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ നാസ്സാപോലുള്ള ഏജൻസികൾ ഭാരതത്തിലും നടപ്പാക്കേണ്ടതാണ്. കാലാവസ്ഥ നിർണയത്തിന് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ രാജ്യത്ത് പ്രയോഗത്തിൽ വരുത്തേണ്ടതായുണ്ട്. അങ്ങനെയെങ്കിൽ മഹാ ദുരന്തത്തിന്റെ വിവരങ്ങൾ ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കുകയും കൂടുതൽ മനുഷ്യ ജീവിതങ്ങളെ രക്ഷിക്കാൻ സാധിക്കുകയും ചെയ്യാമായിരുന്നു.

Wednesday, August 15, 2018

കരുണാനിധിയും കലയും രാഷ്ട്രീയവും വിമർശനങ്ങളും




ജോസഫ് പടന്നമാക്കൽ 
വാക്കുകളുടെ ശക്തിയും പോരാട്ട വീര്യവും ചാണക്യ തന്ത്രവും ഉൾക്കൊണ്ട ഇന്ത്യയുടെ സമുന്നത   നേതാവായിരുന്നു കരുണാനിധി. ഒരു തിരഞ്ഞെടുപ്പിലും തോറ്റില്ല. അഞ്ചു പ്രാവിശ്യം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ഭരിച്ചു. ബുദ്ധിയും കർമ്മനിരതയും ഒത്തു ചേർന്ന ഒരു രാഷ്ട്ര തന്ത്രജ്ഞനും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രാഷ്ട്രീയ പാർട്ടിയുടെ തുടക്കം മുതലുള്ള നേതാവുമായിരുന്നു. അഴിമതിയും കുടുംബരാഷ്ട്രീയവുമൊക്കെ കരുണാനിധിയുടെ ജീവിതത്തിലും വേട്ടയാടിയെങ്കിലും തമിഴ് മനസുകളിൽ അദ്ദേഹം അവരുടെ ആചാര്യൻ തന്നെയായിരുന്നു. രണ്ടു വർഷം മുമ്പ് ആരോഗ്യപ്രശ്നങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചെങ്കിലും ഡിഎംകെ യുടെ കാതലായ തീരുമാനങ്ങൾക്കെല്ലാം തീർപ്പു കല്പിച്ചിരുന്നത് മരിക്കുംവരെ അദ്ദേഹം തന്നെയായിരുന്നു.

ദക്ഷിണാമൂർത്തി മുത്തുവേലന്റെയും അഞ്ചുഗമിന്റെയും (Dakshinamoorthy Muthuvel and Anjugam) മകനായി കരുണാനിധി തമിഴ് നാട്ടിലുള്ള 'തിരുകൂവലായ്' എന്ന ഗ്രാമത്തിൽ 'നാഗപട്ടിണം' ജില്ലയിൽ ജനിച്ചു. 1924 ജൂൺ മൂന്നാംതിയതിയായിരുന്നു ജനനം. കരുണാനിധിയെ കലൈഞ്ജർ എന്നും അറിയപ്പെട്ടിരുന്നു. 2018 ആഗസ്റ്റ് ഏഴാം തിയതി മരിക്കുമ്പോൾ അദ്ദേഹത്തിന് 94 വയസു പ്രായമുണ്ടായിരുന്നു. ജനിച്ചപ്പോൾ അദ്ദേഹത്തിന് ദക്ഷിണ മൂർത്തിയെന്നായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ പിന്നീട് ദ്രാവിഡകഴക ആശയങ്ങളും യുക്തിചിന്തകളും കാരണം ബ്രാഹ്മണരുടെയോ ദൈവത്തിന്റെയോ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം 'കരുണാനിധി' എന്ന പേര് സ്വീകരിച്ചു.

അദ്ദേഹത്തിൻറെ കുടുംബം വെള്ളാളർ സമുദായത്തിലുള്ളവരായിരുന്നു. പാരമ്പര്യമായി സംഗീതവും ഉപകരണവുമായി കുലത്തൊഴിലിൽ ഏർപ്പെട്ടവരായിരുന്നു. കുഞ്ഞായിരുന്നപ്പോൾ സംഗീതത്തിൽ വലിയ വാസനയുണ്ടായിരുന്നു. സ്‌കൂളിലെ പഠന കാര്യങ്ങളിൽ താല്പര്യമുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥിതികളോടും എതിർത്തിരുന്നു. പ്രാരംഭ സ്‌കൂൾ വിദ്യാഭ്യാസം 'തിരുക്കുവലൈ' എന്ന ഗ്രാമപ്രദേശത്തായിരുന്നു. 1936-ൽ തിരുവാരൂരുള്ള ഹൈസ്‌കൂളിൽ പഠനം തുടങ്ങി. കൗമാര പ്രായത്തിൽ രാഷ്ട്രീയത്തിലെ പേരുകേട്ടവരുടെ ചരിത്രം എഴുതുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പഠനത്തിൽ കാര്യമായി ശ്രദ്ധിക്കാഞ്ഞതു കാരണം പഠിച്ചിരുന്ന ക്ളാസുകളിലെല്ലാം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നു. അവസാന വർഷം പൂർത്തിയാക്കാൻ സാധിക്കാതെ പഠനം ഉപേക്ഷിക്കുകയും ചെയ്തു. സ്‌കൂൾകാലം മുതൽ നാടകം, സാഹിത്യം, കവിത, കഥകൾ എന്നിങ്ങനെ കലകളിൽ അതുല്യമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. തമിഴ് നാട്ടിലുണ്ടായിരുന്ന 'ജസ്റ്റിസ് പാർട്ടിയിലും' സാമൂഹിക പ്രവർത്തനങ്ങളിലും പതിമൂന്നാം വയസുമുതൽ പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികളെയും അവരുടെ സാഹിത്യപരമായ കഴിവുകളെയും പരിപോഷിപ്പിക്കാൻ അദ്ദേഹം യുവജന പ്രസ്ഥാനങ്ങൾ സംഘടിപ്പിച്ചു. കുട്ടിക്കാലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും തുടങ്ങി.

മൂന്നു പ്രാവിശ്യം അദ്ദേഹം വിവാഹം ചെയ്തു. 1944 സെപ്റ്റംബറിൽ പത്മാവതിയെ വിവാഹം കഴിച്ചു. അതിൽ എം.കെ. മുത്തുവെന്ന ഒരു മകനുണ്ടായിരുന്നു. മകൻ തമിഴ് ഫിലിമിലും രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഒരു കുഞ്ഞിന്റെ ജനനത്തോടെ പത്മാവതി 1948 ൽ മരണമടഞ്ഞു. അതേവർഷം തന്നെ കരുണാനിധി സെപ്റ്റംബറിൽ 'ദയാലു അമ്മാളിനെ' വിവാഹം ചെയ്തു. അവരിൽ മൂന്നു പുത്രന്മാരുണ്ടായി. എം.കെ. അളഗിരി, എംകെ സ്റ്റാലിൻ, എം.കെ. തമിളരശു എന്നിവർ. എം.കെ സെൽവി എന്ന മകളുമുണ്ടായിരുന്നു. അളഗിരിയും സ്റ്റാലിനും രാഷ്ട്രീയത്തിൽ പ്രമുഖരായി അറിയപ്പെടുന്നു. അപ്പന്റെ രാഷ്ട്രീയ പിൻഗാമികളാകാൻ രണ്ടുപേരും ശ്രമിക്കുന്നു. 'തമിളരശു' ഒരു ബിസിനസുകാരനും ഫിലിം പ്രൊഡ്യൂസറും ആണ്. അപ്പന്റെ പാർട്ടിയിൽ തിരഞ്ഞെടുപ്പു പ്രചരണങ്ങളും നടത്തുന്നു. സെൽവിയും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാറുണ്ട്. അദ്ദേഹത്തിൻറെ മൂന്നാമത്തെ ഭാര്യ 'രാജതി അമ്മാളിൽ' 'കനിമൊഴി' എന്ന ഒരു മകളുണ്ട്. അപ്പന്റെ കലകളിലും സാഹിത്യത്തിലും അവർക്ക് നല്ല വാസനയുണ്ട്.

കരുണാനിധി പതിനാലാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 'തമിഴ്നാട് മാനവർ മന്ത്രം' എന്ന ഒരു വിദ്യാർത്ഥി സംഘടന രൂപികരിച്ചു. ദ്രാവിഡ നീക്കത്തിന്റെ ആദ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനം ആയിരുന്നു അത്. അദ്ദേഹം 'മുരസോലി' എന്ന പത്രവും വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. പിന്നീട് അത് ഡിഎംകെ പാർട്ടിയുടെ ഔദ്യോഗിക പത്രമാവുകയും ചെയ്തു. 'കല്ലക്കൂടി' എന്ന സ്ഥലത്ത് ഒരു വിപ്ലവത്തിന് നേതൃത്വം കൊടുത്തതുമൂലം തമിഴ് രാഷ്ട്രീയത്തിൽ ഉറയ്ക്കുകയും ചെയ്തു.

ഒരു തിരഞ്ഞെടുപ്പിൽപ്പോലും പരാജയപ്പെട്ടിട്ടില്ലാത്ത നേതാവായിരുന്നു അദ്ദേഹം. 1991-ൽ രാജീവ് ഗാന്ധിയുടെ മരണശേഷം ജനങ്ങളുടെ വികാരങ്ങൾ ഡി.എം.കെ യ്ക്കെതിരായിരുന്ന കാലത്തും അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നതും ചരിത്രമാണ്. തിരഞ്ഞെടുപ്പിൽ രണ്ടു ഡി.എം.കെ സാമാജികർ വിജയിച്ച കൂട്ടത്തിൽ കരുണാനിധിയുമുണ്ടായിരുന്നു. ആർക്കും വെല്ലുവിളക്കാൻ സാധിക്കാത്തവിധം തുടർച്ചയായി അമ്പതു വർഷത്തോളം പാർട്ടിയുടെ നേതാവായിരുന്നതും അദ്ദേഹത്തിൻറെ നേട്ടമായിരുന്നു. ഡി.എം.കെ പാർട്ടിയുടെ സ്ഥാപകൻ അണ്ണാദുരെയും  പ്രധാന പ്രവർത്തകനും ശില്പിയും കരുണാനിധിയുമായിരുന്നു.

1957-ൽ അദ്ദേഹത്തെ നിയമസഭാ സാമാജികനായി തിരഞ്ഞെടുത്തു. 1961-ൽ ഡിഎംകെയുടെ ട്രഷറർ ആവുകയും ചെയ്തു. 1962-ൽ പ്രതിപക്ഷ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തു. 1967-ൽ പൊതുമരാമത്ത് മന്ത്രിയായി അണ്ണാദുരെ മന്ത്രിസഭയിൽ അംഗമായിരുന്നു. 1969-ൽ പാർട്ടിയുടെ സ്ഥാപകനായ സി.എൻ. അണ്ണാദുരൈ മരിച്ച ശേഷം അദ്ദേഹം പാർട്ടിയുടെ നേതാവുമായി. പിന്നീട്, അഞ്ചു തവണകളായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ഉറ്റ സുഹൃത്തായിരുന്ന എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) തന്റെ പാർട്ടി വിട്ടുപോയത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ഡി.എം.കെ യ്ക്കെതിരെ എ.ഐ.ഡി.എം.കെ (AIADMK) എന്ന പുതിയ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നത് കരുണാനിധിയെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പരാജയമായിരുന്നു. 1969-ൽ കരുണാനിധിയുടെ ആരാധ്യ പുരുഷനായ അണ്ണാദുരെയുടെ മരണശേഷം എം.ജി.ആർ കരുണാനിധിക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. അത് അദ്ദേഹത്തെ രാഷ്ട്രീയമായി തളർത്തിയിരുന്നു. രാഷ്ട്രീയക്കളരിയിൽ സ്വാഭാവികമായുണ്ടാകുന്ന വിജയ പരാജയങ്ങൾ എന്നും അദ്ദേഹവും അഭിമുഖീകരിച്ചിരുന്നു. എങ്കിലും വീഴ്ചകളിൽ തളരാതെ രാഷ്ട്രീയ ശത്രുക്കളോടു മല്ലിട്ടുകൊണ്ടു അര നൂറ്റാണ്ടിൽപ്പരം അദ്ദേഹം തമിഴ് രാഷ്ട്രീയത്തോട് പൊരുതിയിരുന്നു. അദ്ദേഹത്തിനെതിരായുള്ള അഴിമതിയാരോപണങ്ങൾ ഒന്നും തന്നെ കോടതിയിൽ തെളിയിക്കാൻ സാധിച്ചിട്ടില്ല.

ഹിന്ദി ഭാഷ തമിഴ് നാട്ടിലെ സ്‌കൂളുകളിൽ നിർബന്ധിത വിഷയമാക്കിയപ്പോൾ കരുണാനിധി അതിനെതിരായുള്ള സമര പരിപാടികൾ സംഘടിപ്പിക്കുകയും സമരങ്ങളിൽ പങ്കു ചേരുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥയെ എതിർത്ത ഏക ഭരിക്കുന്ന പാർട്ടി കരുണാനിധിയുടെ ഡിഎംകെ മാത്രമായിരുന്നു. അതുമൂലം ഇന്ദിരാഗാന്ധി ഡിഎംകെ സർക്കാരിനെ തമിഴ്‌നാട്ടിൽ പിരിച്ചുവിടുകയും ചെയ്തു. ഡിഎംകെയുടെ പ്രമുഖ നേതാക്കന്മാരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. അടിയന്തരാവസ്ഥ അവസാനിക്കുംവരെ ജയിലിൽ അടക്കുകയും ചെയ്തു.

ഈറോഡിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കുടിയരൾ' എന്ന പത്ര മാസികയിൽ ഏതാനും നാളുകൾ കരുണാനിധി പത്രാധിപരായി ജോലി നോക്കിയിരുന്നു. പിന്നീട് ദ്രാവിഡ ആശയങ്ങൾ പ്രചരിപ്പിക്കുന്ന 'മുരസോലി' എന്ന പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു. 1947-ൽ എം.ജി രാമചന്ദ്രൻ നായകനായുള്ള 'രാജകുമാരി' സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതു മുതലാണ് കരുണാനിധി സിനിമാ ലോകത്തേക്ക് കടന്നുവന്നത്. അദ്ദേഹം എഴുതിയ സിനിമാ ശബ്ദരേഖകളിൽ കൂടുതലും അഭിനയിച്ചിരുന്നതു എം.ജി രാമചന്ദ്രനായിരുന്നു. കൂടാതെ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ പ്രവർത്തിക്കാനും രാഷ്ട്രീയത്തിൽ മുന്നേറാനും എം.ജി.ആറിനെ സഹായിച്ചുകൊണ്ടുമിരുന്നു. വാസ്തവത്തിൽ എം.ജി രാമചന്ദ്രനും ശിവാജി ഗണേശനും സിനിമാ ലോകത്ത് വളരാൻ കാരണം കരുണാനിധിയുടെ പേനായുടെ ശക്തിമൂലമായിരുന്നു. നാൽപ്പതു ഫിലിമുകൾക്കായി സ്ക്രിപ്റ്റ് എഴുതിയതിൽ ശിവാജി ഒമ്പതു ഫിലിമുകളിലും എംജിആർ എട്ടു ഫിലിമുകളിലും അഭിനയിച്ചിരുന്നു. 'പരാശക്തി' പോലെ വൈകാരികമായ ഒരു ഫിലിം നാളിതുവരെയും തമിഴ് സിനിമയിൽ ഉണ്ടായിട്ടില്ല. ആ സിനിമയ്ക്ക് ഒരു രാഷ്ട്രീയ മാനദണ്ഡവും ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ ദ്രാവിഡ മുന്നേറ്റത്തിന് ഈ സിനിമാ ഒരു കാരണവുമായിരുന്നു. ജാതി വ്യവസ്ഥകളും യുക്തിവാദവും  സിനിമയിൽ നിറഞ്ഞിരുന്നു.

എം.ജി.ആർ, കരുണാനിധിയുടെ സഹപ്രവർത്തകനായി ഡിഎംകെയിലുണ്ടായിരുന്ന കാലത്ത് എം.ജി.ആറിന് ഉചിതമായ സ്ഥാനമാനങ്ങൾ കൊടുക്കാൻ കരുണാനിധി പ്രത്യേകം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എം.ജിആർ തന്റെ നിലനിൽപ്പിനു വെല്ലുവിളിയായപ്പോൾ അദ്ദേഹം എം.ജി.ആറിൽ നിന്ന് അകന്നു. എം.ജി.ആർ, എഐഡിഎംകെ (AIADMK) പാർട്ടി രൂപീകരിക്കുകയും അങ്ങനെ ഡിഎംകെ യുടെ വോട്ടുബാങ്ക് കുറയുകയും ചെയ്തു. രാഷ്ട്രീയ ചേരികളിൽ അവർ രണ്ടായി പിരിഞ്ഞ ശേഷം പരസ്പ്പരം മല്ലടിച്ചുകൊണ്ടിരുന്നു. 1987-ൽ എം.ജി. രാമചന്ദ്രന്റെ മരണം വരെ തുടർച്ചയായ പരാജയങ്ങൾ ഡിഎംകെ ഏറ്റു വാങ്ങിയിരുന്നു.

എംജിആർ പുതിയ പാർട്ടി ഉണ്ടാക്കിക്കഴിഞ്ഞ് നാലുവർഷത്തോളം കരുണാനിധിക്കെതിരെ അഴിമതികൾ ആരോപിച്ചുകൊണ്ടിരുന്നു. ഇരുപത്തിയാറിൽപ്പരം അഴിമതികളെപ്പറ്റിയും അധികാര ദുർവിനിയോഗത്തെപ്പറ്റിയും അന്വേഷിക്കാനായി സുപ്രീം കോടതി ജഡ്ജിയായിരുന്ന 'രഞ്ചിത് സിങ്' നിയമിതനായി. ആ വർഷം എം.ജി.ആർ അസംബ്ലി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വിജയിയായി. പിന്നീട് 1987-മുതൽ പന്ത്രണ്ടു വർഷത്തോളം എം.ജി.ആർ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. ഗോതമ്പ് കുമ്പക്കോണം കരുണാനിധിയെ ഇക്കാലയളവിൽ നിയമങ്ങളുടെ കുരുക്കിൽപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ ഭീമനായ 'വൈക്കോയെ' പുറത്താക്കിയത് കരുണാനിധിയുടെ മറ്റൊരു രാഷ്ട്രീയ വീഴ്ചയായിരുന്നു. ഡി.എം.കെ യുടെ ശക്തനും അദ്ദേഹത്തിൻറെ ഉറ്റമിത്രവുമായിരുന്ന വൈക്കോ 1990-ൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധകാലത്ത് തമിഴ് ടൈഗറെ പിന്തുണച്ചതായിരുന്നു കാരണം. മുഖ്യമന്ത്രി എന്ന നിലയിൽ അത് കരുണാനിധിക്ക് അപമാനകരമായിരുന്നു. മലേഷ്യയിൽ നിന്ന് വന്നെത്തിയ രോഗബാധിതയായ എൽ.ടി.ടി നേതാവിന്റെ അമ്മയെ രാജ്യത്തുനിന്ന് പുറത്താക്കിയപ്പോഴും സുപ്രധാനമായ ഒരു തീരുമാനം വേദനയോടെ സ്വീകരിക്കേണ്ടി വന്നു. പ്രഭാകരന്റെ മരണവും പ്രഭാകരന്റെ പന്ത്രണ്ടു വയസുള്ള മക്നറെ മരണവും കരുണാനിധിയെ ദുഃഖിതനാക്കിയിരുന്നു

1987-ൽ എം.ജി.ആർ മരിക്കുമ്പോൾ അദ്ദേഹം തിരുന്നൽവേലിയിൽ യാത്രയിലായിരുന്നു. യാത്രക്കിടയിൽ വില്ലുപുരം സ്റ്റേഷനിൽ ഇറങ്ങി. തന്റെ രാഷ്ട്രീയത്തിലെ പ്രതിയോഗിയായിരുന്ന എം. ജി. രാമചന്ദ്രന്റെ ഭവനത്തിൽപ്പോയി അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്. എം.ജി.ആർന്റെ പിൻഗാമി ജയലളിതയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും ജയലളിതയോട് വൈരാഗ്യ ഭാവത്തോടെ പ്രവർത്തിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടോളം അവർ തമ്മിൽ രാഷ്ട്രീയ നീരസത പുലർത്തിയിരുന്നു. ജയലളിത കുഞ്ഞായി സിനിമയിൽ അഭിനയിക്കുന്ന കാലം മുതൽ കരുണാനിധി അവരെ ഇഷ്ട്ടപ്പെട്ടിരുന്നു. 1996-ൽ ജയലളിതയെ ധനപരമായ അഴിമതികളുടെ മേൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഒന്നര മണിക്കൂറോളം അറസ്റ്റ് നീട്ടുന്നതിന് അദ്ദേഹം സഹായിച്ചു. കാരണം, വീട്ടിൽ നിന്ന് വേണ്ടത്ര ഒരുക്കത്തോടെ അറസ്റ്റിന് തയ്യാറാകാൻ ജയലളിതയ്ക്ക് സമയം വേണമായിരുന്നു. അഞ്ചു വർഷത്തിനുശേഷം ജയലളിത മുഖ്യമന്ത്രിയായപ്പോൾ കരുണാനിധിയെ യാതൊരു ദയയും കാണിക്കാതെ ബലമായി വീട്ടിൽ നിന്ന് ഇറക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു.

തമിഴ് ഫിലിം വ്യവസായത്തിൽ സിനിമകളുടെ തിരക്കഥാ എഴുത്തുകളുമായിട്ടാണ് അദ്ദേഹം തന്റെ തൊഴിൽ തുടങ്ങിയത്. സാമൂഹികവും ചരിത്രപരമായും ഉള്ള കഥകളാണ് കൂടുതലും എഴുതിയിരുന്നത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും യുക്തിവാദ ചിന്തകളും എഴുത്തിൽക്കൂടി പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 'പരാശക്തി' സിനിമായിൽക്കൂടി അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കാൻ സാധിച്ചു. 'ബ്രാഹ്മണിസം' ശക്തിയായി വിമർശിച്ചതുകൊണ്ടു ഓർത്തോഡോക്സ് ഹിന്ദുക്കളിൽ നിന്നും ശക്തമായ എതിർപ്പുകളും നേരിടേണ്ടി വന്നു. 'പണം, തങ്ക രത്നം' എന്ന സിനിമകളും അതേ സന്ദേശം തന്നെ നൽകിയിരുന്നു. സാമൂഹികമായി ശക്തമായ സന്ദേശം ഉണ്ടായിരുന്നതിനാൽ ഈ രണ്ടു ഫിലിമുകളും സർക്കാർ നിരോധിക്കുകയും ചെയ്തു.

തമിഴ് സാഹിത്യത്തിനും കരുണാനിധി വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. നാടകം, കവിതകൾ, സിനിമയ്ക്കുള്ള എഴുത്തുകൾ, നോവലുകൾ, ചരിത്ര നോവലുകൾ, ആത്മകഥ, സിനിമാ പാട്ടുകൾ അങ്ങനെ അദ്ദേഹത്തിൻറെ നീണ്ട സാഹിത്യ കൃതികളുടെ സംഭാവനകളുണ്ട്. സംഗം തമിഴ്, റോമാപുരി പാണ്ട്യൻ, നിഞ്ഞുക്കു നീതി, തിരുക്കുറൾ ഉരൈ, പൊന്നറ ശങ്കർ, തേൻപാണ്ടി സിംഗം, ഇനിയവൾ ഇരുപത്, എന്നിങ്ങനെ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. രാജകുമാരി, ദേവകി തിരുമ്പി പാർ, നാം മനോഹര, മലൈക്കള്ളൻ, കാഞ്ചി തലൈവൻ, മുതലായ സിനിമകൾക്ക് തിരക്കഥകൾ  എഴുതിക്കൊണ്ടിരുന്നു.

കരുണാനിധി ഏകദേശം നാൽപ്പതു സിനിമകൾക്ക് കഥകളെഴുതിയിട്ടുണ്ട്. വിധവകളുടെ പുനർവിവാഹം, വൈവാഹ ജീവിതത്തിന്റെ പവിത്രത, തൊട്ടുകൂടായ്‌മയും വർണ്ണ വ്യവസ്ഥയും അവസാനിപ്പിക്കുക മുതലായ വിഷയങ്ങളെല്ലാം അദ്ദേഹത്തിൻറെ എഴുത്തുകളിലുണ്ടായിരുന്നു. 'പരാശക്തി' എന്ന ആദ്യകാല സിനിമ (1952) വൈകാരികത നിറഞ്ഞ  സംഭാഷണ ശൈലിയിലുള്ളതായിരുന്നു. അതിൽ ശിവാജി ഗണേശന്റെ അതുല്യമായ അഭിനയ കാഴ്ച തമിഴ് സിനിമ ലോകത്തിന്റെ മുതൽക്കൂട്ടാണ്. അതുപോലെ യുക്തിവാദ ചിന്തകൾ സിനിമയിൽ സംസാരിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ ലഭിച്ചിരുന്നത് ശിവാജി ഗണേശനായിരുന്നു. എന്നാൽ അതെഴുതുകയും അതിനു ശബ്ദരേഖ കൊടുക്കുകയും ചെയ്ത കരുണാനിധിയും സിനിമയുടെ വിജയത്തിൽ തുല്യമായ പങ്കു വഹിച്ചിട്ടുണ്ട്.

കരുണാനിധിയുടെ എല്ലാ സിനിമയ്ക്കുള്ള എഴുത്തുകളിലും ശക്തമായ ഒരു രാഷ്ട്രീയ അജണ്ടായുണ്ടായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആശയങ്ങൾ നിറഞ്ഞിരുന്നു. 'ചിലപ്പതികാരം' പോലുള്ള ഇതിഹാസ കഥകളിലും നായകൻറെ വക്താവായിട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നീതിയും ധർമ്മവും ഒരോ ഡയലോഗിലും തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. എഴുത്തിന്റെ ലോകം അദ്ദേഹം ജീവിതാവസാനം വരെ ഇഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്തുപോലും എഴുത്തിനെ സ്നേഹിച്ചിരുന്നു. ഔദ്യോഗിക ജോലികൾക്കിടയിലും സമയം കിട്ടുമ്പോഴെല്ലാം സിനിമകൾക്ക് തിരക്കഥകൾ എഴുതിക്കൊണ്ടിരുന്നു.

കരുണാനിധി ഇരുന്നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാക്സിം ഗോർക്കിയുടെ 'മദർ' എന്ന പുസ്തകത്തിന്റെ പരിഭാഷ ചെയ്തത് കരുണാനിധിയായിരുന്നു. കൂടാതെ സിനിമയ്ക്കായി എഴുപത്തഞ്ചോളം തിരക്കഥകളും എഴുതിയിട്ടുണ്ട്. സാഹിത്യ സംഭാവനകളെ മാനിച്ച് അണ്ണാമല സർവ്വകലാശാല 1971-ൽ ഹോണററി ഡോക്ട്രേറ്റ് നൽകി ആദരിച്ചു. 'തേൻപാണ്ടി സിംഗം' എന്ന പുസ്തകത്തിന് തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയുടെ 'രാജാ രാജൻ അവാർഡ്' ലഭിച്ചിരുന്നു. മധുരൈ കാമരാജ യൂണിവേഴ്‌സിറ്റിയും ഹോണററി ഡോക്ട്രേറ്റ് നൽകിയിരുന്നു. 1975 മുതൽ ''നെഞ്ചിക്കു നീതി'യെന്ന പേരിൽ ആറു വാല്യങ്ങളായി അദ്ദേഹത്തിൻറെ ആത്മകഥയും പ്രസിദ്ധീകരിച്ചിരുന്നു.

2016 ഒക്ടോബർ മുതൽ കരുണാനിധിയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. രാഷ്ട്രീയ പ്രവത്തനങ്ങളും ചുരുക്കിയിരുന്നു. പൊതു സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2018 ജൂൺ മൂന്നാം തിയതി ജന്മദിനത്തിലാണ് അവസാനമായി സഹപ്രവർത്തകരെ കണ്ടത്. ജൂലൈ ഇരുപത്തിയെട്ടാം തിയതി  ആരോഗ്യം വളരെ മോശമാവുകയും ചെന്നൈയിലുള്ള കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും 2018 ആഗസ്റ്റ് മാസം മരണമടയുകയും ചെയ്തു. 2018 ആഗസ്റ്റ് എട്ടാം തിയതി കരുണാനിധിയോടുള്ള ബഹുമാന സൂചകമായി തമിഴ്നാട്, അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തിലും അന്ന് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ദേശീയ പതാക താഴ്ത്തിക്കെട്ടിയിരുന്നു.

അണ്ണാദുരെയുടെ ശ്മശാന മണ്ഡപത്തിനു സമീപം അദ്ദേഹത്തെ അടക്കണമെന്നായിരുന്നു ആഗ്രഹം.  എന്നാൽ എഐഡിഎംകെ (AIADMK) രാഷ്ട്രീയം ആ തീരുമാനത്തിനെതിരെ എതിർത്തതും പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ കരുണാനിധിയുടെ ഭൗതിക ശരീരം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം അണ്ണാദുരൈ സ്മാരകത്തിന് സമീപം മറവു ചെയ്യാൻ ഹൈക്കോടതിയുടെ തീരുമാനം വേണ്ടി വന്നു. അതുമൂലം അദ്ദേഹത്തിൻറെ മകൻ എംകെ സ്റ്റലിന് ജനങ്ങളുടെ വൈകാരികമായ പിന്തുണയും ലഭിക്കാൻ കാരണമായി. "അച്ഛന് മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന് ഇടം നല്‍കിയില്ലായിരുന്നെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നുവെന്നും" സ്റ്റലിൻ, കരുണാനിധി അനുസ്മരണത്തില്‍ പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ പാർട്ടി ശക്തമായി രാഷ്ട്രീയത്തിൽ ശോഭിച്ചിരുന്നെങ്കിലും കൂടെ നിന്ന ചില പാർട്ടികളുടെ പേരുദോഷം മൂലം അധികാരം ലഭിക്കാൻ സാധിച്ചില്ല. ഡിഎംകെ ജയിക്കാൻ സാധ്യതയുള്ള ചില സീറ്റുകൾ മറ്റു പാർട്ടികൾക്ക് വീതിക്കേണ്ടിയും വന്നു. കൂടുതൽ സീറ്റുകളിൽ മത്സരിച്ചിരുന്നുവെങ്കിൽ അത്തവണ അധികാരം പിടിക്കാൻ പ്രയാസമില്ലായിരുന്നു. ജയലളിത എല്ലാ വിധ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തു.

നിശ്ചലനായി കിടക്കുന്ന തന്റെ ലീഡറും അപ്പനുമായിരുന്ന കരുണാനിധിയുടെ ഭൗതിക ശരീരത്തെ നോക്കി വിലപിച്ചുകൊണ്ടു കവിയായ മകൻ 'സ്റ്റലിൻ' തമിഴിൽ ഒരു കവിത രചിക്കുകയും പാടുകയും ചെയ്തിരുന്നു. കവി പാടിയ ആത്മാവിൽ നിറഞ്ഞ ഗീതങ്ങളുടെ ചുരുക്കമിങ്ങനെ, "അപ്പാ! ഒരിക്കൽ മാത്രം, ഈ നിമിഷം മാത്രം ഞാൻ അങ്ങയെ 'അപ്പാ' എന്ന് വിളിക്കട്ടെ. എന്റെ പ്രിയപ്പെട്ട 'ലീഡർ', ഞാൻ എന്നും അങ്ങയെ അങ്ങനെ വിളിച്ചിരുന്നു! അങ്ങ് എവിടെ പോയിരുന്നെങ്കിലും എവിടെയാണ്,  പോവുന്നതെന്നു ഞങ്ങളെ അറിയിക്കുമായിരുന്നു. എന്നാൽ, യാതൊന്നും പറയാതെ ഞങ്ങളിൽനിന്നും ഇന്ന് യാത്രയായിരിക്കുന്നു. എന്റെ മനസും ശരീരവും ഹൃദയ വികാരങ്ങളും എന്നും അങ്ങേയ്ക്കൊപ്പം പ്രവർത്തിച്ചിരുന്നു. ഇന്ന് ഞങ്ങളെയെല്ലാം നിത്യം അനാഥരാക്കി അവിടുന്ന് എവിടേക്കാണ് യാത്രയായതെന്നും അറിയില്ല. മുപ്പത്തിമൂന്നു വർഷങ്ങൾക്കു മുമ്പ് അങ്ങ് കുറിച്ച വാക്കുകൾ ഞാൻ ഓർമ്മിക്കുന്നു. 'വിശ്രമമില്ലാതെ യാതൊരുവൻ കഠിനാധ്വാനം ചെയ്യുന്നുവോ അവൻ ഇവിടെ വിശ്രമിക്കട്ടെ.' അങ്ങയുടെ ഓർമ്മയ്ക്ക്‌ മുമ്പിൽ അങ്ങ് പറഞ്ഞ താത്വികമായ ഈ വാക്കുകൾ  എന്നും അങ്ങേക്കായി ഇവിടെ മുദ്രണം ചെയ്യുന്നു.

തമിഴ് സമൂഹത്തിനുവേണ്ടി, അവരുടെ നന്മക്കുവേണ്ടി വിശ്രമമില്ലാതെ ജോലിചെയ്ത അങ്ങ് പോയത് പൂർണ്ണമായും ആത്മാവിനുള്ളിൽ സംതൃപ്തിയോടെയോ! തൊണ്ണൂറ്റിയഞ്ചാം വയസിൽ എൺപതു വർഷത്തെ പൊതു ജീവിതത്തിനു ശേഷം അങ്ങ് യാത്രപറഞ്ഞത്, അങ്ങയുടെ കർമ്മമാർഗങ്ങളിൽക്കൂടി മറ്റുള്ളവരും അങ്ങയെ പിന്തുടരാനോ? കഴിഞ്ഞ ജൂൺ മൂന്നാംതിയ്യതി തൊണ്ണൂറ്റിയഞ്ചാം ജന്മദിനത്തിൽ തിരുവാരൂരിന്റെ മണ്ണിൽവെച്ച് 'അങ്ങയുടെ പകുതി ഊർജവും ശക്തിയും എനിക്ക് തരൂവെന്ന്' ഞാൻ  ചോദിച്ചു. ലീഡറെ! ഇന്നും ഞാൻ അതുതന്നെ ആവർത്തിക്കുന്നു, 'ആ ശക്തിയും അങ്ങ് ആവഹിച്ചിരിക്കുന്ന അണ്ണായുടെ ഹൃദയ ശുദ്ധിയും എനിക്കും തരുമോ!'

അങ്ങയുടെ സാക്ഷാൽക്കരിക്കാത്ത സ്വപ്നങ്ങൾ ഞങ്ങൾ യാഥാർഥ്യമാക്കും. തുടക്കമിട്ട ലക്ഷ്യങ്ങളും പൂർത്തികരിക്കും. ഞങ്ങളുടെ പ്രിയങ്കരനായ നേതാവേ, അങ്ങ് കാണിച്ച വഴികളിൽക്കൂടി ഇനി വരാനിരിക്കുന്ന അടുത്ത നൂറു വർഷങ്ങളും നമ്മുടെ ഭാഷയുടെയും സംസ്ക്കാരത്തിന്റെയും കെട്ടുറപ്പിനായി, അർപ്പിത മനോഭാവത്തോടെ ഞങ്ങൾ പ്രവർത്തിക്കും. ഇത് സത്യം! അങ്ങയെ 'അപ്പാ അപ്പാ' എന്നു വിളിക്കുന്നതിന്‌ പകരം 'ലീഡർ, ലീഡർ' എന്നാണ് എന്നും ഞാൻ വിളിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പ്രാവിശ്യം മാത്രം 'അപ്പാ എന്റെ ലീഡർ' എന്നു ഞാൻ വിളിക്കട്ടെ."

കരുണാനിധിയെപ്പോലെ സ്റ്റലിനും ജനപിന്തുണയുള്ള നേതാവാകാൻ സാധിക്കുമോ? കരുണാനിധിയുടെ കഥയിൽ വെറും ദരിദ്രാവസ്ഥയിൽ നിന്നും ധനികനായ ചരിത്രമാണുള്ളത്. സിനിമാ ലോകവും തമിഴ്‌നാടിന്റെ രാഷ്ട്രീയവും അദ്ദേഹത്തിൻറെ ഉയർച്ചകൾക്ക് ചവിട്ടുപടികളായി മാറി. സ്റ്റലിന് കരുണാനിധിയെപ്പോലെ വ്യക്തിപ്രഭാവമുള്ള രാഷ്ട്രീയ നേതാവാകാൻ സാധിക്കില്ല. തമിഴ് നാട്ടിലെ ഭൂരിഭാഗം ജനത വിശ്വസിക്കുന്നത് ഡിഎംകെ മൊത്തമായി അഴിമതികൾ നിറഞ്ഞിരിക്കുന്നുവെന്നാണ്. അത്തരം കാഴ്ചപ്പാടുകൾ നീക്കം ചെയ്‌താൽ മാത്രമേ സ്റ്റലിന് ഒരു രാഷ്ട്രീയ ഭാവിയുള്ളൂ. കഴിഞ്ഞ നാൽപ്പതു വർഷം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുവെന്നുള്ള നേട്ടം സ്റ്റലിനുണ്ട്. അദ്ദേഹം ചെന്നൈ നഗരത്തിന്റെ മേയറായിരുന്നു. വിവിധ ഭരണ സംവിധാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.












With Annadurai 


Tuesday, August 7, 2018

ഓണവും ആഘോഷങ്ങളും പൗരാണിക സങ്കൽപ്പങ്ങളും




ജോസഫ് പടന്നമാക്കൽ 

ഓണം, കേരള ജനതയുടെ പാരമ്പര്യമായ മഹോത്സവവും വിശുദ്ധമായി കൊണ്ടാടുന്ന ഒരു സാമൂഹിക ആചാരവുമാണ്. മലയാളികളുടെ മനം കവരുന്ന ഏറ്റവും വലിയ ആഘോഷമാണിത്. ജാതി മത ഭേദ മേന്യേ മനുഷ്യരെല്ലാം ഒന്നാണെന്നുള്ള സങ്കൽപ്പമാണ് ഓണത്തിന്റെ സന്ദേശത്തിലുള്ളത്. ലോകത്തുള്ള നാനാവിധ സംസ്ക്കാരങ്ങളിൽ ജീവിക്കുന്ന എല്ലാ മലയാളികളും മഹാബലിയെ ഹൃദയപൂർവം കൈനീട്ടി സ്വീകരിക്കുന്നു. ചരിത്രവഴികളിൽക്കൂടി തന്നെ മഹാബലിയുടെ ചൈതന്യം കേരള ജനതയുടെമേൽ നിത്യവും പ്രകാശിക്കുകയും ചെയ്യുന്നു. മഹാബലിയുടെ കാലത്ത് മനുഷ്യരെല്ലാം ഐശ്വര്യത്തിലും സത്യത്തിലും ശാന്തിയിലും ജീവിച്ചുവെന്ന സങ്കൽപ്പമാണുള്ളത്.

മലയാളം കലണ്ടറിൽ കൊല്ലവർഷം ആദ്യത്തെ മാസമായ ചിങ്ങമാസത്തിലാണ് ഓണാഘോഷ പരിപാടികൾ ആഘോഷിക്കാറുള്ളത്. പത്തു ദിവസം ആഘോഷമാണ് ഓണത്തിനുള്ളത്. അത്തം മുതൽ തുടങ്ങുന്ന പരിപാടി പത്താം ദിവസം തിരുവോണത്തിൽ അവസാനിക്കുന്നു. ഓണം ആഘോഷിക്കുന്നതിൽക്കൂടി ഒരു അസുരനായ രാജാവിനെ ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഐതിഹ്യ കഥയനുസരിച്ച് തിരുവോണമെന്നാൽ മഹാബലിയുടെ ആത്മാവ് കേരളം ഒന്നാകെ തന്റെ പ്രിയപ്പെട്ട പ്രജകളെ സന്ദർശിക്കാൻ വന്നെത്തുന്നുവെന്നുള്ളതാണ്. ഓരോ തരം നിറമാർന്ന ആഘോഷങ്ങൾ വഴി അദ്ദേഹത്തെ കേരളമൊന്നാകെ സ്വീകരിക്കുന്നു.

പഴങ്കാലങ്ങളിലുണ്ടായിരുന്ന ഓണവും ആധുനിക കാലങ്ങളിലെ ഓണവും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ട്. ഒരു പക്ഷെ കുട്ടിക്കാലത്ത് നാം പഠിക്കുന്ന വേളയിൽ പ്രതീക്ഷകളോടെ കാണുന്ന ദിനങ്ങൾ പത്തു ദിവസമുള്ള ഓണ അവധിയായിരിക്കും. അതിനുമുമ്പ് ഓണപ്പരീക്ഷയെന്ന ഒരു കടമ്പയും കടന്നാലേ ആ വർഷമുള്ള ക്ലാസ് കയറ്റത്തിന് അർഹമാകുമായിരുന്നുള്ളൂ. പരീക്ഷയിൽ പലതും കാണാപാഠം പഠിക്കാനുള്ള ശ്രമത്തിനു ശേഷമുള്ള ഓണ അവധി കുട്ടികളുടെ മനസിന് ഉന്മേഷം നൽകുമായിരുന്നു.

അക്കാലത്തെ ഗ്രാമത്തിലെ ചെറു റോഡുകൾ മുഴുവൻ പൊടിപടലങ്ങൾ നിറഞ്ഞതായിരുന്നു.  കാളവണ്ടികൾ ധാരാളം പൊതുനിരത്തിൽക്കൂടി ഓടിയിരുന്നു. അതിരാവിലെ എഴുന്നേറ്റു കുട്ടികൾ   കുട്ടയിൽ ചാണകം പെറുക്കുന്ന കാഴ്ചകളും പതിവായിരുന്നു. കാറുകൾ വളരെ വിരളം. ചരക്കു ലോറികളും റോഡുകളിൽ കാണാമായിരുന്നു. ബസുകൾ ദിവസത്തിൽ മൂന്നോ നാലോ പ്രാവിശ്യം ഓടിയെങ്കിലായി. കാൽ നടക്കാരായിരുന്നു അധികവും. കുട്ടി നിക്കറും ഇട്ടുകൊണ്ട് സൈക്കിൾ ടയറും ഉരുട്ടി അന്നത്തെ ഗ്രാമത്തിലെ റോഡുകളിൽക്കൂടി ഓടിക്കുന്നതും മനസിൽക്കൂടി പാഞ്ഞെത്തുന്നുണ്ട്. വഴികളിൽ ഒരു ജീപ്പ് കണ്ടാൽ അതിന്റെ പുറകേയോടുന്ന കുട്ടിക്കാലവും ഓർമ്മയിലുണ്ട്. ജീപ്പുകളിലും ഉന്തുവണ്ടികളിലും ലൗഡ് സ്പീക്കറുടെ സഹായത്തോടെ സിനിമാ പരസ്യമായി നോട്ടീസുകൾ വിതരണം ചെയ്യുമ്പോൾ അത് ലഭിക്കാനുള്ള ഓട്ടവും ഗ്രാമീണ ബാലന്മാരുടെ ഹരമായിരുന്നു. പരസ്യ വിപണികൾ പ്രാബല്യമല്ലാതിരുന്ന അക്കാലത്ത് ചെണ്ട കൊട്ടിക്കൊണ്ടു ഓണ സിനിമാ നോട്ടീസുമായി വഴികളിൽ എത്തുന്നവരുടെ കൈകളിൽ നിന്നും നോട്ടീസ് ലഭിക്കുകയെന്നതും വലിയ സന്തോഷത്തിനു ഇടം നൽകിയിരുന്നു.

ഓലപ്പുരകളായിരുന്നു ഭൂരി ഭാഗം പേരുടെയും വീടുകൾ. ഓടിട്ട വീടുകൾ ചുരുക്കം. ഇന്ന് റോഡുകൾ ടാർ ചെയ്തു വീതി കൂട്ടി. കോൺക്രീറ്റ് കെട്ടിടങ്ങൾ നാട് മുഴുവൻ നിറഞ്ഞു കഴിഞ്ഞു. പണ്ടുണ്ടായിരുന്ന നമ്പൂതിരി, ബ്രാഹ്മണ ഇല്ലങ്ങൾ മുഴുവൻ മൺകൂനകൾ പോലെ ഇടിഞ്ഞു പൊളിഞ്ഞു. അനന്തരാവകാശികൾ പഴയ ഇല്ലങ്ങൾക്കൊന്നും ഇല്ലാതായി. പലരുടെയും 'ആൽ മരങ്ങൾ' നട്ടുവളർത്തിയിരുന്ന തറകൾ കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിലായി. നെൽപ്പാടങ്ങൾ കൃഷികൾ ഇറക്കാതെ വരണ്ട ഭൂമികളായി തീർന്നു. ശുദ്ധജലം നിറഞ്ഞു നിന്നിരുന്ന തെളിമയാർന്ന അമ്പലക്കുളങ്ങളുടെ പവിത്രതയും ഇല്ലാതായി. അക്കാലത്തുണ്ടായിരുന്നവരിൽ ഭൂരിഭാഗവും യാഥാസ്ഥിതികരായിരുന്നു. അവർ പരസ്പ്പരം സ്നേഹിച്ചിരുന്നു. മൂക്കുത്തി പൂവും ചെമ്പരത്തി പൂവും പറിക്കാൻ പെൺകുട്ടികൾ ഓടി നടക്കുമായിരുന്നു. എവിടെ നോക്കിയാലും മലരണിക്കാടുകൾ തിങ്ങി നിറഞ്ഞിരുന്നു. നെറ്റിയിൽ ചന്ദനവും ചാർത്തി കൈകളിൽ പ്രസാദവുമായി ഓണപ്പുടവയും ഉടുത്തുകൊണ്ടു നീണ്ട, പിന്നിയ, കാർകൂന്തലുമായി അമ്പലത്തിൽ നിന്നും ഇറങ്ങിവരുന്ന തരുണിമാർ കേരളനാടിനൊന്നാകെ അലങ്കാര ഭൂഷണമായിരുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെയും അസുര രാജാവായ മഹാബലിയുടെയും ഐതിഹ്യ കഥയെ അടിസ്ഥാനമാക്കിയാണ് കേരള ജനത ഓണം ആഘോഷിച്ചു വരുന്നത്. എന്നാൽ ഭാഗവതത്തിലെ വാമനനും മഹാബലിയുമായി ഓണാഘോഷങ്ങൾക്ക് ബന്ധം കാണുന്നില്ല. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെ ഒരു വില്ലന്റെ രൂപത്തിലാണ് മലയാളികൾ സങ്കൽപ്പിച്ചിരിക്കുന്നത്. ഓണാഘോഷങ്ങൾ പുരാണത്തിലെ താത്ത്വിക ചിന്തകളുമായി വളരെയധികം അകന്നു നിൽക്കുന്നു.

ഓണം മഹാബലിയെന്ന ഒരു പരിത്യാഗചക്രവർത്തിയുടെ ഓർമ്മയ്ക്കായുള്ളതാണ്. ഇതിഹാസപുരുഷനായ മഹാബലിയെ കേരള ജനത അത്യധികം ആദരവോടെ ബഹുമാനിക്കുന്നു. മഹാബലിയെ സമർപ്പണത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. മലയാളികളെല്ലാം ഒന്നാണെന്നുള്ള ഒരു സാമൂഹിക ബോധം ഓണം ആഘോഷിക്കുന്നതിൽക്കൂടി ലഭിക്കുന്നു. ജനമനസുകളിൽ ചൈത്യന്യം മുറ്റിനിൽക്കുന്ന ആദ്ധ്യാത്മിക ചിന്തകളും പുഷ്ടിപ്പെടുത്തുന്നു. എന്നാൽ വിദേശ പണ്ഡിതരുടെ കൃതികളിൽ ഓണത്തിന് അദ്ധ്യാത്മികമായ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. അവർ ഓണത്തെ കൊയ്ത്തുകാല ഉത്സവമായി മാത്രമേ കരുതിയിരുന്നുള്ളൂ.

ഒരു ശരിയായ ഭക്തൻ ദൈവത്തെ ഭയപ്പെടില്ല. കാരണം, ഭാരത സംസ്ക്കാരവും വൈദിക തത്ത്വങ്ങളും അദ്വൈതവും പഠിപ്പിക്കുന്നത് 'ഞാനും ദൈവവും ഒന്നാണെ'ന്നാണ്. 'അതായത് 'തത് ത്വം അസി'. (അത്) ബ്രഹ്മം നീ തന്നെ. വാഗ്ദാനങ്ങൾ മഹാബലിക്ക് പാലിക്കാൻ സാധിച്ചില്ല. മൂന്നടി സ്ഥലവും നൽകാൻ സാധിച്ചില്ല. മഹാവിഷ്ണു മഹാബലിയെ അനുഗ്രഹിച്ചു. മഹാബലിയുടെ മനസ് സ്വർഗത്തോളം ഉയർത്തി. ഭാഗവതത്തിൽ മഹാബലിയെപ്പറ്റി വിവരിച്ചിരിക്കുന്ന കഥയിൽ മഹത്തായ ഒരു തത്ത്വത്തെ അവിടെ വിലയിരുത്തുന്നു.

മഹാബലിയിൽ സ്വാർത്ഥത പരിത്യജിച്ചിരിക്കുന്നു. ധനവും സന്തോഷവും ഒരു പോലെ ചുറ്റുമുള്ളവർക്കായി വീതിക്കുന്നു. ഒരുവന്റെ ഹൃദയ വിശാലമായ മനസാണ് ലോകത്തിലേക്കും വെച്ച് വലിയ ധനമെന്നു മഹായാഗം നടത്തിയ മഹാബലിയിൽക്കൂടി നാം പഠിക്കുന്നു. മനസ്സ് നഷ്ടപ്പെടുന്നുവെങ്കിൽ നമുക്കെല്ലാം നഷ്ടപ്പെടുന്നു. മനസിനെ പുഷ്ടിപ്പെടുത്തുന്നുവെങ്കിൽ നാം എല്ലാം നേടുന്നു. ദൃഢമായ മനസോടെയുള്ള മഹാബലി ഒരിക്കലും തന്റെ മനസിന്റെ താളനില തെറ്റാൻ അനുവദിച്ചിരുന്നില്ല. ഔചിത്യമേറിയ ഈ പഠനം കാലത്തിനനുസരിച്ചും പ്രസക്തമാണ്. കാരണം ഭൂരിഭാഗം പേരും നമ്മുടെ മനസിന്റെ ശക്തിയെ ഗ്രഹിക്കുന്നില്ല. മനസെന്ന മായാ ചിന്തകളെ ഭയപ്പെടുന്നു. ദൈവം നമ്മോടൊപ്പം ഉണ്ടെന്ന് മതങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ബുദ്ധിയും വിവേകവും അറിവും സ്വരൂപിച്ച് മനസിനെ ദൃഢമാക്കുക, ശക്തമാക്കുക എന്ന സന്ദേശമാണ് മഹാബലിയുടെ ത്യാഗത്തിൽക്കൂടി മനസിലാക്കേണ്ടത്. അതിനെ ദൈവിക വരദാനമെന്നു പറയാൻ സാധിക്കുന്നു.

പ്രത്യേകമായ ഒരു കാഴ്ചപ്പാടോടെ ജീവിതത്തെ ദർശിക്കാനും മഹാബലി പഠിപ്പിക്കുന്നു. 'മഹാബലി സ്വയം ദൈവത്തിന് അർപ്പിതമായപ്പോൾ ദൈവവുമായി ഐക്യം പ്രാപിച്ചു 'ഏകതാ'  കൈവരിക്കുകയായിരുന്നു. അവിടെ മനസും ദൈവവും ഒന്നാകുന്നു. പിന്നീട് പിന്തിരിയാൻ പാടില്ല. കഴിഞ്ഞതിനെപ്പറ്റി പരിതപിക്കുകയും അരുത്. അങ്ങനെയെങ്കിൽ നമ്മുടെ മനസുകൾ മുമ്പോട്ട് ചലിച്ചുകൊണ്ടിരിക്കും. അപ്പോൾ നാം കണ്ടെത്തുന്ന പരമ സത്യത്തെയാണ് ദൈവമെന്നു പറയുന്നത്.' (റഫ്: സ്വാമി ഉദിത് ചൈതന്യ പ്രഭാഷണങ്ങൾ)

ഓണത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങളും ഐതിഹ്യ കഥകളും വിദേശികൾ സൃഷ്ടിച്ചുവെന്നു ചില ഹിന്ദു പണ്ഡിതർ അഭിപ്രായപ്പെടുന്നു. അസുര, ദ്രാവിഡ കുലങ്ങൾക്കെതിരെയുള്ള ബ്രാഹ്‌മണ മേധാവിത്വത്തെ പുച്ഛിച്ചു തള്ളുന്നതിന് വിദേശികൾ വാമനന്റെ കഥ മനഃപൂർവം സൃഷ്ടിച്ചതുമാകാം! അവിടെ ഒരു കുരുടൻ ബ്രാഹ്മണനായ വാമനനെ കഥാപാത്രമായി സൃഷ്ടിച്ചിരിക്കുന്നു. അസുര രാജാവായ മഹാബലിയെ പാതാളത്തിലേക്ക് ശിക്ഷിച്ചയച്ചെന്ന കഥ പ്രചരിപ്പിക്കാനാണ് വിദേശികൾ ശ്രമിച്ചത്. ഒരു പക്ഷെ ഇത് കേരള സംസ്ക്കാരത്തിന് തന്നെ അപമാനകരമായ കഥയായി കരുതുന്നു. മഹാബലിയുടെ മഹത്തായ ത്യാഗത്തെ അപകീർത്തിപ്പെടുത്തുകയും അതോടൊപ്പം ദൈവമായ മഹാവിഷ്ണു അവതാരത്തെ പരിഹസിക്കുകയും ചെയ്യുന്ന രീതികളിലുള്ള വിശ്വാസമാണ് കേരളജനതയ്ക്കുള്ളത്.

വൈഷ്‌ണവ പുരാണം അനുസരിച്ച് മഹാബലി എന്ന അസുരദേവൻ ദൈവങ്ങളെ തോൽപ്പിച്ച് മൂന്നു ലോകങ്ങളെയും കീഴടക്കി അധികാരം കയ്യടക്കിയെന്നുള്ളതാണ്. ചക്രവർത്തി മഹാബലിയുടെ പ്രസിദ്ധി വർദ്ധിക്കുന്നതിൽ ദൈവങ്ങൾ ആകുലരായിരുന്നു. ദേവ ഗണങ്ങൾ ഒന്നിച്ചു കൂടി മഹാവിഷ്ണുവിനോട് അസുര ദേവനായ മഹാബലിയെ കീഴ്പ്പെടുത്താൻ സഹായം അഭ്യർത്ഥിച്ചു. വിഷ്ണു, ദേവ ഗണങ്ങളെ സഹായിക്കാമെന്ന് സമ്മതിച്ചെങ്കിലും മഹാബലിയുമായി ഒരു തുറന്ന യുദ്ധത്തിന് തയ്യാറായിരുന്നില്ല. കാരണം, മഹാബലി മഹാവിഷ്ണുവിന്റെ തികഞ്ഞ ഒരു ഭക്തനായിരുന്നു. ദേവന്മാരെ മഹാബലിക്കെതിരെ ഒരു തുറന്ന യുദ്ധത്തിന് സഹായിക്കുന്നതിനു പകരം വിഷ്ണു ഒരു മുണ്ടനായ സാധു ബ്രാഹ്മണന്റെ രൂപത്തിൽ രൂപാന്തരം പ്രാപിച്ചു. അത് വിഷ്ണുവിന്റെ വാമനാവതാരമായി അറിയപ്പെടുന്നു. കുറിയവനായ ഈ ബ്രാഹ്മണൻ മഹാബലിയെ സന്ദർശിച്ചുകൊണ്ടു ആഗ്രഹങ്ങൾ അറിയിച്ചു. മൂന്നു കാൽപ്പാദങ്ങളുടെ വിസ്തൃതിയിലുള്ള സ്ഥലമാണ് മഹാബലിയോട് ആവശ്യപ്പെട്ടത്. മഹാബലി ബ്രാഹ്മണന്റെ ആഗ്രഹങ്ങൾക്കു കീഴ്വഴങ്ങി സ്ഥലം അളന്നെടുത്തുകൊള്ളാൻ പറഞ്ഞു. പരമശക്തനായ അവതാര മൂർത്തി ദൈവത്തിനോടാണ് ഈ ഇടപാട് നടത്തുന്നതെന്ന കാര്യം മഹാബലിക്ക് വ്യക്തമല്ലായിരുന്നു. ഇതാണ് തൃപ്പൂണിത്തറയിൽ നിന്നാരംഭിക്കുന്ന 'അത്തം' എന്ന ആഘോഷത്തിന്റെ ആരംഭം. അവിടെ മഹാബലിയുടെ ഔദാര്യ മനസിനെ പരീക്ഷിക്കാൻവന്നെത്തിയ വാമനനെയും ആദരിക്കുന്നു.

വാമനരൂപത്തിൽ വന്ന കുറിയവനായ ബ്രാഹ്മണൻ മഹാബലിയുടെ സാന്നിദ്ധ്യത്തിൽ വളരാൻ തുടങ്ങി. വാമനൻ രണ്ടു കാൽപ്പാദങ്ങൾ പൊക്കി ചുവടുവെച്ചപ്പോഴേക്കും പാദങ്ങളുടെ വളർച്ച മഹാബലിയുടെ രാജ്യാതിർത്തിയോളമായി. സ്ഥലം തികയാഞ്ഞതിനാൽ മൂന്നാമത്തെ ചുവടുകൾ വെക്കാനായി മഹാബലി തന്റെ തലയെ വാമനന്റെ മുമ്പിൽ അർപ്പിച്ചു കൊടുത്തു. അങ്ങനെ വാമനൻ സമ്മതിക്കുകയും തന്റെ കാൽപ്പാദങ്ങൾ മഹാബലിയുടെ തലയിൽ വെച്ചു പാതാളത്തിലേക്ക് അയക്കുകയും ചെയ്തു. മഹാബലിയുടെ വിഷ്ണു ഭക്തി മൂലം അദ്ദേഹത്തെ വർഷത്തിൽ ഒരിക്കൽ തന്റെ രാജ്യത്തുള്ള പ്രജകളെ സന്ദർശിക്കാനുള്ള അനുവാദം വിഷ്ണുരൂപമായ വാമനൻ നൽകുകയും ചെയ്തു.

മഹാബലിയെ അവതരിപ്പിക്കുന്നത് ഔദാര്യ നിധിയും സാമൂഹിക വിപ്ലവകാരിയുമായ ഒരു രാജാവായിട്ടാണ്. അദ്ധ്യാത്മികതയുടെ പരിപൂർണ്ണതയിൽ ഭൗതികമായി തനിക്കുള്ളതെല്ലാം, താൻ നേടിയതെല്ലാം ഈശ്വരന് മഹാബലി അർപ്പിക്കുന്നു. അവസാനം സ്വയം മഹാവിഷ്ണുവിന്റെ പാദത്തിങ്കൽ മഹാബലി വീഴുകയാണ് ചെയ്യുന്നത്. ഇവിടെ വേഷപ്രച്ഛന്നനായ ദൈവത്തെ കാപട്യത്തിന്റെ മുഖമാണ് കാണിക്കുന്നതെങ്കിലും മഹാബലി ദൈവമാകുന്ന സത്യത്തെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. അദ്ദേഹം ഭയരഹിതനായി, ധീരതയോടെ മഹാവിഷ്ണുവിന്റെ മുമ്പിൽ പാദങ്ങളെ നമസ്ക്കരിച്ചു ബലിയായി തീർന്നു. ഒരു അസുരൻ എന്നതിൽ ഉപരി മഹാബലി പ്രജാ വാത്സല്യം ഉള്ളവനും ഔദാര്യ നിധിയും, സർവ്വരോടും ദയ പ്രകടിപ്പിക്കുന്ന രാജാവുമായിരുന്നു. അദ്ദേഹത്തിൻറെ ഭരണകാലം കേരളത്തിലെ സുവർണ്ണ കാലമെന്നു കണക്കാക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻറെ മടങ്ങി വരവിനെ ആഘോഷമായി തലമുറകളായി കേരളജനത കൊണ്ടാടുന്നത്.

'വാമന' എന്ന വാക്ക് കേരളസംസ്ക്കാരവുമായി ഒത്തുപോവുന്നതും വളരെയധികം പ്രാധാന്യം അർഹിക്കുന്നതുമാണ്. വാമന എന്ന പദത്തിൽ കാലവും ധ്വാനിക്കുന്നു. നന്മയും തിന്മയും കാലത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു ഓരോ വ്യക്തിയിലും വാമനൻ ചുറ്റപ്പെട്ടിട്ടുണ്ട്. അതായത് 'വാ' എന്നാൽ കൊണ്ട് വരുക, മനം എന്നാൽ അനുഭവ ജ്ഞാനം അല്ലെകിൽ സ്വാനുഭവം എന്നുമാകാം. ജ്ഞാനം നമ്മിൽ ആവഹിക്കട്ടെയെന്ന അർത്ഥധ്വാനി ഈ വാക്കിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. ശ്രീമദ് ഭാഗവതത്തിൽ മഹാബലിയെ ശിക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല. പാതാളത്തിൽ അയച്ചെന്നും സൂചിപ്പിച്ചിട്ടില്ല. വാമനനെയും മഹാബലിയെയും ഒന്നുപോലെ ആദരിക്കുന്ന ഒരു മഹോത്സവമായി ഓണത്തെ കരുതണമെന്നുള്ള അഭിപ്രായങ്ങളും നവീകരണ ഹിന്ദുക്കളിൽ ശക്തമാകുന്നുണ്ട്. ഓണ സദ്യയും ഓണക്കളികളും സാമൂഹികമായി നാം ഒന്നാണെന്നുള്ള ബോധം ജനിപ്പിക്കുന്നു. പൂക്കൾ കൊണ്ടുള്ള നിരകൾ നിരവധി മനസുകളെ സൂചിപ്പിക്കുന്നു. അതെല്ലാം ഒരേ ദൈവത്തിന്റെ പ്രതിഫലനങ്ങളാണ്. സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ അതിൽ ഒരു മനോഹാരിതയുണ്ട്. അങ്ങനെ ഓണം എന്നുള്ളത് വൈവിധ്യങ്ങളിൽ 'ഏകതാ' മനോഭാവം സൃഷ്ടിക്കുന്നു.

കൊച്ചിയിലുള്ള തൃക്കാക്കര അമ്പലം വാമനന്റെ പേരിൽ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. കൊടി മരം ഉയർത്തലോടെ അവിടെ ആഘോഷങ്ങൾ ആരംഭിക്കുന്നു. കൂടെ കൂത്താട്ടങ്ങളും പ്രാചീന രീതികളിലുള്ള ഡാൻസുകളും ഉണ്ടായിരിക്കും. വാമനനെ ഡ്രസ്സുകൾ അണിയിച്ചുകൊണ്ടു എഴുന്നള്ളിക്കുന്ന ചടങ്ങുകളുമുണ്ട്. 'പുലിക്കളി' ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രസിദ്ധമായ ഒരു ഓണക്കളിയാണ്.

ഒരുവനു ദൃഢമായ മനസ്സുണ്ടെങ്കിൽ അവന്റെ മനസ് സദാ ചലിക്കുന്നത് ദൈവത്തിങ്കലേക്കെങ്കിൽ സമയമാകുമ്പോൾ ഓരോരുത്തരും ആദരണീയരാകും. നാം തന്നെ ദൈവത്തോളം ഉയരും. അതുകൊണ്ടു നമ്മുടെ മനസ്സ് മഹാബലിയെപ്പോലെ ദൈവികമായി ചലിക്കട്ടെയെന്നും ഹൈന്ദവ ഗുരുക്കളുടെ പ്രസംഗങ്ങളിൽ കേൾക്കാം. സ്വാർത്ഥതയും അഹങ്കാരവും നമ്മിൽ കുടികൊള്ളുന്നുണ്ടെങ്കിൽ അങ്ങനെയുള്ള മനസ് അപമാനിതരാകും. സമൂഹം തിരസ്ക്കരിക്കും. നേരെ മറിച്ച് ചുറ്റുമുള്ളവരും നമ്മുടെ മനസിനെ ബഹുമാനിക്കണമെങ്കിൽ മഹാബലിയെപ്പോലെ ലളിതവും മനോഹരവുമായ ജീവിതം പടുത്തുയർത്തേണ്ടതായുമുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട സുവർണ്ണ കാലത്തെ രാജാവിനെ സ്വീകരിക്കാനായി ജനങ്ങൾ വീടുകൾ തോറും പൂക്കളം ഉണ്ടാക്കുന്നു. ഓണസദ്യകൾ നടത്തുന്നു. പാരമ്പര്യമായുള്ള ഡാൻസ്, കൂത്തുകളികൾ, നാടൻ പാട്ടുകൾ മുതലായവകൾ ആഘോഷങ്ങളുടെ ഭാഗമാണ്. പലതരം കായിക വിനോദങ്ങൾ സംഘടിപ്പിച്ച് ഓണക്കളി ഗംഭീരമാക്കുന്നു. ഇന്നും പ്രജകൾ ഐശ്വര്യത്തിലും സന്തോഷത്തിലും ജീവിക്കുന്നുവെന്ന് മഹാബലിയെ അറിയിക്കുന്നതിനുവേണ്ടിയാണ് ഈ ആഘോഷങ്ങളെല്ലാം സംഘടിപ്പിക്കുന്നത്.  ഓണസദ്യയാണ് ഇതിൽ ജനങ്ങളെ കൂടുതലായും ആകർഷിക്കുന്നത്. സദ്യയിൽ ചോറ്, സാമ്പാർ, അവിയൽ, രസം, പായസം മുതലായവകൾ തിരുവോണം നാളിൽ വിളമ്പുന്നു.

'അത്തം' നാളോടെയാണ് ഓണം ആരംഭിക്കുന്നത്. പിന്നീട് പത്തു ദിവസങ്ങൾ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പവിത്രങ്ങളായ ദിനങ്ങളാണ്. രാവിലെ കുളിച്ച് അമ്പലത്തിൽ പോവുന്നു. മഹാബലി പാതാളത്തിലേക്ക് പോവുന്ന ഒരുക്കങ്ങളുടെ ആരംഭമായിട്ടാണ് അത്തം നാളുകൾ ആഘോഷിക്കുന്നത്. കേരളം മുഴുവൻ ഈ ദിവസത്തെ അത്തച്ചമയമെന്നു പറയും. കൊച്ചിക്കടുത്തുള്ള തൃപ്പുണിത്തറയിൽ നിന്ന് ഒരു ആഘോഷയാത്ര അന്നേ ദിവസമുണ്ടാകും. മഹാബലി ഈ ലോകത്തിൽ നിന്ന് അപ്രത്യക്ഷ്യമായത് ഈ ദിവസമാണെന്ന് കണക്കാക്കുന്നു. അത്തം നാളുകൾ മുതലാണ് പൂക്കൾ കൊണ്ടുള്ള കളങ്ങൾ ഉണ്ടാക്കാനാരംഭിക്കുന്നത്. പിന്നീട് പൂക്കളം ഓരോ ദിവസവും വലുതാകാൻ തുടങ്ങും. മഞ്ഞ പൂക്കളാണ് ഈ ദിവസത്തിൽ ഉപയോഗിക്കാറുള്ളത്. പൂക്കളുകൊണ്ടുള്ള ഡിസൈൻ വളരെ ലളിതമായി നിർമ്മിക്കുന്നു. രണ്ടാം ദിവസം 'ചിത്തിര' നാളിലാണ് വീട് ശുചിയാക്കുന്ന കർമ്മങ്ങൾ ചെയ്യുന്നത്. പൂക്കളത്തിൽ ഒരു രണ്ടാം നിര പൂക്കൾ കൂടി അന്നേ ദിവസം നിരത്തും. മൂന്നാം ദിവസം 'ചോതി' ദിനമായി കണക്കാക്കുന്നു. ചോതിയിൽ പൂക്കളത്തിനെ പല നിലകളാക്കി മനോഹരമാക്കുന്നു. പല തരം പൂക്കളും കളത്തിൽ നിരത്തുന്നു. കുടുംബം മൊത്തം സ്വർണ്ണാഭരണങ്ങളും പുതുവസ്ത്രങ്ങളും മേടിക്കാനായി ഷോപ്പിങ്ങും തുടങ്ങുന്നു. നാലാം ദിവസം 'വിശാഖം' നാളാണ്. ഇത് ഓണം നാളിൽ ഏറ്റവും പരിപാവനമായ ഒരു ദിനമായും കരുതുന്നു. ഓണം സദ്യയുടെ തുടക്കവും കുറിക്കുന്നു. ഓരോ അംഗവും വിഭവങ്ങൾ ഉണ്ടാക്കാൻ സഹകരിക്കുകയും ചെയ്യും. ഓരോ കുടുംബത്തിലും വ്യത്യസ്ത വിഭവങ്ങളാണ് വിളമ്പുന്നതെങ്കിലും 24 തരം ഡിഷുകൾവരെ കുടുംബങ്ങൾ തയ്യാറാക്കാറുണ്ട്. കൃഷി വിഭവങ്ങളുടെ മാർക്കറ്റ് തുറക്കുന്നത് ഈ ദിവസമാണ്. മാർക്കറ്റിൽ അന്ന് ഏറ്റവും തിരക്ക് കൂടിയ ദിവസവും ആയിരിക്കും.

അഞ്ചാം ദിവസമായ 'അനിഴം' നാളിലാണ് സാധാരണ വള്ളം കളി ഉത്സവം ആഘോഷിക്കുന്നത്. ആറാം ദിവസമായ 'ത്രിക്കട്ടയിൽ' പൂക്കളങ്ങളും വിസ്തൃതമാക്കുന്നു. അഞ്ചാറു വിവിധ തരം പൂക്കളുകൂടി അതിനൊപ്പം ചേർക്കുന്നു. കുടുംബങ്ങൾ വന്നു ചേരുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു. ഏഴാം ദിവസം 'മൂലം' നാളിൽ ഓരോ കുടുംബങ്ങളിലുമുള്ള ബന്ധുമിത്രാദികൾ പരസ്പ്പരം സൗഹാർദ സന്ദർശനങ്ങൾ നടത്തുന്നു. പാരമ്പര്യമായ സദ്യയും വിളമ്പുന്നു. അമ്പലങ്ങളും ഈ ദിവസത്തിൽ സദ്യകൾ വിളമ്പാറുണ്ട്. പുലിക്കളി, ഡാൻസ്, ചെണ്ടകൊട്ട്, കൂത്താട്ടങ്ങൾ എന്നിവകൾ ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. കൈകൊട്ടിക്കളിയും വിവിധ സ്ഥലങ്ങളിൽ കൊണ്ടാടുന്നു. ഊഞ്ഞാൽ കെട്ടുന്നതും ആഘോഷത്തിന്റെ ഭാഗമായിരിക്കും. മഹാബലിയെ സ്വീകരിക്കാൻ വാതിൽക്കൽ പുഷ്പ്പങ്ങൾ വിതറും.

എട്ടാം ദിവസം 'പൂരാടം' നാളിൽ മഹാബലിയുടെയും വാമനനന്റെയും പ്രതിമകൾ കൈകളിലേന്തി വീടിനു ചുറ്റും പ്രദക്ഷിണം നടത്തുന്നു. അതിനുശേഷം പ്രതിമകൾ പൂക്കളത്തിന്റെ നടുഭാഗത്ത് പ്രതിഷ്ഠിക്കുന്നു. അന്നേ ദിവസം മുതലാണ് മഹാബലി ഓരോരുത്തരുടെയും വീടുകൾ സന്ദർശിക്കാറുള്ളത്. പൂക്കളങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങളെ 'ഓണത്തപ്പൻ' എന്നു വിളിക്കപ്പെടുന്നു. പൂക്കളം വിസ്തൃതമാകുകയും നാനാതരം പൂക്കൾ കൊണ്ട് കളം അലംകൃതമാക്കുകയും ചെയ്യുന്നു. ഒമ്പതാം ദിവസം ഓണത്തിന്റെ 'ഉത്രാടം' നാളാണ്. തിരുവോണത്തിന്റെ സായം ദിനമായി ആ ദിവസത്തെ കണക്കാക്കുന്നു. പച്ചക്കറികൾ വാങ്ങുവാൻ  ഏറ്റവും അനുയോജ്യമായ ദിനവുമാണ്. തിരുവോണത്തിനാവശ്യമുള്ള പഴ വർഗ്ഗങ്ങളും ഉത്രാട ദിവസം വാങ്ങിക്കുന്നു. അതിനടുത്ത ദിവസം നാലു ദിവസത്തോളം മഹാബലി രാജാവ് രാജ്യം മുഴുവൻ കറങ്ങുമെന്ന് പാരമ്പര്യം പറയുന്നു. പ്രജകളെ ആ ദിവസങ്ങളിൽ അനുഗ്രഹിക്കുമെന്നുള്ള വിശ്വാസവും നിലനിൽക്കുന്നു.

'തിരുവോണ'മെന്നു പറയുന്നത് ഓണമാഘോഷത്തിന്റെ അവസാന ദിവസമാണ്. അന്നേ ദിവസം വീടുകൾ വൃത്തിയാക്കുന്നു. പ്രധാന കവാടത്തിൽ അരിപ്പൊടി വിതറിയിടുന്നു. നേരം വെളുക്കുമ്പോഴേ എല്ലാവരും കുളിച്ചണിഞ്ഞൊരുങ്ങും. പാവങ്ങൾക്ക് ധർമ്മം കൊടുക്കും. കുടുംബത്തിലെ മൂത്ത കാരണവത്തി മറ്റുള്ള അംഗങ്ങൾക്ക് പുത്തൻ വസ്ത്രങ്ങൾ സമ്മാനങ്ങളായി കൊടുക്കും. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും അലംകൃതമായ നിരവധി നിറമാർന്ന വൈദ്യുതി വിളക്കുകൾ തെളിക്കും. വെടിക്കെട്ടും ഉണ്ടാകും. വിഭവ സമൃദ്ധമായ ഓണം സദ്യ വിളമ്പുന്നതും അന്നാണ്. ഗ്രാമപ്രദേശങ്ങളിൽ ഉച്ചകഴിയുമ്പോൾ പാരമ്പര്യമായുള്ള കളികളും ഡാൻസും പാട്ടുകളും കൂത്തും അരങ്ങേറും. ഓണത്തോടനുബന്ധിച്ചുള്ള കായിക കളികൾ, മത്സരങ്ങൾ എന്നിവകൾ സംഘടിപ്പിക്കാറുണ്ട്. തിരുവാതിരക്കളി, കുമ്മാട്ടിക്കളി, പുലിക്കളി മുതലായവകൾ ഓണം നാളിൽ അരങ്ങേറുന്നു. വിശുദ്ധമായ ഈ ദിവസത്തിൽ സ്ത്രീ പുരുഷന്മാർ, കുട്ടികളടക്കം കുളിച്ചു ദേഹശുദ്ധി വരുത്തുന്നതോടെ ഓണം ആഘോഷത്തിന്റെ തുടക്കം കുറിക്കുന്നു. അതിനു ശേഷം പ്രാർത്ഥനകൾ ചൊല്ലും. പൂക്കളത്തിൽ പോയി പുതിയ പുഷ്പങ്ങൾ അർപ്പിക്കും. പുതിയ വേഷങ്ങൾ അണിയുന്നു. സസ്യാഹാര സദ്യക്കായി കുടുംബങ്ങൾ മൊത്തമായി സമ്മേളിക്കുകയും ചെയ്യുന്നു.

ചതിയുടെയും വഞ്ചനയുടെയും അനീതിയുടെയും പ്രതീകമാണ് വാമനൻ എന്ന് മലയാളികൾ കരുതുന്നു. ഉത്തരേന്ത്യൻ സംസ്ക്കാരം ബ്രാഹ്മണനായ വാമനനെ പുകഴ്ത്തുകയും ചെയ്യുന്നു. 'മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാം ഒന്നുപോലെ' എന്നുള്ളത്' മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടോടി പാട്ടാണ്. സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് വ്യവസ്ഥിതി മഹാബലിയുടെ രാജ്യത്ത് നടപ്പിലുണ്ടായിരുന്നു.  പ്രജകൾ പരസ്പ്പരം സ്നേഹിച്ചും സഹായിച്ചും അതിസന്തോഷത്തോടെ ജീവിച്ചിരുന്നു. സർവ്വവിധ പീഡനങ്ങളിൽനിന്നും അവർ സ്വതന്ത്രരായിരുന്നു. മാനസിക സമ്മർദ്ദമോ രോഗമോ പ്രജകളിൽ ഉണ്ടായിരുന്നില്ല. ശിശു മരണം കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. ആരും കള്ളം പറഞ്ഞിരുന്നില്ല. കളവും മോഷണവും കൊലയും രാജ്യത്തുണ്ടായിരുന്നില്ല. അയൽക്കാരനെ വഞ്ചിക്കുന്ന ഏർപ്പാടുണ്ടായിരുന്നില്ല. ജാതി വർണ്ണ വ്യത്യാസങ്ങളില്ലാഞ്ഞ ഒരു സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. ഓണത്തിന്റെ മഹത്തായ ഈ സന്ദേശത്തിൽക്കൂടി രാജ്യങ്ങളും സർക്കാരുകളും മാവേലിയുടെ ഭരണകാലങ്ങളെപ്പറ്റി പഠിച്ചു വിലയിരുത്തേണ്ടതായുമുണ്ട്.











കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...