Monday, August 27, 2018

കേരളം പ്രളയശേഷം, അതിജീവനവും പാളീച്ചകളും



ജോസഫ് പടന്നമാക്കൽ 

കേരളത്തിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ പ്രളയം ശമിച്ചു. കേരളം സാധാരണ നിലയിലാക്കാൻ സ്റ്റേറ്റ് വിജയകരമായി പ്രവർത്തനങ്ങളും നടത്തി. ഇനി വേണ്ടത് ദുരിതാശ്വാസ പ്രവർത്തനവും ഭവന രഹിതരെ പുനരധിവസിപ്പിക്കുകയുമാണ്. ചെളിയും മണ്ണും ദുർഗന്ധം വമിക്കുന്ന വസ്തുക്കളും ദുരിതം അനുഭവിച്ചവരുടെ വീടുകളും പരിസരങ്ങളും വൃത്തിയാക്കണം. വിഷമുള്ള ഇഴജന്തുക്കളെയും ബാക്റ്റിരിയാ ക്രീടങ്ങളെയും നശിപ്പിക്കണം. വസന്തപോലുള്ള പകർച്ചവ്യാധികൾ വരാതിരിക്കാനുള്ള തയ്യാറെടുപ്പുകളും ആവശ്യമാണ്. തകർന്ന പാലങ്ങളും റോഡുകളും നന്നാക്കണം. അതിന് ദീർഘകാല പ്രവർത്തനവും ആവശ്യമാണ്. 1924-നു ശേഷം കേരളചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നാണ് ഇക്കഴിഞ്ഞ പെരും മഴയെയും പ്രളയത്തെയും വിവരിച്ചിരിക്കുന്നത്. 385 ജീവിതങ്ങൾ കവർന്നു. ആയിരങ്ങൾ ഭവന രഹിതരായി. ലക്ഷക്കണക്കിന് ജനങ്ങളെ പ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തി. 1500 ദുരിതാശ്വസ ക്യാമ്പുകൾ തുറന്നു. രണ്ടരലക്ഷം ജനങ്ങൾ താൽക്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളിൽ താമസമാക്കി. ഇനി സാധാരണ ജനജീവിതത്തിനായി ദുരിതം അനുഭവിച്ചവരുടെ താൽക്കാലികവും സ്ഥായിയുമായ ജീവിത നിവാരണത്തിനുള്ള മാർഗ്ഗങ്ങൾ തേടേണ്ടതായുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലവാരവും ഉയരണം. മലിനീകരമായിരിക്കുന്ന പരിസ്ഥിതിയെ വൃത്തിയും വെടിപ്പുമുള്ളതാക്കണം.

കേരളത്തിലെ പ്രളയ ദുരന്തത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടെന്നുള്ള അഭിപ്രായങ്ങളും പൊന്തിവന്നിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ സംസ്ഥാന സർക്കാർ മുൻകൂട്ടി കാണാഞ്ഞതുകൊണ്ടും അതിനുള്ള തയ്യാറെടുപ്പു നടത്താഞ്ഞതുകൊണ്ടും കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായിയെന്നും സമയബന്ധിതമായി അണക്കെട്ടുകൾ തുറന്നു വിട്ടിരുന്നെങ്കിൽ ഇത്രമാത്രം നാശനഷ്ടങ്ങൾ ഉണ്ടാവില്ലായിരുന്നെന്നും ജീവനും സ്വത്തും രക്ഷിക്കാമായിരുന്നുവെന്നും  ചിന്തിക്കുന്നവരുണ്ട്. അണക്കെട്ടു തുറന്നു വിടുന്നതിനൊപ്പം ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കായി മുൻകൂട്ടി തയ്യാറെടുപ്പും നടത്തണമായിരുന്നു. തദ്ദേശ വാസികൾക്ക് അണക്കെട്ട് തുറന്നു വിടുന്നതിനുമുമ്പ് ശരിയായ മുന്നറിയിപ്പും നൽകിയിരുന്നില്ല. സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള തയ്യാറെടുപ്പും നടത്തിയില്ല. അക്കാര്യത്തിൽ സർക്കാർ തീർത്തും ബലഹീനത അവിടെ പ്രകടിപ്പിച്ചു. വെള്ളം ഒഴുകുന്ന നദികളുടെ തീരത്തുള്ളവർക്കും സമീപ വാസികൾക്കും അണക്കെട്ടു തുറക്കുന്ന കാര്യം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നെങ്കിലും ഒന്നിച്ചു തുറക്കാതെ പല ഘട്ടങ്ങളിലായി ഗേറ്റു തുറക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അവിടെ ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്ന സന്ദേശങ്ങളിലും സർക്കാർ പരാജയപ്പെട്ടു.

അണക്കെട്ടുകളുടെ പരിപാലനത്തിൽ വിദഗ്ദ്ധനായ എൻ.ശശിധരന്റെ റിപ്പോർട്ടിൽ കാണുന്നത്, "അധികാരികൾ ഇടമലയാർ റിസർവോയറിന്റെ വെള്ളത്തിന്റെ ലെവൽ 169 അടി എത്തുന്നവരെ നോക്കി നിന്നു. 165 അടി വെള്ളം ലെവൽ ഉള്ളപ്പോൾ ഡാം തുറന്നു വിട്ടിരുന്നെങ്കിൽ ഇത്രമാത്രം ദുരിതം ഉണ്ടാവില്ലായിരുന്നു. വെള്ളമൊഴുക്കിന്റെ താഴ്വരകളിലും തീരങ്ങളിലും  താമസിക്കുന്നവരെ മാറ്റി പാർപ്പിക്കേണ്ട ആവശ്യവും വരില്ലായിരുന്നു." ദുരിത നിവാരണ മാനേജുമെന്റിന്റെ (Disaster Management) നോട്ടക്കുറവുമൂലമുള്ള കണക്കുകൂട്ടലുകളാണ് ഇത്രയും ഒരു ദുരന്തത്തിനെ അഭിമുഖീകരിക്കേണ്ടി വന്നതും. ഈ അഭിപ്രായത്തെ 'നയൻ ശർമ്മ' എന്ന അണക്കെട്ടു നിർമ്മാണങ്ങളുടെ വിദഗ്ദ്ധനും സ്ഥിതികരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, 'ശാസ്ത്രീയമായ ഈ വസ്തുത വളരെ നേരത്തെ തന്നെ അനുഭവങ്ങളിൽക്കൂടി കണ്ടിട്ടുള്ളതാണ്. പൂർണ്ണമായും വെള്ളം നിറഞ്ഞ ഒരു റിസർവോയർ പെട്ടെന്ന് തുറന്നു വിടാൻ പാടില്ലായിരുന്നു. വെള്ളപ്പൊക്കം തടയുന്നതിന് സാവധാനം സമയബന്ധിതമായി അണക്കെട്ടുകൾ തുറന്നു വിടണമായിരുന്നു. കേരളത്തെ സംബന്ധിച്ച് മുപ്പത്തിയഞ്ചു അണക്കെട്ടുകൾ ഒരേ സമയം തുടർച്ചയായി തുറന്നുവിട്ടതും ശക്തമായ ഒഴുക്കിനും വെള്ളപ്പൊക്കത്തിനും കാരണമായി."

പ്രളയത്തെ നേരിടാൻ സർക്കാർ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിർവഹിക്കുന്നതും അഭിനന്ദിനീയമാണ്. ഇക്കാര്യം ആഗോള തലങ്ങളിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. പ്രളയത്തോടനുബന്ധിച്ചുള്ള ശക്തമായ ജനപിന്തുണയുള്ളതുകൊണ്ടു ഏതു വിമർശനത്തെയും നേരിടാൻ സർക്കാർ തയാറുമാണ്. പ്രതിപക്ഷ നേതാവ് ശ്രീ ചെന്നിത്തലയുടെ വിവാദപരമായ പ്രസ്താവനകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി കൊടുക്കുന്നുണ്ട്. "പിണറായി പറഞ്ഞു, "വിമർശനങ്ങൾ തൊടുത്തുവിടുമ്പോൾ വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം. വിമർശനങ്ങളിൽ കഴമ്പുണ്ടായിരിക്കണം. അല്ലാതെ വിമർശനത്തിനുവേണ്ടിയുള്ള വിമർശനമായിരിക്കരുത്." നാടിന്റെ ഗുരുതരമായ ഈ സാഹചര്യത്തിൽ ക്രിയാത്മകമല്ലാത്ത അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവർ രാഷ്ട്രീയ ലക്‌ഷ്യം മുമ്പിൽ കണ്ടുകൊണ്ടെന്നും കാണാം.

പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു, "2500 മില്ലീ മീറ്റർ മഴ ജൂൺ ഒന്നുമുതൽ ആഗസ്റ്റ് മുപ്പതു വരെ കേരളത്തിന് ലഭിച്ചിട്ടുണ്ട്. അതേ സമയം 1924-ലെ വെള്ളപ്പൊക്കത്തിൽ 3369 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. 1924-ലെ മഴയെക്കാൾ കുറവായിരുന്നു ഇപ്പോൾ പെയ്ത മഴയെന്നു വളരെ വ്യക്തമായിരിക്കുന്നു." എന്നാൽ ചെന്നിത്തലയുടെ മഴയുടെ അളവിന്റെ മാനദണ്ഡം തെറ്റാണെന്നു പിണറായും. അദ്ദേഹം പറഞ്ഞു, "1924-ൽ പെയ്ത മഴയുടെ കണക്ക് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് തെറ്റാണ്. 1924-ലെ തുലാവർഷവും ഇടവപാതിയും ഒന്നിച്ചുള്ള ഒരു വർഷത്തെ കണക്കാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ 2018-ലെ മഴ ഈ കാലവർഷത്തിലെ മാത്രമുള്ള മഴയുടെ കണക്കാണ്. അതായത് ആഗസ്റ്റ് മാസത്തിൽ മാത്രം പെയ്ത മഴയുടെ കണക്കു മാത്രം."

യാതൊരു മുന്നറിയിപ്പും കൂടാതെ ഡാം തുറന്നു വിട്ടതുകൊണ്ടു ഭീമമായ പ്രളയമുണ്ടായിയെന്നാണ്   ഒരു ആരോപണം. വാസ്തവത്തിൽ സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ ഭരണകൂടവും കൈക്കൊണ്ടു കഴിഞ്ഞിരുന്നു. ഡാം തുറന്നു വിട്ട സമയം എല്ലാ കരുതലുകളും അധികാരികൾ ചെയ്തെന്നു അന്ന് രമേശ് ചെന്നിത്തല വരെ സ്ഥിതികരിച്ച ഒരു വാർത്തയായിരുന്നു. അതേ രമേശാണ് മുൻ കരുതലുകൾ ഇല്ലാതെ ഡാം തുറന്നുവിട്ടുവെന്ന് ഇന്ന് ആക്ഷേപിക്കുന്നത്. വെള്ളപ്പൊക്കത്തിനു കാരണം ഡാം തുറന്നതുകൊണ്ടല്ല, നിയന്ത്രണമില്ലാതെ മഴ ശക്തിയായി വന്നപ്പോൾ സ്വാഭാവിക വെള്ളം ഒഴുക്കലും വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

മുന്നറിയിപ്പ് സംവിധാനം, വാട്ടർ മാനേജ്മന്റ് സിസ്റ്റം, കാലാവസ്ഥ അറിയിപ്പ് ഇതെല്ലാം പരിശോധിച്ച ശേഷം ഫലപ്രദമായി തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരാണ്. സാധാണ ലഭിക്കുന്നതിനേക്കാൾ 164 ശതമാനം അധികം മഴയാണ് ഈ വർഷം നമുക്ക് ലഭിച്ചത്. വെള്ളപ്പൊക്കമുണ്ടായത് അണക്കെട്ടിൽനിന്നും വെള്ളം ഇരച്ചുകയറിയതുകൊണ്ടെന്ന വാദം തികച്ചും അടിസ്ഥാന രഹിതമാണ്. 'തിരുവല്ല' വെള്ളത്തിലായത് മണിമല ആറ്‌ കര കവിഞ്ഞതുകൊണ്ടായിരുന്നു. അവിടെയൊന്നും അണക്കെട്ടുകളില്ല. അതുപോലെ 'പന്തളം' വെള്ളത്തിലായതു അച്ചൻ കോവിൽ ആറുകൊണ്ടും പാലാ വെള്ളത്തിലായത് മീനച്ചിൽ ആറുമൂലവുമായിരുന്നു. നിലംബുരിൽ ചാലിയാർ മൂലവും വെള്ളപ്പൊക്കമുണ്ടായി. ഇവിടെയൊന്നും അണക്കെട്ടുകൾ ഇല്ലെന്നും മനസിലാക്കണം. ഇതെല്ലാം പ്രതീക്ഷിക്കാത്ത മഴമൂലമായിരുന്നു. ഇടുക്കിയിൽ ആഗസ്റ്റ് ഏഴാം തിയതി 130.8 മില്ലീ മീറ്റർ മഴ പെയ്തെങ്കിൽ അതിന്റെ അടുത്ത ദിവസം ആഗസ്റ്റ് എട്ടാം തിയതി 128.6 മില്ലീ മീറ്റർ മഴയുണ്ടായിരുന്നു. അത് ആഗസ്റ്റ് പതിനാറാം തിയതി 295 ആയി ഉയർന്നു. അതിന്റെയർത്ഥം നാലു ദിവസം കൊണ്ട് പെയ്ത മഴ സാധാരണ ഒരു മൺസൂൺ മുഴുവനും പെയ്യുന്ന മഴയുടെ മൂന്നിരട്ടിയായിരുന്നു.

പ്രളയ ദുരിതം ബാധിച്ചവർക്കുള്ള സഹായ നിധിയുമായി മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. പ്രളയത്തിനുശേഷം വീട്ടിലേക്ക് മടങ്ങി പോവുന്നവർക്ക് ഒരു ലക്ഷം രൂപ ഭവന പുനരുദ്ധാരണ വായ്പ്പ പലിശയില്ലാതെ നല്കുമെന്നുള്ള സർക്കാരിന്റെ ഉത്തരവും ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സാമാന്യം നല്ല രീതിയിൽ  നടക്കുന്നുവെന്നാണ് വിലയിരുത്തൽ. അതിനെതിരായുള്ള ചില സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്താവനകൾക്ക് കാര്യമായ വില നൽകേണ്ടതുമില്ല. സ്വാർത്ഥ താല്പര്യങ്ങളാണ് അത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽ അവർക്ക് പ്രചോദനം നൽകുന്നത്.

ദുരിതാശ്വസ ക്യാമ്പുകളെപ്പറ്റിയും പൊതുവെ നല്ല അഭിപ്രായങ്ങളാണ് പത്ര റിപ്പോർട്ടുകളിൽനിന്നും  മനസിലാവുന്നത്. പ്രളയ ദുരിതം ഏറ്റുവാങ്ങിയവർ ക്യാമ്പിൽ എത്തിയതും നിരവധി കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ടായിരുന്നു. അതുകൊണ്ട് അവർ രക്ഷാപ്രവർത്തകരോട് കൃതജ്ഞതയോടെ കടപ്പാടുകൾ അറിയിക്കുന്നുമുണ്ട്. തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ എല്ലാം താറുമാറായ വീടിന്റെ അവസ്ഥകളായിരിക്കും അവർ കാണുന്നത്. പലരുടെയും പ്രധാനപ്പെട്ട പേപ്പർ ഡോകുമെന്റുകൾ  നഷ്ടപ്പെട്ട നിലയിലായിരിക്കും കണ്ടെത്തുന്നത്. വീട് നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായി പരിഹാരം കാണുവാനും സർക്കാർ പദ്ധതികളിടുന്നുണ്ട്. വീടുകളിലേക്ക് മടങ്ങി പോവുന്നവർക്ക് അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ സഹിതമാണ് ക്യാമ്പുകളിൽ നിന്നും കൊടുത്തു വിടുന്നത്. സന്നദ്ധ സംഘങ്ങൾ വീടുകൾ വൃത്തിയാക്കുന്ന ജോലികളിലും ഏർപ്പെട്ടിരിക്കുന്നു. ജാതി മത ഭേദമില്ലാതെ ആവശ്യമുള്ള സാധനങ്ങൾ നൽകി സഹായിക്കുകയും ചെയ്യുന്നു. ദുരന്തത്തിൽ നിന്ന് മനുഷ്യത്വവും   പലർക്കും ഉൾക്കൊള്ളാൻ സാധിച്ചു. പ്രകൃതി ദുരന്തം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരണം ചെയ്യുന്നു. ഭാവിയിൽ ദുരന്ത പരിഹാരത്തിനായുള്ള സ്ഥലം കണ്ടെത്തുവാനും പ്രശ്നങ്ങളാകും. അതിനുള്ള പ്രായോഗിക വശങ്ങൾ തേടിയും അഭിപ്രായങ്ങൾ ശേഖരിച്ചും യുക്തമായ തീരുമാനങ്ങൾ എടുക്കുവാനും സർക്കാർ ശ്രമിക്കുന്നു.

ഭക്ഷണവും ശുദ്ധമായ വെള്ളവും വസ്ത്രവും മെഡിസിനും നൽകി ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നവർ അനേകർക്ക് ആശ്വാസവും നൽകുന്നു. അവരുടെ വിജയകരമായ പ്രവർത്തനങ്ങൾ തുടരുന്നു. ഒരു നീണ്ട പദ്ധതിയിൽക്കൂടി സ്റ്റേറ്റിനെ പുനർ നിർമ്മിക്കേണ്ടതായുമുണ്ട്. കൊടും പ്രളയം  ഭവനങ്ങളും സ്വകാര്യ സ്വത്തുക്കളും പബ്ലിക്ക് സ്വത്തുക്കളും നശിപ്പിച്ചു. ബിസിനസും വാണിജ്യവും ക്ഷതമേറ്റു. സമർത്ഥരായ പ്ലമ്പേഴ്സിനെയും ഇലക്ട്രിക്കൽ വിദഗ്ദ്ധരെയും ആശാരി പണിക്കാരെയും കെട്ടിടം നിർമ്മാണ പ്രവർത്തകരെയും കേരളത്തിന്റെ പുനർനിർമ്മാണ ജോലികൾക്കായി ആവശ്യം വരും. ഭവനങ്ങൾ വൃത്തിയാക്കുകയും വീണ്ടും പണിയുകയും വീടുകളുടെ കേടുപാടുകൾ തീർക്കുകയും ആവശ്യമാണ്. തകർന്ന പാലങ്ങളും റോഡുകളും പുനർനിർമ്മിക്കേണ്ടി വരുന്നു. മൊത്തം പലരുടെയും ജീവിത മാർഗങ്ങൾ ഇല്ലാതാവുകയും ജീവിക്കാൻ പുതിയ മാർഗങ്ങൾ തേടേണ്ടതായും വരുന്നു.

ദുരന്തത്തിനു ശേഷം പത്രങ്ങൾ, ദൃശ്യ മാദ്ധ്യമങ്ങൾ, ഓൺലൈൻ വാർത്തകൾ, ഫേസ്ബുക്കുകൾ വഴി തെറ്റായ വിവാദപ്രസ്താവനകളും വിവരങ്ങളും നിത്യേന വരുന്നുണ്ട്. പ്രകൃതിയാണോ മനുഷ്യനാണോ ഇപ്പോഴുണ്ടായ പ്രളയത്തിന് കാരണമെന്നുള്ളതും ചർച്ചാവിഷയങ്ങളാണ്‌. യു.എ.ഇ    സർക്കാർ 700  കോടി രൂപ വാഗ്ദാനം ചെയ്യുകയും പ്രധാന മന്ത്രി അതിൽ മുഖ്യമന്ത്രി പിണറായിയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തുവെന്ന വാർത്തകളുണ്ടായിരുന്നു. കേന്ദ്ര ഹോം ഡിപ്പാർട്ട്മെന്റ് ആ സഹായം സ്വീകരിക്കുന്നതിനെതിരെ തടസ്സവാദങ്ങളും ഉന്നയിച്ചു. ദേശീയ ദുരന്ത നിവാരണ കമ്മറ്റിയുടെ ചെയർമാൻ എന്ന നിലയ്ക്ക് കേരളത്തിലെ ഈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് ധാർമ്മികമായ ഒരു കടമയുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. കേന്ദ്ര സർക്കാർ സാധാരണ സാമ്പത്തിക സഹായത്തിനായി വിദേശ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കാറില്ല.  ഏതെങ്കിലും വിദേശ സർക്കാർ സഹായം ചെയ്യാമെന്ന് സ്വയം തീരുമാനത്തിൽ വന്നാൽ അത് സ്വീകരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കേന്ദ്ര സർക്കാരിനുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ഹോം ഡിപ്പാർട്ട്മെന്റിന് മാത്രമായി ഫണ്ട് നിരസിക്കാനുള്ള അവകാശമില്ല. സംസ്ഥാന സർക്കാർ തങ്ങൾക്കു വന്നിട്ടുള്ള ബാധ്യതയെപ്പറ്റി കേന്ദ്ര സർക്കാരിനെ അറിയിക്കുകയും വിദേശ സർക്കാർ സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്‌താൽ കേന്ദ്ര സർക്കാരിന് അത് അംഗീരിച്ചേ മതിയാവൂ. അത് ധാർമ്മികമായ ഒരു കടപ്പാടുകൂടിയാണ്. 'കേന്ദ്ര സർക്കാർ വിദേശ ഫണ്ട് നിരസിക്കുകയാണെങ്കിൽ അതിനു തുല്യമായ തുക കേരള സർക്കാരിന് നൽകാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം കേരള സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നു' കേരളത്തിലെ ചില പ്രഗത്ഭന്മാരായ നിയമോപദേശകരും അഭിപ്രായപ്പെടുന്നുണ്ട്. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഇതിനായി കോടതിയെ സമീപിക്കുകയും ചെയ്യാം.

കേരളത്തിൽ ദുരിതാശ്വാസത്തിനായി യു.എ.ഇ  700 കോടി അനുവദിച്ചുവെന്നത് തെറ്റായ വാർത്തയെന്നും എത്രമാത്രം സഹായം വേണമെന്നുള്ളത് ഇപ്പോഴും യു.എ.ഇ യുടെ പരിഗണനയിൽ മാത്രമെന്നും അവിടുത്തെ വിദേശകാര്യ മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യത്തിൽ വിലയിരുത്തലുകളും പരിശോധനകളും നടക്കുന്നേയുള്ളൂ. ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ആൽബന്നയും ഈ വാർത്ത സ്ഥിതികരിക്കുകയുണ്ടായി. 700 കോടി അനുവദിച്ചിട്ടുണ്ടെന്ന് പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. വിദേശ സഹായം സ്വീകരിക്കാൻ പാടില്ലാന്ന കേന്ദ്രവിവാദം കേരളത്തിൽ പൊട്ടിത്തെറികൾക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് യു.എ.ഇ   വാർത്തകളുടെ സ്ഥിതികരണമായി അവിടുത്തെ പ്രമുഖ ഭരണാധികാരികൾ വന്നെത്തിയത്. കേരളത്തിനുള്ള ഫണ്ടിന്റെ തീരുമാനങ്ങൾക്കായി യു.എ.ഇ    ഒരു എമർജൻസി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മറ്റിയുടെ തീരുമാനമനുസരിച്ചു മാത്രമേ യു.എ.ഇ  സർക്കാരിന് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുള്ളൂ.

കേന്ദ്രം എന്തുകൊണ്ട് വിദേശ രാജ്യങ്ങൾ കേരളത്തിന് വാഗ്ദാനം ചെയ്ത ഫണ്ട് നിഷേധിച്ചുവെന്നുള്ളതിനു ഉത്തരമില്ല. ഒരു വിദേശ രാജ്യം സാമ്പത്തിക സഹായം നൽകുമ്പോൾ ആ രാജ്യത്തിന് ഫണ്ടുകൾ ശരിയായി വിനിയോഗിച്ചുവെന്ന കണക്കുകൾ ബോധിപ്പിക്കേണ്ടതായുണ്ട്. അവരുടെ സംഘടനകൾ ദുരിതമേഖലകളിൽ നേരിട്ടുവരുകയും ഫണ്ടുകളുടെ കാര്യക്ഷമത  വിലയിരുത്തുകയും ചെയ്യും. അങ്ങനെയൊരു സാഹചര്യത്തിന് ഭാരത സർക്കാർ തയ്യാറല്ല. 21000 കോടി രൂപ കേരളത്തിന് മൊത്തം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അതിൽ 2500 കോടി രൂപ അടിയന്തിര ദുരിതാശ്വാസത്തിന് കേരളത്തിന് ആവശ്യവുമാണ്. പ്രകൃതി ദുരന്തം മൂലം സംഭവിച്ച ഈ ദുരിതങ്ങൾക്ക് എന്ത് സഹായവും സ്വാഗതാർഹമാണ്. വിദേശ സഹായം നിരസിച്ച സ്ഥിതിക്ക് കേരളത്തിന് മാർക്കറ്റിൽ നിന്നും കടം എടുക്കേണ്ടതും അത്യാവശ്യമായി വരും. കേന്ദ്ര സഹായം ഭാഗികമായി മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. അതുപോലെ മറ്റു സ്റ്റേറ്റ് സർക്കാരുകളിൽനിന്നും കാര്യമായി സഹായങ്ങൾ ലഭിച്ചിട്ടില്ല. ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. മാത്രമല്ല അവരും പ്രളയ ദുരിതം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.

ജലപ്രളയത്തിൽ മുറിവേറ്റ ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച് ഫേസ്ബുക്കിൽ ഒരു വീഡിയോ കാണുകയുണ്ടായി. രക്ഷാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കവേ വയറ്റിൽ അഗാധമായി പരിക്കുപറ്റിയ ഒരു മത്സ്യത്തൊഴിലാളി തന്റെ അപകടത്തെപ്പറ്റിയും തനിക്കുള്ള ചീകത്സാ നിഷേധത്തെപ്പറ്റിയും  സാമൂഹിക പ്രവർത്തകയായ ഒരു യുവതിയോട് വിവരിക്കുന്നുണ്ട്. ചെങ്ങന്നുർ ഉള്ള ആറാട്ടുപുഴയിലെ 'രത്നകുമാർ' എന്ന മത്സ്യത്തൊഴിലാളിയെയാണ് ഗുരുതരമായ പരിക്കുകളോടെ സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കമുക് വന്നു വയറ്റിലിടിച്ചു അയാളുടെ വയറു നെടുനീളെ കീറിയിട്ടുണ്ടായിരുന്നു. കൈകാലുകൾക്ക് മറ്റു പരിക്കുകളുമുണ്ടായിരുന്നു. ചെങ്ങന്നൂരുള്ള പാണ്ടനാട് എന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയതാണ്.   രത്നകുമാറിന്റേത് ഒരു ദരിദ്രകുടുംബമാണ്. ആ കുടുംബത്തിന്റെ ഏക ആശ്രയവുമാണ്,അയാൾ. എഴുന്നേൽക്കാൻ പാടില്ലാത്ത ഒരു അവസ്ഥയിൽ അവശനായി കിടപ്പിലുമാണ്. സെന്റ് ഗ്രിഗോറിയോസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ അധികാരികൾ അദ്ദേഹത്തെ പരിശോധിക്കാനോ 'സ്‌കാൻ' ചെയ്യാൻ പോലുമോ തയ്യാറായില്ല. ചീകത്സിക്കാനായി ഭീമമായ പണവും ചോദിച്ചു. രൊക്കം ഉടൻതന്നെ 9000 രൂപ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറോളം അവിടെനിറുത്തിയ ശേഷം ചീകാത്സിക്കാതെ പറഞ്ഞുവിട്ടു. അനേകരുടെ ജീവൻ രക്ഷിച്ച ഈ മനുഷ്യനോട് ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് ഹോസ്‌പിറ്റൽ പെരുമാറിയത്. ഒടുവിൽ രമേശ് ചെന്നിത്തലയുടെ സഹായത്തോടെ ഈ മത്സ്യത്തൊഴിലാളിയെ മറ്റൊരു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയം കളിക്കുന്നതുകൊണ്ടു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രയോജനമുണ്ടാവുകയില്ല. മനുഷ്യത്വമായിരിക്കണം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സത്ത. മത രാഷ്ട്രീയങ്ങൾ ഉപേക്ഷിച്ച് മനുഷ്യ ജീവിതം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കേരളത്തിൽ അങ്ങോളമിങ്ങോളം ദുരിതാശ്വാസ പ്രവർത്തകർ. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആർക്ക് അതിന്റെ ക്രെഡിറ്റ് വേണമെന്ന പ്രസ്താവനകളുമായി രാഷ്ട്രീയ വിമർശകർ വാദമുഖങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. ദുരിത മേഖലകളിലെ അപകടം തരണം ചെയ്തതോടൊപ്പം ബോധമുള്ളവരാരും മതമേത്, രാഷ്ട്രീയമേത്, സാമ്പത്തിക സ്ഥിതികൾ എന്നിങ്ങനെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ആരാണ് രക്ഷിച്ചതെന്നും ആരുടേയും മനസ്സിൽ വന്നില്ലായിരുന്നു. അവിടെ ഓരോരുത്തരുടെയും മുമ്പിൽ അവതരിച്ചത് മനുഷ്യത്വമായിരുന്നു. പ്രകൃതിയുടെ വികൃതിയോ, മനുഷ്യ നിർമ്മിതമായ പ്രളയമോ അല്ലായിരുന്നു പ്രശ്‍നം. ആരെ, ഏതു ജാതിയെ, ഏതു രാഷ്ട്രീയക്കാരനെ രക്ഷിക്കുകയെന്ന പരിഗണനയായിരുന്നില്ല, ജീവനു പരിരക്ഷ നല്കുകയെന്നതായിരുന്നു മുൻഗണന. അപകട മേഖലയിൽ നിന്ന് സുരക്ഷിതമായ മേഖലയിൽ എത്തിക്കുകയെന്ന രക്ഷാദൗത്യം ഉത്തരവാദിത്വത്തോടെ നടത്തിക്കൊണ്ടിരുന്നു.

ദേശീയ തലങ്ങളിൽ ദുരിതം സംഭവിക്കുന്ന സമയങ്ങളിലെല്ലാം സാധാരണ ദുരിത നിവാരണ പ്രവർത്തനത്തിന് ഇന്ത്യൻ പട്ടാളത്തിന്റെ സഹായം തേടാറുണ്ട്. വിമാനത്തേൽ ഭക്ഷണം എത്തിക്കുക, ആൾക്കാരെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു രക്ഷിക്കുക മുതലായ രക്ഷാപ്രവർത്തങ്ങളിൽ അവർ ഏർപ്പെടുന്നു. ഇത്തരം ദുരിത നിവാരണ പ്രവർത്തനങ്ങൾ നടത്താനായി വ്യാവസായ കമ്പനികളുമായി സഹകരിച്ചാൽ ഉത്തമമായിരിക്കും. ധർമ്മ പ്രവർത്തനങ്ങൾക്കായി കമ്പനികൾ ഒരു നിശ്ചിച്ച തുക നീക്കി വെക്കാറുണ്ട്. പത്തു ബില്യൺ രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യവസായങ്ങൾ രണ്ടു ശതമാനം ചാരിറ്റബിൾ സഹായങ്ങൾക്കായി വിനിയോഗിക്കണമെന്നു കേന്ദ്ര നിയമമുണ്ട്. ഈ ഫണ്ട് ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായും പ്രായോഗിക പരിശീലനങ്ങൾക്കായും വിനിയോഗിക്കുന്നതും യുക്തമായിരിക്കും. സമൂഹത്തിലുള്ള എല്ലാ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പരിശീലനം നൽകാം. സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസുകാർ, കമ്പനി ജോലിക്കാർ, വിദ്യാർത്ഥികൾ, എന്നുവേണ്ട സാധാരണ പൗരമാർക്കെല്ലാം അത്തരം പരിശീലനങ്ങൾ നൽകിയാൽ ഭാവിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമാകും.

'ജൈസ്'വൽ കെ.പി.' എന്ന ഒരു യുവാവിന്റെ രക്ഷാപ്രവർത്തന രീതി സോഷ്യൽ മീഡിയാകളിൽ വൈറൽ ആയി പ്രചരിച്ചിരുന്നു. അയാൾ വെള്ളത്തിൽ കമിഴ്ന്നു കിടന്നു കൊണ്ട് തന്റെ 'പുറം ശരീരം' ചവിട്ടു പലക പോലെ സ്ത്രീകൾക്ക് ബോട്ടിൽ ചവുട്ടി കയറാൻ നൽകി. മലപ്പുറം സ്ത്രീകൾ അയാളുടെ പുറത്തു ചവിട്ടിക്കൊണ്ടു ബോട്ടിൽ കയറുന്ന കാഴ്ച കൗതുകകരവും മനസിനെ വേദനിപ്പിക്കുന്നതുമായിരുന്നു. ജൈസ്'വല്ലിന്റെ ഉടലും തലയും വെള്ളത്തിൽ മുങ്ങിയുമിരിക്കുന്നു. മലപ്പുറത്തുള്ള ഒരു ഗ്രാമത്തിലെ നാല് യുവാക്കളുടെ വിസ്മയകരമായ രക്ഷാപ്രവർത്തനം ഈ യുവാവിനെ പ്രസിദ്ധനാക്കുകയും ചെയ്തു. സ്ത്രീകളെ ബഹുമാനിച്ചുകൊണ്ട് സ്വന്തം പുറംപോലും രക്ഷാപ്രവർത്തനത്തിന് നൽകിയ നാടിന്റെ ധീര യുവാക്കളെയും നമിക്കാതെ വയ്യ.

മത്സ്യത്തൊഴിലാളികൾ ജീവൻ പണയം വെച്ചും ബോട്ടുകളുമായി ഉൾനാടുകളിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. കേരളത്തിന് അവരോടുള്ള കടപ്പാട് എത്രമാത്രമെന്നും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരു ബോട്ടിൽ നാൽപ്പത് നാൽപ്പത്തിയഞ്ച് ജനങ്ങളെ കയറ്റി രാത്രിയും പകലുമില്ലാതെ രക്ഷിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും വിശ്രമിക്കാതെ അവർ ആയിരങ്ങളുടെ ജീവൻ രക്ഷിച്ചു. ജീവിക്കാൻ പോലും ആവശ്യത്തിന് വരുമാനമില്ലാത്ത പാവപ്പെട്ട തൊഴിലാളികളായിരുന്നു അവരിൽ ഏറെയും. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളുമായി കടലിന്റെ മക്കൾ വന്നെത്തുമ്പോൾ വെള്ളത്തിൽ കുടുങ്ങി കിടക്കുന്ന, ജീവനു വേണ്ടി കാത്തിരിക്കുന്ന അബാലവൃദ്ധ സ്ത്രീ ജനങ്ങളുടെ കണ്ണുകളിൽ കണ്ണുനീർത്തുള്ളികൾ പൊഴിഞ്ഞു വീഴുമായിരുന്നു. ലോക മാദ്ധ്യമങ്ങളും ബിബിസിയും മത്സ്യത്തൊഴിലാളികളുടെ പ്രളയ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു.







Jaisal KP,







No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...