Tuesday, August 7, 2018

ഓണവും ആഘോഷങ്ങളും പൗരാണിക സങ്കൽപ്പങ്ങളും




ജോസഫ് പടന്നമാക്കൽ 

ഓണം, കേരള ജനതയുടെ പാരമ്പര്യമായ മഹോത്സവവും വിശുദ്ധമായി കൊണ്ടാടുന്ന ഒരു സാമൂഹിക ആചാരവുമാണ്. മലയാളികളുടെ മനം കവരുന്ന ഏറ്റവും വലിയ ആഘോഷമാണിത്. ജാതി മത ഭേദ മേന്യേ മനുഷ്യരെല്ലാം ഒന്നാണെന്നുള്ള സങ്കൽപ്പമാണ് ഓണത്തിന്റെ സന്ദേശത്തിലുള്ളത്. ലോകത്തുള്ള നാനാവിധ സംസ്ക്കാരങ്ങളിൽ ജീവിക്കുന്ന എല്ലാ മലയാളികളും മഹാബലിയെ ഹൃദയപൂർവം കൈനീട്ടി സ്വീകരിക്കുന്നു. ചരിത്രവഴികളിൽക്കൂടി തന്നെ മഹാബലിയുടെ ചൈതന്യം കേരള ജനതയുടെമേൽ നിത്യവും പ്രകാശിക്കുകയും ചെയ്യുന്നു. മഹാബലിയുടെ കാലത്ത് മനുഷ്യരെല്ലാം ഐശ്വര്യത്തിലും സത്യത്തിലും ശാന്തിയിലും ജീവിച്ചുവെന്ന സങ്കൽപ്പമാണുള്ളത്.

മലയാളം കലണ്ടറിൽ കൊല്ലവർഷം ആദ്യത്തെ മാസമായ ചിങ്ങമാസത്തിലാണ് ഓണാഘോഷ പരിപാടികൾ ആഘോഷിക്കാറുള്ളത്. പത്തു ദിവസം ആഘോഷമാണ് ഓണത്തിനുള്ളത്. അത്തം മുതൽ തുടങ്ങുന്ന പരിപാടി പത്താം ദിവസം തിരുവോണത്തിൽ അവസാനിക്കുന്നു. ഓണം ആഘോഷിക്കുന്നതിൽക്കൂടി ഒരു അസുരനായ രാജാവിനെ ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഐതിഹ്യ കഥയനുസരിച്ച് തിരുവോണമെന്നാൽ മഹാബലിയുടെ ആത്മാവ് കേരളം ഒന്നാകെ തന്റെ പ്രിയപ്പെട്ട പ്രജകളെ സന്ദർശിക്കാൻ വന്നെത്തുന്നുവെന്നുള്ളതാണ്. ഓരോ തരം നിറമാർന്ന ആഘോഷങ്ങൾ വഴി അദ്ദേഹത്തെ കേരളമൊന്നാകെ സ്വീകരിക്കുന്നു.

പഴങ്കാലങ്ങളിലുണ്ടായിരുന്ന ഓണവും ആധുനിക കാലങ്ങളിലെ ഓണവും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ട്. ഒരു പക്ഷെ കുട്ടിക്കാലത്ത് നാം പഠിക്കുന്ന വേളയിൽ പ്രതീക്ഷകളോടെ കാണുന്ന ദിനങ്ങൾ പത്തു ദിവസമുള്ള ഓണ അവധിയായിരിക്കും. അതിനുമുമ്പ് ഓണപ്പരീക്ഷയെന്ന ഒരു കടമ്പയും കടന്നാലേ ആ വർഷമുള്ള ക്ലാസ് കയറ്റത്തിന് അർഹമാകുമായിരുന്നുള്ളൂ. പരീക്ഷയിൽ പലതും കാണാപാഠം പഠിക്കാനുള്ള ശ്രമത്തിനു ശേഷമുള്ള ഓണ അവധി കുട്ടികളുടെ മനസിന് ഉന്മേഷം നൽകുമായിരുന്നു.

അക്കാലത്തെ ഗ്രാമത്തിലെ ചെറു റോഡുകൾ മുഴുവൻ പൊടിപടലങ്ങൾ നിറഞ്ഞതായിരുന്നു.  കാളവണ്ടികൾ ധാരാളം പൊതുനിരത്തിൽക്കൂടി ഓടിയിരുന്നു. അതിരാവിലെ എഴുന്നേറ്റു കുട്ടികൾ   കുട്ടയിൽ ചാണകം പെറുക്കുന്ന കാഴ്ചകളും പതിവായിരുന്നു. കാറുകൾ വളരെ വിരളം. ചരക്കു ലോറികളും റോഡുകളിൽ കാണാമായിരുന്നു. ബസുകൾ ദിവസത്തിൽ മൂന്നോ നാലോ പ്രാവിശ്യം ഓടിയെങ്കിലായി. കാൽ നടക്കാരായിരുന്നു അധികവും. കുട്ടി നിക്കറും ഇട്ടുകൊണ്ട് സൈക്കിൾ ടയറും ഉരുട്ടി അന്നത്തെ ഗ്രാമത്തിലെ റോഡുകളിൽക്കൂടി ഓടിക്കുന്നതും മനസിൽക്കൂടി പാഞ്ഞെത്തുന്നുണ്ട്. വഴികളിൽ ഒരു ജീപ്പ് കണ്ടാൽ അതിന്റെ പുറകേയോടുന്ന കുട്ടിക്കാലവും ഓർമ്മയിലുണ്ട്. ജീപ്പുകളിലും ഉന്തുവണ്ടികളിലും ലൗഡ് സ്പീക്കറുടെ സഹായത്തോടെ സിനിമാ പരസ്യമായി നോട്ടീസുകൾ വിതരണം ചെയ്യുമ്പോൾ അത് ലഭിക്കാനുള്ള ഓട്ടവും ഗ്രാമീണ ബാലന്മാരുടെ ഹരമായിരുന്നു. പരസ്യ വിപണികൾ പ്രാബല്യമല്ലാതിരുന്ന അക്കാലത്ത് ചെണ്ട കൊട്ടിക്കൊണ്ടു ഓണ സിനിമാ നോട്ടീസുമായി വഴികളിൽ എത്തുന്നവരുടെ കൈകളിൽ നിന്നും നോട്ടീസ് ലഭിക്കുകയെന്നതും വലിയ സന്തോഷത്തിനു ഇടം നൽകിയിരുന്നു.

ഓലപ്പുരകളായിരുന്നു ഭൂരി ഭാഗം പേരുടെയും വീടുകൾ. ഓടിട്ട വീടുകൾ ചുരുക്കം. ഇന്ന് റോഡുകൾ ടാർ ചെയ്തു വീതി കൂട്ടി. കോൺക്രീറ്റ് കെട്ടിടങ്ങൾ നാട് മുഴുവൻ നിറഞ്ഞു കഴിഞ്ഞു. പണ്ടുണ്ടായിരുന്ന നമ്പൂതിരി, ബ്രാഹ്മണ ഇല്ലങ്ങൾ മുഴുവൻ മൺകൂനകൾ പോലെ ഇടിഞ്ഞു പൊളിഞ്ഞു. അനന്തരാവകാശികൾ പഴയ ഇല്ലങ്ങൾക്കൊന്നും ഇല്ലാതായി. പലരുടെയും 'ആൽ മരങ്ങൾ' നട്ടുവളർത്തിയിരുന്ന തറകൾ കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിലായി. നെൽപ്പാടങ്ങൾ കൃഷികൾ ഇറക്കാതെ വരണ്ട ഭൂമികളായി തീർന്നു. ശുദ്ധജലം നിറഞ്ഞു നിന്നിരുന്ന തെളിമയാർന്ന അമ്പലക്കുളങ്ങളുടെ പവിത്രതയും ഇല്ലാതായി. അക്കാലത്തുണ്ടായിരുന്നവരിൽ ഭൂരിഭാഗവും യാഥാസ്ഥിതികരായിരുന്നു. അവർ പരസ്പ്പരം സ്നേഹിച്ചിരുന്നു. മൂക്കുത്തി പൂവും ചെമ്പരത്തി പൂവും പറിക്കാൻ പെൺകുട്ടികൾ ഓടി നടക്കുമായിരുന്നു. എവിടെ നോക്കിയാലും മലരണിക്കാടുകൾ തിങ്ങി നിറഞ്ഞിരുന്നു. നെറ്റിയിൽ ചന്ദനവും ചാർത്തി കൈകളിൽ പ്രസാദവുമായി ഓണപ്പുടവയും ഉടുത്തുകൊണ്ടു നീണ്ട, പിന്നിയ, കാർകൂന്തലുമായി അമ്പലത്തിൽ നിന്നും ഇറങ്ങിവരുന്ന തരുണിമാർ കേരളനാടിനൊന്നാകെ അലങ്കാര ഭൂഷണമായിരുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെയും അസുര രാജാവായ മഹാബലിയുടെയും ഐതിഹ്യ കഥയെ അടിസ്ഥാനമാക്കിയാണ് കേരള ജനത ഓണം ആഘോഷിച്ചു വരുന്നത്. എന്നാൽ ഭാഗവതത്തിലെ വാമനനും മഹാബലിയുമായി ഓണാഘോഷങ്ങൾക്ക് ബന്ധം കാണുന്നില്ല. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെ ഒരു വില്ലന്റെ രൂപത്തിലാണ് മലയാളികൾ സങ്കൽപ്പിച്ചിരിക്കുന്നത്. ഓണാഘോഷങ്ങൾ പുരാണത്തിലെ താത്ത്വിക ചിന്തകളുമായി വളരെയധികം അകന്നു നിൽക്കുന്നു.

ഓണം മഹാബലിയെന്ന ഒരു പരിത്യാഗചക്രവർത്തിയുടെ ഓർമ്മയ്ക്കായുള്ളതാണ്. ഇതിഹാസപുരുഷനായ മഹാബലിയെ കേരള ജനത അത്യധികം ആദരവോടെ ബഹുമാനിക്കുന്നു. മഹാബലിയെ സമർപ്പണത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. മലയാളികളെല്ലാം ഒന്നാണെന്നുള്ള ഒരു സാമൂഹിക ബോധം ഓണം ആഘോഷിക്കുന്നതിൽക്കൂടി ലഭിക്കുന്നു. ജനമനസുകളിൽ ചൈത്യന്യം മുറ്റിനിൽക്കുന്ന ആദ്ധ്യാത്മിക ചിന്തകളും പുഷ്ടിപ്പെടുത്തുന്നു. എന്നാൽ വിദേശ പണ്ഡിതരുടെ കൃതികളിൽ ഓണത്തിന് അദ്ധ്യാത്മികമായ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. അവർ ഓണത്തെ കൊയ്ത്തുകാല ഉത്സവമായി മാത്രമേ കരുതിയിരുന്നുള്ളൂ.

ഒരു ശരിയായ ഭക്തൻ ദൈവത്തെ ഭയപ്പെടില്ല. കാരണം, ഭാരത സംസ്ക്കാരവും വൈദിക തത്ത്വങ്ങളും അദ്വൈതവും പഠിപ്പിക്കുന്നത് 'ഞാനും ദൈവവും ഒന്നാണെ'ന്നാണ്. 'അതായത് 'തത് ത്വം അസി'. (അത്) ബ്രഹ്മം നീ തന്നെ. വാഗ്ദാനങ്ങൾ മഹാബലിക്ക് പാലിക്കാൻ സാധിച്ചില്ല. മൂന്നടി സ്ഥലവും നൽകാൻ സാധിച്ചില്ല. മഹാവിഷ്ണു മഹാബലിയെ അനുഗ്രഹിച്ചു. മഹാബലിയുടെ മനസ് സ്വർഗത്തോളം ഉയർത്തി. ഭാഗവതത്തിൽ മഹാബലിയെപ്പറ്റി വിവരിച്ചിരിക്കുന്ന കഥയിൽ മഹത്തായ ഒരു തത്ത്വത്തെ അവിടെ വിലയിരുത്തുന്നു.

മഹാബലിയിൽ സ്വാർത്ഥത പരിത്യജിച്ചിരിക്കുന്നു. ധനവും സന്തോഷവും ഒരു പോലെ ചുറ്റുമുള്ളവർക്കായി വീതിക്കുന്നു. ഒരുവന്റെ ഹൃദയ വിശാലമായ മനസാണ് ലോകത്തിലേക്കും വെച്ച് വലിയ ധനമെന്നു മഹായാഗം നടത്തിയ മഹാബലിയിൽക്കൂടി നാം പഠിക്കുന്നു. മനസ്സ് നഷ്ടപ്പെടുന്നുവെങ്കിൽ നമുക്കെല്ലാം നഷ്ടപ്പെടുന്നു. മനസിനെ പുഷ്ടിപ്പെടുത്തുന്നുവെങ്കിൽ നാം എല്ലാം നേടുന്നു. ദൃഢമായ മനസോടെയുള്ള മഹാബലി ഒരിക്കലും തന്റെ മനസിന്റെ താളനില തെറ്റാൻ അനുവദിച്ചിരുന്നില്ല. ഔചിത്യമേറിയ ഈ പഠനം കാലത്തിനനുസരിച്ചും പ്രസക്തമാണ്. കാരണം ഭൂരിഭാഗം പേരും നമ്മുടെ മനസിന്റെ ശക്തിയെ ഗ്രഹിക്കുന്നില്ല. മനസെന്ന മായാ ചിന്തകളെ ഭയപ്പെടുന്നു. ദൈവം നമ്മോടൊപ്പം ഉണ്ടെന്ന് മതങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ബുദ്ധിയും വിവേകവും അറിവും സ്വരൂപിച്ച് മനസിനെ ദൃഢമാക്കുക, ശക്തമാക്കുക എന്ന സന്ദേശമാണ് മഹാബലിയുടെ ത്യാഗത്തിൽക്കൂടി മനസിലാക്കേണ്ടത്. അതിനെ ദൈവിക വരദാനമെന്നു പറയാൻ സാധിക്കുന്നു.

പ്രത്യേകമായ ഒരു കാഴ്ചപ്പാടോടെ ജീവിതത്തെ ദർശിക്കാനും മഹാബലി പഠിപ്പിക്കുന്നു. 'മഹാബലി സ്വയം ദൈവത്തിന് അർപ്പിതമായപ്പോൾ ദൈവവുമായി ഐക്യം പ്രാപിച്ചു 'ഏകതാ'  കൈവരിക്കുകയായിരുന്നു. അവിടെ മനസും ദൈവവും ഒന്നാകുന്നു. പിന്നീട് പിന്തിരിയാൻ പാടില്ല. കഴിഞ്ഞതിനെപ്പറ്റി പരിതപിക്കുകയും അരുത്. അങ്ങനെയെങ്കിൽ നമ്മുടെ മനസുകൾ മുമ്പോട്ട് ചലിച്ചുകൊണ്ടിരിക്കും. അപ്പോൾ നാം കണ്ടെത്തുന്ന പരമ സത്യത്തെയാണ് ദൈവമെന്നു പറയുന്നത്.' (റഫ്: സ്വാമി ഉദിത് ചൈതന്യ പ്രഭാഷണങ്ങൾ)

ഓണത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങളും ഐതിഹ്യ കഥകളും വിദേശികൾ സൃഷ്ടിച്ചുവെന്നു ചില ഹിന്ദു പണ്ഡിതർ അഭിപ്രായപ്പെടുന്നു. അസുര, ദ്രാവിഡ കുലങ്ങൾക്കെതിരെയുള്ള ബ്രാഹ്‌മണ മേധാവിത്വത്തെ പുച്ഛിച്ചു തള്ളുന്നതിന് വിദേശികൾ വാമനന്റെ കഥ മനഃപൂർവം സൃഷ്ടിച്ചതുമാകാം! അവിടെ ഒരു കുരുടൻ ബ്രാഹ്മണനായ വാമനനെ കഥാപാത്രമായി സൃഷ്ടിച്ചിരിക്കുന്നു. അസുര രാജാവായ മഹാബലിയെ പാതാളത്തിലേക്ക് ശിക്ഷിച്ചയച്ചെന്ന കഥ പ്രചരിപ്പിക്കാനാണ് വിദേശികൾ ശ്രമിച്ചത്. ഒരു പക്ഷെ ഇത് കേരള സംസ്ക്കാരത്തിന് തന്നെ അപമാനകരമായ കഥയായി കരുതുന്നു. മഹാബലിയുടെ മഹത്തായ ത്യാഗത്തെ അപകീർത്തിപ്പെടുത്തുകയും അതോടൊപ്പം ദൈവമായ മഹാവിഷ്ണു അവതാരത്തെ പരിഹസിക്കുകയും ചെയ്യുന്ന രീതികളിലുള്ള വിശ്വാസമാണ് കേരളജനതയ്ക്കുള്ളത്.

വൈഷ്‌ണവ പുരാണം അനുസരിച്ച് മഹാബലി എന്ന അസുരദേവൻ ദൈവങ്ങളെ തോൽപ്പിച്ച് മൂന്നു ലോകങ്ങളെയും കീഴടക്കി അധികാരം കയ്യടക്കിയെന്നുള്ളതാണ്. ചക്രവർത്തി മഹാബലിയുടെ പ്രസിദ്ധി വർദ്ധിക്കുന്നതിൽ ദൈവങ്ങൾ ആകുലരായിരുന്നു. ദേവ ഗണങ്ങൾ ഒന്നിച്ചു കൂടി മഹാവിഷ്ണുവിനോട് അസുര ദേവനായ മഹാബലിയെ കീഴ്പ്പെടുത്താൻ സഹായം അഭ്യർത്ഥിച്ചു. വിഷ്ണു, ദേവ ഗണങ്ങളെ സഹായിക്കാമെന്ന് സമ്മതിച്ചെങ്കിലും മഹാബലിയുമായി ഒരു തുറന്ന യുദ്ധത്തിന് തയ്യാറായിരുന്നില്ല. കാരണം, മഹാബലി മഹാവിഷ്ണുവിന്റെ തികഞ്ഞ ഒരു ഭക്തനായിരുന്നു. ദേവന്മാരെ മഹാബലിക്കെതിരെ ഒരു തുറന്ന യുദ്ധത്തിന് സഹായിക്കുന്നതിനു പകരം വിഷ്ണു ഒരു മുണ്ടനായ സാധു ബ്രാഹ്മണന്റെ രൂപത്തിൽ രൂപാന്തരം പ്രാപിച്ചു. അത് വിഷ്ണുവിന്റെ വാമനാവതാരമായി അറിയപ്പെടുന്നു. കുറിയവനായ ഈ ബ്രാഹ്മണൻ മഹാബലിയെ സന്ദർശിച്ചുകൊണ്ടു ആഗ്രഹങ്ങൾ അറിയിച്ചു. മൂന്നു കാൽപ്പാദങ്ങളുടെ വിസ്തൃതിയിലുള്ള സ്ഥലമാണ് മഹാബലിയോട് ആവശ്യപ്പെട്ടത്. മഹാബലി ബ്രാഹ്മണന്റെ ആഗ്രഹങ്ങൾക്കു കീഴ്വഴങ്ങി സ്ഥലം അളന്നെടുത്തുകൊള്ളാൻ പറഞ്ഞു. പരമശക്തനായ അവതാര മൂർത്തി ദൈവത്തിനോടാണ് ഈ ഇടപാട് നടത്തുന്നതെന്ന കാര്യം മഹാബലിക്ക് വ്യക്തമല്ലായിരുന്നു. ഇതാണ് തൃപ്പൂണിത്തറയിൽ നിന്നാരംഭിക്കുന്ന 'അത്തം' എന്ന ആഘോഷത്തിന്റെ ആരംഭം. അവിടെ മഹാബലിയുടെ ഔദാര്യ മനസിനെ പരീക്ഷിക്കാൻവന്നെത്തിയ വാമനനെയും ആദരിക്കുന്നു.

വാമനരൂപത്തിൽ വന്ന കുറിയവനായ ബ്രാഹ്മണൻ മഹാബലിയുടെ സാന്നിദ്ധ്യത്തിൽ വളരാൻ തുടങ്ങി. വാമനൻ രണ്ടു കാൽപ്പാദങ്ങൾ പൊക്കി ചുവടുവെച്ചപ്പോഴേക്കും പാദങ്ങളുടെ വളർച്ച മഹാബലിയുടെ രാജ്യാതിർത്തിയോളമായി. സ്ഥലം തികയാഞ്ഞതിനാൽ മൂന്നാമത്തെ ചുവടുകൾ വെക്കാനായി മഹാബലി തന്റെ തലയെ വാമനന്റെ മുമ്പിൽ അർപ്പിച്ചു കൊടുത്തു. അങ്ങനെ വാമനൻ സമ്മതിക്കുകയും തന്റെ കാൽപ്പാദങ്ങൾ മഹാബലിയുടെ തലയിൽ വെച്ചു പാതാളത്തിലേക്ക് അയക്കുകയും ചെയ്തു. മഹാബലിയുടെ വിഷ്ണു ഭക്തി മൂലം അദ്ദേഹത്തെ വർഷത്തിൽ ഒരിക്കൽ തന്റെ രാജ്യത്തുള്ള പ്രജകളെ സന്ദർശിക്കാനുള്ള അനുവാദം വിഷ്ണുരൂപമായ വാമനൻ നൽകുകയും ചെയ്തു.

മഹാബലിയെ അവതരിപ്പിക്കുന്നത് ഔദാര്യ നിധിയും സാമൂഹിക വിപ്ലവകാരിയുമായ ഒരു രാജാവായിട്ടാണ്. അദ്ധ്യാത്മികതയുടെ പരിപൂർണ്ണതയിൽ ഭൗതികമായി തനിക്കുള്ളതെല്ലാം, താൻ നേടിയതെല്ലാം ഈശ്വരന് മഹാബലി അർപ്പിക്കുന്നു. അവസാനം സ്വയം മഹാവിഷ്ണുവിന്റെ പാദത്തിങ്കൽ മഹാബലി വീഴുകയാണ് ചെയ്യുന്നത്. ഇവിടെ വേഷപ്രച്ഛന്നനായ ദൈവത്തെ കാപട്യത്തിന്റെ മുഖമാണ് കാണിക്കുന്നതെങ്കിലും മഹാബലി ദൈവമാകുന്ന സത്യത്തെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. അദ്ദേഹം ഭയരഹിതനായി, ധീരതയോടെ മഹാവിഷ്ണുവിന്റെ മുമ്പിൽ പാദങ്ങളെ നമസ്ക്കരിച്ചു ബലിയായി തീർന്നു. ഒരു അസുരൻ എന്നതിൽ ഉപരി മഹാബലി പ്രജാ വാത്സല്യം ഉള്ളവനും ഔദാര്യ നിധിയും, സർവ്വരോടും ദയ പ്രകടിപ്പിക്കുന്ന രാജാവുമായിരുന്നു. അദ്ദേഹത്തിൻറെ ഭരണകാലം കേരളത്തിലെ സുവർണ്ണ കാലമെന്നു കണക്കാക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻറെ മടങ്ങി വരവിനെ ആഘോഷമായി തലമുറകളായി കേരളജനത കൊണ്ടാടുന്നത്.

'വാമന' എന്ന വാക്ക് കേരളസംസ്ക്കാരവുമായി ഒത്തുപോവുന്നതും വളരെയധികം പ്രാധാന്യം അർഹിക്കുന്നതുമാണ്. വാമന എന്ന പദത്തിൽ കാലവും ധ്വാനിക്കുന്നു. നന്മയും തിന്മയും കാലത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു ഓരോ വ്യക്തിയിലും വാമനൻ ചുറ്റപ്പെട്ടിട്ടുണ്ട്. അതായത് 'വാ' എന്നാൽ കൊണ്ട് വരുക, മനം എന്നാൽ അനുഭവ ജ്ഞാനം അല്ലെകിൽ സ്വാനുഭവം എന്നുമാകാം. ജ്ഞാനം നമ്മിൽ ആവഹിക്കട്ടെയെന്ന അർത്ഥധ്വാനി ഈ വാക്കിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. ശ്രീമദ് ഭാഗവതത്തിൽ മഹാബലിയെ ശിക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല. പാതാളത്തിൽ അയച്ചെന്നും സൂചിപ്പിച്ചിട്ടില്ല. വാമനനെയും മഹാബലിയെയും ഒന്നുപോലെ ആദരിക്കുന്ന ഒരു മഹോത്സവമായി ഓണത്തെ കരുതണമെന്നുള്ള അഭിപ്രായങ്ങളും നവീകരണ ഹിന്ദുക്കളിൽ ശക്തമാകുന്നുണ്ട്. ഓണ സദ്യയും ഓണക്കളികളും സാമൂഹികമായി നാം ഒന്നാണെന്നുള്ള ബോധം ജനിപ്പിക്കുന്നു. പൂക്കൾ കൊണ്ടുള്ള നിരകൾ നിരവധി മനസുകളെ സൂചിപ്പിക്കുന്നു. അതെല്ലാം ഒരേ ദൈവത്തിന്റെ പ്രതിഫലനങ്ങളാണ്. സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ അതിൽ ഒരു മനോഹാരിതയുണ്ട്. അങ്ങനെ ഓണം എന്നുള്ളത് വൈവിധ്യങ്ങളിൽ 'ഏകതാ' മനോഭാവം സൃഷ്ടിക്കുന്നു.

കൊച്ചിയിലുള്ള തൃക്കാക്കര അമ്പലം വാമനന്റെ പേരിൽ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. കൊടി മരം ഉയർത്തലോടെ അവിടെ ആഘോഷങ്ങൾ ആരംഭിക്കുന്നു. കൂടെ കൂത്താട്ടങ്ങളും പ്രാചീന രീതികളിലുള്ള ഡാൻസുകളും ഉണ്ടായിരിക്കും. വാമനനെ ഡ്രസ്സുകൾ അണിയിച്ചുകൊണ്ടു എഴുന്നള്ളിക്കുന്ന ചടങ്ങുകളുമുണ്ട്. 'പുലിക്കളി' ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രസിദ്ധമായ ഒരു ഓണക്കളിയാണ്.

ഒരുവനു ദൃഢമായ മനസ്സുണ്ടെങ്കിൽ അവന്റെ മനസ് സദാ ചലിക്കുന്നത് ദൈവത്തിങ്കലേക്കെങ്കിൽ സമയമാകുമ്പോൾ ഓരോരുത്തരും ആദരണീയരാകും. നാം തന്നെ ദൈവത്തോളം ഉയരും. അതുകൊണ്ടു നമ്മുടെ മനസ്സ് മഹാബലിയെപ്പോലെ ദൈവികമായി ചലിക്കട്ടെയെന്നും ഹൈന്ദവ ഗുരുക്കളുടെ പ്രസംഗങ്ങളിൽ കേൾക്കാം. സ്വാർത്ഥതയും അഹങ്കാരവും നമ്മിൽ കുടികൊള്ളുന്നുണ്ടെങ്കിൽ അങ്ങനെയുള്ള മനസ് അപമാനിതരാകും. സമൂഹം തിരസ്ക്കരിക്കും. നേരെ മറിച്ച് ചുറ്റുമുള്ളവരും നമ്മുടെ മനസിനെ ബഹുമാനിക്കണമെങ്കിൽ മഹാബലിയെപ്പോലെ ലളിതവും മനോഹരവുമായ ജീവിതം പടുത്തുയർത്തേണ്ടതായുമുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട സുവർണ്ണ കാലത്തെ രാജാവിനെ സ്വീകരിക്കാനായി ജനങ്ങൾ വീടുകൾ തോറും പൂക്കളം ഉണ്ടാക്കുന്നു. ഓണസദ്യകൾ നടത്തുന്നു. പാരമ്പര്യമായുള്ള ഡാൻസ്, കൂത്തുകളികൾ, നാടൻ പാട്ടുകൾ മുതലായവകൾ ആഘോഷങ്ങളുടെ ഭാഗമാണ്. പലതരം കായിക വിനോദങ്ങൾ സംഘടിപ്പിച്ച് ഓണക്കളി ഗംഭീരമാക്കുന്നു. ഇന്നും പ്രജകൾ ഐശ്വര്യത്തിലും സന്തോഷത്തിലും ജീവിക്കുന്നുവെന്ന് മഹാബലിയെ അറിയിക്കുന്നതിനുവേണ്ടിയാണ് ഈ ആഘോഷങ്ങളെല്ലാം സംഘടിപ്പിക്കുന്നത്.  ഓണസദ്യയാണ് ഇതിൽ ജനങ്ങളെ കൂടുതലായും ആകർഷിക്കുന്നത്. സദ്യയിൽ ചോറ്, സാമ്പാർ, അവിയൽ, രസം, പായസം മുതലായവകൾ തിരുവോണം നാളിൽ വിളമ്പുന്നു.

'അത്തം' നാളോടെയാണ് ഓണം ആരംഭിക്കുന്നത്. പിന്നീട് പത്തു ദിവസങ്ങൾ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പവിത്രങ്ങളായ ദിനങ്ങളാണ്. രാവിലെ കുളിച്ച് അമ്പലത്തിൽ പോവുന്നു. മഹാബലി പാതാളത്തിലേക്ക് പോവുന്ന ഒരുക്കങ്ങളുടെ ആരംഭമായിട്ടാണ് അത്തം നാളുകൾ ആഘോഷിക്കുന്നത്. കേരളം മുഴുവൻ ഈ ദിവസത്തെ അത്തച്ചമയമെന്നു പറയും. കൊച്ചിക്കടുത്തുള്ള തൃപ്പുണിത്തറയിൽ നിന്ന് ഒരു ആഘോഷയാത്ര അന്നേ ദിവസമുണ്ടാകും. മഹാബലി ഈ ലോകത്തിൽ നിന്ന് അപ്രത്യക്ഷ്യമായത് ഈ ദിവസമാണെന്ന് കണക്കാക്കുന്നു. അത്തം നാളുകൾ മുതലാണ് പൂക്കൾ കൊണ്ടുള്ള കളങ്ങൾ ഉണ്ടാക്കാനാരംഭിക്കുന്നത്. പിന്നീട് പൂക്കളം ഓരോ ദിവസവും വലുതാകാൻ തുടങ്ങും. മഞ്ഞ പൂക്കളാണ് ഈ ദിവസത്തിൽ ഉപയോഗിക്കാറുള്ളത്. പൂക്കളുകൊണ്ടുള്ള ഡിസൈൻ വളരെ ലളിതമായി നിർമ്മിക്കുന്നു. രണ്ടാം ദിവസം 'ചിത്തിര' നാളിലാണ് വീട് ശുചിയാക്കുന്ന കർമ്മങ്ങൾ ചെയ്യുന്നത്. പൂക്കളത്തിൽ ഒരു രണ്ടാം നിര പൂക്കൾ കൂടി അന്നേ ദിവസം നിരത്തും. മൂന്നാം ദിവസം 'ചോതി' ദിനമായി കണക്കാക്കുന്നു. ചോതിയിൽ പൂക്കളത്തിനെ പല നിലകളാക്കി മനോഹരമാക്കുന്നു. പല തരം പൂക്കളും കളത്തിൽ നിരത്തുന്നു. കുടുംബം മൊത്തം സ്വർണ്ണാഭരണങ്ങളും പുതുവസ്ത്രങ്ങളും മേടിക്കാനായി ഷോപ്പിങ്ങും തുടങ്ങുന്നു. നാലാം ദിവസം 'വിശാഖം' നാളാണ്. ഇത് ഓണം നാളിൽ ഏറ്റവും പരിപാവനമായ ഒരു ദിനമായും കരുതുന്നു. ഓണം സദ്യയുടെ തുടക്കവും കുറിക്കുന്നു. ഓരോ അംഗവും വിഭവങ്ങൾ ഉണ്ടാക്കാൻ സഹകരിക്കുകയും ചെയ്യും. ഓരോ കുടുംബത്തിലും വ്യത്യസ്ത വിഭവങ്ങളാണ് വിളമ്പുന്നതെങ്കിലും 24 തരം ഡിഷുകൾവരെ കുടുംബങ്ങൾ തയ്യാറാക്കാറുണ്ട്. കൃഷി വിഭവങ്ങളുടെ മാർക്കറ്റ് തുറക്കുന്നത് ഈ ദിവസമാണ്. മാർക്കറ്റിൽ അന്ന് ഏറ്റവും തിരക്ക് കൂടിയ ദിവസവും ആയിരിക്കും.

അഞ്ചാം ദിവസമായ 'അനിഴം' നാളിലാണ് സാധാരണ വള്ളം കളി ഉത്സവം ആഘോഷിക്കുന്നത്. ആറാം ദിവസമായ 'ത്രിക്കട്ടയിൽ' പൂക്കളങ്ങളും വിസ്തൃതമാക്കുന്നു. അഞ്ചാറു വിവിധ തരം പൂക്കളുകൂടി അതിനൊപ്പം ചേർക്കുന്നു. കുടുംബങ്ങൾ വന്നു ചേരുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു. ഏഴാം ദിവസം 'മൂലം' നാളിൽ ഓരോ കുടുംബങ്ങളിലുമുള്ള ബന്ധുമിത്രാദികൾ പരസ്പ്പരം സൗഹാർദ സന്ദർശനങ്ങൾ നടത്തുന്നു. പാരമ്പര്യമായ സദ്യയും വിളമ്പുന്നു. അമ്പലങ്ങളും ഈ ദിവസത്തിൽ സദ്യകൾ വിളമ്പാറുണ്ട്. പുലിക്കളി, ഡാൻസ്, ചെണ്ടകൊട്ട്, കൂത്താട്ടങ്ങൾ എന്നിവകൾ ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. കൈകൊട്ടിക്കളിയും വിവിധ സ്ഥലങ്ങളിൽ കൊണ്ടാടുന്നു. ഊഞ്ഞാൽ കെട്ടുന്നതും ആഘോഷത്തിന്റെ ഭാഗമായിരിക്കും. മഹാബലിയെ സ്വീകരിക്കാൻ വാതിൽക്കൽ പുഷ്പ്പങ്ങൾ വിതറും.

എട്ടാം ദിവസം 'പൂരാടം' നാളിൽ മഹാബലിയുടെയും വാമനനന്റെയും പ്രതിമകൾ കൈകളിലേന്തി വീടിനു ചുറ്റും പ്രദക്ഷിണം നടത്തുന്നു. അതിനുശേഷം പ്രതിമകൾ പൂക്കളത്തിന്റെ നടുഭാഗത്ത് പ്രതിഷ്ഠിക്കുന്നു. അന്നേ ദിവസം മുതലാണ് മഹാബലി ഓരോരുത്തരുടെയും വീടുകൾ സന്ദർശിക്കാറുള്ളത്. പൂക്കളങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങളെ 'ഓണത്തപ്പൻ' എന്നു വിളിക്കപ്പെടുന്നു. പൂക്കളം വിസ്തൃതമാകുകയും നാനാതരം പൂക്കൾ കൊണ്ട് കളം അലംകൃതമാക്കുകയും ചെയ്യുന്നു. ഒമ്പതാം ദിവസം ഓണത്തിന്റെ 'ഉത്രാടം' നാളാണ്. തിരുവോണത്തിന്റെ സായം ദിനമായി ആ ദിവസത്തെ കണക്കാക്കുന്നു. പച്ചക്കറികൾ വാങ്ങുവാൻ  ഏറ്റവും അനുയോജ്യമായ ദിനവുമാണ്. തിരുവോണത്തിനാവശ്യമുള്ള പഴ വർഗ്ഗങ്ങളും ഉത്രാട ദിവസം വാങ്ങിക്കുന്നു. അതിനടുത്ത ദിവസം നാലു ദിവസത്തോളം മഹാബലി രാജാവ് രാജ്യം മുഴുവൻ കറങ്ങുമെന്ന് പാരമ്പര്യം പറയുന്നു. പ്രജകളെ ആ ദിവസങ്ങളിൽ അനുഗ്രഹിക്കുമെന്നുള്ള വിശ്വാസവും നിലനിൽക്കുന്നു.

'തിരുവോണ'മെന്നു പറയുന്നത് ഓണമാഘോഷത്തിന്റെ അവസാന ദിവസമാണ്. അന്നേ ദിവസം വീടുകൾ വൃത്തിയാക്കുന്നു. പ്രധാന കവാടത്തിൽ അരിപ്പൊടി വിതറിയിടുന്നു. നേരം വെളുക്കുമ്പോഴേ എല്ലാവരും കുളിച്ചണിഞ്ഞൊരുങ്ങും. പാവങ്ങൾക്ക് ധർമ്മം കൊടുക്കും. കുടുംബത്തിലെ മൂത്ത കാരണവത്തി മറ്റുള്ള അംഗങ്ങൾക്ക് പുത്തൻ വസ്ത്രങ്ങൾ സമ്മാനങ്ങളായി കൊടുക്കും. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും അലംകൃതമായ നിരവധി നിറമാർന്ന വൈദ്യുതി വിളക്കുകൾ തെളിക്കും. വെടിക്കെട്ടും ഉണ്ടാകും. വിഭവ സമൃദ്ധമായ ഓണം സദ്യ വിളമ്പുന്നതും അന്നാണ്. ഗ്രാമപ്രദേശങ്ങളിൽ ഉച്ചകഴിയുമ്പോൾ പാരമ്പര്യമായുള്ള കളികളും ഡാൻസും പാട്ടുകളും കൂത്തും അരങ്ങേറും. ഓണത്തോടനുബന്ധിച്ചുള്ള കായിക കളികൾ, മത്സരങ്ങൾ എന്നിവകൾ സംഘടിപ്പിക്കാറുണ്ട്. തിരുവാതിരക്കളി, കുമ്മാട്ടിക്കളി, പുലിക്കളി മുതലായവകൾ ഓണം നാളിൽ അരങ്ങേറുന്നു. വിശുദ്ധമായ ഈ ദിവസത്തിൽ സ്ത്രീ പുരുഷന്മാർ, കുട്ടികളടക്കം കുളിച്ചു ദേഹശുദ്ധി വരുത്തുന്നതോടെ ഓണം ആഘോഷത്തിന്റെ തുടക്കം കുറിക്കുന്നു. അതിനു ശേഷം പ്രാർത്ഥനകൾ ചൊല്ലും. പൂക്കളത്തിൽ പോയി പുതിയ പുഷ്പങ്ങൾ അർപ്പിക്കും. പുതിയ വേഷങ്ങൾ അണിയുന്നു. സസ്യാഹാര സദ്യക്കായി കുടുംബങ്ങൾ മൊത്തമായി സമ്മേളിക്കുകയും ചെയ്യുന്നു.

ചതിയുടെയും വഞ്ചനയുടെയും അനീതിയുടെയും പ്രതീകമാണ് വാമനൻ എന്ന് മലയാളികൾ കരുതുന്നു. ഉത്തരേന്ത്യൻ സംസ്ക്കാരം ബ്രാഹ്മണനായ വാമനനെ പുകഴ്ത്തുകയും ചെയ്യുന്നു. 'മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാം ഒന്നുപോലെ' എന്നുള്ളത്' മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടോടി പാട്ടാണ്. സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് വ്യവസ്ഥിതി മഹാബലിയുടെ രാജ്യത്ത് നടപ്പിലുണ്ടായിരുന്നു.  പ്രജകൾ പരസ്പ്പരം സ്നേഹിച്ചും സഹായിച്ചും അതിസന്തോഷത്തോടെ ജീവിച്ചിരുന്നു. സർവ്വവിധ പീഡനങ്ങളിൽനിന്നും അവർ സ്വതന്ത്രരായിരുന്നു. മാനസിക സമ്മർദ്ദമോ രോഗമോ പ്രജകളിൽ ഉണ്ടായിരുന്നില്ല. ശിശു മരണം കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. ആരും കള്ളം പറഞ്ഞിരുന്നില്ല. കളവും മോഷണവും കൊലയും രാജ്യത്തുണ്ടായിരുന്നില്ല. അയൽക്കാരനെ വഞ്ചിക്കുന്ന ഏർപ്പാടുണ്ടായിരുന്നില്ല. ജാതി വർണ്ണ വ്യത്യാസങ്ങളില്ലാഞ്ഞ ഒരു സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. ഓണത്തിന്റെ മഹത്തായ ഈ സന്ദേശത്തിൽക്കൂടി രാജ്യങ്ങളും സർക്കാരുകളും മാവേലിയുടെ ഭരണകാലങ്ങളെപ്പറ്റി പഠിച്ചു വിലയിരുത്തേണ്ടതായുമുണ്ട്.











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...