Wednesday, December 5, 2018

ഹിന്ദു സംസ്ക്കാരവും വിശ്വാസങ്ങളും താത്ത്വിക ചിന്തകളും


ജോസഫ് പടന്നമാക്കൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉദയം ചെയ്ത ഹിന്ദുമതം അഥവാ സനാതന ധർമ്മം ലോകത്തിലെ പ്രധാന മൂന്നു മതങ്ങളിലൊന്നായി നിലകൊള്ളുന്നു. നിരവധി തത്ത്വ ചിന്തകളും വിശ്വാസങ്ങളും ആചാരങ്ങളും ഈ മതം ഉൾക്കൊണ്ടിരിക്കുന്നു. 'ഹിന്ദു' എന്ന വാക്ക് വേദ പുരാണ ഗ്രന്ഥങ്ങളിൽ കാണില്ല. സിന്ധു നദി തടത്തിന്റെ തീരത്തുള്ള സംസ്ക്കാരം സ്വീകരിച്ചവർ എന്നു മാത്രമേ ഈ പേരിൽ നിന്നും വ്യക്തമാകുന്നുള്ളൂ. ഹിന്ദുമതത്തിന് ഒരു സ്ഥാപകനില്ല. ബി.സി 1500-നും  ബി.സി  2300-നും മദ്ധ്യേയുള്ള കാലഘട്ടത്തിൽ സിന്ധു നദിയുടെ തീരത്ത് ഹിന്ദു സംസ്ക്കാരം ആരംഭിച്ചുവെന്നാണ് വിശ്വാസം. ആധുനിക കാലത്ത് ഇന്ന് ആ പ്രദേശങ്ങൾ പാക്കിസ്ഥാനിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ നിരവധി ഹിന്ദുക്കൾ വിശ്വസിക്കുന്നത് അവരുടെ വിശ്വാസം അനാദികാലം മുതലുണ്ടായിരുന്നുവെന്നാണ്. എക്കാലവും ഹിന്ദുമതം മാനവികതയിൽ അലിഞ്ഞുചേർന്നു നിലനിന്നിരുന്നുവെന്നും വാദിക്കുന്നു. ബലികളും സ്തോത്രം ചൊല്ലലും വേദകാലത്തുണ്ടായിരുന്നില്ല.

'ഹിന്ദു'വെന്ന പദം വിജ്ഞാനകോശങ്ങളിലുള്ള പുതിയ പേരാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ബ്രിട്ടീഷ് എഴുത്തുകാർ ഈ പേരിനെ അംഗീകരിച്ചിട്ടുണ്ടായിരുന്നു. കണക്കില്ലാത്ത പാരമ്പര്യങ്ങളും ഗ്രന്ഥങ്ങളും ഹൈന്ദവത്വത്തിന്റെ പ്രത്യേകതയാണ്. ഹിന്ദു മതമെന്നു പറയുന്നത് അനേകം ആശയങ്ങളുടെയും തത്ത്വങ്ങളുടെയും സംഹിതയാണ്. ഹിന്ദുമതത്തെ 'ജീവിതത്തിലേക്കുള്ള വഴി' എന്നും പരാമർശിക്കാറുണ്ട്. മതങ്ങളുടെ കുടുംബമെന്നും വിശേഷിപ്പിക്കാറുണ്ട്. മതത്തിന്റെ കാതലായ തത്ത്വം ഏക ദൈവമെന്നുമാണ്. അതായത് ബ്രഹ്മം, സർവ്വശക്തനെന്നു ഹിന്ദുവിന്റെ നാവിലും ഉരുവിടുന്നു. എന്നിരുന്നാലും മറ്റു ദൈവങ്ങളെയും ദേവതകളെയും അംഗീകരിക്കുന്നുമുണ്ട്. ഹിന്ദുക്കളുടെ ആരാധനയെ 'പൂജ' എന്ന് പറയുന്നു. അമ്പലത്തിലാണ് കൂടുതലും പൂജകൾ അർപ്പിക്കാറുള്ളത്. ഹിന്ദു മതം അനുഷ്ഠിക്കുന്നവർക്ക് ഏതു സമയത്തും അമ്പലത്തിൽ പോകുവാൻ സാധിക്കുന്നു. ദേവി ദേവന്മാരെ പ്രീതിപ്പെടുത്തുകയും ചെയ്യാം.

ഹിന്ദുമതത്തിൽ ദൈവത്തെ സ്ത്രീയും പുരുഷനുമടങ്ങിയ ഒരു സത്തയായിട്ടാണ് ആരാധിക്കുന്നത്.  കൃഷ്ണൻ സ്നേഹത്തിന്റെയും ദീന ദയയുടെയും പ്രതീകമായി അറിയപ്പെടുന്നു. ലക്ഷ്മിയെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി ആരാധിക്കുന്നു. സരസ്വതിയെ വിദ്യയുടെ ദേവതയായി പൂജിക്കുന്നു. 'ഓം' എന്ന വിശുദ്ധ ശബ്ദം, ശബ്ദതരംഗങ്ങളുടെ മാധുരിമയിൽ ഉപബോധ മനസിന്റെ സാക്ഷാത്ക്കാരമായി കരുതുന്നു.  എല്ലാ ജീവജാലങ്ങളെയും ഹിന്ദു മതം ബഹുമാനിക്കുന്നു. പശുവിനെ വിശുദ്ധ മൃഗമായി ആചരിക്കുന്നു. ഭൂരിഭാഗം ഹിന്ദുക്കളും കന്നുകാലി ഇറച്ചി ഭക്ഷിക്കില്ല. അനേകം പേർ സസ്യാഹാരം മാത്രം കഴിക്കുന്നു.

പൗരാണികമായ ഹിന്ദുമതം മറ്റെല്ലാ മതങ്ങളെക്കാൾ മൂല്യങ്ങളും പ്രബുദ്ധതയും അവകാശപ്പെടുന്നു. സംസ്കൃതത്തിലുള്ള അനേക വേദഗ്രന്ഥങ്ങൾ, നിരവധി ഭാഷകൾ എന്നീ വഴികളിൽക്കൂടി ഹിന്ദുമതം ലോകത്തിന്റെ നാനാഭാഗത്തും വ്യാപിച്ചു കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോൾ ഹിന്ദുമതത്തിന് ഒരു ബില്യനിൽ കൂടുതൽ അനുയായികളുണ്ടായി. ഇന്ത്യയുടെ 80 ശതമാനം ഉൾക്കൊള്ളുന്ന മതമായി അറിയപ്പെടാൻ തുടങ്ങി. അതുകൂടാതെ വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അതാത് പ്രദേശത്തെ ആചാരാനുഷ്ഠാനങ്ങളും നാനാപ്രകാരമായ അവതാര മൂർത്തികളോടുള്ള ആരാധനയും ഹിന്ദുമതത്തിനുള്ളിൽ തന്നെയുണ്ട്. ഹിന്ദുമതം, ക്രിസ്തുമതവും ഇസ്‌ലാം മതവും കഴിഞ്ഞാൽ ലോകത്തിൽ മൂന്നാമത്തെ വലിയ മതമാണ്. യുദ്ധത്തിൽക്കൂടി രാജ്യങ്ങളെ കീഴ്‌പ്പെടുത്തി ഹിന്ദു മതം പ്രചരിപ്പിച്ചിട്ടില്ല. നൂറു കണക്കിന് ഇസ്‌ലാമിക, ക്രിസ്ത്യൻ രാജ്യങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ സ്ഥാപിച്ചപ്പോൾ ഹിന്ദു രാജ്യമെന്ന് അവകാശപ്പെടാൻ ഹിന്ദുക്കൾക്ക് മറ്റൊരു രാജ്യമില്ല. നേപ്പാൾ മാത്രമേ ഹൈന്ദവത്വം ഔദ്യോഗിക മതമായി അംഗീകരിച്ച ഒരു രാജ്യമെന്നു പറയാൻ സാധിക്കുള്ളൂ.

മറ്റുള്ള മതങ്ങളിൽ നിന്നും വ്യത്യസ്തമായി ഹിന്ദുമതത്തിന് നിരവധി വിശ്വാസങ്ങളാണുള്ളത്. ക്രിസ്തുവിനു മുമ്പ് ഇൻഡോ ആര്യന്മാർ സിന്ധു നദി തീരത്ത് കുടിയേറുകയും സ്വദേശിയരായ ദ്രാവിഡരുടെ ഭാഷയും ജീവിതരീതികളും പിന്തുടരുകയും ചെയ്തു. കാലക്രമേണ സ്വദേശ സംസ്ക്കാരത്തിൽ അലിഞ്ഞു ചേർന്ന് ഈ മണ്ണിന്റെ മക്കളായിത്തീരുകയും ചെയ്തു. ലോകത്തിലെ 95 ശതമാനം ഹിന്ദുക്കളും ഇന്ത്യയിൽ ജീവിക്കുന്നു. ഹിന്ദുമതത്തിന് ഒരു സ്ഥാപകൻ ഇല്ലാത്തതുകൊണ്ട് മതത്തിന്റെ ചരിത്രാരംഭം ഗണിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. നിരവധി പാരമ്പര്യങ്ങളുടെയും തത്ത്വചിന്തകളുടെയും സമ്മിശ്രമാണ് ഹിന്ദുമതം.

ആര്യൻമാരുടെ വരവിനു ശേഷം അവർ ദ്രാവിഡ ജനതയുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ തുടങ്ങി. വേദങ്ങളുടെ ആഴമായ തത്ത്വ ചിന്തകൾ സാമാന്യ ജനത്തിന് മനസിലാക്കാൻ പ്രയാസമായിരുന്നു. ഓരോ ഗോത്രങ്ങൾക്കും പ്രത്യേക തരമായ ആരാധന മൂർത്തികളുമുണ്ടായിരുന്നു. അവരിൽ നിന്നും വൈഷ്‌ണവ മതവും ശൈവമതവും ശക്ത മതവുമുണ്ടായി. പരസ്പ്പരം അസൂയയും കലഹങ്ങളും അവരുടെയിടയിൽ വന്നുകൂടി. ആര്യബ്രാഹ്മണ സംസ്ക്കാരത്തിൽനിന്നും ഉടലെടുത്തതാണ് ഇതിഹാസങ്ങളും രാമായണവും മഹാഭാരതവും ഗീതയും. വൈദിക മതത്തിലെ ശൈവന്മാരും വൈഷ്‌ണവരും തമ്മിലുള്ള  വഴക്കുകൾക്ക് ത്രിമൂർത്തി സിദ്ധാന്ധം ശമനം വരുത്താൻ സഹായിച്ചു. രാമനും കൃഷ്ണനും വിഷ്ണുവിന്റെ അവതാരങ്ങളായി അറിയപ്പെടാൻ തുടങ്ങി.

ഏഴാം നൂറ്റാണ്ടിൽ അറബികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ ആക്രമിക്കാൻ തുടങ്ങി. ഏ.ഡി. 1200 മുതൽ ഏ.ഡി. 1757 വരെ മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ ഭരിച്ചുകൊണ്ടിരുന്നു. ഹിന്ദു ദൈവങ്ങളെയും ബിംബാരാധനയെയും മുസ്ലിം ഭരണാധികാരികൾ നിരുത്സാഹപ്പെടുത്തിയിരുന്നു. എ.ഡി 1848 മുതൽ 1947 വരെ ഇന്ത്യ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വാതന്ത്ര്യവും നേടി. 1947-ൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും രണ്ടായി വിഭജിക്കപ്പെട്ടു. 1948-ൽ ഒരു ഹിന്ദു വർഗീയവാദി ഗാന്ധിയെ വധിച്ചു.  ഭൂരിപക്ഷം ഹിന്ദുക്കളും ജീവിക്കുന്ന ഒരു രാജ്യമായി ഇന്ത്യ അറിയപ്പെട്ടു. 1960 കാലഘട്ടത്തിൽ അനേകം ഹിന്ദുക്കൾ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കുടിയേറി തങ്ങളുടെ വിശ്വാസം  പ്രചരിപ്പിച്ചു കൊണ്ടിരുന്നു. പാശ്ചാത്യ ലോകത്തിലെ നിരവധി ജനങ്ങൾക്ക് ഹൈന്ദവതത്ത്വ മൂല്യങ്ങൾ സ്വീകാര്യവുമായി.

ഹിന്ദു മതത്തിന്റെ അടിസ്ഥാനതത്ത്വം എന്തെന്ന് ഒരു ഹിന്ദുവിനോട് ചോദിക്കുകയാണെങ്കിൽ ഭൂരിഭാഗം പേരും ഉത്തരം നൽകില്ല. സത്യം അഥവാ ബ്രഹ്മം നിത്യമെന്നുള്ള വിശ്വാസമാണ് ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം. പ്രപഞ്ചത്തിന്റെ സത്തയും വാസ്തവികതയും എല്ലാം ഉൾക്കൊണ്ടതാണ് ബ്രഹ്മം അഥവാ സത്യം. ആധികാരികമായി ഹിന്ദുവിന്റെ നിയമ സംഹിത വേദങ്ങളാണ്. ധർമ്മത്തിൽക്കൂടി വിജയം കണ്ടെത്താൻ ഓരോരുത്തരും കർമ്മ പാതയിൽക്കൂടി സഞ്ചരിക്കണമെന്നും നിഷ്‌കർഷിക്കുന്നു. ഓരോ വ്യക്തിയിലും കുടികൊള്ളുന്ന ആത്മം നിത്യമാണ്. ആത്മം മോക്ഷത്തിനുവേണ്ടിയുള്ള ജൈത്രയാത്രയിലും. ഹിന്ദുമതം ബഹുദൈവങ്ങളുടെ മതമെന്ന് സെമിറ്റിക്ക് മതങ്ങൾ പരിഹസിക്കാറുണ്ട്. എന്നാൽ വാസ്തവത്തിൽ ഹിന്ദു മതത്തിന്റ താത്ത്വിക ചിന്തകളെ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് അങ്ങനെയൊരു ചിന്താഗതി ഹിന്ദു മതത്തിനെതിരെ മറ്റു മതങ്ങൾ പുലർത്തുന്നത്. ഹിന്ദുമതത്തിന്റെ ലക്ഷ്യവും മോക്ഷം അഥവാ മുക്തിയെന്നാണ്. നിരവധി ദേവി ദേവന്മാരിൽക്കൂടി, അദ്വൈത, വേദാന്ത താത്ത്വിക ചിന്തകളിൽക്കൂടി, പരമവും സത്യവുമായ ഏക ദൈവത്തിൽ വിശ്വസിക്കുന്നു. ഓരോ മനുഷ്യരുടെയും നന്മതിന്മകളുടെ പ്രവർത്തന ഫലം ഇന്നുള്ള ജീവിതത്തെയും ഭാവി ജീവിതത്തെയും ബാധിക്കുന്നു. ധർമ്മം അനുഷ്ഠിക്കുകയെന്നതാണ് ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം. 'സ്വാസ്തിക' ആര്യ ഗോത്രങ്ങളിൽനിന്നും പകർന്നുകിട്ടിയ ഹിന്ദുമതത്തിന്റെ അടയാളമാണ്.

ഹിന്ദുക്കൾ നിരവധി ഉത്സവങ്ങൾ കൊണ്ടാടാറുണ്ട്. ദീപങ്ങളുടെ അലങ്കാരം കൊണ്ട് ദീപാവലി ആഘോഷിക്കുന്നു. ദീപാവലി ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായി കരുതുന്നു. ഒക്ടോബർ നവംബർ മാസത്തിലാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഈ ആഘോഷത്തിന് 2500 വർഷം  പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. 'നവരാത്രി' കൊയ്ത്തുകാലത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമാണ്. 'ഹോളി' വസന്തകാലത്തിലെ ആഘോഷവും. ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ ജന്മാഷ്ടമി കൊണ്ടാടുന്നു. സഹോദരി സഹോദരന്മാരുടെ ബന്ധം സൂചിപ്പിക്കാൻ രക്ഷാബന്ധനവും ആഘോഷിക്കുന്നു. ശിവന്റെ മഹോത്സവമായി ശിവരാത്രിക്കും പ്രാധാന്യമുണ്ട്. കേരളത്തിന്റെ തനതായ ഉത്സവമാണ് ഓണം.

ഭൂരിഭാഗം ഹിന്ദുക്കളും പരമാത്മാവായ ഒരു ദൈവത്തിൽ വിശ്വസിക്കുന്നു. ഏകൈക ദൈവത്തിന്റെ ശക്തി കിരണങ്ങൾ അനേക ദൈവങ്ങളിൽ പതിക്കുന്നു. ദൈവിതങ്ങളായ ദേവി ദേവന്മാർ പരമ സത്തയും പേറി മൂർത്തി ഭാവങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു. ദേവി ദേവ സന്നിതിയിൽ എത്തുന്നവർ തങ്ങളുടെ ബിംബ ചൈതന്യത്തിന്റെ മുമ്പിൽ കുമ്പിട്ടാരാധിക്കുകയും ചെയ്യുന്നു. വേദങ്ങൾ ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമാണ്. ഒരു ജീവിതത്തിൽ അനുഷ്ഠിക്കേണ്ട അടിസ്ഥാന തത്ത്വങ്ങളാണ് ധർമ്മം എന്ന് പറയുന്നത്. ഹിന്ദു മതത്തിന്റെ അനുയായികൾ വിശ്വസിക്കുന്നത് ദൈവത്തിങ്കലേക്കുള്ള വഴികൾ പലതെന്നാണ്. കൈവഴികളായി ഒഴുകുന്ന നദികൾ ഒന്നായ സമുദ്രത്തിൽ ലയിക്കുന്നപോലെ നാനാത്വത്തിൽ ഏകത്വമായ ഒരു ദൈവത്തെ ഹിന്ദു കാണുന്നു.

ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം ഉപബോധ മനസിനുള്ളിൽ ദൈവിക ചൈതന്യമായ 'ആത്മം' വസിക്കുന്നുവെന്നാണ്. എല്ലാ ജീവജാലങ്ങൾക്കും ആത്മം ഉണ്ടെന്നു ഹിന്ദുമതം വിശ്വസിക്കുന്നു. 'ആത്മം' പരമാത്മാവിന്റ ഭാഗമായി കരുതുന്നു. സ്വർഗമാണ് അദ്ധ്യത്മികത അന്വേഷിക്കുന്ന ഓരോ ഹിന്ദുവിന്റെ ലക്ഷ്യവും. അതിലേക്കായി ജന്മ ജന്മാന്തരങ്ങൾ രൂപഭാവങ്ങൾ കൈമാറി ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഒടുവിൽ പരമാത്മാവിൽ ലയിച്ച് നിത്യം പൂർണ്ണത പ്രാപിക്കുകയും ചെയ്യും.

പുനർജന്മ സിദ്ധാന്തങ്ങളും ഉപനിഷത്തിന്റെ ഭാഗമാണ്. ജനനമരണങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നുവെന്ന സങ്കൽപ്പമാണ് ഒരു ഹിന്ദുവിനുള്ളത്. മരണത്തോടെ ആത്മാവ് ഒരു പുതിയ ശരീരത്തിൽ രൂപാന്തരം പ്രാപിക്കുമെന്നും വിശ്വസിക്കുന്നു. മരണമില്ലാത്ത ആത്മാവ് തുടർന്നുള്ള ജീവജാലങ്ങളിൽക്കൂടെ കടന്നു പോവുന്നു. മരണശേഷം ആത്മാവ് മറ്റൊരു ജീവിയിൽ ലയിക്കുന്നതിനെ 'സംസാരം' എന്നു പറയുന്നു. ഉത്തമമായ ജന്മവും നീചമായ ജന്മവും ഒരാളുടെ കർമ്മഫലമനുസരിച്ചു വിധിക്കപ്പെടുന്നു. ഒരുവൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും സുഖ ദുഃഖങ്ങൾക്കും കാരണം മുൻജന്മ പ്രവർത്തികൾ കൊണ്ടാണെന്നു വിശ്വസിക്കുന്നു. ജനന മരണങ്ങളിൽ നിന്ന് മുക്തി നേടാൻ ജ്ഞാനം തേടണം. ആ ജ്ഞാനത്തെയാണ് സത്യമെന്നു പറയുന്നത്. എങ്കിൽ മാത്രമേ ജീവാത്മാവ് നിത്യമായ പരബ്രഹ്മത്തിൽ ലയിക്കുകയുള്ളൂ.

ഹിന്ദുക്കൾക്ക് സ്വന്തം ഭവനത്തിലും ആരാധന നടത്താം. ഇഷ്ട ദേവതകളുടെയും ദേവന്മാരുടെയും മൂർത്തികളെ ഭവനത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വഴിപാട് കഴിക്കലും കാഴ്ച ദ്രവ്യങ്ങളും ഹിന്ദുവിന്റെ ജീവിതത്തിൽ സാധാരണമാണ്. പുഷ്പ്പങ്ങളും പഴവർഗങ്ങളും ഓയിലും ദൈവത്തിന് അർപ്പിക്കാറുണ്ട്. കൂടാതെ തീർത്ഥാടനമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു.

ഹൈന്ദവ പാരമ്പര്യങ്ങളിലുള്ള കാലങ്ങളെ സത്യയുഗ, ത്രേതായുഗ, ദ്വാപരയുഗ, കലിയുഗ എന്നിങ്ങനെ നാലു കാലങ്ങളായി തരം തിരിച്ചിരിക്കുന്നു. ചന്ദ്രമാസം അനുസരിച്ചാണ് ഹിന്ദു കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദുമതത്തിന് അനവധി ഇതര വിഭാഗങ്ങളുണ്ട്. മതവിഭാഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നതകൾ സാധാരണമാണ്. ശിവനെ പിന്തുടരുന്നവരായ ശൈവയിസം, വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവന്മാർ, ദേവിയെ ആരാധിക്കുന്ന ശക്‌ത, ബ്രഹ്മനെ പിന്തുടരുന്ന സ്മാർത്ത, എന്നിങ്ങനെ  വിഭജിച്ചിരിക്കുന്നു. ചില ഹിന്ദുക്കൾ ബ്രഹ്മാവും  വിഷ്ണുവും ശിവനും മൂന്നു ദൈവങ്ങളെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവർ 'ത്രീമൂർത്തികൾ' ഒരേ ദൈവത്തിന്റെ ചൈതന്യമെന്നും വിശ്വസിക്കുന്നു. സാമൂഹികമായി കർമ്മവും കർമ്മമനുസരിച്ച് ജാതി സമ്പ്രദായവും നില നിൽക്കുന്നു.

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലു ജാതികളാണ് പ്രധാനമായി ഹിന്ദുമതത്തിലുള്ളത്. അവരിൽ ബ്രാഹ്മണർ ബൗദ്ധിക മേഖലകളിലും അദ്ധ്യാത്മിക തലങ്ങളിലും  നേതൃത്വം കൊടുക്കുന്നു. ക്ഷത്രിയർ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു നിലകൊള്ളുന്നു. രാജസേവനമായിരുന്നു അവരുടെ തൊഴിൽ. വൈശ്യമാർ ഉൽപ്പാദന മേഖലയിലും വ്യവസായ മേഖലയിലും പ്രവർത്തിക്കുന്നു. തൊഴിൽ നിപുണതയില്ലാത്തവരെ ശൂദ്രന്മാർ എന്നും വിളിച്ചു. ഓരോ ജാതികൾക്കും ഉപജാതികളുമുണ്ട്. തൊട്ടുകൂടാ ജാതികൾ ജാതി വ്യവസ്ഥയ്ക്ക് വെളിയിൽ പ്രവർത്തിക്കുന്നു. അവരെ സമൂഹത്തിൽ ഏറ്റവും താണ ജാതികളായി കണക്കാക്കുന്നു.

ഹിന്ദുക്കൾക്ക് ക്രിസ്ത്യാനികളെപ്പോലെയും മുസ്ലിമുകളെപ്പോലെയും വിശുദ്ധമായി കരുതാൻ ഒരു ഗ്രന്ഥം മാത്രമല്ല ഉള്ളത്. ജ്ഞാനം പകരുന്ന നിരവധി വിശിഷ്ട ഗ്രന്ഥങ്ങളും പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും ഹിന്ദുവിന്റെ പുസ്തകപ്പുരകളിലുണ്ട്. വേദങ്ങൾ ബി.സി1500  മുതൽ ബി.സി 2300  വരെയുള്ള കാലഘട്ടത്തിൽ എഴുതിയതെന്ന് വിശ്വസിക്കുന്നു. പുരാതന ഋഷിമാർക്ക് വെളിപാടുമൂലം ലഭിച്ച ഹിന്ദു ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ രചിച്ചതെന്നും വിശ്വസിക്കുന്നു. വേദങ്ങൾ, ആചാരങ്ങളും തത്വചിന്തകളും ഉൾപ്പെട്ടതാണ്. ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങളാണ് വേദങ്ങളിൽ ഉൾപ്പടുത്തിയിട്ടുളളത്. ആദ്ധ്യാത്മിക ചിന്തകളും ദൈവത്തെപ്പറ്റിയുള്ള പഠനങ്ങളും ഉൾക്കൊള്ളുന്നു. ഋഗ്വേദ, സാമവേദ, യജുർവേദ അഥർവവേദ, എന്നിങ്ങനെ നാല് വേദങ്ങളാണുള്ളത്.

പൗരാണിക ഭാരതത്തിലെ ആദ്യത്തെ ആദ്ധ്യാത്മിക മതഗ്രന്ഥമാണ് ഋഗ്‌വേദം. നാലു വേദങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും ഋഗ്‌വേദം തന്നെയാണ്. ഋഗ്‌വേദത്തിൽ ഏകദേശം ആയിരം ശ്ലോകങ്ങൾ ഉണ്ട്. ഓരോ ശ്ലോകങ്ങളും ദൈവങ്ങൾക്ക് അർപ്പിച്ചുകൊണ്ടുള്ളതാണ്. വേദങ്ങൾ അനാദിയും അതിന് ആരംഭവും അവസാനവുമില്ലെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾകൊണ്ട് ഋഷിമാരുടെ ബൗദ്ധിക ചിന്താഗതികളിൽ ഉദയം ചെയ്ത ജ്ഞാനമാണ് ഋഗ്‌വേദം. ഋഗ്‌വേദമനുസരിച്ച് അഗ്നി, ഉഷസ്, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ മുതൽ അനേകം ദൈവഗണങ്ങളുണ്ട്. ഇന്ന് ഹൈന്ദവ മതത്തിൽ കാണുന്ന ദൈവങ്ങൾ ഒന്നും വേദങ്ങളിൽ ഇല്ല. വേദകാലത്ത് ഒരേ ദൈവമെന്നുള്ള സങ്കൽപ്പത്തിലാണ് ഓരോ ദൈവങ്ങളെയും ആരാധിച്ചുകൊണ്ടിരുന്നത്. പ്രാർത്ഥിക്കുമ്പോൾ ആ ദേവനെ പരമേശ്വരനായി മനസ്സിലുൾക്കൊള്ളുകയും ചെയ്തിരുന്നു.

യാഗങ്ങൾ വേദകാലത്തെ അടിസ്ഥാന ആചാരങ്ങളായിരുന്നു. പുനർജന്മ വിശ്വാസത്തെപ്പറ്റി  വേദകാലങ്ങളിൽ അറിവുണ്ടായിരുന്നില്ല. വേദകാലത്ത് 'മാംസം' ആഹാരമായി കഴിച്ചിരുന്നു. 'യജുർവേദം' പ്രാർത്ഥനാ മന്ത്രങ്ങൾ നിറഞ്ഞതാണ്. ഋഗ് വേദത്തിലെ അവർത്തനങ്ങളാണ് കൂടുതലും യജുർ വേദത്തിലുള്ളത്. 'സാമവേദം' യാഗവും യജ്ഞവും സമയാ സമയങ്ങളിൽ ഈണം വെച്ച് പാടാനുള്ള ഒരു പാട്ടുപുസ്തകം പോലെയാണ്. 'അഥർവ വേദത്തിൽ' മാന്ത്രിക വിദ്യ, ക്ഷുദ്രം മുതലായവ അടങ്ങിയിരിക്കുന്നു. ദുർമന്ത്രവാദവും സാമവേദത്തിന്റെ പ്രത്യേകതയാണ്. അതുപോലെ മറ്റുള്ളവർക്ക് നന്മയും ഐശ്വര്യവും വരാനായി സംമന്ത്രവാദവും അഥർവ വേദത്തിലുണ്ട്.

ഹിന്ദു മതത്തിലെ വേദഗ്രന്ഥങ്ങളെ പൊതുവായി 'ശ്രുതി' എന്നും 'സ്മൃതി' എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ശ്രുതി എന്ന് പറഞ്ഞാൽ വെളിപാട് പോലെ കേൾക്കപ്പെട്ടതെന്നാണ്. ശ്രുതിക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ലെന്നുള്ള വിശ്വാസമാണുള്ളത്. ഭാരതത്തിലെ ഋഷിമാർക്ക് ദൈവിക ജ്ഞാനം മൂലം ലഭിച്ച അറിവാണ് ശ്രുതി ഗ്രന്ഥങ്ങളിൽ ഉള്ളത്. നാലു വേദങ്ങളും ശ്രുതി വിഭാഗത്തിൽ പെടുന്നു. ഹൈന്ദവ തത്ത്വമൂല്യങ്ങളിൽ സ്മൃതിയും ശ്രുതിയും തമ്മിൽ പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ ശ്രുതിയായിരിക്കും ആധികാരികമായി എടുക്കാറുളളത്. ധർമ്മ ശാസ്ത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സ്മൃതി വിഭാഗത്തിൽ പെടുന്നു. അവകൾ ശ്രുതിപോലെ പൂർണ്ണമായും ദൈവികമായി കരുതുന്നില്ല.

ഉപനിഷത്തുക്കളെന്നു പറയുന്നത് ഭഗവത് ഗീത, പതിനെട്ടു പുരാണങ്ങൾ, രാമായണ, മഹാഭാരത എന്നീ ഗ്രന്ഥങ്ങളുൾപ്പെട്ടതാണ്. 'ഉപനിഷത്ത്' എന്നുള്ളതിന്റെ അർത്ഥം സമീപത്തുള്ളതെന്നാണ്. ഒരു ശിക്ഷ്യൻ ഗുരുവിന്റെ സമീപത്തിരുന്നു തത്വചിന്തകൾ പഠിപ്പിക്കുന്ന പ്രാധാന്യമാണ് ഉപനിഷത്തുക്കൾക്ക് കല്പിച്ചിരിക്കുന്നത്. വേദിക്ക് അദ്ധ്യാത്മികതയിൽ നിന്ന് താത്ത്വിക ആദ്ധ്യാത്മികതയിലേക്കുള്ള ഒരു പരിവർത്തനമാണ് ഉപനിഷത്ത്. ബ്രഹ്മം അഥവാ അനന്തതയെപ്പറ്റി ഉപനിഷത്ത് പഠിപ്പിക്കുന്നു. മോക്ഷത്തിനായുള്ള വഴികളും ചൂണ്ടികാണിക്കുന്നു. അനേകം ഉപനിഷത്തുക്കൾ ഉണ്ടെങ്കിലും പന്ത്രണ്ട് ഉപനിഷത്തുക്കളാണ് പ്രധാനമായിട്ടുള്ളത്. ആദിശങ്കരൻ ഈ പന്ത്രണ്ടു ഉപനിഷത്തുക്കളെപ്പറ്റി വിശദമായി പഠിച്ചിട്ടുണ്ട്.

ഉപനിഷത്തുക്കളെ വേദാന്തം എന്നും പറയും. വേദങ്ങളുടെ അവസാന ഭാഗമെന്നാണ് ഉദ്ദേശിക്കുന്നത്. 108 ഉപനിഷത്തുക്കളുണ്ടെന്നാണ് സങ്കല്പം. അതുകൊണ്ടാണ് 108 എന്ന നമ്പർ ഹിന്ദുക്കൾക്ക് പ്രധാനമായിരിക്കുന്നത്. രുദ്രാക്ഷ മാലകളിൽ 108 ജപമാല മുത്തുമണികൾ കാണാം. 108 എന്ന അക്കം ശുപസൂചകമായ വിവേകത്തിന്റെ അടയാളമായി കരുതപ്പെടുന്നു. പണവും സ്വത്തുക്കളും നേടുന്നത് ഹിന്ദുമതം പാപമായി കരുതുന്നില്ല. അദ്വൈതമാണ് കാതലായ ഭാഗം. അതായത് പരമമായ സത്യം ബ്രഹ്മവും. ബ്രഹ്മത്തിന്റെ ചൈതന്യമാണ് ആത്മൻ. ആത്മൻ ഓരോ വ്യക്തിയുടെയും ആന്തരിക ചൈതന്യത്തിൽ കുടികൊള്ളുന്നു. മനുഷ്യനിലെ ആത്മവും ബ്രഹ്മവും ഒന്നാണ്. ‘അഹം ബ്രഹ്മാസ്മി’ (ഞാന്‍ തന്നെ ബ്രഹ്മം), ‘തത്വമസി’ (നീയും ആ ബ്രഹ്മം തന്നെ) എന്നീ വാക്യങ്ങളാണ് ഉപനിഷത്തുകളുടെ സൂത്ര കേന്ദ്ര ബിന്ദുക്കൾ. യഥാർത്ഥ സത്തയായ ആത്മം നമ്മിൽനിന്നും മറഞ്ഞിരിക്കുന്നു. അതിനെയാണ് മായയെന്നു പറയുന്നത്.

പുരാണങ്ങൾ രചിച്ചത് ബി.സി.500-നും എ.ഡി. 500-നും മദ്ധ്യേ ആയിരിക്കാമെന്നു വിശ്വസിക്കുന്നു. ദേവിമാരെയും വിഷ്ണു, ശിവ ദൈവങ്ങളെയും ഏതാണ്ട് ഇതേ കാലത്ത് ഹിന്ദുക്കൾ ആരാധിക്കാനും തുടങ്ങി. 'ധർമ്മ' എന്ന സിദ്ധാന്തം ബുദ്ധ മതവും ഹിന്ദു മതവും പിന്നീട് സ്വീകരിച്ചു. പുരാണങ്ങൾ ദൈവത്തിന്റെ ഉത്ഭവത്തെപ്പറ്റി പ്രതിപാദിക്കുന്നു. ദൈവങ്ങളുടെ സ്വഭാവവും ദൈവങ്ങളോടുള്ള പെരുമാറ്റവും എങ്ങനെയെന്നു പുരാണങ്ങളിലുണ്ട്. അന്ധവിശ്വാസങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും പുരാണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലൗകികവും പ്രാപഞ്ചികവുമായ ജീവിതത്തെപ്പറ്റിയാണ് കൂടുതലും വിവരിച്ചിരിക്കുന്നത്. പ്രകൃതിയുടെ പഠനവും ഒരു കാലഘട്ടത്തിന്റെ സാമൂഹിക പശ്ചാത്തലവും രാഷ്ട്രീയവും മതവും എല്ലാം പുരാണങ്ങളിലുണ്ട്.

വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും പുരാണങ്ങളുടെയും കാതലായ വസ്തുതകൾ പരസ്പ്പരം ബന്ധിപ്പിക്കാൻ സാധിക്കും. വേദങ്ങൾ പ്രായോഗിക തലത്തിലുള്ള അദ്ധ്യാത്മികതയെ ചൂണ്ടി കാണിക്കുന്നു. വേദങ്ങളെ കൂടുതലും പ്രായോഗിക ജ്ഞാനം എന്ന് പറയാം. 'ഉപനിഷത്ത്' മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെ വിവേചിച്ചറിയുന്നു. താത്ത്വികമായ അദ്ധ്യാത്മികതയിൽ സഞ്ചരിക്കുന്നു. ചുരുക്കത്തിൽ 'ഉപനിഷത്തുക്കളെ 'താത്ത്വിക ജ്ഞാനം' എന്ന് വിളിക്കാം. പുരാണങ്ങൾ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, മതനിയമങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവകൾ പുരാണങ്ങളിൽ നിറഞ്ഞിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും തമ്മിലുള്ള വിത്യാസം മനസിലാക്കുക പ്രയാസമാണ്. വാസ്തവത്തിൽ വേദങ്ങളും ഉപനിഷത്തുക്കളും രണ്ടു വിഷയങ്ങളാണ്. ഉപനിഷത്ത് വേദങ്ങളുടെ ഭാഗം തന്നെയാണ്. വേദത്തെ സംഹിത, ബ്രാഹ്മണ, ആര്യങ്കാ, ഉപനിഷത്ത് എന്നിങ്ങനെ നാലു ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇതിൽ 'ഉപനിഷത്ത്' അവസാന ഭാഗമായി കാണുന്നു. ഉപനിഷത്ത് വേദങ്ങളുടെ അവസാന ഭാഗമായതിനാൽ അതിനെ 'വേദാന്ത' എന്നും പറയുന്നു.  'അന്തം'  അവസാനമെന്നു സംസ്കൃതത്തിൽ അർത്ഥം കല്പിച്ചിരിക്കുന്നു. ഉപനിഷത്തിലുള്ളത് തത്ത്വ ചിന്തകളാണ്. ഇത് ആത്മന്റെ സ്വാഭാവികതയെപ്പറ്റി പരാമർശിക്കുന്നു. ഉപനിഷത്തിൽ മരണത്തിനു ശേഷമുള്ള ജീവിതത്തെപ്പറ്റി പറയുന്നു. അതുകൊണ്ട് ഉപനിഷത്തിനെ വേദങ്ങളുടെ 'ജ്ഞാനഖണ്ഡ' എന്നും പറയുന്നു. ജ്ഞാനം എന്നാൽ അറിവെന്നർത്ഥം. ഉപനിഷത്തിൽ 'പരമാത്മാവ്' എന്ന സത്യമായ ജ്ഞാനത്തെ വെളിപ്പെടുത്തുന്നു.

ത്രിമൂർത്തികളായ ദൈവങ്ങൾ സൃഷ്ടി കർമ്മങ്ങൾക്കും സൃഷ്ടിയെ നിലനിർത്തുന്നതിനും സൃഷ്ടിയുടെ നാശത്തിനും നിദാനങ്ങളെന്നാണ് വിശ്വാസം.  ദൈവങ്ങളിൽ ബ്രഹ്മാവ്, ലോകത്തിന്റെയും ജീവന്റെയും സൃഷ്ടി കർമ്മങ്ങൾ നിർവഹിക്കുന്നു. വിഷ്ണു സൃഷ്ടിയെയും ജീവജാലങ്ങളെയും നിലനിർത്തുന്നു, പരിപാലിക്കുന്നു. സൃഷ്ടിയുടെ സമതുലനാവസ്ഥ നിലനിർത്താൻ ശിവൻ നശീകരണ ദൈവമായും അറിയപ്പെടുന്നു.  സർവ്വ ജീവജാല ചരാചരങ്ങളിൽ സർവ്വശക്തന്റെ ചൈതന്യം നിഴലിക്കുന്നുവെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു.

ജാതി വ്യവസ്ഥ നാടിന്റെ ശാപമായി ഇന്നും നിലകൊള്ളുന്നു. ഒരുവന്റെ സാമൂഹികവും തൊഴിലും മതത്തിന്റെ അന്തസും ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. ഭാരതം സ്വതന്ത്രമായപ്പോൾ ജാതി വ്യവസ്ഥയെ ഭരണഘടനയനുസരിച്ച് നിയമപരമായി നിരോധിച്ചിരുന്നു. ഇന്നും ജാതി വ്യവസ്ഥ നിലവിലുണ്ടെങ്കിലും പ്രത്യക്ഷമായി അത് പ്രകടിപ്പിക്കാൻ സാധിക്കില്ല. മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും വിവാഹം വരുമ്പോൾ ഓരോ ജാതികളും സ്വന്തം ജാതിയിൽനിന്നു മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുള്ളൂ. മാമൂലുകളെ ലംഘിക്കാൻ ഉന്നത ജാതികളിലുള്ളവർ തയ്യാറുമല്ല. വർണ്ണാശ്രമ ധർമ്മത്തിൽ ബ്രാഹ്മണരാണ് മുന്തിയ ജാതി. വേദങ്ങളിലെ വിശുദ്ധ ജ്ഞാനം സംരക്ഷിക്കുക എന്ന ചുമതല ബ്രാഹ്മണർക്കുള്ളതാണ്.










No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...