ജോസഫ് പടന്നമാക്കൽ
നമ്മുടെയെല്ലാം ജീവിതത്തിൽ സുഖ ദുഃഖങ്ങൾ പ്രദാനം ചെയ്തുകൊണ്ട് '2018' എന്ന വർഷം കടന്നു പോയിരിക്കുന്നു. കൊഴിഞ്ഞുപോയ ഒരു വർഷത്തിനിടയിൽ നാം ആഹ്ലാദ തിമിർപ്പോടെ പൊട്ടിച്ചിരിച്ച ദിനങ്ങളുണ്ട്. ഒപ്പം ഒരിക്കലും മറക്കാത്തവിധം കരഞ്ഞ ദിനങ്ങളുമുണ്ടായിരുന്നു. സ്നേഹിച്ചു കൊതി തീരാത്തവരും വെറുത്തവരും നാം ജീവിക്കുന്ന ഇതേ സമൂഹത്തിൽ തന്നെ കാണാം. അതുപോലെ രാഷ്ട്രങ്ങളും പരസ്പ്പരം പഴി ചാരി വെറുപ്പിന്റെ ലോകത്തിൽക്കൂടി സഞ്ചരിച്ചതായും നാം കാണുന്നു. യുദ്ധവും സമാധാനവും ഒന്നുപോലെ തുടിച്ചു നിൽക്കുന്ന ഈ ലോകത്ത് എല്ലാത്തിനുമൊടുവിലായി ഒരു പുതുവർഷവും കൂടി വന്നെത്തുന്നു.
കഴിഞ്ഞുപോയ '2018' ലോകമാകമാനം പ്രകൃതി ദുരന്തങ്ങളുടെ ഒരു വർഷമായിരുന്നു. മതതീവ്രതയ്ക്കും ഭീകരതയ്ക്കും ആഗോള യുദ്ധ ഭീഷണികൾക്കും കുറവ് വന്നില്ല. ആഗസ്റ്റ് ഒമ്പതാം തിയതി കേരളത്തിലുണ്ടായ വെള്ളപ്പൊക്കം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ പ്രകൃതി ക്ഷോപമായിരുന്നു. അതിഘോരമായ മൺസൂൺ കാലാവസ്ഥ കേരളത്തെ വെള്ളത്തിനടിയിലാക്കി. അഞ്ഞൂറിൽപ്പരം ആൾക്കാർ മരിക്കുകയും അനേകരെ വെള്ളപ്പൊക്കത്തിൽ കാണാതാവുകയും ചെയ്തു. 2018-സെപ്റ്റംബറിൽ അറ്റലാന്റിക്ക് സമുദ്രത്തിൽനിന്നുമുണ്ടായ ഫ്ലോറൻസ് കൊടുങ്കാറ്റ് വെർജിനിയായിലും നോർത്ത് കരോളിനായിലും ആഞ്ഞടിച്ചിരുന്നു. അതുമൂലം 51 മരണങ്ങൾ സംഭവിച്ചിരുന്നു. ഒക്ടോബർ മാസത്തിലുണ്ടായ 'മൈക്കിൾ' എന്ന കൊടുങ്കാറ്റ് ഫ്ലോറിഡായിലും ജോർജിയായിലും കരോളിനായിലും വെർജിനിയായിലും ശക്തമായി വീശിയിരുന്നു. 46 ജീവനുകൾ നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ ഓഗസ്റ്റുമാസത്തിൽ പോർട്ടറിക്കോയിൽ 'മാരിയ' എന്ന കൊടുങ്കാറ്റു മൂലം 4600 മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ടാകാമെന്നും കണക്കാക്കിയിരുന്നു. 2018 നവംബർ ഒമ്പതാം തിയതി വടക്കു തെക്കേ കാലിഫോർണിയായുടെ വനത്തിലുണ്ടായ തീ പിടുത്തത്തിൽ ആയിരക്കണക്കിന് ഏക്കറുകളോളം വനഭൂമികൾ അഗ്നിക്കിരയായി. 90 മരണങ്ങൾ സംഭവിച്ചു. കാലിഫോർണിയായുടെ ചരിത്രത്തിൽ ഉണ്ടായ ഏറ്റതും വലിയ തീപിടുത്തമെന്നും അതിനെ കരുതുന്നു.
ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞു പോയ '2018' ശുഭകരമായിരുന്നില്ല. ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്! അമിതമായ വിലപ്പെരുപ്പത്തിനു കാരണമായി. ഇന്ത്യൻ രൂപ ഒരു ഡോളറിന് 73.4 രുപാ നിരക്കിൽ മാർക്കറ്റിൽ ക്രയവിക്രയം ചെയ്യുന്നു. അധികം താമസിയാതെ ഡോളർ വില 75 രൂപയിൽ കവിയുമെന്നും കണക്കാക്കുന്നു. ഇപ്പോഴത്തെ നിലവാരത്തിലുള്ള മാക്രോ ഇക്കണോമിക്സ് സാമ്പത്തിക വളർച്ചക്ക് തടസമുണ്ടാകുമെന്നും ഭയപ്പെടുന്നു. വിദേശത്തു പഠിക്കുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസ ചെലവുകൾക്കായി കൂടുതൽ പണം കരുതണം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക ബില്ലുകൾ നൽകേണ്ടി വരുന്നു. ക്രൂഡ് ഓയിലിനും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാതെ വില വർദ്ധിക്കുകയും ചെയ്യുന്നു. ഡോളർ വില കൂടുന്നതനുസരിച്ച് ഇന്ത്യയിൽ വിലപ്പെരുപ്പം ഉണ്ടാവുകയും അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. അസംസ്കൃത സാധനങ്ങൾ വെളിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഉത്ഭാദന ചെലവുകൾ വർദ്ധിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾ കൂടുതൽ വില കൊടുത്ത് ഉപഭോഗവസ്തുക്കൾ വാങ്ങേണ്ടിയും വരുന്നു. 2019-ൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയുടെ മാർക്കറ്റ് ഇക്കണോമിക്ക്സിന് എന്തു സംഭവിക്കുമെന്ന കാര്യത്തിലും ഒരു തീർച്ചയില്ല.
2019-ലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോൾ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നക്സലിസം ഒരു വെല്ലുവിളിയാണ്. മത ഭ്രാന്തന്മാരും വർഗീയ ശക്തികളും ഇന്ത്യയുടെ മതേതരത്വത്തെ തകർത്തുകൊണ്ടിരിക്കുന്നു. പൊതു മേഖലകൾ ഇല്ലാതാക്കിയതുമൂലം പ്രൈവറ്റ് ഇക്കണോമിയും അമ്പാനിമാരും രാജ്യം ഭരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അങ്ങേയറ്റം വർദ്ധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണവും പ്രകൃതി വാതക വിസർജനങ്ങളും രാജ്യത്തിനു ഭീക്ഷണിയായി തുടരുന്നു. ആശയ വൈരുദ്ധ്യങ്ങൾ നിറഞ്ഞ നിരവധി രാഷ്ട്രീയ പാർട്ടികളും അവിശുദ്ധ കൂട്ടുകെട്ടുകളും ജനാധിപത്യത്തിന് ഭീക്ഷണിയാണ്. ബാലറ്റ് പേപ്പറിൽ നിന്നും ഇലക്ട്രോ വോട്ടിങ് സമ്പ്രദായം നടപ്പിലാക്കിയതു മൂലം നിരവധി ക്രമക്കേടുകൾ സംഭവിക്കുന്നുവെന്നു പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുമുണ്ട്. ഇന്ത്യയും പാക്കിസ്ഥാനുമായും ഇന്ത്യയും ചൈനയുമായും ഒത്തുതീർപ്പില്ലാത്ത അതിർത്തി തർക്കങ്ങൾ തുടരുന്നത് പുതുവർഷത്തിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുള്ള ഭീക്ഷണിയായി തുടരുകയും ചെയ്യുന്നു.
ആഗോള സാമ്പത്തികം താഴോട്ടുപോകുന്ന വാർത്തകൾ ഇന്ന് മാദ്ധ്യമ ലോകത്ത് സാധാരണമായിരിക്കുകയാണ്.'ഇന്റർ നാഷണൽ മോണിറ്ററി ഫണ്ടിന്റെ' റിപ്പോർട്ടനുസരിച്ച് 2018-ൽ 3.7 ശതമാനം സാമ്പത്തിക വളർച്ചയുണ്ടായിരുന്നു. 2017-ലും ഇതേ നിരക്കിൽ ലോകം വളർച്ച നേടിയിരുന്നു. 2019 -ലും മാറ്റമില്ലാത്ത സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും അനുമാനിക്കുന്നു. വ്യവസായ യുദ്ധങ്ങൾ, യൂറോപ്പ്യൻ യൂണിയനോട് ഇറ്റലിയുടെ യുദ്ധം, ഇറാനെതിരെയുള്ള ഉപരോധം, ചൈനയുടെ വ്യവസായ ലോകത്തെ കുത്തക, പരിഭ്രാന്തി നിറഞ്ഞ സ്റ്റോക്ക് മാർക്കറ്റ്, അവികസിത രാഷ്ട്രങ്ങളിൽ മൂലധനം ഇല്ലായ്‌മ, മുതലായവകളെല്ലാം 2018 ന്റെ നിറങ്ങളാർന്ന കഥകളാണ്.
ഏഷ്യൻ സാമ്പത്തിക വ്യവസ്ഥിതിയിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യവസായ യുദ്ധം ഇന്ത്യയ്ക്ക് അനുകൂലമല്ല. ലോകത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത് നിൽക്കുന്നു. ഇന്ത്യൻ രൂപായുടെ ഇടിവുമൂലം ഇന്ത്യയെ വല്ലാത്ത ഒരു സ്ഥിതിവിശേഷത്തിൽ ഇന്ന് എത്തിച്ചിരിക്കുകയാണ്. 2019-ലും വർദ്ധിച്ചു വരുന്ന ക്രൂഡോയിൽ വില വർദ്ധന തടയാൻ പ്രതീക്ഷകൾ കാണുന്നില്ല. 2030 ആകുമ്പോൾ രാജ്യത്തിന്റെ വാഹനങ്ങളിൽ മുപ്പതു ശതമാനം ഇലക്ട്രിക്കൽ കാറുകളായിരിക്കുമെന്ന് അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ബില്ലുകൾ കുറയുകയും ചെയ്യും. കൂടാതെ മറ്റു വെല്ലുവിളികളും ഇന്ത്യ നേരിടുന്നുണ്ട്. വിലകൂടിയ അസംസ്കൃത സാധനങ്ങൾ രാജ്യത്ത് സുലഭമല്ലാത്തതിനാൽ ഇറക്കുമതിയെ ആശ്രയിക്കുന്നു. ഉത്ഭാദന ചിലവുകൾ വർദ്ധിക്കുകയും ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ അമിത വില കൊടുക്കേണ്ടിയും വരുന്നു. രാജ്യത്തിന്റെ ആന്തര ഘടകങ്ങൾക്കു മാറ്റം വരുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ പുരോഗമിക്കേണ്ടതായുമുണ്ട്.
ലോകത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഇന്ന് വളരെയധികം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2008-2015 ൽ ആഗോള ജിഡിപി 63.4 ട്രില്യനായിരുന്നത് 2018-ൽ ജിഡിപി 80.7 ട്രില്യനായി വർദ്ധിച്ചു. എന്നാൽ അടുത്ത കാലത്ത് 120 മില്യൺ ജനങ്ങൾക്കുകൂടെ ലോക സഹായ സംഘടനകളിൽ നിന്നും സഹായം ആവശ്യമായി വന്നു. ഇന്ന് ലോകജനതയിൽ ഒരു ശതമാനം ജനങ്ങൾക്ക് മാനുഷികമായ നീതി ലഭിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങൾ, യുദ്ധങ്ങൾ, മഹാ രോഗങ്ങൾ മുതലായവകൾ മനുഷ്യരെ ദുഖിതരാക്കുന്നു. ദാരിദ്ര്യം, ജന പെരുപ്പം, കാലാവസ്ഥ വ്യതിയാനം എന്നിവകൾമൂലം മനുഷ്യജീവിതം ദുഷ്ക്കരമായിരിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥിതി പുരോഗമിക്കുന്നുണ്ടെങ്കിലും മാനുഷിക പരിഗണനകൾക്കായുള്ള ആവശ്യങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് നിലവിലുണ്ടായിരുന്നതിനേക്കാളും ഇന്ന് മാനുഷികമായ സഹായം ആവശ്യമുള്ളവരുടെ എണ്ണവും വർദ്ധിച്ചു. അവരുടെ മെച്ചമായ ആരോഗ്യ സുരക്ഷിതത്വവും ആവശ്യമാണ്. ആധുനിക ലോകത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഇന്ന് ജനങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുന്നു. പണ്ടുണ്ടായിരുന്ന സഹായങ്ങളേക്കാൾ ദീർഘകാലാടിസ്ഥാനത്തിൽ സഹായം ആവശ്യമായും വരുന്നു. ദാരിദ്ര്യം ഇന്നു കാണുന്നത് കൂടുതലും ദരിദ്ര രാഷ്ട്രങ്ങളിലാണ്. യുദ്ധം മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങളിലും സഹായങ്ങൾ ആവശ്യമായി വരുന്നു. പ്രകൃതി ദുരന്തങ്ങൾ കൂടുതലായും ബാധിക്കുന്നത് ദരിദ്ര ജനങ്ങളിലാണ്. ദരിദ്ര രാജ്യങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായാൽ ധനിക രാഷ്ട്രങ്ങളിലേക്കാൾ ഏഴിരട്ടി മരണം സംഭവിക്കാറുണ്ട്.
2018-ലെ ലോക വാർത്തകളിൽ പ്രത്യേകിച്ച് അമേരിക്കയുടെ വാർത്തകളിൽ അവസാനമായി നാം കേൾക്കുന്നത് അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നുവെന്നാണ്. അമേരിക്കയുടെ ചരിത്രപരമായ ഇടക്കാല തിരഞ്ഞെടുപ്പും വാർത്തകളിൽ നിറഞ്ഞിരുന്നു. രാഷ്ട്രീയം, സാംസ്ക്കാരികം, ശാസ്ത്രം, പരിസ്ഥിതികൾ എന്നിങ്ങനെ വിവിധ മേഖലകളുടെതായ ഒരു ചരിത്രം 2018 നു പറയാനുണ്ട്. രാഷ്ട്രീയത്തിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയിടയിലും കുടിയേറ്റ നിയന്ത്രണ നിയമം അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും എന്നും കർശനമേറിയതായിരുന്നു. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വർഷ ഭരണ കാലത്ത് കുടിയേറ്റ പ്രശ്‍നം അതി തീവ്രമായ ചൂടു പിടിച്ച വാർത്തകളിലൊന്നായി മാറുകയും ചെയ്തു. കുടിയേറ്റക്കാരുടെ കുട്ടികൾക്ക് 'ഒബാമ നിയമം' അനുസരിച്ച് പരിരക്ഷ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ജനുവരി മാസത്തിൽ കുടിയേറ്റക്കാരായ കുട്ടികളെ താത്കാലികമായി അമേരിക്കയിൽ സംരക്ഷിക്കുന്ന ഒബാമ നിയമം ട്രംപിന്റെ പദ്ധതിപ്രകാരം ഇല്ലാതാക്കി. ഇത് മാനുഷിക മൂല്യങ്ങൾക്കും മനുഷ്യത്വത്തിനും, എതിരായ ഒരു തീരുമാനമായിരുന്നു.
ട്രംപിന്റെ നയത്തിൽ അനധികൃതമായി അമേരിക്കൻ മണ്ണിൽ വന്നെത്തുന്ന കുടിയേറ്റക്കാരോട് യാതൊരു മാനുഷിക പരിഗണനകളും കാണിച്ചിരുന്നില്ല. 2300 കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർതിരിച്ചത് ലോക മനസാക്ഷിയെ തന്നെ കരയിപ്പിക്കുന്നതായിരുന്നു. കുടുംബങ്ങളെ തമ്മിൽ വേർതിരിക്കുന്ന ട്രംപിന്റെ കഴിഞ്ഞ ജൂൺ മാസത്തിലുള്ള എക്സിക്യൂട്ടീവ് ഓർഡർ ലോകമാകമാനമുള്ള മാനുഷിക പ്രവർത്തകരിൽ അങ്കലാപ്പും സൃഷ്ടിച്ചിരുന്നു. നുഴഞ്ഞുകയറുന്ന കുടിയേറ്റക്കാരെ തടയാനായി 2018 നവംബറിൽ ട്രംപ് ഭരണകൂടം ഏകദേശം 6000 അമേരിക്കൻ ഭടന്മാരെ മെക്സിക്കൻ അതിർത്തിയിൽ വികസിപ്പിച്ചിരുന്നു. മദ്ധ്യ അമേരിക്കയിൽ നിന്നാണ് കൂടുതലും കുടിയേറ്റക്കാർ ഈ രാജ്യത്തിലേക്ക് പ്രവഹിക്കുന്നത്.
2018-ൽ കൊറിയൻ പെനിസുലായിൽ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ തിരിഞ്ഞിരുന്നു. നീണ്ട കാലം വടക്കേ കൊറിയായുമായുള്ള പോരാട്ടത്തിനുശേഷം സൗത്ത് കൊറിയായിലെയും നോർത്ത് കൊറിയായിലെയും നേതാക്കന്മാർ കഴിഞ്ഞ ഏപ്രിലിൽ പരസ്പ്പരം കണ്ടുമുട്ടിയതും ചരിത്രപരമായ ഒരു മുഹൂർത്തമായിരുന്നു. രണ്ടു കൊറിയാകളും യുദ്ധം അവസാനിപ്പിക്കാനും ന്യുക്‌ളീയർ ആയുധ വിമുക്തമാക്കാനുമുള്ള ഉടമ്പടികൾ ഒപ്പു വെക്കുകയും ചെയ്തു. അതിനുശേഷം പ്രസിഡന്റ് ട്രംപും നോർത്ത് കൊറിയൻ പ്രസിഡന്റ് കിമ്മും തമ്മിൽ സിംഗപ്പൂരിൽവെച്ച് ചർച്ചകൾ നടത്തിയതും സമാധാനത്തിനായുള്ള കാൽവെപ്പിന്റെ തുടക്കമായിരുന്നു. 2018 ജൂൺ പന്ത്രണ്ടാം തിയതി നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോങ്ങും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരസ്പ്പരം കൈകൾ നല്കിക്കൊണ്ടായിരുന്നു ചരിത്രപരമായ ആ കൂടിക്കാഴ്ച നടത്തിയത്.
സിറിയായിലെ പ്രസിഡന്റ് 'ബാഷർ അൽ അസ്സാദിന്റെ' സൈന്യങ്ങൾ ഒരു വശത്തും ഐസിഎസ് ഭീകരർ മറുഭാഗത്തും നിന്നുകൊണ്ട് യുദ്ധ ഭീക്ഷണികൾ മുഴക്കിക്കൊണ്ടിരുന്നു. സിറിയയിലെ സിവിൽ യുദ്ധങ്ങൾ മാറ്റമില്ലാതെ ഇന്നും തുടരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റെബലുകൾ കേന്ദ്രമായ ഡൗമായിൽ കെമിക്കൽ ആയുധങ്ങളുടെ പ്രയോഗം മൂലം നിരവധി ജനങ്ങൾ മരിക്കുകയുണ്ടായി. അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും റെബലുകളുടെ ഭീഷണിയെ നേരിടാൻ ബോംബുകളും വർഷിച്ചുകൊണ്ടിരിക്കുന്നു. 2018 ഏപ്രിൽ മുതൽ ഏകദേശം 5.6 മില്യൺ സിറിയൻ അഭയാർഥികൾ രാജ്യം വിട്ടുവെന്നും യൂറോപ്പും അതിനപ്പുറവും കടന്ന് അഭയാർഥികളായി കഴിയുന്നുവെന്നും യുഎൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിലെ 'ഹാരി രാജകുമാരൻ' രാജ കുടുംബാംഗമല്ലാത്ത അമേരിക്കൻ നടി 'മെഗൻ മാർക്കി'യെ വിവാഹം ചെയ്തത് ചരിത്രം കുറിക്കുന്ന വാർത്തയായിരുന്നു. 2018 മെയ് പത്തൊമ്പതാം തിയതി ' 'മെഗൻ മാർക്കിയെ ബ്രിട്ടീഷ് രാജകുടുംബാംഗമായി അംഗീകരിക്കുകയും ചെയ്തു. ഇതേ സംബന്ധിച്ച് എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അറിയിപ്പുമുണ്ടായിരുന്നു. രാജകീയ ദമ്പതികൾ അവർക്കു പിറക്കാൻ പോകുന്ന കുഞ്ഞിന്റെ വിവരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജർമ്മൻ ചാൻസലറായി 'ഏഞ്ചല മെർക്കൽ' സത്യപ്രതിജ്ഞ ചെയ്തതും 2018-നു പ്രാധാന്യം നൽകുന്നു. അതുപോലെ മാർച്ചു പതിനെട്ടാം തിയതി പ്രസിഡണ്ട് 'വ്ലാദിമിർ പുടിൻ' നാലാം തവണയും റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആറുവർഷമാണ് റഷ്യൻ പ്രസിഡന്റിന്റെ കാലാവധി. ചൈനയുടെ പ്രസിഡന്റ് കാലാവധി നിർണ്ണയിക്കാനായി അവിടെ ഭരണഘടനയ്ക്ക് മാറ്റം വരുത്തി. അജീവനാന്തം 'ജിൻപിങ് ചിയെ' പ്രസിഡണ്ടായി അംഗീകരിച്ചുകൊണ്ടുള്ള ഭരണഘടന ഭേദഗതിയായിരുന്നു അത്. മെയ് പതിനഞ്ചാം തിയതി ഇറാക്കിൽ നിയമപരമായ തിരഞ്ഞെടുപ്പ് നടന്നു. ഇസ്‌ലാമിക്ക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. ഫെബ്രുവരി ഇരുപത്തിനാലാം തിയതി ക്യൂബയിൽ 'റൗൾ കാസ്ട്രോ' അധികാരം ഒഴിഞ്ഞു. ആറു പതിറ്റാണ്ടിനു ശേഷം അത് കാസ്ട്രോ നേതൃത്വത്തിന്റെ അന്ത്യയുഗം കുറിക്കലായിരുന്നു. 2018-ൽ പ്രസിദ്ധ രാഷ്ട്രതന്ത്രജനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും അമേരിക്കൻ സെനറ്ററുമായിരുന്ന ജോൺ മക്കയിന്റെ മരണവും ദുഃഖകരമായിരുന്നു. അതുപോലെ ബാർബറ ബുഷും ജോർജ് ബുഷും മരിച്ചത് 2018-ലായിരുന്നു.
അറുപത്തിയഞ്ചു വർഷത്തിൽപ്പരം അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവർത്തിച്ചിരുന്ന ഭീമാകാര വ്യവസായ കമ്പനി 'ടോയ്‌സ് സറാസ്' പാപ്പരത്വം പ്രഖ്യാപിച്ചതും അമേരിക്കയുടെ സാമ്പത്തിക മേഖലകളെ ഇളക്കി മറിച്ചിരുന്നു. 'സീയേഴ്സും' ഈ വർഷം പാപ്പരത്വം ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഫയൽ ചെയ്ത 'ടോയ്‌സ് സാറാസ്' 2018-ൽ പൂട്ടുകയും ചെയ്തു. ഫേസ്ബുക്ക് കമ്പനിക്ക് നിയമപരമായ കേസുകളെ ഈ വർഷം അഭിമുഖീകരിക്കേണ്ടി വന്നു. ഗുരുതരമായ 'ഡേറ്റാ' ക്രമക്കേടുകളുടെ പേരിൽ ഫേസ് ബുക്ക് സ്ഥാപകനായ 'മാർക്ക് സുക്കെർബെർഗിന്' 119 ബില്യൺ ഡോളർ ഒറ്റ ദിവസംകൊണ്ടു നഷ്ടപ്പെട്ടു. 2018 'ആപ്പിൾ കമ്പനി'ക്ക് അനുകൂലമായ വർഷമായിരുന്നു. ഒരു ട്രില്യൻ ഡോളർ പബ്ലിക്ക് കമ്പനിയായി ആപ്പിൾ കമ്പനി ഉയർത്തപ്പെട്ടു. കമ്പ്യുട്ടർ ലോകത്തിൽ പ്രധാന കോർപ്പറേറ്റ് കമ്പനിയായി വളരുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സോഷ്യൽ നെറ്റ് വർക്കിന്റെ സ്ഥാനത്ത് ഇന്ന് ആപ്പിൾ അറിയപ്പെടുന്നു.
അമേരിക്കയിൽ തോക്കുകൾ നിയന്ത്രിക്കുന്ന നിയമം നടപ്പാക്കണമോയെന്ന വിവാദങ്ങൾ മുന്നേറുന്നുണ്ടെങ്കിലും 2018-ലും നാടാകെ നിർദോഷികൾ തോക്കിൻ മുനയിൽ കൊല്ലപ്പെട്ടിരുന്നു. 2018 ഫെബ്രുവരി പതിനാലാം തിയതി ഫ്ലോറിഡായിൽ 'ഡഗ്ലസ് സ്റ്റോൺമെൻ' ഹൈസ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ അനേകർ കൊല്ലപ്പെടുയും മുറിവേൽക്കുകയുമുണ്ടായി. സതേൺ കാലിഫോർണിയയിലെ ഒരു ബാറിലും പിറ്റസ്ബർഗിലെ സിനഗോഗിലും വെടിവെപ്പുകളുണ്ടായി. ദേശീയ നിലവാരത്തിൽ തോക്കു നിയന്ത്രണത്തിന്റെ ആവശ്യകതയെ ചൂണ്ടി കാണിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഒരു നിയമം അമേരിക്കയിൽ നടപ്പാക്കാൻ നാളിതുവരെ സാധിച്ചിട്ടില്ല. 'ഗൺ കണ്ട്രോൾ' നിയമം പ്രാബല്യമാക്കണമെങ്കിൽ വ്യക്തികൾക്ക് ഗൺ ഉപയോഗിക്കാമെന്നുള്ള ഭരണഘടനയുടെ രണ്ടാം അമെൻഡ്മെന്റ് (2nd amendment) ഭേദഗതി ചെയ്യേണ്ടതായുണ്ട്. 2018 മാർച്ച് ഇരുപത്തിനാലാം തിയതി വാഷിംഗ്‌ടൺ ഡിസിയിൽ നൂറു കണക്കിന് ജനം തടിച്ചുകൂടുകയും രാജ്യത്തിലെ പൗരനിയമമനുസരിച്ചുള്ള തോക്കുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
2018-ന്റെ തുടക്കത്തിൽ മൂന്നു ചന്ദ്രഗ്രഹണങ്ങൾ ഭൂതലത്തിൽ അടുത്തടുത്ത് സംഭവിക്കുകയുണ്ടായി. 1866-നു ശേഷം അത്തരം ചന്ദ്രഗ്രഹണങ്ങൾ ആദ്യത്തെ സംഭവമായിരുന്നു. അതിനെ 'സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ' എന്ന് ശാസ്ത്ര ലോകം വിളിച്ചു. 2018 ജനുവരി മുപ്പത്തിയൊന്നാം തീയതിയിൽ പൂർണ്ണ ചന്ദ്രഗ്രഹണമുണ്ടായിരുന്നു. രക്തച്ചുമപ്പിന്റെ നിറത്തിലും നീല നിറത്തിലും കണ്ട ചന്ദ്രിക പ്രഭയെ ആ മാസത്തിലുണ്ടായ രണ്ടാം ചന്ദ്ര ഗ്രഹണമെന്നും പറയുന്നു. കൂടാതെ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത ദിവസവുമായിരുന്നു. അതുകൊണ്ട് അതിനെ 'സൂപ്പർ മൂൺ' എന്നും വിളിച്ചു.
ശാസ്ത്ര ലോകത്ത് നാസ സൂര്യനഭിമുഖമായി അയച്ച 'സോളാർ പ്രോബ്' ഒരു നേട്ടമായിരുന്നു. $1.5 ബില്യൺ ഡോളർ അതിന് ചിലവുണ്ടായിരുന്നു. സൂര്യനെ ലക്ഷ്യമാക്കിയുള്ള ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഒരു ഗ്രഹമായിരുന്നു അത്. സൂര്യനിൽ നിന്നും 3.83 മില്യൺ മൈൽ ദൂരത്തു നടത്തിയ ആദ്യത്തെ സൂര്യ ഗവേഷണവുമായിരുന്നു, അത്. അടുത്ത ഏഴു വർഷത്തിനുള്ളിൽ 'പാർക്കർ' എന്ന സോളാർ പ്രോബ് അത്തരം ഭ്രമണപദത്തിലേക്കുള്ള 24 ഗവേഷണ പരമ്പരകൾ നടത്താനും പദ്ധതിയിട്ടുണ്ട്.
'യുണൈറ്റഡ് നാഷൻറെ ആഗോള പാനൽ റിപ്പോർട്ട്' പ്രകാരം 2040 ആകുമ്പോൾ ഭൂമിയുടെ താപനില 2.7 ഡിഗ്രി ഫാരൻ ഹീറ്റായി വർദ്ധിക്കുമെന്നു ഗണിച്ചിരിക്കുന്നു. അതുമൂലം പ്രതലത്തിൽ അമിതമായ ചൂട്, അനുഭവപ്പെടാം. ആഗോള തലത്തിൽ ഘോരമായ വെള്ളപ്പൊക്കം, വരൾച്ച, ഭക്ഷണം അപര്യാപ്തത, ദാരിദ്ര്യം മുതലായവ സംഭവിക്കാം. 2100 ആകുമ്പോൾ സൂര്യതാപമേറ്റ് അനേകായിരങ്ങൾ മരണമടയുകയും ചെയ്യാം. അതിനുള്ള തയ്യാറെടുപ്പിനായി $141ബില്യൺ ഡോളർ അമേരിക്ക ചെലവാക്കേണ്ടി വരുന്നു. ദേശീയ വരുമാനത്തിന്റെ പത്തു ശതമാനം അധികമായി ബഡ്ജറ്റിൽ മാറ്റി വെക്കേണ്ടിയും വരും.
കഴിഞ്ഞ കാലങ്ങളിൽ ശാസ്ത്രത്തിന്റ മുന്നേറ്റത്തിൽ ലോകത്ത് നിരവധി വികസനങ്ങളും പുരോഗതികളും ഉണ്ടായിട്ടുണ്ട്. 2008-നും 2015 നുമിടയിൽ ദരിദ്ര വിഭാഗങ്ങൾ 1.2 ബില്യൺ ഉണ്ടായിരുന്നത് അവരുടെ ജനസംഖ്യ 2017 ആയപ്പോഴേക്കും 736 മില്യനായി കുറഞ്ഞു. 2018-ൽ മറ്റുള്ള രാജ്യങ്ങളുടെ സാമ്പത്തികം ഇളകിമറിയുമ്പോൾ അമേരിക്കയുടെ സാമ്പത്തിക വളർച്ച മെച്ചമായിരുന്നുവെന്നും കരുതണം. അത് അമേരിക്കക്കാർക്ക് മാത്രമേ ഗുണപ്രദമാവുള്ളൂവെന്നും ചോദ്യം വരാം. എന്നാൽ ഉപഭോഗ വസ്തുക്കള്‍ ഉൽപ്പാദിപ്പിക്കുന്ന അമേരിക്കയുമായി കച്ചവട ബന്ധമുള്ള രാജ്യങ്ങൾക്കെല്ലാം ഉറച്ച അമേരിക്കൻ സാമ്പത്തികം പ്രയോജനപ്പെടും. അമേരിക്കയുടെ സാമ്പത്തിക കയറ്റം ആഗോള തലത്തിൽ സാമ്പത്തിക വളർച്ചയുണ്ടാകാൻ സഹായിക്കുകയേയുള്ളൂ.
അമേരിക്കൻ സാമ്പത്തിക വളർച്ച മറ്റു രാഷ്ട്രങ്ങളുടെ വളർച്ചയ്ക്ക് തടസമാകാനുമിടയുണ്ട്. വേണ്ടത്ര മൂലധനം കരുതലില്ലാത്ത രാഷ്ട്രങ്ങളുടെ സാമ്പത്തികത്തെ അത് ബാധിക്കുന്നു. അർജന്റീനയും ടർക്കിയും വിദേശ മൂലധനം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളാണ്. ആഗോള നിക്ഷേപകർ സാധാരണ കൂടുതൽ പലിശ കിട്ടുന്ന സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാറുണ്ട്. ഉറച്ച സാമ്പത്തിക സ്ഥിരതയുള്ള യു.എസിൽ പണം നിക്ഷേപിക്കാനാണ് അവികിസിത രാജ്യങ്ങൾ താല്പര്യപ്പെടാറുള്ളത്. അമേരിക്കയുടെ ഫെഡറൽ റിസേർവ് 2018-ൽ പലിശ നിരക്ക് കൂട്ടിയ കാരണം വിദേശ നിക്ഷേപകരെ അമേരിക്കയിലേക്ക് ആകർഷിക്കുന്നു. വേണ്ടത്ര മൂലധനം കരുതലില്ലാത്ത രാഷ്ട്രങ്ങളെ അത് ബാധിക്കുന്നു. മറ്റു രാജ്യങ്ങളും അതോടൊപ്പം പലിശ നിരക്ക് കൂട്ടേണ്ടി വരുന്നു. അത് അവികിസിത രാജ്യങ്ങളുടെ വളർച്ചയെ തളർത്തും. പ്രസിഡന്റ് ട്രംപിന്റെ ഇറക്കുമതി നയത്തിൽ കൂടുതൽ നികുതി ചുമത്താനുള്ള തീരുമാനം അമേരിക്കയും വിദേശ രാജ്യങ്ങളുമായുള്ള വ്യവസായ യുദ്ധത്തിനു വഴിയൊരുക്കാൻ കാരണമാകും.
പുതിയ വർഷം ഉദയം ചെയ്യാൻ ഇനി കുറച്ചു സമയം മാത്രം. സംഭവബഹുലമായ ദിനങ്ങൾ കാഴ്ചവെച്ച 2018 നോട് വിട! സമാധാനത്തിലധിഷ്ഠിതമായ പുത്തനായ ഒരു ലോകം പടുത്തുയർത്തുകയെന്ന ലക്ഷ്യത്തിനായി നമുക്ക് പ്രതിജ്ഞ ചെയ്യാം. പ്രതീക്ഷകളാണ് നമ്മെ തളർത്താതെ മുമ്പോട്ട് നയിക്കുന്നത്. ഐശ്വര്യ ദേവത ഈ ഭൂമിയെ നിത്യം ഹരിതകമായി നിലനിർത്തട്ടെയെന്നും പ്രത്യാശിക്കട്ടെ. 2019'-നു സ്വാഗതമരുളുന്നു. എല്ലാ വായനക്കാർക്കും പുതുവത്സരത്തിന്റെ ആശംസകളും.
Parker probe (2018) |
No comments:
Post a Comment