Sunday, May 26, 2019

സീറോമലബാർ വ്യാജരേഖയും പൊട്ടിത്തെറികളും

ജോസഫ് പടന്നമാക്കൽ

ചരിത്രത്തിലാദ്യമായി സീറോ മലബാർസഭ ദുരൂഹമായ സാഹചര്യങ്ങളിൽക്കൂടിയാണ് ഇന്ന് കടന്നുപോവുന്നത്. അനുദിനമെന്നോണം നിരവധി വിവാദപരമായ കാര്യങ്ങൾക്ക് തീരുമാനമാകാത്തതുമൂലം സഭാ വിശ്വാസികളിലും ആശങ്കയുണ്ടാക്കുന്നു.  സഭയ്ക്കുള്ളിൽ തെക്കും വടക്കുമായുള്ള ചേരി തിരിഞ്ഞുള്ള പടയോട്ടത്തിൽ ഏറ്റവും അസ്വസ്ഥരായിരിക്കുന്നതും വിശ്വാസികൾ തന്നെ!

അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന സീറോ മലബാർ സഭയുടെ സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ  വഷളായിക്കൊണ്ടിരിക്കുന്നു. വത്തിക്കാന്റെ  അഡ്മിനിസ്‌ട്രേറ്റര്‍ പ്രതിയാവുകയും  അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോകുന്നുവെന്നെല്ലാമുള്ള വാർത്തകളും കേൾക്കുമ്പോൾ വത്തിക്കാന്‍ ഇടപെടാനുള്ള സാധ്യത ഏറെയാണ്. ഏതു നിമിഷവും വത്തിക്കാനില്‍നിന്ന് ഇടപെടല്‍ വരുമെന്ന സൂചനയും വരുന്നുണ്ട്. സഭയിലെ ഇരുവിഭാഗവും അവരുടെ പ്രബലരായ പുരോഹിതരും ബിഷപ്പുമാരും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടലിലേക്ക് പോകുകയും വിശ്വാസികള്‍ക്കിടയില്‍ നിരാശയുണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വത്തിക്കാന് വെറുതെയിരിക്കാന്‍ കഴിയില്ല. മാർപാപ്പയുടെ പ്രതിനിധിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ വത്തിക്കാനിൽ നിന്നും ശക്തമായ പ്രതികരണവും സഭാനേതൃത്വത്തിനു ലഭിച്ചേക്കാം. അത് ലോകരാഷ്ട്രങ്ങളുടെയിടയിൽ രാജ്യത്തിന്റെ തന്നെ അന്തസ്സിന് കോട്ടം വരുത്തുകയും  ചെയ്യാം.

സ്വന്തമായി അന്തർദേശീയ ബാങ്കുകളിൽ   നിക്ഷേപങ്ങളുണ്ടെന്നുള്ള ആരോപണങ്ങളുമായി കർദ്ദിനാളിനെതിരെ  വ്യാജരേഖ സൃഷ്ടിച്ചുവെന്നതാണ് കേസ്. രാഷ്ട്രീയ തലങ്ങളിൽ കൂട്ടമായി പടകളും പരസ്പ്പരം പഴിചാരിയുള്ള കുറ്റാരോപണങ്ങളും സാധാരണമാണ്. എന്നാൽ, ആദ്ധ്യാത്മികതയുടെ ലോകത്ത് പുരോഹിതരും ബിഷപ്പുമാരും ചേരിതിരിഞ്ഞുള്ള വഴക്കുകൾ കേരളകത്തോലിക്ക സഭയുടെ ചരിത്രത്തിൽ അസാധാരണവും സംഭവിക്കരുതാത്തതുമായിരുന്നു. സഭയുടെ വിഭജനം വരെ അത് എത്തിക്കാമെന്നും ചിലർ ഭയപ്പെടുന്നു.

സോഷ്യൽ മീഡിയാകളിലും  പത്രങ്ങളിലും വിവാദമായ വ്യാജരേഖയെപ്പറ്റി നിരവധി വാർത്തകൾ പൊന്തിവരുന്നുണ്ടെങ്കിലും കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങൾ വാർത്തകളെ മൂടി വെക്കുകയും ചെയ്യുന്നു. കോർപ്പറേറ്റ് നിലവാരമുള്ള സഭയുടെ പരസ്യങ്ങൾ നഷ്ടപ്പെടുമെന്നുള്ള അങ്കലാപ്പും മാദ്ധ്യമങ്ങൾക്കുണ്ട്. അതുകൊണ്ട് സത്യം ആരുടെ പക്ഷത്താണെന്ന് വ്യക്തമായ ഒരു  ഉറവിടം കണ്ടെത്താൻ സാധിക്കുന്നില്ല. മാർ ആലഞ്ചേരി പക്ഷവും എറണാകുളം അങ്കമാലി രൂപതയോടൊപ്പമുള്ളവരും വ്യത്യസ്തമായ അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നതുമൂലം  നിക്ഷ്പ്പക്ഷമായ ഒരു നിരീക്ഷണം ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കാനും സാധിക്കുന്നില്ല.

തലമുറകളായി പൂർവിക പിതാക്കന്മാർ മുതൽ സഭാമക്കളിൽ നിന്നും പിരിച്ചെടുത്ത വൻകിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകർച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കിൽ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാർ നേതൃത്വത്തിനുള്ളത്. ബിഷപ്പുമാരുടെ സിനഡും കർദ്ദിനാൾ ചേരിയിൽ നിലകൊള്ളുന്നു. നേർക്കുനേരെയുള്ള ആരോപണങ്ങളുമായി മറുവശത്ത് എറണാകുളം അങ്കമാലി രൂപതയും അവരുടെ വൈദികരും പോരാട്ടക്കളരിയിലുണ്ട്.

സത്യ ദീപം പത്രാധിപരും വാഗ്മിയും പണ്ഡിതനുമായ ഫാ.പോള്‍ തേലക്കാട്ട്, അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഐഐടി ഗവേഷക  വിദ്യാര്‍ത്ഥി ആദിത്യ, കർദ്ദിനാളിന്റെ മുന്‍ ഓഫിസ് സെക്രട്ടറിയും മുരിങ്ങൂര്‍ സാന്‍ജോ നഗര്‍പുരം ഇടവക വികാരിയുമായ ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികളായിട്ടുള്ള കേസ് സിറോ മലബാര്‍ സഭയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നു. മൊത്തത്തില്‍ സഭയെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പടക്കം കൂടുതല്‍ പുരോഹിതര്‍ പ്രതികളാക്കപ്പെടുമെന്ന സൂചനകൂടി നിലനില്‍ക്കുന്നതോടെ ഏറ്റുമുട്ടലുകൾ ഇനിയും ശക്തമാകാനാണ് സാധ്യത.

മാർ ആലഞ്ചേരിക്കെതിരായ വ്യാജരേഖകളുടെ കഥ മാദ്ധ്യമങ്ങൾ  പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്നു. സത്യമെന്തെന്ന് ഇന്നുവരെ വ്യക്തവുമല്ല.  ആലഞ്ചേരിക്കെതിരായി ഗൂഢമായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തെ പിന്താങ്ങുന്നവർ അനുമാനിക്കുന്നു. നേതൃത്വത്തിനുവേണ്ടിയുള്ള അധികാര വടം വലിയാണ് പിന്നിൽ പ്രവർത്തിക്കുന്നതെന്നും പറയുന്നു. ചില പുരോഹിതർ ഒത്തുകൂടി മാർ ആലഞ്ചേരിക്കെതിരെ സൃഷ്ടിച്ച വ്യാജ പ്രമാണമെന്നാണ് ആലഞ്ചേരി പക്ഷം വിശ്വാസികൾ കരുതുന്നത്.

മാർ ആലഞ്ചേരിക്കെതിരെ ചില രേഖകൾ കണ്ടെത്തിയെന്നതും ശരിതന്നെ. രേഖകൾ വ്യാജമെന്നോ സത്യമെന്നോ വ്യക്തമായി ആർക്കും അറിഞ്ഞുകൂടാ! ഒരു കേസ് കോടതിയിൽ തെളിയുന്നതുവരെ, കുറ്റക്കാരനെന്നു വിധിക്കും മുമ്പേ അഭിവന്ദ്യനായ ഒരാളിനെ കള്ളനെന്നും തട്ടിപ്പുകാരനെന്നും ചില ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും വിളിക്കുന്നതിനോട് യോജിക്കുന്നില്ല. എന്നാൽ സാഹചര്യങ്ങളും വിവിധ അഭിപ്രായങ്ങളും തമ്മിൽ ക്രോഡീകരിച്ചപ്പോൾ രേഖകൾ വ്യാജമല്ലെന്നും സാധാരണക്കാർക്ക് തോന്നാം. വാർത്തകളെ പെരുപ്പിക്കുക എന്നുള്ളത് മാദ്ധ്യമങ്ങളുടെ സ്വാർത്ഥതയും  വക്രതനിറഞ്ഞ പ്രൊഫഷനിലിസത്തിന്റെ ഭാഗമെന്നും തോന്നിപ്പോവുന്നു.

അതുപോലെ വ്യാജരേഖയുടെ പേരിൽ ഒരു ചെറുപ്പക്കാരനായ ഐഐടി ഗവേഷകനെ  അതിക്രൂരമായി മർദ്ദിച്ച കഥകളും പുറത്തുവന്നു. നല്ല ഭാവിയുള്ള ഒരു ചെറുപ്പക്കാരന്റെ മുമ്പോട്ടുള്ള പുരോഗതിയും തടസ്സപ്പെടുത്തുന്നു. നൂറുവട്ടം ക്ഷമിക്കണമെന്നു പറഞ്ഞ യേശുവിന്റെ പ്രബോധനങ്ങൾ ഉൾക്കൊണ്ട ആദ്ധ്യാത്മിക ഗുരുക്കൾ ആ യുവാവിന്റെ ദീനരോദനത്തിനു മുമ്പിൽ നിശ്ശബ്ദരായിരിക്കുന്നതും ഖേദകരം തന്നെ. ഗവേഷണങ്ങൾക്കിടയിൽ യാദൃശ്ചികമായി കമ്പ്യുട്ടറിൽ വന്ന രേഖകൾ തേലെക്കാടനെ ഏൽപ്പിച്ച ഒരേ കുറ്റമാണ് ഈ യുവാവ് ചെയ്തത്. അതിൽ, സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ അയാൾ കേസിന്റെ ബലിയാടാവുകയും ചെയ്തു.

വ്യാജ രേഖയുടെ പേരിൽ വത്തിക്കാൻ പ്രതിനിധി മാർ മനന്തോടത്ത്   വത്തിക്കാന്റെ അനുമതിയോടെ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. മനന്തോടത്ത് വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയതും പുതിയ വിവാദമായിരുന്നു. പത്രസമ്മേളനത്തിൽ ആദിത്യനെ ക്രൂരമായി പോലീസ് മർദ്ദിച്ചതും വ്യാജരേഖകളെ സംബന്ധിച്ചുള്ള മറ്റു വിശദീകരണങ്ങളും ചർച്ച ചെയ്തു. എന്നാൽ മനന്തോടത്തിന്റെ പത്രസമ്മേളനത്തെ പ്രതിക്ഷേധിച്ചുകൊണ്ട് വിശ്വാസികളിൽ എതിർവിഭാഗം ഒരു സമ്മേളനം വിളിച്ചുകൂട്ടി. ബദൽ സമ്മേളനം ഇപ്പോൾ കർദ്ദിനാൾ ആസ്ഥാനത്ത് നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായി അതിരൂപത കണക്കാക്കുന്നു. മനന്തോട്ടത്തിനെതിരായ സമ്മേളനം ഫൊറോനായോ അതിരൂപതയോ നടത്തിയതല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മാർപാപ്പയുടെ പ്രതിനിധിയെന്ന നിലയിൽ മനന്തോട്ടത്തിന് പത്രസമ്മേളനം വിളിച്ചുകൂട്ടാൻ അനുവാദമുണ്ട്. അതിന് കർദ്ദിനാൾ ആലഞ്ചേരിയുടെയോ മറ്റാരുടെയോ അനുവാദം ആവശ്യമില്ല. അത് നിയമാനുസൃതവും ആധികാരികവുമെന്നും പൊതു ജനത്തിന്റെയും വിശ്വാസികളുടെയും  തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടിയാണ് പത്ര സമ്മേളനം വിളിച്ചു കൂട്ടിയതെന്നും അതിരൂപത അവകാശപ്പെടുന്നു. വ്യാജമെന്ന് അനുമാനിക്കുന്ന രേഖകൾ മാർ മനന്തോടത്ത് വത്തിക്കാനിൽ അയച്ചുവെന്നതിനും തീർച്ചയില്ല. എന്നാൽ രേഖകൾ സത്യമെന്നുള്ളതിന് തെളിവുകളുണ്ടെന്നും നിശ്ചിതമായ തെളിവുകൾ മനന്തോട്ടത്തിന്റെ കൈവശമുണ്ടെന്നും അവകാശപ്പെടുന്നു.

വിദേശ പ്രതിനിധിയായ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെക്കുറിച്ച്‌ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 'സിനഡ്' അത് വത്തിക്കാനെ ബോധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്.  മാര്‍പാപ്പ നിയമിച്ച ഒരു പ്രതിനിധിക്കെതിരെ സഭയുടെ തന്നെ സിനഡ് കേസ് കൊടുക്കുന്നത്,  വത്തിക്കാനെ നിഷേധിച്ചതിനും തള്ളിപ്പറഞ്ഞതിനും തുല്യമാണ്. കർദ്ദിനാളിന്റെയും മറ്റുബിഷപ്പുമാരുടെയും സാമ്പത്തിക നിക്ഷേപം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് സിനഡിന് പരാതിയുണ്ടെങ്കില്‍ സിനഡ് അത്  വത്തിക്കാന് നേരിട്ട് പരാതി അയക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ അതുണ്ടായില്ല. കാനോൻ നിയമം അനുസരിച്ച് വത്തിക്കാൻ നിയമിക്കുന്ന ഒരു പ്രതിനിധിയുടെ പേരിൽ നിയമക്കോടതിയെ അഭയം പ്രാപിക്കുന്നത് തെറ്റാണ്. സഭയ്ക്കുള്ളിൽ പ്രശ്നങ്ങൾ സഭ തന്നെ പരിഹരിക്കുകയോ വത്തിക്കാനെ കാര്യങ്ങളുടെ പോക്ക് അറിയിക്കുകയോ വേണമെന്നുള്ളതാണ് നിയമം. എന്നാൽ എഴുതപ്പെട്ട നിയമങ്ങളെ ധിക്കരിച്ചുകൊണ്ടുള്ള ഒരു പോക്കായിരുന്നു കർദ്ദിനാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇടയന്മാരും പുരോഹിതരും പരസ്പ്പരം ശണ്ഠ കൂടുന്നതുമൂലം  വിശ്വാസികൾ ഇനിയെന്തെന്നുള്ള  വൈകാരിക ചോദ്യങ്ങളുമായി കടുത്ത സമ്മർദ്ദത്തിലാണ്‌. കോടതിക്കേസുകൾ വന്നതോടെ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ വത്തിക്കാൻ ഈ കേസിൽ ഇടപെടാനുള്ള സാധ്യതയുണ്ടോയെന്നും അറിയില്ല. അതുമൂലം പ്രശ്നപരിഹാരത്തിനായി ഒരു ഫോർമുല കണ്ടുപിടിക്കാനായുള്ള സാങ്കേതിക പ്രശ്നങ്ങളുമുണ്ടാവുന്നു. മാത്രവുമല്ല കേസ് ഇപ്പോൾ ഇന്ത്യയുടെ പരമാധികാര കോടതിയുടെ കീഴിലാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും നിയമവ്യവസ്ഥകളുണ്ട്. ഭൂമി വിവാദവും വ്യാജരേഖയും കോടതിയുടെ പരിഗണനയിലായതിനാൽ വത്തിക്കാന് ഈ കേസിൽ ഇടപെടാൻ ബുദ്ധിമുട്ടുതന്നെയാണ്. എങ്കിലും ഭൂമിയിടപാടിനോടൊപ്പം വ്യാജ രേഖകളും സംബന്ധിച്ച കേസിന്റെ വസ്തുതകൾ വത്തിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. നിയമപരമായ നടപടികളും കേസിന്റെ കുരുക്കുകളുമഴിഞ്ഞാൽ വത്തിക്കാൻ തീരുമാനങ്ങളുമായി രംഗത്ത് വരുമെന്നാണ് കേസുമായി ബന്ധപ്പെട്ടവർ കരുതുന്നത്.

ഭൂമിയിടപാടുകൾ സംബന്ധിച്ച വ്യക്തമായ ധാരണകൾ വത്തിക്കാന് ബോദ്ധ്യമായതിനാലാണ് മാർ ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നും വത്തിക്കാൻ മാറ്റിയത്. പകരം ഭരണകാര്യങ്ങളുടെ ചുമതലക്കായി മാർ മനന്തോടത്തിനെ വത്തിക്കാൻ നിയമിക്കുകയാണുണ്ടായത്. വത്തിക്കാൻ നിർദേശിച്ചതനുസരിച്ച് ഭൂമിയിടപാടുകളെ സംബന്ധിച്ചുള്ള  കൃത്യമായ റിപ്പോർട്ട് തികച്ചും സത്യസന്ധമായ രീതിയിൽ മാർ മനന്തോടത്ത് വത്തിക്കാനെ അറിയിച്ചിട്ടുമുണ്ട്. റിപ്പോർട്ടിൽ ഭൂമിയിടപാടിലുള്ള നിരവധി ക്രമക്കേടുകളെപ്പറ്റിയുള്ള പരാമർശനങ്ങളുമുണ്ട്. എന്നാൽ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച വൈദികരെ ഒന്നടങ്കം പ്രതിസ്ഥാനത്ത് കൊണ്ടുവരാനാണ് കർദ്ദിനാൾ ആലഞ്ചേരിയും മറ്റു ഭരണതലത്തിലുള്ളവരും ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്.

സഭാ വഴക്കിന്മേൽ ഈ കേസുമായി ബന്ധപ്പെട്ട് ബലിയാടായി തീർന്നിരിക്കുന്നത് ഐഐടിയിൽ ഗവേഷക വിദ്യാർത്ഥിയായ ആദിത്യനെന്ന ചെറുപ്പകാരനാണ്. ആദിത്യനെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും ഫാദർ ടോണി കല്ലൂക്കാരനെതിരെ ബലപ്രയോഗത്തിൽക്കൂടി മൊഴി  പറയിപ്പിക്കുകയുമുണ്ടായി. കേസിനോടനുബന്ധിച്ച് മാർ ജേക്കബ് മനത്തോടത്തിനെയും ഫാ. പോൾ തേലക്കാട്ടിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തേലെക്കാട്ടച്ചന് രേഖകൾ ലഭിച്ചത് 'ആദിത്യ' വഴിയെന്ന മൊഴിയനുസരിച്ചാണ് ആദിത്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും പിന്നീട് അറസ്റ്റ് ചെയ്തതും. മൂന്നു ദിവസത്തോളം ആദിത്യയെ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു. വ്യാജ രേഖകളാണ് നിർമ്മിച്ചതെന്ന് ആദിത്യനെക്കൊണ്ട് നിർബന്ധിച്ച് പോലീസ് പറയിപ്പിക്കുകയും ചെയ്തു. ദിവസങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങിയ ആദിത്യ സമ്മർദ്ദത്തിന്റെ പുറത്ത് 'ഫാദർ ടോണി കല്ലൂക്കാരൻ' പറഞ്ഞിട്ടാണ് വ്യാജരേഖകൾ ഉണ്ടാക്കിയതെന്ന് സമ്മതിച്ചു. അസഹ്യമായ ദേഹോപദ്രവങ്ങളാണ് ആ ചെറുപ്പക്കാരൻ നേരിടേണ്ടി വന്നത്.

ഫാദർ കല്ലൂക്കാരൻ അങ്ങനെയൊരു വ്യാജ രേഖ ഉണ്ടാക്കാൻ ആദിത്യനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. 'ആദിത്യ' തന്നെ പോലീസിൽനിന്നും മോചനം ലഭിച്ചയുടൻ അത് പരസ്യമായി വിളിച്ചറിയിക്കുകയും ചെയ്തു. അനാവശ്യമായി ആദിത്യയെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുന്നതിനെതിരെ പ്രതിക്ഷേധങ്ങൾ ഉയർന്നപ്പോഴാണ് പോലീസ് ആദിത്യനെ അറസ്റ്റു ചെയ്യുകയും മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുകയും ചെയ്തത്. ആദിത്യന് ജാമ്യം നിഷേധിക്കാനുള്ള എല്ലാ പദ്ധതികളും നടപ്പാക്കിയ ശേഷമായിരുന്നു പോലീസ് ആ യുവാവിനെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയത്.

ഇതിനിടയിൽ ചോദ്യം ചെയ്തു വിട്ടയച്ച കല്ലൂക്കാരനെ അറസ്റ്റു ചെയ്യാനായി മൂന്നു വണ്ടി പോലീസ് മുരിങ്ങൂർ സാൻജോ നഗർ പള്ളിയിലെത്തി. പള്ളിക്കു ചുറ്റും വിശ്വാസികൾ തടിച്ചുകൂടുകയും അറസ്റ്റ് ചെയ്യാൻ സാധിക്കാതെ പോലീസ് വണ്ടികൾ മടങ്ങി പോവുകയും ചെയ്തു. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണം ആരുടെയൊക്കെയോ സ്വാധീനത്തിന്റെ പുറത്താണെന്നും സിബിഐയോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും അതിരൂപത ആവശ്യപ്പെടുന്നു. രേഖകളുടെ ആധികാരിതയും സത്യാവസ്ഥയും സ്വീകരിക്കാനുള്ള നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയവും സഭാ കോർപ്പറേറ്റ് പ്രേരിതവുമായ അന്വേഷണമാണ് ഇതിന്റ പിന്നിലെന്നും അതിരൂപത അവകാശപ്പെടുന്നു. കേസ് നടത്തുന്നത് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണെന്നും വ്യക്തമാണ്. അതിവിദഗ്ദ്ധമായി മുൻകൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഈ പോലീസ് അന്വേഷണമെന്നും അതിരൂപത കരുതുന്നു.

തന്റെ ജോലികൾക്കിടയിൽ അവിചാരിതമായി കമ്പ്യുട്ടറിൽ പൊന്തി വന്ന രേഖകൾ ആദിത്യനു  തന്നെ വിസ്മയമായിരുന്നു. ഉടൻ തന്നെ ആദിത്യൻ രേഖകൾ സഹിതം സത്യദീപം പത്രാധിപർ തേലെക്കാടന് ഇമെയിൽ ചെയ്യുകയായിരുന്നു. രേഖകളുടെ സത്യാവസ്ഥ അറിയാൻ  തേലെക്കാടൻ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയ ജേക്കബ് മനന്തോടത്തിന് രേഖകൾ കൈമാറുകയും ചെയ്തു. അതിലെ സത്യാവസ്ഥ നിശ്ചയമല്ലാത്തതിനാൽ മാർ മനന്തോടത്ത് ഈ രേഖകകൾ രഹസ്യമായി മാർ ആലഞ്ചേരിക്ക് കൈമാറി. അവകൾ പരസ്യപ്പെടുത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. മെത്രാൻ സിനഡിലാണ് അതിരഹസ്യമായി വാതിലുകൾ അടച്ചുകൊണ്ടു ആദ്യം രേഖകളെപ്പറ്റി ചർച്ചകൾ ചെയ്തത്. തന്മൂലം രേഖകളുടെ വിവരങ്ങൾ പുറം ലോകം അറിയുകയും ചെയ്തു. സിനഡിൽനിന്നാണ് ഗൂഡാലോചനയുടെ തുടക്കമെന്ന് അതിരൂപത കരുതുന്നു.

ആദിത്യനെ ക്രൂരമായി മർദ്ദിച്ചതിനുപുറമെ കാലിൽ അടിക്കുകയും കൊന്നു കളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. നഖം വരെ പൊളിച്ചു. വൈദികരുടെ പേരുകൾ മനഃപൂർവം അവൻ പറഞ്ഞതല്ലായിരുന്നു. അവനെ അടിച്ചവശനാക്കിയപ്പോൾ വൈദികരുടെ പേരുകൾ പറയുകയാണുണ്ടായത്. അത് ഉടൻ തന്നെ പോലീസ് മാദ്ധ്യമങ്ങളിൽക്കൂടി പ്രചരിപ്പിക്കുകയും ചെയ്തു. നിരപരാധികളെ കുറ്റക്കാരനാക്കി പീഡനം നൽകുന്ന പാരമ്പര്യമാണ് എക്കാലവും കേരളാപോലീസിനുള്ളത്. താൻ വൈദികരുടെ പേര് മനഃപൂർവ്വം പറഞ്ഞതല്ലെന്നും മരണഭീതികൊണ്ട് പോലീസുകാർ ആവശ്യപ്പെട്ടത് ഏറ്റുപറയുകയായിരുന്നെന്നും ആദിത്യ അറിയിച്ചു. അതിൽ അവൻ വൈദികരോട് മാപ്പ് പറയുകയും ചെയ്തു. അഭിഭാഷകനെപ്പോലും കാണാൻ അനുവദിക്കാതെയാണ് ആദിത്യനെ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചത്.

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച വൈദികരെയാണ് വ്യാജരേഖക്കേസില്‍ പ്രതികളാക്കി പീഡിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. എറണാകുളം അങ്കമാലി രൂപതയെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം മുമ്പോട്ട് പോവുന്നത്. കാര്യങ്ങളുടെ പോക്കിനെപ്പറ്റിയുള്ള സത്യാവസ്ഥയിൽ അവ്യക്തതകൾ തുടർന്നുകൊണ്ടിരിക്കുന്നു.

ഭൂമിയിടപാടുകളുമായി പുതിയതായി കണ്ടെത്തിയിരിക്കുന്ന വ്യാജരേഖകളുമായിട്ട് യാതൊരു ബന്ധവും ഇല്ല. മാത്രവുമല്ല ഭൂമിയിടപാടുകളെ സംബന്ധിച്ചുള്ള സകല റിക്കോർഡുകളും കോടതികളുടെ കൈവശം ഹാജരാക്കിയിട്ടുണ്ട്. കൃത്യമായ ഓഡിറ്റിങും, ഓഡിറ്റിങ്ങ് റിപ്പോർട്ടും കാരണം മാർ ആലഞ്ചേരിയ്ക്ക് പ്രതികൂലമായി കേസുകൾ മുമ്പോട്ട് പോവുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ വ്യാജ രേഖകൾ സൃഷ്ടിച്ച് മാർ ആലഞ്ചേരിക്ക് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ എറണാകുളം അങ്കമാലി നേതൃത്വം മുതിർന്നുവെന്നുള്ള വാദഗതികളും അവിശ്വസിനീയമാണ്‌. ഇപ്പോൾത്തന്നെ പ്രശ്നത്തിലായിരിക്കുന്ന മാർ ആലഞ്ചേരിക്കെതിരെ മറ്റൊരു വ്യാജരേഖ സൃഷ്ടിക്കേണ്ട ആവശ്യം എറണാകുളം-അങ്കമാലി രൂപതയ്ക്കില്ലെന്നാണ് രൂപത വ്യക്തമാക്കുന്നത്. പണത്തിന്റെ കരുത്തിൽ അനീതിപരമായി പെരുമാറുന്ന പൊലീസിൽ നിന്നും കേസ് സിബിഐയ്ക്ക് കൈമാറാനും അതിരൂപത ആവശ്യപ്പെടുന്നു. ഭൂമിയിടപാടുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജരേഖ കേസ് കർദ്ദിനാളിനെതിരെയുള്ള വൈദികർക്കെതിരെ ചില  ലക്ഷ്യങ്ങളോടെ കർദ്ദിനാളും സിനഡും പകപോക്കുന്നുവെന്ന്  അതിരൂപത കുറ്റപ്പെടുത്തി.

പോലീസിന്റെ ഭാഗത്തുനിന്നും നീതിയുക്തമായ ഒരു അന്വേഷണമല്ല നടക്കുന്നതെന്നും ആരോപണമുണ്ട്. പൊലീസിനെതിരായ ശക്തമായ പ്രതിക്ഷേധങ്ങളും അതിരൂപത ഭാഗത്തുനിന്നും തുടരുന്നു. മനന്തോടത്ത് വിളിച്ചുകൂട്ടിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭൂമിയിടപാടുകൾ മൂലം കോടിക്കണക്കിന് രൂപയുടെ അതിരൂപതയ്ക്കുണ്ടായ നഷ്ടങ്ങൾ കർദ്ദിനാളും സിനഡും മൂടിവെക്കാനുള്ള ശ്രമങ്ങളാണെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.

രേഖകളിലെ പേരുകാരൻ കർദ്ദിനാൾ മാത്രമല്ല ഉന്നതരും മറ്റു മെത്രാന്മാരുമുണ്ടെന്നാണ് സൂചനകൾ. 39 പേജുകൾ സഹിതമുള്ള വിവരങ്ങളാണ് ആദിത്യ തേലെക്കാടനു അയച്ചുകൊടുത്തത്. അതിൽ ഏതാനും പേജുകളിൽ മാത്രം ആലഞ്ചേരിയുടെ പേരുകൾ വരുന്നു. ഈ പേജുകൾ മാത്രമാണ് വ്യാജ രേഖയായി കണക്കാക്കുന്നത്. ബാക്കിയുള്ള പേജുകളിൽ മറ്റു ബിഷപ്പുമാരുടെയും ഉന്നതരുടെയും പേരുകൾ വരുന്നുണ്ട്. അതിനെപ്പറ്റി അന്വേഷിക്കാൻ പോലീസ് തയ്യാറാകുന്നുമില്ല. ബാക്കി പേജുകളെപ്പറ്റിയുള്ള വിശദാംശങ്ങൾ പോലീസ് പുറത്തുവിടുന്നുമില്ല. സീറോ മലബാർ സഭയിലെപ്പോലെ ലത്തീൻ ബിഷപ്പുമാരുടെ പേരുകളും രേഖകളിലുണ്ടെന്ന് കരുതുന്നു. ആലഞ്ചേരിക്കുവേണ്ടി നടത്തുന്ന കേസുകളുടെ രേഖകളിൽ മറ്റു ബിഷപ്പുമാരുടെ കാര്യത്തിൽ പോലീസ് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. സമഗ്രമായ ഒരു അന്വേഷണം നടത്താൻ തയ്യാറെങ്കിൽ ഈ കേസിൽ ഇപ്പോൾ വാദികളായി നിൽക്കുന്നവർ പ്രതികളാകാനും സാധ്യതകളുണ്ട്.

കേസിനോടനുബന്ധിച്ച് അതിരൂപത വിശ്വാസികളുടെ അറിവിനായി ഒരു പ്രസ്താവന ഇറക്കിയിരുന്നു. 'വ്യാജരേഖകൾ ഉണ്ടായിയെന്നറിഞ്ഞപ്പോൾ ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാനും അതിന്റെ ഉറവിടം മനസിലാക്കാനും സിനഡിൽ തീരുമാനമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 'സിനഡ്' പോലീസിൽ പരാതിപ്പെട്ടപ്പോൾ അന്വേഷണം ഏതാനും വൈദികർക്കെതിരെ തിരിയുകയും വൈദികരെയും പ്രതിപ്പട്ടികയിൽ ചേർക്കുകയും ചെയ്തു. മാർ ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാട്ടും പ്രതികളായപ്പോൾ കേസ് പിൻവലിക്കാൻ കർദ്ദിനാൾ തയ്യാറാകുന്നുവെന്നും അറിയിച്ചിരുന്നു. എങ്കിലും കർദ്ദിനാളിന്റെ ഭാഗത്തുനിന്നും പിന്നീട് പ്രതികരണങ്ങൾ യാതൊന്നും ഉണ്ടായില്ല. വ്യാജരേഖകൾ കർദ്ദിനാളിനെതിരെയുള്ള ചില വൈദികരുടെ ഗുഢാലോചനയായി  പ്രചരണങ്ങളുമാരംഭിച്ചു.

മാർ ആലഞ്ചേരിക്ക് സ്വന്തമായി ഒരു ബാങ്കിലും അക്കൗണ്ടുകൾ ഇല്ലെന്നും രേഖകൾ വ്യാജമെന്നും പോലീസ് സ്ഥിതികരിക്കുമ്പോൾ രേഖകൾ വ്യാജമല്ലെന്നുള്ളതാണ് അതിരൂപതയുടെ നിലപാട്. ഭൂമി ഇടപാടുകൾ സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച പുരോഹിതരെയാണ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്.   രേഖകള്‍ യഥാര്‍ത്ഥമാണെന്നു അതിരൂപത ആവർത്തിച്ച് തറപ്പിച്ചു പറയുന്നുണ്ട്.

സത്യമെന്തെന്ന് രേഖകൾ സംസാരിക്കട്ടെയെന്ന നിലപാടുകളാണ് തേലെക്കാട്ടച്ചനുള്ളത്. അദ്ദേഹം പറഞ്ഞു, 'അനീതിപരമായ രേഖകൾ കണ്ണിൽപ്പെട്ടപ്പോൾ അത് കണ്ടില്ലെന്നു നടിക്കാനും സാധിച്ചില്ല.  മാർ ആലഞ്ചേരിക്കെതിരെ എന്തെങ്കിലും നിഗൂഢമായ പദ്ധതികളുണ്ടായിരുന്നെങ്കിൽ തനിക്ക് ആ രേഖകൾ മേലധികാരികളെ ഏല്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും രേഖ അയച്ചുതന്ന ആദിത്യനെ ഒരിക്കൽ മാത്രമേ താൻ കണ്ടിട്ടുള്ളുവെന്നും അയാൾ വ്യാജ രേഖ സൃഷ്ടിച്ചതായി കരുതുന്നില്ലെന്നും' തേലെക്കാടൻ പറഞ്ഞു.

സീറോ മലബാർ സഭയുടെ അഭിവന്ദ്യനായ മാർ ആലഞ്ചേരി,  ബലിയാടായ ആദിത്യന്റെ പോലീസ് ഓഫീസർമാരിൽ നിന്നുള്ള ക്രൂരമായ മർദ്ദന കഥകൾ അറിഞ്ഞോയെന്നറിയില്ല!  അവൻ നിരപരാധിയാണെങ്കിൽ അവന്റെ കണ്ണുനീരിന്റെയും അഭിമാനത്തിന്റെയും വില സഭയ്ക്ക് മടക്കിക്കൊടുക്കാൻ സാധിക്കില്ല. അവന്റെ രോദനം കേൾക്കൂ!  "എന്റെ കാലിൽ ചൂരൽകൊണ്ട് ആഞ്ഞടിച്ചു. ആദ്യത്തെ അടിയിൽ തന്നെ വടി ഒടിഞ്ഞു പോയി. വേദനകൊണ്ട് ഞാൻ ഉറക്കെ അലറിക്കരഞ്ഞു. ഞാൻ അസ്മാ രോഗിയെന്നും ഇൻഹേലർ ഉപയോഗിക്കുന്നുവെന്നു പറഞ്ഞിട്ടും മർദ്ദനങ്ങൾ തുടർന്നുകൊണ്ടിരുന്നു. എന്റെ അർദ്ധ നഗ്നമായ ശരീരത്തെ നോക്കി അസഭ്യത നിറഞ്ഞ കമന്റുകളോടെ ഡിവൈഎസ്പി പരിഹസിച്ചു. എന്റെ ഇടതു ചെവിട്ടത്തിനിട്ടു ആറുപ്രാവിശ്യം അടിച്ചു. മറ്റൊരു ഓഫിസർ എന്റെ നട്ടെല്ലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു. എന്റെ കാലിലെ നഖം വലിച്ചു പറിക്കാൻ നോക്കി. (റെഫ്.മംഗളം പത്രം)".

പോലീസ് മർദനത്തിൽ പരിക്കേറ്റ ആദിത്യന്റെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതനുസരിച്ച് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.  വ്യാജപരാതി സമർപ്പിച്ചുവെന്നാരോപിച്ച് മാർ ആലഞ്ചേരിക്കെതിരെ മറ്റൊരു കേസ് ഫയൽ ചെയ്യാനും മാർ മനന്തോട്ടത്തും എറണാകുളം അങ്കമാലി രൂപതയും ആലോചിക്കുന്നുമുണ്ട്.

സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകൾ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളിൽ കർദ്ദിനാൾ, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികൾ ആശങ്കയിലാണ്. ബിഷപ്പുമാരും പുരോഹിതരും തമ്മിൽ  സ്ഥാനമഹിമകൾ കണക്കാക്കാതെ ചെളിവാരിയെറിയുന്ന വാർത്തകളാണ് പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്. കേഴുന്ന ഭക്തജനങ്ങൾ സഭയെ രക്ഷിക്കണമേയെന്നും പ്രാർത്ഥിക്കുന്നു.






Tuesday, May 14, 2019

ഗാന്ധിയും ജനാധിപത്യ ചിന്തകളും-2



ജോസഫ് പടന്നമാക്കൽ

ന്യൂയോർക്കിൽ ക്യുൻസ് വില്ലേജിൽ, കേരള വിചാര സാംസ്ക്കാരിക വേദി നടത്തിയ ചർച്ചാവേദിയിൽ ഞാൻ അവതരിപ്പിച്ച പ്രഭാഷണവും അതിന്റെ ബാക്കിപത്രവുമാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 'ഗാന്ധിയൻ ജനാധിപത്യവും ദേശീയ ജനാധിപത്യവും' എന്നതായിരുന്നു വിഷയം. ഗാന്ധിയുടെ ആദര്‍ശരാഷ്‌ട്രവാദപരമായ ജനാധിപത്യവും വര്‍ത്തമാനകാല ജനാധിപത്യവും തമ്മിലുള്ള ബന്ധം എന്തെന്നുള്ള വ്യക്തമായ ഒരു ഉത്തരം നൽകാൻ സാധിക്കുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയൻചേരികളും അമേരിക്കൻ ചേരികളും പരസ്പ്പരം ആയുധ മത്സരത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇരു ചേരികളിലും ചേരാതെആയുധ മത്സരങ്ങളിലും ഏർപ്പെടാതെ  ചേരിചേരാ നയങ്ങൾ സ്വീകരിച്ചു. 'ചേരിചേരാനയങ്ങൾ എന്നുള്ളത് തികച്ചും ഗാന്ധിയൻ ആശയങ്ങളായിരുന്നു. 

ആർ എസ് എസ്ബിജെപി നയങ്ങൾ ഗാന്ധി വധത്തിനു കാരണമെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷം കോൺഗ്രസ്സ് പാർട്ടി പിരിച്ചുവിടാൻ ഗാന്ധിജി നിർദ്ദേശിച്ചുവെന്ന് ബിജെപിയും പഴി ചാരുന്നു. ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തലിൽ ഇന്നും  ജനഹൃദയങ്ങളിൽ ജീവിക്കുന്നവനായ ഗാന്ധിജി ആരുടെ ഭാഗത്താണെന്നും വിധി പറയാൻ കഴിയില്ല. "നിങ്ങൾ എന്നെ മറന്നാലും സത്യത്തിന്റെ സാക്ഷിയാകാനെ എനിക്ക് സാധിക്കുള്ളൂ"വെന്ന ഗാന്ധിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.  



1947-ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ സ്വാതന്ത്ര്യം നേടി. അതിനുശേഷം ഗാന്ധിയുടെ ജനാധിപത്യ ചിന്തകൾ ഒരു 'യുട്ടോപ്യൻസ്വപ്നം പോലെയായിരിന്നു. 1948 ജനുവരി മുപ്പതിന് ഗാന്ധി ഒരു മതഭ്രാന്തന്റെ വെടിയേറ്റ് മരിച്ചു. 1950- 'ജനുവരി ഇരുപത്തിയാറ്ഇന്ത്യയെ ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോൾ ഗാന്ധിയൻ ചിന്തകൾ പ്രസക്തമല്ലാതായി തീർന്നിരുന്നു.

ഗാന്ധിജിയുടെ ജനാധിപത്യവും ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ജനാധിപത്യവും തമ്മിൽ തികച്ചും വ്യത്യസ്തമാണ്. ജനാധിപത്യത്തെപ്പറ്റി നിരവധി അഭിപ്രായങ്ങൾ അദ്ദേഹം 'യങ്ങ് ഇന്ത്യയിലും' 'ഹരിജനിലുംഎഴുതിയിട്ടുണ്ട്. ഗാന്ധിജി ജനാധിപത്യത്തെ അംഗീകരിച്ചിരുന്നുവെന്നതു ശരിതന്നെ. എന്നാൽ അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായിരുന്ന ജനാധിപത്യം ബ്രിട്ടീഷ് പാർലമെന്ററി സമ്പ്രദായമോ അമേരിക്കൻ ജനാധിപത്യമോ ആയിരുന്നില്ല.

ഗാന്ധിയൻ ജനാധിപത്യത്തിൽ കർമ്മവും അഹിംസയുമുണ്ട്. ഇതിൽ ഗാന്ധിയുടെ കർമ്മവും അഹിംസയും നീക്കപ്പെട്ടാൽ ഇന്നുള്ള ജനാധിപത്യത്തെ നിർവചിക്കാൻ സാധിച്ചേക്കാം. മറ്റൊരു വ്യത്യാസംഗാന്ധിയൻ ജനാധിപത്യത്തിൽ വ്യക്തിക്ക് പൂർണ്ണ അധികാരവും രാഷ്ട്രത്തിന് നിയന്ത്രണാധികാരവുമാണുള്ളത്. അധികാര വികേന്ദ്രികരണവും കപടതയില്ലാത്ത പ്രത്യക്ഷമായ ജനാധിപത്യവും സമാധാനത്തിന്റെ വാതായനമായി അദ്ദേഹം ദർശിച്ചു. ഉയർന്നവനും താണവനുമെന്നുള്ള അധികാര ക്രമങ്ങൾ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിൽ സമത്വം പാലിക്കണമെന്നു നിർദ്ദേശിച്ചു. ഓരോ വ്യക്തിയും സ്വയം ഭരണത്തിൽക്കൂടി ഭരണകർത്താക്കളെന്നും വിശ്വസിച്ചു.

ജനാധിപത്യത്തെ പ്രത്യക്ഷ ജനാധിപത്യവും (Direct democracy) പടിഞ്ഞാറൻ ജനാധിപത്യവുമായി തരം തിരിച്ചിരുന്നു. ഇന്ത്യ പടിഞ്ഞാറൻ ജനാധിപത്യ രീതിയിൽ ഭരണഘടന എഴുതിയുണ്ടാക്കി. പാർലമെന്ററി സമ്പ്രദായത്തെപ്പറ്റി ഗാന്ധി പറഞ്ഞുഇന്ത്യ ബ്രിട്ടന്റെ പാർലമെന്റ് ജനാധിപത്യ സമ്പ്രദായമാണ് അനുകരിക്കുന്നതെങ്കിൽ രാജ്യം അരാജകത്വത്തിൽ അകപ്പെടും. നാശമായിരിക്കും ഫലം. പാർലമെന്റ് രീതികൾ അടിമത്വത്തിന് തുല്യമാണ്. അമേരിക്കയിലെ ജനാധിപത്യ രീതികളിലും ഗാന്ധിജി തൃപ്തനായിരുന്നില്ല. ഭൂരിപക്ഷം അവിടെ ന്യുനപക്ഷത്തെ ചൂഷണം ചെയ്യുന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. പടിഞ്ഞാറൻ ജനാധിപത്യത്തിൽ അധികാരം മുഴുവൻ രാജ്യം കേന്ദ്രികരിച്ചിരിക്കുന്നതുകൊണ്ട് അവിടങ്ങളിലെ ജനാധിപത്യം അക്രമങ്ങളിലേക്ക് നീങ്ങുന്നു.

ഇന്ത്യയിലെ കൊളോണിയൽ സാമ്രാജ്യത്തിനെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയും നെഹ്രുവും സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിലും വ്യത്യസ്തമായ ആശയസംഹിതകൾ ഇവർ രണ്ടുപേരും പുലർത്തിയിരുന്നു. ഗാന്ധിയും നെഹ്രുവും പാണ്ഡിത്യം നിറഞ്ഞവരും പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവരും നിയമജ്ഞരുമായിരുന്നു. പോരാഞ്ഞ് ഗാന്ധിജി നെഹ്രുവിന്റെ ഒരു ആരാധ്യ നേതാവുമായിരുന്നു. ഗാന്ധിജി പൗരസ്ത്യ ചിന്താഗതികളിൽക്കൂടി ജീവിതം നയിക്കുമ്പോൾ നെഹ്‌റു പാശ്ചാത്യ സംസ്ക്കാരം അനുകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഗാന്ധിജി ഇന്ത്യയുടെ പാരമ്പര്യങ്ങളിൽ അഭിമാനം കൊണ്ടിരുന്നു. എന്നാൽ നെഹ്‌റു സംസ്‌കാരത്തിലും വേഷങ്ങളിലും പാശ്ചാത്യരെ പിന്തുടർന്നിരുന്നു. പടിഞ്ഞാറൻ വിദ്യാഭ്യാസം നെഹ്രുവിന്റെ പ്രവർത്തനമണ്ഡലങ്ങളിൽ കാര്യമായ സ്വാധീനം പുലർത്തിയിരുന്നു. നെഹ്രുവിന്റെ ആശയങ്ങൾ കൂടുതലും അനുഭവമൂല്യങ്ങൾ നിറഞ്ഞതും പ്രായോഗികവുമായിരുന്നു. അതേസമയം ഗാന്ധിജിയുടെ ചിന്തകൾ കൂടുതലും അദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലായിരുന്നു. സാധാരണക്കാരന്റെ ജീവിതത്തിൽ ഗാന്ധിയൻ ചിന്തകൾ പ്രതിഫലിപ്പിക്കാൻ സാധിക്കില്ലായിരുന്നു. അഴിമതിയും കപടതയുമില്ലാതെ ഒരു സമൂഹത്തിനായി ഗാന്ധിജി പദ്ധതിയിട്ടു. അത് അസാധ്യമാണെന്നും പ്രായോഗികമായി ഇന്നത്തെ ലോകത്ത് നടപ്പാക്കാൻ സാധിക്കില്ലെന്നു നെഹ്രുവും ചിന്തിച്ചു.  

നെഹ്‌റു ബ്രിട്ടീഷ് മോഡലിലുള്ള പാർലമെന്റ് ഡെമോക്രസിയിൽ വിശ്വസിച്ചിരുന്നു. ആഗോളതലങ്ങളിൽ സമ്മതിദായകരുടെ വോട്ടു രാഷ്ട്രീയത്തിൽ ജനാധിപത്യം വിജയിച്ചിരുന്നുവെന്ന് നെഹ്‌റു മനസിലാക്കിയിരുന്നു. എന്നാൽ ഗാന്ധിജി വിശ്വസിച്ചിരുന്നത് സ്വയം പര്യാപ്ത സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു. കുടിൽ വ്യവസായങ്ങൾ, നൂൽ നൂൽപ്പ്, ഖാദി മുതലായവകൾ ഗാന്ധിജിയുടെ ഭാവനകളിൽനിന്നുമുണ്ടായ ആശയങ്ങളാണ്. നെഹ്‌റു ജനാധിപത്യ സോഷ്യലിസത്തിൽ വിശ്വസിച്ചിരുന്നു. ശക്തമായ സാമ്പത്തിക കെട്ടുറപ്പിന് വ്യവസായവൽക്കരണവും ശാസ്ത്ര സാങ്കേതിക വളർച്ചയും നെഹ്‌റു പിന്തുടർന്നു. 

പ്രകൃതിയെ നശിപ്പിക്കുമെന്നുള്ള കാരണത്താൽ ഗാന്ധിജി വിദ്യുച്ഛക്തി ഉൽപ്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള വൻകിട അണക്കെട്ടുകൾ നിർമ്മിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ മരണശേഷമാണ് നെഹ്‌റു 'ഭക്രാനംഗൽ' അണക്കെട്ട് പൂർത്തിയാക്കിയത്. വിദ്യുച്ഛക്തിയുടെയും ഊർജ്ജത്തിന്റെയും അഭാവത്തിൽ മനുഷ്യന് ഭാവിയിൽ ജീവിക്കാൻ സാധിക്കില്ലന്നുള്ള ദീർഘദർശനം നെഹൃവിനുണ്ടായിരുന്നു. അതുകൊണ്ട് ഗാന്ധിയൻ ദർശനങ്ങൾക്ക് നെഹ്‌റു പ്രാധാന്യം കല്പിച്ചില്ല. അന്തർദേശീയ പ്രസ്ഥാനങ്ങളിലും അവരുടെ നേട്ടങ്ങളിലും ഇന്ത്യ പങ്കുവെക്കുന്നത് ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ല. അതേസമയം ലോക സമാധാനത്തിനായും രാജ്യാന്തര കാര്യങ്ങളിൽ ഇടപെട്ടും പരസ്പ്പരം സഹായിച്ചും പോരുന്ന നയങ്ങളായിരുന്നു നെഹ്‌റു സ്വീകരിച്ചിരുന്നത്. ഇന്ത്യയുടെ പുരോഗതിക്കു പരസ്പ്പരം രാജ്യാന്തര സഹായങ്ങൾ ആവശ്യമെന്നും നെഹ്‌റു കരുതിയിരുന്നു. 


ആദ്ധ്യാത്മിക തലങ്ങളിലുണ്ടായിരുന്ന ഗാന്ധിയൻ ചിന്തകൾ പ്രായോഗിക ജീവിതത്തിൽ അസാധ്യമായിരുന്നുവെന്ന് നെഹ്‌റു കണ്ടു. സത്യത്തിലധിഷ്ഠിതമായ അഹിംസയിലും വിശുദ്ധിയിലും  ഗാന്ധിജി ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. എന്നാൽ നെഹ്‌റുവിന് ആദ്ധ്യാത്മിക ചിന്തകൾ ഉണ്ടായിരുന്നില്ല. പ്രായോഗിക ചിന്തകളിൽ നെഹ്‌റു പ്രാധാന്യം നൽകി. അതുകൊണ്ടാണ് നെഹ്‌റു നല്ല ഒരു രാഷ്ട്രീയ നേതാവായത്. ഗാന്ധിജി ഇന്ത്യയുടെ മാമൂലുകളെ നിലനിർത്താൻ ആഗ്രഹിച്ചു. ലോകം പുരോഗമിച്ചാലും അതിനൊപ്പം മാറ്റങ്ങൾക്ക് തയ്യാറായിരുന്നില്ല. ആദ്ധ്യാത്മിക ചിന്തകളിൽ മുറുകെ പിടിച്ചിരുന്നതുകൊണ്ടാണ് ഗാന്ധി മഹാത്മാവായത്. ഭൗതികത കെട്ടിപ്പൊക്കാൻ ആഗ്രഹിച്ചിരുന്ന നെഹ്‌റുവിനെ രാഷ്ടശില്പിയെന്നും വിളിക്കുന്നു. കാരണം, നെഹൃവിനുണ്ടായിരുന്നത് മാറ്റങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ഗ്രാമ സ്വരാജിനുപരിയായി കെട്ടുറപ്പുള്ള ഒരു നവഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. 
  
രാജ്യത്തിനുള്ളിലെ സർവ്വവിധ രാഷ്ട്രീയാധികാരങ്ങളും നീക്കം ചെയ്ത് നിലവിലുള്ള ഭരണപരമായ അധികാരം ഓരോ വ്യക്തിയിലും നിക്ഷിപ്തമാക്കണമെന്ന് ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഓരോരുത്തരും ഭരിക്കുന്നവരായിരിക്കണം. ഒരു വ്യക്തിയും അയൽക്കാരന്റെ ജീവിതത്തിന് തടസമാകരുത്. അങ്ങനെ വ്യക്തികൾ സ്വയം നിയന്ത്രണത്തിലൂടെ ആത്മ  പരിവർത്തനം നടത്തുന്ന പക്ഷം സമൂഹമൊന്നാകെ മാറ്റങ്ങൾ സംഭവിക്കും. ഗാന്ധിജിയുടെ 'സ്വരാജ്'  ഒരു വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിലാണ് അടിസ്ഥാനം കല്പിച്ചിരിക്കുന്നത്. 'സ്വരാജ്എന്നാൽ സ്വയം ഭരണാധികാരമെന്നാണ് അർത്ഥമാക്കുന്നത്. ഓരോ വ്യക്തിയും സ്വയം ഭരിക്കാൻ തയ്യാറായാൽ സ്വാഭാവികമായി ഇന്ത്യ മുഴുവൻ സ്വയം ഭരണ രാഷ്ട്രമായി അറിയപ്പെടും. നാം ഓരോരുത്തരും സ്വതന്ത്രരാണെങ്കിൽ ഇന്ത്യയും സ്വതന്ത്രമായിരിക്കും.

സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ്സ് പാർട്ടി പിരിച്ചുവിടാൻ ഗാന്ധി ഉപദേശിച്ചു. ഗാന്ധി പറഞ്ഞു, "കോൺഗ്രസ്സ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം മേടിക്കണമെന്നുള്ള ലക്‌ഷ്യം പൂർത്തിയാക്കി. കോൺഗ്രസിന്റെ പ്രവർത്തനമണ്ഡലങ്ങൾ ഗ്രാമങ്ങളിലേക്ക് നീങ്ങണം. ഗ്രാമങ്ങളെ പുനർ ജീവിപ്പിച്ചുകൊണ്ടു പുത്തനായ സാമൂഹിക സാമ്പത്തിക അടിസ്ഥാന പദ്ധതികൾക്ക് തുടക്കമിടണം. എന്നാൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ അഭിപ്രായം മാനിച്ചില്ല. 1947-ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം കോൺഗ്രസ് പിരിച്ചുവിട്ടില്ല.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ദേശീയ സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോൾ ഗാന്ധിയുടെ ഭാവനയിലുള്ള ജനാധിപത്യം നടപ്പാകില്ലെന്നും അദ്ദേഹം മനസിലാക്കി. എങ്കിലും ദേശീയ അധികാരങ്ങൾ ലഘൂകരിച്ച് വിദ്യാഭ്യാസ പദ്ധതികൾക്ക്  മുൻഗണന നൽകാൻ ഉപദേശിച്ചു. ഗാന്ധിയൻ ആദർശങ്ങൾ തള്ളി കളഞ്ഞുകൊണ്ടുള്ള ഒരു ജനാധിപത്യ സംവിധാനമായിരുന്നു ഇന്ത്യ തിരഞ്ഞെടുത്തത്. ഓരോ വ്യക്തിയും ഒന്നാകുന്ന സമൂഹവും രാജ്യം മുഴുവനുമുള്ള വ്യക്തികളുടെ തുല്യമായ അധികാരത്തോടെയുള്ള ഒരു സംവിധാനവും നടപ്പില്ലെന്നു ഭാരതത്തിലെ ആദ്യശില്പികൾ മനസിലാക്കിയിരുന്നു.

ജന്മനാ മനോധർമ്മമുള്ള ഒരു ജനാധിപത്യവാദി സ്വയം നിയന്ത്രിക്കുന്നവനുമായിരിക്കും. അവനിൽ ജനാധിപത്യം സ്വാഭാവികമായി പ്രകടമാകുന്നു. അയാൾ നിയമങ്ങളെ ആദരിക്കുന്നു. മനുഷ്യത്വം സ്വാഭാവികമായി കുടികൊള്ളുകയും ചെയ്യും. ജനാധിപത്യത്തിൽജനകീയ സേവനത്തിൽ തീവ്ര ഉല്‍ക്കര്‍ഷച്ഛയുള്ളവർ ആദ്യമായി സ്വയം പരീക്ഷണങ്ങൾ നടത്തി യോഗ്യരാകട്ടെ. ഒരു ജനകീയനു സ്വാർത്ഥത പാടില്ല. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കുന്ന ജനാധിപത്യം. എങ്കിൽ മാത്രമേ അയാൾക്ക് നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതികൾക്ക് അവകാശമുള്ളൂ.ഗാന്ധിയൻ പ്രത്യേയ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഇന്നത്തെ കോൺഗ്രസുകാർക്ക് യഥാർത്ഥ ജനാധിപത്യവാദികളെ തിരിച്ചറിയാനും ബുദ്ധിമുട്ടായിരിക്കും. ആത്മനിയന്ത്രണമുള്ള സ്വാർത്ഥതയില്ലാത്ത ഗാന്ധിയന്മാർ ഇന്ത്യൻ ജനാധിപത്യത്തിൽനിന്നും തികച്ചും നീക്കംചെയ്യപ്പെട്ടു.  

ഗാന്ധി പറഞ്ഞു, "ഒരുവന്റെ ദൃഢവിശ്വസം ഇല്ലാതാക്കാനോ യാഥാർഥ്യത്തെ മൂടി വെക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യപരമായ അഭിപ്രായ വിത്യാസങ്ങളെ മാനിക്കുന്നു. അത് നമ്മുടെ ലക്ഷ്യത്തെ തകർക്കില്ല. എന്നാൽ അവസര വാദിത്വവും സത്യം മറക്കലും വഞ്ചനയും നടത്തുന്നവരുമായി ഒരിക്കലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ജനാധിപത്യത്തിൽ പരസ്പ്പര വിശ്വസമാണ് ആവശ്യമായിട്ടുള്ളത്." ചതിയും വഞ്ചനയും കുതികാൽ വെട്ടലും നിയമ സാമാജികരെ ചാക്കിട്ടു പിടിക്കലും ഇന്ത്യൻ രാഷ്ട്രീയത്തിലെ നിത്യ സംഭവങ്ങളാണെന്നു നാം കാണുന്നു. ഇവിടെയാണ് ഗാന്ധിയുടെ ജനാധിപത്യത്തെപ്പറ്റിയുള്ള ദീർഘവീഷണങ്ങൾ നാം വിലയിരുത്തേണ്ടത്.


ജനാധിപത്യത്തിന്റെ കാതലായ ഒരു തത്ത്വം ദുർബലനും ബലവാനൊപ്പം നീതിപൂർവമായ തുല്യയവകാശം കൊടുക്കുകയെന്നതാണ്. സ്വയം ക്രമീകൃതമായ ജീവിതംസങ്കുചിത മനസ്ഥിതി ഇല്ലായ്മമറ്റുള്ളവരുടെ പ്രവർത്തന മണ്ഡലങ്ങൾക്കു വിഘാതമാകാതിരിക്കുകപരസ്പ്പര സഹകരണം എന്നിവകൾ ഓരോരുത്തരുടെയും പ്രായോഗിക ജീവിതത്തിൽ നടപ്പാക്കേണ്ടതായുമുണ്ട്. നിലവിലുള്ള നമ്മുടെ ജനാധിപത്യത്തിൽ ഇത്തരം ഗാന്ധിയൻ വീക്ഷണങ്ങളെ പരിഗണിക്കാറില്ല.  ഇന്ത്യൻ കോടതികൾ പണക്കാർക്ക് മാത്രമുള്ളതാണ്.ദുർബലനു നീതി ലഭിക്കില്ല. മലയ്യായെപ്പോലുള്ള ശതകോടേശ്വരന്മാർ നികുതിപ്പണം കൊടുക്കാതെ ശതകോടികൾ വെട്ടിച്ച് വിദേശത്ത് സുഖവാസം നടത്തുന്നു.  

ജനാധിപത്യത്തെ ഗാന്ധിജി  ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ ജനാധിപത്യത്തിലെ  ദുരുപയോഗങ്ങൾ പരമാവധി ലഘൂകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ വാക്കുകളിൽ "അപകടങ്ങളില്ലാത്ത മാനുഷിക സ്ഥാപനങ്ങൾ ഇല്ല. ഒരു പ്രസ്ഥാനം അല്ലെങ്കിൽ സ്ഥാപനം വളരുന്നതിനോടൊപ്പം അത്രത്തോളം അതിലെ പ്രവർത്തന മണ്ഡലങ്ങളിലെ ദുരുപയോഗവും തുടർന്നുകൊണ്ടിരിക്കും. അതിനുള്ള പരിഹാരം ജനാധിപത്യം വേണ്ടെന്ന് വെക്കുകയല്ലഅതിന്റെ ദൗർബല്യങ്ങളും ദുരുപയോഗങ്ങളും കുറക്കാനുള്ള സാധ്യതകൾ ആരായുകയെന്നതാണ്." (Young India യങ് ഇന്ത്യ 1931) ഇന്ത്യയുടെ സുപ്രധാന സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ പാർലമെന്റിനോടൊ മന്ത്രിസഭയോടുപോലുമോ പ്രധാനമന്ത്രി മോദിയും  പാർട്ടിയും ആലോചിക്കാറില്ല. റഫയേൽക്കരാർ അതിന് ഉദാഹരണമാണ്. മുൻസർക്കാർ ഉണ്ടാക്കിയ ഉടമ്പടി റദ്ദാക്കി മോദി സർക്കാർ ഫ്രാൻസിൽനിന്ന് യുദ്ധവിമാനങ്ങൾ ഇരട്ടിവിലകൊടുത്ത് വാങ്ങിയതും വിവാദവിഷയങ്ങളാണ്. ദുരുപയോഗങ്ങൾ വർദ്ധിക്കുന്നതല്ലാതെ ഗാന്ധിയൻ ചിന്താഗതികളനുസരിച്ച് അധികാര ദുർവിനിയോഗം കുറയുന്നതായി കാണുന്നില്ല. അതേസമയം രാജ്യം അമ്പാനിമാർക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുന്നു.  

മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. "വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെങ്കിൽ നമുക്കെല്ലാം നഷ്ടപ്പെടും. സമൂഹത്തെ മാനിക്കാതെ ഒരുവനിൽ മാത്രം തീരുമാനങ്ങൾ ഉൾക്കൊണ്ടാൽഅയാൾ ഏകാധിപതിയാകുന്നു. അവിടെ സമൂഹം നശിക്കുന്നു." ഇന്ത്യൻ പാർലമെന്റ് സമ്പ്രാദായത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയ്ക്ക് മാത്രം അധികാരം ലഭിക്കുന്നു. എന്നാൽ ഗാന്ധിയൻ സ്വരാജിൽ ജനപ്രതിനിധികളില്ലാതെ ഓരോ വ്യക്തികൾക്കുമാണ് പൂർണ്ണ അധികാരം. വ്യക്തിസ്വാതന്ത്ര്യം നശിപ്പിച്ചുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ എമർജൻസി കാലങ്ങളും ഗാന്ധിയൻ സ്വപ്നങ്ങൾക്ക് ഒരു വെല്ലുവിളിയായിരുന്നു. 

ഗാന്ധിജി പറഞ്ഞു, " ഈ ലോകത്തിൽ ആരും ഭക്ഷണത്തിനായും വസ്ത്രത്തിനായും കഷ്ടപ്പെടരുത്. ജീവിതം കരുപ്പിടിപ്പിക്കാൻ ഏല്ലാവർക്കും തൊഴിലവസരങ്ങളുണ്ടാവണം. അത്യാവശ്യ സാധനങ്ങളുടെ ഉൽപ്പാദനം ജനങ്ങൾ മൊത്തമായി നിയന്ത്രിക്കണം. ദൈവത്തിന്റെ വായുവും വെള്ളവും പോലെ ഭക്ഷണവും സുലഭമായി ഉണ്ടായിരിക്കണം. നമുക്കാവശ്യമുള്ള വസ്ത്രവും ഭക്ഷണവും ഉൽപ്പാദിപ്പിക്കുന്നത് ഏതെങ്കിലും കുത്തക രാജ്യത്തിന്റെ അവകാശമാകാൻ പാടില്ല. ഒന്നും രണ്ടും പഞ്ചവത്സരപദ്ധതികളിലെ കാർഷിക വിപ്ലവം ഗാന്ധിയൻ ചിന്താഗതികൾക്കനുസരിച്ചായിരുന്നു. അതുമൂലം ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത നേടുകയും ചെയ്തു. "വ്യവസായവൽക്കരണവും ഉദാരവൽക്കരണവും വന്നതിൽപിന്നീട് ഇന്ത്യയുടെ ഉൽപ്പാദനമേഖലകളിൽ പലതും ഇന്ന് വിദേശമേൽക്കോയ്മയുടെ നിയന്ത്രണത്തിലാണ്. സ്വയംപര്യാപ്തതയിലേക്കുള്ള ഗാന്ധിയൻ നയങ്ങൾ ഇന്നത്തെ ഇന്ത്യൻ ജനാധിപത്യം പാടെ തള്ളിക്കളഞ്ഞിരിക്കുന്നു.

ഒരു കാര്യം ഓർമ്മിക്കണംഇൻഡ്യ ഒരു മതേതര രാജ്യമായതിന്റെയും ഇന്ത്യയ്ക്ക് മതേതരത്വ  ഭരണഘടന ലഭിക്കാൻ സാധിച്ചതിന്റെയും പ്രഭവകേന്ദ്രം ഗാന്ധിജി തന്നെയാണ്. ബാലഗംഗാധര തിലകന്റെ കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒരു ഹിന്ദു സംഘടനയായി രൂപം പ്രാപിക്കുമ്പോഴാണ് സിക്ക്മുസ്ലിം മൈത്രിയുമായി ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായി രംഗപ്രവേശനം ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തെ മതമൈത്രിയുടെ ദിശയിലേക്ക് ഗാന്ധിജിക്ക് തിരിച്ചുവിടാൻ സാധിച്ചു. ഹിന്ദു സമൂഹത്തിൽ മത സൗഹാർദ്ദം വളർത്തിയെടുക്കുന്നതിൽ ഗാന്ധിജി വിജയിച്ചു.

തിലകന്റെ ശിക്ഷ്യനായിരുന്ന ഡോ. ഹെഡ്ഗേവാറും കൂട്ടരും ഗാന്ധിജിയുടെ മതസൗഹാർദ ശ്രമങ്ങളെ തിരസ്ക്കരിച്ചുകൊണ്ടു കോൺഗ്രസിൽനിന്നും പുറത്തുപോയി. കോൺഗ്രസിലെ വിഘടനവാദികൾ ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ 1925-ൽ ആർ.എസ്.എസ് സ്ഥാപിക്കുകയും ചെയ്തു. ഒടുവിൽ അത് ഗാന്ധി വധത്തിലേക്ക് നയിക്കുകയും ചെയ്തു.

ഗാന്ധിജിയുണ്ടായിരുന്നെങ്കിൽ സിക്ക് സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. ബാബറി മസ്ജിദും തകർത്തതിൽ പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഹിന്ദുത്വ രാഷ്ട്രീയം അഖിലേന്ത്യാ തലത്തിൽ ശക്തി പ്രാപിച്ചു. വി.പി. സിംഗിന്റെ കാലത്ത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചതോടെ ദളിത രാഷ്ട്രീയവും ഇന്ത്യൻ ജനാധിപത്യത്തിൽ കടന്നുകൂടി. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചു. മതേതര ജനാധിപത്യ ശക്തികളുടെ ഐക്യമത്യമില്ലായ്മ വർഗീയ ഫാസിസ്റ്റ് പാർട്ടികൾ ശക്തി പ്രാപിക്കുന്നതിനും കാരണമായി. മതേതര ശക്തികളുടെ ഐക്യം വളർത്തിക്കൊണ്ടുവരുകയെന്നത്ഇന്നത്തെ  ജനാധിപത്യത്തിന്റെ വലിയൊരു വെല്ലുവിളി കൂടിയാണ്.

അസമത്വവും ജാതി വർഗീയ വിവേചനവും ഇല്ലാതാക്കാൻ ഗാന്ധിജി തന്റെ ജീവിത കാലം മുഴുവൻ ശബ്ദമുയർത്തിയിരുന്നു. എന്നാൽ മാറി മാറി വന്ന രാഷ്ട്രീയ ഭരണ മാറ്റങ്ങളിലും ബിജെപി ഭരണത്തിലും നിരവധി ജാതി കലാപവും ദളിത കൂട്ടക്കൊലകളും നടന്നു. അഴിമതിയില്ലാത്ത ഒരു ഭാരതമായിരുന്നു ഗാന്ധി കണ്ടിരുന്ന സ്വപ്നം. എങ്കിലും ഇന്ത്യയിലെ എക്കാലവുമുള്ള സർക്കാരുകൾ അഴിമതിയുടെ പ്രതിരൂപങ്ങളായിരുന്നു. പ്രതിരോധ സംവിധാനങ്ങളിലും ടെലികോം, ജലസേചന, കായിക മേഖലകളിലും അഴിമതി തീണ്ടാത്ത മേഖലകളില്ല. കൃഷിക്കാരുടെ പുരോഗമനത്തിനു പകരം അവരുടെ ജീവിതങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇന്നത്തെ ജനാധിപത്യത്തിൽ തെളിഞ്ഞു നിൽക്കുന്നത്. കടംകേറി ജീവിതം തള്ളി നീക്കാനാവാതെ നിരവധിപേർ ആത്മഹത്യയുടെ വക്കിലും നട്ടം തിരിയുന്നു. ഗ്രാമീണ വികസനത്തിന് പകരം ജോലി തേടി പട്ടണങ്ങളിലേക്ക് തൊഴിൽ രഹിതർ അലയുന്ന ചിത്രവും കാണുന്നു. ആഡംബരങ്ങളും അധിക സ്വത്ത് സമ്പാദനവും ഗാന്ധിജി വെറുത്തിരുന്നു. അതിനു പകരം ആർഭാടങ്ങളും വൻകിട റീയൽ എസ്റ്റേറ്റും സമ്പാദിച്ച നേതാക്കന്മാരാണ് ഇന്ന് രാഷ്ട്രീയ തലങ്ങളിൽ കൂടുതലും. 

കോൺഗ്രസ് പാർട്ടിയും ബിജെപിയും ഇന്ത്യ ഭരിച്ചു. ഗാന്ധി ശിക്ഷ്യനായ ജയപ്രകാശിന്റെ അനുഗ്രഹത്തോടെ മൊറാർജിയും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട ജനാധിപത്യ ഭരണങ്ങളിൽ ഗാന്ധിയുടെ ചിന്തകൾ എന്നും പടിക്കു പുറത്തായിരുന്നു. ഭരണത്തിലുള്ളവർ രാജാക്കന്മാരും ഗാന്ധിജി സ്വപ്നം കണ്ട വ്യക്തി സമൂഹങ്ങൾ സ്വാതന്ത്ര്യമില്ലാത്ത  അടിമകളുമായിരുന്നു. ഹിംസയുടെ ചരിത്രമാണ് കൂടുതലും. ദളിതന്റെ ചുടുചോരകൾ തെരുവുകളിൽ നിത്യം ഒഴുകുന്നു. സ്ത്രീകളെ പച്ചക്ക് ചുട്ടുകരിക്കുന്നു. വ്യക്തഗത സാമ്പത്തികത്തിനു പകരം രാജ്യം അമ്പാനികൾക്ക് പണയപ്പെടുത്തി. മക്കൾ രാഷ്ട്രീയം പഴയ രാജഭരണത്തിന്റെ തുടർച്ചയെ ഓർമ്മിപ്പിക്കുന്നു. ഗാന്ധിജിയുടെ സ്വരാജ് എവിടെപാവങ്ങളെയും ഉൾപ്പെടുത്തിയുള്ള അധികാരവികീന്തിരികരണം എവിടെഗാന്ധിയുടെ ഗ്രാമീണ ജനാധിപത്യ സാമ്പത്തിക ശാസ്ത്രത്തെ തഴഞ്ഞുകൊണ്ടുള്ള സോഷ്യലിസ്റ്റ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലുള്ള ഭരണകൂടങ്ങൾ മാറി മാറി വന്നു. അങ്ങനെ ഗാന്ധിയൻ തത്ത്വങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ വിസ്മൃതിയിലാവുകയും ചെയ്തു.  

അഹിംസയിൽ അടിസ്ഥാനമായ ആത്മനിയന്ത്രണമുള്ള ഒരു ജനതയെന്ന ഗാന്ധിജിയുടെ സ്വപ്നം ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാൻ സാധിക്കും. ഗാന്ധിജി നേടിയെടുത്ത ആ ചൈതന്യം സമസ്ത ലോകത്തും വ്യാപിക്കട്ടെ എന്ന പ്രത്യാശകൾ നമ്മെ ഇന്നും മുമ്പോട്ടുതന്നെ നയിക്കുന്നു.

***അവസാനിച്ചു*** 









Sunday, May 12, 2019

ഗാന്ധിയും ജനാധിപത്യ ചിന്തകളും-1


Image result for gandhi pictures


ജോസഫ് പടന്നമാക്കൽ

ബ്രിട്ടീഷുകാർക്കെതിരെ ധർമ്മയുദ്ധം നടത്തി സ്വാതന്ത്ര്യം നേടിയശേഷം സ്വന്തം മണ്ണിൽക്കൂടി ആത്മാഭിമാനത്തോടെ നടന്ന ഋഷിവര്യനായ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനം അനുസ്മരിക്കുന്ന വർഷമാണിത്. മഹാനായ ആ താപസവര്യന്റെ പവിത്രമായ ഈ ഓർമ്മ നാളുകളിൽ ഒരു നിമിഷം ഞാൻ എന്റെ ശിരസ്സ് നമിക്കട്ടെ. പ്രപഞ്ചത്തിന്റെ ഏകത്വം ദർശിച്ച ദാർശിനികനായിരുന്നു അദ്ദേഹം. അഹിംസയുടെ പ്രവാചകനും. ഈ സത്യ ദർശനത്തിൽക്കൂടിയാണ് അദ്ദേഹത്തിലെ 'മഹാത്മ' എന്ന വിശിഷ്ട വ്യക്തി വളർന്നത്.

ആത്മം തന്നിലെന്ന വേദാന്ത ചിന്ത ഗാന്ധിജിയെ നയിച്ചിരുന്നു. പ്രകൃതിയോടും മനുഷ്യരോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറുന്ന ചിന്തകൾ ഗാന്ധിജി പുലർത്തിയിരുന്നു. ജനാധിപത്യത്തിലും അഹിംസയുടെ താത്ത്വക ചിന്തകൾ പതിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അഹിംസ സിദ്ധാന്തത്തിൽ ജനാധിപത്യം അടിയുറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ജനങ്ങളിൽ സ്വയം നിയന്ത്രണവും ആത്മബോധവും ഉളവാക്കുമെന്നു ഗാന്ധിജി വിശ്വസിച്ചിരുന്നു.

ക്രിസ്തുവിന്റെയും ബുദ്ധന്റെയും കൃഷ്ണന്റെയും ചൈതന്യമുൾക്കൊണ്ട ഏഷ്യയുടെ യുഗപുരുഷനാണ് അദ്ദേഹം. അഹിംസാ സിദ്ധാന്തത്തിൽക്കൂടി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവായി അദ്ദേഹത്തെ നാം സ്മരിക്കുന്നു. ജാതി വ്യവസ്ഥക്കെതിരെ പോരാടിയ  കർമ്മയോഗിയുമായിരുന്നു. രാജ്യത്തിനുള്ളിലെ വിഭാഗീയ ചിന്തകളെ ദൂരീകരിക്കാനുള്ള അദ്ദേഹത്തിൻറെ പ്രയത്നങ്ങളും അവിസ്മരണീയമാണ്. ആയുധ പോരാട്ടങ്ങളിൽകൂടിയല്ല സമാധാനം കൈവരിക്കേണ്ടത് മറിച്ച് നിരായുധീകരണത്തിൽക്കൂടി സമാധാനം നേടണമെന്ന് അദ്ദേഹം വിശ്വസിച്ചു. സത്യവും ധർമ്മവും നീതിയുമുൾക്കൊണ്ട ഒരു ലോക സർക്കാരിനെ അദ്ദേഹം ഭാവനയിൽ കണ്ടിരുന്നു.

ചരിത്രാതീത കാലം മുതൽ ഇന്ത്യയിൽ ജനാധിപത്യം വേരൂന്നിയിരുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. ഒരുപക്ഷെ ലോക ഭൂപടത്തിൽ തന്നെ ഇന്ത്യയിലായിരിക്കാം ജനാധിപത്യത്തിന് ആദ്യം തുടക്കമിട്ടത്. പൗരാണികകാലത്ത് പരസ്പ്പര അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഒത്തൊരുമിച്ച് പറഞ്ഞു തീർത്തിരുന്നു. അല്ലെങ്കിൽ പ്രശ്നങ്ങൾ തീർത്തിരുന്നത് ഓരോ പ്രദേശങ്ങളിലെയും മൂപ്പരുടെ സാന്നിദ്ധ്യത്തിലായിരുന്നു.  തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് തികച്ചും ജനകീയാടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജി ജനാധിപത്യത്തിൽ പ്രതീക്ഷകൾ അർപ്പിച്ചിരുന്നത്.

ഗാന്ധി പറഞ്ഞു, "എന്റെ മതം എന്നെ പഠിപ്പിക്കുന്നത് സ്നേഹവും സത്യവും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ സമത്വചിന്തകളും തുല്യ അവസരങ്ങളുമാണ്. രാഷ്ട്രപുരോഗതിക്ക് അജ്ഞതയെ തുടച്ചുമാറ്റണം. ജനാധിപത്യ സംവിധാനങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം അധിഷ്ഠിതമായിരിക്കരുത്. 'ജനാധിപത്യം' ശക്തിയുടെ ഭാഷയിലായിരിക്കരുത്. അത് ഒരിക്കലും പ്രായോഗികമല്ല. ജനാധിപത്യ ചൈതന്യം നമ്മിൽ തന്നെ ഉണ്ടായിരിക്കണം. നമ്മിൽ അത് ഉത്തേജിപ്പിക്കണം."

ഗാന്ധിയൻ ജനാധിപത്യം ഗ്രാമങ്ങളിൽനിന്നും ആവിർഭവിക്കുന്നു. അദ്ദേഹം പറയുന്നു, 'ഒരുവൻ ചുറ്റുമുള്ള സമൂഹത്തിനുവേണ്ടി നൽകുന്ന ആത്മാർപ്പണമാണ്‌ ജനാധിപത്യത്തിന്റെ ആദ്യപടി. പിന്നീട് സമൂഹങ്ങൾ അർപ്പിത ചിന്തകളോടെ ഒന്നായി പ്രവർത്തിക്കണം. ഗ്രാമങ്ങളെ നിരവധി പ്രവർത്തന മണ്ഡലങ്ങളായി തിരിക്കണം. സമൂഹങ്ങളായുള്ള വാർഡുകളുടെ പ്രവർത്തനമണ്ഡലങ്ങൾ പ്രാദേശികമായി മറ്റുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. പ്രാദേശിക പ്രവർത്തന മണ്ഡലങ്ങൾ രാഷ്ട്രത്തിന്റെ ക്ഷേമത്തിനായും നിലകൊള്ളണം. സമുദ്രത്തിലെ ഒരു ജലത്തുള്ളി പുറത്തെടുക്കുമ്പോൾ യാതൊരു നന്മയും പ്രദാനം ചെയ്യാതെ അവിടെത്തന്നെ ഇല്ലാതാവുന്നു. എന്നാൽ അത് സമുദ്ര ജലത്തിൽ അലിഞ്ഞിരിക്കുമ്പോൾ ഭീമാകാരമായ കപ്പലുകളെവരെ താങ്ങി നിർത്തി സമൂഹങ്ങൾ ഒന്നാകെ നന്മകൾ പരത്തുന്നു. നാളത്തെ ലോകം അഹിംസാ സിദ്ധാന്തങ്ങൾ ഉൾക്കൊണ്ട സമൂഹമായി ഒന്നിച്ച് നീങ്ങണം. അതാണ് ജനാധിപത്യത്തിന്റെ അനുഗ്രഹീതമായ ആദ്യത്തെ നിയമം. ഇത് പ്രായോഗികമല്ലാത്ത ഗാന്ധിജിയുടെ സ്വപ്നമായി തോന്നാം. വിദൂരമായ ലക്ഷ്യബോധത്തോടെയുള്ള ചിന്താഗതികളുമായി അനുഭവപ്പെടാം. ആത്മനിയന്ത്രണമുള്ള ജനാധിപത്യം ലോകത്തെ പ്രകാശിപ്പിക്കാനുതകും. സങ്കുചിതവും, അജ്ഞതയും, അന്ധവിശ്വാസങ്ങളും ജനാധിപത്യത്തെ താറുമാറാക്കും. അത് സ്വയം നശിക്കുന്നതിനും കാരണമാകും.

1920-ൽ യങ്ങ് ഇൻഡ്യയിൽ ഗാന്ധിജി എഴുതി, "ജനാധിപത്യത്തിന്റെ സത്തയ്ക്ക് മനുഷ്യ ഹൃദയങ്ങളുടെ പരിവർത്തനമാവശ്യമാണ്. സാഹോദര്യത്തിന്റെ അനുശാസനങ്ങളിലും അടിയുറച്ചു വിശ്വസിക്കണം.   സാമ്പത്തികതയും ആത്മീയതയും പൊതു നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുകയും വേണം. നമ്മിൽ തന്നെ സ്വയം നിയന്ത്രണവും വിനയ ഭാവവും അടക്ക ഒതുക്കവുമുണ്ടായിരിക്കണം. അനിയന്ത്രിതമായി, സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തൽ നമ്മുടെ നാശത്തിനും വഴി തെളിയിക്കും. നാട് മുഴുവൻ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും."

ഗാന്ധിജി പറഞ്ഞു, "ഇന്നുള്ള വ്യവസ്ഥിതിക്കെതിരെ യഥാർത്ഥമായ വിപ്ലവം എങ്ങനെ തുടങ്ങണമെന്നും എനിക്കറിയില്ല. എങ്കിലും പാവങ്ങൾക്കുള്ള സഹായവും ധർമ്മസ്ഥാപനങ്ങൾക്കുള്ള സഹായവും സ്വന്തം ഭവനത്തിൽ നിന്നും തുടക്കമിടണം. സമൂഹത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കേണ്ടത് ജനാധിപത്യത്തിൽ കൂടി വന്ന ഭരണകൂടമായിരിക്കും. ഓരോ വ്യക്തിയും നിയമം കൈകളിൽ എടുത്താൽ അവിടെ പിന്നീട് സർക്കാർ കാണില്ല. അവിടെ അരാജകത്വവും ക്രമസമാധാനവും ഭവിക്കുന്നതിന് കാരണമാകും. സാമൂഹിക നിയമത്തിന്റെ അഭാവത്തിൽ സ്വാതന്ത്ര്യം നഷ്ടമാകും. ശരിയായ ഒരു ജനാധിപത്യത്തെ അളക്കുന്നത് ഒരാളിന്റെ വാസനയും കഴിവും പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുക കൂടിയാണ്. മറ്റുള്ളവരുടെ ജീവനോ സ്വത്തുക്കൾക്കോ അപകടമാകരുത്. തെരുവുതെമ്മാടി രാഷ്ട്രീയം നീതിയും ധർമ്മവും നടപ്പാക്കാൻ ഉപകരിക്കില്ല.

ഗാന്ധിയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ ചിന്തകളിലുണ്ടായിരുന്നത് ഒരു രാജ്യമോ ജനാധിപത്യമോ അവസാന മാതൃകയല്ലെന്നുള്ളതായിരുന്നു. അത്തരം പ്രസ്ഥാനങ്ങളെ രാഷ്ട്രീയ തിമിരം ബാധിച്ചവരും അധികാരം മത്തു പിടിച്ചവരുമായിരിക്കാം നിയന്ത്രിക്കുന്നത്. രാഷ്ട്രീയക്കാർക്ക് അവരുടെ ജീവിത നിലവാരം മെച്ചമാക്കാൻ ഒരു മാർഗമായിരിക്കാം. അദ്ദേഹം 1931-ൽ യങ്ങ് ഇന്ത്യയിൽ എഴുതി "എന്നെ സംബന്ധിച്ച് രാഷ്ട്രീയമായ അധികാരം ഒന്നിനും ഒരു പരിഹാരമല്ല. എന്നാൽ ജനങ്ങളുടെ നന്മയ്ക്ക് ഉതകുന്ന പല മാർഗങ്ങളിൽ ഒന്നാകാം. രാഷ്ട്രീയ അധികാരമെന്തെന്നാൽ ദേശീയ ജീവിതം തിരഞ്ഞെടുക്കപ്പെട്ടവരാൽ നിയന്ത്രിക്കുക എന്നതാണ്." 'ദേശീയ ജീവിതം പൂർണ്ണമാവണമെങ്കിൽ ഓരോരുത്തരും സ്വയം നിയന്ത്രണമുള്ളവരായിരിക്കണം. അവിടെ ഒരു ജനപ്രതിനിധിയുടെ ആവശ്യമില്ല. രാജ്യം അരാജകത്വത്തിലോ ക്രമാസമാധാനക്കേടിലോ ആയിരിക്കില്ല. അങ്ങനെയുള്ള ഒരു രാജ്യത്ത് ഓരോരുത്തരും സ്വയം മാസ്റ്റർമാരായിരിക്കും. അവിടെ കാര്യനിർവഹണത്തോടെ സർക്കാരിനും ഭരിക്കാൻ സാധിക്കും.

വൈവിധ്യങ്ങളായിരുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ചരിത്രാതീത കാലം മുതൽ പരസ്പ്പര ധാരണയും ഐക്യവുമുണ്ടായിരുന്നു. എല്ലാവിധ ആശയങ്ങളും ഭാരതീയ ദർശനങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. വിദേശികളുടെ കാഴ്ചപ്പാടുകളെയും നാം ആദരിച്ചിട്ടുണ്ട്. ധാർമ്മിക ചിന്തകളും സഹിഷ്‌ണതകളുമാണ് നമ്മെ നയിച്ചിരുന്നത്. അതാണ് പരസ്പര മത്സരത്തിൽക്കൂടി സഞ്ചരിക്കുന്ന ഒരു ലോകത്തെ നേരായി നിയന്ത്രിക്കാനുള്ള വഴികളും. 'ദൈനം ദിന ജീവിതത്തിൽ ഉടലെടുക്കുന്ന പരസ്പര മത്സരങ്ങളും കലഹങ്ങളും ഒഴിവാക്കാൻ അതുമൂലം ജനാധിപത്യം വിജയകരമാക്കാൻ നമുക്ക് ആത്മനിയന്ത്രണവും അഹിംസാ വാദവും അനിവാര്യമാണെന്നും' ഗാന്ധിജി പറഞ്ഞു.

മഹാത്മ ഗാന്ധിജി പറഞ്ഞത് "ജനാധിപത്യത്തിന്റെ ആത്മാവ് വെറും യാന്ത്രികമല്ല. ഹൃദയത്തിൽനിന്നുള്ള മാനസിക പരിവർത്തനം ആവശ്യമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഒരു  രാജ്യത്ത് സാമൂഹികമായ നീതിയെ വിലയിടിച്ച് കാണിക്കാൻ പാടില്ല. സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുകൊണ്ടാണ് സാമൂഹികമായ നീതിനിർവഹണം ഇന്ത്യയിൽ നടപ്പാക്കാൻ സാധിക്കാതെ പോകുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും." നൂറായിരം ജനങ്ങൾ ഇന്ന് നീതിക്കായി ദാഹിക്കുന്നു. അവർ, രാഷ്ട്രീയ സാമ്പത്തിക ബൗദ്ധിക നിലവാരങ്ങളിലും കഷ്ടപ്പെടുന്നു. അതുകൊണ്ട് മഹാത്മാ ഗാന്ധി അധികാര വികേന്ദ്രകരണം (decentralization) വിഭാവന ചെയ്തു. അതുമൂലം ഓരോരുത്തർക്കും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നു. സാധാരണക്കാർക്കും മെച്ചമായ ഒരു ജീവിത നിലവാരം പുലർത്തുകയും ചെയ്യാം. സമൂഹത്തിൽ സമത്വം സൃഷ്ടിക്കാനും കഴിയുന്നു.

ഗാന്ധിജി എഴുതി "സർവ ജനങ്ങൾക്കും ജാതികൾക്കും തുല്യമായി അധികാര വികേന്ദ്രികരണം വരെ ജനാധിപത്യം അസാധ്യമാണ്. പറയനും തൊഴിലാളിക്കും മുതലാളിയെപ്പോലെ തുല്യമായി ജീവിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കണം. സ്വയം ഭരണാവകാശത്തിൽക്കൂടി അവർക്കും അതിനുള്ള പങ്ക് നൽകണം. അതാണ് 'സ്വരാജ്യ' അല്ലെങ്കിൽ ഡെമോക്രസി എന്ന് പറയുന്നത്." സാമൂഹിക നീതി നടപ്പാക്കാൻ ഒരു കാര്യ നിർവാഹക സംഘടനയുടെ (Trusteeship) ആവശ്യകതയും ഗാന്ധി ചൂണ്ടി കാണിക്കുന്നുണ്ട്.  മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ആരോഗ്യപരമായ ഒരു ബന്ധവും എടുത്ത് പറയുന്നുണ്ട്. എല്ലാവരും ഒരുപോലെ സ്വയം പര്യാപ്തമാകാൻ സ്വത്തും വസ്തുക്കളും ധനവും ഒരു കാര്യ പ്രസക്തമായ സംഘടനയുടെ (Trustiship) നിയന്ത്രണത്തിൽ കൊണ്ടുവരാൻ അദ്ദേഹം നിർദേശിക്കുന്നു. അതുവഴി മനുഷ്യന് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങളും ലഭിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിനായി അദ്ദേഹം രാജ്യാന്തര അതിർത്തിയും കടന്ന് ചിന്തിക്കുന്നു.

ഗാന്ധിജിയുടെ ജനാധിപത്യ വീക്ഷണത്തിലുള്ള നീതിയും സ്വാതന്ത്ര്യവും കൂടാതെ ഒരുവനുള്ള മൗലിക അവകാശങ്ങളെപ്പറ്റിയും ഗാന്ധിജി ഹരിജനിൽ എഴുതിയിട്ടുണ്ട്. സന്മാർഗികതയും ധാർമ്മികതയും ഗാന്ധിജി എക്കാലവും സംസാരിച്ചിരുന്ന വിഷയങ്ങളായിരുന്നു. അഹിംസയുടെ പ്രാധാന്യത്തോടൊപ്പം ഓരോരുത്തരുടെയും കർത്തവ്യങ്ങളെപ്പറ്റിയും സംസാരിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു, "അഹിംസാസിദ്ധാന്തങ്ങളിൽ അർപ്പിക്കപ്പെട്ട അടിസ്ഥാനമായ ജനാധിപത്യത്തിൽ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ എന്തെല്ലാമുണ്ടെന്ന് അറിയേണ്ട ആവശ്യമില്ല. എന്നാൽ അവരുടെ കർമ്മങ്ങൾ ശരിയായി മനസിലാക്കുകയും അറിയുകയും വേണം."

മറ്റൊരു അവസരത്തിൽ അദ്ദേഹം എഴുതി, "കർത്തവ്യ നിരതനായ ഒരുവനിൽ അവകാശങ്ങൾ സ്വയമേവ വന്നെത്തുന്നു. കർമ്മത്തിൽ ജീവിക്കുന്നവന്റെ ജീവിതം അർത്ഥപൂർണ്ണമായിരിക്കും." ഗാന്ധിജി മരണപ്പെടുന്നതിനു മുമ്പ് പറഞ്ഞു, "ഇന്ന് മുതലാളിമാരും സെമീന്താർമാരും അവരുടെ അവകാശങ്ങളെപ്പറ്റി മാത്രം സംസാരിക്കുന്നു. അതേ സമയം പാവപ്പെട്ട തൊഴിലാളികൾ അവരുടെ രാജാവിന്റെ ഭരിക്കാനുള്ള ദൈവിക അവകാശങ്ങളെപ്പറ്റിയും സംസാരിക്കുന്നു. ഒരുവന്റെ അവകാശങ്ങൾ മാത്രം ഉരുവിട്ടുകൊണ്ട് കർമ്മങ്ങൾ ത്യജിച്ചുകൊണ്ടു ജീവിച്ചാൽ, അസമത്വവും അലങ്കോലവും വിഭ്രാന്തിയും അരാജകത്വവും സംഭവിക്കാം."

വീണ്ടും അദ്ദേഹം പറഞ്ഞു, " രാജാക്കന്മാർക്ക് ദൈവികമായ യാതൊരു അവകാശങ്ങളും നൽകിയിട്ടില്ല. അതുപോലെ വിനയത്തോടെ തന്റെ യജമാനനെ അനുസരിക്കണമെന്നുള്ള അവകാശങ്ങളും ആർക്കും കൊടുത്തിട്ടില്ല." 1947 ജൂലൈയിൽ ഗാന്ധിജി ഹരിജനിൽ എഴുതിയതാണ് ഇത്. ഗാന്ധിജി ഒരുവന്റെ കർമ്മങ്ങളും മൗലിക അവകാശങ്ങളും തമ്മിൽ വേർതിരിച്ചിരിക്കുന്നു. അതിൽ കർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. മനുഷ്യരുടെ അവകാശങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായി സംസാരിക്കുന്നു.

എങ്കിലും ഒരു പൗരന്റെ അവകാശങ്ങളെപ്പറ്റി പറഞ്ഞതായ അഭിപ്രായങ്ങൾ അദ്ദേഹം ഗൗരവപൂർവം പറഞ്ഞതായിരിക്കാൻ സാധ്യതയില്ല. സ്വന്തം ജീവിതത്തിൽ അവകാശങ്ങൾക്കും തുല്യസ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ മഹാനാണദ്ദേഹം. മരണംവരെ  സാമൂഹിക, മത, യുക്തിപര. രാഷ്ട്രീയ സാമ്പത്തിക സ്വതന്ത്ര്യത്തിനായുള്ള അവകാശങ്ങൾക്കുവേണ്ടി വിശ്രമമില്ലാതെ നിലകൊള്ളുകയും ചെയ്തു. കൂടാതെ ഗാന്ധിജി, രാജാക്കന്മാരുടെ ഭരിക്കാനുള്ള ദൈവദത്തമെന്നു കരുതിയിരുന്ന അവകാശങ്ങളെയും നിഷേധിച്ചിരുന്നു. യജമാനന്മാരെപ്പോലെ അവരെ തലകുമ്പിട്ടുകൊണ്ട് അനുസരിക്കരുതെന്നും   ഉപദേശിച്ചിരുന്നു. അങ്ങനെയെങ്കിൽ ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കണമെന്ന് ഗാന്ധിജിക്ക് എങ്ങനെ പറയാൻ സാധിക്കും? രാജ്യത്തിന്റെ മുഴുവൻ അവകാശങ്ങൾക്കായും നീതിക്കുവേണ്ടിയും പൊരുതാൻ കൂടെക്കൂടെ സർവ്വ ജനങ്ങളെയും ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. അധികാര വികേന്ദ്രകരണത്തെപ്പറ്റിയും ട്രസ്റ്റിഷിപ്പിനെപ്പറ്റിയും സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തോടൊപ്പം  എല്ലാവർക്കും തുല്യ അവകാശങ്ങൾ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി പൗരാവകാശങ്ങൾക്ക് അമിത പ്രാധാന്യം കല്പിച്ചിരുന്നു. അക്രമരഹിതമായ എല്ലാ സമരങ്ങൾക്കും ജനകീയ അവകാശങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. സൗത്ത് ആഫ്രിക്കയിലും പൊരുതിയത് ഇന്ത്യക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയായിരുന്നു. ഗാന്ധിജി മനുഷ്യാവകാശങ്ങൾക്ക് എതിരാണെന്ന് വിശ്വസിക്കുന്നതും അല്ലെങ്കിൽ കർമ്മത്തിൽ മാത്രം അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നതും ശരിയല്ല. വാസ്തവത്തിൽ ഗാന്ധിജിക്ക് ഉൽകൃഷ്ടമായ ഒരു കാഴ്ചപ്പാട് മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുണ്ടായിരുന്നു.

ഗാന്ധിജിയുടെ പൗരാവകാശങ്ങൾ സന്മാർഗീകതയിൽ അടിസ്ഥാനമാക്കിയുള്ളതാണ്. സന്മാർഗതയില്ലെങ്കിൽ ഗാന്ധിജിയുടെ ഭാവനയിൽ ജനാധിപത്യമില്ല. കൂടാതെ, സന്മാർഗീകത വികസിക്കുന്നത് പരസ്പ്പര ബഹുമാനത്തോടെയും പരസ്പ്പരം അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ടുമാണ്. ജനാധിപത്യത്തിൽ പൗരാവകാശത്തെ ബഹുമാനിക്കാതെയും ജനങ്ങൾക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാതെയുമുള്ള കാര്യങ്ങൾ നാം നിത്യേന കാണുന്നതാണ്. സ്വന്തം അവകാശങ്ങൾക്ക് പ്രാധാന്യം നൽകുകയും മറ്റുള്ളവരുടെ അവകാശങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും മനുഷ്യ സഹജമായി തീർന്നിരിക്കുന്നു.  അതിന്റെ ഫലമായി മനുഷ്യാവകാശ ലംഘനങ്ങൾ കൂടെക്കൂടെയുണ്ടാവുന്നു. ജനാധിപത്യം തകരാറിലാകുന്നു. അതുകൊണ്ട്, ഗാന്ധിജിയുടെ മനുഷാവകാശ കാഴ്ച്ചപ്പാടുകൾ കർമ്മത്തിലും  അടിസ്ഥാനമെന്നുള്ളത് വില കുറച്ചു കാണാൻ സാധിക്കില്ല. മറിച്ച് അദ്ദേഹത്തിന്റെ ആശയങ്ങൾ വളരെയേറെ
 പ്രാധാന്യമുള്ളതും ജനാധിപത്യത്തിന് മുതൽകൂട്ടുമാണ്.

സനാതന സത്യത്തെ അദ്ദേഹം ബ്രഹ്മമായി കണ്ടു. നാവിൽനിന്ന് ഉതിരുന്നതും പ്രവർത്തനങ്ങളും ഒന്നാകുമ്പോൾ അത് ബ്രഹ്മ സാഷാത്ക്കരമായും ദർശിച്ചിരുന്നു. സർവ്വ ജീവജാലങ്ങളെയും ഹിംസിക്കാതിരിക്കുക വഴി സത്യവും സ്നേഹവും തമ്മിൽ തിരിച്ചറിയാനുള്ള പന്ഥാവും അദ്ദേഹം തുറന്നു വിട്ടു. കൊല്ലരുതേയെന്നുള്ള താത്ത്വിക ദർശനത്തിൽക്കൂടി മാത്രമേ ഒരുവന് പൂർണ്ണമായ ഒരു അഹിംസാ വാദിയാകാൻ സാധിക്കുള്ളൂ. രക്തഭൂമികളിലെ നനവിൽക്കൂടിയാണ് ഇന്നു ലോകരാജ്യങ്ങൾ  ജൈത്രയാത്ര നടത്തുന്നത്. ജാതി ഭേദങ്ങൾ, മതവികാരങ്ങളെ ഇളക്കിക്കൊണ്ടും നെഞ്ചോട് നെഞ്ചുകൾ ചേർന്ന് കത്തികൾകൊണ്ട് പിളർത്തിയും വെടിയുണ്ടകൾകൊണ്ട് തുളപ്പിച്ചും മനുഷ്യ ജീവിതങ്ങളെ കവർന്നെടുക്കുന്ന ഒരു കിരാത യുഗത്തിൽക്കൂടിയാണ് നാമിന്ന് കടന്നുപോവുന്നത്. മനുഷ്യർ തമ്മിൽ ഏകതാ ചിന്തകളും സാമൂഹിക ബോധവും സാഹോദര്യ ബന്ധങ്ങളും വളർത്താൻ സാധിക്കാത്ത ഒരു സ്ഥിതിവിശേഷവും ലോകത്ത് വളർന്നു കഴിഞ്ഞിരിക്കുന്നു.

തുടരും.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...