ചരിത്രത്തിലാദ്യമായി സീറോ മലബാർസഭ ദുരൂഹമായ സാഹചര്യങ്ങളിൽക്കൂടിയാണ് ഇന്ന് കടന്നുപോവുന്നത്. അനുദിനമെന്നോണം നിരവധി വിവാദപരമായ കാര്യങ്ങൾക്ക് തീരുമാനമാകാത്തതുമൂലം സഭാ വിശ്വാസികളിലും ആശങ്കയുണ്ടാക്കുന്നു. സഭയ്ക്കുള്ളിൽ തെക്കും വടക്കുമായുള്ള ചേരി തിരിഞ്ഞുള്ള പടയോട്ടത്തിൽ ഏറ്റവും അസ്വസ്ഥരായിരിക്കുന്നതും വിശ്വാസികൾ തന്നെ!
അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന സീറോ മലബാർ സഭയുടെ സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ വഷളായിക്കൊണ്ടിരിക്കുന്നു. വത്തിക്കാന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രതിയാവുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോകുന്നുവെന്നെല്ലാമുള്ള വാർത്തകളും കേൾക്കുമ്പോൾ വത്തിക്കാന്‍ ഇടപെടാനുള്ള സാധ്യത ഏറെയാണ്. ഏതു നിമിഷവും വത്തിക്കാനില്‍നിന്ന് ഇടപെടല്‍ വരുമെന്ന സൂചനയും വരുന്നുണ്ട്. സഭയിലെ ഇരുവിഭാഗവും അവരുടെ പ്രബലരായ പുരോഹിതരും ബിഷപ്പുമാരും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടലിലേക്ക് പോകുകയും വിശ്വാസികള്‍ക്കിടയില്‍ നിരാശയുണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വത്തിക്കാന് വെറുതെയിരിക്കാന്‍ കഴിയില്ല. മാർപാപ്പയുടെ പ്രതിനിധിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ വത്തിക്കാനിൽ നിന്നും ശക്തമായ പ്രതികരണവും സഭാനേതൃത്വത്തിനു ലഭിച്ചേക്കാം. അത് ലോകരാഷ്ട്രങ്ങളുടെയിടയിൽ രാജ്യത്തിന്റെ തന്നെ അന്തസ്സിന് കോട്ടം വരുത്തുകയും ചെയ്യാം.
സ്വന്തമായി അന്തർദേശീയ ബാങ്കുകളിൽ നിക്ഷേപങ്ങളുണ്ടെന്നുള്ള ആരോപണങ്ങളുമായി കർദ്ദിനാളിനെതിരെ വ്യാജരേഖ സൃഷ്ടിച്ചുവെന്നതാണ് കേസ്. രാഷ്ട്രീയ തലങ്ങളിൽ കൂട്ടമായി പടകളും പരസ്പ്പരം പഴിചാരിയുള്ള കുറ്റാരോപണങ്ങളും സാധാരണമാണ്. എന്നാൽ, ആദ്ധ്യാത്മികതയുടെ ലോകത്ത് പുരോഹിതരും ബിഷപ്പുമാരും ചേരിതിരിഞ്ഞുള്ള വഴക്കുകൾ കേരളകത്തോലിക്ക സഭയുടെ ചരിത്രത്തിൽ അസാധാരണവും സംഭവിക്കരുതാത്തതുമായിരുന്നു. സഭയുടെ വിഭജനം വരെ അത് എത്തിക്കാമെന്നും ചിലർ ഭയപ്പെടുന്നു.
സോഷ്യൽ മീഡിയാകളിലും പത്രങ്ങളിലും വിവാദമായ വ്യാജരേഖയെപ്പറ്റി നിരവധി വാർത്തകൾ പൊന്തിവരുന്നുണ്ടെങ്കിലും കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങൾ വാർത്തകളെ മൂടി വെക്കുകയും ചെയ്യുന്നു. കോർപ്പറേറ്റ് നിലവാരമുള്ള സഭയുടെ പരസ്യങ്ങൾ നഷ്ടപ്പെടുമെന്നുള്ള അങ്കലാപ്പും മാദ്ധ്യമങ്ങൾക്കുണ്ട്. അതുകൊണ്ട് സത്യം ആരുടെ പക്ഷത്താണെന്ന് വ്യക്തമായ ഒരു ഉറവിടം കണ്ടെത്താൻ സാധിക്കുന്നില്ല. മാർ ആലഞ്ചേരി പക്ഷവും എറണാകുളം അങ്കമാലി രൂപതയോടൊപ്പമുള്ളവരും വ്യത്യസ്തമായ അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നതുമൂലം നിക്ഷ്പ്പക്ഷമായ ഒരു നിരീക്ഷണം ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കാനും സാധിക്കുന്നില്ല.
തലമുറകളായി പൂർവിക പിതാക്കന്മാർ മുതൽ സഭാമക്കളിൽ നിന്നും പിരിച്ചെടുത്ത വൻകിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകർച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കിൽ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാർ നേതൃത്വത്തിനുള്ളത്. ബിഷപ്പുമാരുടെ സിനഡും കർദ്ദിനാൾ ചേരിയിൽ നിലകൊള്ളുന്നു. നേർക്കുനേരെയുള്ള ആരോപണങ്ങളുമായി മറുവശത്ത് എറണാകുളം അങ്കമാലി രൂപതയും അവരുടെ വൈദികരും പോരാട്ടക്കളരിയിലുണ്ട്.
സത്യ ദീപം പത്രാധിപരും വാഗ്മിയും പണ്ഡിതനുമായ ഫാ.പോള്‍ തേലക്കാട്ട്, അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ആദിത്യ, കർദ്ദിനാളിന്റെ മുന്‍ ഓഫിസ് സെക്രട്ടറിയും മുരിങ്ങൂര്‍ സാന്‍ജോ നഗര്‍പുരം ഇടവക വികാരിയുമായ ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികളായിട്ടുള്ള കേസ് സിറോ മലബാര്‍ സഭയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നു. മൊത്തത്തില്‍ സഭയെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പടക്കം കൂടുതല്‍ പുരോഹിതര്‍ പ്രതികളാക്കപ്പെടുമെന്ന സൂചനകൂടി നിലനില്‍ക്കുന്നതോടെ ഏറ്റുമുട്ടലുകൾ ഇനിയും ശക്തമാകാനാണ് സാധ്യത.
മാർ ആലഞ്ചേരിക്കെതിരായ വ്യാജരേഖകളുടെ കഥ മാദ്ധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്നു. സത്യമെന്തെന്ന് ഇന്നുവരെ വ്യക്തവുമല്ല. ആലഞ്ചേരിക്കെതിരായി ഗൂഢമായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തെ പിന്താങ്ങുന്നവർ അനുമാനിക്കുന്നു. നേതൃത്വത്തിനുവേണ്ടിയുള്ള അധികാര വടം വലിയാണ് പിന്നിൽ പ്രവർത്തിക്കുന്നതെന്നും പറയുന്നു. ചില പുരോഹിതർ ഒത്തുകൂടി മാർ ആലഞ്ചേരിക്കെതിരെ സൃഷ്ടിച്ച വ്യാജ പ്രമാണമെന്നാണ് ആലഞ്ചേരി പക്ഷം വിശ്വാസികൾ കരുതുന്നത്.
മാർ ആലഞ്ചേരിക്കെതിരെ ചില രേഖകൾ കണ്ടെത്തിയെന്നതും ശരിതന്നെ. രേഖകൾ വ്യാജമെന്നോ സത്യമെന്നോ വ്യക്തമായി ആർക്കും അറിഞ്ഞുകൂടാ! ഒരു കേസ് കോടതിയിൽ തെളിയുന്നതുവരെ, കുറ്റക്കാരനെന്നു വിധിക്കും മുമ്പേ അഭിവന്ദ്യനായ ഒരാളിനെ കള്ളനെന്നും തട്ടിപ്പുകാരനെന്നും ചില ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും വിളിക്കുന്നതിനോട് യോജിക്കുന്നില്ല. എന്നാൽ സാഹചര്യങ്ങളും വിവിധ അഭിപ്രായങ്ങളും തമ്മിൽ ക്രോഡീകരിച്ചപ്പോൾ രേഖകൾ വ്യാജമല്ലെന്നും സാധാരണക്കാർക്ക് തോന്നാം. വാർത്തകളെ പെരുപ്പിക്കുക എന്നുള്ളത് മാദ്ധ്യമങ്ങളുടെ സ്വാർത്ഥതയും വക്രതനിറഞ്ഞ പ്രൊഫഷനിലിസത്തിന്റെ ഭാഗമെന്നും തോന്നിപ്പോവുന്നു.
അതുപോലെ വ്യാജരേഖയുടെ പേരിൽ ഒരു ചെറുപ്പക്കാരനായ ഐഐടി ഗവേഷകനെ അതിക്രൂരമായി മർദ്ദിച്ച കഥകളും പുറത്തുവന്നു. നല്ല ഭാവിയുള്ള ഒരു ചെറുപ്പക്കാരന്റെ മുമ്പോട്ടുള്ള പുരോഗതിയും തടസ്സപ്പെടുത്തുന്നു. നൂറുവട്ടം ക്ഷമിക്കണമെന്നു പറഞ്ഞ യേശുവിന്റെ പ്രബോധനങ്ങൾ ഉൾക്കൊണ്ട ആദ്ധ്യാത്മിക ഗുരുക്കൾ ആ യുവാവിന്റെ ദീനരോദനത്തിനു മുമ്പിൽ നിശ്ശബ്ദരായിരിക്കുന്നതും ഖേദകരം തന്നെ. ഗവേഷണങ്ങൾക്കിടയിൽ യാദൃശ്ചികമായി കമ്പ്യുട്ടറിൽ വന്ന രേഖകൾ തേലെക്കാടനെ ഏൽപ്പിച്ച ഒരേ കുറ്റമാണ് ഈ യുവാവ് ചെയ്തത്. അതിൽ, സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ അയാൾ കേസിന്റെ ബലിയാടാവുകയും ചെയ്തു.
വ്യാജ രേഖയുടെ പേരിൽ വത്തിക്കാൻ പ്രതിനിധി മാർ മനന്തോടത്ത് വത്തിക്കാന്റെ അനുമതിയോടെ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. മനന്തോടത്ത് വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയതും പുതിയ വിവാദമായിരുന്നു. പത്രസമ്മേളനത്തിൽ ആദിത്യനെ ക്രൂരമായി പോലീസ് മർദ്ദിച്ചതും വ്യാജരേഖകളെ സംബന്ധിച്ചുള്ള മറ്റു വിശദീകരണങ്ങളും ചർച്ച ചെയ്തു. എന്നാൽ മനന്തോടത്തിന്റെ പത്രസമ്മേളനത്തെ പ്രതിക്ഷേധിച്ചുകൊണ്ട് വിശ്വാസികളിൽ എതിർവിഭാഗം ഒരു സമ്മേളനം വിളിച്ചുകൂട്ടി. ബദൽ സമ്മേളനം ഇപ്പോൾ കർദ്ദിനാൾ ആസ്ഥാനത്ത് നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായി അതിരൂപത കണക്കാക്കുന്നു. മനന്തോട്ടത്തിനെതിരായ സമ്മേളനം ഫൊറോനായോ അതിരൂപതയോ നടത്തിയതല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മാർപാപ്പയുടെ പ്രതിനിധിയെന്ന നിലയിൽ മനന്തോട്ടത്തിന് പത്രസമ്മേളനം വിളിച്ചുകൂട്ടാൻ അനുവാദമുണ്ട്. അതിന് കർദ്ദിനാൾ ആലഞ്ചേരിയുടെയോ മറ്റാരുടെയോ അനുവാദം ആവശ്യമില്ല. അത് നിയമാനുസൃതവും ആധികാരികവുമെന്നും പൊതു ജനത്തിന്റെയും വിശ്വാസികളുടെയും തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടിയാണ് പത്ര സമ്മേളനം വിളിച്ചു കൂട്ടിയതെന്നും അതിരൂപത അവകാശപ്പെടുന്നു. വ്യാജമെന്ന് അനുമാനിക്കുന്ന രേഖകൾ മാർ മനന്തോടത്ത് വത്തിക്കാനിൽ അയച്ചുവെന്നതിനും തീർച്ചയില്ല. എന്നാൽ രേഖകൾ സത്യമെന്നുള്ളതിന് തെളിവുകളുണ്ടെന്നും നിശ്ചിതമായ തെളിവുകൾ മനന്തോട്ടത്തിന്റെ കൈവശമുണ്ടെന്നും അവകാശപ്പെടുന്നു.
വിദേശ പ്രതിനിധിയായ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 'സിനഡ്' അത് വത്തിക്കാനെ ബോധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. മാര്‍പാപ്പ നിയമിച്ച ഒരു പ്രതിനിധിക്കെതിരെ സഭയുടെ തന്നെ സിനഡ് കേസ് കൊടുക്കുന്നത്, വത്തിക്കാനെ നിഷേധിച്ചതിനും തള്ളിപ്പറഞ്ഞതിനും തുല്യമാണ്. കർദ്ദിനാളിന്റെയും മറ്റുബിഷപ്പുമാരുടെയും സാമ്പത്തിക നിക്ഷേപം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് സിനഡിന് പരാതിയുണ്ടെങ്കില്‍ സിനഡ് അത് വത്തിക്കാന് നേരിട്ട് പരാതി അയക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ അതുണ്ടായില്ല. കാനോൻ നിയമം അനുസരിച്ച് വത്തിക്കാൻ നിയമിക്കുന്ന ഒരു പ്രതിനിധിയുടെ പേരിൽ നിയമക്കോടതിയെ അഭയം പ്രാപിക്കുന്നത് തെറ്റാണ്. സഭയ്ക്കുള്ളിൽ പ്രശ്നങ്ങൾ സഭ തന്നെ പരിഹരിക്കുകയോ വത്തിക്കാനെ കാര്യങ്ങളുടെ പോക്ക് അറിയിക്കുകയോ വേണമെന്നുള്ളതാണ് നിയമം. എന്നാൽ എഴുതപ്പെട്ട നിയമങ്ങളെ ധിക്കരിച്ചുകൊണ്ടുള്ള ഒരു പോക്കായിരുന്നു കർദ്ദിനാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇടയന്മാരും പുരോഹിതരും പരസ്പ്പരം ശണ്ഠ കൂടുന്നതുമൂലം വിശ്വാസികൾ ഇനിയെന്തെന്നുള്ള വൈകാരിക ചോദ്യങ്ങളുമായി കടുത്ത സമ്മർദ്ദത്തിലാണ്. കോടതിക്കേസുകൾ വന്നതോടെ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ വത്തിക്കാൻ ഈ കേസിൽ ഇടപെടാനുള്ള സാധ്യതയുണ്ടോയെന്നും അറിയില്ല. അതുമൂലം പ്രശ്നപരിഹാരത്തിനായി ഒരു ഫോർമുല കണ്ടുപിടിക്കാനായുള്ള സാങ്കേതിക പ്രശ്നങ്ങളുമുണ്ടാവുന്നു. മാത്രവുമല്ല കേസ് ഇപ്പോൾ ഇന്ത്യയുടെ പരമാധികാര കോടതിയുടെ കീഴിലാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും നിയമവ്യവസ്ഥകളുണ്ട്. ഭൂമി വിവാദവും വ്യാജരേഖയും കോടതിയുടെ പരിഗണനയിലായതിനാൽ വത്തിക്കാന് ഈ കേസിൽ ഇടപെടാൻ ബുദ്ധിമുട്ടുതന്നെയാണ്. എങ്കിലും ഭൂമിയിടപാടിനോടൊപ്പം വ്യാജ രേഖകളും സംബന്ധിച്ച കേസിന്റെ വസ്തുതകൾ വത്തിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. നിയമപരമായ നടപടികളും കേസിന്റെ കുരുക്കുകളുമഴിഞ്ഞാൽ വത്തിക്കാൻ തീരുമാനങ്ങളുമായി രംഗത്ത് വരുമെന്നാണ് കേസുമായി ബന്ധപ്പെട്ടവർ കരുതുന്നത്.
ഭൂമിയിടപാടുകൾ സംബന്ധിച്ച വ്യക്തമായ ധാരണകൾ വത്തിക്കാന് ബോദ്ധ്യമായതിനാലാണ് മാർ ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നും വത്തിക്കാൻ മാറ്റിയത്. പകരം ഭരണകാര്യങ്ങളുടെ ചുമതലക്കായി മാർ മനന്തോടത്തിനെ വത്തിക്കാൻ നിയമിക്കുകയാണുണ്ടായത്. വത്തിക്കാൻ നിർദേശിച്ചതനുസരിച്ച് ഭൂമിയിടപാടുകളെ സംബന്ധിച്ചുള്ള കൃത്യമായ റിപ്പോർട്ട് തികച്ചും സത്യസന്ധമായ രീതിയിൽ മാർ മനന്തോടത്ത് വത്തിക്കാനെ അറിയിച്ചിട്ടുമുണ്ട്. റിപ്പോർട്ടിൽ ഭൂമിയിടപാടിലുള്ള നിരവധി ക്രമക്കേടുകളെപ്പറ്റിയുള്ള പരാമർശനങ്ങളുമുണ്ട്. എന്നാൽ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച വൈദികരെ ഒന്നടങ്കം പ്രതിസ്ഥാനത്ത് കൊണ്ടുവരാനാണ് കർദ്ദിനാൾ ആലഞ്ചേരിയും മറ്റു ഭരണതലത്തിലുള്ളവരും ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്.
സഭാ വഴക്കിന്മേൽ ഈ കേസുമായി ബന്ധപ്പെട്ട് ബലിയാടായി തീർന്നിരിക്കുന്നത് ഐഐടിയിൽ ഗവേഷക വിദ്യാർത്ഥിയായ ആദിത്യനെന്ന ചെറുപ്പകാരനാണ്. ആദിത്യനെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും ഫാദർ ടോണി കല്ലൂക്കാരനെതിരെ ബലപ്രയോഗത്തിൽക്കൂടി മൊഴി പറയിപ്പിക്കുകയുമുണ്ടായി. കേസിനോടനുബന്ധിച്ച് മാർ ജേക്കബ് മനത്തോടത്തിനെയും ഫാ. പോൾ തേലക്കാട്ടിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തേലെക്കാട്ടച്ചന് രേഖകൾ ലഭിച്ചത് 'ആദിത്യ' വഴിയെന്ന മൊഴിയനുസരിച്ചാണ് ആദിത്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും പിന്നീട് അറസ്റ്റ് ചെയ്തതും. മൂന്നു ദിവസത്തോളം ആദിത്യയെ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു. വ്യാജ രേഖകളാണ് നിർമ്മിച്ചതെന്ന് ആദിത്യനെക്കൊണ്ട് നിർബന്ധിച്ച് പോലീസ് പറയിപ്പിക്കുകയും ചെയ്തു. ദിവസങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങിയ ആദിത്യ സമ്മർദ്ദത്തിന്റെ പുറത്ത് 'ഫാദർ ടോണി കല്ലൂക്കാരൻ' പറഞ്ഞിട്ടാണ് വ്യാജരേഖകൾ ഉണ്ടാക്കിയതെന്ന് സമ്മതിച്ചു. അസഹ്യമായ ദേഹോപദ്രവങ്ങളാണ് ആ ചെറുപ്പക്കാരൻ നേരിടേണ്ടി വന്നത്.
ഫാദർ കല്ലൂക്കാരൻ അങ്ങനെയൊരു വ്യാജ രേഖ ഉണ്ടാക്കാൻ ആദിത്യനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. 'ആദിത്യ' തന്നെ പോലീസിൽനിന്നും മോചനം ലഭിച്ചയുടൻ അത് പരസ്യമായി വിളിച്ചറിയിക്കുകയും ചെയ്തു. അനാവശ്യമായി ആദിത്യയെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുന്നതിനെതിരെ പ്രതിക്ഷേധങ്ങൾ ഉയർന്നപ്പോഴാണ് പോലീസ് ആദിത്യനെ അറസ്റ്റു ചെയ്യുകയും മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുകയും ചെയ്തത്. ആദിത്യന് ജാമ്യം നിഷേധിക്കാനുള്ള എല്ലാ പദ്ധതികളും നടപ്പാക്കിയ ശേഷമായിരുന്നു പോലീസ് ആ യുവാവിനെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയത്.
ഇതിനിടയിൽ ചോദ്യം ചെയ്തു വിട്ടയച്ച കല്ലൂക്കാരനെ അറസ്റ്റു ചെയ്യാനായി മൂന്നു വണ്ടി പോലീസ് മുരിങ്ങൂർ സാൻജോ നഗർ പള്ളിയിലെത്തി. പള്ളിക്കു ചുറ്റും വിശ്വാസികൾ തടിച്ചുകൂടുകയും അറസ്റ്റ് ചെയ്യാൻ സാധിക്കാതെ പോലീസ് വണ്ടികൾ മടങ്ങി പോവുകയും ചെയ്തു. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണം ആരുടെയൊക്കെയോ സ്വാധീനത്തിന്റെ പുറത്താണെന്നും സിബിഐയോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും അതിരൂപത ആവശ്യപ്പെടുന്നു. രേഖകളുടെ ആധികാരിതയും സത്യാവസ്ഥയും സ്വീകരിക്കാനുള്ള നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയവും സഭാ കോർപ്പറേറ്റ് പ്രേരിതവുമായ അന്വേഷണമാണ് ഇതിന്റ പിന്നിലെന്നും അതിരൂപത അവകാശപ്പെടുന്നു. കേസ് നടത്തുന്നത് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണെന്നും വ്യക്തമാണ്. അതിവിദഗ്ദ്ധമായി മുൻകൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഈ പോലീസ് അന്വേഷണമെന്നും അതിരൂപത കരുതുന്നു.
തന്റെ ജോലികൾക്കിടയിൽ അവിചാരിതമായി കമ്പ്യുട്ടറിൽ പൊന്തി വന്ന രേഖകൾ ആദിത്യനു തന്നെ വിസ്മയമായിരുന്നു. ഉടൻ തന്നെ ആദിത്യൻ രേഖകൾ സഹിതം സത്യദീപം പത്രാധിപർ തേലെക്കാടന് ഇമെയിൽ ചെയ്യുകയായിരുന്നു. രേഖകളുടെ സത്യാവസ്ഥ അറിയാൻ തേലെക്കാടൻ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയ ജേക്കബ് മനന്തോടത്തിന് രേഖകൾ കൈമാറുകയും ചെയ്തു. അതിലെ സത്യാവസ്ഥ നിശ്ചയമല്ലാത്തതിനാൽ മാർ മനന്തോടത്ത് ഈ രേഖകകൾ രഹസ്യമായി മാർ ആലഞ്ചേരിക്ക് കൈമാറി. അവകൾ പരസ്യപ്പെടുത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. മെത്രാൻ സിനഡിലാണ് അതിരഹസ്യമായി വാതിലുകൾ അടച്ചുകൊണ്ടു ആദ്യം രേഖകളെപ്പറ്റി ചർച്ചകൾ ചെയ്തത്. തന്മൂലം രേഖകളുടെ വിവരങ്ങൾ പുറം ലോകം അറിയുകയും ചെയ്തു. സിനഡിൽനിന്നാണ് ഗൂഡാലോചനയുടെ തുടക്കമെന്ന് അതിരൂപത കരുതുന്നു.
ആദിത്യനെ ക്രൂരമായി മർദ്ദിച്ചതിനുപുറമെ കാലിൽ അടിക്കുകയും കൊന്നു കളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. നഖം വരെ പൊളിച്ചു. വൈദികരുടെ പേരുകൾ മനഃപൂർവം അവൻ പറഞ്ഞതല്ലായിരുന്നു. അവനെ അടിച്ചവശനാക്കിയപ്പോൾ വൈദികരുടെ പേരുകൾ പറയുകയാണുണ്ടായത്. അത് ഉടൻ തന്നെ പോലീസ് മാദ്ധ്യമങ്ങളിൽക്കൂടി പ്രചരിപ്പിക്കുകയും ചെയ്തു. നിരപരാധികളെ കുറ്റക്കാരനാക്കി പീഡനം നൽകുന്ന പാരമ്പര്യമാണ് എക്കാലവും കേരളാപോലീസിനുള്ളത്. താൻ വൈദികരുടെ പേര് മനഃപൂർവ്വം പറഞ്ഞതല്ലെന്നും മരണഭീതികൊണ്ട് പോലീസുകാർ ആവശ്യപ്പെട്ടത് ഏറ്റുപറയുകയായിരുന്നെന്നും ആദിത്യ അറിയിച്ചു. അതിൽ അവൻ വൈദികരോട് മാപ്പ് പറയുകയും ചെയ്തു. അഭിഭാഷകനെപ്പോലും കാണാൻ അനുവദിക്കാതെയാണ് ആദിത്യനെ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചത്.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച വൈദികരെയാണ് വ്യാജരേഖക്കേസില്‍ പ്രതികളാക്കി പീഡിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. എറണാകുളം അങ്കമാലി രൂപതയെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം മുമ്പോട്ട് പോവുന്നത്. കാര്യങ്ങളുടെ പോക്കിനെപ്പറ്റിയുള്ള സത്യാവസ്ഥയിൽ അവ്യക്തതകൾ തുടർന്നുകൊണ്ടിരിക്കുന്നു.
ഭൂമിയിടപാടുകളുമായി പുതിയതായി കണ്ടെത്തിയിരിക്കുന്ന വ്യാജരേഖകളുമായിട്ട് യാതൊരു ബന്ധവും ഇല്ല. മാത്രവുമല്ല ഭൂമിയിടപാടുകളെ സംബന്ധിച്ചുള്ള സകല റിക്കോർഡുകളും കോടതികളുടെ കൈവശം ഹാജരാക്കിയിട്ടുണ്ട്. കൃത്യമായ ഓഡിറ്റിങും, ഓഡിറ്റിങ്ങ് റിപ്പോർട്ടും കാരണം മാർ ആലഞ്ചേരിയ്ക്ക് പ്രതികൂലമായി കേസുകൾ മുമ്പോട്ട് പോവുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ വ്യാജ രേഖകൾ സൃഷ്ടിച്ച് മാർ ആലഞ്ചേരിക്ക് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ എറണാകുളം അങ്കമാലി നേതൃത്വം മുതിർന്നുവെന്നുള്ള വാദഗതികളും അവിശ്വസിനീയമാണ്. ഇപ്പോൾത്തന്നെ പ്രശ്നത്തിലായിരിക്കുന്ന മാർ ആലഞ്ചേരിക്കെതിരെ മറ്റൊരു വ്യാജരേഖ സൃഷ്ടിക്കേണ്ട ആവശ്യം എറണാകുളം-അങ്കമാലി രൂപതയ്ക്കില്ലെന്നാണ് രൂപത വ്യക്തമാക്കുന്നത്. പണത്തിന്റെ കരുത്തിൽ അനീതിപരമായി പെരുമാറുന്ന പൊലീസിൽ നിന്നും കേസ് സിബിഐയ്ക്ക് കൈമാറാനും അതിരൂപത ആവശ്യപ്പെടുന്നു. ഭൂമിയിടപാടുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജരേഖ കേസ് കർദ്ദിനാളിനെതിരെയുള്ള വൈദികർക്കെതിരെ ചില ലക്ഷ്യങ്ങളോടെ കർദ്ദിനാളും സിനഡും പകപോക്കുന്നുവെന്ന് അതിരൂപത കുറ്റപ്പെടുത്തി.
പോലീസിന്റെ ഭാഗത്തുനിന്നും നീതിയുക്തമായ ഒരു അന്വേഷണമല്ല നടക്കുന്നതെന്നും ആരോപണമുണ്ട്. പൊലീസിനെതിരായ ശക്തമായ പ്രതിക്ഷേധങ്ങളും അതിരൂപത ഭാഗത്തുനിന്നും തുടരുന്നു. മനന്തോടത്ത് വിളിച്ചുകൂട്ടിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭൂമിയിടപാടുകൾ മൂലം കോടിക്കണക്കിന് രൂപയുടെ അതിരൂപതയ്ക്കുണ്ടായ നഷ്ടങ്ങൾ കർദ്ദിനാളും സിനഡും മൂടിവെക്കാനുള്ള ശ്രമങ്ങളാണെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.
രേഖകളിലെ പേരുകാരൻ കർദ്ദിനാൾ മാത്രമല്ല ഉന്നതരും മറ്റു മെത്രാന്മാരുമുണ്ടെന്നാണ് സൂചനകൾ. 39 പേജുകൾ സഹിതമുള്ള വിവരങ്ങളാണ് ആദിത്യ തേലെക്കാടനു അയച്ചുകൊടുത്തത്. അതിൽ ഏതാനും പേജുകളിൽ മാത്രം ആലഞ്ചേരിയുടെ പേരുകൾ വരുന്നു. ഈ പേജുകൾ മാത്രമാണ് വ്യാജ രേഖയായി കണക്കാക്കുന്നത്. ബാക്കിയുള്ള പേജുകളിൽ മറ്റു ബിഷപ്പുമാരുടെയും ഉന്നതരുടെയും പേരുകൾ വരുന്നുണ്ട്. അതിനെപ്പറ്റി അന്വേഷിക്കാൻ പോലീസ് തയ്യാറാകുന്നുമില്ല. ബാക്കി പേജുകളെപ്പറ്റിയുള്ള വിശദാംശങ്ങൾ പോലീസ് പുറത്തുവിടുന്നുമില്ല. സീറോ മലബാർ സഭയിലെപ്പോലെ ലത്തീൻ ബിഷപ്പുമാരുടെ പേരുകളും രേഖകളിലുണ്ടെന്ന് കരുതുന്നു. ആലഞ്ചേരിക്കുവേണ്ടി നടത്തുന്ന കേസുകളുടെ രേഖകളിൽ മറ്റു ബിഷപ്പുമാരുടെ കാര്യത്തിൽ പോലീസ് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. സമഗ്രമായ ഒരു അന്വേഷണം നടത്താൻ തയ്യാറെങ്കിൽ ഈ കേസിൽ ഇപ്പോൾ വാദികളായി നിൽക്കുന്നവർ പ്രതികളാകാനും സാധ്യതകളുണ്ട്.
കേസിനോടനുബന്ധിച്ച് അതിരൂപത വിശ്വാസികളുടെ അറിവിനായി ഒരു പ്രസ്താവന ഇറക്കിയിരുന്നു. 'വ്യാജരേഖകൾ ഉണ്ടായിയെന്നറിഞ്ഞപ്പോൾ ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാനും അതിന്റെ ഉറവിടം മനസിലാക്കാനും സിനഡിൽ തീരുമാനമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 'സിനഡ്' പോലീസിൽ പരാതിപ്പെട്ടപ്പോൾ അന്വേഷണം ഏതാനും വൈദികർക്കെതിരെ തിരിയുകയും വൈദികരെയും പ്രതിപ്പട്ടികയിൽ ചേർക്കുകയും ചെയ്തു. മാർ ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാട്ടും പ്രതികളായപ്പോൾ കേസ് പിൻവലിക്കാൻ കർദ്ദിനാൾ തയ്യാറാകുന്നുവെന്നും അറിയിച്ചിരുന്നു. എങ്കിലും കർദ്ദിനാളിന്റെ ഭാഗത്തുനിന്നും പിന്നീട് പ്രതികരണങ്ങൾ യാതൊന്നും ഉണ്ടായില്ല. വ്യാജരേഖകൾ കർദ്ദിനാളിനെതിരെയുള്ള ചില വൈദികരുടെ ഗുഢാലോചനയായി പ്രചരണങ്ങളുമാരംഭിച്ചു.
മാർ ആലഞ്ചേരിക്ക് സ്വന്തമായി ഒരു ബാങ്കിലും അക്കൗണ്ടുകൾ ഇല്ലെന്നും രേഖകൾ വ്യാജമെന്നും പോലീസ് സ്ഥിതികരിക്കുമ്പോൾ രേഖകൾ വ്യാജമല്ലെന്നുള്ളതാണ് അതിരൂപതയുടെ നിലപാട്. ഭൂമി ഇടപാടുകൾ സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച പുരോഹിതരെയാണ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. രേഖകള്‍ യഥാര്‍ത്ഥമാണെന്നു അതിരൂപത ആവർത്തിച്ച് തറപ്പിച്ചു പറയുന്നുണ്ട്.
സത്യമെന്തെന്ന് രേഖകൾ സംസാരിക്കട്ടെയെന്ന നിലപാടുകളാണ് തേലെക്കാട്ടച്ചനുള്ളത്. അദ്ദേഹം പറഞ്ഞു, 'അനീതിപരമായ രേഖകൾ കണ്ണിൽപ്പെട്ടപ്പോൾ അത് കണ്ടില്ലെന്നു നടിക്കാനും സാധിച്ചില്ല. മാർ ആലഞ്ചേരിക്കെതിരെ എന്തെങ്കിലും നിഗൂഢമായ പദ്ധതികളുണ്ടായിരുന്നെങ്കിൽ തനിക്ക് ആ രേഖകൾ മേലധികാരികളെ ഏല്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും രേഖ അയച്ചുതന്ന ആദിത്യനെ ഒരിക്കൽ മാത്രമേ താൻ കണ്ടിട്ടുള്ളുവെന്നും അയാൾ വ്യാജ രേഖ സൃഷ്ടിച്ചതായി കരുതുന്നില്ലെന്നും' തേലെക്കാടൻ പറഞ്ഞു.
സീറോ മലബാർ സഭയുടെ അഭിവന്ദ്യനായ മാർ ആലഞ്ചേരി, ബലിയാടായ ആദിത്യന്റെ പോലീസ് ഓഫീസർമാരിൽ നിന്നുള്ള ക്രൂരമായ മർദ്ദന കഥകൾ അറിഞ്ഞോയെന്നറിയില്ല! അവൻ നിരപരാധിയാണെങ്കിൽ അവന്റെ കണ്ണുനീരിന്റെയും അഭിമാനത്തിന്റെയും വില സഭയ്ക്ക് മടക്കിക്കൊടുക്കാൻ സാധിക്കില്ല. അവന്റെ രോദനം കേൾക്കൂ! "എന്റെ കാലിൽ ചൂരൽകൊണ്ട് ആഞ്ഞടിച്ചു. ആദ്യത്തെ അടിയിൽ തന്നെ വടി ഒടിഞ്ഞു പോയി. വേദനകൊണ്ട് ഞാൻ ഉറക്കെ അലറിക്കരഞ്ഞു. ഞാൻ അസ്മാ രോഗിയെന്നും ഇൻഹേലർ ഉപയോഗിക്കുന്നുവെന്നു പറഞ്ഞിട്ടും മർദ്ദനങ്ങൾ തുടർന്നുകൊണ്ടിരുന്നു. എന്റെ അർദ്ധ നഗ്നമായ ശരീരത്തെ നോക്കി അസഭ്യത നിറഞ്ഞ കമന്റുകളോടെ ഡിവൈഎസ്പി പരിഹസിച്ചു. എന്റെ ഇടതു ചെവിട്ടത്തിനിട്ടു ആറുപ്രാവിശ്യം അടിച്ചു. മറ്റൊരു ഓഫിസർ എന്റെ നട്ടെല്ലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു. എന്റെ കാലിലെ നഖം വലിച്ചു പറിക്കാൻ നോക്കി. (റെഫ്.മംഗളം പത്രം)".
പോലീസ് മർദനത്തിൽ പരിക്കേറ്റ ആദിത്യന്റെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതനുസരിച്ച് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. വ്യാജപരാതി സമർപ്പിച്ചുവെന്നാരോപിച്ച് മാർ ആലഞ്ചേരിക്കെതിരെ മറ്റൊരു കേസ് ഫയൽ ചെയ്യാനും മാർ മനന്തോട്ടത്തും എറണാകുളം അങ്കമാലി രൂപതയും ആലോചിക്കുന്നുമുണ്ട്.
സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകൾ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളിൽ കർദ്ദിനാൾ, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികൾ ആശങ്കയിലാണ്. ബിഷപ്പുമാരും പുരോഹിതരും തമ്മിൽ സ്ഥാനമഹിമകൾ കണക്കാക്കാതെ ചെളിവാരിയെറിയുന്ന വാർത്തകളാണ് പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്. കേഴുന്ന ഭക്തജനങ്ങൾ സഭയെ രക്ഷിക്കണമേയെന്നും പ്രാർത്ഥിക്കുന്നു.
No comments:
Post a Comment