Sunday, May 12, 2019

ഗാന്ധിയും ജനാധിപത്യ ചിന്തകളും-1


Image result for gandhi pictures


ജോസഫ് പടന്നമാക്കൽ

ബ്രിട്ടീഷുകാർക്കെതിരെ ധർമ്മയുദ്ധം നടത്തി സ്വാതന്ത്ര്യം നേടിയശേഷം സ്വന്തം മണ്ണിൽക്കൂടി ആത്മാഭിമാനത്തോടെ നടന്ന ഋഷിവര്യനായ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനം അനുസ്മരിക്കുന്ന വർഷമാണിത്. മഹാനായ ആ താപസവര്യന്റെ പവിത്രമായ ഈ ഓർമ്മ നാളുകളിൽ ഒരു നിമിഷം ഞാൻ എന്റെ ശിരസ്സ് നമിക്കട്ടെ. പ്രപഞ്ചത്തിന്റെ ഏകത്വം ദർശിച്ച ദാർശിനികനായിരുന്നു അദ്ദേഹം. അഹിംസയുടെ പ്രവാചകനും. ഈ സത്യ ദർശനത്തിൽക്കൂടിയാണ് അദ്ദേഹത്തിലെ 'മഹാത്മ' എന്ന വിശിഷ്ട വ്യക്തി വളർന്നത്.

ആത്മം തന്നിലെന്ന വേദാന്ത ചിന്ത ഗാന്ധിജിയെ നയിച്ചിരുന്നു. പ്രകൃതിയോടും മനുഷ്യരോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറുന്ന ചിന്തകൾ ഗാന്ധിജി പുലർത്തിയിരുന്നു. ജനാധിപത്യത്തിലും അഹിംസയുടെ താത്ത്വക ചിന്തകൾ പതിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അഹിംസ സിദ്ധാന്തത്തിൽ ജനാധിപത്യം അടിയുറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ജനങ്ങളിൽ സ്വയം നിയന്ത്രണവും ആത്മബോധവും ഉളവാക്കുമെന്നു ഗാന്ധിജി വിശ്വസിച്ചിരുന്നു.

ക്രിസ്തുവിന്റെയും ബുദ്ധന്റെയും കൃഷ്ണന്റെയും ചൈതന്യമുൾക്കൊണ്ട ഏഷ്യയുടെ യുഗപുരുഷനാണ് അദ്ദേഹം. അഹിംസാ സിദ്ധാന്തത്തിൽക്കൂടി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവായി അദ്ദേഹത്തെ നാം സ്മരിക്കുന്നു. ജാതി വ്യവസ്ഥക്കെതിരെ പോരാടിയ  കർമ്മയോഗിയുമായിരുന്നു. രാജ്യത്തിനുള്ളിലെ വിഭാഗീയ ചിന്തകളെ ദൂരീകരിക്കാനുള്ള അദ്ദേഹത്തിൻറെ പ്രയത്നങ്ങളും അവിസ്മരണീയമാണ്. ആയുധ പോരാട്ടങ്ങളിൽകൂടിയല്ല സമാധാനം കൈവരിക്കേണ്ടത് മറിച്ച് നിരായുധീകരണത്തിൽക്കൂടി സമാധാനം നേടണമെന്ന് അദ്ദേഹം വിശ്വസിച്ചു. സത്യവും ധർമ്മവും നീതിയുമുൾക്കൊണ്ട ഒരു ലോക സർക്കാരിനെ അദ്ദേഹം ഭാവനയിൽ കണ്ടിരുന്നു.

ചരിത്രാതീത കാലം മുതൽ ഇന്ത്യയിൽ ജനാധിപത്യം വേരൂന്നിയിരുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. ഒരുപക്ഷെ ലോക ഭൂപടത്തിൽ തന്നെ ഇന്ത്യയിലായിരിക്കാം ജനാധിപത്യത്തിന് ആദ്യം തുടക്കമിട്ടത്. പൗരാണികകാലത്ത് പരസ്പ്പര അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഒത്തൊരുമിച്ച് പറഞ്ഞു തീർത്തിരുന്നു. അല്ലെങ്കിൽ പ്രശ്നങ്ങൾ തീർത്തിരുന്നത് ഓരോ പ്രദേശങ്ങളിലെയും മൂപ്പരുടെ സാന്നിദ്ധ്യത്തിലായിരുന്നു.  തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് തികച്ചും ജനകീയാടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജി ജനാധിപത്യത്തിൽ പ്രതീക്ഷകൾ അർപ്പിച്ചിരുന്നത്.

ഗാന്ധി പറഞ്ഞു, "എന്റെ മതം എന്നെ പഠിപ്പിക്കുന്നത് സ്നേഹവും സത്യവും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ സമത്വചിന്തകളും തുല്യ അവസരങ്ങളുമാണ്. രാഷ്ട്രപുരോഗതിക്ക് അജ്ഞതയെ തുടച്ചുമാറ്റണം. ജനാധിപത്യ സംവിധാനങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം അധിഷ്ഠിതമായിരിക്കരുത്. 'ജനാധിപത്യം' ശക്തിയുടെ ഭാഷയിലായിരിക്കരുത്. അത് ഒരിക്കലും പ്രായോഗികമല്ല. ജനാധിപത്യ ചൈതന്യം നമ്മിൽ തന്നെ ഉണ്ടായിരിക്കണം. നമ്മിൽ അത് ഉത്തേജിപ്പിക്കണം."

ഗാന്ധിയൻ ജനാധിപത്യം ഗ്രാമങ്ങളിൽനിന്നും ആവിർഭവിക്കുന്നു. അദ്ദേഹം പറയുന്നു, 'ഒരുവൻ ചുറ്റുമുള്ള സമൂഹത്തിനുവേണ്ടി നൽകുന്ന ആത്മാർപ്പണമാണ്‌ ജനാധിപത്യത്തിന്റെ ആദ്യപടി. പിന്നീട് സമൂഹങ്ങൾ അർപ്പിത ചിന്തകളോടെ ഒന്നായി പ്രവർത്തിക്കണം. ഗ്രാമങ്ങളെ നിരവധി പ്രവർത്തന മണ്ഡലങ്ങളായി തിരിക്കണം. സമൂഹങ്ങളായുള്ള വാർഡുകളുടെ പ്രവർത്തനമണ്ഡലങ്ങൾ പ്രാദേശികമായി മറ്റുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. പ്രാദേശിക പ്രവർത്തന മണ്ഡലങ്ങൾ രാഷ്ട്രത്തിന്റെ ക്ഷേമത്തിനായും നിലകൊള്ളണം. സമുദ്രത്തിലെ ഒരു ജലത്തുള്ളി പുറത്തെടുക്കുമ്പോൾ യാതൊരു നന്മയും പ്രദാനം ചെയ്യാതെ അവിടെത്തന്നെ ഇല്ലാതാവുന്നു. എന്നാൽ അത് സമുദ്ര ജലത്തിൽ അലിഞ്ഞിരിക്കുമ്പോൾ ഭീമാകാരമായ കപ്പലുകളെവരെ താങ്ങി നിർത്തി സമൂഹങ്ങൾ ഒന്നാകെ നന്മകൾ പരത്തുന്നു. നാളത്തെ ലോകം അഹിംസാ സിദ്ധാന്തങ്ങൾ ഉൾക്കൊണ്ട സമൂഹമായി ഒന്നിച്ച് നീങ്ങണം. അതാണ് ജനാധിപത്യത്തിന്റെ അനുഗ്രഹീതമായ ആദ്യത്തെ നിയമം. ഇത് പ്രായോഗികമല്ലാത്ത ഗാന്ധിജിയുടെ സ്വപ്നമായി തോന്നാം. വിദൂരമായ ലക്ഷ്യബോധത്തോടെയുള്ള ചിന്താഗതികളുമായി അനുഭവപ്പെടാം. ആത്മനിയന്ത്രണമുള്ള ജനാധിപത്യം ലോകത്തെ പ്രകാശിപ്പിക്കാനുതകും. സങ്കുചിതവും, അജ്ഞതയും, അന്ധവിശ്വാസങ്ങളും ജനാധിപത്യത്തെ താറുമാറാക്കും. അത് സ്വയം നശിക്കുന്നതിനും കാരണമാകും.

1920-ൽ യങ്ങ് ഇൻഡ്യയിൽ ഗാന്ധിജി എഴുതി, "ജനാധിപത്യത്തിന്റെ സത്തയ്ക്ക് മനുഷ്യ ഹൃദയങ്ങളുടെ പരിവർത്തനമാവശ്യമാണ്. സാഹോദര്യത്തിന്റെ അനുശാസനങ്ങളിലും അടിയുറച്ചു വിശ്വസിക്കണം.   സാമ്പത്തികതയും ആത്മീയതയും പൊതു നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുകയും വേണം. നമ്മിൽ തന്നെ സ്വയം നിയന്ത്രണവും വിനയ ഭാവവും അടക്ക ഒതുക്കവുമുണ്ടായിരിക്കണം. അനിയന്ത്രിതമായി, സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തൽ നമ്മുടെ നാശത്തിനും വഴി തെളിയിക്കും. നാട് മുഴുവൻ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും."

ഗാന്ധിജി പറഞ്ഞു, "ഇന്നുള്ള വ്യവസ്ഥിതിക്കെതിരെ യഥാർത്ഥമായ വിപ്ലവം എങ്ങനെ തുടങ്ങണമെന്നും എനിക്കറിയില്ല. എങ്കിലും പാവങ്ങൾക്കുള്ള സഹായവും ധർമ്മസ്ഥാപനങ്ങൾക്കുള്ള സഹായവും സ്വന്തം ഭവനത്തിൽ നിന്നും തുടക്കമിടണം. സമൂഹത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കേണ്ടത് ജനാധിപത്യത്തിൽ കൂടി വന്ന ഭരണകൂടമായിരിക്കും. ഓരോ വ്യക്തിയും നിയമം കൈകളിൽ എടുത്താൽ അവിടെ പിന്നീട് സർക്കാർ കാണില്ല. അവിടെ അരാജകത്വവും ക്രമസമാധാനവും ഭവിക്കുന്നതിന് കാരണമാകും. സാമൂഹിക നിയമത്തിന്റെ അഭാവത്തിൽ സ്വാതന്ത്ര്യം നഷ്ടമാകും. ശരിയായ ഒരു ജനാധിപത്യത്തെ അളക്കുന്നത് ഒരാളിന്റെ വാസനയും കഴിവും പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുക കൂടിയാണ്. മറ്റുള്ളവരുടെ ജീവനോ സ്വത്തുക്കൾക്കോ അപകടമാകരുത്. തെരുവുതെമ്മാടി രാഷ്ട്രീയം നീതിയും ധർമ്മവും നടപ്പാക്കാൻ ഉപകരിക്കില്ല.

ഗാന്ധിയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ ചിന്തകളിലുണ്ടായിരുന്നത് ഒരു രാജ്യമോ ജനാധിപത്യമോ അവസാന മാതൃകയല്ലെന്നുള്ളതായിരുന്നു. അത്തരം പ്രസ്ഥാനങ്ങളെ രാഷ്ട്രീയ തിമിരം ബാധിച്ചവരും അധികാരം മത്തു പിടിച്ചവരുമായിരിക്കാം നിയന്ത്രിക്കുന്നത്. രാഷ്ട്രീയക്കാർക്ക് അവരുടെ ജീവിത നിലവാരം മെച്ചമാക്കാൻ ഒരു മാർഗമായിരിക്കാം. അദ്ദേഹം 1931-ൽ യങ്ങ് ഇന്ത്യയിൽ എഴുതി "എന്നെ സംബന്ധിച്ച് രാഷ്ട്രീയമായ അധികാരം ഒന്നിനും ഒരു പരിഹാരമല്ല. എന്നാൽ ജനങ്ങളുടെ നന്മയ്ക്ക് ഉതകുന്ന പല മാർഗങ്ങളിൽ ഒന്നാകാം. രാഷ്ട്രീയ അധികാരമെന്തെന്നാൽ ദേശീയ ജീവിതം തിരഞ്ഞെടുക്കപ്പെട്ടവരാൽ നിയന്ത്രിക്കുക എന്നതാണ്." 'ദേശീയ ജീവിതം പൂർണ്ണമാവണമെങ്കിൽ ഓരോരുത്തരും സ്വയം നിയന്ത്രണമുള്ളവരായിരിക്കണം. അവിടെ ഒരു ജനപ്രതിനിധിയുടെ ആവശ്യമില്ല. രാജ്യം അരാജകത്വത്തിലോ ക്രമാസമാധാനക്കേടിലോ ആയിരിക്കില്ല. അങ്ങനെയുള്ള ഒരു രാജ്യത്ത് ഓരോരുത്തരും സ്വയം മാസ്റ്റർമാരായിരിക്കും. അവിടെ കാര്യനിർവഹണത്തോടെ സർക്കാരിനും ഭരിക്കാൻ സാധിക്കും.

വൈവിധ്യങ്ങളായിരുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ചരിത്രാതീത കാലം മുതൽ പരസ്പ്പര ധാരണയും ഐക്യവുമുണ്ടായിരുന്നു. എല്ലാവിധ ആശയങ്ങളും ഭാരതീയ ദർശനങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. വിദേശികളുടെ കാഴ്ചപ്പാടുകളെയും നാം ആദരിച്ചിട്ടുണ്ട്. ധാർമ്മിക ചിന്തകളും സഹിഷ്‌ണതകളുമാണ് നമ്മെ നയിച്ചിരുന്നത്. അതാണ് പരസ്പര മത്സരത്തിൽക്കൂടി സഞ്ചരിക്കുന്ന ഒരു ലോകത്തെ നേരായി നിയന്ത്രിക്കാനുള്ള വഴികളും. 'ദൈനം ദിന ജീവിതത്തിൽ ഉടലെടുക്കുന്ന പരസ്പര മത്സരങ്ങളും കലഹങ്ങളും ഒഴിവാക്കാൻ അതുമൂലം ജനാധിപത്യം വിജയകരമാക്കാൻ നമുക്ക് ആത്മനിയന്ത്രണവും അഹിംസാ വാദവും അനിവാര്യമാണെന്നും' ഗാന്ധിജി പറഞ്ഞു.

മഹാത്മ ഗാന്ധിജി പറഞ്ഞത് "ജനാധിപത്യത്തിന്റെ ആത്മാവ് വെറും യാന്ത്രികമല്ല. ഹൃദയത്തിൽനിന്നുള്ള മാനസിക പരിവർത്തനം ആവശ്യമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഒരു  രാജ്യത്ത് സാമൂഹികമായ നീതിയെ വിലയിടിച്ച് കാണിക്കാൻ പാടില്ല. സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുകൊണ്ടാണ് സാമൂഹികമായ നീതിനിർവഹണം ഇന്ത്യയിൽ നടപ്പാക്കാൻ സാധിക്കാതെ പോകുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും." നൂറായിരം ജനങ്ങൾ ഇന്ന് നീതിക്കായി ദാഹിക്കുന്നു. അവർ, രാഷ്ട്രീയ സാമ്പത്തിക ബൗദ്ധിക നിലവാരങ്ങളിലും കഷ്ടപ്പെടുന്നു. അതുകൊണ്ട് മഹാത്മാ ഗാന്ധി അധികാര വികേന്ദ്രകരണം (decentralization) വിഭാവന ചെയ്തു. അതുമൂലം ഓരോരുത്തർക്കും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നു. സാധാരണക്കാർക്കും മെച്ചമായ ഒരു ജീവിത നിലവാരം പുലർത്തുകയും ചെയ്യാം. സമൂഹത്തിൽ സമത്വം സൃഷ്ടിക്കാനും കഴിയുന്നു.

ഗാന്ധിജി എഴുതി "സർവ ജനങ്ങൾക്കും ജാതികൾക്കും തുല്യമായി അധികാര വികേന്ദ്രികരണം വരെ ജനാധിപത്യം അസാധ്യമാണ്. പറയനും തൊഴിലാളിക്കും മുതലാളിയെപ്പോലെ തുല്യമായി ജീവിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കണം. സ്വയം ഭരണാവകാശത്തിൽക്കൂടി അവർക്കും അതിനുള്ള പങ്ക് നൽകണം. അതാണ് 'സ്വരാജ്യ' അല്ലെങ്കിൽ ഡെമോക്രസി എന്ന് പറയുന്നത്." സാമൂഹിക നീതി നടപ്പാക്കാൻ ഒരു കാര്യ നിർവാഹക സംഘടനയുടെ (Trusteeship) ആവശ്യകതയും ഗാന്ധി ചൂണ്ടി കാണിക്കുന്നുണ്ട്.  മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ആരോഗ്യപരമായ ഒരു ബന്ധവും എടുത്ത് പറയുന്നുണ്ട്. എല്ലാവരും ഒരുപോലെ സ്വയം പര്യാപ്തമാകാൻ സ്വത്തും വസ്തുക്കളും ധനവും ഒരു കാര്യ പ്രസക്തമായ സംഘടനയുടെ (Trustiship) നിയന്ത്രണത്തിൽ കൊണ്ടുവരാൻ അദ്ദേഹം നിർദേശിക്കുന്നു. അതുവഴി മനുഷ്യന് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങളും ലഭിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിനായി അദ്ദേഹം രാജ്യാന്തര അതിർത്തിയും കടന്ന് ചിന്തിക്കുന്നു.

ഗാന്ധിജിയുടെ ജനാധിപത്യ വീക്ഷണത്തിലുള്ള നീതിയും സ്വാതന്ത്ര്യവും കൂടാതെ ഒരുവനുള്ള മൗലിക അവകാശങ്ങളെപ്പറ്റിയും ഗാന്ധിജി ഹരിജനിൽ എഴുതിയിട്ടുണ്ട്. സന്മാർഗികതയും ധാർമ്മികതയും ഗാന്ധിജി എക്കാലവും സംസാരിച്ചിരുന്ന വിഷയങ്ങളായിരുന്നു. അഹിംസയുടെ പ്രാധാന്യത്തോടൊപ്പം ഓരോരുത്തരുടെയും കർത്തവ്യങ്ങളെപ്പറ്റിയും സംസാരിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു, "അഹിംസാസിദ്ധാന്തങ്ങളിൽ അർപ്പിക്കപ്പെട്ട അടിസ്ഥാനമായ ജനാധിപത്യത്തിൽ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ എന്തെല്ലാമുണ്ടെന്ന് അറിയേണ്ട ആവശ്യമില്ല. എന്നാൽ അവരുടെ കർമ്മങ്ങൾ ശരിയായി മനസിലാക്കുകയും അറിയുകയും വേണം."

മറ്റൊരു അവസരത്തിൽ അദ്ദേഹം എഴുതി, "കർത്തവ്യ നിരതനായ ഒരുവനിൽ അവകാശങ്ങൾ സ്വയമേവ വന്നെത്തുന്നു. കർമ്മത്തിൽ ജീവിക്കുന്നവന്റെ ജീവിതം അർത്ഥപൂർണ്ണമായിരിക്കും." ഗാന്ധിജി മരണപ്പെടുന്നതിനു മുമ്പ് പറഞ്ഞു, "ഇന്ന് മുതലാളിമാരും സെമീന്താർമാരും അവരുടെ അവകാശങ്ങളെപ്പറ്റി മാത്രം സംസാരിക്കുന്നു. അതേ സമയം പാവപ്പെട്ട തൊഴിലാളികൾ അവരുടെ രാജാവിന്റെ ഭരിക്കാനുള്ള ദൈവിക അവകാശങ്ങളെപ്പറ്റിയും സംസാരിക്കുന്നു. ഒരുവന്റെ അവകാശങ്ങൾ മാത്രം ഉരുവിട്ടുകൊണ്ട് കർമ്മങ്ങൾ ത്യജിച്ചുകൊണ്ടു ജീവിച്ചാൽ, അസമത്വവും അലങ്കോലവും വിഭ്രാന്തിയും അരാജകത്വവും സംഭവിക്കാം."

വീണ്ടും അദ്ദേഹം പറഞ്ഞു, " രാജാക്കന്മാർക്ക് ദൈവികമായ യാതൊരു അവകാശങ്ങളും നൽകിയിട്ടില്ല. അതുപോലെ വിനയത്തോടെ തന്റെ യജമാനനെ അനുസരിക്കണമെന്നുള്ള അവകാശങ്ങളും ആർക്കും കൊടുത്തിട്ടില്ല." 1947 ജൂലൈയിൽ ഗാന്ധിജി ഹരിജനിൽ എഴുതിയതാണ് ഇത്. ഗാന്ധിജി ഒരുവന്റെ കർമ്മങ്ങളും മൗലിക അവകാശങ്ങളും തമ്മിൽ വേർതിരിച്ചിരിക്കുന്നു. അതിൽ കർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. മനുഷ്യരുടെ അവകാശങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായി സംസാരിക്കുന്നു.

എങ്കിലും ഒരു പൗരന്റെ അവകാശങ്ങളെപ്പറ്റി പറഞ്ഞതായ അഭിപ്രായങ്ങൾ അദ്ദേഹം ഗൗരവപൂർവം പറഞ്ഞതായിരിക്കാൻ സാധ്യതയില്ല. സ്വന്തം ജീവിതത്തിൽ അവകാശങ്ങൾക്കും തുല്യസ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ മഹാനാണദ്ദേഹം. മരണംവരെ  സാമൂഹിക, മത, യുക്തിപര. രാഷ്ട്രീയ സാമ്പത്തിക സ്വതന്ത്ര്യത്തിനായുള്ള അവകാശങ്ങൾക്കുവേണ്ടി വിശ്രമമില്ലാതെ നിലകൊള്ളുകയും ചെയ്തു. കൂടാതെ ഗാന്ധിജി, രാജാക്കന്മാരുടെ ഭരിക്കാനുള്ള ദൈവദത്തമെന്നു കരുതിയിരുന്ന അവകാശങ്ങളെയും നിഷേധിച്ചിരുന്നു. യജമാനന്മാരെപ്പോലെ അവരെ തലകുമ്പിട്ടുകൊണ്ട് അനുസരിക്കരുതെന്നും   ഉപദേശിച്ചിരുന്നു. അങ്ങനെയെങ്കിൽ ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കണമെന്ന് ഗാന്ധിജിക്ക് എങ്ങനെ പറയാൻ സാധിക്കും? രാജ്യത്തിന്റെ മുഴുവൻ അവകാശങ്ങൾക്കായും നീതിക്കുവേണ്ടിയും പൊരുതാൻ കൂടെക്കൂടെ സർവ്വ ജനങ്ങളെയും ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. അധികാര വികേന്ദ്രകരണത്തെപ്പറ്റിയും ട്രസ്റ്റിഷിപ്പിനെപ്പറ്റിയും സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തോടൊപ്പം  എല്ലാവർക്കും തുല്യ അവകാശങ്ങൾ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി പൗരാവകാശങ്ങൾക്ക് അമിത പ്രാധാന്യം കല്പിച്ചിരുന്നു. അക്രമരഹിതമായ എല്ലാ സമരങ്ങൾക്കും ജനകീയ അവകാശങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. സൗത്ത് ആഫ്രിക്കയിലും പൊരുതിയത് ഇന്ത്യക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയായിരുന്നു. ഗാന്ധിജി മനുഷ്യാവകാശങ്ങൾക്ക് എതിരാണെന്ന് വിശ്വസിക്കുന്നതും അല്ലെങ്കിൽ കർമ്മത്തിൽ മാത്രം അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നതും ശരിയല്ല. വാസ്തവത്തിൽ ഗാന്ധിജിക്ക് ഉൽകൃഷ്ടമായ ഒരു കാഴ്ചപ്പാട് മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുണ്ടായിരുന്നു.

ഗാന്ധിജിയുടെ പൗരാവകാശങ്ങൾ സന്മാർഗീകതയിൽ അടിസ്ഥാനമാക്കിയുള്ളതാണ്. സന്മാർഗതയില്ലെങ്കിൽ ഗാന്ധിജിയുടെ ഭാവനയിൽ ജനാധിപത്യമില്ല. കൂടാതെ, സന്മാർഗീകത വികസിക്കുന്നത് പരസ്പ്പര ബഹുമാനത്തോടെയും പരസ്പ്പരം അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ടുമാണ്. ജനാധിപത്യത്തിൽ പൗരാവകാശത്തെ ബഹുമാനിക്കാതെയും ജനങ്ങൾക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാതെയുമുള്ള കാര്യങ്ങൾ നാം നിത്യേന കാണുന്നതാണ്. സ്വന്തം അവകാശങ്ങൾക്ക് പ്രാധാന്യം നൽകുകയും മറ്റുള്ളവരുടെ അവകാശങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും മനുഷ്യ സഹജമായി തീർന്നിരിക്കുന്നു.  അതിന്റെ ഫലമായി മനുഷ്യാവകാശ ലംഘനങ്ങൾ കൂടെക്കൂടെയുണ്ടാവുന്നു. ജനാധിപത്യം തകരാറിലാകുന്നു. അതുകൊണ്ട്, ഗാന്ധിജിയുടെ മനുഷാവകാശ കാഴ്ച്ചപ്പാടുകൾ കർമ്മത്തിലും  അടിസ്ഥാനമെന്നുള്ളത് വില കുറച്ചു കാണാൻ സാധിക്കില്ല. മറിച്ച് അദ്ദേഹത്തിന്റെ ആശയങ്ങൾ വളരെയേറെ
 പ്രാധാന്യമുള്ളതും ജനാധിപത്യത്തിന് മുതൽകൂട്ടുമാണ്.

സനാതന സത്യത്തെ അദ്ദേഹം ബ്രഹ്മമായി കണ്ടു. നാവിൽനിന്ന് ഉതിരുന്നതും പ്രവർത്തനങ്ങളും ഒന്നാകുമ്പോൾ അത് ബ്രഹ്മ സാഷാത്ക്കരമായും ദർശിച്ചിരുന്നു. സർവ്വ ജീവജാലങ്ങളെയും ഹിംസിക്കാതിരിക്കുക വഴി സത്യവും സ്നേഹവും തമ്മിൽ തിരിച്ചറിയാനുള്ള പന്ഥാവും അദ്ദേഹം തുറന്നു വിട്ടു. കൊല്ലരുതേയെന്നുള്ള താത്ത്വിക ദർശനത്തിൽക്കൂടി മാത്രമേ ഒരുവന് പൂർണ്ണമായ ഒരു അഹിംസാ വാദിയാകാൻ സാധിക്കുള്ളൂ. രക്തഭൂമികളിലെ നനവിൽക്കൂടിയാണ് ഇന്നു ലോകരാജ്യങ്ങൾ  ജൈത്രയാത്ര നടത്തുന്നത്. ജാതി ഭേദങ്ങൾ, മതവികാരങ്ങളെ ഇളക്കിക്കൊണ്ടും നെഞ്ചോട് നെഞ്ചുകൾ ചേർന്ന് കത്തികൾകൊണ്ട് പിളർത്തിയും വെടിയുണ്ടകൾകൊണ്ട് തുളപ്പിച്ചും മനുഷ്യ ജീവിതങ്ങളെ കവർന്നെടുക്കുന്ന ഒരു കിരാത യുഗത്തിൽക്കൂടിയാണ് നാമിന്ന് കടന്നുപോവുന്നത്. മനുഷ്യർ തമ്മിൽ ഏകതാ ചിന്തകളും സാമൂഹിക ബോധവും സാഹോദര്യ ബന്ധങ്ങളും വളർത്താൻ സാധിക്കാത്ത ഒരു സ്ഥിതിവിശേഷവും ലോകത്ത് വളർന്നു കഴിഞ്ഞിരിക്കുന്നു.

തുടരും.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...