ജോസഫ് പടന്നമാക്കൽ
ആരാണ് ജോർജ്' വാഷിംഗ്‌ടൺ? 1789 മുതൽ 1797 വരെ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവാണ്. രണ്ടു തവണ അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 'ബില് ഓഫ് റൈറ്റ്സ്' (Bill of rights) നിയമങ്ങൾക്ക് പിന്തുണ നൽകി. ആദ്യത്തെ അമേരിക്കയുടെ ക്യാബിനറ്റ് സ്ഥാപിച്ചു. 'ഡോളർ', ദേശീയ കറൻസിയായി തീരുമാനിച്ചു. അമേരിക്കയിൽ ആദ്യമായി ബാങ്കിങ്ങ് സമ്പ്രദായം നടപ്പാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ആരംഭിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിൻറെ കാലത്തുതന്നെ അഞ്ചു സ്റ്റേറ്റുകൾ കൂടി യൂണിയനോട് ചേർക്കപ്പെട്ടു. പുതിയതായി ഉദയം ചെയ്ത രാഷ്ട്രത്തിന്റെ ഭരണഘടന രചിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. അദ്ദേഹം നൽകിയ നേതൃത്വം ഭാവി പ്രസിഡന്റുമാർക്ക് മാതൃകയായി മാറി. പിന്നീടുവന്ന പ്രസിഡണ്ടുമാർ വാഷിംഗ്ടന്റെ പൈതൃകം തുടരുകയും ചെയ്തു. അദ്ദേഹം പുലർത്തിയിരുന്ന ധർമ്മ നീതിക്കും സത്യനിഷ്ഠക്കും അടിസ്ഥാനമായി രാജ്യം മുമ്പോട്ട് പോവുകയും ചെയ്തു.
1732 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി 'വെസ്റ്റ്മോർലാൻഡ് കൗണ്ടിയിൽ', വെർജിനിയായിൽ ജോർജ് വാഷിംഗ്‌ടൺ ജനിച്ചു. അഗസ്റ്റിന്റെയും മേരിയുടെയും ആറുമക്കളിൽ മൂത്ത മകനായിരുന്നു. അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മുത്തച്ഛൻ ജോൺ വാഷിംഗ്ടൺ ഇംഗ്ലണ്ടിൽ നിന്നും വെർജിനിയായിൽ കുടിയേറിയ കുടിയേറ്റക്കാരനായിരുന്നു. ഇംഗ്ളണ്ടിലെ കുടുംബം പേരും പെരുമയുമുള്ളതായിരുന്നതിനാൽ ബ്രിട്ടന്റെ ഹെൻറി എട്ടാമൻ അവർക്ക് ഭൂമി ദാനമായി നൽകി. വെർജീനിയായിലെ കോളനിയിൽ അദ്ദേഹത്തിൻറെ പിതാവ് 'അഗസ്റ്റിൻ വാഷിംഗ്‌ടനു നിരവധി എസ്റ്റേറ്റുകളുണ്ടായിരുന്നു. അഗസ്റ്റിന്റെ ആദ്യ ഭാര്യയിൽ രണ്ടുമക്കളുണ്ടായിരുന്നു. ലാറൻസും അഗസ്റ്റിനും. രണ്ടാം ഭാര്യ മേരി ബെല്ലിൽ' ജനിച്ച ജോർജായിരുന്നു ഏറ്റവും മൂത്ത കുട്ടി. മാതാപിതാക്കളുടെ കുടുംബം സ്ഥിരമായി ഒരിടത്തു താമസിച്ചിരുന്നില്ല. കൂടെക്കൂടെ ഭവനങ്ങൾ വിവിധ സ്ഥലങ്ങളിലായി മാറിക്കൊണ്ടിരുന്നു. 1735-ൽ അദ്ദേഹത്തിനു മൂന്നുവയസുള്ളപ്പോൾ കുടുംബം ലിറ്റിൽ ഹണ്ടിങ് ക്രീക്ക് പ്ലാന്റഷനിലേക്ക് മാറി താമസിച്ചു. പിന്നീട് ആ പ്രദേശത്തെ 'മൌണ്ട് വെർനോൻ' എന്ന് പറയുന്നു. മൂന്നു വയസിനുശേഷം 1738-ൽ 'റാപ്പഹോന്നൊക്ക' നദിയുടെ തീരത്ത് വെർജിനിയായിൽ താമസമാക്കി. അവിടെ ബാക്കിയുള്ള അദ്ദേഹത്തിൻറെ കുട്ടിക്കാലം ചിലവഴിച്ചു.
ജോർജ് വളരുന്ന സമയത്ത് ഒരു പൂന്തോട്ടത്തിന്റെ കോണിൽ അദ്ദേഹത്തെ കളിക്കാൻ അനുവദിച്ചിരുന്നു. അവിടെ അദ്ദേഹത്തിൻറെതായ ഒരു കൊച്ചു പൂന്തോട്ടവുമുണ്ടായിരുന്നു. മുതിർന്ന കുട്ടിയായിരുന്നപ്പോൾ പിതാവ് അദ്ദേഹത്തിനായി ഒരു ചെറു കുതിരയെ മേടിച്ചു കൊടുത്തു. പെട്ടെന്ന്, അദ്ദേഹം മിടുക്കനായ ഒരു കുതിര സവാരിക്കാരനായി മാറി. വൈകുന്നേരമുള്ള സമയങ്ങളിൽ ജോർജിന്റെ 'അമ്മ കുട്ടികളെ ഒന്നിച്ചുകൂട്ടി അവരുടെ മുമ്പിൽ ബൈബിൾ വായിക്കുമായിരുന്നു. ജോർജ് സമപ്രായക്കാരെക്കാളും പൊക്കം കൂടിയ കുട്ടിയായി വളർന്നു. താമസിയാതെ അതിവേഗം ഓടിക്കുന്ന കുതിരസവാരിക്കാരനാവുകയും ചെയ്തു. ആരോഗ്യവാനായിരുന്ന അദ്ദേഹം സ്പോർട്സിലും കളികളിലും ഓട്ടത്തിലും സമർത്ഥനായിരുന്നു.
വിദ്യാഭാസം ലഭിച്ചിരുന്നത് വീട്ടിൽനിന്നായിരുന്നു. കണക്ക്, ഭൂമിശാസ്ത്രം, അസ്‌ട്രോണോമി, കയ്യക്ഷരം, പുസ്തകങ്ങൾ സ്വന്തം കൈപ്പടയിൽ പകർത്തുക, സാംസ്ക്കാരിക നിയമങ്ങൾ എന്നെല്ലാം വീട്ടിലെ ശിക്ഷണത്തിൽ നിന്നും ലഭിച്ചു. ജോർജിന്റെ അമ്മയ്ക്ക് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിൽ അയക്കണമെന്നുണ്ടായിരുന്നു. എന്നാൽ 1743-ൽ അദ്ദേഹത്തിനു പതിനൊന്നു വയസുള്ളപ്പോൾ പിതാവ് മരിച്ചുപോയി. അമ്മയുടെ ആഗ്രഹങ്ങൾ അവിടംകൊണ്ട് അവസാനിച്ചു. ബാക്കിയുള്ള വിദ്യാഭ്യാസം കോളനിയ്ക്കുള്ളിൽ നിന്നും നടത്തി. പിന്നീട് എസ്റ്റേറ്റ് മുഴുവൻ 'അമ്മയുടെ നിയന്ത്രണത്തിൽ പരിപാലിച്ചിരുന്നു.
ജോർജിന്റെ പിതാവ് അഗസ്റ്റിൻ' ധനികനായിരുന്നെങ്കിലും കുടുംബസ്വത്ത് ഒന്നും തന്നെ പിതാവിന്റെ വീതത്തിൽ നിന്നു ലഭിച്ചില്ല. ജോർജിന്റെ മൂത്ത അർദ്ധ സഹോദരൻ ലാറൻസിനു 'ലിറ്റിൽ ഹണ്ടിങ് ക്രീക്ക് സഹിതം' കുടുംബ സ്വത്തിന്റെ ഭൂരിഭാഗവും ലഭിച്ചു. ഓഗസ്റ്റിൻ ജൂനിയറിനും ചെറിയ പങ്ക് സ്വത്ത് കിട്ടി. അപ്പൻ മരിച്ച ശേഷം ജോർജിന്റെ കാര്യങ്ങൾ നടത്തിയിരുന്നത് മൂത്ത സഹോദരനായ 'ലാറൻസായിരുന്നു. അദ്ദേഹത്തോടൊപ്പം ജോർജ് താമസിച്ചു. ജോർജ് സർവേയറായി ജോലി തുടങ്ങുംവരെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും ലാറൻസിന്റെ മേൽനോട്ടത്തിലായിരുന്നു. ഇരുപത്തിയാറാം വയസിൽ ജോർജ് വാഷിംഗ്‌ടൺ, വിധവയായിരുന്ന മാർത്ത ഡാൻഡ്രിഡ്ജ് ക്യൂസ്റ്റിസിനെ വിവാഹം ചെയ്തു. മക്കളുണ്ടായില്ല. മാർത്താക്ക് മുൻഭർത്താവിൽനിന്നും ജാക്കിയും പാറ്റ്സിയും പേരുകളിൽ രണ്ടു മക്കളുണ്ടായിരുന്നു.
ജോർജ് വാഷിങ്ടൺ കൊളോണിയൽ വെർജീനിയായിൽ താമസിച്ചിരുന്നു. ചെറുപ്പമായിരുന്ന കാലത്ത് ഒരു സർവേയർ ആയി ജോലിചെയ്തു. അതിനുശേഷം ഫ്രഞ്ച് വിപ്ലവത്തിൽ പങ്കുകൊണ്ടു. 1754മുതൽ 1763 വരെ അമേരിക്കൻ ഇൻഡ്യൻ യുദ്ധത്തിലും പോരാടി. അമേരിക്കൻ വിപ്ലവകാലത്ത് 'കോണ്ടിനെന്റൽ' (Continental) സേനയുടെ കമാണ്ടർ ഇൻ ചീഫ് ആയിരുന്നു. വലിയ ഒരു പട്ടാളത്തെ മാതൃരാജ്യമായ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നയിച്ച സൈന്യാധിപനായിരുന്നു. ബ്രിട്ടീഷുകാരെ തോൽപ്പിച്ച് രാജ്യം സ്വതന്ത്രമാക്കി. ഒരു യുദ്ധത്തിൽ അദ്ദേഹം സഞ്ചരിച്ച കുതിരയെ ശത്രുക്കൾ വെടിവെച്ച് വീഴ്ത്തുകയും അദ്ദേഹത്തിന്റെ കോട്ടിനുള്ളിൽ നാലു ബുള്ളറ്റുകൾ പതിച്ചിട്ടും രക്ഷപെടുകയും ചെയ്തു. പട്ടാളക്കാർക്ക് വസൂരി പ്രതിവിധിക്കുള്ള കുത്തിവെപ്പിനു തുടക്കമിട്ടു.
ജോർജ് വാഷിംഗ്‌ടൺ 300 അടിമകളുടെയും 7600 ഏക്കർ കൃഷി സ്ഥലത്തിന്റെയും അധിപനായിരുന്നു. ആയിരക്കണക്കിനു റാത്തലുകൾ (പൗണ്ട്‌സ്) ഉത്ഭാദിപ്പിക്കുന്ന മത്സ്യ വ്യവസായമുണ്ടായിരുന്നു. 8000 റാത്തൽ (പൗണ്ട്സ്) ഒരേസമയം ഗോതമ്പു ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകളുമുണ്ടായിരുന്നു. 11000 ഗ്യാലൻ വിസ്‌ക്കിയുണ്ടാക്കുന്ന വാറ്റുപുര (distillery)കളുമുണ്ടായിരുന്നു.
1760-ൽ അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷുകാർ നികുതി വർദ്ധിപ്പിച്ചതിൽ ജോർജ് വാഷിംഗ്‌ടനും അനുയായികളും പ്രതിക്ഷേധിച്ചിരുന്നു. കോളനികളെ സ്വതന്ത്രമാക്കണമെന്നുള്ള ചിന്തകളും വന്നുകൂടിയത് മാതൃരാജ്യമായ ബ്രിട്ടീഷുകാരുടെ നികുതി വർദ്ധനവുമൂലമായിരുന്നു. 1774-ൽ ഫിലാഡല്ഫിയായിൽ വെച്ചു 'കോണ്ടിനെന്റൽ കോൺഗ്രസ്സ്' സമ്മേളിക്കുകയും ജോർജ് വാഷിംഗ്‌ടനെ കമാണ്ടർ ഇൻ ചീഫ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. കൊളോണിയൽ പട്ടാളത്തെ നയിക്കാൻ സമർത്ഥനായ ഒരു ജനറലായിരുന്നെങ്കിലും അദ്ദേഹത്തിൻറെ പട്ടാളക്കാർക്ക് വേണ്ടത്ര പ്രായോഗിക പരിശീലനമുണ്ടായിരുന്നില്ല. ഭക്ഷണമോ, ആവശ്യത്തിന് സൈനിക ഉപകരണങ്ങളോ വെടിമരുന്നുകളോ ഉണ്ടായിരുന്നില്ല. പലപ്പോഴും കാലിൽ 'ഷൂ' ധരിക്കാതെ പട്ടാളക്കാർക്ക് യുദ്ധമുന്നണിയിൽ പോരാടേണ്ടി വന്നു. എന്നിരുന്നാലും അവർക്കു വേണ്ട ആത്മവീര്യം പകർന്നുകൊണ്ട്, പട്ടാളക്കാരെ നേരാം വിധം അദ്ദേഹത്തിനു നയിക്കാൻ സാധിച്ചു. എട്ടു വർഷങ്ങൾ കഠിന യാതനകൾ സഹിച്ചുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹത്തിൻറെ പട്ടാളം പൊരുതി വിജയിച്ചുകൊണ്ടിരുന്നു. 1781-ൽ ഫ്രഞ്ചുകാരുടെ സഹായത്തോടെ കോണ്ടിനെന്റൽ പട്ടാളക്കാർക്ക് ബ്രിട്ടീഷ് പട്ടാളക്കാരെയും അവരുടെ ജനറിലിനെയും തോൽപ്പിക്കാൻ സാധിച്ചു. ബ്രിട്ടീഷ് ട്രൂപ്പിന്റെ കമാണ്ടറായ 'ചാൾസ് കോൺവാലിസ് (1738-1805)' തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധം നടത്തിക്കൊണ്ടിരുന്നത് 'യോർക്ടൗൺ, വെർജീനിയ എന്നീ പ്രദേശങ്ങളിൽ വെച്ചായിരുന്നു. ജോർജ് വാഷിംഗ്‌ടൺ ഐക്യനാടുകളുടെ ദേശീയ ഹീറോ ആവുകയും ചെയ്തു.
1783-ൽ യുദ്ധം അവസാനിച്ചു. ബ്രിട്ടനും അമേരിക്കയുമായി സമാധാന ഉടമ്പടിയുമുണ്ടാക്കി. തന്റെ ജോലികൾ പൂർത്തിയായെന്നു വാഷിംഗ്‌ടൺ ചിന്തിക്കുകയും ചെയ്തു. 'കമാണ്ടർ ഇൻ ചീഫ്' എന്ന ജോലി ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം തന്റെ നാടായ മൗണ്ട് വെർണോനിൽ താമസമാക്കി. ബാക്കിയുള്ള ജീവിതം ശാന്തമായി ഒരു കൃഷിക്കാരനായും കുടുംബ ജീവിതം നയിക്കാനുമാണ്! അദ്ദേഹം ആഗ്രഹിച്ചത്. എന്നിരുന്നാലും 1787-ൽ ഫിലാഡല്ഫിയായിൽ കൂടിയ ഭരണഘടനാ സമ്മേളനത്തിൽ പങ്കുചേരണമെന്ന നിർദേശം അദ്ദേഹത്തിനു ലഭിച്ചു. പുതിയ ഭരണഘടനയുടെ രൂപകൽപ്പന ചെയ്യുവാനായി അതിന്റെ തലവനാകണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിൻറെ അസാധാരണ നേതൃത്വം മറ്റാർക്കും വഹിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രത്തിന്റെ ആദ്യത്തെ പ്രസിഡണ്ടാകാൻ അദ്ദേഹത്തേക്കാൾ യോഗ്യനായ മറ്റൊരാൾ ഇല്ലെന്നും കൺവെൻഷൻ പ്രതിനിധികൾ അറിയിച്ചെങ്കിലും അദ്ദേഹം അവരുടെ ആവശ്യങ്ങളെ ആദ്യം നിഷേധിക്കുകയാണുണ്ടായത്. കുടുംബാംഗങ്ങളോടൊപ്പം ശാന്തവും സമാധാനവുമായ ഒരു ജീവിതമാണ് ആഗ്രഹിച്ചത്. അനുയോജ്യനായ നേതാവായി മറ്റാരെയെങ്കിലും കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു. എന്നാൽ രാഷ്ട്രം മുഴുവൻ വാഷിംഗ്‌ടണിൽ മാത്രം പ്രതീക്ഷകൾ അർപ്പിച്ചിരുന്നു.
1789 ജനുവരി ഏഴാം തിയതി അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. വാഷിംഗ്ടൻ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിക്കൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി. 'ജോൺ ആഡം' (1735-1826) രണ്ടാം സ്ഥാനത്തും വോട്ടുകൾ നേടി. 'ജോൺ ആഡം' അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തു. 1789 ഏപ്രിൽ മുപ്പതാംതിയതി 57 വയസുകാരനായ വാഷിംഗ്ടൻ ന്യൂയോർക്കിൽ വെച്ച് പ്രസിഡന്റ് എന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ ഭാവി തലസ്ഥാനമായ വാഷിഗ്ടൺ പട്ടണം അന്ന് പണി കഴിഞ്ഞിട്ടില്ലായിരുന്നു. ഫിലാഡൽഫിയായിലും ന്യൂയോർക്കിലുമായി പ്രസിഡന്റ് വാഷിംഗ്‌ടൺ' ജീവിച്ചു. നീതിയും സത്യവും ദീർഘദൃഷ്ടിയും കാര്യപ്രാപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ആത്മാർത്ഥതയും ധർമ്മബോധവും സ്വയം പ്രവർത്തനങ്ങളിൽക്കൂടി വെളിപ്പെടുത്തിക്കൊണ്ടിരുന്നു.
മറ്റുള്ള രാജ്യങ്ങളുമായി സൗഹാർദ്ദപരമായ ഒരു നയമാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. അതുപോലെ വിദേശരാജ്യങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാവുമ്പോൾ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാതെ നിക്ഷ്പക്ഷമായ രാജ്യതന്ത്രങ്ങളുമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്തിരുന്നു. 'ജോൺ ജേ'യെ (1745-1829), അമേരിക്കയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസായി നിയമിക്കുകയും ചെയ്തു. ഫസ്റ്റ് നാഷണൽ ബാങ്ക് ഒപ്പിട്ടുകൊണ്ടുള്ള ആദ്യത്തെ ബിൽ പാസാക്കി. പ്രസിഡൻഡിന്റേതായ ക്യാബിനറ്റ് അംഗങ്ങളെ നിയമിച്ചു. 'വാഷിംഗ്‌ടൺ' പ്രസിഡണ്ടായി ചാർജ് എടുത്തപ്പോൾ 'യുണൈറ്റഡ് സ്റ്റേറ്റ്സ്' (US) അന്ന് ഒരു ചെറിയ രാജ്യമായിരുന്നു. പതിനൊന്ന് സ്‌റ്റേറ്റും നാലുമില്യൺ ജനങ്ങളുമേ അക്കാലങ്ങളിൽ അമേരിക്കയിലുണ്ടായിരുന്നുള്ളൂ. പുതിയതായി രൂപം കൊണ്ട രാജ്യത്തിന്റെ പ്രസിഡണ്ടിന് വിദേശ കാര്യങ്ങളും ആഭ്യന്തരവും എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയില്ലായിരുന്നു. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയും സത്യസന്ധമായും പ്രവർത്തിച്ചകാരണം ഭാവി പ്രസിഡന്റുമാർക്ക് വാഷിംഗ്‌ടൺ മാതൃകയാവുകയും ചെയ്തു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ്, തോമസ് ജെഫേഴ്സണും (1743-1826) സെക്രട്ടറി ഓഫ് ട്രഷറി, അലക്‌സാണ്ടർ ഹാമിൽട്ടണും ജോർജ് വാഷിംഗ്‌ടന്റെ ക്യാബിനറ്റിലെ പ്രമുഖരായ വ്യക്തികളായിരുന്നു. ഫെഡറിലിന്റെ അധികാര വികേന്ദ്രികരണങ്ങളെ സംബന്ധിച്ചുള്ള പരസ്പ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങൾ ഇരുവരും ഉന്നയിച്ചിരുന്നു. ഹാമില്ട്ടൻ' ശക്തമായ ഒരു കേന്ദ്രീകൃത സർക്കാരായിരുന്നു വിഭാവന ചെയ്തത്. എന്നാൽ ജെഫേഴ്സൺ' കൂടുതൽ സ്റ്റേറ്റ് അവകാശങ്ങളും ആവശ്യപ്പെട്ടു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ രാജ്യഭരണം നടത്തുന്നതിന് തടസ്സമാകുമെന്നും അതുകൊണ്ട് ഏകീകൃത അഭിപ്രായം രൂപീകരിക്കണമെന്നും വാഷിംഗ്‌ടൺ ആവശ്യപ്പെട്ടു.
1796-ൽ വാഷിംഗ്‌ടൺ പ്രസിഡന്റ് പദവിയിൽ നിന്ന് വിരമിക്കുകയും വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. മൂന്നാം തവണ പ്രസിഡന്റാകണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു. അദ്ദേഹം വിരമിച്ചപ്പോൾ വിടവാങ്ങൽ പ്രസംഗമദ്ധ്യേ 'രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ വേണമെന്നും വിദേശരാജ്യങ്ങളുടെ പ്രശ്നങ്ങളിൽ അധികം കൈകടത്തരുതെന്നും നിർദേശിച്ചു. വാഷിംഗ്‌ടൺ വിരമിച്ചപ്പോൾ' പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജന്മദിനമായ ഓരോ ഫെബ്രുവരിയിലും സെനറ്റിൽ വായിക്കാറുണ്ട്.
വാഷിങ്ടൺ, പ്രസിഡന്റ് പദവിയിൽനിന്ന് വിരമിച്ചശേഷം 'മൗണ്ട് വെർണ്ണനിൽ' മടങ്ങി വരുകയും പ്ലാന്റേഷൻ കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് ശിഷ്ടകാലം ജീവിക്കുകയും ചെയ്തു. നാലു പതിറ്റാണ്ടുകളുടെ പൊതുജീവിതമൂലം വാർദ്ധക്യം നേരത്തെ തന്നെ ബാധിച്ചിരുന്നു. 1799 ഡിസംബർ പതിനാലാം തിയതി ജോർജ് വാഷിംഗ്ടൺ മരണമടഞ്ഞു. മരണസമയം അദ്ദേഹത്തിൻറെ ഭാര്യ മാർത്തായും ബന്ധുക്കളും സമീപമുണ്ടായിരുന്നു. കൂടാതെ കുടുംബ ഡോക്ടർ ഡോ.ജെയിംസ് ക്രൈക്കും സെക്രട്ടറി തോബിയാസ് ലെയറും സമീപമുണ്ടായിരുന്നു. തൊണ്ടയിൽ നീർക്കെട്ടു വന്നത് മരണകാരണമായി കരുതപ്പെടുന്നു. പതിവുപോലെ ഡിസംബർ പന്ത്രണ്ടാം തിയതി കുതിരപ്പുറത്ത് തന്റെ കൃഷി ഭൂമികളിൽക്കൂടി കുതിര സവാരി ചെയ്യുകയായിരുന്നു. അവിചാരിതമായി അന്നേ ദിവസം ആ പ്രദേശങ്ങൾ മുഴുവൻ മഞ്ഞു പെയ്തിരുന്നു. വീട്ടിൽ മടങ്ങി വന്നിട്ടും അദ്ദേഹം തന്റെ നനഞ്ഞ വസ്ത്രം മാറിയില്ലായിരുന്നു. നേരെ ഡിന്നർ കഴിക്കാൻ പോയി. അടുത്ത ദിവസം രാവിലെ തന്നെ അദ്ദേഹത്തിൻറെ തൊണ്ണയ്ക്ക് കടുത്തതായി വേദന തുടങ്ങി. അന്നു വൈകുംന്നേരമായപ്പോൾ ആരോഗ്യ നില വളരെ ഗുരുതരമായി തീർന്നിരുന്നു.
ജോർജ് വാഷിംഗ്‌ടന്റെ അവസാന കാലങ്ങളിൽ സെക്രട്ടറി 'തോബിയാസ് ലെയറിനോട്' 'തന്റെ മരണശേഷം ഭൗതിക ശരീരം എങ്ങനെ മറവു ചെയ്യണമെന്നു'ള്ള നിർദേശങ്ങളും നൽകിയിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത് തോബിയാസായിരുന്നു. മരണാസന്നനായ അദ്ദേഹം പറഞ്ഞത്, "തന്റെ മരണശേഷം ശവസംസ്ക്കാരം വളരെ നന്നായി നടത്തണം. മൂന്നു ദിവസത്തിൽ കൂടുതൽ ഭൗതിക ശരീരം ശവപ്പെട്ടിക്കുള്ളിൽ വെക്കരുത്". മരിച്ചയുടൻ ശവമടക്കുകയെന്ന ആചാരം പതിനെട്ടാം നൂറ്റാണ്ടിലില്ലായിരുന്നു. തോബിയാസ് എല്ലാം തലകുലുക്കി സമ്മതിച്ചെങ്കിലും പ്രതികരണം കാണാഞ്ഞതിനാൽ വീണ്ടും അദ്ദേഹം 'നിങ്ങൾക്ക് പറഞ്ഞതെല്ലാം മനസിലായോയെ'ന്നും ചോദിച്ചു. തന്റെ അന്ത്യാഭിലാഷം സാധിക്കുമെന്നറിഞ്ഞപ്പോൾ 'അങ്ങനെ സംഭവിക്കട്ടെയെന്നും' അദ്ദേഹം പ്രതീക്ഷകളോടെ ഉത്തരം പറഞ്ഞു.
1799 ഡിസംബർ പതിനെട്ടാം തിയതി എല്ലാവിധ ആചാരക്രമങ്ങളോടെ വാഷിംഗ്‌ടൺന്റെ ശവസംസ്ക്കാരം നടത്തി. നാലു കാർമ്മികർ അന്ന് ചരമ പ്രസംഗങ്ങൾ നടത്തിയിരുന്നു. അവർക്കെല്ലാം ഓരോ വിധത്തിൽ വാഷിംഗ്‌ടനുമായി സൗഹാർദ ബന്ധങ്ങളുണ്ടായിരുന്നു. റവ.തോമസ് ഡേവീസ്, റവ. ജെയിംസ് മൂർ, റവ. വില്യം മോഫാറ്റ്, റവ. വാൾട്ടർ അഡിസൻ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചരമാചാരങ്ങൾ നടത്തിയത്.
മരിക്കുന്നതിനുമുമ്പ്, ജോർജ് വാഷിഗ്ടൺ തന്റെ വിൽപ്പത്രം തയ്യാറാക്കിയിരുന്നു. രണ്ടുവിധത്തിലുള്ള വില്ലുകളാണ് എഴുതിയുണ്ടാക്കിയത്. മരിക്കുന്ന ആ സായാന്ഹത്തിൽ വാഷിംഗ്‌ടൺ തന്റെ രണ്ടു വില്ലുകളും എടുത്തുകൊണ്ടു വരാൻ മാർത്തയോട് ആവശ്യപ്പെട്ടു. രണ്ടും വായിച്ച ശേഷം അതിൽ ഒരെണ്ണം വാഷിഗ്ടൺ തന്നെ തീ കൊളുത്തി കത്തിച്ചു കളഞ്ഞു.
വിൽപ്പത്രമനുസരിച്ച് ജോർജ് വാഷിംഗ്‌ടന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അടിമകളെ മുഴുവൻ മാർത്തായുടെ മരണശേഷം മോചിപ്പിക്കണമെന്നും ചേർത്തിട്ടുണ്ടായിരുന്നു. 1799-ൽ 'മൗണ്ട് വെർണ'നിലുണ്ടായിരുന്ന 317 അടിമകളിൽ 123 പേരുടെ ഉടമസ്ഥാവകാശം മാത്രമേ വാഷിംഗ്‌ടനുണ്ടായിരുന്നുള്ളൂ. മാർത്ത ജീവിച്ചിരിക്കെ അടിമകളെ മോചിപ്പിക്കാൻ അവർ മരിക്കുന്നവരെ കാത്തിരുന്നില്ല, അവർ വാഷിംഗ്‌ടനുണ്ടായിരുന്ന എല്ലാ അടിമകളെയും 1801 ജനുവരി ഒന്നാം തിയതി മോചിപ്പിച്ചു. വാഷിംഗ്‌ടനും മാർത്താക്കും ശവകുടീരങ്ങൾ പണിതുണ്ടാക്കണമെന്ന് വില്ലിൽ എഴുതിയുട്ടുണ്ടായിരുന്നു. അതനുസരിച്ച് ശവകുടീരങ്ങൾ നിർമ്മിക്കുകയും ചെയ്തു. 365 ദിവസങ്ങളും 'വാഷിംഗ്‌ടൺ-മാർത്തായുടെ' ശവകുടീരങ്ങൾ! സന്ദർശകർക്കായി തുറന്നു വെച്ചിട്ടുണ്ട്. അവർക്കായി പഴയതും പുതിയതുമായ രണ്ടു ശവകുടീരങ്ങൾ കൂടി നിർമ്മിച്ചിരുന്നു.
ഫെയർഫസ് കൗണ്ടി സർക്യൂട്ട് കോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന പ്രാമാണിക ഡോക്യൂമെന്റായ ജോർജ് വാഷിംഗ്‌ടന്റെ വിൽപ്പത്രത്തിൽ അദ്ദേഹത്തിൻറെ നിരവധി പ്രവർത്തന മണ്ഡലങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം. അദ്ദേഹത്തിൻറെ വിശ്വാസങ്ങൾ, കുടുംബ സ്നേഹം, സുഹൃത്തുക്കളോടുള്ള ആത്മാർത്ഥത, മൊത്തം സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവകൾ വിൽപ്പത്രത്തിൽ പ്രതിഫലിക്കുന്നതും ചിന്തനീയമാണ്.
പുതുക്കി പണിത ജോർജ് വാഷിഗ്ടന്റെ അലക്‌സാൻഡ്രിയ ടൌൺ ഹോം ഇന്ന് ഒരു പ്രൈവറ്റ് ഹൌസാണ്. ജീവിക്കുന്നകാലത്ത് അദ്ദേഹം കണക്കില്ലാത്ത ഭൂമി സമ്പാദിച്ചിരുന്നു. അലക്‌സാണ്ടറിയായിയിലും വാഷിംഗ്‌ടൺ ഡി.സിയിലും നിരവധി ടൌൺഹൌസ് പ്ലോട്ടുകളും കരസ്ഥമാക്കിയിരുന്നു. ഒഹായോ നദിയുടെ തീരത്തും മെരിലാൻഡിലും പെൻസിൽവേനിയായിലും ന്യൂയോർക്കിലും വസ്തുവകകളുണ്ടായിരുന്നു. സ്വത്തുക്കൾ വീതം വെക്കുന്നതിൽ മുൻഗണന കൽപ്പിച്ചത് സ്വന്തം ഭാര്യക്കായിരുന്നു. എങ്കിലും അദ്ദേഹത്തിൻറെ അടുത്ത ബന്ധുക്കൾക്കും അകന്ന ബന്ധുക്കൾക്കും സാമ്പത്തിക സഹായങ്ങൾ നല്കാൻ വിൽപ്പത്രം നിർദ്ദേശിക്കുന്നുണ്ടായിരുന്നു. തന്റെ സഹോദരൻ സാമുവേൽ അദ്ദേഹത്തോട് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു തരണ്ടായെന്നും വില്ലിൽ എഴുതിയിരുന്നു.
വാഷിംഗ്‌ടന്റെ അടിമകളെ വിമോചിപ്പിക്കുന്നതിനൊപ്പം അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും, ജീവിക്കാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കാൻ പ്രത്യേകമായ ഫണ്ട് നീക്കി വെച്ചിരുന്നു. മരണം കഴിഞ്ഞാൽ' അടിമകളെ മോചിപ്പിക്കണമെന്ന് വിൽപ്പത്രത്തിലുണ്ടായിരുന്നെങ്കിലും പകുതി അടിമകളുടെ ഉടമസ്ഥാവകാശം മാർത്തായുടെ ആദ്യത്തെ ഭർത്താവ് ഡാനിയേൽ 'പാർക്ക് ക്യൂസ്റ്റിസിനായിരുന്നു. അദ്ദേഹത്തിൻറെ വിശ്വസ്ത സേവകനായിരുന്ന 'വില്യം ലീയെ' ഉടനടി മോചിപ്പിച്ചു. അമേരിക്കൻ കൊളോണിയൽ യുദ്ധകാലത്ത് വാഷിംഗ്‌ടനോടൊത്ത് യുദ്ധത്തിൽ പ്രവർത്തിച്ചിരുന്ന ആഫ്രോ അമേരിക്കനായിരുന്നു, 'വില്യം ലീ'. മാസം മുപ്പതു ഡോളർ പെൻഷനും ലീയ്ക്ക് അനുവദിച്ചു. സ്വതന്ത്രരായ വയസായ അടിമകളെയും അസുഖം പ്രാപിച്ചവരെയും കുഞ്ഞുങ്ങളെയും സഹായിക്കാനുള്ള ഫണ്ടും നീക്കി വെച്ചിരുന്നു. ഇരുപത്തിയഞ്ചു വയസുവരെയുള്ളവർക്ക് എഴുതാനും വായിക്കാനുമുള്ള പഠന സഹായവും നൽകിയിരുന്നു. അവർക്ക് തൊഴിലു കൊടുക്കാനുള്ള വ്യവസ്ഥകളും വിൽപ്പത്രത്തിലുണ്ടായിരുന്നു. തന്റെ അടിമകളെ വിൽക്കാനോ വെർജീനിയായ്ക്ക് പുറത്ത് കടത്താനോ പാടില്ലെന്നുള്ള വ്യവസ്ഥകളും വിൽപ്പത്രത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. അവരുടെ ക്ഷേമാന്വേഷണത്തിനായി വേണ്ടതെല്ലാം അദ്ദേഹം ചെയ്തിട്ടുമുണ്ടായിരുന്നു. അനാഥരെ സംരക്ഷിക്കാൻ ഒരു സ്‌കൂൾ തുടങ്ങാനും വിൽപ്രമാണമനുസരിച്ച്' പണം നീക്കി വെച്ചിരുന്നു.
1950-മുതൽ തുടർച്ചയായി നാൽപ്പതു കൊല്ലങ്ങളോളം ഈ വിൽപ്പത്രം 'കൗണ്ടി കോർട് ഹൌസിൽ' പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. പത്രത്തിൽ തേയ്മാനം കണ്ടതിനാൽ 1976-മുതൽ ലൈബ്രറി ഓഫ് കോൺഗസിന്റെ ഉപദേശപ്രകാരം സ്പെഷ്യൽ ദിവസങ്ങളിൽ മാത്രമേ ഇത് പ്രദർശിപ്പിക്കാറുള്ളൂ. ശാസ്ത്രീയ പരിരക്ഷകളോടെ വിൽപ്പത്രം കോർട്ട് ഹൌസിൽ സൂക്ഷിക്കുന്നു. ഒപ്പം അമേരിക്കയുടെ ചരിത്രപരമായ നിരവധി ഡോകുമെന്റുകളും അവിടെ സൂക്ഷിക്കുന്നുണ്ട്.
അമേരിക്കയുടെ ഇതിഹാസപുരുഷനായ വാഷിംഗ്‌ടന്റെ മുഖം അമേരിക്കൻ ഡോളറിലും ക്വാർട്ടർ നാണയങ്ങളിലും പ്രത്യക്ഷമാകുന്നു. നൂറുകണക്കിന് സ്‌കൂളുകളും കോളേജുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. യൂണിവേഴ്സിറ്റികളുമുണ്ട്. ജോർജ് വാഷിംഗ്‌ടൺ ബ്രിഡ്ജും ചരിത്രസ്മാരകമായി രണ്ടു സ്റ്റേറ്റുകളായ ന്യൂയോർക്കിനെയും ന്യൂജേഴ്‌സിയേയും ബന്ധിപ്പിക്കുന്നു. രാഷ്ട്രത്തിന്റെ തലസ്ഥാനത്തിന്റെ പേരും വാഷിംഗ്‌ടൺ എന്നാണ്. ചരിത്രപരമായ അദ്ദേഹത്തെപ്പറ്റിയുള്ള വീഡിയോകൾ, ചരിത്ര ബുക്കുകൾ മുതലാവകൾ ലോകം മുഴുവനുമുള്ള ലൈബ്രറികളിൽ സുലഭവുമാണ്. രണ്ടു പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 'മൈ ജേർണി ടു ദി ഒഹായോ വാലി', (my journey to the Ohio Valley) പെൻ പാൽ വിത്ത് മെനി എറൗണ്ട് ദി വേൾഡ്, (Pen pal with many around the world) എന്ന അദ്ദേഹത്തിൻറെ പുസ്തകങ്ങളുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഓഫ് കോൺഗ്രസിൽ സൂക്ഷിക്കുന്നു.
Thomas Jefferson (Third US President) |
John Adams (Second US President)
No comments:
Post a Comment