Wednesday, October 9, 2019

പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവും


ജോസഫ്  പടന്നമാക്കൽ 
(10/09/2019-ൽ കെസിആർഎം ടെലി കോൺഫറൻസിൽ അവതരിപ്പിച്ച പ്രഭാഷണം )

സുഹൃത്തുക്കളെ, കെസിആർഎം പ്രവർത്തകരെ, മോഡറേറ്റർ ശ്രീ എ.സി.  ജോർജ്, ഏവർക്കും എന്റെ കൂപ്പുകൈകൾ. കെ സി ആർ എം സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിക്കുന്ന ഈ ടെലി കോൺഫറൻസിൽ ഒരു പ്രഭാഷണം നടത്താനായി അവസരം തന്ന ശ്രീ ചാക്കോ കളരിക്കലിനും ഇതിലെ പ്രവർത്തകർക്കും എന്റെ നന്ദി. നാം ആരും സഭാവിരോധികളല്ല. സഭയെ നശിപ്പിക്കാനുമല്ല നാം ആഗ്രഹിക്കുന്നത്. പ്രവാചക ദൗത്യം ചെയ്തിരുന്നവർ സഭാവിരോധികളായി അറിയപ്പെട്ടിരുന്നില്ല. കാലഹരണപ്പെട്ട സഭയുടെ നവോദ്ധ്വാനമാണ് ഈ സംഘടനയുടെ ലക്‌ഷ്യം.

"പുരോഹിത മേധാവിത്വവും കന്യാസ്ത്രി ജീവിതവും" എന്ന  വിഷയത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ അടുത്തകാലത്ത് നടന്ന നിരവധി സംഭവങ്ങളാണ് എന്റെ മനസ്സിൽ പാഞ്ഞെത്തുന്നത്. അഭയാക്കേസ് മുതൽ സിസ്റ്റർ ലൂസി കളപ്പുരയെ സഭാവസ്ത്രം ഊരിപ്പിച്ച വരെയുള്ള സമീപകാല സംഭവങ്ങളിൽ 'പുരോഹിത മേധാവിത്വത്തിന്റെ സ്വാധീനം ദൃശ്യമായിരുന്നു.  മേരി ചാണ്ടിയുടെയും സിസ്റ്റർ ജെസ്മിയുടെയും ജീവിതത്തിലുണ്ടായ അനുഭവങ്ങളും പീഡനങ്ങളും പച്ചയായി തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. സിസ്റ്റർ 'അനീറ്റ' എന്ന യുവ കന്യാസ്ത്രി ഒരു പുരോഹിതന് വഴങ്ങി കൊടുക്കാത്തതു മൂലം അവർ അനുഭവിച്ച യാതനകൾ വളരെയേറെയായിരുന്നു. പാതിരാത്രിയിൽ ഇറ്റാലിയൻ കോൺവെന്റിൽ നിന്നും പുറത്താക്കിയതും വീണ്ടും ആലുവായിൽ മാതൃ മഠത്തിൽ വന്നെത്തിയ അവരുടെ പെട്ടിയും കിടക്കയും ക്രൂരമായി സഹകന്യാസ്ത്രികൾ റോഡിലേക്കെറിഞ്ഞതുമായ കഥകൾ ഹൃദയമുള്ളവർക്ക് പൊറുക്കാൻ സാധിക്കില്ല. അനാഥാലയത്തിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് വിദേശപ്പണം തട്ടിയെടുത്തുകൊണ്ടിരുന്ന പാലാ ചേർപ്പുങ്കൽ മഠം കന്യാസ്ത്രീകളുടെ കള്ളത്തരങ്ങളെ ചോദ്യം ചെയ്ത സിസ്റ്റർ മേരി സെബാസ്റ്റ്യനെ  ഉടുപ്പ് ഊരിച്ചതുമായ വാർത്തകൾ നാം കഴിഞ്ഞ വർഷങ്ങളിൽ വായിച്ചിരുന്നു. അവരുടെ പേരിൽ മോഷണക്കുറ്റം ചുമത്തി കള്ളക്കേസുകളും കൊടുക്കാൻ മഠം അധികൃതർ മടിച്ചില്ല. ഒടുവിലിതാ പുരോഹിതാധിപത്യം ശ്രീ ലൂസി കളപ്പുരക്കലിനെതിരെയും എത്തി നിൽക്കുന്നു. ഫ്രാങ്കോയുടെ കഥകൾ മദ്ധ്യകാല യുഗത്തിലെ മാർപാപ്പാമാരുടെ കാമവിളയാട്ടങ്ങളെയും മറി കടക്കുന്ന വിധമായിരുന്നു.  ആഗോള കത്തോലിക്ക സഭയുടെ സജ്ജീകരണം തന്നെ പുരോഹിതാധിപത്യത്തിൽ പടുത്തുയർത്തിയതാണ്.

പുരോഹിതലോകം സാധാരണ കന്യാസ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നു. ഹവ്വായുടെ പ്രേരണമൂലം പുരുഷനെ പാപത്തിലേക്ക് പ്രേരിപ്പിച്ചുവെന്നുമുള്ള കെട്ടുകഥ, സ്ത്രീയെ വിലയിടിച്ചു കാണിക്കുന്നു. സ്ത്രീയെ ദൈവശാസ്ത്രത്തിനുള്ളിലും അടിമയെപ്പോലെ അടിച്ചു താഴ്ത്തിയിരിക്കുകയാണ്. കെട്ടുകഥകളിൽക്കൂടി മെനഞ്ഞെടുത്തിരിക്കുന്ന ദൈവശാസ്‌ത്രം അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു. അതിൽ സ്ത്രീ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു.

 പുരോഹിത വംശത്തിൽ ജനിക്കാത്ത ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചതായി ബൈബിളിൽ വ്യക്തമല്ല. ദൈവമെന്നു സങ്കല്പമുള്ള ജീവിച്ചിരുന്ന ക്രിസ്തു സ്ത്രീകളെ സ്നേഹിച്ചിരുന്നു. യേശുവും മേരി മഗ്ദലനായും സ്നേഹത്തിന്റെ പ്രതീകാത്മകമായിരുന്നു. ബലിയുടെ ഒരു ഭാഗമായിരുന്നു. മഗ്ദലന യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്ന അരുമ ശിക്ഷ്യയുമായിരുന്നു. അവർ  ഉയിർത്തെഴുന്നേറ്റ യേശുവിനെ മറ്റാരേക്കാളും മുമ്പിലായി കണ്ടു. അവർക്കായിരുന്നു 'യേശു' കല്ലറ വാതിൽക്കൽ നിന്ന് ഉയിർപ്പിന്റെ സന്ദേശം നൽകിയത്. അതുമൂലം മഗ്ദലനയെ അപ്പോസ്തോലന്മാരുടെ അപ്പോസ്തോല എന്നും വിളിക്കുന്നു. എങ്കിലും അവരെ അൾത്താരകളിൽ ഓർമ്മിക്കാറില്ല. അവർ വിശുദ്ധയുമല്ല. സ്ത്രീ എന്ന നിലയിൽ മഗ്ദലനയുടെ ക്രിസ്തുവുമായുള്ള പങ്കാളിത്വം ചെറുതല്ലായിരുന്നു. സുവിശേഷങ്ങൾ തന്നെ വായിക്കുകയാണെങ്കിലും അവൾ മാത്രമല്ല ക്രിസ്തുവിന് പ്രിയപ്പെട്ടവളായി ഉണ്ടായിരുന്നത്. യേശുവിനെ സ്നേഹിച്ചിരുന്നവരും കാലു തലോടിയവരും ഭക്ഷണം കൊടുത്തിരുന്നവരും സ്ത്രീകളാണെന്ന് കാണാം. പാപിയായ ഒരു സ്ത്രീ അവന്റെ കാൽക്കൽ വീഴുന്നത് കാണാം. ഹവ്വായുടെ പാപം ക്രിസ്തുവിനെ സംബന്ധിച്ച് വിഷയമായിരുന്നില്ല.

പരീസിയർ പാപിയായ സ്ത്രീയെ കല്ലെറിയാൻ യേശുവിന്റെ സമീപം കൊണ്ടുവന്നപ്പോൾ ക്രിസ്തു അവരുടെ പാരമ്പര്യത്തെ തന്നെ തിരുത്തിയെഴുതി. പുരുഷ മേധാവികളെ അവിടുന്ന് വെല്ലുവിളിച്ചു. 'നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ'യെന്ന് പറഞ്ഞു. ക്രിസ്തുവിന്റെ ആ വചനം പുരോഹിതർ'  മറ്റൊരു വിധത്തിലാണ് വ്യാഖ്യാനിക്കുന്നത്. ആരെങ്കിലും സഭയെ വിമർശിച്ചാൽ, പുരോഹിതനെ വിമർശിച്ചാൽ ഉടൻ ക്രിസ്തുവിന്റെ വചനം ഉദ്ധരിക്കുകയായി, 'നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന്." വാസ്തവത്തിൽ ക്രിസ്തു ഈ വചനം ഉദ്ധരിച്ചത് അബലയായ സ്ത്രീയെ നോക്കിയാണ്. സ്ത്രീയെ രക്ഷിക്കാൻ വേണ്ടിയായിരുന്നു.   ഇവിടെ സ്ത്രീകളും ദൈവത്തിന്റെ മുമ്പിൽ വിലയേറിയ മക്കളാണെന്ന്‌ തെളിയിക്കുകയാണ്. പുരുഷന്മാരെ വെല്ലുവിളിക്കുകയാണ്. സ്ത്രീയുടെ വ്യക്തിത്വത്തെ മാനിക്കുകയാണ്. സഭയെ തന്നെ മാതാവെന്നാണ് വിളിക്കുന്നത്. ഒരു മാതാവിന് സ്ത്രീയെന്നും പുരുഷനെന്നും വ്യത്യാസമോ?

'ലോകമാകമാനമുള്ള കന്യാസ്ത്രികൾ പീഡിപ്പിക്കപ്പെടുന്നുവെന്നും പുരോഹിതരിൽനിന്നു അസഹ്യമായ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാവുന്നുവെന്നും പുരോഹിതരുടെ ലൈംഗിക അടിമപ്പാളയത്തിൽ കന്യാസ്ത്രികളെ  തളച്ചിട്ടിരിക്കുകയാണെന്നും' ഫ്രാൻസീസ് മാർപാപ്പ അടുത്തയിടെ പറയുകയുണ്ടായി. ലോക മീഡിയാകൾ ഈ വാർത്തകൾ സ്ഥിതികരിക്കുകയും ചെയ്തു. പുരോഹിതരുടെ അസഹ്യമായ പീഡനങ്ങൾമൂലം ഇറ്റലിയിലെ ഒരു കോൺഗ്രിഗേഷന്റെ  പ്രവർത്തനങ്ങൾ  ബെനഡിക്റ്റ് മാർപാപ്പയുടെ കാലത്ത് നിർത്തലാക്കിയിരുന്നു.

കന്യാസ്ത്രികളും പുരോഹിതരും  തമ്മിലുള്ള വ്യത്യാസം എന്താണ്? കന്യാസ്ത്രി എന്നാൽ  സമൂഹമായി ജീവിക്കുന്ന ഒരു കോൺഗ്രിഗേഷണലിലെ അംഗം. അവർക്ക്  ജീവിതാന്ത്യം വരെ പാലിക്കേണ്ട അടിസ്ഥാനപരമായ പ്രതിജ്ഞകളും എടുക്കേണ്ടതായുണ്ട്. പുറം ലോകവുമായി ബന്ധപ്പെടാതെ കന്യാസ്ത്രി മഠങ്ങളിലെ നിയമ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി ജീവിക്കണം. മഠം അനുശാസിക്കുന്ന കുപ്പായങ്ങളും അണിഞ്ഞു നടക്കണം. 'കന്യാസ്ത്രി ജീവിതത്തെ റോഡിൽക്കൂടി ഉരുളുന്ന, ചൂട് നിറഞ്ഞ താറു നിറച്ച ഒരു വീപ്പക്കുറ്റിക്ക് സമാനമായി 'പൊൻകുന്നം വർക്കിയുടെ ഒരു നോവലിൽ ഉപമിച്ചിരിക്കുന്നു.

കന്യാസ്ത്രീയെ ചൂഷണം ചെയ്യാൻ സുന്ദരമായ വാക്കുകളുമുണ്ട്. കർത്താവിന്റ മണവാട്ടി, അർത്ഥിനി, യേശുവിന്റെ മുന്തിരിത്തോപ്പിൽ ജോലിചെയ്യുന്നവൾ, ക്രിസ്തു തന്റെ മണവാളൻ, ഒരേ സമയം 'അമ്മ, സഹോദരി, എന്നെല്ലാം.! പുരോഹിതനെ അച്ചൻ, അതിൽ മൂത്തയാളെ പിതാവെന്ന് വിളിക്കും. കന്യാസ്ത്രീകളെ സിസ്റ്റർ എന്നും വിളിക്കും. പുരോഹിതന് നൽകിയിരിക്കുന്ന ഈ സംബോധന തന്നെ അധികാരത്തിന്റെ ചുവയാണുള്ളത്. 'കന്യാസ്ത്രി' എത്ര ഉയർന്ന സ്ഥാനം അലങ്കരിച്ചാലും കർദിനാളിന്റെയോ ബിഷപ്പിന്റെയോ വേഷം കിട്ടില്ല. അവർക്ക് പുരോഹിതനുള്ള അധികാരവും ലഭിക്കില്ല. കാരണം പറയുന്നത് അപ്പോസ്തോലന്മാർ പുരുഷന്മാരായിരുന്നുവെന്നാണ്.

 ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്ന മൂന്നു വ്രതങ്ങൾ കന്യാസ്ത്രികൾ എടുത്തിരിക്കണം.  എടുക്കുന്ന പ്രതിജ്ഞകൾ സഭയുടെ നാമത്തിൽ സഭാധികാരികൾ അംഗീകരിക്കുകയും വേണം.   കന്യാസ്ത്രികൾ മുടക്കാതെ ചെയ്യേണ്ട കടമകൾ ' കുർബാന കാണുക', കുമ്പസാരിക്കുക, 'കുർബാന സ്വീകരിക്കുക', 'പ്രാർത്ഥനകൾ പള്ളിയിലും മഠങ്ങളിലും ഉരുവിടുക' എന്നിവകളാണ്. പള്ളിമേടകളിൽ താമസിക്കുന്ന അച്ചന്മാർക്ക് ഭക്ഷണവും പാകം ചെയ്യണം. അച്ചന്മാർ കൊച്ചു കന്യാസ്ത്രീകളെ കുമ്പസാരിപ്പിക്കാൻ അമിത താൽപ്പര്യവും കാണിക്കുന്നു.

മദർ സുപ്പീരിയറിനെയും മേലാധികാരികളെയും അനുസരിച്ച് മഠം മതിൽക്കെട്ടിനുള്ളിൽ മാത്രം കന്യാസ്ത്രികൾ ജീവിക്കണം. പുറം ലോകമായി സംസർഗം പാടില്ല. പ്രത്യേക സാഹചര്യങ്ങളിൽ, അനുവാദത്തോടെ മാത്രമേ സന്യസ്തർക്ക് മഠം വിട്ടു സഞ്ചരിക്കാൻ അനുവാദമുള്ളൂ. സന്ദർശകർ മഠത്തിൽ അനുവാദമില്ലാതെ പ്രവേശിക്കാൻ പാടില്ല. എങ്കിലും സ്‌കൂളിൽ പഠിപ്പിക്കുന്നവർക്ക് പൊതുജനമായി ബന്ധമാകാം. സ്ഥലത്തെ ബിഷപ്പിന്റ കീഴിലായിരിക്കാം മഠങ്ങൾ പ്രവർത്തിക്കുന്നത്.

പുരോഹിതൻ എന്ന് പറഞ്ഞാൽ പള്ളി ശുശ്രുഷകളും പൂജകളും നടത്തുന്ന ആൾ എന്നാണ്. ജീവിക്കാൻ വേണ്ടി അയാൾ ദൈവത്തെ ഒരു ഭീകര ജീവിയാക്കി ചിത്രീകരിച്ചു. ഭയം ജനിപ്പിക്കുന്ന പല കഥകളും അയാൾ നെയ്തെടുത്തു. ആദ്യം സ്ത്രീകളും കുഞ്ഞുങ്ങളും അയാളുടെ മാജിക്കിൽ വീണു. സഭ വളർന്നു. അത് നിരവധി സ്ഥാപനങ്ങളായി. അധികാരവും സ്വർണ്ണം പൂശിയ അംശവടിയും, ധനവും പ്രതാപവും ഒത്തുചേർന്നപ്പോൾ സ്വന്തം സ്ഥാനമാനങ്ങളെയും ദുരുപയോഗം ചെയ്യാനും തുടങ്ങി. ക്രിസ്തു ചൈതന്യം പുരോഹിതരിൽനിന്നും അപ്രത്യക്ഷ്യവുമായി. അഴിമതികളും കള്ളത്തരങ്ങളും വ്യാജ രേഖ വിവാദങ്ങളും പേറി നടക്കുന്ന പൗരാഹിത്യം സഭയെ നാശത്തിലേക്ക്  നയിക്കുന്നു.

പുരുഷ മേധാവിത്വത്തിന്റെ അധികാരപരിധിയിൽ പുരോഹിതർ അൾത്താര മുഴുവൻ കയ്യടക്കി വെച്ചിരിക്കുകയാണ്. ക്രിസ്തു ചൈതന്യം അവിടെ ഉണ്ടെന്നാണ് പറയുന്നത്. ജീവിച്ചിരുന്ന ക്രിസ്തുവിന് സ്ത്രീകളെ വേണമായിരുന്നു. ആത്മാവായ യേശുവിന് സ്ത്രീകൾ അശുദ്ധവും. സ്ത്രീക്കു മാത്രം അവിടെ അനുസരണ വ്രതം പിന്നെ ദാരിദ്ര്യം. പുരുഷ പുരോഹിതന് ആഡംബരം, മണിമാളിക, പെണ്ണ്, ഭൂമി മാഫിയ കൂട്ടുകെട്ട്, കാനോൻ നിയമം എന്നുവേണ്ട എല്ലാമുണ്ട്.

വത്തിക്കാനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'വുമൺ ഓഫ് ചർച്ച് വേൾഡ്' എന്ന മാഗസിന്റെ എഡിറ്ററായ 'ലൂസെറ്റ സ്കെറഫിയ' കന്യാസ്ത്രികൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. ഈ മാസിക കൂടുതലായും സ്ത്രീകൾക്കു വേണ്ടിയുള്ളതാണ്. കന്യാസ്ത്രി മഠങ്ങളിൽ പുരോഹിതർ നടത്തുന്ന ലൈംഗിക തേർ'വാഴ്ച്ചകളെ സംബന്ധിച്ചുള്ള ഒരു ലേഖനമാണിത്.

ലുസെറ്റയുടെ അഭിപ്രായമിങ്ങനെ, "കർദ്ദിനാൾമാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ കൂലിത്തൊഴിലാളികൾക്ക് തുല്യമായി കരുതുന്നു. കൂലിയില്ലാതെ ജോലിചെയ്യുന്ന നിസ്സഹായരായ കന്യാസ്ത്രീകളെക്കൊണ്ട്  പുരോഹിതർ മുതൽ കർദ്ദിനാൾ വരെയുള്ളവരുടെ വസ്ത്രങ്ങൾ കഴുകിക്കുന്നു. അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം.   എന്ത് നിന്ദ്യമായ ജോലികളും നിർബന്ധമായും ചെയ്തുകൊള്ളണം. ഇല്ലെങ്കിൽ അനുസരണക്കേടെന്ന കണ്ഠകോടാലി അവരുടെ കഴുത്തിലെത്തും."  ചിലർക്ക് സഭയുടെ സ്ഥാപനങ്ങളിലുള്ള അടുക്കളകളിൽ ജോലിക്കാരായി എത്തുകയും വേണം. അവിടെ, അന്തേവാസികൾക്കും പുരോഹിതർക്കും ഭക്ഷണം ഉണ്ടാക്കാൻ പ്രഭാതം മുതൽ പണിയെടുക്കണം. ജോലിചെയ്യാനായി അതി രാവിലെ ഉണരുകയും വേണം.  അത്താഴമുണ്ടാക്കി ഓരോരുത്തരുടെ പ്ളേറ്റുകളും കഴുകിക്കൊടുക്കണം. പരിസരവും മുറികളും വൃത്തിയാക്കിയ ശേഷമേ കന്യാസ്ത്രികൾക്ക് ഉറങ്ങാൻ പോലും സാധിക്കുള്ളൂ. കൂടാതെ, വസ്ത്രം കഴുകിയ ശേഷം പുരോഹിതരുടെ തുണികളും തേച്ചു കൊടുക്കണം. ഭക്ഷണം കഴിക്കുന്ന തീൻ മേശയ്ക്ക് മുമ്പിൽ ഒപ്പം പുരോഹിതർ കന്യാസ്ത്രികളെ  ഇരുത്തുകയില്ല. ജോലി ചെയ്യാതെ പരാന്ന ജീവികളായി ജീവിക്കുന്ന പുരോഹിതരുടെ അഹങ്കാരത്തിനും ഒരു അതിരില്ല.

ലേഖനത്തിലുൾപ്പെടുത്തിയിരുന്ന കാര്യങ്ങൾ വത്തിക്കാന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. കന്യാസ്ത്രി മഠങ്ങളിൽ നടക്കുന്ന പുരോഹിത അതിക്രമങ്ങളുടെ ഉത്തരവാദിത്വം മാർപാപ്പാ സ്വയം ഏറ്റെടുക്കുകയായിരുന്നു. ലൈംഗിക ചൂഷണം ചെയ്യുന്ന എല്ലാ പുരോഹിതരെപ്പറ്റി റിപ്പോർട്ട് ചെയ്യണമെന്ന് വത്തിക്കാൻ ആവശ്യപ്പെടുകയുണ്ടായി.

ഫ്രാൻസീസ് മാർപാപ്പാ തന്റെ പെറുവിലേക്കുള്ള യാത്രയിൽ കന്യാസ്ത്രികളും പുരോഹിതരും തമ്മിലുള്ള ലിംഗ അസ്വമത്വങ്ങളെ പരസ്യമായി ആക്ഷേപിച്ചിരുന്നു. കന്യാസ്ത്രീകളെ ഏറ്റവും അധികം നിന്ദിക്കുന്ന രാജ്യങ്ങൾ മാർപാപ്പായുടെ തന്നെ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന സൗത്ത് അമേരിക്കൻ രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് മാന്യമായ ശമ്പളം കൊടുക്കണമെന്നും ലിംഗഭേദമില്ലാതെ സകലർക്കും മാന്യത കല്പിക്കണമെന്നും മാർപാപ്പാ കൂടെക്കൂടെ പറയാറുണ്ട്‌. അതെല്ലാം അല്മായർക്കുള്ള ഉപദേശമാണെങ്കിലും പുരോഹിതരുടെ കന്യാസ്ത്രികൾക്ക് നേരെയുള്ള നിന്ദ്യമായ പെരുമാറ്റങ്ങൾക്ക് കുറവൊന്നുമില്ല. 'കന്യാസ്ത്രീകളുടെ സഭയിലെ ജോലിയെന്നാൽ സേവനത്തെക്കാൾ കൂടുതൽ ദാസ്യവൃത്തിയാണെന്ന്' കാണാം.

മഠങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം കഥകൾ നൂറ്റാണ്ടുകളായി വത്തിക്കാന്റെ വീക്ഷണത്തിലുള്ളതാണ്. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങൾ വത്തിക്കാനിൽ എക്കാലവും മൂടി വെക്കുകയായിരുന്നു. അധികാരവും പണവും കുന്നുകൂടിയതോടെ പുരോഹിതരുടെ സന്മാർഗികത നശിക്കുകയും എന്തുതരം ഹീനകൃത്യങ്ങൾക്കും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അറേബ്യൻ പെൻസുലായിൽ നിന്ന് ഫ്രാൻസീസ് മാർപാപ്പ മടങ്ങി വരുമ്പോൾ ഒരു റിപ്പോർട്ടർ അദ്ദേഹത്തോട് പാവപ്പെട്ട കന്യാസ്ത്രീകളെ പുരോഹിതർ പീഡിപ്പിക്കുന്ന  കാര്യങ്ങളെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

ചില കന്യാസ്ത്രികൾ പാവപ്പെട്ട വീടുകളിൽ നിന്നാണെങ്കിലും പഠിക്കാൻ അതിസമർത്ഥരായിരിക്കും. ബൗദ്ധികമായി അവർ വളരെ ഉയർന്നവരുമായിരിക്കും.  ഉയർന്ന ഡിഗ്രികളും കരസ്ഥമാക്കിയിരിക്കും. എന്നാൽ, പണമുള്ള വീട്ടിൽനിന്നു വന്നവരും മഠങ്ങളിൽ പദവികൾ അലങ്കരിക്കുന്നവരുമായ മറ്റു കന്യാസ്ത്രികൾ പാവപ്പെട്ട കന്യാസ്ത്രീകളുടെ വളർച്ചയിൽ അസൂയപ്പെടുന്നു. അവരെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്.  അവരുടെ സ്വാഭാവികമായ കഴിവുകളെയും മാനിക്കാൻ തയ്യാറാവുകയില്ല. വ്യക്തിപരമായ അവരുടെ ഉയർച്ചയും തടസപ്പെടുത്താൻ നോക്കും.

സ്ത്രീകൾ പുരുഷന്മാരേക്കാൾ വിലയില്ലാത്തവരെന്ന പുരോഹിത ചിന്തകൾ ദൗർഭാഗ്യകരമാണ്.  ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും റോമിൽ പഠിക്കാൻ വരുന്ന സ്ത്രീകൾ ഭൂരിഭാഗവും സാമ്പത്തികമായി താണ വീടുകളിൽ നിന്നായിരിക്കും. അവരുടെ ചെലവുകൾ വഹിക്കുന്നതും അതാത് കോൺഗ്രിഗേഷൻ ആയിരിക്കും. ആ സ്ഥിതിക്ക് അവർ എന്തുതന്നെ ജോലി ചെയ്താലും, ജോലിയുടെ കാഠിന്യമോ സാഹചര്യങ്ങളോ ഒന്നും തന്നെ പരാതിപ്പെടാതെ സഹിച്ചു  ജീവിക്കണമെന്നാണ് വെപ്പ്. സഭ അവരെ ചൂഷണം ചെയ്യുന്നതല്ലാതെ ശബ്ദിക്കാൻ സമ്മതിക്കില്ല. അത് ഓരോ കന്യാസ്ത്രിയുടെയും മനസുകളിൽ ഒരു വിപ്ലവ ചൈതന്യം സൃഷ്ടിക്കുന്നു. സഭ ചൂഷണം ചെയ്യുന്നുവെന്ന് ഓരോരുത്തർക്കും വ്യക്തമായി അറിയുകയും ചെയ്യാം.

കത്തോലിക്ക നിയമം അനുസരിച്ച് പുരുഷന്മാർക്കു മാത്രമേ പൗരാഹിത്യം അനുവദനീയമായുള്ളൂ. സ്ത്രീകൾക്ക് പൗരാഹിത്യം കൊടുക്കണമെന്ന് പതിറ്റാണ്ടുകളായുള്ള മുറവിളികളുമുണ്ട്. അതിന്റെ പേരിൽ വിമർശനങ്ങൾ തൊടുത്തുവിട്ട പലർക്കും സഭയ്ക്ക് പുറത്തുപോവേണ്ടിയും വന്നിട്ടുണ്ട്.  സ്ത്രീകൾക്കു പൗരാഹിത്യം അനുവദിക്കുന്ന കാര്യത്തിൽ സമീപ കാലങ്ങളിലൊന്നും വത്തിക്കാനിൽ നിന്നു പ്രതീക്ഷകൾ നൽകുന്നില്ല."സ്ത്രീകളെ സഭാ കാര്യങ്ങൾ പഠിപ്പിക്കാൻ അനുവദിക്കരുതെന്ന" പൗലോസ് അപ്പോസ്തോലന്റെ വചനത്തെ മുറുകെ പിടിക്കാൻ ശ്രമിക്കും. 'അവർക്ക് പുരുഷന്മാരുടെ മേൽ അധികാരങ്ങളും നൽകരുതെന്നു' പൗലോസ് ശ്ലീഹ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വത്തിക്കാനിൽ കൂടിയ ബിഷപ്പ് കോൺഫറൻസ് സ്ത്രീകൾക്കും സഭയിൽ കൂടുതൽ പങ്കാളിത്വം നൽകണമെന്ന കാര്യം ചർച്ച ചെയ്തിരുന്നു. അതിൽ 267 പുരോഹിതരോടൊപ്പം ഏഴു കന്യാസ്ത്രികൾക്കും സംബന്ധിക്കാൻ അനുവാദം കൊടുത്തിരുന്നു. എന്നാൽ ഒരു ഡോകുമെന്റ്കളും ഒപ്പിടാൻ കന്യാസ്ത്രീകളെ സമ്മതിച്ചില്ല.

കത്തോലിക്കസഭയിൽ ചർച്ചകളിൽക്കൂടി പ്രശ്നങ്ങൾ തീർക്കാനും കാര്യകാല പ്രസക്തങ്ങളായ വിഷയങ്ങൾ അവതരിപ്പിക്കാനും ബിഷപ്പ് കോൺഫെറെൻസുകൾ  സംഘടിപ്പിക്കാറുണ്ട്.  അവിടെയെല്ലാം പുരുഷന്റെ മേധാവിത്വം മാത്രം കാണാം. സ്ത്രീകളുടെ കാര്യങ്ങളും തീരുമാനിക്കുന്നത് പുരുഷൻ തന്നെ. അങ്ങനെ സഭ തന്നെ പുരുഷ മേധാവിത്വത്തിൽ അടിത്തറയിട്ടിരിക്കുന്നു. ഒരു സ്ത്രീ ഇടയലേഖനം വായിക്കണമെങ്കിലും സഭയുടെ ഡോക്യൂമെന്റുകൾ വായിക്കണമെങ്കിലും പുരുഷന്റെ ആശയങ്ങളുള്ള മസ്ക്കുലിൻ കണ്ണുകളോടെ വേണം. മതപഠനം, കുടുംബം, വിവാഹം, വിവാഹ മോചനം, സ്വവർഗ വിവാഹം, കുട്ടികൾ, കുടുംബാസൂത്രണ പദ്ധതികൾ എല്ലാം ചർച്ച ചെയ്യുന്നത് പുരുഷൻ മാത്രം. സ്ത്രീകൾക്ക് അവിടെ ചർച്ചക്ക് അവകാശമില്ല. സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്നതും പുരുഷന്മാർ. സ്ത്രീകളുടെ ശാരീരിക പ്രക്രിയകൾ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്ന സമയമെങ്കിലും കന്യാസ്ത്രീകളെ പങ്കു കൊള്ളിപ്പിക്കാനുള്ള മനസ്ഥിതി പഴഞ്ചാനാശയങ്ങളുമായി സഞ്ചരിക്കുന്ന പൗരാഹിത്യ മേധാവിത്വത്തിനുണ്ടാവില്ല. സന്താന ഉത്ഭാദനവും, ഒരു സ്ത്രീയുടെ രക്ത സ്രാവത്തിന്റെ അളവുകോലുകൾ! വെച്ചുകൊണ്ടുള്ള കുടുംബാസൂത്രണ നിയന്ത്രണവും നിശ്ചയിക്കുന്നത് പുരുഷ മേധാവിത്വമാണ്.

കഴിഞ്ഞ വർഷം വത്തിക്കാനിൽ നിന്നും ലോകത്തിലെ സ്ത്രീ  പുരുഷന്മാർക്കായി ഒരു ചോദ്യാവലി തയ്യാറാക്കിയിരുന്നു. അതിൽ സ്ത്രീകൾ മാത്രം ഉത്തരം പറയേണ്ട കാര്യങ്ങൾക്കു പോലും ചോദ്യങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് പുരുഷന്മാരായ പുരോഹിതരായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ വിവേകവും അറിവും ചിന്തിക്കാനുമുള്ള കഴിവുകളുണ്ടെന്ന് വത്തിക്കാനിൽ നിന്നും ചോദ്യാവലി തയ്യാറാക്കിയവരെ ആരും ഉപദേശിച്ചുമില്ല.

 "ഞങ്ങൾ  സുരക്ഷിതരും, സംതൃപ്തരുമാണ്, അടിമകളല്ല' എന്നിങ്ങനെയുള്ള പ്രസ്താവനകൾ ചില കന്യാസ്ത്രികൾ സോഷ്യൽ മീഡിയ വഴി പ്രചരണങ്ങൾ നടത്തുന്നതു കണ്ടു. ഒന്നു  ചോദിക്കട്ടെ 'നിങ്ങൾ നടത്തുന്ന പ്രാർത്ഥനകൾ കൊണ്ട്, ആർക്കെങ്കിലും, എന്തെങ്കിലും ഗുണം കിട്ടിയതായി പറയാമോ? നിങ്ങൾ ചെയ്യുന്നതെല്ലാo പുരോഹിതരുടെയും മെത്രാൻമാരുടെയും കൽപ്പനകൾ അനുസരിച്ചു മാത്രം. നിങ്ങൾക്ക് അനുസരിക്കുകയേ വഴിയുള്ളു! നിങ്ങളുടെ പ്രവർത്തികൾ ലോകം  കണ്ടു കഴിഞ്ഞു. ഫ്രാങ്കോക്കേസിൽ സമരം ചെയ്ത കന്യസ്തികൾക്കു പിന്തുണ കൊടുത്തതിന്റെ പേരിൽ സിസ്റ്റർ ലൂസിയെ സഭയിൽ നിന്നും പുറത്താക്കി. സിസ്റ്റർ ലൂസി മഠം അധികാരികളുടെ മുമ്പിൽ തെറ്റുകാരിയായി. അവർ ചെയ്ത തെറ്റ് സത്യം പുറത്താക്കിയെന്നതാണ്. അവർ പീഢകനോടൊപ്പം നിൽക്കാതെ പീഡിപ്പിക്കപ്പെട്ടവൾക്കു  പിന്തുണകൾ നൽകി  സമരപന്തലിൽ പങ്കെടുത്തു. അതേ സമയം ആരോപണ വിധേയനായ ഫ്രാങ്കോയെ ബിഷപ്പുമാരടക്കം പുരോഹിതർ ചുമലിൽ കൊണ്ടുനടക്കുന്നു.

"ഒരു കന്യാസ്ത്രി ഞങ്ങൾ അടിമകളല്ലെന്നു പറയുമ്പോൾ മറ്റൊരു കന്യാസ്ത്രി അടിമയാണെന്നും പറയുന്നു. പിന്നെ നിങ്ങൾ ആരാണ്? കൂത്തരങ്ങുന്ന ദേവദാസികൾക്കുപോലും ഇത്രമാത്രം അടിമത്വമില്ലായിരുന്നു. ദ്രൗപതിയിൽ ചില പുരോഹിതരും കന്യാസ്ത്രികളും ചെയ്ത തീപ്പൊരി പ്രസംഗങ്ങളും  കേട്ടു. എല്ലാവരും സന്യാസത്തിന്റെ മഹത്വം മാത്രം പ്രസംഗിച്ചു. എന്നാൽ ലൂസി ചെയ്ത കുറ്റം എന്തെന്ന് ആരും വ്യക്തമായി പറയുന്നുമില്ല! മുപ്പതുവർഷത്തെ അദ്ധ്വാനഫലം തട്ടിയെടുത്തശേഷം ഒരു സുപ്രഭാതത്തിൽ അവരുടെ  കന്യാസ്ത്രി പദവി അസാധുവാക്കി. കുമാരിയെന്നു സംബോധന ചെയ്തുകൊണ്ട് 'പാറക്കൻ' എന്ന പുരോഹിതൻ അവരെ അപമാനിക്കാനും തേജോവധം ചെയ്യാനും ശ്രമിച്ചു. ചുരുക്കം, 'ഞാൻ സത്യവും ജീവനുമാകുന്നു' എന്ന സഭയുടെ പ്രമാണം പൗരാഹിത്യം പാടെ ഉപേക്ഷിച്ചിരിക്കുന്നു.! ഞാറക്കൽ കന്യാസ്ത്രികളിൽനിന്നും നാലേക്കർ പുരയിടങ്ങളും സ്‌കൂളുകളും സ്ഥാപനങ്ങളും  വികാരിയുടെ കള്ളപ്രമാണങ്ങളിൽക്കൂടി പള്ളി തട്ടിയെടുത്തപ്പോൾ എവിടെയായിരുന്നു, നിങ്ങളുടെ ആത്മബോധം? 1940-തുകളിൽ പിടിയരി പിരിച്ച് നിങ്ങൾ ഉണ്ടാക്കിയ സ്വത്തുക്കളായിരുന്നില്ലേ അത്?

കന്യാസ്ത്രീകളുടെ ബലഹീനതയാണ് പുരോഹിതർ മുതലാക്കിയിരിക്കുന്നത്. അഭയാക്കേസ് പ്രതികളായ കൊട്ടൂരിനും പുതുർക്കയ്ക്കും, സെഫിക്കും വേണ്ടി കന്യാസ്ത്രികൾ കൂട്ടമായി പ്രാർത്ഥിക്കുന്നു. കള്ളസാക്ഷി പറയുന്നു. എന്താണ് സഭയുടെ മനഃസാക്ഷിയെന്നും ഓർത്തുപോവാറുണ്ട്. കുറ്റവാളികളെ സംരക്ഷിക്കുകയെന്ന സഭ ചെയ്യുന്ന ഈ അനീതികളെല്ലാം മാപ്പർഹിക്കാത്തതാണ്. കോട്ടയം അഭയക്കേസിലെ കന്യാസ്ത്രികൾക്ക് കള്ളസാക്ഷി പറയേണ്ടി വരുന്നത് അവർ തീർത്തും അബലകളായതുകൊണ്ടല്ലേ?  കേസിൽ പുരോഹിതർക്ക് എതിരായി സാക്ഷി കൊടുത്തിരുന്നുവെങ്കിൽ ഒരു പക്ഷെ അവരുടെയെല്ലാം ജീവനു തന്നെ ഭീക്ഷണികളാകുമായിരുന്നു. സത്യം പറയുന്ന കന്യാസ്ത്രികളെ മാനസികമായി പീഡിപ്പിച്ച് പുറത്താക്കുന്ന നടപടികളിലേക്ക് നീങ്ങിയാനെ!  ജീവിതകാലത്ത് മാതാപിതാക്കൾ കൊടുത്ത സ്വത്തുക്കൾ മഠം വളരെ നേരത്തെ തന്നെ തട്ടിയെടുക്കുകയും ചെയ്തു. പുറത്തിറക്കുന്നതും ഒന്നുമില്ലാതെ പെരുവഴിയിലേക്കായിരിക്കും. ഇത്തരത്തിൽ, ഭയത്തിൽ ജീവിക്കുന്ന കന്യാസ്ത്രികൾക്ക്! അധികാരവും പണവും നേടിയവരെ അനുകൂലിച്ചു  നിൽക്കാൻ മാത്രമേ സാധിക്കുള്ളൂ. പിരിഞ്ഞു പോവുന്ന കന്യാസ്ത്രികൾക്ക് ന്യായമായ നഷ്ടപരിഹാരവും ശിഷ്ട്ടായുസ്സ് ജീവിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. അവരുടെ കണ്ണീരിന്റെ കഥകൾ ശ്രവിക്കാൻ ഒരു സാമൂഹിക പ്രവർത്തകനും മുമ്പോട്ടു വരുന്നില്ല. കന്യാസ്ത്രീകളെ സംരക്ഷിക്കാൻ സ്വന്തം വീട്ടുകാർ തയ്യാറായിരുന്നെങ്കിൽ മഠങ്ങളിലെ പീഡനങ്ങൾ ഇവർക്ക് സഹിക്കേണ്ടി വരില്ലായിരുന്നു.

പുരോഹിതരിൽനിന്നും സുരക്ഷിതമായി ജീവിക്കാൻ സ്വന്തം ഗർഭപാത്രം എടുത്തുകളഞ്ഞ കന്യാസ്ത്രികളും ഉണ്ടെന്നുള്ള സിസ്റ്റർ ജെസ്മിയുടെ വെളിപ്പെടുത്തലുകൾ കേൾക്കുമ്പോൾ സഭ എത്ര ക്രൂരമാണെന്നും പ്രാകൃതമാണെന്നും ഓർത്തുപോകുന്നു. ഫ്രാങ്കോ ഇന്നും അഭിവന്ദ്യനായി നടക്കുന്നു. ലൂസി വെറുക്കപ്പെട്ടവളും. അവർ സഭയുടെ കരിമ്പട്ടികയിലും. ചാനൽ ചർച്ചകളിൽ ചില കുഞ്ഞാടുകളും ഫ്രാങ്കോയെ ന്യായികരിക്കുന്നത് കേൾക്കാം.ദയാബായി എന്ന സാമൂഹിക പ്രവർത്തക കന്യാസ്ത്രിയായിരുന്ന കാലങ്ങളിൽ പുരോഹിതരുടെ ശല്യം സഹിക്ക വയ്യാതെ സഭ വിട്ടുവെന്നും ഒരു പുരോഹിതൻ അവരെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും പരാതിപ്പെട്ടപ്പോൾ മറ്റു കന്യാസ്ത്രികൾ കൂട്ടത്തോടെ അവരെ നിന്ദിക്കാൻ തുടങ്ങിയെന്നും ഒടുവിൽ മടുത്ത് മാറിടം വരെ അവർ മുറിവേൽപ്പിച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി.

രക്ഷിതാക്കളോട് ഒരു വാക്ക്! നിങ്ങളുടെ പെണ്മക്കളെ കന്യാസ്ത്രി മഠങ്ങളിൽ വിട്ടു നരകിപ്പിക്കാൻ  അനുവദിക്കരുത്. അവിടെ നിങ്ങളുടെ കുട്ടികൾക്ക് കിട്ടുന്നത് തടവറയും പീഡനവും ആയിരിക്കും. യൂറോപ്പിലും അമേരിക്കയിലും കന്യാസ്ത്രി മഠങ്ങൾ അടഞ്ഞുകൊണ്ടിരിക്കുന്നു. ആ സ്ഥിതി വിശേഷങ്ങൾ താമസിയാതെ കേരളത്തിലും വരുമെന്ന കാര്യത്തിൽ സംശയമില്ല. കൗമാരപ്രായത്തിൽ പറ്റിയ അബദ്ധംമൂലം, ശിഷ്ടകാലം പാവം പെൺകുട്ടികൾക്ക്! മഠം മതിൽക്കെട്ടിനുള്ളിൽ കണ്ണുനീരുമായി കഴിയേണ്ടി വരുന്നു. അധികാരികളുടെ ക്രൂരതകൾക്കു മുമ്പിൽ നിങ്ങളുടെ മക്കൾ കഷ്ടപ്പെടുന്നത് നിങ്ങൾ അറിയുന്നില്ല. കുട്ടികളെ ആ ജയിലറയിൽ വിടാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നെങ്കിൽ! ഒരിക്കൽ അതിന് വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളും നിങ്ങളുടെ പൊന്നുമകളോടൊപ്പം ദുഖിക്കേണ്ടി വരും. മകൾ കൂലിപ്പണിയാണ് ചെയ്യുന്നതെങ്കിലും ആ തൊഴിലിന് ഒരു മാഹാത്മ്യമുണ്ട്. യാതൊരു തത്ത്വ ദീക്ഷയുമില്ലാത്ത പള്ളി ഭരണാധികാരികളായ പുരോഹിതരുടെ അടിവസ്ത്രം കഴുകിയും അവർക്ക് ഭക്ഷണം പാകം ചെയ്തും ജീവിക്കുന്ന മക്കളുടെ ദുരവസ്ഥ ഒരിക്കലെങ്കിലും മാതാപിതാക്കൾ ചിന്തിക്കാറുണ്ടോ?
ഇത്രയും സമയം എന്റെ വാക്കുകൾ ശ്രവിച്ചുകൊണ്ടിരുന്ന എല്ലാ കെസിആർഎം  ശ്രോതാക്കള്‍ക്കും പ്രവർത്തകർക്കും  നന്ദി, നമസ്ക്കാരം.

Pope Francis admits sex slave nun scandal shames Catholic ...


Sister Daya Bhai 
Sister Mary Sebastian (Former Nun)

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...