Sunday, November 10, 2019
യാക്കോബായ-ഓർത്തോഡോക്സ് തർക്കങ്ങൾക്ക് കാരണം
ജോസഫ് പടന്നമാക്കൽ
യാക്കോബായ- ഓർത്തോഡോക്സ് സഭകളിലുള്ള ഈ കലഹം 1599-ൽ ഉദയം പേരൂർ സൂനഹദോസ് മുതൽ തുടങ്ങിയതാണ്. ഉദയംപേരൂർ സുനഹദോസിനു ശേഷമാണ്, ക്രിസ്ത്യാനികളിൽ ഒരു വിഭാഗം അന്ത്യോഖ്യ നിയമങ്ങൾ പാലിച്ചത്. അന്ത്യോഖ്യബാവായുടെ കീഴിൽ സഭ വളരുകയും ചെയ്‌തു.
ഒന്നായിരുന്ന യാക്കോബായ സഭയിലുണ്ടായിരുന്ന വട്ടശേരി മാർ ദിവ്യനോസിനെ 1908-ൽ അന്ത്യോഖ്യ പാത്രിയാക്കീസ് മുടക്കിയതായിരുന്നു സഭ രണ്ടായി പ്രവർത്തിക്കാനിടയായത്.
യാക്കോബായ സഭയുടെയും ഓർത്തോഡോക് സഭയുടെയും വഴക്കിന്റ ഉത്ഭവ കാരണവും പണം തന്നെയാണ്. യാക്കോബായ സഭകളുടെ 'മാർത്തോമ്മ ആറാം മെത്രാപോലിത്ത' സെമിനാരി പിള്ളേരെ പഠിപ്പിക്കാനായി ബ്രിട്ടീഷ് ബാങ്കിൽ പണം നിക്ഷേപിക്കുന്നുണ്ടായിരുന്നു. ഏഴാം മാർത്തോമ്മായുടെ കാലത്ത് ഈ നിക്ഷേപം വളർന്നു. ബ്രിട്ടീഷ് ബാങ്കിലെ ഈ നിക്ഷേപത്തെ വട്ടിപ്പണം എന്ന് പറഞ്ഞിരുന്നു.
'വട്ടി' എന്ന് പറഞ്ഞാൽ പലിശയെന്നു അർത്ഥം. ഈ നിക്ഷേപമോ, അതിന്റെ പലിശയോ പിൻവലിക്കാനുള്ള അധികാരം അതാത് കാലത്തെ മെത്രാപ്പോലീത്താമാർക്കായിരുന്നു. അതിനിടയിലാണ് വട്ടിപ്പണം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടായിരുന്ന വട്ടശേരിയെ, അന്ത്യോഖ്യ പാത്രിയാർക്കീസ് മുടക്കിയത്.
വട്ടശേരിക്ക് പണം പിൻവലിക്കാൻ അധികാരമില്ലെന്നുള്ള അന്ത്യോഖ്യ പാത്രിയാക്കീസിന്റെ കൽപ്പനയ്‌ക്കെതിരെ കേസ് കോടതിയിൽ എത്തി. എന്നാൽ ജസ്റ്റീസ് രാഘവയ്യരുടെ വിധി മെത്രാൻ കക്ഷിയായ വട്ടശേരിക്കെതിരായിരുന്നു. വീണ്ടും അപ്പീൽ നൽകി. 1928-ലെ വിധി വട്ടശേരിക്ക് അനുകൂലവുമായി വന്നു. 1934 വരെ ഗ്രൂപ്പ് തിരിഞ്ഞു അധികം വഴക്കില്ലാതെ സമാധാനമായി ഇരുകൂട്ടരും കഴിഞ്ഞിരുന്നു.
1934-ൽ ഇരു ഗ്രുപ്പുകളും ബസേലിയോസ് ഗീവർഗീസിനെ കേരളസഭയുടെ കാതോലിക്കയായി തെരഞ്ഞെടുക്കാൻ കോട്ടയത്ത് ചേർന്നിരുന്നു. തെരഞ്ഞെടുക്കുന്ന ബാവ അന്ത്യോഖ്യ ബാവായുടെ കീഴിലായിരിക്കില്ലെന്നു മെത്രാൻ കക്ഷിയായ ഓർത്തോഡോക്‌സുകാരുടെ വ്യവസ്ഥയുണ്ടായിരുന്നു.
അധികാരം മുഴുവൻ കോട്ടയം ബിഷപ്പിനും അന്ത്യോഖ്യ ബാവക്ക് ആത്മീയ അധികാരം മാത്രമെന്നുമായിരുന്നു പ്രമാണത്തിൽ എഴുതിയിരുന്നത്. അതായത് സാമ്പത്തിക ഇടപാടുകളിലും അന്ത്യോഖ്യ ബാവക്ക് സഭാ മക്കളുടെമേൽ അധികാരം ഇല്ലെന്നുള്ള ഉടമ്പടിയായിരുന്നു അത്.
അന്ന്, ഓർത്തോഡോക്സ് സഭക്ക് കണ്ടത്തിൽ വർഗീസ് മാപ്പിള, മാമ്മൻ മാപ്പിള പോലുള്ള പ്രഗത്ഭ ചിന്തകരുണ്ടായിരുന്നു. അവരുടെ ബുദ്ധി വൈഭവവും ഈ ഉടമ്പടി നിർമ്മിക്കുന്നതിലുണ്ടായിരുന്നു. യാക്കോബായ നേതൃത്വം ഇതുമൂലം ഭാവിയിൽ സംഭവിക്കാൻ പോവുന്ന ഭവിഷ്യത്തുകൾ ചിന്തിക്കാതെ ഉടമ്പടിയിൽ ഒപ്പിട്ടു. പിന്നീടു വന്ന സഭാ വക കേസുകൾ ഓർത്തോഡോക്സുകാർക്ക് അനുകൂലമായി വിധി വന്നുകൊണ്ടിരുന്നതും അന്ത്യോഖ്യ ബാവയ്ക്ക് ആത്മീയ നേതൃത്വം മാത്രമെന്നുള്ള ഉടമ്പടിയിൽ ഒപ്പിട്ടമൂലമായിരുന്നു. 1958-ൽ ഇരുസഭകളും സമാധാനം ഉണ്ടാക്കി. 1964-ൽ മെത്രാൻ കക്ഷിയിലുള്ള ബാവായെ വാഴിച്ചത് അന്ത്യോഖ്യ ബാവയായിരുന്നു.
1975-ൽ തർക്കം വീണ്ടും മൂത്തു. അത് പിളർപ്പിലെത്തി. അന്ത്യോക്യയുടെ അംഗീകാരമില്ലാതെ കോട്ടയത്ത് പുതിയ ബാവയെ വാ ഴിക്കുകയും ചെയ്തു. 'മോർ ഫിലിക്‌സിനോസ്' മെത്രാപ്പോലീത്തായെ അന്തിയോക്യയുടെ പുതിയ ബാവായായി വാഴിച്ചു. മെത്രാൻ കക്ഷിയിലെ ദേവാലലോകം അരമനയിൽ പിളർപ്പിന് മുമ്പുണ്ടായിരുന്ന 'ഔഗേൻ ഒന്നാമൻ'...മെത്രാൻ കക്ഷിയുടെ കാതോലിക്കായായി തുടരുകയും ചെയ്യുന്നു. സുപ്രീം കോടതി വിധികളിൽക്കൂടി യാക്കോബായ പള്ളി സ്വത്തുക്കൾ മെത്രാൻ കക്ഷിയുടെ അധീനത്തിലുമായി.
യാക്കോബായ സഭ ഇന്ന് നിലനിൽപ്പിനായി സമരം ചെയ്യുന്നു. അവരുടെ അസ്‌തിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വ്യക്തമായ ഒരു തീരുമാനം യാക്കോബാ സഭ ഇതുവരെ എടുത്തിട്ടില്ല. ഒരു ഇടവകയിൽ ബഹുഭൂരിപക്ഷവും ജനങ്ങൾ യാക്കോബായക്കാരാണെങ്കിലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളികൾ ഓർത്തോഡോക്സ്കാർക്ക് ലഭിക്കുന്നു. ഓർത്തോഡോക്സ് സഭ അന്ത്യോക്യൻ സഭയുടെ പള്ളികൾ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത് വേദനാജനകമാണ്.
ഒന്നായിരുന്നപ്പോൾ സഭകൾ പണിതുണ്ടാക്കിയ യാക്കോബായ പള്ളികളിൽ ശവം അടക്കുന്നതുപോലും ഓർത്തോഡോക്സ് സഭ എതിർക്കുന്നു. പ്രശ്നങ്ങളും അക്രമങ്ങളും സൃഷ്ടിക്കുന്നു. ഇത് തികച്ചും പൈശാചികമാണ്. ക്രിസ്തീയ സഭകൾക്കെല്ലാം ഒന്നായ നാണക്കേടാണ്. ഇന്നുള്ള നിയമങ്ങൾ ഭേദഗതി ചെയ്തു സർക്കാർ പ്രത്യേക ബില്ലുണ്ടാക്കി യാക്കോബായ സഭയുടെ അസ്തിത്വം വീണ്ടെടുക്കാൻ സഹായിക്കേണ്ടതായുണ്ട്. സഭകളിൽ ശ്വാശ്വത സമാധാനം കണ്ടെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കേരളം, മറ്റൊരു സിറിയയായി ആവർത്തിക്കപ്പെടാനും സാധ്യതയുണ്ട്.
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment