Wednesday, November 20, 2019

എന്റെ ഓർമ്മക്കുറിപ്പുകൾ

(പി.സി. മാത്യു പടന്നമാക്കൽ (My father) സ്വന്തം കൈപ്പടയിലെഴുതിയ ആത്മകഥയുടെ ഒരു കുറിപ്പ് അക്ഷര ലോകത്തിലെ പുതുതലമുറക്കാരുടെ ജിജ്ഞാസയ്ക്കായി, വായനക്കായി എന്റെ ബ്ലോഗിൽ ചേർക്കുന്നു. ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന  പൂർവിക ബന്ധുക്കളും അവരുടെ അസൂയ നിറഞ്ഞ പോരുകളും ആത്മകഥയിൽ ഇച്ചായൻ നന്നായി വിവരിച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് എഴുതിയ കടലാസുകൾ, പൊടിഞ്ഞിരിക്കുന്നതിനാൽ വായിച്ചെടുക്കാനും നന്നേ ബുദ്ധിമുട്ടി. സംഭവം നടന്നത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കു മുമ്പായിരുന്നുവെന്നും ഓർക്കണം. യുദ്ധക്കെടുതിയിൽ ജീവിച്ചിരുന്ന ഒരു ജനതയുടെ  ജീവിതവും ഹൃദയസ്പന്ദനങ്ങളും സ്വന്തം കഥയിൽ ഹൃദയഹാരിയായ മനോഹാരിതയോടെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. ‘എന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന തലക്കെട്ടിലാണ് എഴുത്ത് തുടങ്ങുന്നത്. ഇന്നത്തെ പുതിയ തലമുറകൾക്ക് പഴയ തലമുറകൾ ചൊരിഞ്ഞ കണ്ണുനീരിന്റെ യാഥാർഥ്യങ്ങളെ വിവരിച്ചാലും മനസിലാവില്ല. ഞാൻ ഓർമ്മിക്കുന്ന നാളുകളിൽ എന്റെ ഇച്ചായൻ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അതിനുമുമ്പ് ഇച്ചായന്‌ കണ്ണുനീരിന്റേതായ, ആഴമേറിയ ഒരു കഥയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിൻറെ കഥ ഇന്നത്തെ കമ്പ്യൂട്ടർ ഫോണ്ടുകളുടെ ശൈലിയിൽ വെബ്പേജുകളുടെ ഈ യുഗത്തിൽ തിളങ്ങുകയും ചെയ്യുന്നു. കൊഴിഞ്ഞുപോയ പൂർവികരായ ഒരു തലമുറയുടെ കഥയുംകൂടിയാണിത്. )

“എന്റെ ഓർമ്മക്കുറിപ്പുകൾ” (By പി.സി.മാത്യു പടന്നമാക്കൽ)


ബാല്യത്തിലെ ഏഴുവയസിനുശേഷമുള്ള അനുഭവകഥകൾ വ്യക്തമായി എനിക്കോർമ്മയുണ്ട്. അതിനുമുമ്പുള്ള കാര്യങ്ങളിൽ അവ്യക്തതകൾ കാണാം. മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള അറിവുകളും ഈ കഥയിലുണ്ട്. ഓർമ്മയിൽ പൊന്തിവന്ന വിവരങ്ങൾ കൂട്ടി ചേർത്താണ് ഈ ആത്മകഥാക്കുറിപ്പ്   രചിച്ചിരിക്കുന്നത്. എത്രയെത്ര എന്റെ കഥകൾ വിവരിച്ചാലും ഞങ്ങൾ അനുഭവിച്ചതായ ബാല്യത്തിലെ യാതനകൾ, മക്കൾ തലമുറകൾക്ക് ഒരിക്കലും മനസിലാവുമായിരുന്നില്ല. മനസിൽക്കൂടി ഓടിവന്ന വിവരങ്ങൾ നൂലാമാലകൾ പോലെ കൂട്ടിയിണക്കി എന്റെ ആത്മസംതൃപ്തിക്കായി ഇവിടെ പകർത്തി വെക്കുന്നുവെന്നു മാത്രം. ആരോടും പകയില്ലാതെ, സംഭവിച്ചതെല്ലാം അതേപടി ഈ ചെറുകുറിപ്പിൽ   അവതരിപ്പിക്കുന്നു. മക്കളും അവരുടെ മക്കളും സ്നേഹത്തിന്റ ഭാഷ എന്താണെന്നും അറിയണം! അതാണ് നമ്മുടെ ക്രിസ്തീയ ധർമ്മവും!

എന്റെ ഇ.എസ്.എസ്.എൽ.സി സ്‌കൂൾ സർട്ടിഫിക്കറ്റ് അനുസരിച്ച് ഞാൻ ജനിച്ചത് കൊല്ലവർഷം 1086 മകരം ഏഴാം തിയതിയായിരുന്നു. പാലാ സെന്റ് തോമസ് സ്‌കൂളിലാണ് ഹൈസ്ക്കൂൾ പഠനം നടത്തിയത്. അന്ന് സ്‌കൂളിന്റെ മുകളിൽത്തന്നെ കുട്ടികൾ താമസിച്ച് പഠിച്ചിരുന്നു. ബോർഡിങ്ങിനുള്ളിൽ ഒന്നിച്ച് ഒരേ മുറിയിൽ താമസിച്ച തലശേരി രൂപത ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പള്ളി എന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു. ആ ബന്ധം സുദീർഘമായ എന്റെ ജീവിതത്തിൽ ഇന്നും തുടരുന്നു. അക്കാലങ്ങളിൽ പാലാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിലും ചങ്ങനാശേരി ബിഷപ്പ് മാത്യു കാവുകാട്ടും എന്നോടൊപ്പം ബോർഡിങ്ങിൽ താമസിക്കുന്നുണ്ടായിരുന്നു. പിൽക്കാലത്ത് പ്രസിദ്ധരായ പല പ്രതിഭകളും അന്ന് അവിടെ താമസിച്ചും വീട്ടിൽനിന്ന് വന്നും പോയും  പഠിച്ചിരുന്നു.

1089 ഇടവം പത്താംതീയതി ശനിയാഴ്ച പകൽ പന്ത്രണ്ടു മണിക്ക് എന്റെ 'അമ്മ വായ്പ്പൂർ അറക്കൽ പോത്തന്റെ മകൾ ത്രസ്യാമ്മ വസൂരി രോഗം മൂലം മരിച്ചു. 'അമ്മ മരിക്കുന്നത് എനിക്കോർമ്മയില്ല. അന്ന് എന്റെ പ്രായം മൂന്ന് വയസ്. മറിയ (കണ്ടങ്കരി) ഒന്നര വയസും പെണ്ണ് (ഇഞ്ചിക്കാല) എട്ടുവയസും കുഞ്ഞൂഞ്ഞ് പതിനൊന്നു വയസും 'കുട്ടി' പതിനേഴു വയസും പ്രായമുള്ളവരായിരുന്നു.  എന്റെ ഇച്ചായൻ (വല്യ കുഞ്ഞു) അന്നത്തെ കണക്കുപുസ്തകത്തിൽ 'കുട്ടിയുടെ 'അമ്മ 1089- ഇടവം പത്താംതീയതി ശനിയാഴ്ച്ച പകൽ പന്ത്രണ്ടു മണിക്ക്' മരിച്ചു എന്ന് എഴുതിയിട്ടിരുന്നത് പിൽക്കാലത്ത് കാണുകയും അത് ഞാൻ ഓർത്തിരിക്കുകയും ചെയ്തിരുന്നു.

'അച്ച' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന എന്റെ വല്യപ്പൻ മാത്തുണ്ണി ചാക്കോയേയും, അനുജൻ മാത്തുണ്ണി കുഞ്ഞു വർക്കിയെയും ഞാൻ നേരിൽ കാണുകയും അവരുടെയും ഭാര്യമാരുടെയും ശവസംസ്ക്കാരം, പുലകുളി, മുതലായ അടിയന്തിരങ്ങളിൽ പങ്കു ചേരുകയും ചെയ്തിട്ടുണ്ട്. കൂടാതെ മത്തായി എന്നൊരു അനുജൻ ഉണ്ടായിരുന്നതായും മരിച്ചു പോയതായും അറിയാം. വല്യപ്പന് ഏഴു പെങ്ങന്മാരുണ്ടായിരുന്നതായി ഇച്ചായൻ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഇച്ചായന്റെ വല്യപ്പനായിരിക്കാം. എന്റെ വല്യപ്പൻ 'അച്ചക്ക്' പെങ്ങന്മാർ ഉണ്ടായിരുന്നതായി അറിവില്ല. ഉണ്ടായിരുന്നെങ്കിൽ അവരിൽ ആരെങ്കിലുമോ, അവരുടെ മക്കളിൽ ആരെങ്കിലുമോ കുടുംബത്തിലുള്ളവർ മരണപ്പെടുമ്പോൾ ശവമടക്കിനെങ്കിലും വരാതിരിക്കില്ലല്ലോ!

ഞാൻ പള്ളിവാസലിൽ ജോലിയായിരിക്കുന്ന കാലത്താണ് ഇച്ചായന്റെ ഇളയ ചിറ്റപ്പനായ മാത്തുണ്ണി കുഞ്ഞു വർക്കി മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അതിനുശേഷം മൂന്നു കൊല്ലം കൂടി ജീവിച്ചിരുന്നു. ഈ മാത്തുണ്ണി കുഞ്ഞു വർക്കിയുടെ ശവ സംസ്ക്കാര ചിലവുകൾ മുഴുവൻ വഹിച്ചത് ഞങ്ങളായിരുന്നു. വല്യപ്പൻ 'അച്ച' ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്തും വല്യമ്മ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്തും മരിച്ചു. എന്റെ വല്യപ്പൻ, ഇച്ചായന്റെ അനുജന്മാർ, എന്നിവരുടെ വിവരങ്ങളും ഈ കുറിപ്പിൽ ചേർത്തിട്ടുണ്ട്.

വല്യപ്പൻ വിവാഹം കഴിച്ചിരുന്നത്, വാഴൂർ, കാരയ്ക്കാട്ടു കുടുംബത്തിൽനിന്നായിരുന്നു. ഒരിക്കലും മറക്കാൻ സാധിക്കാത്ത അദ്ദേഹത്തെപ്പറ്റിയുള്ള ചില ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ ഓളം തല്ലുന്നുണ്ട്. ശൈശവ പ്രായത്തിൽ എന്റെ 'അമ്മ മരിച്ച വിവരം ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. 'അമ്മ മരിച്ചതിൽ പിന്നീട് കുടുംബത്തു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി. ഇച്ചായൻ കിഴക്കുള്ള സ്ഥലങ്ങളിൽ വ്യാപാരത്തിനായി പോയിരുന്നതുകൊണ്ടു നോക്കാനും അന്വേഷിക്കാനും ആളില്ലാതെ വീട് അനാഥമായതുപോലെയായിരുന്നു. ഭക്ഷണത്തിനുള്ള സാധനങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിൽ തന്നെയും പാകപ്പെടുത്തി തരുവാൻ ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ കുട്ടികൾ തന്നെ അയൽക്കാരെ രാത്രികാലങ്ങളിൽ കൂട്ടിനു വിളിച്ച് കിടന്നുറങ്ങുമായിരുന്നു. എന്റെ ചിറ്റപ്പൻ, കൊച്ചായന്റെ (ഇച്ചായന്റെ നേരെ അനുജൻ) വീട്ടിലായിരുന്നു വല്യപ്പൻ താമസിച്ചിരുന്നത്. വിശക്കുമ്പോൾ ഞാൻ ഓടി അവിടെ ചെല്ലും. അപ്പന് ഉണ്ടാക്കി കൊടുക്കുന്ന കൊഴിക്കോട്ട ആരും കാണാതെ തലയിണയുടെ അടിയിൽനിന്നും എടുത്തു തരും. അക്കാലത്ത് ഒരു ചിറ്റപ്പൻമാരും അമ്മയില്ലാതെ വളർന്ന ഞങ്ങളെ തിരിഞ്ഞു നോക്കിയിരുന്നില്ല. പകരം ഞങ്ങളെ എങ്ങനെയെങ്കിലും ഉപദ്രവിക്കണമെന്ന മനസ്ഥിതിയായിരുന്നു അവരുടെ ഭാര്യമാരായിരുന്ന ചിറ്റമ്മമാർക്കുണ്ടായിരുന്നത്.

ഞങ്ങളുടേതുൾപ്പടെ വീതമായുണ്ടായിരുന്ന മുഴുവൻ വസ്തുക്കളുടെയും മേലാദായം വല്യപ്പന്റെ ചെലവിനും കറുപ്പുതീറ്റിക്കുമായി മാറ്റി വെച്ചിരുന്നു. ഇതൊന്നും അറിവില്ലാത്ത ഞാനും എന്റെ മൂത്ത പെങ്ങളും ചേട്ടൻ കുഞ്ഞൂഞ്ഞും കൂടി ഞങ്ങളുടെ വീതത്തിലുള്ള പറമ്പിൽനിന്നും നിറയെ ചക്കകളുണ്ടായിരുന്ന ഒരു കൂഴ പ്ലാവിൽ നിന്നും ഒരു തരത്തിൽ തോട്ടി കെട്ടി ഒരു ചക്ക താഴെയിട്ടു. മേൽപ്പറഞ്ഞ കൊച്ചായന്റെ ഭാര്യ ഇതറിഞ്ഞുകൊണ്ടു ഓടിവന്ന് ഞങ്ങളെ തള്ളിയിടുകയും 'പെണ്ണിനെ' (ഇഞ്ചിക്കാല) അടിക്കുകയും ചെയ്തു. കള്ളാ, കള്ളിയെന്നു ആക്രോശിച്ചുകൊണ്ടു എന്നെ തള്ളിയിട്ട ശേഷം അവർ ചക്കയുമായി പോയി. ഭാര്യ മരിച്ചു ദുഃഖത്തിലായിരുന്ന പാവം ഇച്ചായൻ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല.

ഇച്ചായൻ വീട്ടിൽ വന്നയുടനെ സംഭവിച്ചതെല്ലാം ഞങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അര മണിക്കൂറോളം ഇച്ചായൻ ആരോടും സംസാരിക്കാതെ, താടിക്ക് കൈയും കൊടുത്ത്, നിശബ്ദനായി മുമ്പിലത്തെ ബഞ്ചിൽ ഇരിക്കുന്നതു കണ്ടു. ആ പിതാവിന്റെ മുഖത്തുണ്ടായ അന്നത്തെ ദുഃഖഭാവത്തെ എനിക്ക് വർണ്ണിക്കാൻ സാധിക്കുന്നില്ല. കുറച്ചു നേരത്തിനുശേഷം അദ്ദേഹം സ്വയം പൊട്ടിത്തെറിച്ചു. 'നമുക്ക് വീതം വെച്ചിരിക്കുന്ന സ്വന്തം പറമ്പിലെ പ്ലാവിൽനിന്നും ഒരു കൂഴച്ചക്ക പറിച്ചതിന് എന്റെ മക്കളെ തല്ലുകയും ചക്കയുംകൊണ്ട്  പോവുകയും ചെയ്ത ആ സ്ത്രീ ഒരു ദുഷ്ട തന്നെയെന്നും' ഇച്ചായൻ ഉറക്കെ പറഞ്ഞു. പിന്നെ വീട്ടിൽനിന്നും പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. കുറേക്കഴിഞ്ഞ് എവിടെ നിന്നോ രണ്ടു ചക്ക വാങ്ങിക്കൊണ്ടുവന്നു. ഇച്ചായൻ തന്നെ അത് വെട്ടിമുറിച്ച് ഞങ്ങൾക്കെല്ലാം അതിന്റെ ചുളകൾ അടർത്തി തന്നു.

അന്ന്, പാവം ഇച്ചായൻ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു. "മക്കളെ, നിങ്ങൾ പ്രയാസപ്പെടേണ്ട! നിങ്ങളുടെ 'അമ്മ' ത്രസ്യാമ്മയുണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. അവളുണ്ടായിരുന്നപ്പോൾ ഈ സ്ത്രീ നമ്മുടെ വീട്ടിൽ വന്നു മൂന്നു നേരവും ഭക്ഷണം കഴിക്കാൻ വരുമായിരുന്നു. പലഹാരങ്ങൾ പൊതിഞ്ഞു നിങ്ങളുടെ 'അമ്മ അവർക്കും അവരുടെ മക്കൾക്കും കൊടുക്കുമായിരുന്നു. പിള്ളേരെ! നിങ്ങൾ കാത്തിരുന്നു കാണുക, ഒരിക്കൽ, അല്ലെങ്കിൽ നിങ്ങൾ വളരുമ്പോൾ, ആ സ്ത്രീ നിങ്ങളോട് ചക്ക ചോദിച്ചു വരുന്ന കാലം വരും!!! ഞാൻ അടിവരയിട്ടു പറയുന്നു".

ഇച്ചായൻ പറഞ്ഞ വാക്കുകൾ പിന്നീട് സത്യമാവുകയും ചെയ്തു. ഞാൻ മൂന്നാറ്റിൽ, ജോലിയും കോൺട്രാക്റ്റുപണികളുമായി താമസിക്കുന്ന കാലത്തായിരുന്നു കാഞ്ഞിരപ്പള്ളിയിൽ പൂവഞ്ചി തോമ്മാച്ചനു കൊടുത്ത പത്തേക്കർ സ്ഥലം വാങ്ങിയത്. ഉദ്യോഗമായിരുന്ന എന്റെ കാഞ്ഞിരപ്പള്ളിയിലെ ആ സ്ഥലത്തിന്റെ മേൽനോട്ടം ഇവരെയാണ് ഏൽപ്പിച്ചത്. അതറിഞ്ഞുകൊണ്ട് വെള്ളിയാമറ്റത്ത് ജോലിയായിരുന്ന ജേഷ്ടൻ കുട്ടിയുടെ (പി.സി.ചാക്കോ) വാക്കുകളും ഓർക്കുന്നു. "നീ ചെയ്തത് നന്നായി. ഒരു കാലത്ത് ആ സ്ത്രീ അനാഥരായിരുന്ന നിങ്ങളോട് ചക്ക പിടിച്ചു വാങ്ങിയില്ലേ! അതിന് പ്രതികാരമെന്നോണം പതിനെട്ടു പ്ലാവുകൾ നിറയെ ചക്ക അവർക്ക് നൽകിയിരിക്കുന്നു.” ആയിരത്തിൽ കുറയാതെ ചക്കകൾ ആ പറമ്പിൽ വിളയുമായിരുന്നു. ആ ചിറ്റമ്മയെ രണ്ടു വർഷം ചക്ക തീറ്റിച്ചു പകരം വീട്ടിയതും കാലത്തിന്റെ ഒരു വിധിതന്നെയായിരുന്നു. മധുരമായ ഒരു പ്രതികാരവും! ഇതിനു സാക്ഷിയെന്നോണം സത്യമായ ദൈവം എന്നോടൊപ്പമുണ്ടായിരുന്നു. അന്നു ഞങ്ങളുടെ കുടുംബത്തിനുണ്ടായ മാനഹാനിക്ക് വിലയിടാനും സാധിക്കില്ലായിരുന്നു.

ഞാൻ ജോലിസ്ഥലത്തുനിന്നും കാഞ്ഞി പ്പള്ളിയിലായിരുന്ന സമയത്തായിരുന്നു ആ ചിറ്റമ്മ മരിച്ചത്. ഹൃദായാഘാതമായിരുന്നു കാരണം. ചിറ്റമ്മ മരിച്ച സമയമോ ശവസംസ്ക്കാര ചടങ്ങിനുപോലുമോ മക്കളാരും സ്ഥലത്തില്ലായിരുന്നു. സംസ്ക്കാര ചടങ്ങുകളുടെ മുഴുവൻ ചുമതലയും ഞാനാണ് ഏറ്റു നടത്തിയത്. അവരുടെ മൂത്ത മകൻ പുള്ളിക്കാനത്തു എസ്റ്റേറ്റിൽ ജോലിയും രണ്ടാമൻ പട്ടാളത്തിലുമായിരുന്നു. അവരുടെ 'കൊച്ച്' എന്നു പേരായ മൂത്ത മകനു  എസ്റ്റേറ്റിൽ ജോലി മേടിച്ചു കൊടുത്തതും ഞാനായിരുന്നു.

ഇച്ചായന്റെ അനുജൻ കൊച്ചായൻ സ്നേഹമുള്ള ആളായിരുന്നു. ശാന്തനും വെറും പാവവുമായ പ്രകൃതക്കാരൻ! ഭാര്യയായിരുന്ന ഈ സ്ത്രീയെ പേടിയായിരുന്നതിനാൽ ഒന്നും മിണ്ടില്ലായിരുന്നു. കൊച്ചായന്റെ ശവസംസ്ക്കാരത്തിനും മേൽപ്പറഞ്ഞ രണ്ടു മക്കളും സ്ഥലത്തില്ലായിരുന്നു. അദ്ദേഹത്തിൻറെ ശവസംസ്ക്കാരം മൂത്ത ജേഷ്ഠനും ഞാനും കൂടി നടത്തി. ഇതെല്ലാം കാലത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ അനുഭവ സാക്ഷ്യങ്ങളായി നടന്ന സംഭവങ്ങളാണ്.

എന്റെ വല്യപ്പൻ 'അച്ച' ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു പോയി. ശവസംസ്ക്കാരത്തിനു സംബന്ധിക്കുന്നതും ഓർമ്മിക്കുന്നുണ്ട്. പുലക്കുളി, പതിനേഴടിയന്തിരങ്ങൾ, എന്നീ ചടങ്ങുകളിൽ സംബന്ധിക്കാൻ കാഞ്ഞിരപ്പള്ളി, ചിറക്കടവുഭാഗങ്ങളിലുള്ള മുഴുവൻ വീട്ടുകാരെയും വിളിച്ചിരുന്നു. അക്കാലത്ത് പുലക്കുളി, അടിയന്തിരം എന്നിവകൾ കരയടച്ചു വിളിക്കുന്ന പതിവുകളുണ്ടായിരുന്നു. ഏത്തക്ക, ചക്ക, മുതലായവയും നെയ്യപ്പവും പെൺവീട്ടുകാർ വലിയ വല്ലക്കുട്ടകൾ നിറയെ കൊണ്ടുവന്നിരുന്നു. ആനച്ചുവടൻ വലിയ പപ്പടം, സാധാരണ പപ്പടം, ഇവകൾ അഞ്ചും ആറും  കുട്ടകൾ നിറയെ എത്തിച്ചു. 500 തേങ്ങായാണ് ആട്ടിച്ച് എണ്ണയാക്കിയത്. വീതിയും നീളവുമുള്ള വലിയ ഒരു പന്തലും മുറ്റത്തു കെട്ടി. വല്യപ്പന്റെ ആഘോഷപൂർവ്വമായ ഈ ശവസംസ്ക്കാര ചടങ്ങുകൾ ഞാൻ ശരിയായി ഓർമ്മിക്കുന്നു.

അമ്മയുടെ മരണശേഷം ഇച്ചായന്റെ പ്രസരിപ്പും ഉത്സാഹവും എല്ലാം അസ്തമിച്ചിരുന്നു. ഞങ്ങളുടെ പട്ടിണിയും ജേഷ്ഠന്റെ മാന്നാനത്ത് താമസിച്ചുള്ള പഠനവുമോർത്ത് രണ്ടു മൂന്നു കൊല്ലങ്ങൾ കൂടി കിഴക്കൻ പ്രദേശങ്ങളിൽ ഇച്ചായൻ കച്ചവടങ്ങൾ നടത്തിയിരുന്നു. കാളകൾ വലിക്കുന്ന ആറു ഭാരവണ്ടികളും ഒരു സവാരി വണ്ടിയുമുൾപ്പടെ ഏഴു വണ്ടികളും രണ്ടു പകരത്തിനുള്ള കാളകളുമുൾപ്പടെ പതിനാറ് ഒന്നാം തരം വണ്ടിക്കാളകളുമുണ്ടായിരുന്നു. അന്ന് ലോറിയും മറ്റും നിരത്തിലിറങ്ങിയിട്ടില്ലാതിരുന്ന കാലവുമായിരുന്നു. മോട്ടോർ വാഹനങ്ങൾ ഞങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിലുണ്ടായിരുന്നില്ല. കോട്ടയത്തു നിന്നും പീരുമേട്ടിലുള്ള യൂറോപ്യൻ തോട്ടങ്ങളിലേക്ക് അരി സാമാനങ്ങളും കുമ്മായം വളം മുതലായവ പീരുമേട്ടിനും ഇങ്ങോട്ട് തേയിലപ്പെട്ടികളും ഭാരമായി കയറ്റും. അന്നുണ്ടായിരുന്ന റോഡുകൾ കുണ്ടും കുഴികളും നിറഞ്ഞതായിരുന്നു. മോശമായ റോഡിൽക്കൂടി യാത്രകളും ദുഷ്ക്കരമായിരുന്നു. വില്ലുവണ്ടി കല്യാണത്തിനും മറ്റും വാടകയ്ക്ക് കൊടുത്തിരുന്നു. ദിവാന്റേയും മറ്റു പ്രതിഭകളായവരുടെയും പീരുമേട് യാത്രക്ക് ഈ വില്ലുവണ്ടി സർക്കാരും വാടകയ്ക്ക് കൊണ്ടുപോയിരുന്നു.
ഈ ഭാരവണ്ടികൾ കോട്ടയത്തുനിന്നും കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ അതുകൾക്ക് ആവശ്യത്തിനുള്ള കഞ്ഞി, തവിട്, പുല്ല്, മുതലായവകൾ വീട്ടിൽ തയ്യാറാക്കണം. അതിന് ജോലിക്കാരുണ്ടെങ്കിലും എല്ലാം അന്ന് ജീവിച്ചിരുന്ന അമ്മയായിരുന്നു നിയന്ത്രിച്ചിരുന്നത്. ഇച്ചായനു പോലും അമ്മയുടെ ഒപ്പം പ്രാപ്തിയോ കഴിവോ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

അമ്മയുടെ മരണശേഷം സാമ്പത്തികമായി ഞങ്ങളുടെ കുടുംബം തകരാൻ തുടങ്ങി. ഞങ്ങൾക്ക് അന്നുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. വണ്ടിക്കാർ എല്ലാവരും മറ്റു തൊഴിലുകൾ തേടി പോയി. കിളിക്കൊമ്പന്മാർ എന്നു വളരെക്കാലം നാട്ടുകാർ പറഞ്ഞറിവുള്ള ഒരു ജോഡി പേരുകേട്ട കാളമൂരികൾ വില്ലുവണ്ടിക്ക് ഉണ്ടായിരുന്നതായി അറിയാം. സുന്ദരമായ ആ കാളകൾ മണിക്കൂറിൽ പതിനഞ്ചു മൈൽ വേഗതയിൽ സഞ്ചരിക്കുമായിരുന്നു. എല്ലാം അമ്മയുടെ മരണത്തോടെ നഷ്ടപ്പെട്ടു. ഞങ്ങളുടെ വീടിന്റെ നട്ടെല്ലായിരുന്ന അമ്മയും നഷ്ടപ്പെട്ടു. പതിനഞ്ചു വയസിനു താഴെയുള്ള ഞങ്ങൾ അഞ്ചുപേരും ആരുടേയും സഹായമില്ലാതെ പട്ടിണികിടന്നും തമ്മിൽ തല്ലിയും ഓരോ ദിനരാത്രങ്ങൾ കടന്നും  വളർന്നു. ഞങ്ങളുടെ വളർച്ചയെപ്പറ്റിയുള്ള നേട്ടങ്ങൾ ആർക്കും അവകാശപ്പെടാനും സാധിക്കില്ല.  എങ്ങനെ കുഞ്ഞുങ്ങളായ ഞങ്ങൾ ജീവിക്കുന്നുവെന്നറിയാൻ തൊട്ടടുത്തു താമസിക്കുന്ന  ബന്ധുജനങ്ങൾക്കുപോലും താല്പര്യമില്ലായിരുന്നു. 

എന്റെ 'അമ്മ മരിക്കുന്ന സമയത്ത് ജെഷ്ട്ടത്തി വാളക്കയത്തു പേരമ്മ എന്നെയും കൊച്ചുപെങ്ങളേയും കൊണ്ടുപോയി വളർത്തിക്കൊള്ളാമെന്ന് വാക്കു കൊടുത്തിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മരിച്ചു മൂന്നാംപൊക്കം പേരമ്മ സ്ഥലം വിട്ടു. ഞങ്ങൾക്ക് പണമുണ്ടായപ്പോൾ മാത്രമാണ് പിന്നീട് പേരമ്മ വീട്ടിൽ വരാൻ തുടങ്ങിയത്.

ജേഷ്ഠൻ മാന്നാനത്ത് മെട്രിക്കുലേഷൻ ക്ലാസ്സിൽ പഠിക്കുമ്പോൾ മഞ്ഞപ്പിത്തം പിടിപെട്ട് വഷളായി തീർന്നിരുന്നു. ഇച്ചായൻ ആശുപത്രിയിൽ കൂട്ടുകിടക്കാൻ പോയി. കോട്ടയത്തു ആശുപത്രിയിൽ കിടന്നു, രണ്ടുമാസത്തോളമുള്ള ചീകത്സയുണ്ടായിരുന്നു. ഇച്ചായനും കൂടെ താമസിച്ചിരുന്നു. മഞ്ഞപ്പിത്തവും മറ്റെന്തൊക്കെയോ രോഗങ്ങളും പിടിപെട്ടിരുന്നു. അന്നത്തെ മാന്നാനം കൊവേന്തയുടെ പ്രിയോരായിരുന്ന ഫാദർ ഹില്ലായോസ് എല്ലാ വിധ സഹായവും ചെയ്തു തന്നു.

ഇച്ചായൻ വീട്ടിലില്ലാതിരുന്ന സമയങ്ങളിൽ ഞങ്ങൾക്കു വേണ്ടുന്ന അരിയും സാധനങ്ങളും കരിപ്പാപ്പറമ്പിൽ ദുമ്മിനി വക്കീൽ വാങ്ങിപ്പിച്ച് വീട്ടിൽ എത്തിച്ചു തന്നിരുന്നു. ഒരു വിഷമവുമില്ലാതെ ഇച്ചായൻ വരുന്നവരെ ആ നല്ല മനുഷ്യൻ ഞങ്ങളെ സഹായിച്ചു. കച്ചേരിയിൽ പോവുന്ന വഴി വീട്ടിൽ കയറി അരിയുടെ പാത്രം തുറന്നു നോക്കും. 'അരി' കുറവാണെങ്കിൽ അന്നു തന്നെ ഗുമസ്തൻ അരി സാമാനങ്ങൾ വീട്ടിൽ കൊണ്ടുവന്നു തന്നിരുന്നു.

ജേഷ്ഠൻ മെട്രിക്കുലേഷൻ കഴിഞ്ഞ് മജിസ്‌ട്രേറ്റ് കോടതിയിൽ ജോലിയായ ശേഷം വലിയ അല്ലലില്ലാതെ കുടുംബം കഴിഞ്ഞിരുന്നു. ഇക്കാലയളവിൽ ജേഷ്ഠൻ 'കുഞ്ഞൂഞ്ഞ്' പള്ളി സ്‌കൂളിലും ഞാൻ വെട്ടിയാങ്കൽ ആശാന്റെ കളരിയിലും വിദ്യാഭ്യാസമാരംഭിച്ചു. അന്നൊക്കെ ചിറ്റപ്പന്മാരും അവരുടെ ഭാര്യമാരും ഞങ്ങളെ വഴിയിൽ കണ്ടാൽപ്പോലും ഗൗനിക്കില്ലായിരുന്നു. തക്കങ്ങൾ കിട്ടിയാൽ കുറ്റങ്ങൾ കണ്ടുപിടിച്ച് തരം താഴ്ത്താനും ശ്രമിച്ചിരുന്നു. സാമ്പത്തികമായി എല്ലാവരും കര കയറിയ ശേഷമാണ് പിന്നീട് മൈത്രിയുമായി അവരെല്ലാം വരാനും തുടങ്ങിയത്. സാമ്പത്തിക പരാധീനതയുള്ള അർഹമായവർക്ക് ഇച്ചായൻ സഹായങ്ങളും നൽകി ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തു.







No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...