ജോസഫ് പടന്നമാക്കൽ
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണനേട്ടങ്ങളെ തെറ്റായി വിലയിരുത്തിയും പുരോഗമനങ്ങളെ വളച്ചൊടിച്ചുമാണ് വാർത്തകൾ സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി ഭരണം തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞു. 2020-ൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ! ട്രംപിന്റെ പ്രഖ്യാപിത നയങ്ങളെ വിമർശിക്കുന്നതു സമകാലീക വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. ട്രംപിനെതിരെയുള്ള വിമർശനങ്ങളുടെ തുടർക്കഥകൾ സോഷ്യൽ മീഡിയാകളിലും നിറയെ പ്രാധാന്യം നൽകാറുണ്ട്. 'ധനികർക്ക് നികുതിയിളവുകൾ നൽകുന്നു; തുറന്ന അതിർത്തികൾ, അതിർത്തി മതിലുകൾ, സാമൂഹിക സുരക്ഷിതമില്ലായ്‌മ, വർഗ വിവേചനത്തിൽക്കൂടിയുള്ള വോട്ടു തേടൽ മുതലായവകൾ ട്രംപിനെതിരായുള്ള പ്രതിയോഗികളുടെ തിരഞ്ഞെടുപ്പിലെ വജ്രായുധങ്ങളാണ്. നിഷ്പക്ഷമായ ട്രംപിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലുള്ള വിലയിരുത്തലുകളിൽ എതിരാളികൾ നിശ്ശബ്ദരാവുകയും ചെയ്യുന്നു. എങ്കിലും അടുത്ത കാലത്തെ ഉക്രേനിയൻ പ്രശ്‍നം, ട്രംപിനെ പ്രതിക്കൂട്ടിലാക്കിയതുമൂലം വോട്ടർമാർ അതിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഇറാനുമായുള്ള പുതിയ സംഭവവികാസങ്ങളും ട്രംപിനൊരു വെല്ലുവിളിയാണ്.
2019-ലെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട് . ദാരിദ്ര രേഖയിൽ താണു ജീവിക്കുന്നവരുടെ നിലവാരം ഉയരുകയും അവരുടെ എണ്ണം കുറയുകയും ചെയ്തു. കഴിഞ്ഞുപോയ വർഷത്തിൽ താണ വരുമാനക്കാരുടെ വളർച്ച പ്രത്യക്ഷത്തിൽ തന്നെ വിലയിരുത്താൻ സാധിക്കും. ഭരണകൂടത്തിന്റെ വ്യവസായ നയങ്ങൾ ഫലവത്തും വിജയകരവുമായിരുന്നു. കഴിഞ്ഞ 65 വർഷങ്ങളിലുള്ള അതിർത്തിയിലെ കുടിയേറ്റങ്ങൾ രേഖപ്പെടുത്തിയതനുസരിച്ച് അനധികൃത കുടിയേറ്റക്കാരുടെ വരവു ഗണ്യമായി കുറഞ്ഞു. അമേരിക്കയിൽ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ഓയിൽ ഇപ്പോൾ കയറ്റുമതി ചെയ്യാള്ള ഒരുക്കങ്ങളും തുടങ്ങിയിരിക്കുന്നു. 2019-ൽ നേടിയ നേട്ടങ്ങളെല്ലാം പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ മുൻഗാമികൾ പരാജയപ്പെട്ട സാമ്പത്തിക മേഖലകളിൽ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതും ട്രംപിനെ വീണ്ടും വൈറ്റ് ഹൌസിലേക്ക് യോഗ്യനാക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകൾക്കും അപ്പുറം അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വളർന്നുവെന്നതും വിസ്മയകരമാണ്. അമ്പതു കൊല്ലം മുമ്പ് ഭരിച്ച ലിണ്ടൻ ജോൺസന്റെ കാലംമുതൽ പരിശോധിച്ചാലും തൊഴിലില്ലായ്‌മ ഇത്രമാത്രം താണ ഒരു വർഷം ചരിത്രത്തിലില്ല.
രാഷ്ട്രത്തിന്റെ മൊത്തം ഉത്പാദന സൂചികയായ 'ജിഡിപി' വളർന്നു. രാജ്യത്ത് മെച്ചമായ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വളർച്ചയുണ്ടായി. വളർച്ചക്കാവശ്യമായ വസ്തുതകൾ എന്തെല്ലാമെന്നു സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടി കാണിക്കുന്നു. 2019 -ൽ ആദ്യത്തെ ക്വാർട്ടറിൽ ജിഡിപി യുടെ വളർച്ച 3.1 ശതമാനമാണ്. എന്നാൽ അത് രണ്ടാമത്തെ ക്വാർട്ടറിൽ 2.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഒബാമയുടെ പ്രസിഡൻസി കാലഘട്ടത്തിൽ 2014 -ൽ രണ്ടാം ക്വാർട്ടറിൽ 5.5 ശതമാനം വളർച്ചയുണ്ടായിരുന്നു. പുറകോട്ടു പോവുകയാണെങ്കിലും 1950 -ലും 1960 -ലും ഇതിലും മെച്ചമായ വളർച്ചകൾ കാണാൻ സാധിക്കും. യുദ്ധകാല ശേഷമുള്ള വളർച്ച നിരക്ക് കണക്കാക്കുമ്പോൾ ട്രംപ് പറയുന്നതിൽ എത്രമാത്രം വാസ്തവമുണ്ടെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
തൊഴിലില്ലായ്‌മ അര നൂറ്റാണ്ടിനുള്ളിലെ ചരിത്രത്തിൽ ഏറ്റവും താണുവെന്നും ട്രംപിന്റെ പ്രസംഗത്തിലുടനീളം കേൾക്കാം. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഏകദേശം ആറു മില്യൺ പുതിയ തൊഴിലുകൾ അമേരിക്കൻ മാർക്കറ്റിൽ കണ്ടെത്തിയെന്നും അവകാശപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ തൊഴിലില്ലായ്മ 3.7% ശതമാനമായിരുന്നു. എന്നാൽ 1969 കണക്കിലും തൊഴിലില്ലായ്മ അതേ അനുപാതം തന്നെ കാണിക്കുന്നു. 1969 നവംബറിലും ഡിസംബറിലും തൊഴിലില്ലായ്മ 3.5 ശതമാനമായിരുന്നു. ഈ സൂചികയാണ് അമ്പതു വർഷങ്ങളിലെ തൊഴിലില്ലായ്മയുടെ ഏറ്റവും താണ സൂചിക.
2019-ൽ ആറു മില്യൺ ജോലികൾ സൃഷ്ടിച്ചുവെന്നതും ശരിതന്നെ . ചില പ്രത്യേക സാമൂഹിക വർഗ വിഭാഗങ്ങളിലും തൊഴിലില്ലായ് ഏറ്റവും കുറവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ആഫ്രിക്കൻ അമേരിക്കൻ തൊഴിലില്ലായ്‌മ ചരിത്രത്തിലെ തന്നെ കുറഞ്ഞ സൂചിക കാണിക്കുന്നു. 1972 മുതൽ ചിന്തിച്ചാലും 2019-ലെ ആഫ്രോ അമേരിക്കൻ തൊഴിലില്ലായ്മ 5.5 ശതമാനമായി കുറഞ്ഞത് റിക്കോർഡ് ഭേദിക്കുന്നതാണ്. 1973 മുതലുള്ള ഹിസ്പാനിക്ക് തൊഴിലില്ലായ്മ കണക്കാക്കിയാലും ട്രംപിന്റെ തൊഴിൽ ധനതത്വ ശാസ്ത്രത്തിലെ 4.2 ശതമാനമെന്നുള്ളതും ചരിത്രത്തിലെ താണ സൂചികയാണ്
ഏഷ്യനമേരിക്കക്കാരെ സംബന്ധിച്ച് 2003 മുതലുള്ള 'തൊഴിലില്ലായ്മ' റിക്കോർഡുകൾ മാത്രമേ നിലവിലുള്ളൂ. അവരുടെയിടയിലുള്ള 2019-ലെ തൊഴിലില്ലായ്‌മ 2.8 ശതമാനമാണ് . ഇത് ഏഷ്യൻ അമേരിക്കരുടെ രേഖപ്പെടുത്തിയ തൊഴിലില്ലായ്മയുടെ ഏറ്റവും താണ സൂചികയാണ്. കഴിഞ്ഞ ജൂണിൽ അവരുടെ തൊഴിലില്ലായ്മ 2.1 ശതമാനമായിരുന്നു. 2009-ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ഒബാമയുടെ കാലത്തും ഏഷ്യൻ അമേരിക്കരുടെയിടയിൽ ഓരോവർഷവും തൊഴിലില്ലായ്‌മ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ജോലി ചെയ്യുന്നവരുടെ വേതനം ഓരോ വർഷവും വർദ്ധിക്കുന്നുണ്ടെന്നും അതനുസരിച്ച് ആളോഹരി വരുമാനവും (പെർ ക്യാപിറ്റ ഇൻകം) വർദ്ധിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ അഭിപ്രായം വ്യക്തമായ അടിസ്ഥാനത്തിലെന്നു തോന്നുന്നില്ല. ദേശീയ ലെവലിൽ തൊഴിലാളികളുടെ മണിക്കൂറിലുള്ള മിനിമം കൂലി വർദ്ധിച്ചു. ഈ വർദ്ധനവ് ഒബാമയുടെ കാലം മുതലുള്ളതാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വിലപ്പെരുപ്പം 3.4 ശതമാനമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു
അമേരിക്കയുടെ തൊഴിൽ മാർക്കറ്റ് ശക്തമായിതുടരുന്നു. ഇക്കഴിഞ്ഞ നവംബർ മാസത്തിലെ റിപ്പോർട്ട് പ്രതീക്ഷിച്ചതിനേക്കാളൂം മെച്ചമായിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിലും തൊഴിൽനിലവാരം ഉയർന്നു നിന്നിരുന്നു. പതിറ്റാണ്ടുകളുടെ ചരിത്രമെടുത്താലും തൊഴിലില്ലായ്മ സൂചിക ട്രംപിന്റെ ഭരണത്തിൽ വളരെ താണുനിന്നിരുന്നു. സാമ്പത്തിക ഭദ്രത കൂടിയതുകൊണ്ടു ഉപഭോക്താക്കളുടെ എണ്ണവും കൂടി. സാമ്പത്തിക വളർച്ച കൂടുകയും ചെയ്തു. 2019 നവംബറിൽ ഉൽപ്പാദന മേഖലകളിൽ തൊഴിൽ വർദ്ധിച്ചതിനു കാരണം ജനറൽ മോട്ടോർസ് പുനഃസ്ഥാപിക്കുകയും വിദേശങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ അമേരിക്കയിൽ വന്നതുകൊണ്ടുമായിരുന്നു. ആഗോള മാർക്കറ്റ് താണ സമയത്തും അമേരിക്കൻ ഇക്കോണമി ഉയർന്നു തന്നെ നിന്നിരുന്നു.
2020 നവംബറിൽ നടക്കാൻ പോവുന്ന തിരഞ്ഞെടുപ്പിൽ, രണ്ടാം തവണയും പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുക്കാനുള്ള സാധ്യതയ്ക്ക് അമേരിക്കൻ സമ്പദ് വ്യവസ്ഥ നന്നാകേണ്ടതുമുണ്ട്. ഈ വർഷം തന്നെ ഫെഡറൽ റിസർവ് മൂന്നു പ്രാവിശ്യം പലിശ നിരക്ക് കുറച്ചു. ഫെഡറിലിന്റെ 'പലിശ വെട്ടിച്ചുരുക്കൽ' മാർക്കറ്റിന്റെ ചലനങ്ങളെ ഉണർത്താനും സാധിച്ചു. വിലപ്പെരുപ്പം 3 .2 ശതമാനമായിട്ടുണ്ട്. വിലപ്പെരുപ്പം കണക്കിലെടുത്തുകൊണ്ട് കഴിഞ്ഞ ആഗസ്റ്റ് 2018 മുതൽ ആഗസ്റ്റ് 2019 വരെ 1.5 ശതമാനം തൊഴിൽ വേതനം വർദ്ധിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും വീട്ടു വരുമാനം വർദ്ധിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ സാമ്പത്തിക വളർച്ച വളരെ സാവധാനമാണ്. 2018-ൽ ഒരാളിന്റെ കുടുംബ വരുമാനം ശരാശരി 63179 ഡോളറായിരുന്നു. എന്നാൽ അതിനുമുമ്പുള്ള വർഷങ്ങളെ തുലനം ചെയ്യുമ്പോൾ അത് തൃപ്തികരമല്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
തൊഴിൽ ക്ഷേമങ്ങളുടെ കാര്യത്തിൽ '2019'-ലെ സാമ്പത്തിക വർഷം ട്രംപിന് അനുകൂലമായിരുന്നുവെന്നു കാണാം. ബ്ലൂ കോളർ തൊഴിലാളികളുടെ വേതനം 34 ശതമാനം വർദ്ധിച്ചുവെന്ന് കണക്കുകൾ പറയുന്നു. പ്രസിഡണ്ട് റൊണാൾഡ് റീഗന്റെ കാലത്തുപോലും ഇത്രമാത്രം ഒരു വർദ്ധനവുണ്ടായിട്ടില്ല. ദാരിദ്യ്രരേഖ 8.8 ശതമാനം താണു . ക്ലിന്റൻ ഭരണകാലം തൊട്ടുള്ള കണക്കുകൾ നോക്കിയാലും 2019-ലെ ഈ സൂചിക ഒരു റിക്കോർഡു തന്നെയായിരുന്നു. ന്യുന പക്ഷങ്ങളാണ് ട്രംപിന്റെ സാമ്പത്തിക ശാസ്ത്രത്തിൽ കൂടുതൽ പ്രയോജനം നേടിയത്. മെച്ചപ്പെട്ടുകൊണ്ടിരുന്ന അവരുടെ ക്ഷേമ നിലവാരം വീണ്ടും ഉയർന്നുകൊണ്ടിരിക്കുന്നു. ഒരു വിധവയോ അല്ലെങ്കിൽ ഒരു സ്ത്രീ തന്നെയോ കുടുംബിനിയായ മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ വരുമാനം 7.6 ശതമാനം വർദ്ധിച്ചു. വ്യവസായങ്ങൾ കൂടുതലും സ്ത്രീ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു. സമീപകാലംവരെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയായിരുന്നുണ്ടായിരുന്നത്. ആഫ്രോ അമേരിക്കൻ സ്ത്രീകളിലും ഹിസ്പ്പാനിക്ക് സ്ത്രീകളിലും തൊഴിലില്ലായ്മ 4.5 ശതമാനം കുറഞ്ഞു.
മദ്ധ്യ വരുമാനക്കാരായ സാധാരണക്കാരുടെ വരുമാനം കുറഞ്ഞുവെന്നു ഡെമോക്രറ്റുകൾ ആരോപിക്കുന്നു. അത് തെറ്റാണെന്ന് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്. 50000 ഡോളർ മുതൽ രണ്ടു ലക്ഷം ഡോളർ വരെയുള്ളവരുടെ വരുമാനം ഒരു ശതമാനം വർദ്ധിച്ചതായും കാണുന്നു. മുപ്പത്തിനാലു വയസു താഴെയുള്ള ചെറുപ്പക്കാരുടെ വരുമാനം വർദ്ധിച്ചതായും കണക്കുകൾ പ്രകടമാക്കുന്നു.
2019-ലെ അമേരിക്കയുടെ 'ജിഡിപി' നിരവധി സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകളേക്കാൾ മെച്ചമായിരുന്നു. ചുരുക്കി പറഞ്ഞാൽ സാമ്പത്തിക വിദഗ്ദ്ധരെ വിസ്മയിപ്പിച്ചുകൊണ്ടും അവരുടെ കണക്കുകൾ തെറ്റിച്ചുകൊണ്ടും സ്റ്റോക്കിന്റെ വില കുതിച്ചുകയറുകയും ചെയ്തു. സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ച 2019-ൽ മെച്ചമായിരുന്നതിനാൽ 2020-ൽ സ്റ്റോക്ക് മാർക്കറ്റ് അതേ നിലവാരം പുലർത്തുമെന്നു തീർച്ചയില്ല. സാമ്പത്തിക മാന്ദ്യം സംഭവിക്കുമോ ഇല്ലയോ എന്നും പറയാൻ സാധിക്കില്ല. അതുകൊണ്ടു വളർച്ച ഉയരാനോ താഴാനോ നിയന്ത്രിതമാവാനോ സാധ്യതയുണ്ടായിരിക്കുമെന്നും നിരീക്ഷകർ കരുതുന്നു.
കോർപ്പറേറ്റുകൾക്കുള്ള നികുതി ഇളവ്, സാമ്പത്തിക ദിശയിൽ നേരാംവണ്ണം സഞ്ചരിക്കൽ, സർക്കാരിന്റെ ചുവപ്പു നാടകളെ തകർക്കൽ, രാജ്യത്തിന്റെ ആന്തരിക ഘടന മുടക്കുമുതൽ (ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ്)മുതലായവകൾ സ്റ്റോക്കിന്റെ വിലകൾ വർദ്ധിക്കുന്നതിനു കാരണമായി. എങ്കിലും അടുത്തയിടെ സ്റ്റോക്ക് സൂചികയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. സ്റ്റോക്കുകൾ താണുപോവുന്ന കലുഷിതാവസ്ഥയിൽ മുതൽ മുടക്കുന്നവരിൽ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ട്. ഇറാനുമായുള്ള രൂക്ഷമായ പ്രശ്നങ്ങൾ സ്റ്റോക്കിന്റ വിലയെ ഇടിക്കാനും സാധ്യതയുണ്ട്.
ആളോഹരി വരുമാനം വർദ്ധിച്ചതുകൊണ്ടു മില്യൺ കണക്കിന് ജനങ്ങൾക്ക് കൂടുതൽ ഷോപ്പിംഗ് നടത്താനും വാങ്ങാനുമുള്ള ത്രാണി ഉണ്ടാവുന്നു. ഉപഭോക്താക്കളുടെ എണ്ണം കൂടുംതോറും ഫാക്റ്ററികളിലും വ്യവസായ മേഖലകളിലും ഉത്ഭാദനം വർദ്ധിക്കുന്നു. തൊഴിലവസരങ്ങളും വർദ്ധിക്കുന്നു. ദാരിദ്ര രേഖയിൽ താണവരുടെയും മദ്ധ്യ വരുമാനക്കാരുടെയും വരുമാനം വർദ്ധിച്ചതുകൊണ്ട് ക്ഷേമ നിധികളെ (വെൽഫെയർ) ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. സാമൂഹിക സഹായങ്ങൾ മേടിക്കുന്നവരിൽ കുറവു വന്നിട്ടുണ്ട്. എങ്കിലും ഡെമോക്രറ്റുകളുടെ വിമർശനങ്ങൾ തുടരുന്നു. പക്ഷെ, അതിനുള്ള തെളിവുകൾ സ്പഷ്ടമല്ല. ഹോളിവുഡ്, സിലിക്കോൺ വാലി, വാൾ സ്ട്രീറ്റ് മുതലായ സാമ്പത്തിക പ്രസ്ഥാനങ്ങളുടെ വളർച്ച കോർപ്പറേറ്റുകളുടെ മാത്രമെന്ന വിമർശനങ്ങളുമുണ്ട്. വാസ്തവത്തിൽ ട്രംപിന്റെ ധനതത്വ ശാസ്ത്രത്തിൽ ഏറ്റവും വിജയിച്ചവർ ദരിദ്രരായ ജനവിഭാഗമാണ്. അക്കാര്യം സ്ഥിതിവിവരകണക്കുകളിൽ പ്രകടമായി കാണുകയും ചെയ്യാം.
പ്രസിഡന്റ് ട്രംപ്, വൈറ്റ് ഹൌസിൽ ഭരണമേറ്റ സമയം മുതൽ ചൈനയുമായുള്ള വ്യവസായ യുദ്ധം ശക്തമായിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നു. വ്യവസായ തർക്കങ്ങളും കുറഞ്ഞു വരുന്നു. 'ചൈനയുടെ പതിനെട്ടു വർഷത്തെ ചരിത്രമനുസരിച്ചുള്ള കണക്കിൽ വ്യവസായ ഉത്ഭാദനം വളരെ താണു പോയിയെന്നു' ചൈനയുടെ പ്രധാനമന്ത്രി 'ലി കെക്വിയാങ്', പറയുകയുണ്ടായി. അമേരിക്കയുമായുള്ള വ്യവസായ യുദ്ധമാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം 6 .5 ശതമാനം സാമ്പത്തിക വളർച്ച ചൈന പ്രതീക്ഷിച്ചിരുന്നു. എന്നാൽ പടിഞ്ഞാറേ സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടലിൽ ചൈനയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിൽനിന്നും രണ്ടു ശതമാനം കുറഞ്ഞുവെന്നു സ്ഥിതികരിച്ചിരിക്കുന്നു. ചൈനയുടെ മൊത്തം ദേശീയ ഉത്ഭാദനം (ജിഡിപി-ഗ്രോസ് നാഷണൽ പ്രോഡക്റ്റ് ) 10.9 ത്രില്ല്യൻ ഡോളറാണ്. ചൈന അവകാശപ്പെടുന്നപോലെ 13.4 ത്രില്ല്യൻ ഡോളർ ജിഡിപി എന്നത് തെറ്റാണെന്നും പാശ്ചാത്യ സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. അതിൽനിന്നും മനസിലാക്കേണ്ടത് ചൈനയുടെ ജിഡിപി അമേരിക്കയുടെ ജിഡിപി യുടെ പകുതി മാത്രമേയുള്ളൂവെന്നാണ്. ഇന്നത്തെ വളർച്ചയനുസരിച്ച് ചൈനയ്ക്ക് ഒരിക്കലും അമേരിക്കയുടെ ജിഡിപി യെ മറി കടന്നുകൊണ്ടുള്ള ഒരു സാമ്പത്തിക ശക്തിയാവാൻ കഴിയില്ല.
ചൈനയുടെ ഏറ്റവും വൈകാരികമായ ഒരു കാലഘട്ടത്തിലാണ് അമേരിക്കയുടെ വ്യവസായ നികുതി നയം നടപ്പിലാക്കിയതും അത് ചൈനയെ പ്രശ്നത്തിലാക്കിയതും! അമേരിക്കയുടെ നയം ചൈനയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തു. ചൈനയുടെ ഭക്ഷണ രീതിയിൽ പോർക്കിന് അതുല്യമായ ഒരു സ്ഥാനമുണ്ട്. അമേരിക്ക ചൈനയിലേക്കുള്ള പോർക്ക് കയറ്റുമതിയിൽ 12 ശതമാനം നികുതിയെന്നുള്ളത് നാലിരട്ടി വർദ്ധിപ്പിച്ചു. അമേരിക്കൻ കയറ്റുമതികളിൽ നാലിരട്ടിയുള്ള വില വർദ്ധനവ് ചൈനയുടെ ഗ്രോസറി ബില്ലിനെയും ബാധിച്ചു. ആഫ്രിക്കൻ താറാവ് ഒരു തരം അസുഖം പിടിച്ചതുകൊണ്ട് ചൈനയ്ക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കാതെയും വന്നു. പോർക്കിന്റെ ഉത്ഭാദനം ചൈനയിൽ അമ്പതു ശതമാനം കുറയുകയും ചെയ്തു. തൽഫലമായി പോർക്കിന്റെ വില ചൈനയിൽ ക്രമാധീതമായി വർദ്ധിക്കുകയും ചെയ്തു. അങ്ങനെ അവിടെ വിലപ്പെരുപ്പം അനുഭവപ്പെട്ടു. കൂടാതെ കയറ്റുമതി ചെയ്യുന്ന അമേരിക്കയുടെ ഭക്ഷ്യ വിളകൾക്ക് കൂടുതൽ നികുതി ചുമത്തുന്ന നയവും അമേരിക്ക സ്വീകരിച്ചു.
അമേരിക്കയുടെ ഇറാനിയൻ നയം മൂലം ഓയിൽ വില കൂടുമ്പോഴും ചൈനയെ അത് കൂടുതൽ ബാധിക്കുകയും ചെയ്യുന്നു. പുതിയ വ്യവസായ നയം മൂലം അമേരിക്കയ്ക്ക് 68 ബില്യൺ ഡോളർ അധികം ലഭിച്ചുവെന്നും പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്നു. അമേരിക്കൻ കൃഷിക്കാരെ സംരക്ഷിക്കാനായി 16 ബില്യൺ ഡോളർ ചിലവഴിച്ചു. അതുമൂലം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന സ്റ്റേറ്റുകൾ ട്രംപിനെ പിന്താങ്ങുന്നു. ചൈനയുമായുള്ള ആരോഗ്യപരമായ വ്യവസായ നയത്തിനായി ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. മാന്യമായ ഒരു വ്യവസായ നയമാണ് ചൈനയുമായി അമേരിക്കൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ രണ്ടു സാമ്പത്തിക ശക്തികളായ ചൈനയുടെയും യുഎസ്എ യുടെയും ചാർട്ടുകൾ (Charts) അമേരിക്കൻ ഇക്കണോമിയുടെ പുരോഗതിയെ വിലയിരുത്താൻ സഹായിക്കും. കഴിഞ്ഞ വർഷം ചൈനയിലും യു എസ്‌ഐ യിലും ഉത്ഭാദന മേഖലകൾ കുറവായി കാണിക്കുന്നു. ദേശീയ ഉത്ഭാദന വളർച്ച ഇരു രാജ്യങ്ങളും വെല്ലുവിളിയായി സ്വീകരിച്ചതുകൊണ്ട് 2020 -ൽ ഉത്ഭാദന മേഖല മെച്ചപ്പെട്ടതായിരിക്കുമെന്ന് ഇരു രാജ്യങ്ങളും ചിന്തിക്കുന്നു. അത് താറുമാറായി കിടക്കുന്ന ആഗോള സാമ്പത്തിക ഭദ്രതയ്ക്കു ഗുണകരമെന്നും കരുതുന്നു.
2019-ലെ ആദ്യത്തെ പത്തു മാസങ്ങളിലും ചൈനയുടെയും അമേരിക്കയുടെയും കയറ്റുമതിയും ഇറക്കുമതി കുറഞ്ഞു. അത് ആഗോളതലത്തിൽ വ്യവസായ മാന്ദ്യത്തിനും കാരണമായി. 2018-ൽ 344.5 ബില്യൺ ഡോളർ വ്യവസായ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം ചൈനയുമായുള്ള കയറ്റുമതി ഇറക്കുമതികളെ ബാധിച്ചു. 2019 -ൽ 294.5 ബില്യൺ ഡോളർ അമേരിക്കൻ ഉൽപ്പന്നങ്ങൾ കയറ്റുമതിയിൽ കുറയുകയും ചെയ്തു. 2019-ൽ തൊഴിൽ മാർക്കറ്റും ഉൽപ്പന്നങ്ങളുടെ ഉപഭോഗങ്ങളും (കൺസ്യൂമർ സ്‌പെൻഡിങ് ) ഇരു രാജ്യങ്ങളിലും മെച്ചമായിരുന്നു. ചൈനയുടെ കറൻസിയായ 'യെൻ' ഈ വർഷം വില കുറച്ചതുകൊണ്ട് ചൈനയ്ക്ക് കയറ്റുമതി ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിച്ചു. അമേരിക്കയെ സംബന്ധിച്ചടത്തോളം ഫെഡറൽ റിസർവ് പലിശ കുറച്ചത് സ്റ്റോക്കിന്റെ വളർച്ചയ്ക്ക് കാരണമായി. ചൈനയിലും സ്റ്റോക്ക് മാർക്കറ്റിന്റെ കാര്യത്തിൽ ഡബിൾ ഡിജിറ്റിന്റ വർദ്ധനവുണ്ടായി.
തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പറഞ്ഞത് 'മെക്സിക്കോയുടെ തെക്കേ അതിർത്തിയിൽ മതിൽ പണിയുമെന്നായിരുന്നു. മെക്സിക്കോ തവണകളായി മതിൽപണിക്കുള്ള ചെലവുകൾ മടക്കി നൽകുകയും വേണം.' എന്നാൽ മെക്സിക്കോയുടെ പ്രസിഡന്റ് 'വിൻസെന്റ് ഫോക്സ്' ട്രംപിന്റെ ഈ നിർദേശത്തെ ശക്തമായി എതിർക്കുകയും അത് സാധ്യമല്ലെന്നു പ്രഖ്യാപിക്കുകയുമുണ്ടായി. മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് 'ആൻഡ്രെസ് മാനുവൽ' അതിർത്തിയിൽ മതിൽ കെട്ടാൻ അനുവദിക്കാമെന്നും അനുകൂലമായ വ്യാപാര ഉടമ്പടികൾ ഉണ്ടാക്കുന്ന പക്ഷം തവണകളായി മതിൽപണിക്കുള്ള ചെലവുകൾ വഹിക്കാമെന്നും സമ്മതിച്ചു. മുമ്പുണ്ടായിരുന്ന മെക്സിക്കൻ പ്രസിഡന്റ് അമേരിക്കയിലേക്കുള്ള മെക്സിക്കോക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ പുതിയ പ്രസിഡന്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ മെക്സിക്കൻ അതിർത്തിയിൽ 27000 പട്ടാളക്കാരെ നിയോഗിച്ചു. ട്രംപിനു മുമ്പുണ്ടായിരുന്ന പ്രസിഡണ്ടുമാർ 20 മില്യൺ അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ താമസിക്കാൻ അനുവദിച്ചിരുന്നു. ഡെമോക്രറ്റിക് പ്രസിഡണ്ടുമാർ കുടിയേറ്റക്കാരുടെ വോട്ട് ആഗ്രഹിച്ചപ്പോൾ റിപ്പബ്ലിക്കൻ പ്രസിഡണ്ടുമാർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രതീക്ഷിച്ചു. അമേരിക്കയുടെ മുൻകാല പ്രസിഡണ്ടുമാർ തുടങ്ങി വെച്ച പ്രയത്നങ്ങളുടെ പരാജയത്തിൽ പ്രസിഡന്റ് ട്രംപ് വിജയിക്കുകയാണുണ്ടായത്.
കഴിഞ്ഞ കാലങ്ങളിൽ, കമ്പനികളും ഫാക്ടറികളും അമേരിക്കയിൽ നിർത്തലാക്കി കുറഞ്ഞ വേതനത്തിൽ മെക്സിക്കോയിൽ പ്രവർത്തനം തുടങ്ങിയതും കുറഞ്ഞു. വിദേശത്ത് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് അമിത നികുതി ചുമത്തിയതു കാരണം വിദേശത്ത് കമ്പനി പ്രവർത്തിച്ചാൽ ആദായമില്ലാതായി. ചൈനയുമായി വ്യവസായ ബന്ധത്തിനു ഉലച്ചിൽ തട്ടിയപ്പോൾ അതിന്റെ ഗുണം കിട്ടിയത് മെക്സിക്കോയ്ക്കാണ്. മെക്സിക്കോയിൽ നിന്നും ധാരാളം ഉൽപ്പന്നങ്ങൾ അമേരിക്ക ഇറക്കുമതി ചെയ്യാൻ തുടങ്ങി. മെക്സിക്കോയിലും തൊഴിലില്ലായ്‌മ കുറഞ്ഞതുമൂലം നിയമാനുസൃതമല്ലാത്ത തൊഴിലാളികളുടെ അമേരിക്കയിലേക്കുള്ള വരവും കുറഞ്ഞു.
അമേരിക്കയുടെ സാമ്പത്തി വളർച്ച റിക്കോർഡ് ഭേദിച്ചിരിക്കുന്നുവെന്നു ട്രംപ് പ്രസംഗങ്ങളിൽ ആവർത്തിക്കാറുണ്ടെങ്കിലും രാജ്യം അധികം താമസിയാതെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും പ്രവചിക്കുന്നു. സ്റ്റോക്ക് മാർക്കറ്റ് താഴെ വീഴുന്ന സമയമായിയെന്നും എതിർ പ്രചരണങ്ങൾ നടത്താറുണ്ട്. ട്രംപിന്റെ സാമ്പത്തിക നയങ്ങളാണ് വളർച്ചയ്ക്ക് നിദാനമെന്നു ട്രംപ് അവകാശപ്പെടുന്നു. 2019 സാമ്പത്തിക വർഷം തന്നെ ഡൗ ( Dow ) 18.65%, എസ് ആൻഡ് പി (S&P) 24.36%, നാസ്ഡാക് (Nasdaq) 29.17%.” വളർച്ച നിരക്ക് കാണുന്നു. ചില സാമ്പത്തിക നിരീക്ഷകർ സാമ്പത്തിക മാന്ദ്യം ഉടൻ തന്നെയോ അല്ലാത്ത പക്ഷം ഒരു വർഷത്തിനുള്ളിലോയെന്നു പ്രവചിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ധാരാളം ലക്ഷണങ്ങളും അവർ ചൂണ്ടി കാണിക്കുന്നുണ്ട്. എന്താണെങ്കിലും ട്രംപിന്റെ ഒന്നാം മുഴം ഭരണകാലത്തെ കാലയളവിൽ രാജ്യത്തു ഒരു സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത കാണുന്നില്ല. 2019 ലെ ജിഡിപി വളർച്ച വളരെയധികം പ്രതീക്ഷ നല്കുന്നവയായിരുന്നു. 2018-ൽ ട്രംപ് തന്റെ പ്രസംഗ വേളകളിൽ സ്റ്റോക്ക് വാങ്ങിക്കുവാനും നിക്ഷേപിക്കുവാനും അവസരമെന്ന് പറയുമായിരുന്നു.
ഐസനോവറിന്റെ കാലം മുതൽ അമേരിക്ക ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു. 400 ബില്യൺ ബാറൽ ഒയിൽ ഒരു വർഷം ഇറക്കുമതി വേണമായിരുന്നു. പ്രസിഡന്റ് ക്ലിന്റന്റെ കാലത്ത് ഒരു ദിവസം 15 ബില്യൺ ബാറൽ ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. ജോർജ് ബുഷിന്റെ കാലത്ത് അത് പത്തു ബില്യൺ ബാറൽ ആയി കുറഞ്ഞു. പ്രസിഡന്റ് ഒബാമയുടെ കാലത്ത് 5 ബില്യൺ ബാറൽ ഓയിൽ ഇറക്കുമതി ചെയ്താൽ മതിയായിരുന്നു. ട്രംപിന്റെ ഭരണത്തിൽ ഓയിൽ ഇറക്കുമതി ചെയ്യുന്നില്ല. വിദേശത്തുള്ള വർദ്ധിച്ച അമേരിക്കൻ കമ്പനികളുടെ ഓയിലിനായുള്ള ഡ്രില്ലിങ്ങും പകരമുള്ള പ്രകൃതി വാതകവും ഓയിൽ ശേഖരണവും അമേരിക്കയെ ഓയിലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കി. എങ്കിലും സോളാർ എനർജി സംസ്ക്കരണത്തെപ്പറ്റി ഒന്നും തന്നെ ട്രംപിന്റെ സാമ്പത്തിക അവലോകനത്തിൽ പരാമർശിക്കുന്നില്ല.
No comments:
Post a Comment