Friday, December 27, 2019

2019 -ലെ സംഭവജടിലമായ വാർത്തകൾ, അവലോകനം

Image result for 2019 goodbye pictures

ജോസഫ് പടന്നമാക്കൽ

മനസിൽ പതിഞ്ഞ ഓർമ്മകളുമായി 2019 എന്ന വർഷവും ഇനി ചരിത്രമായി മാറുന്നു.   മുൻകാലങ്ങളെപ്പോലെ പ്രശ്നസങ്കീർണ്ണമായ ഒരു വർഷമാണ്  കടന്നുപോയത്.  ഭീകരാക്രമണങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും മുൻ വർഷങ്ങളെപ്പോലെ  കഴിഞ്ഞുപോയ  വർഷത്തിനും മാറ്റമില്ലായിരുന്നു. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദങ്ങൾക്കുപകരം മുറവിളികളുടെയും ഒച്ചപ്പാടുകളുടെയും അക്രമങ്ങളുടെയും ശബ്ദമായിരുന്നു എവിടെയും!  പ്രത്യക്ഷമായും പരോക്ഷമായും 2019-ലെ  രാഷ്ട്രീയ തീരുമാങ്ങൾ ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇന്ത്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പുകളും അസംബ്ളി തിരഞ്ഞെടുപ്പുകളും ജനങ്ങളുടെ വികാരങ്ങളെയും   ആവേശങ്ങളെയും   തീവ്രമായി ഉണർത്തിയിരുന്നു.  ചന്ദ്രയാൻ, പൗരത്വ ഭേദഗതി നിയമങ്ങൾ, സ്ത്രീകളുടെ സുരക്ഷിതത്വം, തെരുവുകളിലെ ശക്തമായ പ്രകടനങ്ങൾ മുതലായവകൾ 2019 -ലെ പ്രധാനപ്പെട്ട ചർച്ചകളായിരുന്നു. ഹോങ്കോങ്ങിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതും പാരീസിൽ 850 വർഷം പഴക്കമുള്ള കത്തീഡ്രൽ തീകത്തി നശിച്ചതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കോൺഗ്രസ്സ് പ്രമേയത്തിലൂടെ ഇമ്പിച്ചു ചെയ്തതും  ആഗോള വാർത്തകളിൽ സ്ഥാനം പിടിച്ചു.

2019 ഭാരതത്തെ സംബന്ധിച്ചിടത്തോളം ശുഭമായിട്ടല്ല കടന്നുപോവുന്നത്. ഭാവിയിൽ എന്തു സംഭവിക്കുമെന്നു പറയാൻ സാധിക്കാത്ത വിധം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം വരുത്തിയെന്ന് വലിയൊരു വിഭാഗം ഇന്ത്യൻ ജനത വിശ്വസിക്കുന്നു. കേരളം ഉൾപ്പടെ ഇൻഡ്യ മുഴുവൻ പുതിയ പൗരത്വ ബില്ലിനെതിരെ പ്രതിക്ഷേധങ്ങൾ  ആളിക്കത്തുന്നു. കാശ്‍മീരിലെ പീഡനങ്ങൾക്കെതിരെയും വർഗീയതയ്‌ക്കെതിരെയും ഹിന്ദുവും മുസൽമാനുമായുള്ള  വേർതിരിവിനെതിരെയും മതത്തിന്റെ പേരിൽ ഇന്ത്യയെ രണ്ടായി കാണുന്നതിനെതിരെയും പൗരത്വ ബില്ലിനെതിരെയും നാഷനൽ പൗരത്വ രജിസ്റ്ററിനെതിരെയും ഭരണഘടനയുടെ മൗലികാവകാശങ്ങളെ തിരസ്ക്കരിക്കുന്നതിനെതിരെയും ജനാധിപത്യത്തിന്റെ മഹത്വത്തിന് കളങ്കം വരുത്തിയതിനെതിരെയും നാടെങ്ങും   പ്രതിഷേധങ്ങൾ അലയടിച്ചുകൊണ്ടിരിക്കുന്നു.  ജീവനും രക്തവും കൊടുത്തുനേടിയ മതേതരത്വം അപകടത്തിലെന്നു  രാജ്യത്തിലെ വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു.  370-ാം വകുപ്പ് എടുത്തു കളയല്‍, കാശ്മീർ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കുകയും  ചെയ്തു.

2019-ലെ പതിനേഴാം ലോകസഭാ പൊതുതിരഞ്ഞെടുപ്പ്  ഏപ്രിൽ പതിനൊന്നു മുതൽ  മെയ് പത്തൊമ്പതു വരെ ഏഴു ഘട്ടങ്ങളിലായി നടത്തിയിരുന്നു. മെയ് ഇരുപത്തിമൂന്നാം തിയതി വോട്ടെണ്ണൽ പൂർത്തിയാക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. 900 മില്യൺ ജനങ്ങൾ വോട്ടുചെയ്യാൻ യോഗ്യരായിരുന്നു. 67 ശതമാനവും ജനങ്ങൾ വോട്ടു രേഖപ്പെടുത്തിയതും സ്ത്രീകളുടെ പങ്കാളിത്വവും ചരിത്രം കുറിച്ചു.  ഭാരതീയ ജനത പാർട്ടി 303 സീറ്റുകളിൽ വിജയികളായി ഭൂരിപക്ഷ പാർട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി ഐക്യമത്യ മുന്നണി മൊത്തം 353 സീറ്റുകൾ നേടി വമ്പിച്ച ഭൂരിപക്ഷത്തിനർഹമാവുകയുമുണ്ടായി.  37.3 ശതമാനം മൊത്തം വോട്ടുകൾ നേടുകയും ചെയ്തു.  അതേ സമയം എൻഡി എ ഐക്യമുന്നണി അറുപതു കോടി വോട്ടർമാരിൽ 45 ശതമാനം വോട്ടുകൾ നേടുകയുമുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 52 സീറ്റുകളും കോൺഗ്രസ്സ് ഐക്യമുന്നണി മൊത്തം 91  സീറ്റുകളും നേടിയിരുന്നു.

2019 ആഗസ്റ്റ് ഒമ്പതാം തിയതി രാജ്യസഭയിലും ലോകസഭയിലും കാശ്മീരിന്റെ  പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ബില്ല് പാസാക്കി പ്രസിഡണ്ട് ഒപ്പിടുകയും ചെയ്തു. ബുധനാഴ്‌ച പാതിരാത്രി സമയം ജമ്മു കാശ്മീരും ലഡാക്കും രണ്ടു പ്രദേശങ്ങളായി കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുകയും അന്നുവരെ സ്വയം ഭരണ പ്രദേശമായിരുന്ന കാശ്മീരിന്റെ  പദവി എടുത്തു കളയുകയും ചെയ്തു. ഭരണഘടനയുടെ കാശ്മീരിന്റെ പ്രത്യേക അവകാശമായ 370 എടുത്തു കളയുകയും 70 വർഷമായി നിലവിലിരുന്ന കാശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുകയും ചെയ്തു. 1947 -ൽ ഉണ്ടാക്കിയ നിയമമാണ് മോദി സർക്കാർ ഇല്ലാതാക്കിയത്. പതിനായിര കണക്കിന് പട്ടാളത്തെ കാശ്മീരിൽ അയച്ചു. മില്യൺ കണക്കിന് കാശ്മീരികൾ ജീവിക്കുന്നത് പൂട്ടിയിട്ട ഭവനങ്ങൾക്കുള്ളിലെന്ന പോലെയാണ്. ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു. രാഷ്ട്രീയ നേതാക്കന്മാരെയും പ്രസിദ്ധരായവരെയും ജയിലിൽ അടച്ചിരിക്കുന്നു.  ജോലിക്കു പോകാനും കുട്ടികൾക്ക് സ്‌കൂളിൽ പോവാനും സാധിക്കാത്ത ദുരന്താവസ്ഥയാണ്‌ കാശ്മീരിൽ  നിലവിലുള്ളത്. ഭരണഘടനാ 370 നീക്കം ചെയ്തത് രാഷ്ട്രത്തിന്റെ ദൃഢതയ്ക്കും സുസ്ഥിരതയ്ക്കുമുള്ള പുത്തനായ ഒരു  അദ്ധ്യായമാണെന്ന്'  പ്രധാനമന്ത്രി മോദി രാഷ്ട്രത്തോടായി പറഞ്ഞിരുന്നു.

1955-ൽ 'ഇന്ത്യ' പാസാക്കിയ പൗരത്വബില്ലിനെ ഭേദഗതി ചെയ്തുകൊണ്ട് 2019-ൽ  പാർലമെന്റിലും രാജ്യസഭയിലും നിയമം പാസാക്കി; ബില്ലിനെ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറുന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ അഭയാർത്ഥികളായ മതവിഭാഗങ്ങൾക്ക് ഇന്ത്യയുടെ പൗരത്വവകാശങ്ങൾക്ക് യോഗ്യമാകുന്നു. പുതിയ നിയമം അനുസരിച്ചു 2014-ഡിസംബർ മുപ്പത്തിയൊന്നിനോ അതിനുമുമ്പോ കുടിയേറിയവരായ മുസ്ലിമുകൾ ഒഴിച്ചുള്ളവർക്ക് പൗരത്വം ലഭിക്കാൻ അവകാശമുണ്ടായിരിക്കും. 2019 ഡിസംബർ നാലാംതീയതി ഇന്ത്യൻ പാർലമെന്റും 2019 ഡിസംബർ പതിനൊന്നാംതിയ്യതി രാജ്യസഭയും ഈ നിയമം പാസ്സാക്കി. രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമത്തിന്റെ സാധുതകൾ ഉണ്ടാവുകയും ചെയ്തു. ഇനി നിയമം പ്രാബല്യത്തിൽ വരേണ്ടതായുണ്ട്. അതിനുമുമ്പ് സുപ്രീം കോടതിയുടെ തീരുമാനങ്ങളും ബാധകമായിരിക്കും. ആസാമിൽ ക്രമസമാധാനത്തിനായി 5000 പാരാ മിലിറ്ററി ട്രൂപ്പിനെ ഇന്ത്യ സർക്കാർ ഇറക്കിയിരിക്കുകയാണ്. ആസ്സാമിലും ത്രിപുരയിലും ഇന്റെനെറ്റ് സംവിധാനങ്ങൾ ബ്ലോക്ക് ചെയ്തു. അവിടെ ജനജീവിതം ദുഷ്ക്കരമാകുന്നു. രാജ്യം അക്രമത്തിലേക്ക് നീങ്ങുന്ന കാഴ്‌ചകളാണ്‌ കാശ്മീർ മുതൽ കേരളം വരെ കാണപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടതിൽ  ഏറ്റവും വലിയ ജനരോക്ഷമാണ് ഇന്ന് നാടെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്.

2019 മാർച്ചിൽ  'ഡൊണാൾഡ് ട്രംപിന്റെ' അധികാരവിനിയോഗത്തെപ്പറ്റി യുഎസ് അറ്റോർണി 'വില്യം ബാർ',  രണ്ടുവർഷത്തോളം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ചുരുക്കം പ്രസിദ്ധീകരിച്ചിരുന്നു.  റിപ്പോർട്ടനുസരിച്ച്  2016-ലെ   തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ റഷ്യയുമായി  ട്രംപും  അദ്ദേഹത്തിൻറെ രഹസ്യാന്വേഷകരും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നു തെളിഞ്ഞിരുന്നു. ട്രംപിനെ കോൺഗ്രസ് ഹൌസ് ഇമ്പീച്ച് ചെയ്തതാണ്,  ഈ വർഷത്തെ ചരിത്രത്തിലെ വലിയ ഒരു സംഭവം. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡന്റ് ട്രംപും ഉക്രേനിയൻ പ്രസിഡണ്ടു 'വോളോഡിമിർ സിലിൻസ്‌ക്യ' (Volodymyr Zelensky)യുമായുള്ള രഹസ്യ സംഭാഷണം ഇമ്പിച്ച്മെന്റ് വരെ എത്തി. അമേരിക്കയുടെ മുൻ വൈസ് പ്രസിഡണ്ടായ ജോ ബൈഡന്റെ മകന്റെ ഉക്രൈനിലുള്ള ബിസിനസ് സാമ്രാജ്യത്തെപ്പറ്റിയുള്ള അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡണ്ടിനെ പ്രേരിപ്പിക്കുന്നതായിരുന്നു സംഭാഷണം. ജോ ബൈഡൻ  അമേരിക്കയുടെ ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥിയായി ജയിക്കാൻ സാധ്യതയുള്ള സമയത്താണ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ എതിരാളിയുടെ ബിസിനസ്സ് ബന്ധവുമായുള്ള അന്വേഷണവുമായി ട്രംപ് അധികാര സ്ഥാനത്തിരുന്നുകൊണ്ട് ഒരു വിദേശ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്. ഉക്രേനിയൻ സർക്കാരിനുള്ള  400 മില്യൺ ഡോളർ മിലിറ്ററി സഹായം അമേരിക്കൻ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ബൈഡന്റെ മകനെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാമെന്നുള്ള  വ്യവസ്ഥയിൽ ബ്ലോക്ക് ചെയ്ത ഫണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.

 സെപ്റ്റമ്പർ മാസം ഹൌസ് സ്പീക്കർ 'നാൻസി പെലോസി' പ്രസിഡൻഡിനെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. നവംബർ മാസത്തിൽ അതേ സംബന്ധിച്ചുള്ള വിസ്താരവും തുടങ്ങി. ഇമ്പീച്ച് മെന്റ് വിസ്താരം നേടുന്ന അമേരിക്കയിലെ നാലാമത്തെ പ്രസിഡണ്ടാണ് ട്രംപ്. ആൻഡ്രൂ ജാക്സൻ, റിച്ചാർഡ് നിക്സൺ, ബിൽ ക്ലിന്റൺ എന്നിവരാണ് മറ്റു മൂന്നുപേർ. അധികാരം ദുർവിനിയോഗം ചെയ്യൽ, കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തൽ, എന്നിവകളായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ. ഡിസംബർ പതിനെട്ടാം തിയതി ഹൌസ് ഓഫ് റെപ്രെസെന്റിറ്റീവ്സ്  ഇമ്പീച്ച്‌ ചെയ്യാനുള്ള പ്രമേയം വോട്ടിനിടുകയും  പാസാവുകയും ചെയ്തു. അങ്ങനെ അമേരിക്കയുടെ ചരിത്രത്തിൽ ഇമ്പീച്ച് ചെയ്ത  മൂന്നാമത്തെ പ്രസിഡണ്ടായി പ്രസിഡന്റ് ട്രംപ് സ്ഥാനം പിടിക്കുകയും ചെയ്തു.

കോളേജ് അഡ്മിഷൻ ലഭിക്കുന്നതിന് കോഴ കൊടുത്ത അമേരിക്കയിലെ  പ്രസിദ്ധ ഹോളിവുഡ് നടികളുടെ മേലും നടന്മാരുടെ പേരിലും പ്രമാദമായ കേസുകൾ ചാർജു ചെയ്തിരിക്കുന്നതും  2019 ലെ ഡയറിയിൽ കുറിച്ചിരിക്കുന്നു.  പ്രവേശനം  ലഭിക്കുന്നതിനായി  കോളേജ് അധികാരികളെ സ്വാധീനിക്കുന്ന ഈ കൂടിയാലോചന അമേരിക്കയിൽ മുഖ്യധാരാ മീഡിയാകളിൽ  വാർത്തകളായുണ്ടായിരുന്നു.  'ബോസ്റ്റൺ' കോടതിയിൽ നിന്നും കഴിഞ്ഞ മാർച്ച് മാസത്തിൽ കുറ്റാരോപിതരായവർ പുറത്തിറങ്ങുമ്പോൾ അനേകം റിപ്പോർട്ടർമാർ അവർക്കു ചുറ്റും കൂടിയിരുന്നു. ഇരുപതുകൊല്ലം വരെ ശിക്ഷിക്കാവുന്ന വകുപ്പുകളാണ് അവരുടെമേൽ ചുമത്തിയിരിക്കുന്നത്. ചിലരെ ഹൃസ്വമായ കാലങ്ങളിലേക്ക് കോടതി ശിക്ഷിക്കുകയും ചെയ്തു.    കോഴ വിവാദത്തിൽ  കഴിഞ്ഞ മാർച്ചിൽ   ഏകദേശം അമ്പത് വിദ്യാർഥികളുടെമേൽ കേസ് ചാർജ് ചെയ്തിരുന്നു.   'ഫെലിസിറ്റി ഹഫ് മാൻ', 'ലോറി ലൗഗിൻ' എന്നീ നടന്മാരുൾപ്പടെ, ധനികരായ മാതാപിതാക്കന്മാർ  ലക്ഷക്കണക്കിന് ഡോളർ  പ്രവേശനത്തിനായി കോളേജ് അഡ്മിഷൻ കൗൺസിലർ  'വില്ലിൻ റിക്കിന്' നൽകിയെന്നും തെളിഞ്ഞു.  വ്യാജ അതലറ്റുകൾക്കും കൃത്രിമമായ  ടെസ്റ്റ് സ്‌കോറുകൾ നേടിയവർക്കും   ഐവി ലീഗ് കോളേജുകളിൽ പ്രവേശനം നൽകിയതുമൂലം   ക്രിമിനൽ കേസുകൾ തുടരുന്നു.

മദ്ധ്യ ഹോങ്കോങ്ങിൽ രാജ്യം വിഭജിക്കത്തക്കവിധം 2019 ജൂൺ പന്ത്രണ്ടാം തിയതി ചൈന വൻകരയ്‌ക്കെതിരെ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു.  ജൂൺ മാസത്തിൽ തുടങ്ങിയ പ്രതിഷേധങ്ങൾ മാസങ്ങളോളം നീണ്ടു നിന്നിരുന്നു. ഹോങ്കോങ്ങിൽ രാഷ്ട്രീയ കുറ്റവാളികളെ ചൈന വൻകരയിൽ വിസ്തരിക്കാനുള്ള ഒരു ബില്ലായിരുന്നു   ജനങ്ങളെ പ്രകോപിച്ചത്. ഏകദേശം ഒരു മില്യൺ പ്രതിഷേധക്കാർ മാർച്ചിൽ പങ്കെടുത്തിരുന്നു. 1997 വരെ ഹോങ്കോങ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. ചൈനയുടെ ഭരണത്തെക്കാളും അന്ന് അവർക്ക് ബ്രിട്ടീഷ് ഭരണം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഈ സ്വാതന്ത്ര്യം അപകടത്തിലാകുമെന്നും ജേർണലിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും ചൈന വൻകര വിസ്തരിക്കുമെന്നും ഹോങ്കോങ് ജനത ഭയപ്പെട്ടിരുന്നു. ബില്ല് സെപ്റ്റംബറിൽ പിൻവലിച്ചെങ്കിലും ഇന്നും ഹോങ്കോങ്ങിൽ അസ്വസ്ഥത തുടരുന്നു. പോലീസും പ്രതിക്ഷേധക്കാരും തമ്മിൽ അക്രമപരമായ ഏറ്റുമുട്ടലുകൾ നിത്യം പതിവാണ്.

2019 ഏപ്രിൽ മാസം ജപ്പാന്റെ ചക്രവർത്തി അകിഹിതോയും രാജ്ഞി മിച്ചിക്കോയും (Akihito, with Empress Michiko) സ്ഥാനത്യാഗം ചെയ്തു. മുപ്പതു വർഷം അദ്ദേഹം ജപ്പാന്റെ രാജകീയ സിംഹാസനം അലങ്കരിച്ചിരുന്നു. കഴിഞ്ഞ 200 വർഷത്തിനുള്ളിൽ ആദ്യമായി സ്ഥാനത്യാഗം ചെയ്ത രാജാവാണ് അദ്ദേഹം. 2016 മുതൽ അദ്ദേഹം ജാപ്പനീസ് നിയമനിർമ്മാതാക്കളോട്  നിയമം മാറ്റാനും തന്നെ ഈ രാജകീയ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് രാജാവിന് സ്ഥാന ത്യാഗം ചെയ്യാമെന്നുള്ള നിയമം പ്രാബല്യത്തിൽ വന്നത്. അകിഹിതോയുടെ മകൻ 'നാരു ഹിതോ' അടുത്ത കിരീടാവകാശിയായി ചുമതലയേറ്റെടുത്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ  2019  മെയ് ഇരുപത്തിനാലാം തീയതി രാജിവെച്ചു.  യൂറോപ്പ്യൻ യൂണിയനിൽ നിന്നും പിൻവാങ്ങുന്ന പ്രശ്‍നം സംബന്ധിച്ചായിരുന്നു രാജി.  മൂന്നുവർഷത്തോളം അവർ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു.  കൺസർവേറ്റിവ് പാർട്ടിയുടെ നേതാവായിരുന്നു അവർ.  പാർലമെന്റിന്റെ അവിശ്വസ പ്രമേയങ്ങളെ അവർ തരണം ചെയ്തിരുന്നെങ്കിലും യൂറോപ്പ്യൻ  യൂണിയനുമായി മൂന്നു പ്രാവശ്യം  കരാർ ഉണ്ടാക്കുന്നതിൽ'  പരാജയപ്പെട്ടത് അവരുടെ രാജിക്കു കാരണമായിരുന്നു. ലണ്ടൻ മേയറായിരുന്ന 'ബോറിസ് ജോൺസൺ'  ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയും ഏറ്റെടുത്തു. സസ്സെക്സിലെ ഡ്യൂക്കായ പ്രിൻസ് ഹാരിയ്ക്കും ഭാര്യ മെഗാൻ മാർക്ലെയ്‌ക്കും  മെയ് ആറാംതീയതി ആദ്യത്തെ ആൺകുട്ടി ജനിച്ചു. ബ്രിട്ടനിലെ ഏഴാം കിരീടാവകാശിയാണ് ഈ കുഞ്ഞ്.

'ഉർസുല വോൻ ഡെർ 'എന്ന വനിത യൂറോപ്പ്യൻ യൂണിയന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതും 2019 ലെ സുപ്രധാന വാർത്തയായിരുന്നു. 'ജീന്‍ ക്ലോഡ് ജങ്കറിന്‍റെ' പിന്‍ഗാമിയായിട്ടാണ് അവർ ഈ ഉന്നത പദവി അലങ്കരിക്കുന്നത്.   ആദ്യമായിട്ടാണ് ഒരു സ്ത്രീ യൂറോപ്പ്യൻ യൂണിയന്റെ തലപ്പത്ത് എത്തുന്നത്.  ബെൽജിയത്തിൽ ജനിച്ചു വളർന്ന ഇവർ ഡിസംബർ ഒന്നിന് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. രാഷ്ട്രീയ ജീവിതം ജർമ്മനിയിലായിരുന്നു. 2005 മുതൽ 2019 വരെ ജർമ്മൻ സർക്കാരിന്റെ പല ഔദ്യോഗിക ചുമതലകളും വഹിച്ചിരുന്നു. ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രറ്റിക്ക് പാർട്ടിയിലും ഈ അറുപത്തൊന്നുകാരി പ്രവർത്തിച്ചിരുന്നു.

ഫ്രാൻ‌സിൽ നോട്ടർഡാമിലുണ്ടായ  തീപിടുത്തം ലോകം മുഴുവൻ ശ്രദ്ധേയമാവുകയും പ്രധാന വാർത്തകളിൽ ഒന്നാവുകയും ചെയ്തു.  850 വർഷം പഴക്കമുള്ള കത്തീഡ്രലാണ് അഗ്നിക്കിരയായത്. കത്തീഡ്രലിന്റെ മേൽക്കൂര മുഴുവനായി കത്തി നശിച്ചിരുന്നു. തീപിടുത്തത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. കത്തീഡ്രലിന്റെ കാലാകാലങ്ങളായ  നവീകരണ പണികൾ തീപിടുത്തത്തിനു കാരണമാകാമെന്നും അനുമാനിക്കുന്നു. നോട്ടർഡാം കത്തീഡ്രൽ അഞ്ചുവർഷം കൊണ്ട് പുതുക്കി പണിയുമെന്ന് പ്രസിഡന്റ് 'ഇമ്മാനുവേൽ മാക്രോൺ' പ്രസ്താവിച്ചെങ്കിലും അതിന്റെ പണി തീരണമെങ്കിൽ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും  വസ്തു സംബന്ധമായ  വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

'കാട്ടുതീ' ബ്രസീലിലുള്ള ആമസോൺ വനങ്ങൾ കത്തിയെരിയാൻ കാരണമായി. കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ തീപിടുത്തം ചരിത്രം കുറിക്കുന്നതായിരുന്നു. വനങ്ങൾ നശിപ്പിച്ച് കൃഷി ഭൂമിയാക്കുന്നതിലും വ്യവസായവൽക്കരണം നടത്തുന്നതിലും അവിടെയുള്ള പരിസ്ഥിതി വാദികൾ 'പ്രസിഡന്റ് ജൈർ ബോൾസെന്റൊ'യെ പഴി ചാരുന്നുണ്ട്.   തെക്കേ അമേരിക്കയിലെ ഒമ്പതു  രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ വനങ്ങൾ ലോകത്തിലെ ഏറ്റവും വിസ്തൃതമായ വനം പ്രദേശങ്ങളാണ്. പരിസ്ഥിതി സംസ്ക്കരണത്തിന് ഏറ്റവുമധികം ഒച്ചപ്പാട് ഉണ്ടാവുന്ന പ്രദേശവുമാണ്, അവിടം.  ലോകത്ത് ആവശ്യമുള്ള 20 ശതമാനം ഓക്സിജൻ ഉത്ഭാദിപ്പിക്കുന്നത് ഈ വനഭൂമിയാണ്. അതുകൊണ്ട് ഈ പ്രദേശങ്ങളെ ഭൂഗോളത്തിന്റെ ശ്വാസനാളങ്ങളായി  അറിയപ്പെടുന്നു.

ബ്രെസീലിൽ 2019 ജനുവരി പതിനഞ്ചിന് ബ്രൂമഡിന്യോ അണക്കെട്ടു പൊട്ടിയപ്പോൾ മുന്നൂറിൽ പ്പരം ജീവനുകളാണ് ഒലിച്ചുപോയത്. എത്രപേർ അപകടത്തിൽ കുടുങ്ങിയെന്നു കൃത്യമായ ഒരു കണക്കും ലഭ്യമല്ല. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ  ദിനങ്ങളാണ് 2019 നൽകിയിട്ടു പോവുന്നത്. മണ്ണും വെള്ളവുമൊലിച്ചു സമീപ പ്രദേശങ്ങളിലെ വീടുകൾ മുഴുവൻ മൂടിപോയിരുന്നു.

2019  മാർച്ചു പതിനഞ്ചാം തിയതി ന്യൂസിലാൻഡിൽ രണ്ടു മുസ്ലിം ദേവാലയങ്ങളിലായി ആയുധ ധാരികൾ വെടിവെപ്പ് നടത്തി നിരവധി പേർ മരിച്ചു. ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ സംഭവമായിരുന്നു അത്. പ്രധാനമന്ത്രി  'ജസിന്ത ആർഡൺ ' മോസ്‌ക്കിൽ  വന്നവരെയെല്ലാം ആലിംഗനം ചെയ്തുകൊണ്ട് അശ്വസിപ്പിക്കുന്നതും ഹൃദ്യമായിരുന്നു.   വെടിപ്പിൽ 51 പേർ മരിക്കുകയും  49 പേർ മുറിവേൽക്കുകയും ചെയ്തു. ന്യൂസിലാൻഡിലെ  ഇസ്‌ലാമിക സെന്ററിൽ തോക്കു ധാരിയുടെ വെടിവെപ്പിനുശേഷം പ്രധാനമന്ത്രി 'ജസിന്ത ആർഡീൻ'' ദേശീയ തലത്തിൽ തോക്ക് കൈവശം വെക്കുന്നതു നിരോധിക്കുകയുമുണ്ടായി.

അമേരിക്കയിൽ ആഗസ്റ്റ് മാസത്തിലുണ്ടായ രണ്ടു വെടിവെപ്പുകളും ഭീകരവും  ഭയഭരിതവുമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ഒന്ന് 'എല്പ്പാസായിലെ  'വെടിവെപ്പും അടുത്തത് ഒഹായോയിലുള്ള 'ഡേറ്റോൺ' എന്ന സ്ഥലത്തും വെടിവെപ്പുകൾ നടന്നു.  29 ആളുകളുടെ ജീവൻ അപഹരിക്കുകയും 50-ൽ കൂടുതൽ ജനം മുറിവേൽക്കുകയുമുണ്ടായി. 2019ലെ കണക്കനുസരിച്ച് 369 വെടിവെപ്പുകൾ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായിട്ടുണ്ട്. 28 കൂട്ടമരണങ്ങളും സംഭവിച്ചിട്ടുണ്ട്.

2019 ഒക്ടോബർ ഇരുപത്തിയേഴാം തീയതി യുഎസ് ഓപ്പറേഷൻ സ്‌ക്വാഡിൽ നിന്നും രക്ഷപെടാൻ കഴിയാതെ സ്വയം ദേഹത്തു ഘടിപ്പിച്ച ബോംബുസ്ഫോടനത്തിൽ  ഐഎസ്എസ് തീവ്ര സുപ്രീം കമാണ്ടർ 'ബാഗ്ദാദി' ആത്മഹത്യ ചെയ്തു. അയാളോടൊപ്പം മൂന്നു മക്കളും മരണപ്പെട്ടു. ബാഗ്ദാദി രക്ഷപെടാൻ ശ്രമിക്കുന്ന സമയത്തും ജീവനുംകൊണ്ട് ഓടുമ്പോഴും ഉച്ചത്തിൽ  നിലവിളിക്കുന്നുണ്ടായിരുന്നു. 'ബാഗ്ദാദിയെ' തേടിയുള്ള അമേരിക്കൻ ഓപ്പറേഷന് പേരിട്ടത് 'കൈല മുള്ളർ' എന്നായിരുന്നു. കൈലയുടെ അമ്മ 'മാർഷാ മുള്ളർ' മകളുടെ പേരിലുള്ള ഓപ്പറേഷന്റെ പേരുകേട്ടപ്പോൾ കരഞ്ഞുപോയി. 'ദൈവമേ, 'കൈല' എത്ര നല്ല സമ്മാനമാണ് തങ്ങൾക്കു തന്നിട്ടുപോയതെന്നും' ആ 'അമ്മ വിലപിച്ചുകൊണ്ടു പറഞ്ഞു. കൈല  2012-മുതൽ അഭയാർത്ഥികൾക്കുവേണ്ടി  സാമൂഹിക സേവനം ചെയ്യുകയായിരുന്നു. 2015-ൽ അവർ കൊല്ലപ്പെട്ടു.

ഏപ്രിൽ ഇരുപത്തിയൊന്നാം തിയതി ശ്രീ ലങ്കയിൽ ഒരു ക്രിസ്ത്യൻ പള്ളിയിലും മൂന്നു ആഡംബര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമം ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മുന്നോറോളം പേരാണ് ആക്രമത്തിൽ വെടിയേറ്റ് മരിച്ചത്. അഞ്ഞൂറിൽ കൂടുതൽ ജങ്ങൾക്കു  വെടിവെപ്പിൽ പരിക്കേൽക്കുകയുമുണ്ടായി. തമിഴ് പുലികളുമായുള്ള ഏറ്റുമുട്ടലുകൾക്കുശേഷം ആദ്യമായിട്ടാണ് ഇത്രമാത്രം മനുഷ്യ കുരുതികൾ ശ്രീലങ്കയിൽ സംഭവിച്ചത്.  മരിച്ചവരിൽ നിരവധി വിദേശികളും ഇന്ത്യക്കാരുമുണ്ടായിരുന്നു.  അവരിൽ ഒരു മലയാളിയുടെ ജീവനും നഷ്ടപ്പെട്ടു. 'നാഷണൽ തൗഹീദ്  ജമാഹത്തു' ഭീകരസംഘടനയിൽ പെട്ട ഏഴു ചാവേറുകളാണ് സ്ഫോടനം നടത്തിയത്.  സ്ഫോടനം നടത്തിയവരെല്ലാം ശ്രീലങ്കക്കാരായിരുന്നു.

ചന്ദ്രന്റെ ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിൽ ചൈനയുടെ വാഹനം എത്തിയതും  ശാസ്ത്രത്തിൽ ചൈന കൈവരിച്ച  നേട്ടമായിരുന്നു. അതിവേഗം കുതിച്ചുപായുന്ന ചൈനയുടെ ശൂന്യാകാശ ടെക്കനോളജി സ്ഥാപിച്ചത് 2003-ലാണ്. കഴിഞ്ഞ ജനുവരിയിൽ ചൈനയുടെ റോ ബോട്ടിക്ക് സ്പേസ് വാഹനം, 'ചാങ്‌സ്-4' ചന്ദ്രന്റെ ഇരുണ്ട ഭൂമിയിലിറങ്ങിയ ആദ്യത്തെ വാഹനമായിരുന്നു. സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും വാഹനങ്ങൾ ചന്ദ്രനിൽ എത്തിയിട്ടുണ്ടെങ്കിലും ആ വാഹനങ്ങൾ ഭൂമിയോടഭിമുഖമായ പ്രദേശങ്ങളിലെയാണ് പടങ്ങൾ എടുത്തിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബർ മാസം 'നാസാ'യുടെ ശൂന്യാകാശ സഞ്ചാരികളായ 'ക്രിസ്റ്റിന കോച്ചും' 'ജെസീക്ക മേയറും'  ശൂന്യാകാശത്ത്  ഏറ്റവും കൂടുതൽ 'നടത്തം'   പൂർത്തിയാക്കിയ ആദ്യത്തെ രണ്ടു സ്ത്രീകളായി ചരിത്രം കുറിക്കപ്പെട്ടു.  അമേരിക്ക ആദ്യമായി ശൂന്യാകാശ യാത്രക്ക് സ്ത്രീകളെ പങ്കെടുപ്പിക്കാൻ പദ്ധതിയിട്ടത് 1978-ലാണ്. 1983-ൽ സോവിയറ്റ് യൂണിയൻ രണ്ടു സ്ത്രീകളെ ശൂന്യാകാശത്ത് അയക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്തിരുന്നു. 'കോച്ചും' 'മേയറും' 2013-ലെ ശൂന്യാകാശ പരിശീലന ക്ലാസ്സിൽ പ്രായോഗിക പരിജ്ഞാനം നേടിയവരാണ്‌. ആദ്യമായി സ്ത്രീ ജനങ്ങളിൽനിന്നും ശൂന്യാകാശത്തിൽ  ഏറ്റവും കൂടുതൽ നടന്നുകൊണ്ടു ഉലാത്തിയവരും  ഇവർ തന്നെ.

2019-ൽ  ആദ്ധ്യാത്മിക ലോകത്തിൽ ഏറ്റവും ശ്രദ്ധപറ്റിയ  മഹത്‌വ്യക്തി ഫ്രാൻസീസ് മാർപാപ്പാ തന്നെയാണ്.  ഫെബ്രുവരി മാസത്തിൽ അദ്ദേഹം  യുഎഇ യും അറബിനാടുകളും സന്ദർശിക്കുകയുണ്ടായി.  ചരിത്രത്തിലാദ്യമാണ്  ഒരു മാർപാപ്പാ അറബി നാട്ടിലെത്തുന്നത്. അബുദാബിയിൽ എത്തിയ മാർപാപ്പായെ അബുദാബി കിരീടാവകാശിയായ 'ഷെയ്ക്ക് മുഹമ്മദ് ബിൻ സയിദ്'  സ്വീകരിച്ച് ആനയിക്കുകയുണ്ടായി. സർവ്വ മത സമ്മേളനത്തിലും ലക്ഷക്കണക്കിന് ജനം പങ്കെടുത്തിരുന്നു. ലോക സമാധാനം ലക്ഷ്യമിട്ടായിരുന്നു മാർപാപ്പായുടെ ഈ യാത്ര.  രണ്ടു വലിയ മതങ്ങളായ ഇസ്‌ലാമും ക്രിസ്തുമതവും  തമ്മിലുള്ള കൂടിച്ചേരലിൽ  അറബി ലോകം  സഹകരിക്കുകയും ചെയ്തു.   മതങ്ങൾ  തമ്മിലുള്ള അകൽച്ചകളും കുറയുന്നത് ഈ ആത്മീയ കൂട്ടായ്മകളിൽ പ്രകടമായിരുന്നു.

ഹൃസ്വമായ ജീവിതമാണ് നമുക്കെല്ലാമുള്ളത്.  വിട പറയുന്ന 2019-ൽ സ്നേഹമുണ്ടായിരുന്നു. ചിരിയും വെറുപ്പുമുണ്ടായിരുന്നു. വെറുപ്പിനെ നാം ഇല്ലാതാക്കണം. കഴിഞ്ഞതിനെപ്പറ്റി നാം ആകുലപ്പെടേണ്ടതില്ല! സുന്ദരമായ പ്രപഞ്ചകണികയിൽ  2020 സഞ്ചരിക്കട്ടെയെന്നും കാംഷിക്കുന്നു.   ശാന്തിയും സമാധാനവും എവിടെയും ലോകമെമ്പാടും വിതറട്ടെയെന്നും  അഭിലാഷിക്കാം! ഓരോ വർഷത്തിൻറെ ആരംഭവും മറ്റൊരു വർഷത്തിന്റെ അവസാനവുമാണ്‌.  ഗുഡ് ബൈ 2019! ആരംഭത്തിന്റെ പുതുവർഷം നന്മകൾ വിതക്കട്ടെ! മാറ്റങ്ങളുടെ മുഴക്കമേറിയ നവദിനങ്ങളുടെ  ശുഭാശംസകൾ ഏവർക്കും എന്റെ  പ്രിയപ്പെട്ട വായനക്കാർക്കും നേരുന്നു.





Image result for modi pictures"


Image result for kashmir fighting 2019 pictures

Her ‘performance has been extraordinary’: Jacinda Ardern lauded for her response to New Zealand mosque attacks
Prime Minister Jacinda Ardern (New Zealand)
Image result for pope arabia pictures

Image result for christina koch and jessica meyer"

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...