ക്രിസ്ത്യാനികളെ പഠിപ്പിക്കുന്ന ദൈവശാസ്ത്രത്തില്‍ യാതൊരു ധാര്‍മ്മിക നീതിയും ഇല്ല. ക്രിസ്ത്യാനിയായ യേശു മാജിക്കും ട്രിക്കും കാണിക്കുന്ന ആത്മീയതയില്ലാത്ത മന്ത്രവാദിയെപ്പോലെയാണ്. സ്നേഹിക്കുന്ന നസ്രത്തിലെ യേശു വേദപാഠക്ലാസ്സുകളിലെ സിലബസ്സിലും ഇല്ല. കന്യകയിൽ ജനിച്ച്, ജീവിതകാലം മുഴുവന്‍ അത്ഭുതങ്ങള്‍ കാണിച്ച്, കുരിശില്‍ തറച്ചു മരിച്ചു, കല്ലറയില്‍ നിന്നു ഉയർത്തു എഴുന്നേറ്റു. ഇങ്ങനെമാത്രം പഠിപ്പിച്ചാല്‍എവിടെയാണ് യേശുവിന്‍റെ സ്നേഹം. ദുഖിക്കുന്ന യേശുവിനെ ഓരോ കുഞ്ഞിന്റെ മനസ്സിലും കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ പാകപ്പെടുത്തും. ശിഷ്യനായ തോമസ് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വിലാപത്തെ വിശ്വസിക്കുവാന്‍ കൈകള്‍കൊണ്ടു സ്പര്‍ശിക്കുന്നു. ചമ്മട്ടിയടിയും കണ്ണുനീരും പ്രാര്‍ത്ഥനയും കുഞ്ഞു മനസ്സുകളില്‍ അങ്ങനെ ശോകം ഉണ്ടാക്കിക്കൊണ്ടിരിക്കും.
ഉള്ളു നിറയെ സന്തോഷം വന്നാലേ സ്നേഹവും മനസ്സിൽ നിറയുകയുള്ളൂ. ഒരിക്കലും ചിരിക്കാത്ത യേശുവിന്‍റെ ഈ രൂപങ്ങളൊക്കെ മാറ്റി പൊട്ടിച്ചിരിക്കുന്ന യേശുവിന്‍റെ പ്രതിമ അല്ത്താരയിൽ ഇനി പ്രതിഷ്ടിക്കട്ടെ. പുരോഹിതരെ അങ്ങനെയെങ്കിലും ക്രിസ്ത്യാനിയായ യേശു പരിഹസിക്കട്ടെ. പറയുന്ന കഥകൾ വിശ്വസിച്ചാൽ രക്ഷപ്പെടും. ഇല്ലെങ്കിൽ നിത്യനാശമായ നരകത്തിൽ ഇടം. ഇതു കേൾക്കുമ്പോഴെങ്കിലും അൾത്താരയിലെ കരയുന്ന ക്രിസ്ത്യാനിയായ യേശുവിനു ചിരി വരുകയില്ലേ.
സങ്കുചിത മനസ്ഥിതി പഠിപ്പിച്ചു ക്രിസ്ത്യാനിയെ മറ്റു മതങ്ങളിൽനിന്ന് ഒറ്റപ്പെടുത്തി. സ്നേഹിക്കേണ്ട ഇവരെ ആഗോള നിലവാരത്തിൽ മനുഷ്യാവകാശങ്ങളെ ധിക്കരിക്കുന്ന ഒരു വർഗസമൂഹമായി മാറ്റിയെടുത്തു. ദുഷിച്ച മതങ്ങൾ എന്നും വിഷം മനസ്സിൽ കലർത്തിയ മനുഷ്യരെയും സൃഷ്ടിക്കുന്നു. അതുകൊണ്ടു ക്രിസ്തുമതം സ്ഥാപിച്ചത് ക്രിസ്ത്യാനിയായ യേശു തന്നെയാണ്. സത്യത്തിറെ യേശുവല്ല.
നസ്രത്തിലെ യഹൂദനായ യേശു ക്രിസ്ത്യാനി ആയിരുന്നില്ല. ദരിദ്രർക്കും പീഡിതർക്കും ആശ്വാസമായി ആ യഹൂദൻ വന്നു. പുത്തനായ ഒരു യുഗത്തിന്‍റെ സന്ദേശം യഥാർഥയേശു ലോകത്തിനു നൽകി. ക്രിസ്തുമതം ഉണ്ടാകുന്നതിനു മുമ്പാണ് ഈ പുണ്യപുരുഷൻ ജീവിച്ചിരുന്നത്. അദ്ദേഹം ഒരു വർഗത്തെ, ആചാരങ്ങളെ, നിയമങ്ങളെ പഠിപ്പിച്ചില്ല. അതെല്ലാം ഓരോ കാലത്ത് ക്രിസ്ത്യാനിയായ യേശുവിന്റെ കണ്ടുപിടിത്തമാണ്. കള്ളഗുരുവാണ് അയാൾ. യഥാർഥ യേശു വന്നത് സ്നേഹം പഠിപ്പിക്കാനാണ്. ക്രിസ്ത്യാനിറ്റിയെപ്പറ്റിയല്ല. ഓരോകാലങ്ങളിൽ സത്യത്തിൽ മായംചേർത്തു പുരോഹിതമതം വയറു നിറച്ചു. ക്രിസ്ത്യൻ ദൈവശാസ്ത്രം ഉണ്ടാകുന്നതിനുമുമ്പ് നസ്രത്തിലെ യേശു യഹൂദരെ ദൈവത്തിന്‍റെ വഴി എങ്ങനെയെന്നു പഠിപ്പിച്ചു. പുരോഹിതനിൽക്കൂടിയെന്ന് അതു ക്രിസ്ത്യാനിയായ യേശു തിരുത്തി എഴുതി.
പുരോഹിതന്‍റെ ധ്യാനമന്ത്രങ്ങൾ ഇല്ലാതെ യേശുവിനെ യുക്തിപൂർവ്വം സ്വന്തം ജീവിതത്തിൽ പകർത്തിക്കൂടേ? മെത്രാൻറെയും വികാരിയുടെയും കൈകൾമുത്തി സ്വയം വ്യക്തിത്വം അടിയറ വെച്ച് പള്ളിക്ക് പത്തു ശതമാനവും നൽകി അർത്ഥമില്ലാത്ത ഒരു ജീവിതം എന്തിനു നയിക്കണം.ആത്മാവിന്‍റെ രക്ഷ കുമ്പസാരത്തിലും കുർബാനയിലും ഒളിഞ്ഞിരിക്കുന്നുവെന്ന് ഇവരെ അറിയിച്ചത് ദൈവശാസ്ത്രത്തിലെ യേശുവാണ്. പിന്നീടു കാനോൻ നിയമങ്ങളും കൂട്ടി ചേർത്തു. ചരിത്രത്തിലെ യേശുവിന് ഈ പേക്കൂത്ത് എന്തെന്നു അറിയില്ല. സത്യമായ യേശുവിനെ കള്ളനാണയങ്ങളിൽനിന്നു ചികഞ്ഞെടുക്കുവാനും ബുദ്ധിമുട്ടാണ്. സത്യത്തിന്റെ തനി തങ്കം ഉരക്കുവാൻ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് കാലത്തിന്റെ ആവശ്യം. ശാസ്ത്രീയ ഗവേഷണങ്ങളിൽക്കൂടി യേശുവിനെ കണ്ടെത്തിയാൽ നമ്മെ പഠിപ്പിച്ച യേശു, പുരോഹിതന്റെ ഭാവനാ സൃഷ്ടിയെന്ന് വിവേകമുള്ള സമൂഹം പറയും.
നവീകരണ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ട മാർട്ടിൻ ലൂതർ കുഞ്ഞായിരുന്നപ്പോൾ ആഴക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലിന്‍റെ ചിത്രം വീക്ഷിച്ചു. കപ്പലിനു ചുറ്റും വെള്ളത്തിലേക്കു മുങ്ങിത്താഴുന്ന അല്‍മായരും കപ്പലിന്‍റെ മട്ടുപ്പാവിൽ രക്ഷയ്ക്കായി കൈനീട്ടി നില്‍ക്കുന്ന പുരോഹിതരും. പുരോഹിതനാകുവാൻവേണ്ടി അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ചിത്രമായിരുന്നു. ഒരു പക്ഷെ പുതിയനിയമത്തിന്‍റെ അർത്ഥവ്യാപ്തിയിലേക്ക് ബാലനായിരുന്ന മാർട്ടിൻലൂതർ അന്നു ചിന്തിച്ചിട്ടുണ്ടാവുകയില്ല.
ക്രിസ്തുവിൽ വിശ്വാസിക്കുന്നവന്‍റെ ഡയറിയിൽ 'പുരോഹിതൻ' എന്ന വാക്കു കാണുകയില്ല. സഭയുടെ കാനോൻനിയമങ്ങളും ക്രിസ്തുസന്ദേശങ്ങൾക്ക് എതിരാണ്. പൌരാഹിത്യം നിലനിൽക്കുവാൻ അല്മായർ പാപങ്ങൾ പുരോഹിതനോട് പറയണം എന്നാണ്. ഈ അനുഷ്ഠാനങ്ങൾ ഒന്നും ക്രിസ്തുവിന്‍റെ വേദപാഠത്തിൽ ഇല്ല. മാർപാപ്പ മുതൽ പുരോഹിതർവരെയും അല്‍മായരും ക്രിസ്തുവിൽ ഒന്നാണെന്ന് പുതിയനിയമ ഉടമ്പടി പറയുന്നു.
സഭയുടെ സംവിധാനങ്ങൾ ഒരു വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഉയർന്ന ശ്രേണിയിൽ പുരോഹിതരും രണ്ടാംതരം യാത്രക്കാരായി അല്മായരും എന്നപോലെയാണ്. പുരോഹിതരെ വരേണ്യവർഗമായി കാണുന്നു. അല്മായന്‍റെ ജോലി പ്രാർഥിക്കുക, പണം കൊടുക്കുക, അനുസരിക്കുക. അല്മായന്‍റെ സമ്പത്ത് അനുഭവിക്കേണ്ടത് പുരോഹിതനും. പുരോഹിതൻ പണം കൊടുക്കുന്നതു വഴി അല്മായൻ പുതിയനിയമത്തിനെ ലംഘിക്കുകയാണ്. ക്രിസ്തുവിൽ ഏകശരീരമായി വിശ്വസിക്കുന്നവർക്ക് പുരോഹിതന്‍റെ സഹായം എന്തിന്?
നിങ്ങള്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്‍റെ വചനങ്ങൾ അനുസരിക്കണം. വചനങ്ങള്‍ അനുസരിക്കുന്നുവെങ്കില്‍ പുരോഹിതനെ തഴയണം. "തിരുമേനി" വിളികളും "റെവറണ്ട്" വിളികളും വേണ്ടെന്നു വെക്കണം. സ്വയം ആത്മാവിനെ കണ്ടെത്തുക. ദൈവംആത്മാവിന്‍റെ രൂപത്തില്‍ ഓരോ മനുഷ്യഗണങ്ങളിലും ഉണ്ട്.അവിടെ പുരോഹിതനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസം ഇല്ല. മതങ്ങളും പ്രത്യേക ദൈവങ്ങളും ഇല്ല. മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവങ്ങളും ഇല്ല. ദൈവത്തിന്‍റെ കൃപ യേശുവില്‍ ഒന്നായ സകല മാനവജാതിക്കും ഒരുപോലെയുള്ളതാണ്.
പുരോഹിതനെ അഭിവാദനം ചെയ്യേണ്ടത് ഇങ്ങനെ, "താങ്കള്‍ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. പാരമ്പര്യത്തില്‍ താങ്കള്‍ വിശ്വസിച്ചു. എന്നാല്‍ യേശുപറഞ്ഞതും സുവിശേഷ തത്ത്വങ്ങളെയും താങ്കൾ മനസിലാക്കിയില്ല. മാനവസാഹോദര്യം ഒന്നായിക്കാണേണ്ടത് ക്രിസ്തുവിലാണ്, മനുഷ്യനില്‍ അല്ല.'
ക്രിസ്തീയ ജ്ഞാനം തെറ്റായി പഠിച്ച ഒരു വ്യക്തിയല്ല നമ്മെ നയിക്കേണ്ടത്. പുരോഹിത മതത്തിൽ നിന്നും സ്വതന്ത്രനായി ഒരുവൻ ചെയ്യേണ്ടത് ചിന്തകളെ സ്വയം നവീകരിച്ചു സത്യത്തെ അന്വേഷിക്കുകയാണ്. സത്യം നിങ്ങളോടു സംസാരിക്കുന്നുവെങ്കിൽ പുരോഹിതൻ എന്തിനു സ്പൂണ്‍ ഫീഡിംഗ് നടത്തണം. ഒന്നായ ക്രിസ്തുവിൽ മാറ്റങ്ങൾക്കു പുരോഹിതനിയന്ത്രണം എന്തിന്? ശരീരത്തിൽ എല്ലാ അവയങ്ങളും തുല്യമായി പ്രവത്തിക്കുന്നതു പോലെ പുരോഹിത മതത്തിൽനിന്നും സ്വതന്ത്രനായി ഒരുവൻ ചെയ്യേണ്ടതും ക്രിസ്തുവിന്‍റെ സഭയിൽ സഭാമക്കൾ ഒന്നുപോലെ ഏക സാഹോദര്യത്തിൽ സ്വയം ആത്മാവിനെ കണ്ടെത്തുകയെന്നുള്ളതാണ്. പണം കൊടുത്തു പുരോഹിതനെ പ്രീതിപ്പെടുത്തിയാൽ ക്രിസ്തുവിനെതിരെ ശാത്താനേ കൂട്ടു പിടിച്ചു വചനാഘോഷങ്ങൾ നടത്തുന്നതിനു തുല്യമാണ്. മാറ്റങ്ങൾ സത്യത്തിന്‍റെ സാഹോദര്യത്തെ നിലനിർത്തും. അധർമ്മം വെടിഞ്ഞ് ധർമ്മത്തിലേക്കു നയിക്കും. കാലത്തിനും മാറ്റം വരണം. ഇന്ന് തടസ്സമായിരിക്കുന്നത് പുരോഹിത അല്മായ അന്തരങ്ങളാണ്. ദൈവത്തിന്‍റെ ബുക്കിൽ പുരോഹിതന്‍റെ നാമം വെട്ടിക്കളഞ്ഞിരിക്കുന്നു.
തലമുറകളായി മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ കോടാനുകോടി ജനങ്ങളെയാണ് പുരോഹിതർ കെണിയിൽ കുടുക്കിയത്. കബളിപ്പിക്കല്‍ തുടർന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കിൽ ഭയപ്പെടുത്തി അവർ നമ്മെ കീഴ്പ്പെടുത്തി. ഇന്ന് നാം വിശ്വസിക്കുന്ന യേശുവിനെ ഗവേഷകരുടെ ചരിത്ര അളവുകോൽകൊണ്ട് ഒരിക്കലും അളക്കുവാൻ സാധിക്കുകയില്ല.
പ്രേമിക്കുന്നവർക്കു കണ്ണില്ലെന്നു പറയും. അതുപോലെ അന്ധമായി വിശ്വസിക്കുന്നവനും നിഴലിനെ കണ്ണില്ലാതെ പിന്തുടരുന്നു. ചരിത്രത്തിലെ യേശുവിനെ അന്വേഷിക്കാതെ ദൈവശാസ്ത്രത്തിലെ യേശുവിനെ കുർബാനയിൽ കീറിമുറിച്ച് അൾത്താരയിൽ പ്രതിഷ്ഠിക്കുന്നു.
ദൈവശാസ്ത്രത്തിൽ ഒരിക്കലും ചരിത്രം ഉൾകൊള്ളണമെന്നില്ല. വിശ്വാസത്തിൽ അധിഷ്ഠിതമായ ദൈവശാസ്ത്രം യുക്തിയില്ലാതെ പാഴായ ജീവിതം നയിക്കുന്നവരുടെ ഒരു പരിശീലനമെന്ന് ഉപമിക്കാം. ആത്മീയ തൊഴിലാളികൾക്കുള്ള അവസാനത്തെ ഒരു സങ്കേതവും. ചരിത്രം പഠിക്കാതെ ദൈവശാസ്ത്രം മാത്രം പറയുന്ന പാസ്റ്ററും പുരോഹിതരും യഥാർഥത്തിൽ വിശ്വാസിയുടെ പണം ചോർത്തിയെടുക്കുവാൻ യേശുവിന്റെ നാമത്തിൽ വലയിടുകയാണ്. ചരിത്രത്തിലെ യേശു അത്ഭുതങ്ങൾ കാണിക്കുന്ന ഒരു ദിവ്യൻ ആയിരുന്നില്ല. അമാനുഷങ്ങളായ ഇത്തരം പ്രതിഭാസങ്ങൾ ദൈവശാസ്ത്രത്തിൽനിന്നു ചിന്തിക്കാത്തവനെ പരിശീലിപ്പിച്ച ഒരു വിശ്വാസതന്ത്രം മാത്രം. അവിടെ പുരോഹിതൻ ജയിച്ചു. രാജ്യങ്ങളും രാജാക്കന്മാരും കൊട്ടാരങ്ങളും മാമ്മോനും പുരോഹിതന് അടിയറ പറഞ്ഞു.
യേശുവിൻറെ ഉയിർപ്പും ഇതുപോലെതന്നെ. ചരിത്രത്തിനോ ശാസ്ത്രത്തിനോ തെളിയിക്കുവാൻ സാധിക്കുകയില്ല. ഒരു പക്ഷെ യാഥാസ്ഥിതികരായ ദൈവശാസ്ത്രജ്ഞർക്കു സാധിച്ചേക്കും. പ്രകൃതിവിരുദ്ധമായ ഉയർപ്പ് ജീവശാസ്ത്രത്തിനു പുറത്തുതന്നെ. ഉയർപ്പു സത്യമാണെങ്കിൽത്തന്നെയും അളക്കാൻ പാടില്ലാത്ത ദൈവികനിയോഗത്തെ ചരിത്രത്തിന് ഉപകരിക്കുകയുമില്ല. മൂന്നാംലോകത്തിലെ വിദ്യാഹീനരായ കൃഷിക്കാർക്ക് ചരിത്രത്തിലെ യേശുവിനെ മനസിലാക്കുവാൻ ബുദ്ധിമുട്ടായിരിക്കും. പ്രകൃതിയും കോപവും ഇടിയും മിന്നലും പരിസ്ഥിതിയും ഭൂമികുലുക്കവും കാറ്റും എന്തെന്ന് ശാസ്ത്രീയമായി വിവരിച്ചാൽ അവർ ശ്രദ്ധിക്കണമെന്നില്ല. യേശുവിന്‍റെ മരണത്തിൽ സംഭവിച്ച പ്രകൃതികോപങ്ങൾ അവർ അപ്പാടെ വിശ്വസിക്കുന്നു.
ചില യോഗികൾ സർവ്വം മായായെന്നു പറയും. വിവേകമുള്ള ചിന്തകനും ഗഹനമായ അറിവിൽ അലിഞ്ഞ യോഗിയും, സ്വർഗരാജ്യം നമ്മുടെ ഉള്ളിൽ എന്നു പറയും. ചരിത്രത്തിലെ യേശുവും സ്വർഗരാജ്യം ജീവിക്കുന്ന ഹൃദയങ്ങളിൽ ഉണ്ടെന്നു പഠിപ്പിച്ചു. യേശുവെന്ന മനുഷ്യപുത്രൻ മാനവലോകത്തിനു സമത്വഭാവന വിഭാവന ചെയ്തു. അന്നുണ്ടായിരുന്ന സാമൂഹ്യ വ്യവസ്തിയെ വെല്ലുവിളിച്ചു. സ്ത്രീക്കും സമൂഹത്തിൽ വില കല്‍പ്പിച്ചു. പോള്‍ അതു തിരുത്തി എഴുതി.
യഥാർഥ യേശുവിനെ തട്ടിക്കൊണ്ടു പോയത് ആരാണ്? സ്നേഹമാണ് യേശു പഠിപ്പിച്ചത്. സ്നേഹത്തെക്കാൾ നിയമങ്ങൾ പ്രധാനമെന്നു സഭ പഠിപ്പിക്കുന്നു. പ്രതീഷകകളാണ് യേശുവിന്‍റെ വാഗ്ദാനഭൂമിയിൽ ഉണ്ടായിരുന്നത്. നീ ഭയപ്പെടരുതെന്നു ലൂക്കിന്റെ സുവിശേഷത്തിൽ പന്ത്രണ്ടാം അദ്ധ്യായം മുപ്പത്തി രണ്ടാം വാക്യത്തിൽ പറയുന്നു. എന്നാൽ സഭ നിത്യനരകമെന്നു പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തുകയാണ്.സഭയുടെ വളർച്ചയും വിശ്വാസികളെ ഭയപ്പെടുത്തിയായിരുന്നു. പാപികളെ യേശു സ്നേഹിച്ചു. "സ്ത്രീയേ ഇനി നീ പാപം ചെയ്യരുതെ"ന്ന് അവിടുന്നു പറഞ്ഞു. എന്നാൽ ഇന്നു സഭയുടെ യേശു പാപികളെ ക്രൂശിക്കും. എത്രയെത്ര രക്തപ്പുഴകൾ സഭയുടെ സൃഷ്ടിയായ ക്രിസ്തുവിന്റെ പേരിൽ നടത്തി. സഭയ്ക്കെതിരായി പറഞ്ഞ പാഷണ്ഡികളെ വധിച്ചു.
സത്യമായ യേശു ആത്മീയകാര്യങ്ങളിൽ സ്ത്രീകൾക്കും മുൻഗണന നല്‍കി. ലൂക്കായുടെ സുവിശേഷത്തിൽ എട്ടാം അദ്ധ്യായം ഒന്നു മുതൽ നാലു വരെ വാക്യങ്ങളിൽ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ സഭ മൊത്തം പോളില്‍ പ്രേരിതരായി പുരുഷന്മാർക്കു മാത്രമേ ഇന്നു പ്രാധാന്യം കല്പ്പിച്ചിട്ടുള്ളൂ. പാവപ്പെട്ട മുക്കവരുടെയും ദരിദ്രരുടെയും കൂടെ നടന്ന യേശു എവിടെയോ ഒളിച്ചിരിക്കുന്നു. ഇന്നു കാണുന്നതു ഭൌതികലോകത്തിലെ സുഖസൌകര്യങ്ങളിൽ മതിമറന്ന കപട യേശു നയിക്കുന്ന ഒരു സഭയാണ്. യഥാർഥ യേശുവിനു ദളിതൻ, കുബേരൻ, ദരിദ്രൻ എന്നിങ്ങനെ വ്യത്യാസം ഇല്ലായിരുന്നു. അവൻ സർവ്വജാതികൾക്കും ഉപരിയായിരുന്നു. വേശ്യകളും ചുങ്കക്കാരും അവിടുത്തെ സുഹൃത്തുക്കൾ ആയിരുന്നു. നാനാത്വത്തിൽ ഏകത്വം വിഭാവന ചെയ്തു. ഇന്നു സഭയോ, നാനാത്വത്തിൽ വെറുപ്പിന്റെ ലോകം സൃഷ്ടിക്കുന്നു. ജാതികളും മതങ്ങളും ദളിതരും സവർണ്ണരും വേർതിരിച്ച് മത്സരങ്ങളുണ്ടാക്കി ലോകത്തു അസമാധാനം സൃഷ്ടിക്കുന്നു.
കടൽത്തീരത്തും മലയിലും ഗത്‌സേമൻ തോട്ടത്തിലും ദൈവത്തിന്‍റെ വഴികൾ കാണിച്ചു തന്ന യേശുവിന്‍റെയും ശിഷ്യന്മാരുടെയും ജീവിതം ലളിതവും മാനുഷ്യകവും ആയിരുന്നു. മാനവിക വികാരങ്ങളെ കണക്കാക്കാതെ ഇന്നു ആധുനിക സഭകൾ ഭൌതികലോകത്തിലെ സുഖനിദ്രയിൽ ശയിക്കുന്നു. സഭയെയും സഭയുടെ യേശുവിനെയും നിശിതമായി വിമർശിക്കുന്നയാളാണ് ലിയോ ടോൾസ്റ്റോയ്. യഥാർഥ യേശുവിന്‍റെ ജീവിതം പകർത്തുകയാണു സംസ്ക്കാരമെന്ന് അദ്ദേഹം വാദിച്ചു. പോപ്പിനെ ഏറ്റവും വലിയ അവിശ്വാസിയെന്ന് അദ്ദേഹം വിളിച്ചു. ലളിത ജീവിതം നയിച്ച യഥാർഥ യേശുവിനെ പുകഴ്ത്തുന്ന ടോൾസ്റ്റോയ്ക്ക് ആർഭാടജീവിതം നയിക്കുന്ന ക്രൈസ്തവ പൗരോഹിത്യത്തോട് പുച്ഛമായിരുന്നു. സ്വന്തം സഹോദരന്റെ കാരിരുമ്പ് തേടി നടക്കുവാനും പുതിയ പ്രമാണങ്ങളുണ്ടാക്കി. വർഗവിവേചനവും അടിമസമ്പ്രദായവും നടപ്പിലാക്കി. ദളിതരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി അവരുടെ അവകാശങ്ങൾ പിടിച്ചെടുത്തു. സ്വന്തം സ്ഥാപനങ്ങളിൽ നിന്നും ആട്ടിയോടിക്കുന്ന ദളിതർക്കുവേണ്ടി സർക്കാർ ആനുകൂല്യങ്ങൾക്കായി മുറവിളി കൂട്ടുന്നതും സഭയുടെ മറ്റൊരു കപടമുഖമാണ്. അവഹേളിക്കപ്പെട്ട ഒരു ജനതയെ വീണ്ടും ചവിട്ടി മെതിക്കുന്ന സഭാനയങ്ങളിൽ അടിച്ചമർത്തപ്പെട്ടവർ ദുഖിതരാണ്.
യഥാർത്ഥ മതം ആനന്ദത്തെയും ലൌകികസുഖത്തെയും ബലികൊടുത്തുള്ളതല്ല. അൾത്താരയിലെ ബലി നസ്രായക്കാരൻ യേശുവിന്റേതല്ല. ജീവിതം ഒന്നേയുള്ളൂ. അത് അവിവാഹിതരായി സന്യസ്തതയിൽ ഹോമിക്കുവാൻ ഉള്ളതല്ല. മനുഷ്യൻ സാമൂഹിക ജീവിയെന്ന നിലയിൽ പരസ്പരസ്നേഹത്തിലും സന്തോഷത്തിലും കഴിയണം. യഥാർത്ഥ യേശു അതിനു സാക്ഷിയാണ്. യേശുവും സാമൂഹിക കാഴ്ചാപ്പാടിൽ ഉല്ലസിച്ചിരുന്നു. അപ്പവും ഭക്ഷിച്ചു വീഞ്ഞും കുടിച്ചു അവരോടൊപ്പം ആനന്ദിച്ചിരുന്നു. യേശുവിനെ ശത്രുക്കൾ ശാപ്പാട്ടുരാമൻ, മദ്യപാനി എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചു. ജോണ് രണ്ടാംഅദ്ധ്യായം ഒന്നു മുതൽ പതിനൊന്നു വരെ വാക്യങ്ങൾ വായിച്ച് നമുക്കിനി അവനോടൊപ്പം ഹർഷാരവത്തോടെതന്നെ ഗലീലിയോയിലെ കാനായിലെ സല്‍ക്കാരത്തിൽ പങ്കുചേരാം.
No comments:
Post a Comment