ജോസഫ് പടന്നമാക്കൽ
ഈഴവർ കേരളത്തിലെ പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സമൂഹത്തിൽനിന്നും വിലക്കുകൽപ്പിച്ചിരുന്നതിനാൽ അവരെ പുറം ജാതികളായി വർണ്ണജാതികൾ കരുതിയിരുന്നു. അതേ സമയം നായന്മാരോട് ജാതിയിൽ കൂടിയവർക്ക് വിവേചനമുണ്ടായിരുന്നില്ല. കേരളത്തിൽ മറ്റെല്ലാ ജാതികൾക്കുമുമ്പേ ആദ്യമായി കുടിയേറിയവരും ഈഴവരെന്നു അനുമാനിക്കുന്നു. കാലക്രമേണ അവർ ഹിന്ദു മതം സ്വീകരിക്കുകയും ശ്രീ നാരായണ ഗുരുവിനെപ്പോലുള്ളവരുടെ ഉപദേശങ്ങൾ പഠിക്കുകയും ചെയ്തു. സമുദായ ഉയർച്ചക്കായി വിദ്യാഭ്യാസ മേഖലകളിലും ഈഴവർ പ്രവർത്തിക്കാൻ തുടങ്ങി. സ്വന്തമായി സ്‌കൂളുകളും തുടങ്ങി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് അവർക്ക് മലബാർ സിവിൽ സർവീസ് നിയമനങ്ങൾ നൽകിയും മറ്റു സമുദായ പുരോഗതികൾക്കും സഹായിച്ചിരുന്നു. അനേകർ രാഷ്ട്രീയത്തിലും ഉയർച്ചകൾ പ്രാപിച്ചിരുന്നു. ഭൂരിഭാഗം ഈഴവരും മാർക്സിറ്റ് പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസപരമായും രാഷ്ട്രീയ ഉയർച്ചകളിലും ഈഴവർ വളരെയേറെ നേട്ടങ്ങൾ നേടിയിട്ടുണ്ട്. ഇന്നവർ ഹിന്ദു സമുദായത്തിന് പുറത്തുള്ളവരല്ല. സാമൂഹികമായ അന്തസ്സ് പൂർണ്ണമായും നേടി കഴിഞ്ഞിരിക്കുന്നു. ഈഴവർ ഇന്ന് ബലവത്തും സാമ്പത്തികമായി പുരോഗമിച്ച ഒരു സമുദായവുമാണ്.
ചേര രാജവംശം സ്ഥാപിച്ച 'വില്ലവർ' സമൂഹത്തിലെ അനന്തരഗാമികളാണ് ഈഴവർ എന്ന് വിശ്വസിക്കുന്നു. ദ്രാവിഡ വംശജരായ ചേര രാജാക്കന്മാർ ഒരിക്കൽ കേരളം ഭരിച്ചിരുന്നു. അവരുടെയിടയിൽ ആയുർവേദ വൈദ്യർ, യുദ്ധപ്പോരാളികൾ, കളരിപ്പയറ്റ് പഠിപ്പിക്കുന്നവർ, കൃഷിക്കാർ, സിദ്ധന്മാർ, കച്ചവടക്കാർ എന്നിങ്ങനെ എല്ലാ തുറകളിലും ജോലിചെയ്യുന്നവരുണ്ട്. ചിലർ വസ്ത്രങ്ങൾ നിർമ്മിയ്ക്കുന്നു. മദ്യം വിൽക്കുന്നവരും തെങ്ങും പനയും ചെത്തി മദ്യം എടുക്കുന്നവരുമുണ്ട്. ഇവരുടെ ഉപവിഭാഗമായ ചേകവർ രാജ്യം പരിരക്ഷിക്കുന്ന പോരാളികളായിരുന്നു. പേരു കേട്ട കളരിപ്പയറ്റുകാരും അവരുടെയിടയിൽ ഉണ്ടായിരുന്നു. പ്രസിദ്ധ സർക്കസ് കമ്പനികളും നടത്തിയിരുന്നത് ഈഴവരായിരുന്നു.
ഈഴവരുടെ ഉത്ഭവം എങ്ങനെയെന്ന് ദുരൂഹതകളിലും ഐത്യഹ്യ കഥകളിലും ഒളിഞ്ഞിരിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ആഘോഷിച്ചിരുന്ന വടക്കൻ പാട്ടുകളിൽ 'ആരോമൽ ചേവകർ തങ്ങളുടെ പൂർവികർക്ക് ലങ്കായെന്ന സ്ഥലത്ത് പുരാതനമായ വീടുകൾ ഉണ്ടായിരുന്നുവെന്നു' പാടുന്നുണ്ട്. ഈ പദ്യം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിച്ചതല്ലെന്നും രചിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്നും വാദങ്ങളുമുണ്ട്. ഈഴവരുടെ പൗരാണിക കാലം അറിയാൻ വില്ലടിച്ചാൻ പാട്ട് തെളിവല്ലെന്നും വാദിക്കുന്നു. തെങ്ങും പനയും ചെത്തുന്ന തൊഴിലുകളിൽ ഈഴവർ ഏർപ്പിട്ടിരുന്നതുകൊണ്ട് തെങ്ങിൻ തൈകളും പനയുടെ തൈകളും അവർ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നുവെന്നു വിശ്വസിക്കുന്നു.
വടക്കേ മലബാറിൽ അവരെ തീയ്യന്മാർ എന്നും തെക്ക് അവരെ ഈഴവരെന്നും ചൊവോന്മാരെന്നും പറയുന്നു. തീയ്യരും ഈഴവരും ഒന്നാണെന്ന് തീയ്യ സമുദായം അംഗീകരിക്കുന്നില്ല. തീയ്യർ ഒരു പ്രത്യേക വംശമാണെന്നും ഈഴവ ജാതിയിൽപ്പെട്ടവരല്ലെന്നും അവകാശവാദങ്ങളുണ്ട്. തീയ്യരുടെ 'ഇല്ലം ' സമ്പ്രദായം അതിനൊരു തെളിവാണ്. 'എട്ടു ഇല്ലങ്ങൾ' ചേർന്നതാണ് തീയ്യ വംശം. ഗോത്രീയതമായ ഈ സമ്പ്രദായം ഈഴവരുടെ സാമൂഹിക പശ്ചാത്തലത്തിൽ കാണപ്പെടുന്നില്ല. 'ഈഴവ' എന്നാൽ പരസ്പര ബന്ധമില്ലാത്ത പല ജാതികൾ കൂടിയതാണ്. ചൊവോൻ, പണിക്കർ, ചാന്നാർ, ഇരുവ, ഈഴവ, കാരണവർ എന്നിങ്ങനെ അനേക ഉപവിഭാഗങ്ങൾ ഈഴവരിൽ കാണാം. എന്നാൽ തീയ്യന്മാരിൽ തനതായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. അവർ വ്യക്തമായ ഒരു വംശമാണ്.
ഈഴവരും തീയ്യരും വിവാഹബന്ധങ്ങളിൽ ഏർപ്പെടാറില്ല. ബ്രിട്ടീഷ്കാർ ഭരിക്കുന്ന കാലത്ത് തീയ്യർക്ക് വോട്ടവകാശം നൽകിയപ്പോൾ ഈഴവർക്ക് നൽകിയിരുന്നില്ല. തീയ്യർ മരുമക്കത്തായം പിന്തുടരുമ്പോൾ ഈഴവർ മക്കത്തായം പിന്തുടരുന്നു. തീയ്യർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇല്ല. എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധന സമ്പ്രദായമുണ്ട്. തീയ്യർക്കിടയിൽ സ്ത്രീകൾക്ക് സ്വത്തവകാശമുണ്ട്. പാരമ്പര്യ സ്വത്തുക്കൾ അമ്മയിലൂടെ മാത്രം. അതേ സമയം ഈഴവർക്ക് പാരമ്പര്യ സ്വത്ത് അച്ഛനിൽക്കൂടി മാത്രവുമാണ്. ഈഴവരുടെയും തീയ്യന്മാരുടെയും ഗ്രഹ നിർമ്മാണങ്ങൾ വ്യത്യസ്തമായ രീതിയിലെന്നും കാണാം.
ഈഴവർ ബുദ്ധമതക്കാരുടെ പാരമ്പര്യം അവകാശപ്പെടുമ്പോൾ തീയ്യർക്ക് അങ്ങനെയൊരു പാരമ്പര്യമില്ല. തീയ്യർ മെഡിറ്ററേനിയൻ ജനിതകം അവകാശപ്പെടുമ്പോൾ ഈഴവർ ശ്രീ ലങ്കൻ വംശാവലിയിൽ വിശ്വസിക്കുന്നു. മലബാർ പ്രവിശ്യയിലുണ്ടായിരുന്ന 'തീയ്യർ' ബ്രിട്ടീഷ് ഇന്ത്യയിൽ ഉയർന്ന ജോലികൾ നോക്കിയിരുന്നവരും പ്രബല വിഭാഗവുമായിരുന്നു. ശൈവാരാധനയും വൈഷ്ണാരാധനയും അവരുടെയിടയിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്ത് അവരെ ഉന്നത ജാതികളായി കരുതിയിരുന്നു. എന്നാൽ ആർ. ശങ്കറുടെ കാലത്ത് 1960-ൽ അവരെ ഒബിസി വിഭാഗങ്ങളാക്കി. പിന്നീട് തീയ്യരും ഈഴവരും ഒന്നാണെന്ന് പ്രചരിപ്പിക്കാനും ആരംഭിച്ചു. തീയ്യന്മാർ ഇൻഡോ ആര്യന്മാരെന്ന് അവകാശപ്പെടുമ്പോൾ ഈഴവർ ശ്രീ ലങ്കയിലെ പാരമ്പര്യത്തിൽ വിശ്വസിക്കുന്നു.
കോഴിക്കോട് കോരപ്പുഴയ്ക്ക് അക്കരെ ജീവിച്ചിരുന്ന വിഭാഗമാണ് തീയ്യർ. എന്നാൽ ഈഴവർ തിരുവിതാംകൂർ ഭാഗത്തും. യാത്രാ സൗകര്യങ്ങളില്ലാത്ത കാലത്ത് ഇത്രമാത്രം വിദൂരതയിൽ താമസിച്ചിരുന്ന ഈഴവരും തീയ്യരും തമ്മിൽ സാംസ്‌ക്കാരികപരമായി യാതൊരു ബന്ധത്തിനും സാധ്യതയില്ല. തീയ്യരുടെ വിവാഹ, മരണ ആചാരങ്ങളും ഈഴവരുടേതിൽ നിന്നും വ്യത്യസ്തമായി കാണാം. ഇന്ത്യ സർക്കാരിന്റെ രേഖകളിലും തീയ്യന്മാരെ പ്രത്യേക വിഭാഗമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
ശബ്ദോത്ഭത്തി ശാസ്ത്രമനുസരിച്ച് 'ഈഴവൻ' എന്ന വാക്ക് 'ഈഴം' എന്ന വാക്കിൽനിന്നും ലോപിച്ചതെന്നു വിശ്വസിക്കുന്നു. ഈഴം എന്ന് പറഞ്ഞാൽ ശ്രീ ലങ്കയെ വിശേഷിപ്പിക്കുന്ന പദമാണ്. ചൊവോൻ എന്ന പദം 'സേവകൻ' എന്ന് അർത്ഥം ധ്വാനിക്കുന്നു. ഈഴവർ കേരളത്തിലെ മറ്റേതു ജാതികളെക്കാളും ഏറ്റവും അതിപുരാതനമായ വംശമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഒമ്പതാം നൂറ്റാണ്ടിലുള്ള തരിശാ പള്ളി ചെപ്പേടിലും തഞ്ചാവൂർ ചെപ്പേടിലും ഈഴവരുടെ പേര് ലിഖിതം ചെയ്തിട്ടുണ്ട്. അവരുടെ തൊഴിൽ തെങ്ങു ചെത്തും പനചെത്തും മാത്രമായിരുന്നില്ല, കൃഷിക്കാരുമായിരുന്നു. തൊഴിലനുസരിച്ച് അവർ രാജാവിന്റെ സുരക്ഷിതാ സൈന്യകരുമായിരുന്നു.
കേരളം മുഴുവൻ നാഗാരാധന ഈഴവരുടെ ഇടയിലുമുണ്ട്. വീടിനോടനുബന്ധിച്ചുള്ള ചെറിയ കാടുകളിലായി സർപ്പക്കാവുകളും നിർമ്മിക്കുന്നു. സർപ്പത്തിന്റെ ബിംബം പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. വയനാട്ടു കുളവൻ, കതിവന്നൂർ വീരൻ, പൂമാരുതൻ, മുത്തപ്പൻ എന്നീ ദൈവങ്ങളെ ഈഴവർ പൂജിക്കുന്നു. ഈഴവരും ബുദ്ധന്മാരും തമ്മിലുള്ള ബന്ധം സംബന്ധിച്ചും ചരിത്രത്തിലെ ചർച്ചാവിഷയങ്ങളാണ്. 'ഈഴവരുടെ ദൈവങ്ങളായ ചിറ്റനും അരത്തനും ബുദ്ധന്മാരുടെ സിദ്ധനും അർഹതനുമെന്നു' സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെട്ടിരിക്കുന്നു. കൂടാതെ ഈഴവരുടെ ആരാധന കർമ്മങ്ങളിൽ പങ്കുചേർന്നിരുന്ന പണ്ടാര സമൂഹങ്ങൾ ബുദ്ധ സന്യാസികളെന്നും പറയുന്നു.
ഈഴവർ പൊതുവെ പൂജകളിൽ വലിയ താല്പര്യമോ ദൈവ ശാസ്ത്രങ്ങളിൽ പ്രാധാന്യമോ കല്പിക്കാറില്ല. അത് അവരുടെ ബുദ്ധപാരമ്പര്യത്തെ കുറിക്കുന്നു. ഈസ്റ്റ് യൂറേഷ്യൻ സമതലങ്ങളിലുണ്ടായിരുന്ന മംഗോളിയൻ ജനിതകമായി സാമ്യമുണ്ടെന്നും അവരുടെ ജെനറ്റിക്ക് പഠനം വ്യക്തമാക്കുന്നുണ്ട്. ഈഴവരുടെ ആചാരങ്ങൾ വളരെ പ്രാചീനമായതുകൊണ്ടു അവരുടെ ഉത്ഭവം സംഘ കാലത്തു മുമ്പുള്ള തമിഴകത്ത് നിന്നുമാവാം. മുരുഗനെയും കാളിയെയും ആരാധിക്കുന്നത് തമിഴു പാരമ്പര്യത്തെ ചൂണ്ടികാണിക്കുന്നു. ഈഴവർ പൂജിക്കുന്ന ചാത്തൻ, ചിത്തൻ, അരത്തൻ ദൈവങ്ങൾ തമിഴ്‌നാട്ടുകാർ ആചരിക്കുന്ന ദൈവങ്ങളുംകൂടിയാണ്.
ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയ ടി.കെ.വേലുപ്പിള്ള വിശ്വസിച്ചിരുന്നത് 'തുളു ബ്രാഹ്മണർ കേരളത്തിൽ വരുന്നതിനുമുമ്പ് ഈഴവർ ധനികരായിരുന്ന ഒരു വർഗ്ഗവും അധികാരികളിൽ സ്വാധീനമുള്ളവരെന്നുമായിരുന്നു. കൂട്ടമായി ഇത്രമാത്രം ഈഴവർ ശ്രീലങ്കയിൽ നിന്ന് വന്നവരെന്നു വിശ്വസിക്കാനും പ്രയാസമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഈഴവർ, അഞ്ചാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും മദ്ധ്യേ തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയ 'മുണ്ടക ദ്രാവിഡ'രെന്നും ചരിത്രം വ്യാഖ്യാനിക്കുന്നു. അവർ രാഷ്ട്രീയ ശത്രുക്കളിൽ നിന്നും രക്ഷപെട്ടു ഓടി വന്നവരായിരുന്നു.
ഈഴവരുടെ പൂർവിക തലമുറകൾ രാജ സേവനത്തിലും രാജാക്കന്മാരുടെ സൈന്യങ്ങളിലും പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ എല്ലാ രാജാക്കന്മാരുടെ കീഴിലും സൈന്യ സേവനത്തിനായി ഈഴവർ സേവനം ചെയ്തിട്ടുണ്ട്. 'ഈഴവ' എന്ന വാക്ക് ആദ്യം കണ്ടത് ബി.സി.മൂന്നാം നൂറ്റാണ്ടിലുള്ള മധുരയ്ക്കടുത്തുളള അരിട്ടപ്പറ്റി കൊത്തുപണിയിൽ നിന്നാണ്. അതിൽ നെൽവേലി തലവനായിരുന്ന ഒരു 'ഈലവ പെരുമാളിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ കിളവളവ് (Kilavalavu) ജൈനന്മാരുടെ ഗുഹയുടെ പരിസരങ്ങളിലും ഒരു ഈഴവൻ അവിടെ ബുദ്ധന്മാരുടെ ആശ്രമം പണിതുവെന്നു കൊത്തി വെച്ചിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ അലകർമലൈ കൊത്തുപണിയിൽ 'ഒരു ഈഴവ തേവൻ' വസ്ത്ര കച്ചവടക്കാരനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്.
കർണ്ണാടകയിലെ 'നരസിംഹൻ' എന്ന രാജാവ് 'ആലി' എന്ന് പേരുള്ള പാണ്ഡിയൻ രാജകുമാരിയെ വിവാഹം ചെയ്തിരുന്നുവെന്നും ഒരു ഐതിഹ്യ കഥയുണ്ട്. രാജകീയ ദമ്പതികൾ സിലോണിൽ താമസമാക്കുകയും അവിടെ പ്രഭുക്കളെപ്പോലെ ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ കാലശേഷം ബന്ധു ജനങ്ങളും ആരാധകരും വീണ്ടും ജന്മസ്ഥലത്ത് മടങ്ങി വന്നു. ഈ രാജകീയ വംശാവലി ഈഴവരുടെ പൂർവികരെന്നും പറയപ്പെടുന്നു. രാജകീയ പരമ്പരകൾക്ക് പിൻബലം നൽകിക്കൊണ്ട് തെക്കേ തിരുവിതാംകൂറിലുള്ള ഈഴവരെ മുതലിയാറെന്നു വിളിക്കുന്നത് കാണാം. പുലയരും അതിൽ താണവരും ഈഴവരെ രാജാക്കന്മാർക്കു തുല്യമായി മൂത്ത തമ്പുരാനെന്നും നാനാരെന്നും വിളിച്ചിരുന്നു.
മലയാളത്തിലെ ചില നാടോടി പാട്ടുകളനുസരിച്ച് ഈഴവർ ശ്രീ ലങ്കയിൽനിന്ന് അവിടുത്തെ രാജാവയച്ച നാലു യുവാക്കളുടെ സന്തതി പരമ്പരകളെന്നും വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ ഭാസ്ക്കര രവി വർമ്മ എന്ന ചേര രാജാവിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു അവർ രാജകൊട്ടാരത്തിന്റെ ചുമതലകൾ വഹിക്കാൻ വന്നത്. ഇവരെ തെങ്ങു കൃഷിയുടെ ചുമതലകൾ ഏൽപ്പിച്ചുവെന്നു പറയപ്പെടുന്നു. മറ്റൊരു കഥ ചേര രാജാവിന്റെ അഭ്യർത്ഥന അനുസരിച്ച് രാജ്യത്തു ക്രമസമാധാനം പരിപാലിക്കാനും ആഭ്യന്തര യുദ്ധം ഒഴിവാക്കാനും ശ്രീ ലങ്കൻ രാജാവ് കളരിപ്പയറ്റിലെ വിദഗ്ദ്ധരെ കേരളത്തിലേയ്ക്ക് അയച്ചുവെന്നാണ്. ഈഴവർ ശ്രീലങ്കയിൽ നിന്നു വന്നെത്തിയ ഈ വിദഗ്ദ്ധരുടെ സന്താന പരമ്പരകളായി കരുതപ്പെടുന്നു.
ചേരവംശത്തിന്റെ സ്ഥാപകർ 'വില്ലവർ' ഗോത്രക്കാരാണെന്ന് അനുമാനങ്ങളുണ്ട്. വില്ലവരെ ഈലവർ എന്നും തിരുവിതാംകൂറിൽ ഈഴവരെന്നും അറിയപ്പെടുന്നു. വില്ലവർ യോദ്ധാക്കളായി രാജാക്കന്മാർക്കുവേണ്ടി യുദ്ധം ചെയ്തിരുന്നു. മഹാകവി കുമാരനാശാന്റെ കവിതകളായ നളിനി, ലീല, കരുണ, ചണ്ടാല ഭിക്ഷുകി എന്നീ കവിതകളെല്ലാം ശ്രീലങ്കൻ ബുദ്ധന്മാരുടെ മഹത്വമാണ് കുറിക്കുന്നത്. കവി വിശ്വസിച്ചിരുന്നതും ശ്രീ ലങ്കയിലെ ബുദ്ധന്മാർ അദ്ദേഹത്തിൻറെ പൂർവികരുടെ ഗോത്ര
പരമ്പരകളിലുള്ളവരെന്നായിരുന്നു. ബുദ്ധമത പാരമ്പര്യം ഉപേക്ഷിക്കാത്തതിനാൽ ബ്രാഹ്മണർ അവരെ ജാതിക്കു പുറത്തുള്ളവരായി കരുതിയിരുന്നു. ശ്രീ ലങ്കയിലെ ഈഴം, ഈലം എന്നീ പദങ്ങളും അവരുടെ ഉത്ഭവം ശ്രീലങ്കയിൽ നിന്നുമെന്ന തെളിവുകൾക്കു ബലം നൽകുന്നു.
പൗരാണിക വടക്കൻ പാട്ടുകളിലും ചരിത്രത്തിന്റെ മറ്റു ദർശനങ്ങളിലും ഈഴവരെ യുദ്ധക്കളങ്ങളിൽ രണവീരന്മാരായി ചിത്രീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി രാജാക്കന്മാരുടെ കീഴിലും സാമൂതിരിമാരുടെ കീഴിലും ഈഴവർ പട്ടാളക്കാരായി സേവനം ചെയ്തിരുന്നു. അനേകർ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കൊട്ടാരം സൂക്ഷിപ്പുകാരായിരുന്നു. ചിലർ കളരിപ്പയറ്റ് പഠിപ്പിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ശബരിമല അയ്യപ്പൻ ഈഴവ കുടുംബമായ ചീരപ്പാഞ്ചിറ കുടുംബത്തിൽ നിന്ന് കളരിപ്പയറ്റ് പഠിച്ചുവെന്നും പറയപ്പെടുന്നു. കുളത്തൂരുള്ള ഒരു ഈഴവ തറവാട്ടിലെ പണിക്കർമാർ എട്ടുവീട്ടിൽ പിള്ളമാരെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നു. അവരുടെ പിന്തലമുറകൾ തിരുവനന്തപുരത്ത് 'തൊഴുവൻകോഡ്' കളരി ദേവതയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധ യുദ്ധ വീരരായ ഉണ്ണിയാർച്ചയും ആരോമൽ ചേവരും ഈഴവരായിരുന്നു. ചേകവർ അഥവാ ചോവോന്മാർ രാജ്യത്തിലെ പട്ടാള വിഭാഗമായി പ്രവർത്തിച്ചിരുന്നു.
ആയുർവേദത്തിലും ഈഴവരിൽ അനേകർ പാണ്ഡ്യത്യം നേടിയവരുണ്ട്. 1675-ൽ ഒരു ഡച്ചുകാരൻ മലയാളത്തിലെ ആദ്യ ഗ്രന്ഥങ്ങളിലൊന്നായ 'ഹോർട്ടസ് ഇൻഡിക്കസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആലപ്പുഴ 'കരപ്പുറം കടക്കരപ്പള്ളി സ്ഥലത്തുള്ള കൊല്ലാട്ട് വീട്ടിൽ, ഇട്ടി അച്യുതനെന്ന പ്രസിദ്ധനായ ഒരു ഈഴവ ആയുർവേദ വൈദ്യൻ ഈ പുസ്തകം എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്തു. ആയുർവേദ പുസ്തകമായ 'അഷ്ടാംഗ ഹൃദയ' ആദ്യം തർജ്ജിമ ചെയ്തത് കായിക്കര ഗോവിന്ദ വൈദ്യരെന്ന ഒരു ഈഴവനായിരുന്നു. ഈഴവ പ്രമുഖരുൾപ്പെട്ട തൃശൂരുള്ള കുഴിപ്പള്ളി കുടുംബവും കോഴിക്കോടുള്ള പൊക്കാഞ്ചേരി കുടുംബവും ആയുർവേദത്തിലെ പാരമ്പര്യ ആചാര്യന്മാരുള്ള കുടുംബമായിരുന്നു. അതുപോലെ ചോലയിൽ കുടുംബവും പ്രസിദ്ധ ആയുർവേദ വൈദ്യ കുടുംബമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കൊല്ലത്തുള്ള ചാവർക്കോട് കുടുംബം തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രസിദ്ധ ഭിഷ്വഗരന്മാരായിരുന്നു. വെണ്മണി കുടുംബ വൈദ്യന്മാർ സംസ്കൃതത്തിൽ നിന്നുള്ള ആയുവേദ പഠനം കൂടാതെ പാളി ഭാഷയിൽ നിന്നും ആദ്യമായി ആയുർവേദത്തിൽ പാണ്ഡിത്യം നേടിയിരുന്നു.
കോട്ടയ്ക്കൽ കെളിക്കൊടൻ അയ്യപ്പൻ വൈദ്യർ മർമ്മ ചീകത്സയിലെ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. ചന്ദ്രികയുടെ സ്ഥാപകനായ സി.ആർ കേശവൻ വൈദ്യർക്കു വൈദ്യരത്‌നം അവാർഡ് 1953-ൽ കോഴിക്കോടുള്ള മാനവിക്രമൻ സാമൂതിരി നൽകി. അതുപോലെ ഈഴവ വൈദ്യന്മാർ നടത്തുന്ന അനേക ആയുർവേദ ഹോസ്പ്പിറ്റലുകൾ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ നാടിന്റെ നാനാഭാഗത്തും ഉണ്ടായിരുന്നു. പ്രസിദ്ധ ആംഗ്ലേയ പണ്ഡിതനും മലയാളം ഡിക്ഷ്ണറിയിലെ രചയിതാവുമായ ഹെർമൻ ഗുണ്ടർട്ടിനെ ഈഴവ ഗുരു 'ഉരച്ചെരിൽ ഗുരുക്കൾ സംസ്കൃതവും ആയുർവേദവും പഠിപ്പിച്ചിരുന്നു. ഈഴവനായ 'ഉപ്പൊട്ട് കണ്ണൻ' യോഗാമൃതം വ്യഖ്യാനം എഴുതി. അത് സംസ്കൃതത്തിൽ അഷ്ടവൈദ്യന്മാർ ആയുർവേദത്തെപ്പറ്റി രചിച്ച പുസ്തകമായിരുന്നു. ഈഴവരിൽനിന്നും അനേകർ വിഷചീകത്സയ്ക്കും പ്രസിദ്ധരായിരുന്നു. പാമ്പ്, തേള് മുതലായ വിഷജീവികളുടെ കടികളിൽ നിന്നും ചീകിത്സ നൽകുന്ന വിഷചീകത്സ കേന്ദ്രങ്ങൾ ഈഴവ വൈദ്യന്മാരുടെ മേൽനോട്ടങ്ങളിലുണ്ടായിരുന്നു. ഹോസ്പിറ്റലുകളുടെ വളർച്ചയോടെയും നിയമം അനുവദിക്കാത്തതിനാലും പല കുടുംബങ്ങളും വിഷ ചീകത്സ കേന്ദ്രങ്ങൾ നിറുത്തൽ ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഈഴവരും ചാന്നാർമാരും വില്ലടിച്ചാൻ പാട്ടുകൾ, തെയ്യം അഥവാ കളിയാട്ടം മുതലാവകൾ അമ്പല ഉത്സവങ്ങളോടനുബന്ധിച്ചു അവതരിപ്പിക്കാറുണ്ടായിരുന്നു. വടക്കേ മലബാറിൽ 'തെയ്യം' എന്ന നൃത്തം പ്രസിദ്ധമായിരുന്നു. ഈ നൃത്തത്തെ കാളിയാട്ടമെന്നും അറിയപ്പെടുന്നു. ഈഴവരിലെ പുരുഷന്മാരായവർ അവതരിപ്പിക്കുന്ന നാട്യകലകളിൽ ഒന്നാണ് 'അർജുന നൃത്തം'. അതിനെ മയൂര നൃത്തം എന്നും പറയും. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രദേശങ്ങളിലെ ഭഗവതി അമ്പലങ്ങളുടെ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് സാധാരണ ഈ നൃത്തം അവതരിപ്പിക്കാറുള്ളത്. മയിൽത്തൂവലുകൾ കൊണ്ട് ഡാൻസ് ചെയ്യുമ്പോൾ ദേഹം മുഴുവൻ അലംകൃതമാക്കിയിരിക്കും. കൂടുതലും നൃത്തം അവതരിപ്പിക്കുന്നത് കളരിപ്പയറ്റ് സാങ്കേതികത്വത്തോടെയായിരിക്കും. ഈ നൃത്തം അവതരിപ്പിക്കുന്നവരുടെ മുഖം പച്ചനിറമുള്ള ചായംകൊണ്ടു പൂശുന്നു. രണ്ടുപേരു കൂടിയോ ഒറ്റയ്ക്കോ നൃത്തം അവതരിപ്പിക്കാറുണ്ട്.
പൂരക്കളി സാധാരണ മീനമാസത്തിലുള്ള ഈഴവരുടെ ഒരു തരം നാടകീയ നൃത്തമാണ്. മലബാറിലെ ഭഗവതി ക്ഷേത്രങ്ങളിലാണ് ഈ ആചാരങ്ങൾ കൂടുതലുമായുള്ളത്. പാരമ്പര്യ നിലവിളക്കും സമീപമുണ്ടായിരിക്കണം. പൂരക്കളി അവതരിപ്പിക്കാൻ നല്ല പരിചയമുള്ളവർക്കേ സാധിക്കുകയുള്ളൂ. കാരണം ഈ കല അവതരിപ്പിക്കുന്നവർക്ക് കളരിപ്പയറ്റ് പരിചയവും ആവശ്യമാണ്. നല്ല വ്യായാമവും നടത്തണം. 'പരിച മുത്തു' കളിയിലും കളരിപ്പയറ്റ് അഭ്യസിച്ചിരിക്കണം. നൃത്തം ചെയ്യുന്നവർ വാളും പരിചയും ഉപയോഗിക്കുന്നു. വാളുകൊണ്ടുള്ള പയറ്റും 'പരിച' രക്ഷാ കവചമായി തടയലും, പ്രതിരോധിക്കലും വട്ടം കറങ്ങലും, ഓട്ടവും ആട്ടവും നൃത്തകലയുടെ പ്രത്യേകതയാണ്.
സർപ്പ നൃത്തങ്ങളും ഈഴവരുടെ ഒരു പ്രാചീന കലയായിരുന്നു. രണ്ടു പേരുകൂടി പാമ്പുകളെപ്പോലെ ഉയരുകയും താഴുകയും ചെയ്തു നൃത്തം ചെയ്യുന്നു. നെറ്റിയിൽ ചന്ദനവും ചുവന്ന ടൗവ്വൽ തലയിലും കെട്ടിയിരിക്കും. അരയിൽ ചുവന്ന സിൽക്കും കെട്ടിയിരിക്കും. കാൽ ചിലങ്കകളും ധരിച്ചിരിക്കും. വടികൊണ്ട് പയറ്റുകളും പ്രകടിപ്പിക്കും. ഈ കല സർപ്പാരാധനയുടെയും കളരിപ്പയറ്റിന്റെയും സമ്മിശ്രിതമായ ഒരു രൂപമാണ്. അതുപോലെ പുരാണത്തിലെ പാണ്ഡവ കളി, കേരളത്തിലെ അമ്പലങ്ങളിലുള്ള മറ്റൊരു ആചാരമാണ്. മഹാഭാരതത്തിലെ പഞ്ച പാണ്ഡവരായിട്ടായിരിക്കും ഈ കളി. നിലവിളക്ക് വെച്ച് അലംകൃതമായ ഒരു പന്തലിൽ വെച്ചായിരിക്കും കളികൾ അവതരിപ്പിക്കാറുള്ളത്. അവരുടെ നേതാവിനെ കാളിയച്ഛൻ എന്ന് വിളിക്കുന്നു. പൂജാ വിധി പ്രകാരമുള്ള കുളിയും കഴിഞ്ഞു നെറ്റി ത്തടത്തിൽ ചന്ദനവും പൂശി വെളുത്ത മുണ്ടും ഉടുത്തു, തലയിൽ ടൗവ്വലും കെട്ടി ഇവർ കളിക്കുന്നു. ആശാരി, മൂശാരി, തട്ടാൻ, കല്ലാശാരി മുതലായ സമൂഹങ്ങൾ മൊത്തമായി കളികളിൽ പങ്കു കൊള്ളുന്നു.
ഈഴവരുടെ സാംസ്ക്കാരിക സമ്പ്രദായങ്ങളിലും തറവാട് സമ്പ്രദായം പിന്തുടർന്നിരുന്നു. 'അമ്മ, അമ്മയുടെ സഹോദരങ്ങൾ, സഹോദരികൾ, അവരുടെ കുട്ടികൾ എല്ലാവരുമൊത്ത് ഒരേ മേൽക്കൂരയിൽ ഒന്നിച്ചു കഴിഞ്ഞിരുന്നു. ഏറ്റവും മൂത്തയാളിനെ കാരണവർ എന്നും മൂത്ത സ്ത്രീയെ കാരണവത്തിയെന്നും വിളിച്ചിരുന്നു. വീടിന്റെ ചുമതലകൾ മുഴുവൻ വഹിക്കേണ്ടത് അവരായിരുന്നു. കുടുംബ വക സ്വത്തുക്കളും പരിരക്ഷിക്കേണ്ട ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. ഓരോ തറവാടും വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടിരുന്നു. മലബാറിലും തിരുവിതാംകൂറിലുമുള്ള ഈഴവരെ സംബന്ധിച്ച് ഓരോരുത്തരുടെയും തറവാടുകളെ തിരിച്ചറിഞ്ഞിരുന്നത് അമ്മ വഴികളിലുള്ള പേരിലായിരുന്നു. എന്നാൽ കൊച്ചിയിൽ ഭൂരിഭാഗം കുടുംബങ്ങളും അപ്പൻ വഴികളിലുള്ള പേരുകളിലറിയപ്പെട്ടിരുന്നു.
നായന്മാരെപ്പോലെയും ബ്രാഹ്മണരെപ്പോലെയും ഈഴവർ സാധാരണ പേരിന്റെകൂടെ ജാതിപ്പേര് ഉപയോഗിക്കാറില്ല. എന്നിരുന്നാലും ചെയ്യുന്ന തൊഴിൽ അവർ പേരിന്റെ കൂടെ വെക്കാറുണ്ട്. പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ, മുതലാളി, ചേകോൻ, പണിക്കത്തി, കാരണവർ, എന്നിങ്ങനെ പേരുകൾ കൂട്ടി ഈഴവരെ വിളിച്ചിരുന്നു. 'ഈഴവ' എന്ന പദം വേദങ്ങളിലെ പദങ്ങളുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമതക്കാരുടെ ആചാരരീതികളുമായിട്ടുള്ള വാക്കുകളുമായിട്ടാണ് കൂടുതൽ സാമ്യം. ഈഴവരുടെ ഒരു ഉപവിഭാഗമാണ് ചാന്നാർ. ചാന്നാർമാർ ഈഴവരേക്കാളും കൂടിയ ജാതിയായി കരുതുന്നു. ഈഴവരിലെ ഉപവിഭാഗങ്ങൾ എല്ലാം അസ്തമിച്ചുകൊണ്ടിരിക്കുന്നു. 'ഇല്ലം' എന്ന് പറഞ്ഞാൽ വാസ്തവത്തിൽ ഈഴവരുടെ വീടെന്നാണ് അർത്ഥം. പിന്നീട് കേരളത്തിൽ 'ഇല്ലം' നമ്പൂതിരിമാർക്ക് മാത്രമായി അവകാശപ്പെട്ടു.
അമ്പല പൂജാരികളും രാജ്യം ഭരിച്ചിരുന്നവരും ഈഴവരെ അവർണ്ണരായി കണക്കായിരുന്നു. അവരുടെ പൂർവികർ ക്ഷത്രിയരായിരുന്നുവെന്ന വസ്തുത സവർണ്ണർ വിസ്മരിക്കുകയും ചെയ്തിരുന്നു. അവരെ അവർണ്ണരായി കണക്കാക്കാൻ കാരണം അനേകർ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുമതത്തിൽ മടങ്ങി വരുകയും ചെയ്തതുകൊണ്ടായിരുന്നു. സവർണ്ണ ജാതികൾ ഈഴവരെ എക്കാലവും താഴ്ത്തി കെട്ടാനെ ശ്രമിച്ചിട്ടുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈഴവ സ്ത്രീകളെ മാറിടം മറയ്ക്കാൻ അനുവദിച്ചിരുന്നില്ല. ആഭരണങ്ങളോ ചെരിപ്പുകളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. ധനികരായ ചേകവർക്കോ, ചാന്നാർമാർക്കോ പണിക്കർമാർക്കോ താണ്ടാൻ സ്ത്രീകൾക്കോ മാറിടം മറക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നില്ല.
ഹിന്ദു ഐക്യവേദിക്കായി ഹിന്ദുത്വ പ്രവർത്തകർ തീവ്രമായി ശ്രമിക്കുമ്പോൾ ഈഴവരിൽ വലിയൊരു വിഭാഗം അത് എതിർക്കുന്നത് കാണാം. ശ്രീ നാരായണ ഗുരു സവർണ്ണ വാദികൾക്ക് പരിപൂർണ്ണമായും എതിരായിരുന്നു. 1934 ല്‍ 'ഇ മാധവന്‍' എഴുതി പ്രസിദ്ധീകരിച്ച 'സ്വതന്ത്രസമുദായം' എന്ന പുസ്തകത്തിൽ ഈഴവർ ഹിന്ദുക്കളല്ലെന്നും ദേശീയ മതമായിരുന്ന ബുദ്ധ മതക്കാരായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. സർ സി.പി. രാമസ്വാമി അയ്യർ ഈ പുസ്തകം നിരോധിച്ചിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലും ഒന്നുപോലെ മാധവന്റെ ബുക്കിന് നിരോധനമുണ്ടായിരുന്നു. 2011-ൽ കേരള സാഹിത്യ അക്കാദമി മാധവന്റെ വിപ്ലവകരമായ ഈ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചു.
മാധവന്റെ പുസ്തകത്തിൽ പറയുന്നു, "നമ്മുടെ വിശ്വാസം നാം ഹിന്ദുക്കളെന്നാണ്. അല്ലെങ്കിൽ നാം ഹിന്ദുക്കളാകാൻ ശ്രമിക്കുമ്പോൾ ഉയർന്ന ജാതികൾ അംഗീകരിക്കുന്നില്ല. ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും നമ്മുടെ ശുദ്ധിയിൽ പ്രശ്നമില്ല. അവരുടെ മോസ്ക്കിലും പള്ളിയിലും കയറുന്നതിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ നാം ഹിന്ദുക്കളെന്നു പറയുന്ന ഈഴവർ അമ്പലത്തിൽ കയറിയാൽ ഇടയ്ക്ക് വെച്ച് പുരോഹിതൻ മന്ത്രങ്ങൾ ഉരുവിടുന്നത് നിർത്തൽ ചെയ്യും. ഈഴവസ്പർശനമേറ്റ മന്ത്രപൂജാരിക്ക് പൂജകൾ ഇടയ്ക്കുവെച്ചു നിറുത്തുന്നതിൽ യാതൊരു സങ്കോചവുമില്ല. പൂജകൾ അനുഷ്ഠിക്കുന്ന സമയങ്ങളിൽ ഈഴവർ സന്നിഹിതരായാൽ അവർ കുപിതരാകുന്നു. സ്‌കൂളിൽ പോയാൽ വർണ്ണജാതിക്കാർ പഠനം ഉപേക്ഷിക്കും. വഴികളിൽക്കൂടി നാം യാത്ര ചെയ്‌താൽ അവർ ആ വഴി യാത്ര ചെയ്യാതിരിക്കും. അവരുടെ അമ്പലത്തിൽ നാം പോകണമെന്ന് ചിന്തിക്കുന്നതും വിഡ്ഢിത്തരമല്ലേ? അമ്പല നടയിൽനിന്നും അനേകം പാദങ്ങൾ മാറി നടക്കണമെന്ന് ആജ്ഞാപിക്കുമ്പോൾ പട്ടികളെപ്പോലെ ക്ഷണിക്കാതെ നാം എന്തിനു അവരുടെ അമ്പലത്തിൽ കയറണം? നമ്മൾ ഹിന്ദുക്കളായിരിക്കാൻ വർണ്ണ ജാതികൾ താൽപര്യപ്പെടുന്നത് അവർ നമ്മളെ അടിമകളാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്!"
ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വം ഈഴവരെ സാമൂഹികമായും ബൗദ്ധികമായും ഉന്നത നിലകളിൽ എത്തിച്ചു. വർണ്ണ വ്യവസ്ഥയില്ലാത്ത ഒരു സമൂഹമായി സ്വന്തം വ്യക്തിത്വം പുലർത്താൻ ഈഴവർക്കായുള്ള അമ്പലങ്ങൾ തുറക്കാൻ ശ്രീ നാരായണ ഗുരു ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ ദാസന്മാരായി ഇരിക്കുന്നതിലും നല്ലത് ക്രിസ്ത്യാനികളായി മതം മാറുന്നതെന്നും ഈഴവർ ചർച്ച ചെയ്തിരുന്നു. മതം മാറുന്ന സ്ഥിതി വിശേഷം വന്നപ്പോൾ ദിവാൻ സി.പി. രാമസ്വാമി അയ്യർ അതിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കി. അദ്ദേഹം ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവിനെ ഈഴവർക്കും മറ്റു അവർണ്ണരായവർക്കും അമ്പല പ്രവേശനം കൊടുക്കുന്ന ആവശ്യകതയെ ബോധിപ്പിച്ചു. 1924-25 കാലങ്ങളിലെ വൈക്കം സത്യാഗ്രഹം ഹിന്ദു സമൂഹത്തിലെ 'തൊട്ടുകൂടാ നയത്തിനും ജാതി വ്യവസ്ഥക്കും' എതിരായുള്ളതായിരുന്നു. ഈ നീക്കം വൈക്കത്തുള്ള ശിവ അമ്പലത്തിലായിരുന്നു നടത്തിയത്. എസ്.എൻ.ഡി.പി. (SNDP) യോഗം വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയിരുന്നു. ഈഴവരുടെ ഈ സംഘടന നാരായണഗുരുവിന്റെയും ഡോ.പൽപ്പുവിന്റെയും ധർമ്മ ശാസ്ത്രത്തെപ്പറ്റിയും സന്മാർഗ ശാസ്ത്രത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ടായിരുന്നു.
E.Madhavan |
No comments:
Post a Comment