Thursday, April 3, 2014

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും സിംസണ്‍-റോസമ്മ കളത്ര കുടുംബവും

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇന്ന്  സംഘടനയിലെ  ഭൂരിഭാഗം അംഗങ്ങൾക്കും  അറിയാമെന്നു  തോന്നുന്നില്ല. തിരുമേനിമാരും മന്ത്രിമാരും രാഷ്ട്രീയ സാമൂദായിക സാമൂഹിക തലങ്ങളിലെ നേതാക്കൻമാരും ഇന്നതിലെ പ്രവർത്തകർ സംഘടിപ്പിക്കുന്ന   സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് പത്രങ്ങളിൽ വായിക്കാറുണ്ട്.എന്നാൽ ഈ സംഘടനയും  അതിന്റെ പേരും സിംസ‍ന്റെ
ഭാവനയിൽനിന്നുണ്ടായതാണ്. ശൈശവത്തിൽ  ആ സംഘടനയെ പരിപോഷിപ്പിച്ചു വളർത്തുന്നതിൽ സിംസനോടൊപ്പം അന്തരിച്ച റോസമ്മയ്ക്കും പങ്കുണ്ടായിരുന്നു. 



അമേരിക്കൻ ജീവിതത്തിൽ കണ്ടുമുട്ടിയവരായവർ  ഓരോരുത്തരായി  ജീവിതത്തിൽനിന്നും പൊഴിഞ്ഞുപോവുന്ന വാർത്തകളറിമ്പോൾ  മനസ്സെവിടെയോ  ഭൂതകാലത്തിലേക്ക്  കണ്ണോടിക്കാൻ തോന്നും.  ഇന്നാരുമല്ലാത്ത  ഞാൻ ഇതൊക്കെയെന്തിന് കുറിക്കുന്നുവെന്നും വായനക്കാർ ചിന്തിച്ചേക്കാം.  ഓർമ്മകളിലെ ഓളങ്ങളിൽ തെളിഞ്ഞുവരുന്ന ചില നല്ല വ്യക്തികളുടെ ചരിത്രം ഇന്ന് കുറിച്ചുവെച്ചില്ലെങ്കിൽ  വിസ്മൃതിയിലാകുന്ന ആദ്യതലമുറകൾ  പിന്നീടത്‌  കടംകഥകളായി  മാറും. തലമുറകൾ കടന്നുപോവുമ്പോൾ ഈ മണ്ണിൽ ആദ്യം വന്ന മക്കളെപ്പറ്റി  ഒരിക്കലൊരിടത്ത്   ഒരു മുത്തച്ചനുണ്ടായിരുന്നുവെന്ന്  അമ്മമാർ വരാനിരിക്കുന്ന തലമുറകൾക്ക് പറഞ്ഞു കൊടുക്കേണ്ടിവരും.  നാൽപ്പതു വർഷങ്ങൾക്കുമുമ്പ്  ബിഗ്‌ ആപ്പിളിന്റെ  നാട്ടിൽ  ഞാൻ വരുമ്പോൾ  എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കാൻ  സ്നേഹമുള്ള   കുടുംബങ്ങൾ   ന്യൂറോഷൽ പരിസരങ്ങളിൽ  ഉണ്ടായിരുന്നു. പാർട്ടികളും വിവാഹ വാർഷികങ്ങളും ആഘോഷങ്ങളും ഞങ്ങൾക്കന്ന്  ഉത്സവംതന്നെയായിരുന്നു.   മങ്ങാത്ത യുവത്വത്തിൽ   അന്ന് ചിരിയും കളിയുമായി നടന്നിരുന്നു. അന്നൊക്കെ കുടുംബ സൗഹാർദ്ദ മേളകളിൽ   ഭക്ഷണം ഉണ്ടാക്കലും സല്ക്കരിക്കലും നടത്തിയിരുന്നത്  സിംസണ്‍ -റോസമ്മ ദമ്പതികളായിരുന്നു.  അത്തരം പരിപാടികളിൽ സഹായിക്കാനായി മറ്റുചില  കുടുംബങ്ങളും അവരോടൊപ്പമുണ്ടായിരുന്നു.


അന്നുള്ള  പ്രവാസികളിൽ     ഭൂരിഭാഗവും  ചെറുപ്പക്കാരികളും ചെറുപ്പക്കാരുമായിരുന്നു.
പുരുഷന്മാർ പകലും സ്ത്രീകൾ ഭൂരിഭാഗവും രാത്രിയും ജോലി ചെയ്തിരുന്നു.  ചില  സ്‌ത്രീകൾക്ക്‌ സൂര്യോദയവും അസ്തമയവുമില്ലായിരുന്നു.   സ്വന്തം കുടുംബത്തോടൊപ്പം നാട്ടിലുള്ള ബന്ധുജനങ്ങളെയും  സഹായിക്കാൻ ബാദ്ധ്യസ്ഥരായിരുന്നതുകൊണ്ട്   നിലനിൽപ്പിനായി അന്നുള്ളവർക്കു   ഓവർ ടൈം ചെയ്യണമായിരുന്നു.   സഹോദരി സഹോദരന്മാരായി  മാതാപിതാക്കളടങ്ങിയ സ്വന്തം വീട്ടിൽ ആറും ഏഴും പേരുണ്ടായിരുന്ന കാലവും. പെണ്മക്കളെ കെട്ടിക്കാൻ പ്രയാസപ്പെടുന്ന  ദുഖിതരായ
നാട്ടിലെ  മാതാപിതാക്കളും. അവർക്കെല്ലാം താങ്ങും തണലുമായിരുന്നത്‌  അന്നത്തെ ആദ്യകുടിയേറ്റക്കാരായിരുന്നു.  ഓരോരുത്തരും ദുഖങ്ങളന്ന്  സുഹൃത്തുക്കളായ കുടുംബങ്ങളുമൊത്ത് ഈകർമ്മ ഭൂമിയിൽ  പങ്കിട്ടിരുന്നു.  ഇന്നും  ആ പഴംങ്കാലത്തിലെ  സ്നേഹബന്ധങ്ങളിലുള്ള  ചങ്ങാതികളെ കാണുമ്പോൾ സ്വന്തം  കുടുംബത്തിലെ  ഉറ്റവരെന്ന ആത്മബോധമാണുണ്ടാകുന്നത്.  മനസിലെവിടെയോ അന്നുള്ളവരോട്  പ്രത്യേകമായൊരു  ബന്ധവും       ഇന്നുമൊളിഞ്ഞിരിപ്പുണ്ട്.



സിംസണ്‍-റോസമ്മ കുടുംബത്തെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത് 1974-ഡിസംബർ രണ്ടാം തിയതിയാണ്. വ്യക്തമായ ഒരു  തിയതി ഒർത്തിരിക്കുന്നത്  അമേരിക്കയിൽ ഞാനെത്തിയത് അതിന്റെ തലേദിവസം  ഡിസംബർമാസം  ഒന്നാം തിയതിയായിരുന്നതുകൊണ്ടാണ്. 
 അന്ന് സിംസന്റെയും എന്റെയും  കുടുംബങ്ങൾ താമസിച്ചിരുന്നത്  ന്യൂറോഷൽ ഹോസ്പിറ്റൽവക തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിലായിരുന്നു . മധുവിധു കാലമായിരുന്നതുകൊണ്ട്  ഞാനും  അന്ന്  ജോലിയ്ക്ക് പോകേണ്ടിയിരുന്ന ഭാര്യയുമൊത്ത്    ഹോസ്പിറ്റൽ വാതിൽക്കൽവരെ നടന്ന് തിരിച്ച് മടങ്ങുന്ന സമയത്താണ്  സിംസനെ  ആദ്യമായി  വഴിയിൽവെച്ച്  പരിചയപ്പെട്ടത്‌. അന്നുതന്നെ   എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് ക്ഷണിച്ചു.  സിംസ‍നൊപ്പം   വീട്ടിൽ ചെന്നപ്പോൾ  ചിരിച്ചുകൊണ്ട് ചായയുമായി വന്ന അദ്ദേഹത്തിൻറെ ഭാര്യ  റോസമ്മയെ  ഇന്നലെപോലെയോർക്കുന്നു.  ഈ നാട്ടിൽ വന്ന്  മറ്റൊരു വീട്ടിൽനിന്നും ആദ്യമായി ചായ കുടിച്ചതും അന്നായിരുന്നു.  പടിഞ്ഞാറുള്ള നസ്രാണികുടുംബത്തിലാണ്‌ റോസമ്മ വളർന്നതെന്നറിഞ്ഞപ്പോൾ സംസാരിക്കാൻ ഏറെ വിഷയങ്ങളുമുണ്ടായിരുന്നു. കാരണം എന്റെ അമ്മവീടും പടിഞ്ഞാറൻ  കുട്ടനാട്ടിലായിരുന്നു. അങ്ങനെ ആദ്യ ദിവസംതന്നെ സിംസ‍ന്റെ കുടുംബമായി  ഒരു സൗഹാർദ്ദബന്ധം സ്ഥാപിച്ചു.


ഭാരതത്തിലെ അനേക  പൌരാണിക കലകളും ചിത്രങ്ങളും ഹൈന്ദവ ബുദ്ധ വിഗ്രഹങ്ങൾകൊണ്ടും   അദ്ദേഹത്തിൻറെ വീടുമുഴുവൻ അലങ്കരിച്ചിരുന്നു. കാണാൻ വളരെ സൌന്ദര്യമുള്ള ആ കലാരൂപങ്ങൾ ഇന്നും എന്റെ മനസിലുണ്ട്. നമ്മുടെ പുണ്യഭൂമിയുടെ  സംസ്ക്കാരചരിത്രവും ആ ദിവസം ഓർത്തുപോയി.   ഇത്തരം ശേഖരണം അദ്ദേഹത്തിൻറെ  നന്നേ ചെറുപ്പം മുതലുള്ള   ഹോബിയായിരുന്നെന്നും   പറഞ്ഞതോർക്കുന്നു. ബുദ്ധവിഗ്രഹങ്ങളും കൃഷ്ണവിഗ്രഹങ്ങളും പ്രാചീന കലകളും പടങ്ങളുമൊക്കെ കാണാൻ എനിക്കുമിഷ്ടമായിരുന്നു.  പിന്നീടദ്ദേഹം ആ കലാരൂപങ്ങൾ വീട്ടിൽനിന്നും റെസ്റ്റോറന്റ് തുടങ്ങിയപ്പോൾ അവിടെയ്ക്ക് മാറ്റി.


ആദ്യത്തെ  ഈ കൂടി കാഴ്ചയിൽ  മലയാളികൾക്കായി ഒരു സംഘടന രൂപീകരിക്കണമെന്നതും സിംസണ്‍ സംസാരത്തിൽ പറഞ്ഞു. ഒരു സംഘടനയുണ്ടാക്കാൻ   മൂന്നോ നാലോ മലയാളികൾ മതിയോയെന്ന് ചോദിച്ചയുടൻ സി.എം.സി. അപ്പച്ചൻ സിംസ‍ൻറെ ഭവനത്തിൽ കയറി വന്നു.  തലേയാഴ്ചയിൽ വിജയപുരം  ബിഷപ്പ് ന്യൂറോഷലിൽ വന്ന കഥയും സിംസന്റെയും റോസമ്മയുടെയും നേതൃത്വത്തിൽ   ബിഷപ്പിന് സ്വീകരണം കൊടുക്കാൻ നൂറിൽപ്പരം പേർക്ക്  ഭഷണമുണ്ടാക്കിയതും  അദ്ദേഹം വിവരിച്ചു.   അന്നത്തെ പുതുമക്കാരിൽ കാറോടിക്കാൻ അറിയാവുന്നത്  ബിഷപ്പു വന്നസമയം അപ്പച്ചൻ  മാത്രമായിരുന്നു.  ന്യൂറോഷലിൽ മലയാളികളിലാദ്യമായി കാർ മേടിച്ചതും അദ്ദേഹം തന്നെ.  എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതിൽ   പിന്നീടദ്ദേഹം  എന്റെ ഗുരുവുംകൂടിയായി.  എന്നെമാത്രമല്ല, അന്നത്തെ ഗുരുകുലത്തിലെ  ആശാനായിരുന്ന അപ്പച്ചൻ ദക്ഷിണപോലും മേടിക്കാതെ മറ്റനേകംപേരെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുമുണ്ട്. വിജയപുരം ബിഷപ്പിനെ കെന്നഡി എയർപോർട്ടിൽ സിംസണും, റോസമ്മയും അപ്പച്ചനും കൂടി സ്വീകരിക്കാൻപോയ  കഥ പറഞ്ഞതും ഇന്നും മനസിലുണ്ട്.  എയർ പോർട്ടിൽനിന്ന് പോരുന്നവഴി "തന്റെ കാറിൽ സുരക്ഷിതമായി ഇരിക്കാവോയെന്ന്" ബിഷപ്പിന്റെ ചോദ്യവും "തിരുമേനി, അപകടമുണ്ടായാൽ എന്റെ  ജീവനെ രക്ഷിക്കാൻ ആദ്യം ഞാൻ ശ്രമിക്കും, കൂടെ അങ്ങയുടെ ജീവൻ രക്ഷപ്പെട്ടാൽ ഭാഗ്യം" എന്ന അപ്പച്ചന്റെ മറുപടിയും ഇന്നും മനസിന് രസമായി തോന്നുന്നു.




സിംസനുമായ ആദ്യകൂടികാഴ്ചയിൽതന്നെ അവരുടെ കുടുംബമായി ഒരു ആത്മ ബന്ധവും സ്ഥാപിച്ചു.
സ്ത്രീകൾ ജോലിക്കു പോകുന്ന സമയം ഭർത്താക്കന്മാർ  കൂടുന്ന അസംബ്ലി യോഗം അദ്ദേഹത്തിൻറെ  വീട്ടിലായിരുന്നു. ചിരിച്ചുകൊണ്ട് ജോലികഴിഞ്ഞു വരുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ സ്വീകരിക്കാൻ വരുന്നതും സിംസ‍ന്റെ വീട്ടിലായിരുന്നു.  പലരുടെയും മധുവിധു നുകരുന്ന കാലവും.  അക്കാലങ്ങളിൽ  മാസത്തിൽ കുടുംബങ്ങൾ തമ്മിൽ കുശ ലം പറയാൻ ഒരു ഒത്തുചേരൽ പാർട്ടികൾ ആ കെട്ടിടത്തിനുള്ളിലെ  ഒരു ഹാളിൽ നടത്താറുണ്ടായിരുന്നു.  നൂറുപേർക്കിരിക്കാവുന്ന ഒരു സമ്മേളനഹാളായിരുന്നുവത്.  ഓരോ കുടുംബങ്ങളും  സ്വയം പാകം ചെയ്തു ഭക്ഷണം കൊണ്ടുവരുമെങ്കിലും അതിനെല്ലാം നേതൃത്വം കൊടുത്തിരുന്നത്  റോസമ്മയായിരുന്നു. ഈ  കുടുംബകൂട്ടായ്മയിൽ സംബന്ധിക്കുന്ന എല്ലാവരുമായി ഇടപെടുന്ന  റോസമ്മയുടെ പെരുമാറ്റ രീതികളെയും ഒർമ്മിക്കുന്നുണ്ട്. കുട്ടനാടൻ  കരയുടെ നസ്രാണി സ്ത്രീകൾക്കുള്ള എല്ലാ   ഐശ്വര്യവും വിനയവും നല്ല പെരുമാറ്റവും  അവരുടെ സവിശേഷതകളായിരുന്നു.  പിന്നീടത്‌ അവരുടെ ഹോട്ടൽ വ്യവസായത്തിലും പ്രതിഫലിച്ചു.


പുതിയതായി വരുന്ന കുടിയേറ്റക്കാരുടെയെണ്ണം വർദ്ധിക്കുന്നകാരണം  മാസത്തിലൊരിക്കൽ നടത്തിയിരുന്ന  കുടുംബസമ്മേളനങ്ങളും  വലുതായിക്കൊണ്ടിരുന്നു.  കുടുംബങ്ങളുടെ എണ്ണവും കൂടി വന്നിരുന്നു. സിംസണ്‍ ഒരു കൊച്ചുകാറ് മേടിച്ചുകഴിഞ്ഞ് ടൌണിൽനിന്ന്  പഴയ ക്ലാസ്സിക്കൽ മലയാളം സിനിമാകളുടെ ഫിലിമുകളും കൊണ്ടുവരാൻ തുടങ്ങി. അന്ന് സിനിമാക്കൊട്ടക ഇവരുടെ മുറിയിലോ അല്ലെങ്കിൽ  മറ്റാരുടെയെങ്കിലും അപ്പാർട്ട്മെന്റിലൊ  സ്ഥിരം സമ്മേളിക്കുന്ന  പാർട്ടിഹാളിലോ ആയിരിക്കും. വീടും നാടും വിട്ട് ഈ നാട്ടിൽ  വന്ന് ജീവിക്കുന്നവർക്ക്   മലയാളം  ഫിലിം കാണുമ്പോൾ പ്രത്യേകമായ സന്തോഷമുണ്ടാകുമായിരുന്നു.  പിന്നീട് അസോസിയേഷനായി കഴിഞ്ഞപ്പോൾ അത്തരം സിനിമാകൾ ക്ലബുകളിലും പള്ളികളിലുമായി മാറ്റി. സിനിമാ കാണാൻ സ്ത്രീകൾ നിലത്ത് ബഡ് ഷീറ്റിലിരിക്കും. ഒന്നിച്ചിരുന്ന് സിനിമാ കാണലും  വില്ലൻ വരുമ്പോൾ സ്ത്രീകൾ ബഹളം വെക്കുന്നതും പുരുഷന്മാർ നിലക്കടലയെന്ന് വിളിച്ചു പറയുന്നതുമായ ദിനങ്ങൾ  അന്ന്   നാടിന്റെ പ്രതീതിയുണ്ടാക്കുമായിരുന്നു. 


ആദ്യകുടിയേറ്റക്കാരുടെ  കുടുംബസൌഹാർദ്ദ മേളകളിൽ  ഒരു അസോസിയേഷനില്ലാതെ ഇങ്ങനെയൊരു സംരംഭം മുമ്പോട്ടു കൊണ്ടുപോകണമെന്നുള്ളതായിരുന്നു പലരുമന്ന് ചിന്തിച്ചിരുന്നത്.  മാസത്തിൽ ഒരു സമ്മേളനം കൂടി പരസ്പരം കണ്ടറിഞ്ഞുപോകണമെന്ന ഉദ്ദേശ്യമായിരുന്നു അന്നത്തെ കൂടികാഴ്ചകളിലുണ്ടായിരുന്നത്. ഭക്ഷണവും സ്ത്രീ ജനങ്ങൾ പാകം ചെയ്തുകൊണ്ടുവരും. പിന്നീട് അസോസിയേഷനെപ്പറ്റിയും ചർച്ചകൾ വരാൻ തുടങ്ങി. അത്തരം ഒരു അഭിലാഷം  കൂടുതലായുമുണ്ടായിരുന്നത്  സിംസണ്‍ റോസമ്മ ദമ്പതികൾക്കായിരുന്നു . പിന്നീട്  ഒരു അസോസിയേഷൻ സ്ഥാപിക്കാനായി ഞാൻ മുൻഗണനയെടുക്കണമെന്നു  പറഞ്ഞ് സിംസണ്‍   എന്നെയെന്നും  ടെലിഫോണ്‍ വിളിക്കുമായിരുന്നു.  അസോസിയേഷൻ വരുംമുമ്പേ  അദ്ദേഹം  'വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷനെ'ന്ന  പേരും  നല്കി.  അറിയാവുന്നവരെയെല്ലാം വിളിച്ച്  സംഘടനാ  രൂപികരണത്തിനായി  ഒരു യോഗവും  വിളിച്ചുകൂട്ടി. ഞാനന്ന്  ബ്രൂക്കിലിനിൽ എന്റെ സുഹൃത്തായ  അന്തരിച്ച വിജയൻറെ  വീട്ടിലായിരുന്നു.  പിൽക്കാലത്ത്  അസോസിയേഷൻ  സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത് വിജയനായിരുന്നു. സ്ഥലത്തില്ലാത്ത  എന്നെ അന്നുകൂടിയ യോഗം സെക്രട്ടറിയായി  തീരുമാനിച്ചു.  പ്രസിഡന്റ് ശ്രീ എം.സി. ചാക്കോയും ട്രഷറർ  ശ്രീ കെ.ജി. ജനാർദ്ദനനുമായിരുന്നു.  ട്രഷററായി ചുമതലയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ  സാമ്പത്തികകാര്യങ്ങളുടെ ചുമതലകൾ  വഹിക്കാൻ ഞാനില്ലാന്നും അറിയിച്ചു. അസോസിയേഷൻറെ അന്നത്തെ ആസ്തി പൂജ്യവും. എനിയ്ക്കുതന്ന സ്ഥാനം പല തവണകൾ  നിരസിച്ചിട്ടും  സെക്രട്ടറിയുടെ  ചുമതല ഞാൻ വഹിച്ചേ തീരൂവെന്ന് സിംസണ്‍ നിർബന്ധവും തുടങ്ങി. അങ്ങനെയാണ് ഞാൻ വെസ്റ്റ്ചെസ്റ്റർ  മലയാളിയസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയായത്‌. പിന്നീട് അന്നുകൂടിയ പൊതുയോഗം ഔദ്യോഗികമായി എന്നെ അസോസീയേഷന്റെ  സെക്രട്ടറിയായി  അംഗീകരിച്ചു. അന്നുവരെ ഒന്നുമല്ലാതായിരുന്ന എന്റെ പേര് സമൂഹത്തിൽ സെക്രട്ടറിജോസെന്നുമായി. സിംസ‍നും   റോസമ്മയും എന്നെ കാണുമ്പോൾ ആ പേരായിരുന്നു വിളിച്ചിരുന്നത്‌. അസോസീയേഷൻ അക്കാലങ്ങളിൽ മുടങ്ങാതെ നടത്തിയിരുന്ന ആഘോഷങ്ങൾ ഈസ്റ്ററും വിഷുവും ക്രിസ്തുമസുമായിരുന്നു. സംഘടനയുടെ  അടയാളമായ പീലി വിടർത്തിയ മയിൽ വിഭാവന ചെയ്തത് ജോബ്‌ ആറാഞ്ചേരിയും. പില്ക്കാലത്ത് അസോസിയേഷൻ  പ്രസിഡന്റായിരുന്ന  ജോണ്‍ ജോർജ്   പീലിവിടർത്തി നില്ക്കുന്ന മയിൽ അടയാളമായിക്കൊണ്ട്   ലെറ്റർപാഡും അസ്സൊസീയേഷനുവേണ്ടി  സീലുമുണ്ടാക്കിവന്നതും  ഒർമ്മയിലുണ്ട്.   ഇതാണ് സിംസണ്‍ -റോസമ്മ കുടുംബത്തിൽനിന്ന്  പൊട്ടിമുളച്ച 'വെസ്റ്റ് ചെസ്റ്റർ  മലയാളീ അസോസിയേഷന്റെ' പ്രഭവ കഥ. ഇന്നിത് അമേരിക്കയിലെ ഒരു പ്രമുഖ  സംഘടനയായി മാറിക്കഴിഞ്ഞു.  ഞാനും സിംസ‍നും അതിലെ അജ്ഞാത കഥാപാത്രങ്ങളും. ആദ്യകാല പ്രവർത്തകരായ വിജയൻ, സീ.റ്റി. തോമസ്‌, സെബാസ്റ്റ്യൻ ആഴാത്ത്, ചെറിയാൻ മത്തായി, ജോസ് വടക്കേൽ എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല.  


ഔദ്യോഗിക ഭാരവാഹിത്വം സിംസണ്‍ വഹിച്ചില്ലെങ്കിലും  ഞാനും സിംസ‍നും സംഘടനാ പ്രവർത്തനങ്ങളിൽ അതീവ താല്പര്യത്തോടെ  മുമ്പിൽത്തന്നെ പ്രവർത്തിച്ചിരുന്നു.  ഞങ്ങൾ   ഒരു ടീമായി ഫീൽഡ് വർക്കിന് ‌ ഒപ്പം വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നു. സംഘടനാ ഫീസുള്ളതുകൊണ്ട് പലർക്കും അംഗമാകാൻ മടിയുമായിരുന്നു.   സംഘടനയുടെ ഭരണഘടന  എഴുതുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പുതിയ ഒരു രാജ്യത്തിന്റെ നിയമങ്ങളോ അതറിയാനുള്ള ഉറവിടങ്ങളോ അറിയത്തില്ലായിരുന്നു. തികച്ചും അപരിചിതമായ ഒരു രാജ്യത്തിൽ  ഉപദേശങ്ങൾ  തരുവാനും ആരുമുണ്ടായിരുന്നില്ല.  എങ്കിലും ലൈബ്രറിയിൽ പോയി ചില പുസ്തകങ്ങളുടെ സഹായത്തോടെ പന്ത്രണ്ടു പേജ്‌ റ്റൈപ്പ്  ചെയ്ത്  അസ്സൊസീഷന്റെ ആദ്യഭരണഘടനയുണ്ടാക്കിയത് ഞാനാണ്. പിന്നീട് ഞാനും സിംസണുംകൂടി  ഒരു വക്കീലിനെ കണ്ട് സംഘടന രജിസ്റ്റർ ചെയ്തു.   150 ഡോളർ   വക്കീൽ  ഫീസും  കൊടുത്തു. അന്നത് വലിയ ഒരു തുകയായിരുന്നു.  ഇതാണ് 'വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ'  ശൈശവകഥ. അസോസിയേഷന്റെ ബാല്യവുമായി  ചിലർക്കെന്നെയറിയാമെങ്കിലും  പ്രഭവകേന്ദ്രം സിംസനാണെന്ന്  അധികം പേർക്കറിയത്തില്ല.


അന്ന് സംഘടനയ്ക്കുള്ളിൽ   മതമോ രാഷ്ട്രീയചേരി തിരിവുകളോ നേതൃവടംവലിയോ സാമ്പത്തികവിവാദങ്ങളോ സ്വാർഥതയോ  ഉണ്ടായിരുന്നില്ല. അംഗങ്ങളെ ചേർക്കാൻ  ഞങ്ങളൊരുമിച്ച് ജോലികഴിഞ്ഞാലുടൻ യാത്ര തുടങ്ങും. വൈറ്റ് പ്ലൈൻസ്, യോങ്കെഴ്സ്, പോർട്ട്ചെസ്റ്റർ  എന്നിവിടങ്ങളിലുള്ള വീടുകളിൽ സന്ദർശിച്ച്  അസോസിയേഷനിൽ അംഗങ്ങളെ ചേർത്തിരുന്നു. സംഘടനയുടെ ആറു ഡോളർ അംഗത്വഫീസെന്നു കേൾക്കുമ്പോൾ പലരും പിൻവാങ്ങുകയും ഞങ്ങളെ പരിഹസിക്കുകയും ചെയ്തതോർക്കുന്നു. പിന്നീട് സംഘടന വലുതായപ്പോൾ അവരെല്ലാം  തലപ്പത്തിരിക്കുന്നതും കണ്ടിട്ടുണ്ട്.  അതിനുള്ളിൽ വികാരപരമായ പല സംഭവങ്ങളുമുണ്ടായി. ഞങ്ങളുടെയെല്ലാം സഹോദരനെപ്പോലെ  ഞങ്ങളോടൊപ്പം പ്രവർത്തിച്ച വിജയൻറെ മരണം  വെസ്റ്റ്ചെസ്റ്റർ  മലയാളികൾക്ക് അന്നൊരാഘാതമായിരുന്നു.  അതുപോലെ നെപ്ട്യൂണ്‍ എന്ന  ഒരു  കമ്പനിയിലുണ്ടായ വെടിവെപ്പിൽ ഒരു പോലീസുകാരനുൾപ്പടെ അഞ്ചുപേര് കൊല ചെയ്യപ്പെട്ടു.  അതിൽ സംഘടനയിലെ ഒരംഗം മലയാളിയായ പരിയാരം വർഗീസുമുണ്ടായിരുന്നു.  അസോസിയേഷനന്ന് പതിനായിരത്തിലധികം ഡോളർവീതം ദുഖിതരായ ഓരോ കുടുംബത്തിനും പിരിച്ചു കൊടുത്തു.  കുടുംബങ്ങളോടുള്ള ബന്ധങ്ങളും  അത്രയ്ക്കന്ന് വൈകാരികമായിരുന്നു.     മലയാളീ മനസുകളുടെ നിർണ്ണായകമായ മുറിവേറ്റ  ദിനങ്ങളിൽ   സഹായങ്ങളുമായി സിംസണ്‍ കുടുംബം മുമ്പിൽത്തന്നെയുണ്ടായിരുന്നു. 


ലക്ഷ്മിയെന്ന സിനിമാതാരം വന്നപ്പോൾ സ്വീകരിക്കാൻ  മുമ്പിലുണ്ടായിരുന്നത് അന്തരിച്ച റോസമ്മയായിരുന്നു. അതുപോലെ ഓരോ പരിപാടികൾ  വരുമ്പോഴും വിശിഷ്ട്ടാതിഥികൾക്ക് പൂക്കൾ കൊടുക്കുന്നതും  അവരായിരുന്നു.  അത്തരം അവസരങ്ങൾ റോസമ്മയ്ക്ക് കൊടുത്തിരുന്നത്   സദാ പ്രഫുല്ലമായ പുഞ്ചിരിയോടെ വിരുന്നുകാരെ സ്വീകരിക്കാനുള്ള  കഴിവുകൊണ്ടായിരുന്നു.  പിന്നീട് സംഘടനയുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു.  പ്രമുഖരായ പലരും സംഘടനയ്ക്കുവേണ്ടി  പ്രവർത്തിച്ചെന്നുമറിയാം. അവർക്കൊന്നും  റോസമ്മയുടെയും  സിംസ‍ന്റെയും  സംഘടനയ്ക്കുവേണ്ടിയുള്ള  ആദ്യകാല സാമൂഹിക സേവനങ്ങളെ തള്ളിക്കളയുവാൻ കഴിയില്ല. അതിനുശേഷം  സിംസണ്‍  കുടുംബം ഹോട്ടൽ വ്യവസായത്തിൽ വിജയകരമായി പ്രവർത്തിച്ചു.  ഒരു പ്രസ്ഥാനം വിജയിക്കണമെങ്കിൽ ഒപ്പം ഭാര്യയും ഉണ്ടായിരിക്കണമെന്ന് ആരോ തത്ത്വചിന്തകൻ പറഞ്ഞിട്ടുണ്ട്.  സിംസ‍ന്റെ വിജയവും എന്നും വലത്തുതോളിൽ ചാരിനിന്ന റോസമ്മയായിരുന്നു. 'നാദം' എന്ന പത്രം രണ്ടുകൊല്ലം വിജയകരമായി  നടത്തിയിരുന്നതും സിംസണ്‍ കുടുംബമായിരുന്നു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റ തലമുറകളുടെ ചരിത്രമായി റോസമ്മ   ഇന്ന് നിത്യനിദ്രയിൽ ലയിക്കുന്നു.  


ആർക്കും വിധിയെ തടയാൻ സാധിക്കില്ല. ജനിച്ചാൽ മരണം ഓരോരുത്തർക്കും  തീർച്ചയാണ്.   മരിച്ചുവെന്നറിഞ്ഞാൽ മരിച്ചവർ ദൈവത്തിന്റെ കരങ്ങളിലെന്നോർത്ത് ഭൂമിയിലുള്ളവർ ആശ്വസിക്കും.  സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ നമ്മെ കാത്തുകൊള്ളാൻ സ്വർഗത്തിലൊരു മാലാഖയെ ലഭിക്കുകയാണെന്നും ചിന്തിക്കുന്നു. തീർച്ചയായും അവരുടെ അഭാവവും നാം അറിയും. അവർ പോയേ തീരൂ. അത് പ്രകൃതി നിയമമാണ്. സത്യത്തിൽ ലോകത്തിൽനിന്ന് ഗുണികളാരും  പോവുന്നില്ല. സ്നേഹിക്കുന്നവരുടെ മനസ്സിൽ പോയവരെന്നും കാണും. പ്രാർഥനകളും അവരുടെ ജീവിതത്തിലെ സുന്ദരമായ ഓർമ്മകളും  നാം ഹൃദയത്തിൽ സൂക്ഷിച്ചു വെക്കും. ദുഖിതരായിരിക്കുന്ന സമയത്ത് നമുക്കത് ആശ്വാസവും  നല്കും.  സ്നേഹിക്കുന്നവരോട്‌ നമുക്കു  ചിലപ്പോൾ യാത്ര പറയേണ്ടി വരും.' ഗുഡ് ബൈ ഗുഡ് ബൈ' ഞാൻ ആ വാക്കിനെ വെറുക്കുന്നു.  എല്ലാവിധ ശാന്തിയും അനുഗ്രഹങ്ങളും  സിംസ‍ന്റെ  ഭവനത്തിലുണ്ടാകട്ടെയെന്നും അഭിലക്ഷിക്കുന്നു. പരേതയുടെ ആത്മാവിനു നിത്യശാന്തിയും.

Emalayaleehttp://emalayalee.com/varthaFull.php?newsId=75080

Malayalam Daily news: http://www.malayalamdailynews.com/?p=83086

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...