Sunday, April 20, 2014

ന്യൂറോഷൽ നെപ്റ്റ്യൂണ്‍ കമ്പനിയിലെ 1977 വെടിവെപ്പും വർഗീസ്‌ പരിയാരത്തിന്റെ അന്ത്യവും

By ജോസഫ് പടന്നമാക്കൽ 






ഫ്രെഡറിക്ക് കൊവാൻ
ഹഡ്സൻ  നദിയുടെ തീരത്തുള്ള ന്യൂറോഷലെന്ന  കൊച്ചുപട്ടണം ആദികാലത്തു വന്നിരുന്ന  മലയാളികളുടെ അഭയകേന്ദ്രമായിരുന്നു. ഫ്രാൻസിലെ 'ലാ റോഷൽ' എന്ന സ്ഥലത്തുനിന്നുള്ള  പ്രഞ്ചുകാർ സ്ഥാപിച്ചതാണ് ഈ പട്ടണം.1688-ൽ  കത്തോലിക്കാ പീഡനങ്ങൾമൂലം  ഫ്രാൻസിൽനിന്നും  രക്ഷപ്പെട്ട 'ഹുഗനോട്ടെന്ന' പ്രൊട്ടസ്റ്റന്റുകാരനാണ്  സ്ഥാപകൻ. ഇന്ത്യാക്കാർക്ക് തൊഴിലുകൾ  നല്കിക്കൊണ്ടിരുന്ന ഒരു ഹോസ്പിറ്റലും അനേക നേഴ്സിംഗ് ഹോമുകളും കമ്പനികളും ഉള്ളതുകൊണ്ട്  ഈ പട്ടണത്തിലേക്ക് മലയാളികളെ  ആകർഷിച്ചിരുന്നു. കൂടാതെ   പ്രൈവറ്റും പബ്ലിക്കുമായ പേരുകേട്ട  സ്കൂളുകളും താമസിക്കാനുള്ള  നല്ല അപ്പാർട്ട്മെന്റുകളും  യാത്രാ സൌകര്യങ്ങളും മെട്രോ നോർത്ത് ട്രെയിൻ സ്റ്റേഷനും  സുന്ദരമായ പാർക്കുകളുമുള്ളതുകൊണ്ട്  കുടുംബമായി താമസിക്കുന്നവർക്ക് അനുയോജ്യവും സുരക്ഷിതവുമായ
പ്രദേശമായിരുന്നു


എഴുപതുകളിലെ പ്രാരംഭകാലങ്ങളിൽ   ഭൂരിഭാഗം മലയാളീകുടിയേറ്റക്കാർക്കും സ്വപ്നഭൂമിയായ അമേരിക്കാ   പുതിയൊരു  രാജ്യമായിരുന്നു. എങ്കിലും പരസ്പരമുള്ള കൂട്ടായ്മ  പലർക്കും   സന്തോഷം നല്കിയിരുന്നു. സ്വന്തം കുഞ്ഞുങ്ങളെയും  നാട്ടിലെ സഹോദരീ സഹോദരങ്ങളെയും  പ്രായമായ  മാതാപിതാക്കളെയും സംരക്ഷിക്കാൻ  ഓരോരുത്തരും    ബാദ്ധ്യസ്ഥരുമായിരുന്നു. തെരഞ്ഞെടുത്ത ഈ രാജ്യത്ത് തനതായ പ്രശ്നങ്ങൾ പങ്കിട്ട് ഒത്തൊരുമയോടെ ഒരേ സമൂഹമായി മലയാളി കുടുംബങ്ങൾ  കഴിഞ്ഞിരുന്നു. പരസ്പരം തമ്മിൽക്കണ്ടും ടെലഫോണ്‍വഴിയും കുശലങ്ങളും ആശയവിനിമയങ്ങളിൽക്കൂടിയും  ഒരാത്മബന്ധവുമുണ്ടാക്കിയിരുന്നു. മാസത്തിലൊരിയ്ക്കൽ സമ്മേളനഹാളിൽ ഭക്ഷണവും പങ്കുവെച്ച് തീൻമേശകൾക്കുമുമ്പിൽ  നർമ്മരസങ്ങൾ കൈമാറിയിരുന്ന കാലവും ഒർമ്മയിൽ വരുന്നുണ്ട്.  പിന്നീട് കുടുംബങ്ങൾ വിപുലീകരിച്ചുകൊണ്ടിരുന്നു.   വിവാഹിതരായവരുടെ ഇണകളും വന്നുകൊണ്ടിരുന്നു.  മാതാപിതാക്കളും സഹോദരീസഹോദരങ്ങളും കുടുംബങ്ങളുംവഴി സമൂഹവും വലുതായി. പ്രശ്നസങ്കീർണ്ണങ്ങളായ  ജീവിത ആയോധനത്തിൽ  ആദ്യകാല സൌഹാർദ്ദബന്ധങ്ങളുടെ മാറ്റും പരിശുദ്ധിയും കുറയാനും തുടങ്ങി. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളും തിരക്കുപിടിച്ച ജീവിതവും പള്ളികളും പുരോഹിതരും സമൂഹത്തെ പലതായി വിഭജിക്കുകയും ചെയ്തു. ചിലരിൽ മതവും സ്വാർഥതയും മുളച്ചുപൊങ്ങി. അത് ആത്മബന്ധങ്ങളുടെയും സ്നേഹകൂട്ടായ്മയുടെയും ശുഭവസാനമായിരുന്നു.


വർഗീസ്‌- മണി ദമ്പതികൾ 1976 നവംബർമുതൽ ന്യൂറോഷലുള്ള 80 ഗയോണ്‍  അപ്പാർട്ട്മെന്റിൽ  താമസിച്ചിരുന്നു. അക്കാലത്ത് അവർ നവ   വധൂവരന്മാരായിരുന്നതുകൊണ്ട് വർഗീസിനെ പരിചയപ്പെടാൻ ഞാനൊരിക്കലും  ശ്രമിച്ചിട്ടില്ലായിരുന്നു.  മണിയും മണിയുടെ സഹോദരി സുമയും   ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായിരുന്നു. വഴിയിൽവെച്ച്  മണിയൊരിയ്ക്കൽ  ഭർത്താവായ വർഗീസ്‌ പരിയാരത്തിനെ പരിചയപ്പെടുത്തിയതായും ഓർക്കുന്നു. കാഴ്ചയിൽ ഇരു നിറവും ചുരുണ്ട തലമുടിക്കാരനുമായിരുന്നു. വർഗീസിന്റെ ചുരുണ്ട തലമുടിയും മലയാളീനിറവും  വരാനിരിക്കുന്ന  ഒരപകടത്തിന് മുന്നോടിയാവുകയും ചെയ്തു.കറുത്ത വർഗക്കാരന്റെ തലമുടിയും ഇരുണ്ട ദേഹവും കറുത്തവരോടും യഹൂദരോടും വിരോധമുള്ളവന്റെ  തോക്കിന്റെയുന്നം പിഴച്ചില്ല.


വർഗീസ്‌ മരിക്കുന്നതിന്  ഏതാനും ദിവങ്ങൾക്കുമുമ്പ്   80 ഗയോണിൽ  പതിവായി നടത്താറുണ്ടായിരുന്ന   പാർട്ടിയിൽ ‌  ഞാൻ  അദ്ദേഹത്തോട് സംസാരിച്ചതും ഓർക്കുന്നു.  ഒരേ മേശയിൽ വർഗീസും മറ്റൊരു സുഹൃത്തും തമ്മിൽ  അടിയന്തിരാവസ്ഥയെപ്പറ്റിയുള്ള ചൂടുപിടിച്ച ചർച്ചകളിൽ  നിശബ്ദനായി  ഞാനും പങ്കുചേർന്നിരുന്നു. അന്ന് ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റി അജ്ഞനായിരുന്ന ഞാൻ അഭിപ്രായങ്ങളൊന്നും പറഞ്ഞില്ല.  അദ്ദേഹം ഇന്ദിരാ ഗാന്ധിയുടെ നയങ്ങൾക്കെതിരായി വീറോടെ വാദിക്കുന്നതും കേട്ടു. പ്രസിഡന്റ്  ഫക്രുതിൻ ആലി അഹമ്മദിന്റെ വിളംബരമനുസരിച്ച്  1975 മുതൽ 1977 വരെയുള്ള 21 മാസക്കാലം ഇന്ത്യയിൽ  ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ നിലവിലുണ്ടായിരുന്ന  കാലവുമായിരുന്നു.


1977ലെ വാലന്റയിൻദിനത്തിൽ നാസിപ്രേമിയും വെയിറ്റ് ലിഫ്റ്ററുമായ ഫ്രെഡി കൊവാനെന്ന (Frederick William Cowan) കുപ്രസിദ്ധനായ ഒരു  ഭീകരൻ  നെപ്റ്റ്യൂണ്‍ കമ്പനിയിലെ വെടിവെപ്പുമൂലം ന്യൂറോഷൽ നിവാസികളെയും അമേരിക്കൻ മലയാളീ  ലോകത്തെയും   ഞെട്ടിപ്പിച്ചുകൊണ്ട്  വാർത്തകളിൽ പ്രാധാന്യം നേടി. അയാളുടെ തോക്കിന്മുനയിൽ വർഗീസും ബലിയാടായി തീർന്നു. ഏ ബി.സി. യും സി.ബി.എസും നിറുത്താതെ ഈ ഭീകര വാർത്ത പ്രക്ഷോപണം ചെയ്തുകൊണ്ടിരുന്നു.    നാസിഭക്തനായ   ഭീകരനിൽനിന്നും പരിയാരത്ത് വർഗീസ്‌വെടിയേറ്റ സംഭവം  ഇന്നും ഇവിടുത്തെ പഴമക്കാരായ മലയാളികളുടെ മനസ്സിൽ  വിട്ടുമാറാതെയുണ്ട്.    അന്നവിടെയുണ്ടായിരുന്ന  നെപ്ട്യൂണ്‍  മൂവിംഗ് കമ്പനിയിൽ പത്തുപേരെ   അയാൾ  വെടിവെച്ചു. വെടിയുണ്ട തുളച്ച്   ഉടനടി അഞ്ചുപേർ സംഭവസ്ഥലത്ത്   മരിച്ചു വീഴുകയും ചെയ്തു.  ആറാമതൊരാൾ ഒരാഴ്ചയ്ക്കു  ശേഷവും മരിച്ചു.  തോക്കുധാരിയായ  ഫ്രെഡിയെപ്പറ്റി  സുഹൃത്തുക്കൾക്കുണ്ടായിരുന്ന ധാരണ വെറുമൊരു സാധാരണ മനുഷ്യനെന്നായിരുന്നു. കഠിനാദ്ധ്വാനിയായ ഫ്രെഡി  തന്റെ മാതാപിതാക്കളോടൊപ്പം യോങ്കെഴ്സിലായിരുന്നു  സംഭവനാളുകളിൽ  താമസിച്ചിരുന്നത്. 


ജർമ്മൻ ഏകാധിപതിയായിരുന്ന 'ഹിറ്റ്ലർ'  അയാളുടെ ആരാധ്യദേവനായിരുന്നു. നാസികളുടെ പോലുള്ള ആയുധങ്ങൾ ശേഖരിക്കുന്നത്  ഹോബിയുമായിരുന്നു.  ജർമ്മൻ ഹെൽമെറ്റ്‌ ധരിക്കാനും ഇഷ്ടപ്പെട്ടിരുന്നു.  ബെഡ്റൂമിൽ നിന്നും പോലീസ് കണ്ടെടുത്ത ഒരു നാസി പുസ്തകത്തിൽ 'മനുഷ്യ ജാതിയിൽ യഹൂദരും കറുത്ത വർഗക്കാരും അവരെ സംരക്ഷിക്കുന്ന പൊലീസുകാരുമാണ്  നികൃഷ്ട ജീവികളെ'ന്നും  ഫ്രെഡി കൊവാൻ   ഒരു കുറിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു.  ഫ്രെഡിയൊരിക്കൽ   കുടിച്ചു ബൊധമില്ലാതിരുന്ന സമയത്ത് ഒരു പട്ടിയെ തൊഴിച്ചു കൊന്നു.  കാരണം ആ പട്ടി കറുത്തതായിരുന്നു. മറ്റൊരവസരത്തിൽ  ഒരു ബാറിൽ കയറി ഒരു യഹൂദസ്ത്രീയോട് സംസാരിക്കേണ്ടി വന്നതിൽ  അവിടുത്തെ ടെലിവിഷൻ  തല്ലി പൊട്ടിച്ചു. സമീപവാസിയായ ഒരു സ്ത്രീയുടെ കൂട്ടുകാരൻ കറുത്തവനായതുകൊണ്ട്  അവളെ തോക്കുചൂണ്ടികാണിച്ചു് പേടിപ്പിച്ചു. സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ച്  ഫ്രെഡിയ്ക്ക് സ്ത്രീകളോട് വലിയ  മമതയില്ലായിരുന്നു.  "നീ ഒരു പുരുഷനാണെങ്കിൽ തോക്ക് മേടിക്കൂവെന്ന്" അയാൾ സഹപ്രവർത്തകരെ  ഉപദേശിയ്ക്കുമായിരുന്നു. വർഗവിവേചന ഭ്രാന്തനായ ഫ്രെഡി  ചിലപ്പോൾ കൊലവിളികൾ  നടത്തുമ്പോൾ ചുറ്റുമുള്ളവരെ   ഭയവിഹ്വലരാക്കുകയും  ഞെട്ടിയ്ക്കുകയും ചെയ്തിരുന്നു. 


നെപ്റ്റ്യൂണിൽ  തോക്കുധാരിയായ  ഫ്രെഡി   പ്രവേശിച്ചത് അന്നൊരുദിവസം വാലന്റീയൻ ദിനത്തിൽ  രാവിലെ ഏഴര മണിയ്ക്കായിരുന്നു . അയാളുടെ ലക്‌ഷ്യം  താല്ക്കാലികമായി കമ്പനിയിൽനിന്നും  തന്നെ  പറഞ്ഞുവിട്ട  യഹൂദ സൂപർവൈസർ നോർമാൻ ബിങ്ങിനെ വക വരുത്തുകയെന്നതായിരുന്നു.   പ്രതികാരദാഹത്തോടെ   തോക്കുമായി കമ്പനിയ്ക്കുള്ളിൽ പ്രവേശിച്ച അയാളുടെ  വഴിയിൽ കാഫറ്റീരിയാ ലോബിയ്ക്കുള്ളിൽ  അന്നുകണ്ട മൂന്നു  കറുത്ത വർഗക്കാരെ  ഉടൻതന്നെ വെടിവെച്ചു കൊന്നു. അവിടെ കാപ്പികുടിച്ചുകൊണ്ടിരുന്ന നാലാമതു കണ്ട മലയാളിയായ വർഗീസ്‌ പരിയാരത്തിനെയും  വെടി വെച്ച് താഴെയിട്ടു. വർഗീസിന്റെ കാലിനിട്ടാണ് വെടിയേറ്റത്. മണിക്കൂറുകളോളം  ഫ്രെഡിയുടെ ചീറി പായുന്ന വെടിയുണ്ടകളിൽക്കൂടി  ആർക്കും   സമീപത്തടുക്കാൻ  സാധിക്കാത്ത കാരണം നിസഹായനായി രക്തം വാർന്നാണ്  വർഗീസ്  ‌ മരിച്ചത്.  ഭ്രാന്തൻഫ്രെഡി  കെട്ടിടത്തിലന്ന്  കയറുന്നത്‌   കണ്ടയുടൻ  അയാൾ തേടുന്നയിരയായ സൂപ്പർവൈസർ  'ബിംഗ്'  തന്റെ ഓഫീസ് മുറിയിൽനിന്നും രക്ഷപ്പെടാനായി  മറ്റൊരു മുറിയിലുള്ള മേശയുടെ താഴെയായി  ഒളിച്ചിരുന്നു. 


ആദ്യത്തെ പത്തുമിനിറ്റുനുള്ളിൽ  വെടിയുണ്ടകൾ ചീറി പായുന്നതിനിടെ  ഒരു പോലീസ് ഓഫീസർ സംഭവസ്ഥലത്തു വന്നിരുന്നു. അദ്ദേഹവും ഈ നര ദാഹിയുടെ തോക്കിന്റെ വെടിയുണ്ടയിൽ മരിച്ചു. വന്നെത്തിയ മറ്റു മൂന്നു  പോലീസുദ്യോസ്ഥരെയും മുറിവേൽപ്പിച്ചു. പോലീസ് വണ്ടിയുടെ കണ്ണാടികൾ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ജനാല്ക്കയില്ക്കൂടി അയാൾ  ഒളിഞ്ഞിരുന്ന് വെടിവെച്ച് തകർത്തു. സമീപത്തുള്ള സ്കൂൾ കെട്ടിടത്തിലെ ജനാലകളിലും വെടിയുണ്ടകൾ തുളച്ചു കയറ്റി.   ഉച്ചയോടുകൂടി 300 പോലീസ് ഓഫീസർമാർ  കെട്ടിടത്തിനു ചുറ്റുമുള്ള നിരത്തുകളിൽ നിരന്നിരുന്നു. ഫ്രെഡി കൊവാൻ  'തനിക്ക് വിശക്കുന്നുവെന്നും  പൊട്ടറ്റോ സലാഡ് വേണമെന്നും  താനാരെയും ഉപദ്രവിക്കില്ലെന്നും  പറഞ്ഞ്  ന്യൂറോഷൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു.  ചെയ്ത കുറ്റങ്ങൾക്ക് ക്ഷമയും ചോദിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയാൾ സ്വയം നെറ്റിയിൽ വെടി വെച്ച് ആത്മഹത്യ ചെയ്തു. കെട്ടിടത്തിൽ കയറിയ പോലീസിന് ഫ്രെഡി മരിച്ചോ ഇല്ലയോയെന്ന് വ്യക്തമല്ലായിരുന്നു. പേടിച്ചരണ്ട പതിനാല് ജോലിക്കാരും അവിടെ ഭയന്നുവിറച്ച്  ഭീകരനില്നിന്നും ഒളിച്ചിരിപ്പുണ്ടായിരുന്നു.


1943 ജൂണ്‍ മാസം ഒന്നാംതിയതി ഫ്രെഡറിക്ക് വില്യം കൊവാൻ  ന്യൂറോഷലിൽ ജനിച്ചു. ഒരു പോസ്റ്റലുദ്യോഗസ്ഥനായിരുന്ന  വില്ല്യമിന്റെയും ഡൊറോത്തിയുടെയും മകനായിരുന്നു അയാൾ. മാതാപിതാക്കളോടൊപ്പം  യോങ്കെഴ്സിൽ താമസിച്ചിരുന്നു. ഫ്രെഡിയ്ക്ക് രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു.  ബ്ലസഡ്‌   സാക്രമെന്റ്റ് എലിമെന്ററി സ്കൂളിൽ പഠിച്ച് 1957-ൽ അവിടെ പഠനം പൂർത്തിയാക്കി. സ്കൂൾ ജീവിതത്തിലെ എട്ടുവർഷക്കാലവും പഠിക്കാൻ നല്ല മിടുക്കനായിരുന്നു. 'നല്ല കയ്യക്ഷരത്തിന്റെ ഉടമയും ക്ലാസ്സിൽ മുടങ്ങാതെ വന്നിരുന്ന  കുട്ടിയുമായിരുന്നെന്ന്' ഫ്രെഡിയുടെ .ഒരു അദ്ധ്യാപകൻ സംഭവം കഴിഞ്ഞ്  വാർത്താ ലേഖകരോട് പറയുകയുണ്ടായി.  പിന്നീട് ഫ്രെഡി വൈറ്റ്പ്ലയിൻസിലുള്ള   സ്റ്റെഫനാക്ക് കത്തോലിക്കാ സ്കൂളിൽനിന്നും  ഹൈസ്കൂൾ പൂർത്തിയാക്കി. അവിടെ  അമേരിക്കൻ ഗയിമായ  ഫൂട്ബോൾ  കളിക്കാരനായിരുന്നു.1961- ൽ  വില്ലനോവാ യൂണിവേഴ്സിറ്റിയിൽ  എഞ്ചിനീയറിംഗിന് പഠിക്കാൻ തുടങ്ങി.  പഠനം പൂർത്തിയാക്കാതെ  1962 -ൽ മിലിട്ടറിയിൽ ചേർന്നു. ജർമ്മനിയിലെത്തിയ അദ്ദേഹം  വഴിയിൽ കിടന്ന ഒരു  വോള്സ് വാഗണ്‍ വണ്ടി സ്വയമുയർത്തി തലകീഴായി മറിച്ചിട്ട് കൈ കാലുകൾകൊണ്ട്‌ കേടുപാടുകളുണ്ടാക്കി.  അന്ന് പട്ടാളകോടതിയെ അഭിമുഖീകരിക്കേണ്ടി വന്നു. 1965-ൽ ഒരു കാറപകടമുണ്ടാക്കിയിട്ട് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതുമൂലം ജയിൽ ശിക്ഷയും  കിട്ടി.1965 മാർച്ച് മാസം അയാളെ  അമേരിക്കയിലേക്ക് മടക്കിയയച്ചു. 


കമ്പനിയിലെ തൊഴിലിൽ  വീഴ്ച വരുത്തിയതിന് രണ്ടാഴ്ച ത്തെയ്ക്കായിരുന്നു  ഫ്രെഡിയെ ജോലിയിൽനിന്ന് പുറത്താക്കിയത്. കമ്പനിയിൽ സ്ഥിരം വരുന്ന കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറിയെന്നതും കാരണമായിരുന്നു. ഒരു റെഫ്രിജരേറ്റർ  മാറ്റാൻ സൂപ്പർവൈസർ ഫ്രെഡിയോടാവശ്യപ്പെട്ടപ്പോൾ അനുസരിക്കാതിരുന്നതും  ഫ്രെഡി  കമ്പനിയുടെ കറുത്ത പട്ടികയിൽപ്പെടാൻ കാരണമായി. താല്ക്കാലികമായി  പിരിച്ചുവിട്ടതിന്റെ  കാലാവധി കഴിഞ്ഞ്  സംഭവത്തിൻറെ  തലേദിവസം  വീണ്ടും ജോലിയ്ക്ക് വരേണ്ടതായിരുന്നു. പക്ഷെ   അയാളന്ന്  കമ്പനിയിൽ  ഹാജരായില്ല.


250 പൌണ്ട് ഭാരവും ആറടി പൊക്കവുമുള്ള ഈ തോക്കുധാരി  പത്തു വർഷത്തോളം നെപ്ട്യൂണ്‍ കമ്പനിയിൽ ജോലിചെയ്തിരുന്നു. പോലീസുമായി  ഒരു മണിക്കൂറോളമന്ന്  പരസ്പരം വെടി വെച്ചുകൊണ്ടിരുന്നു. ദിവസം മുഴുവൻ വെടിവെയ്ക്കാനുള്ള വെടിയുണ്ടകൾ അയാളുടെ കൈവശമുണ്ടായിരുന്നു. റൊണാൾഡ്‌  കോവൽ എന്നൊരാൾ നെപ്ട്യൂണിന്റെ  ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പറയുന്നതിങ്ങനെ,  ' അന്ന് ഫ്രെഡി  കമ്പനിയ്ക്കുള്ളിൽ പ്രവേശിച്ചപ്പോൾ താൻ വാതിലിനൊരടി മാറി നില്ക്കുകയായിരുന്നു.  ഫ്രെഡിയുടെ ഉഗ്രമായ  മസിലും തോക്കും കണ്ടയുടൻ ഭയംകൊണ്ട് വിറച്ചിരുന്നു. ഒന്നും ചെയ്യരുതേയെന്ന് ജീവനുവേണ്ടി  താൻ  ഫ്രെഡിയോട്  യാജിച്ചു.''ഫ്രെഡി തോക്കും ചൂണ്ടി പറഞ്ഞു, "പോവൂ, ഇനിമേലിൽ  നെപ്ട്യൂണിലേക്ക്  നീ മടങ്ങി വരരുത്". ‍ "പിന്നീട്  പുറകോട്ട്  നോക്കിയില്ല. ജീവനും കൊണ്ട് ഓടിക്കൊണ്ടിരുന്നു."   സൂപർ വൈസർ 'നോർമാൻ ബിംഗിനെ'  വെടിവെക്കാൻ   'നോർമാനെവിടെ' യെന്നലറിക്കൊണ്ട് തോക്കുമായി ചുറ്റും തേടുന്നുണ്ടായിരുന്നു. അനേക മണിക്കൂറുകളോളം  ഒളിച്ചിരുന്ന 'നോർമാന്' പരിക്കുകളൊന്നും കിട്ടിയില്ല.



നാസി കാലത്തുണ്ടായിരുന്ന  കിട്ടാവുന്ന തരങ്ങളിലുള്ള തോക്കുകൾ   ഫ്രെഡി കൊവാൻ ശേഖരിക്കുമായിരുന്നു.  ഹിറ്റ്ലറെ  ആരാധിക്കുന്ന വിവരം മറ്റുള്ളവരിൽനിന്നും ഒളിച്ചും വെച്ചിരുന്നില്ല.   കുരിശുകൾ, കത്തികൾ, തലയോട്ടികൾ,സ്വാസ്തിക, നാസി കൊടികൾ  എന്നീ  പച്ച കുത്തിയ അടയാളങ്ങൾ അയാളുടെ കൈകളിലും ദേഹത്തും കാണാമായിരുന്നു. വെടിവെക്കുന്ന സമയം അയാളുടെ മാതാപിതാക്കളും  ബന്ധു ജനങ്ങളും സംഭവസ്ഥലത്തു വന്ന്  ഫ്രെഡി കൊവാനോട്‌  'മകനേ കീഴടങ്ങൂവെന്ന്'  കേണപേക്ഷിച്ചിട്ടും പ്രയോജനമുണ്ടായില്ല. ആദ്യത്തെ തുടർച്ചയായ വെടിവെപ്പിനു ശേഷം അനേക മണിക്കൂറുകളോളം  വെടിയുടെ  ശബ്ദമില്ലായിരുന്നു.  ഇടവേളയ്ക്കുശേഷം  ഉച്ചകഴിഞ്ഞ് രണ്ടേമുക്കാൽ മണിയോടെ  വെടിയുടെ ഒരു ശബ്ദം  പുറം ലോകം കേട്ടു. അത് അയാൾ സ്വയം വെടിവെച്ചതായിരുന്നു.  അധികാരികൾ  ഫ്രെഡി കൊവാൻ  മരിച്ചുകിടക്കുന്ന സ്ഥലത്ത് പ്രവേശിക്കാൻ ഭയപ്പെട്ടു.  അയാളുടെ കൈവശം പൊട്ടിത്തെറിക്കുന്ന ബോംബുണ്ടെന്നോർത്തിരുന്നു. എന്നാൽ അത്തരം ബോംബോ ഹാൻഡ് ഗ്രനേഡോ  അവിടെയുണ്ടായിരുന്നില്ല. രാത്രി എട്ടുമണിയോടെ  ഫ്രെഡി കൊവാന്റെ മൃതശരീരം പുറത്തെടുത്തു. 


പരിയാരം വർഗീസ്  നെപ്റ്റ്യൂണ്‍ കമ്പനിയിൽ അന്ന് ഇലക്ട്രിഷ്യനായിരുന്നു.   വർഗീസിന് ‌ കമ്പനിയിൽ ജോലി ലഭിച്ചത് ഒരാഴ്ച മുമ്പായിരുന്നു.  സുവർണ്ണ ഭൂമിയിലെ കിട്ടാനുണ്ടായിരുന്ന ആദ്യത്തെ പേചെക്കുപോലും ആ പാവം കണ്ടില്ല.  അമേരിക്കയിൽ   കുടിയേറിയതും ന്യൂറോഷലിൽ വന്നതും  മരിക്കുന്നതിന്  നാലുമാസം മുമ്പായീരുന്നു. താൻ  പഠിച്ച  തൊഴിലിൽ ജോലി കിട്ടിയതിൽ  വർഗീസ്‌ വളരെയേറെ സംതൃപ്തനുമായിരുന്നു.


നെപ്റ്റ്യൂണിലെ  വെടിവെപ്പിൽ ഞാനന്ന്  മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അന്ന് എന്റെകൂടെ ജോലി ചെയ്തിരുന്ന ഫ്രെഡ് ജോണ്‍സൻ എന്നയാൾ  റേഡിയോയിൽക്കൂടി  വാർത്ത ശ്രവിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് നെപ്റ്റ്യൂണിലെ വെടിവെപ്പിനെപ്പറ്റിയുള്ള വാർത്ത  കേട്ടത്.  കൊല്ലും കൊലയും അമേരിക്കയിൽ സ്ഥിരമായതുകൊണ്ട്  നെപ്ട്യൂണിലെ ‍ വാർത്തകൾക്കധികം  ഞാനന്ന് വലിയ പ്രാധാന്യവും കൽപ്പിച്ചില്ല.  പരിയാരത്ത് വർഗീസിന് വെടിയേറ്റ വാർത്തയും  കേട്ടു. അദ്ദേഹം ആ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നതും  അറിയില്ലായിരുന്നു. വർഗീസിന്റെ മരണം വിശ്വസിക്കാൻ സാധിക്കാതെ   മറ്റുള്ള സുഹൃത്തുക്കളിൽനിന്നും അന്വേഷിച്ച് അത് സത്യമാണെന്നും മനസിലാക്കി.  സംഭവിച്ചതറിയാനുള്ള ജിജ്ഞാസകാരണം  ജോലിയിൽനിന്നും  ഞാൻ ഉടൻതന്നെ നെപ്റ്റ്യൂണ്‍ കമ്പനി നിലകൊള്ളുന്ന സ്ഥലത്തേക്ക് കാറോടിച്ചു. നൂറുകണക്കിന് പോലീസ് വണ്ടികൾ നിരന്നുകിടക്കുന്ന നിരത്തിലേക്ക് അടുക്കാൻ സാധിച്ചില്ല. ഒരു സുഹൃത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിനും  സംഭവിച്ച ദുരന്തത്തെയോർത്ത്  മനസാകെ ദുഖവും വേവലാതിയുമുണ്ടായിരുന്നു.


വർഗീസിന്റെ മൃതദേഹം വല്ഹാല്ലാ ഹോസ്പിറ്റലിൽ കിടത്തിയിരിക്കുന്നതറിഞ്ഞ് അവിടേയ്ക്ക് തിരിച്ചു. അറിഞ്ഞുകേട്ട   മലയാളികൾ   ഹോസ്പിറ്റലിന്റെ  പരിസരങ്ങളിൽ ഉണ്ടായിരുന്നു. ആരെയും മൃതദേഹം കാണാൻ അനുവദിച്ചിരുന്നില്ല.  മരിച്ചയാളിന്റെ  സ്വന്തമാണെന്നു  തെറ്റിദ്ധരിച്ച്  മൃതദേഹം കാണാൻ എന്നെ അനുവദിച്ചു.  മൃതനായി കിടക്കുന്ന വർഗീസിന്റെ  ശരീരം ഒരു ജനാലയുടെ സമീപം കിടത്തിയിരിക്കുന്നത് കണ്ടു. ഉറങ്ങി കിടക്കുന്നുവെന്നേ തോന്നുമായിരുന്നുള്ളൂ. ഒരു നിമിഷം ദേഹി വെടിഞ്ഞ നിശ്ചലമായ ആ ദേഹത്തെ  ഞാനൊന്ന് നോക്കി. യാതൊരു കുറ്റവും ചെയ്യാതെ സത്യമായി ജീവിച്ച യുവാവായ ഒരു മനുഷ്യൻ അവിടെ വിശ്രമിക്കുന്നു. മനുഷ്യത്വമറ്റുപോയ ഒരുവന്റെ തോക്കുമുനയിൽ അവസാനിച്ച അവനിനി നിർവൃതിയിലായിരിക്കും.  ജീവിക്കുന്നവർക്ക് ഇനിയും ദൈവസ്ത്രോത്രങ്ങളും ഗാനങ്ങളും പാടിയേ തീരൂ. സ്വതന്ത്രനായ അവൻ  ഭാഗ്യവാനായി ദൈവത്തിങ്കലും. അവനെ നഷ്ടപ്പെട്ടവരായവർക്ക് ഓർമ്മകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. വേദനകൾക്ക് ശമനവും ഉണ്ടാവില്ല. എവിടെയോ ആ മുഖം  ഇന്നും മനസിലെവിടെയോ  ഒളിഞ്ഞിരിപ്പുണ്ട്. 



അന്നുള്ള മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും ബന്ധുക്കളുടെ വീർപ്പുമുട്ടലുകളും  അദ്ദേഹത്തിൻറെ വിധവയായ ഭാര്യയുടെ വിലാപവും  ഹൃദയം പൊട്ടുന്ന കാഴ്ചകളായിരുന്നു. തികച്ചും സുപരചിതനല്ലാതിരുന്ന വർഗീസിന്റെ മരണാനന്തര ചടങ്ങുകളിലെല്ലാം ആയിരക്കണക്കിന്   ജനങ്ങൾ സംബന്ധിച്ചു. അതിനുശേഷം മൃതദേഹം  ജനിച്ച നാട്ടിലേക്ക്  കൊണ്ടുപോയി; അവിടെയുള്ള സെമിത്തേരിയിൽ  കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സംസ്ക്കരിക്കുകയും ചെയ്തു.  ഫ്രെഡി കൊവാന്റെ തോക്കിൻമുനയിൽ നിശബ്ദനായ  വർഗീസിനെ  അമേരിക്കൻ മലയാളീ  കുടിയേറ്റചരിത്രത്തിന്റെ സുവർണ്ണതാളുകളിൽ  റ്റൈറ്റാനിക്ക് കഥപോലെ  രേഖപ്പെടുത്തിക്കഴിഞ്ഞു. 


വർണ്ണ വിവേചനം പുലർത്തുന്ന  ഒരു  ക്രൂരനിൽനിന്നാണ് നിസഹായരായ ഏതാനും പേരും അവരെ രക്ഷിക്കാൻ വന്ന നിയമ പാലകനും മരിച്ചത്. മരിച്ചവരുടെ കുഞ്ഞുങ്ങളായ മക്കൾ തങ്ങളുടെ പിതാവ് എന്തിന്റെ  പേരിൽ മരിച്ചെന്ന് ചോദിച്ചാൽ ചുറ്റുമുള്ള ബന്ധുക്കൾ എന്തുത്തരം പറയും? തങ്ങളുടെ പിതാവ് യഹൂദനായി, കറുത്ത വർഗക്കാരനായി, നിറമില്ലാത്ത   ഭാരതീയനായി ജനിച്ചത്‌ പാപമോ? ഇതു തന്നെയാണ് ഭാരതത്തിലെ  ദളിതരായവർക്കും  ഉന്നതകുല ജാതരായവരോട് ചോദിക്കാനുള്ളത്. വളരുന്ന മരിച്ചവരുടെ  മക്കളും ഇനി സംശയങ്ങളായി വരാം. ഒരുപക്ഷെ  ജീവിതസത്യങ്ങളെ  അവരുൾക്കൊണ്ടേക്കാം.  തന്റെ അപ്പന്റെ കഥ ഒളിച്ചുവെച്ചന്നോർത്ത് ഉറക്കമില്ലാത്ത രാത്രികൾ  അവനെ, അവളെ  ശാന്തമായി വേട്ടയാടുന്നുണ്ടാകാം.   മരണമെന്ന സത്യത്തിനുമുമ്പിലുള്ള  ഉറക്കമെന്താണ്? നിറത്തിന്റെ   പേരിൽ, വർഗത്തിന്റെ പേരിൽ മരിച്ചെന്ന്  മരിച്ചവരറിയുന്നില്ല. എന്നാൽ ഉറക്കമില്ലാതെ ജീവിക്കുന്നവരറിയുന്നു.  ദൈവ സൃഷ്ടിയിലൊന്നായ നാമെല്ലാം ഒന്നിച്ചോടുന്നു.  അത് സത്യമാണ്. ഇത്തരം വർണ്ണ വർഗ വിവേചനമുള്ള ഭ്രാന്തൻ ലോകമായിരുന്നെങ്കിൽ   എനിക്കോടാൻ സാധിക്കില്ലായിരുന്നു. ഈ ക്രൂരത മനുഷ്യജാതിയിൽനിന്നും വിട്ടകലണം.


 യുവാവായ വർഗീസ്‌ പ്രതീക്ഷകളോടെ  ഡോളറിന്റെ  നാട്ടിൽ വന്നു. ചെറുപ്പകാലത്തിലെ  ഊഷ്മളതയിൽ  സ്നേഹമുള്ള ഭാര്യ, മക്കൾ, കുടുംബം അങ്ങനെയേറെ സ്വപ്നങ്ങളുമായിട്ടാണ് ഈ നാടിന്റെ മണ്ണിൽ കാലുകുത്തിയത്. എന്നാൽ അവരുടെ ദാമ്പത്തിക ജീവിതം വെറും നാലുമാസത്തിനുള്ളിൽ അവസാനിച്ചു.  വിധി അദ്ദേഹത്തെ മാന്യമായി  മരിക്കാൻ അനുവദിച്ചില്ല.  ഒരു ഭീകരന്റെ തോക്കിൽനിന്നും വന്ന വെടിയുണ്ടകളിൽ ഇല്ലാതാക്കി. സൂര്യോദയ കിരണങ്ങളിൽ അന്നുണർന്ന വർഗീസ്‌ അന്നത്തെ സൂര്യാസ്തമയം താനില്ലാത്തതെന്ന് അറിഞ്ഞിരുന്നില്ല.




കൊവാൻ ഉപയോഗിച്ച ആയുധങ്ങൾ

 


പോലീസ് കാറിലെ  ബുള്ളറ്റ് ദ്വാരങ്ങൾ

കൊവാൻ ഉപയോഗിച്ച ആയുധങ്ങൾ

 

പോലീസ് ഓഫീസർ അല്ലൻ മക്കലെഡിന്റെ ശവസംസ്ക്കാരം
 
 
 
 
 

Tuesday, April 15, 2014

Saturday, April 12, 2014

ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പയും വിശുദ്ധിയും വിമർശനങ്ങളും



by ജോസഫ് പടന്നമാക്കൽ
ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പായെ വിശുദ്ധനായി ഉയർത്തുമെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു.  വിശുദ്ധ പദവിയുടെ പേരിൽ  വിവാദങ്ങളായ  അഭിപ്രായങ്ങളുമായി  വാർത്താലോകം  മത്സര രംഗത്തെത്തിയിട്ടുണ്ട്.  വിഭിന്നങ്ങളായ അഭിപ്രായങ്ങൾ  പത്രലോകവും മാസികകളും ടെലിവിഷൻ  മീഡിയാകളും   പുറപ്പെടുവിച്ചു കഴിഞ്ഞു.  ജോണ്‍ പോൾ മാർപ്പാപ്പാ ജീവിച്ചിരുന്ന കാലത്ത്  തന്റെ  ഒളികണ്ണുകളെ   കൈവിരലുകളിൽക്കൂടി   കാണിച്ചുകൊണ്ട്   വാർത്താലേഖകരോട്  ഒരിക്കൽ പറഞ്ഞു, " നോക്കൂ. സത്യം എന്റെ ഈ കണ്ണുകളിൽ  ഒളിഞ്ഞിരിപ്പുണ്ട്." എന്നാൽ ആ സത്യം ഇന്നും ലോകത്തിനു ബോദ്ധ്യപ്പെട്ടില്ലായെന്നത് മറ്റൊരു സത്യമാണ്. 

ഒരു വിശുദ്ധനുവേണ്ട തെളിവുകളെല്ലാം ജോണ്‍ പോൾ രണ്ടാമൻ ജീവിച്ചിരുന്ന നാളുകളിൽ സ്വയം ശേഖരിച്ചു വെച്ചിരുന്നുവെന്ന്  ടോണി ബുഷ്ബിയുടെ  'മാർപ്പാപ്പായുടെ ഇരുണ്ട കാല ചരിത്രം'  എന്ന പുസ്തകത്തിൽ   വെളിപ്പെടുത്തിയിരിക്കുന്നു. സത്യമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ തെളിവുകളെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.  പുണ്യാളനായി ഉയർത്തുവാനുള്ള എല്ലാ നടപടികളും  ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ ജീവിച്ചിരുന്ന കാലങ്ങളിൽ പൂർത്തിയാക്കിയിരുന്നുവെന്ന് കത്തോലിക്കാ ലോകത്തിന് അജ്ഞാതമായിരുന്നു. 1983 ലായിരുന്നു അതിനായിട്ടുള്ള നീക്കങ്ങളാരംഭിച്ചത്. ആ വർഷം യാതൊരു മുന്നറിയിപ്പും കൂടാതെ പിശാചിനുവേണ്ടി വാദിക്കുന്ന  വത്തിക്കാനിലെ  ഓഫീസ് അദ്ദേഹം നിർത്തൽ ചെയ്തു.

രണ്ടാമത്തെ നീക്കം 1999 ലായിരുന്നു. മാർപ്പാപ്പായുടെ  ആരോഗ്യം വഷളായിക്കൊണ്ടിരുന്ന കാലവുമായിരുന്നു. അക്കാര്യം അദ്ദേഹത്തിന് പൂർണ്ണമായ ബോദ്ധ്യവുമുണ്ടായിരുന്നു.  ഒരാൾ മരിച്ചുകഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞേ പുണ്ണ്യാളൻ എന്ന പദവിയിലേക്കുള്ള  ക്രമാനുഷ്ഠാനങ്ങൾ തുടങ്ങാവൂയെന്ന  കീഴ്വഴക്കം  ഇല്ലാതാക്കി. ഒരു വ്യക്തിയുടെ പുണ്യചരിതമായ ജീവിതത്തെ വിലയിരുത്തുന്ന നിലവിലുണ്ടായിരുന്ന അന്വേഷണങ്ങൾ യാതൊന്നുമില്ലാതെ  ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ    ജോണ്‍ പോൾ മാർപ്പാപ്പായുടെ നാമകരണ നടപടികൾ തുടങ്ങിയതും ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു.  നാമകരണ നടപടികൾ തുടങ്ങിയത് അദ്ദേഹത്തിന്റെ മുൻകാല കർമ്മ ജീവിതത്തിലെ വസ്തുനിഷ്ഠതകൾക്ക് തെല്ലും പ്രാധാന്യം കല്പ്പിക്കാതെയായിരുന്നു.


അങ്ങനെ ജോണ്‍ പോൾ മാർപ്പാപ്പാതന്നെ നിയമങ്ങൾ മാറ്റിയതുകൊണ്ട് കത്തോലിക്കാ ചരിത്രത്തിലെ അതിവേഗപുണ്യാളന്മാരുടെ പട്ടികയിൽ അദ്ദേഹം ഒന്നാമനായി. മദർ തെരസാക്കുവേണ്ടി നിയമങ്ങളിൽ മാറ്റം വരുത്തിയെന്നായിരുന്നു ജനമന്ന് ചിന്തിച്ചത്. ജോണ്‍ പോൾ മാർപ്പാപ്പാ  സ്വയം പുണ്യാളനാകാൻ  ഈ വഴിയൊരുക്കലെന്ന  സത്യം ജനത്തിന് ഇന്ന് മനസിലായിക്കൊണ്ടിരിക്കുന്നു. പുണ്യാളനാകാൻ പത്താം പീയുസിന് 40 വർഷങ്ങളും   അഞ്ചാം പീയൂസിന് 140 വർഷങ്ങളും വേണ്ടിവന്നു. പയസ് ഒമ്പാതമനെ ബിയാറ്റിഫിക്കേഷൻ ചെയ്തിട്ട് 140 വർഷം കഴിഞ്ഞു. ബിയാറ്റിഫിക്കേഷൻ എന്ന പദവിക്കായി ജോണ്‍ പോളിനും മദർ തെരസാക്കും 6 വർഷങ്ങളേ വേണ്ടി വന്നുള്ളൂ.


985 മുതൽ മാർപ്പാപ്പായായിരുന്ന  ജോണ്‍ പതിനാറാമൻ ആയിരുന്നു ഒരാളിനെ പുണ്യാളനാക്കുന്ന നടപടികളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയത്. അദ്ദേഹത്തിന്റെ മരണശേഷം ഈ തീരുമാനം പ്രായോഗികമാക്കണമെന്നും നിർദ്ദേശിച്ചു. 1587 ൽ പുണ്യാള നടപടികളെ ദുർവിനിയോഗം ചെയ്തിരുന്നതുകൊണ്ട് സിക്സ്റ്റസ്  അഞ്ചാമൻ മാർപ്പാപ്പാ, പുണ്യാളന്മാരുടെ ഗുണദോഷങ്ങളെ വിലയിരുത്തുവാൻ പിശാചിന്റെ വക്കീൽ സമ്പ്രദായം നടപ്പിൽ വരുത്തി.  പിശാചിനുവേണ്ടി വാദിക്കുന്ന  വക്കീൽ   വിശുദ്ധ  പദവിക്കായി  പരിഗണനയിലുള്ള  വ്യക്തി  അർഹനല്ലെന്ന് വാദിച്ച് തെളിവുകൾ ഹാജരാക്കണമായിരുന്നു.  തെളിവുകളെ സംശയകരമായി വീക്ഷിക്കുക, തെളിവുകളെ ചോദ്യം ചെയ്യുക, ജീവിതകാലത്ത് പുണ്യാളനാകുന്നയാൾ ചെയ്ത തിന്മകൾ നിരത്തുക എന്നിവകളായിരുന്നു  പിശാചിന്റെ ന്യായവാദങ്ങൾ  വാദിക്കുന്ന വക്കീലിന്റെ ജോലി. ഇങ്ങനെ അനേക കടമ്പകൾ കടന്ന് ഒരാൾ പുണ്യാളനാകുന്നതിന് നീണ്ട കാലങ്ങൾ ചിലപ്പോൾ നൂറ്റാണ്ടുകൾ വേണ്ടി വന്നു. അത്രയെളുപ്പത്തിൽ ഒരാൾക്ക് പുണ്യാളനാകുവാൻ സാധിച്ചിരുന്നുമില്ല. സാഹചര്യങ്ങളെ  അനുകൂലങ്ങളാക്കി അനേക കത്തോലിക്കാ സംഘടനകളുടെ എതിർപ്പുകളെ   അവഗണിച്ച് ആറു വർഷങ്ങൾകൊണ്ട് ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പായെ ബിയാറ്റിഫൈ  ചെയ്ത്  പുണ്യാള സ്ഥാനത്ത്  അലങ്കരിക്കുന്നതും സഭയുടെ ചരിത്രത്തിന്റെ പുതിയ  നാഴികക്കല്ലാണ്. 


പിശാചിന്റെ ഒഫീസ്, ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ വത്തിക്കാനിൽനിന്ന് നീക്കം ചെയ്തത്  തന്റെ മരണശേഷം  ചെറുപ്പകാലങ്ങളിലുള്ള  സ്വന്തം  ജീവിതത്തെ സംബന്ധിച്ച   കാര്യങ്ങളിൽ   പൊതുജനങ്ങളുടെ  ഇടപെടൽ ഉണ്ടാകാതെയിരിക്കുവാനായിരുന്നു. മീഡിയാകൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായി പ്രതിക്ഷേധിക്കുന്നുമുണ്ട്. എന്നാൽ  ജനങ്ങളുടെ   ശബ്ദത്തിന്  യാതൊരു വിലയും വത്തിക്കാൻ കല്പ്പിക്കുന്നില്ല. ഈ സാഹചര്യങ്ങൾ മനസിലാക്കി അദ്ദേഹത്തെ  ബിയാറ്റിഫൈ ചെയ്ത സമയം പുണ്യാളന്മാരുടെ പ്രീഫെക്ട്റ്റായിരുന്ന   കർദ്ദിനാൾ ആഞ്ജലോ അമാറ്റോ 2011 ൽ ഒരു പ്രസ്താവനയിൽ   ഇങ്ങനെ പറയുന്നു, "ജോണ്‍  പോൾ  രണ്ടാമൻറെ   പുണ്യാളനായുള്ള നടപടി ക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നത്  അദ്ദേഹം മാർപ്പാപ്പാ  ആയിരുന്നതുകൊണ്ടല്ല.  ഈ  മാർപ്പാപ്പാ   ക്രിസ്തുവിന്റെ വഴിയേ മാതൃകാപരമായി  ജീവിച്ച ഒരു സത്യക്രിസ്ത്യാനിയായിരുന്നു. അദ്ദേഹത്തിന്റെ  ജീവിതദർശനങ്ങൾ  പ്രതീക്ഷകളും  സ്നേഹവുമായിരുന്നു. "റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ ഒരു സമ്മേളനത്തിൽ കർദ്ദിനാൾ വീണ്ടും പറഞ്ഞു, "വിശുദ്ധ പദവിക്കുള്ള   അതിവേഗ തീരുമാനമെടുത്തത്  ആ പുണ്യാത്മാവിന്റെ ജീവിതത്തെ അതിസൂക്ഷ്മതയോടെ പരിശോധിച്ച ശേഷമായിരുന്നു.  അതിനായുള്ള നിയമങ്ങൾ 1983 ൽ ജോണ്‍  പോൾ മാർപ്പാപ്പാ കൃത്യമായി എഴുതിയുണ്ടാക്കിയിട്ടുണ്ട്."


വത്തിക്കാന്റെ  നടപടി ക്രമങ്ങളിലെ   വിശുദ്ധരെ കണ്ടെത്തൽ  ഇന്നു   മരിച്ചവരിൽനിന്ന്  മണ്ണോട് ലയിച്ച    പ്രസിദ്ധരായവരെ  കണ്ടെത്തലായി മാറി.   മരണമെന്നത് മനുഷ്യന്റെ ജീവിത നാടകത്തിലെ ശുഭപര്യവസാനമാണ്.  ക്രിസ്ത്യൻ ലോകത്തിൽ അനേകർ ജോണ്‍ പോൾ മാർപ്പാപ്പായുടെ  വിശുദ്ധ പദവിയെ കാണുന്നത്  മരണമെന്ന ശുഭ നാടകത്തിലെ   അറിയപ്പെടാത്ത നിഗൂഡ്ഡതകളിൽ  ഒളിഞ്ഞിരിക്കുന്ന   ഇരുട്ടിന്റെ   അത്മാവായിട്ടാണ്.  അദ്ദേഹത്തിന്റെ ഭരണകാലത്തെ  ലൈംഗിക   കുറ്റവാളികളെ  ഒളിപ്പിച്ചുവെച്ച  അനേക രഹസ്യഫയലുകൾ പരിഹരിക്കാൻ സാധിക്കാതെ ഇരുട്ടിൽത്തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അത്തരം കുറ്റകൃത്യങ്ങളിലൂടെ  ചുരുളുകൾ അഴിയുംമുമ്പ്   അദ്ദേഹത്തെ എത്രയും വേഗം പുണ്യാളനാക്കുവാനും നീക്കങ്ങളുണ്ടായിരുന്നു.


വിശുദ്ധ പദവിയിൽ ഒരാൾ എത്തുന്നതിനുവേണ്ട  നീണ്ട നടപടി ക്രമങ്ങൾ  ജോണ്‍  പോൾ  മാർപ്പാപ്പാ നിറുത്തൽ ചെയ്തത്  സ്വയം  വിശുദ്ധനാകുവാനുള്ള    തീവ്രമായ ആഗ്രഹമായിരുന്നു. ഇക്കാര്യം  അദ്ദേഹം വിശുദ്ധ  പദവിയിലേക്ക്   പ്രവേശിക്കുന്നതിൽക്കൂടി  വ്യക്തമായിക്കൊണ്ടിരിക്കുന്നു.  മരണശേഷം  വാഴ്ത്തപ്പെടുമെന്നും കാലതാമസം കൂടാതെ വിശുദ്ധനാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ജോണ്‍ പോളിനെ സംബന്ധിച്ച്  മാർപ്പാപ്പായാകുന്നതിനു  മുമ്പുള്ള  അനേക ജീവചരിത്ര കൃതികൾ ഉണ്ട്. എന്നാൽ ആ ചരിത്രങ്ങൾ ഒന്നും സത്യങ്ങളല്ലെന്നാണ് കർദ്ദിനാൾ ആഞ്ജലോ അമാറ്റൊ 2011 ൽ റോമിലെ  പൊന്തിഫിക്കൽ  യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ഒരു സെമിനാറിൽ പറഞ്ഞത്. മാർപ്പാപ്പായുടെ യുവാവായിരുന്ന കാലത്തെ പല രഹസ്യ വിവരങ്ങളും വെളിപ്പെടുത്തലുകളും  ചോദ്യോത്തര വേളയിലെ   അന്നത്തെ   സെമിനാറിലെ ചർച്ചകളിൽ ഉൾപ്പെടുത്തുവാൻ തയ്യാറല്ലായിരുന്നു. അക്കാല ജീവിതം വത്തിക്കാൻ രേഖപ്പെടുത്തിയിരിക്കുന്നതും  പച്ചക്കള്ളങ്ങൾ നിറഞ്ഞതായിരുന്നു.(റെഫ്: ടോണി ബുഷ്ബി) 1938 മുതൽ  1946 വരെയുള്ള  അദ്ദേഹത്തിന്റെ ജീവിതം വെറും 72 വാക്കുകൾ കൊണ്ട് വത്തിക്കാൻ സംഗ്രഹിച്ചിരിക്കുകയാണ്. 18  വയസ് മുതൽ  26 വയസ് വരെ മാതൃകാപരമായി വൈദികനായി സെമിനാരിയിൽ പഠിച്ചിരുന്നുവെന്നു  മാത്രമുള്ള  ചുരുങ്ങിയ വാക്കുകളിലുള്ള  ചരിത്രത്തിൽ ദുരൂഹതകളുണ്ട്.  


 മാർപ്പാപ്പായാകുന്നതിനുമുമ്പുള്ള ജോണ്‍  പോളിന്റെ  ജീവചരിത്രങ്ങൾ കത്തോലിക്കാ ലോകത്തിന് തെറ്റായ ധാരണയുണ്ടാക്കുന്നതാണ്. പലതും സത്യങ്ങളല്ലെന്നാണ് വിമർശന ലേഖകരിൽനിന്നും  മനസിലാക്കുന്നത്‌.  കരോൾ വോജ്ടില (Karol Wojtyla) യെ സംബന്ധിച്ച നൂറോളം പോലീസ് റെക്കോർഡുകൾ പോളണ്ടിലെ രഹസ്യപുരാ വസ്തു ഗ്രന്ഥാലയത്തിൽ നിന്നും വത്തിക്കാൻ നീക്കം ചെയ്തതും സംശയത്തിനിടം  നല്കുന്നു. അദ്ദേഹത്തെപ്പറ്റി 1946 കാലഘട്ടത്തിലുള്ള വ്യക്തമായ ചരിത്രം ആ റിക്കോർഡുകളിലുണ്ടെന്നും അനുമാനിക്കുന്നു. അക്കാലങ്ങളിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണികളിൽ അദ്ദേഹം പ്രവർത്തിച്ചത്.  പിശാചിന്റെ വാദങ്ങൾ കേട്ടിരുന്ന വത്തിക്കാനിലെ ഒഫീസ് നിറുത്തൽ ചെയ്തില്ലായിരുന്നുവെങ്കിൽ,   ജോണ്‍ പോൾ ഇത്രയും പെട്ടെന്ന്   വിശുദ്ധ പദവിയിലേക്ക് ഉയരുമോയെന്നും  ചോദ്യങ്ങൾ   വരുന്നു. ഇല്ലെന്നാണ് കത്തോലിക്കരിൽ അനേകർ വിശ്വസിക്കുന്നത്.  ഇരുളിൽ മറഞ്ഞുകിടക്കുന്ന അദ്ദേഹത്തിന്റെ യുവത്വകാല രഹസ്യങ്ങൾ ഇന്നും ഒളിഞ്ഞു തന്നെ കിടക്കുന്നു.


ഒരു വിശുദ്ധൻറെ പുണ്യ പ്രവർത്തികളെപ്പറ്റി  അവലോകനം ചെയ്യുമ്പോൾ അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെ  ആധാരമാക്കി   പഠന വിഷയമാക്കിയാൽ പൂർണ്ണമാവില്ല.  ജീവിച്ചിരുന്നപ്പോൾ അദ്ദേഹമെടുത്ത  സഭയുടെ  തീരുമാനങ്ങളിലെ പാളീച്ചകൾമൂലം സമൂഹത്തിനുണ്ടായ അന്നത്തെ   ദോഷവശങ്ങൾകൂടി ഉൾപ്പെടുത്തണം. അങ്ങനെയെങ്കിൽ  ബാലപീഡകരെ പിന്തുണച്ച ജോണ്‍ പോൾ മാർപ്പാപ്പാ വിശുദ്ധപദത്തിന് അർഹനോയെന്നതും  ചിന്തനീയമാണ്. വ്യക്തിപരമായി ജോണ്‍ പോളിന്റെ പേരിൽ  അത്തരത്തിലുള്ള ആരോപണങ്ങളൊന്നുമില്ല. എന്നാൽ നൂറു കണക്കിന് ബാലപീഡനങ്ങൾ നടത്തിയ കുറ്റവാളികളായ പുരോഹിതരെ അദ്ദേഹം സംരക്ഷിച്ചിരുന്നതും  നിയമത്തിൻറെ ദൃഷ്ടിയിൽനിന്നും അവർക്കഭയം കൊടുത്ത് ഒളിപ്പിച്ചിരുന്നതും  സഭാചരിത്രത്തിന് കളങ്കം വരുത്തിയിട്ടുണ്ട്.   ദുഃഖകരമായ  ആ സത്യം ജോണ്‍ പോളിന്റെ വിശുദ്ധ പദവിയ്ക്കൊപ്പം എന്നും ഒരു നിഴലായിയുണ്ടാകും.


എണ്ണമില്ലാത്ത ബാലപീഡകരായ പുരോഹിതർ സഭയിൽ പെരുകിയത് ജോണ്‍ പോളിന്റെ കാലത്തായിരുന്നു. അവരെ തടയാൻ  ജോണിനൊരിക്കലും കഴിഞ്ഞില്ല. പകരം പുരോഹിതരുടെ പീഡനകഥകളും അതിൽ ബലിയാടായ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വൈകാരിതയും അദ്ദേഹമെന്നും സഭയെ സംരക്ഷിക്കാൻ ഒളിച്ചുവെച്ചിരുന്നു. ഒരു മാർപ്പാപ്പായെന്ന നിലയിൽ  സഭയ്ക്കേറ്റ  ഈ മുറിവ്  അദ്ദേഹത്തിൻറെ ഭരണകാലത്തിലെ  പരാജയമായിരുന്നു.  പീഡനങ്ങളിൽ സഹനം സഹിച്ചവരുടെ  കുടുംബങ്ങളുടെ നഷ്ടപരിഹാരങ്ങളും കോടതിക്കേസുകളുമായി സഭയ്ക്ക് നേരിടേണ്ടിവന്ന സാമ്പത്തിക നഷ്ടങ്ങൾക്കും കണക്കില്ല. കത്തോലിക്കാസഭയെ ലൈംഗികവൈകൃതങ്ങളുടെ സമൂഹമായി  ലോകം പരിഹസിച്ചുകൊണ്ട് മുദ്രയും കുത്തി. യേശുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സഭയ്ക്കതൊരു തിരിച്ചടിയുമായി. ലോകത്തിലെ ഏറ്റവും വലിയ സംഘടിത മതമായ  കത്തോലിക്കാസഭയിൽ വന്ന അപകീർത്തി  നികത്താൻ  ഇനി തലമുറകൾ കടന്നുപോവേണ്ടി വരും.  സഭയുടെ വിശ്വാസസംരക്ഷണമെന്ന സത്യം വെറുമൊരു  കെട്ടുകഥയായും തീർന്നു.  


ജോണ്‍ പോളിനെതിരെയുള്ള പ്രധാനമായ ഒരാരോപണം ലൈംഗിക കുറ്റവാളിയായ ഫാദർ  മാർസ്യൽ  മേസിലിനെ    (Father Marcial Maciel Degollado) സംരക്ഷിച്ചുവെന്നതാണ്. ലീജിയനറീസ് ഓഫ് ക്രൈസ്റ്റ് എന്ന സംഘടന സ്ഥാപിച്ചതും ഈ പുരോഹിതനായിരുന്നു. ജോണ്‍ പോൾ മാർപ്പാപ്പയെപ്പോലെ  ഫാദർ മേസിൽ യാഥാസ്ഥിതിക  ചിന്തകനുമായിരുന്നു. അനേക ചെറുപ്പക്കാരായ പുരോഹിതരുടെ സേവനങ്ങൾ മേസിലിന്റെ  സംഘടനയിൽക്കൂടി സഭയ്ക്ക് ലഭിച്ചിരുന്നു. സഭ ഈ സമൂഹംവഴി വൻസമ്പത്തും കൈവരിച്ചു. ഇദ്ദേഹം മൂലം വത്തിക്കാനിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് വിലകൂടിയ സമ്മാനങ്ങളും ലഭിച്ചിരുന്നു.  അനുസരണയുള്ള പുരോഹിതനെന്ന നിലയിൽ ഫാദർ മേസിൽ,  ജോണ്‍ പോളിന്റെ ഉറ്റമിത്രവും പ്രിയങ്കരനുമായിരുന്നു. കണക്കില്ലാത്ത ധനം ശേഖരിച്ചിരുന്ന ഈ സംഘടന വത്തിക്കാൻറെ  അക്ഷയ പാത്രവും  പ്രധാന  വരുമാന മാർഗവുമായിരുന്നു.  ആധുനിക സഭയ്ക്കുവേണ്ടി  ബില്ല്യൻ കണക്കിന് ഡോളർ സ്വത്തുക്കൾ  സമ്പാദിച്ചുകൊടുത്തത് ഫാദർ മേസിലിന്റെ( Maciel ) ലീജിയൻ ഓഫ് ക്രൈസ്റ്റ് സംഘടനയായിരുന്നു. 


1950 തുടങ്ങി പതിനൊന്ന് വയസ് താഴെയുള്ളവർ മുതൽ  ആയിരക്കണക്കിന് കുഞ്ഞുങ്ങളെ മേസിൽ  പീഡിപ്പിച്ചിട്ടുണ്ട്. മുമ്പ് സെമിനാരി വിദ്യാർഥികളും ഇപ്പോൾ പുരൊഹിതരുമായവർ തെളുവുകൾ സഹിതം മേസിലിന്റെ   പീഡനകഥ വത്തിക്കാനെ അറിയിച്ചിട്ടുണ്ട്. ഫാദർ മേസിൽ ( Marciel )ദുരുപയോഗം ചെയ്തവരെ കള്ളം പറയുന്നവരായി മുദ്രയും കുത്തുമായിരുന്നു. കുറ്റകൃത്യങ്ങൾ മൂടിവെക്കുവാൻ അവരെ സഭയുടെ വിശ്വാസവഞ്ചകരായും കരുതിപോന്നു. ഫാദർ മേസിലിനെതിരായ ആരോപണങ്ങൾ ജോണ്‍ പോൾ  കാതുകൊടുക്കുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.  കൊച്ചുപെണ്‍ക്കുട്ടികളുടെ  ചാരിത്ര്യം ഹനിക്കുകയും സെമിനാരിക്കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിച്ച് പീഡിപ്പിക്കയും ചെയ്യുകയെന്നത് മേസിലിന്റെ  നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു.  മേസിലിന്റെ  കുറ്റകൃത്യങ്ങൾ  ഒളിച്ചുവെയ്ക്കുക മാത്രമല്ല വത്തിക്കാനിൽ പ്രധാനപ്പെട്ട  കാര്യനിർവഹണ ചുമതലകൾ  വഹിക്കാനും ജോണ്‍ പോൾ അദ്ദേഹത്തെ  ചുമതലപ്പെടുത്തിയിരുന്നു.  ആരും അദ്ദേഹത്തെ  വിമർശിക്കാൻ പാടില്ലാന്ന്  വത്തിക്കാനിൽ കർശനമായ വിലക്കുമുണ്ടായിരുന്നു.   


ജോണ്‍ പോളിന്റെ ഉറ്റമിത്രമായ ഫാദർ മേസിൽ   (Father Marcial Maciel Degollado) കുട്ടികളെ പീഡനം നടത്തിക്കൊണ്ടിരുന്നതുകൂടാതെ  മയക്കുമരുന്നിനടിമയുമായിരുന്നു. അനേകമനേക കുട്ടികളുടെ പിതൃത്വവും ഉണ്ടായിരുന്നു. മേസിൽ തനിക്കുണ്ടായ   മക്കളെയും പീഡിപ്പിച്ചിരുന്നു.   അവസാനം നിവൃത്തിയില്ലാതെ ജോണ്‍ പോൾ മാർപ്പാപ്പാ  ഫാദർ മേസിലിന്റെമേൽ നടപടികളെടുക്കാൻ നിർബന്ധിതനായി. അദ്ദേഹത്തിന്റെ  ശിക്ഷ മരിക്കുവോളം പ്രാർഥനയിലും ഉപവാസത്തിലും കഴിയുകയെന്നായിരുന്നു. അനേക കുഞ്ഞുങ്ങളുടെ പിതൃത്വമുള്ള വിവാദ പുരോഹിതനായ മേസിലച്ചനെ  സഭ രക്ഷിച്ചതല്ലാതെ ആ കുഞ്ഞുങ്ങൾക്കും അവരെ വളർത്തുന്ന മാതാക്കൾക്കും സാമ്പത്തിക സഹായമോ പരിചരണമോ നല്കിയില്ല.


ഒരു പക്ഷെ ഫാദർ മേസിലിനെതിരെയുള്ള കുറ്റാരോപണങ്ങൾ ജോണ്‍ പോൾ വിശ്വസിച്ചില്ലായിരിക്കാം. എന്നിരുന്നാലും അദ്ദേഹത്തിൻറെ ഫാദർ മേസിലിലുള്ള  അന്ധമായ വിശ്വാസം മറ്റനേകായിരം കുടുംബങ്ങളെ മാനസികമായി തളർത്തുകയാണുണ്ടായത്. മേസിലിന്റെ  ക്രൂരമായ  ലൈംഗിക വിനോദങ്ങളിൽനിന്നും നിസഹായരായ ജനതയെ ജോണ്‍ പോളിന് രക്ഷിക്കാൻ സാധിക്കാത്തത് ക്ഷമിക്കാൻ സാധിക്കാത്ത കുറ്റമാണ്.   ലൈംഗിക കുറ്റവാളികളായ പുരോഹിതരെ വേട്ടയാടുന്ന ഇന്നത്തെ ചരിത്രമുഹൂർത്തങ്ങളിൽ  ജോണ്‍പോളിനെ പുണ്യാളനാക്കിയതും ഉചിതമായില്ല.


ബർലിൻമതിൽക്കെട്ടുകൾ താഴെവീണതും കമ്യൂണിസത്തിന്റെ  തകർച്ചയും ജോണ്‍ പോളിനെ ആഗോളതലത്തിൽ പ്രസിദ്ധനാക്കി. എന്നിരുന്നാലും സഭയ്ക്കുള്ളിൽ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത  ഏകാധിപതിയായിരുന്നു. അദ്ദേഹത്തിൻറെ ചിന്താഗതികളെ ചോദ്യം ചെയ്യുന്നവരെ ഉന്നതസ്ഥാനത്തിൽനിന്നും നീക്കം ചെയ്തിരുന്നു. ഒരാളിനെ വിശുദ്ധനാക്കാൻ സഭ പുറംലോകത്തിന്റെ പ്രതികരണവും കണക്കാക്കാറുണ്ട്. നാസികളുമായി പന്ത്രണ്ടാം പീയൂസിന് ബന്ധമുണ്ടെന്നുള്ള ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ പുണ്യാളനാക്കാൻ സഭക്കിന്ന്  ബുദ്ധിമുട്ടുണ്ട്. എങ്കിൽ ലൈംഗിക  കുറ്റവാളികളെ സംരക്ഷിച്ച ജോണ്‍ പോളിന്റെ വിശുദ്ധപദവിയും മാറ്റിവെയ്ക്കാമായിരുന്നു. 1993 ൽ കുടുംബാസൂത്രണ പദ്ധതികൾ സഭയുടെ കടുത്ത പാപങ്ങളായി ജോണ്‍ പോൾ വിളംബരം ചെയ്തു. എന്നാൽ സഭയുടെ മൊത്തമായ ലൈംഗിക കുറ്റകൃത്യങ്ങളെ എതിർത്തിട്ടുമില്ല. കുടുംബാസൂത്രണങ്ങളെക്കാളും ബാലപീഡനമെന്ന കൊടും തിന്മയിലേക്ക് വാതിൽ തുറന്നുകൊടുത്ത ജോണ്‍ പോളിനെ വിശുദ്ധനാക്കുന്നത്  സഭയുടെ  പരിപാവനതയ്ക്കെതിരെയുള്ള   വെല്ലുവിളിയുമാണ്.


വിശുദ്ധ പദവിക്കായി ജോണ്‍ പോൾ മാർപ്പാപ്പായുടെ ജന്മനാടായ പോളണ്ടിൽനിന്നും ശക്തമായ  രാഷ്ട്രീയസ്വാധീനമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ജോണ്‍ പോൾ  എന്നും വിജയമായിരുന്നു.    അക്കാലത്ത് അമേരിക്കൻ പ്രസിഡണ്ട്മാർ  സകല പ്രോട്ടോക്കോളും മാറ്റിവെച്ച്   ജോണ്‍ പോളിന്റെ സന്ദർശനവേളയിൽ  നേരിട്ടുവന്ന്  വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കുമായിരുന്നു. റേയ്ഗന്റെയും ക്ലിന്റന്റെയും  ഗോർബച്ചൊവിന്റെയും ഉറ്റ മിത്രവുമായിരുന്നു.  ഇങ്ങനെയുള്ള  രാഷ്ട്രീയസ്വാധീനവും ജോണ്‍ പോളിന്റെ  വിശുദ്ധ പദവിയിലേക്കുള്ള വഴിയൊരുക്കലായിരുന്നു.  അദ്ദേഹത്തെ  വിശുദ്ധനാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം  ബനഡിക്റ്റ് പതിനാറാമനുണ്ടായിരുന്നു.  തന്റെ മുൻഗാമി ബനഡിക്ട്റ്റിന്റെ ആഗ്രഹത്തിനെതിരായി ഫ്രാൻസീസ് മാർപ്പാപ്പാ  ഒരു തീരുമാനമെടുക്കുമെന്നും തോന്നുന്നില്ല.  മാത്രവുമല്ല  അദ്ദേഹത്തിൻറെ  വിശുദ്ധ പദവി നിഷേധിച്ചാൽ  കത്തോലിക്കർ ഭൂരിപക്ഷമുള്ള പോളണ്ടിൽ  അതൊരു  രാഷ്ട്രീയ കോളിളക്കത്തിനിടവരും.




Father Marcial Maciel Degollado

Thursday, April 3, 2014

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും സിംസണ്‍-റോസമ്മ കളത്ര കുടുംബവും

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇന്ന്  സംഘടനയിലെ  ഭൂരിഭാഗം അംഗങ്ങൾക്കും  അറിയാമെന്നു  തോന്നുന്നില്ല. തിരുമേനിമാരും മന്ത്രിമാരും രാഷ്ട്രീയ സാമൂദായിക സാമൂഹിക തലങ്ങളിലെ നേതാക്കൻമാരും ഇന്നതിലെ പ്രവർത്തകർ സംഘടിപ്പിക്കുന്ന   സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് പത്രങ്ങളിൽ വായിക്കാറുണ്ട്.എന്നാൽ ഈ സംഘടനയും  അതിന്റെ പേരും സിംസ‍ന്റെ
ഭാവനയിൽനിന്നുണ്ടായതാണ്. ശൈശവത്തിൽ  ആ സംഘടനയെ പരിപോഷിപ്പിച്ചു വളർത്തുന്നതിൽ സിംസനോടൊപ്പം അന്തരിച്ച റോസമ്മയ്ക്കും പങ്കുണ്ടായിരുന്നു. 



അമേരിക്കൻ ജീവിതത്തിൽ കണ്ടുമുട്ടിയവരായവർ  ഓരോരുത്തരായി  ജീവിതത്തിൽനിന്നും പൊഴിഞ്ഞുപോവുന്ന വാർത്തകളറിമ്പോൾ  മനസ്സെവിടെയോ  ഭൂതകാലത്തിലേക്ക്  കണ്ണോടിക്കാൻ തോന്നും.  ഇന്നാരുമല്ലാത്ത  ഞാൻ ഇതൊക്കെയെന്തിന് കുറിക്കുന്നുവെന്നും വായനക്കാർ ചിന്തിച്ചേക്കാം.  ഓർമ്മകളിലെ ഓളങ്ങളിൽ തെളിഞ്ഞുവരുന്ന ചില നല്ല വ്യക്തികളുടെ ചരിത്രം ഇന്ന് കുറിച്ചുവെച്ചില്ലെങ്കിൽ  വിസ്മൃതിയിലാകുന്ന ആദ്യതലമുറകൾ  പിന്നീടത്‌  കടംകഥകളായി  മാറും. തലമുറകൾ കടന്നുപോവുമ്പോൾ ഈ മണ്ണിൽ ആദ്യം വന്ന മക്കളെപ്പറ്റി  ഒരിക്കലൊരിടത്ത്   ഒരു മുത്തച്ചനുണ്ടായിരുന്നുവെന്ന്  അമ്മമാർ വരാനിരിക്കുന്ന തലമുറകൾക്ക് പറഞ്ഞു കൊടുക്കേണ്ടിവരും.  നാൽപ്പതു വർഷങ്ങൾക്കുമുമ്പ്  ബിഗ്‌ ആപ്പിളിന്റെ  നാട്ടിൽ  ഞാൻ വരുമ്പോൾ  എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കാൻ  സ്നേഹമുള്ള   കുടുംബങ്ങൾ   ന്യൂറോഷൽ പരിസരങ്ങളിൽ  ഉണ്ടായിരുന്നു. പാർട്ടികളും വിവാഹ വാർഷികങ്ങളും ആഘോഷങ്ങളും ഞങ്ങൾക്കന്ന്  ഉത്സവംതന്നെയായിരുന്നു.   മങ്ങാത്ത യുവത്വത്തിൽ   അന്ന് ചിരിയും കളിയുമായി നടന്നിരുന്നു. അന്നൊക്കെ കുടുംബ സൗഹാർദ്ദ മേളകളിൽ   ഭക്ഷണം ഉണ്ടാക്കലും സല്ക്കരിക്കലും നടത്തിയിരുന്നത്  സിംസണ്‍ -റോസമ്മ ദമ്പതികളായിരുന്നു.  അത്തരം പരിപാടികളിൽ സഹായിക്കാനായി മറ്റുചില  കുടുംബങ്ങളും അവരോടൊപ്പമുണ്ടായിരുന്നു.


അന്നുള്ള  പ്രവാസികളിൽ     ഭൂരിഭാഗവും  ചെറുപ്പക്കാരികളും ചെറുപ്പക്കാരുമായിരുന്നു.
പുരുഷന്മാർ പകലും സ്ത്രീകൾ ഭൂരിഭാഗവും രാത്രിയും ജോലി ചെയ്തിരുന്നു.  ചില  സ്‌ത്രീകൾക്ക്‌ സൂര്യോദയവും അസ്തമയവുമില്ലായിരുന്നു.   സ്വന്തം കുടുംബത്തോടൊപ്പം നാട്ടിലുള്ള ബന്ധുജനങ്ങളെയും  സഹായിക്കാൻ ബാദ്ധ്യസ്ഥരായിരുന്നതുകൊണ്ട്   നിലനിൽപ്പിനായി അന്നുള്ളവർക്കു   ഓവർ ടൈം ചെയ്യണമായിരുന്നു.   സഹോദരി സഹോദരന്മാരായി  മാതാപിതാക്കളടങ്ങിയ സ്വന്തം വീട്ടിൽ ആറും ഏഴും പേരുണ്ടായിരുന്ന കാലവും. പെണ്മക്കളെ കെട്ടിക്കാൻ പ്രയാസപ്പെടുന്ന  ദുഖിതരായ
നാട്ടിലെ  മാതാപിതാക്കളും. അവർക്കെല്ലാം താങ്ങും തണലുമായിരുന്നത്‌  അന്നത്തെ ആദ്യകുടിയേറ്റക്കാരായിരുന്നു.  ഓരോരുത്തരും ദുഖങ്ങളന്ന്  സുഹൃത്തുക്കളായ കുടുംബങ്ങളുമൊത്ത് ഈകർമ്മ ഭൂമിയിൽ  പങ്കിട്ടിരുന്നു.  ഇന്നും  ആ പഴംങ്കാലത്തിലെ  സ്നേഹബന്ധങ്ങളിലുള്ള  ചങ്ങാതികളെ കാണുമ്പോൾ സ്വന്തം  കുടുംബത്തിലെ  ഉറ്റവരെന്ന ആത്മബോധമാണുണ്ടാകുന്നത്.  മനസിലെവിടെയോ അന്നുള്ളവരോട്  പ്രത്യേകമായൊരു  ബന്ധവും       ഇന്നുമൊളിഞ്ഞിരിപ്പുണ്ട്.



സിംസണ്‍-റോസമ്മ കുടുംബത്തെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത് 1974-ഡിസംബർ രണ്ടാം തിയതിയാണ്. വ്യക്തമായ ഒരു  തിയതി ഒർത്തിരിക്കുന്നത്  അമേരിക്കയിൽ ഞാനെത്തിയത് അതിന്റെ തലേദിവസം  ഡിസംബർമാസം  ഒന്നാം തിയതിയായിരുന്നതുകൊണ്ടാണ്. 
 അന്ന് സിംസന്റെയും എന്റെയും  കുടുംബങ്ങൾ താമസിച്ചിരുന്നത്  ന്യൂറോഷൽ ഹോസ്പിറ്റൽവക തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിലായിരുന്നു . മധുവിധു കാലമായിരുന്നതുകൊണ്ട്  ഞാനും  അന്ന്  ജോലിയ്ക്ക് പോകേണ്ടിയിരുന്ന ഭാര്യയുമൊത്ത്    ഹോസ്പിറ്റൽ വാതിൽക്കൽവരെ നടന്ന് തിരിച്ച് മടങ്ങുന്ന സമയത്താണ്  സിംസനെ  ആദ്യമായി  വഴിയിൽവെച്ച്  പരിചയപ്പെട്ടത്‌. അന്നുതന്നെ   എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് ക്ഷണിച്ചു.  സിംസ‍നൊപ്പം   വീട്ടിൽ ചെന്നപ്പോൾ  ചിരിച്ചുകൊണ്ട് ചായയുമായി വന്ന അദ്ദേഹത്തിൻറെ ഭാര്യ  റോസമ്മയെ  ഇന്നലെപോലെയോർക്കുന്നു.  ഈ നാട്ടിൽ വന്ന്  മറ്റൊരു വീട്ടിൽനിന്നും ആദ്യമായി ചായ കുടിച്ചതും അന്നായിരുന്നു.  പടിഞ്ഞാറുള്ള നസ്രാണികുടുംബത്തിലാണ്‌ റോസമ്മ വളർന്നതെന്നറിഞ്ഞപ്പോൾ സംസാരിക്കാൻ ഏറെ വിഷയങ്ങളുമുണ്ടായിരുന്നു. കാരണം എന്റെ അമ്മവീടും പടിഞ്ഞാറൻ  കുട്ടനാട്ടിലായിരുന്നു. അങ്ങനെ ആദ്യ ദിവസംതന്നെ സിംസ‍ന്റെ കുടുംബമായി  ഒരു സൗഹാർദ്ദബന്ധം സ്ഥാപിച്ചു.


ഭാരതത്തിലെ അനേക  പൌരാണിക കലകളും ചിത്രങ്ങളും ഹൈന്ദവ ബുദ്ധ വിഗ്രഹങ്ങൾകൊണ്ടും   അദ്ദേഹത്തിൻറെ വീടുമുഴുവൻ അലങ്കരിച്ചിരുന്നു. കാണാൻ വളരെ സൌന്ദര്യമുള്ള ആ കലാരൂപങ്ങൾ ഇന്നും എന്റെ മനസിലുണ്ട്. നമ്മുടെ പുണ്യഭൂമിയുടെ  സംസ്ക്കാരചരിത്രവും ആ ദിവസം ഓർത്തുപോയി.   ഇത്തരം ശേഖരണം അദ്ദേഹത്തിൻറെ  നന്നേ ചെറുപ്പം മുതലുള്ള   ഹോബിയായിരുന്നെന്നും   പറഞ്ഞതോർക്കുന്നു. ബുദ്ധവിഗ്രഹങ്ങളും കൃഷ്ണവിഗ്രഹങ്ങളും പ്രാചീന കലകളും പടങ്ങളുമൊക്കെ കാണാൻ എനിക്കുമിഷ്ടമായിരുന്നു.  പിന്നീടദ്ദേഹം ആ കലാരൂപങ്ങൾ വീട്ടിൽനിന്നും റെസ്റ്റോറന്റ് തുടങ്ങിയപ്പോൾ അവിടെയ്ക്ക് മാറ്റി.


ആദ്യത്തെ  ഈ കൂടി കാഴ്ചയിൽ  മലയാളികൾക്കായി ഒരു സംഘടന രൂപീകരിക്കണമെന്നതും സിംസണ്‍ സംസാരത്തിൽ പറഞ്ഞു. ഒരു സംഘടനയുണ്ടാക്കാൻ   മൂന്നോ നാലോ മലയാളികൾ മതിയോയെന്ന് ചോദിച്ചയുടൻ സി.എം.സി. അപ്പച്ചൻ സിംസ‍ൻറെ ഭവനത്തിൽ കയറി വന്നു.  തലേയാഴ്ചയിൽ വിജയപുരം  ബിഷപ്പ് ന്യൂറോഷലിൽ വന്ന കഥയും സിംസന്റെയും റോസമ്മയുടെയും നേതൃത്വത്തിൽ   ബിഷപ്പിന് സ്വീകരണം കൊടുക്കാൻ നൂറിൽപ്പരം പേർക്ക്  ഭഷണമുണ്ടാക്കിയതും  അദ്ദേഹം വിവരിച്ചു.   അന്നത്തെ പുതുമക്കാരിൽ കാറോടിക്കാൻ അറിയാവുന്നത്  ബിഷപ്പു വന്നസമയം അപ്പച്ചൻ  മാത്രമായിരുന്നു.  ന്യൂറോഷലിൽ മലയാളികളിലാദ്യമായി കാർ മേടിച്ചതും അദ്ദേഹം തന്നെ.  എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതിൽ   പിന്നീടദ്ദേഹം  എന്റെ ഗുരുവുംകൂടിയായി.  എന്നെമാത്രമല്ല, അന്നത്തെ ഗുരുകുലത്തിലെ  ആശാനായിരുന്ന അപ്പച്ചൻ ദക്ഷിണപോലും മേടിക്കാതെ മറ്റനേകംപേരെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുമുണ്ട്. വിജയപുരം ബിഷപ്പിനെ കെന്നഡി എയർപോർട്ടിൽ സിംസണും, റോസമ്മയും അപ്പച്ചനും കൂടി സ്വീകരിക്കാൻപോയ  കഥ പറഞ്ഞതും ഇന്നും മനസിലുണ്ട്.  എയർ പോർട്ടിൽനിന്ന് പോരുന്നവഴി "തന്റെ കാറിൽ സുരക്ഷിതമായി ഇരിക്കാവോയെന്ന്" ബിഷപ്പിന്റെ ചോദ്യവും "തിരുമേനി, അപകടമുണ്ടായാൽ എന്റെ  ജീവനെ രക്ഷിക്കാൻ ആദ്യം ഞാൻ ശ്രമിക്കും, കൂടെ അങ്ങയുടെ ജീവൻ രക്ഷപ്പെട്ടാൽ ഭാഗ്യം" എന്ന അപ്പച്ചന്റെ മറുപടിയും ഇന്നും മനസിന് രസമായി തോന്നുന്നു.




സിംസനുമായ ആദ്യകൂടികാഴ്ചയിൽതന്നെ അവരുടെ കുടുംബമായി ഒരു ആത്മ ബന്ധവും സ്ഥാപിച്ചു.
സ്ത്രീകൾ ജോലിക്കു പോകുന്ന സമയം ഭർത്താക്കന്മാർ  കൂടുന്ന അസംബ്ലി യോഗം അദ്ദേഹത്തിൻറെ  വീട്ടിലായിരുന്നു. ചിരിച്ചുകൊണ്ട് ജോലികഴിഞ്ഞു വരുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ സ്വീകരിക്കാൻ വരുന്നതും സിംസ‍ന്റെ വീട്ടിലായിരുന്നു.  പലരുടെയും മധുവിധു നുകരുന്ന കാലവും.  അക്കാലങ്ങളിൽ  മാസത്തിൽ കുടുംബങ്ങൾ തമ്മിൽ കുശ ലം പറയാൻ ഒരു ഒത്തുചേരൽ പാർട്ടികൾ ആ കെട്ടിടത്തിനുള്ളിലെ  ഒരു ഹാളിൽ നടത്താറുണ്ടായിരുന്നു.  നൂറുപേർക്കിരിക്കാവുന്ന ഒരു സമ്മേളനഹാളായിരുന്നുവത്.  ഓരോ കുടുംബങ്ങളും  സ്വയം പാകം ചെയ്തു ഭക്ഷണം കൊണ്ടുവരുമെങ്കിലും അതിനെല്ലാം നേതൃത്വം കൊടുത്തിരുന്നത്  റോസമ്മയായിരുന്നു. ഈ  കുടുംബകൂട്ടായ്മയിൽ സംബന്ധിക്കുന്ന എല്ലാവരുമായി ഇടപെടുന്ന  റോസമ്മയുടെ പെരുമാറ്റ രീതികളെയും ഒർമ്മിക്കുന്നുണ്ട്. കുട്ടനാടൻ  കരയുടെ നസ്രാണി സ്ത്രീകൾക്കുള്ള എല്ലാ   ഐശ്വര്യവും വിനയവും നല്ല പെരുമാറ്റവും  അവരുടെ സവിശേഷതകളായിരുന്നു.  പിന്നീടത്‌ അവരുടെ ഹോട്ടൽ വ്യവസായത്തിലും പ്രതിഫലിച്ചു.


പുതിയതായി വരുന്ന കുടിയേറ്റക്കാരുടെയെണ്ണം വർദ്ധിക്കുന്നകാരണം  മാസത്തിലൊരിക്കൽ നടത്തിയിരുന്ന  കുടുംബസമ്മേളനങ്ങളും  വലുതായിക്കൊണ്ടിരുന്നു.  കുടുംബങ്ങളുടെ എണ്ണവും കൂടി വന്നിരുന്നു. സിംസണ്‍ ഒരു കൊച്ചുകാറ് മേടിച്ചുകഴിഞ്ഞ് ടൌണിൽനിന്ന്  പഴയ ക്ലാസ്സിക്കൽ മലയാളം സിനിമാകളുടെ ഫിലിമുകളും കൊണ്ടുവരാൻ തുടങ്ങി. അന്ന് സിനിമാക്കൊട്ടക ഇവരുടെ മുറിയിലോ അല്ലെങ്കിൽ  മറ്റാരുടെയെങ്കിലും അപ്പാർട്ട്മെന്റിലൊ  സ്ഥിരം സമ്മേളിക്കുന്ന  പാർട്ടിഹാളിലോ ആയിരിക്കും. വീടും നാടും വിട്ട് ഈ നാട്ടിൽ  വന്ന് ജീവിക്കുന്നവർക്ക്   മലയാളം  ഫിലിം കാണുമ്പോൾ പ്രത്യേകമായ സന്തോഷമുണ്ടാകുമായിരുന്നു.  പിന്നീട് അസോസിയേഷനായി കഴിഞ്ഞപ്പോൾ അത്തരം സിനിമാകൾ ക്ലബുകളിലും പള്ളികളിലുമായി മാറ്റി. സിനിമാ കാണാൻ സ്ത്രീകൾ നിലത്ത് ബഡ് ഷീറ്റിലിരിക്കും. ഒന്നിച്ചിരുന്ന് സിനിമാ കാണലും  വില്ലൻ വരുമ്പോൾ സ്ത്രീകൾ ബഹളം വെക്കുന്നതും പുരുഷന്മാർ നിലക്കടലയെന്ന് വിളിച്ചു പറയുന്നതുമായ ദിനങ്ങൾ  അന്ന്   നാടിന്റെ പ്രതീതിയുണ്ടാക്കുമായിരുന്നു. 


ആദ്യകുടിയേറ്റക്കാരുടെ  കുടുംബസൌഹാർദ്ദ മേളകളിൽ  ഒരു അസോസിയേഷനില്ലാതെ ഇങ്ങനെയൊരു സംരംഭം മുമ്പോട്ടു കൊണ്ടുപോകണമെന്നുള്ളതായിരുന്നു പലരുമന്ന് ചിന്തിച്ചിരുന്നത്.  മാസത്തിൽ ഒരു സമ്മേളനം കൂടി പരസ്പരം കണ്ടറിഞ്ഞുപോകണമെന്ന ഉദ്ദേശ്യമായിരുന്നു അന്നത്തെ കൂടികാഴ്ചകളിലുണ്ടായിരുന്നത്. ഭക്ഷണവും സ്ത്രീ ജനങ്ങൾ പാകം ചെയ്തുകൊണ്ടുവരും. പിന്നീട് അസോസിയേഷനെപ്പറ്റിയും ചർച്ചകൾ വരാൻ തുടങ്ങി. അത്തരം ഒരു അഭിലാഷം  കൂടുതലായുമുണ്ടായിരുന്നത്  സിംസണ്‍ റോസമ്മ ദമ്പതികൾക്കായിരുന്നു . പിന്നീട്  ഒരു അസോസിയേഷൻ സ്ഥാപിക്കാനായി ഞാൻ മുൻഗണനയെടുക്കണമെന്നു  പറഞ്ഞ് സിംസണ്‍   എന്നെയെന്നും  ടെലിഫോണ്‍ വിളിക്കുമായിരുന്നു.  അസോസിയേഷൻ വരുംമുമ്പേ  അദ്ദേഹം  'വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷനെ'ന്ന  പേരും  നല്കി.  അറിയാവുന്നവരെയെല്ലാം വിളിച്ച്  സംഘടനാ  രൂപികരണത്തിനായി  ഒരു യോഗവും  വിളിച്ചുകൂട്ടി. ഞാനന്ന്  ബ്രൂക്കിലിനിൽ എന്റെ സുഹൃത്തായ  അന്തരിച്ച വിജയൻറെ  വീട്ടിലായിരുന്നു.  പിൽക്കാലത്ത്  അസോസിയേഷൻ  സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത് വിജയനായിരുന്നു. സ്ഥലത്തില്ലാത്ത  എന്നെ അന്നുകൂടിയ യോഗം സെക്രട്ടറിയായി  തീരുമാനിച്ചു.  പ്രസിഡന്റ് ശ്രീ എം.സി. ചാക്കോയും ട്രഷറർ  ശ്രീ കെ.ജി. ജനാർദ്ദനനുമായിരുന്നു.  ട്രഷററായി ചുമതലയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ  സാമ്പത്തികകാര്യങ്ങളുടെ ചുമതലകൾ  വഹിക്കാൻ ഞാനില്ലാന്നും അറിയിച്ചു. അസോസിയേഷൻറെ അന്നത്തെ ആസ്തി പൂജ്യവും. എനിയ്ക്കുതന്ന സ്ഥാനം പല തവണകൾ  നിരസിച്ചിട്ടും  സെക്രട്ടറിയുടെ  ചുമതല ഞാൻ വഹിച്ചേ തീരൂവെന്ന് സിംസണ്‍ നിർബന്ധവും തുടങ്ങി. അങ്ങനെയാണ് ഞാൻ വെസ്റ്റ്ചെസ്റ്റർ  മലയാളിയസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയായത്‌. പിന്നീട് അന്നുകൂടിയ പൊതുയോഗം ഔദ്യോഗികമായി എന്നെ അസോസീയേഷന്റെ  സെക്രട്ടറിയായി  അംഗീകരിച്ചു. അന്നുവരെ ഒന്നുമല്ലാതായിരുന്ന എന്റെ പേര് സമൂഹത്തിൽ സെക്രട്ടറിജോസെന്നുമായി. സിംസ‍നും   റോസമ്മയും എന്നെ കാണുമ്പോൾ ആ പേരായിരുന്നു വിളിച്ചിരുന്നത്‌. അസോസീയേഷൻ അക്കാലങ്ങളിൽ മുടങ്ങാതെ നടത്തിയിരുന്ന ആഘോഷങ്ങൾ ഈസ്റ്ററും വിഷുവും ക്രിസ്തുമസുമായിരുന്നു. സംഘടനയുടെ  അടയാളമായ പീലി വിടർത്തിയ മയിൽ വിഭാവന ചെയ്തത് ജോബ്‌ ആറാഞ്ചേരിയും. പില്ക്കാലത്ത് അസോസിയേഷൻ  പ്രസിഡന്റായിരുന്ന  ജോണ്‍ ജോർജ്   പീലിവിടർത്തി നില്ക്കുന്ന മയിൽ അടയാളമായിക്കൊണ്ട്   ലെറ്റർപാഡും അസ്സൊസീയേഷനുവേണ്ടി  സീലുമുണ്ടാക്കിവന്നതും  ഒർമ്മയിലുണ്ട്.   ഇതാണ് സിംസണ്‍ -റോസമ്മ കുടുംബത്തിൽനിന്ന്  പൊട്ടിമുളച്ച 'വെസ്റ്റ് ചെസ്റ്റർ  മലയാളീ അസോസിയേഷന്റെ' പ്രഭവ കഥ. ഇന്നിത് അമേരിക്കയിലെ ഒരു പ്രമുഖ  സംഘടനയായി മാറിക്കഴിഞ്ഞു.  ഞാനും സിംസ‍നും അതിലെ അജ്ഞാത കഥാപാത്രങ്ങളും. ആദ്യകാല പ്രവർത്തകരായ വിജയൻ, സീ.റ്റി. തോമസ്‌, സെബാസ്റ്റ്യൻ ആഴാത്ത്, ചെറിയാൻ മത്തായി, ജോസ് വടക്കേൽ എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല.  


ഔദ്യോഗിക ഭാരവാഹിത്വം സിംസണ്‍ വഹിച്ചില്ലെങ്കിലും  ഞാനും സിംസ‍നും സംഘടനാ പ്രവർത്തനങ്ങളിൽ അതീവ താല്പര്യത്തോടെ  മുമ്പിൽത്തന്നെ പ്രവർത്തിച്ചിരുന്നു.  ഞങ്ങൾ   ഒരു ടീമായി ഫീൽഡ് വർക്കിന് ‌ ഒപ്പം വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നു. സംഘടനാ ഫീസുള്ളതുകൊണ്ട് പലർക്കും അംഗമാകാൻ മടിയുമായിരുന്നു.   സംഘടനയുടെ ഭരണഘടന  എഴുതുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പുതിയ ഒരു രാജ്യത്തിന്റെ നിയമങ്ങളോ അതറിയാനുള്ള ഉറവിടങ്ങളോ അറിയത്തില്ലായിരുന്നു. തികച്ചും അപരിചിതമായ ഒരു രാജ്യത്തിൽ  ഉപദേശങ്ങൾ  തരുവാനും ആരുമുണ്ടായിരുന്നില്ല.  എങ്കിലും ലൈബ്രറിയിൽ പോയി ചില പുസ്തകങ്ങളുടെ സഹായത്തോടെ പന്ത്രണ്ടു പേജ്‌ റ്റൈപ്പ്  ചെയ്ത്  അസ്സൊസീഷന്റെ ആദ്യഭരണഘടനയുണ്ടാക്കിയത് ഞാനാണ്. പിന്നീട് ഞാനും സിംസണുംകൂടി  ഒരു വക്കീലിനെ കണ്ട് സംഘടന രജിസ്റ്റർ ചെയ്തു.   150 ഡോളർ   വക്കീൽ  ഫീസും  കൊടുത്തു. അന്നത് വലിയ ഒരു തുകയായിരുന്നു.  ഇതാണ് 'വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ'  ശൈശവകഥ. അസോസിയേഷന്റെ ബാല്യവുമായി  ചിലർക്കെന്നെയറിയാമെങ്കിലും  പ്രഭവകേന്ദ്രം സിംസനാണെന്ന്  അധികം പേർക്കറിയത്തില്ല.


അന്ന് സംഘടനയ്ക്കുള്ളിൽ   മതമോ രാഷ്ട്രീയചേരി തിരിവുകളോ നേതൃവടംവലിയോ സാമ്പത്തികവിവാദങ്ങളോ സ്വാർഥതയോ  ഉണ്ടായിരുന്നില്ല. അംഗങ്ങളെ ചേർക്കാൻ  ഞങ്ങളൊരുമിച്ച് ജോലികഴിഞ്ഞാലുടൻ യാത്ര തുടങ്ങും. വൈറ്റ് പ്ലൈൻസ്, യോങ്കെഴ്സ്, പോർട്ട്ചെസ്റ്റർ  എന്നിവിടങ്ങളിലുള്ള വീടുകളിൽ സന്ദർശിച്ച്  അസോസിയേഷനിൽ അംഗങ്ങളെ ചേർത്തിരുന്നു. സംഘടനയുടെ ആറു ഡോളർ അംഗത്വഫീസെന്നു കേൾക്കുമ്പോൾ പലരും പിൻവാങ്ങുകയും ഞങ്ങളെ പരിഹസിക്കുകയും ചെയ്തതോർക്കുന്നു. പിന്നീട് സംഘടന വലുതായപ്പോൾ അവരെല്ലാം  തലപ്പത്തിരിക്കുന്നതും കണ്ടിട്ടുണ്ട്.  അതിനുള്ളിൽ വികാരപരമായ പല സംഭവങ്ങളുമുണ്ടായി. ഞങ്ങളുടെയെല്ലാം സഹോദരനെപ്പോലെ  ഞങ്ങളോടൊപ്പം പ്രവർത്തിച്ച വിജയൻറെ മരണം  വെസ്റ്റ്ചെസ്റ്റർ  മലയാളികൾക്ക് അന്നൊരാഘാതമായിരുന്നു.  അതുപോലെ നെപ്ട്യൂണ്‍ എന്ന  ഒരു  കമ്പനിയിലുണ്ടായ വെടിവെപ്പിൽ ഒരു പോലീസുകാരനുൾപ്പടെ അഞ്ചുപേര് കൊല ചെയ്യപ്പെട്ടു.  അതിൽ സംഘടനയിലെ ഒരംഗം മലയാളിയായ പരിയാരം വർഗീസുമുണ്ടായിരുന്നു.  അസോസിയേഷനന്ന് പതിനായിരത്തിലധികം ഡോളർവീതം ദുഖിതരായ ഓരോ കുടുംബത്തിനും പിരിച്ചു കൊടുത്തു.  കുടുംബങ്ങളോടുള്ള ബന്ധങ്ങളും  അത്രയ്ക്കന്ന് വൈകാരികമായിരുന്നു.     മലയാളീ മനസുകളുടെ നിർണ്ണായകമായ മുറിവേറ്റ  ദിനങ്ങളിൽ   സഹായങ്ങളുമായി സിംസണ്‍ കുടുംബം മുമ്പിൽത്തന്നെയുണ്ടായിരുന്നു. 


ലക്ഷ്മിയെന്ന സിനിമാതാരം വന്നപ്പോൾ സ്വീകരിക്കാൻ  മുമ്പിലുണ്ടായിരുന്നത് അന്തരിച്ച റോസമ്മയായിരുന്നു. അതുപോലെ ഓരോ പരിപാടികൾ  വരുമ്പോഴും വിശിഷ്ട്ടാതിഥികൾക്ക് പൂക്കൾ കൊടുക്കുന്നതും  അവരായിരുന്നു.  അത്തരം അവസരങ്ങൾ റോസമ്മയ്ക്ക് കൊടുത്തിരുന്നത്   സദാ പ്രഫുല്ലമായ പുഞ്ചിരിയോടെ വിരുന്നുകാരെ സ്വീകരിക്കാനുള്ള  കഴിവുകൊണ്ടായിരുന്നു.  പിന്നീട് സംഘടനയുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു.  പ്രമുഖരായ പലരും സംഘടനയ്ക്കുവേണ്ടി  പ്രവർത്തിച്ചെന്നുമറിയാം. അവർക്കൊന്നും  റോസമ്മയുടെയും  സിംസ‍ന്റെയും  സംഘടനയ്ക്കുവേണ്ടിയുള്ള  ആദ്യകാല സാമൂഹിക സേവനങ്ങളെ തള്ളിക്കളയുവാൻ കഴിയില്ല. അതിനുശേഷം  സിംസണ്‍  കുടുംബം ഹോട്ടൽ വ്യവസായത്തിൽ വിജയകരമായി പ്രവർത്തിച്ചു.  ഒരു പ്രസ്ഥാനം വിജയിക്കണമെങ്കിൽ ഒപ്പം ഭാര്യയും ഉണ്ടായിരിക്കണമെന്ന് ആരോ തത്ത്വചിന്തകൻ പറഞ്ഞിട്ടുണ്ട്.  സിംസ‍ന്റെ വിജയവും എന്നും വലത്തുതോളിൽ ചാരിനിന്ന റോസമ്മയായിരുന്നു. 'നാദം' എന്ന പത്രം രണ്ടുകൊല്ലം വിജയകരമായി  നടത്തിയിരുന്നതും സിംസണ്‍ കുടുംബമായിരുന്നു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റ തലമുറകളുടെ ചരിത്രമായി റോസമ്മ   ഇന്ന് നിത്യനിദ്രയിൽ ലയിക്കുന്നു.  


ആർക്കും വിധിയെ തടയാൻ സാധിക്കില്ല. ജനിച്ചാൽ മരണം ഓരോരുത്തർക്കും  തീർച്ചയാണ്.   മരിച്ചുവെന്നറിഞ്ഞാൽ മരിച്ചവർ ദൈവത്തിന്റെ കരങ്ങളിലെന്നോർത്ത് ഭൂമിയിലുള്ളവർ ആശ്വസിക്കും.  സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ നമ്മെ കാത്തുകൊള്ളാൻ സ്വർഗത്തിലൊരു മാലാഖയെ ലഭിക്കുകയാണെന്നും ചിന്തിക്കുന്നു. തീർച്ചയായും അവരുടെ അഭാവവും നാം അറിയും. അവർ പോയേ തീരൂ. അത് പ്രകൃതി നിയമമാണ്. സത്യത്തിൽ ലോകത്തിൽനിന്ന് ഗുണികളാരും  പോവുന്നില്ല. സ്നേഹിക്കുന്നവരുടെ മനസ്സിൽ പോയവരെന്നും കാണും. പ്രാർഥനകളും അവരുടെ ജീവിതത്തിലെ സുന്ദരമായ ഓർമ്മകളും  നാം ഹൃദയത്തിൽ സൂക്ഷിച്ചു വെക്കും. ദുഖിതരായിരിക്കുന്ന സമയത്ത് നമുക്കത് ആശ്വാസവും  നല്കും.  സ്നേഹിക്കുന്നവരോട്‌ നമുക്കു  ചിലപ്പോൾ യാത്ര പറയേണ്ടി വരും.' ഗുഡ് ബൈ ഗുഡ് ബൈ' ഞാൻ ആ വാക്കിനെ വെറുക്കുന്നു.  എല്ലാവിധ ശാന്തിയും അനുഗ്രഹങ്ങളും  സിംസ‍ന്റെ  ഭവനത്തിലുണ്ടാകട്ടെയെന്നും അഭിലക്ഷിക്കുന്നു. പരേതയുടെ ആത്മാവിനു നിത്യശാന്തിയും.

Emalayaleehttp://emalayalee.com/varthaFull.php?newsId=75080

Malayalam Daily news: http://www.malayalamdailynews.com/?p=83086

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...