Saturday, April 12, 2014
ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പയും വിശുദ്ധിയും വിമർശനങ്ങളും
by ജോസഫ് പടന്നമാക്കൽ
ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പായെ വിശുദ്ധനായി ഉയർത്തുമെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. വിശുദ്ധ പദവിയുടെ പേരിൽ വിവാദങ്ങളായ അഭിപ്രായങ്ങളുമായി വാർത്താലോകം മത്സര രംഗത്തെത്തിയിട്ടുണ്ട്. വിഭിന്നങ്ങളായ അഭിപ്രായങ്ങൾ പത്രലോകവും മാസികകളും ടെലിവിഷൻ മീഡിയാകളും പുറപ്പെടുവിച്ചു കഴിഞ്ഞു. ജോണ്‍ പോൾ മാർപ്പാപ്പാ ജീവിച്ചിരുന്ന കാലത്ത് തന്റെ ഒളികണ്ണുകളെ കൈവിരലുകളിൽക്കൂടി കാണിച്ചുകൊണ്ട് വാർത്താലേഖകരോട് ഒരിക്കൽ പറഞ്ഞു, " നോക്കൂ. സത്യം എന്റെ ഈ കണ്ണുകളിൽ ഒളിഞ്ഞിരിപ്പുണ്ട്." എന്നാൽ ആ സത്യം ഇന്നും ലോകത്തിനു ബോദ്ധ്യപ്പെട്ടില്ലായെന്നത് മറ്റൊരു സത്യമാണ്.
ഒരു വിശുദ്ധനുവേണ്ട തെളിവുകളെല്ലാം ജോണ്‍ പോൾ രണ്ടാമൻ ജീവിച്ചിരുന്ന നാളുകളിൽ സ്വയം ശേഖരിച്ചു വെച്ചിരുന്നുവെന്ന് ടോണി ബുഷ്ബിയുടെ 'മാർപ്പാപ്പായുടെ ഇരുണ്ട കാല ചരിത്രം' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. സത്യമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ തെളിവുകളെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. പുണ്യാളനായി ഉയർത്തുവാനുള്ള എല്ലാ നടപടികളും ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ ജീവിച്ചിരുന്ന കാലങ്ങളിൽ പൂർത്തിയാക്കിയിരുന്നുവെന്ന് കത്തോലിക്കാ ലോകത്തിന് അജ്ഞാതമായിരുന്നു. 1983 ലായിരുന്നു അതിനായിട്ടുള്ള നീക്കങ്ങളാരംഭിച്ചത്. ആ വർഷം യാതൊരു മുന്നറിയിപ്പും കൂടാതെ പിശാചിനുവേണ്ടി വാദിക്കുന്ന വത്തിക്കാനിലെ ഓഫീസ് അദ്ദേഹം നിർത്തൽ ചെയ്തു.
രണ്ടാമത്തെ നീക്കം 1999 ലായിരുന്നു. മാർപ്പാപ്പായുടെ ആരോഗ്യം വഷളായിക്കൊണ്ടിരുന്ന കാലവുമായിരുന്നു. അക്കാര്യം അദ്ദേഹത്തിന് പൂർണ്ണമായ ബോദ്ധ്യവുമുണ്ടായിരുന്നു. ഒരാൾ മരിച്ചുകഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞേ പുണ്ണ്യാളൻ എന്ന പദവിയിലേക്കുള്ള ക്രമാനുഷ്ഠാനങ്ങൾ തുടങ്ങാവൂയെന്ന കീഴ്വഴക്കം ഇല്ലാതാക്കി. ഒരു വ്യക്തിയുടെ പുണ്യചരിതമായ ജീവിതത്തെ വിലയിരുത്തുന്ന നിലവിലുണ്ടായിരുന്ന അന്വേഷണങ്ങൾ യാതൊന്നുമില്ലാതെ ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ ജോണ്‍ പോൾ മാർപ്പാപ്പായുടെ നാമകരണ നടപടികൾ തുടങ്ങിയതും ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു. നാമകരണ നടപടികൾ തുടങ്ങിയത് അദ്ദേഹത്തിന്റെ മുൻകാല കർമ്മ ജീവിതത്തിലെ വസ്തുനിഷ്ഠതകൾക്ക് തെല്ലും പ്രാധാന്യം കല്പ്പിക്കാതെയായിരുന്നു.
അങ്ങനെ ജോണ്‍ പോൾ മാർപ്പാപ്പാതന്നെ നിയമങ്ങൾ മാറ്റിയതുകൊണ്ട് കത്തോലിക്കാ ചരിത്രത്തിലെ അതിവേഗപുണ്യാളന്മാരുടെ പട്ടികയിൽ അദ്ദേഹം ഒന്നാമനായി. മദർ തെരസാക്കുവേണ്ടി നിയമങ്ങളിൽ മാറ്റം വരുത്തിയെന്നായിരുന്നു ജനമന്ന് ചിന്തിച്ചത്. ജോണ്‍ പോൾ മാർപ്പാപ്പാ സ്വയം പുണ്യാളനാകാൻ ഈ വഴിയൊരുക്കലെന്ന സത്യം ജനത്തിന് ഇന്ന് മനസിലായിക്കൊണ്ടിരിക്കുന്നു. പുണ്യാളനാകാൻ പത്താം പീയുസിന് 40 വർഷങ്ങളും അഞ്ചാം പീയൂസിന് 140 വർഷങ്ങളും വേണ്ടിവന്നു. പയസ് ഒമ്പാതമനെ ബിയാറ്റിഫിക്കേഷൻ ചെയ്തിട്ട് 140 വർഷം കഴിഞ്ഞു. ബിയാറ്റിഫിക്കേഷൻ എന്ന പദവിക്കായി ജോണ്‍ പോളിനും മദർ തെരസാക്കും 6 വർഷങ്ങളേ വേണ്ടി വന്നുള്ളൂ.
985 മുതൽ മാർപ്പാപ്പായായിരുന്ന ജോണ്‍ പതിനാറാമൻ ആയിരുന്നു ഒരാളിനെ പുണ്യാളനാക്കുന്ന നടപടികളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയത്. അദ്ദേഹത്തിന്റെ മരണശേഷം ഈ തീരുമാനം പ്രായോഗികമാക്കണമെന്നും നിർദ്ദേശിച്ചു. 1587 ൽ പുണ്യാള നടപടികളെ ദുർവിനിയോഗം ചെയ്തിരുന്നതുകൊണ്ട് സിക്സ്റ്റസ് അഞ്ചാമൻ മാർപ്പാപ്പാ, പുണ്യാളന്മാരുടെ ഗുണദോഷങ്ങളെ വിലയിരുത്തുവാൻ പിശാചിന്റെ വക്കീൽ സമ്പ്രദായം നടപ്പിൽ വരുത്തി. പിശാചിനുവേണ്ടി വാദിക്കുന്ന വക്കീൽ വിശുദ്ധ പദവിക്കായി പരിഗണനയിലുള്ള വ്യക്തി അർഹനല്ലെന്ന് വാദിച്ച് തെളിവുകൾ ഹാജരാക്കണമായിരുന്നു. തെളിവുകളെ സംശയകരമായി വീക്ഷിക്കുക, തെളിവുകളെ ചോദ്യം ചെയ്യുക, ജീവിതകാലത്ത് പുണ്യാളനാകുന്നയാൾ ചെയ്ത തിന്മകൾ നിരത്തുക എന്നിവകളായിരുന്നു പിശാചിന്റെ ന്യായവാദങ്ങൾ വാദിക്കുന്ന വക്കീലിന്റെ ജോലി. ഇങ്ങനെ അനേക കടമ്പകൾ കടന്ന് ഒരാൾ പുണ്യാളനാകുന്നതിന് നീണ്ട കാലങ്ങൾ ചിലപ്പോൾ നൂറ്റാണ്ടുകൾ വേണ്ടി വന്നു. അത്രയെളുപ്പത്തിൽ ഒരാൾക്ക് പുണ്യാളനാകുവാൻ സാധിച്ചിരുന്നുമില്ല. സാഹചര്യങ്ങളെ അനുകൂലങ്ങളാക്കി അനേക കത്തോലിക്കാ സംഘടനകളുടെ എതിർപ്പുകളെ അവഗണിച്ച് ആറു വർഷങ്ങൾകൊണ്ട് ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പായെ ബിയാറ്റിഫൈ ചെയ്ത് പുണ്യാള സ്ഥാനത്ത് അലങ്കരിക്കുന്നതും സഭയുടെ ചരിത്രത്തിന്റെ പുതിയ നാഴികക്കല്ലാണ്.
പിശാചിന്റെ ഒഫീസ്, ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ വത്തിക്കാനിൽനിന്ന് നീക്കം ചെയ്തത് തന്റെ മരണശേഷം ചെറുപ്പകാലങ്ങളിലുള്ള സ്വന്തം ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ പൊതുജനങ്ങളുടെ ഇടപെടൽ ഉണ്ടാകാതെയിരിക്കുവാനായിരുന്നു. മീഡിയാകൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായി പ്രതിക്ഷേധിക്കുന്നുമുണ്ട്. എന്നാൽ ജനങ്ങളുടെ ശബ്ദത്തിന് യാതൊരു വിലയും വത്തിക്കാൻ കല്പ്പിക്കുന്നില്ല. ഈ സാഹചര്യങ്ങൾ മനസിലാക്കി അദ്ദേഹത്തെ ബിയാറ്റിഫൈ ചെയ്ത സമയം പുണ്യാളന്മാരുടെ പ്രീഫെക്ട്റ്റായിരുന്ന കർദ്ദിനാൾ ആഞ്ജലോ അമാറ്റോ 2011 ൽ ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, "ജോണ്‍ പോൾ രണ്ടാമൻറെ പുണ്യാളനായുള്ള നടപടി ക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നത് അദ്ദേഹം മാർപ്പാപ്പാ ആയിരുന്നതുകൊണ്ടല്ല. ഈ മാർപ്പാപ്പാ ക്രിസ്തുവിന്റെ വഴിയേ മാതൃകാപരമായി ജീവിച്ച ഒരു സത്യക്രിസ്ത്യാനിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതദർശനങ്ങൾ പ്രതീക്ഷകളും സ്നേഹവുമായിരുന്നു. "റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ ഒരു സമ്മേളനത്തിൽ കർദ്ദിനാൾ വീണ്ടും പറഞ്ഞു, "വിശുദ്ധ പദവിക്കുള്ള അതിവേഗ തീരുമാനമെടുത്തത് ആ പുണ്യാത്മാവിന്റെ ജീവിതത്തെ അതിസൂക്ഷ്മതയോടെ പരിശോധിച്ച ശേഷമായിരുന്നു. അതിനായുള്ള നിയമങ്ങൾ 1983 ൽ ജോണ്‍ പോൾ മാർപ്പാപ്പാ കൃത്യമായി എഴുതിയുണ്ടാക്കിയിട്ടുണ്ട്."
വത്തിക്കാന്റെ നടപടി ക്രമങ്ങളിലെ വിശുദ്ധരെ കണ്ടെത്തൽ ഇന്നു മരിച്ചവരിൽനിന്ന് മണ്ണോട് ലയിച്ച പ്രസിദ്ധരായവരെ കണ്ടെത്തലായി മാറി. മരണമെന്നത് മനുഷ്യന്റെ ജീവിത നാടകത്തിലെ ശുഭപര്യവസാനമാണ്. ക്രിസ്ത്യൻ ലോകത്തിൽ അനേകർ ജോണ്‍ പോൾ മാർപ്പാപ്പായുടെ വിശുദ്ധ പദവിയെ കാണുന്നത് മരണമെന്ന ശുഭ നാടകത്തിലെ അറിയപ്പെടാത്ത നിഗൂഡ്ഡതകളിൽ ഒളിഞ്ഞിരിക്കുന്ന ഇരുട്ടിന്റെ അത്മാവായിട്ടാണ്. അദ്ദേഹത്തിന്റെ ഭരണകാലത്തെ ലൈംഗിക കുറ്റവാളികളെ ഒളിപ്പിച്ചുവെച്ച അനേക രഹസ്യഫയലുകൾ പരിഹരിക്കാൻ സാധിക്കാതെ ഇരുട്ടിൽത്തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അത്തരം കുറ്റകൃത്യങ്ങളിലൂടെ ചുരുളുകൾ അഴിയുംമുമ്പ് അദ്ദേഹത്തെ എത്രയും വേഗം പുണ്യാളനാക്കുവാനും നീക്കങ്ങളുണ്ടായിരുന്നു.
വിശുദ്ധ പദവിയിൽ ഒരാൾ എത്തുന്നതിനുവേണ്ട നീണ്ട നടപടി ക്രമങ്ങൾ ജോണ്‍ പോൾ മാർപ്പാപ്പാ നിറുത്തൽ ചെയ്തത് സ്വയം വിശുദ്ധനാകുവാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു. ഇക്കാര്യം അദ്ദേഹം വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്നതിൽക്കൂടി വ്യക്തമായിക്കൊണ്ടിരിക്കുന്നു. മരണശേഷം വാഴ്ത്തപ്പെടുമെന്നും കാലതാമസം കൂടാതെ വിശുദ്ധനാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ജോണ്‍ പോളിനെ സംബന്ധിച്ച് മാർപ്പാപ്പായാകുന്നതിനു മുമ്പുള്ള അനേക ജീവചരിത്ര കൃതികൾ ഉണ്ട്. എന്നാൽ ആ ചരിത്രങ്ങൾ ഒന്നും സത്യങ്ങളല്ലെന്നാണ് കർദ്ദിനാൾ ആഞ്ജലോ അമാറ്റൊ 2011 ൽ റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ഒരു സെമിനാറിൽ പറഞ്ഞത്. മാർപ്പാപ്പായുടെ യുവാവായിരുന്ന കാലത്തെ പല രഹസ്യ വിവരങ്ങളും വെളിപ്പെടുത്തലുകളും ചോദ്യോത്തര വേളയിലെ അന്നത്തെ സെമിനാറിലെ ചർച്ചകളിൽ ഉൾപ്പെടുത്തുവാൻ തയ്യാറല്ലായിരുന്നു. അക്കാല ജീവിതം വത്തിക്കാൻ രേഖപ്പെടുത്തിയിരിക്കുന്നതും പച്ചക്കള്ളങ്ങൾ നിറഞ്ഞതായിരുന്നു.(റെഫ്: ടോണി ബുഷ്ബി) 1938 മുതൽ 1946 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം വെറും 72 വാക്കുകൾ കൊണ്ട് വത്തിക്കാൻ സംഗ്രഹിച്ചിരിക്കുകയാണ്. 18 വയസ് മുതൽ 26 വയസ് വരെ മാതൃകാപരമായി വൈദികനായി സെമിനാരിയിൽ പഠിച്ചിരുന്നുവെന്നു മാത്രമുള്ള ചുരുങ്ങിയ വാക്കുകളിലുള്ള ചരിത്രത്തിൽ ദുരൂഹതകളുണ്ട്.
മാർപ്പാപ്പായാകുന്നതിനുമുമ്പുള്ള ജോണ്‍ പോളിന്റെ ജീവചരിത്രങ്ങൾ കത്തോലിക്കാ ലോകത്തിന് തെറ്റായ ധാരണയുണ്ടാക്കുന്നതാണ്. പലതും സത്യങ്ങളല്ലെന്നാണ് വിമർശന ലേഖകരിൽനിന്നും മനസിലാക്കുന്നത്. കരോൾ വോജ്ടില (Karol Wojtyla) യെ സംബന്ധിച്ച നൂറോളം പോലീസ് റെക്കോർഡുകൾ പോളണ്ടിലെ രഹസ്യപുരാ വസ്തു ഗ്രന്ഥാലയത്തിൽ നിന്നും വത്തിക്കാൻ നീക്കം ചെയ്തതും സംശയത്തിനിടം നല്കുന്നു. അദ്ദേഹത്തെപ്പറ്റി 1946 കാലഘട്ടത്തിലുള്ള വ്യക്തമായ ചരിത്രം ആ റിക്കോർഡുകളിലുണ്ടെന്നും അനുമാനിക്കുന്നു. അക്കാലങ്ങളിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണികളിൽ അദ്ദേഹം പ്രവർത്തിച്ചത്. പിശാചിന്റെ വാദങ്ങൾ കേട്ടിരുന്ന വത്തിക്കാനിലെ ഒഫീസ് നിറുത്തൽ ചെയ്തില്ലായിരുന്നുവെങ്കിൽ, ജോണ്‍ പോൾ ഇത്രയും പെട്ടെന്ന് വിശുദ്ധ പദവിയിലേക്ക് ഉയരുമോയെന്നും ചോദ്യങ്ങൾ വരുന്നു. ഇല്ലെന്നാണ് കത്തോലിക്കരിൽ അനേകർ വിശ്വസിക്കുന്നത്. ഇരുളിൽ മറഞ്ഞുകിടക്കുന്ന അദ്ദേഹത്തിന്റെ യുവത്വകാല രഹസ്യങ്ങൾ ഇന്നും ഒളിഞ്ഞു തന്നെ കിടക്കുന്നു.
ഒരു വിശുദ്ധൻറെ പുണ്യ പ്രവർത്തികളെപ്പറ്റി അവലോകനം ചെയ്യുമ്പോൾ അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെ ആധാരമാക്കി പഠന വിഷയമാക്കിയാൽ പൂർണ്ണമാവില്ല. ജീവിച്ചിരുന്നപ്പോൾ അദ്ദേഹമെടുത്ത സഭയുടെ തീരുമാനങ്ങളിലെ പാളീച്ചകൾമൂലം സമൂഹത്തിനുണ്ടായ അന്നത്തെ ദോഷവശങ്ങൾകൂടി ഉൾപ്പെടുത്തണം. അങ്ങനെയെങ്കിൽ ബാലപീഡകരെ പിന്തുണച്ച ജോണ്‍ പോൾ മാർപ്പാപ്പാ വിശുദ്ധപദത്തിന് അർഹനോയെന്നതും ചിന്തനീയമാണ്. വ്യക്തിപരമായി ജോണ്‍ പോളിന്റെ പേരിൽ അത്തരത്തിലുള്ള ആരോപണങ്ങളൊന്നുമില്ല. എന്നാൽ നൂറു കണക്കിന് ബാലപീഡനങ്ങൾ നടത്തിയ കുറ്റവാളികളായ പുരോഹിതരെ അദ്ദേഹം സംരക്ഷിച്ചിരുന്നതും നിയമത്തിൻറെ ദൃഷ്ടിയിൽനിന്നും അവർക്കഭയം കൊടുത്ത് ഒളിപ്പിച്ചിരുന്നതും സഭാചരിത്രത്തിന് കളങ്കം വരുത്തിയിട്ടുണ്ട്. ദുഃഖകരമായ ആ സത്യം ജോണ്‍ പോളിന്റെ വിശുദ്ധ പദവിയ്ക്കൊപ്പം എന്നും ഒരു നിഴലായിയുണ്ടാകും.
എണ്ണമില്ലാത്ത ബാലപീഡകരായ പുരോഹിതർ സഭയിൽ പെരുകിയത് ജോണ്‍ പോളിന്റെ കാലത്തായിരുന്നു. അവരെ തടയാൻ ജോണിനൊരിക്കലും കഴിഞ്ഞില്ല. പകരം പുരോഹിതരുടെ പീഡനകഥകളും അതിൽ ബലിയാടായ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വൈകാരിതയും അദ്ദേഹമെന്നും സഭയെ സംരക്ഷിക്കാൻ ഒളിച്ചുവെച്ചിരുന്നു. ഒരു മാർപ്പാപ്പായെന്ന നിലയിൽ സഭയ്ക്കേറ്റ ഈ മുറിവ് അദ്ദേഹത്തിൻറെ ഭരണകാലത്തിലെ പരാജയമായിരുന്നു. പീഡനങ്ങളിൽ സഹനം സഹിച്ചവരുടെ കുടുംബങ്ങളുടെ നഷ്ടപരിഹാരങ്ങളും കോടതിക്കേസുകളുമായി സഭയ്ക്ക് നേരിടേണ്ടിവന്ന സാമ്പത്തിക നഷ്ടങ്ങൾക്കും കണക്കില്ല. കത്തോലിക്കാസഭയെ ലൈംഗികവൈകൃതങ്ങളുടെ സമൂഹമായി ലോകം പരിഹസിച്ചുകൊണ്ട് മുദ്രയും കുത്തി. യേശുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സഭയ്ക്കതൊരു തിരിച്ചടിയുമായി. ലോകത്തിലെ ഏറ്റവും വലിയ സംഘടിത മതമായ കത്തോലിക്കാസഭയിൽ വന്ന അപകീർത്തി നികത്താൻ ഇനി തലമുറകൾ കടന്നുപോവേണ്ടി വരും. സഭയുടെ വിശ്വാസസംരക്ഷണമെന്ന സത്യം വെറുമൊരു കെട്ടുകഥയായും തീർന്നു.
ജോണ്‍ പോളിനെതിരെയുള്ള പ്രധാനമായ ഒരാരോപണം ലൈംഗിക കുറ്റവാളിയായ ഫാദർ മാർസ്യൽ മേസിലിനെ (Father Marcial Maciel Degollado) സംരക്ഷിച്ചുവെന്നതാണ്. ലീജിയനറീസ് ഓഫ് ക്രൈസ്റ്റ് എന്ന സംഘടന സ്ഥാപിച്ചതും ഈ പുരോഹിതനായിരുന്നു. ജോണ്‍ പോൾ മാർപ്പാപ്പയെപ്പോലെ ഫാദർ മേസിൽ യാഥാസ്ഥിതിക ചിന്തകനുമായിരുന്നു. അനേക ചെറുപ്പക്കാരായ പുരോഹിതരുടെ സേവനങ്ങൾ മേസിലിന്റെ സംഘടനയിൽക്കൂടി സഭയ്ക്ക് ലഭിച്ചിരുന്നു. സഭ ഈ സമൂഹംവഴി വൻസമ്പത്തും കൈവരിച്ചു. ഇദ്ദേഹം മൂലം വത്തിക്കാനിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് വിലകൂടിയ സമ്മാനങ്ങളും ലഭിച്ചിരുന്നു. അനുസരണയുള്ള പുരോഹിതനെന്ന നിലയിൽ ഫാദർ മേസിൽ, ജോണ്‍ പോളിന്റെ ഉറ്റമിത്രവും പ്രിയങ്കരനുമായിരുന്നു. കണക്കില്ലാത്ത ധനം ശേഖരിച്ചിരുന്ന ഈ സംഘടന വത്തിക്കാൻറെ അക്ഷയ പാത്രവും പ്രധാന വരുമാന മാർഗവുമായിരുന്നു. ആധുനിക സഭയ്ക്കുവേണ്ടി ബില്ല്യൻ കണക്കിന് ഡോളർ സ്വത്തുക്കൾ സമ്പാദിച്ചുകൊടുത്തത് ഫാദർ മേസിലിന്റെ( Maciel ) ലീജിയൻ ഓഫ് ക്രൈസ്റ്റ് സംഘടനയായിരുന്നു.
1950 തുടങ്ങി പതിനൊന്ന് വയസ് താഴെയുള്ളവർ മുതൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ മേസിൽ പീഡിപ്പിച്ചിട്ടുണ്ട്. മുമ്പ് സെമിനാരി വിദ്യാർഥികളും ഇപ്പോൾ പുരൊഹിതരുമായവർ തെളുവുകൾ സഹിതം മേസിലിന്റെ പീഡനകഥ വത്തിക്കാനെ അറിയിച്ചിട്ടുണ്ട്. ഫാദർ മേസിൽ ( Marciel )ദുരുപയോഗം ചെയ്തവരെ കള്ളം പറയുന്നവരായി മുദ്രയും കുത്തുമായിരുന്നു. കുറ്റകൃത്യങ്ങൾ മൂടിവെക്കുവാൻ അവരെ സഭയുടെ വിശ്വാസവഞ്ചകരായും കരുതിപോന്നു. ഫാദർ മേസിലിനെതിരായ ആരോപണങ്ങൾ ജോണ്‍ പോൾ കാതുകൊടുക്കുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. കൊച്ചുപെണ്‍ക്കുട്ടികളുടെ ചാരിത്ര്യം ഹനിക്കുകയും സെമിനാരിക്കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിച്ച് പീഡിപ്പിക്കയും ചെയ്യുകയെന്നത് മേസിലിന്റെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മേസിലിന്റെ കുറ്റകൃത്യങ്ങൾ ഒളിച്ചുവെയ്ക്കുക മാത്രമല്ല വത്തിക്കാനിൽ പ്രധാനപ്പെട്ട കാര്യനിർവഹണ ചുമതലകൾ വഹിക്കാനും ജോണ്‍ പോൾ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. ആരും അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലാന്ന് വത്തിക്കാനിൽ കർശനമായ വിലക്കുമുണ്ടായിരുന്നു.
ജോണ്‍ പോളിന്റെ ഉറ്റമിത്രമായ ഫാദർ മേസിൽ (Father Marcial Maciel Degollado) കുട്ടികളെ പീഡനം നടത്തിക്കൊണ്ടിരുന്നതുകൂടാതെ മയക്കുമരുന്നിനടിമയുമായിരുന്നു. അനേകമനേക കുട്ടികളുടെ പിതൃത്വവും ഉണ്ടായിരുന്നു. മേസിൽ തനിക്കുണ്ടായ മക്കളെയും പീഡിപ്പിച്ചിരുന്നു. അവസാനം നിവൃത്തിയില്ലാതെ ജോണ്‍ പോൾ മാർപ്പാപ്പാ ഫാദർ മേസിലിന്റെമേൽ നടപടികളെടുക്കാൻ നിർബന്ധിതനായി. അദ്ദേഹത്തിന്റെ ശിക്ഷ മരിക്കുവോളം പ്രാർഥനയിലും ഉപവാസത്തിലും കഴിയുകയെന്നായിരുന്നു. അനേക കുഞ്ഞുങ്ങളുടെ പിതൃത്വമുള്ള വിവാദ പുരോഹിതനായ മേസിലച്ചനെ സഭ രക്ഷിച്ചതല്ലാതെ ആ കുഞ്ഞുങ്ങൾക്കും അവരെ വളർത്തുന്ന മാതാക്കൾക്കും സാമ്പത്തിക സഹായമോ പരിചരണമോ നല്കിയില്ല.
ഒരു പക്ഷെ ഫാദർ മേസിലിനെതിരെയുള്ള കുറ്റാരോപണങ്ങൾ ജോണ്‍ പോൾ വിശ്വസിച്ചില്ലായിരിക്കാം. എന്നിരുന്നാലും അദ്ദേഹത്തിൻറെ ഫാദർ മേസിലിലുള്ള അന്ധമായ വിശ്വാസം മറ്റനേകായിരം കുടുംബങ്ങളെ മാനസികമായി തളർത്തുകയാണുണ്ടായത്. മേസിലിന്റെ ക്രൂരമായ ലൈംഗിക വിനോദങ്ങളിൽനിന്നും നിസഹായരായ ജനതയെ ജോണ്‍ പോളിന് രക്ഷിക്കാൻ സാധിക്കാത്തത് ക്ഷമിക്കാൻ സാധിക്കാത്ത കുറ്റമാണ്. ലൈംഗിക കുറ്റവാളികളായ പുരോഹിതരെ വേട്ടയാടുന്ന ഇന്നത്തെ ചരിത്രമുഹൂർത്തങ്ങളിൽ ജോണ്‍പോളിനെ പുണ്യാളനാക്കിയതും ഉചിതമായില്ല.
ബർലിൻമതിൽക്കെട്ടുകൾ താഴെവീണതും കമ്യൂണിസത്തിന്റെ തകർച്ചയും ജോണ്‍ പോളിനെ ആഗോളതലത്തിൽ പ്രസിദ്ധനാക്കി. എന്നിരുന്നാലും സഭയ്ക്കുള്ളിൽ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ഏകാധിപതിയായിരുന്നു. അദ്ദേഹത്തിൻറെ ചിന്താഗതികളെ ചോദ്യം ചെയ്യുന്നവരെ ഉന്നതസ്ഥാനത്തിൽനിന്നും നീക്കം ചെയ്തിരുന്നു. ഒരാളിനെ വിശുദ്ധനാക്കാൻ സഭ പുറംലോകത്തിന്റെ പ്രതികരണവും കണക്കാക്കാറുണ്ട്. നാസികളുമായി പന്ത്രണ്ടാം പീയൂസിന് ബന്ധമുണ്ടെന്നുള്ള ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ പുണ്യാളനാക്കാൻ സഭക്കിന്ന് ബുദ്ധിമുട്ടുണ്ട്. എങ്കിൽ ലൈംഗിക കുറ്റവാളികളെ സംരക്ഷിച്ച ജോണ്‍ പോളിന്റെ വിശുദ്ധപദവിയും മാറ്റിവെയ്ക്കാമായിരുന്നു. 1993 ൽ കുടുംബാസൂത്രണ പദ്ധതികൾ സഭയുടെ കടുത്ത പാപങ്ങളായി ജോണ്‍ പോൾ വിളംബരം ചെയ്തു. എന്നാൽ സഭയുടെ മൊത്തമായ ലൈംഗിക കുറ്റകൃത്യങ്ങളെ എതിർത്തിട്ടുമില്ല. കുടുംബാസൂത്രണങ്ങളെക്കാളും ബാലപീഡനമെന്ന കൊടും തിന്മയിലേക്ക് വാതിൽ തുറന്നുകൊടുത്ത ജോണ്‍ പോളിനെ വിശുദ്ധനാക്കുന്നത് സഭയുടെ പരിപാവനതയ്ക്കെതിരെയുള്ള വെല്ലുവിളിയുമാണ്.
വിശുദ്ധ പദവിക്കായി ജോണ്‍ പോൾ മാർപ്പാപ്പായുടെ ജന്മനാടായ പോളണ്ടിൽനിന്നും ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ജോണ്‍ പോൾ എന്നും വിജയമായിരുന്നു. അക്കാലത്ത് അമേരിക്കൻ പ്രസിഡണ്ട്മാർ സകല പ്രോട്ടോക്കോളും മാറ്റിവെച്ച് ജോണ്‍ പോളിന്റെ സന്ദർശനവേളയിൽ നേരിട്ടുവന്ന് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കുമായിരുന്നു. റേയ്ഗന്റെയും ക്ലിന്റന്റെയും ഗോർബച്ചൊവിന്റെയും ഉറ്റ മിത്രവുമായിരുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയസ്വാധീനവും ജോണ്‍ പോളിന്റെ വിശുദ്ധ പദവിയിലേക്കുള്ള വഴിയൊരുക്കലായിരുന്നു. അദ്ദേഹത്തെ വിശുദ്ധനാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം ബനഡിക്റ്റ് പതിനാറാമനുണ്ടായിരുന്നു. തന്റെ മുൻഗാമി ബനഡിക്ട്റ്റിന്റെ ആഗ്രഹത്തിനെതിരായി ഫ്രാൻസീസ് മാർപ്പാപ്പാ ഒരു തീരുമാനമെടുക്കുമെന്നും തോന്നുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിൻറെ വിശുദ്ധ പദവി നിഷേധിച്ചാൽ കത്തോലിക്കർ ഭൂരിപക്ഷമുള്ള പോളണ്ടിൽ അതൊരു രാഷ്ട്രീയ കോളിളക്കത്തിനിടവരും.
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment