Sunday, May 25, 2014

അഭയാ കൊലക്കേസും കൈവെടിയുന്ന നീതിയും



By  ജോസഫ് പടന്നമാക്കൽ

കേരളത്തിലെ നീതിന്യായ  ചരിത്രത്തിൽ  അപൂർവങ്ങളിൽ അപൂർവമായ ഒന്നാണ് 1992 മാർച്ച് ഇരുപത്തിയേഴാം തിയതി കോട്ടയം പയസ് മൌണ്ടിൽ നടന്നതായ അഭയായുടെ കൊലപാതകം. അധികാരവും സ്വാധീനവുമുപയോഗിച്ച് ചില തൽപ്പര കഷികൾക്ക്  അഭയായുടെ മരണത്തെ ആത്മഹത്യയാക്കാനും സാധിച്ചു. നീതിയുടെ ഫയലിൽ തെളിയിക്കപ്പെടാതെ ഇന്നും അഭയായെന്ന   പെണ്‍ക്കുട്ടി  വെറുമൊരു ചോദ്യചിന്ഹമായി അവശേഷിച്ചിരിക്കുകയാണ്. സംഭവങ്ങളുടെ നൂലാമാലകൾ കോർത്തിണക്കിയ അവളുടെ ചിത്രം ഇന്നും  ഗതികിട്ടാത്ത ആത്മാവിനെപ്പോലെ മനുഷ്യമനസ്സിൽ ദുർഗ്രാഹിതകളുടെ കഥകളായി മാറിക്കഴിഞ്ഞു. 

   

ഉന്നതരുടെ ഇടപെടൽ കാരണം തെളിവുകളില്ലാതാക്കിയ അഭയായുടെ കേസ്‌ തെളിയുകയെന്നത് എളുപ്പമല്ല. കാരണം, പ്രതികൾ സഭയുടെയും സമൂഹത്തിന്റെയും കരുത്തേറിയവരും  അധികാര ശ്രേണിയിലുള്ളവരെ സ്വാധീനിക്കാൻ കഴിവുള്ള  വ്യക്തികളുമാണ്. നീതിന്യായവും പോലീസും കുറ്റാന്വേഷകരും  അധികാര രാഷ്ട്രീയ, മതമേധാവികളുടെ സ്വാധീന വലയങ്ങളിൽ അകപ്പെട്ടുപോയി. ജയിലും അഴിയെണ്ണലും അതിലെ പാർപ്പിടവും പണമോ സ്വാധീനമോയില്ലാത്ത  പാവപ്പെട്ടവർക്കായി വിധിച്ചിട്ടുള്ളതാണ്. കൂടാതെ മരിച്ചത് ഒരു കന്യാസ്ത്രിയും. മരണം സംഭവിച്ചത് കന്യാസ്ത്രി മതിൽക്കെട്ടിനുള്ളിലും. അവിടെ നടക്കുന്ന ചരിത്രങ്ങളെന്തെന്ന് പുറം ലോകമറിയാനും സാധ്യതയില്ല. അഭയാക്കേസിൽ കുറ്റവാളികളെ കണ്ടുപിടിക്കാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ബിഷപ്പും അതിനുത്തരവാദികളായവരും മെനഞ്ഞെടുത്തിരുന്നു.  കൂടെ അധികാരം പേറി നടക്കുന്ന രാഷ്ട്രീയകൂട്ടുകെട്ടും ഉന്നതങ്ങളിലുള്ള സമ്മർദ്ദവും പിന്നിലുണ്ടായിരുന്നു. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരുടെ  നിസഹായകഥകളാണ് പിന്നീടവരിൽനിന്നും കേട്ടത്. ദുഷിച്ച പൌരാഹിത്യത്തിന്റെ ചിത്രം പള്ളിയോടും പട്ടക്കാരോടും അടുത്തിട്ടുള്ളവർക്കറിയാം. അധർമ്മത്തിനായി ഏതറ്റവും പോവുമെന്ന് അഭയായുടെ തെളിയപ്പെടാത്ത അസ്വഭാവിക മരണം തന്നെ സാക്ഷിയാണ്. എതിർക്കുന്നവർക്ക് അവർ തെമ്മാടിക്കുഴിയും ഭീഷണിയും മുഴക്കും. 

 

കോട്ടയം ജില്ലയിലെ അരീക്കര സ്വദേശി ശ്രീ തോമസ് എ മത്തായിയുടെയും ലീലാമ്മയുടെയും ഏകപുത്രിയായി അഭയാ ജനിച്ചു. മരിക്കുമ്പോൾ പ്രായം പത്തൊമ്പതു വയസ്സായിരുന്നു.  മാതാപിതാക്കൾ വിശ്വസിക്കുന്നത് തങ്ങളുടെ മകളെ പുരോഹിതരും ഒരു കന്യാസ്ത്രിയുമൊത്ത് കൊന്നുവെന്നു തന്നെയാണ്.  അപ്പൻ ചിലപ്പോൾ മകളെപ്പറ്റിയോർത്ത് നെടുവീർപ്പെടും, "എന്റെ മോളെയന്ന്  വിവാഹം കഴിപ്പിച്ചു  വിട്ടിരുന്നുവെങ്കിൽ പേരക്കുട്ടികളുമായി വാർദ്ധക്യം ഞാൻ അവരോടൊപ്പം കഴിയുമായിരുന്നു. അവളും ഭർത്താവുമായ ഒരു സ്വപനം ഒടുവിൽ കന്യാസ്ത്രിക്കൂടിനുള്ളിൽ പൊലിഞ്ഞുപോയി. സഭയെ വിശ്വസിച്ച്, സഭയിൽ സമർപ്പിച്ച് ഞാനെന്റെ പൊന്നുമോളെ ബലികൊടുത്തു. അവളും ഭർത്താവുമായ സന്തോഷം നിറഞ്ഞ ഒരു ജീവിതം എന്റെ സ്വപ്നത്തിലെങ്കിലും വന്നിരുന്നുവെങ്കിലെന്ന് ഞാനാശിച്ചിട്ടുണ്ട്. കുറ്റബോധം എന്നെയെന്നും വേട്ടയാടുന്നുണ്ടായിരുന്നു."

 

സഭയ്ക്ക് നല്കിയ ഈ മണവാട്ടിയുടെ ഘാതകരെ കണ്ടുപിടിക്കാൻ  നാളിതുവരെയായി ഒരു പുരോഹിതനും തെരുവുകളിൽ ഇറങ്ങുന്നതായി കണ്ടില്ല. അഭയായുടെ അമ്മ ലീലാമ്മ പറയുകയുണ്ടായി,  "ഒരിക്കൽ അയൽവക്കകാരുമൊത്ത് അഭയായെപ്പറ്റിയുള്ള ഒരു സിനിമാ കാണുവാൻ ഞാൻ പോയി. അതിലും ഒരു കൊച്ചിനെ കാലേൽ പിടിച്ച് കിണറ്റിലിടുന്ന രംഗമാണ് കാണുന്നത്. കിണറ്റിനുള്ളിൽ തള്ളുമ്പോൾ എന്റെ ചങ്ക് പൊട്ടി തകർന്നിരുന്നു. അറിയാതെയെന്നും എന്റെ സ്വപ്നാടനലോകത്തിൽ മോളെയോർത്ത് കണ്ണുനീർ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല" 

 

അഭയാക്കേസ് കോടതികളിൽ ഇല്ലായ്മ ചെയ്ത് ഒത്തു തീർക്കുന്നതിനായി  പിന്നിൽനിന്നും ആരംഭം മുതൽ പ്രവർത്തിച്ചത് ബിഷപ്പ് കുന്നശ്ശേരിയും രാഷ്ട്രീയക്കാരുമെന്ന് ബി.സി.എം. കോളേജ് മുൻ പ്രൊഫസർ ത്രസ്യാമ്മ ചില ടെലിവിഷൻ ചാനലുകാരോട് വെളിപ്പെടുത്തുകയുണ്ടായി. ത്രസ്യാമ്മ  പറയുന്നു," ബിഷപ്പും കെ.എം. മാണിയും നല്ല രാഷ്ട്രീയബന്ധമുള്ള അടുത്ത സുഹൃത്തുക്കളായിരുന്നു. രാഷ്ട്രീയ നേതാക്കൾ വോട്ടുബാങ്കിനായി ഈ സാഹചര്യം മുതലാക്കി അഭയാക്കേസിൽ ഇടപെട്ടിട്ടുണ്ട്. കേസ് നീളാൻകാരണവും ബിഷപ്പും രാഷ്ട്രീയക്കാരും തമ്മിലുള്ള ഒത്തുകളിമൂലമാണ്. അല്ലായിരുന്നെങ്കിൽ അഭയായുടെ മരണത്തിൽ ഉത്തരവാദികളായവരെ അറസ്റ്റു ചെയ്ത് ശിക്ഷയും മേടിച്ച് പുറത്തുവരാൻ സമയവുമായേനെ. രാഷ്ട്രീയനേതാക്കൾ ഇടപ്പെട്ടതായി കോടതിയിൽ ഒരു പത്രികയിലും പരാമർശനവുമില്ല. "സിസ്റ്റർ ലൂസ്സിയും ബിഷപ്പ് കുന്നശ്ശേരിയും തമ്മിലുള്ള കടുത്ത പ്രേമബന്ധം പുറത്തു പറയാതിരിക്കാനാണ് കോട്ടൂരിനെയും പുതുർക്കയെയും സഭ സംരക്ഷിക്കുന്നതെന്നും" ത്രസ്യാമ്മ  വെളിപ്പെടുത്തുകയുണ്ടായി. ലൂസ്സിയും കോട്ടൂരും തമ്മിലും ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ബിഷപ്പിന്റെ കഥകൾ അഭയാക്കേസിലെ പ്രതികളായ പുരോഹിതർക്കും അറിയാമായിരുന്നു. അത്തരം ആരോപണങ്ങൾ സി.ബി.ഐ. യുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ "സി.ബി.ഐ. യ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും"അന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തി. ത്രസ്യാമ്മയുടെ ഈ വെളിപ്പെടുത്തൽ അരമനയൊന്നാകെ ഞെട്ടിച്ചിരുന്നു.  ബിഷപ്പും ലൂസിയുമൊത്തുള്ള  ഈ കഥ ത്രസ്യാമ്മ വെളിച്ചത്താക്കുന്നതിനു മുമ്പുതന്നെ കോട്ടയം പട്ടണത്തിലെ അങ്ങാടിപ്പാട്ടുമായിരുന്നു.

 

അഭയാ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ദാരുണമായ ഈ  മരണത്തിനിടയായത്. പ്രാഥമികമായ അന്വേഷണത്തിൽ  മരണം ആത്മഹത്യയെന്നായിരുന്നു പോലീസ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ചില പൌരജനങ്ങളുടെ എതിർപ്പുമൂലം പ്രശ്നം ക്രൈം ബ്രാഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലും മരണം ആത്മഹത്യയായി വിധിയെഴുതി.  കേസന്വേഷണം ലോക്കൽ പോലീസിൽ നിന്നുമേറ്റെടുത്ത് ആദ്യംമുതൽ കേസിനെ തുരങ്കം വെച്ചിരുന്നത് അന്നത്തെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. യായിരുന്ന കെ.റ്റി. മൈക്കിളായിരുന്നു. മൈക്കിൾ തുടക്കത്തിലേതന്നെ അഭയാ ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനുള്ള സാഹചര്യ തെളിവുകളെല്ലാം എഴുതിയുണ്ടാക്കിയിരുന്നു. പ്രാഥമിക നടപടികളായ സംഭവസ്ഥലത്തെ വിരലടയാളം എടുക്കുവാനോ  പോലീസ്നായെ വരുത്തുവാനോ അന്ന് പോലീസ് തയ്യാറല്ലായിരുന്നു. കോണ്‍വെന്റിന്റെ അടുക്കളയിൽ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും നിരവധിയുണ്ടായിരുന്നു. അഭയായുടെ ചെരുപ്പും ശിരോവസ്ത്രവും ദുരഹസാഹചര്യത്തിൽ കണ്ടെത്തുകയും ചെയ്തു.   കേസന്വേഷനത്തിന്റെ പ്രാഥമിക കാര്യങ്ങൾപോലും പരിഗണിക്കാതെ ഇതൊരു ആത്മഹത്യയെന്നനുമാനിക്കാൻ തങ്ങൾക്ക് തെളിവിന്റെ ആവശ്യമില്ലെന്നാണ് മൈക്കിളിന്റെ വാദം. അഭയാ മാനിസിക രോഗിയായിരുന്നെന്നു സ്ഥാപിക്കാനും ഒരു ശ്രമം ക്രൈംബ്രാഞ്ച് നടത്തി.  മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മനോവിഷാദ  രോഗമുണ്ടായിരുന്നെന്നും പറഞ്ഞു പരത്തി. കാനോൻനിയമം അനുസരിച്ച് മാനസികരോഗമുള്ള കുടുംബങ്ങളിൽനിന്ന് സന്യാസിസന്യാസിനികളെ സ്വീകരിക്കുകയില്ലായെന്നുള്ള പ്രാഥമികവിവരവും ക്രൈം ബ്രാഞ്ചിനില്ലാതെ പോയി. മാത്രവുമല്ല അഭയാ മരിക്കുന്നതിനുമുമ്പ് അവരുടെ കുടുംബം മാനസിക ചീകൽസ തേടിയിരുന്നുവെന്ന തെളിവും  ക്രൈംബ്രാഞ്ചിന് ഹാജരാക്കാൻ സാധിച്ചില്ല. നുണകൾ മാത്രം കുത്തി നിറച്ച് അന്ന് കെ.ടി. മൈക്കിൽ അഭയാ ആത്മഹത്യാ ചെയ്തതായി വരുത്തി വെച്ചു. മരിച്ചശേഷം പുറത്തെ വാതിൽ കുറ്റിയിട്ടിരുന്നതും ശിരോവസ്ത്രം വാതിലിൽ ഉടക്കികിടന്നതും ആത്മഹത്യ ചെയ്യുന്ന ഒരാളിന്റെ വികൃതസ്വഭാവമെന്നും മൈക്കിൽ എഴുതിച്ചേർത്തിട്ടുണ്ടായിരുന്നു.

 

ആദ്യമായി അഭയായുടെ മരണം കൊലപാതകമെന്ന് സ്ഥിതികരിച്ചത് സി.ബി.ഐ. ഡപ്യൂട്ടി സുപ്രണ്ടായ വർഗീസ് പി. തോമസായിരുന്നു. പ്രസിഡന്റിന്റെ വിശിഷ്ടാ സേവനമെഡൽവരെ കരസ്ഥമാക്കിയ വർഗീസ് ഈ കേസ് തെളിയിക്കുമെന്ന വിശ്വാസവും പൊതുജനത്തിനുണ്ടായിരുന്നു. അദ്ദേഹം കേസന്വേഷണം തുടങ്ങിയപ്പോൾ പ്രധാനപ്പെട്ട റിക്കോർഡുകൾ  വളരെ വിദഗ്ക്തമായിതന്നെ പ്രതിഭാഗം നശിപ്പിച്ചു കളഞ്ഞിരുന്നു. പലതും തേച്ചുമായ്ച്ചും കൃത്രിമമായി ഉണ്ടാക്കിയും ഏതാണ്ട് നഷ്ടപ്പെട്ട നിലയിലുമായിരുന്നു തെളിവുകളെല്ലാം അവശേഷിച്ചിരുന്നത്.ശവത്തിന്റെ  പരിശോധന റിപ്പോർട്ടും മെഡിക്കൽ കോളേജിലെ പോസ്റ്റ്മാർട്ടം റിപ്പോർട്ടും അപൂർണ്ണവും അവ്യക്തവുമായിരുന്നു. അഭയായുടെ മരണം സംബന്ധിച്ച് വർഗീസിന്റെ വ്യത്യസ്തമായ അഭിപ്രായം സഭാതലങ്ങളിലാകെ അങ്കലാപ്പുണ്ടാക്കി. എന്നാൽ അദ്ദേഹം സർവീസിൽ ഏഴുവർഷം ബാക്കിനിൽക്കവേ ജോലിയിൽ നിന്ന് രാജിവെച്ചു. അദ്ദേഹം നിർബന്ധപെൻഷനും വാങ്ങി ഉദ്യോഗത്തിൽനിന്നും വിടപറഞ്ഞത്‌, ഉന്നതങ്ങളിൽനിന്നുള്ള ഭീഷണിയും ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന ഘട്ടവും വന്നപ്പോഴായിരുന്നു. ഇതോടെ അഭയാക്കേസ്സിൽ സഭയുടെ ശക്തമായ ഇടപെടലിന്റെ കഥയും പു റത്തുവന്നു. സഭ അഭയാക്കേസ് തേയ്ച്ചു മായിച്ചു കളയാൻ ശ്രമിക്കുന്ന വിവരങ്ങളും പൊതുജനങ്ങൾക്ക് ബോദ്ധ്യമായി.

 

ഇന്ത്യായിലെ  കുറ്റാന്വേഷണ  വിദഗ്ക്തരെയും നിയമപാലകരെയും   സ്വാധീനിക്കാൻ കഴിവുള്ള സഭ ഇതിനുള്ളിൽ പ്രവർത്തിക്കുന്നതുമൂലം ഒരു സത്യാന്വേഷിക്കും കൊലപാതകമോ കവർച്ചയോ തെളിയിക്കപ്പെടാൻ സാധിക്കാത്ത സാഹചര്യങ്ങളാണ് നിലവിലുള്ളത്. അഭയാക്കേസ്സിൽ കൊലപാതകികൾക്കൊപ്പം സീ.ബി.ഐ. യും ലോക്കൽ പോലീസും കൂട്ടുനില്ക്കുന്നുണ്ടായിരുന്നു. 1994 ജനുവരി പത്തൊമ്പതാം തിയതി വർഗീസ് ഇതേ സംബന്ധിച്ച് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. അന്നത്തെ  വർഗീസിന്റെ പത്രപ്രസ്ഥാവനയിൽക്കൂടി അഭയായുടെ മരണം കൊലപാതകമെന്ന് പൊതുജനസമൂഹത്തെ അറിയിച്ചു. അന്നുമുതലാണ് ആത്മഹത്യായെന്ന അഭയായുടെ മരണം പ്രഖ്യാപിതമായ ഒരു കൊലപാതകമായി മാറിയത്. വളരെ അസൂത്രണത്തോടെ കേസിനെയില്ലാതാക്കാൻ ചില സംഘിടിതശക്തികൾ ചരടു  വലിക്കുന്നുണ്ടായിരുന്നുവെന്നും സമൂഹം മനസിലാക്കാനും തുടങ്ങി.


 2008 നവംബർ പത്തൊമ്പതാം തിയതി ഫാദർ തോമസ് കോട്ടൂരിനെയും ഫാദർ പുതുർക്കയെയും  സിസ്റ്റർ  സെഫിയെയെയും സീ.ബി.ഐ. അറസ്റ്റുചെയ്തു. ബിഷപ്പ് കുന്നശേരിയേയും  ബിഷപ്പ് മൂലെക്കാടിനെയും ചോദ്യവും ചെയ്തു. സംഭവം കഴിഞ്ഞ് ആദ്യമായി  അന്വേഷണ റിപ്പോർട്ട് തയാറാക്കിയ അന്നത്തെ സബ് ഇൻസ്പെക്റ്റർ  വി.വി. ആഗസ്റ്റിൻ  കേസിന്റെ ദുരൂഹതയെന്നോണം 2008  നവംബർ ഇരുപത്തിയഞ്ചാം തിയതി ആത്മഹത്യ ചെയ്തു. സി.ബി.ഐ. യുടെ മാനസിക പീഡനം മൂലമാണ് താൻ മരിക്കുന്നതെന്നും  ഒരു ആത്മഹത്യാക്കുറിപ്പുമുണ്ടായിരുന്നു.   തെളിവുകളെല്ലാം നശിപ്പിച്ച് അഭയായുടെ മരണം ആത്മഹത്യയാക്കിയത് അഗസ്റ്റ്യനാണെന്ന് സീ.ബി.ഐ.യുടെ ആരോപണമുണ്ടായിരുന്നു. അഗസ്റ്റിന്റെ വ്യക്തിപരമായ മറ്റൊരു ഡയറിയിൽ അന്നത്തെ സീ.ബി.ഐ. ഉദ്യോഗസ്ഥർ   അങ്ങനെയെഴുതുവാൻ സ്വാധീനം ചെലുത്തിയതായും കുറിച്ചു വെച്ചിട്ടുണ്ട്.


ഇന്ത്യ വിഷന്റെ  ദൃശ്യ മാദ്ധ്യമത്തിൽ   അഭയാക്കൊലക്കേസിന്റെ നാർക്കോ അനാലിസിസിനെപ്പറ്റിയുള്ള സീഡിയിലെ  സാങ്കേതിക വിവരങ്ങൾ  വിശദമായി  വിക്ഷേപിച്ചിരുന്നു.  അഭയാ അടിച്ചു കൊല  ചെയ്യപ്പെടുകയായിരുന്നുവെന്ന്  നാർക്കോ സീഡിയിൽ പ്രതികളായ പുതുർക്കയും കോട്ടൂരും സെഫിയും വ്യക്തമാക്കുന്നുണ്ട്. അഭയായെ എന്തു സാധനം കൊണ്ടാണ് അടിച്ചുകൊന്നതെന്ന   ചോദ്യം ചോദിച്ചപ്പോൾ കോടാലി, ചുറ്റിക, കൂടം പോലുള്ള സാധനം കൊണ്ടെന്ന് പുതുർക്കയച്ചൻ  നാർക്കോ പരിശോധനയിൽ   ഉത്തരം പറയുന്നുണ്ട്. രണ്ടോ മൂന്നോ പേർ ഒന്നിച്ചാണ് അഭയായെ കിണറ്റിലിട്ടതെന്നും  പറയുന്നുമുണ്ട്. കേസുമായി ബന്ധപ്പെട്ട  ഇത്തരം കാര്യങ്ങൾ പുറത്തു വിടരുതെന്ന് ബിഷപ്പ് വാർത്താ ലേഖകരെ വിലക്കുന്നതും   പുതുർക്ക വെളിപ്പെടുത്തുന്നുണ്ട്.  ഇത്തരം ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽക്കൂടി പുറത്തു വിട്ടെങ്കിലും കോടതി അവർക്ക് പിന്നീട് വിലക്ക് കല്പ്പിച്ചിരുന്നു. ഇതിനായി സിസ്റ്റർ സെഫിയുടെ പരാതി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. നാർക്കോ പരിശോധന വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്തു വിടുന്നതിൽ സിസ്റ്റർ സെഫിയുടെ സ്വകാര്യത  മാനിച്ചാണ് കോടതി വിലക്ക് കല്പ്പിച്ചത്.  അതനുസരിച്ച് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് കോടതി  വിലക്കിയെങ്കിലും വാർത്തകൾ പുറത്തു വിടുന്നതിൽ വിലക്കൊന്നും കൽപ്പിച്ചില്ല. ഏതായാലും ഒരു കാര്യം തീർച്ച, അഭയായെ കൊല്ലാൻ ഈ മൂന്നു വ്യക്തികൾക്കും കാര്യമായ പങ്കുണ്ട് ; അത്  നാർക്കോ അനാലിസിസിലെ വിവരങ്ങളിൽ നിന്നും സുനിശ്ചിതമാവുകയും ചെയ്തു.
 

ദൃശ്യങ്ങൾക്ക് വിലക്കു കൽപ്പിച്ചെങ്കിലും അഭയാ കൊലക്കേസ് സംബന്ധിച്ച സുപ്രധാനമായ വിവരങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി മറച്ചുവെക്കാൻ അരമനയ്ക്ക് കഴിഞ്ഞില്ല. നാർക്കോ പരിശോധനയിൽ വ്യക്തമായി കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നതും ജോസ് പുതുർക്കയിൽ കൂടിയാണ്. കിണറ്റിൽ അഭയായെ തള്ളിയിട്ടശേഷം മതിലുചാടി പുറത്തു പോയിയെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമാക്കുന്നത്. സംഭവം നടന്ന ദിവസം കോട്ടൂരിനും പുതുർക്കയ്ക്കും  അടുക്കളയുടെ വാതിൽ തുറന്നു കൊടുത്തത് താനായിരുന്നുവെന്ന് സിസ്റ്റർ സെഫി പറയുന്നുണ്ട്. ഇവരെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും  വിളിക്കാറുണ്ടായിരുന്നെന്നും  സെഫി പറയുന്നു. പുതർക്കയും കോട്ടൂരുമായി ആത്മബന്ധത്തിനു പുറമേ ശാരീരിക ബന്ധങ്ങളുണ്ടായിരുന്നതായും അവരുടെ ശരീരത്തിൽ സ്പർശിച്ചിട്ടുള്ള കാര്യങ്ങളും സെഫി പറയുന്നുണ്ട്. മൂന്ന് പ്രതികളുടെയും ഉത്തരങ്ങൾ പരസ്പരം യോജിച്ചു പോവുന്നതും ചേർത്തു വെക്കാവുന്നതുമാണ്. ഇത്തരം പൊരുത്തങ്ങൾ സാധാരണ അപൂർവ്വമായേ സംഭവിക്കാറുള്ളൂവെന്നും നിയമ വിദക്തരും സീ ബി ഐ യിലെ പ്രമുഖരും സമ്മതിക്കുന്നുണ്ട്. “പുതിർക്കയും കോട്ടൂരും ഞാനും  ഒന്നിച്ചു നിൽക്കുമ്പോൾ  അഭയായെ ഇടനാഴികകളിൽക്കൂടി കണ്ടുവെന്നും" സെഫി പറയുന്നുണ്ട്. അഭയായുടെ തലയ്ക്കു മീതെ കോടാലികൊണ്ട്  അടിച്ചുകഴിഞ്ഞ് കിണറ്റിലിട്ടന്നാണ് സെഫിയും  പരിശോധനയിൽ പറയുന്നത്. ദൃശ്യങ്ങൾ പലതും എഡിറ്റ് ചെയ്താണ് പുറത്തുവിട്ടത്. അതുകൊണ്ട് അവ്യക്തതകളുമുണ്ട്. അസമയത്ത് രണ്ടു പുരോഹിതർ എന്തിനു വന്നുവെന്ന ഉത്തരങ്ങളും അതിൽ കാണാം. അതെല്ലാം എഡിറ്റു ചെയ്തതുമാകാം. നാർക്കോ അനാലിസിസ് വിവരങ്ങൾ പുറത്തുവിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോട്ടയം അതിരൂപത പ്രതികരിച്ചിരുന്നു. ഉന്നതരായ പലരും കുടുങ്ങുമെന്ന ഘട്ടം വന്നപ്പോഴായിരുന്നു നാർക്കോ സീഡികൾ  പുറത്തുവിട്ടത്. 



 
സത്യവും നീതിപൂർവ്വവുമായ ഒരന്വേഷണം സീ ബി ഐ നടത്തിയിരുന്നെങ്കിൽ അഭയാക്കേസ് കാലഹരണപ്പെടാതെ തെളിയുമായിരുന്നുവെന്നു കോടതി കുറ്റപ്പെടുത്തി. അജ്ഞേയമായ ഏതോ ശക്തി അഭയാക്കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണ കമ്മീഷനെ ഇക്കാലമത്രയും സ്വാധീനിച്ചിരുന്നുവെന്നും കോടതിയുടെ കണ്ടെത്തുലുകളിലുണ്ട്. കേരളത്തിലെ പ്രസിദ്ധനായ ഒരു നേതാവ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനെ സ്വാധീനിച്ചതായും അതുവഴി അഭയാകേസ് ഇല്ലാതാക്കാൻ ശ്രമിച്ചതായും പുറത്തുവന്നിട്ടുണ്ട്. കത്തോലിക്കാ അല്മായകമ്മീഷനുകളുംപ്രമുഖരായ അല്മായനേതാക്കളും അന്വേഷണകമ്മീഷനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. കൂടെ കൂടെയുള്ള സ്വാധീനവും ചില കേന്ദ്രങ്ങളിൽനിന്നുള്ള പണത്തിന്റെ ഒഴുക്കും കാരണം കേസ് തെളിയിക്കുന്നതിനുള്ള പല മാർഗങ്ങളും ഇല്ലാതാവുകയും ചെയ്തു.

  

 
2009 ഡിസംബർ ഇരുപത്തിയൊമ്പതാം തിയതി സി.ബി.ഐ,. എറണാകുളത്തുള്ള  നീതിന്യായ മജിസ്ട്രേറ്റു   കോടതിയിൽ  ഹാജരാക്കിയ പത്രികയിൽ ഇങ്ങനെ കാണുന്നു, "നാർക്കോ അനാലിസീസ് വിവരങ്ങളനുസരിച്ച് 1992 മാർച്ച് ഇരുപത്തിയേഴാം തിയതി സുപ്രഭാതത്തിൽ അഭയാ എഴുന്നേല്ക്കുകയും ഹോസ്റൽ വക അടുക്കളയിലുള്ള  റഫറിജറേറ്ററിൽനിന്നും വെളളം കുടിക്കാനെത്തുകയും ചെയ്തു.  പുറകിൽനിന്ന് സെഫി മൂന്നു പ്രാവിശ്യം അഭയായുടെ തലക്കിട്ടടിച്ചു. അഭയാ ഉടൻ അബോധാവസ്ഥയിലാവുകയും ചെയ്തു.  മരിച്ചുവെന്നു കരുതി കോട്ടൂരും   പുതിർക്കയും സെഫിയുമൊത്ത് അഭയായുടെ ശരീരം  അടുക്കളയിൽനിന്നും പുറത്തെടുത്ത് കെട്ടിടത്തിനു വെളിയിലുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞു."   എന്നാൽ 2009 ജനുവരി ഒന്നാം തിയതി 'ജഡ്ജി ഹേമാ' നാർക്കോ റിപ്പോർട്ടിന് പരിഗണന നല്കാതെ  സീ.ബി.ഐ യുടെ   ഡയറിയിൽ മാത്രം എഴുതിയിരിക്കുന്ന വസ്തുതകളെ ആധാരമാക്കി പ്രതികൾക്ക് ജാമ്യം നല്കുകയാണുണ്ടായത്. നാർക്കോ അനാലിസിസിനെ തെളിവുകളായി എടുക്കാൻ കോടതിക്ക് കഴിഞ്ഞില്ല. സീ.ബി.ഐ യുടെ ഡയറിയിൽ മറ്റൊരിടത്തുള്ളത് "അഭയാ രാവിലെ ഉണർന്നെഴുന്നേറ്റു അടുക്കളയിൽ വന്ന സമയം കോട്ടൂരും   പുതുർക്കയും പരസ്പരം  ഒരേ സമയം  സെഫിയെ   ലൈംഗികമായി പങ്കിടുകയായിരുന്നു"വെന്നാണ്.  അഭയായെ കണ്ട്  വിവശയായ  സെഫി വിറകുകൊള്ളികൊണ്ട് അഭയായുടെ തലക്കിട്ടടിച്ചുവെന്നും  സി.ബി.ഐ. രേഖപ്പെടുത്തിയിരിക്കുന്നു. 

 
അഭയാ എന്ന മാലാഖ നിത്യ നിദ്രയിലായിട്ട്  ഇരുപത്തിരണ്ട് വർഷങ്ങൾ കടന്നുപോയിരിക്കുന്നു.  കേസിലുടനീളം കൊല നടത്തിയവരെ നീതിപീഠത്തിൽ കൊണ്ടുവരുകയായിരുന്നില്ല  മറിച്ച്  കുറ്റവാളികളെ എങ്ങനെ രക്ഷപ്പെടുത്തണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്‌ഷ്യം.  അതിനായുള്ള ശ്രമങ്ങളും അവർ നടത്തി. വിജയിക്കുകയും ചെയ്തു.  ജീവിച്ചിരിക്കുന്ന അവളുടെ മാതാപിതാക്കളുടെ അശാന്തി ഇന്നും കെട്ടണഞ്ഞിട്ടില്ല. പരിഹാസമായ അന്വേഷണമല്ലാതെ   നാളിതുവരെ ഉത്തരം കണ്ടെത്തിയിട്ടുമില്ല.  അഭയായെന്ന അറിയപ്പെടാത്ത കൊടുങ്കാറ്റിൽ ഗ്രഹിക്കാൻ സാധിക്കാതെ  സത്യം എവിടെയോ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ട്. തെളിവുകൾ വിദക്തമായി  നശിപ്പിച്ചതുമൂലം സത്യം എവിടെയെന്ന് അന്വേഷിക്കാനും കണ്ടെത്താനും സാധിക്കുന്നില്ല. സാക്ഷിയായിരുന്ന അന്നത്തെ ഹോസ്റ്റൽ നടത്തിപ്പുകാരി കന്യാസ്ത്രിയെ ഇറ്റലിയിലെവിടെയോ സഭയൊളിപ്പിച്ചിരിക്കുകയാണ്. അവരെവിടെയുണ്ടെന്ന് നാളിതുവരെയായി ആർക്കും അറിയില്ല. നൂറുനൂറായിരം സ്ഥാപനങ്ങളുള്ള സഭയുടെ ഒളിത്താവളങ്ങൾ  കണ്ടുപിടിക്കാൻ നീതിന്യായ നിയമപാലകർക്കു സാധിക്കുകയുമില്ല.നീതിയുടെ വിതരണത്തിൽ പാവം അഭയായ്ക്ക് നീതി ലഭിച്ചില്ല.  ഹീനമായി തെളിവുകൾ നശിപ്പിച്ചവരുടെ ചെളിക്കുണ്ടിൽ അവളുടെ നീതി ഒളിഞ്ഞിരിക്കുന്നു.

 Malayalam Daily News: http://www.malayalamdailynews.com/?p=91339


Monday, May 19, 2014

മോഡി സുനാമിയും മോഡിമോഡൽ ധനതത്ത്വ ശാസ്ത്രവും


By ജോസഫ് പടന്നമാക്കൽ 




പതിനാലാം ലോകസഭാതിരഞ്ഞെടുപ്പിലെ   ബി.ജെ.പി. യുടെ   വൻവിജയം  ഇന്ത്യയുടെ രാഷ്ട്രീയവേലിയേറ്റ   ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായിരുന്നു. ആ പോരാട്ടത്തിൽ എന്നും ശക്തി തെളിയിച്ചിരുന്ന കോണ്ഗ്രറസിലെ വമ്പന്മാർ പലരും നിലംപതിച്ചു. ജനങ്ങളുടെ വിധിയിൽക്കൂടി  സംഭവിച്ച   ഒരു ഡൈനാസ്റ്റിയുടെ ഭരണകൈമാറ്റം  ഇത്തവണത്തെ   തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു.   ചരിത്ര വിജയമായ ഈ തിരഞ്ഞെടുപ്പിൽ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം നരേന്ദ്ര  മോഡിയെ അഭിനന്ദിച്ചു. ഒബാമ അദ്ദേഹത്തെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുമായി പരസ്പര ധാരണയില്ക്കൂടി    ആഗോള പങ്കാളിത്തബന്ധം സ്ഥാപിക്കാനും മോഡിയെ അഭിനന്ദിച്ചുകൊണ്ട്  അമേരിക്കൻ പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിച്ചു.


2063 ദിവസം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡി എന്തുകൊണ്ടും മറ്റേതു നേതാക്കന്മാരേക്കാളും രാജ്യം ഭരിക്കാൻ യോഗ്യൻ തന്നെയാണ്. മോഡി പറയും, "നിങ്ങൾക്കെന്നെ സ്നേഹിക്കാം, വെറുക്കാം ; പക്ഷെ ഇനിമേൽ തഴയാൻ സാധിക്കില്ല". ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യണമെന്ന ചിന്തകളുമായി മാത്രം നടക്കുന്ന ഒരു ജോലി ഭ്രാന്തനാണദ്ദേഹം. വർക്ക്ഹോളിക്ക് (Workaholic) എന്ന് ഇംഗ്ലീഷിൽ പറയും. നാല് മണിക്കൂറാണ് ദിവസത്തിൽ ഉറങ്ങുന്നത്. കഴിഞ്ഞ ആറുവർഷമായി തന്റെ ഓഫീസില്നിന്നും ഒരു ദിവസംപോലും അവധിയെടുത്തില്ലെന്ന സത്യവും വിസ്മയമായി തോന്നാം.  ഇനിയുള്ള നാളുകളിൽ നാം കാണുക മോഡിയുടെ ഇന്ത്യയെയാണ്. വരും നാളുകളിൽ മോഡിയുടെ സ്വപ്നം ഇന്ത്യയുടെ സ്വപ്നമായി മാറുന്ന ചരിത്ര മുഹൂർത്തങ്ങളായിരിക്കുമെന്നും കരുതാം.


നരേന്ദ്രമോഡിയെപ്പോലെ  എന്തുകൊണ്ടും ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ നേതൃത്വത്തിനുള്ള എല്ലാ ഗുണങ്ങളും തികഞ്ഞ മറ്റൊരു നേതാവിനെ കണ്ടെത്തുക പ്രയാസമാണ്.  ഇന്ത്യാ നയിക്കുവാൻ കരുത്തനായ നേതാവ് മോഡിയെന്നതിലും സംശയമില്ല. ഭരിക്കാൻ വേണ്ട എല്ലാ ഗവേഷണങ്ങളും ഗുജറാത്തിൽ പരീക്ഷിച്ചശേഷമാണ് അദ്ദേഹം ഇന്ത്യയുടെ അമരക്കാരനായി തലപ്പത്ത് വന്നത്. അമേരിക്കയുടെ സി.ആർ.എസ് (Congressional Research Service) റിപ്പോർട്ടനുസരിച്ച് മോഡിയുടെ നേതൃത്വത്തിലുള്ള  ഗുജറാത്തിനെ   'അനുകരിക്കേണ്ട  ഭരണകൂടമെന്നും' വിശേഷിപ്പിച്ചിട്ടുണ്ട്.   ഇന്ന് ഇന്ത്യയിൽ മാറ്റങ്ങൾക്കായി വാഗ്ദാനം ചെയ്യാൻ കഴിവുള്ള നേതാവ് മോഡി മാത്രമാണ്.   ഒരു രാഷ്ട്രത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ പ്രായോഗിക വശങ്ങളും അദ്ദേഹം ശരിയായി പഠിച്ചിട്ടുണ്ട്.   മോഡിയുടെ ഭാവിഭാരതം ഏതാനും വർഷങ്ങൾക്കുള്ളിൽ വ്യവസായവൽക്കരണം നേടിയ വ്യതസ്ത രാഷ്ട്രമായിരിക്കുമെന്നും വിദക്തർ അഭിപ്രായപ്പെടുന്നു.   “നികുതി കൊടുക്കുന്നവന്റെ പണം പാഴാക്കി കളയുന്നതല്ല രാഷ്ട്രീയം. അനാവശ്യ പാഴ്ചെലവുകൾ ഇല്ലാതാക്കുമ്പോഴാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അവബോധമുളവാകുന്നതെന്ന്"  രാഷ്ട്രീയ പ്രതിയോഗികളെ മോഡി  മിക്കപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.  ഗുജറാത്തല്ല ഇന്ത്യയെന്ന് പ്രതീക്ഷകൾ ഇല്ലാത്തവർ പറയും. ഗുജറാത്ത് മോഡലും ഭാരത മോഡലും പരസ്പര വിരുദ്ധമല്ല. മോഡിയുടെ  ഗുജറാത്തിൽ പുതിയ തന്ത്രങ്ങളിൽക്കൂടിയുള്ള സാമ്പത്തിക പരീക്ഷണങ്ങൾ അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്.


അമ്മ ജീവിച്ചിരിക്കെ ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും  മോഡിക്ക്  ഭാഗ്യം ലഭിച്ചു.  മോഡിയെന്ന നേതാവ്   രാഹൂലിനെപ്പോലെ വാരുണ്യവർഗത്തിൽ    ജനിച്ചുവളർന്ന വ്യക്തിപ്രഭാവമായിരുന്നില്ല.  ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവിൽ ജനങ്ങളുടെ ബാലറ്റുപ്പെട്ടികളിൽക്കൂടി ഭാരതസിംഹാസനം പിടിച്ചെടുത്തതും ഒരു സാഹസികതയുടെ വിജയമായിരുന്നു. രാഹൂലിനെപ്പോലെ കൊട്ടാരതുല്യമായ വീടുകളിൽ വളർന്ന് വെള്ളിക്കരണ്ടിയുമായ ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല.  1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ വഡ്നാഗറിൽ ഒരു ചെറുകച്ചവടക്കാരന്റെ മകനായി ജനിച്ചു. അദ്ദേഹം ദാമോദരദാസ് മുല്ച്ചന്ദ് മോഡിയുടെയും ശ്രീമതി ഹീരാ ബെന്റെയും ആറു മക്കളിൽ മൂന്നാമനായിരുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായി എളിമയും വിനയവും ദൈവഭക്തിയുമുള്ള ഒരു കുടുംബത്തിൽ   വളർന്നു.  ബാല്യകാലത്തിൽ അന്നന്നത്തെ അപ്പത്തിനായി   റെയിൽവേ  ട്രാക്കിൽക്കൂടി ചായവിറ്റ്  മാതാപിതാക്കളടങ്ങിയ സ്വന്തം കുടുംബത്തെയും സംരക്ഷിച്ചിരുന്നു.  താഴെക്കിടയിലുള്ള ഒരു സമൂഹത്തിൽ ബാല്യകാലം കഴിച്ചുകൂട്ടി. നന്നേ ചെറുപ്പത്തിൽ ബാലവേല ചെയ്തുകൊണ്ട് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി സ്കൂൾ വിദ്യാഭ്യാസം നടത്തിയിരുന്നു. പത്താം വയസ്സിൽ സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ 'രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ' മീറ്റിങ്ങുകളിൽ പങ്കു ചേരുമായിരുന്നു.  തുടർച്ചയായ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മോഡിയുടെ മൂന്നു വിജയങ്ങളും ഗുജറാത്തിന്റെ സാമ്പത്തിക നേട്ടങ്ങളും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തോളം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു.      


വിവേകമുള്ളവൻ മോഡിയുടെ ജീവിതവഴികളെ അനുഗമിച്ച് അദ്ദേഹത്തിൽ ഒരു ആദർശപുരുഷനെ കണ്ടുപിടിക്കും.  ഗുജറാത്തിന്റെ നീണ്ടകാല മുഖ്യമന്ത്രിയെന്ന നിലയിൽ അധികാരത്തിന്റെ സുവർണ്ണകലകളിൽ  നല്ലവണ്ണം  പ്രാവിണ്യം നേടിയിട്ടുണ്ട്.  ഒരു നേതാവിനുവേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിൽ സമ്പുഷ്ടമായുണ്ട്. അതിനായി രാവുംപകലും ഒന്നുപോലെ   കടന്നുവന്ന വഴികളിൽക്കൂടി കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തു.  പ്രധാനമന്ത്രിപദത്തിന്റെ പടിവാതിക്കലെത്താൻ നരേന്ദ്ര മോഡി നീണ്ടയൊരു യാത്ര നടത്തേണ്ടി വന്നു.  ഒരു പൈസാ പോലും പാർട്ടിഫണ്ടിൽനിന്നോ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നോ സ്വന്തം പോക്കറ്റിൽ ഇട്ടിട്ടില്ല.


ഭാരതത്തിനു  വെളിയിലുള്ള രാജ്യങ്ങളിൽ മോഡിയുടെ നയങ്ങളേയും വ്യക്തിത്വത്തെപ്പറ്റിയും  വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്.  തിരഞ്ഞെടുപ്പു  വേളകളിൽ അദ്ദേഹം വിദേശനയങ്ങളെപ്പറ്റി അധികമൊന്നും സംസാരിച്ചില്ല.  ഇന്ത്യയിലെ വോട്ടർമാർ സാധാരണ ഗതിയിൽ  അത്തരം കാര്യങ്ങൾ കാര്യമായി ഗൌനിക്കാറുമില്ല. എന്നാൽ പാരമ്പര്യമായി ബി.ജെ.പി. യെന്നും  കോണ്ഗ്രസിനേക്കാൾ പാകിസ്ഥാന്റെയും കാശ്മീരിന്റെയും  പ്രശ്നങ്ങൾ  വരുമ്പോൾ ശക്തമായ നിലപാടാണ് എടുക്കാറുള്ളത്. വിദേശ മൂലധനം രാജ്യത്ത് സ്വരൂപിക്കാനും 'മോഡിയെക്ണോമിക്സ്' ശ്രമിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. തിരഞ്ഞെടുപ്പു വേളകളിലും ഇക്കാര്യം അദ്ദേഹം ഊന്നിപ്പറയാറുണ്ടായിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫ് അദ്ദേഹത്തെ അഭിനന്ദിക്കുകയും   ഹാർദ്ദമായി ആ രാജ്യം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. പുതിയ ഭരണസംവിധാനത്തിൽ   രണ്ട് ന്യൂക്ലീയർ രാജ്യങ്ങൾ തമ്മിൽ  വിദ്വേഷം മറന്ന് പരസ്പരം  വിട്ടുവീഴ്ച്ചകളിൽക്കൂടി സമാധാനം  സൃഷ്ടിക്കുമെന്നും പ്രതീക്ഷകൾ നല്കുന്നു.       


ബുഷിന്റെ കാലംമുതൽ അമേരിക്കയിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ മോഡിയിലെന്നും കുറ്റാരോപണങ്ങൾ നടത്തിയിട്ടേയുള്ളൂ.  അമേരിക്കാ  സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്ന കാലങ്ങളിലെല്ലാം അതാതുകാലത്തെ  സർക്കാരുകൾ അദ്ദേഹത്തിനെന്നും വിസാ നിഷേധിക്കുകയാണുണ്ടായത്. ഗുജറാത്ത് കൂട്ടമരണങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്വം മോഡിയിൽ പഴിചാരാൻ  എതിരാളികളെന്നും  ശ്രമിക്കുമായിരുന്നു. ഒരു മുസ്ലിം വിരോധിയെന്ന കാഴ്ച്ചപ്പാടുണ്ടാക്കാനും ലോകം മുഴുവനുള്ള മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരുന്നു. സുപ്രീംകോടതി ഇന്ത്യയിലെ പ്രമുഖരായ നിയമജ്ഞരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയുണ്ടാക്കി  ഗുജറാത്തിലെ  കൂട്ടക്കൊലകളെപ്പറ്റി ഒരു അന്വേഷണം നടത്തിയിരുന്നു. മോഡിയുടെ പേരിലുള്ള  ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും കൂട്ടക്കൊലയിൽ മോഡിക്ക് യാതൊരു പങ്കില്ലെന്നും അന്വേഷണ കമ്മിറ്റി കണ്ടെത്തിയിട്ടും എതിരാളികളുടെ നാവടയ്ക്കുവാൻ സാധിച്ചില്ല.


വിദേശനയങ്ങളെക്കാളും ദേശീയമായ കാഴ്ചപ്പാടുകൾക്കാണ് കൂടുതലും നരേന്ദ്ര മോഡി   പ്രാധാന്യം കൊടുത്തിരിക്കുന്നത്. 2000 മുതൽ 2010 വരെയുള്ള കാലയളവുകൾ നോക്കുകയാണെങ്കിലും ശരാശരി ഇന്ത്യയുടെ ദേശീയ വരുമാനം ഒരോ വർഷവും  9 ശതമാനം വെച്ച് കൂടുന്നുണ്ടായിരുന്നു.   ജനസംഖ്യാ നിരക്ക് വർദ്ധിക്കുന്നതോടൊപ്പം  ഈ കാലയളവുകളിൽ ജനങ്ങളുടെ ആളോഹരി വരുമാനവും  ഇരട്ടിച്ചതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 2013 ആയപ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴോട്ടാവുകയും വിലപ്പെരുപ്പം വർദ്ധിക്കുകയും ചെയ്തു. ആഗോള മാക്രോ ഇക്കണോമിക്സ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയേയും ബാധിച്ചുവെന്നതാണ് സത്യം. പ്രതിപക്ഷങ്ങൾ അതിൽ മുതലെടുക്കുകയും ചെയ്തു. മോഡിയുടെ വൻ വിജയത്തിനും ഇതൊരു കാരണമായി നിരീക്ഷകർ വിലയിരുത്തുന്നു. എന്നിരുന്നാലും   ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞുപോയത് സാമ്പത്തികനേട്ടങ്ങളുടെ അത്ഭുതപരമ്പരകൾ  സൃഷ്ടിച്ച കാലങ്ങളായിരുന്നു . എന്നാൽ 2013-14 കാലങ്ങളിൽ ദേശീയ വളർച്ച 5 ശതമാനമായി ചുരുങ്ങി. തിരഞ്ഞെടുപ്പു  വേളകളിൽ രാഷ്ട്രത്തിന്റെ സാമ്പത്തിക ആന്തരികഘടകങ്ങൾക്ക് സമൂലം മാറ്റം വരുത്തുമെന്നും മോഡിയുടെ വാഗ്ദാനങ്ങളിൽ ഉണ്ടായിരുന്നു. മോഡിതരംഗങ്ങളുടെ  ശുഭാബ്ദിവേളയിൽ  അന്നേ ദിവസം ഇന്ത്യയിൽ ഓഹരികളുടെ വില വർദ്ധിക്കുകയും ചെയ്തു.     


മോഡിയുടെ ഉദാരവല്ക്കരണ സാമ്പത്തികശാസ്ത്രം ഭാരതവും ലോകം മുഴുവനും ഇന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ നടപ്പാക്കിയപോലെ 'മോഡിസാമ്പത്തികം' ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് വെല്ലുവിളികളായിരിക്കും. മോഡിയുടെ അജണ്ടാകൾ നടപ്പിലാക്കാൻ ഏകപാർട്ടി ഭരണസംവിധാനം കഴിഞ്ഞ 30 വർഷങ്ങൾകൂടി ഭാരതത്തിൽ നിലവിൽവന്നതും ആശ്വാസകരമാണ്. കുത്തഴിഞ്ഞ കഴിഞ്ഞകാല ഭരണസംവിധാനങ്ങളെ ഇല്ലാതാക്കി മോഡിയെന്നും  പുത്തനായ മാറ്റങ്ങൾക്കായി ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു.


സത്യവും നീതിയുമുള്ള അഴിമതിരഹിതനായ രാഷ്ട്രീയക്കാരനാണ് മോഡിയെങ്കിലും അദ്ദേഹത്തിൻറെ കർമ്മരംഗങ്ങളിൽ വിമർശകർ ധാരാളമുണ്ട്. എന്നിരുന്നാലും ശതൃക്കൾപോലും അദ്ദേഹം നല്ലൊരു ഭരണാധികാരിയെന്ന് സമ്മതിക്കും.  ജോലികാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുന്ന വലിയ കർശനക്കാരനാണ്.   സദാ ഭയത്തോടെയാണ് കൂടെയുള്ളവർ ജോലി ചെയ്യുന്നത്. ഇങ്ങനെയുള്ള വ്യക്തിഗുണങ്ങളിലും അദ്ദേഹം ചുറ്റുമുള്ള എല്ലാ ജനങ്ങൾക്കും സുസമ്മതനാണ്. വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ കഠിനാധ്വാനി വൈകാരികമായ ജനസമ്പർക്ക പരിപാടികളിൽ എന്നും പുറകോട്ടായിരുന്നു. പകരം 2001 മുതൽ ഗുജറാത്തിനു വന്നിരിക്കുന്ന നേട്ടങ്ങളാണ് അദ്ദേഹത്തിന് കൂടുതലായും പറയാനുള്ളത്. ഏതാണ്ട് 60 മില്ല്യൻ ജനങ്ങളുള്ള ഗുജറാത്ത് സംസ്ഥാനം ചൈനയോടൊപ്പംതന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകത്തക്കവണ്ണം. പുരോഗമിച്ചിട്ടുണ്ട്. 


'ഗുജറാത്ത് മോഡൽ' എന്ന  മോഡിപദംകൊണ്ടുദ്ദേശിക്കുന്നത് രാജ്യത്തിനുള്ളിലെ ഉപഭോഗവസ്തുക്കളുടെ ആന്തരിക ധനതത്ത്വശാസ്ത്ര പുരോഗതിയെന്നാണ്. നാഗരികത പടുത്തുയർത്തുക, അധികാര വികേന്ദ്രീകരണം നടത്തി ചുവപ്പുനാടകളെ ഇല്ലാതാക്കുക, ആഗോള വ്യവസാവൽക്കരണത്തിൽ രാജ്യത്തെ പ്രമുഖ ഗണങ്ങളിലെത്തിക്കുക മുതലായവകൾ രാഷ്ട്രപുഷ്ടിയുടെ ഘടകങ്ങളാണ്.  മോഡിയുടെ പാർട്ടി തിരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം നേടിയയുടൻ ഇന്ത്യൻസ്റ്റോക്കുകൾ പതിനെട്ടു ശതമാനമുയർന്നതും മോഡിയിൽ ഇന്ത്യയുടെ സ്വപ്നങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളാണ് സ്പുരിക്കുന്നത്.   ഇന്ത്യയുടെ വ്യവസായ രാജാവായ ടാറ്റായുടെ  കാർനിർമ്മാണ ഫാക്ടറി ഗുജറാത്തിൽ മാറ്റപ്പെട്ടതും മോഡിയുടെ ഇടപെടൽ കാരണമായിരുന്നു.        


'ഗുജറാത്ത് മോഡ'ലെന്നത് പൊലിപ്പിച്ചു പറയുന്നതെന്നും അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രതിയോഗികൾ വിമർശിക്കാറുണ്ട്. ഗുജറാത്തിലെ സാമ്പത്തിക പുരോഗതിയിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചതും ചൂണ്ടികാണിക്കുന്നു.  സാധാരണക്കാരുടെ നിലവാരങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലന്നും പറയുന്നു.  സാമ്പത്തിക സുരഷിതത്വം നേടിയവർക്കുമാത്രം വിദ്യാഭ്യാസത്തിലും വ്യവസായ സംരംഭങ്ങളിലും പുരോഗതിയുണ്ടായി. ദരിദ്രർ വീണ്ടും ദരിദ്രരായ സ്ഥിതിവിശേഷമാണ് മോഡി ധനതത്ത്വശാസ്ത്രത്തിൽ ഇന്നുമവിടെ പ്രതിഫലിക്കുന്നത്.  മോഡിയുടെ വിദേശകോർപ്പറേറ്റ് പദ്ധതികൾ സ്വദേശവല്ക്കരണ സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുന്നതുമൂലം രാജ്യത്തിനുള്ളിൽ വ്യവസായ അസമത്വങ്ങളും അസ്വസ്ഥതകളും അസമാധാനവും സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ പ്രതിയോഗികൾ ആരോപിക്കുന്നു. മോഡിയുടെ പദ്ധതികളിൽ ശുഭാപ്തി വിശ്വാസം കാണാതെ വലിയൊരു ജനം അതൃപ്തരായിരിക്കും.  വ്യവസായസ്ഥാപനങ്ങൾക്ക് സ്ഥലം വിട്ടുകൊടുക്കാൻ ജനം സമ്മതിച്ചെന്നിരിക്കില്ല.   അവിടെ സാമൂഹിക അരാജകത്വവും ഉണ്ടാകാം.  ഭാരതം മുഴുവൻ വ്യവസായവൽക്കരിക്കുന്നത് പ്രയാസമുള്ള വിഷയമല്ലെന്ന്  മോഡിയും  കരുതുന്നു. 


തീരുമാനങ്ങളെടുക്കുന്നതിൽ മോഡി പലപ്പോഴും ഏകാധിപതിയെപ്പോലെയാണ്.  ആരും ചോദ്യം ചെയ്യപ്പെടാത്ത ചൈനാമോഡൽ തീരുമാനങ്ങൾ അദ്ദേഹം എടുക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങളെ ബലികഴിക്കേണ്ടിയും വരുന്നു.  ഓഫീസുകളിലെ ചുവപ്പുനാടകളോട് അദ്ദേഹം പറയും " ഇവിടം ബട്ടനമർത്തി ജോലി ചെയ്യുന്നവിടമല്ല, ജനങ്ങളുമായി ഒത്തൊരുമിച്ച് ജോലി ചെയ്യൂ"  ഇത്തരം ചിന്തകൾ പ്രധാന മന്ത്രിയെന്ന നിലയിൽ നടപ്പാക്കുക എളുപ്പമായിരിക്കില്ല. ആ സ്ഥാനം വഹിക്കുമ്പോൾ ആയിരക്കണക്കിന് ജനങ്ങളുടെ നൂറായിരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. മോഡിയുടെ പദ്ധതികൾപോലെ ജനാധിപത്യ ഇന്ത്യയെ ചൈനയെപ്പോലെ മാറ്റം വരുത്തുകയെന്നത് അപ്രായോഗികമാണ്. അങ്ങനെയുള്ള ചിന്താഗതികൾ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്ക് സമമാകും.   


നരേന്ദ്ര മോഡി ഇന്ത്യയെ ശാക്തികചേരിയിലുള്ള രാഷ്ട്രങ്ങളിൽ മുമ്പനായി മാറ്റാനുള്ള സ്വപ്നത്തിലാണ്. ഉത്ഭാതനത്തിലും ശാസ്ത്ര സാങ്കേതിക വിദ്യകളിലും ഇന്ത്യ സ്വയംപര്യാപ്തി നേടണമെന്നും ആഗ്രഹിക്കുന്നു. ഭരണ സംവിധാനങ്ങളിൽ ലക്ഷ്യബോധത്തോടെയുള്ള യാത്രയായിരുന്നു എന്നുമദ്ദേഹം പിന്തുടർന്നിരുന്നത്. നൂറുകണക്കിന് ഇന്ത്യയിലെ പട്ടണങ്ങൾ നവീകരിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഗംഗാനദിയിലെ അഴുക്കുചാലുകൾ ഇല്ലാതാക്കി വെള്ളം ശുദ്ധീകരിക്കാനും പ്രകൃതിയെ രക്ഷിക്കാനും പരിപാടിയിടുന്നു. ഗുജറാത്തിലെ അദ്ദേഹത്തിന്റെ ഭരണം പൊതുവേ  അഴിമതിരഹിതമെന്ന് കണക്കാക്കുന്നു. അതേ നയം തന്നെ ഇന്ത്യാ മുഴുവനായി നടപ്പിലാക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.


മോഡിയിൽ പ്രതീക്ഷകളേറെയുണ്ടെങ്കിലും വ്യക്തിപരമായ നിലയിൽ അദ്ദേഹത്തിൻറെ പുരോഗമനാശയങ്ങൾക്കെതിരെ കാർമേഘങ്ങളും പടർന്നിട്ടുണ്ട്.  ഹിന്ദുത്വാ പ്രചരിപ്പിക്കുന്ന ഹിന്ദുദേശീയവാദിയെന്ന നിലയിൽ  അദ്ദേഹത്തെ അറിയപ്പെടുന്നു. 2002 ലെ മുസ്ലീം കൂട്ടകൊലകളിലെ മാനഹാനി ഇന്നും അദ്ദേഹത്തിൽ പഴിചാരുന്നുണ്ട്. സുപ്രീം കോടതി,  കേസുകളിൽനിന്ന് വിമുക്തനാക്കിയെങ്കിലും അതെ ചൊല്ലിയുള്ള ചോദ്യശരങ്ങൾക്ക് വ്യക്തമായ ഉത്തരം നല്കാതെ  അദ്ദേഹമെന്നും നിശബ്ദത പാലിക്കുന്നതും രാഷ്ട്രീയ പ്രതിയോഗികൾ മുതലെടുത്തിരുന്നു. 


എന്തെല്ലാം കുറവുകളുണ്ടെങ്കിലും നരേന്ദ്ര മോഡി നല്ലയൊരു ഭരണാധികാരിയെന്ന് പ്രതിയോഗികൾപോലും പറയും. ഇന്ന് ഗുജറാത്തിൽ മാത്രമല്ല ഭാരതം മുഴുവനും അദ്ദേഹത്തെ ജനം ആദരിക്കുന്നു. മൂന്നു പ്രാവിശ്യം ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേര നിലനിർത്തിക്കൊണ്ട് ഏകനായ പടയാളിയെപ്പോലെ അദ്ദേഹം പൊരുതി. ഗുജറാത്തിലെ 'രാജീവ് ഗാന്ധി ഫൗണ്ടേഷൻ' ഗവേഷണമനുസരിച്ച് മോഡിയുടെ ഗുജറാത്തിനെ സാമ്പത്തിക മേഖലയിലുള്ള ഏറ്റവും  അഭിവൃത്തി പ്രാപിച്ച സംസ്ഥാനമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.  ലോകസഭയിൽ ഒറ്റയ്ക്ക് ഭരിക്കാനും ഭൂരിപക്ഷമുള്ളതുകൊണ്ട്  ശക്തമായ തീരുമാനങ്ങളെടുക്കാനും പ്രയാസമുണ്ടാവില്ല.   ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിക്കുമ്പോൾ  പ്രധാനമന്ത്രിയെന്ന നിലയിൽ വിഭാഗിയ മതചിന്തകൾ കടന്നുവരാനും സാധ്യതയില്ല.  മതരാഷ്ട്രീയത്തിലും മതന്യൂനപക്ഷ രാഷ്ട്രീയത്തിലും ഉപരിയായിമാത്രമേ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇനിമേൽ ചിന്തിക്കാൻ സാധിക്കുകയുള്ളൂ.

 




 

 





മോഡിയും അമ്മയും

 

Friday, May 9, 2014

മദ്ധ്യകേരള മഹായിടവക ബിഷപ്പ് തോമസ്‌ കെ ഉമ്മനും സി.എസ.ഐ. യുടെ ചരിത്രവും, അവലോകനം

By ജോസഫ്‌ പടന്നമാക്കൽ


റവ. ബിഷപ്പ് തോമസ്‌ കെ ഉമ്മൻ 1953 നവംബർ, ഇരുപത്തിയൊമ്പതാം തിയതി ആലപ്പുഴ ജില്ലയിലുള്ള തലവടിയിൽ പരേതരായ കെ.സി.ഉമ്മന്റെയും മറിയാമ്മയുടെയും മകനായി ഒരു കൃഷി കുടുംബത്തിൽ ജനിച്ചു. തലവടിയിൽ  ഇദ്ദേഹത്തിന്റെ കുടുംബം തലമുറകളായി  കാഞ്ഞിരപ്പള്ളിയെന്ന വീട്ടുപേരിൽ അറിയപ്പെടുന്നു. തലവടിക്കരയിലുള്ള നൂറുകണക്കിന് കാഞ്ഞിരപ്പള്ളി കുടുംബങ്ങളിൽ  കത്തോലിക്കാ, യാക്കൊബാ, ഓർത്തോഡോക്സ്, സി.എസ.ഐ. എന്നിങ്ങനെ എല്ലാ സഭാ വിഭാഗക്കാരെയും കാണാം.


പൂർവികരെ തേടിയുള്ള വംശാവലി ചരിത്രങ്ങൾ  ബിബ്ലിക്കൽക്കാലം മുതലുണ്ട്. പുതിയനിയമത്തിൽ  ദാവീദിന്റെ ഗോത്രങ്ങൾമുതൽ യേശുവിന്റെ വംശാവലിവരെ വിവരിച്ചിട്ടുണ്ട്. ബിഷപ്പ് തോമസ്‌ ഉമ്മന്റെയും വംശാവലിയെ സംബന്ധിച്ച വിവരങ്ങൾ  ചുരുക്കമായി വിവരിക്കാം. കാരണം, പൂർവിക തലമുറകളെ തേടി അദ്ദേഹവും കുടുംബചരിത്രം രചിച്ചും കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടിയും
നാടുമുഴുവൻ സഞ്ചരിച്ചതായി അറിയാം.



തലവടിയിലുള്ള 'കാഞ്ഞിരപ്പള്ളി കുടുംബം' നിലയ്ക്കൽ നിന്നും കോട്ടയം ജില്ലയിലുള്ള കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയ പൂർവിക കുടുംബങ്ങളിൽനിന്ന് പതിനഞ്ചാം നൂറ്റാണ്ടിൽ പിരിഞ്ഞുപോയവരാണ്.  പൂർവ്വകുടുംബത്തെപ്പറ്റി ഏകദേശം 200 കൊല്ലം മുമ്പ് തമിഴിന്റെ ഒരു ഉപഭാഷയായ നാനംമോനത്തിൽ,  താളിയോല ഗ്രന്ഥത്തിൽ രചിച്ചത് ശ്രീ പങ്കപ്പാട്ട് തങ്കപ്പൻപിള്ള തർജ്ജമ ചെയ്യുകയുണ്ടായി. 1913-ൽ നസ്രാണി ദീപികയിൽ അത് പ്രസിദ്ധീകരിക്കുകയും പിന്നീട് പരേതനായ കാഞ്ഞിരപ്പള്ളി കല്ലറക്കൽ കുരുവിള വർക്കി കാഞ്ഞിരപ്പള്ളി ദേശചരിത്രത്തിൽ ചേർക്കുകയും ചെയ്തു. 


ചരിത്രം തുടങ്ങുന്നതിങ്ങനെ, "ചായൽപ്പള്ളിയാകുന്ന നിലയ്ക്കൽപ്പള്ളി കൈക്കാരനായിട്ട് പൊറുത്തുവരുന്ന കാലങ്ങളിൽ ജന്തുക്കളുടെ ഉപദ്രവം കൊണ്ട് തൊമ്മിയെന്ന കാരണവർ കുടുംബങ്ങൾ സഹിതം നിലയ്ക്കൽനിന്നു പലായനം ചെയ്ത്‌ കാഞ്ഞിരപ്പള്ളിയിൽ വന്നു പാർത്തു." നിലയ്ക്കൽ നിന്ന് ഒരു തൊമ്മി കാരണവരിൽ നിന്ന് തുടങ്ങി പതിമൂന്നു തലമുറകളുടെ ചരിത്രം ഈ കൃതിയിൽ മുറിയാതെയുണ്ട്. അവരിൽ അഞ്ചാം തലമുറക്കാരൻ  തൊമ്മിയാണ് കാഞ്ഞിരപ്പള്ളി പഴയപള്ളി സ്ഥാപിച്ചത്. "പള്ളിയ്ക്ക് സ്ഥാനം നിർണ്ണയിക്കാനായി തെക്കുകൂർ രാജാവ് ഇടത്തിപ്പറമ്പിൽ കൊട്ടാരത്തിൽനിന്നും എഴുന്നള്ളിവന്ന് കാഞ്ഞിരമരത്തിന്റെ ശിഖരം മുറിച്ച് തിരുമേനി തന്നെ തന്റെ തൃക്കൈകൊണ്ട്  അളന്ന് മംഗാശ്ശേരി പുരയിടത്തിനു സമീപം കാവു നിന്ന സ്ഥലത്ത് പള്ളിയ്ക്ക് സ്ഥാനം തീർപ്പ് കല്പ്പിച്ചു."


"അതിനുശേഷം പെരിയ(വലിയ)വീടെന്നു പറയുന്ന വീടും മരപ്പണിയായ പള്ളിയും വെയ്പ്പിച്ചു. മാർ യൌസേപ്പ് മെത്രാന്റെ അനുവാദത്താൽ പള്ളികൂദാശ ചെയ്ത് ഉമ്മയുടെ (യേശുവിന്റെ അമ്മ) രൂപവും വെച്ച് കുർബാന ചൊല്ലിച്ചു. (കൊല്ലവർഷം 625, ചിങ്ങം 21; എ.ഡി. 1449 സെപ്റ്റംബർ 8). അഞ്ചാം തലമുറക്കാരൻ തൊമ്മിക്ക് രണ്ടു മക്കൾ. മൂത്ത മകൻ പട്ടമേറ്റു. രണ്ടാമത്തെ മകൻ കുഞ്ഞാക്കോയ്ക്ക് തൊമ്മിയെന്ന മകനുണ്ടായി. തൊമ്മി മുണ്ടിയപ്പള്ളിയിൽനിന്ന് വിവാഹം കഴിച്ച് തൊമ്മി, കുഞ്ഞാക്കോ, പുന്നൂസ് എന്ന് മൂന്നു മക്കൾ. കുഞ്ഞാക്കോയെന്ന മകൻ നിരണത്ത് പട്ടമുക്കിൽ നിന്ന് വിവാഹം കഴിച്ച് തൊമ്മിയെന്നും കുഞ്ഞാക്കൊയെന്നും മക്കൾ രണ്ടു പേർ. ഇവരിൽ തൊമ്മി കടശനാട്ടു നിന്നും വിവാഹം ചെയ്ത് വലിയവീട്ടിൽ താമസിച്ചു. രണ്ടാമൻ കുഞ്ഞാക്കോ ജേഷ്ഠനോട് പിണങ്ങി തലവടിയിൽപ്പോയി കാഞ്ഞിരപ്പള്ളിയെന്ന വീട്ടുപെരിൽ ഒരു ശാഖ സ്ഥാപിച്ചു." ജന്മനാടിന്റെ പേരിൽ തലവടി പ്രദേശങ്ങളിൽ കാഞ്ഞിരപ്പള്ളിയെന്നു കാണുന്ന കുടുംബങ്ങളുടെ മൂലകുടുംബം വലിയ വീടാണ്. കാഞ്ഞിരപ്പള്ളിയിലെ പടന്നമാക്കൽ, കടമപ്പുഴ, കുരിശും മൂട്ടിൽ, (തീമ്പള്ളി, മണ്ണിൽപ്പറമ്പിൽ) കരിപ്പാപറമ്പിൽ, കിഴക്കേത്തലയ്ക്കൽ എന്നീ കുടുംബങ്ങൾ മൂലകുടുംബത്തിൽ നിന്നും പിരിഞ്ഞു പോയതായി  താളിയോല ഗ്രന്ഥത്തിൽ രചിച്ച കൃതിയിലുണ്ട്. (റഫ. കാഞ്ഞിരപ്പള്ളി ചരിത്രം, 1952)    


ബിഷപ്പ് ഉമ്മൻ തോമസ്‌ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ വിദ്യാഭ്യാസം നടത്തിയ ശേഷം മദ്ധ്യപ്രദേശിലെ ജബൽപ്പൂരുള്ള  ലീയൊനാർഡ്  തീയോളജിക്കൽ കോളേജിൽ നിന്ന്  ദൈവശാസ്ത്രത്തിൽ ഡിഗ്രിയും പൂനാ ബിബ്ലിക്കൽ സെമിനാരിയിൽനിന്ന് ബിരുദാനന്തര ഡിഗ്രിയും നേടി. 1982-ൽ സഭയുടെ ഡീക്കനായി. അതിനടുത്ത വർഷം തന്നെ പ്രെസ്ബൈറ്ററായി സഭാചുമതലകളിൽ ഏർപ്പെട്ടു.  2011 ഫെബ്രുവരിയിൽ ചർച്ച് ഓഫ് സൌത്ത് ഇന്ത്യയുടെ മദ്ധ്യകേരള രൂപതയിൽ ബിഷപ്പായി സ്ഥാനം ലഭിച്ചു. കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സി.എസ.ഐ (ചർച്ച് ഓഫ് സൌത്ത് ഇന്ത്യാ) യുടെ പന്ത്രണ്ടാമത്തെ  ബിഷപ്പായി വാഴിച്ചു. സഭയുടെ മോഡറെറ്ററായ ബിഷപ്പ് വസന്ത കുമാറിന്റെ കാർമ്മികത്വത്തിലായിരുന്നു  സ്ഥാനാരോഹണം. 2014 ജനുവരി പതിനൊന്നാംതിയതി അദ്ദേഹത്തെ വിജയവാഡായിൽ ചർച്ച് ഓഫ് സൌത്ത് ഇന്ത്യയുടെ സിനഡിൽ വെച്ച് ഡെപ്യൂട്ടി മോഡറെറ്ററായി തിരഞ്ഞെടുത്തു.


ബിഷപ്പ് തോമസ്‌ ഉമ്മൻ വിവാഹം ചെയ്തത് ഡോ. സൂസൻ തോമസിനെയാണ്. ആത്മീയമായ ഒരു കുടുംബാന്തരീക്ഷമാണ് ഈ ഭവനത്തിലുള്ളത്. സൂസൻ തോമസിന് പൂനാ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് ബിരുദാനന്തര തീയോളജിയിൽ  ഡിഗ്രിയുമുണ്ട്. സൂസൻന്റെ കുടുംബം നെടുങ്കപ്പള്ളി, ചവണിക്കാമണ്ണിൽ എന്നറിയപ്പെടുന്നു.  ദൈവശാസ്ത്രത്തിൽ ലക്ചറർ  ആണ്. സോഷ്യൽ വർക്കറായും ജോലി ചെയ്തിട്ടുണ്ട്. ഈ ദമ്പതികൾക്ക് സോണിയും സൻറ്റീനായും രണ്ടു മക്കൾ, മരുമക്കൾ ആഷായും ഡോ. ജീനും.
 
ബിഷപ്പ് ഉമ്മൻ തോമസ്‌ ന്യൂയോർക്കിൽ സേവനം ചെയ്യവേ നോർമാൻ ഗോട്ട് വാൾഡിനു കീഴിൽ  ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണം നടത്തിയിരുന്നു. 1994-ൽ  അദ്ദേഹം ന്യൂയോർക്കിലെ ചർച്ച്  ഓഫ് ഇന്ത്യയുടെ വികാരിയായിരുന്നു. 1982 ലാണ് ഈ പള്ളി സ്ഥാപിച്ചത്.
 

സഭയുടെ അവകാശങ്ങൾ പങ്കുപറ്റാൻ രാഷ്ട്രീയത്തിലും സഭാമക്കൾ ഇടപെടണമെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. രാജ്യത്തിലെ പൌരന്മാർക്കായി ജീവിക്കുകയെന്നത് രാഷ്ട്രത്തിന്റെയും സഭയുടെയും  ചുമതലയായി അദ്ദേഹം കരുതുന്നു. ജനങ്ങളിൽ സമാധാനം തകരുന്നുവെങ്കിൽ രാഷ്ട്രീയപാർട്ടികളെക്കാൾ
കൂടുതൽ സഭ ജനങ്ങളോടൊപ്പം നിൽക്കണമെന്ന കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്.  നാടിനുപദ്രവം നല്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ പോരാടാൻ കൂടെകൂടെ ആഹ്വാനം ചെയ്യാറുണ്ട്. മാരാമണ്‍ കണ്‍വൻഷനിൽ അദ്ദേഹം  നല്ലൊരു  വാഗ്മിയും കൂടിയാണ്.
  

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പേരിലായിരുന്നു ഈ സഭ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഒരു മാസം കഴിഞ്ഞയുടൻ സഭയുടെ പേര് മാറ്റി ' ചർച്ച് ഓഫ് ഇന്ത്യാ' (സി.എസ.ഐ) എന്നാക്കി. ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയാണ് കുരിശിനോടുകൂടി അടയാളമായി സഭ സ്വീകരിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയിലെ ആംഗ്ലിക്കൻ നവീകരണ സഭകളുടെ യൂണിയനാണ് സി.എസ് .ഐ. സഭകൾ. പ്രൊട്ടസ്റ്റന്റ്  സഭകളും അതിനോടനുബന്ധിച്ച മറ്റു സഭകളും  ഒന്നായി അറിയപ്പെടുന്ന ഈ സഭയിൽ അഞ്ചുമില്ലിയനിൽപ്പരം വിശ്വാസികളുണ്ട്‌.  കത്തോലിക്കാസഭ കഴിഞ്ഞാൽ അംഗസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സഭയാണ് സി.എസ്..ഐ.  കത്തോലിക്കാസഭയിലെ പാരമ്പര്യ തത്ത്വങ്ങളെക്കാളും യേശുവിന്റെ വചനങ്ങളിലാണ് സ്.എസ.ഐ സഭ പ്രാധാന്യം കല്പ്പിച്ചിരിക്കുന്നത്. യോഹന്നാൻ പതിനേഴാം അദ്ധ്യായം ഇരുപത്തിയൊന്നാം വാക്യം സഭയുടെ പ്രതിച്ഛായ ഉണർത്തുന്ന ആപ്ത വചനമായി സഭ കരുതുന്നു. "അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുമ്പോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു". "അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി " എന്ന വചനം  സഭയുടെ പ്രാമാണിക സിദ്ധാന്തവും മുഖമുദ്രയുമാണ്.
 
 ഏ.ഡി. 1600-ൽ ബ്രിട്ടനിൽ ഒന്നാം എലിസബത്ത്  രാജ്ഞി ഭരിച്ചിരുന്ന കാലം മുതൽ ഇന്ത്യയിൽ ആംഗ്ലിക്കൻ സഭകളുടെ വേരൂകളൂന്നിയിരുന്നു.  ബ്രിട്ടീഷ് മിഷ്യനറിമാർ ഈ രാജ്യത്തുവന്ന് മതപ്രചരണം നടത്തിക്കൊണ്ടിരുന്നു. 1947-ൽ  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി ഒരു മാസം കഴിഞ്ഞ് സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി മദ്രാസിലെ സെന്റ്‌. ജോർജ് കത്തീഡ്രലിൽ വെച്ച് ആഗ്ലിക്കൻ സഭകളുടെ ഒരു സമ്മേളനം കൂടി.  അന്നത്തെ തീരുമാനമനുസരിച്ച് സഭയ്ക്ക് ചർച്ച് ഓഫ് സൌത്ത്  ഇന്ത്യാ (സി.എസ.ഐ.) എന്നും നാമകരണം നല്കി. ബിഷപ്പ് സി.കെ. ജേക്കബ് ചരിത്ര പ്രസിദ്ധമായ ഈ നവോത്ഥാനസമ്മേളനം ഉത്ഘാടനം ചെയ്തു.  എപ്പിസ്ക്കൊപ്പൽകാരും അല്ലാത്തവരുമായുള്ള ആംഗ്ലിക്കൽ സഭകളുടെ ഈ ഒത്തുചേരൽ വിവിധ സഭകളിലെ പാരമ്പര്യ വിശ്വാസങ്ങളും ഓരോ  സഭകളും അനുഷ്ടിക്കേണ്ട പൊതുധാരണകളും ഉൾക്കൊണ്ടതായിരുന്നു. ആംഗ്ലിക്കൽ എപ്പിസ്കോപ്പൽ, കോണ്‍ഗ്രിഗേഷൻ, പ്രസ്ബിറ്റേറിയൻ,  മെതഡിസ്റ്റ് എന്നീ സഭകളുടെ കൂട്ടായ്മ അന്നൊരു ചരിത്രനേട്ടമായിരുന്നു.  ഭാരതത്തിന്റെ ദേശീയ പുഷപമായ താമരയും കുരിശും സഭയുടെ അടയാളമായി സ്വീകരിച്ചതും ദേശീയമായ  ഒരു കാഴ്ചപ്പാടും കൂടിയായിരുന്നു.  


റവ. ബിഷപ്പ് തോമസ്‌ ഉമ്മന്റെ ചുമതലയിലുള്ള  മദ്ധ്യകേരള സഭ,  അഖിലേന്ത്യാ സി.എസ്.ഐ സഭകളുടെ 22 രൂപതകളിൽപ്പെട്ട ഒന്നാണ്. അദ്ദേഹം സഭകളുടെ ഡെപ്യൂട്ടി മോഡറേറ്ററും കൂടിയാണ്.  ആംഗളിക്കൻ സഭ സ്വാതന്ത്ര്യം കിട്ടിയശേഷം അതിന്റെ വിദേശനാമം ഉപേക്ഷിച്ച് മദ്ധ്യ തിരുവിതാംകൂർ  രൂപതയെന്നറിയപ്പെട്ടിരുന്നു. പിന്നീട് കേരളം രൂപീകരിച്ചശേഷം മദ്ധ്യകേരള രൂപതയായി പേരിന് മാറ്റം വരുത്തി. രൂപതയുടെ ആസ്ഥാനം കോട്ടയവുമായി സ്ഥാപിച്ചു. 1879-ൽ ആംഗളിക്കൻ സഭയായിരുന്നപ്പോൾ സഭയുടെ ആദ്യത്തെ ബിഷപ്പ് റവ. ജെ.എം. സ്പീച്ചിയായിരുന്നു. 1947-ൽ സി.എസ.ഐ. ആയി പുനവിഷ്ക്കരിച്ച സമയം ബിഷപ്പ് റവ. സി.കെ.ജേക്കബായിരുന്നു സഭയെ നയിച്ചിരുന്നത്. 2011 മുതൽ സഭയുടെ ബിഷപ്പ് റവ. ഉമ്മൻ കെ തോമസാണ്. കോട്ടയം സി.എം.എസ് കോളേജുൾപ്പടെ   രൂപതവക അനേകമനേക സ്കൂളുകളും കോളേജുകളും ഹോസ്പ്പിറ്റലുകളും സഭയുടെ കീഴിൽ  പ്രവർത്തിക്കുന്നു.


 ദൈവത്തിൽ നിന്നകലുമ്പോഴാണ് മനുഷ്യൻ  ധാർമ്മികമായി അധപതിക്കുന്നതെന്ന് ബിഷപ്പ് ഉമ്മന്റെ മാരാമണ്‍ കണ്‍വെൻഷനിലെ പണ്ഡിതോചിതമായ  പ്രസംഗത്തിൽ മുഴങ്ങി കേൾക്കാം. പഴകിയ ചരിത്രത്തിന്റെ താളുകൾ തേടുകയാണെങ്കിലും ഈ അടിസ്ഥാന കാരണം ഓർമ്മിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തുടരുന്നു, "ഇങ്ങനെ പോവുകയാണെങ്കിൽ, ധാർമ്മികത തകരുകയാണെങ്കിൽ അടിസ്ഥാനപരമായ ഒരു വിപ്ലവം ഈ രാജ്യത്തുണ്ടാകും. ഏതു ചരിത്രവും പഠിച്ചാൽ രാജ്യം തകരുന്നത്, ഭരണ കേന്ദ്രം തകരുന്നത്, എവിടെയെങ്കിലും മതം തകരുന്നത്, മഹാ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതെല്ലാം കാരണം മതം അധപതിച്ചതുകൊണ്ടാണ്. തിരുത്തേണ്ട മതം, തിരുത്തേണ്ട വിശ്വാസി സമൂഹം തിരുത്തുവാൻ പരാജയപ്പെട്ടപ്പോഴാണ് ലോകത്തിലുണ്ടായ വിപ്ലവങ്ങൾക്കും പോരാട്ടങ്ങൾക്കും കാരണമെന്നും മനസിലാക്കുന്നു. അങ്ങനെയെങ്കിൽ വിശ്വാസി സമൂഹമേ ഞാനല്ലെങ്കിൽ അടുത്ത തലമുറ ഒരു വിപ്ലവത്തിന്റെ വക്കത്താണെന്ന് ഓർമ്മിപ്പിക്കട്ടെ. അതുകൊണ്ട് തിന്മ വർധിക്കുന്നത് ദൈവത്തിൽ നിന്നുള്ള അകല്ച്ചയാണ്."മാർത്തോമ്മാസഭയിലെ വലിയ മെത്രാപോലീത്താ  ക്രിസ്റ്റോസം ഉൾപ്പടെയുള്ളയുള്ളവർ അദ്ദേഹത്തിൻറെ പ്രസംഗം നിശബ്ദമായി ശ്രവിക്കുന്നത് യൂടുബിൽ കേൾക്കാം.
 

പ്രസംഗത്തിലെ ഒരു പ്രസക്തഭാഗത്തിൽ പറയുന്നു, " എന്റെ ബാല്യത്തിൽ ഒരു മദ്യപാനിക്ക് കിട്ടിയിരുന്ന പരിഗണന വീടിന്റെ പിന്നാമ്പുറമായിരുന്നു. ഇന്ന് എന്റെ കാലത്തെ മദ്യപാനിയുടെ സ്ഥാനം എന്നോടൊപ്പം വേദിയിലും. വ്യപിചാര കുറ്റത്തിന് ഒരുവളോ ഒരുവനോ പിടിയിലായാൽ അവന് അല്ലെങ്കിൽ അവൾക്ക് അംഗീകാരം കല്പ്പിച്ചിരുന്നത് ഗ്രാമത്തിന്റെ മൂലയിലായിരുന്നു. ഇന്ന് വേദികൾ പങ്കിടുന്നതും വ്യപിചാരിണികൾക്കാണ്. എത്ര ദയനീയമായ ചിത്രം. വീടും നാടും കുടുംബവും നശിക്കുന്ന ഒരു ധാർമ്മിക തകർച്ച നാടിന് ഭവിച്ചുകൊണ്ടിരിക്കുന്നതും ദുഃഖകരമാണ്. അധർമ്മം അധർമ്മമായി കാണാനുള്ള ഒരു പ്രാഥമിക ബോധം നമുക്കുണ്ടാവണം."

 
കേരള രാഷ്ട്രീയവും വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളും കസ്തൂരി,  ഗാഡ്ഗിൽ റിപ്പോർട്ടുകളെ പ്രതികൂലിച്ചുകൊണ്ട് സമരങ്ങൾ നടത്തുമ്പോൾ ബിഷപ്പ് ഉമ്മൻ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നതും ചിന്തനീയമാണ്. ഗാഡ്‌ഗിൽ, കസ്തൂരി റിപ്പോർട്ടുകളെ അനുകൂലിച്ചു സംസാരിച്ചുകൊണ്ട് നാം വസിക്കുന്ന പ്രകൃതിയേയും, ഭൂമിയുടെ സമതുലനാവസ്ഥയേയും നമുക്കുവേണ്ടിയും നമ്മുടെ വരാനിരിക്കുന്ന തലമുറകൾക്കു വേണ്ടിയും സംരക്ഷിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. ഭൂമിയെയൊ, വെള്ളത്തെയോ, വായുവിനെയോ ചൂഷണം ചെയ്യുന്ന ഒരു വ്യവസായ സംരംഭത്തെയും  അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്രിമമായ കൃഷി ഉത്ഭാദനത്തെയും എതിർക്കുന്നു. രാസവളങ്ങൾ മണ്ണിനെ വിഷമയമുള്ളതാക്കുമെന്നും വിശ്വസിക്കുന്നു. ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടുകൾ ഇല്ലാതാക്കാനുള്ള ഏതു നീക്കത്തെയും സഭ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാഡ്ഗിൽ റിപ്പോർട്ടനുസരിച്ചുള്ള  പരിധിയ്ക്കുള്ളിൽ കൃഷിക്കാർക്ക് ഭൂമി പട്ടയം നല്കണമെന്നാണ് അദ്ദേഹത്തിൻറെ വാദം.  
 

കസ്തൂരിരംഗ റിപ്പോർട്ടിനെതിരായ   ഹർത്താലുകളെയും പ്രതിഷേധങ്ങളെയും ശക്തിയായി  എതിർത്തുകൊണ്ടുള്ള നയമാണ് അദ്ദേഹവും സഭയും എടുത്തിരിക്കുന്നത്. രാഷ്ട്രീയപാർട്ടികളും ജനവും  പശ്ചിമഘട്ട റിപ്പോർട്ടിനെ  ശരിയായി വിലയിരുത്താതുകൊണ്ടാണ് ഇന്ന് രാഷ്ട്രീയ അസമത്വങ്ങൾക്ക് കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടുകളെ പരിപൂർണ്ണമായും പിന്താങ്ങിക്കൊണ്ട് സഭാവക പ്രസ്താവനകൾ ഇറക്കുകയും ചെയ്തു. ഇതിൽ  അദ്ദേഹത്തിനെതിരെ മറ്റുള്ള ക്രിസ്ത്യൻ മതങ്ങളുടെയും സ്ഥാപിത താല്പര്യക്കാരുടെയും  വിമർശനങ്ങളുമുണ്ട്. കേരള സംസ്ഥാനവും കേന്ദ്ര സർക്കാരും റിപ്പോർട്ടുകളെ അംഗീകരിച്ച് വേണ്ടവിധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യാറുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നവർക്കാണ് റിപ്പോർട്ടുകൊണ്ട് ദോഷം വരുകയെന്നും  വിശ്വസിക്കുന്നു. പശ്ചിമഘട്ടം റിപ്പോർട്ടുകളെ പരിഗണിക്കാൻ അതാത് പ്രദേശത്ത് വസിക്കുന്ന ജനങ്ങൾക്കാണ്‌ അവകാശമെന്ന ഗാഡ്‌ഗിലിന്റെ അഭിപ്രായം ബിഷപ്പ് ഉമ്മനും ശരിവെയ്ക്കുന്നു. ഭൂമിയുടെ സമതുലനാവസ്ഥ നിലനിർത്തി പ്രകൃതിയെ രക്ഷിക്കുകയെന്നുള്ളത് അദ്ദേഹത്തിന്റെ സിദ്ധാന്തവാക്യവുമാണ്.  

 
വ്യത്യസ്ഥങ്ങളായ  അനേകമനേക  വ്യക്തിഗുണങ്ങൾ റവ. തോമസ്‌ ഉമ്മനിലുണ്ട്. സമയത്തിന്റെ വിലയിൽ അമിതപ്രാധാന്യം കൊടുക്കുന്നതും അദ്ദേഹത്തിൻറെ സവിശേഷതകളിൽ ഒന്നാണ്. അത് തന്റെ  കർമ്മജീവിതത്തിലുടനീളം പ്രകടമായി കാണാം. ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കാതെ മറ്റു സാമൂഹിക  പരിപാടികളിൽ  അദ്ദേഹം സംബന്ധിക്കാറില്ല. സമയത്തിന്റെ വില നല്ലവണ്ണം വിലയിരുത്തി പ്രയോജനപ്പെടുത്തുന്നതുമൂലം സമയത്തെ ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ല. ഒരു ദിവസം അവസാനിക്കുന്നത് അദ്ദേഹത്തിന് അപര്യാപ്തമായിട്ടാണ് അനുഭവപ്പെടാറുള്ളത്. സമയം രക്ഷിക്കാൻ സ്വന്തം ഇടവക ജനത്തോടുപോലും  മിതമായെ സംസാരിക്കുകയും ഇടപെടുകയുമുള്ളൂ. അധികം സംസാരിക്കുന്ന പ്രകൃതവുമില്ല. പുരോഹിതനായിരുന്ന കാലംമുതൽ മറ്റു പുരോഹിതരെപ്പോലെ അനാവശ്യമായി സമയം കളഞ്ഞ് നടക്കാറില്ലായിരുന്നു. പഞ്ചാരവാക്കുകൾ പറഞ്ഞ് ആരെയും പ്രീതിപ്പെടുത്താനും  മെനക്കെടാറില്ല. ഓരോ ദിവസം അനുഷ്ടിക്കേണ്ട  സുപ്രധാന തീരുമാനങ്ങളെ എങ്ങനെയെന്നും വിലയിരുത്തും. കാതലായ വിഷയങ്ങൾ പ്രാധാന്യം അനുസരിച്ച് ആദ്യം കൈകാര്യം ചെയ്യും.  വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ചിലപ്പോൾ ചെവികൊള്ളാതെ സ്വയം യുക്തിപരമായ തീരുമാനങ്ങൾ എടുക്കുകകയും ചെയ്യുന്ന സ്വഭാവഗുണമാണ് അദ്ദേഹത്തിനുള്ളത്. 

 
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നവർക്ക്  അദ്ദേഹമൊരു കർശന സ്വഭാവക്കാരനെന്ന്    തോന്നിയേക്കാം. ചിലർ അദ്ദേഹത്തിൻറെ വിട്ടുവീഴ്ച്ചാ മനോഭാവങ്ങളിൽ നീരസവും പ്രകടിപ്പിക്കാറുണ്ട്.  തീരുമാനങ്ങളെ ഇഷ്ടപ്പെടാത്ത ചിലർ തെറ്റിധാരണകൾ മൂലം മുഖം വീർപ്പിച്ചു നടക്കും. അതൊന്നും അദ്ദേഹം ഗൌനിക്കാറില്ല. എതിർപ്പുകാരുടെ വായ് അടപ്പിക്കുവാനും ശ്രമിക്കില്ല. ഉത്തരവാദിത്വത്തോടെ  കർത്തവ്യബോധത്തോടെ ആത്മാർഥതയോടെ സ്വന്തം ചുമതലകളെ നിർവഹിക്കുന്ന അദ്ദേഹത്തിനെതിരെ ആർക്കും ഒരു ആരോപണവും ഉന്നയിക്കാൻ സാധിക്കില്ല. ചുറ്റുമുള്ള സഹപ്രവർത്തകരെയും പുരോഹിതരെയും മടിയന്മാരായി നടക്കാൻ അനുവദിക്കുകയുമില്ല. സത്യത്തിൽ മാത്രം വിശ്വസിക്കുന്ന, മറ്റുള്ളവരുടെ നന്മ മാത്രം ചിന്തിക്കുന്ന, അദ്ദേഹത്തിനെതിരെ എതിർപ്പുകാരുടെ  തന്ത്രങ്ങളും വിലപ്പോവില്ല. മനസ്സുനിറയെ നന്മകൾ നിറച്ചുകൊണ്ടാണ് അദ്ദേഹം ദൈവത്തിന്റെ വചനങ്ങൾ പ്രചരിപ്പിക്കാറുള്ളത്.

 
ഏതു സാഹചര്യങ്ങളിലും കാലാവസ്ഥയിലും ദുരിതവും കഠിനവുമായ പ്രദേശങ്ങളിലും ജോലിചെയ്യാൻ മടിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരങ്ങളിലും,  ദരിദ്ര കോളനികളിലും, മത ഭ്രാന്തന്മാരുടെ കോട്ടകളിലും ജീവിച്ച് സുവിശേഷ ജോലികൾ നിർവഹിക്കാൻ ഒരിക്കലും അമാന്തം  കാണിക്കാറുമില്ല. അദ്ദേഹം മദ്യനിരോധനത്തിനായുള്ള  തീവ്രവക്താവും കൂടിയാണ്. സമർഥനായ ഒരു ആത്മീയ ഭരണാധികാരിയെന്നതിനു പുറമേ ജന്മനാ ലഭിച്ച നാനാതുറകളിലുള്ള അനേക കഴിവുകളും അദ്ദേഹത്തിൽ പ്രകടമായി കാണാം. നല്ല  വാഗ്മിയായതുകൊണ്ട് ജാതി മത ഭേദമേന്യേ  പ്രഭാഷണങ്ങൾ കേള്ക്കാൻ ജനം തിങ്ങിക്കൂടാറുണ്ട്.  മാരാമണ്‍ കണ്‍വൻഷനിലും നീണ്ട പ്രസംഗങ്ങൾ നടത്തി ജനങ്ങളുടെ പ്രശംസകൾ നേടാറുമുണ്ട്.




 





 


 

Sunday, May 4, 2014

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ ആധുനിക സഭയുടെ പ്രവാചകൻ


By  ജോസഫ് പടന്നമാക്കൽ


വിശുദ്ധനായി  പ്രഖ്യാപനം


വത്തിക്കാനിൽ  പത്രോസിന്റെ ബസലീക്കായിൽ ഫ്രാൻസീസ് മാർപ്പാപ്പ തന്റെ മുൻഗാമികളായ മാർപ്പാപ്പാമാർ ജോണ്‍ ഇരുപത്തിമൂന്നാമനേയും ജോണ്‍ പോൾ രണ്ടാമനേയും സഭയുടെ വിശുദ്ധരായി പ്രഖ്യാപിച്ചത് ഒരു  ചരിത്രമുഹൂർത്തമായിരുന്നു. ഫ്രാൻസീസ് മാർപ്പാപ്പായെപ്പോലെ  ജോണ്‍ ഇരുപത്തിമൂന്നാമനും ജനങ്ങളുടെ മാർപ്പാപ്പായായിരുന്നു. ജോണും ലളിതമായ ജിവിതമായിരുന്നു നയിച്ചിരുന്നത്. 'ഫ്രാൻസീസ് മാർപ്പാപ്പ'യായ ബർഗോളിയുടെ വിശ്വാസം അർജന്റീനായിലെ  ഒരു സാധു ഗ്രാമത്തിൽനിന്ന് പൊട്ടിമുളച്ചെങ്കിൽ  'ജോണ്‍ ഇരുപത്തിമൂന്നാമൻ' മാർപ്പാപ്പയായ  റോങ്കല്ലിയുടെ വിശ്വാസം വളർന്നത്‌ വടക്കേ ഇറ്റലിയിലെ ഒരു സാധു കർഷകകുടുംബത്തിൽ നിന്നായിരുന്നു.  വിദൂരങ്ങളായ  ഭൂഖണ്ഡങ്ങൾ കടന്ന്,  വ്യത്യസ്തങ്ങളായ  സംസ്ക്കാരങ്ങളുള്ള   രാജ്യങ്ങളിൽനിന്ന് ഒരേ ചിന്താഗതിയോടെ രണ്ടു ബുദ്ധിജീവികളെ സഭയ്ക്ക് ലഭിച്ചതും ദൈവകൃപ തന്നെയാണ്. ജോണിനെ ചരിത്രത്തിലെ നല്ലവനായ മാർപ്പായായി കാണുന്നു. അതേ പ്രതിഫലനമാണ് ഫ്രാൻസീസ് മാർപ്പാപ്പയും. ജോണിനെപ്പോലെ ആരെക്കണ്ടാലും ഫ്രാൻസീസും  സൗഹാർദ്ദത്തിന്റെ പ്രതീകമായ  ഹസ്ത ദാനം നല്കുന്നു. രണ്ടുപേരുടെയും കൂട്ടുകാർ സമൂഹത്തിന്റെ താഴെക്കിടയിലുള്ള സാധാരണക്കാരും. "എന്റെ ജനം സാധുക്കളാണ്, ഞാൻ അവരിൽ ഒരുവനെന്ന് ബെർഗോളി പറഞ്ഞപ്പോൾ ഇറ്റലിയിലെ പാവപ്പെട്ട കർഷകരുടെയിടയിൽ വളർന്ന കഥയും റോങ്കല്ലി പറയുമായിരുന്നു. ലളിതമായ കുടുംബപശ്ചാത്തലത്തിൽ വളർന്ന  ജോണ്‍ മാർപ്പാപ്പയെപ്പോലെ സാധുക്കളോടൊപ്പം വളർന്ന ഫ്രാൻസീസും അഭിമാനിയാണ്‌.   ക്രിസ്തുവിന്റെ പ്രേഷിത ചൈതന്യത്തിൽ  ആവേശഭരിതനായി  ജോണിനെപ്പോലെ  കുഞ്ഞുങ്ങളെ  താലോലിച്ചുകൊണ്ട് ഫ്രാന്സീസും ഉമ്മ വെയ്ക്കുന്നു.

പത്രോസിന്റെ സിംഹാസനത്തിൽ   അഞ്ചു വർഷം  മാത്രമിരുന്ന്  സഭയെ നയിച്ച  'അഞ്ചെല്ലോ റോങ്കല്ലിയെന്ന' ജോണ്‍ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പാ  കോടാനുകോടി ജനങ്ങളുടെ പ്രിയപ്പെട്ട മാർപ്പാപ്പയായിരുന്നു.  ആ മഹാനെ ക്രൈസ്തവരും  അക്രൈസ്തവരും  ഒന്നുപോലെ  ആദരിച്ചിരുന്നു. ജോണ്‍ ഇരുപത്തി മൂന്നാമന്റെ ജീവിതകഥ അനുകരണീയമായ ഒരു സത്യ ക്രിസ്ത്യാനിയുടെതാണ്.  1958 ഒക്ടോബർ ഇരുപത്തിയെട്ടാം തിയതി സെന്റ്‌. പീറ്റേഴ്സ് ബസ്സലീക്കായിൽ  തടിച്ചു കൂടിയ ജനത്തോടായി അദ്ദേഹം പറഞ്ഞു, "നിങ്ങളെന്നെ ജോണെന്ന് വിളിക്കൂ, 77 വയസുള്ള വൃദ്ധനായ ഞാൻ ഒരിക്കൽ ഒരു സാധാരണ കൃഷിക്കാരന്റെ മകനായിരുന്നു."  ഈ കൃഷിപുത്രൻ താല്ക്കാലിക മാർപ്പാപ്പയെന്നും  ജനം വിചാരിച്ചു.  രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വിളിച്ചുകൂട്ടിയ മഹത്വത്തിൽ   സർവ്വ ലോകത്തെയും വിസ്മയിപ്പിച്ചുകൊണ്ട്‌ മഹാനായ മാർപ്പാപ്പായായി അദ്ദേഹത്തെ ചരിത്രം   ആദരിക്കുന്നു. അഞ്ചു വർഷത്തോളം നീണ്ടുനിന്ന സുനഹദോസ് ആ മഹാന്റെ മരണത്തിനും  സാക്ഷിയായിരുന്നു.  അകത്തോലിക്കർക്കും  അക്രൈസ്തവർക്കും  ഒരുപോലെ വാതിൽ തുറന്നുകൊടുത്തുകൊണ്ട് സഭയെ നൂതന ചിന്താഗതികളിൽ ഉയർത്തണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്‌ഷ്യം. ദൗർഭാഗ്യവശാൽ പിന്നീടുവന്ന യാഥാസ്ഥിതികരായ മാർപ്പാപ്പാമാർ സഭയെ ഇരുന്നൂറുകൊല്ലം കൂടി പുറകോട്ടാക്കിയെന്നതും ദുഖകരമായ ഒരു ചരിത്ര സത്യമാണ്.

മലമുകളിൽനിന്ന്  വ്യത്യസ്ത നദികളിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന ശ്രോതസുകളെ വേർപെടുത്തുന്ന   മാർഗരേഖയായി  രണ്ടാം വത്തിക്കാൻ സുനഹദോസിനെ അറിയപ്പെടുന്നു. ലാറ്റിൻ കുർബാനകളെ  അതാതു ദേശങ്ങളിലെ  ഭാഷകളിലാക്കി തർജിമ ചെയ്ത്  അചാരാനുഷ്ടാനങ്ങളുടെ ഭാഗമാക്കി. പ്രാർത്ഥനകളെയും കുർബാനയേയും  ഹൃദയങ്ങളുടെ ഭാഷയായി അദ്ദേഹം ഗൌനിച്ചിരുന്നു. സർവ്വലോക രാജ്യങ്ങളിലെ ജനവികാരങ്ങളെ മാനിച്ച് ശ്ലൈഹികകാലത്തെപ്പോലെ ക്രിസ്ത്യൻ ഐക്യം പുനസ്ഥാപിക്കുകയെന്നതും സുനഹദോസിൻറെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. മറ്റുള്ള മതങ്ങളുമായി സൗഹാർദ്ദബന്ധം പുനസ്ഥാപിച്ച്  സർവ്വലോക  മൈത്രിയുണ്ടാക്കുവാനും സുനഹദോസിന്റെ  അജണ്ടായിലുണ്ടായിരുന്നു. ക്രിസ്തുനാഥന്റെ മരണത്തിൽ  കാരണക്കാരെന്ന് പഴിചാരി നൂറ്റാണ്ടുകളായി  യഹൂദരും ക്രിസ്ത്യാനികളും  തമ്മിലുണ്ടായിരുന്ന   വിള്ളലുകൾ  ഇല്ലാതാക്കിക്കൊണ്ട്  യഹൂദ ജനതയ്ക്ക് ക്രിസ്തുവിന്റെ മരണത്തിൽ പങ്കില്ലെന്നും  സുനഹദോസ് പ്രഖ്യാപിച്ചു.

1958 ഒക്റ്റോബർ ഇരുപതാം തിയതി റോങ്കല്ലിയെ മാർപ്പാപ്പായായി കർദ്ദിനാൾ സംഘം തെരഞ്ഞെടുക്കുമ്പോൾ ഈ എഴുപത്തിയാറുകാരനെ ഒരു താല്ക്കാലിക മാർപ്പാപ്പായായി മാത്രമേ ജനം  കരുതിയുള്ളൂ. മറ്റൊരു മാർപാപ്പയെ വിവേകപൂർവ്വം തെരഞ്ഞെടുക്കാനുള്ള  സമയ പരിധിക്കായും അന്ന് ജോണ്‍ മാർപ്പാപ്പയെ വിലയിരുത്തി.  എന്നാൽ,  പരസ്പര വിരുദ്ധമായി  വിചാരങ്ങൾക്കുമപ്പുറം  ചരിത്രം  മഹാനായ ഒരു  മാർപ്പാപ്പയെ കണ്ടെത്തി.  ക്രിസ്തുവിന്റെ  പ്രിയപ്പെട്ട ശിക്ഷ്യനായ ജോണെന്ന നാമം അദ്ദേഹമന്നു  സ്വീകരിച്ചു. മാത്രവുമല്ല ജോണ്‍ എന്ന പേരുകാരായ മാർപാപ്പാമാർ  ചുരുങ്ങിയ കാലങ്ങളേ  സഭയെ ഭരിച്ചിരുന്നുള്ളൂ. 

പതിമൂന്നു മക്കളുള്ള ഒരു കുടുംബത്തിൽ മൂന്നാമനായി അഞ്ചെല്ലോ റോങ്കല്ലി  1881 നവമ്പർ 25 തിയതി വടക്കേ ഇറ്റലിയിലുള്ള സോട്ടോ ഇൽ മോണ്ടെ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ജിയോവന്നി ബാറ്റിസ്റ്റ റോങ്കല്ലിയും മാതാവ് മരിയന്ന ജൂലിയാ മസ്സോല്ലായുമായിരുന്നു. പാരമ്പര്യമനുസരിച്ച് അദ്ദേഹത്തിൻറെത് ഉന്നതകുല കുടുംബമായിരുന്നു.  ക്ഷയിച്ചുപോയ പ്രഭു കുടുംബത്തിലെ കഷ്ടപ്പെടുന്ന  ദരിദ്രനായിട്ടായിരുന്നു   റോങ്കല്ലി വളർന്നത്‌. അദ്ദേഹത്തിന്റെ കുടുംബം കൃഷിയിൽ നിന്നായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പന്ത്രണ്ടാം വയസ്സിൽ ബെർഗാമോയിൽ രൂപതാ വക സെമിനാരിയിൽ പഠനം ആരംഭിച്ചു. അവിടെ  സാമൂഹിക  കാഴ്ചപ്പാടുള്ള  ഇറ്റാലിയൻ നേതാക്കന്മാരുടെ ആശയങ്ങളെ ചിന്തിക്കാനും  പഠിക്കാനും  തുടങ്ങി. റോമിലുള്ള  സെമിനാരിയിൽ സ്കോളർഷിപ്പ് സഹിതം പഠനമാരംഭിച്ചു.  ഇടയ്ക്കുവെച്ച് പഠനം നിർത്തി  പട്ടാളസേവനത്തിനായി പോവേണ്ടി വന്നു.   ഒരു വർഷം അവിടെ സേവനം ചെയ്തു.  വീണ്ടും  സെമിനാരിയിൽ മടങ്ങി വന്ന് ദൈവശാസ്ത്രത്തിൽ  ഡോക്ടറെററ്ബിരുദത്തിന് പഠനം ആരംഭിച്ചു.

1904 ആഗസ്റ്റ് പത്താം തിയതി കർഷക പുത്രനായ റോങ്കല്ലി വൈദിക  പട്ടമേറ്റു. ബെർഗാമൊയിൽ അന്ന് പുതിയതായി വന്ന ബിഷപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. അദ്ദേഹവുമൊത്ത് സാമൂഹിക  പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങളും ക്ഷേമങ്ങളും മനസിലാക്കി പ്രവർത്തിച്ചു. കൂടാതെ അദ്ദേഹം രൂപതാവക സെമിനാരിയിലും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ അദ്ദേഹത്തെ വീണ്ടും പട്ടാളത്തിലേക്ക് വിളിച്ചു. അവിടെ മെഡിക്കൽ ചാപ്ലയിനായി സേവനം ചെയ്തു. യുദ്ധത്തിനുശേഷം അദ്ദേഹത്തെ സെമിനാരിയുടെ ആദ്ധ്യാത്മിക ഡിറക്റ്ററായി നിയമിച്ചു. 1921 ൽ ബനഡിക്റ്റ്  പതിനഞ്ചാമൻ മാർപ്പാപ്പാ അദ്ദേഹത്തെ റോമിലേക്ക് വിളിച്ച് വേദപ്രചാര വിശ്വാസസമൂഹങ്ങളുടെ ഡിറക്റ്ററായി ചുമതലകൾ കൊടുത്തു.   

റോങ്കല്ലി  1925-ൽ ബൾഗേറിയായിൽ   ആർച്ച് ബിഷപ്പായിട്ട്  അഭിഷിക്തനായി. അവിടെ തലസ്ഥാന നഗരമായ സോഫിയായിൽ പൌരസ്ത്യറീത്ത്  സഭകളുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു. 1934-ൽ  ടർക്കിയിലും ഗ്രീസിലും സേവനം ചെയ്തു.  അക്കാലത്ത് കെമാൽ അതാതുർക്ക് എന്ന ഭരണാധികാരി ക്രിസ്ത്യൻ സഭകളോട് ശത്രുത പുലർത്തുന്ന കാലവും. ഇസ്റ്റാംബുളിൽ നയതന്ത്രങ്ങളിൽക്കൂടി  അദ്ദേഹത്തിന് ദേശീയ നേതാക്കന്മാരുമായി  മത സൌഹാർദ്ദം പുലർത്താനും  സാധിച്ചു. അന്നവിടെ ആർച്ച് ബിഷപ്പായ റോങ്കല്ലി  ടർക്കിഷ് ഭാഷയിൽ ആരാധന ക്രമം നടപ്പിലാക്കി.  കൂടാതെ ടർക്കിയുടെ പ്രസിദ്ധനായ  രാഷ്ട്രതന്ത്രജ്ഞനായും അറിയപ്പെട്ടു.  ഓർത്തഡോക്സ് സഭകളുമായി മൈത്രിയുമുണ്ടാക്കി. 1939- ൽ  ഓർത്തോഡോക്സ് സഭകളുടെ അധിപൻ ബഞ്ചമിൻ പാത്രിയാക്കീസുമായി സൗഹാർദ്ദ ബന്ധം സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹം ഇസ്റ്റാം ബുളിലായിരുന്നു. യഹൂദരെ  നാസികളുടെ പീഡനങ്ങളിൽ നിന്നും രക്ഷിക്കാൻ അവരെ ഒളി സങ്കേതങ്ങളിൽ പാർപ്പിച്ചും  മരണക്കുടുക്കിൽനിന്ന് രക്ഷപ്പെടുത്തിയും സഹായിച്ചിരുന്നു. നാസികളുടെ അധീനതയിലായിരുന്ന ഗ്രീസിൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾക്ക് കാര്യമായ ഫലമൊന്നും ലഭിച്ചില്ല. 1944-ൽ അദ്ദേഹത്തിന് 64 വയസുള്ളപ്പോൾ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ  പാരീസിൽ  അംബാസഡർ പദവിയുള്ള  നുണ്‍ഷിയോയായി നിയമിച്ചു. അവിടെ  യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിച്ചും ശുശ്രൂഷിച്ചും   കർമ്മരംഗങ്ങളിൽ മുമ്പിൽ തന്നെയുണ്ടായിരുന്നു. അതിനായി പട്ടണങ്ങൾതോറും  നീണ്ട യാത്രകളും നടത്തിയിരുന്നു.  

എഴുപത്തിരണ്ടാം വയസ്സിൽ  പന്ത്രണ്ടാം പീയൂസ് മാർപാപ്പാ അദ്ദേഹത്തെ  കർദ്ദിനാളായി വാഴിച്ചു. വെനീസിലെ 'പാട്രിയാ' എന്ന നിലയിൽ ബൃഹത്തായ  ഒരു രൂപതയുടെ ഭരണാധികാര ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ജനങ്ങളുടെ പ്രിയങ്കരനായ കർദ്ദിനാളുമായിരുന്നു. ഇടവകകൾ കൂടെ കൂടെ സന്ദർശിക്കുകയും സാധാരണക്കാരുമായി ഇടപെടുകയും തൊഴിലാളികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പാവങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ഉത്സിതനായി   മനസ് നിറയെ സന്തോഷിച്ചിരുന്നു. പുതിയ ഇടവകകൾ സ്ഥാപിക്കുന്നതിനൊപ്പം ദരിദ്രരും കഷ്ടപ്പെടുന്നവരുമായ ജനതകളുമായി  സാമൂഹിക ബന്ധങ്ങൾ  അരക്കിട്ടുറപ്പിച്ചിരുന്നു. അവരുടെ  ദുഃഖങ്ങളിൽ  എന്നുമദ്ദേഹം പങ്കുചേർന്നിരുന്നു.  

1958 ൽ പന്ത്രണ്ടാം പീയൂസ് മരിച്ചപ്പോൾ അദ്ദേഹത്തെ മാർപ്പാപ്പായായി തെരഞ്ഞെടുത്തു.  എഴുപത്തിയേഴുകാരനായ ഈ വയോവൃദ്ധൻ  ലോകത്തെ  വിസ്മയിപ്പിച്ചുകൊണ്ട്  ചരിത്രത്തിലെ  വിഖ്യാതനായ മാർപ്പാപ്പയായി  അറിയപ്പെടാൻ തുടങ്ങി.   മാറ്റത്തിന്റെതായ സഭയുടെ നവോത്വാന ചൈതന്യം അദ്ദേഹത്തിൽക്കൂടി  ആഞ്ഞടിച്ചുകൊണ്ടിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നും കർദ്ദിനാൾമാരെ വാഴിച്ച്, വിപുലീകരിച്ച് ഇറ്റലിക്കാരുടെ കുത്തകയായിരുന്ന കർദ്ദിനാൾ കോളേജിനെ   ആഗോള നിലവാരമുള്ളതാക്കി. രണ്ടാം  വത്തിക്കാൻ സുനഹദോസ് വിളിച്ചുകൂട്ടി കാനോൻ നിയമങ്ങൾ പരിഷ്ക്കരിച്ചു.  സഭയുടെ തത്ത്വങ്ങൾക്കും പഠനങ്ങൾക്കും നവമായ ഒരു ജീവിതം പകർന്നു കൊടുത്തു.  പിരിഞ്ഞു പോയ ക്രിസ്ത്യൻ സമൂഹങ്ങളെ ഒന്നാക്കി യേശുവിൻറെ  ചൈതന്യം ഉത്തേജിപ്പിക്കുകയെന്നത്  പരമമായ ലക്ഷ്യമായിരുന്നു.  മാർപാപ്പായെ മാത്രം അനുസരിച്ചുകൊണ്ടുള്ള  സഭയല്ലാതെ തുറന്ന ചർച്ചകളായിരുന്നു വത്തിക്കാൻ കൌണ്‍സിലിൽ   മുഴങ്ങി കേട്ടിരുന്നത്.  പ്രോട്ടസ്റ്റന്റ് സഭയിലെ നേതാക്കന്മാരും  നിരീക്ഷകരായി ഉണ്ടായിരുന്നു. 

സഭയിലെ യാഥാസ്ഥിതികരായ കർദ്ദിനാൾമാർ ജോണ്‍ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പായുടെ  നീക്കങ്ങളെ  ശക്തിയായി  എതിർക്കുന്നുമുണ്ടായിരുന്നു. സഭയെ നവീകരിക്കാനുള്ള  മാർപ്പാപ്പായുടെ മനോവിശാലതയിൽ ഭീതിയോടെ    യാഥാസ്ഥിതികനായ 'കർദ്ദിനാൾ ഒട്ടവാനി '  മാർപാപ്പായോട് പറഞ്ഞു, "പാപ്പാ,  പ്രൊട്ടസ്റ്റന്റു  വിഭാഗക്കാർ മതനിന്ദകരാണ്. അവരോടുള്ള ഒത്തുതീർപ്പുകൾ  സഭയ്ക്ക് ഉപദ്രവം ചെയ്യും."  സ്നേഹാദരവകളോടെ   മാർപ്പാപ്പാ  ഒട്ടവാനിയെ നോക്കി മറുപടി പറഞ്ഞു, " ഇല്ല  മകനേ അവർ മതനിന്ദകരെന്നു  മാത്രം പറയരുത്, ദൈവത്തിലൊന്നായ നമ്മിൽനിന്ന്  പിരിഞ്ഞുപോയ സഹോദരങ്ങളാണവർ. ഒട്ടവാനി വീണ്ടും  പറഞ്ഞു, "അല്ല  പാപ്പാ, അവർ പിശാചുക്കളുടെ സമൂഹമാണ്. വിഷമായ സർപ്പങ്ങളാണ്'.   മാർപ്പാപ്പാ  ഒട്ടവാനിയോടായി , 'പ്രിയപ്പെട്ടവനേ അങ്ങനെ പറയരുത്, അവർ പിരിഞ്ഞു പോയ മാലാഖമാരെന്നു പറയൂ" !

ജോണ്‍ ഇരുപത്തി മൂന്നാമൻ മാർപ്പാപ്പ റോമിലെ ബിഷപ്പെന്നതിലുപരി   രൂപതയെ പരിപാലിക്കുന്നതിനൊപ്പം ഹോസ്പിറ്റിലുകളും ജയിലുകളും  സ്കൂളുകളും സന്ദർശിക്കുവാനും സമയം കണ്ടെത്തിയിരുന്നു.   റോമിലെ റെജീന ജയിലിൽ മാർപ്പാപ്പാ സന്ദർശിച്ചപ്പോൾ അവിടെ വസിക്കുന്നവരോട് പറഞ്ഞു, "നിങ്ങൾക്ക് എന്റെ പക്കൽ വരാൻ കഴിയില്ല, അതുകൊണ്ട് ഞാൻ നിങ്ങളുടെ സമീപം വരുന്നു"

രണ്ടാം വത്തിക്കാൻ കൌണ്‍സിൽ ആരംഭിച്ചത് 1962 ഒക്ടോബർ പതിനൊന്നാം തിയതിയായിരുന്നു. മാർപ്പാപ്പയുടെ  പൂനിലാവത്തുള്ള   അന്നത്തെ രാത്രിയിലെ 'ചന്ദ്രനിലെ പ്രഭാഷണം'  (the Sermon on the moon)  എന്ന പ്രസംഗം   ചരിത്ര പ്രസിദ്ധമാണ്.  രണ്ടാം വത്തിക്കാൻ  കൌണ്‍‍സിലിന്റെ  ആദ്യദിനം  സെന്റ്‌. പീറ്റേഴ്സ്  ബസലീക്കായിൽ ജനം തിങ്ങിക്കൂടിയിരുന്ന വേളയിൽ ചന്ദ്രപ്രഭയെ നോക്കി മാർപ്പാപ്പയന്ന്   പ്രഭാഷണമാരംഭിച്ചു. പ്രസംഗം  ലളിതവും കാവ്യാത്മകവും മാധുര്യമേറിയതുമായിരുന്നു. ക്രൈസ്തവ മൂല്യങ്ങളെ ഒന്നായി കാണുവാനുള്ള  സന്ദേശമായിരുന്നു പ്രസംഗത്തിൽ മുഴങ്ങി കേട്ടത്. വിശ്വാസികളും അവിശ്വാസികളും തിങ്ങിക്കൂടിയിരുന്ന  വേളയിൽ   ചന്ദ്രനെ നോക്കിക്കൊണ്ടായിരുന്നു അവരെയന്ന്  ജോണ്‍ മാർപ്പാപ്പാ  അഭിവാദ്യം ചെയ്തത്.

"പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഞാനിന്ന്  നിങ്ങളുടെ ശബ്ദം  ശ്രവിക്കുന്നു.  എന്റേത് ഒരു നാവിൽനിന്നു വരുന്ന ഒരു ശബ്ദം മാത്രം. എന്നാൽ ഈ   ശബ്ദം ലോകത്തിന്റെ ശബ്ദമായി ചുരുങ്ങിയിരിക്കുന്നു.  ലോകമാകമാനമുള്ള ജനത്തെ   ഇവിടെയിന്നു   പ്രതിനിധികരിച്ചിരിക്കുന്നതും കാണാം.  പൂനിലാവുള്ള ഇന്നത്തെ രാത്രിയിൽ  എന്റെ നിഴലുകൾക്കൊപ്പം   ആകാശത്തിലെ   ചന്ദ്രൻപോലും  ഇന്നത്തെ നമ്മുടെ പരിപാടികൾ കാണാൻ  മുമ്പോട്ടു കുതിക്കുന്നുവെന്നും   പറയാൻ കഴിയും. നാനൂറു വർഷം  ചരിത്രമുള്ള   സെന്റ് പീറ്റർ ബസ്ലിക്കാപോലും അചിന്തനമായ ഒരു  മുഹൂർത്തത്തിന് മുമ്പോരുകാലത്തും  ഇങ്ങനെ  സാക്ഷിയായിട്ടില്ല. ഞാനെന്ന വ്യക്തി ഇവിടെ ഒന്നുമല്ല. സംസാരിക്കുന്നത് നിങ്ങളുടെ സഹോദരനാണ്. ദൈവത്തിന്റെ കൃപയാൽ ഞാനൊരു പുരോഹിതനായി.  പൌരാഹിത്യവും   ദൈവത്തിന്റെ കൃപയും ഞാനും നിങ്ങളുമെന്ന സാഹോദര്യബന്ധവും ഒന്നായികണ്ട്  സായംസന്ധ്യയുടെ ഇന്നത്തെ മുഖമുദ്രയായി  ഭവിക്കട്ടെയെന്നും  ആശംസിക്കുന്നു. നമ്മിലുള്ള മനസിലെ പൂജാദികളോടെ അവിടുത്തെ മഹത്വം വാഴ്ത്തപ്പെടട്ടെ. സമസ്ത ലോകത്തിന്റെ അടിയുറച്ച  സാഹോദര്യത്തിൽ   ഞാനെന്നും  വിശ്വസിച്ചിരുന്നു.  ആകാശത്തിനു മുമ്പിൽ,  നമുക്കു ചുറ്റുമായ   പ്രപഞ്ചത്തിനു മുമ്പിൽ    ദൈവസ്നേഹത്തെയും  വിശ്വാസത്തെയും സഹോദര്യ സ്നേഹത്തെയും പരോപകാര  മനസിനെയും  വിലമതിക്കാം.  പ്രതീക്ഷകളാണ് നമ്മെ  മുമ്പൊട്ട് നയിക്കുന്നത്.  ഭവനങ്ങളിലേക്ക്  മടങ്ങിപ്പോവുമ്പോൾ  നിങ്ങളുടെ ഓമനിക്കുന്ന കുഞ്ഞുങ്ങളെ കാണില്ലേ !.  നിങ്ങളുടെ പാപ്പായും   കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെന്ന് അവരോട് പറയൂ. നിങ്ങൾ  ഒരു  പക്ഷെ ഉണങ്ങാത്ത കണ്ണുനീർ  അവരിൽ കണ്ടേക്കാം. ദുഖത്തിലും ദുരിതത്തിലും  പാപ്പായായ ഞാനും അവരോടൊപ്പമുണ്ടെന്നു  പറയൂ! പൊഴിഞ്ഞുപോയ  കാലങ്ങളെ  വിസ്മരിച്ച്  സത്യത്തിന്റെ മേൽക്കൂരയിൽ  പണിയുന്ന ഞാനുൾപ്പെട്ട നമ്മുടെ സഭ ഇനിമേൽ  എന്റെയും നിങ്ങളുടെതുമായിരിക്കും. വിശ്വസിക്കുന്നവരുടെ മദ്ധ്യേ  ഞാൻ പാപ്പായും ഉണ്ടായിരിക്കും. ഈ സുനഹദോസിന്റെ   ലക്ഷ്യവും വേദനിക്കുന്നവരുടെ  കഴിഞ്ഞകാല മുറിവുകളെ ഉണക്കാൻകൂടിയുമാണ്"

ജോണ്‍ ഇരുപത്തി മൂന്നാമന്റെ മനസ്സ് മിക്കപ്പോഴും  ഒരു തത്ത്വ ചിന്തകനെപ്പോലെയായിരുന്നു. അദ്ദേഹം പറയുമായിരുന്നു,  "പണ്ഡിതനോ പാമരനോ, കുബേരനോ ആരാണെങ്കിലും   സമാധാനമില്ലെങ്കിൽ ജീവിതത്തിന്റെ അർത്ഥമെന്ത്? ഒരപ്പന് മക്കളെ ലഭിക്കുക സുഗമമാണ്. എന്നാൽ  മാതൃകാപരമായ ഒരപ്പനെ മക്കൾക്ക് ലഭിക്കുക ദുഷ്ക്കരവുമാണ്.  മനുഷ്യനെന്ന് പറയുന്നത് വീഞ്ഞിനു തുല്ല്യം. പഴകുംതോറും അതിന്റെ വീര്യം കൂടി ഉത്തമ വീഞ്ഞാകും. കുറെ മനുഷ്യർ വിന്നാഗിരിയായി മാറുന്നു.  പഴകിയ വീഞ്ഞുപോലെയാണ്‌ പഴക്കം ചെന്ന മനുഷ്യരും. അതിൽ നന്മയുടെ സത്ത കണ്ടെത്തണം.  ചെറിയവനെന്നുള്ള എന്റെ വിചാരങ്ങളും ഒന്നുമല്ലാത്തവനെന്ന തോന്നലും എന്നെ  നന്മകളുടെ  കൂടപിറപ്പുകളാക്കിയിരുന്നു". മാർപ്പാപ്പാ ഒരു ഫലിതപ്രിയനുമായിരുന്നു. "രാത്രി കാലങ്ങളിൽ കൂടെ കൂടെ അർദ്ധ ബോധാവസ്ഥയിൽ ഞാനുണരാറുണ്ട്. സഭയുടെ സുപ്രധാനമായ നീറുന്ന പ്രശ്നങ്ങൾ മാർപ്പായോട് പറയണമെന്നും ചിന്തിക്കും. സുപ്രഭാതത്തിൽ ഉണരുമ്പോൾ ഞാൻ തന്നെ മാർപ്പാപ്പയെന്ന് തിരിച്ചറിയുന്നു." " ഒരിക്കൽ ഒരു കുട്ടിയോടു പറഞ്ഞൂ, "മോനെ ആർക്കും മാർപ്പാപ്പായാകാൻ കഴിയും. ഞാനതിനൊരു തെളിവാണ്." തന്റെ മരണത്തെപ്പറ്റിയും  കൂടെ കൂടെ അദ്ദേഹം പറയുമായിരുന്നു. "എന്റെ വഴികളിലെ  യാത്ര അവസാനിക്കാറായി. സഞ്ചരിച്ചിരുന്ന  പാത ഇനി മുമ്പോട്ടില്ല. എങ്കിലും നോക്കൂ, ഞാനിപ്പോൾ നില്ക്കുന്നത് വാരികൂട്ടിയിരിക്കുന്ന ഒരു കച്ചികൂമ്പാരത്തിന്റെ മുകളിലാണ്. അടുത്തടുത്തു വരുന്ന എന്റെ മരണം പടിപടിയായി പിന്തുടരാൻ എനിക്ക് കഴിയുന്നു. എന്റെയവസാനം മൃദുലമായി നീങ്ങുകയും ചെയ്യുന്നു."

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്ന ചക്രവർത്തി രാജഗോപാലാചാരി   ജോണ്‍ മാർപ്പാപ്പയെ സന്ദർശിച്ച വേളയിൽ 'മഹാനായ ഗാന്ധിജിയുടെ നാട്ടിൽനിന്നും വരുന്ന അങ്ങേയ്ക്ക് സ്വാഗതം' എന്നു പറഞ്ഞായിരുന്നു മാർപ്പാപ്പ  അദ്ദേഹത്തിന് ഹസ്തദാനം നല്കിയത്. 'മരിച്ചുപോയ എന്റെ പിതാവിനെ കണ്ട പ്രതീതിയായിരുന്നു മാർപ്പാപ്പയുമായി അന്നത്തെ കൂടികാഴ്ചയെന്ന്' രാജഗോപാലാചാരി മരിക്കുവോളം പറയുമായിരുന്നു. ‍

1963 ജൂണ്‍ മൂന്നാം തിയതി, എണ്‍പത്തിയൊന്നാം വയസ്സിൽ ജോണ്‍ മാർപ്പാപ്പ   ലോകത്തോട്‌ യാത്ര പറഞ്ഞു. സഭയുടെ ചരിത്ര താളുകളിൽ  പുതിയൊരു അദ്ധ്യായം കുറിച്ചുകൊണ്ടാണ് ജോണ്‍ ഇരുപത്തിമൂന്നാമൻ  വിശുദ്ധ പദവിയിൽ എത്തിയിരിക്കുന്നത് . ലോകമുള്ളടത്തോളം കാലം രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ചൈതന്യം  വിശുദ്ധനിൽ  എന്നും തെളിഞ്ഞു നില്ക്കും. ഒരു പ്രവാചകന്റെ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിൽ പ്രകാശിതമായിരുന്നത്.  സത്യവും ധർമ്മവും  നിലനിർത്തി  നന്മയുടെ പ്രവാചകനായി യേശുവിന്റെ വചനങ്ങൾ പ്രചരിപ്പിക്കാനുള്ള  തീവ്രമായ  ഉള്ക്കാഴ്ച  അന്ത്യനാളുകൾവരെയും അദ്ദേഹം പുലർത്തിയിരുന്നു.  മഹാനായ ഒരു പുരോഹിതനെ വിശുദ്ധ ഗണങ്ങളിൽ ഉൾപ്പെടുത്തിയതിൽ സഭയ്ക്കെന്നും അഭിമാനിക്കുകയും ചെയ്യാം.




 മാർപ്പാപ്പയുമായി  പ്രസിഡണ്ട്‌ ഐസനോവർ (1959)

 2001 ലെ ഭൌതിക ശരീര പ്രദക്ഷിണം.
 



ബാലനായ റോങ്കല്ലി


യുവാവായ റോങ്കല്ലി


മാർപ്പാപ്പായായി  എഴുന്നള്ളത്ത് 

ബെല്ജിയം രാജാവിന്റെയും രാജ്ഞിയുടെയും നടുവിൽ 
 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...